പേജുകള്‍‌

2010, മാർച്ച് 17, ബുധനാഴ്‌ച

സകലകലാവല്ലഭൻ

കഥകളി ലോകം അറിയപ്പെടുന്ന കലാകാരന്മാരിൽ “സകലകലാ വല്ലഭൻ” എന്ന പേരു സമ്പാദിച്ച ഗുരുനാഥനാണ് ശ്രീ. പട്ടിക്കാന്തൊടി രാമുണ്ണി മേനോൻ. 
 ശ്രീ. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, ശ്രീ. കലാമണ്ഡലം കേശവൻ എന്നീ കലാകാരന്മാർ അറിയപ്പെടുന്ന കഥകളി ചെണ്ട വിദഗ്ദൻ എന്നതിന് ഉപരിയായി കഥകളി സംഗീതം, അഭിനയം, കഥകളി കഥാകൃത്ത് തുടങ്ങിയവയിലും നൈപുണ്ണ്യം നേടിയിരുന്നു. സകലകലാ വല്ലഭന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന കഥകളി കലാകാരനായിരുന്ന ചെന്നിത്തല, വടയത്തു ശ്രീ.രാമവർമ്മ തിരുമുൽപ്പാടിനെ പറ്റി അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ എഴുതിയ ഒരു കവിത ഇപ്രകാരമാണ്.

“ ആട്ടത്തിനെന്നല്ല കൊട്ടിനും പാട്ടിനും
ചുട്ടിയെന്നുള്ളോരീ വിദ്യയെല്ലാം
ഒട്ടും മടിതട്ടാതിഹ പെട്ടെന്നു വഹിപ്പാൻ വിരു-
തൊട്ടേറെ തേടും മഹാവിശിഷ്ടൻ”
മൽഗുരുനാഥൻ വടയത്തു രാമവ-
ർമ്മാഖ്യനാകും തിരുമുൽപ്പാടിന്റെ
തൃപ്പദമകപ്പൂവിലനൽപ്പം വിളയാടുന്നതി-
നെപ്പോഴും കൂപ്പുന്നേൻ ഭക്തിപൂർവ്വം.

നാദസ്വര വിദ്വാന്മാർ എന്ന് പ്രസിദ്ധി നേടിയ അമ്പലപ്പുഴ സഹോദരന്മാരിൽ ഇളയവനാണ് മൺ മറഞ്ഞ ശ്രീ. അമ്പലപ്പുഴ രാമുണ്ണി ആശാൻ. നാദസ്വരം, തവിൽ തുടങ്ങിയ എല്ലാ ക്ഷേത്ര വാദ്യങ്ങൾ, സംഗീതം, നൃത്തം, അഭിനയം തുടങ്ങിയ സുന്ദരകലകളിലും കഥകളിയിലെ പച്ച, കത്തി, താടി, മിനുക്ക് വേഷങ്ങളുടെ അവതരണത്തിലും അദ്ദേഹം പ്രസിദ്ധനായിരുന്നു. കലാകാരന്മാർ ഉത്സവകാലങ്ങളിൽ തിരക്കിലാവുക സഹജമാണ്. അമ്പലപ്പുഴ രാമുണ്ണി ആശാന് അതിനു മുൻപേ തിരക്കിലാവും. ബാലേ നൃത്ത കമ്പോസിംഗിനായി ഓരോ കലാലയക്കാർ ആശാനെ കൂട്ടിപ്പോകാനായി കാറുമായി വീടിനു മുൻപിൽ കാവലായിരിക്കും. പല കലാകാരന്മാരെ പോലെ തന്നെ ആശാനും മദ്യത്തിന് അടിമയായിരുന്നു എന്നതായിരുന്നു ഖേദകരമായ വിഷയം. 

                                                            ശ്രീ. രാമുണ്ണി ആശാന്‍ 

ഒരിക്കൽ ഒരു കഥകളി സംഘത്തോടൊപ്പം ബോംബയിൽ എത്തിയ രാമുണ്ണി ആശാൻ അവിടെ കഥകളി ഇല്ലാത്ത ഒരുദിവസം രാവിലെ സംഘത്തിലുണ്ടായിരുന്ന ശ്രീ. മങ്കൊമ്പു ശിവശങ്കരപ്പിള്ളയെയും കൂട്ടി നഗരം ചുറ്റിക്കാണാൻ ഇറങ്ങി. ഒരു ലക്ഷ്യമില്ലാതെ ചില ബസിലും നടന്നുമൊക്കെ യാത്ര ചെയ്തു. ആശാന്റെ കണ്ണിൽ പെട്ട ഒരു മദ്യഷാപ്പിൽ കയറി ആവോളം മദ്യപിച്ചു. മദ്യഷാപ്പിൽ നിന്നും വെളിയിൽ എത്തിയ രാമുണ്ണി ആശാനെയും കൂട്ടി മങ്കൊമ്പ് മുന്നോട്ടു നീങ്ങി. ആശാന്റെ കാലു നിലത്തുറയ്ക്കുന്നില്ല. കുറച്ചു ദൂരം കൂടി നടന്ന് ബസ്സ്റ്റോപ്പിൽ എത്തിയാൽ ആശാനെയും കൂട്ടി കഥകളി സംഘത്തിന്റെ ക്യാമ്പിലെത്താം എന്നു മങ്കൊമ്പു കരുതിയനേരം വഴിയോരത്തിൽ കുഴഞ്ഞു വീണു രാമുണ്ണി ആശാൻ. ആശാനെ ഒന്നെഴുനേൽപ്പിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ വന്ന് വിഷമിക്കുമ്പോഴാണ് തന്റെ പോക്കറ്റ് അടിക്കപ്പെട്ടിരിക്കുന്നു എന്ന് മങ്കൊമ്പ് മനസിലാക്കിയത്. രാമുണ്ണി ആശാന്റെ പോക്കറ്റിലും പണമൊന്നും കാണുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ച് മണിക്കൂറുകളോളം രാമുണ്ണി ആശാന് കാവലിരുന്നു. ചില മണിനേരത്തിനു ശേഷം കണ്ണു തുറന്ന ആശാൻ സ്ഥിതിഗതികൾ മനസിലാക്കി. തന്റെ ഡ്രസ്സുകളെല്ലാം അഴുക്കു പുരണ്ടിരിക്കുന്നു. പണവും കയ്യിലില്ല. ഇവിടെ നിന്നും എങ്ങിനെ എങ്കിലും ക്യാമ്പിലെത്തണം. ആശാന്റെ കണ്ണുകൾ ചുറ്റും പരതി. പനയോലയാൽ നെയ്ത ഒരു വട്ടിയുടെ (bag) കുറച്ചു ഭാഗം ആശാന്റെ കണ്ണിൽ പെട്ടു. ആശാൻ അതെടുത്തു. അതിൽ നിന്നും ഒന്നു രണ്ടു പനയോല പിരിച്ചെടുത്ത് ഒരു ചെറിയ കുഴൽ പോലെ ചുറ്റി . നീറ്റ് ഡ്രസ്സിൽ നിന്നിരുന്ന മങ്കൊമ്പിനോട് അൽപ്പം ദൂരേക്കു മാറി നിൽക്കാൻ പറഞ്ഞിട്ട് ആശാൻ തന്റെ അഴുക്കു പിടിച്ച ഷർട്ട് ഊരി റോഡ് ഓരത്തിൽ വിരിച്ചു. ജനം നിറഞ്ഞ റോഡരികിൽ നിന്ന് പനയോലക്കുഴൽ വായിൽ വെച്ച് ഊതുവാൻ തുടങ്ങി. പനയോലക്കുഴലിലൂടെ ഒഴുകി എത്തിയ ശബ്ദം! നാദസ്വരത്തിനു സമാനമായ ശബ്ദം അതുവഴി പോയ ജനങ്ങളെ ആകർഷിച്ചു. ആശാനു ചുറ്റും കുറച്ചു ജനങ്ങൾ കൂടി. വിരിച്ചിട്ടിരുന്ന ഷർട്ടിൽ വീഴുന്നു നാണയങ്ങൾ. “വല്ലഭന് പുല്ലും ആയുധം”. ക്യാമ്പിൽ എത്തിച്ചേരാൻ ഉള്ള പണം ചേർന്നപ്പോൾ നാണയങ്ങളും ഷർട്ടുമെടുത്ത് മങ്കൊമ്പിനെയും കൂട്ടി ബസ്സ്റ്റോപ്പിലേക്കു നീങ്ങി രാമുണ്ണി ആശാൻ.

2010, മാർച്ച് 13, ശനിയാഴ്‌ച

കഥകളി അരങ്ങിൽ ഒരു രസികത്തം

രാവണനെ ഭയന്ന് ഓടിയ ബാലൻ (അരങ്ങിലെ രസികത്തങ്ങൾ) ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ കടലിനും കായലിനും ഇടയ്ക്കള്ള പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിൽ പണ്ട് കഥകളി പതിവായി നടന്നിരുന്നു. അത്തരം ഒരു പ്രദേശത്തെ ക്ഷേത്രക്കളി. ആദ്യ കഥ രാവണവിജയമാണ്. ചെങ്ങന്നൂർ ആശാന്റെ രാവണൻ. തിരക്കിനോട്ടം കഴിഞ്ഞപ്പോൾ മുതൽ കഥകളി കാണാൻ ഇരിക്കുന്ന ആസ്വാദകരുടെ ഇടയിൽ കൂടി ഓടുകയും ചാടുകയും ചെയ്യുന്ന ഒരു...രാവണനെഭയന്ന് ഓടിയ ബാലൻ.

ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ കടലിനും കായലിനും ഇടയ്ക്കള്ള പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിൽ പണ്ട് കഥകളി പതിവായി നടന്നിരുന്നു. അത്തരം ഒരു പ്രദേശത്തെ ക്ഷേത്രക്കളി. ആദ്യ കഥ രാവണവിജയമാണ്. 

                                 ഗുരു. ചെങ്ങന്നൂർ(രാവണൻ) ശ്രീ. കുടമാളൂർ (രംഭ)                    

ചെങ്ങന്നൂർ ആശാന്റെ രാവണൻ. തിരക്കിനോട്ടം കഴിഞ്ഞപ്പോൾ മുതൽ കഥകളി കാണാൻ ഇരിക്കുന്ന ആസ്വാദകരുടെ ഇടയിൽ കൂടി ഓടുകയും ചാടുകയും ചെയ്യുന്ന ഒരു ബാലനെ ആശാൻ ശ്രദ്ധിച്ചു. ആസ്വാദകർക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടായിട്ടും കൂടി ആരും തന്നെ ബാലനെ ശാസിക്കാനോ ശിക്ഷിക്കാനോ എന്തു കൊണ്ടോ തയ്യാറായില്ല. ദൂതന്റെ രംഗം കഴിഞ്ഞു. വൈശ്രവണനോട് യുദ്ധം ചെയ്യാനായി പടയൊരുക്കി രാവണൻ പുറപ്പെട്ടു. സൂര്യൻ അസ്തമിച്ചപ്പോൾ ഇന്നിനി യാത്ര തുടരേണ്ടെന്നും കൂടാരം അടിച്ച് വിശ്രമിക്കാനും രാവണൻ ആജ്ഞാപിച്ചു. രാവണന്റെ കൂടാര സമീപത്തുകൂടി കടന്നു പോയ രംഭയെ രാവണൻ തടഞ്ഞു നിർത്തി. തന്റെ ഇംഗിതം അറിയിച്ചു. രംഭ മറുപടിപ്പദം ആടിക്കൊണ്ടിരുന്നപ്പോൾ ആസ്വാദകരുടെ ഇടയിൽ കൂടി ഓടുകയും ചാടുകയും ചെയ്തിരുന്ന ബാലൻ സ്റ്റേജിനു മുന്നിലെത്തി. കുസൃതിക്കാരനായ ബാലനെ ഓടിക്കാൻ പറ്റിയ ഈ അവസരം ഒട്ടും പാഴാക്കരുതെന്ന് കരുതിയ ആശാന്റെ രാവണൻ പെട്ടെന്ന് വിശ്രമിക്കാതെ നിൽക്കുന്ന ഒരു ഭടനെ ഭാവനയിൽ കണ്ടു. ഭടനെ നോക്കി ഒരു അലർച്ച. അലർച്ച കേട്ടപ്പോൾ കുസൃതി നിർത്തി ബാലനും അരങ്ങത്തേക്കു ശ്രദ്ധിച്ചു. രാവണൻ ഭടനോടെന്നപോലെ ബാലന്റെ നേരെ വാൾ ഓങ്ങിക്കൊണ്ട് മുൻപോട്ടു നീങ്ങി പോയ് ഉറങ്ങിക്കൊൾഎന്നു മുദ്രയും കാട്ടി. വാളും ഓങ്ങിക്കൊണ്ട് തന്റെ നേർക്കു വന്ന കഥകളി വേഷക്കാരനെ കണ്ടപ്പോൾ ബാലൻ ശരിക്കും ഭയന്നു. തന്നെ വല്ലതും ചെയ്യുമോ എന്നു ഭയത്താൽ ബാലൻ എന്റുമ്മാഎന്ന് ശബ്ദമുണ്ടാക്കി കൊണട് കളിയരങ്ങിനു മുൻപിൽ നിന്നും ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഓടിമറഞ്ഞു. പിന്നീട് ആ ബാലൻ കളി തീരുന്നതു വരെ തിരികെ വന്നില്ല. ആസ്വാദകർ ഒരു ദീർഘനിശ്വാസം വിട്ട് കഥകളി ആസ്വദിക്കയും ചെയ്തു.