പേജുകള്‍‌

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

ശ്രീ.ചേർത്തല തങ്കപ്പപ്പണിക്കർ

(കഥകളിയുടെ സുവർണ്ണ കാലം എന്ന് കഥകളി ആസ്വാദകർ വിലയിരുത്തിയിട്ടുള്ള കാലഘട്ടം 1960-കളാണ്.  1962 - ഫെബ്രുവരിയിൽ ഒരു കഥകളി മാസികയിൽ ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ അവർകളെ പറ്റി ശ്രീ. ഇയ്യങ്കോട് ശ്രീധരൻ അവർകൾ എഴുതി പ്രസിദ്ധീകരിച്ച ഈ കുറിപ്പ് ഇന്നത്തെ കഥകളി ആസ്വാദകരിൽ എത്തിക്കുക എന്നതാണ്  ഈ പോസ്റ്റിന്റെ ലക്‌ഷ്യം. 
 കഥകളിലോകത്തിൽ   തെക്കും  വടക്കുമെന്ന പേരിൽ  എന്നും എപ്പോഴും വൈജാത്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.  തെക്കുള്ള ഒരു കലാകാരൻ  വടക്ക് അംഗീകരിക്കപ്പെടുക എന്നത്  വളരെ വിരളമായ അനുഭവമാണ്. അതുകൊണ്ടു തന്നെ ഈ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിട്ടാണ് ഞാൻ കരുതുന്നത്. )
 
                                                     ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ

മൂന്നു കൊല്ലങ്ങൾക്കു  മുൻപ് ഒരു നട്ടുച്ചനേരത്ത് വെളുത്ത് ചെല്ലിച്ച ഒരു മനുഷ്യൻ, കലാമണ്ഡലത്തിൽ വന്നു കയറി. ഉമ്മറത്തുണ്ടായിരുന്ന ചില കുട്ടികളോട് അദ്ദേഹം അന്വേഷിച്ചു. 
 ശ്രീധരനില്ലേ, ഇവിടെ?
"ഉവവ് "
"ഒന്ന് വരാൻ പറയൂ"
അത് കേട്ട ഒരാൾ എന്റെ സമീപത്തോടിയെത്തി എന്നെ ഒരു സർവ്വോദയക്കാരൻ വിളിക്കുന്നുണ്ടെന്നു പറഞ്ഞു. സർവ്വോദയക്കാരനോ! ഞാൻ തെല്ലൊന്നമ്പരക്കാതിരുന്നില്ല. സംസാരിക്കുമ്പോഴെല്ലാം അൽപ്പം ഇടതുപക്ഷം ചായ്‌വ് പ്രകടിപ്പിക്കാറുള്ള എന്നെ കളിയാക്കാൻ അവരെല്ലാം കരുതിക്കൂട്ടി പരിഹസിക്കുകയായിരുന്നുവെന്നാണ് ആദ്യം ധരിച്ചത്. ഉമ്മറത്ത് വന്ന് നോക്കിയപ്പോൾ കാര്യം മനസിലായി. ശുഭമായ ഖാദിയിൽ മുങ്ങിയ ഒരു കൃശഗാത്രൻ! ഒരു നിരാഹാരം നടത്തിയ സത്യാഗ്രഹിയുടെ പാരവശ്യമാണ് മുഖത്തുണ്ടായിരുന്നത്.  
"ശ്രീധരനെന്നല്ലേ പേര് "
"അതെ!"
"ഞാൻ ഗാന്ധിസേവാസദനത്തിൽ നിന്ന് വരികയാണ്. എന്റെ കൂടെ ഇന്നൊരു കളിക്ക് വരാൻ പറ്റുമോ?"
"ആലോചിക്കട്ടെ"
"ആലോചിക്കാനൊന്നും ഇടയില്ല. വേഗം തീർച്ചയാക്കി വരികയാണെങ്കിൽ എന്റെ കൂടെ വരണം."
ങ്ഹേ!! ഇതെന്തു പ്രകൃതം! ഞാൻ ഒന്ന് വല്ലാതെയായി. ഒടുവില ചോദിച്ചു. 
"എവിടെ വെച്ചാണ് കളി"
"ഇതാ ഇവിടെ അടുത്താണ്. അമ്പലപുരത്ത്. നമ്മുടെ കുട്ടൻമേനോന്റെ വീട്ടിൽ വെച്ചാണ്‌." (മദ്ധ്യ മലയാളത്തിലെ കഥകളി ലോകത്തിനും പ്രത്യേകിച്ച് കേരളകലാമണ്ഡലത്തിനും മറക്കാനാവാത്ത ഒരു നാമധേയമാണ്, 'കുട്ടൻമേനോൻ. ' ആ ഒന്നാംതരം കലാസ്വാദകൻ ഈയ്യിടെ അന്തരിച്ചു പോയെന്നത് വളരെ വേദനയോടുകൂടിയാണ് അറിഞ്ഞത് .) 
"എനിക്ക് ലീവ് എടുക്കേണ്ടിവരും"
"എന്നാൽ വേഗമാകട്ടെ"
ഞാൻ വേഗത്തിൽ ലീവ് വാങ്ങി. ആ മനുഷ്യന്റെ കൂടെയിറങ്ങിത്തിരിച്ചു. അദ്ദേഹത്തിൻറെ കൂടെ നടക്കാൻ വളരെ പണിപ്പെടേണ്ടിയിരുന്നു. നടക്കുക എന്നതിൽ കവിഞ്ഞ്, എന്നാൽ ഓടുക എന്ന നിലവാരത്തിലേക്ക് എത്തുകയും ചെയ്യാത്ത ഒരു മട്ടിലാണ് അദ്ദേഹം തെന്നിത്തെന്നി പോയിരുന്നത്. ചെയ്യുന്ന പ്രവർത്തികൾക്കെല്ലാമൊരു കൃത്യത; അതിലുപരിയായ വേഗത; മാലപ്പടക്കത്തിന് തീ പിടിച്ച പോലെ വെറുമൊരു നിസ്സാരകാര്യത്തിൽ നിന്നാരംഭിച്ച് ചുറ്റുപാടുകളെ മുഴുവൻ കുറച്ചു നേരത്തേക്ക് കിടിലംകൊള്ളിക്കുന്ന ശുണ്ഠി; സാഹിത്യാഭിരുചിയുണ്ടെന്ന് കാണിക്കാൻ സംസാരത്തിനിടയിൽ എല്ലാം സ്ഥാനം പിടിക്കുന്ന ചില അലക്കിത്തേച്ച വാചകങ്ങൾ;  അതിർകടന്ന ആത്മവിശ്വാസത്തിന്റെ കുപ്പായം ധരിച്ച ചങ്കൂറ്റം! കൂടുതലടുപ്പമുണ്ടെങ്കിൽ ആ ഹൃദയത്തിന്റെ അടച്ചിട്ട എല്ലാ മുറികളും കയറിയിറങ്ങുവാൻ സ്വാതന്ത്ര്യം തരുന്ന വിശ്വസ്തതയിൽ സ്പുടം ചെയ്ത ആത്മാർത്ഥത.....
ഇങ്ങിനെയെല്ലാമുള്ള ചേർത്തല തങ്കപ്പപണിക്കരെന്ന കഥകളി ഗായകനെ കാണുമ്പോൾ "ഈ മനുഷ്യൻ ഊണുകഴിക്കാറില്ലേ," എന്ന് നിങ്ങൾക്ക് തോന്നും. നിങ്ങൾക്കെന്നല്ല, ആർക്കും അതു തന്നെയാണ് തോന്നുക. അത്, തോന്നുന്ന ആളിന്റെ കുറ്റം കൊണ്ടല്ല; നേരെ മറിച്ച് പണിക്കരുടെ ശരീരത്തിന്റെ കൃശത്വവും ബലഹീനതയുമാണ് ആരെക്കൊണ്ടും അങ്ങിനെ തോന്നിപ്പിക്കുന്നത്. 
ഇങ്ങിനെയൊക്കെയാണെങ്കിലും അദ്ദേഹം കേൾക്കെ "ഈ പാട്ടുകാരന് കുറച്ച് വിശ്രമമാണാവശ്യം" എന്നോ മറ്റോ പറഞ്ഞേക്കരുത് !അഥവാ കേട്ടുപോയെന്നാൽ, അതിനൊരു മറുപടിയും കിട്ടും. 
"അല്ല! ചേങ്കിലയാണാവശ്യം!"  

 ചേർത്തല മുതൽ ഈ തലവരെ. 

                                                       ശ്രീ. ചേർത്തല തങ്കപ്പപ്പണിക്കർ
  
  ഇരുപുറത്തും  ഓളം തല്ലുന്ന വിശാലമായ കായൽ, പഞ്ചാര മണൽ നിറഞ്ഞ തീരപ്രദേങ്ങൾ! കായൽപ്പരപ്പിലൂടെ നീന്തി വരുന്ന കാറ്റിൽ 'കമലദള'മാടുന്ന തെങ്ങിൻ തലപ്പുകൾ. ഇവയെല്ലാം ചേർന്ന ചേർത്തലയിലെ വാത്ത്യാട്ടു വീട്ടിൽ പിറന്ന തങ്കപ്പപ്പണിക്കർക്ക്‌ മുപ്പത്തിരണ്ടു വയസ്സു കഴിഞ്ഞു. തിരുവിതാംകൂർ വിദ്യാഭ്യാസരീതി പ്രകാരം ഏഴാംക്ളാസ് വരെ പഠിച്ച ശേഷം കുറച്ചുകാലം സംസ്കൃതപഠനം നടത്തി. ശാസ്ത്രിവരെ പഠിച്ചെങ്കിലും പരീക്ഷയ്ക്കൊന്നുമിരുന്നില്ല, അപ്പോഴേക്കും
 സംഗീതാഭിരുചി മനസ്സിൽ നാമ്പെടുത്തു കഴിഞ്ഞിരുന്നു. ഒപ്പം കഥകളി ഭ്രമവും. അവ രണ്ടും കൂടി പൊരുത്തപ്പെട്ടപ്പോൾ, കഥകളി സംഗീതം പഠിക്കുവാൻ തീർച്ചപ്പെടുത്തി. തിരുവല്ലാ ചെല്ലപ്പൻപിള്ളയുടെ അടുത്താണാദ്യം പഠനം  രംഭിച്ചതെ- ങ്കിലും, മറ്റു ചില കാരണങ്ങളാൽ തകഴി കുട്ടൻപിള്ളയാണ് അഭ്യസിപ്പിച്ചത്. അതിൽ പിന്നീട്, ഗുരു കുഞ്ചുക്കുറുപ്പ് അമ്പലപ്പുഴയിൽ നടത്തി വന്നിരുന്ന കളരിയിൽ കുറച്ചുകാലം ചൊല്ലിയാട്ടത്തിന്  പാടി പരിചയം നേടി. ആയിടയ്ക്കുതന്നെ ചേർത്തല കുട്ടപ്പക്കുറുപ്പോടൊത്ത് ഒരുപാട് അരങ്ങുകളിൽ പങ്കെടുത്തു. ഈയൊരു സന്ദർഭത്തിൽ, കേരളത്തിന്റെ വടക്ക് ഒരു കലാമണ്ഡലം നമ്പീശൻ പേരെടുത്തു വരികയായിരുന്നു. കുറെ വടക്കൻ ചിട്ടകളും മനസ്സിലാക്കുന്നത്‌ നന്നായിരിക്കുമെന്ന് തങ്കപ്പപ്പണിക്കർക്ക് തോന്നി. നേരെ പോരൂരിലുള്ള ഗാന്ധി സേവാസദനത്തിൽ വന്നു. നമ്പീശനന്ന് അവിടെയായിരുന്നു. അൽപ്പകാലം ഒരു ശിഷ്യനെന്നപോലെ, നമ്പീശന്റെ കൂടെ കൂടി. അക്കൂട്ടത്തിൽ പലതും നേടാനും ചിലത് പുറം തള്ളാനും സാധിച്ചു. നമ്പീശൻ വീണ്ടും കലാമണ്ഡലത്തിലേക്ക്‌ തന്നെ   പോയപ്പോൾ തങ്കപ്പപ്പണിക്കരെ ഗാന്ധി സേവാസദനത്തിന് ആവശ്യമായി വന്നു. ഈ ജോലിക്കാലത്തിന്നിടയിൽ തങ്കപ്പപ്പണിക്കർ വളർന്നു. കേരളത്തിന് പുറത്ത് പലേടത്തും പോയി. മദ്ധ്യമലയാളത്തിലെ കഥകളിപ്രേമികൾക്കെല്ലാം തന്നെ 'ചേർത്തല തങ്കപ്പൻ' സുപരിചിതനായി.  തെക്ക്, ചേർത്തലയിൽ നിന്നും മലയാളത്തിന്റെ ഈ തലവരെ വന്ന്, ചേങ്കില കയ്യിലെടുത്ത്, തങ്കപ്പപ്പണിക്കർ വിജയിച്ചിരിക്കയാണ്. അതൊരത്ഭുതമല്ലേ?

ശരീരവും, ശാരീരവും. 

ഈ ഗായകൻ ജീവിതത്തിലെ മുപ്പത്തിരണ്ടു നാഴികക്കല്ലുകൾ പിന്നിട്ടു. ഈ യാത്രയിൽ "ആരോഗ്യം അപകടം. സൂക്ഷിച്ചു യാത്ര ചെയ്യുക!" എന്ന ധാരാളം കൈനാട്ടികൾ തന്റെ ജീവിതപാതയിലദ്ദേഹം കണ്ടുമുട്ടിയിട്ടുണ്ട്. എന്നിട്ടും ഒട്ടും അധീരനാവാതെയാണ് അദ്ദേഹം ഇത്രയും നടന്നത്. 
കഥകളിയിലെ തെക്കനെന്നും  വടക്കനെന്നുമുള്ള സർവ്വസജാതീയ വൈജാത്യങ്ങൾക്കുമതീതനായി തങ്കപ്പപ്പണിക്കരും അദ്ദേഹത്തിൻറെ സംഗീതവും നിലകൊള്ളുന്നു. തെക്കർക്കും വടക്കർക്കും പണിക്കരെ ഇഷ്ടമാണ്.  എന്തെന്നാൽ ഈ രണ്ടു സമ്പ്രദായങ്ങളിലും പയറ്റിത്തെളിഞ്ഞ് ഭിന്ന സ്വഭാവക്കാരായ രണ്ടു വിഭാഗം ആസ്വാദകരെയും തൃപ്തിപ്പെടുത്താവുന്ന മൂന്നാമതൊരു രീതിയാണ് പണിക്കരുടെ കയ്യിലുള്ളത്. തെക്ക് തിരുനക്കര ഉത്സവക്കളിക്ക് പാടുന്ന അതേമട്ടിൽത്തന്നെ അദ്ദേഹം, ഇങ്ങു വടക്കു് തിരുവേഗപ്പുറം   ഉത്സവക്കളിക്കും  പാടുന്നു. തിരുനക്കരക്കാരും തിരുവേഗപ്പുറക്കാരും ആ പാട്ടുകേട്ട്, അറിയാതെ "ബലേ!"പറഞ്ഞു പോകുന്നു.  അതിഗായകനുള്ള ഒരു ഒരു പ്രത്യേക കഴിവാണ്. വളരെ പണിപ്പെട്ട് നേടിയെടുത്ത കഴിവ്. തകഴി കുട്ടൻപിള്ളയുടെ കീഴിലഭ്യസിക്കുകയും, ചേർത്തല കുട്ടപ്പപ്പക്കുറുപ്പിന്റെ കൂടെ പരിചയിക്കുകയും ചെയ്ത തങ്കപ്പപ്പണിക്കർ ഒടുവിൽ ചെന്നെത്തിയത് സാക്ഷാൽ കലാമണ്ഡലം നമ്പീശന്റെ അടുത്താണ്. കഥകളി സംഗീതത്തിലെ ഈ ത്രിമൂർത്തികളെ സ്വാധീനിച്ചു കഴിഞ്ഞപ്പോൾ; തങ്കപ്പപ്പണിക്കരെന്ന ഗായകൻ ഇപ്പറഞ്ഞ മൂന്നു ത്രിമൂർത്തികളുടെയും ഗുണം ചെയ്യുന്ന നാലാമതൊരു മൂർത്തിയാവുകയാണുണ്ടായത്.  തെക്കനെന്നും  വടക്കനെന്നും പറഞ്ഞ് വെറുതെ ബഹളം കൂട്ടിക്കൊണ്ടിരുന്ന പലരും അതുകണ്ട് അത്ഭുതപ്പെട്ടുപോയി. അവരുടെയെല്ലാം മുൻപിൽവെച്ച്, അൽപ്പം ശക്തിയായൊരു കാറ്റടിച്ചാൽ പാറിപപോകുമെന്ന ശങ്ക ജനിപ്പിക്കുന്ന മട്ടിലുള്ള ഒരു ചെറുപ്പക്കാരൻ തെക്കും വടക്കും തമ്മിലുള്ള വ്യത്യാസങ്ങൾ എങ്ങിനെ പരിഹരിക്കണമെന്ന് തന്റെ ജീവിതം കൊണ്ട് പരീക്ഷണം ചെയ്ത് കാണിച്ചിരിക്കുന്നു! മാത്രമോ? ആ പരീക്ഷണം അങ്ങേയറ്റം വിജയിപ്പിക്കുകയും ചെയ്തിരിക്കുന്നു!. 

തങ്കപ്പപ്പണിക്കർ ചേങ്കിലയുമെടുത്ത് അരങ്ങത്ത് നിൽക്കുമ്പോൾ, ശരീരത്തിന്റെ ബലഹീനതകൊണ്ടോ, ചേങ്കിലയുടെ കനം കൊണ്ടോ, എന്തോ ഏതാണ്ടൊരു ചോദ്യ ചിഹ്നംപോലെയാണ് ജീവിതത്തിലും അദ്ദേഹം. അതേപോലെ അൽപ്പം കൽക്കണ്ടവും, കുരുമുളകും ചുക്കുവെള്ളവും ഇടയ്ക്കിടയ്ക്ക് കൊടുക്കുകയാണെങ്കിൽ, ഒരു രാത്രി മുഴുവൻ ഒരൊറ്റ നിൽപ്പിലങ്ങനെ തന്നെ നിന്ന് പാടിയേക്കും. അതുകാണുമ്പോൾ ഒരു സാധാരണ ആസ്വാദകൻ തീരുമാനിക്കുന്നു.
         "സാധു! നാളേക്ക് കിടപ്പിലായിപപോകും."
പക്ഷെ, പിറ്റേന്നും ആ ആസ്വാദകൻ   തങ്കപ്പപ്പണിക്കരെ അതേ മട്ടിൽത്തന്നെ കാണുന്നു! അയാൾ മൂക്കത്തു വിരൽ വെയ്ക്കുന്നു. അങ്ങിനെ പലർക്കും ഒരു ചോദ്യ ചിഹ്നമായിക്കൊണ്ട് അദ്ദേഹം പാടുന്നു. ആ ശരീരം ബലഹീനമാണെങ്കിലും ശാരീരം ആരോഗ്യപൂർണ്ണമാണ് ; സുന്ദരമാണ്. ആത്മാർത്ഥതയോടെ പാടുവാനുള്ള ഈ ഗായകന്റെ കഴിവിനെ പലരും പുകഴ്ത്തുന്നു. ഏത് സന്ദർഭത്തിലായാലും ആ സന്ദർഭത്തിന്റെ വികാരങ്ങൾക്കനുസരിച്ച്, സ്വന്തം ഹൃദയത്തുടിപ്പുകളുടെ താളം ചേർത്തുകൊണ്ട് തങ്കപ്പപ്പണിക്കർ പാടുന്നു. വിഷാദപദങ്ങൾ, പ്രത്യേകിച്ചും അവർണ്ണനീയമായ അന്നരദ്യതയോടെ അദ്ദേഹം പാടുമ്പോൾ നടന്റെ ഭാവാവിഷ്ക്കരണത്തിന്  പോലും നിറപ്പകിട്ടേറുന്നു. ആസ്വാദകരുടെ കണ്ണുകൾക്കിടയിൽ നീർത്തുള്ളികൾ ഉരുണ്ടുകൂടുന്നു. 

അണിയറയിൽ 

  തങ്കപ്പപണിക്കർ വളർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കഥകളിയരങ്ങുകളെല്ലാമിന്ന് ഈ ഗായകനെ ആവശ്യപ്പെട്ടു- കൊണ്ടിരിക്കുന്നു. ഗാന്ധിസേവാസദനം കഥകളി വിദ്യാലയത്തിലെ ഗായകനായി നാലഞ്ചുകൊല്ലത്തോളം തുടർച്ചയായി ജോലിചെയ്തു വരികയാണദ്ദേഹം. ഈയിടെയാണ് രാജിവെച്ചത്. ഒരു കലാകാരന്റെ വളർച്ച മനസിലാക്കാത്ത സ്ഥാപനത്തിൽ ആ കലാകാരന് ജീവിക്കാൻ പ്രയാസമാണെന്നാണ് ആ രാജിയെപറ്റി പരാമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. എന്നും ഒരേമാനദണ്ഡമുപയോഗിച്ച് ഒരു കലാകാരന്റെ കഴിവിനെ അളക്കുവാൻ ശ്രമിക്കുന്നത് ഒരു വലിയ വിഡ്ഢിത്തമാണെന്നദ്ദേഹം വിശ്വസിക്കുന്നു. 

തൂവെള്ള ഖാദിവസ്ത്രങ്ങൾ ധരിച്ച് ഉള്ളിലുള്ള പാാരവശ്യത്തെ മുഖത്തെ പ്രസന്നതകൊണ്ട് മൂടി, കയ്യിലൊരു "യൂക്കാലിപ്സ് " ബാഗുമായി വല്ല കളിസ്ഥലത്തും എത്തിച്ചേരുന്ന തങ്കപ്പപണിക്കർ ആളൊരു ശുദ്ധനാണ്. ശുദ്ധന്മാർക്കാണല്ലോ ശുണ്ഠി വേഗത്തിൽ വരിക. അതെ! തങ്കപ്പപണിക്കർക്കും വല്ലാത്ത ശുണ്ഠി, ഇടിപോലെയുള്ള ശുണ്ഠിയാണ്. ഒരു പൊട്ടിത്തെറി......ഒരു മിന്നൽ......കഴിഞ്ഞു...... പിന്നെയെല്ലാം ശാന്തമാണ്. 

കുറച്ചു നേരം നിങ്ങളാമനുഷ്യനെ ശ്രദ്ധിക്കണം. അതാ ബാഗ് തുറക്കുന്നു. അതിൽ നിന്നും അഞ്ചു പത്തു മരുന്നുകുപ്പികൾ പുറത്തുവരുന്നു. ബോണ്‍വിറ്റ, ഹാർലിക്സ്, വിറ്റമിൻ-ബി കോമ്പ്ളെക്സ് ; രക്ത വർദ്ധിനിക്കുതകുന്ന ടാബ്ലെറ്റുകൾ ..... അങ്ങിനെ പലതും. ഇവയെല്ലാമാണ് തങ്കപ്പപണിക്കരുടെ നിതാന്തപരിചാരകർ. പരിചയമുണ്ടെങ്കിൽ സംസാരിക്കാൻ തുടങ്ങാം. മിതഭാഷിയാണെങ്കിലും സുഹൃത്തുക്കളുടെ അടുത്തെത്തുമ്പോൾ അദ്ദേഹം വായാടിയായേക്കും.  

"എന്താ! ഭാഗവതരെ! ആരോഗ്യം ഒന്ന് ഭേദപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു" ഒരു സുഹൃത്ത് അന്വേഷിക്കുന്നു. 
"സ്വൽപ്പം ഭേദമായിട്ടുണ്ടെന്നു തോന്നുന്നു. പൊടിവലിയൊക്കെ നിർത്തിയിരിക്കുകയാണ്. ഇടവിട്ട് മരുന്ന് കഴിക്കുന്നുണ്ട്." തങ്കപ്പപ്പണിക്കരുടെ മറുപടിയാണത്. 
"എല്ലാറ്റിനും അത്യാവശ്യം ആരോഗ്യമാണല്ലോ!" ആ സുഹൃത്ത് ഒരു സാധാരണ സത്യം പറയുന്നു. 
"ആട്ടെ! സ്വല്പ്പം പൊടിയുണ്ടോ, കയ്യിൽ" പൊടിവലി നിർത്തി എന്ന് അൽപ്പം മുൻപേ പറഞ്ഞ മനുഷ്യൻ പെട്ടെന്ന് പൊടിയുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ ആ സുഹൃത്ത്‌ ഒന്ന് അന്ധാളിക്കും. പക്ഷേ തങ്കപ്പപ്പണിക്കരെ കൂടുതലടുത്ത് പരിചയമുള്ള സുഹൃത്തുക്കൾക്കത് ഒരത്ഭുതമായിരിക്കയില്ലെന്നു മാത്രം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ