പേജുകള്‍‌

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ശ്രീരാമപട്ടാഭിഷേകം കഥകളികളുടെ ഓർമ്മകൾ -1


1970- കളുടെ ആദ്യ കാലഘട്ടമാണ് സന്ദർഭം. എവിടെയോ  ഒരു കളി കഴിഞ്ഞു വന്ന് അച്ഛൻ നല്ല ഉറക്കത്തിലാണ്. വീട്ടു പടിക്കൽ ഒരു കാർ വന്നു നിന്ന ശബ്ദം കേട്ട് ഞാൻ ഉമ്മറത്തേക്ക് ഓടിയെത്തി. വീട്ടു പടിക്കൽ വന്നു നിന്ന അമ്പാസിഡർ കാറിൽ നിന്നും നാലഞ്ചുപേർ  ഇറങ്ങി വന്ന്  ഉമ്മറത്തെത്തി. കൂട്ടത്തിൽ ഒരാൾ  അന്വേഷിച്ചു 'ചെല്ലപ്പൻപിള്ളയുണ്ടോ' എന്ന് ? 
ഉണ്ട്, ഉറക്കമാണ് എന്ന് പറഞ്ഞുകൊണ്ട് ആഗതരെ സ്വീകരിച്ചു.  ഞാൻ അച്ഛനെ ഉണർത്തിയിട്ട്  ചിലർ കാണാൻ വന്നിരിക്കുന്നു എന്ന വിവരം   അറിയിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റ അച്ഛനും ആഗതരും പരസ്പരം തൊഴുതു. 

ആഗതരിൽ  പ്രധാനി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സംഭാഷണം ആരംഭിച്ചു:
ഞങ്ങൾ കിടങ്ങറയിൽ നിന്നും വരികയാണ്. എന്നെ കിടങ്ങറാസ്വാമി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ശ്രീനാരായണ ധർമ്മ  സേവാ സംഘത്തിന്റെ ആഘോഷത്തിന്  കിടങ്ങറയിൽ എല്ലാ വർഷവും   കഥകളി നടത്തുന്നുണ്ട്. ഈ വർഷം സീതാസ്വയംവരവും  ശ്രീരാമപട്ടാഭിഷേകവും   കഥകളാണ് നിശ്ചയിച്ചിരിക്കുന്നത്. കലാമണ്ഡലം കൃഷ്ണൻ നായരുടെ പരശുരാമനും, ഭരതനും   മാങ്കുളത്തിന്റെ ശ്രീരാമൻ, കുടമാളൂർ കരുണാകരൻ നായരുടെ സീത,  ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയുടെ വിഭീഷണൻ, ചമ്പക്കുളത്തിന്റെ സുഗ്രീവൻ, പള്ളിപ്പുറം ഗോപാലൻ നായരുടെ ഹനുമാൻ, മുട്ടാർ ശിവരാമന്റെ ഗുഹൻ  എന്നിങ്ങനെയാണ് വേഷങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ മാങ്കുളം ഒഴികെയുള്ള എല്ലാ കലാകാരന്മാർക്കും കളിക്ക് കൂടാൻ സൌകര്യമാണ് എന്ന് അറിയിച്ചിട്ടുണ്ട്. മാങ്കുളത്തിന് കളിക്ക്  എത്തുവാൻ അസൌകര്യമാണ് എന്ന് കത്തു ലഭിച്ചപ്പോൾ അദ്ദേഹത്തിനു പകരക്കാരനായി താങ്കളുടെ പേരാണ് കമ്മിറ്റി നിർദ്ദേശിചിരിക്കുന്നത്‌.
താങ്കളെ പ്രസ്തുത കളിക്ക് ക്ഷണിക്കുവാനാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.

അച്ഛൻ ഉടൻ തന്നെ ഡയറി എടുത്ത്  പരിശോധിച്ചശേഷം    അസൗകര്യത്തെ അറിയിച്ചു.    പ്രസ്തുത ദിവസം  വർക്കലയിൽ ഒരു കളി ഏറ്റിട്ടുണ്ട്. കഥകളി ഗായകനും, ചുട്ടി ആർട്ടിസ്റ്റും, കഥകളിയോഗം മാനേജറുമായ   ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ  ഏൽപ്പിച്ചിരിക്കുന്ന കളിയാണ്. അച്ഛന്റെ മുഖത്ത് നിസ്സഹായതയും ആഗതരുടെ മുഖത്ത് നിരാശയും നിറഞ്ഞു.

വർക്കലയിലെ കളി  ഒഴിഞ്ഞ് ഞങ്ങളുടെ കളിക്ക് എത്തുവാൻ എന്തെങ്കിലും ഉപായം ഉണ്ടോ? എന്നായി കിടങ്ങറാ സ്വാമി. 

ഞാനും വർക്കല ശ്രീനിവസനും തമ്മിൽ ചെറുപ്പകാലം മുതലേ  ആത്മമിത്രങ്ങളാണ്.    അദ്ദേഹം ഏൽപ്പിച്ച ഒരു കളി ഒഴിയുക വളരെ വിഷമമാണ്.  ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ അടയാളമായിട്ടാണ് എന്റെ ഇളയ മകന് ശ്രീനിവസൻ എന്ന് പേരിട്ടിരിക്കുന്നത് എന്ന് അച്ഛന്റെ മറുപടി കേട്ടപ്പോൾ ആഗതർ പരസ്പരം എന്തൊക്കെയോ ആലോചിച്ച ശേഷം,  ഇനി ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ സൌകര്യം കൂടി അറിയാം എന്ന് പറഞ്ഞു കൊണ്ട് എഴുനേറ്റു. 

                                                  ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ

ഗോവിന്ദപ്പിള്ള ചേട്ടനും വർക്കലയിലെ കളിയ്ക്കുണ്ട്. എന്റെ അവസ്ഥ തന്നെയാണ് അദ്ദേഹത്തിനും.  ശ്രീനിവാസൻ ഏൽപ്പിച്ച കളി ഒഴിഞ്ഞ് വേറൊരു കളിക്ക് ഗോവിന്ദപ്പിള്ള ചേട്ടനും  പോവുകയില്ല  എന്ന് അച്ഛൻ അറിയിച്ചു.

ഇതോടെ ആഗതർ വീണ്ടും വിഷമത്തിലായി. അവർ  വീടിനു പുറത്തിറങ്ങി നിന്ന് തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.   അൽപ്പം കഴിഞ്ഞ്  അവർ വീണ്ടും വീട്ടിനുള്ളിൽ കയറി ഇരുന്നു കൊണ്ട് അച്ഛനോട് വർക്കലയിലെ കളി ഒഴിഞ്ഞ് ഞങ്ങളുടെ കളിക്ക് കൂടുവാൻ സുഗമമായ ഒരു മാർഗ്ഗം താങ്കൾ  തന്നെ നിർദ്ദേശിക്കുക, ഞങ്ങൾ അതിനു വേണ്ടി പ്രയത്നിക്കാം എന്നായി. തുടർന്ന്  അവരുടെ നിർബ്ബന്ധം മുറുകിയപ്പോൾ, അച്ഛനും  കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചശേഷം    "കിടങ്ങറയിലെ കളിക്ക് മുട്ടാർ ശിവരാമൻ ഉണ്ട് അല്ലേ?എന്ന് ചോദിച്ചു. 
'ഉണ്ട്' എന്ന് അവരുടെ മറുപടി. 
 എന്നാൽ മുട്ടാർ ശിവരാമൻ   പറഞ്ഞാൽ ഞാൻ കിടങ്ങറയിലെ കളി ഏൽക്കാം" എന്ന് അച്ഛൻ അവരെ അറിയിച്ചു. 

                                                               ശ്രീ.മുട്ടാർ ശിവരാമൻ 

'അതിനെന്താ, കൂടിയാൽ ഒരു മണിക്കൂർ, അതിനുള്ളിൽ ഞങ്ങൾ മുട്ടാറിനെയും കൂട്ടി ഇവിടെ എത്താം' എന്നറിയിച്ചു കൊണ്ട് തെല്ലൊരാശ്വാസത്തോടെ അവർ മടങ്ങി. 

വർക്കല ശ്രീനിവാസൻ മാസ്റ്ററും എന്റെ അച്ഛനും തമ്മിലുള്ള സ്നേഹബന്ധം ആരംഭിക്കുന്നത് പരവൂർ കഥകളിയോഗത്തിൽ അവരൊന്നിച്ചു പ്രവർത്തിക്കുവാൻ തുടങ്ങിയപ്പോൾ  മുതലാണ്‌. അച്ഛന് സുമാർ ഇരുപതു വയസുള്ള കാലം എന്നാണ് പറഞ്ഞു കേട്ടുള്ള   അറിവ്.  വർക്കല നാഗപ്പൻ നായർ എന്ന അച്ഛന്റെ സമപ്രായക്കാരനായ ഒരു ആസ്വാദകന് കഥകളി അഭ്യസിക്കണം എന്ന് മോഹമുണ്ടായി.   ഗുരുനാഥനായി അദ്ദേഹം മനസ്സിൽ കണ്ടിരുന്നത് എന്റെ അച്ഛനെത്തന്നെ ആയിരുന്നു. വർക്കല ശ്രീനിവാസൻ മാസ്റ്ററും നാഗപ്പൻ നായരും സ്നേഹിതരാണ്. നാഗപ്പൻ നായരെ   ശിഷ്യനായി സ്വീകരിച്ച് അദ്ദേഹത്തിൻറെ ഗൃഹത്തിൽ താമസിച്ചു കൊണ്ട് കഥകളി അഭ്യസിപ്പിക്കാൻ അച്ഛൻ തയ്യാറായതും ഈ സ്നേഹബന്ധങ്ങൾ കൊണ്ടാകാം. (ചെങ്ങന്നൂർ ആശാൻ അവശനിലയിൽ എന്ന പത്രവാർത്ത കണ്ടയുടൻ ശ്രീ. നാഗപ്പൻ നായർ അവർകൾ തിരുവനന്തപുരത്ത് ഗൗരീശപട്ടത്തു നിന്നും ചെങ്ങന്നൂരിൽ ആശാന്റെ വസതിയിൽ എത്തി. അദ്ദേഹത്തിൻറെ ഉച്ചത്തിലുള്ള നാമജപം നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആശാൻ ദിവംഗതനായത് )

ഈ  അഭ്യസിപ്പിക്കലിന് വർക്കല ശ്രീനിവാസൻ മാസ്റ്ററുടെ പരിപൂർണ്ണ സഹകരണം  ഉണ്ടായിരുന്നു. നാഗപ്പൻ നായരുടെ അരങ്ങേറ്റം കഴിഞ്ഞു. നാഗപ്പൻ നായർ  ശ്രീനിവാസൻ മാസ്റ്ററുടെ ചുമതലയിലുള്ള കളികൾക്ക് ധാരാളം വേഷങ്ങൾ കെട്ടി വന്നിരുന്നു. അദ്ദേഹത്തിന്  ഫോറെസ്റ്റ് ഡിപ്പാർട്ടുമെൻറ്റിൽ  ഉദ്യോഗം ലഭിച്ചതോടെ കഥകളി വേഷം ചെയ്യുന്നത് നിർത്തി ഒരു തികഞ്ഞ കഥകളി ആസ്വാദകനായി മാറി. 

 ശ്രീനിവാസൻ മാസ്റ്റർക്ക് സ്വന്തമായി ഒരു കളിയോഗം ഉണ്ടായി. അദ്ദേഹത്തിൻറെ ചുമതലയിൽ വരുന്ന എല്ലാ   കളികൾക്കും  ഓയൂരും, അച്ഛനും ഉണ്ടാകും. കഥയും  വേഷങ്ങളും   അനുസരിച്ച്   ശ്രീനിവാസൻ മാസ്റ്റരുടെ സ്നേഹിതനായ കലാകാരൻ മുട്ടാർ ശിവരാമനെയും  കളികൾക്ക്  പങ്കെടുപ്പിക്കും.  നിഴൽക്കുത്തിൽ മാന്ത്രികന്റെ  വേഷത്തിൽ അച്ഛൻ പ്രസിദ്ധി നേടിയപ്പോൾ ഒപ്പം മുട്ടാർ ശിവരാമന്റെ മാന്ത്രികനും  ആസ്വാദകരുടെ  അംഗീകാരം നേടിയിരുന്നു എന്നത് സ്മരണീയമാണ്. അച്ഛന്റെ മാന്ത്രികനും മുട്ടാറിന്റെ ദുര്യോധനനും,  അച്ഛന്റെ ദുര്യോധനനും, മുട്ടാറിന്റെ  മാന്ത്രികനും എന്നിങ്ങനെ  മാറി മാറി ധാരാളം ഉണ്ടായിരിക്കുന്നത്  ശ്രീനിവാസൻ മാസ്റ്ററുടെ ചുമതലയിലുള്ള കളികൾക്കാണ്.  ശ്രീനിവാസൻ മാസ്റ്ററും മുട്ടാർ ശിവരാമനും തമ്മിലും വളരെ ഉറച്ച ആത്മബന്ധമാണ് നിലനിന്നിരുന്നത്. ഈ ആത്മബന്ധം മനസിലാക്കിക്കൊണ്ടാണ് മുട്ടാർ ശിവരാമൻ   പറഞ്ഞാൽ ഞാൻ  കളി ഏൽക്കാം എന്ന് കിടങ്ങറക്കാർക്ക് അച്ഛൻ ഉറപ്പു നൽകിയത്. 

ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കിടങ്ങറക്കാർ മടങ്ങിയെത്തി. കൂട്ടത്തിൽ മുട്ടാർ ശിവരാമനും. അദ്ദേഹവും ഒരു കളികഴിഞ്ഞ് എത്തി നല്ല  ഉറക്കത്തിലായിരുന്നു. "സുഹൃത്തിന് ഒരു ധർമ്മസങ്കടത്തെയാണ് ഞാൻ ഉണ്ടാക്കിയത്" എന്ന ക്ഷമാപണത്തോടെയാണ് അച്ഛൻ മുട്ടാറിനെ സ്വീകരിച്ചത്. ശ്രീനിവാസൻ മാസ്റ്ററുമായുളള സ്നേഹബന്ധത്തിന്റെ ആഴം കിടങ്ങറാക്കാരെ പരമാവധി ബോദ്ധ്യപ്പെടുത്തുവാൻ മുട്ടാറും ശ്രമിച്ചിരുന്നു. ഒടുവിൽ കിടങ്ങറാ സ്വാമി എഴുനേറ്റ്  ഒരു കവർ എടുത്ത് അച്ഛന്റെ നേരെ നീട്ടി. അച്ഛൻ മുട്ടാറിന്റെ മുഖത്തേക്ക് നോക്കി. കിടങ്ങറാ സ്വാമിയും മുട്ടാറിനെ ശ്രദ്ധിച്ചു. ഒരു വലിയ അപരാധമാണ്  ചെയ്യുന്നത് നല്ലതുപോലെ അറിഞ്ഞു കൊണ്ടുതന്നെ അച്ഛനോട്    മുട്ടാർ കവർ സ്വീകരിക്കാൻ തലകുലുക്കി സമ്മതം പ്രകടിപ്പിച്ചു. 

സുഹൃത്ത് പറഞ്ഞാലേ ചെല്ലപ്പൻ കവർവാങ്ങൂ എന്ന് അച്ഛൻ നിർബ്ബന്ധമായി പറഞ്ഞപ്പോൾ;  "കവർ സ്വീകരിക്കൂ ചെല്ലപ്പൻ പിള്ളേ" എന്ന് മുട്ടാർ പറയുകയും ചെയ്തു.

 അച്ഛൻ കിടങ്ങറാ സ്വാമിയുടെ കയ്യിൽ നിന്നും കവർ സ്വീകരിച്ചു. 
"ഇത് അഡ്വാൻസല്ല, കളിപ്പണമാണ്".  കളി കഴിയുമ്പോൾ പിള്ളയെ ഞങ്ങൾ വെറും കയ്യോടെ അയയ്ക്കില്ല എന്ന് പറഞ്ഞു കൊണ്ട്  കിടങ്ങറാ സ്വാമിയും കൂട്ടരും യാത്രയായി. അച്ഛൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി.

കിടങ്ങറയിലെ കളി  ഭംഗിയായി നടന്നു. കളി കാണാൻ ഞാനും പോയിരുന്നു.  അടുത്ത വർഷത്തെ കളിക്കുള്ള അഡ്വാൻസ് തുകയും പറ്റിയാണ് അച്ഛൻ മടങ്ങിയത്. ഈ സംഭവത്തിനു ശേഷം വർക്കല ശ്രീനിവാസൻ മാസ്റ്റർ  എന്റെ പിതാവിനോടും , മുട്ടാർ ശിവരാമനോടും   നിലനിർത്തി വന്നിരുന്ന സ്നേഹ ബന്ധത്തിന് എന്തു മാറ്റമാണ്   ഉണ്ടായത്  എന്നതിനെ പറ്റി എന്ന് വിശദമായി അറിയുവാൻ എനിക്ക് സാധിച്ചിട്ടില്ല, എങ്കിലും അദ്ദേഹത്തിൻറെ ചുമതലയിലുള്ള  കളികൾക്ക് മുൻപ് ക്ഷണിക്കപ്പെട്ടിരുന്നതു പോലെ അച്ഛൻ   ക്ഷണിക്കപ്പെടാറില്ല എന്നു മാത്രമല്ല കാലക്രമേണ  വർക്കല ജനാർജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് രണ്ടു ദിവസത്തെ പതിവു കളികളും   നഷ്ടമായി   എന്ന് മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. 

വർക്കല ശ്രീനിവാസൻ മാസ്റ്ററുടെ മകൻ വർക്കല സുദേവൻ കഥകളി കലാകാരനാണ്. കലാമണ്ഡലം (അമ്പലപ്പുഴ) ശേഖറാണ് സുദേവനെ പഠിപ്പിച്ചത്. ഈ കാലഘട്ടത്തിൽ ശ്രീനിവാസൻ മാസ്റ്ററുടെ കളികൾക്ക് ഓയൂരിനെയും  ശേഖറിനെയും മുഖ്യമായി ക്ഷണിക്കപ്പെട്ടിരുന്നു. ഒരിക്കൽ തിരുവല്ല ക്ഷേത്രത്തിലെ അണിയറയിൽ വെച്ച് ശേഖറും അച്ഛനും കൂടി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. 

സുദേവന്റെ തുടർന്നുള്ള  അഭ്യാസച്ചുമതല മടവൂർ വാസുദേവൻ നായരെ ഏൽപ്പിച്ചിരിക്കുന്നു എന്ന് ശ്രീനിവാസൻ മാസ്റ്റർ ശേഖറിനെ ഒരു കത്തിലൂടെ അറിയിച്ചുവത്രേ. അതിന്  ശേഖർ, ശ്രീനിവാസൻ മാസ്റ്റർക്ക് ഒരു മറുപടി അയയ്ക്കുകയും   ചെയ്തു.

"സുദേവന്റെ തുടർന്നുള്ള അഭ്യാസം മടവൂർ വാസുദേവൻ നായരാണ് നിർവഹിക്കാൻ പോകുന്നത് എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.  താങ്കളുടെ ചുമതലയിൽ വരുന്ന ഒരു ചില കളികൾക്കെങ്കിലും എന്നെകൂടി  ഉൾപ്പെടുത്താൻ മറക്കരുതേ" എന്ന് ഒരഭ്യർത്ഥനയുമാണ്‌  മറുപടിയിൽ ശേഖർ എഴുതിയിരുന്നത്  എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്.

കഥകളിയിൽ ഗായകനായും, ചുട്ടി കലാകാരനായും, കളിയോഗം മാനേജരായും കലാജീവിതം നയിച്ചതിനെ അനുസ്മരിച്ച് ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്ററെ കേരളകലാമണ്ഡലം  ആദരിച്ചിട്ടുണ്ട്.   ഞാൻ  1981- ൽ കേരളം വിട്ട ശേഷം ഒരിക്കൽ പോലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചിട്ടില്ല.  ശ്രീ. മുട്ടാർ ശിവരാമൻ പ്രായാധിക്ക്യത്താൽ വളരെ അവശതയിലാണ് എന്ന് അറിഞ്ഞു. അദ്ദേഹത്തിന് ഒരു ക്ഷേമനിധി നൽകുന്നതിന്  Facebook കമലദളം / കഥകളി  ഗ്രൂപ്പ്  അംഗം ശ്രീ. രവീന്ദ്രനാഥ്  പുരുഷോത്തമൻ അവർകൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. 

വളരെക്കാലം എന്റെ പിതാവിന്റെ ആത്മമിത്രങ്ങളായിക്കഴിഞ്ഞ ശ്രീ. വർക്കല ശ്രീനിവാസൻ മാസ്റ്റർ, ശ്രീ. മുട്ടാർ ശിവരാമൻ എന്നീ  കലാകാരന്മാരെ  മനസാസ്മരിച്ചു കൊണ്ട് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു.


2 അഭിപ്രായങ്ങൾ:

  1. നന്ദി. ഒരു കാലഘട്ടത്തെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ഒരു തിരശ്ശീല യില്‍ എന്നവണ്ണം മനോഹരമായി പതിഞ്ഞ ചിത്രമാണ് വരച്ചിട്ടത്. അടുത്ത ഭാഗത്തിനായി പ്രതീക്ഷിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ