പേജുകള്‍‌

2012, ജൂൺ 19, ചൊവ്വാഴ്ച

"ഉത്തരീയം" ഉത്ഘാടനവും കഥകളിയും
ചെന്നൈയിലുള്ള  കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ  "ഉത്തരീയം" എന്ന  സംഘടനയുടെ ഔപചാരികമായ ഉത്ഘാടനം ചെന്നൈ    I.I.T- കാംപസ്സിലുള്ള  Central Lecture Theatre Hall- ല്‍ 2012- ജൂണ്‍ 16 -വൈകിട്ട്  ശ്രീമതി. മീരാകൃഷ്ണന്‍ കുട്ടി (Freelance Journalist) അവര്‍കള്‍ നിര്‍വഹിച്ചു. കഥകളി, കൂടിയാട്ടം തുടങ്ങിയ നമ്മുടെ സാംസ്കാരിക കലകളെ പരിപോഷിപ്പിക്കേണ്ട ആവശ്യകതയെ പറ്റി   ഉത്ഘാടക എടുത്തു പറയുകയും "ഉത്തരീയം" സംഘടനയുടെ പ്രവര്‍ത്തകരുടെ അത്മാര്‍ത്ഥതയെ അഭിനന്ദിക്കുകയും ചെയ്തു.

                                         ഉത്ഘാടകയെ ശ്രീമതി. ഹരിദാസ്‌ ആദരിക്കുന്നു.                                                                                                                     
 ഉത്ഘാടനത്തിനു ശേഷം കലാമണ്ഡലം ഹരിഹരന്‍ ശുദ്ധ മദ്ദളം കൊട്ടി കളിക്ക് തുടക്കം കുറിച്ചു. ശ്രീ. സദനം വിഷ്ണുപ്രസാദിന്റെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. 
വേഷ ഭംഗിയും രംഗ പ്രവര്‍ത്തിയും  കൊണ്ട് ഏവരെയും  ആകര്‍ഷിക്കുവാന്‍ ശ്രീ. സദനം വിഷ്ണു പ്രസാദിന് സാധിച്ചു. പുറപ്പാടിന് ശേഷം കിര്‍മ്മീരവധം കഥകളിയിലെ നിണം ഒഴിച്ചുള്ള  അവസാന ഭാഗങ്ങളാണ് അവതരിപ്പിച്ചത്.


                                          പുറപ്പാട് (വേഷം: ശ്രീ. സദനം വിഷ്ണു പ്രസാദ്‌)

പാണ്ഡവരുടെ വനവാസ കാലമാണ് കഥയ്ക്ക്‌ ആധാരം. കിര്‍മ്മീരന്‍ എന്ന രാക്ഷസന്റെ സഹോദരിയാണ് സിംഹിക. സിംഹികയുടെ ഭര്‍ത്താവാണ്  ശാര്‍ദ്ദൂലന്‍. തങ്ങളുടെ ആവാസകേന്ദ്രമായ വനഭാഗത്തു എത്തിച്ചേര്‍ന്നവരെ കൊന്നു ഭക്ഷിക്കുവാന്‍ ശ്രമിച്ച ശാര്‍ദ്ദൂലനെ അര്‍ജുനന്‍ വധിച്ചു. ഭര്‍ത്താവിന്റെ മരണ വൃത്താന്തം അറിയുന്ന സിംഹിക പ്രതികാര ദാഹിയായി തീര്‍ന്നു കൊണ്ട് പാണ്ഡവരുടെ പ്രേമഭാജനമായ പത്നി പാഞ്ചാലിയെ സ്വാധീനിച്ചു തന്റെ സങ്കേതത്തിലേക്ക് കൂട്ടിവന്ന് കിര്‍മ്മീരന്  കാഴ്ച  വെച്ച് പ്രതികാരം  ചെയ്യാന്‍ തീരുമാനിച്ചു. പാഞ്ചാലിയെ തേടി എത്തുന്ന പാണ്ഡവരെ കിര്‍മ്മീരന്‍ നശിപ്പിക്കും എന്ന വിശ്വാസവും സിംഹികയില്‍ ഉണ്ട്. അതിസുന്ദരിയായ ഒരു സ്ത്രീ രൂപം സ്വീകരിച്ചു കൊണ്ട് (ലളിത) പാഞ്ചാലിയെ സമീപിക്കുന്നു. വനത്തില്‍ ഏകയായിരിക്കുന്ന പാഞ്ചാലിയുടെ സമീപം എത്തിയ ലളിത താന്‍ ആകാശ സഞ്ചാരിയാണെന്നും 'ഗണിക' എന്നാണ് തന്റെ പേരെന്നും പാഞ്ചാലിയെ അറിയിക്കുന്നു. ലളിതയുടെ മധുര വാക്കുകളില്‍ വിശ്വസിച്ച പാഞ്ചാലി തന്റെ കണവന്മാര്‍ അഞ്ചുപേരും ഗംഗാസ്നാനം ചെയ്യുവാന്‍ പോയിരിക്കുകയാണെന്നും ഉടന്‍ മടങ്ങി എത്തും എന്നും അറിയിക്കുന്നു.

പാണ്ഡവര്‍ മടങ്ങി എത്തുന്നതിനു മുന്‍പ് പാഞ്ചാലിയെ കടത്തികൊണ്ടു പോകണം എന്ന ഉദ്ദേശത്തോടു  കൂടി വനത്തില്‍ സ്ത്രീകള്‍ക്ക് അഭീഷ്ട സിദ്ധി നല്‍കുന്ന ഒരു ദുര്‍ഗ്ഗാ ക്ഷേത്രം ഉണ്ടെന്നും അവിടെ പോയി ദര്‍ശനം ചെയ്യാന്‍ തന്നോടൊപ്പം വരണം എന്ന് ലളിത അഭ്യര്‍ത്ഥിക്കുന്നു. പല തടസങ്ങള്‍ പറഞ്ഞു ലളിതയുടെ ഉദ്യമങ്ങളില്‍ നിന്നും  ഒഴിയുവാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പാഞ്ചാലി ലളിതയുടെ ഇഷ്ടത്തിനു വഴങ്ങി ഒപ്പം യാത്ര തിരിച്ചു. വനത്തിലെ കാഴ്ചകള്‍ ഓരോന്നും വര്‍ണ്ണിച്ചു  കൊണ്ട്  കാട്ടിനുള്ളിലേക്ക്‌ നീങ്ങി. തുടര്‍ന്ന് ചില ദുസ്സൂചനകള്‍ കണ്ടു ഭയന്ന പാഞ്ചാലി മടങ്ങുവാന്‍ ഒരുമ്പെട്ടപ്പോള്‍  ലളിത തന്റെ സ്വഭീകര രൂപം ധരിച്ചു  പാഞ്ചാലിയെ ബലം പ്രയോഗിച്ചു കൊണ്ട് യാത്ര തുടങ്ങി. ഭയന്നുപോയ പാഞ്ചാലി തന്റെ കണവന്മാരെ വിളിച്ചു വിലപിച്ചു.  വിലാപം ഗ്രഹിച്ച സഹദേവന്‍ അവിടെ പാഞ്ഞെത്തി പാഞ്ചാലിയെ സിംഹികയില്‍ നിന്നും മോചിപ്പിച്ചു. പാഞ്ചാലി ഓടി രക്ഷപെട്ടു. തുടര്‍ന്ന് സഹദേവനും സിംഹികയും തമ്മില്‍ ഏറ്റുമുട്ടി. സഹദേവന്‍ സിംഹികയുടെ നാസികയും സ്തനങ്ങളും കരവാളുകൊണ്ട് മുറിച്ചു.  ശരീരമാസകലം രക്തമൊലിപ്പിച്ചു കൊണ്ടും  ഭൂലോകം നടുങ്ങുമാറു അലറി വിലപിച്ചു കൊണ്ടും സിംഹിക തന്റെ സഹോദരനായ കിര്‍മ്മീരന്റെ  സമീപത്തേക്ക് ഓടി. നാസികയും സ്തനങ്ങളും മുറിക്കപ്പെട്ടതിനാല്‍  ചോര ഒലിപ്പിച്ചു  കൊണ്ട് ബീഭത്സ രൂപയായി  വിലപിച്ചു കൊണ്ട് എത്തിയ സഹോദരിയെ കണ്ട കിര്‍മ്മീരന്‍ സംഭവിച്ചതെല്ലാം കേട്ടറിയുന്നു. തന്റെ സഹോദരിയുടെ അംഗഭംഗം വരുത്തിയ പാണ്ഡവരെ ഉന്മൂലനം ചെയ്യുവാനായി  സൈന്യത്തോടെ യാത്ര തുടരുന്നു. പാണ്ഡവരുടെ അവാസസ്ഥലത്തെത്തി അവരെ പോരിനു വിളിക്കുന്നു. ഭീമസേനനും കിര്‍മ്മീരനും തമ്മില്‍ ഏറ്റുമുട്ടി. കിര്‍മ്മീരന്‍ ഭീമനാല്‍ വധിക്കപ്പെടുന്നതോടെ കഥ അവസാനിക്കുന്നു.

                                                    സിംഹിക ( ശ്രീ. സദനം ഭാസി)

സിംഹികയുടെ തിരനോക്കോടെയാണ് കിര്‍മ്മീരവധം കഥ  ആരംഭിച്ചത്. തിരനോക്കിനു ശേഷം സിംഹികയുടെ ഒരുക്കം ആണ് രംഗത്ത് അവതരിപ്പിച്ചത്. ജട പിടിച്ച മുടി മണപ്പിച്ചു നോക്കി.  ദുര്‍ഗ്ഗന്ധം വമിക്കുന്ന മുടിയില്‍  എണ്ണ പുരട്ടി, കൈവിരലുകള്‍ മുടിക്കുള്ളില്‍ വിട്ടു ജട നീക്കി ചീകി കെട്ടി. വിളക്കിന്‍ കരി കൊണ്ട് കണ്ണെഴുതി. കണ്ണ് നീറി. കണ്ണ് ചിമ്മി ചിമ്മി തുറന്നു കൊണ്ട്   കണ്ണില്‍ അധികമായ കരി തുടച്ചു വൃത്തിയാക്കി. കണ്ണാടിയില്‍ തന്റെ മുഖം നോക്കിയ സിംഹികയ്ക്ക് തന്റെ സൌന്ദര്യത്തില്‍ നാണം ഉണ്ടായി. ചന്ദന മരത്തിന്റെ കൊമ്പ്  ഒടിച്ചെടുത്ത് കൊമ്പിന്റെ അഗ്രഭാഗം കല്ലുകൊണ്ട് ഇടിച്ചു ചതച്ചെടുത്തു. .ചന്ദനം തയ്യാര്‍ ചെയ്യുവാന്‍ അല്‍പ്പം ജലം വേണം.  തന്റെ സ്തനങ്ങള്‍ പിഴിഞ്ഞ് നോക്കി.ജലം ലഭ്യമില്ലാതെ വന്നപ്പോള്‍ സ്തനങ്ങള്‍ കൈകൊണ്ടു  മര്‍ദ്ദിച്ചു പിഴിഞ്ഞ് പാലെടുത്ത് അതില്‍ ചന്ദനം ചാലിച്ചു തിലകം ചാര്‍ത്തി. 
തിലകം ഒന്ന് ശ്രദ്ധിച്ചു അതിന്റെ അരികുകള്‍ തുടച്ചു വൃത്തിയാക്കി. കാതിലെ കമ്മല്‍ ഓരോന്നായി ഊരിവെച്ച ശേഷം വീണ്ടും ഇട്ട് നേരെയാക്കി. ഒരുക്കം കഴിഞ്ഞ ശേഷം തന്നോടൊപ്പം കേളികളില്‍  പങ്കു കൊള്ളുവാന്‍ പല സ്ത്രീകളെയും ക്ഷണിച്ചു. ആരും മുന്‍വന്നില്ല. പരിഭവം തോന്നിയെങ്കിലും ഒറ്റയ്ക്ക് കളിക്കുവാന്‍ തീരുമാനിച്ചു. പന്ത് കളി തുടങ്ങി. ഒറ്റയ്ക്ക് പന്ത് കളിച്ചിട്ട് മനസ്സിന് ഒരു സന്തോഷവും തോന്നിയില്ല അതുകൊണ്ട് പന്തുകളി നിര്‍ത്തി. കൂടെ നൃത്തം ചെയ്യുവാന്‍  പലരെയും ക്ഷണിച്ചു നോക്കി. ആരും തയ്യാറായില്ല.    ഒറ്റയ്ക്ക് നൃത്തം ചെയ്തു. ഒടുവില്‍ ക്ഷീണിതയായി. 

സിംഹിക ഭര്‍ത്താവിനെ പറ്റി ചിന്തിച്ചു. ഭര്‍ത്താവ് ഇനിയും എത്തിയിട്ടില്ല. തേടി പോവുക എന്ന് തീരുമാനിച്ചു പുറപ്പെട്ടു. ഒരു ശബ്ദം കേട്ട് ശ്രദ്ധിച്ച സിംഹിക തന്റെ ഭര്‍ത്താവിനെ അര്‍ജുനന്‍ വധിച്ച വാര്‍ത്ത അറിഞ്ഞു. തങ്ങളുടെ ശത്രുവിനെ വധിച്ച അര്‍ജുനനെ പലരും പ്രശംസിക്കുന്നത് കേട്ടു. ഭര്‍ത്താവ് നഷ്ടപ്പെട്ട സിംഹികയുടെ വിലാപം. ഇനി എനിക്കാരാണ് ഉള്ളത്? എന്നെ ദുഖത്തിലാക്കിയിട്ടു നീ യമപുരിക്ക് പോയോ എന്ന് വിലപിച്ചുകൊണ്ട് നെറ്റിയിലെ  തിലകം തുടച്ചു കളഞ്ഞു.

                                                       കോപാന്ധയായ സിംഹിക

സിംഹിക പാണ്ഡവരുടെ പ്രവര്‍ത്തികളെ പറ്റി ചിന്തിച്ചു. ഏകചക്രയില്‍ ചെന്ന് ഭീമന്‍ ബകനെ വധിച്ചു. രാക്ഷസനായ ഹിടുംബനെ ദുര്‍ബ്ബലനായ ഭീമന്‍ വധിച്ചു,  നാണം ഇല്ലാത്ത ഹിഡുംബി ഭതൃ ഘാതകനോടൊപ്പം രമിക്കുന്നു. ഹിഡുംബിയെ പോലെ ഇത്രയും നാണം ഇല്ലാത്ത ഒരുത്തിയെ മൂന്നു ലോകത്തിലും ഞാന്‍ കണ്ടിട്ടില്ല.  ഭര്‍ത്താവിനെ കൊന്ന പാണ്ഡവരോട്   പ്രതികാരം ചെയ്യുന്നതിനെ പറ്റി ആലോചിച്ചു. പാണ്ഡവരോട് നേരിട്ട് പൊരുതുവാന്‍ തനിക്കാവില്ല. അതുകൊണ്ട് പാണ്ഡവരുടെ പ്രിയങ്കരിയായ പത്നി പാഞ്ചാലിയെ  ചതിച്ചു കൂട്ടിവന്ന് സഹോദരനായ കിര്‍മ്മീരന് കാഴ്ചവെയ്ക്കാം എന്ന് തീരുമാനിക്കുന്നു. തന്മൂലം പാണ്ഡവരുടെ മരണം കിര്‍മ്മീരനാല്‍ ഭവിക്കും എന്നും സിംഹിക ആശ്വസിക്കുന്നു. പാഞ്ചാലീ സവിധത്തിലേക്കു തിരിക്കുമ്പോള്‍ തന്റെ ഘോരരൂപം ഉപേക്ഷിച്ചു വശീകരണ  ശക്തിയുള്ള സുന്ദരീ രൂപം ധരിക്കുക എന്ന് തീരുമാനിച്ചു പുറപ്പെടുന്നു.  

                                            (ലളിത ) സുന്ദരീ രൂപം ധരിച്ച സിംഹിക

വനത്തില്‍ ഏകയായി കഴിയുന്ന പാഞ്ചാലിയുടെ സമീപം ലളിത വേഷധാരിയായ സിംഹിക എത്തുന്നതാണ് അടുത്ത രംഗത്തിന്റെ തുടക്കം.  ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് ലളിത. കപട വേഷധാരിയായ ലളിത  സുസ്മേരവദനയായി പാഞ്ചാലിയെ സമീപിക്കുന്നതും വനത്തിലേക്ക് പാഞ്ചാലിയെ തന്ത്രപൂര്‍വ്വം കൂട്ടി പോകുന്നതും പാഞ്ചാലി മടങ്ങി പോകുവാനൊരുങ്ങുമ്പോള്‍ കുപിതയായി സ്വരൂപ പ്രകടനവും എല്ലാം ഒന്നാം തരമായി.

  പാഞ്ചാലിയുടെ സമീപം എത്തുന്ന ലളിത   വശീകരണമായി സംസാരിച്ചു അടുത്തുള്ള ദുര്‍ഗാ ക്ഷേത്രത്തിലേക്ക് പോകുന്നതിനു തന്നോടൊപ്പം വരണം എന്ന് നിര്‍ബ്ബന്ധിച്ചു കൂട്ടിപ്പോവുകയും ദുര്‍ലക്ഷണങ്ങള്‍ കണ്ട പാഞ്ചാലി തനിക്കു മടങ്ങണം എന്ന് പറഞ്ഞപ്പോള്‍ സ്വരൂപം കാട്ടിക്കൊണ്ട് പാഞ്ചാലിയെ കടത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ എല്ലാം ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു.


ലളിതയുടെ "നല്ലാര്‍ കുലമണിയും അണിയും മൌലിമാലേ"എന്ന പദവും തുടര്‍ന്നുള്ള മൂന്നു ചരണങ്ങളും വനമുണ്ടിവിടെ ദുര്‍ഗ്ഗാ- ഭവനമുണ്ടു എന്ന പദവും കണ്ടാലതി മോദം- ഉണ്ടായ്‌വരും എന്ന പദവും തുടര്‍ന്നുള്ള  മൂന്നു ചരണങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചു.
  ലളിത വനകാഴ്ചകള്‍ വിവരിച്ചു കൊണ്ടും പാഞ്ചാലിയുടെ മുടികളുടെ നിരകള്‍ കണ്ടു വണ്ടുകള്‍ സന്തോഷത്തോടു മണ്ടിയിടുന്നതും, കുയില്‍ നാദത്തിനോടൊപ്പം മുളങ്കാടുകളില്‍ നിന്നും ഉയരുന്ന കുഴല്‍ ഊതുന്ന ശബ്ദവും , പൂമരങ്ങളില്‍ നിന്നും പൂക്കള്‍ പാഞ്ചാലിയുടെ മേല്‍ പൊഴിച്ച്  സ്വീകരിക്കുന്നു എന്നെല്ലാം വര്‍ണ്ണിച്ചു കൊണ്ട് വനാന്തര്‍ ഭാഗത്തേക്ക് പാഞ്ചാലിയെ കൂട്ടി പോകുന്നതും    കാട്ടിലെ അരോചകമായ ശബ്ദങ്ങള്‍ കേട്ട് ഭയത്താല്‍ ശരീരം വിറയ്ക്കുകയും ചെയ്യുന്ന പാഞ്ചാലി മടങ്ങി പോകുവാന്‍ ശ്രമിക്കുമ്പോള്‍ കോപത്താല്‍ സ്വയരൂപം കാട്ടുകയും  (പെട്ടെന്നങ്ങു ഗമിപ്പാനും എന്ന പദാട്ടം ) പാഞ്ചാലിയെ ബലം പ്രയോഗിച്ചു  കൂട്ടിപോകുവാനുള്ള ഉദ്യമവും  ചെയ്യുന്ന  ലളിത മനസ്സില്‍ മായാത്ത അനുഭവം പകര്‍ത്തി. 

വനത്തില്‍ ഏകയായി കഴിയുന്ന പാഞ്ചാലി, ലളിതയുടെ വരവിനാല്‍ അല്‍പ്പം സന്തോഷവതിയാവുകയും ലളിതയുടെ വചന കൌശലത്തില്‍ മയങ്ങി വിശ്വസിച്ചു അവളോടൊപ്പം യാത്ര തിരിക്കുകയും വനാന്തര്‍ഭാഗത്ത് എത്തുമ്പോള്‍ ദുസൂചനകള്‍ കാണുന്ന പാഞ്ചാലി തനിക്കു മടങ്ങണം എന്ന് പറയുന്നതും, ലളിതയുടെ വര്‍ണ്ണനകള്‍ ശ്രദ്ധിക്കാതെ മടങ്ങുവാന്‍ ഉദ്യമിക്കുകയും സിംഹിക സ്വരൂപം കാട്ടി തന്നെ ബലമായി കൂട്ടി പോകാന്‍ ശ്രമിക്കുമ്പോഴുള്ള ഭയവും വിലാപവും എല്ലാം ശ്രീ. കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ പാഞ്ചാലി ഹൃദ്യമാക്കി. 


  ശ്രീ. സദനം ഭാസിയാണ് സിംഹികയുടെ വേഷം അവതരിപ്പിച്ചത്. പ്രമുഖരായ താടിവേഷക്കാര്‍ അവതരിപ്പിച്ചു കണ്ടിട്ടുള്ള വേഷമാണ് സിംഹിക. സാധാരണയിലും പൊക്കം കുറഞ്ഞ ഈ നടന്‍ തന്റെ അഭിനയ വൈശിഷ്ട്യം കൊണ്ട് സിംഹിക എന്ന കഥാപാത്രത്തെ വളരെ  തന്മയത്വത്തോട് അവതരിപ്പിച്ചു വിജയിച്ചു എന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ്.
                   പാഞ്ചാലിയെ സമീപിക്കുന്ന ലളിത വേഷധാരിയായ സിംഹിക

                                            ലളിതയുടെ മധുര വാക്കുകളില്‍ മയങ്ങിയ
                                       പാഞ്ചാലി തന്റെ നിജസ്ഥിതികള്‍ അറിയിക്കുന്നു.

                                                       സ്വരൂപം സ്വീകരിക്കുന്ന ലളിത
  
       പാഞ്ചാലിയെ കടത്തിക്കൊണ്ട്  പോകുന്ന സിംഹികയെ സഹദേവന്‍ നേരിടുന്നു.

                                           സിംഹികയുടെ സ്തനം സഹദേവന്‍ മുറിക്കുന്നു.


അടുത്ത രംഗം കിര്‍മ്മീരന്റെ തിരനോട്ടത്തോടെയാണ് ആരംഭിക്കുന്നത്. തിരനോട്ടം കഴിഞ്ഞു തന്റേടാട്ടം അവതരിപ്പിച്ചു. എനിക്ക് സുഖം ഭവിച്ചു! അതിനു കാരണം എന്ത്? ഈ ലോകത്തില്‍ എന്നോളം പരാക്രമം ഉള്ളവന്‍ വേറെ ആരും ഇല്ല. ഇനി ശിവ പൂജ ചെയ്തിട്ട് ശതൃക്കളായ ദേവന്മാരെ ജയിക്കാന്‍ പോവുക തന്നെ എന്ന് തീരുമാനിച്ചു കൊണ്ട് ക്ഷേത്ര നട തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന പൂക്കളെല്ലാം മാറ്റി, വിഗ്രഹം കുളിപ്പിച്ച് പൂമാലകള്‍ ചാര്‍ത്തിയ ശേഷം പൂജ ചെയ്തു വണങ്ങി.
  
                                                             കിര്‍മ്മീരന്റെ തിരനോട്ടം

                                                                  കിര്‍മ്മീരന്‍

അപ്പോള്‍ ഉണ്ടായ  ശബ്ദം കിര്‍മ്മീരന്‍ ശ്രദ്ധിച്ചു. സഹോദരീ ഭര്‍ത്താവായ ശാര്‍ദ്ദൂലനെ നിസാരനായ ഒരു മനുഷ്യന്‍ വധിച്ചു എന്ന വാര്‍ത്ത അറിഞ്ഞു കോപാന്ധനായി.  അകലെ നിലവിളിച്ചു കൊണ്ട് വരുന്ന ഒരു രൂപം  കിര്‍മ്മീരന്‍ ശ്രദ്ധിച്ചു. നാസികാകുചങ്ങള്‍  അറുക്കപ്പെട്ട നിലയില്‍ രക്തം ഒലിപ്പിച്ചു കൊണ്ട് വരുന്ന ബീഭല്‍സ സ്ത്രീരൂപം  തന്റെ പ്രിയ സഹോദരി  തന്നെയാണ് എന്ന് കിര്‍മ്മീരന്‍ മനസിലാക്കി. വിവരങ്ങള്‍ (പകര്‍ന്നാട്ടം) സിംഹികയില്‍ നിന്നും മനസിലാക്കി തന്റെ സഹോദരിയോടു ക്രൂരമായി പെരുമാറിയ മനുഷ്യാധമന്മാരെ നേരിടുവാന്‍ വില്ല്, വാള്‍, പരിച, കുന്തം എന്നീ യുദ്ധായുധങ്ങള്‍ ഒരുക്കി (പടപ്പുറപ്പാട് ) യാത്രയാകുന്നു. തുടര്‍ന്ന് കിര്‍മ്മീരന്റെ പോരിനുവിളി. 

                             ഭീമന്റെ ഗദാപ്രഹരംഏറ്റു തളരുന്ന കിര്‍മ്മീരന്‍

                                          ഭീമന്റെ ഗദാപ്രഹരംഏറ്റു തളരുന്ന കിര്‍മ്മീരന്‍

കിര്‍മ്മീരന്റെ പോരിനു വിളി കേട്ട ഭീമസേനന്‍  കിര്‍മ്മീരനുമായി ഏറ്റുമുട്ടി. ഗദായുദ്ധത്തിലും  മുഷ്ടി യുദ്ധത്തിലും ഭീമന്‍ കിര്‍മ്മീരനെ വധിച്ചു. ഭീമന്‍ ധനാശി എടുത്തു കളി അവസാനിപ്പിച്ചു. 


 കിര്‍മ്മീരന്‍ വേഷമിട്ട ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍ തന്റെ പ്രായത്തെ മറന്നുകൊണ്ടുള്ള പ്രകടനം കാഴ്ചവെച്ചു. തന്റേടാട്ടവും പടപ്പുറപ്പാടും എല്ലാം ഭംഗിയായി അവതരിപ്പിച്ചു. പാഞ്ചാലിയുടെ രോദനം കേട്ടെത്തി  സിംഹികയുടെ പിടിയില്‍ നിന്നും പാഞ്ചാലിയെ  മോചിപ്പിച്ചശേഷം സിംഹികയുമായി ഏറ്റുമുട്ടി അവളുടെ  നാസികയും, സ്തനങ്ങളും  മുറിക്കുകയും ചെയ്യുന്ന സഹദേവനായും  കിര്‍മ്മീരനെ  യുദ്ധത്തില്‍   വധിക്കുന്ന ഭീമസേനനായും രംഗത്ത് എത്തിയത് ശ്രീ. സദനം മണികണ്ഠന്‍ ആയിരുന്നു.  രണ്ടു വേഷങ്ങളും ഭംഗിയായി അവതരിപ്പിച്ചു ഫലിപ്പിക്കുവാന്‍ ശ്രീ. മണികണ്ഠനു സാധിച്ചു.

 സംഗീതം നല്‍കിയ ശ്രീ. കലാമണ്ഡലം വിനോദ്, ശ്രീ. സദനം ശിവദാസന്‍, ശ്രീ. കലാമണ്ഡലം സുധീഷ്‌ എന്നിവര്‍ അവരുടെ കഴിവുകള്‍ തെളിയിച്ചു.  ശ്രീ. സദനം രാമകൃഷ്ണന്‍, ശ്രീ. സദനം  ജിതിന്‍ എന്നിവരുടെ  ചെണ്ടയും ശ്രീ. സദനം ദേവദാസ് , ശ്രീ.കലാമണ്ഡലം ഹരിഹരന്‍ എന്നിവരുടെ മദ്ദളവും ഒന്നാം തരമായി. ശ്രീ. കലാമണ്ഡലം സതീശനും ശ്രീ. സദനം ശ്രീനിവാസനും ചുട്ടി കൈകാര്യം ചെയ്തു. 


  കൃത്യ സമയത്തിനു വേഷം ഒരുക്കുവാനും, തിരശീല പിടിക്കുവാനും, പുറപ്പാട് വേഷത്തിനും, കിര്‍മ്മീരന്റെ വേഷങ്ങള്‍ക്കും ആലവട്ടം പിടിക്കുന്നതിലും ശ്രദ്ധ കാണിച്ച  അണിയറ കലാകാരന്മാരായ ശ്രീ. കുഞ്ഞിരാമന്‍, ശ്രീ. വിവേക്, ശ്രീ, രമേഷ്‌ എന്നിവരുടെ ആത്മാര്‍ത്ഥതയും സ്മരണാര്‍ഹം  തന്നെ. 

വളരെ നല്ലരീതിയില്‍ കിര്‍മ്മീരവധം കഥകളി അവതരിപ്പിക്കുവാന്‍ പരിശ്രമം ചെയ്ത ഉത്തരീയം സംഘടനയുടെ സംഘാടകരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നവരാണ്. ഇനിയും തുടര്‍ന്നുള്ള അവരുടെ പരിശ്രമങ്ങള്‍ക്ക് ചെന്നൈയിലുള്ള കഥകളി ആസ്വാദകരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.


2012, ജൂൺ 14, വ്യാഴാഴ്‌ച

ശ്രീ. കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ - ഒരു അനുസ്മരണം.


അരൂര്‍ മുല്ലയില്‍ നെല്ലിപ്പുഴ വീട്ടില്‍ പരേതരായ ശ്രീധരപ്പണിക്കരുടേയും പറവൂര്‍ ഏഴിക്കര കടക്കര എരപ്പത്ത് വീട്ടില്‍ കൊച്ചുകുട്ടിയമ്മയുടെയും മകനായി
1931 -ല്‍ ശ്രീ. രാജന്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നൃത്തം അഭ്യസിച്ച് കലാപരിപാടികളില്‍ പങ്കെടുത്തു വന്നിരുന്നു. ഈ കാലയളവില്‍ തലശേരി ബ്രണ്ണന്‍ കോളേജില്‍ നടന്ന കലോത്സവ പരിപാടിയില്‍ ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ പൂതനാമോക്ഷം കഥകളി അവതരിക്കുകയുണ്ടായി. അരങ്ങിലെ തിരശീല നീങ്ങിയപ്പോള്‍ ചിരിച്ചു പിരികം ഇളക്കി കൊണ്ട്  പ്രത്യക്ഷപെട്ട  മനം കവരുന്ന ലളിതയുടെ രൂപത്തിലാണ് കൃഷ്ണന്‍ നായര്‍ ആശാനെ രാജന്‍  ആദ്യമായി കാണുന്നത്. ലളിതയുടെ മനോഹരമായ പ്രകടനം കണ്ട ദിവ്യാനുഭൂതിയാണ് കഥകളി അഭ്യസിക്കണം എന്ന തോന്നല്‍ രാജനുണ്ടായത്. കൃഷ്ണന്‍ നായര്‍ ആശാന്‍  രംഗം കഴിഞ്ഞു അണിയറയിലേക്ക് മടങ്ങുമ്പോള്‍ രാജനും പിന്നാലെ പോയി   ലളിത വേഷമിട്ട ആ മഹാനുഭാവന്റെ രൂപം  ദര്‍ശിച്ചു.  പിന്നീട് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ മൂന്നു ദിവസം നീണ്ടു നിന്ന വാര്‍ഷിക പരിപാടികള്‍ വടകരയില്‍ നടന്നപ്പോള്‍ അന്ന് അവിടെ അവതരിപ്പിച്ച കൃഷ്ണന്‍ നായര്‍ ആശാന്റെ പൂതനാമോക്ഷത്തില്‍ ലളിത ഒന്നുകൂടി കണ്ടു ആസ്വദിക്കുവാന്‍ സാധിച്ചു. തുടര്‍ന്ന് അവതരിപ്പിച്ച സീതാസ്വയംവരം കഥകളിയും കണ്ട ശേഷം ആശാനെ ഒന്ന് നേരില്‍ കണ്ടു സംസാരിക്കണം എന്ന ആഗ്രഹത്തോടെ ഓടി അണിയറയില്‍ എത്തി.  വേഷമഴിച്ചു വിശ്രമിക്കുന്ന ആശാനെ കാണുവാന്‍ എത്തിയ ആസ്വാദക സമൂഹത്തോട് തുടര്‍ കളികള്‍ കാരണമായി ആശാന്‍ ക്ഷീണിതനാനെന്നും , അദ്ദേഹം വിശ്രമിക്കുകയാനെന്നും സൌമ്യ വാക്കുകള്‍ പറഞ്ഞു പിന്തിരിപ്പിക്കുന്ന ആശാന്റെ സഹധര്‍മ്മിണിയെ കണ്ടപ്പോള്‍ ശ്രമം ഉപേക്ഷിച്ചു രാജന് മടങ്ങേണ്ടി വന്നു. അടുത്ത നാള്‍ അവിടെ നടന്ന നൃത്ത പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിയ രാജന് വളരെയധികം  ആനന്ദം നിറഞ്ഞ അനുഭവമാണ് കാത്തിരുന്നത്.  ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്‍ , ആശാന്റെ  സഹധര്‍മ്മിണി കല്ല്യാണികുട്ടിയമ്മ എന്നിവര്‍   അവിടെ എത്തിയിരിക്കുന്നു. കല്ല്യാണികുട്ടിയമ്മ അഭ്യസിപ്പിച്ച  കുട്ടികളുടെ നൃത്ത പരിപാടികള്‍ അവിടെ അവതരിപ്പിക്കുന്നതിനായിട്ടാണ് അവര്‍ എത്തിയിരിക്കുന്നത് എന്ന് മനസിലാക്കുവാന്‍ രാജന് വിഷമം ഉണ്ടായില്ല. അവിടെ നൃത്ത പരിപാടികളില്‍ പങ്കെടുക്കുവാന്‍ തന്റെ ശിഷ്യര്‍കളോടൊപ്പം എത്തിയ നടന കലാനിധി ശ്രീ.  ഗുരുഗോപിനാഥും, ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും ശ്രീമതി. കല്ല്യാണികുട്ടിയമ്മയും ഒത്തുചേര്‍ന്നപ്പോള്‍ മേക്കപ്പ് മുറിയില്‍ നര്‍മ്മത്തിന്റെ വെടിക്കെട്ടുകളും പൊട്ടിച്ചിരികളും മുഴങ്ങി. 

കൃഷ്ണന്‍ നായര്‍ ആശാന്റെ ലളിത കണ്ടു കഥകളിയോട്‌ ഭ്രമം  തോന്നിയ പത്തൊന്‍പതു വയസ്സുകാരന്‍  രാജന്‍ പയ്യന്നൂരില്‍ നടന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ മഹാകവി വള്ളത്തോളിനെ നേരിട്ട് കണ്ടു തനിക്കു കഥകളി പഠിക്കണം എന്ന മോഹത്തെ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം  കലാമണ്ഡലം കളരിയില്‍ ചേര്‍ന്ന്  ശ്രീ. വാഴേങ്കട കുഞ്ചുനായര്‍,ശ്രീ. കീഴ്പടം കുമാരന്‍ നായര്‍, ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍, ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍ എന്നീ പ്രഗത്ഭ ഗുരുനാഥന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു കഥകളി  അഭ്യസിച്ചു. കലാമണ്ഡലത്തിലെ കഥകളി അഭ്യാസം കഴിഞ്ഞ്   ജന്മസ്ഥലത്ത് എത്തിയ രാജന്‍ പിന്നീടുള്ള  കലാജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടു പോകും എന്ന ചിന്തയില്‍ വ്യാകുലനായി.  ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ കഥകളി അഭ്യസിപ്പിക്കുന്ന തൃപ്പൂണിത്തുറയിലെ ഒരു കഥകളി സ്കൂളില്‍ ഒരു കഥകളി അദ്ധ്യാപകന്റെ ഒഴിവ് ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ശ്രീ. എം. കെ. കെ. നായര്‍ അവര്‍കളെ ചെന്ന് കണ്ടു തന്നെ ഇക്കാര്യത്തില്‍ സഹായിക്കണം എന്ന് അപേക്ഷിച്ചു. 

 എമ്പ്ലോയ്മെന്റ് എക്സ് ചെഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ട് കൃഷ്ണന്‍ നായരെ ചെന്ന് കാണൂ എന്നും ഞാന്‍ കൃഷ്ണന്‍ നായരെ വിവരം അറിയിച്ചു കൊള്ളാം എന്നും ശ്രീ. എം. കെ. കെ. നായര്‍ രാജനോട്‌ പറഞ്ഞു.  എമ്പ്ലോയ്മെന്റ് എക്സ് ചെഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം ശ്രീ. രാജന്‍ ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ വസതിയില്‍ എത്തി വിവരം അദ്ദേഹത്തെ അറിയിച്ചു. എമ്പ്ലോയ്മെന്റ് എക്സ് ചെഞ്ചില്‍ നിന്നും കാര്‍ഡ് വരും അതിന്‍ പ്രകാരം ഇന്റെര്‍വ്യൂ അറ്റെന്റ്റ് ചെയ്യുക എന്ന ആശാന്റെ നിര്‍ദ്ദേശം സ്വീകരിക്കുകയും ആശാന്റെ വീട്ടില്‍ നിന്നും ഉച്ച ഭക്ഷണവും കഴിച്ച് രാജന്‍ മടങ്ങുകയും ചെയ്തു. രണ്ടു ആഴ്ചയ്ക്ക് ശേഷം എമ്പ്ലോയ്മെന്റ് എക്സ് ചെഞ്ചില്‍ നിന്നും ഇന്റെര്‍വ്യൂ കാര്‍ഡ് രാജന് ലഭിക്കുകയും അന്നത്തെ DEO ആയിരുന്ന ശ്രീ. ഗണേഷ് അയ്യരും ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും കൂടി രാജനെ ഇന്റെര്‍വ്യൂ ചെയ്തു RLV- യില്‍ അദ്ധ്യാപകനായി  നിയമിക്കുകയും ചെയ്തു. താന്‍ ആരുടെ വേഷം കണ്ടു കഥകളി പഠിക്കണം എന്ന് ആഗ്രഹിച്ചുവോ ആ മഹാന്‍ തന്നെ,  തന്നെ ഇന്റെര്‍വ്യൂ  ചെയ്തു ഒരു സ്ഥാപനത്തില്‍ സഹ- അദ്ധ്യാപകനായി നിയമിക്കുക എന്ന മഹാ ഭാഗ്യം ലഭിച്ചതില്‍ അത്യധികം സന്തോഷവാനായി തീര്‍ന്നു ശ്രീ. രാജന്‍. അങ്ങിനെ 1963- ല്‍  RLV- യില്‍ അദ്ധ്യാപകനായാതോടെ ശ്രീ. രാജന്‍ , ശ്രീ. കലാമണ്ഡലം രാജന്‍ മാസ്റ്റര്‍ എന്ന പേരില്‍ അറിയപ്പെട്ടുവന്നു.  തുടര്‍ന്ന് കൃഷ്ണന്‍ നായര്‍ ആശാന്റെ വേഷങ്ങള്‍ക്ക് കൂട്ടുവേഷക്കാരനായി ധാരാളം  അരങ്ങുകളില്‍ പ്രവര്‍ത്തിക്കുവാന്‍ ലഭിച്ച അവസരങ്ങള്‍ ഒരു മഹാഭാഗ്യമായി തന്നെ കരുതിവന്നു. ആശാന്‍ RLV- കളരിയില്‍ ചൊല്ലിയാടിക്കുന്നത്  കാണുവാനും ആശാന്റെ    ബ്രാഹ്മണനോടൊപ്പം  അര്‍ജുനനായും ,  വിശ്വാമിത്രനോടൊപ്പം   ഹരിശ്ചന്ദ്രനായും , രാവണനോടൊപ്പം  നാരദനായും,  നളനോടൊപ്പം പുഷ്കരനായും,  ദുര്‍വാസാവിനു  അംബരീക്ഷനായുമൊക്കെ   ധാരാളം  വേഷങ്ങള്‍ ചെയ്യുവാനും ശ്രീ. രാജന് ഭാഗ്യം ഉണ്ടായി. കത്തി, കരി, വട്ടമുടി തുടങ്ങിയ വേഷങ്ങളുടെ അവതരണത്തില്‍ അദ്ദേഹം പ്രശസ്തി നേടിയിരുന്നു എങ്കിലും കളരി സ്വാധീനമുള്ള വേഷങ്ങളേക്കാളേറെ സ്വാത്വീക ഭാവ പ്രധാനമുള്ള നളന്‍, ബാഹുകന്‍, ഹരിശ്ചന്ദ്രന്‍, കചന്‍,  രുഗ്മാംഗദന്‍, കര്‍ണ്ണന്‍   എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിലാണ്  രാജന്‍ ആസ്വാദക ശ്രദ്ധ നേടിയത്.  ചിട്ടപ്പടിയുള്ള ചൊല്ലിയാട്ടം, ഭംഗിയുള്ള മുദ്രകള്‍, കലാശഭംഗി , അവസോരോചിതമായ പൊടിക്കൈകള്‍,ഭാവഭംഗി എന്നിവ അദ്ദേഹത്തിന്‍റെ അരങ്ങിലെ പ്രത്യേകതകള്‍ ആയിരുന്നു. എഷ്യാനെറ്റ് കഥകളി സമാരോഹത്തില്‍ ദക്ഷയാഗത്തിലെ ആദ്യ ദക്ഷനെ അവതരിപ്പിച്ചത് ശ്രീ. രാജന്‍ മാസ്റ്റര്‍ ആയിരുന്നു എന്നത് ഇവിടെ സ്മരിച്ചു കൊള്ളുന്നു.

എന്റെ പരിമിതമായ അനുഭവത്തില്‍ വേഷത്തിന് വേണ്ടി നിര്‍ബ്ബന്ധം പിടിക്കുന്ന സ്വഭാവം അദ്ദേഹത്തില്‍ കണ്ടിട്ടില്ല. മൌനമായി പ്രതികരിക്കുന്ന കലകാരനായിട്ടാണ് അദ്ദേഹത്തെ ഞാന്‍ അറിഞ്ഞിട്ടുള്ളത്. 1970- കാലഘട്ടങ്ങളില്‍ മാവേലിക്കര,  കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ രണ്ടു കളികളില്‍ ഒരു ദിവസം ശ്രീ. രാജന്‍ മാസ്റ്ററെ ക്ഷണിച്ചിരുന്നു. നളചരിതം രണ്ടും ബാലിവിജയവും ആയിരുന്നു അന്ന് നിശ്ചയിച്ചിരുന്ന കഥകള്‍.  കൃഷ്ണന്‍ നായര്‍ ആശാന്റെ നളന്‍, കോട്ടക്കല്‍ ശിവരാമന്റെ ദമയന്തി, രാജന്‍ മാസ്റ്ററുടെ പുഷ്ക്കരന്‍, ചെന്നിത്തല ആശാന്റെ കാട്ടാളന്‍. ബാലിവിജയത്തില്‍ രാജന്‍ മാസ്റ്ററുടെ രാവണന്‍, കലാമണ്ഡലം രാമകൃഷ്ണന്റെ നാരദന്‍ എന്നിങ്ങിനെ ആയിരുന്നു വേഷങ്ങള്‍.

നളചരിതം കഥയിലെ  പുഷ്ക്കരന്‍ കഴിഞ്ഞു ഒരു കത്തിവേഷം നിശ്ചയിക്കുന്നത് ഒരിക്കലും ശരിയല്ല. മറ്റു നടന്മാര്‍ ആരും ഇങ്ങിനെ വേഷം തീരുവാന്‍ മുന്‍വരുന്നത് സാധാരണവുമല്ല . പുഷ്ക്കരന്‍, രാവണന്‍ എന്നീ രണ്ടു വേഷങ്ങളില്‍  ഒന്ന് രാജന്‍ മാസ്റ്റര്‍ക്കും ഒന്ന് കലാമണ്ഡലം രാമകൃഷ്ണനും നല്‍ക്കുക എന്നതാവും ഉത്തമം എന്ന് അവിടെ പങ്കെടുത്തിരുന്ന കലാകാരന്മാര്‍ക്കും ആസ്വാദകരില്‍ പലര്‍ക്കും തോന്നല്‍ ഉണ്ടായിട്ടും രാജന്‍ മാസ്റ്റര്‍ ഒന്നും പ്രതികരിക്കാതെ കണ്ടപ്പോള്‍ അദ്ദേഹം അത് സന്തോഷപൂര്‍വ്വം സ്വീകരിച്ചതായാണ്‌ എല്ലാവരും  കരുതിയത്‌.  നോട്ടീസില്‍ വേഷവിവരം പബ്ലിഷ് ചെയ്തിരുന്നതിനാല്‍ ആരും മുന്‍ കൂട്ടി ഇതിനെ പറ്റി അഭിപ്രായം പറഞ്ഞതും ഇല്ല. പുഷ്ക്കരന്‍ കഴിഞ്ഞു വന്നു വേഷം അഴിച്ചു, തുടച്ച ശേഷം വീണ്ടും രാവണന്‍ തേയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. കാട്ടാളന്‍ രംഗം കഴിഞ്ഞു അരങ്ങത്തു നിന്നും അണിയറയില്‍ എത്തുമ്പോള്‍ രാവണന്റെ ചുട്ടി തീര്‍ന്നതേയുള്ളൂ. (ഇത്തരം സാഹചര്യങ്ങളില്‍ ചില നടന്മാര്‍ ചുട്ടി നിലനിര്‍ത്തിക്കൊണ്ട്   തേപ്പു മാത്രം തുടച്ച്,  കത്തിവേഷം തീരുകയും , കത്തി വേഷത്തിന്റെ തേപ്പു മാത്രം തുടച്ച് കൊണ്ടും  ചുട്ടി നിലനിര്‍ത്തികൊണ്ട് കത്തി  വേഷത്തിന്റെ തേപ്പു മാറ്റി പച്ച വേഷം തീരുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഉള്ള ഒരു രീതി അദ്ദേഹം ഇവിടെ സ്വീകരിച്ചില്ല) ഒരു ധൃതിയും പിടിക്കാതെ
 സാവധാനം  വേഷം തീര്‍ന്നു കൊണ്ട് രാജന്‍ മാസ്റ്റര്‍ ഈ വേഷ നിശ്ചയത്തോട് മൌനമായ് പ്രതികരിച്ച സംഭവം ഇവിടെ സ്മരിക്കുന്നു. കാട്ടാളന്റെ രംഗം കഴിഞ്ഞു തിരശീല പിടിച്ചു. ഗായകന്‍ രാഗം പാടുവാന്‍ തുടങ്ങി. സുമാര്‍ ഒരു മണിനേരം തിരശീല പിടിച്ചു നില്‍ക്കുകയും , ഗായകന്‍ അത്രയും സമയം രാഗം പാടുകയും ചെയ്യേണ്ടിവന്ന അനുഭവം അന്നാണ് ആദ്യവും അവസാനവും ആയി കണ്ടത്.

 
ആര്‍. എല്‍. വിയില്‍ സേവനം ചെയ്തതിലൂടെ ധാരാളം ശിഷ്യര്‍ അദ്ദേഹത്തിനുണ്ടായി. പല വിദേശയാത്രയിലും പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു. കഥകളി കലാകാരനും ശിഷ്യനുമായ ശ്രീ. ഏവൂര്‍ രാജേന്ദ്രന്‍ പിള്ളയാണ് അദ്ദേഹത്തിന്‍റെ മകളെ വിവാഹം ചെയ്തത്. കൊച്ചുമകന്‍ അര്‍ജുന്‍രാജ് അറിയപ്പെടുന്ന കഥകളി ഗായകനാണ്. സംഗീത നാടക അക്കാദമി ഉള്‍പ്പടെയുള്ള ധാരാളം പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കുറച്ചു കാലങ്ങളായി ശാരീരികമായ അസ്വസ്ഥതയില്‍ കഴിഞ്ഞ അദ്ദേഹത്തിന്‍റെ ജീവിത യാത്ര 2012,ജൂണില്‍ അവസാനിച്ചപ്പോള്‍ കലാലോകത്തിനു നഷ്ടമായത് വലിയ ഒരു കലാകാരനെയാണ്.

                                                     ശ്രീ. ചേര്‍ത്തല തങ്കപ്പപണിക്കര്‍

ശ്രീ. രാജന്‍ മാസ്റ്ററുടെ വേര്‍പാടില്‍ ദുഖിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍,  ശിഷ്യസമൂഹം, കലാകാരന്മാര്‍, ആസ്വാദകര്‍ എന്നിവരോടൊപ്പം എന്റെയും ദുഃഖം പങ്കുവെയ്ക്കുന്നു. അദ്ദേഹത്തോടൊപ്പം ആര്‍. എല്‍.വിയില്‍ കഥകളി സംഗീത അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു വിരമിച്ച ശ്രീ. ചേര്‍ത്തല തങ്കപ്പപണിക്കര്‍ ആശാന്‍ എല്ലാ മാസവും മുടക്കം കൂടാതെ പെന്‍ഷ്യന്‍ വാങ്ങുവാന്‍ നഗരത്തിലെത്തുമ്പോള്‍ തന്റെ ആത്മ സുഹൃത്തായ ശ്രീ. രാജന്റെ വസതിയില്‍ എത്തി അദ്ദേഹവുമായി മണിക്കൂറുകളോളം സംഭാഷണങ്ങളിലൂടെ ആശ്വാസം കണ്ടെത്തിയിരുന്നു. ശ്രീ. രാജന്‍ മാസ്റ്ററുടെ വേര്‍പാടിലൂടെ തീരാനഷ്ടം സംഭവിച്ച ശ്രീ. ചേര്‍ത്തല തങ്കപ്പപണിക്കര്‍ ആശാന് ആശ്വാസം ലഭിക്കുവാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും ശ്രീ. രാജന്‍ മാസ്റ്ററുടെ കണ്ടിട്ടുള്ള വേഷങ്ങള്‍ എല്ലാം   മനസ്സില്‍ സ്മരിച്ചു കൊണ്ടും അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ടും എന്റെ ഈ കുറിപ്പ് നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

2012, ജൂൺ 2, ശനിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -5 ( യുവജനോത്സവം തുടര്‍ച്ച)തിരുവല്ലയില്‍ നടന്ന യുവജനോത്സവത്തിലെ കഥകളി മത്സരത്തില്‍ പങ്കെടുത്ത കഥാനായകനായ ബാലന് തന്റെ തലയില്‍ കിരീടം ഉറച്ച നാള്‍ മുതല്‍ ചെന്നിത്തല ആശാനോട് ഒരു പ്രത്യേക ആദരവ് ഉണ്ടായി. വേഷം കെട്ടുമ്പോള്‍ ചെന്നിത്തല  ആശാന്‍ തന്നെ കിരീടം വെച്ച് മുറുക്കി കൊടുക്കണം എന്ന നിര്‍ബ്ബന്ധം  ഉണ്ടായിരുന്നു.   ചെങ്ങന്നൂരിനു കിഴക്ക് മാലക്കര ആനന്ദവാടി ആശ്രമത്തിലെ ഒരു കുടുംബാംഗമാണ് ഈ ബാലന്‍. ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായിരുന്ന  ശ്രീ. വി.കെ. കൃഷ്ണമേനോന്‍ അവര്‍കളുടെ ഫോട്ടോ ആശ്രമത്തില്‍   വെച്ചിരുന്നതായി ഓര്‍ക്കുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്‍റെ കുടുംബവും ഈ ആശ്രമവും തമ്മില്‍ എന്തെകിലും ബന്ധം ഉണ്ടായിരിക്കണം. മാലക്കര ആനന്ദവാടി ആശ്രമത്തില്‍ ധാരാളം വിദേശിയര്‍ താമസിച്ചു കൊണ്ട് ശ്രീ. കലാമണ്ഡലം  (അമ്പലപ്പുഴ) ശേഖറിന്റെ  ശിഷ്യരായി കഥകളി അഭ്യസിച്ചു വന്നിരുന്നു. 

                               ശ്രീ. അമ്പലപ്പുഴ ശേഖർ ഗുരു. കുഞ്ചുക്കുറുപ്പിനോടൊപ്പം 
   
കാലക്രമത്തില്‍ ആശ്രമത്തിനു സ്വന്തമായി ഒരു കഥകളിയോഗം വേണം എന്ന താല്‍പ്പര്യം ഉണ്ടായി.  അക്കാലത്ത് കൊല്ലം ഇരവിപുരത്തു നടത്തിവന്നിരുന്ന ഒരു കഥകളിയോഗത്തിന്റെ മാനേജര്‍ക്ക് പ്രായാധിക്ക്യം കാരണം കളിയോഗം നടത്തി കൊണ്ട് പോകാന്‍ സാധിക്കാത്ത നിലയെ അറിഞ്ഞു കൊണ്ട്  ചെന്നിത്തല ആശാനും അമ്പലപ്പുഴ ശേഖറും കൂടി  ആ കളിയോഗം വാങ്ങി  ആശ്രമത്തില്‍ എത്തിച്ചു. ആശ്രമത്തില്‍ കഥകളിയോഗം വാങ്ങി  പുതുപ്പിക്കുകയും ചെയ്തതോടെ കഥാനായകന്  കഥകളിയോടുള്ള ഭ്രമം അമിതമായി  വര്‍ദ്ധിക്കുകയും ചെയ്തു. തുടര്‍ന്ന്  ആശ്രമത്തില്‍  ധാരാളം കളികള്‍ നടത്തി വന്നിരുന്നു.

ഞാന്‍ ആദ്യമായി അവിടെ കണ്ടത് കംസവധം കഥകളിയാണ് .  കൃഷ്ണന്‍ നായര്‍ ആശാന്റെ അക്രൂരന്‍, ചെന്നിത്തല ആശാന്റെ കംസന്‍, മങ്കൊമ്പ് ആശാന്റെയും ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെയും മല്ലന്മാര്‍, മാങ്ങാനം രാമപിഷാരടിയുടെ അരിഷ്ടന്‍, അമ്പലപ്പുഴ ശേഖറിന്റെ സുദാമന്‍, കഥാനായകന്റെ കൃഷ്ണന്‍, നീലമ്പേരൂര്‍ കുട്ടപ്പപണിക്കര്‍ ( സംഗീതം) എന്നിങ്ങനെയായിരുന്നു. ഒരിക്കല്‍ തിരുവല്ല ക്ഷേത്രത്തില്‍ ആശ്രമത്തിന്റെ വകയായി ഒരു വഴിപാടു കഥകളി നടത്തിയതും ഓര്‍മ്മയുണ്ട്. സന്താനഗോപാലവും ദുര്യോധനവധവും ആയിരുന്നു അന്നത്തെ കഥകള്‍. അമ്പലപ്പുഴ ശേഖറിന്റെ അര്‍ജുനന്‍ ധര്‍മ്മപുത്രര്‍ എന്നീ വേഷങ്ങളും, മങ്കൊമ്പ് ആശാന്റെ ബ്രാഹ്മണനും  രൌദ്രഭീമനും  ചെന്നിത്തല ആശാന്റെ ദുര്യോധനനും കഥാനായകന്റെ രണ്ടു കഥയിലെ കൃഷ്ണനും. 

മാലക്കര ആനന്ദവാടി ആശ്രമത്തില്‍  പത്മശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ  ഹനുമാനും ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെ അഴകിയ രാവണനുമായി തോരണയുദ്ധം,  പത്മശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ ബലഭദ്രനും ശ്രീ. മങ്കൊമ്പ് ആശാന്റെ കൃഷ്ണനും ചേര്‍ന്നുള്ള സുഭദ്രാഹരണം, ബ്രഹ്മശ്രീ. മാങ്കുളം തിരുമേനി, ശ്രീ. കുടമാളൂര്‍ ആശാന്‍, ശ്രീ. ചെന്നിത്തല ആശാന്‍ എന്നിവര്‍ കാട്ടാളന്‍, കാട്ടാളത്തി, അര്‍ജുനന്‍ എന്നിങ്ങിനെ കിരാതം എന്നിങ്ങനെ ധാരാളം കളികള്‍ അവിടെ നടന്നിട്ടുണ്ട്. അവിടെ നടന്നിട്ടുള്ള ഒട്ടുമിക്ക കഥകളികളും റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ത്മശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ രുഗ്മാംഗദനും , ശ്രീ. കുടമാളൂര്‍ ആശാന്റെ മോഹിനിയും , മാലക്കര ബാലന്റെ ധര്‍മ്മാംഗദനുമായുള്ള  രുഗ്മാംഗദചരിതം കളിയുടെ   വീഡിയോ കാസ്സറ്റുമാത്രം എങ്ങിനെയോ ചില കഥകളി ആസ്വാദകരില്‍ എത്തിയിട്ടുണ്ട്.

 കലാജീവിതത്തോടൊപ്പം വിദ്യാഭ്യാസവും തുടര്‍ന്ന കഥാനായകന്‍ തന്റെ കോളേജു  പഠനത്തില്‍  ഏതോ ഒരു വിഷയത്തിന് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മാനസീകമായി ബാധിപ്പ് ഉണ്ടായി. താന്‍ പഠിച്ചു മാര്‍ക്ക് കുറഞ്ഞ  ആ സബ്ജക്റ്റിലെ പാഠങ്ങള്‍ എപ്പോഴും ഉരുവിട്ടു കൊണ്ടിരിക്കുന്ന ഒരു രീതിയിലേക്ക് മാറി. കഥകളിക്കു തേച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരുക്കം നിര്‍ത്തി പഠിച്ച പാഠങ്ങള്‍ ഉരുവിടും. ഈ ബാലന്റെ ശ്രദ്ധ വീണ്ടും വേഷം ഒരുങ്ങുന്നതിലേക്ക് കൊണ്ടു വരേണ്ട ജോലി  ചെന്നിത്തല ആശാനില്‍ നിക്ഷിപ്തമായി. 

"കുഞ്ഞേ! ഇങ്ങിനെ ഇരുന്നാല്‍ മതിയോ ? സമയം പോകുന്നു വേഷം തേച്ചാട്ടെ" എന്ന് ചെന്നിത്തല ആശാന്‍ പറഞ്ഞാല്‍ വീണ്ടും തേപ്പു തുടങ്ങും. 

വേഷം കെട്ടി അരങ്ങത്തു   വന്നാല്‍ കുഴപ്പം ഇല്ലാതെ രംഗ    ക്രിയകള്‍ ചെയ്തിരുന്നു. ചെന്നിത്തല ആശാന്റെ സരസമായ  ഇടപെടലില്‍ കൂടിയും ധൈര്യം നല്‍കിയും  കുറച്ചു കാലത്തിനു ശേഷം ബാലന്‍ സ്വയം കിരീടം വെച്ചു മുറുക്കുവാന്‍ പ്രാപ്തനായി. 

കാലക്രമത്തില്‍  കഥകളി ഈ ബാലന്റെ ഒരു ബലഹീനതയായി മാറി. ഒരു ചെറിയ സംഭവം സൂചിപ്പിക്കട്ടെ. ഒരിക്കല്‍ മാലക്കര ആശ്രമത്തില്‍ ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുക ഉണ്ടായി. ചെന്നിത്തല ആശാന്റെ ശ്രീരാമന്‍, അമ്പലപ്പുഴ ശേഖറിന്റെ ഹനുമാന്‍, കടപ്ര ഗോപിയുടെ  (കഥകളി അഭ്യസിച്ച ശേഷം ബോംബയില്‍ ഡാന്‍സര്‍. നാട്ടില്‍ വരുമ്പോള്‍ സൌകര്യമുള്ള കളികള്‍ക്ക് കൂടുക പതിവായിരുന്നു.) വിഭീഷണന്‍, കഥാനായകന്റെ ഭരതന്‍. കളി കഴിഞ്ഞു വീട്ടില്‍ എത്തിയ ചെന്നിത്തല ആശാന്‍ ദിനചര്യ കഴിഞ്ഞു  ഉറങ്ങാന്‍ കിടന്നപ്പോള്‍ ആശാനേ വീണ്ടും  കൂട്ടി പോകുവാന്‍  മാലക്കരയില്‍ നിന്നും കാര്‍ എത്തി. അന്ന് പട്ടാഭിഷേകം കഥകളി നടത്തണം എന്നും കഥാനായകന് ശ്രീരാമന്‍   കെട്ടണം എന്നും നിര്‍ബ്ബന്ധം. മാര്‍ഗ്ഗ മദ്ധ്യേ  ചെങ്ങന്നൂരില്‍ നിന്നും മങ്കൊമ്പ് ആശാനേ കൂടി കൂട്ടി പോയി പട്ടാഭിഷേകം അവതരിപ്പിച്ചു. ഇതുപോലെയുള്ള കഥകളി സംഭവങ്ങള്‍ മാലക്കരയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്.

മാലക്കരയില്‍  തുടര്‍ച്ചയായി ഉണ്ടാകുന്ന കളികള്‍ക്ക് പങ്കെടുക്കേണ്ടി വരുന്നത് കാരണം ചെന്നിത്തല ആശാന്റെ  പല പതിവു കളികള്‍ക്കും പങ്കെടുക്കുന്നതില്‍ തടസ്സം ഉണ്ടായി. ഇക്കാരണത്താല്‍  മാലക്കരയിലെ കളികളില്‍ നിന്നും തന്നെ  ഒഴിവാക്കിത്തരണം എന്ന് അമ്പലപ്പുഴ ശേഖറിനോട് സൂചിപ്പിക്കുവാന്‍ ചെന്നിത്തല ആശാന്‍ മറന്നില്ല. മാലക്കര ആശ്രമത്തിലെ ഒരു വിവാഹച്ചടങ്ങിന് ചെന്നിത്തല ആശാന് ക്ഷണം ലഭിച്ചു. അന്ന് കൊല്ലം ജില്ലയില്‍ ഒരു കളിക്ക് പോകേണ്ടത് കൊണ്ട് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ തനിക്കു സാധിക്കുന്നില്ല എന്ന വിവരം ചെന്നിത്തല ആശാന്‍ അമ്പലപ്പുഴ ശേഖറിനെ അറിയിച്ചിരുന്നു . ആശ്രമത്തില്‍ നടക്കുന്ന കളികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന എല്ലാ  കലാകാരന്മാരും   വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും  ചെന്നിത്തല ആശാന്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെ  മാലക്കര ആനന്ദവാടിയുമായുള്ള ചെന്നിത്തല ആശാന്റെ ബന്ധം മുറിഞ്ഞു. കാലക്രമത്തില്‍  കഥാനായകന്   ചെണ്ട കൊട്ട് പഠിക്കണം എന്ന് ആഗ്രഹം   ഉണ്ടാവുകയും പിന്നീട് ഭ്രമം  ചെണ്ടയിലേക്ക് മാറുകയും ചെയ്തു.   ശ്രീ.ആയാംകുടി കുട്ടപ്പന്‍ മാരാര്‍ ആശാന്‍ ആയിരുന്നു  ചെണ്ട അഭ്യസിപ്പിച്ചിരുന്നത്  എന്നാണ് എന്റെ  അറിവ്.
  
ഈ ബാലന്റെ കഥകളി ഭ്രമം കാരണം ആനന്ദവാടിയില്‍ ധാരാളം കളികള്‍ നടക്കുകയും പരിസരവാസികള്‍ക്ക് ധാരാളം കളികള്‍ കാണുവാന്‍ അവസരവും കഥകളി കലാകാരന്മാര്‍ക്ക് കുറച്ചു സാമ്പത്തീക ലാഭം  ഉണ്ടാകുവാന്‍ അവസരം ഉണ്ടായി എന്നത് ഒരു തരത്തില്‍  ആശ്വാസകരമാണ്.