പേജുകള്‍‌

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

തമ്പുരാന്‍ സ്മരണകള്‍ - 1

കഥകളി കലാകാരന്മാര്‍ക്കിടയില്‍ " തമ്പുരാന്‍ " എന്ന് അറിയപ്പെട്ടിരുന്ന ശ്രീ. കലാമണ്ഡലം (പന്തളം) കേരളവര്‍മ്മ അന്തരിച്ചു, 2010 ആഗസ്റ്റ്‌ 22 നു രാത്രി 11-മണിക്ക് കൊടുങ്ങല്ലൂരില്‍ ഉള്ള മകളുടെ ഗൃഹത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ നിമിത്തം കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലമായി കഥകളി രംഗത്ത് നിന്നും വിട്ട് വിശ്രമ ജീവിതത്തില്‍  ആയിരുന്നു.

പന്തളം കൊട്ടാരത്തിലെ അംബാലിക തമ്പുരാട്ടിയുടെയും കുമാരനല്ലൂര്‍ ഇടയിളത്ത്  ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെയും മകനായി 1929 ഡിസംബര്‍ 31-നു ജനിച്ചു. ബ്രഹ്മശ്രീ . മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ കീഴില്‍ കഥകളി അഭ്യാസം തുടങ്ങി. 11 - മത്തെ വയസ്സില്‍ അരങ്ങേറ്റം കഴിഞ്ഞു. നാല് വര്‍ഷത്തെ കഥകളി അഭ്യാസത്തിനു  ശേഷം കേരള കലാമണ്ഡലം വിദ്യാര്‍ത്ഥിയായി. ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ ശിഷ്യനായി ആറു വര്‍ഷം  സ്കോളര്‍ഷിപ്പോടെ ഉപരി പഠനം നടത്തി. തുടര്‍ന്ന് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളില്‍ അസൂയാവഹമായ സ്വാധീനം  ശ്രീ. കേരളവര്‍മ്മ നേടിയെടുത്തു. ശ്രീ. രാമന്‍കുട്ടി ആശാന്റെ മാസ്ടര്‍ പീസ്‌ വേഷങ്ങളായ തോരണയുദ്ധത്തിലെയും ലവണാസുരവധത്തിലെയും സൌഗന്ധികതിലേയും ഹനുമാന്‍ കണ്ട്‌ ആസ്വദിച്ചിട്ടുള്ള ദക്ഷിണ കേരളത്തിലെ കഥകളി ആസ്വാദകര്‍ക്ക് ഏറെക്കുറെ അതേ സംതൃപ്തി നല്‍കാന്‍ കേരളവര്‍മ്മയുടെ "ഹനുമാന്‍" വേഷങ്ങള്‍ക്ക് സാധിച്ചിരുന്നു എന്ന് നിസ്സംശയം പറയാം.

ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള ആശാന്റെ ബാലിവിജയത്തില്‍ രാവണന് നാരദനായി തമ്പുരാന്‍ എത്തുമ്പോള്‍ പ്രയോഗിച്ചിരുന്ന അതേ സ്വാതന്ത്ര്യം  ശ്രീ. രാമന്‍ കുട്ടി ആശാന്റെ രാവണനോടും കാട്ടുന്നത് കണ്ട്‌  ആസ്വാദകര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്രീ. രാമന്‍കുട്ടി ആശാന്റെ രാവണന് ദക്ഷിണ കേരളത്തിലെ അരങ്ങുകളില്‍  കൂടുതല്‍ നാരദവേഷം ചെയ്തിട്ടുള്ളത് തമ്പുരാന്‍ തന്നെയാണ്. ആശാന്റെ തോരണയുദ്ധത്തിലെ ഹനുമാനോടൊപ്പം സ്വാതന്ത്ര്യം ഉപയോഗിക്കുന്ന  തമ്പുരാന്റെ പ്രഹസ്തനെയും കണ്ടിട്ടുണ്ട് എന്ന് സ്മരിക്കുമ്പോള്‍  കോട്ടയം ജില്ലയിലുള്ള  മീനടം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഒരു കളിക്ക് ആശാന്റെ ഹനുമാനോടൊപ്പം ഭീമന്‍ ( ഞാന്‍ കണ്ടിട്ടുള്ളഅദ്ദേഹത്തിന്റെ ഒരേ ഒരു പച്ച വേഷം ) കെട്ടാന്‍ നിര്‍ബന്ധിതനായപ്പോള്‍ തമ്പുരാനില്‍ ഒരു തരം ഭയം അനുഭവപ്പെട്ടിരുന്നു എന്നതും സ്മരിച്ചേ മതിയാവൂ.
എല്ലാ വട്ടമുടി വേഷങ്ങളെ കൂടാതെ ദുര്യോധനവധത്തില്‍ ദുര്യോധനന്‍, രൌദ്രഭീമന്‍,  നിഴല്‍കുത്തില്‍ ദുര്യോധനന്‍, മലയന്‍ , മാന്ത്രികന്‍, കര്‍ണ്ണശപഥത്തില്‍  ദുര്യോധനന്‍ ,  നളചരിതം രണ്ടാം ദിവസത്തിലെയും കിരാതത്തിലെയും കാട്ടാളന്‍ സന്തനഗോപലത്തില്‍ ബ്രാഹ്മണന്‍, കച- ദേവയാനിയില്‍ ശുക്രാചാര്യന്‍,  ബാലിവിജയത്തില്‍ രാവണന്‍, നാരദന്‍ കീചകവധത്തില്‍ വലലന്‍, സുഭദ്രാഹരണത്തില്‍ ബലഭദ്രന്‍ , സീതാസ്വയംവരത്തില്‍ പരശുരാമന്‍ , പ്രഹ്ലാദചരിതത്തില്‍ ഹിരണ്യന്‍, നരസിംഹം   എന്നീ വേഷങ്ങള്‍ക്ക് പുറമേ ബകവധത്തില്‍ ആശാരി, ബാണയുദ്ധത്തില്‍  വൃദ്ധ, ലവണാസുരവധത്തില്‍ മണ്ണാന്‍ എന്നീ വേഷങ്ങളും   കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്.ഫലിതം അദ്ദേഹത്തിന്റെ   കളിയരങ്ങുകളിലും ജീവിതത്തിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ  ഫലിത രസപ്രധാനമായ വേഷങ്ങള്‍ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. കഥകളി ചുമതലയെടുത്തു നടത്തുക, കഥകളി ടൂര്‍ നടത്തുക, കലാമണ്ഡലത്തിലെ ഗുരുക്കന്മാര്‍, ഗുരുസമാനര്‍, സീനിയര്‍, ജൂനിയര്‍, സുഹൃത്തുക്കള്‍   എന്നിവരെയെല്ലാം  ദക്ഷിണ കേരളത്തിലെ തനിക്കു സ്വാധീനമുള്ള കളിയരങ്ങുകളില്‍ എത്തിക്കുക,  ഗുരുനാഥന്മാരെയും,   പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍,  ശ്രീ. ഉണ്ണികൃഷ്ണ കുറുപ്പ് , ശ്രീ. പല്ലശന  ചന്ദ്രമന്നാടിയാര്‍  ഉള്‍പ്പടെയുള്ള  പ്രമുഖ കലാകാരന്മാരെ ആദരിക്കുന്നതിലും   ശ്രീ. കേരളവര്‍മ്മക്ക്  ഉണ്ടായിരുന്ന  പങ്കു പ്രശംസാവഹമാണ്‌.

 ( ഇരിക്കുന്നവര്‍  ഇടതു ഭാഗത്ത്‌ നിന്നും : ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, ശ്രീ. വാരണാസി മാധവന്‍ നമ്പുതിരി,     ശ്രീ. പന്തളം  കേരളവര്‍മ്മ,  ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള,  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നിവര്‍ )


തമ്പുരാന്റെ ദുര്യോധനവധത്തില്‍ ദുര്യോധനന്‍ സ്ഥലജല വിഭ്രമം അവതരിപ്പിക്കുമ്പോള്‍ സദസ്യരെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ പൊടിക്കൈകള്‍ പ്രയോഗിച്ചിരുന്നു.  മിക്ക ദുര്യോധനന്മാരും സ്ഥലജല വിഭ്രമം കഴിഞ്ഞു രംഗത്ത് എത്തി പാഞ്ചാലിയെ നോക്കി " കൈ തട്ടി ചിരിച്ചതിനു പകരം വീട്ടും എന്ന ഒരു മുന്നറിയിപ്പ് നല്‍കി " രംഗം വിടുകയും   ദുശ്സാസനന്‍ മയന്റെ ശില്‍പ്പങ്ങള്‍ അസൂയയോടെയും  അത്ഭുതത്തോടെയും  നോക്കി  കാണുന്നതായും അവതരിപ്പിക്കുന്നതായാണ് ഞാൻ കണ്ടിട്ടുള്ളത് . "ശില്‍പ്പി മയാസുര കല്‍പ്പിതം അത്ഭുതം " എന്ന പദത്തിന് ഒത്ത ആട്ടങ്ങള്‍ തമ്പുരാന്റെ ദുര്യോധനന്‍  രംഗത്ത് നിര്‍ബന്ധമായും കാട്ടി വന്നിരുന്നു . അദ്ദേഹത്തിന്റെ  ഈ പ്രയോഗങ്ങള്‍ കാരണം രംഗത്തിനു ഒരു പ്രത്യേകത അനുഭവപ്പെട്ടിരുന്നു.


ശ്രീ. എം. കെ .കെ  നായര്‍ അവര്‍കളുടെ മാതാവിന്റെ  സ്മരണ ദിനത്തിനു തിരുവനന്തപുരത്തുള്ള പാല്‍കുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പതിവായി കഥകളി നടത്തി വന്നിരുന്നു. കളിക്ക് കലാകാരന്മാരെ തീരുമാനിക്കുക , ക്ഷണിക്കുക, അവര്‍ക്ക് മാന്യമായ വേഷം നല്‍കുക എന്നീ ചുമതലകള്‍ തമ്പുരാനിലും ശ്രീ. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയിലുമാണ് നിയോഗിക്കപ്പെട്ടിരുന്നത്. ശ്രീ.എം.കെ.കെ  നായരുടെ സഹോദരന്‍ ശ്രീ. കെ. പി .നായര്‍ അവര്‍കളുടെ വസതിയില്‍ തമ്പുരാന്റെ ഒരു കത്തി വേഷത്തിന്റെ വലിയ  ഫോട്ടോവാണ് ഫ്രെയിം ചെയ്തു വെച്ചിരുന്നത് . അത്ര കണ്ടു  ശ്രീ. കെ. പി .നായര്‍ അവര്‍കളെ   സ്വാധീനിക്കാന്‍ കേരളവര്‍മ്മക്ക് സാധിച്ചിരുന്നു എന്നതിന്റെ വലിയ തെളിവാണത്.

                                    (ശുക്രനും കചനും , തമ്പുരാനും ചെന്നിത്തല ആശാനും ‍)
  
തമ്പുരാനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹരിച്ഛന്ദ്രചരിതത്തിലെ   ശുക്രനെയാണ് എനിക്ക്  ഓര്‍മ്മ വരുന്നത്.  ഒരിക്കല്‍ കൊല്ലം കാര്‍ത്തിക ഹോട്ടല്‍ അരങ്ങില്‍ നടന്ന ഹരിച്ഛന്ദ്രചരിതം കഥകളിയില്‍ വസിഷ്ടനും ശുക്രനും ആയിരുന്നു തമ്പുരാന്റെ വേഷങ്ങള്‍ . കഥയില്‍ വിശ്വാമിത്രന്‍ സൃഷ്ടിച്ച് അയച്ച രതി, വിരതികളെ ആട്ടിപ്പായിച്ച ഹരിച്ഛന്ദ്രനോട് രതി, വിരതിമാരെ സ്വീകരിക്കുക അല്ലെങ്കില്‍ രാജ്യം  തനിക്കു നല്‍കുക എന്ന് വിശ്വാമിത്രന്‍ ആജ്ഞാപിക്കുമ്പോള്‍ , സത്യ പാലനത്തിനായി രാജ്യം വിശ്വാമിത്രനെ ഏല്‍പ്പിച്ചു അദ്ദേഹം നല്‍കുന്ന വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട്   ഹരിച്ഛന്ദ്രനും, ഭാര്യ ചന്ദ്രമതിയും, മകന്‍ ലോഹിതാക്ഷനും  വനത്തിലേക്ക് യാത്രയാകുന്നു . ഹരിച്ചന്ദ്രന്‍ രാജാവായിരുന്ന സമയത്ത്  വിശ്വാമിത്രനുമായി ഉണ്ടായിരുന്ന ഒരു കടം, അത് വനവാസത്തില്‍ വാങ്ങി വരുവാന്‍ ( പരമാവധി ശല്യപ്പെടുതുവാന്‍  ) തന്റെ ശിഷ്യനായ ശുക്രനെ വിശ്വാമിത്രന്‍ ചുമതലപ്പെടുത്തി,  ഹരിച്ഛന്ദ്രന്റെയും കുടുംബത്തിന്റെ കൂടെ വനത്തില്‍ എത്തുന്ന ശുക്രന്‍ വിശപ്പ് , ദാഹം, നടക്കാന്‍ ബുദ്ധിമുട്ട് , ഇവ മൂലം ഉണ്ടാകുന്ന കോപവും മറ്റും തമ്പുരാന്റെ ശുക്രനില്‍ കണ്ടത് പോലെ മറ്റൊരു ശുക്രനിലും കണ്ടതായി ഓര്‍മ്മയില്ല. അന്നത്തെ ഹരിച്ഛന്ദ്ര വേഷമിട്ട ചെന്നിത്തല ആശാന് പരമാവധി തലവേദന നല്‍കാന്‍ ശുക്രന്‍ പ്രയോഗിച്ച പണികള്‍ സദസ്യരെ കുടു കുടാ ചിരിപ്പിച്ചിരുന്നു. അവശയായ ഭാര്യയെ താങ്ങിയും , മകനെ എടുത്തു കൊണ്ടും ഹരിച്ഛന്ദ്രന്‍ കാട്ടില്‍ കൂടി നടക്കുമ്പോള്‍  മകനെ താഴെ നിര്‍ത്തി തന്നെ എടുക്കുവാന്‍ ഹരിച്ഛന്ദ്രനോട്  ആവശ്യപ്പെടുന്ന   ( തമ്പുരാനു ചെന്നിത്തല ആശാനേക്കാള്‍ പൊക്കം കുറവാണ് എങ്കിലും  ശരീരം  കൊണ്ട് വലിപ്പം കൂടുതലാണ് )  ആ ശുക്രനെ മറക്കാനേ സാധിക്കുന്നില്ല .   ഹരിച്ഛന്ദ്രന്റെ മകന്റെ കയ്യില്‍ നിന്നും ബലമായി ആഹാരം പിടിച്ചു വാങ്ങി ഭക്ഷിക്കുക, ഹരിച്ഛന്ദ്രന്റെ മടിയില്‍ തല വെച്ചുറങ്ങുന്ന ശുക്രന്‍ നിദ്രാഭംഗം  ഉണ്ടാകുമ്പോള്‍ കോപപ്പെടുക എന്നിങ്ങനെ ചെയ്യുന്നതിനും ഉപരിയായി ഒരു കയ്യ് സ്വാധീനം ഇല്ലാ എന്ന് തോന്നും വിധത്തില്‍ ഉള്ള   ശുക്രനെയാണ് തമ്പുരാന്‍ അവതരിപ്പിച്ചത്. ചുരുക്കത്തില്‍ യഥാര്‍ത്ഥ ഹരിച്ഛന്ദ്രന്‍ ശുക്രനെ കൊണ്ടു അനുഭവിച്ച യാതനയെക്കാള്‍ ഏറെ അരങ്ങിലെ ഹരിച്ഛന്ദ്രന്  നല്‍കാന്‍ തമ്പുരാന്റെ ശുക്രന്‍ ശ്രമിച്ചിരുന്നു.

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

സന്താനഗോപാലവും ചില അരങ്ങു കഥകളും - 3

കലാമണ്ഡലത്തിലെ (1960-61)  വള്ളത്തോള്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന സന്താനഗോപാലം കഥകളിയില്‍ ശ്രീ. കൃഷ്ണന്‍ നായര്‍ ആശാന്റെ ബ്രാഹ്മണന്‍ ചെയ്ത നര്‍മ്മ പ്രയോഗമായ  പുത്ര നിഷേധത്തെ തുടര്‍ന്ന് കൃഷ്ണാര്‍ജുനന്മാര്‍ ഇടപെട്ടു ഇത് അങ്ങയുടെ പുത്രന്‍ തന്നെ എന്ന് സമാധാനപ്പെടുത്തി  ബ്രാഹ്മണനെ  ഏല്‍പ്പിച്ചു. സദസ്സിന്റെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്നിരുന്ന കഥകളിയുടെ എട്ടും പൊട്ടും അറിയാത്ത ഹൈദരാലി എന്ന  ആ ബാലനെ ബ്രാഹ്മണന്‍ കെട്ടിപ്പിടിച്ചു ആലിംഗനം ചെയ്ത് മുഖത്ത് ചുംബിച്ചു.  ആ ആലിംഗനം ഹൈദരാലി എന്ന ബാലനെ ആനന്ദ ലഹരിയില്‍ എത്തിച്ചു എന്ന് മാത്രമല്ല ആ ബാലന്റെ മനസ്സില്‍ മറക്കാന്‍ ആവാത്ത ഒരു അനുഭവവും ആയി തീര്‍ന്നു. അതോടെ ഹൈദരാലി എന്ന ആ ബാലന്റെ മനസ്സില്‍ ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന മഹാനുഭാവന് ഒരു സ്ഥാനം ഉണ്ടായി. ഇത് മനസിലാക്കിയ ഹൈദരലിയുടെ സഹപാഠികള്‍ പിന്നീട് ഏതു കളിസ്ഥലത്ത് ചെന്നാലും " എടാ നിന്റെ ആ കൃഷ്ണന്‍ ആശാന്‍ വന്നിട്ടുണ്ട് " എന്ന് പറയും.ഹൈദരാലി അത് വിശ്വസിച്ചു പരിസരം ശ്രദ്ധിക്കും. അങ്ങിനെ ഒരു മാനസീക ബന്ധം ആ ബാലന്റെ മനസ്സില്‍ വളര്‍ന്നു കൊണ്ടേ ഇരുന്നു. കാല ക്രമേണ അത് ആരാധനയായി മാറി. ആ ആരാധനാ മൂര്‍ത്തിക്ക് വേണ്ടി പാടുക എന്ന സ്വപ്നവും കാലപോക്കില്‍ സാക്ഷാത്കരിക്കപ്പെട്ടു. കേരളത്തില്‍ അങ്ങോളം ഇങ്ങോളം എന്നല്ല, ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശങ്ങളിലും അദ്ദേഹത്തിന്റെ വേഷങ്ങള്‍ക്ക് പൊന്നാനിക്കാരന്‍ ആയി.

 

                       നളന്‍. പത്മശ്രീ . കലാമണ്ഡലം കൃഷ്ണന്‍ നായര്‍നളചരിതം രണ്ടാം ഭാഗത്തിലെ " ഒരു നാളും നിരൂപിതമല്ലേ" എന്ന വേര്‍പാട് രംഗം കൃഷ്ണന്‍ നായര്‍ ആശാന്റെ നളനു വേണ്ടി പാടുമ്പോള്‍, ആ നളന്റെ അണ പൊട്ടി ഒഴുകുന്ന ദുഃഖഭാരത്തില്‍ ലയിക്കുമ്പോള്‍ ഹൈദരാലിയുടെ തൊണ്ട ഇടറിപ്പോയിട്ടുണ്ട്. ഒരിക്കല്‍ കോട്ടയം കളിയരങ്ങില്‍ നളചരിതം നാലാം ഭാഗം അവതരിപ്പിച്ചപ്പോള്‍ അന്ന് ശിങ്കിടി ഗായകന്‍ കളിക്ക് എത്തിയില്ല. കേശിനി വേഷം ഒഴിഞ്ഞു ഇലത്താളം പിടിക്കാന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി തയ്യാറായതോടെ ഹൈദരാലി ഒറ്റയ്ക്ക് പൊന്നാനിയും ശിങ്കിടിയും പാടി. കളി കഴിഞ്ഞപ്പോള്‍ അന്ന് ബഹുകാനായി വേഷമിട്ട  കൃഷ്ണന്‍ നായര്‍ ആശാന്‍ ഹൈദരാലിയെ അടുത്ത് വിളിച്ചു." പാട്ട് നന്നായി. ഹൈദരാലി ഒറ്റയ്ക്ക് പാടുന്നതാണ് നല്ലത് " എന്ന് ചിരിച്ചു കൊണ്ട് ഒരു കമന്റും പാസാക്കി. തീര്‍ച്ചയായും ഹൈദരാലി എന്ന കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം.


ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അന്തരിച്ചു എന്ന വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ " ആ വാര്‍ത്ത‍ സത്യമയിരിക്കല്ലേ " എന്ന പ്രാര്‍ത്ഥനയോടെയാണ് ഹൈദരാലി ത്രിപ്പൂണിതുറയിലേക്ക്  യാത്ര തിരിച്ചത് . ആ മഹാനുഭാവന്റെ മൃത ശരീരത്തിലേക്ക് നോക്കി കണ്ണീര്‍ വിടുമ്പോള്‍ മനസില്‍ ഓടിയെത്തിയത് എത്ര എത്ര ഹംസവേഷക്കാര്‍ ആശാന്റെ നളവേഷത്തെ നോക്കി " ഉപമാ നഹി തവ മൂന്നു ഉലകിലും " എന്ന് മുദ്ര കാട്ടിയിട്ടുള്ളത്  എന്നാണ്.
                                   പത്മശ്രീ . കലാമണ്ഡലം കൃഷ്ണന്‍ നായര്‍

ഒരു സന്താനഗോപാലം കഥകളി അരങ്ങിലെ കൃഷ്ണന്‍ നായര്‍ ആശാന്റെ ബ്രാഹ്മണന്‍ ചെയ്ത നര്‍മ്മ പ്രയോഗത്തിലൂടെ ഹൈദരാലിയുടെ  മനസ്സില്‍ മുളച്ച ആരാധനാ ബന്ധം, സ്വര്‍ഗ്ഗാരൂഡരായ ആ രണ്ടു പുണ്യ ആത്മാക്കള്‍ക്കിടയില്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെ പറ്റി ശ്രീ. കലമണ്ഡലം ഹൈദരലിയുടെ വാക്കുകള്‍ കൂടി സ്മരിച്ചാലെ ഈ കഥ പൂര്‍ണതയില്‍ എത്തുകയുള്ളൂ.
                             ശ്രീ. കലാണ്ഡലം ഹൈദരാലി

" എല്ലാ നൃത്ത നൃത്യ കലകള്‍ക്കും മാതൃകയായിരുന്ന ആ അഭിനയ ചക്രവര്‍ത്തിയുടെ വേര്‍പാട്‌ കഥകളിക്ക്‌ എന്നല്ല മറ്റു കലകള്‍ക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും. ഇനി നല്ലൊരു തികഞ്ഞ കഥകളി കലാകാരന്‍ ഉണ്ടാകണം എങ്കില്‍ ലോകം തിരിഞ്ഞു കറങ്ങി ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതു അമ്പതുകളിലേക്ക് മടങ്ങി വരേണ്ടി വരും".
 
(ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മരണികയില്‍ ശ്രീ. കലാമണ്ഡലം ഹൈദരാലി എഴുതിയ
" ഉപമാ നഹി തവ മൂന്നു ഉലകിലും" എന്ന ലേഖനത്തെ അടിസ്ഥാനമാക്കി തയാറാക്കിയത് )

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

സന്താന ഗോപലവും ചില അരങ്ങു കഥകളും- 2

ശ്രീ. പൊതുവാള്‍ ആശാന്റെ  സാങ്കല്‍പ്പീക നര്‍മ്മ കഥയില്‍ അര്‍ജുനന്‍ മദ്യപിച്ചു എന്നത് നാം കണക്കില്‍ എടുക്കേണ്ട  എന്നിരുന്നാല്‍ തന്നെ  അമിതമായി   മദ്യപിച്ചു കൊണ്ട്   കളിക്ക് എത്തി സന്താനഗോപാലം കഥകളിയില്‍ അര്‍ജുനന്റെ വേഷം  കെട്ടി അരങ്ങില്‍   വില കുറഞ്ഞ മനോധര്‍മ്മ പ്രകടനങ്ങള്‍ ചെയ്തു  ഒരു തരം  അരോചകം ഉണ്ടാക്കുന്ന കഥകളി കലാകാരന്മാരും  കഥകളി ലോകത്ത് ഉണ്ട് എന്ന് മനസിലാക്കണം.  

2005  ജനവരിയില്‍   കോട്ടയം കുമളി റൂട്ടില്‍  കോത്തല ഇളംകാവ് ക്ഷേത്രത്തില്‍ ഒരു കളി. എനിക്ക്  തീരെ പരിചയം ഇല്ലാത്ത സ്ഥലം.  കഥകളി ഉണ്ടെന്നു അറിഞ്ഞു അവിടേക്ക് തിരിച്ചതാണ്.  ഇളംകാവ് ക്ഷേത്രത്തി ലേക്ക് ഉള്ള വഴി എന്ന് ബോര്‍ഡ്  കണ്ടു  ജംഗ്ഷനില്‍ ഇറങ്ങുമ്പോള്‍  രാത്രി എട്ടര മണി.  റോഡ്‌  സൈഡില്‍  ഒന്നോ രണ്ടോ വീടുകള്‍ മാത്രമാണ് കാണാന്‍ സാധിച്ചത് .   സ്ട്രീറ്റ്  ലൈറ്റും ഇല്ല. ഇരു വശത്തും   കൃഷി സ്ഥലങ്ങള്‍ മാത്രം.കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ റബ്ബര്‍ തോട്ടം.  ഓരോ കാലടി വെക്കുമ്പോഴും ഇഴ ജന്തുക്കളെ ഭയം.  റബ്ബര്‍ തോട്ടം കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ക്ഷേത്രം. ക്ഷേത്രത്തിനു സമീപം കുറച്ചു വീടുകള്‍.  വളരെ കഷ്ടപ്പെട്ട് ക്ഷേത്രത്തില്‍ എത്തി. അണിയറയില്‍ അധികവും പരിചയം ഉള്ള മുഖങ്ങള്‍ തന്നെ ആയിരുന്നു.  ആദ്യ കഥ സന്താനഗോപാലം. അര്‍ജുനന്‍ തേക്കുന്ന നടന്‍ ഫുള്‍ കണ്ടീഷനില്‍ ആണ്.  കളിക്ക് പാടാന്‍ ശ്രീ. കലാമണ്ഡലം ഹൈദരാലിയും, ശ്രീ. പത്തിയൂര്‍ ശ ങ്കരന്‍ കുട്ടിയും ശ്രീ. രാജീവനും, ചെണ്ടക്ക് ശ്രീ. കലാമണ്ഡലം കൃഷ്ണദാസും ശ്രീ കലഭാരതി ഉണ്ണികൃഷ്ണനുംഉണ്ടായിരുന്നു. ആ ഗ്രാമ പ്രദേശത്തു കഥകളി കാണാന്‍ എത്തിയ കൂട്ടത്തെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
 
കളി തുടങ്ങി. അര്‍ജുനനടന്‍ മദ്യപിച്ചിട്ടാണ് അരങ്ങില്‍ എത്തിയിരിക്കുന്നത് എന്ന് കളി കാണാന്‍ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും മനസിലാക്കാന്‍ വിഷമം ഉണ്ടായില്ല. മദ്യപിച്ച അര്‍ജുന നടന്‍  ചെയ്യുന്നതിനേക്കാള്‍ തരമില്ലാത്ത പ്രവര്‍ത്തിയാണ് മദ്യപിക്കാതെ കളിക്ക് എത്തിയ ബ്രാഹ്മണപത്നി നടന്‍ ചെയ്തത് എന്നതും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്. യാദവ സഭയില്‍ നടന്ന സംഭവങ്ങള്‍ ബ്രാഹ്മണന്‍ തന്റെ പത്നിയോട് വിവരിക്കുന്ന രംഗത്ത്  " ഇനിമേലില്‍ നമുക്കുണ്ടാവുന്ന പുത്രന്മാരെ സംരക്ഷിച്ചു തരാമെന്ന് പാര്‍ത്ഥന്‍ സത്യം ചെയ്തു തന്നിട്ടുണ്ട് എന്ന്  ബ്രാഹ്മണന്‍ അറിയിക്കുമ്പോള്‍ ബ്രാഹ്മണ പത്നിക്ക്‌ വന്നതോ  ലജ്ജ". ഒന്‍പതു പ്രസവം കഴിഞ്ഞു ആ കുട്ടികള്‍ എല്ലാം മരിച്ചുപോയ ദുഃഖം താങ്ങി നടക്കുന്ന ബ്രാഹ്മണപത്നിക്ക്‌ ഇനി ഒരു പരീക്ഷണത്തിന്‌  ഞാന്‍ തയ്യാറല്ല  എന്ന ഭാവം ആണ് വരേണ്ടത്.  ഇതാണ് പാത്ര ബോധത്തിന്റെ അവസ്ഥ. നമ്മുടെ സങ്കല്‍പ്പത്തിലെ  ബ്രാഹ്മണപത്നിയെ കൊന്നു കൊലവിളിയും നടത്തി ആ ബ്രാഹ്മണപത്നി എന്ന് പറയുന്നതാവും ശരി.  
സന്താനഗോപാലം കളിയുടെ അവസാന രംഗത്തില്‍ ഒന്‍പതു  ബാലന്മാരെ  തയ്യാര്‍ ആക്കി ബ്രാഹ്മണന് നല്‍കാന്‍ നിര്‍ത്തിയിരുന്നു. അര്‍ജുനന്‍ ഓരോ കുട്ടികളെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു . ചില കുട്ടികള്‍ ബ്രാഹ്മണനെ പോലെ ഇരിക്കുന്നു. ചിലത് "സാപ്പട്ടുരാമന്‍"  തന്നെ എന്നൊക്കെയുള്ള  രസികത്തങ്ങള്‍ കാട്ടി  സന്തോഷത്തോടെ ഓരോരോ കുട്ടികളെ  ബ്രാഹ്മണനെ ഏല്‍പ്പിച്ചു. ബ്രാഹ്മണനും പിന്നീട് ബ്രാഹ്മണപത്നിയും  കുട്ടികളെ കെട്ടിപ്പിടിച്ചു.  ഏഴാമത്തെ കുട്ടിയെ കെട്ടിപ്പിടിച്ചിട്ട് അര്‍ജുനന്‍ പെട്ടെന്ന് ആ കുട്ടിയെ ഒന്ന് സൂക്ഷിച്ചു  നോക്കി, ഒന്ന് പിറകോട്ടു അകന്നിട്ടു  " പല്ല് തേക്കാറില്ലേ" എന്നൊരു ചോദ്യം.
ഒരു കലാ സ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുന്ന ആ നടന്‍, മഹാനായ ഒരു ഗുരുനാഥന്റെ ശിഷ്യന്‍ എന്നിങ്ങനെ പ്രശംസാര്‍ഹാനായ  നടന്റെ   പ്രവര്‍ത്തി വളരെ അരോചകമായി തോന്നി. 
അര്‍ജുന നടന്റെ  ഈ വില കുറഞ്ഞ  മനോധര്‍മ്മ പ്രകടനം കണ്ടപ്പോള്‍ എന്റെ അടുത്തിരുന്ന ഒരു  കഥകളി ആസ്വാദകന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.  ഒരു കഥകളി കലാകാരന്റെ വിലകുറഞ്ഞ മനോധര്‍മ്മ പ്രകടനം കൊണ്ട് കഥാപാത്രത്തിന്റെ മാന്യത നഷ്ടപ്പെടുന്നതിന്റെ വിഷമം ആ ആസ്വാദകനില്‍ കാണുവാന്‍ സാധിച്ചു. ഒരു പക്ഷെ അമിതമായ മദ്യ ലഹരി കൊണ്ടാകാം ഇങ്ങിനെ സംഭവിച്ചത്
 
ഒരിക്കല്‍ സന്താനഗോപാലം കഥകളി അവതരിപ്പിച്ചപ്പോള്‍  
കൃഷ്ണാര്‍ജുനന്മാര്‍ നല്‍കുന്ന ബാലന്മാരില്‍  ഏതെങ്കിലും ഒന്നിനെ നോക്കിയിട്ട് " ഇത് എന്റെ കുട്ടി അല്ലാ" എന്ന് ബ്രാഹ്മണന്‍ ഒരു നിഷേധ പ്രകടനം നടത്തിയതായി താന്‍ കണ്ടിട്ടുണ്ട് എന്ന്  ആ ആസ്വാദകന്‍ പറഞ്ഞപ്പോള്‍  ഒരു നിമിഷം സ്തംഭിച്ചു പോയി.   ഇതും ഒരിക്കലും ന്യായപ്പെടുത്താന്‍ ആവാത്ത ഒരു പ്രയോഗം എന്ന് മാത്രമേ പറയുവാന്‍ സാധിക്കുന്നുള്ളൂ. " പരമ പുരുഷന്‍ തന്റെ (മഹാവിഷ്ണുവിന്റെ) പരിസര ഫണി തല്‍പ്പേ  പരിചില്‍ വിളങ്ങും ബാലന്മാരെ വാങ്ങി മോദാല്‍" എന്നാണല്ലോ പദത്തില്‍. ഈ  ബ്രാഹ്മണനു   മഹാവിഷ്ണുവിന്റെ മഹത്വം ഉള്‍കൊള്ളാന്‍ സാധിക്കാതെ പോയതില്‍ ഖേദിക്കയല്ലാതെ എന്തു ചെയ്യാന്‍?
വളരെ നിര്‍ബന്ധിച്ചപ്പോള്‍ 
ആസ്വാദകന്‍ ആ  ബ്രാഹ്മണനടന്റെ പേര് പറഞ്ഞു. അപ്പോള്‍ തന്നെ ഇതിന്റെ പിന്നിലെ രസകരമായ കഥയും ഓര്‍മ്മയില്‍ എത്തി. ഇതും ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില പ്രഗല്‍ഭ നടന്മാര്‍  അരങ്ങില്‍ ചെയ്യുന്ന നര്‍മ്മ പ്രയോഗങ്ങള്‍  ആസ്വാദകര്‍ രസിക്കുന്നുണ്ട് എന്ന് മനസിലാക്കി ചില നടന്മാര്‍  അതിനെ അനുകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ വന്നു ചേരുന്ന ദോഷങ്ങള്‍ തന്നെയാണ് ഇതെല്ലാം.
1960- 1961 കാലഘട്ടത്തില്‍ കലാമണ്ഡലത്തില്‍ നടത്തിയ വള്ളത്തോള്‍ ജയന്തിക്കു സന്താനഗോപാലം കഥകളി അവതരിപ്പിക്കുക  ഉണ്ടായി. അന്ന് ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെ ബ്രാഹ്മണ വേഷത്തിനായി  വിശേഷാല്‍ ക്ഷണിച്ചിരുന്നു. ആ സമയത്ത് അവിടെ  കഥകളി, കഥകളി മേളം , കഥകളി സംഗീതം ഇവ അഭ്യസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം തന്നെ കൃഷ്ണന്‍ നായര്‍ ആശാനെന്ന  പ്രശസ്ഥനായ   മഹാനുഭാവനെ കാണാന്‍ വളരെ താല്‍പ്പര്യവും  ഉണ്ടായിരുന്നു. അന്ന് കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിക്കാന്‍ ഹൈദരാലി  എന്ന ഒരു ബാലന്‍ ഉണ്ട് എന്ന് ആശാനും അറിഞ്ഞിരുന്നു. ഹൈദരാലി എന്ന ആ ബാലനെ ആരോ കൂട്ടി വന്നു ആശാനെ  പരിചയപ്പെടുത്തി. പിന്നീട്   സന്താന ഗോപാലം കഥയുടെ അവസാന രംഗത്തേക്കായി  അണിയറയില്‍ ബ്രാഹ്മണ പുത്രന്മാരായി ഒന്‍പതു കുട്ടികളെ ഒരുക്കി പൂണൂലും ഭസ്മ്മക്കുറിയും  അണിയിക്കുന്ന തിരക്കിനു ഇടയില്‍  ബ്രാഹ്മണപുത്രരില്‍ ഒരുവനായി ഹൈദരാലി വേഷം ഒരുങ്ങുന്നത്  ശ്രദ്ധിച്ചപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ മനസ്സില്‍ നര്‍മ്മം ഉദിച്ചു. അര്‍ജുനന്‍ ഏല്‍പ്പിച്ച ഓരോ ബാലന്മാരെയും ബ്രാഹ്മണന്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു. ഹൈദരാലിയുടെ  ഊഴം എത്തി. അര്‍ജുനന്‍ കറുത്ത് മെലിഞ്ഞ ആ ബാലനെ ബ്രാഹ്മണനെ ഏല്‍പ്പിച്ചു. ബ്രാഹ്മണന്‍ ആ ബാലനെ ഒന്ന് സൂക്ഷിച്ചു നോക്കി. കറുത്ത് മെലിഞ്ഞ ആ ബാലന്റെ മുഖത്ത് ബ്രാഹ്മണത്തം  ഇല്ല എന്ന് കാട്ടി "ഇത് എന്റെ പുത്രന്‍ അല്ല " എന്ന് നിഷേധിച്ചു തിരിഞ്ഞു  നിന്നു.    കൃഷ്ണന്‍ നായര്‍ ആശാന്റെ  ബ്രാഹ്മണന്‍  അവതരിപ്പിച്ച ഈ നര്‍മ്മ പ്രയോഗം അരങ്ങില്‍ കൃഷ്ണനായും  അര്‍ജുനനായും ബ്രാഹ്മണപത്നിയായും വേഷമിട്ടിരുന്ന നടന്മാരും  ഗായകരും മേളക്കാരും മാത്രമല്ല   കേരള കലാമണ്ഡലത്തിലെ "വിദ്വത്  സദസ്സ് "  പോലും മതിമറന്നു  പൊട്ടിച്ചിരിച്ചു ആസ്വദിച്ചു.പിന്നീട് അര്‍ജുനനും കൃഷ്ണനും രംഗത്ത് ഇടപെട്ടു. ഇത് അങ്ങയുടെ പുത്രന്‍ തന്നെയാണ് എന്ന്  ബ്രാഹ്മണനോട് പറഞ്ഞു സമാധാനപ്പെടുത്തി കളി തുടര്‍ന്നു.


 
ഇവിടെ കൃഷ്ണന്‍ നായര്‍ ആശാന്റെ  ബ്രാഹ്മണന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ചെയ്ത ഈ നര്‍മ്മ പ്രയോഗത്തെയും അത് കണ്ടു രസിച്ച സദസ്സിനെയും വീക്ഷിച്ച ഒരു കഥകളി കലാകാരന്‍  തനിക്കു ബ്രാഹ്മണ വേഷം ലഭിച്ചപ്പോള്‍  നടത്തിയ ഒരു അനുകരണ ശ്രമം തന്നെയാണ്  ഈ പുത്ര നിഷേധം.