പേജുകള്‍‌

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ബാല്യകാലസ്മരണകൾ -8 (ജീവിതത്തിലെ സൗഭാഗ്യങ്ങൾ നിറഞ്ഞ കാലഘട്ടം-2)


സിദ്ധാശ്രമത്തിലെ ഹരിശ്ചന്ദ്രചരിതം  കഥകളിയും ശ്രീ. ചെന്നിത്തല ഭാസ്കരൻ ചേട്ടന്റെ അരങ്ങേറ്റവും  വളരെ ഭംഗിയായി അവസാനിച്ചു. ചുടല ഹരിശ്ചന്ദ്രന്റെ വേഷം തുടച്ചു കൊണ്ടിരുന്ന  കൃഷ്ണൻ നായർ ആശാൻ എന്റെ പിതാവിനെ അടുത്തേക്ക്‌ വിളിച്ചു. താങ്കൾ ഇന്നലെ എപ്പോഴാണ് എത്തിയത് എന്നുള്ള  ചോദ്യത്തിൽ  ആരംഭിക്കുകയും തുടർന്ന്   ആശാൻ പിന്നീട്   വളരെ ദേക്ഷ്യഭാവത്തിലെത്തുകയും ചെയ്തു.     തലേ  ദിവസം അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ ഉണ്ടായ അനുഭവത്തിന്റെ പ്രതികരണമാണ് ആശാൻ പ്രകടിപ്പിച്ചത് എന്ന് പിതാവിന് മനസ്സിലായതിനാൽ ഒന്നും പ്രതികരിക്കാതെ നിശബ്ദനായി നിന്നതേയുള്ളൂ. തനിക്ക് കളിക്ക് പോയി  കിട്ടുന്ന പണം  എല്ലാം  എന്തു ചെയ്യുന്നു? ആരെങ്കിലും വന്നാൽ ഒന്നു കിടക്കാൻ സൗകര്യം നിന്റെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ടോ? നിനക്ക് നാല് പെണ്‍കുട്ടികൾ ഉണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിക്കുന്നുണ്ടോ?  നിന്റെ ഗുരുനാഥൻ ഇന്നലെ പകലിൽ   എവിടെയാണ് വിശ്രമിച്ചത് എന്ന് അറിയുമോ? തൊഴുവത്തിന്റെ തിണ്ണയിൽ.  എന്നിങ്ങനെ നീണ്ടു ആശാന്റെ ആരോപണം. ഒടുവിൽ  വിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ  വയറിന്മേൽ നിന്റെ വീട്ടിലെ തെങ്ങിൽ നിന്നും ഒരു ചെറിയ വെള്ളക്കായ് വീണെന്നും കൂടി  ആശാൻ ആരോപിച്ചപ്പോൾ പിതാവ് മാനസീകമായി ആകെ തളർന്നു കഴിഞ്ഞിരുന്നു. ആശ്രമത്തിൽ നിന്നും കളിപ്പണവും വാങ്ങി കലാകാരന്മാർ എല്ലാവരും പിരിഞ്ഞു. പിതാവ് ആശ്രമത്തിൽ നിന്നും  നടന്നു വരുംവഴിയിൽ അയൽ വീട്ടിൽ നിന്നും ഒരു അലവാങ്കും വാങ്ങിയാണ്  വീട്ടിലെത്തിയത്. അച്ഛന്റെ കിടപ്പു  മുറിയിലുള്ള സാധനങ്ങൾ എല്ലാം തൊഴുവത്തിനോട് ചേർന്നുള്ള  മുറിയിലേക്ക് മാറ്റിയിട്ട് അലവാങ്കുകൊണ്ട് അച്ഛന്റെ കിടപ്പുമുറി ഇടിച്ചു പൊളിക്കുവാൻ തുടങ്ങി. അച്ഛന്റെ പെട്ടെന്നുള്ള ഈ പ്രവർത്തി കണ്ട് ഞങ്ങൾ എല്ലാവരും ഭയന്നു. ഏതാണ്ട് ഒരു ഭ്രാന്തനെന്നപോലെയുള്ള അച്ഛന്റെ പെരുമാറ്റം കണ്ടു ഭയന്നു പോയ മാതാവ് എന്റെ കയ്യിൽ ബസ്സു കൂലി തന്ന് ചേപ്പാട്ടുള്ള അമ്മയുടെ ഗൃഹത്തിലേക്ക് എന്നെ അയച്ചു. ഞാൻ അവിടെയെത്തി മുത്തച്ഛനെ    കൂട്ടിയാണ് മടങ്ങിയെത്തിയത്. അപ്പോഴേക്കും വീടിന്റെ മുക്കാൽ ഭാഗം അച്ഛൻ തന്നെ ഇടിച്ചു കളഞ്ഞിരുന്നു. അച്ഛന്റെ സുഹൃത്തുക്കളും അയൽവാസികളും  മറ്റും  അവിടെ എത്തിയിരുന്നു. മുത്തച്ഛന്റെ  ചോദ്യത്തിന് വളരെ സമാധാനത്തോടെയാണ് അച്ഛൻ മറുപടി പറഞ്ഞത്. തന്റെ സുഹൃത്തുക്കളും ഗുരുനാഥനും മനസാ ഗുരുനാഥനായി കാണുന്ന കൃഷ്ണൻ നായർ ആശാനും തന്റെ ഗൃഹത്തിൽ എത്തിയപ്പോഴുണ്ടായ അസൗകര്യവും  കൃഷ്ണൻ നായർ ആശാന്റെ ശകാരവും എല്ലാം കൂടിയായപ്പോൾ ഒരു നിമിഷം സമനില തെറ്റിയെന്നും ഇനി ഈ വീട്ടിൽ താമസിക്കുന്നില്ലെന്നും ഇത് ഇടിച്ചിട്ട്‌ ഈ വർഷം ലഭിച്ച കളിപ്പണം കൊണ്ട് ഒരു വീടിന് അടിത്തറ കെട്ടുവാൻ തീരുമാനിച്ചു എന്നുമായിരുന്നു അച്ഛന്റെ മറുപടി.

                                                        ഗുരു. ചെങ്ങന്നൂർ രാമൻപിള്ള 


                                             പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ

ഉണ്ടായിരുന്ന വീട് ഇടിച്ചിട്ട്‌ ഒരു  ചെറ്റക്കുടിൽ (മെടഞ്ഞ ഓല കൊണ്ട് ഉണ്ടാക്കിയ കുടിൽ)  കെട്ടി. അതിനുള്ളിൽ  വീട്ടിലിരുന്ന പൊത്തായം (നെല്ലും മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുവാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന തടി കൊണ്ട് നിർമ്മിച്ച ഒരു തരം വലിയ പെട്ടി) എടുത്തു വെച്ച് അതിന്മേലായിരുന്നു അച്ഛൻ കിടന്നിരുന്നത്. ആ കുടിലിനു മുൻപിൽ ഒരു റാന്തൽ വിളക്കും തൂക്കിയിട്ടിരുന്നു. സന്ധ്യയായാൽ ആ വിളക്കായിരുന്നു  വീടിനു മുൻ വശത്ത് പ്രകാശം പരത്തിയിരുന്നത്.  അധികം താമസിയാതെ വീടിനു സ്ഥാനം കണ്ടു. ചെന്നിത്തല ഒരിപ്പ്രത്തുകാരനും അച്ഛനും അച്ഛനെയും  പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ശ്രീ. വാസുആശാരിയായിരുന്നു വീടിനു സ്ഥാനം കണ്ടത്.  അദ്ദേഹം വീടിനു കുറ്റിയടിച്ച് പണി തുടങ്ങുവാനുള്ള ദിവസവും സമയവും കുറിച്ചു. വീടിനു  കല്ലിടുന്നത് തന്റെ ഗുരുനാഥൻ ചെങ്ങന്നൂർ ആശാൻ തന്നെയാവണം എന്ന് അച്ഛൻ ഉറപ്പിച്ചിരുന്നു.    ചെങ്ങന്നൂരിനു കിഴക്കു ഭാഗത്തു നിന്നും കാളവണ്ടിയിലാണ്  വീടുപണിക്കുള്ള വെട്ടുകല്ല് കൊണ്ടുവന്നിറക്കിയത്.  അച്ഛൻ ചെങ്ങന്നൂർ ആശാന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ട് തന്റെ ഭവനത്തിന്റെ നിർമ്മാണ വിഷയവും ആശാൻ  തന്നെ വീടിന് ആദ്യ കല്ല്‌ ഇടണം എന്നുള്ള വിവരം അറിയിച്ചു. അദ്ദേഹം സസന്തോഷം ശിഷ്യന്റെ  അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

                                                               എന്റെ പിതാവ് 

അങ്ങിനെ ആസുദിനം വന്നെത്തി. ചെങ്ങന്നൂർ ആശാനും ആശാന്റെ മകളും കൂടി നേരത്തേ തന്നെ എത്തിയിരുന്നു. ശ്രീ. വാസുആശാരിയും , ചെന്നിത്തല തെക്കുംമുറി  ഭാഗത്തുള്ള ശ്രീ. ഗോപാലൻമേശരിയും  കൂട്ടരും (കൽപ്പണി) എത്തി. കല്ലിടുവാൻ വേണ്ടി കുറ്റിയടിച്ചു സ്ഥാനം കണ്ട ഭാഗം  തോണ്ടി മണ്ണുമാറ്റി വെച്ചിരുന്നു.  നിലവിളക്ക് കൊളുത്തി വെച്ച് പൂജാദികർമ്മങ്ങൾ ചെയ്ത് ആദ്യകല്ല്‌ ശ്രീ.ഗോപാലൻമേശരി ചെങ്ങന്നൂർ ആശാനെ ഏല്പ്പിച്ചു.  ആശാൻ  തന്റെ  കൈകൾ കൊണ്ട് ആ കല്ല്‌ സ്വീകരിച്ച് ഒരു നിമിഷം പ്രാർത്ഥിച്ച ശേഷം തന്റെ കർമ്മം നിറവേറ്റി.  ചെങ്ങന്നൂർ ആശാന്റെ കൈകളിൽ നിന്നും ദക്ഷിണ സ്വീകരിച്ച് ആശാന്റെ കാൽപ്പാദങ്ങളിൽ വണങ്ങിയാണ് ശ്രീ. വാസുആശാരിയും ശ്രീ. ഗോപാലൻമേശരിയും  കൂട്ടരും മടങ്ങിയത്.
 (തുടരും)