പേജുകള്‍‌

2015, മേയ് 27, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -7 (ജീവിതത്തിലെ സൗഭാഗ്യങ്ങൾ നിറഞ്ഞ കാലഘട്ടം-1)അച്ഛന്റെ കലാജീവിതത്തിൽ ലോകധർമ്മിത്തം നിറഞ്ഞ അവതരണം കൊണ്ട് ജനശ്രദ്ധ നേടിയ അച്ഛന്റെ പ്രധാന രണ്ട് വേഷങ്ങളായിരുന്നു   നളചരിതം ഒന്നിലെ ഹംസവും നിഴൽക്കുത്തിലെ മാന്ത്രികനും. എവിടെ കളിക്ക് ക്ഷണിച്ചാലും വേറെന്തു കഥ നിശ്ചയിച്ച് ഉറപ്പിച്ചു വെച്ചിരുന്നാലും അച്ഛൻ കളി സ്ഥലത്തു ചെന്നെത്തിക്കഴിയുംപോൾ കഥകളി ആസ്വാദകരുടെ സമ്മർദ്ദം മൂലം  കഥകൾ മാറി "ഒന്നും കുത്തും" (നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തും)  എന്ന ഒരു നില ഉണ്ടായിരുന്നു. ഹംസം ചെയ്യാൻ ഓയൂർ അല്ലെങ്കിൽ ചെന്നിത്തല എന്നും  മാന്ത്രികൻ ചെയ്യാൻ ചെന്നിത്തല അല്ലെങ്കിൽ മുട്ടാർ ശിവരാമൻ എന്നും അക്കാലത്ത് ആസ്വാദകർക്കിടയിൽ ഒരു അഭിപ്രായം നിലനിന്നിരുന്നു. 1970 കളിൽ അച്ഛൻ ചെയ്തിട്ടുള്ള കൂടുതൽ വേഷങ്ങളും ഹംസവും മാന്ത്രികനും ആയിരുന്നു എന്നതിൽ സംശയവും  ഇല്ല.

 അച്ഛന്റെ സഹോദരീ പുത്രനായ ശ്രീ. ചെന്നിത്തല ഭാസ്കരൻ  പിള്ള ഗുരു. ചെങ്ങന്നൂരിന്റെ കീഴിൽ കഥകളി അഭ്യസിച്ചു വന്നിരുന്നു.   ചെന്നിത്തല സിദ്ധാശ്രമത്തിൽ എല്ലാ വർഷവും പത്താമുദയത്തിന് കഥകളി പതിവുണ്ടായിരുന്നു. ആ കാലയളവിൽ  ഒരു കളിക്ക്        ഹരിശ്ചന്ദ്രചരിതം   കഥയായിരുന്നു അവിടെ നിശ്ചയിച്ചിരുന്നത്. അന്നത്തെ  കളിക്ക് ശ്രീ. ചെന്നിത്തല ഭാസ്കരൻ  പിള്ളയുടെ അരങ്ങേറ്റവും തീരുമാനിച്ചിരുന്നു. ഹരിശ്ചന്ദ്രചരിത്തിലെ  ഇന്ദ്രനും സത്യകീർത്തിയും ആയിരുന്നു അദ്ദേഹത്തിൻറെ  അരങ്ങേറ്റ വേഷങ്ങൾ.     പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ വിശ്വാമിത്രൻ,  ഗുരു. ചെങ്ങന്നൂരിന്റെ വസിഷ്ടനും കാളകണ്ഠനും, ശ്രീ. മങ്കൊമ്പ്   ആശാന്റെ ചന്ദ്രമതി, അച്ഛന്റെ ഹരിശ്ചന്ദ്രൻ എന്നിങ്ങനെ വേഷങ്ങളും ശ്രീ. വൈക്കം സഹോദരന്മാരായ ശ്രീ. തങ്കപ്പൻ പിള്ള ചേട്ടനും പുരുഷോത്തമൻ ചേട്ടനും സംഗീതം, ശ്രീ. കണ്ടല്ലൂർ സദാശിവൻ ചെണ്ടയും ശ്രീ. ഏവൂർ കുട്ടപ്പൻ നായരുടെ മദ്ദളം , പോരുവഴി മാധവൻ ഉണ്ണിത്താൻ അവർകളുടെ കളിയോഗവും എന്നിങ്ങനെയായിരുന്നു നിശ്ചയിച്ചിരുന്നത്.

                                                                               ഗുരു. ചെങ്ങന്നൂർ  

                                     പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ,  


                                                  ശ്രീ. വൈക്കം സഹോദരന്മാർ 

പത്താമുദയത്തിനു മുൻ ദിവസം അച്ഛന് വടക്കൻ പറവൂരിൽ ആയിരുന്നു കളി. ആ കാലഘട്ടങ്ങളിൽ ആലുവാ, വടക്കൻ പറവൂർ (ഏലൂർ നാറാണത്ത്, പെരുവാരം തുടങ്ങിയ ക്ഷേത്രങ്ങളിൽ)   ഭാഗങ്ങളിൽ ധാരാളം കളികൾക്ക് അച്ഛനെ ക്ഷണിക്കപ്പെട്ടിരുന്നു.   വടക്കൻ പറവൂരിൽ  കളിക്ക് പോകുന്നതിനു മുൻപ് അച്ഛൻ  വീട്ടിനുള്ളിൽ കിടന്ന രണ്ടു കട്ടിലും എടുത്ത് തൊഴുവത്തിന്റെ തിണ്ണയിൽ കൊണ്ടിട്ടു. പത്താമുദയത്തിനു വീടിനടുത്തുള്ള സിദ്ധാശ്രമത്തിൽ   കളിയുള്ളതിനാൽ സഹകലാകാരന്മാർ ആരെങ്കിലും വീട്ടിൽ എത്തിയാൽ അവർക്ക് വിശ്രമിക്കാൻ ഒരു സൗകര്യം എന്ന ഉദ്ദേശത്തോടെയാണ് അച്ഛൻ അങ്ങിനെ ചെയ്തത്. കൊല്ലം ജില്ലയിലെ ഒരു കളി കഴിഞ്ഞ്  ചെങ്ങന്നൂർ ആശാനും   കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും കൂടി നേരേ വീട്ടിലേക്കാണ് എത്തിയത്. എന്റെ വീടിന് അരികിൽ  പ്രകൃതി അനുഗ്രഹിച്ച് നൽകിയ തേവർകുളം പൊതുജനങ്ങളാൽ വളരെ ശുദ്ധമായി വെച്ചിരുന്ന കാലമായിരുന്നു അത്. ചെങ്ങന്നൂർ ആശാനും കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും  ദിനചര്യകളുടെ ഭാഗമായ  സ്നാനം തേവർ കുളത്തിൽ  പൂർത്തിയാക്കി.  കുളത്തിലെ വെള്ളത്തിൽ ശരീരം  കഴുത്തുവരെ താഴ്ത്തി സുമാർ ഒരുമണി നേരത്തോളം സമയം നർമ്മ സംഭാഷണങ്ങളോടെ കഴിഞ്ഞ ശേഷമാണ് നാലുപേരും വീട്ടിലെത്തിയത്.  കാപ്പികുടി കഴിഞ്ഞപ്പോൾ ശ്രീ. ഭാസ്കരൻ പിള്ള എത്തി.  ഭാസ്കരൻ പിള്ളയുടെ സഹായത്തോടെ കൃഷ്ണൻ നായർ ആശാൻ  ഒരു കട്ടിൽ തൊഴുവത്തിന്റെ തിണ്ണയിൽ നിന്നും എടുത്ത് വൈക്കോൽ തുറുവിട്ടിരുന്ന തെങ്ങിൻ ചുവട്ടിൽ നിഴൽ സൗകര്യം നോക്കിയിട്ട്  വിശ്രമിച്ചു. ശരീരത്തിൽ വെയിൽ പതിക്കുമ്പോൾ  അദ്ദേഹം എഴുനേറ്റ് നിഴൽ സ്ഥാനം നോക്കി കട്ടിൽ നീക്കിയിടുന്നതും കാണാമായിരുന്നു.  വീടിന്റെ തിണ്ണയിൽ ഒരു പായുമിട്ട് വൈക്കം സഹോദരന്മാരും വിശ്രമിച്ചു. തൊഴുവത്തിന്റെ തിണ്ണയിലിട്ടിരുന്ന കട്ടിലിൽ ഇരുന്നുകൊണ്ട്  ചെങ്ങന്നൂർ ആശാൻ ഭാസ്കരൻ പിള്ളയ്ക്ക് ഇന്ദ്രന്റെയും സത്യകീർത്തിയുടെയും   പദങ്ങളും അരങ്ങിൽ ചെയ്യേണ്ടതുമായ വിവരങ്ങളും  പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. പിന്നീട് ചെങ്ങന്നൂർ ആശാൻ  ആ കട്ടിലിൽ  വിശ്രമിക്കുകയും ചെയ്തു.  അച്ഛൻ എത്തിയശേഷം മാത്രം വിളിച്ചാൽ മതിയെന്ന് അറിയിച്ചാണ് എല്ലാവരും വിശ്രമിക്കാൻ കിടന്നത്.

ഉച്ചയ്ക്ക്  ഒന്നര  രണ്ടു  മണിയോടെയാണ് അച്ഛൻ വടക്കൻ പറവൂരിൽ നിന്നും വീട്ടിൽ എത്തിയത്. ഗുരുനാഥൻ തൊഴുവത്തിന്റെ തിണ്ണയിലും കൃഷ്ണൻ നായർ ആശാൻ വൈക്കോൽ തുറുവിന്റെ നിഴലിലും സഹപ്രവർത്തകരായ വൈക്കം സഹോദരന്മാർ വീടിന്റെ തിണ്ണയിലും വിശ്രമിക്കുന്നത് കണ്ടപ്പോൾ അച്ഛൻ മാനസീകമായി തളർന്നു. ഒരു കള്ളനെന്നപോലെ ശബ്ദമുണ്ടാക്കാതെ ദിനചര്യകൾ പൂർത്തിയാക്കി  ആഹാരവും കഴിച്ചു . ഗുരുവും കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും ഉണർന്നാൽ ആഹാരം നൽകണമെന്നും അവർ തന്നെ പറ്റി  ചോദിച്ചാൽ   കളിസ്ഥലത്തെക്ക് പോയിട്ടുണ്ട് എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞുകൊണ്ട് അച്ഛൻ ബാഗുമെടുത്ത് സിദ്ധാശ്രമത്തിലേക്ക് നടന്നു നീങ്ങി.  മൂന്ന് മണിക്ക് കൃഷ്ണൻ നായർ ആശാൻ എഴുനേറ്റു. ആശാന്റെ ഉറക്കം വൈക്കോൽ തുറുവിന്റെ നിഴൽ അടിക്കടി ശല്ല്യം ചെയ്തു കൊണ്ടിരുന്നു.  ആശാൻ എഴുനേറ്റപ്പോൾ ആഹാരം റെഡി എന്ന്  മുത്തശ്ശി അറിയിച്ചു.

                                                          ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ

ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ (മുത്തശ്ശിയുടെ പിതാവ്)   ഒരു വേഷമേ  ഞാൻ കണ്ടിട്ടുള്ളൂ. നളചരിതം-2 ലെ കാട്ടാളൻ.  അതും വളരെ അവശനായ കാലത്ത്. അദ്ദേഹത്തോടുള്ള അളവറ്റ ബഹുമാനമാണ് ചെല്ലപ്പൻപിള്ളയോട് ഞാൻ പുലർത്തുന്ന സ്നേഹബന്ധം   എന്ന്  മുത്തശ്ശിയോട്    കൃഷ്ണൻ നായർ ആശാൻ അറിയിച്ചു കൊണ്ട് ചെങ്ങന്നൂർ ആശാനെയും വൈക്കം സഹോദരന്മാരെയും വിളിച്ചുണർത്തി.   എല്ലാവരും അച്ഛനെ അന്വേഷിച്ചു. കളിസ്ഥലത്തേക്ക് പോയി എന്ന് ഞങ്ങൾ അവരെ  അറിയിച്ചു. പുഞ്ച കൃഷി കഴിഞ്ഞുള്ള  പുത്തരിയുടെ  ചോറും, പഴുത്തമാങ്ങാക്കറിയും   ചീമചക്കത്തീയലും,  ചക്കക്കുരുവും  മുരിങ്ങക്കായ് തോരനുംകൂട്ടിയുള്ള ഭക്ഷണം കഴിഞ്ഞ് എല്ലാവരും വീണ്ടും വിശ്രമിച്ചു.  ആറുമണിക്ക് ചായകുടിയും കഴിഞ്ഞ് യാത്രയ്ക്കുള്ള ഒരുക്കമായി. വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന  അച്ഛന്റെ മുത്തച്ഛന്റെ (ചെന്നിത്തല കൊച്ചുപിള്ള പണിക്കർ) ചിത്രത്തിന്റെ മുൻപിൽ എത്തി വണങ്ങിയ ശേഷമാണ്    ഗുരു. ചെങ്ങന്നൂരും കൃഷ്ണൻ നായർ ആശാനും യാത്ര പറഞ്ഞത്. വൈക്കം സഹോദരന്മാരാകട്ടെ യാത്ര പറഞ്ഞ് മുന്നോട്ടു നീങ്ങിയ ശേഷം മടങ്ങി വന്ന് "പഴുത്ത മാങ്ങാക്കറിയുടെയും ചീമചക്കത്തീയലിന്റെയും രുചിയെ പറ്റി  അമ്മയോടും മുത്തശ്ശിയോടും പ്രശംസ  അറിയിച്ച  ശേഷമാണ്  യാത്രയായത്.        

2015, മേയ് 3, ഞായറാഴ്‌ച

ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന് ബാഷ്പാഞ്ജലി


ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാൻ കൊട്ടാരക്കരയ്ക്ക് സമീപം വെളിനല്ലൂർ കിഴക്കേമേലതിൽ ശ്രീമതി പാർവതിയമ്മയുടെയും തുള്ളൽ വിദഗ്ദൻ.   ശ്രീ.പുത്തൻ മഠത്തിൽ ശങ്കരപ്പിള്ളയുടെയും  പുത്രനായി   26-06-1936 -ൽ ജനിച്ചു. ചെറുപ്പകാലം   മുതലേ നാദസ്വരത്തിലും സംഗീതത്തിലുമുള്ള     അഭിരുചി മനസിലാക്കിയ അദ്ദേഹത്തിൻറെ  മാതുലന്റെ സഹായത്തോടെ   ശ്രീ. കടയ്ക്കാവൂർ വേലുക്കുട്ടി നായരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. ഈ അവസരത്തിൽ  ശ്രീ. വൈക്കം വാസുദേവൻ നായരുമായി പരിചയപ്പെടുവാനും ഉപദേശങ്ങൾ നേടുവാനും അദ്ദേഹത്തിനു സാധിച്ചു.   17 -മത്തെ വയസ്സിൽ കേരള കലാമണ്ഡലത്തിൽ ചേർന്ന്  കഥകളി   സംഗീതം അഭ്യസിച്ചു. ശ്രീ. ശിവരാമൻ നായർ, ശ്രീ. മാധവപ്പണിക്കർ, ശ്രീ. നീലകണ്ഠൻ നമ്പീശൻ എന്നിവരായിരുന്നു ഗുരുനാഥന്മാർ.  ഇരുപത്തി ഒന്നാമത്തെ വയസ്സിൽ കലാമണ്ഡലത്തിൽ വെച്ച് അരങ്ങേറ്റം നടത്തി.   ആറുവർഷത്തെ സംഗീത അഭ്യസനം പൂർത്തിയാക്കിയ അദ്ദേഹം എഴാം വർഷത്തിൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. കലാമണ്ഡലം കളരിയിൽ നിന്നും കഥകളി സംഗീതജ്ഞന്മാരായി പുറത്തുവന്ന നാൽപ്പതിലധികം കലാകാരന്മാരെയാണ് ആശാൻ സംഗീതം അഭ്യസിപ്പിച്ചത്.  

                                                     
                                                              ശ്രീ. ഗംഗാധരൻ ആശാൻ

1991-ൽ  വൈസ്പ്രിൻസിപ്പാൾ  പദവിവഹിച്ചുകൊണ്ട്   അദ്ദേഹം കലാമണ്ഡലത്തിൽ നിന്നും വിരമിച്ചു.  ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പ് എന്നീ ഗായകരുടെ ശിങ്കിടി ഗായകനായി അരങ്ങിൽ പ്രവർത്തിക്കാൻ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് ആശാൻ വിശ്വസിച്ചിരുന്നത്.   കേരള കലാമണ്ഡലം പുരസ്കാരം,സംഗീത  നാടക അക്കാഡമി പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ പുരസ്കാരം എന്നിങ്ങനെ അനേകം പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്. കേരളകലാമണ്ഡലം ചുമതല വഹിച്ച ധാരാളം വിദേശയാത്രകളിലൂടെ ഒട്ടനവധി നാടുകൾ സന്ദർശിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.   
  2015 ഏപ്രിൽ 26 -ന്   അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 


  
ആശാനും  കുടുംബവും 
                                                 
                                                    ശ്രീ. മടവൂർ ആശാനും ശ്രീ. ഗംഗാധരൻ ആശാനും.

ശ്രീ. ഗംഗാധരൻ ആശാന്റെ ഏറ്റവും പ്രധാന ആത്മമിത്രമായി കണ്ടിരുന്നത്‌ ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയായിരുന്നു. ശ്രീ.  ഓയൂർ ആശാൻ മരണപ്പെടുന്ന കാലംവരെ ആ ആത്മബന്ധം നിലനിർത്തുവാൻ ആശാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

 എന്റെ ചെറുപ്പകാലം മുതൽ അദ്ദേഹത്തിൻറെ ധാരാളം അരങ്ങുകളുടെ മുന്നിൽ  എത്തിച്ചേരുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നു. ശിഷ്യന്മാരായ ശ്രീ. കലാമണ്ഡലം (വെണ്മണി) ഹരിദാസ്, ശ്രീ.കലാമണ്ഡലം  രാധാകൃഷ്ണൻ, ശ്രീ. കലാമണ്ഡലം രവീന്ദ്രൻ എന്നിവരുമൊത്ത് പ്രവർത്തിച്ച അരങ്ങുകൾ  മനസാസ്മരിച്ചു കൊണ്ട് ബഹുമാന്യനായ ഗംഗാധരൻ ആശാന് ഞാൻ   കണ്ണീർ അഞ്ജലി സമര്പ്പിക്കുന്നു.

ശ്രീ.ഗംഗാധരൻ ആശാന്റെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങൾ, ശിഷ്യന്മാർ, സുഹൃത്തുക്കൾ, ആസ്വാദകർ എന്നിവരോടൊപ്പം ഞാനും ദുഖത്തിൽ പങ്കുചേരുന്നു.  

  
പ്രത്യേക അറിയിപ്പ്: എന്റെ ഈ ബ്ലോഗിൽ ചേർത്തിട്ടുള്ള ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന്റെ എല്ലാ ഫോട്ടോകൾക്കും    ഫേസ്ബുക്കിലെ   പോസ്റ്റുകളോട് കടപ്പാട് അറിയിക്കുന്നു.