പേജുകള്‍‌

2010, ഡിസംബർ 10, വെള്ളിയാഴ്‌ച

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം

12- മത് ചെന്നിത്തല ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ അനുസ്മരണം 2010  നവംബര്‍ 13 , ശനിയാഴ്ച ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ സ്കൂള്‍ ആഡിറ്റോറിയത്തില്‍  നടന്നു. ഉച്ചക്ക് രണ്ടു മണിക്കു അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ സമിതി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണ പരിപാടികള്‍   ആരംഭിച്ചു. രണ്ട്  പതിനഞ്ചു മണിക്ക്  മലയാളവേദി, ചെന്നിത്തല എന്ന സംഘടന  കാവ്യാര്‍ച്ചന നടത്തി.


                                     Sri. Chennithala Chellappan Pillai


വൈകിട്ട് അഞ്ചു മണിക്കു  ശ്രീ. ഞാഞ്ഞൂല്‍ ശ്രീ. സുകുമാരന്‍ നായര്‍ ( സമിതി, വൈസ് പ്രസിഡന്റ് ) അവര്‍കളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ,  ശ്രീ. എം. മുരളി (എം. എല്‍. എ, സമിതി രക്ഷാധികാരി ) യുടെ  അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം ആരംഭിച്ചു. ഡോ: വി.ആര്‍.കൃഷ്ണന്‍ നായര്‍ (സമിതി പ്രസിഡന്റ് ) സ്വാഗതം ചെയ്തു.  ശ്രീ.എന്‍. വിശ്വനാഥന്‍ നായര്‍ (സമിതി, സെക്രട്ടറി) റിപ്പോര്‍ട്ട് വായിച്ചു. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് (എം.പി, സമിതിയുടെ മുഖ്യ രക്ഷാധികാരി) സമ്മേളനം ഉത്ഘാടനം ചെയ്തു.
 
                                  Sri. Thiruvalla Gopikuttan Nair

പ്രസിദ്ധ കഥകളി ഗായകന്‍ ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ക്ക്   ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള പുരസ്കാരം ബഹുമാന്യ എം.പി അവര്‍കള്‍  സമര്‍പ്പിച്ച്‌ അദ്ദേഹത്തെ ആദരിച്ചു. ശ്രീ. തിരുവല്ല ഗോപികുട്ടന്‍ നായര്‍ അവര്‍കള്‍ പിന്നീടു ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
 
സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവായ സമിതി അംഗം ശ്രീ.മായര നീലമന ഇല്ലം എന്‍.വിഷ്ണു നമ്പൂതിരിയെ ബഹുമാനപ്പെട്ട എം. എല്‍. എ. ശ്രീ. എം. മുരളി സമിതിയുടെ വക പുരസ്കാരം നല്‍കി ആദരിച്ചു. ശ്രീ. എന്‍.വിഷ്ണു നമ്പൂതിരിയുടെ മറുപടി പ്രസംഗത്തിനു ശേഷം ഡോക്ടര്‍. ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അവര്‍കള്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയെ പറ്റിയുള്ള അനുസ്മരണ പ്രസംഗം നടത്തി. ഡോ: മോഹന്‍ ദാസിനും  അദ്ദേഹത്തിന്റെ പിതാവിനും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുമായി    ഉണ്ടായിരുന്ന   സ്നേഹബന്ധം, ഒരിക്കല്‍  എവൂരില്‍ ഒരു കഥകളിക്ക് നിശ്ചയിച്ചിരുന്ന കഥ മാറ്റി ചെന്നിത്തലയുടെ നളചരിതത്തില്‍ ഹംസം കാണണം എന്ന ഒരു താല്‍പ്പര്യം ഉണ്ടായപ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച്‌, തന്റെ താല്‍പ്പര്യത്തിനു സമ്മതിപ്പിച്ചതും ഹംസവേഷത്തിനു ആവശ്യമായ  ചുണ്ടും ചിറകും  പിന്നീടു ഡോ:  മോഹന്‍ദാസ്‌  ചെന്നിത്തലക്ക് പോയി  എടുത്തു കൊണ്ട് വന്ന അനുഭവവും , ചെന്നിത്തല ആശാന്‍ മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് തട്ടാരമ്പലം വി. എസ്. എം. ആശുപത്രിയില്‍ അദ്ദേഹത്തെ സന്ധിച്ച അനുഭവവും ആണ് ഡോക്ടര്‍ ശ്രീ. ഏവൂര്‍ മോഹന്‍ദാസ്‌ അനുസ്മരിച്ചത്. 

തുടര്‍ന്ന് ശ്രീ. അഡ്വക്കേറ്റ്. ആശാരാജ് (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീമതി. സതീരവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീ. ഹരികുമാര്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍), ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) എന്നിവര്‍ ചെന്നിത്തലയെ അനുസ്മരിച്ചു. ശ്രീ. വേണാട്ട് ചന്ദ്രശേഖരന്‍ നായര്‍ (സമിതി ട്രെഷറര്‍) കൃതജ്ഞത രേഖപ്പെടുത്തി. 
                            Sri. N. Vishnu Nampoothiri

കൃത്യം ഏഴു മണിക്ക് പ്രഹ്ലാദചരിതം കഥകളി ആരംഭിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ് ഹിരണ്യനായും, ശ്രീ.മധു വാരണാസി പ്രഹളാനായും, ശ്രീ.കലാനിലയം രവീന്ദ്രനാഥപൈ ശുക്രനായും ,  ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന്‍ നരസിംഹമായും വേഷമിട്ടു. ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണന്‍, കലാമണ്ഡലം അശ്വിന്‍ എന്നിവര്‍  ശിഷ്യന്മാരായും, കിങ്കരന്മാരായും രംഗത്തെത്തി.

                                 ഹിരണ്യന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണ പ്രസാദ്‌
                                നരസിംഹം: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണന്‍
                                  നരസിംഹവും ഹിരണ്യനും 
                                  നരസിംഹവും പ്രഹളാദനും

                                 നരസിംഹവും പ്രഹളാദനും

ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, ശ്രീ. പരിമണം മധു എന്നിവര്‍ സംഗീതവും, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. ഏവൂര്‍ മധു മദ്ദളവും ചെയ്തു.  ശ്രീ. കലാനിലയം സജി (ചുട്ടി), ശ്രീ.ഏവൂര്‍  കേശവന്‍ നായര്‍, ശ്രീ. ഏവൂര്‍  മാധവന്‍ കുട്ടി, ശ്രീ. പന്മന അരുണ്‍  എന്നിവരായിരുന്നു  അണിയറ ശില്‍പ്പികള്‍. കലാമണ്ഡലം അശ്വിന്‍ എന്ന ബാല നടന്‍  നരസിംഹ വേഷത്തിനു വേഷത്തിനു പന്തം പിടിക്കുവാനും "സിംഹ   കുമുറല്‍ " ശബ്ദം നല്‍കുന്നതിനും കാണിച്ച താല്‍പ്പര്യം വളരെ ശ്രദ്ധേയമായി. 

2010, ഡിസംബർ 6, തിങ്കളാഴ്‌ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി -3 ( തുടര്‍ച്ച )കഥകളി ആചാര്യന്‍ ശ്രീ.കലാമണ്ഡലം ഗോപി ആശാനും കഥകളി ആചാര്യന്‍  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയും യഥാക്രമം കര്‍ണ്ണനും കുന്തിയുമായി രംഗത്ത് എത്തുന്ന കര്‍ണ്ണശപഥം കഥകളി ഡിസംബര്‍ 25-നു വൈകിട്ട് ആറര മണിക്ക്  നെടുമുടി, മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നു.


ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കള്‍,  ശ്രീ. ദാമോദരന്‍ നമ്പൂതിരിയുടെയും കാര്‍ത്ത്യായനി കുഞ്ഞമ്മയുടെയും പുത്രനായി 1940 ഒക്ടോബര്‍ 5-നു  മാത്തൂര്‍ തറവാട്ടില്‍  ജനിച്ചു.  ശ്രീ. നെടുമുടി കുട്ടപ്പപണിക്കര്‍, ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്‍ , ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ , ശ്രീ. അമ്പലപ്പുഴ ശേഖര്‍ എന്നിവരുടെ കീഴില്‍ കഥകളി അഭ്യസിച്ചു . എല്ലാ സ്ത്രീ വേഷങ്ങളും അഭിനയിക്കാനുള്ള അദ്വിതീയ പാടവത്തിനു പുറമേ  കൃഷ്ണന്‍, ശ്രീരാമന്‍, ഹംസം  തുടങ്ങിയ പുരുഷ  വേഷങ്ങള്‍ക്ക് പുറമേ കുചേലന്‍, സുദേവന്‍, സന്താനഗോപലത്തില്‍ ബ്രാഹ്മണന്‍ തുടങ്ങിയ വേഷങ്ങളിലും ശ്രീ. ഗോവിന്ദന്‍ കുട്ടി തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്. 

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കോട്ടയം കളിയരങ്ങ് അവാര്‍ഡ്, ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബു അവാര്‍ഡ്, കലാമണ്ഡലം കീര്‍ത്തി ശംഖു , കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് , കേരള സംഗീത നാടക അക്കാദമി ജെനറല്‍ കൌണ്‍സില്‍ അംഗത്വം, തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ മാത്തൂരിനു ലഭിച്ചിട്ടുണ്ട്. മകന്‍ ശ്രീ. കലാകേന്ദ്രം മുരളീകൃഷ്ണന്‍ അറിയപ്പെടുന്ന കഥകളി കലാകാരനാണ്.

2010, ഡിസംബർ 2, വ്യാഴാഴ്‌ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷം -3

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റ്  ശ്രീ. എ.പി. ജെ. അബ്ദുള്‍ കലാം അവര്‍കളില്‍  നിന്നും  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി കേന്ദ്ര  സംഗീത നാടക അക്കാദമി അവാര്‍ഡ്  അവാര്‍ഡ്‌ സ്വീകരിക്കുന്നു.

കഥകളി കലാകാരന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി 2010 നവംബര്‍ ഒന്‍പതാം തീയതി  ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ശ്രീ. ബേബി മാരാര്‍  (വൈക്കം ക്ഷേത്ര കലാപീഠം)  അഷ്ടപദി നടത്തി.  അഞ്ചു മുപ്പതിന്  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയെ വാദ്യ മേളങ്ങളോടെ സമ്മേളന മണ്ഡപത്തിലേക്ക്  സ്വീകരിച്ചു വന്നു. 

ആറുമണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ശ്രീ. മാടവന അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ശ്രീ. മാടവന ബാലകൃഷ്ണ പിള്ള ആമുഖം നടത്തി. ശ്രീ. തോമസ്‌ ചാഴിക്കാടന്റെ  അദ്ധ്യക്ഷതയില്‍ നടന്ന യോഗം ബഹുമാനപെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ മുഖ്യ അതിഥിയായി എത്തിയത് ശ്രീ. വൈക്കം വിശ്വന്‍  (LDF കണ്‍വീനര്‍) ആയിരുന്നു. ശ്രീ. വി. എന്‍.വാസവന്‍  (MLA) ഉപഹാര സമര്‍പ്പണവും ശ്രീമതി. മിനി ആന്റണി IAS (ജില്ലാ കലക്ടര്‍) സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. ശ്രീ. പ്രൊഫ: അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. കുടമാളൂര്‍ ശര്‍മ്മ തുടങ്ങിയ എട്ടോളം ആരാധ്യ പ്രമുഖരുടെ ആശിര്‍വാദം ഏറ്റു വാങ്ങിയ ശേഷം  ശ്രീ. ഗോവിന്ദന്‍ കുട്ടി  മറുപടി പ്രസംഗം നടത്തി. ശ്രീ. ആര്‍. പ്രമോദ് ചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു. 

                            സാംസ്കാരിക സമ്മേളനം  ഉത്ഘാടനം ചെയ്യുന്നു.

                                 ശ്രീമതി. മാത്തൂര്‍ വിളക്ക് കൊളുത്തുന്നു.

                     ശ്രീ. മാത്തൂരിന്റെ മറുപടി പ്രസംഗം

 രാത്രി ഒന്‍പതു മണിക്കു മാസ്റ്റേഴ്സ്: ശരത്, ദീപക്, അരുണ്‍, അശ്വിന്‍ എന്നീ കലാകാരന്മാര്‍  നാല് കൃഷ്ണ വേഷങ്ങളുടെ പുറപ്പാടോടെ കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. നളചരിതം നാലാം ദിവസം ആയിരുന്നു ആദ്യ കഥ. ശ്രീ. സദനം
 കൃഷ്ണന്‍ കുട്ടി ബാഹുകനായും ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും ശ്രീ.കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി കേശിനിയായും രംഗത്തെത്തി. മൂന്നു കലാകാരന്മാരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

അടുത്ത കഥ ഉത്തരാസ്വയംവരത്തില്‍  ശ്രീ.കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ (ദുര്യോധനന്‍),  ശ്രീ. കലാമണ്ഡലം ഷണ്മുഖന്‍ (ഭാനുമതി),  ശ്രീ.കലാനിലയം കരുണാകര കുറുപ്പ് (ദൂതന്‍, വലലന്‍), കലാ: ശരത് (കര്‍ണ്ണന്‍, വിരാടന്‍),  ശ്രീ. 
കലാമണ്ഡലം ബാലകൃഷ്ണന്‍ (ത്രിഗര്‍ത്തന്‍) , ശ്രീ. കലാമണ്ഡലം  കൃഷ്ണപ്രസാദ്‌ (ഉത്തരന്‍),  ശ്രീ. ഫാക്ട് മോഹനന്‍ (ബ്രഹന്ദള), ശ്രീ.കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി (സൈരന്ധ്രി) എന്നിങ്ങനെ പ്രധാന  കലാകാരന്മാരും അവരുടെ വേഷങ്ങളും. കളി മൊത്തത്തില്‍ വിജയം ആയിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കുള്ളില്‍  കളി തീര്‍ക്കണം  എന്ന് നിര്‍ബ്ബന്ധം ഉണ്ടായതിനാല്‍  ഉത്തരനും ബ്രഹന്ദളയും തമ്മിലുള്ള രംഗം വളരെ വേഗം തീര്‍ക്കേണ്ടി വന്നു .

ശ്രീ. കോട്ടക്കല്‍ പി. ഡി.നമ്പൂതിരി, ശ്രീ. പത്തിയൂര്‍ ങ്കരന്‍ കുട്ടി, ശ്രീ. കോട്ടക്കല്‍ മധു, ശ്രീ. കലാനിലയം രാജീവന്‍, ശ്രീ. കലാനിലയം സിനു, ശ്രീ. പരിമണം മധു, ശ്രീ. മംഗലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംഗീതം പകര്‍ന്നു.


ശ്രീ.കുറൂര്‍ വാസുദേവന്‍‌ നമ്പൂതിരി, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍, ശ്രീ. കോട്ടക്കല്‍ പ്രസാദ്‌, ശ്രീ. രാജേഷ്, ശ്രീ. പുരുഷോത്തമന്‍, ശ്രീ. അരുണ്‍  തുടങ്ങിയര്‍ ചെണ്ടയും ശ്രീ. മാര്‍ഗി. നാരായണന്‍ നമ്പൂതിരി, ശ്രീ. കലാമണ്ഡലം അച്യുത വാര്യര്‍, ശ്രീ. കോട്ടക്കല്‍ ഹരി, ശ്രീ. ശശി എന്നിവര്‍ മദ്ദളവും ശ്രീ. പന്തളം ഉണ്ണികൃഷ്ണന്‍ ഇടയ്ക്കയും  കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍, ശ്രീ.കലാനിലയം സജി എന്നിവരാണ് ചുട്ടി കൈകാര്യം ചെയ്തത്.  തിരുവല്ല ശ്രീവല്ലഭ വിലാസം  കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.


  


 

2010, നവംബർ 23, ചൊവ്വാഴ്ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷം -2

                                          
                                (Sri. Mathur Govindan kutty as brahmanan)

    അവാര്‍ഡ് ചടങ്ങിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന കഥകളിയിലെ രംഗം.  
                 ബാഹുകന്‍ (ശ്രീ. സദനം ബാലകൃഷ്ണന്‍) ദമയന്തി (മാത്തൂര്‍)          

ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ശ്രീ. ഗുരുസ്വാമി അവര്‍കള്‍ മാത്തൂരിനെ പൊന്നാട അണിയിച്ച് ആശംസിച്ചു. ശ്രീ. വാഴേങ്കട കുഞ്ചുനായര്‍  ആശാന്റെ ശഷ്ട്യബ്ടപൂര്‍ത്തി പഴയ കലാമണ്ഡലത്തില്‍  ആഘോഷിച്ചപ്പോള്‍ അന്ന് ശ്രീ. കുഞ്ചു നായര്‍ ആശാനും  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനും ചേര്‍ന്നുള്ള കൂട്ടു വേഷം കാണാനായി ചെന്ന  അനുഭവമാണ് പങ്കുവെച്ചത്. അന്ന് അവതരിപ്പിച്ച അഞ്ചു കഥകളില്‍ ഏറ്റവും ആകര്‍ഷിച്ചത് ശ്രീ. കുടമാളൂര്‍ ആശാന്‍ ചിത്രലേഖയായും   മാത്തൂര്‍ ഉഷയായും ചേര്‍ന്നു അവതരിപ്പിച്ച   രംഗമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ഈ കഴിഞ്ഞ ഒക്ടോബറില്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ മാത്തൂര്‍ അവതരിപ്പിച്ച കുചേലനെ കണ്ട് അന്നുതന്നെ അഭിപ്രായം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് ഏര്‍പ്പെട്ട മാനസീകമായ അടുപ്പമാണ് തന്നെ ഈ വേദിയില്‍ എത്തിച്ചതെന്നും അറിയിച്ചു. എന്നും കഥകളി വേഷത്തില്‍ മാത്തൂരിനു കുട്ടിത്തം നില നില്‍ക്കട്ടെ എന്ന് ആശംസിക്കയും ഗുരുവായൂരപ്പനെ നമിക്കയും ചെയ്യുന്നു എന്ന് അറിയിച്ചു. 

ഗുരുവായൂര്‍ ജയശ്രീ ലോഡ്ജിന്റെ ഉടമ (ശ്രീ. ശങ്കരന്‍ നമ്പൂതിരി എന്നാണ് ഓര്‍മ്മ) തൃശൂര്‍ കഥകളി ക്ലബ്ബിന്റെ വകയായി ഉപഹാരം നല്‍കി മാത്തൂരിനെ ആശംസിച്ചു. ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം ഞങ്ങളില്‍ കൂടി ഈ വേദിയില്‍ എത്തി ചേര്‍ന്നതായി അറിയിച്ചു കൊണ്ട്  മാത്തൂരിന്റെ കര്‍ത്തവ്യ ബോധത്തെ പ്രശംസിച്ചു കൊണ്ട് പൊന്നാട അണിയിച്ചു. 
  
കഥകളി നടന്‍ ശ്രീ.തലവടി അരവിന്ദനാണ് പിന്നീടു സംസാരിച്ചത്. 1961 ജൂലൈ 11-നു ആര്‍. എല്‍. വി. കഥകളി അക്കാദമിയില്‍ തന്നോടൊപ്പം മാത്തൂരും ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനു ദക്ഷിണ നല്‍കി  കഥകളി അഭ്യാസത്തിനു ചേര്‍ന്ന നാള്‍ സ്മരിച്ചു. സുമാര്‍ ആറു മാസക്കാലം കഴിഞ്ഞപ്പോള്‍ കഥകളിക്കാര്‍ക്കുള്ള ചവുട്ടി തിരുമ്മിനാലുള്ള ശരീര വേദന കൊണ്ടോ അതോ ലേലം വിളിച്ചു വാങ്ങി വരുന്ന കുഴമ്പിന്റെ അസഹ്യമായ ഗന്ധം കൊണ്ടോ എന്തോ മാത്തൂര്‍ ആര്‍.എല്‍.വി  വിട്ടു പോയി. ആറു വര്‍ഷത്തെ കഥകളി അഭ്യാസം കഴിഞ്ഞ് ഞാന്‍ 1967- ല്‍ തെക്കന്‍ കേരളത്തിലെ കളിയരങ്ങുകളില്‍ അവസരം തേടി ചെന്നെത്തിയ എനിക്ക് ഒരു തികഞ്ഞ സ്ത്രീ വേഷക്കാരനായി, കൃഷ്ണന്‍ നായര്‍ ആശാന്‍, മാങ്കുളം തിരുമേനി ഉള്‍പ്പടെയുള്ള  പ്രസിദ്ധ നടന്മാരുടെ  നായികാ വേഷക്കാരനായി നില്‍ക്കുന്ന മാത്തൂരിനെയാണ്  കാണാന്‍ കഴിഞ്ഞത് . 

ഒരു കളിസ്ഥലത്ത് ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാന്‍ എത്താതെ വന്നപ്പോള്‍ തന്നെകൊണ്ട് നിര്‍ബ്ബന്ധിച്ച്‌, ധൈര്യം തന്ന് താടിവേഷം കെട്ടിച്ചത് മാത്തൂരാണ്. ആ പ്രചോദനം  കൊണ്ട് താന്‍ ഇന്ന് കഥകളിക്കാരന്‍ ആയി   ജീവിച്ചു പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. അസൂയ, കുശുമ്പ് എന്നിവ ഇല്ലാത്ത ഒരു കഥകളി കലാകാരന്‍, പുറപ്പാട്  കെട്ടുന്ന കലാകാരനോട് പോലും നല്ല സമീപനം കൊള്ളുന്ന സന്മനസ്സിന്റെ ഉടമ എന്നിവയാണ് മാത്തൂരിന്റെ ഗുണ വിശേഷങ്ങള്‍.  ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനും  മാത്തൂരും  ഒന്നിച്ചു തെക്കന്‍ കേരളത്തിലെ ഒരു അരങ്ങില്‍ നിന്നും ഒന്നിച്ചു മറ്റൊരു അരങ്ങിലേക്കുള്ള യാത്രകളുടെ ഓര്‍മ്മകള്‍ സ്മരിച്ചുകൊണ്ട് ശ്രീ. തലവടി അരവിന്ദന്‍  മാത്തൂരിന്റെ ശതാഭിഷേകം, നവതി എന്നിവ ആഘോഷിക്കാന്‍ ഇട വരട്ടെ എന്ന് ശ്രീവല്ലഭ നാമത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. 


കലാകാരന്മാര്‍ക്കും  സഹപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും അഭിമാനിക്കുവാനും സന്തോഷിക്കുവാനും ഉള്ള ധന്യ  മുഹൂര്തമാണിത് എന്നാണ് പ്രസിദ്ധ കഥകളി കലാകാരന്‍ ആയിരുന്ന ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും , കഥകളി ചെണ്ട വിദഗ്ദനും പ്രൊഫസ്സറുമായ   ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടത്. മാങ്കുളത്തിന്റെ കാലഘട്ടത്തില്‍ ശ്രീ. കുടമാളൂര്‍ ആശാനുമൊന്നിച്ചുള്ള അവരുടെ രംഗ പ്രവര്‍ത്തികള്‍, ചെങ്ങന്നൂര്‍ ആശാന്‍, മാങ്കുളം, കുഞ്ചുനായര്‍ ആശാന്‍ തുടങ്ങിയവര്‍ മുതല്‍  ഇപ്പോഴത്തെ കഥകളി തലമുറയുടെ പിന്നില്‍ വരെ കഥകളി ചെണ്ടക്കാരനായി പ്രവര്‍ത്തിക്കാന്‍ സാധിച്ച അനുഭവങ്ങള്‍ എന്നിവ സ്മരിച്ചു.  ചിറക്കര മാധവന്‍ കുട്ടി, കോട്ടക്കല്‍ ശിവരാമന്‍  തുടങ്ങിയ പ്രശസ്തരായ സ്ത്രീ വേഷക്കാരെ പോലെ കഥകളി രംഗത്ത്‌ ആസ്വാദകരുടെ അനുഗ്രഹാശിസ്സുകള്‍ നേടാന്‍ മാത്തൂരിനു സാധിച്ചുവെന്നും ഏതു വേഷക്കാരനോടും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള മനസ്സും വേഷ സൌന്ദര്യവും അഭിനയത്തിലെ മിതത്വവും മാത്തൂരിന്റെ കലാ വിജയത്തിന് കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഒരു സഹോദരന്‍ എന്ന നിലയിലും കഥകളി കലാകാരന്‍ എന്ന നിലയിലും കൂട്ടു വേഷക്കാരന്‍ എന്ന നിലയിലും ശ്രീ. മാത്തൂരിനെ പറ്റി കൂടുതല്‍ പറയുവാന്‍ എനിക്ക് സാധിക്കും എന്നാണ് ശ്രീ. കലാമണ്ഡലം രാജശേഖരന്‍ അഭിപ്രായപ്പെട്ടത്. ഒരു സ്ത്രീ വേഷക്കാരന് വേണ്ടിയ വേഷ സൌന്ദര്യം, സൌഭാഗ്യം, ഔചിത്യം, പെരുമാറ്റം, മാന്യത ഇവകള്‍ എല്ലാം നിറഞ്ഞ ഒരു കലാകാരനാണ് ശ്രീ. ഗോവിന്ദന്‍കുട്ടി ജ്യേഷ്ടന്‍ എന്നും ഇനിയും അദ്ദേഹത്തിന്റെ ധാരാളം വേഷങ്ങള്‍ ആസ്വദിക്കാന്‍  ആസ്വാദകര്‍ക്ക് അവസരം ഉണ്ടാകട്ടെ എന്നും മാത്തൂര്‍ കുടുംബത്തിന്റെ കലാ പാരമ്പര്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മകനായ മുരളീ കൃഷ്ണനും കഴിയട്ടെ എന്ന് ആശംസിച്ചു. 


കഥകളിയെ പോലെ കലകാരന്മാര്‍ക്കിടയില്‍  സൗഹൃദം സൂക്ഷിക്കുന്ന മറ്റൊരു കലാരൂപവും ഇല്ല എന്നാണ് പ്രൊഫസ്സര്‍  ശ്രീ.അമ്പലപ്പുഴ രാമവര്‍മ്മ അവര്‍കളുടെ പുത്രനും കോട്ടയം സി. എം. എസ് കോളേജിലെ ഉദ്യോഗസ്ഥനുമായ ശ്രീ. രാജാ ശ്രീകുമാര്‍ വര്‍മ്മ അഭിപ്രായപ്പെട്ടത്. ടൂറിസ്റ്റ് വാരാഘോഷത്തോട്‌ അനുബന്ധിച്ച് ഒരിക്കല്‍ ഒരു  കഥകളി നടന്നപ്പോള്‍ അന്നു അവതരിപ്പിച്ച നളചരിതത്തില്‍  ശ്രീ. ഓയൂര്‍ ആശാന്റെ ഹംസവും മാത്തൂരിന്റെ ദമയന്തിയും തമ്മിലുള്ള രംഗം കണ്ട് ഒരു കന്യാസ്ത്രീ " പാഞ്ചാലിയും കോഴിയും" തമ്മിലുള്ള രംഗം വളരെ നന്നായി എന്ന് അഭിപ്രായപ്പെട്ടത് ശ്രീ. ശ്രീകുമാര്‍ വര്‍മ്മ സൂചിപ്പിച്ചപ്പോള്‍  സദസ്സില്‍ പൊട്ടിച്ചിരി ഉണ്ടായി.  ശ്രീ.കുടമാളൂരിന്റെ കഥകളി പാരമ്പര്യം നിലനിര്‍ത്തുവാന്‍  മാത്തൂരിനു ശേഷം ശ്രീ. മുരളീകൃഷ്ണന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. 


കരുണാകരന്‍ ആശാന്‍ കഴിഞ്ഞാല്‍ സ്ത്രീ വേഷത്തിനു ചിറക്കര മാധവന്‍ കുട്ടി, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നിവരില്‍ ഏതു കുട്ടി എന്നാണ് ഒരുകാലത്ത് നിലനിന്നിരുന്ന കഥകളി  ആസ്വാദകരുടെ ചോദ്യം എന്നായിരുന്നു ശ്രീ. രാജു,കുമ്മനം പറഞ്ഞത്. ആപല്‍ ബാന്ധവനാണ് ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നും തന്റെ അനുഭവത്തില്‍ അദ്ദേഹം കളിക്കെത്തിയാല്‍ സംഘാടകരില്‍ ഒരാള്‍ ആയിരിക്കും. ഏതെങ്കിലും വേഷക്കാര്‍ എത്തിയില്ലെങ്കില്‍  അതിനു പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഗോവിന്ദന്‍ കുട്ടി ആയിരിക്കും. അണിയറ ശാഠ്യം തീരെ ഇല്ലാത്ത
ഗോവിന്ദന്‍ കുട്ടി ഒരു കളിക്ക് രണ്ടോ മൂന്നോ വേഷങ്ങള്‍ വരെ കെട്ടാന്‍ തയ്യാറാവുന്നത് കണ്ടിട്ടുണ്ടെന്ന്  സ്മരിച്ചു.

സംഗീതജ്ഞയായ മാതംഗി സത്യമൂര്‍ത്തി കുടമാളൂര്‍ ആശാന്റെ കുടുംബവുമായി ഇരുപത്തി ആറു വര്‍ഷത്തെ ആത്മബന്ധം നില നിര്‍ത്തിയതു സ്മരിച്ചു കൊണ്ട്  മാത്തൂരിനു സര്‍വ മംഗളവും നേര്‍ന്നു.

പ്രസിദ്ധ കഥകളി നടി ശ്രീമതി. ചവറ പാറുക്കുട്ടി സൌഹൃദ സമ്മേളനത്തിന്റെ ലിസ്റ്റില്‍ തന്റെ പേര് ചേര്‍ത്തിരുന്നില്ല എന്നതിന്റെ ഖേദമാണ്‌ ആദ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് മാത്തൂരിന്റെ ചിത്രലേഖയും തന്റെ ഉഷയുമായി ഉണ്ടായിട്ടുള്ള ധാരാളം അരങ്ങുകള്‍ സ്മരിച്ചു.  പരസ്പരം രംഗത്ത്‌ എന്തു ചെയ്യണം എന്നതിനെ പറ്റി സംസാരിക്കാതെ മാത്തൂര്‍ വേദിയിലേക്ക് പോയിട്ടില്ലെന്നും കണ്ണു കൊണ്ട് ആശയം കാണിച്ചാലും അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാനും, അംഗീകരിക്കുവാനും ഉള്ള സന്മനസും, സ്ത്രീ വേഷക്കാരന് വേണ്ടിയ വേഷ സൌന്ദര്യവും   അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണം എന്നും ശ്രീമതി. ചവറ അഭിപ്രായപ്പെട്ടു.    ഒരിക്കല്‍ മുതുപിലാക്കാട്ടു നടന്ന കളിക്ക് ചെന്നിത്തല ആശാന്‍ എത്താതെ വന്നപ്പോള്‍ ധൈര്യപൂര്‍വ്വം  തന്റെ ദേവയാനിക്ക് കചന്‍  കെട്ടി താന്‍ പുരുഷ വേഷങ്ങള്‍ക്കും പ്രാപ്തനാണ് എന്ന് ഗോവിന്ദന്‍ കുട്ടി തെളിയിച്ചു എന്നും പറഞ്ഞു. കളി അരങ്ങില്‍ എന്നും യവ്വനത്തോടെ ധാരാളം വേഷങ്ങള്‍ കെട്ടുവാനും അദ്ദേഹത്തിനോടൊപ്പം ധാരാളം കൂട്ടു വേഷങ്ങള്‍  കെട്ടുവാന്‍  തനിക്കും സൌഭാഗ്യം  ഉണ്ടാകട്ടെ എന്ന്  ഈശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ശ്രീമതി. ചവറ അവസാനിപ്പിച്ചു. 

ആര്‍. എല്‍. വി കഥകളി അക്കാദമിയില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ  കളരിയില്‍ തന്നോടൊപ്പം മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി  കഥകളി അഭ്യസിച്ച കാലഘട്ടം ശ്രീ. മയ്യനാട് കേശവന്‍ നമ്പ്യാതിരി സ്മരിച്ചു. ആശാന്റെ വിശ്വാമിത്രനോടൊപ്പം താനും മാത്തൂരും ഒന്നിച്ചു  രതി വിരതികളുടെ വേഷമിട്ടതും ലോഹിതാക്ഷന്‍ കെട്ടിയതു മുതല്‍ ഇന്നുവരെയുള്ള   അനുഭവങ്ങള്‍ മനസ്സില്‍ സ്മരിക്കുന്നതായി അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന്  ശ്രീ. കുടമാളൂര്‍ അപ്പുക്കുട്ടന്‍ തുടങ്ങിയ പ്രമുഖരും സുഹൃത്ത് സമ്മേളനത്തില്‍ പങ്കെടുത്തു. സുഹൃത്ത് സമ്മേളനത്തിളും അന്നത്തെ കഥകളിയിലും  പങ്കെടുത്ത കഥകളി കലാകാരന്മാര്‍ക്കു പുറമേ (എനിക്ക് കണ്ടാല്‍ അറിയാവുന്ന)  ശ്രീമാന്മാര്‍.  വാരണാസി വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഭാഗ്യനാഥ്, പ്രശാന്ത്,  ശശീന്ദ്രന്‍, അമ്പിളി (ഇന്റര്‍നാഷണല്‍ കഥകളി സെന്റര്‍, ന്യു ഡല്‍ഹി), കലാനിലയം വിജയന്‍,  കുടമാളൂര്‍ ബാലു, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, പന്തളം ഉണ്ണികൃഷ്ണന്‍, തട്ടയില്‍ ഉണ്ണികൃഷ്ണന്‍, കലാഭാരതി ഹരികുമാര്‍, കൊട്ടാരക്കര ഗംഗ , കലാനിലയം രവീന്ദ്രനാഥ പൈ,  ചുട്ടി ആര്‍ട്ടിസ്റ്റ്: ശ്രീ. തിരുവല്ല ഗോപിനാഥന്‍ നായര്‍  തുടങ്ങി ധാരാളം  കലാകാരന്മാര്‍ സന്നിഹിതരായിരുന്നു. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

2010, നവംബർ 17, ബുധനാഴ്‌ച

മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെ സപ്തതി ആഘോഷം -1


മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കളുടെ സപ്തതി  ആഘോഷം 2010  നവംബര്‍ ഒന്‍പതു ചൊവ്വാഴ്ച രാവിലെ കൃത്യം ഒന്‍പതു മണിക്ക് കഥകളി ആചാര്യന്‍ ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച് തുടക്കം കുറിച്ചു.ഒന്‍പതര മണിക്ക് കുടമാളൂര്‍ സ്വയംവരം ആഡിറ്റോറിയത്തില്‍ ഉത്ഘാടന സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഉത്ഘാടന കര്‍മ്മം  ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി അവര്‍കള്‍ നിര്‍വഹിച്ചു. 

പതിനൊന്നു മണിക്ക് ഗുരുവന്ദനം നടന്നു. കഥകളി കലാകാരന്മാരില്‍ പ്രസിദ്ധനായിരുന്ന, ഇന്ന് ജീവിച്ചിരിക്കുന്ന കഥകളി  കലാകാരന്മാരില്‍ വെച്ച് പ്രായധിക്യം ഉള്ള ശ്രീ. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയെയും കഥകളി ഗായകന്‍ ശ്രീ. വൈക്കം തങ്കപ്പന്‍ പിള്ള  അവര്‍കളെയും   പ്രൊഫസ്സര്‍ ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ തുടങ്ങിയ വിശിഷ്ട വ്യക്തികളെയും ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി  പൊന്നാട അണിയിച്ച് പ്രണമിച്ചു.    ശ്രീ. മാത്തൂരിന്റെ ശിഷ്യന്മാര്‍, കഥകളി കലാകാരന്മാര്‍, കലാസ്നേഹികള്‍ തുടങ്ങിയവര്‍ മാത്തൂരിനു പൊന്നാട അണിയിച്ച് പ്രണമിച്ചു. 

പതിനൊന്നു മുപ്പതിന് ശ്രീ. ആര്‍. ഭാനുവിക്രമന്‍  നായരുടെ സ്വാഗത പ്രസംഗത്തോടെ സുഹൃത്ത് സമ്മേളനം ആരംഭിച്ചു. ശ്രീ. മടവൂര്‍ വാസുദേവന്‍‌ നായര്‍ ആശാനാണ് ആദ്യം സദസ്സിനെ അതിസംബോധന ചെയ്തത്. ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാനുമായുള്ള രംഗാനുഭവങ്ങളും മാത്തൂര്‍ കുടുംബവുമായുള്ള കലാ- സ്നേഹ ബന്ധങ്ങളും മടവൂര്‍  ആശാന്‍ വെളിപ്പെടുത്തി. ഗുരു: ചെങ്ങന്നൂര്‍ ആശാന്‍  മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയെ "കുഞ്ഞേ" എന്നാണ് സംബോധന ചെയ്തിരുന്നതെന്നും അനുസ്മരിച്ചു.  അഭിനന്ദനീയമായ ജീവിത ശൈലി നില നിര്‍ത്തുകയും അരങ്ങിലും സഹകരണത്തിലും നാളിതുവരെ രണ്ടാം തരം പ്രവര്‍ത്തി ഉണ്ടായി കണ്ടിട്ടില്ലാത്ത മഹത്തായ വ്യക്തിത്വത്തിന്റെ ഉടമയാണ് മാത്തൂര്‍ എന്നും മടവൂര്‍ ആശാന്‍ അഭിപ്രായപ്പെട്ടു. 

അടുത്തതായി സദസ്സിനെ അഭിമുഖീകരിച്ച   പ്രസിദ്ധ നാദസ്വര വിദ്വാന്‍ ശ്രീ. തിരുവിഴാ ജയശങ്കര്‍ തന്റെ തൊഴിലായ നാദസ്വരമാണ് ഏറ്റവും വലിയ കലയെന്നു വിശ്വസിച്ചു വന്നിരുന്നു എന്നും ആകാശവാണിയില്‍ ഉദ്യോഗസ്ഥനായ ശേഷമാണ് മറ്റു കലകളെ പറ്റി അവബോധം ഉണ്ടായതെന്നും അനുസ്മരിച്ചു. അങ്ങിനെ കഥകളിയെയും, കഥകളി കലാകാരന്മാരെ പറ്റിയും, കുടമാളൂര്‍ ആശാനെ പറ്റിയും അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി അറിയുകയും പരസ്പരം ബന്ധപ്പെടുകയും സംസാരിക്കുകയും തുടര്‍ന്ന് മാത്തൂരുമായും ആത്മബന്ധം സ്ഥാപിക്കാന്‍ ഇടയാവുകയും ചെയ്തു വെന്ന് അറിയിച്ചു. ഇപ്പോള്‍ 73 വയസ്സായ തന്നെ യഥാകാലം ഷഷ്ട്യബ്ദ പൂര്‍ത്തി, സപ്തതി എന്നിവ ആഘോഷിക്കാന്‍ തയ്യാറായി തന്നെ സമീപിച്ചവരോടെല്ലാം തന്റെ നാദസ്വരത്തില്‍ അപസ്വരം വരുമ്പോള്‍ ഇത്തരം ആഘോഷം നടത്തി പ്രായം ഓര്‍മ്മിപ്പിച്ചാല്‍ മതി എന്നു അവരെ അറിയിച്ചതായും അനുസ്മരിച്ചു.  പൊതുവേ കഥകളി കലാകാരന്മാര്‍ വേഷം കെട്ടിക്കഴിഞ്ഞാല്‍ ചെറുപ്പം തോന്നിക്കുമെന്ന് പറയപ്പെടുന്നുണ്ട്. സപ്തതി ആഘോഷങ്ങള്‍ക്ക് ശേഷവും കഥകളി രംഗത്ത് ശ്രീ. മാത്തൂര്‍ ചെറുപ്പമായി ശോഭിക്കാന്‍ ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ചു കൊണ്ട് " ഭജരേ! യദുനാഥം മാനസ ഭജരേ! യദുനാഥം" എന്ന ഭജനഗീതം അദ്ദേഹം ആലപിച്ചു.

കോട്ടയം കളിയരങ്ങ് സെക്രട്ടറി ശ്രീ. പള്ളം ചന്ദ്രന്‍ അവര്‍കള്‍ പ്രസംഗിക്കയില്‍ ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റെ കൂടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ മാത്തൂരിന്റെ കൂട്ടുവേഷങ്ങള്‍  കണ്ടു തുടങ്ങി പിന്നീട് മാത്തൂരിന്റെ എല്ലാ സ്ത്രീ വേഷങ്ങളും സന്താനഗോപാലത്തില്‍  ബ്രാഹ്മണന്‍, നളചരിതത്തില്‍ നാരദന്‍, സുദേവന് കുചേലവൃത്തം,  രുഗ്മിണീ സ്വയംവരം, ദുര്യോധനവധം എന്നിവയിലെ കൃഷ്ണന്‍ സീതാസ്വയംവരം, ശ്രീരാമപട്ടാഭിഷേകം  എന്നിവയിലെ ശ്രീരാമന്‍ എന്നിവ കൂടാതെ മണ്ണാന്‍, ശുക്രന്‍, വസിഷ്ടന്‍, ഭരതന്‍ എന്നീ വേഷങ്ങളും അവതരിപ്പിച്ചു കണ്ടിട്ടുണ്ട് എന്നു സ്മരിച്ചു.  
ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ഒരു കഥകളി നടത്തിപ്പുകാരന്റെ  ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും മനസിലാക്കിയിരുന്ന കഥകളി കലാകാരന്‍ ആണെന്നും ഒരു കളി നടത്തിപ്പില്‍  അപ്രതീക്ഷിതമായി അധികച്ചിലവു വരുമ്പോള്‍ " എന്റെ പണം പിന്നീടു മതി" എന്നു പറയുന്ന അദ്ദേഹത്തിന്റെ  പെരുമാറ്റത്തിന്റെ ഹൃദ്യത  മറ്റൊരു കലാകാരനിലും കണ്ടിട്ടില്ല എന്നും അഭിപ്രായപ്പെട്ടു.  

പ്രസിദ്ധ കഥകളി കലാകാരനായ ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരന്‍  തന്റെ ആത്മ സുഹൃത്തായ ശ്രീ. മത്തൂരിനു ഹൃദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ടാണ് സദസിനെ അഭിമുഖീകരിച്ചത് . 1965 മുതല്‍  മാത്തൂരുമായുള്ള പരിചയത്തെ അദ്ദേഹം സ്മരിച്ചു. ദക്ഷിണ കേരളത്തിലേക്ക് താന്‍ എത്തിത്തുടങ്ങിയ കാലം മുതല്‍ ധാരാളം അരങ്ങുകള്‍ പങ്കിടാനും സഹകരിക്കാനും സാധിച്ചുവെന്നും ഹൃദയ വിശാലനായ  മാത്തൂരിനെ ഒന്നാംതരം സുഹൃത്തായും ഗുരുവായും അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂട്ടു വേഷക്കാരനായി രംഗത്തെത്തുമ്പോള്‍ രംഗം ഭംഗിയാക്കാന്‍ എങ്ങിനെയൊക്കെ ചെയ്യണം എന്നു മാത്തൂര്‍ പറഞ്ഞിട്ടുണ്ട്. താന്‍ അതിനു സഹകരിചിട്ടുമുണ്ട്,  അതിന്റെ ഗുണം അരങ്ങില്‍ ഉണ്ടായിട്ടുമുണ്ട്‌ എന്ന് അദ്ദേഹം സ്മരിച്ചു. കുടമാളൂര്‍ ആശാന്റെയും, മാത്തൂരിന്റെയും അദ്ദേഹത്തിന്റെ മകന്‍ മുരളീ കൃഷ്ണന്റെയും കൂടെ നായക വേഷം ചെയ്യുവാന്‍ അവസരം ലഭിച്ചതോടെ മൂന്നു തലമുറയുടെ നായക വേഷക്കരനാവാന്‍ സാധിച്ച അനുഭവം ഒരു മഹാഭാഗ്യമായി കരുതുന്നു എന്ന്‌ അദ്ദേഹം സ്മരിച്ചു. 

പിന്നീടു ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്‍ ഗുരു, ജ്യേഷ്ഠ സഹോദരന്‍ എന്നീ സ്ഥാനത്തു നിന്നുകൊണ്ട് മാത്തൂര്‍  ചെയ്തിട്ടുള്ള സഹായങ്ങള്‍, തന്നെ  വളര്‍ത്തി കൊണ്ട് വന്ന അദ്ദേഹത്തിന്റെ  ആ മനസ്സ് എന്നിവയെ സ്മരിച്ചു. അദ്ദേഹത്തിന്റെ കലാപരമായ കഴിവുകള്‍ പൂര്‍വാധികം വിപുലീകരിക്കുവാനും ഭാവി തലമുറകള്‍ക്ക് പ്രയോജനം ഉണ്ടാകുവാനും സര്‍വേശ്വരനെ പ്രാര്‍ത്ഥിക്കുന്നു എന്ന്‌ അറിയിച്ചു.

എത്ര പറഞ്ഞാലും മതി വരാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്  ശ്രീ. മാത്തൂര്‍ എന്നും ഇത്രയും ആത്മാര്‍ത്ഥതയുള്ള ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല എന്നുമാണ് പ്രസിദ്ധ കഥകളി നടന്‍ ശ്രീ. സദനം കൃഷ്ണന്‍ കുട്ടി അവര്‍കള്‍ വേദിയില്‍ പറഞ്ഞത്. ഈ കഴിഞ്ഞ ചില ദിവസങ്ങള്‍ക്കു മുന്‍പു ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരന്റെ കര്‍ണ്ണനോടൊപ്പം തനിക്കു കുന്തി കെട്ടാന്‍ അവസരം ഉണ്ടായി. എത്രയോ അരങ്ങുകളില്‍ മാത്തൂരിന്റെ കുന്തിയോടൊപ്പം കര്‍ണ്ണന്‍ കെട്ടി രംഗാനുഭവം കൊണ്ട് , ആ അനുഭവം മനസ്സില്‍ സ്മരിച്ചു കൊണ്ടാണ് കുന്തി വേഷം കൈകാര്യം ചെയ്തതെന്ന് അറിയിച്ചു. 

അടുത്തതായി ശ്രീ. തോന്നക്കല്‍ പീതംബരനാണ് മാത്തൂരിനെ പറ്റി സംസാരിച്ചത്. കഥകളി രംഗത്തെ ശ്രദ്ധേയനായ നടനും മഹത്വ്യക്തിയുമാണ് ശ്രീ. മാത്തൂര്‍ എന്നും ധാരാളം കൂട്ടു വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളതും  ആറു മാസത്തെ ആര്‍. എല്‍. വി. കഥകളി ആക്കാഡമിയിലെ  സതീര്‍ത്ത്യ ബന്ധം കലാജീവിതത്തില്‍ പുഷ്ടിപ്പെട്ടു എന്നതും  അദ്ദേഹം സ്മരിച്ചു. നിഷ്കളങ്കമായ ഒരു മനസ്സിന്റെ ഉടമ, പരസ്പരം സ്നേഹിക്കുകയും  ബഹുമാനിക്കുകയും ചെയ്യുന്ന സ്വഭാവം, ഐക്യത, ദൃഡത എന്നിവയ്ക്കു പുറമേ പരസ്പര ധാരണയോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും സഹ കലാകാരനെ  അംഗീകരിക്കാനുള്ള  സന്മനസ്സും അടങ്ങുന്ന  മാത്തൂരെന്ന കലാകാരന്റെ സവിശേഷ ഗുണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍  രംഗത്ത്‌ പ്രവര്‍ത്തിക്കാനും പ്രേക്ഷകരുടെ അംഗീകാരം പിടിച്ചു പറ്റാനും സാധിച്ചിട്ടുള്ളത് എന്ന്‌ അദ്ദേഹം പറഞ്ഞു. കഥകളി രംഗത്ത് മാത്തൂരിനുള്ള  അംഗീകാരം നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ മകനായ ശ്രീ. മുരളീകൃഷ്ണന്  സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
                                                        (തുടരും)

2010, നവംബർ 3, ബുധനാഴ്‌ച

സന്താനഗോപാലവും ചില അരങ്ങു കഥകളും - 4

ദക്ഷിണ കേരളത്തില്‍ കഥകളി വഴിപാടു നടക്കുന്ന ക്ഷേത്രങ്ങള്‍ പലതു ഉണ്ടെങ്കിലും സന്താനഗോപാലം കഥകളി അധികം നടക്കുന്നത് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയിലുള്ള  മരുത്തൂര്‍വട്ടം ധന്വന്തരീ ക്ഷേത്രത്തിലാണ്.  വൈകുണ്ഠത്തില്‍  കൃഷ്ണാര്‍ജുനന്‍മാര്‍ എത്തുന്ന സാധാരണ നടപ്പില്ലാത്ത രംഗം ഇവിടെ അവതരിപ്പിക്കാറുണ്ട്.   ഈ ക്ഷേത്രത്തിലെ  ഉത്സവ പരിപാടികളില്‍  കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ ക്ഷേത്ര കലകള്‍ അല്ലാതെ നാടകം, ബാലെ,  ഗാനമേള തുടങ്ങിയ കലാരൂപങ്ങള്‍ക്ക്‌ അനുമതി ഇല്ല. ശ്രീരാമപട്ടാഭിഷേകം  കഥകളിയാണ് ഉത്സവത്തിന്റെ സമാപന ദിവസം  അവതരിപ്പിക്കുന്നത്.   ക്ഷേത്രത്തിലെ ഉത്സവം തുടങ്ങുന്നതിനു പത്തോ ഇരുപതോ ദിവസങ്ങള്‍ മുന്‍പു മുതല്‍ തുടര്‍ച്ചയായി സന്താനഗോപാലം കഥകളി  വഴിപാടുകള്‍ തുടങ്ങും. പുത്രലാഭം തന്നെയാണ് ഈ വഴിപാടുകളുടെ ഉദ്ദേശം. വഴിപാട്ടുകാരന്റെ സാമ്പത്തീകം മെച്ചപ്പെട്ടതാണെങ്കില്‍ കളിക്ക് വിശേഷാല്‍ ക്ഷണിക്കപ്പെട്ട കലാകാരന്മാര്‍ ഉണ്ടാവും.

                     
                                    മരുത്തൂര്‍വട്ടം ധന്വന്തരീ ക്ഷേത്രം

വഴിപാട്ടുകാരന് കുട്ടി ജനിച്ചു ഒരു വയസ്സ് പൂര്‍ത്തി ആയതിനു ശേഷമാവും ഈ  വഴിപാട്ടു കളി നടത്തുക. കഥയുടെ അവസാനം വൈകുണ്ഠത്തില്‍ നിന്നും ബ്രാഹ്മണന്റെ പുത്രന്മാരെ കൃഷ്ണാര്‍ജുനന്മാര്‍  കൂട്ടിവന്നു ബ്രാഹ്മണനെ ഏല്‍പ്പിക്കുന്ന രംഗത്ത് വഴിപാട്ടുകാരന്റെ കുട്ടിയെ ബ്രാഹ്മണന്റെ പത്താമത്തെ കുട്ടിയായി കരുതി ആ  കുട്ടിയെ കൃഷ്ണന്‍ അര്‍ജുനനെയും, അര്‍ജുനന്‍ ബ്രാഹ്മണനെയും , ബ്രാഹ്മണന്‍ ബ്രാഹ്മണപത്നിയെയും ഏല്‍പ്പിക്കും. പിന്നീട് വഴിപാട് നടത്തുന്നവന്‍ ബ്രാഹ്മണന് ദക്ഷിണ നല്‍കി കുട്ടിയെ തിരികെ വാങ്ങും. ചില സന്ദര്‍ഭങ്ങളില്‍ വഴിപട്ടുകാരന്‍ രംഗത്ത് വെച്ച് കൃഷ്ണന്‍, അര്‍ജുനന്‍ , ബ്രാഹ്മണന്‍,  ബ്രാഹ്മണ പത്നി എന്നിവര്‍ക്ക് ദക്ഷിണ നല്‍കി അവരുടെ കാലില്‍ തൊട്ടു വണങ്ങും. 
                         
                     സന്താനഗോപാലം കഥകളിയിലെ ഒരു രംഗം.
കൃഷ്ണന്‍ (ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍), അര്‍ജുനന്‍ (ശ്രീ. സദനം കൃഷ്ണന്‍കുട്ടി) ബ്രാഹ്മണന്‍ (കോട്ടക്കല്‍ ചന്ദ്രശേഖരന്‍)
                     
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലും സന്താനഗോപാലം കഥകളിക്കു പ്രാധാന്യം ഉണ്ട്. കഥകളിക്കു പ്രാധാന്യമുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും സന്താനഗോപാലം കഥകളികള്‍ ധാരാളം  നടക്കുന്നുണ്ട്.  വഴിപാട്ടുകാര്‍ ബ്രാഹ്മണ പുത്രനായി തന്റെ  കുട്ടിയെ രംഗത്ത്  എത്തിക്കുന്ന രീതി അവിടെയും  നിലവില്‍ ഉണ്ട്. വേഷം കെട്ടുന്ന കലാകാരന്‍ ആരു തന്നെ  ആയിരുന്നാലും വഴിപാട്ടുകാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കുറയൊക്കെ  തയ്യാറാവണം. നടന്മാര്‍ അങ്ങിനെ  തയ്യാറായിട്ടുള്ള കഥകള്‍ ധാരാളം ഉണ്ട്. കഥകളി എന്ന കലയെ ഭക്തിയുടെ ഭാഗമായി ഈ ക്ഷേത്രങ്ങളിലും അവിടെയുള്ള ഭക്തജനങ്ങളിലും  അടിയുറച്ച വിശ്വാസം  നില നില്‍ക്കുന്നു എന്നതു തന്നെയാണ് ഇതിനു പ്രധാന കാരണം. ചില  ശിവക്ഷേത്രത്തില്‍ ദക്ഷയാഗം അവതരിപ്പിക്കാറില്ല. അതിനു ദക്ഷയാഗത്തിലെ ദക്ഷന്റെ ശിവനിന്ദ കാരണം പറയുന്നു. കിരാതം അവിടെ പ്രധാനം ആണ്. ചില ഭദ്രകാളീ ക്ഷേത്രത്തില്‍ ദക്ഷയാഗം വേണം എന്നു നിര്‍ബ്ബന്ധവും ആണ് .

               വഴിപാട്ടുകാരന്റെ പുത്രന്‍ ബ്രാഹ്മണ പുത്രനായി രംഗത്ത്.
      അരങ്ങത്തെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കുന്ന കൃഷ്ണാര്‍ജുനരും  ബ്രാഹ്മണസ്ത്രീയും 
                                          ദക്ഷിണ ഒരുക്കുന്ന കഥകളി  വഴിപാട്ടുകാരന്‍ 

           കൃഷ്ണനു ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്ന കഥകളി  വഴിപാട്ടുകാരന്‍ 

                     അര്‍ജുനന് ദക്ഷിണ നല്‍കുന്നു 
             
                                         ബ്രാഹ്മണന് ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്നു. 

                         
                ബ്രാഹ്മണപത്നിക്ക് ദക്ഷിണ നല്‍കി പാദവന്ദനം ചെയ്യുന്നു.


സുമാര്‍ ഒരു വര്‍ഷത്തിനു മുന്‍പു  ഏവൂര്‍ ക്ഷേത്രത്തില്‍ നടന്ന സന്താനഗോപാലം കളിക്ക് ബ്രാഹ്മണ പുത്രന്മാരായി ഒന്‍പതു കുട്ടികളെ അര്‍ജുനന്‍ ബ്രാഹ്മണന് നല്‍കി. പത്താമത്തെ കുട്ടിയായി വഴിപാട്ടുകാരന്റെ കൈക്കുഞ്ഞിനെയും നല്‍കുന്നത് കണ്ടപ്പോള്‍ കൌതുകം കൊണ്ട രണ്ടു കൊച്ചു പെണ്‍കുട്ടികള്‍ (വഴിപാട്ടുകാരന്റെ  ബന്ധുക്കള്‍) രംഗത്തേക്ക് കടന്നു വന്നു. അവര്‍ക്കും  രംഗത്തെത്തിയ മറ്റു കുട്ടികളെ പോലെ ബ്രാഹ്മണന്റെ കുട്ടികളാകണം എന്ന ആഗ്രഹത്തോടെ . (കഥയില്‍ ബ്രാഹ്മണനു പത്തിലധികം കുട്ടികള്‍ ഇല്ല,  പെണ്‍കുട്ടികളും ഇല്ല)  രംഗത്തെത്തിയ  ഈ കൊച്ചു പെണ്‍ കുട്ടികളെ  എന്ത് ചെയ്യാനാവും.  രംഗത്ത് നില്‍ക്കുന്ന കഥകളി കലാകാരന്മാര്‍ക്ക് ഈ കുട്ടികള്‍ക്ക് വിവരം പറഞ്ഞു മനസ്സിലാക്കാനുള്ള സമയം അല്ലല്ലോ അത്. രംഗത്ത്   കുട്ടികളെ കൈകൊണ്ടു പതുക്കെ പിടിച്ചു  ബ്രാഹ്മണ പുത്രന്മാരോടു ഒപ്പം  നിര്‍ത്തുകയല്ലാതെ എന്തു ചെയ്യാനാവും. 

തിരുവല്ല ക്ഷേത്രത്തില്‍ സന്താനഗോപാലം കഥകളി ധാരാളം അവതരിപ്പിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍  രണ്ടു കഥ അവതരിപ്പിച്ച ശേഷം (വഴിപാടായി) അപ്പോള്‍ സമയ കുറവു കൊണ്ട് അവസാന രംഗം മാത്രമാവും അവതരിപ്പിക്കുക. ചിലപ്പോള്‍ ആദ്യ രംഗം (ശ്രീമന്‍ സഖേ!) ഒഴിവാക്കി മറ്റു രംഗങ്ങള്‍ അവതരിപ്പിക്കും.  കലാകാരന്മാരുടെ വേഷ സൗകര്യങ്ങള്‍  കണക്കിലെടുത്ത്  സാധാരണ  നടപ്പില്ലാത്ത ചില രംഗങ്ങള്‍ അവതരിപ്പിച്ചു എന്നും വരാം. 


കഥകളി നടത്തിപ്പിന്റെ രംഗ ചുമതല വഹിക്കേണ്ടത്‌ പൊന്നാനി ഗായകനാണ്.   നിശ്ചിത സമയത്തില്‍ നിശ്ചയിച്ചിരിക്കുന്ന കഥകളും രംഗങ്ങളും അവതരിപ്പിച്ചു തീര്‍ക്കണം. ആദ്യ രണ്ടു കഥകള്‍ അവതരിപ്പിച്ച ശേഷം നടത്തുന്ന സന്താനഗോപാലം വഴിപാടു കഥകളി ചുരുങ്ങിയ സമയം കൊണ്ട്  ഇന്ന് നടപ്പുള്ള എല്ലാ രംഗവും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നതും കണ്ടിട്ടുണ്ട്.  ഒരിക്കല്‍  തിരുവല്ലയിലെ ഒരു വഴിപാടു കളി. കുചേലവൃത്തം, ദക്ഷയാഗം    എന്നീ കഥകളാണ് നിശ്ചയിച്ചിരുന്നത്. കുചേലവൃത്തം ഏതാണ്ട് പകുതി ആയപ്പോള്‍ കഥകളി കാണാന്‍ എത്തിയ ഒരു ആസ്വാദകന്‍ വഴിപാട്ടുകാരനെ സമീപിച്ച്  ഏതെങ്കിലും  കഥകള്‍  അവതരിപ്പിക്കുന്നത്‌ കൊണ്ട് പ്രയോജനം ഇല്ല എന്നും സന്താനഗോപാലം  അവതരിപ്പിച്ചാല്‍ മാത്രമേ  വഴിപാടിന്റെ ഫലം ലഭിക്കയുള്ളൂ എന്ന് ധരിപ്പിച്ചു. ഇതു പൂര്‍ണ്ണമായി വിശ്വസിച്ച വഴിപാട്ടുകാരന്‍ അസ്വസ്ഥനായി തന്റെ സങ്കടം കളി നടത്തിപ്പിന്റെ  ചുമതലക്കാരനെ അറിയിച്ചു. ചുമതലക്കാരന്‍ ഇനി അതൊക്കെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു വഴിപാട്ടുകാരനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വഴിപാട്ടുകാരന്റെ നിര്‍ബ്ബന്ധം കൂടിവന്നപ്പോള്‍  കളിയുടെ ചുമതലക്കാരന്‍ പൊന്നാനി ഗായകനുമായി ആലോചിച്ചു. ഗായകന്‍ ആദ്യം താല്‍പ്പര്യം കാട്ടിയില്ല എങ്കിലും വഴിപാട്ടുകാരന്റെയും കളിയുടെ ചുമതലക്കരന്റെയും താല്‍പ്പര്യം കണക്കിലെടുത്ത് സന്താനഗോപാലം കളിയിലെ ചില രംഗങ്ങള്‍ അവതരിപ്പിക്കാം എന്ന് സമ്മതിച്ചു. അതിനു ശേഷം സൗകര്യം ഉള്ള വേഷക്കാരെ തിരഞ്ഞെടുത്തു അവര്‍ക്കുള്ള വേഷവും നിശ്ചയിച്ചു. 
  
ആദ്യരംഗം (കൃഷ്ണനും അര്‍ജുനനും ) കഴിഞ്ഞ് ഇന്ന് നടപ്പുള്ള രണ്ടാമത്തെ രംഗം (യാദവസഭ) ഒഴിവാക്കി ബ്രാഹ്മണനും ബ്രാഹ്മണപത്നിയും തമ്മിലുള്ള രംഗവും അടുത്തത് അവസാന രംഗമായ (നമസ്തേ! ഭൂസുര മൌലേ!)  ബ്രാഹ്മണന്റെ  പുത്രന്മാരെ കൃഷ്ണാര്‍ജുനന്മാര്‍  ബ്രാഹ്മണനെ ഏല്‍പ്പിക്കുന്ന രംഗവുമാണ് അവതരിപ്പിച്ചത്. കളി കഴിഞ്ഞപ്പോള്‍ ചിലര്‍ ഒരു രംഗവും അടുത്ത രംഗവുമായി ബന്ധം ഇല്ലാത്ത ഈ അവതരണ രീതിയെ പറ്റി കടുത്ത പ്രതിഷേധം പൊന്നാനി ഗായകനെ അറിയിച്ചു.  പൊന്നാനി ഗായകനാവട്ടെ പ്രതികരിക്കാന്‍ തയ്യാറാവാതെ "നിങ്ങളുടെ പരാതി ശ്രീവല്ലഭനോട്  പറയുക" എന്ന്  ക്ഷേത്ര നടയിലേക്കു കൈ കാട്ടുകയാണ് ചെയ്തത്.                        


   
 
                                         
                                         
                                          

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഗുരുസ്മരണാദിനവും കഥകളിയും

                               (ശ്രീ.കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍)
കഥകളിയിലെ ഭീഷ്മാചാര്യൻ ആയിരുന്ന ഗുരു: ശ്രീ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആശാന്റെ  അനുസ്മരണാ ദിനം കലാസാഗർ, കവളപ്പാറ എന്ന സംഘടനയുടെ ചുമതലയില്‍ 14th October 2010-നു ചെന്നൈ, ബസന്ത്  നഗറിലുള്ള No.1, Elliots Beach Road - ൽ നടന്നു.  സംഗീത ചക്രവര്‍ത്തി. ശ്രീ. എം. എസ്. വിശ്വനാഥന്‍, ശ്രീ. എന്‍. രമണി (Flute), ശ്രീ.ടി. വി. ഗോപാലകൃഷ്ണന്‍ (Mridangam Artiste and a Multifaceted Musical Legend), ശ്രീ. വി. പി. ധനഞ്ജയന്‍ (Kalakshethra, Chennai‍), ശ്രീ. രാജേന്ദ്ര ബാബു (Head of the Malayalam Department, Chennai University.) എന്നിവരെ കലാസാഗര്‍ ആദരിച്ചു.  പ്രസിദ്ധ കുച്ചുപുടി ഡാന്‍സര്‍ ശ്രീ.വേദാന്തം രാമചന്ദ്ര വരപ്രസാദ്‌ അവര്‍കള്‍ക്ക് കലാസാഗർ അവാര്‍ഡ്  നല്‍കി ബഹുമാനിച്ചു .

                   
                             ആദരണീയരോടൊപ്പം ശ്രീ. രാജന്‍ പൊതുവാള്‍ (വലതു വശം)  

ശ്രീ. വി. പി. ധനഞ്ജയൻ അവര്‍കൾ പൊതുവാൾ ആശാനെ അനുസ്മരിക്കുന്ന വേളയിൽ, ശ്രീ  കലാമണ്ഡലം കൃഷ്ണന്‍നായർ ആശാനോടൊപ്പം തൃപ്പൂണിത്തുറയില്‍  ഒരിക്കൽ ഒരു കളിക്ക് കൂടിയപ്പോള്‍  സൗഗന്ധികത്തിൽ തന്റെ  ശൗര്യ ഗുണത്തിന് ശ്രീ. പൊതുവാള്‍ ആശാന്‍ ചെണ്ട കൊട്ടിയതും, കളി കഴിഞ്ഞപ്പോൾ തന്റെ അരങ്ങു പ്രവര്‍ത്തികളെ പൊതുവാള്‍ ആശാൻ അഭിനന്ദിച്ചതും ഓർത്ത് നന്ദിയോടെ സ്മരണ പുതുക്കി.  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ ആശാനും ശ്രീ. കലാമണ്ഡലം കൃഷ്ണന്‍നായര്‍ ആശാനും, ബാലി സുഗ്രീവന്മാരായി ഒരു അരങ്ങിൽ എത്തിക്കണ്ട അനുഭവവും ശ്രീ. ധനഞ്ജയൻ സ്മരിക്കുക ഉണ്ടായി. കലാസാഗർ സംഘടനയുടെ സെക്രട്ടറി  ശ്രീ. രാജന്‍പൊതുവാള്‍ അവര്‍കള്‍ നന്ദി പ്രകാശിപ്പിച്ചു.
                 

               (ഇടതു നിന്നും: ശ്രീ.ടി. വി. ഗോപാലകൃഷ്ണന്‍, ശ്രീ.വി.പി. ധനഞ്ജയന്‍, 
                ശ്രീ.എം. എസ്. വിശ്വനാഥന്‍ ,ശ്രീ. രാജേന്ദ്ര ബാബു , ശ്രീ. എന്‍. രമണി)

തുടർന്ന്, ശ്രീ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ആശാന്റെ മകനും പ്രസിദ്ധ കഥകളി ചെണ്ട വിദഗ്ദനുമായ ശ്രീ. കലാമണ്ഡലം വിജയകൃഷ്ണന്‍ രൂപം നല്‍കി  ശ്രീ.എന്‍.കെ.
ദേശം അവര്‍കള്‍ ശ്ലോകങ്ങളും പദങ്ങളും എഴുതി ചേര്‍ത്ത  കഥകളി "ദശമുഖരാവണന്‍" അവതരിപ്പിക്കുക ഉണ്ടായി.
                  
                                                     രാവണന്‍: ശ്രീ. സദനം ബാലകൃഷ്ണന്‍
 സദനം അനീഷ്‌ (മദ്ദളം), ശ്രീ. കലാമണ്ഡലം വിജയകൃഷ്ണനും ശിഷ്യനും (ചെണ്ട ), സദനം ശിവദാസന്‍ (സംഗീതം)

ശ്രീ. സദനം ബാലകൃഷ്ണന്‍  ആശാന്‍ രാവണനായി രംഗത്തെത്തി മിഴിവുറ്റ പ്രകടനം കാഴ്ചവെച്ചു. ശ്രീ. സദനം ശിവദാസനും സംഘവും സംഗീതവും, ശ്രീ. കലാമണ്ഡലം വിജയ കൃഷ്ണന്‍ ചെണ്ടയും ശ്രീ. സദനം അനീഷ്‌  മദ്ദളവും   ശ്രീ. കലാമണ്ഡലം ശിവരാമന്‍ ചുട്ടിയും ശ്രീ. കലാമണ്ഡലം കുട്ടന്റെ നേതൃത്വത്തിലുള്ള അണിയറയും കലാക്ഷേത്രയുടെ (ചെന്നൈ) അണിയറ കോപ്പുകളും കളിയുടെ വിജയത്തിന് മാറ്റു കൂട്ടി.
  

‘ദശമുഖരാവണൻ‘ കഥയുടെ ആവിഷ്കാരം തുടക്കത്തിൽ, ‘രാവണോത്ഭവം‘ കഥകളിയുടെ അവതരണത്തിന്റെ രീതിയിലാണ്.  രാമ - രാവണയുദ്ധമാണ് കഥയുടെ കാലഘട്ടം. യമൻ തന്റെ വാഹനത്തിൽ ‘യമ-പാശവുമായി’ തന്നെ സമീപിക്കുന്നതായി  രാവണന്‍ നിദ്രയില്‍ കണ്ടു ഞെട്ടി ഉണരുന്നു. അതാണു ഈ കഥയുടെ  സന്ദര്‍ഭം.
                  

                         രാവണന്‍:ശ്രീ. സദനം ബാലകൃഷ്ണന്‍

രാവണന്റെ തിരക്കിനോട്ടം. തിരക്കി നോട്ടം കഴിഞ്ഞാൽ രാവണന്റെ ശയനഗൃഹം ആണ് രംഗം. ചപ്രമഞ്ചത്തിൽ ശയിക്കുന്ന രാവണൻ ഉറക്കത്തില്‍ ഞെട്ടി ഉണരുന്നു. “ഒരു കരച്ചില്‍ ശബ്ദം കേട്ടു. അതിന്റെ കാരണം എന്താണ്?  എന്റെ അമ്മയുടെ കരച്ചില്‍ ആണോ? അല്ല. എന്റെ അമ്മ ഒരിക്കലും എന്നേ ഓര്‍ത്തു കരയുകയില്ല. കാരണം....... പണ്ട് ഞാന്‍ അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങുമ്പോള്‍, അമ്മയുടെ കണ്ണില്‍ നിന്നും ചുടു കണ്ണീര്‍ എന്റെ ശരീരത്തില്‍ പതിച്ചു. അമ്മയുടെ ദുഃഖ കാരണം  ഞാന്‍ തിരക്കി. ലങ്കാധിപനായ വൈശ്രവണന്‍ പുഷ്പക വിമാനത്തില്‍ യാത്ര ചെയ്യുന്നത് അമ്മ കണ്ടു. വിശ്രവസ്സിന്റെ പുത്രന്മാരായ എന്റെയും വൈശ്രവണന്റെയും   അവസ്ഥാ ഭേദങ്ങളെ പറ്റി ചിന്തിച്ചാണ്  അമ്മ കണ്ണീര്‍ വിട്ടതെന്ന് ഞാന്‍ മനസ്സിലാക്കി. അമ്മയെ ഞാന്‍ സമാധാനപ്പെടുത്തി.  ബ്രഹ്മാവിനെ  ത്രിലോക വിജയത്തിനായി തപസ്സു ചെയ്തു വരങ്ങള്‍ വാങ്ങി വൈശ്രവണനെ ജയിച്ച് ഞാൻ ലങ്കാധിപന്‍ ആകും എന്ന്  അമ്മയുടെ മുന്‍പിൽ പ്രതിജ്ഞ ചെയ്തു.
 
പഞ്ചാഗ്നി നടുവില്‍ ഞാന്‍ തപസ്സു തുടങ്ങിയപ്പോള്‍ ദേവന്മാര്‍ എന്നെ നിന്ദിച്ചു. ഞാൻ അല്പം പോലും എന്റെ ദൃഡ സങ്കല്പത്തിൽ നിന്നും വ്യതിചലിക്കാതെ കഠിന തപസ്സു  തുടർന്നു. പക്ഷേ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല. പൂർവാധികം ധൈര്യത്തോടെ ഞാന്‍ എന്റെ  തലകള്‍ ഓരോന്നായി അറുത്ത് അഗ്നിയില്‍ഹോമിച്ചു കഠിന തപസ്സു  തുടർന്നു. ഞാൻ പത്താമത്തെ തല അറുക്കാന്‍ തുനിഞ്ഞപ്പോഴേക്കും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. “ത്രിലോകത്തെ ജയിക്കാനുള്ള വരം“ ഇതാ വാങ്ങിച്ചു കൊള്ളു, ഇതാ വാങ്ങിച്ചു കൊള്ളു“ എന്ന് ബ്രഹ്മാവ് എനിക്കു് നല്‍കി.  ഞാന്‍അറുത്തു ഹോമിച്ച തലകള്‍ ഓരോന്നായി   വീണ്ടും പഴയതു പോലെ മുളച്ചു. ബ്രഹ്മാവിന്റെ ആ വരങ്ങള്‍ കൊണ്ട്  ഞാന്‍ തൃപ്തനായില്ല. ഞാൻ ബ്രഹ്മാവിനോട് മരണം ഇല്ലാത്ത വരം ചോദിച്ചു. അപ്പോൾ ബ്രഹ്മാവ്‌ “ജനിച്ചാൽ മരിച്ചേ തീരൂ“ എന്ന് അറിയിച്ചു. എന്നാൽ ഏറ്റവും നിസ്സാരനായ ജീവി ആയ മനുഷ്യനാൽ അല്ലാതെ മറ്റു ആരാലും മരണം സംഭവിക്കാന്‍ പാടില്ല എന്ന വരം ഞാൻ ചോദിച്ചു വാങ്ങി. ബ്രഹ്മാവ് വരം നൽകി അപ്പ്രത്യക്ഷന്‍ ആയി. (വീരരസം).

ഞാൻ വരബലം കൊണ്ട് അഷ്ടദിക്കുകളും മൂന്നു ലോകവും ജയിച്ചു. പിന്നെ, വൈശ്രവണനെ പോരിനു വിളിച്ചു. വൈശ്രവണന്‍ ഭയന്ന് തോല്‍വി സമ്മതിച്ച് പുഷ്പകവിമാനം എന്റെ കാല്‍ക്കല്‍ വെച്ചു
തൊഴുതു. ഇനി എന്റെ മുന്‍പില്‍ ഒരിക്കലും  കണ്ടേക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കി ഞാൻ വൈശ്രവണനെ ലങ്കയിൽ നിന്നും ഓടിച്ചു വിട്ടു. വിജശ്രീലാളിതനായി പുഷ്പക വിമാനത്തില്‍  ഞാൻ അമ്മയുടെ സമീപം എത്തി. പുഷ്പകവിമാനം അമ്മയുടെ കാല്‍ക്കല്‍  വെച്ചു വന്ദിച്ചു. അമ്മയുടെ ആനന്ദ ബാഷ്പം കണ്ട് സന്തുഷ്ടനായി. ഞാന്‍ ലങ്കാധിപനായി സിംഹാസനത്തില്‍ അമര്‍ന്നു.

പണ്ട് ദേവന്മാരും അസുരന്മാരും  ചേര്‍ന്ന് പാലാഴി കടഞ്ഞു അമൃത് എടുത്തു. അമൃത്  ആ കള്ളന്‍, ഇന്ദ്രന്‍ കൊണ്ടുപോയി
. ആ സഹസ്ര നയനനെ ഞാന്‍ ബന്ധിച്ച് ലങ്കയിലെ കൊടിമരത്തിന്റെ  ചുവട്ടിൽ കെട്ടിയിട്ടു. ദേവസ്ത്രീകളെ എല്ലാം ലങ്കയിലേക്കു കൊണ്ടുവന്നു. ഇനി എനിയ്ക്ക് ശതൃക്കളായി ഒരു പുഴു പോലും ഇല്ല. പണ്ട് ദേവാസുര യുദ്ധത്തിൽ തോറ്റ് പാതാളത്തിൽ പലായനം ചെയ്തു് അവിടെ കഴിഞ്ഞിരുന്ന എല്ലാ അസുരന്മാരെയും ലങ്കയില്‍കൂട്ടി വന്നു സൌധങ്ങള്‍ നിര്‍മ്മിച്ച്‌ ‌അവരെ അവിടെ പാര്‍പ്പിച്ചു.

തുടർന്ന് നവരസങ്ങളിൽ ശ്രുഗാരം........... “ചിലങ്കയുടെ ശബ്ദം കേട്ടു. ശ്രദ്ധിച്ചു.  ദേവസ്ത്രീകള്‍! അവരുമായി സല്ലാപം (ശ്രുഗാരം). “ആ സഹസ്രലിംഗനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഞാൻ അല്ലേ കേമൻ!

അടുത്തതായി അപമാനം..........വീരപരാക്രമിയായ കാര്‍ത്തവീരാര്‍ജുനനെ പരാജയപ്പെടുത്തുവാൻ രാവണൻ പടയോട്ടം നടത്തുന്നു. സമയം സന്ധ്യാകാലം ആയി വരികയാൽ ശിവലിംഗം ഉണ്ടാക്കി രാവണൻ നർമ്മദാ നദിക്കരയില്‍ പൂജ
ചെയ്യുവാൻ തുടങ്ങുന്നു. ആ സമയം കാര്‍ത്തവീരാര്‍ജുനന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് നര്‍മ്മദാ നദിയിലെ ജലത്തെ തടഞ്ഞു നിര്‍ത്തി അതില്‍ ഭാര്യമാരോടൊപ്പം ജലക്രീടകള്‍ ചെയ്യുകയും നദിക്കരയില്‍ പൂജ ചെയ്തു കൊണ്ടിരിക്കുന്ന ഞാന്‍ ജലം  ഉയര്‍ന്നതിനാല്‍ പൂജാ വസ്തുക്കളുമായി വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തുടര്‍ന്ന് കാര്‍ത്തവീരാര്‍ജുനന്‍ തന്നോട് യുദ്ധം ചെയ്തു തന്നെ ബന്ധനസ്ഥനാക്കി. പിന്നീട് പുലസ്ത്യന്റെ അഭ്യര്‍ത്ഥന പ്രകാരം തന്നെ വിട്ടയച്ചു (അപമാനം, ലജ്ജ).

തുടർന്ന് നവരസങ്ങളിലെ ബീഭല്‍സം. (സഹോദരിയായ ശൂര്പ്പണഖയെ കാണുന്നു.) ഛീ...... നീ എന്റെ മുന്‍പില്‍ വരാതേ (ബീഭല്‍സം)!  ഇവളുടെ കര്‍ണ്ണ, നാസികാ കുചങ്ങൾ ഛേദിച്ച രാമ-ലക്ഷ്മണന്മാരെ നിഗ്രഹിക്കാന്‍ സാ
ധിക്കുന്നില്ലല്ലോ ?

അടുത്തതു്..........വിഭീഷണൻ, ചതിയന്‍! എന്നെ ഉപേക്ഷിച്ചു എന്റെ ശത്രുവായ രാമപക്ഷത്തില്‍ ചേ
ര്‍ന്നിരിക്കുന്നു, പിന്നെ  കുംഭകര്‍ണ്ണന്‍, കഷ്ടം. വര്‍ഷത്തില്‍  പാതിക്കാലം ഉറക്കം പാതിക്കാലം ഉണര്ച്ചയുമായ ജീവിതം..........

രാവണൻ വീണ്ടും ശയിക്കുമ്പോൾ വീണ്ടും ദുസ്സ്വപ്നം. അതാ.....തന്റെ നേരെ വരുന്നു അനേകം അസ്ത്രങ്ങള്‍! യമന്‍ പോ
ത്തിന്റെ പുറത്തു കയറി യമപാശവും ദ്ണ്ഡുമായി തന്റെ നേരെ വരുന്നു (ഭയാനകം).

(എല്ലാ ജീവജാലങ്ങളിലും ആത്മ ചൈതന്യമായി വിളങ്ങും ശ്രീപരമേശ്വരനെ ചിന്തിക്കുന്നു.) ഇന്ദ്രനെ യുദ്ധത്തില്‍ ജയിച്ച
എന്റെ മകന്‍ ഇന്ദ്രജിത്തിന്റെ മരണം! (ശോകം). തനിക്കു ശേഷം രാജ്യാധികാരം ചെയ്യേണ്ട തന്റെ പുത്രൻ! തന്റെ ബന്ധുമിത്രാദികളുടെ മരണത്താൽ ജനങ്ങളുടെയും സ്ത്രീകളുടെയും കണ്ണുനീര്‍ കൊണ്ട് ഭൂമി നനഞ്ഞിരിക്കുന്നു.
(തുടർന്ന് ......... മഹര്‍ഷിമാരെ കൊന്നു ചോരപ്പുഴ ഒഴുക്കിയതും പതിവൃതകളായ ധാരാളം സ്ത്രീകളെ മാനഭംഗം ചെയ്തതും ഓർത്ത് പശ്ചാത്താപം..............)

ശേഷം........... താൻ ഒരിക്കൽ പാലാഴിയിൽ മഹാവിഷ്ണുവിനെ ദർശ്ശിക്കാൻ ചെന്നതും,  മഹാവിഷ്ണു രാവണന് പൂർവജന്മസ്മരണ ഉണർത്തുന്നതും തുടർന്ന് എത്രയും വേഗത്തിൽ തന്റെ ജന്മശാപത്തിൽ നിന്നും മുക്തനായി വൈകുണ്ഡത്തിൽ തിരിച്ച് എത്തുക തന്നെ എന്ന് രാവണൻ നിശ്ചയച്ച് ഉറയ്ക്കുന്നു
.

തുടർന്ന് ശ്രീരാമൻ നിസ്സാരനല്ല, മഹാവിഷ്ണുവിന്റെ അവതാരം തന്നെ എന്ന് മനസ്സിലാക്കുന്നു. ഇനി അമാന്തിക്കാതെ രാമനെ നേരിടുക തന്നെ എന്ന് ഉറച്ച്  ‘പടപുറപ്പാടോടെ’ യുദ്ധത്തിനു തിരിക്കുന്നു.

(ശ്രീരാമനെ പോരിനു വിളിച്ചു
കൊണ്ട് കഥ അവസാനിക്കുന്നു.)

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

തമ്പുരാന്‍ സ്മരണകള്‍ -4


1970- ല്‍  ഉദ്യോഗമണ്ഡല്‍ (ഫാക്റ്റ്) കഥകളി സംഘത്തോടൊപ്പം ലണ്ടന്‍, ജെര്‍മ്മനി, ആസ്ടെര്‍ഡാം  തുടങ്ങിയ വിദേശരാജ്യ പര്യടനത്തിലും എണ്‍പത്തി നാലില്‍ സിങ്കപ്പൂരിലും മലേഷ്യാവിലും നടന്ന അന്താരാഷ്ട്ര ടൂറിസം മേളയില്‍ പങ്കെടുക്കാന്‍  ശ്രീ. മടവൂര്‍ ഭാസിയുടെ    നേത്രുത്വത്തില്‍  പോയ കഥകളി ട്രൂപ്പിലും തമ്പുരാന്‍ ഉണ്ടായിരുന്നു.  ഉദ്യോഗമണ്ഡല്‍ കഥകളി സംഘത്തിന്റെ ടൂറില്‍ മഹാഭാരതം കഥയാണ് അവതരിപ്പിച്ചത്.  കൃഷ്ണന്‍ നായര്‍ ആശാന്റെ കീചകനും  ഫാക്റ്റ് പത്മനാഭന്റെ സൈരന്ധ്രിയും   തമ്പുരാന്റെ  വലലനും ആയിരുന്നു വേഷങ്ങള്‍. 

                              Hanuman: Sri. Panthalam Keralavarma

ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ കഥകളി കഴിഞ്ഞു എത്തിയപ്പോള്‍ അന്നുവരെ ഫോണ്‍ ഉപയോഗിച്ച് അധികം ശീലം ഇല്ലാത്ത പല   കഥകളി കലാകാരന്മാര്‍ക്കും  ഹോട്ടല്‍ മുറികളിലെ  ഇന്റര്‍കം (ഫോണ്‍) ആയിരുന്നു പ്രധാന വിനോദ വസ്തുവായത്.  തമ്പുരാന്റെയും ചെന്നിത്തല ആശാന്റെയും  മുറികളില്‍ നിന്നും ഫോണ്‍ കാള്‍ അധികവും ചെന്നെത്തുന്നത് ഓയൂര്‍ ഗോവിന്ദപിള്ള ആശാന്റെ മുറിയിലെ ഫോണിലേക്കാണ്. ഓയൂര്‍ ആശാനും ഈ ഫോണ്‍ കളിക്ക് പിന്നില്‍ ഇവര്‍ രണ്ടു പേര്‍ തന്നെയാവും എന്ന് അറിയാം. വിരല്‍ കൊണ്ട് കറക്കി ഡയല്‍ ചെയ്യുന്ന ഫോണില്‍ ഒരു നമ്പര്‍ തെറ്റി പല തവണ  കൃഷ്ണന്‍ നായര്‍ ആശാന്റെ റൂമിലേക്ക്‌ ഫോണ്‍ കാള്‍ ചെന്നെത്തിയിട്ടുണ്ട്. അടിക്കടി "ഓയൂര്‍" എന്ന ശബ്ദം കേട്ടതിനാല്‍  കഥകളി സംഘത്തില്‍ ഉള്ളവരില്‍ ചിലര്‍  തന്നെ രാത്രിയില്‍ ഫോണില്‍ കൂടി ശല്ല്യം ചെയ്തു വെന്ന് കൃഷ്ണന്‍ നായര്‍ ആശാന്‍ പരാതിപ്പെടുകയും ഉണ്ടായി.

കലാമണ്ഡലത്തില്‍  ശ്രീ.പത്മനാഭന്‍ നായര്‍ ആശാന്‍ മുന്‍കയ്യെടുത്തു രൂപം നല്‍കിയ  മൈനര്‍ സെറ്റ് കഥകളി സംഘത്തില്‍ ശ്രീ. ഗോപി ആശാന്‍, കെ.ജി. വാസുദേവന്‍ മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍, കരുണാകരന്‍ ആശാന്‍, അമ്പലപ്പുഴ ശേഖര്‍, എം.പി.എസ്. നമ്പൂതിരി തുടങ്ങിയ കലാകാരന്മാരോടൊപ്പം    തമ്പുരാന്‍ ധാരാളം  വേഷങ്ങള്‍  കെട്ടിപ്പഴകുകയും  കലാമണ്ഡലം വിട്ട ശേഷം മാങ്കുളം തിരുമേനിയുടെ സമസ്ത കേരള കഥകളി സംഘത്തിലെ എല്ലാ പരിപാടികള്‍ക്കും  പങ്കെടുത്ത് കാലക്രമേണ കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. സഹ കലാകാരന്മാരുടെ പ്രധാന വേഷങ്ങള്‍ സൗകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധിച്ചു കാണുകയും വിമര്‍ശിക്കാന്‍ പറ്റിയ എന്തെങ്കിലും ഉണ്ടായാല്‍ അതെ പറ്റി അവരോടു തന്നെ നേരിട്ട് സംസാരിക്കുകയും, തന്റെ വേഷങ്ങളെ അവര്‍ വിമര്‍ശിച്ചാല്‍ അതെ ഉള്‍ക്കൊള്ളാനും ഉണ്ടായിരുന്ന തമ്പുരാന്റെ മനസ്സ് പ്രശംസാവഹമാണ്. 

              തമ്പുരാന്റെ ബകവധത്തില്‍ ആശാരി

ഒരിക്കല്‍ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ക്ഷേത്രത്തില്‍ കച-ദേവയാനിയും കീചകവധവും കഥകളി അവതരിപ്പിക്കുക ഉണ്ടായി. കചന്‍ കഴിഞ്ഞു ചെന്നിത്തല ആശാന്‍ തമ്പുരാന്റെ കീചകന്‍ കാണാന്‍ അരങ്ങിനു മുന്‍പില്‍ എത്തി. കളി കഴിഞ്ഞു ഒന്നിച്ചു മടങ്ങുമ്പോള്‍ ചെന്നിത്തല ആശാന്‍ തമ്പുരാന്റെ കീചകനെ സ്വാതന്ത്ര്യത്തോടെ വിമര്‍ശിച്ചു. കര്‍ണ്ണശപഥം കഥയുടെ രചയിതാവായ ശ്രീ.മാലി മാധവന്‍ നായര്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ ഏറണാകുളം കഥകളി ക്ലബ്ബില്‍ അക്കാലത്തു കര്‍ണ്ണശപഥം  അവതരിപ്പിക്കുക ഉണ്ടായി. അന്ന് ശ്രീ. മാങ്കുളം തിരുമേനിയുടെ കര്‍ണ്ണനും കുടമാളൂരിന്റെ കുന്തിയും  ചെന്നിത്തല ആശാന്റെ ദുര്യോധനനും ആയിരുന്നു. കളി കാണാന്‍ ശ്രീ. കരുണാകരന്‍ ആശാനെയും കൂട്ടി തമ്പുരാന്‍ എത്തിയിരുന്നു. കളി തുടങ്ങുന്നതിനു മുന്‍പ് അണിയറയില്‍ എത്തി ചെന്നിത്തല ആശാന്റെ കാതില്‍ തന്റെ ദുര്യോധനനെ കീറി മുറിച്ചു പരിശോധന ‌ ചെയ്യാന്‍ ആണ്  ഞാന്‍ എത്തിയിരിക്കുന്നത് എന്ന് ഫലിത രസത്തില്‍  പറഞ്ഞിട്ടാണ് തമ്പുരാന്‍ അരങ്ങിനു മുന്‍പില്‍ ഇരുന്നത്.

                                  ശുക്രനും  കചനും (തമ്പുരാനും ചെന്നിത്തല ആശാനും )


ശ്രീ. കലാമണ്ഡലം  കരുണാകരന്‍ ആശാനും തമ്പുരാനും തമ്മിലും വളരെ നല്ല ആത്മബന്ധം ഉണ്ടായിരുന്നു.  കരുണാകരന്‍ ആശാനു ദേക്ഷ്യം വന്നാല്‍ "സാധു മിരണ്ടാല്‍" എന്ന സ്ഥിതി തന്നെ ആവും. അപ്പോള്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ തമ്പുരാന്‍  പ്രയോഗിക്കുന്ന പൊടിക്കൈകള്‍  രസകരമായിരുന്നു.
 കരുണാകരന്‍ ആശാന്റെ ദേക്ഷ്യം കണ്ടിട്ടുള്ള ഒരു അനുഭവം ഇവിടെ കുറിക്കുന്നതില്‍ തെറ്റില്ല എന്നും കരുതുന്നു. അദ്ദേഹം ഒരിക്കല്‍ തിരുവല്ല ക്ഷേത്രത്തില്‍ ഒരു കഥകളി വഴിപാട്‌ നടത്തിയിരുന്നു. ഫാക്റ്റ് കഥകളി സംഘത്തിലെ കലാകാരന്മാരെ കൂടാതെ ശ്രീ. കലാനിലയം രാഘവന്‍ ആശാനെയും ശ്രീ.  മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയേയും ശ്രീ.  തലവടി അരവിന്ദനെയും  ശ്രീ. തിരുവല്ല  ഗോപികുട്ടന്‍  നായരെയും കളിക്ക് ക്ഷണിച്ചിരുന്നു. കുചേലവൃത്തവും, നളചരിതം ഒന്നും, കീചകവധവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍. കുചേലവൃത്തത്തില്‍  കുചേലനായി ശ്രീ. രാഘവന്‍ ആശാനും കൃഷ്ണന്‍ ആയി ശ്രീ. കരുണാകരന്‍ ആശാന്റെ മകള്‍ രഞ്ജനിയും നളചരിതത്തിലെ ഹംസമായി ശ്രീ. കരുണാകരന്‍ ആശാനും ദമയന്തിയായി ശ്രീ. രാഘവന്‍ ആശാന്റെ മകള്‍ ജയന്തിയും  ആയിരുന്നു വേഷമിട്ടത്. 

ഹംസവും ദമയന്തിയും അരങ്ങത്തു നില്‍ക്കുമ്പോള്‍ രംഗത്തു പാടിക്കൊണ്ടിരുന്ന ഗായകരോട് ചില സംഗീത ഭ്രാന്തന്മാര്‍ മര്യാദ ഇല്ലാതെ പെരുമാറി. അവര്‍ രംഗത്ത് നിന്നും മാറി ഹൈദരാലി പാടണം എന്നായിരുന്നു അവരുടെ ആവശ്യം. കഥകളിയുമായി ബന്ധപ്പെട്ട ഒരുവന്‍ കൂടി ആ സംഘത്തില്‍ ഉണ്ടായതു ആശാന്‍ മനസിലാക്കി. രംഗത്ത് വേഷത്തോട് നിക്കുമ്പോള്‍ പ്രതികരിക്കാന്‍  ആശാന് സാധിക്കില്ലല്ലോ, അണിയറയില്‍ എത്തിയപ്പോള്‍ ആശാന്റെ മട്ടും ഭാവവും മാറി. ഒരു വ്യക്തി നടത്തുന്ന വഴിപാട്ടു കളിക്ക് ആര് പാടണം എന്ന് തീരുമാനിക്കാന്‍ പബ്ലിക്കിന് അധികാരം ഇല്ലല്ലോ?
ഒരു പ്രത്യേക രംഗത്തിലെ ഹൈദരാലിയുടെ പാട്ട് കേള്‍ക്കണമെങ്കില്‍ അത് കഥകളി വഴിപാടു നടത്തുന്നവരോടോ അല്ലെങ്കില്‍ ഹൈദരാലിയോടോ നേരിട്ട്  ആഗ്രഹം പ്രകടിപ്പിക്കുന്നതിന് പകരം രംഗത്ത് നില്‍ക്കുന്ന കലാകാരനെ അപമാനിക്കുന്നത് മാന്യതയാണോ എന്ന ചോദ്യവുമായി  കോപത്താല്‍ വിറച്ചു കൊണ്ട് നിന്ന ആശാന്റെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല.

പിന്നീട് ഒരിക്കല്‍  എവൂരില്‍ കഥകളി അഭ്യസിച്ച ഒരു ബാലന് കഥകളിയിലെ വേഷങ്ങള്‍ എല്ലാം കെട്ടിപ്പഴകാന്‍ ഒരു കഥകളിയോഗം സ്വന്തമായി ഉണ്ടായാല്‍ പ്രയോജനപ്പെടും എന്ന ഉദ്ദേത്തോടെ ആ കുട്ടിയുടെ പിതാവ് ഒരു കളിയോഗം വിലക്ക് വാങ്ങി പുതുപ്പിച്ച് അതിന്റെ ഉത്ഘാടനവും ശ്രീരാമപട്ടാഭിഷേകം  കഥകളിയും  ഏവൂര്‍  ക്ഷേത്രത്തില്‍ നടന്നു. കളിയോഗത്തിന്റെ ഉത്ഘാടനത്തിനു ക്ഷണിച്ചു കൊണ്ട് ഒരുവിധം അറിവുള്ള എല്ലാ കലാകാരന്മാര്‍ക്കും കത്തും അയച്ചിരുന്നു. കത്ത് ലഭിച്ച പല കലാകാരന്മാരും തനിക്കും ഒരു വേഷം ഉണ്ടാകും എന്ന ധാരണയില്‍ കളിസ്ഥലത്ത് എത്തിചേരുകയും ചെയ്തു. അക്കൂട്ടത്തില്‍ ആശാനും തമ്പുരാനും ഉണ്ടായിരുന്നു. യാത്രാ മദ്ധ്യേ കരുണാകരന്‍ ആശാന്‍  ഹരിപ്പാട്ടു ബസ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ എവൂരില്‍ കളിക്ക് പോകാന്‍ നില്‍ക്കുന്ന ഹരിപ്പാട്ടു ആശാനെ കണ്ടു മുട്ടി.  ഇരുവരും ആ സംഗമം ശരിക്കൊന്നു  ആഘോഷിച്ചാണ് എവൂരില്‍ എത്തിയത്. അണിയറയില്‍ എത്തി വേഷങ്ങളുടെ ലിസ്റ്റില്‍ തന്റെ  പേര് ഇല്ലെന്നു കണ്ടപ്പോള്‍ കരുണാകരന്‍ ആശാന്റെ മട്ടു മാറി. തന്നെ ക്ഷണിച്ചു വരുത്തി അപമാനിച്ചു എന്നാരോപിച്ച്   ആശാന്‍  പ്രകോപിതനായി.

ആശാന് ഭരതന്റെ  വേഷം നല്‍കാനുള്ള ചില യുവ കലാകാരന്മാരുടെ അതീവ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ആശാനെ ചില്ലറ ഫലിത പ്രയോഗത്തിലൂടെ  തമ്പുരാന്‍ സമാധാനിപ്പിച്ച്‌,  (തമ്പുരാനെയും കരുണാകരന്‍ ആശാനെയും  പോലെ അവിടെ എത്തിച്ചേര്‍ന്ന കലാകാരന്മാര്‍ എല്ലാവരും കൂടി)   ഒരു കിലോമീറ്ററില്‍ അധികം ദൂരമുള്ള ഏവൂര്‍ ബസ് സ്റ്റോപ്പില്‍ കൂട്ടിപ്പോയി, രാത്രി വണ്ടികള്‍ ഒന്നും അവിടെ നിര്‍ത്താതെ വന്നപ്പോള്‍ ഒരു ടി. വി. എസ്സിന്റെ വാന്‍ തടഞ്ഞു നിര്‍ത്തി ആശാനെ അതില്‍ കയറ്റി എറണാകുളത്തിന് യാത്രയാക്കിയ സംഭവം വിസ്മരിക്കാന്‍ ആവുന്നില്ല.


തമ്പുരാന്റെ നരസിംഹം
തമ്പുരാന്റെ പ്രഹളാദചരിതത്തില്‍ നരസിംഹം അധികം ഉണ്ടായി കണ്ടിട്ടുണ്ട്. പണ്ടൊക്കെ സദസ്സിനു ഇടയില്‍ നരസിംഹവേഷം ഇരുത്തി വേഷത്തെ വലിയ തഴപ്പായ് കൊണ്ട്  തൂണ്‍ പോലെ  കവര്‍ ചെയ്യും. തൂണ്‍ എന്ന സങ്കല്‍പ്പത്തില്‍ ഹിരണ്യന്‍ എത്തി വാള്‍ കൊണ്ട് വെട്ടുമ്പോള്‍ പായ് അകറ്റി വേഷം വെളിയില്‍ എത്തി (വേഷത്തിനു മുന്‍പില്‍ പന്തവും, തൂണ്‍ പിളര്‍ക്കുമ്പോള്‍ വെടിയും ഉണ്ടാവും) സിംഹത്തെ പോലെ അടിവെച്ചു അടിവെച്ചു രംഗത്തേക്ക്  പോകും.

ശ്രീ. പന്തളം കേരളവര്‍മ്മ തമ്പുരാന്‍ വാരണാസിമാരും ചെന്നിത്തല ആശാനും   ഒരു കഥകളി സ്ഥലത്തേക്കാണ്‌  യാത്രയെങ്കില്‍ പലപ്പോഴും ഇവര്‍ മാവേലിക്കരയില്‍ എത്തി അവിടെ നിന്നും ഒന്നിച്ചു പോകുക പതിവായിരുന്നു. ഇത് വാരണാസി സഹോദരന്മാരുടെ സൌകര്യത്തെ കൂടി ഉദ്ദേശിച്ചു കൊണ്ടുള്ള രീതി ആയിരുന്നു. ചെണ്ടയും മദ്ദളവുമായി ബസ്സിന്റെ  ഓരോ സീറ്റില്‍ ഇവര്‍ ഇരുന്നാല്‍ സഹയാത്രികന് ബുദ്ധിമുട്ടുണ്ടാകും. ആ ബുദ്ധിമുട്ട് സ്വയം ഏറ്റെടുക്കാന്‍ തമ്പുരാനും ചെന്നിത്തല ആശാനും സന്നദ്ധത കാട്ടിയിരുന്നു. ഈ യാത്രാ പദ്ധതി തയ്യാറാക്കി കാര്‍ഡ് മൂലം യാത്രാ സമയം അറിയിക്കുക തമ്പുരാനാവും.  ഒരു ശ്ലോകമോ പദമോ ആയിട്ടാവും കാര്‍ഡില്‍ വിവരം അറിയിക്കുക. വാരണാസിക്ക് ആനവാള്‍ (വാരണം = ആന, അസി = വാള്‍) എന്നും മാവേലിക്കരക്കു ചൂതമൂഷികതീരം (ചൂതം= മാവ്‌, മൂഷികം= എലി , തീരം= കര) എന്നത് പോലെയുള്ള  പദപ്രയോഗങ്ങള്‍ ആവും ഉപയോഗിക്കുക.
ഗുരുനാഥന്മാരായ ശ്രീ.മാങ്കുളം വിഷ്ണു നമ്പൂതിരിയെയും ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനെയും മാത്രമല്ല ശ്രീ. ചെങ്ങന്നൂര്‍ ആശാനെയും, ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെയും  ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കഥകളി കലാകാരനും ഒരു നല്ല കഥകളി ആസ്വാദകനും ആയിരുന്നു ശ്രീ. പന്തളം കേരളവര്‍മ്മ. കഥകളിയെ പറ്റി അദ്ദേഹവുമായി ധാരാളം സംസാരിക്കുവാനും,  ഓരോ കലാകാരന്മാരുടെ ഓരോ വേഷങ്ങളുടെ പ്രത്യേകതകളെ പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും മനസിലാക്കുവാന്‍ എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമ്പുരാന്‍ കുറച്ചുകാലം ബാങ്കിലെ ജീവനക്കാരനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. പിന്നീടു ആ ജോലി വേണ്ടെന്നു വെച്ച് കഥകളി ജീവിത മാര്‍ഗ്ഗം ആയി സ്വീകരിക്കുക ആയിരുന്നു.

 കേരള സംഗീത അക്കാദമി പുരസ്‌കാരം, കേരളകലാമണ്ഡലം അംഗീകാരമുദ്ര, ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ പുരസ്‌കാരം, ശ്രീ. കലാമണ്ഡലം കരുണാകരന്‍ സ്മാരക പുരസ്‌കാരം, കൈരളി നാട്യധര്‍മീ പുരസ്‌കാരം, ശ്രീ.കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം, ശ്രീ. പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍ സ്മാരക പുരസ്‌കാരം, പന്തളം കൊട്ടാരം നിര്‍വാഹകസംഘം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീ.മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തില്‍  നടത്തി വന്നിരുന്ന തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവ കഥകളികളുടെ   സമാപന ദിവസം അവതരിപ്പിച്ചു വന്നിരുന്ന ശ്രീരാമപട്ടാഭിഷേകം കളികളില്‍  ഏതാണ്ട് അരനൂറ്റാണ്ടു കാലത്തോളം ഹനുമാന്‍ വേഷമിട്ടു ചിരഞ്ജീവിയായി ജീവിക്കും എന്ന് അനുഗ്രഹം വാങ്ങിയിട്ടുള്ള തമ്പുരാന്റെ വേഷം കണ്ടിട്ടുള്ള കഥകളി ആസ്വാദകരുടെ ഹൃദയത്തില്‍ അദ്ദേഹം ചിരഞ്ജീവിയായി ജീവിക്കും എന്ന വിശ്വാസത്തോടെ തമ്പുരാന്‍ സ്മരണകള്‍ ഇവിടെ പൂര്‍ണ്ണമാകുന്നു.