പേജുകള്‍‌

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

ശ്രീരാമപട്ടാഭിഷേകം കഥകളികളുടെ ഓർമ്മകൾ -2ഒരു കഥകളി സ്ഥാപനത്തിന്റെയോ, സംഘടനകളുടെയോ  ഒരു സഹായവും ഇല്ലാതെ കഥകളിയെ മാത്രം ആശ്രയിച്ചു ജീവിച്ച എന്റെ പിതാവിന്റെ ഒരു കഥകളി രാത്രിയുടെ ചിത്രമാണ് ഞാൻ നിങ്ങളുടെ മുൻപിൽ സമര്പ്പിക്കുന്നത്. ഈ രാത്രിക്കഥ നിങ്ങളുടെ ഹൃദയത്തെ തട്ടി ഉണർത്തിയിട്ടുണ്ടെങ്കിൽ, അത് ഈ ബ്ലോഗ്‌ അഭിപ്രായങ്ങളിൽ എഴുതുവാൻ മടിക്കരുത്.
 

1979 - 1980  കാലഘട്ടങ്ങളിൽ തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ  നടന്നിട്ടുള്ള വഴിപാട് കഥകളികളിൽ ശ്രീരാമപട്ടാഭിഷേകം കളികളുടെ എണ്ണം വളരെ അധികം തന്നെയായിരുന്നു. തുടർച്ചയായി അവതരിപ്പിച്ചിരുന്ന  ശ്രീരാമപട്ടാഭിഷേകം മേജർസെറ്റ്  കളികളിൽ  പങ്കെടുത്തിരുന്നതോ മിക്കവാറും ഒരേ  കലാകാരന്മാർ  തന്നെ. ചിലപ്പോൾ  വേഷങ്ങൾക്ക്  മാറ്റം ഉണ്ടായേക്കാം എന്നതാണ് വ്യത്യാസം.

പുറമേ നിന്ന് ഒരു കലാകാരനെ പോലും പങ്കെടുക്കാതെ,     തിരുവല്ലയിലെ കലാകാരന്മാർ മാത്രം അവതരിപ്പിക്കുന്ന പട്ടാഭിഷേകം മുതൽ തിരുവല്ലയിലെ ഒരു കലാകാരൻ പോലും    ഉൾപ്പെടാത്ത  പട്ടാഭിഷേകം കളികൾ വരെ കാണാൻ അവസരം ഉണ്ടായിട്ടുണ്ട്.   ബ്രാഹ്മണന്മാരായ കലാകാരന്മാരെ മാത്രം ക്ഷണിച്ച്  അവതരിപ്പിച്ച ശ്രീരാമപട്ടാഭിഷേകവും ഓർമ്മയിൽ ഉണ്ട്. ക്ഷേത്രത്തിന്റെ മുൻപിലുള്ള കഥകളി മണ്ഡപത്തിൽ വെച്ച്  കഥകളുടെ പേരെഴുതി നറുക്കിട്ട് സെലക്ട്‌ ചെയ്ത്  കഥ അവതരിപ്പിക്കുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു. ആ രീതിയിൽ  കൂടുതലും  ശ്രീരാമപട്ടാഭിഷേകവും ദുര്യോധനവധവും കഥകളാണ്   സെലക്റ്റ് ആയിട്ടുള്ളത്.


ഈ കാലയളവിൽ ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ രചയിതാവ് ശ്രീ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി  കോട്ടയം, കോടിമത  പള്ളിപ്പുറത്തു കാവിൽ ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം കഥകളി അവതരിപ്പിച്ചു.  കലാമണ്ഡലം, കലാനിലയം തുടങ്ങിയ സ്ഥാപനങ്ങളിൽ കഥകളി അഭ്യസിച്ചു പുറത്തു വന്ന കലാകാരന്മാരുടെ സ്വാധീനം മൂലം പ്രസ്തുത സ്ഥാപനങ്ങളിലെ  കഥകളി കലാകാരന്മാരും അവരുടെ ഗുരുനാഥന്മാരും  അക്കാലത്തു തന്നെ കോട്ടയം പ്രദേശത്ത് സ്വാധീനം ചെലുത്തിയിരുന്നെങ്കിലും     ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരെ  കോട്ടയം നഗരം തീരെ   ഉപേക്ഷിച്ചിരുന്നില്ല.
പള്ളിപ്പുറത്തു കാവിലെ  കളിക്ക് എന്റെ പിതാവു തന്നെ ശ്രീരാമൻ ചെയ്യണം എന്നുള്ള താല്പ്പര്യം ഉണ്ടാകുകയും   അവരുടെ താൽപ്പര്യത്തെ  വളരെ സന്തോഷത്തോടെ എന്റെ പിതാവ് സ്വീകരിക്കുകയും ചെയ്തു.  


                                   ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള

കോട്ടയത്തെ ഈ കളിയേറ്റു ഒരാഴ്ച കഴിഞ്ഞപ്പോഴാണ് തിരുവല്ല ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്റെ   മാനേജരായിരുന്ന  ശ്രീ. തിരുവല്ല ഗോപാലപ്പണിക്കർ ആശാൻ (ഇന്നത്തെ മാനേജർ ശ്രീ.  രാധാകൃഷ്ണൻറെ  അപ്പുപ്പൻ) വീട്ടിൽ എത്തിയത്.  തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ ഇതേദിവസം ഒരു വഴിപാട് കളിയുണ്ടെന്നും അച്ഛൻ കളിക്ക് ഉണ്ടാവണം എന്ന് വഴിപാട്ടുകാരന് താൽപ്പര്യം ഉണ്ടെന്നും അദ്ദേഹം അച്ഛനെ അറിയിച്ചു. കോടിമതയിലെ കളി ഏറ്റവിവരം അച്ഛൻ പണിക്കരാശാനെ അറിയിച്ചു. 
"ഞാൻ  കോടിമതയിലെ കളിയുടെ വിവരങ്ങൾ കൃത്യമായി അറിഞ്ഞു കൊണ്ട് തന്നെയാണ് എത്തിയിരിക്കുന്നത്" എന്നായിരുന്നു അദ്ദേഹത്തിൻറെ     മറുപടി. കോട്ടയത്ത്  വൈകിട്ട്  ആറര മണിക്ക് കളി തുടങ്ങും, പതിനൊന്നു മണിയോടെ കളി തീരും.  കളി കഴിയുമ്പോൾ രാധാകൃഷ്ണൻ കാറുമായി അവിടെ ഉണ്ടാകും. വേഷം തുടയ്ക്കാതെ കാറിൽ തിരുവല്ലായിൽ എത്തുക. രണ്ടാമത്തെ കഥ ദക്ഷയാഗമാണ്. ആദ്യ രംഗം മുതലുള്ള ദക്ഷൻ ശ്രീ. തലവടി ഗോപി ചെയ്യും. "യാഗശാലയിൽ നിന്നു പോക"എന്ന രംഗം   മുതലുള്ള ദക്ഷൻ ചെല്ലപ്പൻ ചെയ്താൽ മതി  എന്ന് പണിക്കരാശാൻ അഭിപ്രായം  പറഞ്ഞപ്പോൾ  അത് സസന്തോഷം അച്ഛൻ സ്വീകരിക്കുകയും ചെയ്തു.

അച്ഛനോടൊപ്പം ഞാനും കോടിമതയിലെ കളികാണാൻ പോയിരുന്നു. ഉച്ചയ്ക്ക് അവിടെയെത്തി. ആറുമണിയോടെ അച്ഛൻ  ശ്രീരാമവേഷം തീർന്നു. ശ്രീ. മങ്കൊമ്പ് ശിവശങ്കര പിള്ള ആശാന്റെ വിഭീഷണൻ, ശ്രീ. കലാനിലയം മോഹനകുമാറിന്റെ ഹനുമാൻ,  ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാന്റെ ഭരതൻ എന്നിങ്ങനെയായിരുന്നു മറ്റു വേഷങ്ങൾ.  കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അനുസ്മരണ ചടങ്ങ് , ക്ഷേത്രത്തിലെ ദീപാരാധന എന്നിവ കൃത്യ സമയത്ത് നടന്നില്ല.  തന്മൂലം കളി തുടങ്ങിയത് രാത്രി എട്ടുമണിക്കാണ്. ആറുമണിക്ക് വേഷം തീർന്ന് രണ്ടു മണിക്കൂർ നേരത്തെ അണിയറയിലെ കാത്തിരിപ്പ്‌ അച്ഛന് വളരെ മുഷിച്ചിലും, ഈ കളി കഴിഞ്ഞ് തിരുവല്ലയിലെ കളിക്ക് പോകണം എന്നുള്ളതുകൊണ്ടുള്ള   ടെൻഷനും അച്ഛനിൽ പ്രകടമായിരുന്നു.

കൃത്യം പത്തുമണിക്ക് തിരുവല്ല രാധാകൃഷ്ണൻ കാറുമായി എത്തിയിരുന്നു.   കളി അവസാനിച്ച ഉടൻ വളരെ വേഗത്തിൽ  അച്ഛൻ  വേഷമഴിച്ചു.  ചുട്ടി തുടയ്ക്കാതെ,  കളിപ്പണവും വാങ്ങി തിരുവല്ലയിലേക്ക് കാറിൽ യാത്ര തിരിച്ചു. അണിയറയുടെ വാതിലിനു സമീപം കാർ എത്തിയപ്പോൾ പണിക്കാരാശാൻ ഓടിയെത്തി. വേഗം വേഷം ഒരുങ്ങണം എന്നും "കണ്ണിണയ്ക്കാനന്ദം' മുതൽ ദക്ഷൻ ചെയ്യണമെന്നും ക്ഷണിക്കപ്പെട്ടിരുന്ന ഒരു നടൻ എത്താതെ വന്നതിനാൽ വേഷത്തിൽ മാറ്റം  ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അച്ഛൻ ഒട്ടും അമാന്തിക്കാതെ വേഷം തീരുന്നതിൽ വ്യാപൃതനായി. 

അപ്പോൾ അരങ്ങിൽ കുചേലവൃത്തം നടക്കുന്നുണ്ടായിരുന്നു. ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയുടെ കൃഷ്ണൻ, ശ്രീ. തിരുവല്ല ശ്രീ. ഗോപിക്കുട്ടൻ നായരുടെ സംഗീതം, ശ്രീ. ആയംകുടി കുട്ടപ്പൻ മാരാരുടെ മേളം എന്നിങ്ങനെ.  ദക്ഷയാഗത്തിൽ ശിവന്റെ വേഷത്തിന് ക്ഷണിച്ചിരുന്ന നടൻ എത്താതിരുന്നതിനാൽ, ആദ്യ ദക്ഷൻ നിശ്ചയിച്ചിരുന്ന ശ്രീ. തലവടി ഗോപിക്ക്  ശിവന്റെ വേഷം നിശ്ചയിക്കേണ്ടി വന്നു. ദക്ഷൻ -വേദവല്ലി രംഗം, സതിയുടെ വിവാഹരംഗം, ദക്ഷന്റെ സദസ്സ്, ദക്ഷൻ- ദധീചി, ദക്ഷൻ- സതി എന്നീ രംഗങ്ങൾ കഴിഞ്ഞ് ദക്ഷന്റെ യാഗശാലയിൽ  വീരഭദ്രൻ, ഭദ്രകാളി, ഭൂതഗണങ്ങളുമായി   പൊരുതിയ ശേഷവും വേഷം അഴിക്കാനാവാതെ   അജമുഖദക്ഷനായും  രംഗത്തെത്തി ശിവസ്തുതിയും കഴിഞ്ഞാണ് അണിയറയിൽ എത്തിയത്. ശരീരത്തിൽ കെട്ടിവെച്ചിരുന്ന വേഷഭൂഷാദികൾ അഴിച്ചിട്ട ശേഷം മുഖത്തെ ചുട്ടിയോടെ   അച്ഛൻ  അഴിച്ചിട്ട ചാക്കുതുണികളിലേക്ക്  വീഴുകയായിരുന്നു. അച്ഛൻ അഴിച്ചു വെച്ച കിരീടത്തിനുള്ളിൽ നിന്നും ഒരു തലേകെട്ടുവാല് എടുത്തു മടക്കി ഞാൻ അച്ഛനെ വീശിക്കൊണ്ടിരുന്നു

 അരങ്ങിൽ അടുത്ത കഥ തുടങ്ങിക്കഴിഞ്ഞു. സന്താനഗോപാലം. പുത്രദുഖത്തിന്റെ കഥ.  തലേ ദിവസം ഉച്ചയ്ക്ക്  വേഷംഒരുങ്ങി , ശ്രീരാമപട്ടാഭിഷേകം കഥയിലെ പ്രധാന വേഷം കഴിഞ്ഞ്, ഒരു ലഘുഭക്ഷണം കഴിച്ചു കൊണ്ട് ദക്ഷയാഗത്തിലെ ദക്ഷനും കെട്ടി അവശനായി കിടക്കുന്ന എന്റെ പിതാവിന്റെ ശരീരത്തിലേക്ക് നോക്കി നില്ക്കുമ്പോഴാണ് സത്യത്തിൽ ഒരു കുടുംബം സംരക്ഷിക്കാൻ വേണ്ടിയുള്ള  ഒരു കഥകളി കലാകാരന്റെ കഷ്ടപ്പാടിന്റെ വില മനസിലാക്കാനായത്.  

സന്താനഗോപാലം കഥ കഴിഞ്ഞ് വേഷക്കാർ അണിയറയിൽ എത്തിയപ്പോൾ അച്ഛൻ എഴുനേറ്റു വേഷം തുടച്ചു. ശ്രീ. ഗോപാലപ്പണിക്കർ ആശാൻ അച്ഛന് അവിടെ നടക്കുന്ന വഴിപാടു കളികള്ക്ക് പതിവായി നല്കുന്നകളിപ്പണം നല്കി. അത് സ്വീകരിച്ചു കൊണ്ട് ആശാനോട് കോട്ടയത്ത് നിന്നും തിരുവല്ലയിൽ എത്താൻ ആശാൻ നല്കിയ കാറുകൂലി എത്രഎന്ന് എന്റെ പിതാവ് ചോദിച്ചു. ആശാൻ പറഞ്ഞ തുകയുടെ പകുതി അദ്ദേഹത്തെ തിരിച്ച് എല്പ്പിച്ച ശേഷമാണ് അച്ഛൻ എന്നെയും കൂട്ടി മടങ്ങിയത്.

അച്ഛന്റെ ബാഗും തോളിലിട്ട്‌ അദ്ദേഹത്തിൻറെ പിന്നാലെ കാവുംഭാഗത്തെത്തി ബസ്സിൽ കയറുന്നത് വരെ എന്റെ ചിന്ത  കഴിഞ്ഞ രാത്രിയിലെ   അച്ഛന്റെ അരങ്ങിലെ കഷ്ടപ്പാടുകൾ തന്നെയായിരുന്നു. അച്ഛൻ, അമ്മ, അച്ഛന്റെ അമ്മ, ഞങ്ങൾ അഞ്ചുകുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ സംരക്ഷണം കഥകളിയെ മാത്രം ആശ്രയിച്ചായിരുന്നു.       ഒരു പക്ഷേ ഈ കഷ്ടതകളൊന്നും  ഞാൻ അനുഭവിക്കേണ്ട എന്ന് അച്ഛൻ ചിന്തിച്ചിരുന്നതു കൊണ്ടാകാം അച്ഛന്റെ കൂടെ കളിയരങ്ങുകൾ തോറും നടന്നിട്ടും എന്നെ കഥകളി അഭ്യസിപ്പിക്കണം എന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടാകാതെ പോയത്.
 

7 അഭിപ്രായങ്ങൾ:

 1. മനസ്സിൽ തട്ടുന്ന കാര്യമാണ് ശ്രീ അംബുജാക്ഷൻ നായർ പറഞ്ഞത്. കലയോടുള്ള സ് നേഹം, സേവനം, പ്രതിബദ്ധത, ഒക്കെ ശരി തന്നെ, പക്ഷെ അതിലൊക്കെ വലിയ ഒരു ശരിയാണ്, താങ്കൾ ഇവിടെ കോറിയിട്ടത്‌.

  മറുപടിഇല്ലാതാക്കൂ
 2. ഫേസ് ബുക്കിൽ ലഭിച്ച അഭിപ്രായങ്ങൾ:
  Killimangalam Narayanan Namboothirippad:
  അമ്പുച്ചേട്ടാ... ചേട്ടന്റെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ഒരു ആളാണു ഞാൻ... അതിലെ പല കഥകളും ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവയാണു... പല കഥകളും ഞാൻ ഒരു കളിക്കമ്പക്കാരനായ എന്റെ അച്ഛനു പറഞ്ഞ്‌ കൊടുത്ത്‌ അതിലെ രസകരമായ കാര്യങ്ങൾ അയവിറക്കാറുണ്ട്‌... പക്ഷെ ഈ പോസ്റ്റ്‌ ആവും അതിലെല്ലാം വെച്ച്‌ ഏറ്റവും മനസ്സിൽ തട്ടുന്നത്‌ എന്നു തോന്നുന്നു... ഇതു വരെ വന്നതിൽ വെച്ച്‌ ഏറ്റവും എനിക്കിഷ്ടമായ പോസ്റ്റും ഇതു തന്നെ... ആ മഹാനായ കലാകാരനു മുന്നി സാഷ്ടാംഗം നമസ്കരിക്കുന്നു...

  Ajesh Kumar
  I read it. It was so touching. I tried to comment on the blog, it returned with some error. Anyway thanks for a nice post

  Vinayachandran S Nair :
  Great artistes, great opportunities to see great plays and actors. Golden Era!

  Anil Pitambaran Nair :
  chetta .....vayichu kannu niranju....100 likes

  മറുപടിഇല്ലാതാക്കൂ
 3. ഫേസ് ബുക്കിൽ ലഭിച്ച അഭിപ്രായങ്ങൾ :

  Miduckan Kuroor:

  ചോര നീരാക്കി മക്കളെ വളർത്തി ഒരു നിലയിലാക്കാൻ ,കുടുംബം പുലർത്താൻ അർപ്പണ മനോഭാവത്തോട് കൂടി കഥകളിയെ സ്നേഹിച്ച ചെന്നിത്തല ആശാനേപ്പോലുള്ളവരുടെ അനുഭവങ്ങൾ പ്രവചനാതീതമാണ് .എൻറെ അനുഭവവും മറിച്ചല്ല .പരശുരാമൻ ,അടുത്ത രംഗത്തിൽ തന്നെ വിശ്വാമിത്രൻ പിന്നെ ചുടല ഹരിശ്ചന്ദ്രൻ ....ഒരു മുഴുരാത്രി കളിക്ക് വേഷം കെട്ടാൻ എൻറെഅച്ഛൻ അനുഭവിച്ച യാതനകൾ ....ഞാനും ഓർക്കുന്നു ....

  Rcs Kannan

  കഥകളിയെ സ്നേഹിച്ച ചെന്നിത്തല ആശാനേ..... __/\__ PRANAMS !!

  Madhu Manoharan Nair:

  Touching. Very happy to see Chettan's photograph.

  Rajeev Pattathil:

  Very touching, Ambujakshan chEtta

  മറുപടിഇല്ലാതാക്കൂ
 4. ഫേസ് ബുക്കിൽ ലഭിച്ച അഭിപ്രായങ്ങൾ :

  Promod Nair
  11:53am Oct 7
  സത്യത്തില് കണ്ണ് നിറഞ്ഞുപോയി സര് ....


  Mahesan Madavan
  12:29pm Oct 7

  ചെന്നിത്തല ആശാന്റെ ആത്മാര്ഥത ആര്ക്കാണറിഞ്ഞു കൂടാത്തത്? കളി മുടങ്ങാതിരിക്കാന് എന്ത് ത്യാഗം സഹിക്കാനും അദേഹം സദാ ഒരുക്കമായിരുന്നു . ഞാന് ഇതു ധാരാളം കണ്ടറിഞ്ഞിട്ടുള്ളതാണ്.

  മറുപടിഇല്ലാതാക്കൂ
 5. Great blog. such stories would enrich the art of kathakali for long

  മറുപടിഇല്ലാതാക്കൂ
 6. കഥകളി കാലാകാരന്മാരുടെ സ്വകാര്യ ജീവിതത്തിന്റെ വിവരങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. അവര്‍ അഭിമുഖീകരിച്ചിരുന്ന വൈഷമ്യങ്ങള്‍ ഇതിലൂടെ മനോഹരമായി വിവിഅരിക്കപ്പെട്ടൂ. പിതാവിന് കുടുംബത്ടോടുള്ള സ്നേഹവും, അത് മനസ്സിലാക്കിയ ഒരു മകന്റെ സ്നേഹ ആദരവിന്റെ അളവില്ലാത്ത ബഹീര്‍ ഗമനവും ആവോളം ഉള്‍ക്കൊള്ളാന്‍ സാധിച്ചു. ഇന്നുവരെ എഴുതിയതില്‍ വച്ച് ഹൃദയത്തിന്റെ അത്യഗാദ്ധ തലങ്ങളില്‍ നിന്നും ഉളവായ ഒരു കൃതിയാണ് ഇതെന്ന് നിസ്സംശയ പറയാം.

  മറുപടിഇല്ലാതാക്കൂ
 7. ഫേസ് ബുക്കിൽ ലഭിച്ച അഭിപ്രായങ്ങൾ :
  Sreekanth V Lakkidi

  ഒരു കലാകാരന്റെ വലിപ്പം അദ്ദേഹത്തിന്റെ കലയോടുള്ള ആത്മാർത്ഥതയിൽ പ്രതിഫലിക്കും... വളരെ നന്ദി അമ്ബുജാക്ഷൻ ഏട്ടാ...

  മറുപടിഇല്ലാതാക്കൂ