പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത് അനുസ്മരണം-(1)

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15 -മത് അനുസ്മരണം 24-11- 2013 -ന് ചെന്നിത്തലയിൽ ആഘോഷിച്ചപ്പോൾ പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളെ ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ- സാംസ്കാരിക സമിതി ഈ വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു.   ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾ നടത്തിയ അനുസ്മരണ പ്രസംഗത്തിന്റെ ഉള്ളടക്കം: 

                                            ഫാക്റ്റ് പത്മനാഭൻ 

ഞാൻ താമസിക്കുന്നത് തൃപ്പൂണിത്തുറയിൽ ആണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം തിരുവല്ലയിലാണ്. തിരുവല്ലയും ചെന്നിത്തലയും തമ്മിൽ വലിയ അകലം ഇല്ല. എന്റെ 12-മത്തെ വയസ്സിൽ കഥകളി അരങ്ങേറ്റം കഴിഞ്ഞ് ചില്ലറ വേഷങ്ങളൊക്കെ കെട്ടി വന്ന കാലം. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, മങ്കൊമ്പ് ശിവശങ്കരപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള എന്നീ 'പിള്ളത്രയങ്ങൾ' എന്നും  'ത്രിമൂർത്തികൾ' എന്നുമൊക്കെ അറിയപ്പെട്ട് തെക്കൻ ദിക്കുകളിലെ കളിയരങ്ങുകൾ അടക്കി വാണിരുന്ന കാലഘട്ടം. ആ കാലം മുതലേ ഞാൻ ചെല്ലപ്പൻ പിള്ള ചേട്ടനുമായി വളരെ കൂടുതൽ അടുപ്പം പാലിച്ചിരുന്നു. അന്നു മുതലേ 'എടാ കുഞ്ഞേ', 'എടാ മക്കളേ', 'എടാ പത്മനാഭാ' എന്നിങ്ങനെ സന്ദർഭങ്ങൾക്കനുസരിച്ച്   മൂന്നു തരത്തിലുള്ള സംബോധനകൾ കൊണ്ട് അകലമില്ലാത്ത ആത്മാർത്ഥതയും വാൽസല്ല്യവുമാണ്   ചേട്ടൻ എന്നോട്  പ്രകടിപ്പിച്ചിരുന്നത്.  പല സംഘടനകളുടെയും പുരസ്കാരങ്ങൾ സ്വീകരിച്ചിട്ടുള്ള എനിക്ക്, എന്നോട് വളരെ അടുപ്പവും വാത്സല്യവും ആത്മാർത്ഥതയും നിറഞ്ഞു നിന്നിരുന്ന ചെന്നിത്തല ചേട്ടന്റെ പേരിലുള്ള  പുരസ്‌കാരം സ്വീകരിക്കുമ്പോൾ   ഏറ്റവും അധികം സന്തോഷവും, ഒരു പ്രത്യേക വികാരവുമാണ് എനിക്ക് അനുഭവപ്പെട്ടത്. ചെല്ലപ്പൻ ചേട്ടന്റെ പേരിലുള്ള പുരസ്കാരം    എനിക്ക് നൽകുവാൻ  സന്മനസ്സു കാണിച്ച സമിതിയുടെ സംഘാടകർക്കും അവാർഡു ദാനത്തിന് സാക്ഷ്യം വഹിച്ച നിങ്ങൾ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി  രേഖപ്പെടുത്തുന്നു. 

ചേട്ടനെ കുറിച്ച് അനുസ്മരിക്കുവാൻ ധാരാളമുണ്ട്.  വളരെ വേഗം പറഞ്ഞു തീർക്കണമെന്നാണ്  സംഘാടകരുടെ നിർദ്ദേശം. എങ്കിലും പറയാതിരിക്കുവാൻ പറ്റുകയില്ല. ക്ഷമിക്കുക. അക്കാലത്ത് ഒരു കഥകളി കഴിഞ്ഞാൽ അടുത്ത ദിവസം കലാകാരന്മാർ ഒന്നുചേർന്ന് അവതരിപ്പിച്ച കഥാപാത്രങ്ങളെ വിലയിരുത്തുക, പാത്രബോധം, പാത്രസൃഷ്ടി, ഔചിത്യബോധം, സന്ദർഭോചിതമായ  ഇളകിയാട്ടങ്ങൾ,    മനോധർമ്മം, പുരാണജ്ഞാനം എന്നിവ ചർച്ച ചെയ്യുക പതിവായിരുന്നു. അപ്പോൾ പലപ്പോഴും ഞാൻ ഒരു കേൾവിക്കാരൻ മാത്രമായിരിക്കും. ചിലപ്പോൾ സംശയങ്ങൾ ചോദിച്ചിട്ടുമുണ്ട്. ഇങ്ങിനെയുള്ള അനുഭവങ്ങളിൽ പുരാണജ്ഞാനമുള്ള ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയ കലാകാരന്മാരുമായി  അഭിപ്രായം പങ്കിട്ടിരുന്നതിലൂടെ  പല വേഷങ്ങൾ ചെയ്യാനുള്ള പ്രചോദനവും പ്രയോജനവും   നേടാൻ എനിക്ക് സാധിക്കുകയും തുടർന്ന്  എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചെല്ലപ്പൻ പിള്ള ചേട്ടനോട് ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. 

രുഗ്മാംഗദൻ- മോഹിനി, ഹംസം- ദമയന്തി, കൃഷ്ണൻ- രുഗ്മിണി, കൃഷ്ണൻ- പാഞ്ചാലി, കചൻ- ദേവയാനി, കർണ്ണൻ- കുന്തി, ഹരിശ്ചന്ദ്രൻ- ചന്ദ്രമതി എന്നിങ്ങനെ ചേട്ടനോടൊപ്പം ഞാൻ അരങ്ങു പങ്കിട്ടിരുന്ന എത്രയോ രാവുകൾ, ആ രാവുകളെല്ലാം തന്നെ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെയായിരുന്നു. ഒരു കളി കഴിഞ്ഞ് അടുത്ത കളി സ്ഥലത്തേക്ക് ഒന്നിച്ച് യാത്രചെയ്യുന്ന  പല സന്ദർഭങ്ങളിലും എന്നെ നിർബ്ബന്ധിച്ച്‌ ചേട്ടന്റെ വീട്ടിലേക്കു കൂട്ടിപ്പോവുകയും അവിടെ ഊണും ഉറക്കവും കഴിഞ്ഞ് അടുത്ത കളിസ്ഥലത്തേക്ക് യാത്രയായിട്ടുണ്ട്. 

തിരുവല്ലായിൽ ഒരു കളിക്കു ചെന്നാൽ ചേട്ടന്റെ അനുജൻ ശങ്കരനാരായണൻ ചേട്ടൻ അവിടെ ഉണ്ടാകും. ചേട്ടൻ  വേഷം കഴിഞ്ഞു അണിയറയിൽ എത്തിയാൽ ശങ്കരനാരായണൻ ചേട്ടൻ ചെല്ലപ്പൻ ചേട്ടന് നാരങ്ങാവെള്ളവുമായി എത്തും. ചേട്ടൻ പകുതി കുടിച്ചിട്ട് ബാക്കി  എനിക്ക് തരും അല്ലെങ്കിൽ "എടാ ഒന്നു കൂടി വാങ്ങി വാ"  എന്ന് ശങ്കരനാരായണൻ ചേട്ടനോട് പറഞ്ഞ് വാങ്ങി, അത് എനിക്ക് നൽകും. അത്രകണ്ട് എന്നെ ചേട്ടൻ സ്നേഹിച്ചിരുന്നു. ചേട്ടനുമൊത്തുള്ള യൂറോപ്യൻ പര്യടന വേളയിൽ ചേട്ടന്  പാന്റും,  ഷൂസം ധരിച്ച് ശീലമില്ലാത്തതിനാൽ, അതെല്ലാം ശ്രദ്ധിക്കുന്ന ചുമതല എനിക്കായിരുന്നു. പലപ്പോഴും പാന്റുധരിച്ച ശേഷം  പാന്റിനു മുകളിലൂടെ ചേട്ടന്റെ കൗപീനത്തിന്റെ കുറച്ചു ഭാഗം വെളിയിൽ കാണും. അത് ചേട്ടന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്റെ ജോലിയായിരുന്നു. 

 അസുഖം ബാധിച്ച് കളിക്ക് പോകാൻ സാധിക്കാതെ വിശ്രമിച്ചിരുന്ന സമയങ്ങളിൽ, തെക്കൻ നാട്ടിലെ കളി കഴിഞ്ഞു മടങ്ങുമ്പോൾ ഞാൻ ചേട്ടനെ വീട്ടിൽ പോയി കാണും. തലേനാളിലെ കളിയുടെവിവരങ്ങൾ, നടന്മാരുടെയും വേഷവിവരങ്ങൾ എന്നിവ എന്നോട്      ചേട്ടൻ ചോദിച്ചറിയും. കളിക്ക് പോകാൻ സാധിക്കാത്ത ഒരു കലാകാരന്റെ മാനസീകാവസ്ഥ മനസിലാക്കി പിന്നീട് ആ യാത്ര ഞാൻ കുറച്ചു. ചേട്ടൻ പിന്നീട് മകൻ അംബുജന്റെ കൂടെ മദ്രാസിൽ പോയി അപ്പോളോ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയപ്പോൾ ഞാൻ പോയി കണ്ടിരുന്നു. 

"എടാ ഉവ്വേ! എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അപ്പോളോക്കാർ പറയുന്നു.  എന്നെ വീട്ടിൽ കൊണ്ടു വിടൂ,   ഞാൻ അവിടെ കിടന്നു മരിച്ചോളാമെന്ന് ഞാൻ അംബുജനോട് പറഞ്ഞു. അങ്ങിനെ ഞാൻ ഇങ്ങു പോന്നു" എന്നാണ്   ചേട്ടൻ ഒരു ലാഘവത്തോടെ പറഞ്ഞത്. അദ്ദേഹത്തിൻറെ മരണശേഷം ആ ഭൌതീകശരീരം ദഹനം ചെയ്യപ്പെടുന്നത് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. എല്ലാം ഗുരുനാഥന്മാരുടെ അനുഗ്രഹം. 

'എടാ കുഞ്ഞേ', 'എടാ മക്കളേ', 'എടാ പത്മനാഭാ' എന്നിങ്ങനെയുള്ള ചെല്ലപ്പൻ ചേട്ടന്റെ എന്നോടുള്ള സംബോധനകളും  വികാരാധീനനാകുന്ന  സന്ദർഭങ്ങളിൽ  "എന്റെ അപ്പൂപ്പനാണെ സത്യം" എന്നുള്ള അദ്ദേഹത്തിൻറെ വാക്കുകളും എന്റെ കാതുകളിൽ  ഇപ്പോഴും മുഴങ്ങുന്നുണ്ട്. 
           (ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ-സാംസ്കാരിക സമിതി) 

ചെല്ലപ്പൻ ചേട്ടന്റെ പേരിൽ ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന കലാസ്ഥാപനം വളരെ നല്ല രീതിയിൽ ഉയരട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഒരിക്കൽ കൂടി ഇതിന്റെ സംഘടകർക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടും ഞാൻ നിർത്തുന്നു. 

2013, നവംബർ 15, വെള്ളിയാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കംസവധം (2)


ഗോകുലത്തിലേക്ക് കാലടി വെച്ച കൃഷ്ണഭക്തനായ   അക്രൂരന് ഗോകുലമാകെ കാണുന്നത്   ഭഗവാൻ കൃഷ്ണൻറെ കാൽപ്പാടുകൾ  എന്ന് മനസിലാക്കി. ഭക്തിസാഗരത്തിൽ മുഴുകിയ അക്രൂരൻ കൃഷ്ണൻറെ പാദം പതിഞ്ഞ മണ്ണെടുത്ത് ശരീരത്തിൽ വിതറി ധന്യത നേടി. കൃഷ്ണൻറെ കാലടികൾ പതിഞ്ഞ ഈ മണ്‍തരികൾ എത്ര  പുണ്യം ചെയ്തവയാണ്. ഈ പുണ്യ ഭൂമിയിലെ മണ്‍തരികളിൽ ഒരു പുല്ലായികുരുത്താൽ എന്റെ ജന്മം സഫലമാകും എന്ന് ചിന്തിച്ചു കൊണ്ട് സഞ്ചരിക്കുന്ന അക്രൂരൻ മനോഹരമായ ഗോവർദ്ദന ഗിരിയും കാളിന്ദീ നദിയും കണ്ട് വന്ദിച്ചു.  ദിനന്തോറും കൃഷ്ണൻ നീരാടുന്ന കാളിന്ദി നദിയിലെ പുണ്യ  ജലം,  അക്രൂരൻ തന്റെ കൈകളാൽ  എടുത്ത് ശരീരത്തിൽ തളിച്ച് നിർവൃതി നേടി. 

അക്രൂരൻ

                                            അക്രൂരൻ (ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള)

ഗോകുല വാസികളുടെ സന്ധ്യാ നാമ ജപങ്ങളും, കൃഷ്ണനെ സ്തുതിച്ചുകൊണ്ടുള്ള ഗോപികമാരുടെ നൃത്തങ്ങളും നിറഞ്ഞ കാഴ്ചകളെല്ലാം  കണ്ടാനന്ദിച്ചു കൊണ്ട് ഭക്തിപൂർവ്വം അക്രൂരൻ നന്ദഭവനത്തിലേക്ക് പ്രവേശിക്കുന്നതോടെ രംഗം അവസാനിക്കുന്നു. 
അക്രൂരൻ ആനന്ദ മൂർത്തിയായ കൃഷ്ണനെ ചിന്ത ചെയ്തു കൊണ്ട് രാമകൃഷ്ണന്മാരുടെ മുൻപിൽ എത്തുന്നതാണ് അവതരിപ്പിച്ച അടുത്ത രംഗം. 

                                                        ബലരാമൻ, കൃഷ്ണൻ , അക്രൂരൻ

ഭഗവാന്റെ ചഞ്ചലമണികുണ്ഡലപുഞ്ചിരി കടാക്ഷങ്ങൾ നിറഞ്ഞ തിരുമുഖം, ഗോപികാകുചകുങ്കുമശോഭിതമാകുന്ന തിരുമാറും, കേശാദിപാദപത്മങ്ങളും അക്രൂരൻ മനസാ ദർശിക്കുന്നു. ദുഷ്ടനായ കംസൻ കാരണം തനിക്കു ലഭിച്ച ഈ മഹാഭാഗ്യത്തെ അക്രൂരൻ നന്ദിയോടെ സ്മരിച്ചു. ലോകപാലകനായ കൃഷ്ണൻ തന്നെ കാണുമ്പോൾ "അക്രൂരാ വന്നാലും എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിൻറെ തൃക്കൈകൊണ്ട് പിടിച്ചു തന്നെ സ്വീകരിക്കും' എന്ന് ചിന്തിച്ചു കൊണ്ട് രാമകൃഷ്ണന്മാരുടെ മുൻപിൽ എത്തി അക്രൂരൻ അവരെ നമസ്കരിച്ചു.  കൃഷ്ണൻ അക്രൂരനെ സ്വീകരിച്ചിരുത്തി.

 സൽഗുണങ്ങൾ നിറഞ്ഞ അല്ലയോ ഗാന്ദിനീനന്ദനാ!, സ്വാഗതം. ബന്ധു മിത്രാദികൾക്കെല്ലാം സുഖമല്ലേ? എന്റെ മാതാപിതാക്കൾ ഞാൻ നിമിത്തം എന്റെ മാതുലനായ കംസനാൽ ദു:ഖം അനുഭവിച്ചു. അങ്ങ് ഇവിടെ എത്തിയത്  കംസൻറെ നിയോഗം എന്ന് ഞാൻ അറിയുന്നു. അങ്ങേയ്ക്ക് മംഗളം ഭവിക്കും എന്ന് കൃഷ്ണൻ അക്രൂരനെ ആശീർവദിച്ചു.

കംസരാജൻ നിഷ്കരുണം അങ്ങയുടെ മാതാപിതാക്കളെ കാരാഗൃഹത്തിൽ അടച്ചു ദുഖിപ്പിച്ചു. കംസൻ  നടത്തുന്ന ചാപമഹോത്സവം കാണാൻ അങ്ങ് ഗോപീജനത്തോടെ  എത്തുവാൻ അദ്ദേഹം ക്ഷണിച്ചിരിക്കുന്നു. കടുത്തവിരോധം കൊണ്ട് നിങ്ങളെ ജയിക്കുവാൻ ദുഷ്ടനായ കംസൻ ശ്രമിക്കുന്നു. അങ്ങയുടെ മാഹാത്മ്യം ആ ദുഷ്ടന്മാർക്ക് അറിയുവാനാവില്ല എന്ന് അക്രൂരൻ കൃഷ്ണനെ അറിയിച്ചു. 

കൃഷ്ണൻ: അല്ലയോ അക്രൂരാ ഞാൻ ആ കംസൻറെ മനസ് അറിയുന്നു. നാം ഒട്ടും അമാന്തിക്കാതെ യാത്രയാവുകയല്ലേ? (ആക്രൂരനെ ശ്രദ്ധിച്ച്) എന്താണ് അങ്ങയുടെ മുഖം മ്ലാനമായിരിക്കുന്നത് ?

അക്രൂരൻ: അല്ലയോ രാമകൃഷ്ണന്മാരേ,  ചാപ മഹോത്സവത്തിന് ആവശ്യമായ ഗോരസങ്ങളുമായി നിങ്ങളെ കൂട്ടിചെല്ലുവാനാണ് കംസൻ എന്നെ നിയോഗിച്ചിരിക്കുന്നത്.    നിങ്ങളെ  നേരിടാൻ മദയാനയെയും  മല്ലന്മാരെയും കംസൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.  ഇത് ചതിയാണ്. 

കൃഷ്ണൻ: എനിക്ക് നന്നായി അറിയാം. ആ ദുഷ്ടന്റെ നാശം അടുത്തിരിക്കുന്നു. 
കൃഷ്ണൻ മാതാപിതാക്കന്മാരുടെ അനുവാദം വാങ്ങി. മധുരാപുരിയിലേക്ക് ഗോരസങ്ങളുമായി യാത്ര തിരിക്കുവാൻ ഗോപന്മാർക്ക് നിർദ്ദേശം നൽകി. വിഷാദരായി കാണപ്പെട്ട  ഗോപികമാരെ കൃഷ്ണൻ ആശ്വസിപ്പിച്ചു.   ബലരാമനും കൃഷ്ണനും  അക്രൂരനും രഥത്തിൽ യാത്ര ആരംഭിച്ചു.


                                                        ബലരാമൻ, കൃഷ്ണൻ , അക്രൂരൻ


                                                        മധുരാപുരിയിലേക്കുള്ള യാത്ര

യാത്രാമദ്ധ്യേ യമുനാനദി കണ്ട അക്രൂരൻ രഥം നിർത്തി, യമുനയിൽ സ്നാനം ചെയ്തു വന്ദിക്കുവാൻ  കൃഷ്ണനോട് അനുവാദം ചോദിച്ചു. കൃഷ്ണന്റെ അനുവാദത്തോടെ യമുനയിൽ മുങ്ങിയ അക്രൂരന് നദിയുടെ അന്തർ ഭാഗത്ത് ശ്രീരാമകൃഷ്ണന്മാരെ കണ്ട് ആശ്ചര്യപ്പെട്ടു. നദിയിലെ ജലത്തിന് മുകളിലേക്ക് ഉയർന്ന് രഥത്തിലേക്ക്  നോക്കി. രാമകൃഷ്ണന്മാർ രഥത്തിൽത്തന്നെ  ഇരിക്കുന്നതു കണ്ടു. തന്റെ മനസിന്റെ തോന്നലാകും എന്നു  കരുതി അക്രൂരൻ  വീണ്ടും നദിയിൽ മുങ്ങി. നദിയുടെ അന്തർഭാഗത്ത് ചതുർബാഹുക്കളിൽ ശംഖു, ചക്ര, ഗദാ, പത്മത്തോടു കൂടി ഭഗവത് ദർശനം കണ്ട അക്രൂരൻ ജലത്തിൽ നിന്നും ഉയർന്ന് വീണ്ടും രഥത്തിൽ ശ്രദ്ധിച്ചു. ഭഗവാൻ കൃഷ്ണൻ രഥത്തിൽത്തന്നെയുണ്ട്. തന്റെ  മനസിന്റെ ചഞ്ചലത്തമാണ് ഈ ദർശിക്കുന്നത് എന്ന് കരുതി വീണ്ടും അക്രൂരൻ നദിയിൽ മുങ്ങുമ്പോൾ ജലത്തിനടിയിൽ വൈകുണ്ഠദർശനം സാദ്ധ്യമാകുന്നു. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് കൃഷ്ണൻ എന്നും അദ്ദേഹത്തിൻറെ ലീലാവിനോദമാണ്‌ യമുനാനദിയിൽ താൻ കണ്ടത് എന്നും മനസിലാക്കിയ അക്രൂരൻ നദിയിൽ നിന്നും കര കയറി കൃഷ്ണനെ ഭക്തിപുരസ്സരം  നമസ്കരിച്ചു. കൃഷ്ണൻ അക്രൂരനെ സ്നേഹപൂർവ്വം പിടിച്ച് എഴുനേൽപ്പിച്ച് അനുഗ്രഹിച്ചു. 

വീണ്ടും യാത്ര തുടർന്നു. മധുരാപുരിയുടെ സമീപം എത്തിയപ്പോൾ രഥം നിർത്താൻ കൃഷ്ണൻ അക്രൂരനോട് ആവശ്യപ്പെട്ടു. ഞങ്ങളുടെ ആഗമന വൃത്താന്തം അങ്ങ് ദയവായി കംസനെ അറിയിച്ചാലും. ഞങ്ങൾ ഈ മധുരാപുരി ഒന്ന് ചുറ്റിക്കണ്ടശേഷം അവിടെ എത്താം എന്ന് അറിയിച്ചു കൊണ്ട് രാമകൃഷ്ണന്മാർ അക്രൂരനെ സ്നേഹപൂർവ്വം ആശ്ലേഷിച്ച്‌  യാത്രയാക്കി. രാമകൃഷ്ണന്മാരുടെ ധനാശിയോടെ രംഗം അവസാനിച്ചു. 


   ബലരാമൻ, കൃഷ്ണൻ , അക്രൂരൻ  

                                                      ബലരാമൻ, കൃഷ്ണൻ , അക്രൂരൻ

                                         ബലരാമൻ, കൃഷ്ണൻ

പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള അവർകളുടെ മകനായ ശ്രീ. കലാമണ്ഡലം രതീശൻ കംസനായും, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ശിഷ്യനായ ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള അക്രൂരനായും,   കഥകളി കലാകാരൻ  ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരിയുടെ മകൻ ശ്രീ. കലാമണ്ഡലം രാജീവൻ ശ്രീകൃഷ്ണനായും ശ്രീ. ആർ.എൽ.വി. പ്രമോദ് ബലരാമനായും വേഷമിട്ടു.  ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. പരിമണം മധു എന്നിവർ സംഗീതവും പ്രസിദ്ധ കഥകളി ചെണ്ട ആചാര്യൻ ശ്രീ. ആയാംകുടി കുട്ടപ്പൻ മാരാരുടെ മകൻ ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ ചെണ്ടയും, കഥകളി കലാകാരൻ, നർത്തകൻ, ജോതിഷ പണ്ഡിതൻ എന്നീ നിലയിൽ പ്രസിദ്ധനായ ശ്രീ. ചേപ്പാട് ശങ്കരവാര്യരുടെ മകൻ ശ്രീ. കലാമണ്ഡലം അച്യുതവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. 
ശ്രീ. കലാമണ്ഡലം രവികുമാർ, ശ്രീ. സദനം അനിൽ എന്നിവർ ചുട്ടിയും,  ശ്രീ. കോട്ടക്കൽ കുഞ്ഞിരാമൻ, ശ്രീ. രമേഷ് എന്നിവർ അണിയറ ജോലികളും ചെയ്തു. 

ഭക്തി പ്രധാനമായ കംസവധം കഥകളിയുടെ "അക്രൂരാഗമനം" എന്ന ഭാഗത്തിന്റെ  അവതരണം വളരെ ഭംഗിയായി. ഗംഭീരം എന്നൊന്നും  പറയുന്നില്ല. 
കളിയുടെ അവതരണത്തിൽ വിമർശനപരമായി എന്റെ മനസ്സിൽ തോന്നുന്ന അഭിപ്രായം എഴുതിയാൽ കഥകളി  കലാകാരന്മാരുമായി നിലവിലുള്ള സ്നേഹബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ് എന്റെ സമീപകാല അനുഭവം. അതുകൊണ്ട് ആ സാഹസത്തിലേക്ക് ഞാൻ കടക്കുന്നില്ല. 
*************************************************************************************************************
                  *കംസവധം കഥകളി സ്മരണകൾ* 

 എന്റെ വളരെ ചെറുപ്പത്തിൽ ചെങ്ങന്നൂർ ആശാന്റെ കംസനും മാങ്കുളത്തിന്റെ കൃഷ്ണനും കണ്ട നേരിയ ഓർമ്മയുണ്ട്. ആലപ്പുഴ ജില്ലയിലെ എരുവയിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവല്ല ശ്രീവല്ലഭക്ഷേത്രം എന്നിവിടങ്ങളിൽ മാങ്കുളം വിഷ്ണുനമ്പൂതിരി , വെല്ലംപാടി നീലകണ്ഠൻ നമ്പൂതിരി എന്നിവരുടെ കൃഷ്ണൻ, ഹരിപ്പാട്ട്‌ ആശാന്റെ കംസൻ  ചെന്നിത്തല ആശാന്റെ അക്രൂരൻ എന്നിങ്ങനെ പല തവണ കണ്ടിട്ടുണ്ട്.

1978 - 1979 കാലഘട്ടത്തിൽ മാലക്കര ആനന്ദവാടിയിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ അക്രൂരൻ, ചെന്നിത്തല ആശാന്റെ കംസൻ, മങ്കൊമ്പ് ആശാൻ , ചന്ദ്രമന ഗോവിന്ദൻ  നമ്പൂതിരി എന്നിവരുടെ മല്ലന്മാർ, മങ്ങാനം രാമപിഷാരടിയുടെ അരിഷ്ടൻ, ആനക്കാരൻ എന്നീ വേഷങ്ങൾ   കലാമണ്ഡലം ശേഖറിന്റെ സുദാമൻ  എന്നിങ്ങനെ അവതരിപ്പിച്ച കംസവധം, 1980- കളിൽ  തിരുവൻവണ്ടുരിൽ  മങ്കൊമ്പ്  ആശാന്റെ കംസൻ  മടവൂര് ആശാന്റെ അക്രൂരൻ, ചെന്നിത്തല ആശാന്റെ ആനക്കാരൻ എന്നിങ്ങനെ അവതരിപ്പിച്ച കംസവധം എന്നിവ സ്മരണയിൽ ഉണ്ട്. 

 മാങ്കുളത്തിന്റെ കാലഘട്ടത്തിൽ, അദ്ദേഹത്തിൻറെ കൃഷ്ണനും ഓയൂർ ആശാന്റെ അക്രൂരനും വെല്ലമ്പാടി നീലകണ്ഠൻ നമ്പൂതിരി, ആറ്റിങ്ങൽ കൃഷ്ണപിള്ള ആശാൻ എന്നിവരുടെ കംസനുമായി     തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കളികൾക്ക്   ധാരാളം കംസവധം  അവതരിപ്പിച്ചിട്ടുണ്ട്. 

2013, നവംബർ 8, വെള്ളിയാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കംസവധം (1)


ചെന്നൈ വിരുഗംപാക്കം മൈത്രീഹാളിൽ  27-10-2013, ഞായറാഴ്ച ഉത്തരീയം  കഥകളി സംഘടനയുടെ നേതൃത്വത്തിൽ കഥകളി ഡമോണ്‍ സ്റ്റേഷൻ, കംസവധം കഥകളി എന്നിവ അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം രവികുമാർ അവർകളാണ് ഡമോണ്‍ സ്റ്റേഷൻ അവതരിപ്പിച്ചത്.  

                                                         ശ്രീ. കലാമണ്ഡലം രവികുമാർ, 
                          ശ്രീ. കലാമണ്ഡലം അച്യുതവാര്യർ , ശ്രീ. കലഭാരതി ഉണ്ണികൃഷ്ണൻ
                                                         ശ്രീ. കലാമണ്ഡലം രവികുമാർ, 
                                       ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. പരിമണം മധു.

വൈകിട്ട് ആറര മണിക്ക് കംസവധം കഥകളി   ആരംഭിച്ചു. ഒരു കാലത്ത് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിൽ വളരെയധികം സ്വാധീനം ഉണ്ടായിരുന്ന കഥയാണ് കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ എഴുതിയ കംസവധം കഥകളി. ഈ കഥയുടെ സമ്പൂർണ്ണ അവതരണം ഇപ്പോൾ കഥകളിക്ക് പ്രാധാന്യമുള്ള തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലും, തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിലും, കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമാണ്  അവതരിപ്പിച്ചു  വരുന്നത്. കംസവധം കഥയിലെ ഒൻപത് രംഗങ്ങളിൽ ഭക്തി രസപ്രധാനമായ അക്രൂരാഗമനം ഉൾക്കൊള്ളുന്ന മൂന്നു രംഗങ്ങളാണ്  അവതരിപ്പിച്ചത്. കംസന്റെ തിരനോക്ക് കഴിഞ്ഞ്,  ഇരുന്നാട്ടവും  (തന്റേടാട്ടം), പൂർവരംഗ സൂചനയുൾപ്പെടുന്ന ആട്ടവുമാണ് അവതരിപ്പിച്ചത്.

                                                            കംസൻ (തിരനോട്ടം)

കംസന്റെ തന്റേടാട്ടത്തിൽ തനിക്കു സുഖം ഭാവിക്കുവാനുള്ള കാരണം എന്താണ് ?, ത്രിലോകത്തിൽ തന്നെ ജയിക്കാൻ  ശക്തിയുള്ളവർ ആരും ഇല്ല  എന്നു തുടങ്ങുന്ന  കംസന്റെ വീരപരാക്രമങ്ങളാണ് അവതരിപ്പിച്ചത്. ജരാസന്ധനെ സന്ധിച്ച്‌ അദ്ദേഹത്തിൻറെ രണ്ടു പുത്രിമാരെ തനിക്കു വിവാഹം ചെയ്തു തരണം എന്ന് ആഗ്രഹം അറിയിച്ചതും, അപ്പോൾ ജരാസന്ധൻ നീ ഒരു രാജാവാണോ എന്ന് ചോദിച്ച്, തന്റെ ആവശ്യത്തെ നിരാകരിച്ചതും, രാജാവും പിതാവുമായ  ഉഗ്രസേനനെ ബലമായി കാരാഗ്രഹത്തിൽ അടച്ച ശേഷം താൻ മധുരാപുരിയുടെ രാജാവായി അഭിഷേകം ചെയ്യുകയും  പിന്നീട്    ജരാസന്ധനെ സന്ധിച്ച് "ഞാൻ ഇപ്പോൾ രാജാവാണ്‌, അങ്ങയുടെ പുത്രിമാരെ എനിക്ക് വിവാഹം ചെയ്തു തരൂ എന്ന് ആവശ്യപ്പെട്ടതും തുടർന്ന് ജരാസന്ധപുത്രിമാരെ സ്വീകരിച്ചതുമാണ് പ്രധാനമായി അവതരിപ്പിച്ചത്. 

                                                 കംസൻ 
തുടർന്നുള്ള അവതരണത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരി യവ്വനയുക്തയായപ്പോൾ ഒരു അനുയോജ്യനായ ഒരു വരനെ (വസുദേവർ)   കണ്ടു പിടിച്ച് വിവാഹം ചെയ്തു കൊടുത്തു. വിവാഹശേഷം വധുവിനുള്ള ആഭരണങ്ങളും മറ്റുമായി തന്റെ തേരിൽ, ഞാൻ തന്നെ രഥം  തെളിച്ചു കൊണ്ട് വരന്റെ ഗൃഹത്തിലേക്ക് യാത്ര തിരിച്ചപ്പോൾ   നിന്റെ സഹോദരി പ്രസവിക്കുന്ന എട്ടാമത്തെ കുട്ടി നിന്നെ വധിക്കും എന്ന് അശരീരിയുണ്ടായി.  ഉടൻ തന്നെ ഞാൻ അവളെ കൊല്ലാൻ ശ്രമിച്ചപ്പോൾ വസുദേവർ തടഞ്ഞുകൊണ്ട് എന്തിനാണ് അവളെ കൊല്ലുന്നത്? ഇവൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം ഞാൻ അങ്ങയെ ഏൽപ്പിക്കാം എന്ന് അറിയിച്ചു. ഞാൻ അവർക്ക് ഉണ്ടായ ആറുകുട്ടികളെയും വധിച്ചു. അവളുടെ ഏഴാമത്തെ ഗർഭം അലസിപ്പോയി എന്നാണ് അറിയിച്ചത്. എട്ടാമതും അവൾ ഗർഭിണിയായപ്പോൾ ഞാൻ സുരക്ഷ ശക്തമാക്കി. എട്ടാമത് പിറന്നത്‌ പെണ്‍ശിശുവാണെന്ന് ഭടന്മാർ അറിയിച്ചു. ഞാൻ ആ കുട്ടിയെ വധിക്കാനായി ശ്രമിക്കുമ്പോൾ ആ കുട്ടി എന്റെ കയ്യിൽ നിന്നും മായാശക്തിയാൽ മേലേക്ക് ഉയർന്നുകൊണ്ട് "ഹേ! ദുഷ്ടനായ  കംസാ, നിന്റെ ശത്രു മറ്റൊരിടത്തു ജനിച്ചു കഴിഞ്ഞു. തേടി കണ്ടുപിടിച്ചു കൊള്ളൂ" എന്ന് അറിയിച്ച് മറഞ്ഞു. എനിക്ക് ആകെ വെപ്രാളമായി.  ആ കാലയളവിൽ ജനിച്ച എല്ലാ കുട്ടികളെയും വധിക്കുവാൻ ഓരോരോ അസുരന്മാരെ നിയോഗിച്ചു. അക്കൂട്ടത്തിൽ അമ്പാടിയിൽ ജനിച്ച ശിശുവായ, കൃഷ്ണനെ വധിക്കാൻ ഞാൻ അയച്ച പൂതനാദികളെ കൃഷ്ണൻ വധിച്ചു. നാണക്കേട്‌ തന്നെ. 

                                 കംസൻ ( ശ്രീ. കലാമണ്ഡലം രതീശൻ )

(തുടർന്ന് പൂർവരംഗ അവതരണം)  ആകാശത്തിൽ ഒരു പ്രഭ കണ്ട കംസൻ എന്താണ് എന്ന് സംശയിക്കുന്നു. പ്രഭാമദ്ധ്യത്തിൽ കണ്ട രൂപം നാരദൻ തന്നെ എന്ന്   മനസിലാക്കി.  നാരദനെ  സ്വീകരിച്ചിരുത്തി  വണങ്ങി. നന്ദഗൃഹത്തിൽ വസിക്കുന്ന രണ്ടു കുട്ടികൾ നിന്റെ സഹോദരിയുടെ പുത്രന്മാരായ രാമകൃഷ്ണന്മാർ . അവരാണ് നിന്റെ ശത്രുക്കൾ. അവരെ എത്രയും പെട്ടെന്ന് നശിപ്പിക്കുക എന്ന് അറിയിച്ചു.  നാരദൻ യാത്രയായി.

(കംസന്റെ ആലോചന) രാമകൃഷ്ണന്മാരെ വധിക്കുന്നതിനുളള മാർഗ്ഗം എന്താണ്?  ഇവിടെ ഒരു ചാപപൂജാമഹോത്സവം നടത്തുവാൻ ഉറപ്പിക്കുകയും ഗോപകുമാരന്മാരെന്മാരെ ഉത്സവം കാണുവാനായി ക്ഷണിക്കുകയും, അവർ എത്തുമ്പോൾ  മധുരാപുരിയുടെ കവാടത്തിൽ വെച്ചുതന്നെ അവരെ ഗജവീരന്മാരെക്കൊണ്ട്  വധിക്കാം. ഗജവീരന്മാരിൽ നിന്നും അവർ രക്ഷപെട്ടാൽ അവരെ നേരിടാൻ മല്ലന്മാരെ നിയോഗിക്കാം. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ മന്ത്രിമാരുമായി ആലോചിച്ച ശേഷം രാമകൃഷ്ണന്മാരെ ഗോകുലത്തിൽ നിന്നും കൂട്ടി വരുവാൻ അക്രൂരനെ നിയോഗിക്കുക തന്നെ എന്ന് തീരുമാനിക്കുന്നതോടെ  രംഗം അവസാനിച്ചു.

അടുത്ത രംഗത്തിൽ    കംസൻറെ സമീപം എത്തുന്ന അക്രൂരനെ നന്ദഗൃഹത്തിലേക്ക് അയച്ച് രാമകൃഷ്ണന്മാരെ ധനുർയാഗത്തിന് ആവശ്യമായ പാൽ, വെണ്ണ തുടങ്ങിയ ഗോരസങ്ങളുമായി എത്തി യാഗം കാണുവാൻ ക്ഷണിച്ച്, കൂട്ടി വരുവാൻ നിർദ്ദേശിക്കുന്നു. യാഗം കാണാൻ എത്തുന്ന രാമകൃഷ്ണന്മാരെ നമ്മുടെ ഗജവീരരെക്കൊണ്ട് വധിക്കാം. അവർക്ക് അത് സാധിച്ചില്ലെങ്കിൽ നമ്മുടെ മല്ലന്മാർ അവരെ  വധിച്ചു കൊള്ളും. ഉപായത്തിൽ നീ അവരെ കൂട്ടി വരിക. അവർ വധിക്കപ്പെടുന്നതോടെ നമുക്കുളള  ശത്രുഭയം അവസാനിക്കും.   ഗോകുലത്തിലേക്ക് പോയി രാമകൃഷ്ണന്മാരെ  മധുരാപുരിയിലേക്കു കൂടി വരുവാനുള്ള യാത്രയ്ക്ക് തന്റെ രഥം ഉപയോഗിച്ചു കൊള്ളുവാൻ അക്രൂരന് കംസൻ അനുമതി നല്കി. 

"എല്ലാം വിധി പോലെ സംഭവിക്കും" എന്ന് കംസനെ അറിയിച്ച് രാമകൃഷ്ണന്മാരെ  വധിക്കുവാനായി കൂട്ടി വരുവാനുള്ള കംസന്റെ നിർദ്ദേശത്തെ   സന്തോഷഭാവേന അക്രൂരൻ സ്വീകരിച്ച് വിട പറയുന്നു. 

                                                              കംസനും അക്രൂരനും

                                                             കംസനും അക്രൂരനും


എന്താണ് ഞാൻ ചെയ്യുക? ദുഷ്ടനായ കംസന്റെ നിർദ്ദേശം സ്വീകരിച്ചാൽ പാപം സംഭവിക്കും. ദുഷ്ടനായ കംസന്റെ നിയോഗം ഞാൻ സ്വീകരിച്ചില്ലെങ്കിൽ അവൻ എന്നെ വധിക്കും. കംസന്റെ ഒരു പദ്ദതിയും സഫലമാകാൻ പോകുന്നില്ല. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് ലോകരക്ഷയ്ക്കുവേണ്ടി കൃഷ്ണന്റെ   അവതാരവിവരം നാരദ മഹർഷിയിൽ    നിന്നും അറിവായിട്ടുണ്ട്.  കൃഷ്ണന്റെ കണ്ണുകൾ,  ശരീരം ഒന്നു കണ്ട് എന്റെ കണ്ണുകൾക്ക്‌ സായൂജ്യം ലഭിക്കുമോ? കൃഷ്ണനെ കണ്ട് നമസ്കരിക്കുമ്പോൾ  ലോകചക്രത്തെ  ചലിപ്പിക്കുന്ന  ആ കൈകൾ കൊണ്ട് എന്നെ ആശ്ലേഷിക്കും, സ്നേഹത്തോടെ തലോടും. എന്ന് ചിന്തിക്കുന്ന അക്രൂരൻ യാത്രയ്ക്കുള്ള രഥം ഒരുക്കുവാൻ തുടങ്ങി. വളരെ ഉറപ്പുള്ള ഈ രഥം കൃഷ്ണന്റെ പാദങ്ങൾകൊണ്ട് ഒന്ന് തട്ടിയാൽ.. തകർന്ന് തരിപ്പണം ആവാനുള്ളതല്ലേയുള്ളൂ.


അക്രൂരൻ

  എന്തിന് ഈ ചിന്തകൾ? ധൈര്യമായി പുറപ്പെടുക തന്നെ. മടക്കയാത്രയിൽ കൃഷ്ണനുള്ള ഇരിപ്പിടം പുഷ്പങ്ങളാൽ അലങ്കരിച്ച ശേഷം യാത്ര തുടങ്ങി. ഭഗവാൻ കൃഷ്ണനെ ചെന്നു കാണാനുള്ള ഭാഗ്യം ദുഷ്ടനായ കംസന്റെ  ആജ്ഞ മൂലം എനിക്ക് ഉണ്ടാകാൻ പോകുന്നു.

കൃഷ്ണനെ കാണാൻ സാധിക്കുമോ? എന്റെ ആഗ്രഹങ്ങൾ സഫലമാകുമോ? എന്നുള്ള ചിന്തകളോടെ അക്രൂരൻ യാത്ര തുടർന്നു. 
ഇത്ര വേഗം ഗോകുലത്തിൽ എത്തിച്ചേർന്നോ? ഓരോന്നു ചിന്തിച്ചു കൊണ്ടിരുന്നതിനാൽ സമയം പോയത് അറിഞ്ഞില്ല.  ഗോകുലവും ഗോവർദ്ദനഗിരിയും കണ്ട് അക്രൂരൻ വണങ്ങി. കൃഷ്ണൻ വസിക്കുന്ന ഈ പ്രദേശം പോലെ മനോഹരമായ മറ്റൊരിടം വേറെങ്ങും ഇല്ല. സൂര്യൻ അസ്തമിക്കുവാൻ പോകുന്നു . 
രഥം നിർത്തി, രഥത്തിൽ നിന്നും അശ്വങ്ങളെ അഴിച്ചു മാറ്റിയ ശേഷം   അക്രൂരൻ  ഗോകുലം ചുറ്റിക്കാണുക എന്ന് തീരുമാനിക്കുന്നു.

                                                           (ശേഷം രണ്ടാം ഭാഗത്തിൽ)