പേജുകള്‍‌

2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

കലാസമിതിയുടെ ഓണാഘോഷം -2017 (ഭാഗം -1)

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസാംസ്കാരിക സമിതിയുടെ ഓണാഘോഷപരിപാടികൾ 2017  സെപ്തംബർ ആറിന് വൈകിട്ട്  ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തു ഹാളിൽ വെച്ച് നടത്തി. പരിപാടികളുടെ ഉത്‌ഘാടനം ശ്രീ. നരേന്ദ്രപ്രസാദ് സ്മാരക നാടക ഗവേഷണകേന്ദ്രത്തിൻറെ  ചെയർമാൻ ശ്രീ. ഫ്രാൻസീസ് T. മാവേലിക്കര അവർകൾ ഉത്‌ഘാടനം ചെയ്തു. തുടർന്ന് കലാസമിതിയിൽ പഠിക്കുന്ന കുട്ടികളുടെ കലാപരിപാടികൾക്കു  ശേഷം    ദേവയാനീസ്വയംവരം കഥകളി അവതരിപ്പിക്കുക  ഉണ്ടായി. ശുക്രാചാര്യരായി ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയും   കചനായി ശ്രീ. ഫാക്ട് മോഹനനും   ദേവയാനിയായി ശ്രീ. കലാകേന്ദ്രം മുരളീകൃഷ്ണനും  സുകേതുവായി ശ്രീമതി. കൊട്ടാരക്കര ഗംഗയും   വേഷമിട്ടു.  ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കലാനിലയം സിനു എന്നിവർ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണനും ശ്രീ. കലാഭാരതി ജയശങ്കറും യഥാക്രമം ചെണ്ടയും മദ്ദളവും  ശ്രീ. തിരുവല്ലാ പ്രതീപ്  ചുട്ടിയും ചെയ്ത്  കളി വിജയകരമാക്കി. ശ്രീ. കണ്ണമ്പള്ളിൽ ജയകൃഷ്ണനും അദ്ദേഹത്തിൻറെ  ചുമതലയിലുള്ള  കണ്ണമ്പള്ളിൽ കഥ കളിയോഗവും അണിയറ ശിൽപ്പികളും കളിയുടെ വിജയത്തിന് പങ്കാളികളായി.

                                                                      ശുക്രാചാര്യരും കചനും

                                                                      ശുക്രാചാര്യരും കചനും 

                                                                                            കചൻ 

                                                                           കചനും ദേവയാനിയും 

സുകേതു 

                                                                          സുകേതുവും കചനും 

                                                                     ശുക്രാചാര്യരും  ദേവയാനിയും 

                                                                 ശുക്രാചാര്യർ , ദേവയാനി , കചൻ .

                                                                         കചനും ദേവയാനിയും 

                                                                         കചനും ദേവയാനിയും 

                                                                          കചനും ദേവയാനിയും 

കലാസമിതിയുടെ ചുമതലയിൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ അനുസ്മരണത്തിനാണ് കഥകളി അവതരിപ്പിച്ചു വന്നിരുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി കഥകളി അവതരിപ്പിക്കേണ്ടിവന്ന  സാഹചര്യത്തിലും  എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അണിയറയിലെ അനുസ്മരണം തന്നെയാണ്. അനുസ്മരണത്തിൻറെ കഥാനായകൻ   ശ്രീ. ഫാക്ട് മോഹനൻ അവർകളും. കളി ദിവസം രാവിലെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു നേരത്തേ എത്തിച്ചേരണം എന്ന് അറിയിക്കുമ്പോൾ തന്നെ "ചെന്നിത്തല ആശാൻറെ പ്രോഗ്രാമിന് എത്തിയില്ലാ എങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല" എന്നാണ് പറഞ്ഞത്. അദ്ദേഹം വളരെ നേരത്തേ എത്തുകയും അണിയറയിൽ വേഷം തേച്ചുകൊണ്ട് ആശാനേ പറ്റിയുള്ള സ്മരണകൾ  പങ്കുവെക്കുന്നതിൽ ഉത്സാഹം കാണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇപ്രകാരമായിരുന്നു : 
"ഞാൻ ഫാക്ടിൽ നിന്നും കഥകളി അഭ്യാസം കഴിഞ്ഞു ആറന്മുളയിൽ താമസമാക്കുമ്പോൾ എന്നെ ഒരു കഥകളി കലാകാരൻ എന്ന നിലയിൽ ആറന്മുള വാസികൾക്ക് പരിചിതനല്ലായിരുന്നു. ആദ്യമായി എന്നെ ആറന്മുള ക്ഷേത്രത്തിലെ കളിക്ക് പങ്കെടുപ്പിച്ചത് ചെന്നിത്തല ആശാനായിരുന്നു. എനിക്ക് ഏതാണ്ട് 20 -21  - വയസ്സ് പ്രായമുള്ള അക്കാലഘട്ടത്തിൽ ആറന്മുള പാർത്ഥസാരഥി  ക്ഷേത്രത്തിലെ ഒരു ഉത്സവക്കളി ദിവസം ക്ഷേത്രത്തിൽ തൊഴാൻ എത്തിയ എന്നെ ക്ഷേത്ര ഭാരവാഹികൾക്ക് പരിചയപ്പെടുത്തുകയും ആശാന്റെ കൃഷ്ണനോടൊപ്പം കുചേലനും രൗദ്രഭീമനും ചെയ്യാൻ അവസരം ഉണ്ടാക്കിത്തരികയും ചെയ്തത് എന്റെ കലാജീവിതത്തിൽ  വിലപ്പെട്ട ഒരു അനുഭവമായി. അന്ന് കളിക്ക് ക്ഷണിക്കപ്പെട്ടിരുന്ന ശ്രീ. ഹരിപ്പാട് ആശാൻ കളിക്ക് എത്താതിരുന്നതാണ് ഇങ്ങിനെയൊരു സന്ദർഭം ഉണ്ടാകുവാൻ കാരണമായത്.   അടുത്ത വര്ഷം മുതൽ  ആറന്മുള ക്ഷേത്രത്തിലെ ഉത്സവക്കളിയുടെ ചുമതല എനിക്ക് ലഭിക്കുകയും ചെയ്തു.
ചെന്നിത്തല  ആശാന്‌ ഒരു വേഷ്ടിയും നേര്യതും നൽകി ആശാന്റെ അനുഗ്രഹം വാങ്ങിയാണ് ആറന്മുളയിലെ  എന്റെ ചുമതലയിൽ നടന്ന  ആദ്യകളിക്കു ക്ഷണിക്കുവാൻ പോയത്. ആശാൻ അണിയറയിൽ ഉണ്ടായാൽ പൊതുവെ  ഒരു ഉത്സാഹം തന്നെയാണ് അനുഭവപ്പെട്ടിരുന്നു. ഫലിതം നിറഞ്ഞ എത്രയോ അണിയറ വിശേഷങ്ങൾ! സീനിയർ ജൂനിയർ  ചിന്തകളില്ലാതെ എന്നെ കൊണ്ട് കിരാതത്തിൽ കാട്ടാളൻ കെട്ടിച്ചു ആശാൻ അർജുനനായിട്ടുള്ള അനുഭവങ്ങൾ  ഉണ്ടായിട്ടുണ്ട്."

ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാനേ പത്തനംതിട്ട ജില്ലയിലെ ചെറുകോൽപ്പുഴയ്ക്കു സമീപം ഒരു കളിക്ക് എത്തിയ കഥയാണ് ശ്രീ. ഫാക്ട് മോഹനൻ സ്മരിച്ചത്. ഒരു സൗഗന്ധികത്തിനാണ്  ശ്രീ. രാമൻകുട്ടി നായർ ആശാനേ ക്ഷണിച്ചിരുന്നത്. ചെന്നിത്തല ആശാന്റെ ഭീമനും രാമൻകുട്ടി ആശാന്റെ ഹനുമാനും. കളി കഴിഞ്ഞു  കലാകാരന്മാർക്കെല്ലാം കളിപ്പണം കവറിലാക്കി കമ്മറ്റിക്കാർ നൽകി. ക്ഷേത്രത്തിന്റെ കോമ്പൗണ്ട് കടക്കുന്നതിനു മുൻപ്   രാമൻകുട്ടി ആശാൻ കവർ തുറന്നു നോക്കി.  അതിൽ കണ്ടത് നൂറിന്റെ മൂന്നു നോട്ടുകൾ മാത്രം. അക്കാലത്തു രാമൻകുട്ടി ആശാന് അഞ്ഞൂറ് രൂപയിൽ കുറയാതെ ലഭിച്ചിരുന്നു വത്രേ. രാമൻകുട്ടി ആശാൻ ചെല്ലപ്പൻപിള്ളേ എന്ന് വിളിച്ചു കൊണ്ട് തുറന്ന കവർ കാണിച്ചു. ഉടനെ ചെന്നിത്തല ആശാനും   തന്റെ കവർ തുറന്നു നോക്കി. അതിൽ നാനൂറ്റി അമ്പതു രൂപ ഉണ്ട്. കവർ മാറിപ്പോയതാവും എന്ന് രാമൻകുട്ടി ആശാനേ ആശ്വസിപ്പിച്ചുകൊണ്ടു തന്റെ കവറിൽ നിന്നും നൂറ്റിഅൻപതു രൂപ എടുത്തു രാമൻകുട്ടി ആശാന് നീട്ടി. ഉടനെ രാമൻകുട്ടി ആശാൻ "ഹേയ് , അത് താങ്കളുടെ അദ്ധ്വാനത്തിന്റെ വേതനമാണ്, എനിക്ക് അർഹതപ്പെട്ടതല്ല" ഞാൻ വാങ്ങുകില്ല എന്നായി. 

ചെന്നിത്തല ആശാൻ പിന്നീട് ഒട്ടും മടിക്കാതെ കമ്മറ്റി ആഫീസിലേക്കു മടങ്ങി ചെന്ന് അവരുമായി സംവാദം നടത്തി. "രാമൻകുട്ടി നായർ ആരാണ് എന്നാണ് നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്. അദ്ദേഹം കഥകളി ലോകത്തെ ഏറ്റവും ആരാധ്യനായ  ഒരു കലാകാരനാണ്. അദ്ദേഹത്തിനു മാന്യമായ കളിപ്പണം നൽകണം എന്ന ആവശ്യം ഉന്നയിച്ചു. ഒടുവിൽ  രണ്ടു നൂറുരൂപാ നോട്ടുകൾ കൂടി അവരിൽ നിന്നും  വാങ്ങി ആശാന് നൽകി സന്തോഷത്തോടെ യാത്രയാക്കി. ഇതേ പോലെ സഹകലാകാരന്മാർക്കു വേണ്ടി പലപ്പോഴും സംഘാടകരുമായി ചെന്നിത്തല ആശാൻ  സംവാദത്തിൽ ഏർപ്പെട്ടു  പ്രശ്നങ്ങൾ പരിഹരിച്ചിട്ടുള്ള  അനുഭവങ്ങൾ ധാരാളം ഉണ്ട്.

 ശ്രീ. ഫാക്ട് മോഹനന്റെ ചെന്നിത്തല ആശാനേ പറ്റിയുള്ള സ്മരണകൾ അദ്ദേഹത്തിൻറെ  മകൻ എന്ന നിലയിൽ വളരെ അഭിമാനത്തോടെയാണ് ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നത്.