പേജുകള്‍‌

2014, ഡിസംബർ 30, ചൊവ്വാഴ്ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 16-മത് അനുസ്മരണം -(1)


ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 16-മത് അനുസ്മരണം 
13-12-2014 -നു രാവിലെ ഒൻപതു മണിക്ക് ശ്രീ.  ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക സമിതിയിൽ ആചാര്യന്റെ ചിത്രത്തിന് പുഷ്പാർച്ചന നടത്തി ആരംഭിച്ചു. 

സമിതി പ്രസിഡന്റ് ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ, സെക്രട്ടറി ശ്രീ. എൻ. വിശ്വനാഥൻ
          നായർ എന്നിവർ ആചാര്യൻറെ ചിത്രത്തിന് പുഷ്പാർച്ചന നടത്തി വണങ്ങുന്നു.

10:30 മണിക്ക് മലയാള കലാവേദിയുടെ നേതൃത്വത്തിൽ കാവ്യാർച്ചനയും അക്ഷരശ്ലോക സദസ്സും നടത്തി. കാവ്യാർച്ചനയിൽ പങ്കെടുത്ത മലയാള ഭാഷാ പണ്ഡിതനായ മാന്നാർ സ്വദേശി ശ്രീ. പീതാംബരൻ മാഷ്‌ നടത്തിയ അനുസ്മരണത്തിൽ അദ്ദേഹം ചെന്നിത്തല ചെല്ലപ്പൻ പിള്ളയുമായി അദ്ദേഹത്തിന് ഉണ്ടായിരുന്ന സൗഹൃദ ബന്ധത്തെ പറ്റി ഇങ്ങിനെ അനുസ്മരിക്കുകയുണ്ടായി.


1990- കാലഘട്ടത്തിൽ ചെന്നിത്തല കിഴക്കേവഴിയിൽ 'അക്ഷര' എന്ന പേരിൽ നടത്തി വന്നിരുന്ന ട്യൂട്ടോറിയലിൽ മലയാളം അദ്ധ്യാപകനായി ഞാൻ ജോലി ചെയ്തിരുന്നു. അവിടെ ജോലിക്ക് ചേർന്ന് ഒരു ചില ദിവസങ്ങൾക്കുള്ളിൽ ശ്രീ. ഉണ്ണായിവാര്യർ രചിച്ച നളചരിതം ആട്ടക്കഥയിലെ ഹംസ- ദമയന്തിയുടെ പദങ്ങൾ പാടി അതിന്റെ അർത്ഥം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുമ്പോൾ ഒരു വ്യക്തി ട്യൂട്ടോറിയലിന്റെ വാതുക്കൽ എത്തി. അദ്ദേഹം കുറച്ചു സമയം അവിടെ നില്ക്കുന്നത് കണ്ടപ്പോൾ ട്യൂട്ടോറിയലിൽ പഠിക്കുന്ന ഏതെങ്കിലും കുട്ടിയുടെ രക്ഷകർത്താവ് ആയിരിക്കാം എന്ന് കരുതി ട്യൂട്ടോറിയലിന്റെ പ്രിൻസിപ്പാൾ ശ്രീ. ഹരിസാറിനെ ഞാൻ വിവരം ധരിപ്പിച്ചു.
പ്രിൻസിപ്പാൾ ഹരിസാർ അവർകൾ ആഗതനെ  കണ്ടു വണങ്ങിയിട്ട് "നളചരിതത്തിലെ ഹംസത്തിനെ ഏറ്റവും കൂടുതൽ ജനശ്രദ്ധയിൽ എത്തിച്ച മഹാനായ കഥകളി കലാകാരൻ ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ളയാണ് ഈ നില്ക്കുന്നത് "എന്ന് എന്നെ അറിയിച്ചു. ഞാൻ ഉടൻ തന്നെ കളാസ് വിട്ട് വെളിയിൽ എത്തി അദ്ദേഹത്തിൻറെ പാദത്തിൽ തൊട്ടു വണങ്ങി.
"ഞാൻ അരങ്ങിലാടുന്ന പദങ്ങൾ അങ്ങ് കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുക്കുന്നത് കേട്ടപ്പോൾ ഉണ്ടായ കൌതുകമാണ് എന്നെ ഇവിടേയ്ക്ക് ആകർഷിച്ചത് " എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. 

അന്നാണ് ഒരു മഹാനായ കലാകാരന്റെ വീടിനു വളരെ സമീപത്താണ് ഞാൻ ക്ലാസ് എടുക്കുന്നത് എന്ന് മനസിലാക്കിയത്. പിന്നീട് ഒഴിവു സമയങ്ങളിൽ അദ്ദേഹത്തിൻറെ വീട്ടിൽ പോവുകയും അദ്ദേഹവുമായി ധാരാളം സംസാരിക്കുകയും സംസ്കൃതം സംബന്ധപ്പെട്ട പല സംശയങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മരണമടയുന്ന ചില ദിവസങ്ങള്ക്ക് മുന്പുവരെ എനിക്ക് അദ്ദേഹവുമായി സൌഹൃദ ബന്ധം നിലനിർത്തുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായിട്ടാണ് കരുതുന്നത്.

                                  ശ്രീ. പീതാംബരൻ മാഷ്‌ നടത്തിയ അനുസ്മരണ പ്രസംഗം 

വൈകിട്ട് 4:00 മണിക്ക് സമിതി പ്രസിഡന്റ്  ശ്രീ. എം. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ അനുസ്മരണ സമ്മേളനം ആരംഭിച്ചു. സമിതി എക്സിക്ക്യൂട്ടീവ് അംഗം ശ്രീ. ചെന്നിത്തല ഗോപാലകൃഷ്ണൻ നായർ സ്വാഗതം ചെയ്തു. സമിതി സെക്രട്ടറി ശ്രീ. എൻ. വിശ്വനാഥൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് അവർകൾ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു. 


പ്രസിദ്ധ കഥകളി മേളആചാര്യൻ ശ്രീ. കണ്ടല്ലൂർ സദാശിവൻ അവർകളെ സമിതി എക്സിക്ക്യൂട്ടീവ് അംഗം ശ്രീ. ഗോപൻ ചെന്നിത്തല അവർകൾ സദസ്സിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് അവർകൾ ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരക പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു. ഡോക്ടർ. ഏവൂർ മോഹൻദാസ് അവർകൾ ഗുരുപ്രണാമം നടത്തി ശ്രീ. ചെല്ലപ്പൻപിള്ള ആശാനുമായി ഉണ്ടായിരുന്ന അടുപ്പം, അനുഭവങ്ങൾ, ഏവൂർ ക്ഷേത്രത്തിൽ പണ്ട് നടന്നിട്ടുള്ള കളികളിലെ സ്ഥിര സാന്നിദ്ധ്യം ഉണ്ടായിരുന്ന കലാകാരന്മാരായ ബ്രഹ്മശ്രീ. മാങ്കുളം തിരുമേനി, ശ്രീ. ഹരിപ്പാട്‌ ആശാൻ, ശ്രീ. ചെന്നിത്തല ആശാൻ, ശ്രീ. ചിറക്കര മാധവൻ കുട്ടി, ശ്രീ. കണ്ടല്ലൂർ സദാശിവൻ, ശ്രീ. ഏവൂർ കുട്ടപ്പൻ നായർ എന്നിവരെ സ്മരിക്കുകയുണ്ടായി. തുടർന്ന് ശ്രീ. കണ്ടല്ലൂർ സദാശിവൻ അവർകൾ ആചാര്യ അനുസ്മരണവും മറുപടി പ്രസംഗവും നടത്തി. 

                               ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് അവർകൾ 
                             ശ്രീ. കണ്ടല്ലൂർ സദാശിവൻ അവർകൾക്ക് പുരസ്കാരം നൽകുന്നു.

                                 ഗുരുപ്രണാമം: ഡോക്ടർ. ഏവൂർ മോഹൻദാസ് അവർകൾ.

തന്റെ കലാജീവിതത്തിൽ അനുഭവിച്ചിട്ടുള്ള നേട്ടങ്ങളും  കഷ്ടങ്ങളും  ശ്രീ. കണ്ടല്ലൂർ സദാശിവൻ അവർകൾ സദസ്സിനു മുൻപിൽ അവതരിപ്പിച്ചു.  ഇന്നത്തെ കാലഘട്ടത്തിൽ വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് പത്തു മണിക്ക് അവസാനിക്കുന്ന കളികൾക്ക് പോലും രണ്ടിലധികം ചെണ്ട കലാകാരന്മാർ പങ്കെടുക്കുന്നുണ്ടാവും.   മുഴുരാത്രി കളികൾക്ക് അതായത് എട്ടു മണിക്കൂർ ഒറ്റയ്ക്ക് ചെണ്ട  കൊട്ടിയിട്ടുള്ള അനുഭവങ്ങളാണ് തന്റെ കലാജീവിതത്തിൽ അധികവും ഉണ്ടായിട്ടുള്ളത്. കുടുംബ പ്രാരാബ്ദം കാരണം ഈ സാഹസം ചെയ്യാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ തന്നെയായിരുന്നു  അതിന്റെ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. മാങ്കുളം തിരുമേനിയുടെയും, ഹരിപ്പാട്‌, ചെന്നിത്തല, ഓയൂർ തുടങ്ങിയ കലാകാരന്മാരുടെ വേഷങ്ങൾക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കുകയും  അവരുടെ വേഷങ്ങൾ ആസ്വദിക്കുകയും ചെയ്തിരുന്നപ്പോൾ തൻറെ കഠിനാദ്ധ്വാനത്തിന്റെ വിഷമം ലേശവും അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 
"സദാശിവാ, നീ ഇങ്ങിനെ കഠിനാദ്ധ്വാനം ചെയ്യുന്നത് ഭാവിയിൽ നിനക്ക് ദോഷമാകും"  എന്ന് പലപ്പോഴും ശ്രീ. ചെന്നിത്തല ആശാൻ എന്നോട് പറഞ്ഞിട്ടുണ്ട്. 
അരങ്ങിലും  അണിയറയിലും, കളിസ്ഥലങ്ങളിലേക്കുള്ള യാത്രയിലും മറ്റും   സ്നേഹപൂർണ്ണമായ സഹകരണം കൊണ്ട് എന്നെന്നും സ്മരണയിൽ നിലനിൽക്കുന്ന യശ:ശരീരനായ  കലാകാരൻ   ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാന്റെ പേരിൽ എനിക്ക് പുരസ്‌കാരം നൽകി എന്നെ ആദരിച്ച സമിതി അംഗങ്ങൾക്കും,  കുടുംബാംഗങ്ങൾക്കും,  നാട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്ന് അറിയിച്ചു കൊണ്ടാണ് അദ്ദേഹം മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
 
                                           മറുപടി പ്രസംഗം : ശ്രീ. കണ്ടല്ലൂർ സദാശിവൻ 

സമ്മേളന സദസ്സിനു മുൻപിൽ മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളും പൂർവ്വവിദ്യാർത്ഥിനികളും വഞ്ചിപ്പാട്ട് അവതരിപ്പിക്കുയുണ്ടായി. സംസ്ഥാന ടെന്നിക്കോയ് മത്സരത്തിൽ കഴിഞ്ഞ വർഷം സ്വർണ്ണമെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്പോർട്സ് ക്വോട്ടായിൽ MBBS- ന് അഡ്മിഷൻ ലഭിച്ച ചെന്നിത്തല കാളിയത്ത് ശ്രീ. അശോകന്റെ മകൾ ശ്രീപാർവതിയെയും ഈ വർഷം സ്വർണ്ണമെഡൽ കരസ്ഥമാക്കിയ തൂവിലേത്ത് ശ്രീ. പ്രകാശ് കുമാറിന്റെ മകൾ പാർവതിയെയും സമിതിയുടെ പേരിൽ ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് അവർകൾ അനുമോദിച്ചു. 

    മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിലെ  പൂർവ്വവിദ്യാർത്ഥിനികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട്

            മഹാത്മാ ഗേൾസ്‌ ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച വഞ്ചിപ്പാട്ട്


                                       ബഹുമാനപ്പെട്ട M.L.A . ശ്രീ. P. C.  വിഷ്ണുനാഥ് 

തുടർന്ന് ശ്രീമതി. കവിതാ സജീവ്‌ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മാവേലിക്കര), ശ്രീമതി  ഷീജ അനിൽ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), ശ്രീ. ജി. ഹരികുമാർ(ഗ്രാമ പഞ്ചായത്ത് മെമ്പർ)ശ്രീ. ജി.ജയദേവ് (ഗ്രാമ പഞ്ചായത്ത് മെമ്പർ)  എന്നിവർ ആശംസകൾ അർപ്പിച്ചു.  ശ്രീ. ഗോപി മോഹനൻ നായർ (സമിതി എക്സിക്ക്യൂട്ടീവ് അംഗം) കൃതജ്ഞത രേഖപ്പെടുത്തി.           
                                                                                          (തുടരും)

(Chennithala Chellappan Pillai Smaraka Samskarika Samithi)
https://www.facebook.com/groups/771326816276271/

2014, നവംബർ 25, ചൊവ്വാഴ്ച

ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിക്ക് കണ്ണീർ അഞ്ജലി

ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയുടെ മകൻ എന്ന നിലയിലും ഒരു കഥകളി ചെണ്ട വിദഗ്ദൻ എന്ന നിലയിലും ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുമായി എനിക്ക് വളരെ നല്ല നിലയിലുള്ള  ആത്മബന്ധം ഉണ്ടായിരുന്നു.  21-11-2014 നു ശ്രീ. തിരുവല്ല ഗോപിചേട്ടന്റെ സപ്തതി ആഘോഷ ചടങ്ങുകൾ നടക്കുമ്പോൾ ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ മരണവാർത്ത അറിഞ്ഞത്. 22-11-2014 നു വാരണാസി ഇല്ലത്ത് പോയി ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ ചലനമറ്റ ശരീരം കണ്ടപ്പോൾ എന്റെ മനസ്സ് വളരെ പിന്നോട്ട് സഞ്ചരിച്ചു.

                                              ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി
                                             (ഫോട്ടോ : ഫേസ് ബൂക്കിനോട് കടപ്പാട്) 
 
ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിക്ക് ഒരു അനുജൻ ഉണ്ടായിരുന്നു. അദ്ദേഹത്തിനെ മദ്ദളം അഭ്യസിപ്പിച്ചു കൊണ്ട് വാരണാസി ജൂനിയർ  സഹോദരന്മാർ എന്ന രണ്ടാം തലമുറയെ സൃഷ്ടിക്കാൻ പിതാവായ ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയും അദ്ദേഹത്തിൻറെ അനുജൻ ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിയും  ഉദ്ദേശിച്ചിരുന്നു.  വാരണാസി സഹോദരന്മാർ അതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു.   1975-
1976 കാലഘട്ടം എന്നാണ് എനിക്ക് ഓർമ്മ, മാവേലിക്കരയിൽ  വെച്ച് ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ അനുജനെയും കൂട്ടി ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരി ഒരു അമ്പാസ്സഡർ കാറിൽ ഡോക്ടർ പിലിഫ്സിന്റെ ആശുപത്രിക്ക് പോകും വഴിയിൽ എന്നെ കണ്ട്  കാർ നിർത്തി. (വാരണാസി സഹോദരന്മാരുമായി  എന്റെ പിതാവും ഞാനും പുലർത്തി വന്നിരുന്ന സ്നേഹബന്ധമാണ് ഇതിനു പ്രധാന കാരണം.)  ഞങ്ങൾ സംസാരിച്ചു. ഒരു മെഡിക്കൽ ചെക്ക്അപ്പിന് വേണ്ടി പിലിഫ്സിന്റെ ആശുപത്രിക്ക് പോകുകയാണ് എന്നാണ് എന്നോട് പറഞ്ഞത്.  ഏതാനും  ചില ദിവസങ്ങൾ  കഴിഞ്ഞ്   ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ കഥകളി കാണാൻ ഞാൻ  നിൽക്കുമ്പോഴാണ് ആ കുട്ടിയുടെ മരണ വാർത്ത അറിഞ്ഞത്. ആ രാത്രിയിൽ തന്നെ ഞാൻ  വാരണാസി ഇല്ലത്തേക്ക് ചെട്ടികുളങ്ങരയിൽ നിന്നും ഓടുകയായിരുന്നു എന്ന് പറയുന്നതാവും ശരി. ലുക്കൂമിയ എന്ന മാരക രോഗമാണ് ആ കുട്ടിയുടെ ജീവൻ കവർന്നെടുത്തത്.  
ഞാൻ വാരണാസി ഇല്ലത്ത് എത്തിയപ്പോൾ മരിച്ച കുട്ടിയുടെ ഒരു ആത്മസുഹൃത്ത് കുളത്തൂപ്പുഴ നെടുമങ്ങാട് റൂട്ടിലുള്ള ഒരു ഫോറസ്റ്റ് ആഫീസ്സിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ വിവരം അറിയിച്ച് കൂട്ടി വരുവാനുള്ള ചുമതല വാരണാസി സഹോദരന്മാർ എന്നെയാണ് ഏൽപ്പിച്ചത്. 

 
ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി കഥകളി ചെണ്ട അഭ്യസിച്ചു കലാമണ്ഡലം കളരിയിൽ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചുകൊണ്ട് അടുത്ത വർഷം വിരമിക്കുവാനിരുന്ന സന്ദർഭത്തിലാണ് അദ്ദേഹത്തെ മരണം കടന്നാക്രമിച്ചത്. 

]ശ്രീ. വാരണാസി മാധവൻ  നമ്പൂതിരിയും ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിയും വാരണാസി സഹോദരന്മാർ എന്നപേരിൽ കഥകളി മേളക്കാരായി ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിൽ നിറഞ്ഞു നിന്നിരുന്ന കാലഘട്ടം എന്റെ ഓർമ്മയിൽ ഉണ്ട്.  ജ്യേഷ്ഠന്റെ മരണശേഷം  ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരി  ജ്യേഷ്ഠപുത്രനായ  ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുമൊത്ത്  ധാരാളം അരങ്ങുകൾ പങ്കിട്ടു വന്നിരുന്ന കാലഘട്ടവും ഓർമ്മയിൽ ഉണ്ട്.  ശ്രീ. വാരണാസി നാരായണൻ നമ്പൂതിരി കലാമണ്ഡലം കളരിയിൽ നിയമിതനായത്തോടെ ശ്രീ. വിഷ്ണു നമ്പൂതിരി തന്റെ കലാജീവിതത്തിൽ നിന്നും കുറേശ്ശെ വിട്ടു നില്ക്കുവാൻ തുടങ്ങി. ഇപ്പോൾ ആ ജ്യേഷ്ഠ പുത്രനും അദ്ദേഹത്തെ വിട്ടു പോയി. 
ശ്രീ. തിരുവല്ല ശ്രീ.ഗോപിക്കുട്ടൻ നായരുടെ സപ്തതി ആഘോഷത്തിൽ  പങ്കെടുത്തു കൊണ്ടിരുന്ന ശ്രീ. വാരണാസി വിഷ്ണുനമ്പൂതിരിയെ നാരായണൻ നമ്പൂതിരിയുടെ മരണവാർത്ത അറിയിക്കാതെയാണ് വാരണാസി ഇല്ലത്തേക്ക് സംഘാടകർ അയച്ചത്. 

മുൻനിരയിൽ ഇടത്തു നിന്നും ശ്രീ. ആയാങ്കുടി കുട്ടപ്പൻ മാരാർ, ശ്രീ. വെന്നിമല (കലാനിലയം) ബാബു, ശ്രീ വാരണാസി വിഷ്ണു നമ്പൂതിരി എന്നിവർ)     (ഫോട്ടോ : ഫേസ് ബൂക്കിനോട് കടപ്പാട്)

ഒരു കൂടുകുടുംബമായി ജീവിച്ചു വന്ന ജ്യേഷ്ഠനെയും ജ്യേഷ്ഠപുത്രന്മാരെയും പിരിയേണ്ടി വന്ന അനുഭവം കൊണ്ട് സദാ ക്ലേശിക്കുന്ന ശ്രീ. വാരണാസി വിഷ്ണു നമ്പൂതിരിക്ക് എല്ലാ ദുഖത്തെയും താങ്ങി തന്റെ ജീവിതം മുന്നോട്ടു പോകാനുള്ള ധൈര്യവും മനശക്തിയും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ സ്മരണയ്ക്ക് മുൻപിൽ ഞാൻ ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.

(കഥകളി കലാകാരൻ ശ്രീ. മധു വാരണാസി ശ്രീ. വാരണാസി നാരായണൻ നമ്പൂതിരിയുടെ പുത്രനാണ്.)

2014, നവംബർ 18, ചൊവ്വാഴ്ച

അണിയറയിൽ ഒരു അറസ്റ്റു വാറണ്ട്


ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാന്റെ സഹോദരൻ  ശ്രീ. ശങ്കരപ്പിള്ള അവർകൾ പോലീസ് ഉദ്യോഗസ്ഥനും ഒരു നല്ല കഥകളി ആസ്വാദകനുമായിരുന്നു. ഹരിപ്പാട്‌ പരിസരങ്ങളിൽ നടക്കുന്ന കളിയരങ്ങുകളുടെ മുൻപിൽ അദ്ദേഹം ഉണ്ടാകും. ഹരിപ്പാട്‌ ആശാനെപ്പോലെ തന്നെ ശ്രീ. ശങ്കരപ്പിള്ളയും  എന്റെ പിതാവുമായി ആത്മബന്ധം പുലർത്തിയിരുന്നു. 

    ഒരിക്കൽ എന്റെ പിതാവ് കുട്ടനാട്ടിലെ വീയപുരത്തുള്ള  ഒരു ക്ഷേത്രത്തിലെ  കഥകളിക്ക് അണിയറയിൽ ചുട്ടിക്ക് കിടക്കുമ്പോൾ എന്റെ പിതാവിന് അറസ്റ്റു വാറണ്ടുമായി രണ്ടു പോലീസുകാർ അവിടെയെത്തി. എന്റെ പിതാവ് ഭയന്നു പോയി. പോലീസ് അറസ്റ്റു ചെയ്യത്തക്ക കുറ്റം ഒന്നും ചെയ്തതായി എന്റെ പിതാവിന് ഒരു ഓർമ്മയുമില്ല. ഉത്സവക്കമ്മറ്റിക്കാരും  ചില നാട്ടുകാരും ഒന്ന് ചേർന്ന് പോലീസിനു എതിരായി ശബ്ദമുയർത്തി. ഈ സമയത്താണ്  ശ്രീ. ശങ്കരപ്പിള്ള അവർകൾ അവിടെ എത്തിയത്. അദ്ദേഹം ഈ വാറണ്ട് വാങ്ങി നോക്കി. അറസ്റ്റു വാറണ്ട് തന്നെയാണ് എന്ന് ഉറപ്പു വരുത്തി. 

പിന്നീട് ശ്രീ. ശങ്കരപ്പിള്ള അവർകൾ ഒരു അപേക്ഷ എഴുതി എന്റെ പിതാവിനെക്കൊണ്ട് ഒപ്പിടീച്ചു  പോലീസിനെ ഏൽപ്പിച്ചു. പോലീസ് മടങ്ങി. അടുത്തനാൾ കളി കഴിഞ്ഞ്
എന്റെ പിതാവും ശ്രീ. ശങ്കരപ്പിള്ളയും കൂടി നേരെ തിരുവനന്തപുരത്തുള്ള  പട്ടം പോലീസ് സ്റ്റേഷനിലേക്ക്  യാത്രയായി. പോലീസ് സ്റ്റേഷനിൽ എത്തിയ എന്റെ പിതാവിനെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. ശങ്കരപ്പിള്ളയും.

                                    ശ്രീ. ഹരിപ്പാട്‌ ആശാനും ശ്രീ. ചെന്നിത്തല ആശാനും


പണ്ടുകാലത്ത് കഥകളിക്കു എഴുത്ത് മൂലം കലാകാരനെ ക്ഷണിച്ചാൽ സൗകര്യം അറിയിക്കും. കളിക്ക് കൂടാൻ സൌകര്യമാണ് എങ്കിൽ ക്ഷണിക്കുന്നവർ അഡ്വാൻസു തുക മണിയോർഡർ അയയ്ക്കും. കളി കഴിയുമ്പോൾ ഈ കളിപ്പണത്തിൽ ഈ അഡ്വാൻസു തുക കുറച്ചിരിക്കും. തിരുവനന്തപുരത്ത് ഒരിക്കൽ ഒരു കളിക്ക് എന്റെ പിതാവിന് സംഘാടകർ അയച്ച അഡ്വാൻസു തുക ലഭിച്ചില്ല.
ഈ വിവരം കളിയുടെ ചുമതലക്കാരോട് പിതാവ് പറഞ്ഞു. കളിയുടെ ചുമതലക്കാരിൽ ഒരുവൻ ഈ അഡ്വാൻസ് തുക ലഭിക്കാതെ വന്നത് കാണിച്ചു കൊണ്ട് തിരുവനന്തപുരം പോസ്റ്റ് മാസ്റ്റർ ജനറലിന് ഒരു പരാതി എഴുതി. അതിൽ എന്റെ പിതാവ് ഒപ്പിട്ടു കൊടുത്തു. പ്രസ്തുത പരാതി സംബന്ധിച്ച് അന്വേഷണം ഉണ്ടായപ്പോൾ ഒരു പോസ്റ്റൽ ഉദ്യോഗസ്ഥൻ അറസ്റ്റിലുമായി. അദ്ദേഹത്തിൻറെ പേരിൽ  നിരവധി കേസുകൾ. ഇതെല്ലം കോടതിയിൽ എത്തി. ഈ  അന്വേഷണത്തിന്റെ ഭാഗമായി പിതാവിന് സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരായില്ല എന്ന കാരണത്താലാണ്  പിതാവിന് അറസ്റ്റു വാറണ്ട് അയച്ചത്..
താൻ ഒരു കഥകളി നടൻ ആണെന്നും ഉത്സവകാലങ്ങളിൽ ഒരു അരങ്ങിൽ നിന്നും മറ്റൊരു അരങ്ങിലേക്കുള്ള യാത്രയും തിരക്കുമായിരുന്നതിനാൽ കോടതിയിൽ നിന്നും അയച്ച സമൻസ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നും അതിനാൽ തനിക്ക് മാപ്പു നൽകണം എന്നും കോടതിയെ അറിയിച്ചു എന്റെ പിതാവ് തലയൂരുകയായിരുന്നു.
 

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കീചകവധം കഥകളി

ചെന്നൈയിലെ കഥകളി ആസ്വാദകരുടെ സംഘടനയായ  ഉത്തരീയത്തിന്റെ  വിജയകരമായ    പതിനാലാമത് അരങ്ങ് ഒക്ടോബർ -25 ന് വൈകിട്ട് ആറുമണിക്ക് ചെന്നൈ അഡയാർ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ കാഞ്ചിമഹാസ്വാമി അനന്തമണ്ഡപത്തിൽ അവതരിപ്പിച്ചു.  അനന്തപത്മനാഭ സ്വാമി ക്ഷേത്രനടയിൽ കേളി അവതരിപ്പിച്ചു കൊണ്ടായിരുന്നു  കഥകളിയുടെ  തുടക്കം. ശ്രീ.  ഇരയിമ്മൻതമ്പി കഥകളി ലോകത്തിന് നൽകിയ വലിയ സംഭാവനകളിൽ ഒന്നായ  കീചകവധം  കഥകളിയാണ് അവതരിപ്പിച്ചത്.  

കൌരവരുമായി ചൂതിൽ തോറ്റ പാണ്ഡവർ വനവാസം കഴിഞ്ഞ് ഒരു വർഷകാലം അജ്ഞാതവാസം ചെയ്ത കാലഘട്ടമാണ് കഥയുടെ സന്ദർഭം.  പാണ്ഡവർ വിരാടരാജ്യത്തെത്തി പല പേരുകളിൽ രാജകൊട്ടാരത്തിൽ അഭയം തേടി. പാഞ്ചാലി, മാലിനി എന്ന പേര് സ്വീകരിച്ച് വിരാടരാജ്ഞിയായ സുദേഷ്ണയുടെ  തോഴീപദവി നേടുന്നു. ഭീമൻ വലലൻ എന്ന നാമധേയത്തിൽ കൊട്ടാരത്തിലെ പാചകശാലയിലാണ് കടന്നു കൂടിയത്. വിരാടരാജ്ഞിയായ  സുദേഷ്ണയുടെ വീരനും അതിശക്തനുമായ സഹോദരൻ, കീചകന്റെ   കാമനയനങ്ങൾ മാലിനിയിലെത്തി.    കീചകൻ ഒരു ദിവസം ഉദ്യാനത്തിൽ വെച്ച്  മാലിനിയെ തന്റെ കാമാശ അറിയിച്ചു. പരസ്ത്രീകളോട് താൽപ്പര്യം കാണിക്കുന്നത് അപകടമാണെന്നും തനിക്കു അഞ്ചു ഗന്ധർവന്മാർ ഭർത്താക്കന്മാരായി ഉണ്ടെന്നും അവർ ഈ വിവരം അറിഞ്ഞാൽ നിന്നെ വധിക്കും എന്നും മുന്നറിയിപ്പ് നല്കുന്നു. 

മാലിനിയെ പ്രാപിക്കുവാൻ മറ്റൊരു വഴിയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ സ്വസഹോദരിയുടെ സഹായം തേടി. സഹോദരിയുടെ ഉപദേശം ഉൾക്കൊള്ളാൻ കീചകൻ തയ്യാറായില്ല. മാലിനിയുടെ ഭർത്താക്കന്മാർ അഞ്ചുപേരെയും ജയിക്കാൻ തനിക്കു വിഷമമില്ലെന്നും മാലിനിയോടുള്ള കാമം അടക്കാനാണ് വിഷമം എന്നാണ് കീചകൻ സഹോദരിയെ അറിയിച്ചത്.  ഒടുവിൽ കീചകന്റെ താൽപ്പര്യത്തിന് വഴങ്ങി മാലിനിയെ അവന്റെ മന്ദിരത്തിലേക്ക് അയയ്കാം എന്ന് ഉറപ്പു നല്കുന്നു. സഹോദരന്റെ  താൽപ്പര്യപ്രകാരം    സുദേഷ്ണ, മാലിനിയോട്   സോദരമന്ദിരത്തിൽ ചെന്ന്  ആഹാരവും മദ്യവും വാങ്ങിവരുവാൻ  ആജ്ഞാപിക്കുന്നു. മാലിനിയുടെ ഒഴിവുകഴിവുകൾ ഒന്നും സുദേഷ്ണയുടെ കാതിൽ വിലപ്പോയില്ല. പരുഷസ്വരത്തിലുള്ള സുദേഷ്ണയുടെ ആജ്ഞ സ്വീകരിക്കേണ്ട ഒരു ദാസിയാകേണ്ടി വന്നതിലുള്ള   ദുഖത്തോടും, തന്നിൽ കാമക്കൊതി പൂണ്ടിരിക്കുന്ന കീചകനെ നേരിടേണ്ടിവരുന്നത്  ഓർത്തുള്ള വിറയലോടും, ഭയത്തോടും കൂടി സുദേഷ്ണ നൽകിയ പാത്രവുമായി കീചകമന്ദിരത്തിലേക്ക് മാലിനി പുറപ്പെടുന്നു. 
കീചകമന്ദിരത്തിൽ എത്തിയ മാലിനിയെ കീചകൻ തന്നോടൊപ്പം കാമകേളിക്ക് ക്ഷണിക്കുന്നു. തന്റെ ഇംഗിതത്തിന് വശംവദയാകാത്ത മാലിനിയെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കുകയും  മർദ്ദിക്കുകയും തൊഴിക്കുകയും ചെയ്യുന്നു. കീചകന്റെ പിടിയിൽ നിന്നും   മാലിനി ഓടി രക്ഷപെടുന്നു. 

രാത്രിയിൽ പാചകശാലയിൽ വിശ്രമിക്കുന്ന വലലനിടം രഹസ്യമായി മാലിനി (സൈരന്ധ്രി) തനിക്ക് ഏർപ്പെട്ട സങ്കടം അറിയിക്കുന്നു. കീചകനെ നൃത്തശാലയിലേക്ക് നീ വരുത്തുക ഞാൻ അവനോട് പ്രതികാരം ചെയ്തു കൊള്ളാം എന്ന് വലലൻ മാലിനിയെ ആശ്വസിപ്പിക്കുന്നു. കീചകനെ നേരിടാൻ തയ്യാറായി വലലൻ നൃത്തശാലയിൽ മൂടിപ്പുതച്ച് ശയിക്കുന്നു.  നൃത്തശാലയിലെത്തിയ കീചകൻ ഇരുട്ടിൽ മാലിനിയെ തേടുന്നു. ശരീരം മൂടി നൃത്തശാലയിൽ ശയിക്കുന്ന വലലന്റെ സമീപം കീചകൻ എത്തുന്നു. മാലിനിയാണ് ശയിക്കുന്നത്‌ എന്ന വിശ്വാസത്തോടെ  വലലനോടൊപ്പം ശയിക്കാൻ മുതിരുന്ന കീചകനെ വലലൻ കടന്നു പിടിച്ച് ഞെരിച്ചു കൊല്ലുന്നതോടെ കഥ അവസാനിക്കുന്നു. 

ഏഴു  രംഗങ്ങളായിട്ടാണ് കഥ അവതരിപ്പിച്ചത്.  സുദേഷ്ണയുടെ സമീപം മാലിനി എന്ന പേര് സ്വീകരിച്ച് പാഞ്ചാലി എത്തുന്നതും സുദേഷ്ണ മാലിനിയെ തോഴിയായി (സൈരന്ധ്രി)  സ്വീകരിക്കുന്നതുമാണ് ആദ്യരംഗം. ഉദ്യാനത്തിൽ വെച്ച്  കീചകൻ മാലിനിയെ കണ്ട് തന്റെ ഇംഗിതം അറിയിക്കുന്നതും ഈ വിവരം എന്റെ ഭർത്താക്കന്മാരായ ഗന്ധർവന്മാർ അറിഞ്ഞാൽ നിന്നെ വധിക്കും എന്നും മാലിനി കീചകന് മുന്നറിയിപ്പ് നൽകുന്നതുമാണ് രണ്ടാം രംഗം. മൂന്നാം രംഗത്തിൽ കീചകൻ തന്റെ അഭിലാഷം സുദേഷ്ണയെ അറിയിക്കുന്നതും  മാലിനിയെ എങ്ങിനെയെങ്കിലും നിന്റെ മന്ദിരത്തിലേക്ക് അയയ്കാമെന്ന് കീചകന് ഉറപ്പു നൽകുന്നതുമാണ്. കീചകമന്ദിരത്തിൽ പോയി ആഹാരവും മദ്യവും വാങ്ങി വരുവാൻ മലിനിയോട് സുദേഷ്ണ ആജ്ഞാപിക്കുന്നതും മാലിനി ദുഖത്തോടും ഭയത്തോടും കീചകമന്ദിരത്തിലേക്ക് യാത്രയാകുന്നതുമാണ് നാലാം രംഗം. അഞ്ചാം രംഗത്തിൽ കീചകമന്ദിരത്തിൽ എത്തുന്ന മാലിനിയെ കീചകൻ കാമകേളിക്കു ക്ഷണിക്കുന്നതും കീചകന്റെ ഇംഗിതത്തിനു വഴങ്ങാത്ത മാലിനിയെ കീചകൻ മർദ്ദിക്കുന്നതും മാലിനി ഓടി രക്ഷപെടുന്നതുമാണ്. പാചകശാലയിൽ വിശ്രമിക്കുന്ന വലലനോട് മാലിനി കീചകനിൽ നിന്നും ഉണ്ടായ അനുഭവം അറിയിക്കുന്നതും വലലൻ മാലിനിയെ ആശ്വസിപ്പിച്ച ശേഷം കീചകനോട്  നൃത്തശാലയിൽ എത്തിക്കുവാൻ നിർദ്ദേശിക്കുന്നതുമാണ് ആറാം രംഗം. നൃത്തശാലയിൽ എത്തുന്ന കീചകനെ വലലൻ ഞെരിച്ചു കൊല്ലുന്നതുമാണ് അവതരിപ്പിച്ച ഏഴാം രംഗം. 
                                                         സുദേഷ്ണയും സൈരന്ധ്രിയും

                                                                          കീചകൻ

യുവപ്രതിഭകളായ കലാകാരന്മാരാണ് അരങ്ങിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   ശ്രീ. കലാമണ്ഡലം  പ്രതീപ് കീചകനായി രംഗത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. കീചകന്റെ തിരനോക്കിനു ശേഷം ഇരുന്നാട്ടം അവതരിപ്പിക്കുകയുണ്ടായി. ഒരു പ്രഭപോലെയുള്ള സ്ത്രീരത്നത്തെ കണ്ട് അവൾ ആരെന്നു ചിന്തിക്കുന്നതും അവൾ കൊട്ടാരത്തിന്റെ മുകളിലുള്ള രാജ്ഞിയുടെ മുറിയിലേക്ക് പോകുന്നത് കണ്ട് അവൾ രാജ്ഞിയുടെ സൈരന്ധ്രിയാണ് എന്ന് കീചകൻ  മനസിലാക്കുന്നതുമാണ് ഇരുന്നാട്ടത്തിലൂടെ അവതരിപ്പിച്ചത്. ഉദ്യാനത്തിൽ നിന്നും മാലിനി പോയ ശേഷവും  അവളെ ചിന്തിച്ച് കീചകൻ കാമപരവശനാകുന്നതും കൊട്ടാരത്തിന്റെ മുകളിലുള്ള രാജ്ഞിയുടെ മുറിയിലേക്ക് പോയി വാതിൽ മൂടുന്നതും കീചകൻ ശ്രദ്ധിച്ചു. മാലിനിയെ പ്രപിക്കുവാനുള്ള മാർഗ്ഗങ്ങളെ പറ്റി ചിന്തിക്കുന്നതും സഹോദരിയുടെ സഹായം തേടുന്നത് ശരിയല്ല എന്ന് ചിന്തിക്കുകയും മറ്റു മാർഗ്ഗങ്ങൾ ഒന്നും തെളിയാത്ത സാഹചര്യത്തിൽ അങ്ങിനെ തന്നെ എന്ന് തീരുമാനിക്കുന്നതും   സുദേഷ്ണയെ സമീപിച്ച് മാലിനിയെ അടയുവാനുള്ള താൽപ്പര്യം അറിയിക്കുന്ന  കീചകന്റെ ലജ്ജമൂലമുള്ള മടിയും വളരെ ഹൃദ്യമായിരുന്നു. 

                                       കീചകനും സൈരന്ധ്രിയും (മാലിനി)

                                                               സുദേഷ്ണയും  കീചകനും

                                                          സുദേഷ്ണയും സൈരന്ധ്രിയും ((മാലിനി)
                                    കീചകനും സൈരന്ധ്രിയും (മാലിനി)

                                                     വലലനും  സൈരന്ധ്രിയും (മാലിനി)
                                                                       കീചകൻ

                                                                        കീചകൻ

                                                             വലലനും   കീചകനും

                                                             വലലനും   കീചകനും
                                                                        വലലൻ 

ശ്രീ. സദനം വിജയനാണ് മാലിനിയെ അവതരിപ്പിച്ചത്. വളരെ നല്ല അവതരണമാണ് വിജയൻ കാഴ്ചവെച്ചത്. സിംഹത്തിന്റെ മുൻപിൽ അകപ്പെട്ട മാൻപേടപോലെപോലെയാണ് കീചകന്റെ കൊട്ടാരത്തിൽ എത്തിയ മാലിനിയുടെ അവതരണത്തിൽ കണ്ടത്. നൃത്തശാലയിൽ കീചകനെ എത്തിക്കുവാൻ വലലൻ നിർദ്ദേശിക്കുമ്പോൾ കീചകനെ നേരിടാൻ തനിക്കുള്ള ഭയത്തെയും മാലിനി ഭാവാഭിനയത്തിലൂടെ  വ്യക്തമാക്കി. ശ്രീ. കലാമണ്ഡലം ആദിത്യൻ സുദേഷ്ണയേയും ശ്രീ. കലാമണ്ഡലം ചിനോഷ് ബാലൻ വലലനെയും വളരെ ഭംഗിയായി അവതരിപ്പിച്ചു. 

ശ്രീ. കോട്ടയ്ക്കൽ നാരായണൻ, ശ്രീ. വേങ്ങേരി നാരായണൻ എന്നിവരുടെ സംഗീതവും,  ശ്രീ. കലാമണ്ഡലം രവിശങ്കരുടെ ചെണ്ടയും ശ്രീ. കലാമണ്ഡലം വേണുവിന്റെ മദ്ദളവും കളിയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളായി. ശ്രീ. കലാമണ്ഡലം സതീശൻ അവർകൾ ചുട്ടി കൈകാര്യം ചെയ്തു. ശ്രീ. കോട്ടയ്ക്കൽ കുഞ്ഞിരാമൻ, ശ്രീ. രാമകൃഷ്ണൻ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ചു കളിയുടെ വിജയത്തിന്റെ പങ്കാളികളായി. 

കഥകളി സ്നേഹികളായ ഉത്തരീയത്തിന്റെ സംഘാടകരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിന് എന്നും എപ്പോഴും വിജയം ആശംസിക്കുന്നു.  

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കുപിതനായ ശങ്കിടി ഗായകൻ


1978-79 കാലഘട്ടത്തിൽ മാവേലിക്കര ചെറുകോൽ ക്ഷേത്രത്തിന്റെ മുന്ഭാഗത്തുള്ള ഒരു ഗൃഹത്തിൽ ഒരു  കഥകളി നടത്തിയിരുന്നു. നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തും   കഥകൾ. മാങ്കുളം വിഷ്ണുനമ്പൂതിരി, ഹരിപ്പാട്‌ രാമകൃഷ്ണപിള്ള,  ചെന്നിത്തല ചെല്ലപ്പൻപിള്ള, മാത്തൂർ ഗോവിന്ദൻകുട്ടി എന്നിങ്ങനെയുള്ള അക്കാലഘട്ടത്തിലെ  പ്രധാന നടന്മാരും തകഴി കുട്ടൻപിള്ള, മുദാക്കൽ ഗോപിനാഥൻനായർ എന്നീ ഗായകരും വാരണാസി സഹോദരന്മാരുടെ  മേളവും.

ഈ കളി കഴിഞ്ഞ ഒരു ചില മാസങ്ങൾക്ക്  ശേഷമാണ് ചെറുകോൽ ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന് കഥകളി വേണം എന്ന് പലർക്കും അതീവ താല്പ്പര്യം ഉണ്ടായി. കളി നടത്തുവാൻ  സാമ്പത്തീകം വളരെക്കുറവും. ഇങ്ങിനെ സാമ്പത്തീകക്കുറവുള്ള കളികൾക്ക് രണ്ടു ഗായകരും ചെണ്ട, മദ്ദളം എന്നിവയ്ക്ക് മാറ്റത്തിന് ആരും ഉണ്ടാവുകയില്ല എന്നതാണ് കഷ്ടം.       രുഗ്മാംഗദചരിതം, ദുര്യോധനവധം എന്നീ കഥകളാണ് അന്ന് അവതരിപ്പിച്ചത്. ചെന്നിത്തല ആശാനും ഓയൂർ രാമചന്ദ്രനും കൂടി യഥാക്രമം
രുഗ്മാംഗദനെയും മോഹിനിയെയും അവതരിപ്പിച്ചു. അന്ന് കളിക്ക് പാടാൻ എത്തിയ പൊന്നാനി ഭാഗവതർക്ക് തുടർക്കളികളാൽ കടുത്ത ജലദോഷവും തൊണ്ടയടപ്പും കൊണ്ട്  വിഷമത്തിലായിരുന്നു. രുഗ്മാംഗദചരിതം അദ്ദേഹം ഒരു തരത്തിൽ കഴിച്ചു കൂട്ടുകയായിരുന്നു.  ദുര്യോധനവധം നടക്കണം. അദ്ദേഹത്തെക്കൊണ്ട് കളി തുടരുവാൻ ഒരു  നിർവാഹവുമില്ല. മാറ്റത്തിന് വേറെ ഗായകന്മാർ  ആരും ക്ഷണിക്കപ്പെട്ടിരുന്നില്ല. എന്തു ചെയ്യണം എന്നറിയാതെ കളിയോഗം മാനേജരും കളിയുടെ ചുമതലക്കാരും ആകെ വിഷമിച്ചു.

ഇതിനിടെ മറ്റൊരു വിശേഷം  കൂടി ഉണ്ടായി. പണ്ടെങ്ങോ കഥകളിപ്പാട്ട് പഠിച്ചു അരങ്ങേറ്റവും കഴിഞ്ഞു കുറേക്കാലം അരങ്ങുകളിൽ കഥകളിപ്പാട്ട് പാടി, പിന്നീട് ആ പണി വേണ്ടെന്നു വെച്ച ഒരു വിദ്വാൻ കളി കാണാൻ എത്തിയിട്ടുണ്ട്. ഇദ്ദേഹം കളി തുടങ്ങും മുൻപ് അണിയറയിൽ എത്തി തനിക്കു നന്നേ പരിചയമുള്ള കലാകാരന്മാരുമായി സഹൃദ സംഭാഷണം നടത്തിയ ശേഷം അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചിരുന്നു. പെട്ടെന്നാണ്
പൊന്നാനി ഭാഗവതർക്ക് ഈ വിദ്വാന്റെ സാന്നിദ്ധ്യം ഓർമ്മയിൽ എത്തിയത്.
 പൊന്നാനി ഗായകനും കളിയോഗം മാനേജരും കൂടി അരങ്ങിനു മുൻപിലിരുന്ന ഈ വിദ്വാനെ നയത്തിൽ സമീപിച്ചു.  സംഭവിച്ചിരിക്കുന്ന വിഷമത അറിയിച്ചു. കളിയെങ്ങിനെയെങ്കിലും നടത്തിത്തരണം എന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്തു. വളരെക്കാലമായി അരങ്ങു പരിചയം നഷ്ടപ്പെട്ട വ്യക്തിയാണ് ഇദ്ദേഹമെങ്കിൽ കൂടി കളിക്ക് മുടക്കം സംഭവിക്കാതെയിരിക്കാൻ ചില നിബന്ധനകളോടെ ചേങ്കിലയെടുക്കുവാൻ അദ്ദേഹം തയ്യാറായി.

ഞാൻ അരങ്ങിൽ ഷർട്ട് ധരിച്ചിരിക്കും.   പൊന്നാന്നി പാടാൻ എന്നെ അനുവദിക്കണം  എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന  നിബന്ധന. കാര്യം നടക്കേണ്ടേ!, അദ്ദേഹത്തിൻറെ നിബന്ധനകൾ അംഗീകരിച്ചു. അദ്ദേഹം ചേങ്കിലഎടുത്തു.
"ആനീതോത്ര പുരൈവ .........മഹാ വീര്യോഥ ദുര്യോധന"! എന്ന ശ്ളോകം പാടിയത് കാതിൽ എത്തിയപ്പോഴേ വധം 'കുളമാക്കും'  എന്നുറപ്പായി. ഓരോ രംഗത്തിന്റെയും പദാട്ടം കഴിഞ്ഞാലുടൻ ശങ്കിടിഗായകൻ അരങ്ങിൽ നിന്നും വെളിയിൽ എത്തും. "ആ പൊന്നാനിക്കാരനോടൊപ്പം പാടാൻ എനിക്ക്  വിഷമമാണ്, സാധ്യമല്ല എന്നൊക്കെ   അണിയറയിൽ എത്തി പരാതി പറയും". അണിയറയിലുള്ളവർ അദ്ദേഹത്തെ സമാധാനിപ്പിച്ച് വീണ്ടും അരങ്ങിലേക്ക് അയക്കും. അങ്ങിനെ  ഓരോ  രംഗത്തിലും ഈ അവസ്ഥ തുടർന്നു കൊണ്ടിരുന്നു. ഒരു പരുവത്തിൽ ദുശാസനവധത്തോടെ കളി  അവസാനിപ്പിച്ചു.

കലാകാരന്മാർക്കെല്ലാം സംഘാടകർ കളിപ്പണം നൽകി. കളി മുടങ്ങാതെ രക്ഷിച്ച ഗായകനെയും
സംഘാടകർ തൃപ്തിപ്പെടുത്തി. ശങ്കിടി ഗായകൻ മാത്രം കളിപ്പണം സ്വീകരിക്കാൻ വിസമ്മതിച്ചു.  കലാകാരന്മാർ പലരും ശങ്കിടി ഗായകനെ കളിപ്പണം വാങ്ങുവാൻ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു.  എല്ലാവരും ശങ്കിടി ഗായകനെ കളിപ്പണം വാങ്ങുവാൻ സമ്മർദ്ദം ചെലുത്തിയപ്പോൾ    ശങ്കിടി ഗായകൻ വളരെ ഉച്ചത്തിൽ ഇങ്ങിനെ പറഞ്ഞു " എനിക്ക് കളിപ്പണം വേണ്ടേ വേണ്ട, പകരം അയാളെ (ഷർട്ടിട്ട് പാടിയ ഗായകനെ) രണ്ടടി കൊടുക്കാൻ നിങ്ങൾ എല്ലാവരും എനിക്ക് ഒരു അവസരം നൽകിയാൽ മതി. 

ശങ്കിടി ഗായകന്റെ കടുത്ത മാനസീക നില മനസിലായെങ്കിലും അത്യാവശ്യത്തിന് സഹായിയായി വന്ന രക്ഷകനെ അങ്ങിനെ വിട്ടുകൊടുക്കുവാൻ ആരും തയ്യാറായില്ല. 

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

ശ്രീ.ചേർത്തല തങ്കപ്പപ്പണിക്കർ

(കഥകളിയുടെ സുവർണ്ണ കാലം എന്ന് കഥകളി ആസ്വാദകർ വിലയിരുത്തിയിട്ടുള്ള കാലഘട്ടം 1960-കളാണ്.  1962 - ഫെബ്രുവരിയിൽ ഒരു കഥകളി മാസികയിൽ ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ അവർകളെ പറ്റി ശ്രീ. ഇയ്യങ്കോട് ശ്രീധരൻ അവർകൾ എഴുതി പ്രസിദ്ധീകരിച്ച ഈ കുറിപ്പ് ഇന്നത്തെ കഥകളി ആസ്വാദകരിൽ എത്തിക്കുക എന്നതാണ്  ഈ പോസ്റ്റിന്റെ ലക്‌ഷ്യം. 
 കഥകളിലോകത്തിൽ   തെക്കും  വടക്കുമെന്ന പേരിൽ  എന്നും എപ്പോഴും വൈജാത്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.  തെക്കുള്ള ഒരു കലാകാരൻ  വടക്ക് അംഗീകരിക്കപ്പെടുക എന്നത്  വളരെ വിരളമായ അനുഭവമാണ്. അതുകൊണ്ടു തന്നെ ഈ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് ഞാൻ കരുതുന്നത്. )
 
                                                     ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ

മൂന്നു കൊല്ലങ്ങൾക്കു  മുൻപ് ഒരു നട്ടുച്ചനേരത്ത് വെളുത്ത് ചെല്ലിച്ച ഒരു മനുഷ്യൻ, കലാമണ്ഡലത്തിൽ വന്നു കയറി. ഉമ്മറത്തുണ്ടായിരുന്ന ചില കുട്ടികളോട് അദ്ദേഹം അന്വേഷിച്ചു. 
 ശ്രീധരനില്ലേ, ഇവിടെ?
"ഉവവ് "
"ഒന്ന് വരാൻ പറയൂ"
അത് കേട്ട ഒരാൾ എന്റെ സമീപത്തോടിയെത്തി എന്നെ ഒരു സർവ്വോദയക്കാരൻ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. സർവ്വോദയക്കാരനോ! ഞാൻ തെല്ലൊന്നമ്പരക്കാതിരുന്നില്ല. സംസാരിക്കുമ്പോഴെല്ലാം അൽപ്പം ഇടതുപക്ഷം ചായ്‌വ് പ്രകടിപ്പിക്കാറുള്ള എന്നെ കളിയാക്കാൻ അവരെല്ലാം കരുതിക്കൂട്ടി പരിഹസിക്കുകയായിരുന്നുവെന്നാണ് ആദ്യം ധരിച്ചത്. ഉമ്മറത്ത് വന്ന് നോക്കിയപ്പോൾ കാര്യം മനസിലായി. ശുഭമായ ഖാദിയിൽ മുങ്ങിയ ഒരു കൃശഗാത്രൻ! ഒരു നിരാഹാരം നടത്തിയ സത്യാഗ്രഹിയുടെ പാരവശ്യമാണ് മുഖത്തുണ്ടായിരുന്നത്.  
"ശ്രീധരനെന്നല്ലേ പേര് "
"അതെ!"
"ഞാൻ ഗാന്ധിസേവാസദനത്തിൽ നിന്ന് വരികയാണ്. എന്റെ കൂടെ ഇന്നൊരു കളിക്ക് വരാൻ പറ്റുമോ?"
"ആലോചിക്കട്ടെ"
"ആലോചിക്കാനൊന്നും ഇടയില്ല. വേഗം തീർച്ചയാക്കി വരികയാണെങ്കിൽ എന്റെ കൂടെ വരണം."
ങ്ഹേ!! ഇതെന്തു പ്രകൃതം! ഞാൻ ഒന്ന് വല്ലാതെയായി. ഒടുവില ചോദിച്ചു. 
"എവിടെ വെച്ചാണ് കളി"
"ഇതാ ഇവിടെ അടുത്താണ്. അമ്പലപുരത്ത്. നമ്മുടെ കുട്ടൻമേനോന്റെ വീട്ടിൽ വെച്ചാണ്‌." (മദ്ധ്യ മലയാളത്തിലെ കഥകളി ലോകത്തിനും പ്രത്യേകിച്ച് കേരളകലാമണ്ഡലത്തിനും മറക്കാനാവാത്ത ഒരു നാമധേയമാണ്, 'കുട്ടൻമേനോൻ. ' ആ ഒന്നാംതരം കലാസ്വാദകൻ ഈയ്യിടെ അന്തരിച്ചു പോയെന്നത് വളരെ വേദനയോടുകൂടിയാണ് അറിഞ്ഞത് .) 
"എനിക്ക് ലീവ് എടുക്കേണ്ടിവരും"
"എന്നാൽ വേഗമാകട്ടെ"
ഞാൻ വേഗത്തിൽ ലീവ് വാങ്ങി. ആ മനുഷ്യന്റെ കൂടെയിറങ്ങിത്തിരിച്ചു. അദ്ദേഹത്തിൻറെ കൂടെ നടക്കാൻ വളരെ പണിപ്പെടേണ്ടിയിരുന്നു. നടക്കുക എന്നതിൽ കവിഞ്ഞ്, എന്നാൽ ഓടുക എന്ന നിലവാരത്തിലേക്ക് എത്തുകയും ചെയ്യാത്ത ഒരു മട്ടിലാണ് അദ്ദേഹം തെന്നിത്തെന്നി പോയിരുന്നത്. ചെയ്യുന്ന പ്രവർത്തികൾക്കെല്ലാമൊരു കൃത്യത; അതിലുപരിയായ വേഗത; മാലപ്പടക്കത്തിന് തീ പിടിച്ച പോലെ വെറുമൊരു നിസ്സാരകാര്യത്തിൽ നിന്നാരംഭിച്ച് ചുറ്റുപാടുകളെ മുഴുവൻ കുറച്ചു നേരത്തേക്ക് കിടിലംകൊള്ളിക്കുന്ന ശുണ്ഠി; സാഹിത്യാഭിരുചിയുണ്ടെന്ന് കാണിക്കാൻ സംസാരത്തിനിടയിൽ എല്ലാം സ്ഥാനം പിടിക്കുന്ന ചില അലക്കിത്തേച്ച വാചകങ്ങൾ;  അതിർകടന്ന ആത്മവിശ്വാസത്തിന്റെ കുപ്പായം ധരിച്ച ചങ്കൂറ്റം! കൂടുതലടുപ്പമുണ്ടെങ്കിൽ ആ ഹൃദയത്തിന്റെ അടച്ചിട്ട എല്ലാ മുറികളും കയറിയിറങ്ങുവാൻ സ്വാതന്ത്ര്യം തരുന്ന വിശ്വസ്തതയിൽ സ്പുടം ചെയ്ത ആത്മാർത്ഥത.....
ഇങ്ങിനെയെല്ലാമുള്ള ചേർത്തല തങ്കപ്പപണിക്കരെന്ന കഥകളി ഗായകനെ കാണുമ്പോൾ "ഈ മനുഷ്യൻ ഊണുകഴിക്കാറില്ലേ," എന്ന് നിങ്ങൾക്ക് തോന്നും. നിങ്ങൾക്കെന്നല്ല, ആർക്കും അതു തന്നെയാണ് തോന്നുക. അത്, തോന്നുന്ന ആളിന്റെ കുറ്റം കൊണ്ടല്ല; നേരെ മറിച്ച് പണിക്കരുടെ ശരീരത്തിന്റെ കൃശത്വവും ബലഹീനതയുമാണ് ആരെക്കൊണ്ടും അങ്ങിനെ തോന്നിപ്പിക്കുന്നത്. 
ഇങ്ങിനെയൊക്കെയാണെങ്കിലും അദ്ദേഹം കേൾക്കെ "ഈ പാട്ടുകാരന് കുറച്ച് വിശ്രമമാണാവശ്യം" എന്നോ മറ്റോ പറഞ്ഞേക്കരുത് !അഥവാ കേട്ടുപോയെന്നാൽ, അതിനൊരു മറുപടിയും കിട്ടും. 
"അല്ല! ചേങ്കിലയാണാവശ്യം!"  

 ചേർത്തല മുതൽ ഈ തലവരെ. 

                                                       ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ
  
  ഇരുപുറത്തും  ഓളം തല്ലുന്ന വിശാലമായ കായൽ, പഞ്ചാര മണൽ നിറഞ്ഞ തീരപ്രദേങ്ങൾ! കായൽപ്പരപ്പിലൂടെ നീന്തി വരുന്ന കാറ്റിൽ 'കമലദള'മാടുന്ന തെങ്ങിൻ തലപ്പുകൾ. ഇവയെല്ലാം ചേർന്ന ചേർത്തലയിലെ വാത്ത്യാട്ടു വീട്ടിൽ പിറന്ന തങ്കപ്പപ്പണിക്കർക്ക്‌ മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞു. തിരുവിതാംകൂർ വിദ്യാഭ്യാസരീതി പ്രകാരം ഏഴാംക്ളാസ് വരെ പഠിച്ച ശേഷം കുറച്ചുകാലം സംസ്കൃതപഠനം നടത്തി. ശാസ്ത്രിവരെ പഠിച്ചെങ്കിലും പരീക്ഷയ്ക്കൊന്നുമിരുന്നില്ല, അപ്പോഴേക്കും
 സംഗീതാഭിരുചി മനസ്സിൽ നാമ്പെടുത്തു കഴിഞ്ഞിരുന്നു. ഒപ്പം കഥകളി ഭ്രമവും. അവ രണ്ടും കൂടി പൊരുത്തപ്പെട്ടപ്പോൾ, കഥകളി സംഗീതം പഠിക്കുവാൻ തീർച്ചപ്പെടുത്തി. തിരുവല്ലാ ചെല്ലപ്പൻപിള്ളയുടെ അടുത്താണാദ്യം പഠനം  രംഭിച്ചതെ- ങ്കിലും, മറ്റു ചില കാരണങ്ങളാൽ തകഴി കുട്ടൻപിള്ളയാണ് അഭ്യസിപ്പിച്ചത്. അതിൽ പിന്നീട്, ഗുരു കുഞ്ചുക്കുറുപ്പ് അമ്പലപ്പുഴയിൽ നടത്തി വന്നിരുന്ന കളരിയിൽ കുറച്ചുകാലം ചൊല്ലിയാട്ടത്തിന്  പാടി പരിചയം നേടി. ആയിടയ്ക്കുതന്നെ ചേർത്തല കുട്ടപ്പക്കുറുപ്പോടൊത്ത് ഒരുപാട് അരങ്ങുകളിൽ പങ്കെടുത്തു. ഈയൊരു സന്ദർഭത്തിൽ, കേരളത്തിന്റെ വടക്ക് ഒരു കലാമണ്ഡലം നമ്പീശൻ പേരെടുത്തു വരികയായിരുന്നു. കുറെ വടക്കൻ ചിട്ടകളും മനസ്സിലാക്കുന്നത്‌ നന്നായിരിക്കുമെന്ന് തങ്കപ്പപ്പണിക്കർക്ക് തോന്നി. നേരെ പോരൂരിലുള്ള ഗാന്ധി സേവാസദനത്തിൽ വന്നു. നമ്പീശനന്ന് അവിടെയായിരുന്നു. അൽപ്പകാലം ഒരു ശിഷ്യനെന്നപോലെ, നമ്പീശന്റെ കൂടെ കൂടി. അക്കൂട്ടത്തിൽ പലതും നേടാനും ചിലത് പുറം തള്ളാനും സാധിച്ചു. നമ്പീശൻ വീണ്ടും കലാമണ്ഡലത്തിലേക്ക്‌ തന്നെ   പോയപ്പോൾ തങ്കപ്പപ്പണിക്കരെ ഗാന്ധി സേവാസദനത്തിന് ആവശ്യമായി വന്നു. ഈ ജോലിക്കാലത്തിന്നിടയിൽ തങ്കപ്പപ്പണിക്കർ വളർന്നു. കേരളത്തിന് പുറത്ത് പലേടത്തും പോയി. മദ്ധ്യമലയാളത്തിലെ കഥകളിപ്രേമികൾക്കെല്ലാം തന്നെ 'ചേർത്തല തങ്കപ്പൻ' സുപരിചിതനായി.  തെക്ക്, ചേർത്തലയിൽ നിന്നും മലയാളത്തിന്റെ ഈ തലവരെ വന്ന്, ചേങ്കില കയ്യിലെടുത്ത്, തങ്കപ്പപ്പണിക്കർ വിജയിച്ചിരിക്കയാണ്. അതൊരത്ഭുതമല്ലേ?

ശരീരവും, ശാരീരവും. 

ഈ ഗായകൻ ജീവിതത്തിലെ മുപ്പത്തിരണ്ടു നാഴികക്കല്ലുകൾ പിന്നിട്ടു. ഈ യാത്രയിൽ "ആരോഗ്യം അപകടം. സൂക്ഷിച്ചു യാത്ര ചെയ്യുക!" എന്ന ധാരാളം കൈനാട്ടികൾ തന്റെ ജീവിതപാതയിലദ്ദേഹം കണ്ടുമുട്ടിയിട്ടുണ്ട്. എന്നിട്ടും ഒട്ടും അധീരനാവാതെയാണ് അദ്ദേഹം ഇത്രയും നടന്നത്. 
കഥകളിയിലെ തെക്കനെന്നും  വടക്കനെന്നുമുള്ള സർവ്വസജാതീയ വൈജാത്യങ്ങൾക്കുമതീതനായി തങ്കപ്പപ്പണിക്കരും അദ്ദേഹത്തിൻറെ സംഗീതവും നിലകൊള്ളുന്നു. തെക്കർക്കും വടക്കർക്കും പണിക്കരെ ഇഷ്ടമാണ്.  എന്തെന്നാൽ ഈ രണ്ടു സമ്പ്രദായങ്ങളിലും പയറ്റിത്തെളിഞ്ഞ് ഭിന്ന സ്വഭാവക്കാരായ രണ്ടു വിഭാഗം ആസ്വാദകരെയും തൃപ്തിപ്പെടുത്താവുന്ന മൂന്നാമതൊരു രീതിയാണ് പണിക്കരുടെ കയ്യിലുള്ളത്. തെക്ക് തിരുനക്കര ഉത്സവക്കളിക്ക് പാടുന്ന അതേമട്ടിൽത്തന്നെ അദ്ദേഹം, ഇങ്ങു വടക്കു് തിരുവേഗപ്പുറം   ഉത്സവക്കളിക്കും  പാടുന്നു. തിരുനക്കരക്കാരും തിരുവേഗപ്പുറക്കാരും ആ പാട്ടുകേട്ട്, അറിയാതെ "ബലേ!"പറഞ്ഞു പോകുന്നു.  അതിഗായകനുള്ള ഒരു ഒരു പ്രത്യേക കഴിവാണ്. വളരെ പണിപ്പെട്ട് നേടിയെടുത്ത കഴിവ്. തകഴി കുട്ടൻപിള്ളയുടെ കീഴിലഭ്യസിക്കുകയും, ചേർത്തല കുട്ടപ്പപ്പക്കുറുപ്പിന്റെ കൂടെ പരിചയിക്കുകയും ചെയ്ത തങ്കപ്പപ്പണിക്കർ ഒടുവിൽ ചെന്നെത്തിയത് സാക്ഷാൽ കലാമണ്ഡലം നമ്പീശന്റെ അടുത്താണ്. കഥകളി സംഗീതത്തിലെ ഈ ത്രിമൂർത്തികളെ സ്വാധീനിച്ചു കഴിഞ്ഞപ്പോൾ; തങ്കപ്പപ്പണിക്കരെന്ന ഗായകൻ ഇപ്പറഞ്ഞ മൂന്നു ത്രിമൂർത്തികളുടെയും ഗുണം ചെയ്യുന്ന നാലാമതൊരു മൂർത്തിയാവുകയാണുണ്ടായത്.  തെക്കനെന്നും  വടക്കനെന്നും പറഞ്ഞ് വെറുതെ ബഹളം കൂട്ടിക്കൊണ്ടിരുന്ന പലരും അതുകണ്ട് അത്ഭുതപ്പെട്ടുപോയി. അവരുടെയെല്ലാം മുൻപിൽവെച്ച്, അൽപ്പം ശക്തിയായൊരു കാറ്റടിച്ചാൽ പാറിപപോകുമെന്ന ശങ്ക ജനിപ്പിക്കുന്ന മട്ടിലുള്ള ഒരു ചെറുപ്പക്കാരൻ തെക്കും വടക്കും തമ്മിലുള്ള വ്യത്യാസങ്ങൾ എങ്ങിനെ പരിഹരിക്കണമെന്ന് തന്റെ ജീവിതം കൊണ്ട് പരീക്ഷണം ചെയ്ത് കാണിച്ചിരിക്കുന്നു! മാത്രമോ? ആ പരീക്ഷണം അങ്ങേയറ്റം വിജയിപ്പിക്കുകയും ചെയ്തിരിക്കുന്നു!. 

തങ്കപ്പപ്പണിക്കർ ചേങ്കിലയുമെടുത്ത് അരങ്ങത്ത് നിൽക്കുമ്പോൾ, ശരീരത്തിന്റെ ബലഹീനതകൊണ്ടോ, ചേങ്കിലയുടെ കനം കൊണ്ടോ, എന്തോ ഏതാണ്ടൊരു ചോദ്യ ചിഹ്നംപോലെയാണ് ജീവിതത്തിലും അദ്ദേഹം. അതേപോലെ അൽപ്പം കൽക്കണ്ടവും, കുരുമുളകും ചുക്കുവെള്ളവും ഇടയ്ക്കിടയ്ക്ക് കൊടുക്കുകയാണെങ്കിൽ, ഒരു രാത്രി മുഴുവൻ ഒരൊറ്റ നിൽപ്പിലങ്ങനെ തന്നെ നിന്ന് പാടിയേക്കും. അതുകാണുമ്പോൾ ഒരു സാധാരണ ആസ്വാദകൻ തീരുമാനിക്കുന്നു.
         "സാധു! നാളേക്ക് കിടപ്പിലായിപപോകും."
പക്ഷെ, പിറ്റേന്നും ആ ആസ്വാദകൻ   തങ്കപ്പപ്പണിക്കരെ അതേ മട്ടിൽത്തന്നെ കാണുന്നു! അയാൾ മൂക്കത്തു വിരൽ വെയ്ക്കുന്നു. അങ്ങിനെ പലർക്കും ഒരു ചോദ്യ ചിഹ്നമായിക്കൊണ്ട് അദ്ദേഹം പാടുന്നു. ആ ശരീരം ബലഹീനമാണെങ്കിലും ശാരീരം ആരോഗ്യപൂർണ്ണമാണ് ; സുന്ദരമാണ്. ആത്മാർത്ഥതയോടെ പാടുവാനുള്ള ഈ ഗായകന്റെ കഴിവിനെ പലരും പുകഴ്ത്തുന്നു. ഏത് സന്ദർഭത്തിലായാലും ആ സന്ദർഭത്തിന്റെ വികാരങ്ങൾക്കനുസരിച്ച്, സ്വന്തം ഹൃദയത്തുടിപ്പുകളുടെ താളം ചേർത്തുകൊണ്ട് തങ്കപ്പപ്പണിക്കർ പാടുന്നു. വിഷാദപദങ്ങൾ, പ്രത്യേകിച്ചും അവർണ്ണനീയമായ അന്നരദ്യതയോടെ അദ്ദേഹം പാടുമ്പോൾ നടന്റെ ഭാവാവിഷ്ക്കരണത്തിന്  പോലും നിറപ്പകിട്ടേറുന്നു. ആസ്വാദകരുടെ കണ്ണുകൾക്കിടയിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടുന്നു. 

അണിയറയിൽ 

  തങ്കപ്പപണിക്കർ വളർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കഥകളിയരങ്ങുകളെല്ലാമിന്ന് ഈ ഗായകനെ ആവശ്യപ്പെട്ടു- കൊണ്ടിരിക്കുന്നു. ഗാന്ധിസേവാസദനം കഥകളി വിദ്യാലയത്തിലെ ഗായകനായി നാലഞ്ചുകൊല്ലത്തോളം തുടർച്ചയായി ജോലിചെയ്തു വരികയാണദ്ദേഹം. ഈയിടെയാണ് രാജിവെച്ചത്. ഒരു കലാകാരന്റെ വളർച്ച മനസിലാക്കാത്ത സ്ഥാപനത്തിൽ ആ കലാകാരന് ജീവിക്കാൻ പ്രയാസമാണെന്നാണ് ആ രാജിയെപറ്റി പരാമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. എന്നും ഒരേമാനദണ്ഡമുപയോഗിച്ച് ഒരു കലാകാരന്റെ കഴിവിനെ അളക്കുവാൻ ശ്രമിക്കുന്നത് ഒരു വലിയ വിഡ്ഢിത്തമാണെന്നദ്ദേഹം വിശ്വസിക്കുന്നു. 

തൂവെള്ള ഖാദിവസ്ത്രങ്ങൾ ധരിച്ച് ഉള്ളിലുള്ള പാാരവശ്യത്തെ മുഖത്തെ പ്രസന്നതകൊണ്ട് മൂടി, കയ്യിലൊരു "യൂക്കാലിപ്സ് " ബാഗുമായി വല്ല കളിസ്ഥലത്തും എത്തിച്ചേരുന്ന തങ്കപ്പപണിക്കർ ആളൊരു ശുദ്ധനാണ്. ശുദ്ധന്മാർക്കാണല്ലോ ശുണ്ഠി വേഗത്തിൽ വരിക. അതെ! തങ്കപ്പപണിക്കർക്കും വല്ലാത്ത ശുണ്ഠി, ഇടിപോലെയുള്ള ശുണ്ഠിയാണ്. ഒരു പൊട്ടിത്തെറി......ഒരു മിന്നൽ......കഴിഞ്ഞു...... പിന്നെയെല്ലാം ശാന്തമാണ്. 

കുറച്ചു നേരം നിങ്ങളാമനുഷ്യനെ ശ്രദ്ധിക്കണം. അതാ ബാഗ് തുറക്കുന്നു. അതിൽ നിന്നും അഞ്ചു പത്തു മരുന്നുകുപ്പികൾ പുറത്തുവരുന്നു. ബോണ്‍വിറ്റ, ഹാർലിക്സ്, വിറ്റമിൻ-ബി കോമ്പ്ളെക്സ് ; രക്ത വർദ്ധിനിക്കുതകുന്ന ടാബ്ലെറ്റുകൾ ..... അങ്ങിനെ പലതും. ഇവയെല്ലാമാണ് തങ്കപ്പപണിക്കരുടെ നിതാന്തപരിചാരകർ. പരിചയമുണ്ടെങ്കിൽ സംസാരിക്കാൻ തുടങ്ങാം. മിതഭാഷിയാണെങ്കിലും സുഹൃത്തുക്കളുടെ അടുത്തെത്തുമ്പോൾ അദ്ദേഹം വായാടിയായേക്കും.  

"എന്താ! ഭാഗവതരെ! ആരോഗ്യം ഒന്ന് ഭേദപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു" ഒരു സുഹൃത്ത് അന്വേഷിക്കുന്നു. 
"സ്വൽപ്പം ഭേദമായിട്ടുണ്ടെന്നു തോന്നുന്നു. പൊടിവലിയൊക്കെ നിർത്തിയിരിക്കുകയാണ്. ഇടവിട്ട് മരുന്ന് കഴിക്കുന്നുണ്ട്." തങ്കപ്പപ്പണിക്കരുടെ മറുപടിയാണത്. 
"എല്ലാറ്റിനും അത്യാവശ്യം ആരോഗ്യമാണല്ലോ!" ആ സുഹൃത്ത് ഒരു സാധാരണ സത്യം പറയുന്നു. 
"ആട്ടെ! സ്വല്പ്പം പൊടിയുണ്ടോ, കയ്യിൽ" പൊടിവലി നിർത്തി എന്ന് അൽപ്പം മുൻപേ പറഞ്ഞ മനുഷ്യൻ പെട്ടെന്ന് പൊടിയുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ ആ സുഹൃത്ത്‌ ഒന്ന് അന്ധാളിക്കും. പക്ഷേ തങ്കപ്പപ്പണിക്കരെ കൂടുതലടുത്ത് പരിചയമുള്ള സുഹൃത്തുക്കൾക്കത് ഒരത്ഭുതമായിരിക്കയില്ലെന്നു മാത്രം. 

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

മാവേലിക്കര കഥകളി ആസ്വാദകസംഘം അവതരിപ്പിച്ച ലവണാസുരവധം കഥകളി

മാവേലിക്കര  കഥകളി ആസ്വാദകസംഘം സംഘടിപ്പിച്ച ഓണക്കൂട്ടം പരിപാടികളുടെ ഭാഗമായി 2014, സെപ്തംബർ 10-ന് മാവേലിക്കര ഗവ: TTI ആഡിറ്റോറിയത്തിൽ (ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള നഗർ) വൈകിട്ട് ആറുമണി മുതൽ ലവണാസുരവധം കഥകളി അവതരിപ്പിക്കുകയുണ്ടായി. മണ്ണാനും മണ്ണാത്തിയും തമ്മിലുള്ള ഗൃഹകലഹമാണ് ആദ്യം അവതരിപ്പിച്ച രംഗം. 

ശ്രീരാമപട്ടാഭിഷേകം കഴിഞ്ഞ് ശ്രീരാമൻ അയോദ്ധ്യ ഭരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അയോദ്ധ്യാ നഗര പരിസരത്തിൽ താമസിച്ചിരുന്ന ഒരു മണ്ണാന്റെ ഗൃഹത്തിൽ നടന്ന   കലഹമാണ് രംഗത്തിന്റെ ഇതിവൃത്തം. മാതൃ ഗൃഹത്തിൽ ചില ദിനങ്ങൾ താമസിച്ചു മടങ്ങിയെത്തിയ പത്നിയായ മണ്ണാത്തിക്ക് പരപുരുഷബന്ധമുണ്ടെന്ന് സംശയിച്ച് മണ്ണാൻ മർദ്ദിക്കുകയും അപമാനിക്കുകയും ബന്ധം ഉപേക്ഷിച്ച് വീട്ടിൽ നിന്നും  പുറത്താക്കപ്പെടുകയും ചെയ്യുന്നു. "രാവണനഗരമായ ലങ്കയിൽ താമസിച്ചു മടങ്ങിയെത്തിയ സീതയെ സ്വീകരിച്ച രാമനെപ്പോലെ അന്യഗൃഹത്തിൽ താമസിച്ചു മടങ്ങിയെത്തിയ നിന്നെ സ്വീകരിക്കുവാൻ ഞാൻ വിഡ്ഢിയല്ല" എന്നായിരുന്നു മണ്ണാന്റെ തീരുമാനം (ഈ ഗൃഹകലഹം ചാരന്മാർ മൂലം അറിഞ്ഞപ്പോഴാണ് സീതയെ വനത്തിൽ ഉപേക്ഷിക്കുവാൻ ശ്രീരാമൻ തീരുമാനിച്ചത് ).

 തികച്ചും ലോകധർമ്മിയായ അവതരണമാണ് രംഗത്തിനുള്ളത്. മണ്ണാൻ വിശപ്പോടും ദാഹത്തോടും വീട്ടിൽ എത്തുന്നതും വീട്ടിൽ സ്വപത്നിയെ തേടുന്നതും, അവൾ ഇല്ലെന്നു മനസിലാക്കുമ്പോൾ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറുകയും, വിശപ്പ് അകറ്റുവാൻ ആഹാരം തേടി ഓരോ പാത്രങ്ങളും തുറന്നു നോക്കുകയും, അതിൽ ആഹാരം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരികുടിച്ച് വിശപ്പ് ശമിപ്പിക്കുകയും, സൂക്ഷിച്ചു വെച്ചിരുന്ന മുറുക്കാൻ പൊതിയഴിച്ച് മുറുക്കിയശേഷം അവൾ എന്നോടെ പറയാതെ എവിടെപ്പോയി?, വരട്ടെ അവൾ, ശിക്ഷിക്കുന്നുണ്ട് എന്ന് ഉറപ്പിച്ച് വടിയുമായി മണ്ണാൻ കാത്തിരുന്നു. ഈ സമയം മണ്ണാത്തി അവിടെയെത്തുന്നു. മണ്ണാത്തിയുടെ അടിമുടി സംശയത്തോടെ വീക്ഷിച്ചുകൊണ്ട് മണ്ണാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മണ്ണാത്തി ഉത്തരം നൽകിയെങ്കിലും വിശ്വസിക്കുവാൻ മണ്ണാൻ തയ്യാറായില്ല. മണ്ണാന്റെയും മണ്ണാത്തിയുടെയും വിവാഹത്തിന് മുൻപ് അവർക്കിടയിൽ നടന്നിട്ടുള്ള ബന്ധങ്ങൾ വരെ പരസ്പരം വിവാദിച്ചു. കുടുംബ പ്രാരാബ്ദം പോറ്റുവാൻ രാജ്യത്തെ ജനങ്ങളുടെ  വീടുകൾ തോറും നടന്ന് അഴുക്കു വസ്ത്രങ്ങൾ സംഭരിക്കുകയും അവ അലക്കി, ഉണക്കി, ജനങ്ങളെ ഏൽപ്പിച്ച് അവർ നൽകുന്ന പണം കുറവ് എന്ന് തോന്നുമ്പോൾ പ്രാരാബ്ദം പറഞ്ഞ് പണം കൂടുതൽ വാങ്ങിയിട്ടുള്ള തന്റെ പങ്കിനെ മണ്ണാത്തി ഓർമ്മിപ്പിച്ചു. കുടുംബനാഥനായ മണ്ണാൻ പലപ്പോഴും മദ്യത്തിന് അടിമപ്പെട്ട് അലസനായി കഴിയുകയും മദ്യപിച്ച് ശർദ്ദിക്കുകയും  ദേഹോപദ്രവം ചെയ്യുകയും  ചെയ്തിരുന്നു എന്നും  മണ്ണാനെ കുറ്റപ്പെടുത്തുകയും ചെയ്തു.  വിവാഹത്തിനു മുൻപ് മണ്ണാത്തിയുടെ പിതാവിന് മദ്യം നൽകി അബോധവാനാക്കിയശേഷം പീഡിപ്പിക്കുവാൻ ശ്രമിച്ചില്ലേ? എന്നും മണ്ണാനെ മണ്ണാത്തി കുറ്റപ്പെടുത്തി. ഭർത്താവിനെ സ്വാന്തനപ്പെടുത്തുവാൻ മണ്ണാത്തി പലമുറ ശ്രമിച്ചും പരാജിതയായി. ഒടുവിൽ വിവാഹ ബന്ധം മുറിക്കുവാനായി മണ്ണാൻ മണ്ണാത്തിയുടെ താലി പിടിച്ച് പൊട്ടിച്ചു. ബന്ധം മുറിഞ്ഞ നിലയിൽ മണ്ണാത്തി തന്റെ പിതാവിൽ നിന്നും മണ്ണാൻ സ്വീകരിച്ച സ്ത്രീധനങ്ങളും തിരികെ വാങ്ങി മണ്ണാത്തി പിരിയുന്നതായിട്ടായിരുന്നു അവതരണം. മാറത്തടിയും നിലവിളിയും ഒരു സ്ത്രീയ്ക്കും ഇങ്ങിനെ ഒരു അനുഭവം ഉണ്ടാകരുതേ! എന്നുമൊക്കെ  മണ്ണാത്തിയുടെ അവതരണത്തിൽ ഉണ്ടായിരുന്നു. 

                                 മണ്ണാൻ : ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ 
                                         

                                        മണ്ണാനും മണ്ണാത്തിയും                    
        (ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനും ശ്രീ. ശ്രീ. കലാമണ്ഡലം അനിൽകുമാറും)

ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ മണ്ണാനെയും ശ്രീ. കലാമണ്ഡലം അനിൽകുമാർ മണ്ണാത്തിയെയും  അവതരിപ്പിച്ചു വിജയിപ്പിച്ചു . ദക്ഷിണ കേരളത്തിൽ കൂടുതൽ അവതരിപ്പിച്ചിട്ടുള്ള രംഗമാണ് മണ്ണാനും മണ്ണാത്തിയും. ഓരോ കാലഘട്ടങ്ങളിൽ പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരും  ശ്രീ. കുടമാളൂർ കരുണാകരൻ നായരും , ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയും  ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ളയും, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും ശ്രീ. ഓയൂർ രാമചന്ദ്രനും യഥാക്രമം മണ്ണാനെയും മണ്ണാത്തിയെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടിയിട്ടുണ്ട്.  ഈ കാലഘട്ടം ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനും ശ്രീ.  കലാമണ്ഡലം അനിൽകുമാറിനുമാണ് എന്നുള്ളതിന് ഒരു സംശയവും ഇല്ല. ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ ശ്രീ. കലാമണ്ഡലം ശ്രീരാഗവർമ്മയുമാണ് ഈ രംഗത്തിന് പാടിയത്. 

രണ്ടാം രംഗത്തിൽ കുശനും ലവനും മാതാവായ സീതാദേവിയെ സമീപിച്ച്   ബ്രാഹ്മണബാലന്മാരോടൊപ്പം    വനത്തിലേക്ക് ലീലാ- വിനോദങ്ങൾക്കായി യാത്രാനുമതി ചോദിക്കുന്നതാണ്. വനയാത്രയിൽ ദുഷ്ടമൃഗങ്ങൾ   ശത്രുക്കൾ എന്നിവയെ എങ്ങിനെ നേരിടും എന്ന മാതൃശങ്കയെ മാറ്റുവാൻ ഇണക്കിളികളിൽ ഒന്നിനെ അമ്പെയ്തു വീഴ്ത്തുവാൻ കുശലവന്മാർ തുനിഞ്ഞെങ്കിലും പാപം എന്ന് ഉണർന്ന് ശ്രമം ഉപേക്ഷിച്ചു. മാതൃപാദങ്ങളിൽ വണങ്ങിയ  കുമാരന്മാർക്ക്   മനസില്ലാമനസ്സോടെ സീത യാത്രാനുമതി നല്കി.

                                                   സീതാദേവിയും കുശലവന്മാരും   
                         (ശ്രീ. ഓയൂർ രാമചന്ദ്രൻ , ശ്രീ. കൃഷ്ണപ്രസാദ് , ശ്രീ. രവീന്ദ്രനാഥപൈ)           

മൂന്നാം രംഗത്തിൽ കാനനഭംഗി കണ്ടു രസിച്ച കുശലവന്മാർ  യാഗാശ്വത്തെ കാണുന്നു. ബ്രാഹ്മണകുമാരന്മാരുടെ ഉപദേശം ലംഘിച്ചു കൊണ്ട് അശ്വത്തെ ബന്ധിക്കുവാൻ കുശൻ ലവന് അനുമതി നൽകിയശേഷം  വനത്തിലേക്ക് കടന്നു. ലവൻ അശ്വത്തെ ബന്ധിച്ചു. യാഗാശ്വത്തെ തേടിയെത്തിയ ശതൃഘ്നൻ ലവനുമായി ഏറ്റുമുട്ടി. പരാജയപ്പെട്ട ലവനെ ശതൃഘ്നൻ ബന്ധിച്ചു. യുദ്ധകോലാഹലങ്ങളും  ലവന്റെ ദീനരോദനവും  ശ്രദ്ധിച്ച കുശൻ ഓടിയെത്തി, ലവനെ ബന്ധന വിമുക്തനാക്കി. ഇരുവരും ശതൃഘ്നനെ നേരിട്ടു. ശതൃഘ്നൻ പരാജിതനായി മടങ്ങി. 

                                                            വനത്തിൽ കുശലവന്മാർ 

             ശതൃഘ്നനും ലവനും ( ശ്രീ. കലാമണ്ഡലം വിശാഖും  ശ്രീ. രവീന്ദ്രനാഥപൈയും)

                                 ശതൃഘ്നനും കുശനും (  ശ്രീ. കൃഷ്ണപ്രസാദും ശ്രീ.  വിശാഖും)

നാലാം രംഗത്തിൽ  (ഹനുമാൻറെ  തിരനോട്ടത്തിനു ശേഷം) അശ്വത്തെ ബന്ധിച്ച ബാലന്മാരെ ഹനുമാൻ ശ്രദ്ധിക്കുന്നു. അമ്പും വില്ലും ധരിച്ച കുമാരന്മാരുടെ തേജസ്സ് ഹനുമാന്റെ ഹൃദയത്തെ വശീകരിച്ചു.  പണ്ട് ഋശ്യമുകാചലത്തിൽ രാമലക്ഷ്മണന്മാരെ ആദ്യമായി സന്ധിച്ച അതേ സാദൃശ്യം കുമാരന്മാരിൽ ഹനുമാൻ ദർശിച്ചു. കുമാരന്മാർ നിസ്സാരന്മാരല്ലെന്ന് മനസിലാക്കിയ ഹനുമാൻ ആ ചുണക്കുട്ടികളോട് ബലപരീക്ഷണം നടത്തുവാൻ തയ്യാറായി. വാനരചാപല്യം കുമാരരിൽ  ഉത്സാഹം ഉണ്ടാക്കി. ഹനുമാനും കുമാരന്മാരും തമ്മിൽ യുദ്ധം നടന്നു. ഇതിനിടയിൽ ഹനുമാന്റെ കുസൃതി ചോദ്യങ്ങൾക്ക് കുമാരന്മാർ തക്ക മറുപടികളും നല്കി. (രാമായണം അറിയുമോ എന്നും അതിലെ ഹനുമാൻ താനാണെന്നും കുമാരന്മാരെ ഹനുമാൻ അറിയിച്ചു. രാമായണം ഞങ്ങൾക്ക് അറിയാം എന്നും ആ ഹനുമാൻ നിസ്സാരനായ നീ അല്ലെന്നും കുമാരന്മാർ മറുപടി നല്കി.) കുമാരന്മാർ എയ്ത ശരവർഷങ്ങൾ പരമാവധി നേരിട്ട ഹനുമാൻ ഒടുവിൽ കീഴടങ്ങി. ബന്ധിതനാക്കിയ  ഹനുമാനെയും കൂട്ടി കുമാരന്മാർ ആശ്രമത്തിലേക്കു  മടങ്ങുന്നു. 

                                ഹനുമാൻ : ശ്രീ. കലാമണ്ഡലം രതീശൻ 

                                                       ഹനുമാനും കുശലവന്മാരും 

                                                            ഹനുമാനും കുശലവന്മാരും


                                       ഹനുമാനും കുശലവന്മാരും

 അഞ്ചാം രംഗത്തിൽ ബന്ധിതനാക്കിയ ഹനുമാനെ മാതൃസവിധത്തിൽ എത്തിക്കുന്നു. രാവണസവിധത്തിൽ നിന്നും തന്റെ പ്രാണനെ രക്ഷിക്കുവാൻ കാരണഭൂതനായ, തന്റെ ഭക്തനായ ഹനുമാനെ ബന്ധനസ്ഥനായ നിലയിൽ കണ്ട സീതാദേവി അന്ധാളിച്ചു. വികാരഭരിതമായ സന്ദർഭം.  ആദരണീയനാണ് ഈ ഹനുമാൻ എന്നും അദ്ദേഹത്തെ ബന്ധിച്ചത് കഷ്ടമാണ് എന്നും എത്രയും വേഗം ബന്ധന വിമുക്തനാക്കാനും സീത കുമാരന്മാരെ അറിയിച്ചു. കുമാരന്മാർ ഹനുമാനെ ബന്ധനവിമുക്തനാക്കി. സുഖമോ? ദേവീ എന്ന ഹനുമാന്റെ സീതയോടുള്ള ക്ഷേമാന്വേഷണം.  കുമാരന്മാരുടെ അത്ഭുതമായ പരാക്രമം താൻ  അനുഭവിച്ചു എന്നും അവർ മൂന്നുലോകവും പാലിക്കാൻ യോഗ്യരായി വരുമെന്നും ഹനുമാൻ അറിയിക്കുന്നു. 

                             കുശലവന്മാരും ഹനുമാനും സീതാദേവിയും 

                                 കുശലവന്മാരും ഹനുമാനും സീതാദേവിയും

 ശ്രീരാമൻ ആശ്വമേധയാഗം നടത്തുവാൻ തീരുമാനിച്ചുവെന്നും    യാഗഭാഗമായ അശ്വത്തെ കുമാരന്മാർ ബന്ധിച്ചതും ശതൃഘ്നൻ കുമാരന്മാരിടം പരാജയപെട്ടതും അശ്വത്തെ മോചിപ്പിച്ച്‌ കൊണ്ടു പോകാനാണ് താൻ എത്തിയതെന്നും ഹനുമാൻ സീതയെ ധരിപ്പിക്കുന്നു. ആശ്വമേധയാഗത്തിന് രാജാവിന്റെ പട്ടമഹിഷിയുടെ സ്ഥാനത്തെ പറ്റി സീത ആരായുന്നു. കൃതൃമമായി കാഞ്ചന സീതയെ സൃഷ്ടിച്ച് പട്ടമഹിഷി സ്ഥാനം അലങ്കരിക്കനാണ് ശ്രീരാമസ്വാമിയുടെ നിർദ്ദേശം എന്ന വിവരം ഹനുമാൻ സീതയെ അറിയിച്ചപ്പോൾ സീത വിവശയായി. എത്ര വലിയ യാഗങ്ങൾ നടത്തി വിജയിക്കുന്നതിനേക്കാൾ എത്രയോ വലുതാണ്  ഈ പൊന്നോമന പുത്രന്മാരുടെ മുഖപങ്കജങ്ങൾ കാണുകയും  അവരുടെ കുസൃതികൾ കണ്ടു ആനന്ദിക്കുകയും    ചെയ്യുക.ആ ഭാഗ്യം ദേവിക്കു ലഭിചില്ലേ എന്ന് ഹനുമാൻ സീതയെ ആശ്വസിപ്പിച്ചു. അശ്വത്തെ മോചിപ്പിക്കുവാൻ സീത കുമാരന്മാർക്കു നിർദ്ദേശം നല്കി. കുമാരന്മാർ അശ്വത്തെ മോചിപ്പിച്ചു. സീതയോട് ഹനുമാൻ യാത്ര പറഞ്ഞ  ഹനുമാൻ കുമാരന്മാരെയും കൂട്ടി ആശ്രമത്തിനു വെളിയിൽ എത്തി. രാമായണത്തിലെ ഹനുമാൻ താൻ തന്നെയാണ് എന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുവാൻ തന്റെ മാറ് പിളർന്നു ഹൃദയത്തിൽ കുടികൊള്ളുന്ന ശ്രീരാമനെയും സീതയേയും കാട്ടിക്കൊടുത്തു. പിന്നീട് ഒരിക്കൽ ഞാൻ വന്ന് നിങ്ങൾ ഇരുവരെയും ശ്രീരാമസന്നിധിയിലേക്ക് കൂട്ടിപ്പോകാം എന്ന് കുമാരന്മാർക്ക്‌ ഉറപ്പു നല്കിയാണ്  ഹനുമാൻ മടങ്ങിയത്. 

                                                          സീതാദേവിയും  ഹനുമാനും

                               സീതാദേവി   ഹനുമാനെ അനുഗ്രഹിക്കുന്നു 

ശ്രീ. കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻ വളരെ ഭംഗിയായി സീതയെ അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌ കുശനെയും ശ്രീ. കലാനിലയം രവീന്ദ്രനാഥപൈ ലവനെയും അവതരിപ്പിച്ചു ഭംഗിയാക്കി. ഇളയവനിലാണല്ലോ കുസൃതി അധികം കാണേണ്ടത്. ഹനുമാനെ ബന്ധിച്ചതിൽ കുശനിൽ പഴിചുമത്തുന്നതൊക്കെ ലവൻ  ഭംഗിയാക്കി. ശതൃഘ്നനായി  രംഗത്തെത്തിയത്  ശ്രീ. കലാമണ്ഡലം വിശാഖ് ആയിരുന്നു. ഈ അടുത്തു കണ്ട മിക്ക കളിയരങ്ങുകളിലും ശ്രീ. വിശാഖിൻറെ സാന്നിധ്യം പ്രകടമായിരുന്നു. ശ്രീ. കലാമണ്ഡലം (ഓയൂർ) രതീശനായിരുന്നു ഹനുമാനെ അവതരിപ്പിച്ചത്. മിതത്വം നിറഞ്ഞ വളരെ ഭംഗിയായ അവതരണം കൊണ്ട് ഹനുമാൻ എന്ന കഥാപാത്രത്തെ  വളരെ ഹൃദ്യമാക്കി ശ്രീ. രതീശൻ. 

ശ്രീ. കോട്ടക്കൽ നാരായണനും ശ്രീ. ശ്രീരാഗവർമ്മയും സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. മാർഗി കൃഷ്ണകുമാർ, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. കലാഭാരതി രാജീവ് എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു കളി വിജയിപ്പിച്ചു.  അണിയറയിൽ ശ്രീ. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും, ഏവൂർ കണ്ണംപള്ളിൽ കളിയോഗവും അംഗങ്ങളും പ്രവർത്തിച്ചു.

 രാത്രി 11: 40 -നാണ്  കളി അവസാനിച്ചത്. കളിയുടെ അവസാനം   വരെ എല്ലാ ആസ്വാദകരും ഉണ്ടായിരുന്നു എന്നത് കളിയുടെ വൻ വിജയത്തിന്റെ സൂചനയായിരുന്നു.