പേജുകള്‍‌

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ബാല്യകാലസ്മരണകൾ -6 (കഥകളിയെ വിശ്വസിച്ച് മുപ്പതു സെന്റ്‌ ഭൂമി )

എന്റെ ഗ്രാമമായ ചെന്നിത്തലയിലുള്ള സിദ്ധാശ്രമത്തിലെ പത്താമുദയ മഹോത്സവത്തിന് കഥകളി പതിവായിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരാശാനും  ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാനും അവിടെ പതിവുകാരായിരുന്നു. മാവേലിക്കര കൊച്ചാലുംമൂട്  സ്വദേശിയായ ശ്രീ. രാഘവൻ പിള്ള എന്നൊരു കഥകളി ആസ്വാദകൻ ഉണ്ടായിരുന്നു.
ആശ്രമത്തിൽ ലവണാസുരവധം  കഥയിലെ മണ്ണാനും മണ്ണാത്തിയും കൃഷ്ണൻ നായർ ആശാനും കുടമാളൂരും ചേർന്ന് അവതരിപ്പിക്കുമ്പോൾ പരിസരബോധം  മറന്ന് രംഗത്ത് അവർ ചെയ്യുന്നത് ഉച്ചത്തിൽ വിളിച്ചു  പറഞ്ഞുംചിരിച്ചും രസിച്ചും ആസ്വദിച്ചിരുന്ന  ശ്രീ. രാഘവൻപിള്ള ചേട്ടന്റെ മുഖത്തേക്ക്   നോക്കിയിരുന്ന് ഞാനും എന്റെ സുഹൃത്തുക്കളും  ധാരാളം  രസിച്ചിട്ടുണ്ട്. 

 ഒരു വീട് വെയ്ക്കാൻ സൌകര്യത്തിന് ഒരു സെന്റ്‌ ഭൂമി പോലും ഇല്ലാതെ ഒരു ബന്ധുവിന്റെ വീട്ടിൽ  വാടകക്കാരനായിരുന്നു അച്ഛൻ. അമ്മയുടെ നിരന്തരമായ നിർബ്ബന്ധം മൂലം പത്ത് സെന്റ്‌  ഭൂമി തേടി അച്ഛൻ  അലഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തല കിഴക്കേ വഴിയിൽ  തേവർകുളത്തിന് തൊട്ടു വടക്കേ മുപ്പതു സെന്റ്‌ വസ്തു വില്ക്കാനുണ്ട് എന്ന വിവരം അച്ഛന്റെ സ്നേഹിതനും കഥകളി കലാകാരനുമായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ചേട്ടൻ അച്ഛനെ അറിയിച്ചത്.  അച്ഛനും രാഘവൻപിള്ള ചേട്ടനും കൂടി വസ്തു ഉടമയെ ചെന്നു കണ്ടു. ഒരു തമ്പാനായിരുന്നു വസ്തുഉടമ.  കഥകളി കലാകാരനായിരുന്ന അച്ഛന്റെ മുത്തച്ഛൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ളപണിക്കർ അവർകളെ  അങ്ങേയറ്റം സ്നേഹിക്കയും    ബഹുമാനിക്കുകയും ചെയ്തിരുന്ന  ഒരു  വ്യക്തിയായിരുന്നു ശ്രീ. തമ്പാൻ. (അച്ഛന്റെ മുത്തച്ഛന്റെ ഗുരുനാഥൻ വടയത്തു ശ്രീ. രാമവർമ്മ തമ്പാന്റെ ബന്ധുവായിരുന്നു അദ്ദേഹം)         അദ്ദേഹം  തന്റെ  പേരിലുള്ള വസ്തുക്കൾ   കുറേശ്ശെ എഴുതി വിറ്റ് കുടുംബച്ചിലവ് നടത്തുകയായിരുന്നു. ശ്രീ. തമ്പാൻ അച്ഛന്റെ കൈവശം ഉണ്ടായിരുന്ന വളരെ  തുശ്ചമായ തുക കൈപ്പറ്റിക്കൊണ്ട് മുപ്പതു സെന്റ്‌ ഭൂമിയും അച്ഛന്റെ പേരിൽ രജിസ്റ്റർ ചെയ്തു നല്കി. കഥകളിയെന്ന കലയെ ഒന്നുപോലെ വിശ്വസിച്ചു കൊണ്ടാണ്   അച്ഛനും തമ്പാനും  ഈ സാഹസത്തിന് മുതിർന്നത്.   ബാക്കിത്തുകയ്ക്ക് വാക്കാലുള്ള ഒരു എഗ്രിമെന്റു മാത്രമാണ് ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നത്.  ഒരു കളിക്ക് പോയാൽ  അച്ഛന് ലഭിക്കുന്ന  കളിപ്പണത്തിന്റെ പകുതി തമ്പാനെ ഏൽപ്പിക്കണം എന്നതായിരുന്നു ആ എഗ്രിമെന്റ്. അച്ഛൻ    പ്രസ്തുത എഗ്രിമെന്റ് കൃത്യമായി പാലിച്ചു വന്നു. ഒരിക്കൽ ഒരു കളിയും കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയിൽ  അച്ഛൻ    ലഭിച്ച കളിപ്പണത്തിന്റെ പകുതി തമ്പാനെ എൽപ്പിക്കുവാനായി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി പണം എടുത്തു നീട്ടി. അപ്പോൾ   "നീ ഇനി ഒന്നും തരേണ്ടതില്ല,  കഴിഞ്ഞ കളിപ്പണത്തോടെ വസ്തുവിന്റെ വില പൂർത്തിയായി" എന്നാണ്  അദ്ദേഹം അറിയിച്ചത്. 

"ഞാൻ  അങ്ങേയ്ക്ക് കൊണ്ടുവന്ന പണമാണിത്‌. ഇത് തിരികെ കൊണ്ടുപോകുന്നില്ല. അങ്ങ് സസന്തോഷം  സ്വീകരിച്ചാലും"എന്ന്   അപേക്ഷിച്ചു കൊണ്ട് വൃദ്ധനായ  തമ്പാന്റെ കാലടികളിൽ തൊട്ട്  അച്ഛൻ വന്ദിച്ചു.  ആ പണം അദ്ദേഹം സ്വീകരിച്ചു.  "നിന്റെ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും  എന്നും ഈശ്വന്റെ അനുഗ്രഹം നിനക്ക് ഉണ്ടാകും". ഈ വസ്തുവിൽ വളരെ വേഗം ഒരു വീട് കെട്ടി തമസമാക്കൂ. നിനക്ക് ഐശ്യര്യം ഉണ്ടാകും  എന്ന്  ആ വൃദ്ധനായ തമ്പാൻ അച്ഛന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.  


തേവർകുളത്തിന് തെക്ക് ഭാഗത്തായിരുന്നു പ്രസിദ്ധ കഥകളി ഭാഗവതന്മാരായ  ശ്രീ. ഇറവങ്കര ഉണ്ണിത്താന്മാരുടെ ശിങ്കിടി ഗായകനായ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള നായർ താമസിച്ചിരുന്നത്.  ഉടൻ   തന്നെ ഒരു കുടിലെങ്കിലും കെട്ടി താമസമാകണം എന്ന് അദ്ദേഹവും അച്ഛനെ നിർബ്ബന്ധിക്കുവൻ തുടങ്ങി. ഒട്ടും വൈകാതെ ഒരു മുറിയും ഒരു അടുക്കളയും രണ്ടു ചായിപ്പും അടങ്ങിയ ഒരു ഓടിട്ട വീട് അച്ഛൻ ഉണ്ടാക്കി. തടി കൊണ്ട് മറച്ച ഒരു ചായിപ്പിൽ ഞാനും എന്റെ സഹോദരങ്ങളും മറ്റൊരു ചായിപ്പിൽ മുത്തശ്ശിയും (അച്ഛന്റെ അമ്മ) സ്ഥാനമുറപ്പിച്ചു.  അക്കാലത്തും ഒരു കളി കഴിഞ്ഞ് അടുത്ത കളിസ്ഥലത്തെക്ക് പോകുന്ന അവസരത്തിൽ പല കലാകാരന്മാരെയും അച്ഛൻ വീട്ടിൽ കൂട്ടി വന്നിരുന്നു.  ചിറക്കര മാധവൻ കുട്ടി ചേട്ടനും പാറുക്കുട്ടി ചേച്ചിയും താമസിച്ചിട്ടും ഉണ്ട്. 
 കുറച്ച് പുഞ്ച കൃഷിയും, വിരിപ്പ് കൃഷിയും ഉണ്ടായിരുന്നതിനാൽ ആഹാരത്തിന് ഞങ്ങൾ വിഷമം അനുഭവിച്ചിട്ടില്ല എങ്കിലും അച്ഛന്റെ സാമ്പത്തീകം കഥകളിയിൽ നിന്നുമുള്ള   വരുമാനം മാത്രമായിരുന്നു.   വീട് പണി കഴിഞ്ഞ് ഒരു ചില വർഷങ്ങൾക്കു   ശേഷം രണ്ട് പശുക്കളെ വാങ്ങുകയും അവയ്ക്കായി തൊഴുവം കെട്ടുക എന്നതായിരുന്നു അച്ഛന്റെ മനസ്സിൽ ഉണ്ടായിരുന്ന  ഏറ്റവും വലിയ  ആഗ്രഹം.   ചെന്നിത്തല ഒരിപ്രത്തിലുള്ള ശ്രീ. വാസുആശാരിയെ വരുത്തി  തൊഴുവത്തിന് സ്ഥാനം കണ്ടു. ജോതിഷം വശമായിരുന്ന വാസു ആശാരിയെ വളരെ ബഹുമാനമായിരുന്നു അച്ഛന്. അച്ഛനോട് വളരെ സ്നേഹം വാസു ആശാരിക്കും ഉണ്ടായിരുന്നു. 

തടിപ്പണിയാണ് ആദ്യം തുടങ്ങിയത്.  പണിയുടെ മേൽനോട്ടത്തിന്‌ ചേപ്പാട്ട് നിന്നും  എന്റെ മുത്തച്ഛനും  ( മാതൃപിതാവ്)  എത്തിയിരുന്നു. അദ്ദേഹവും  പഞ്ചാംഗം നോക്കി സമയത്തിന്റെ കാര്യത്തിൽ സംതൃപ്തി വരുത്തിയിരുന്നു.  
തൊഴുവം പണി ആരംഭിക്കുന്ന ദിവസം വളരെ നേരത്തെ തന്നെ ശ്രീ. വാസു ആശാരി എത്തി. വിളക്ക് കൊളുത്തി അതിനു മുൻപിൽ വാഴയിലയിൽ ഒരുക്കുകളെല്ലാം വെച്ചു.   പണിയാനുള്ള തടിയും എടുത്തു  വെച്ച് പൂജാദികൾ നടത്തി.      രാവിലെ ഒൻപതു മണിക്ക് പണി തുടങ്ങണം എന്നാണ് അദ്ദേഹം കുറിച്ചിരുന്നത്‌. ഒൻപതു മണിക്ക്  ഉളിയെടുത്ത് തടിയിൽ വെച്ച് കൊട്ടുവടിയും   (wooden  hammer) കയ്യിൽ വെച്ചു കൊണ്ട് അങ്ങുമിങ്ങും ശ്രദ്ധിച്ചു കൊണ്ടിരുന്നു. കയ്യിൽ വെച്ചിരുന്ന ഒരു ഘടികാരം നോക്കിക്കൊണ്ട് മുത്തച്ഛൻ പണി ആരംഭിക്കുവാൻ വാസു ആശാരിക്ക് നിർദ്ദേശം നൽകി. 
"ഇല്ലേ, വാസുവിന് പണി ആരംഭിക്കുവാൻ സമയം ആയിട്ടില്ല.  ഇവിടെ ഒട്ടും താമസിയാതെ  ഒരു ഉപ്പൻ എത്തി ചിലയ്ക്കും.  അപ്പോഴേ വാസു പണി  തുടങ്ങൂ" എന്ന് അദ്ദേഹം  ഉറപ്പിച്ചുപറഞ്ഞു. "നീയും നിന്റെ ഒരു ശാസ്ത്രവും" എന്ന് പുശ്ച്ചരസത്തിൽ പറഞ്ഞു കൊണ്ട്   പണി തുടങ്ങെടോ എന്ന്  മുത്തച്ഛൻ ആജ്ഞാപിച്ചു.   ഒട്ടും വൈകാതെ  ഒരു ഉപ്പൻ പറന്നു വന്ന് വൈക്കോൽ തുറുവിന് സമീപം വന്ന് ഇരുന്നതും ചിലച്ചതും     ഉളിയിൽ ആശാരി  കൊട്ടുവടി കൊണ്ടാഞ്ഞടിച്ചതും ഒരേ സമയത്തായിരുന്നു. അവിടെ   ഉണ്ടായിരുന്ന എല്ലാവർക്കും അത്ഭുതം ഉണ്ടാക്കിയ ഒരു അനുഭവം തന്നെയായിരുന്നു അത്. 
കുചേലൻ ശ്രീകൃഷ്ണനെ കാണാൻ യാത്രയാകുമ്പോൾ "ചാകോരാദി പക്ഷി"യുടെ കോലാഹലം കേട്ടുകൊണ്ടാണ് യാത്രയായത് എന്നും  ആ"ചാകോരാദി പക്ഷി"   "ഉപ്പൻ" തന്നെയാണ് എന്നുമായിരുന്നു ശ്രീ. വാസു ആശാരിയുടെ അഭിപ്രായം. 

തൊഴുവം പണി ഏതാണ്ട് ആറുമാസം കൊണ്ട് അവസാനിച്ചു. തൊഴുവത്തോട് ചേർന്ന്  ഒരു മുറിയും ഉണ്ടായിരുന്നു.  പശുക്കൾക്ക്‌  വൈക്കോൽ ഇട്ടുകൊടുക്കാനുള്ള   ഇടം കല്ലുകെട്ടി തിരിച്ചിരുന്നു.  ശേഷമുള്ള ഭാഗത്ത്    രണ്ടു കട്ടിലിടുവാനുള്ള നീളവും വീതിയും തൊഴുവത്തിന് ഉണ്ടായിരുന്നു.  ആരെങ്കിലും വിശേഷാൽ വന്നാൽ ഇരുന്ന് സംഭാഷണത്തിന് കൂടുതലും    ഉപയോഗിച്ചിരുന്നത് ഈ തൊഴുവത്തിന്റെ തിണ്ണയായിരുന്നു. 

2015, ഏപ്രിൽ 1, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -5 ( കളിക്കിടയിൽ ഒരു മരണം )


എന്റെ ബാല്യകാലത്ത് ഗുരു. ചെങ്ങന്നൂരിന്റെ ധാരാളം     വേഷങ്ങൾ  കാണാൻ സാധിച്ചിട്ടുണ്ട്. ആശാന്റെ   കാട്ടാളനും  ഹനുമാനും രാവണനും  ദുര്യോധനനും രൗദ്രഭീമനും   കാണാൻ സാധിച്ചിട്ടുണ്ട്.  തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ ആശാന്റെ കംസവധത്തിൽ കംസൻ  കണ്ട നേരിയ ഓർമ്മയും ഉണ്ട്.   അദ്ദേഹത്തിൻറെ ഒരേ ഒരു പച്ചവേഷം കണ്ടിട്ടുള്ളത് കിർമ്മീരവധത്തിൽ ധർമ്മപുത്രർ .  മാത്രമാണ്.  ആലുംതുരുത്തി,  വളഞ്ഞവട്ടം ക്ഷേത്രത്തിൽ വെച്ച്.     ശ്രീ. വെണ്‍പാലാ   (തിരുവല്ല) ശ്രീധരൻ പിള്ളയുടെ പാഞ്ചാലിയും   ശ്രീ.  മങ്കൊമ്പ് ആശാന്റെ ലളിതയും, എന്റെ പിതാവിന്റെ  ശ്രീകൃഷ്ണനുമായിരുന്നു.      

 മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ കളികളാണ് മുടങ്ങാതെ കണ്ടിട്ടുള്ളത്. ഉത്സവക്കളിക്ക്  സൌഗന്ധികവും കിരാതവും പതിവായിരുന്നു.   എന്റെ ഓർമ്മയിൽ പണ്ട് കണ്ടിയൂരിൽ    നടന്നിട്ടുള്ള മിക്ക  സൌഗന്ധികത്തിലും  ഭീമസേനൻ എന്റെ പിതാവ് തന്നെയായിരിക്കും  ഗുരു. ചെങ്ങന്നൂർ, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ, ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാൻ, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാൻ   എന്നിവരുടെ ഹനുമാൻ കണ്ടിയൂർ ക്ഷേത്രത്തിൽ ഉണ്ടായി കണ്ടിട്ടുണ്ട്.    


                           ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

                             ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

                          ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

ശ്രീ. മങ്കൊമ്പ് ആശാൻ പുരുഷവേഷം ചെയ്തു തുടങ്ങിയ കാലഘട്ടത്തിലെ  തൃക്കണ്ടിയൂർ ക്ഷേത്രത്തിലെ  ഒരു ഉത്സവ  കളിക്ക്  സൌഗന്ധികവും ദുര്യോധനവധവുമായിരുന്നു അവതരിപ്പിച്ച കഥകൾ.  എന്റെ പിതാവിന്റെ  ഭീമനും, ശ്രീകൃഷ്ണനും,  ചെങ്ങന്നൂർ ആശാന്റെ ഹനുമാൻ,   മടവൂർ ആശാന്റെ ദുര്യോധനൻ, ചിറക്കര മാധവൻ  കുട്ടി ചേട്ടന്റെ പാഞ്ചാലി, ചെന്നിത്തല രാഘവൻ പിള്ളയുടെ ദുശാസനൻ, മങ്കൊമ്പ് ആശാന്റെ രൌദ്രഭീമൻ എന്നിങ്ങനെ ആയിരുന്നു വേഷങ്ങൾ. ശ്രീ. മങ്കൊമ്പ് ആശാൻ ചങ്ങനാശേരിയിലെ ഒരു  ക്ഷേത്രത്തിൽ സീതാസ്വയംവരത്തിലെ  ശ്രീരാമൻ കഴിഞ്ഞ് ചുട്ടിയോടെ കാറിൽ കണ്ടിയൂർ ക്ഷേത്രത്തിലെത്തിയാണ്  രൌദ്രഭീമൻ ചെയ്തത്. ഒരു കളികഴിഞ്ഞ് മറ്റൊരു കളിസ്ഥലത്ത് ഒരു കലാകാരൻ എത്തി വേറൊരു വേഷം ചെയ്തു കാണുന്ന എന്റെ ആദ്യ അനുഭവം അതായിരുന്നു. 

ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാനെയും ശ്രീ. വൈക്കം കരുണാകരൻ നായർ ആശാനെയും    ആദ്യമായി കാണുന്നത് കണ്ടിയൂർ ക്ഷേത്രത്തിൽ  വെച്ചാണ്. നളചരിതം ഒന്നാം ദിവസവും സുഭദ്രാഹരണവുമായിരുന്നു അന്ന് അവതരിപ്പിച്ച കഥകൾ.   സുഭദ്രാഹരണത്തിൽ രാമൻകുട്ടി ആശാന്റെ ബലഭദ്രനും കരുണാകരൻ ആശാന്റെ കൃഷ്ണനും ആയിരുന്നു വേഷങ്ങൾ. സുഭദ്രാഹരണ വാർത്തയറിഞ്ഞ് കോപിഷ്ടനായ ബലരാമനെ ശ്രീകൃഷ്ണൻ  സ്വാന്തനപ്പെടുത്തി പിന്നീട് അർജുന-സുഭദ്രാ ദമ്പതികളെ സന്ദർശിച്ച് ബലരാമനെക്കൊണ്ട് അവർക്ക്    വിവാഹ സമ്മാനങ്ങൾ നൽകിപ്പിക്കുകയും  ചെയ്യുന്നതിനിടെ   ബലരാമൻ അറിയാതെ ഞാൻ 'എന്തു കഷ്ടപ്പെട്ടാണ് ചേട്ടനെ സമാധാനപ്പെടുത്തി കൂട്ടി വന്നത് ' എന്ന് ദമ്പതികളെ അറിയിക്കുന്ന കരുണാകരൻ ആശാന്റെ  കള്ളകൃഷ്ണനെ ഇന്നും സ്മരണയിൽ ഉണ്ട്.  

ഈ കാലയളവിൽ ചങ്ങനാശേരി കാവിൽ ഒരു കളിയും കഴിഞ്ഞ് വളരെ വൈകിയാണ് എന്റെ പിതാവ് വീട്ടിൽ എത്തിയത്. എന്റെ അമ്മയും മുത്തശ്ശിയുമെല്ലാം അച്ഛൻ വരാൻ വൈകുന്തോറും എന്തുകൊണ്ടോ  പരിഭ്രമിച്ചു കാണപ്പെട്ടിരുന്നു. വീട്ടിൽ ആകപ്പാടെ  മൂകത നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു അന്ന്. ഏതാണ്ട് വൈകിട്ട് അഞ്ചരമണിയോടെ   വീട്ടിൽ എത്തിയ പിതാവിന്റെ മാനസീകാവസ്ഥ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു. പിന്നീട് അച്ഛനിൽ നിന്നും ഞങ്ങൾ മനസിലാക്കിയ വിവരം ഇപ്രകാരമായിരുന്നു. 

ചങ്ങനാശേരി കാവിൽ  കളിക്ക് രണ്ടാമത്തെ കഥ ദുര്യോധനവധം ആയിരുന്നു. തിരുവല്ലയിലെ ഒരു ആശാൻ ആയിരുന്നു ദുശാസനൻ.  എന്റെ പിതാവിന്റെ രൌദ്രഭീമനും.  ഭഗവത്ദൂത് കഴിഞ്ഞ് പാണ്ഡവരെ യുദ്ധത്തിൽ നേരിടുവാൻ ദുര്യോധനൻ ദുശാസനനു  ഗദ നൽകി അനുഗ്രഹിച്ച് അയച്ചു. ഗദയുമായി ദുശാസനൻ രൗദ്രഭീമനെ നേരിടുവാൻ സദസ്യരുടെ നടുവിൽ എത്തുകയും ചെയ്തു.  അരങ്ങിൽ തിരശീല അൽപ്പം താഴ്ത്തി  രൗദ്രഭീമൻ യുദ്ധക്കളം നോക്കി കണ്ട്  ശതൃവിനെ തേടുകയാണ്.   ഗദയുമായി സദസ്യരുടെ ഇടയിൽ നിന്നിരുന്ന ദുശാസനൻ പെട്ടെന്ന് താഴേക്കിരുന്ന് പിന്നോട്ട് മറിഞ്ഞു വീണു. പിന്നീട് ഒരു അനക്കവും ഇല്ല. എന്തോ അസംഭാവിതം ഉണ്ടായി എന്ന് മനസിലാക്കിയ സദസ്യർ എഴുനേറ്റ് ദുശാസനന്റെ സമീപത്തേക്ക് ഓടിയെത്തി.  ദുശാസനന്  മരണം സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കുവാൻ അധിക സമയം വേണ്ടിവന്നില്ല. നടന് ഹൃദയ സ്തംഭനം സംഭവിച്ചു എന്നാണ് എല്ലാവരും വിധി എഴുതിയത്. രൌദ്രഭീമനും കളി നിർത്തി. തിരശീല താഴെയിട്ട് അണിയറക്കാരും  പിന്നാലെ  പാട്ടുകാരും മേളക്കാരും തങ്ങളുടെ  വാദ്യ ഉപകരണങ്ങൾ താഴെ വെച്ച് ദുശാസനന്റെ  സമീപത്തെത്തി. എങ്ങിനെയൊക്കെയോ ആ കലാകാരന്റെ ശരീരത്തുനിന്നും വേഷം അഴിച്ച് മുഖത്തെ തേപ്പും തുടച്ച് ആ ശരീരം ക്ഷേത്രത്തിന്റെ കൊമ്പൌണ്ടിനു വെളിയിൽ എത്തിക്കുകയും അവിടെനിന്നും തിരുവല്ലയിലെ അദ്ദേഹത്തിൻറെ വസതിയിൽ എത്തിക്കുകയുമായിരുന്നു. 
സഹനടന്റെ ദേഹം അഗ്നിദേവനു സമർപ്പിച്ചതിനു ശേഷമാണ് എല്ലാ കലാകാരന്മാരും മടങ്ങിയത്.  

ശ്രീവല്ലഭൻ എന്നെ രക്ഷിച്ചു. രൗദ്രഭീമനും ദുശാസനനും തമ്മിലുള്ള യുദ്ധ രംഗത്തിനിടയിൽ ദുശാസനനടന് മരണം സംഭവിച്ചിരുന്നു എങ്കിൽ  കൊലക്കുറ്റത്തിന്റെ പഴി എന്റെ ചുമലിൽ വീഴുമായിരുന്നു. അങ്ങിനെയായാൽ എന്റെ കലാജീവിതം പാഴായിപോകുമായിരുന്നു    എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട്  അച്ഛൻ  രൗദ്രഭീമന്റെ വേഷം ചെയ്യുന്നതിൽ നിന്നും പരമാവധി ഒഴിഞ്ഞു നിന്നിരുന്നു. 
ഈ സംഭവത്തിനു ശേഷം എന്നിൽ നിന്നോ എന്റെ സഹോദരങ്ങളിൽ നിന്നോ അച്ഛനു പിടിക്കാത്ത എന്തെങ്കിലും പ്രവർത്തി ഉണ്ടായാൽ "തിരുവല്ലയിലെ ആശാന്റെ ശവം പുലർച്ചയിൽ അദ്ദേഹത്തിൻറെ വീട്ടിൽ  എത്തിയതു പോലെ ഒരു ദിവസം പുലർച്ചയിൽ  എന്റെ ശവവും നിങ്ങളുടെ മുൻപിൽ എത്തും" എന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്‌.  അതുകൊണ്ടു തന്നെ   അച്ഛൻ കളിക്ക് പോയിട്ട് മടങ്ങി വരാൻ താമസിക്കുമ്പോൾ പലപ്പോഴും ഞങ്ങൾ ഭയന്നിട്ടുമുണ്ട് .