പേജുകള്‍‌

2014, ജൂലൈ 25, വെള്ളിയാഴ്‌ച

"നിഴൽകുത്ത് " പ്രാകൃത ഗാനത്തിൽ നിന്നും ഒരു ആട്ടക്കഥ (ഭാഗം-1)

ദക്ഷിണ കേരളത്തിൽ വളരെയധികം   പ്രചാരമുണ്ടായിരുന്ന ഒരു ആട്ടക്കഥയാണ് നിഴൽകുത്ത്. വേലഭാരതത്തിലെ നിഴൽക്കുത്ത് പാട്ട് എന്ന പ്രാകൃത ഗാനമാണ് കഥയ്ക്ക്‌ ആധാരം.   പണ്ട് കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ക്ഷുദ്രപ്രയോഗം, ആഭിചാര പ്രയോഗം എന്നിവകളിൽ  നിന്നും കുടുംബരക്ഷയ്ക്കായി വേലൻ സമുദായത്തിലെ അംഗങ്ങൾ മാസത്തിൽ ഒരിക്കൽ    സന്ധ്യാവേളയിൽ  ദക്ഷിണ കേരളത്തിലെ ഹിന്ദുഭവനങ്ങൾ സന്ദർശിക്കുകയും ആചാരപ്രകാരം നിലവിളക്കു കൊളുത്തി വെച്ച്   വേലഭാരതത്തിലെ നിഴൽക്കുത്ത് പാട്ട് പാടുകയും  ദക്ഷിണ സ്വീകരിച്ച്   മടങ്ങുകയും   പതിവായിരുന്നു. ഈ സംസ്കാരം കൊണ്ടാകാം ദക്ഷിണ കേരളത്തിൽ   ഈ കഥയ്ക്ക്  പ്രചാരം നിലനിന്നിരുന്നത്. 

11 -09 -1885 -ൽ കരുനാഗപ്പള്ളി, മരുതൂർകുളങ്ങര കണ്ണുംകുഴി വീട്ടിൽ  ജനിച്ച ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകളാണ്  വേലഭാരതത്തിലെ  നിഴൽക്കുത്ത് പാട്ടിനെ ആസ്പദമാക്കി നിഴൽക്കുത്ത് ആട്ടക്കഥ  രചിച്ചത്. പ്രശസ്ത  കഥകളി ആചാര്യനായിരുന്ന ശ്രീ. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ അവർകൾ സാധാരണ ജനങ്ങളെ കഥകളി അരങ്ങിലേക്ക് ആകർഷിക്കുവാൻ വേണ്ടി ഒരു   ആട്ടക്കഥ എഴുതണം എന്ന് ശ്രീ. പന്നിശ്ശേരി നാണുപിള്ള അവർകളോട് ആവശ്യപ്പെട്ടു.    സംസ്കൃത പണ്ഡിതൻ,  കഥകളി വിമർശകൻ എന്നീ നിലയിൽ പ്രശസ്തനായിരുന്ന ശ്രീ. പന്നിശ്ശേരി, അക്കാലത്ത്  സാധാരണ ജനങ്ങളിൽ വളരെ സ്വാധീനമുണ്ടായിരുന്ന നിഴൽക്കുത്ത് പാട്ടിനെ ആസ്പദമാക്കി ആട്ടക്കഥ രചിക്കുകയും ചെയ്തു.  നിഴൽക്കുത്ത്  ആട്ടക്കഥ മഹാകവി വള്ളത്തോൾ   സശ്രദ്ധം വായിക്കുകയും  ഒരു  പ്രാകൃത ഗീതത്തെ  കഥകളി ആവിഷ്കാരമാക്കിയ  ശ്രീ. പന്നിശ്ശേരിയെ അനുമോദിക്കുകയും ചെയ്തു.  
"തന്വികളണി മണി മാലികേ! വൃതം  ഇന്നവസാനിച്ചിതു ബാലികേ !.. എന്ന മലയന്റെ മലയത്തിയോടുള്ള പദം അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടതായി  ആട്ടകഥയുടെ പ്രസിദ്ധീകരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിഴൽക്കുത്ത് ആട്ടക്കഥയിൽ 14 രംഗങ്ങൾ ഉണ്ടെങ്കിലും അവസാനത്തെ ഏഴു രംഗങ്ങൾക്ക് മാത്രമാണ് രംഗപ്രചാരം ലഭിച്ചത്.  പദങ്ങൾ  ലളിതവും സാധാരണ ജനങ്ങൾക്ക്‌   ഹൃദ്യമായ കഥയായതിനാലും ദക്ഷിണ  കേരളത്തിൽ നിഴൽക്കുത്ത് കഥകളിക്ക് നല്ല പ്രചാരം ലഭിച്ചു.

കൌരവരുടെ മാതുലനായ ശകുനിയുടെ നിർദ്ദേശപ്രകാരം പാണ്ഡവന്മാരെ "നിഴൽക്കുത്ത്" എന്ന മാന്ത്രിക പ്രയോഗത്തിലൂടെ വധിക്കുവാൻ  വേണ്ടി    വനവാസിയും മാന്ത്രികനുമായ ഭാരതമലയനെ   വരുത്തുവാനായി ദുര്യോധനൻ നിയോഗിച്ചയച്ച  ദൂതൻ, മലയനെ കണ്ടശേഷം കൊട്ടാരത്തിൽ മടങ്ങിയെത്തുന്നു. മാന്ത്രികൻ വ്രതത്തിലാണെന്നും വ്രതം കഴിഞ്ഞ് രണ്ടു  ദിവസങ്ങൾക്കുള്ളിൽ   കൊട്ടാരത്തിൽ എത്തുമെന്നും   ദൂതൻ ദുര്യോധനനെ അറിയിക്കുന്നു. സിംഹതുല്യനായ ത്രിഗർത്തന്റെ ഗൃഹത്തിൽ ചെന്ന് ത്രിഗർത്തനെ കണ്ടു എത്രയും വേഗം കൊട്ടാരത്തിലെത്തുവാൻ അറിയിക്കണം എന്ന് ദൂതന് ദുര്യോധനൻ നിർദ്ദേശം നൽകി യാത്രയാക്കുന്നതുമാണ് അവതരിപ്പിക്കുന്ന ആദ്യ രംഗം. 

                                             ദുര്യോധനൻ 

രണ്ടാം രംഗത്തിൽ ത്രിഗർത്തൻ ദുര്യോധനന്റെ കൊട്ടാരത്തിൽ  എത്തുന്നു. പാണ്ഡവരെ നശിപ്പിക്കുവാനെത്തുന്ന മാന്ത്രികന്റെ മന്ത്രശക്തി പരീക്ഷിക്കുവാനായി   കോട്ടവാതിലിൽ നിൽക്കണം എന്നും കോട്ടയ്ക്കുള്ളിലേക്ക് മാന്ത്രികനെ കടത്തിവിടരുതെന്നും ദുര്യോധനൻ ത്രിഗർത്തന് നിർദ്ദേശം നൽകുന്നു. ത്രിഗർത്തൻ കോട്ടയുടെ കാവൽ ചുമതല ഏറ്റെടുക്കുന്നു. 

മൂന്നാം രംഗത്തിൽ വൃതം കഴിഞ്ഞ് സ്വഗൃഹത്തിൽ മടങ്ങിയെത്തുന്ന മലയനെ പത്നിയായ മലയത്തിയും മകൻ മണികണ്ഠനും സ്വീകരിക്കുന്നു. താൻ ഉടനെ ദുര്യോധന മഹാരാജാവിനെ കാണാൻ യാത്രയാവുകയാണ് എന്ന് മലയൻ മലയത്തിയെ അറിയിക്കുന്നു. വൃതം കഴിഞ്ഞു വന്നയുടൻ മടങ്ങുന്നതിൽ പരിഭവിച്ചു കൊണ്ടാണ് എങ്കിലും മഹാരാജാവിന് സമർപ്പിക്കുവാൻ ആനക്കൊമ്പ്, തേൻ തുടങ്ങിയ കാഴ്ചവസ്തുക്കൾ മലയത്തി മലയനെ ഏൽപ്പിക്കുന്നു. മഹാരാജാവിനെ കണ്ടു മടങ്ങുമ്പോൾ തന്റെ ചെറുപ്പകാലത്ത് തനിക്ക് ആഹാരവും വസ്ത്രങ്ങളും  നൽകി സഹായിച്ചിട്ടുള്ള കുന്തീദേവിയെ കണ്ടു വണങ്ങി വരേണം എന്ന് മലയത്തി മലയനെ അറിയിക്കുന്നു. യാത്രാരംഭത്തിൽ ചില ദുർലക്ഷണങ്ങൾ മലയന് അനുഭവപ്പെടുന്നു.  

                                   മലയൻ, മലയത്തി, മണികണ്ഠൻ 

നാലാം രംഗത്തിൽ കോട്ടവാതുക്കൽ എത്തുന്ന മലയനെ ത്രിഗർത്തൻ തടയുന്നു. രാജാവിന്റെ ക്ഷണം അനുസരിച്ചാണ് താൻ എത്തിയതെന്നും തന്നെ കൊട്ടാരത്തിനുള്ളിലേക്ക് കടത്തി വിടണമെന്നും അപേക്ഷിച്ചും വഴങ്ങാത്ത ത്രിഗർത്തനെ തന്റെ മാന്ത്രിക ശക്തിയാൽ നിർവീര്യനാക്കുകയും പിന്നീട്  മോചിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ത്രിഗർത്തന്റെ അനുമതിയോടെ കോട്ടയ്ക്കുള്ളിൽ കടന്ന മലയൻ കൊട്ടാരത്തിലെ കാഴ്ചകൾ എല്ലാം കണ്ടപ്പോൾ തന്റെ വേഷം മാറി സുന്ദരരൂപം ധരിച്ച് രാജസവിധത്തിൽ എത്തുകതന്നെ എന്ന് തീരുമാനിക്കുന്നു.  

                                                           ത്രിഗർത്തനും മലയനും 

അഞ്ചാം രംഗത്തിൽ മാന്ത്രികൻ കൊട്ടാരത്തിൽ എത്തി കാഴ്ച വസ്തുക്കൾ സമർപ്പിച്ച്‌ ദുര്യോധനമഹാരാജാവിനെ വണങ്ങി. തന്നെ വരുത്തിയത് എന്തിനാണ് എന്ന് അന്വേഷിക്കുന്നു.   തന്റെ ശതൃക്കളായ പാണ്ഡവരെ നിഴൽക്കുത്തിക്കൊല്ലണം എന്ന രാജാവിന്റെ ആവശ്യം അറിഞ്ഞ് മാന്ത്രികൻ  വിഷമിക്കുന്നു. കൗരവരും പാണ്ഡവരും തനിക്ക് തമ്പുരാക്കന്മാരാണ് അതുകൊണ്ട് അവരെ വധിക്കുവാൻ തനിക്ക് സാധിക്കില്ല എന്ന് സങ്കടപൂർവം മാന്ത്രികൻ രാജാവിനെ ഉണർത്തിച്ചു. തുടർന്ന് പല കാരണങ്ങളും പറഞ്ഞ്   ഈ   ദുഷ്ക്കർമ്മം   ചെയ്യുന്നതിൽ   നിന്നും ഒഴിഞ്ഞു മാറുവാനുള്ള മാന്ത്രികന്റെ തന്ത്രശ്രമങ്ങളെല്ലാം  വിഫലമായി.    സ്തംഭനം, മോഹനം തുടങ്ങിയ മാന്ത്രിക പ്രയോഗങ്ങൾ മഹാരാജാവിൽ ഫലിക്കുകയും ഇല്ല, രാജാവിന്റെ ഇംഗിതം പൂർത്തീകരിക്കാതെ  കൊട്ടാരത്തിൽ നിന്നും ജീവനോടെ രക്ഷപ്പെടുവാൻ സാധിക്കുകയില്ല എന്ന് മാന്ത്രികനു മനസിലായി. ഒടുവിൽ ജീവഭയം മൂലം പാണ്ഡവരെ നിഴൽക്കുത്തിക്കൊല്ലുവാനുള്ള മാന്ത്രികവേലകൾ ആരംഭിച്ചു. അഞ്ജനത്തിൽ പാണ്ഡവരെ ആവാഹിച്ചപ്പോൾ അവരോടൊപ്പം ശ്രീകൃഷ്ണന്റെ രൂപം കണ്ട മാന്ത്രികൻ അമ്പരന്നു. മാന്ത്രികവിധിപ്രകാരം അഞ്ജനത്തിൽ രക്തം അർപ്പിച്ച് ശ്രീകൃഷ്ണന്റെ രൂപം അഞ്ജനത്തിൽ നിന്നും ഒഴിവാക്കിയ ശേഷം മാന്ത്രികൻ പാണ്ഡവരെ നിഴൽക്കുത്തി വധിക്കുന്നു. സന്തോഷവാനായ ദുര്യോധനൻ മാന്ത്രികന് ധാരാളം സമ്മാനങ്ങൾ നല്കി യാത്രയാക്കുന്നു.  

                                      ദുര്യോധനനും മാന്ത്രികനും 

രാജകൊട്ടാരത്തിൽ നിന്നും സമ്മാനങ്ങളുമായി എത്തുന്ന മാന്ത്രികൻറെ മുഖത്തെ വിഷാദകാരണം എന്തെന്ന്  മലയത്തി അന്വേഷിക്കുന്നതാണ് ആറാം രംഗം.  സംഭാഷണ മദ്ധ്യേ പാണ്ഡവരെ വധിച്ച വാർത്ത  മലയത്തി മനസിലാക്കി.   അഞ്ചു കുഞ്ഞുങ്ങൾ നഷ്ടമായ കുന്തീദേവിയുടെ ദുഃഖത്തെ മനസ്സിൽ കണ്ട മലയത്തി, അതിനു കാരണക്കാരനായ   തന്റെ ഭർത്താവും  പുത്രദുഖം അറിയണം എന്ന് തീരുമാനിച്ചു കൊണ്ട്  സ്വപുത്രനെ ഓടിച്ചിട്ടു പിടിച്ച് മലയന്റെ കണ്‍മുൻപിൽ വെച്ചു തന്നെ വധിച്ചു. പുത്രവധം കണ്ട മലയനും  ബോധരഹിതനായി നിലംപതിച്ചു.  മലയത്തി പാണ്ഡവരുടെ വസതി ലക്ഷ്യമാക്കി ഓടി. 

ഏഴാം രംഗത്തിൽ പാണ്ഡവരുടെ മൃതശരീരങ്ങൾക്ക് മുൻപിലിരുന്നു വിലപിക്കുന്ന കുന്തീദേവിയുടെ സമീപം ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെടുന്നു. ശ്രീകൃഷ്ണൻ പുണ്യജലം പാണ്ഡവരുടെ മൃത ശരീരങ്ങളിൽ തളിച്ച്   ജീവൻ നല്കുന്നു. 

                                    ശ്രീകൃഷ്ണൻ, മലയത്തി, കുന്തി 

സ്വപുത്രൻറെ രക്തം പുരണ്ട കൈകളുമായി ഭ്രാന്തിയെ പോലെ മലയത്തി അവിടെ എത്തിച്ചേരുന്നു. മലയത്തിയുടെ ഭക്തിയിൽ അലിയുന്ന ശ്രീകൃഷ്ണൻ മലയൻ നിരപരാധിയാണെന്നും ദുര്യോധനനാണ് കുറ്റക്കാരനെന്നും നിന്റെ  മകനും ഭർത്താവും ജീവിക്കും എന്ന്   അറിയിച്ച്  മലയത്തിയെ ആശ്വസിപ്പിച്ചും അനുഗ്രഹിച്ചും യാത്രയാക്കുന്നതോടെ കഥ അവസാനിക്കുന്നു.                            (തുടരും)

2014, ജൂലൈ 8, ചൊവ്വാഴ്ച

മദം പിടിച്ച 'ആനയും' മദ്യപിച്ച 'ബകനും'.

ആനയ്ക്ക് മദം പിടിച്ചാൽ ഉണ്ടാകാവുന്ന അവസ്ഥ വളരെ ഭീകരമാണ്. ഉത്സവ കാലത്ത് ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്ന ആനയ്ക്ക് മദം പിടിച്ച് ആനക്കാരന്റെയോ കാണികളുടെയോ മരണത്തിനു ഇടയാക്കിയിട്ടുള്ള സംഭവങ്ങൾ ധാരാളം ഉണ്ട്. ഉത്സവത്തിന് എഴുന്നള്ളിച്ച ഒരു ആനയ്ക്ക് മദം പിടിക്കുകയും ആ ആനയുടെ മുകളിൽ ഇരുന്നു അലക്കിട്ട കുട പിടിച്ചിരുന്ന ഒരു പോറ്റി അത്ഭുതകരമാം വിധം രക്ഷപെട്ട ഒരു അനുഭവ കഥയുണ്ട്.

  ഈ സംഭവം 1990 - കളിലാണ് നടന്നത്. ആലപ്പുഴ ജില്ലയിൽ NH 47- നിലുള്ള ചേപ്പാട് നിന്നും ഒരു കിലോമീറ്റർ ദൂരമുള്ള വെട്ടിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്  അവിടെ എഴുന്നള്ളിച്ച ആനയ്ക്കാണ് മദം പിടിച്ചത്. ആനയ്ക്ക് മദം പിടിക്കുമ്പോൾ അലക്കിട്ട കുടയും പിടിച്ച് ഒരു പോറ്റി ആനയുടെ മുകളിൽ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ആനയ്ക്ക് മദമിളകിയത്. ആനയുടെ മാറ്റം ശ്രദ്ധിച്ചപ്പോൾ തന്നെ പോറ്റി കുട താഴേക്കെറിഞ്ഞിട്ട് ആനയുടെ കഴുത്തിൽ ബന്ധിച്ചിരുന്ന ചങ്ങിലയിൽ ഇരുകാലുകളും നുഴച്ചുകൊണ്ടും രണ്ടു കൈകൾ കൊണ്ട് ചങ്ങിലയിൽ ബലമായി പിടിച്ചു കൊണ്ടുമിരുന്നു.   ക്ഷേത്രത്തിന്റെ മുൻഭാഗത്തു നിന്നും ക്ഷേത്രപരിസരത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടി അലഞ്ഞ ആന കുറച്ചു സമയം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന്റെ ഒരു ഭാഗത്തു നിലയുറപ്പിച്ചു കൊണ്ട് തലയാട്ടിയും തുമ്പിക്കൈ  ഉയർത്തിയും ചിന്നം വിളിച്ചും മദപ്പാട് വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ആനയുടെ പരാക്രമങ്ങൾ അടക്കാൻ ശ്രമിക്കുന്ന ആനക്കാരനെ സമീപത്തേക്ക് അടുപ്പിക്കാതിരിക്കാനും ആന ശ്രമിച്ചു കൊണ്ടിരുന്നു. ഈ സമയമെല്ലാം ജീവൻ പണയത്തിലായ പോറ്റി ഭയത്തോടെയും ശ്രദ്ധയോടെയും ആനയുടെ മുകളിൽത്തന്നെ പിടിച്ചിരുന്നു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ അങ്ങുമിങ്ങുമായി നിന്നിരുന്ന ജനങ്ങൾ മദയാനയുടെ പുറത്തു നിന്നും പോറ്റിയുടെ രക്ഷയ്ക്ക് വേണ്ടി വെട്ടിക്കുളങ്ങരയമ്മയെ വിളിച്ച് ഉച്ചത്തിൽ പ്രാർത്ഥന ചെയ്തു കൊണ്ടിരുന്നു. ആകെ ഭയാനകമായിരുന്ന  അന്തരീക്ഷം പെട്ടെന്ന് ഒന്ന് ശാന്തമായി. അതുവരെ പരാക്രമം കാട്ടിയിരുന്ന ആന ഒരു നിമിഷം ശാന്തനായി, സമീപത്തു നിന്നിരുന്ന ഒരു തെങ്ങിലേക്ക് ചാരി നിന്നു. ഈ സമയം വളരെ ബുദ്ധിപൂർവ്വം ആനപ്പുറത്തിരുന്ന പോറ്റി തന്റെ കാലുകൾ ചങ്ങിലയിൽ നിന്നും സാവധാനം പുറത്തെടുത്ത ശേഷം കൈകൾ കൊണ്ട് തെങ്ങിൽ പിടിച്ചുകൊണ്ട് തെങ്ങിന്റെ മറുവശത്തേക്ക് ചാടി, ഓടി രക്ഷപെട്ടു. ഏതു നിമിഷവും ആപത്തു സംഭവിച്ചേക്കാം എന്ന ഭയത്തോടെ ചില മണിക്കൂറുകൾ കഴിച്ചു കൂട്ടിയ പോറ്റി വളരെ അത്ഭുതകരമായി ആ മദയാനയിൽ നിന്നും രക്ഷപെട്ട സംഭവം സ്മരണാർഹാമാണ്. 


എന്റെ ചെറുപ്പകാലത്ത്, 1966 - 1968 കാലഘട്ടങ്ങളിൽ നടന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ  എന്റെ ഓർമ്മയിൽ എത്തുന്നത്. ഇവിടെ മദം പിടിച്ചത് ബകനാണ്, അല്ല ബകനടനാണ്.      എന്റെ ഗ്രാമമായ ചെന്നിത്തലയിലുള്ള ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവമാണ് അൻപൊലി മഹോത്സവം. പ്രസ്തുത  കാലഘട്ടത്തിൽ നടന്ന ഒരു അൻപൊലി മഹോത്സവത്തിന് കഥകളി വേണം എന്ന് ഉത്സവ കമ്മറ്റി തീരുമാനിച്ചു. കഥ: നളചരിതം ഒന്നാം ദിവസം. സമീപ പ്രദേശത്തുള്ള പ്രഗത്ഭ കലാകാരന്മാരെയാണ് കളിക്ക് ക്ഷണിച്ചിരുന്നത്.   കഥയിലെ നാരദന്റെ വേഷം എന്റെ നാട്ടിലുണ്ടായിരുന്ന ഒരു  പ്രഗത്ഭനായ കഥകളി കലാകാരനാണ് നിശ്ചയിച്ചിരുന്നത്. അദ്ദേഹം ചുവന്ന താടി വേഷക്കരനാണ്.  തന്റെ ജന്മനാട്ടിൽ നടക്കുന്ന കഥകളിയിൽ ഒന്നാം ദിവസത്തെ നാരദവേഷത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനോട് അദ്ദേഹത്തിനു ഒട്ടും താൽപ്പര്യം ഉണ്ടായില്ല. അദ്ദേഹം തന്റെ സങ്കടം ഉത്സവ ക്കമ്മിറ്റിക്കാരെ  അറിയിക്കുകയും ഒന്നാം ദിവസം കഴിഞ്ഞ് ഒരു ബകവധം അവതരിപ്പിക്കണം എന്നൊരു നിർദ്ദേശവും വെച്ചു. കമ്മിറ്റി സമ്മതിച്ചാൽ നളൻ ചെയ്യുന്ന നടനെക്കൊണ്ട് ബകവധത്തിലെ ഭീമൻ ചെയ്യിക്കാൻ ഞാൻ സമ്മതിപ്പിച്ചുകൊള്ളാം എന്ന് നടൻ അറിയിക്കുകയും ചെയ്തു. 

കഥകളി കലാകാരന്മാരിൽ പലരും മദ്യം സേവിക്കുന്നവരാണ്. അവരെ സ്നേഹിക്കുന്ന പല ആസ്വാദകരും കലാകാരന്മാർക്ക് മദ്യം നല്കി സന്തോഷിപ്പിക്കുന്ന പതിവ് അക്കാലത്തും ഉണ്ടായിരുന്നു. നളചരിതം ഒന്നാം ദിവസത്തെ നളന്റെ വേഷം ചെയ്യുന്ന നടനെക്കൊണ്ട് ബകവധത്തിൽ ഭീമൻ കൂടി ചെയ്യിക്കുവാൻ   സമ്മതിപ്പിക്കുന്നതിന്  ബകനടൻ മനസിൽ ഉറപ്പിച്ചു വെച്ചിരുന്ന പദ്ദതിയും മറ്റൊന്നായിരുന്നില്ല. നളനടൻ കളിസ്ഥലത്ത് നേരത്തേ എത്തി. ബകനടൻ അദ്ദേഹത്തെ സമീപിച്ച് വിവരങ്ങൾ എല്ലാം അറിയിച്ചു.  നളൻ കഴിഞ്ഞ്  ബകവധത്തിൽ ഭീമൻ ചെയ്യാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ബകനടൻ കരുതി വെച്ചിരുന്ന പാനിയവുമായി സമീപിച്ചപ്പോൾ ഇപ്പോൾ വേണ്ട, നളന്റെ ഭാഗം കഴിയട്ടെ അതിനു ശേഷമാകാം എന്ന് പറഞ്ഞ്  ഒഴിഞ്ഞുമാറുകയും ചെയ്തു.  

കളി തുടങ്ങി. മദ്യപാനം ഒരു പതിവാക്കിയിട്ടില്ലാത്ത ബകനടൻ  കരുതിയിരുന്ന മദ്യം അൽപ്പം അകത്താക്കിയ ശേഷമാണ് തേക്കാനിരുന്നത്. ഒന്നാം ദിവസം കഥയിലെ നളനും ഹംസവും തമ്മിലുള്ള രംഗം കഴിഞ്ഞു നളൻ അണിയറയിൽ എത്തി, കിരീടം അഴിച്ചു. ദമയന്തിയും തോഴിമാരും രംഗത്തേക്കും പോയി. ബകനടൻ, നളനടനെ പാനിയവുമായി സമീപിച്ചു. അദ്ദേഹം അത് സ്വീകരിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞു   
"ഇന്ന് തന്റെ ദിവസമാണ്.   എന്ത്, എത്ര  കഴിച്ചാലും മതിയാകാത്ത ഒരു കഥാപാത്രത്തെയാണ് താങ്കൾ അവതരിപ്പിക്കുവാൻ പോകുന്നത്, അതുകൊണ്ട് എനിക്ക് മതി, ബാക്കി താങ്കൾ ഉപയോഗിച്ചു കൊള്ളുക".  
ബകനടന്   അത്യധികം  സന്തോഷമായി.  ആവശ്യത്തിലധികം അകത്താക്കിയ ശേഷമാണ് അദ്ദേഹം വേഷമൊരുങ്ങുവാൻ ആരംഭിച്ചത്. അണിയറക്കാരോട്  വളരെ ശാന്തനായി പെരുമാറുന്ന നടൻ അന്ന് അൽപ്പം കടന്നുള്ള പെരുമാറ്റം ആയിരുന്നു എന്നാണ് പറയപ്പെട്ടത്.

ഒന്നാം ദിവസം കഥ അവസാനിച്ചു. മാതാവായ കുന്തിയുടെ നിർദ്ദേശ പ്രകാരം ബ്രാഹ്മണസവിധത്തിൽ ഭീമൻ എത്തി, ബകനുള്ള ഭക്ഷണങ്ങൾ ശകടത്തിലാക്കി ബകന്റെ താവളത്തിലേക്ക് യാത്രയാകുന്ന രംഗത്തോടെയാണ്  ബകവധം ആരംഭിച്ചത്. അടുത്ത രംഗം ബകനാണ്.   തിരനോട്ടവും തുടർന്ന് തന്റേടാട്ടം വരെ   വലിയ കുഴപ്പം ഇല്ലാതെ പോയി. വിശപ്പ് ആട്ടം ആരംഭിച്ചപ്പോഴേക്കും ഉള്ളിലാക്കിയ മദ്യത്തിന്റെ ലഹരി ആരോഗ്യവാനായ ബകനടന്റെ സിരകളിൽ പ്രവർത്തിച്ചു തുടങ്ങി. തന്റെ ഭക്ഷണവുമായി എത്തേണ്ടവൻ എത്താത്തതിനാൽ അക്ഷമനായി, വിശപ്പിന്റെ കഠിനം മൂലം    കോപാന്ധനായിരിക്കുകയാണ് ബകൻ. 
നടൻ അവതരിപ്പിക്കുന്ന ബകന്റെ വിശപ്പും കോപവും ഒപ്പം സിരകളിൽ പ്രവർത്തിക്കുന്ന മദ്യവും കൂടി ഒന്നു ചേർന്നപ്പോൾ എന്തോ ഒരു ആവേശത്തിൽ അരങ്ങിനു മുൻപിലിരുന്ന ഒരു വൃദ്ധനെ ബകനടൻ തൂക്കിയെടുത്ത്, ഒരു കുട്ടിയെയെന്നപോലെ   തന്റെ ഒക്കത്തു വെച്ച് മുറുക്കിപ്പിടിച്ചു കൊണ്ട് രംഗത്ത് അങ്ങോട്ടു മിങ്ങോട്ടും നടക്കുകയും നിന്നെ കടിച്ചു തിന്നും എന്നൊക്കെ ആംഗ്യവും കാട്ടിത്തുടങ്ങി. അപ്രതീക്ഷിതമായി സംഭവിച്ചത് എന്താണ് എന്നറിയാതെ ഭയന്ന് ബകനടന്റെ ബലിഷ്ടമായ കൈക്കുള്ളിൽ അമർന്നിരിക്കുകയാണ് ആ വൃദ്ധൻ. എന്നാൽ രംഗത്ത് ഇന്നുവരെ സംഭവിച്ചു കണ്ടിട്ടില്ലാത്ത ഈ പ്രവർത്തി കണ്ടു പൊട്ടിച്ചിരിക്കുകയാണ് അരങ്ങിലെ പിന്നണി കലാകാരന്മാരും കാണികളും.  മൂന്നു നാലു നിമിഷം ആ വൃദ്ധനെയും കൊണ്ട്   അരങ്ങിൽ കഴിച്ചു കൂട്ടിയ ശേഷം ബകൻ വൃദ്ധനെ താഴെ വെച്ചു. ഉടൻ തന്നെ   എങ്ങിനെയോ സംഭരിച്ച  ഒരു ശക്തിയോടെ പ്രാണരക്ഷയ്ക്കെന്ന പോലെ വൃദ്ധൻ അരങ്ങിൽ നിന്നും ഓടി ഇരുട്ടിൽ  മറഞ്ഞു. 
ഭീമൻ  ബകന്റെ മുൻപിലെത്തി.   താൻ കൊണ്ടുവന്ന ആഹാരം ബകന്റെ മുൻപിലിരുന്നു ഭക്ഷിക്കുവാൻ തുടങ്ങി. തുടർന്ന് ബകൻ  ഭീമസേനനുമായി  ഏറ്റുമുട്ടി. ഭീമൻ ബകനെ വധിക്കുന്നതോടെ കഥകളിയും അവസാനിച്ചു. 

അരങ്ങിൽ ബകൻ വൃദ്ധനെ തൂക്കിയ രസകരമായ കഥ നാട്ടിൽ പാട്ടായി. കുറച്ചു കാലത്തേക്ക് ബകൻ ചെയ്ത നടനെ കാണുമ്പോൾ, അദ്ദേഹത്തിൻറെ സ്നേഹിതരും നാട്ടുകാരും   ഈ സംഭവം പറഞ്ഞു രസിക്കാറുണ്ടായിരുന്നു. 

 ഇനി   ആ വൃദ്ധന്റെ അവസ്ഥ കൂടി അറിയണമല്ലോ? അദ്ദേഹം  ആരോഗ്യമുള്ള കാലഘട്ടത്തിൽ അറിയപ്പെടുന്ന ഒരു മോഷ്ടാവായിരുന്നു. അർദ്ധരാത്രിയിൽ സധൈര്യം സഞ്ചരിച്ചിരുന്ന അദ്ദേഹത്തിന്,  തന്റെ വാർദ്ധക്ക്യ കാലത്ത് (മുൻ കഥയിൽ മദയാനയുടെ മുകളിൽ പെട്ടു പോയ പോറ്റിയെ പോലെ) ഒരു ചുവന്ന താടി വേഷക്കാരന്റെ കയ്യിൽ അകപ്പെട്ടപ്പെട്ട സംഭവം ഭയവും നാണക്കേടുമാണ് ഉണ്ടാക്കിയത്. വൃദ്ധന്റെ ഭവനവും കളി നടന്ന ക്ഷേത്രവും തമ്മിൽ ഒരു ഫർലോങ്ങ്‌ ദൂരമേയുള്ളൂ.  അടിക്കടി ക്ഷേത്ര പരിസരത്ത് എത്തുമായിരുന്ന ആ വൃദ്ധൻ  എന്തുകൊണ്ടോ   പിന്നീട് തന്റെ ജീവിതകാലം വരെ ആ ഭാഗത്തേക്ക് എത്തിയിട്ടില്ല എന്നതാണ് എടുത്തു പറയാനുള്ള അനുഭവം.