പേജുകള്‍‌

2013, ജനുവരി 14, തിങ്കളാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -8


കഥകളി  മഹത്തായ കലാരൂപമാണ്.  നമ്മുടെ മലയാള ഭാഷയുടെ പ്രയോഗത്തില്‍ പാറശാല മുതല്‍ കാസര്‍കോട്  വരെ പ്രാദേശികമായി കാണുന്ന വ്യത്യാസങ്ങള്‍ പോലെ   കഥകളിയുടെ അവതരണങ്ങളില്‍  ചില  പ്രാദേശിക   വ്യത്യാസങ്ങള്‍ പണ്ടു മുതലേ  നിലനിന്നിരുന്നു.   സമ്പ്രദായ ഭേദങ്ങളിലൂടെ അഭ്യസിച്ച കലാകാരന്മാര്‍ ഒരു കഥയിലെ കൂട്ടു വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പരസ്പര ധാരണയോടെ  പ്രവര്‍ത്തിച്ചാല്‍ മാത്രമേ അരങ്ങു വിജയിപ്പിക്കുവാന്‍ സാധ്യമാവൂ. ഇങ്ങിനെയുള്ള പല സാഹചര്യങ്ങളിലും  പ്രസിദ്ധരും പ്രഗത്ഭരുമായ നടന്മാരുടെ  താല്‍പ്പര്യം മനസിലാക്കി  മറ്റു നടന്‍മാര്‍  പ്രവര്‍ത്തിക്കുന്ന രീതിയാണ്   അധികവും    കണ്ടു വന്നിട്ടുള്ളത്.  കഥയിലെ  കഥാപാത്രങ്ങളായി  അരങ്ങില്‍ നില്‍ക്കുമ്പോഴും  കഥാപാത്രത്തെ ഒരു പരിധിവരെ ഉപേക്ഷിച്ചു  കൊണ്ട്  ഗുരുനാഥന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന ശിഷ്യ പ്രവരന്മാര്‍ കഥകളി ലോകത്തില്‍ സര്‍വ്വ സാധാരണമാണ്.  ഈ രീതിയെ ന്യായപ്പെടുത്തുകയും  സ്വാഗതം ചെയ്യുകയും  ചെയ്യുന്ന  ആസ്വാദകര്‍ ഇന്നത്തെ   കാലഘട്ടത്തില്‍  ധാരാളമുണ്ട്.  ഇല വന്നു മുള്ളില്‍  വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്കല്ലേ ദോഷം ? എവിടെയും ശിഷ്യന്മാര്‍ക്കു തന്നെയാവും ദോഷം. 
  
  കഥകളി ലോകത്തിലെ പ്രസിദ്ധനായ ഒരു ഗുരുനാഥന്‍ ഉത്തരാസ്വയംവരം  കഥയില്‍ ദുര്യോധനനായും  അദ്ദേഹത്തിന്‍റെ  ശിഷ്യന്റെ ശിഷ്യനായ ഒരു യുവനടന്‍  കര്‍ണ്ണന്റെ വേഷത്തിലും   സഭാരംഗത്തില്‍ എത്തിയ ഒരു  സന്ദര്‍ഭം. "മേദിനീപാല വീരന്മാരേ കേള്‍പ്പിന്‍ സാദരം എന്നുടെ ഭാഷിതം" എന്ന ദുര്യോധനന്റെ പദാട്ടം തുടങ്ങുവാനായി  അരങ്ങില്‍ (ഒരു ഇരിപ്പിടം കൂടി ലഭിക്കാതെ) അമ്പും വില്ലും ധരിച്ചു നില്‍ക്കുന്ന കര്‍ണ്ണ നടനെ ദുര്യോധനന്‍ തന്റെ വാള്‍ ഏല്‍പ്പിച്ചു. ഗുരുനാഥന്‍ നല്‍കിയ വാള്‍ സസന്തോഷം സ്വീകരിച്ച കൊച്ചു ശിഷ്യന്‍ ഒരു കയ്യില്‍ അമ്പും വില്ലും മറ്റേ കയ്യില്‍ വാളും ധരിച്ച്  ഗുരുനാഥന്‍ തിരികെ വാള്‍ വാങ്ങുന്നതു വരെ ഭയത്തോടും  ഭക്തിയോടും  അരങ്ങില്‍ നിന്നു പിന്നീട് നൂറരങ്ങ്‌  അവതരിപ്പിച്ച ഒരു ഉത്തരാസ്വയംവരം കളിക്ക്  ശ്രീ. കലാമണ്ഡലം സൂര്യനാരായണന്റെ  ദുര്യോധനനോടൊപ്പം  പ്രസ്തുത നടനെ  കര്‍ണ്ണന്റെ  വേഷത്തില്‍  കണ്ടപ്പോഴാണ് ആ നടന്‍ അരങ്ങില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മനസിലാക്കിയത്.  കര്‍ണ്ണന്‍ കഴിഞ്ഞു വിരാടന്റെ വേഷം  കൂടി ചെയ്ത നടനെ ഞാന്‍ വളരെ അഭിനന്ദിച്ച ശേഷം ദുര്യോധനന്റെ വാളും പിടിച്ചു നിന്ന കര്‍ണ്ണന്റെ അവതരണത്തെ പറ്റി ചോദിക്കുവാനും  മറന്നില്ല. അതിനു വളരെ ഖേദത്തോടെയാണ് ആ യുവനടന്‍ മറുപടി പറഞ്ഞത്. 

           കഥയറിഞ്ഞു ആട്ടം കാണുക എന്ന ബ്ലോഗില്‍ നിന്നും  എടുത്ത ഫോട്ടോ

 കളി നടന്ന പ്രദേശം കൂടി കണക്കിലെടുത്തേ ഞങ്ങള്‍ക്ക് അരങ്ങില്‍ പ്രവര്‍ത്തിക്കാനാവൂ. ആശാന് വളരെ അധികം ഫാന്‍സ്‌ ഉള്ള പ്രദേശത്താണ് അന്നത്തെ കളി നടന്നത്. "ഞാന്‍  കര്‍ണ്ണനാണ്, അംഗരാജാവാണ് " എന്നൊക്കെ ചിന്തിച്ചു കൊണ്ട് ആശാന്‍ തന്ന വാള്‍ വാങ്ങാതെയിരിക്കുകയോ, വാങ്ങി താഴെ വെയ്ക്കുകയോ ചെയ്താല്‍   എന്റെ സ്ഥിതി വഷളാകും. രംഗം കഴിഞ്ഞു അണിയറയില്‍ എത്തുന്ന ആശാന്‍  എന്നെ നോക്കി  ഏതാ ഈ പയ്യന്‍? അഹങ്കാരി എന്നോ  ,  ഗുരുത്വം ഇല്ലാത്തവനാണെന്നോ  മറ്റോ പറഞ്ഞാല്‍ അത്  എന്റെ തൊഴിലിനെ വളരെയധികം  ബാധിക്കും. അതുകൊണ്ട് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നല്ലാതെ  ഞങ്ങളെ പോലെയുള്ളവര്‍ക്ക് മറ്റൊരു വഴിയും ഇല്ല. "സത്യം പറഞ്ഞാല്‍ അന്ന്  എന്നില്‍ കുറ്റബോധം ഉണ്ടായിരുന്നു. പക്ഷെ ചേട്ടനല്ലാതെ വേറെയാരും ഇതേപറ്റി എന്നോട്  ഇന്നുവരെ  ചോദിച്ചില്ല"   എന്നാണ് ആ യുവനടന്‍ മറുപടി പറഞ്ഞത്. 

കലാമണ്ഡലം കളരിയില്‍ കഥകളി അഭ്യാസം പൂര്‍ത്തീകരിച്ച ശ്രീ. കൃഷ്ണന്‍നായര്‍ ആശാന്‍ തന്റെ കലാപരമായ വളര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തത് ദക്ഷിണ കേരളമാണ്. ഏതെങ്കിലും ഒരു ഗുരുനാഥന്റെ കീഴില്‍ കുറച്ചു കഥകളി പഠിച്ചിട്ടു അരങ്ങില്‍ പ്രവര്‍ത്തിക്കുന്ന നടന്മാരായിരുന്നു അന്നു ദക്ഷിണ കേരളത്തില്‍ അധികവും ഉണ്ടായിരുന്നത്. അതുകൊണ്ട്  കലാമണ്ഡലം കളരിയില്‍ നിന്നും ചിട്ട പ്രകാരം  അഭ്യാസം നേടിയ തനിക്കു  ദക്ഷിണ  കേരളത്തിലെ കഥകളി ആസ്വാദകരെ വളരെ  വേഗത്തില്‍  സ്വാധീനിക്കുവാന്‍  സാധിക്കും  എന്നു മനസിലാക്കിയാണ്     ആശാന്‍ ഇങ്ങിനെ ഒരു തീരുമാനം എടുത്തിരിക്കുക.  ആശാന്റെ ജീവിത ചരിത്രത്തില്‍ ദക്ഷിണ കേരളത്തില്‍ അക്കാലത്ത് പ്രസിദ്ധരായിരുന്ന ശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരി, ശ്രീ. ചെങ്ങന്നൂര്‍ ആശാന്‍, ശ്രീ. കുറിച്ചി കുഞ്ഞന്‍  പണിക്കര്‍ ആശാന്‍, ശ്രീ. മാങ്കുളം തിരുമേനി, ശ്രീ. പള്ളിപ്പുറം  ഗോപാലന്‍ നായര്‍ തുടങ്ങിയ പല കലാകാരന്മാരെ പറ്റി വളരെ സ്നേഹത്തോടും  ആദരവോടുമാണ്   എഴുതിയിരിക്കുന്നത്.    ശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരിയുടെ നളനോടൊപ്പം പുഷ്ക്കരന്‍, ശ്രീ. കുറിച്ചി കുഞ്ഞന്‍  പണിക്കര്‍ ആശാന്റെ ഹംസത്തിന് നളന്‍, ശ്രീ. ചെങ്ങന്നൂര്‍ ആശാന്റെയും ശ്രീ. പള്ളിപ്പുറത്തിന്റെയും  ഹനുമാന്  ഭീമസേനന്‍, കാട്ടാളന് അര്‍ജുനന്‍, കീചകന് വലലന്‍ എന്നിങ്ങനെയും  ശ്രീ. മാങ്കുളം തിരുമേനിയുടെ ശ്രീരാമന് പരശുരാമന്‍, കൃഷ്ണന് ബലരാമന്‍ , അര്‍ജുനന് ബ്രാഹ്മണന്‍ എന്നിങ്ങനെ ധാരാളം കൂട്ടു  വേഷങ്ങളാണ്  ഉണ്ടായിട്ടുള്ളത്. പുരാണപരമായ മാങ്കുളം തിരുമേനിയുടെ അറിവിനെ അരങ്ങില്‍ നേരിടുന്നത്  കൃഷ്ണന്‍ നായര്‍ ആശാന് ഒരു ഹരം തന്നെയായിരുന്നു.

ഒരേ  സമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ച നടനും    അഭ്യസിപ്പിച്ച  ഗുരുനാഥനും തമ്മിലുള്ള അരങ്ങുകള്‍ ഇങ്ങിനെ എങ്കില്‍ വ്യത്യസ്ഥ സമ്പ്രദായത്തില്‍ കഥകളി അഭ്യസിച്ച നടന്മാര്‍ ഒരു അരങ്ങില്‍ എത്തുമ്പോള്‍ രസകരമായ അനുഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം.
  കലാമണ്ഡലത്തില്‍ നിന്നും അഭ്യാസം കഴിഞ്ഞ് എത്തിയ ശ്രീ. കലാമണ്ഡലം  രാമകൃഷ്ണനെ   ദക്ഷിണ കേരളത്തിലെ അരങ്ങുകളില്‍  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അവര്‍കള്‍  താല്‍പ്പര്യമെടുത്ത്   പരിചയപ്പെടുത്തി വന്ന കാലഘട്ടത്തില്‍  ചുനക്കര തിരുവൈരൂര്‍ ക്ഷേത്രത്തിലെ  ഒരു ഉത്സവത്തിനു  ദക്ഷയാഗം കഥകളി അവതരിപ്പിച്ചത്  ഓര്‍ക്കുന്നുണ്ട്. അന്ന് ശ്രീ. രാമകൃഷ്ണന്റെ ദക്ഷന്‍. വീരഭദ്രനും ഭദ്രകാളിയും  മാവേലിക്കര ഭാഗത്തുള്ള നടന്‍മാര്‍. ദക്ഷന്റെ യാഗശാലയിലേക്ക്‌ എത്തുന്ന വീരഭദ്രനെയും ഭദ്രകാളിയെയും കണ്ടയുടന്‍ ദക്ഷന്‍ അമ്പും വില്ലുമേന്തി സദസ്സിന്റെ ഇടയിലൂടെ ഓടി ചെന്ന് യുദ്ധം ചെയ്യാന്‍ തുടങ്ങി. വീരഭദ്രനും ഭദ്രകാളിയും പ്രതികരിച്ചില്ല. ഒരു നിമിഷം എന്താണ് ചെയ്യണ്ടത് എന്നറിയാതെ നിന്നശേഷം  ദക്ഷന്‍ അരങ്ങിലേക്ക്  മടങ്ങി വന്നു .  വീരഭദ്രനും ഭദ്രകാളിയും വരുന്നത് കണ്ടാലുടന്‍ ദക്ഷന്‍ സദസ്സിനു ഇടയില്‍ എത്തി അവരെ  നേരിടുന്ന രീതിയാണ്  കലാമണ്ഡലത്തിലെ അഭ്യാസത്തില്‍ നിലവിലുള്ളത്. എന്നാല്‍  ശിവന് അര്‍ഹമായ യാഗഭാഗം നല്‍കുകയില്ല എന്ന് ദക്ഷന്റെ പ്രതികരണത്തിനു  ശേഷം മാത്രം  യുദ്ധം ചെയ്യുന്ന  രീതിയാണ് ദക്ഷിണ കേരളത്തില്‍ നിലവില്‍ നിന്നിരുന്നത്. കളി കഴിഞ്ഞു അണിയറയില്‍ എത്തിയപ്പോള്‍ ദക്ഷന്‍ കെട്ടിയ നടന്‍ വീരഭദ്രന്‍  ഭദ്രകാളി വേഷം ചെയ്ത നടന്മാരോട് , താന്‍ അരങ്ങിനു വെളിയില്‍ എത്തി യുദ്ധം ചെയ്തപ്പോള്‍ പ്രതികരിക്കാത്തതിന്റെ കാരണം അന്വേഷിച്ചു. അപ്പോഴാണ്  അവതരണ രീതിയിലുള്ള   ഈ ചെറിയ വ്യത്യാസം ശ്രീ. രാമകൃഷ്ണന്‍ മനസിലാക്കിയത്.   ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ അഭ്യാസം കഴിഞ്ഞു ദക്ഷിണ കേരളത്തിലെ അരങ്ങുകളില്‍ എത്തിയ    കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള  സംഭവങ്ങള്‍ ഉണ്ടായിരിക്കുക സ്വാഭാവികമാണ് . അത്തരത്തില്‍ കേട്ടറിവുള്ള  ഒരു ചെറിയ കഥ ഇതാ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. 

ശ്രീ. കലാമണ്ഡലം കൃഷ്ണന്‍നായര്‍  ആശാന്‍ ആദ്യമായി  കൊല്ലം പരവൂരിലുള്ള  ഒരു ക്ഷേത്രത്തില്‍ കളിക്ക് എത്തുമ്പോള്‍ അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന  വേഷം ഉത്തരാസ്വയംവരം കഥയിലെ   ബൃഹന്ദളയായിരുന്നു. അന്ന് ഉത്തരന്റെ വേഷം ചെയ്തത് ശ്രീ. ചെന്നിത്തല ആശാനും (അന്ന്  ബാലനടന്‍ ആയിരുന്നു അദ്ദേഹം).

 വിരാടപുത്രനായ ഉത്തരന്‍ അന്തപ്പുര സ്ത്രീകളുമായി ഉല്ലസിച്ചു കൊണ്ടിരിക്കവേ  പശുപാലകന്മാര്‍ വിലപിച്ചു കൊണ്ടെത്തി   കൌരവര്‍ ഗോകുലത്തെ അപഹരിച്ച വൃത്താന്തം അറിയിക്കുമ്പോള്‍  പറഞ്ഞ വീരവാദം സൈരന്ധ്രി മൂലം ബൃഹന്ദള അറിയുകയും തുടര്‍ന്ന് ഉത്തരന്റെ തേരാളിയായി  ബൃഹന്ദളയും ഒന്നിച്ചു കൗരവസേനയെ  നേരിടുവാന്‍  തയ്യാറാകുന്നു. കൗരവ സേനയെ കണ്ടു ഭയന്നോടിയ ഉത്തരനെ ബൃഹന്ദള ബന്ധിച്ച ശേഷം പാണ്ഡവര്‍ എല്ലാവരും വിരാട രാജധാനിയില്‍ ഉണ്ടെന്നും താന്‍ അര്‍ജുനന്‍ ആണെന്നും അജ്ഞാതവാസ കാലത്തു ആയുധങ്ങള്‍ ധരിക്കുവാന്‍ പാടില്ലാത്തതിനാല്‍ ശമീകവൃക്ഷത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ആ ആയുധങ്ങളെ ചൂണ്ടി കാട്ടി എടുത്തുവരുവാനും ബൃഹന്ദള ഉത്തരനോട്  നിര്‍ദ്ദേശിക്കുന്നതാണ്  രംഗ സന്ദര്‍ഭം. 
ബൃഹന്ദള  ഉത്തരനോട് തങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങള്‍ എടുത്തു വരുവാന്‍ നിര്‍ദ്ദേശിച്ചു. ആ മരത്തില്‍ ശവം ഉണ്ടെന്നും അതിനാല്‍ തനിക്കു ഭയം ആണെന്നും ഉത്തരന്‍ മറുപടി പറഞ്ഞു. ആ ശവം തങ്ങളുടെ സൃഷ്ടിയാണെന്നും ധൈര്യമായി എടുത്തു വരുവാനും ബൃഹന്ദള  ഉത്തരനോട് ആജ്ഞാപിച്ചു. ഉത്തരന്‍ ആയുധക്കെട്ട്  ശ്രദ്ധിച്ച് തനിക്കു അതെടുക്കുവാന്‍ കഴിവില്ല  എന്ന് മുദ്ര കാണിച്ചു. ഒന്നും ഭയപ്പെടെണ്ടതില്ല എന്നും  ധൈര്യമായി എടുത്തു വരൂ  എന്ന് ബൃഹന്ദള ഉത്തരനെ അറിയിക്കുമ്പോഴെല്ലാം  ഉത്തരന്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. എന്തോ പന്തികേട്‌ ഉണ്ടെന്നു മനസിലാക്കിയ കൃഷ്ണന്‍ നായര്‍ ആശാന്‍ കൈകൊണ്ട് വായ്‌ മൂടി " ആ ആയുധം ഇങ്ങെടുത്തു തരൂ ഹേ"  എന്ന് പറഞ്ഞു. ഉടനെ ചെന്നിത്തല ആശാനും കൈകൊണ്ട് വായ്‌ മൂടി " എടുത്തു തരില്ല ഹേ" എന്ന് പ്രതികരിക്കുകയും ചെയ്തു.  കളി അവസാനിക്കണമെങ്കില്‍  ആരെങ്കിലും  ഒരാള്‍  ആയുധം എടുത്തേ മതിയാവൂ. ഉത്തരന്‍ എടുക്കുന്ന ലക്ഷണം ഇല്ല എന്ന് മനസിലാക്കിയ  ബൃഹന്ദള ആയുധം എടുത്തു വന്നു അര്‍ജുനന്റെ ആയുധം എടുത്ത ശേഷം ബാക്കി ആയുധം മരത്തില്‍ സൂക്ഷിച്ചു കൊണ്ട് രംഗം തുടര്‍ന്നു. 

കളി കഴിഞ്ഞു അണിയറയില്‍ എത്തി വേഷം അഴിച്ച ശേഷം    കൃഷ്ണന്‍ നായര്‍ ആശാന്‍ ചെന്നിത്തല ആശാനോട്  ഉത്തരന്‍  ആയുധം എടുത്തു തരുന്നതില്‍ എന്താണ് പിള്ളേ വിഷമം കാണിച്ചത്‌  എന്ന് ചോദിച്ചു. ബൃഹന്ദള ആയുധം എടുത്തു വരിക എന്നതാണ് ഞാന്‍ പഠിച്ച രീതി. ഭീമസേനന്റെ ഗദയും പാണ്ഡവരുടെ മറ്റു ആയുധങ്ങളും  എടുത്തുവരുവാനുള്ള ശക്തി ഉത്തരന്  ഇല്ല എന്നും ഈ ആയുധങ്ങള്‍ക്കെല്ലാം കാവല്‍ ദൈവങ്ങളും ഉണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കി വെച്ചിരിക്കുന്നത്  എന്നും ചെന്നിത്തല ആശാന്‍ മറുപടിയും പറഞ്ഞു. ദക്ഷിണ കേരളത്തില്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ വളരെ  അംഗീകാരവും അവിടെയുള്ള കലാകാരന്മാരുമായി  മാനസീക ഐക്യവും  പിടിച്ചു പറ്റിയപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ ഇഷ്ടത്തിനനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ ചെന്നിത്തല ആശാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു. എന്നാല്‍ കൃഷ്ണന്‍ നായര്‍ ആശാന്‍  ബൃഹന്ദള ചെയ്യുമ്പോഴെല്ലാം ഉത്തരന്‍ കെട്ടുന്ന  നടന്റെ സമ്പ്രദായ രീതിക്കനുസരിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്നു എന്നാണ് എനിക്കുള്ള അറിവ്. 

1997-98  കാലഘട്ടത്തിലും  ഇതുപോലൊരു സംഭവം കൊല്ലം  ജില്ലയില്‍ നടന്ന ഒരു അരങ്ങില്‍ ആവര്‍ത്തിക്കുകയുണ്ടായി. ശ്രീ മയ്യനാട് കേശവന്‍ നമ്പൂതിരിയുടെ ചുമതലയില്‍ നടന്ന ഒരു കളിക്ക് ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്റെ ബൃഹന്ദളയും ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥിന്റെ (ശ്രീ. ചെന്നിത്തല ആശാന്റെ ശിഷ്യനായ) ഉത്തരനും ആയിരുന്നു എന്ന വ്യത്യാസം മാത്രം. 

2013, ജനുവരി 1, ചൊവ്വാഴ്ച

ചെന്നൈ അഡയാറില്‍ അവതരിപ്പിച്ച ദക്ഷയാഗം കഥകളി


ചെന്നൈയിലെ കഥകളി  സംഘടനയായ 'ഉത്തരീയം' ചുമതല വഹിച്ചു കൊണ്ട്  അഡയാര്‍  അനന്തപത്മനാഭസ്വാമി  ക്ഷേത്രത്തില്‍   ഡിസംബര്‍ 25-ന്   വൈകിട്ട് 6- മണിക്ക് കേളിയും 7- മണിക്ക്   ശ്രീ. ഇരയിമ്മന്‍തമ്പി അവര്‍കള്‍ രചിച്ച  ദക്ഷയാഗം കഥകളിയും  അവതരിപ്പിച്ചു.  സാക്ഷാന്‍  അനന്തപത്മനാഭനെ പോലും ഭ്രമിപ്പിക്കുന്ന   തരത്തിലുള്ള മേള പ്രകടനമായാണ്  കേളി അനുഭവപ്പെട്ടത്.


                    അനന്തപത്മനാഭന്റെ മുന്‍പില്‍ അവതരിപ്പിച്ച കഥകളി കേളി 


ബ്രഹ്മപുത്രനായ ദക്ഷന്റെ വളര്‍ത്തു പുത്രി,   സതി പ്രായ പൂര്‍ത്തിയായപ്പോള്‍ പരമശിവന്‍ ഭര്‍ത്താവാകണം എന്ന് ആഗ്രഹിച്ച് തപസ്സു ചെയ്യുന്ന രംഗത്തോടെയാണ് കഥകളി ആരംഭിച്ചത്. 


                                                              സതിയുടെ തപസ്സ് 


                                               ബ്രാഹ്മണവേഷധാരിയായ ശിവനും സതിയും

                                                  സതിയുടെ തപസ്സില്‍ പ്രീതനായ ശിവന്‍

സതിയുടെ തപസ്സിനെ പരീക്ഷിക്കുവാനായി  പരമശിവന്‍ ഒരു ബ്രാഹ്മണ വേഷത്തില്‍ എത്തി ശിവനിന്ദ ചെയ്തു. സതിയുടെ രോഷം നിറഞ്ഞ പ്രതിഷേധം കണ്ട്  പ്രീതനായ ശിവന്‍ സ്വരൂപം ധരിച്ച് സതിയെ അനുഗ്രഹിക്കുന്നതുമായിരുന്നു  രണ്ടാം രംഗത്തില്‍.    മൂന്നാം രംഗത്തില്‍  ദക്ഷന്റെയും ദേവന്മാരുടെയും സാന്നിദ്ധ്യത്തില്‍ മംഗളമായി നടക്കുന്ന പരമശിവന്റെയും സതിയുടെയും വിവാഹവും.

                                         വിവാഹ രംഗം (ദക്ഷന്‍ , ശിവന്‍ , സതി , ഇന്ദ്രന്‍)

                                                             ദക്ഷനും ഇന്ദ്രനും 

                                                                        ദക്ഷന്‍

                                                                         ദക്ഷന്‍

നാലാം രംഗത്തില്‍ ദക്ഷന്‍ ദേവസഭയില്‍ എത്തുന്നു. വിവാഹം   കഴിഞ്ഞ ഉടന്‍  ഭാര്യാ  പിതാവായ തന്നോട്  യാത്രപോലും പറയാതെ  പരമശിവന്‍   കൈലാസത്തിലേക്ക്  മറഞ്ഞതിന്റെ  പ്രതിഷേധം    ദക്ഷന്‍ സഭാവസികളെ  അറിയിക്കുന്നു.  നിങ്ങളുടെ വാക്കുകള്‍ കേട്ട് വിശ്വസിച്ച്  നല്ലവന്‍ എന്നു തെറ്റി ധരിച്ചു എന്റെ മകളെ ശിവന്  നല്‍കി എന്നു വേദനിക്കുകയും തുടര്‍ന്ന് വളരെ മോശമായി ശിവനെ നിന്ദിക്കുകയും  ചെയ്യുന്ന ദക്ഷനെ ഇന്ദ്രന്‍ ഉപദേശിക്കുന്നു. ദേവന്മാരുടെ ഉപദേശ പ്രകാരം ദക്ഷന്‍ പരമശിവനെയും സതിയെയും  കാണ്മാനായി   കൈലാസത്തിലേക്ക്  യാത്ര തിരിക്കുന്നു.   പരമശിവനെ നിന്ദിക്കുന്ന ദക്ഷനെ കൈലാസത്തിലേക്ക്  കടത്തിവിടാതെ  നന്ദികേശ്വരന്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍  അപമാനത്തോടെയും ശിവനോട്  അമിതമായ കോപത്തോടെയും  ദക്ഷന്‍ മടങ്ങി. പ്രതികാര ബുദ്ധിയോടെ ദക്ഷന്‍ പരമശിവനെ  ഒഴിവാക്കിക്കൊണ്ട്   ഒരു യാഗം നടത്തുവാന്‍ തീരുമാനിച്ചു

ദക്ഷന്‍ നടത്തുന്ന യാഗത്തെ പറ്റി അറിഞ്ഞ സതി തനിക്കും യാഗത്തില്‍ പങ്കെടുക്കണമെന്നും തന്റെ സഹോദരിമാര്‍ എല്ലാവരും അന്ന് അവിടെ എത്തുമെന്നും അവരെ എല്ലാം കാണാന്‍ താല്‍പ്പര്യം ഉണ്ടെന്നും ഞാന്‍ അവിടെ ചെല്ലുമ്പോള്‍ പിതാവിന് നമ്മോടുള്ള നീരസം എല്ലാം തീരും എന്നും   പരമശിവനെ അറിയിക്കുന്നു. ദക്ഷന്‍ നടത്തുന്ന യാഗത്തിന് നമ്മെ ക്ഷണിക്കാത്ത  സാഹചര്യത്തില്‍ അവിടെ പോകുന്നത് അപമാനത്തിനു ഇടയാകും എന്ന പരമശിവന്റെ  ഉപദേശം അവഗണിച്ചു കൊണ്ട്  സതി   ദക്ഷന്റെ കൊട്ടാരത്തിലേക്ക് യാത്രയായി. ആപത്തു മനസിലാക്കിയ പരമശിവന്‍  സതിയുടെ  തുണയ്ക്കായി   ഭൂതഗണങ്ങളെ നിയോഗിക്കുന്നതുമാണ് അഞ്ചാം രംഗത്തില്‍ അവതരിപ്പിച്ചത്. 

                                                                 ശിവനും സതിയും

                                                ദക്ഷന്റെ യാഗശായില്‍ എത്തുന്ന സതി

                                                  ദക്ഷന്റെ യാഗശായില്‍ എത്തുന്ന സതി

ആറാം രംഗം:   ക്ഷണിക്കാതെ യാഗശാലയില്‍  എത്തിയ സതിയെകണ്ടു ദക്ഷന്‍ കുപിതനായി. ക്ഷണിക്കാതെ നീ എന്തിനു യാഗശാലയില്‍ എത്തി എന്ന് ദക്ഷന്‍ പ്രതികരിച്ചു. പിതാവിന്റെ ക്ഷണം മകള്‍ക്ക് ആവശ്യം ഇല്ലെന്നായിരുന്നു  സതിയുടെ മറുപടി.   നീ യാഗശാല വിട്ടു പോയില്ല എങ്കില്‍ ഭ്രുത്യരെകൊണ്ട് നിന്നെ അടിച്ചോടിക്കും  എന്ന് ദക്ഷന്‍ അറിയിച്ചു.  


                                  മടങ്ങി എത്തിയ സതിയെ പരമശിവന്‍ ആശ്വസിപ്പിക്കുന്നു 

ഏഴാം രംഗം : ദുഖത്തോടും അപമാനത്തോടും  മടങ്ങിയെത്തിയ സതി  തനിക്കുണ്ടായ അനുഭവം ഖേദത്തോടെ പരമശിവനെ അറിയിച്ചു. ദക്ഷന്‍  തന്റെ പിതാവല്ലെന്നും അവനെ വധിക്കുവാന്‍ ഇനി ഒട്ടും അമാന്തിക്കരുതെന്നും ശിവനെ അറിയിച്ചു.   ദക്ഷനെ ഉടന്‍ വധിക്കുന്നുണ്ടെന്ന്  പറഞ്ഞു സതിയെ ആശ്വസിപ്പിച്ചു. പരമശിവനെ തൊഴുതുകൊണ്ട് സതി   മറഞ്ഞു.  

                                                  ശിവന്‍, വീരഭദ്രന്‍ , ഭദ്രകാളി , ഭൂതം

                                                     ശിവന്‍, വീരഭദ്രന്‍ , ഭദ്രകാളി

 ക്ഷിപ്രകോപിയായ പരമശിവന്റെ ത്രിക്കണ്‍ കോപം കൊണ്ട് ജ്വലിക്കുകയും ജടപ്രഹരിക്കുകയും ചെയ്തപ്പോള്‍   ഉത്ഭവിച്ച വീരഭദ്രനോട് ദക്ഷന്റെ യാഗശാലയില്‍ ചെന്ന് തനിക്കുള്ള  യാഗഭാഗം ആവശ്യപ്പെടണം എന്നും അപ്രകാരം അനുസരിക്കാത്ത പക്ഷം ദക്ഷനെ വധിക്കണം എന്നും ആജ്ഞാപിക്കുന്നു. യാഗപൂജ ചെയ്യുന്ന ബ്രാഹ്മണന്മാരെ എന്തു ചെയ്യണം എന്ന് വീരഭദ്രന്‍ ശിവനോട് ചോദിച്ചു. അവരെ ഭയപ്പെടുത്തിയാല്‍ മതിയെന്ന് ശിവന്‍ അറിയിച്ചു. വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും   കൂടി ദക്ഷന്റെ യാഗശാലയിലേക്ക് പുറപ്പെടുന്നു. 

                       യാഗശാല : പൂജാബ്രാഹ്മണന്‍, ദക്ഷന്‍ , വീരഭദ്രന്‍ , ഭദ്രകാളി , ഭൂതം

                                                     ദക്ഷന്‍ , ഭദ്രകാളി , വീരഭദ്രന്‍

                                               ദക്ഷന്റെ തലയുമായി വീരഭദ്രന്‍ , ഭദ്രകാളി

എട്ടാം  രംഗം  ദക്ഷന്റെ യാഗശാലയാണ്. യാഗം നടക്കുന്നു.  വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ദക്ഷന്റെ യാഗശാലയില്‍ എത്തി. പരമശിവന്   അര്‍ഹമായ യാഗഭാഗം ആവശ്യപ്പെട്ടു. അവരുടെ ആവശ്യം ദക്ഷന്‍ നിരാകരിച്ചപ്പോള്‍  വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ചേര്‍ന്ന്   യാഗശാല തകര്‍ത്തു. ദക്ഷന്റെ തല അറുത്ത് മാറ്റി.  രക്തം ഭദ്രകാളിക്ക്  നല്‍കിയ  ശേഷം ദക്ഷന്റെ തല യാഗാഗ്നിയില്‍ ഹോമിച്ചു.


                                                       അജമുഖ ദക്ഷന്റെ ശിവസ്തുതി

ഒന്‍പതാം  രംഗം: (ദക്ഷനെ പുനര്‍ജീവിപ്പിക്കണം എന്ന ഇന്ദ്രാദികളുടെയും ഋഷീശ്വരന്മാരുടെയും   അപേക്ഷ പ്രകാരം ദക്ഷന്റെ ശരീരത്തില്‍ ആടിന്റെ തലവെച്ച് ജീവന്‍ നല്‍കി) അഹങ്കാരം ശമിച്ചു   അജമുഖത്തോടു കൂടിയ     ദക്ഷന്റെ ശിവ സ്തുതിയോടെ കഥ അവസാനിക്കുന്നു.

 വളരെ നല്ല ഒരു അവതരണമാണ് കലാകാരന്മാര്‍ എല്ലാവരും കാഴ്ച വെച്ചത്. ആരുടെ അവതരണമാണ് മെച്ചം എന്ന്  ഒരിക്കലും പറഞ്ഞു അറിയിക്കുവാന്‍ സാധിക്കാത്ത വിധത്തിലാണ് ഓരോ കലാകാരന്മാരും തങ്ങളുടെ ഭാഗം അവതരിപ്പിച്ചത്. 

നാലാം രംഗത്തില്‍ ദേവസഭയില്‍ എത്തുന്ന ദക്ഷന്‍, സഭാവാസികളോട്  ശിവനാല്‍ തനിക്കു ഏര്‍പ്പെട്ട അപമാനത്തെ പറ്റി പറയുമ്പോള്‍, നിങ്ങള്‍ക്ക് എന്ത് അറിയാം?  എന്റെ ഹൃദയം പൊട്ടുകയാണ്‌. താന്‍  പണ്ട് കാളിന്ദീ നദിയില്‍ സ്നാനം ചെയ്തപ്പോള്‍ ഒരു  ശംഖു കാണുകയും ആ ശംഖു എടുത്തപ്പോള്‍ ഒരു പെണ്‍ ശിശുവായി  മാറിയെന്നും വേറെ  കുട്ടികള്‍ എനിക്ക് ഉണ്ടായിട്ടും  ഞാന്‍ അവളെ എന്റെ കൈകള്‍ കൊണ്ട് താലോലിച്ചും  ഊട്ടിയും  വളര്‍ത്തി, അവള്‍ വളര്‍ന്നപ്പോള്‍ അവളെ ഞാന്‍ ഒരു പുരുഷനെ ഏല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ യാത്രപോലും   ചോദിക്കാതെ അവര്‍ പോയി. അവരെ ഒന്ന് കണ്ടു സന്തോഷിക്കുവാന്‍ പോലും എനിക്ക് സാധിച്ചില്ല എന്നും എന്റെ മകളുടെ തലയിലെഴുത്തു ഇങ്ങിനെയായിപ്പോയല്ലോ  എന്നുമുള്ള   ഹൃദയ സ്പര്‍ശിയായ  അവതരണം  മറക്കാനാവാത്തതായിരുന്നു. 

മൂന്നു ലോകത്തിലും അധിപനായ പരമശിവനെ നിന്ദിക്കരുതേ എന്നും   പരമശിവനെ ഒന്ന് പോയി കണ്ടുവന്നാല്‍ എല്ലാ സങ്കടവും തീരുമെന്നും ഇന്ദ്രന്‍ ഉപദേശിക്കുന്നതും അതിനു മറുപടിയായി  അല്ലയോ ദേവേന്ദ്രാ! അങ്ങ് പറഞ്ഞത് വിചിത്രമായിരിക്കുന്നു.  ഞാന്‍ നിന്ദ്യനായ ശിവനെ ഭയന്ന് പോയി ചെന്നു കണ്ട് കുമ്പിടണമോ? മൂന്നു ലോകത്തിനും അധിപന്‍ എന്ന അഹങ്കാരമാണ് ശിവന് ഉള്ളത്. പക്ഷെ എന്റെ മകള്‍ എന്തു തെറ്റു ചെയ്തു? ഞാന്‍ വളര്‍ത്തിയ എന്റെ മകള്‍ക്ക്  (വേദനയോടെ) ഇങ്ങിനെ സംഭവിച്ചല്ലോ ? ശരി. നിങ്ങള്‍ നിര്‍ദ്ദേശിച്ചതുപോലെ ഞാന്‍ ശിവന്റെ വസതിലേക്ക് പോയി അവരെ കാണുക തന്നെ എന്നാണ്   അരങ്ങില്‍ അവതരിപ്പിച്ചത്.   

കൈലാസത്തിലെത്തിയ ദക്ഷനെ  നന്ദികേശ്വരന്‍ തടയുന്നതും ദക്ഷന്‍ താന്‍ സതിയുടെ പിതാവണെന്നു നന്ദികേശ്വരനെ അറിയിക്കുന്നതും ശിവനിന്ദ ചെയ്യുന്നവന്  കൈലാസത്തില്‍ പ്രവേശനമില്ലെന്ന നന്ദികേശ്വരന്റെ വാക്കു കേട്ടു അപമാനവും മകളെ ഓര്‍ത്ത്‌ വേദനയോടെ     മടങ്ങുന്നതും   പിന്നീട്  പ്രതികാര ദാഹം പൂണ്ട ദക്ഷന്‍ ശിവനെ ക്ഷിണിക്കാതെ ഒരു യാഗം  നടത്തുവാന്‍ തീരുമാനിക്കുകയും   ചെയ്യുന്ന   (ഇളകിയാട്ടത്തില്‍  കൂടിയുള്ള) അവതരണവും  ഹൃദ്യമായി. 

യാഗശാലയില്‍ എത്തുന്ന മകളെ  ആട്ടിപ്പായിക്കുകയും പിന്നീട് മകളോട് വെച്ചിരുന്ന സ്നേഹത്തിന്റെ ആഴത്തെയും അവതരിപ്പിച്ച   ദക്ഷനെ ശ്രീ. ഏറ്റുമാനൂര്‍ കണ്ണനും,  സ്വപിതാവില്‍ നിന്നും  പ്രതീക്ഷക്ക്‌   വിപരീതമായുണ്ടായ  അനുഭവത്തെ   മാനസീകമായി    ഉള്‍ക്കൊണ്ടു   കൊണ്ട്   മികച്ച ഭാവാഭിനയയത്തോടെ സതിയെ അവതരിപ്പിച്ച ശ്രീ. ചമ്പക്കര വിജയനും   ആസ്വാദക ഹൃദയത്തില്‍  മായാത്ത സ്ഥാനം പിടിച്ചിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം

ശ്രീ. സദനം ഭാസിയുടെ ശിവന്‍  ശ്രീ. കലാമണ്ഡലം ഹരി. ആര്‍ . നായരുടെ വീരഭദ്രന്‍  ശ്രീ. കലാമണ്ഡലം തുളസീകുമാറിന്റെ  ഭദ്രകാളി (വേഷവും അവതരണവും),    ശ്രീ. കലാമണ്ഡലം വിവേകിന്റെ  ബ്രാഹ്മണന്‍, പൂജാ ബ്രാഹ്മണന്‍  ശ്രീ. കലാമണ്ഡലം ഗൗതംകൃഷ്ണയുടെ ഇന്ദ്രന്‍ എന്നിവ   മറക്കാനാവാത്ത  അവതരണമാണ് കാഴ്ചവെച്ചത്. 

 ശ്രീ. സദനം ശിവദാസനും  ശ്രീ. കലാമണ്ഡലം വിനോദും  സംഗീതം  ഹൃദ്യമാക്കി.  ശ്രീ. സദനം രാമകൃഷ്ണന്റെയും  ശ്രീ. സദനം ജിതിന്റെയും  ചെണ്ടയും, ശ്രീ. സദനം ദേവദാസിന്റെയും  ശ്രീ. സദനം അരവിന്ദന്റെയും  മദ്ദളവും ഒത്തു ചേര്‍ന്ന തകര്‍പ്പന്‍ മേളമാണ് കാഴ്ചവെച്ചത്.  ശ്രീ. കലാമണ്ഡലം സതീശനും  ശ്രീ. സദനം ശ്രീനിവാസനും ചുട്ടിയും കൈകാര്യം ചെയ്തു. അണിയറ   ചുമതല വഹിച്ചത്  ശ്രീ. കോട്ടയ്ക്കല്‍ കുഞ്ഞിരാമന്‍ അവര്‍കള്‍  ആയിരുന്നു. കളി തുടങ്ങി അവസാനിക്കുന്നത്‌ വരെ ഒരു തരം ത്രില്ലിങ്ങ് തന്നെയായിരുന്നു അനുഭവപ്പെട്ടിരുന്നത്  എന്ന് പറയാതിരിക്കുവാന്‍ സാധ്യമല്ല. 
  
ഒരു കഥകളി അരങ്ങിനു മുന്‍പില്‍ എത്തിച്ചേരുന്ന   എല്ലാ  ആസ്വാദകരും   ശ്ലോകം ശ്രദ്ധിച്ചു രംഗം മനസിലാക്കുന്നവര്‍ ആകണമെന്നില്ല. അതുകൊണ്ടാണ് അവതരിപ്പിക്കുന്ന കഥാ വിവരണവും  രംഗ വിവരണവും നല്‍കുന്നത്.  ദക്ഷയാഗം കഥയിലെ അവതരിപ്പിക്കപ്പെടുന്ന രംഗങ്ങളുടെ വിവരണം പബ്ലിഷ് ചെയ്തിരുന്നു.  രംഗങ്ങളുടെ അവതരണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായത് കളി തുടങ്ങുമ്പോള്‍ സദസിനെ അറിയിക്കുവാന്‍  സംഘാടകര്‍  ശ്രദ്ധിച്ചില്ല എന്നത് ഒരു വലിയ കുറവായി അനുഭവപ്പെട്ടു. കഥകളി കാണുവാന്‍ എത്തിയിരുന്ന   വിദേശിയര്‍  പബ്ലിഷ് ചെയ്തിരുന്ന ഈ രംഗ വിവരണത്തെ വെച്ചു കൊണ്ട് എങ്ങിനെയാണ്  അവതരിപ്പിച്ച  രംഗ മാറ്റങ്ങളെ ഉള്‍ക്കൊണ്ടിരിക്കുക എന്നത് നാം ചിന്തിക്കേണ്ടതാണ്. 
  
കഥകളിയുടെ അവതരണത്തിനും    ആസ്വാദനത്തിനും ഓരോ തലങ്ങള്‍  ഉണ്ട്. ആ തലങ്ങളില്‍ നിന്നു നോക്കുന്നവര്‍ക്കു അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ടാകാം.   ഒരു സാധാരണ കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ ഓര്‍മ്മയായ കാലം മുതല്‍ 1981- വരെ കഥകളി അരങ്ങുകള്‍ കണ്ടുള്ള   എന്റെ  അനുഭവങ്ങള്‍  വെച്ച് നോക്കുമ്പോള്‍ ദക്ഷയാഗം കഥയിലെ വിവാഹ രംഗത്തില്‍ സതി മാലയിട്ടു പരമശിവനെ സ്വീകരിച്ചു   കഴിഞ്ഞാലുടന്‍ (ദക്ഷന്‍ സതിയുടെ കയ്യ്  പിടിച്ചു ശിവനെ ഏല്‍പ്പിക്കുക എന്ന രീതിയും  കണ്ടിട്ടുണ്ട്.)  രംഗത്തു നിന്നും ശിവനും സതിയും മറയുന്നതായാണ് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.  വിവാഹ രംഗം കഴിഞ്ഞാലുടന്‍ ശിവന്റെ പെരുമാറ്റത്തെ പറ്റി  ദേവസഭയില്‍  ദക്ഷന്‍   പരാതിപ്പെടുന്ന രംഗം അവതരിപ്പിക്കുന്നത്‌ കൊണ്ട്  ഒരു സാധാരണ ആസ്വാദകന്റെ മനസ്സില്‍ എത്തിച്ചേരും വിധം  അവതരിപ്പിക്കുന്നതാണ്  ഉചിതം എന്നാണ് എന്റെ വിശ്വാസം (വിവാഹ ശേഷമുള്ള പല  രംഗങ്ങളും അവതരിപ്പിക്കാത്ത നിലയ്ക്ക്)   ഇവിടെ മംഗളമായി ഒരു വിവാഹം കഴിഞ്ഞു എന്നല്ലാതെ (വിവാഹം കഴിഞ്ഞയുടന്‍ ഒന്നു മിണ്ടുക പോലും ചെയ്യാതെ  ശിവന്‍  പോയി  എന്ന  ദക്ഷന്റെ ആരോപണത്തോട്  )   കഥയുടെ   കാതലായ  ഭാഗത്തിന് ഒരു പ്രസക്തിയും  ഇല്ലാത്ത അവതരണം എന്ന് മാത്രമേ  ഒരു സാധാരണ ആസ്വാദകന്  തോന്നുവാന്‍ സാധിക്കുകയുള്ളൂ. (ഇത് എന്റെ അഭിപ്രായം ആണ്.)

കഥയുടെ അവതരണത്തില്‍ പിതാവ് ചെയ്യുന്ന യാഗം നീ എങ്ങിനെ അറിഞ്ഞു എന്ന് ശിവന്‍ സതിയോടു ചോദിക്കുകയുണ്ടായി. അതിനു  സതി വ്യക്തമായ ഉത്തരം നല്‍കിയതായി എനിക്ക് അനുഭവപ്പെട്ടില്ല. പല അരങ്ങിലും ശിവന്‍  ഈ ചോദ്യം ഉന്നയിച്ചു കണ്ടിട്ടുണ്ട്. പരമശിവന്റെ അസാന്നിധ്യത്തില്‍     നാരദനില്‍ നിന്നാണ്    ദക്ഷന്‍ യാഗം നടത്തുന്ന വിവരം സതി  അറിയുന്നത്‌ .

യാഗശാലയില്‍  നിന്നും പുറത്താക്കുന്ന സതിയോട് ഞാന്‍ നിന്റെ പിതാവല്ല എന്ന് പറയുന്നുണ്ട്. ഈ സമയത്ത് സതിയോടു നീ എന്റെ മകള്‍ അല്ല (നീ വളര്‍ത്തു മകള്‍ മാത്രമാണ്  എന്ന്  സതി അപ്പോള്‍ മാത്രമാണ് അറിയുന്നത് ), നിന്നെ   കാളിന്ദീനദിയില്‍ നിന്നും എനിക്ക് ലഭിച്ചതാണ് എന്ന് ദക്ഷന്‍ ചെയ്തു കണ്ടിട്ടുണ്ട്. ഇങ്ങിനെ ചെയ്യുമ്പോള്‍ അടുത്ത രംഗത്തില്‍ സതിയുടെ ശിവനോടുള്ള പദാട്ടത്തിന്  (താമസശീലനാകുന്ന ദക്ഷനെ കൊല്ലുവാനേതും  താമസിച്ചീടൊല്ല മമ താതന്‍ അവനല്ല ഇനിമേല്‍)  കുറച്ചു കൂടി  അനുയോജ്യമാകുമെന്നാണ് എന്റെ വിശ്വാസം
 
 ശിവനുള്ള യാഗഭാഗം  തരികയില്ല എന്ന് ദക്ഷന്‍ പറഞ്ഞതിന് ശേഷം  മാത്രം ദക്ഷനോട്  വീരഭദ്രനും ഭദ്രകാളിയും യുദ്ധം ചെയ്യുന്ന രീതിയാണ് എന്റെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്.  പൂജാബ്രാഹ്മണര്‍  വീരഭദ്രനും ഭദ്രകാളിയുടെയും ഭൂതഗണങ്ങളും വരുന്നത് കണ്ടു ഭയപ്പെടുകയും   ദക്ഷന്‍ അവര്‍ക്ക് ധൈര്യം നല്‍കുകയും ചെയ്യുന്നതല്ലാതെ അവരെ  കണ്ടാലുടന്‍ ദക്ഷന്‍  ഓടി ചെന്ന് യുദ്ധം ചെയ്യുന്ന രീതി എനിക്ക് സ്വീകാര്യമായി  തോന്നിയില്ല. ശിവനുള്ള  യാഗഭാഗം നല്‍കില്ല എന്ന് ദക്ഷന്‍ ഉറപ്പിച്ചു പറയുന്നതോടെ യാഗശാല തകര്‍ക്കുകയും    പൂജാബ്രാഹ്മണരെ ശല്യപ്പെടുത്തി  ഓടിക്കുകയും ചെയ്യുന്ന  വീരഭദ്രനെ പരമാവധി എതിര്‍ക്കുന്ന രീതിയാണ്  പണ്ട്  ദക്ഷവേഷം ചെയ്തിരുന്ന നടന്മാര്‍ സ്വീകരിച്ചിരുന്നത്.   

                        യാഗശാലയില്‍ പൂജ ചെയ്തിരുന്ന ബ്രാഹ്മണന്‍  വീരഭദ്രന്റെ പിടിയില്‍

ഇവിടെ പൂജാബ്രാഹ്മണന്‍ വീരഭദ്രാദികളെ കണ്ടു പരമാവധി ഭയം പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു.  പൂജാബ്രാഹ്മണന്  ധൈര്യം പകരുന്ന രീതി രംഗത്ത് ഉണ്ടായില്ല. പകരം  ഒരു പ്രാവശ്യം ദക്ഷന്‍ പൂജാ ബ്രാഹ്മണനെ ബലമായി പിടിച്ചിരുത്തുകയും  (പൂജാ ബ്രാഹ്മണനെ)  വീരഭദ്രന്‍ പിടിച്ചു ശല്ല്യം ചെയ്യുമ്പോള്‍  ദക്ഷന്‍ അരങ്ങില്‍ തിരിഞ്ഞു നില്‍ക്കുന്ന രീതിയുമാണ്  ഈ കളിക്ക് സ്വീകരിച്ചു കണ്ടത്.


        കഥകളിയില്‍  Doctorate നേടിയ ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ അവര്‍കളെ ഉത്തരീയം                            കഥകളി സംഘടനയ്ക്കു വേണ്ടി ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍ ആദരിക്കുന്നു.       

              മുന്‍ നിരയില്‍ ഇടത്തു നിന്നും രണ്ടാമത് : ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍
                       ആശാന്റെ പിറകില്‍ ശ്രീ. കലാക്ഷേത്ര  കുഞ്ഞി രാമന്‍ അവര്‍കള്‍ 

(കഥകളി കാണുവാന്‍ എത്തിയ ആസ്വാദകരുടെ നിരയില്‍ പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ.സദനം ബാലകൃഷ്ണന്‍ ആശാന്‍,   പ്രസിദ്ധ നര്‍ത്തകി ശ്രീമതി. ഗോപികാവര്‍മ്മ, പ്രസിദ്ധ നര്‍ത്തകന്‍ ശ്രീ. കലാക്ഷേത്ര കുഞ്ഞിരാമന്‍ ( കഥകളി ആചാര്യന്‍ ശ്രീ. അമ്പു പണിക്കര്‍ ആശാന്റെ മകന്‍), പ്രസിദ്ധ നര്‍ത്തകന്‍ ശ്രീ. അടയാര്‍ ലക്ഷ്മണന്‍ അവര്‍കളുടെ മകന്‍ എന്നിവര്‍ ഉണ്ടായിരുന്നു.)

              ഇളകിയാട്ടത്തിന്റെ എല്ലാ വായനക്കാര്‍ക്കും 
          എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍