പേജുകള്‍‌

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

സന്താന ഗോപലവും ചില അരങ്ങു കഥകളും- 2

ശ്രീ. പൊതുവാള്‍ ആശാന്റെ  സാങ്കല്‍പ്പീക നര്‍മ്മ കഥയില്‍ അര്‍ജുനന്‍ മദ്യപിച്ചു എന്നത് നാം കണക്കില്‍ എടുക്കേണ്ട  എന്നിരുന്നാല്‍ തന്നെ  അമിതമായി   മദ്യപിച്ചു കൊണ്ട്   കളിക്ക് എത്തി സന്താനഗോപാലം കഥകളിയില്‍ അര്‍ജുനന്റെ വേഷം  കെട്ടി അരങ്ങില്‍   വില കുറഞ്ഞ മനോധര്‍മ്മ പ്രകടനങ്ങള്‍ ചെയ്തു  ഒരു തരം  അരോചകം ഉണ്ടാക്കുന്ന കഥകളി കലാകാരന്മാരും  കഥകളി ലോകത്ത് ഉണ്ട് എന്ന് മനസിലാക്കണം.  

2005  ജനവരിയില്‍   കോട്ടയം കുമളി റൂട്ടില്‍  കോത്തല ഇളംകാവ് ക്ഷേത്രത്തില്‍ ഒരു കളി. എനിക്ക്  തീരെ പരിചയം ഇല്ലാത്ത സ്ഥലം.  കഥകളി ഉണ്ടെന്നു അറിഞ്ഞു അവിടേക്ക് തിരിച്ചതാണ്.  ഇളംകാവ് ക്ഷേത്രത്തി ലേക്ക് ഉള്ള വഴി എന്ന് ബോര്‍ഡ്  കണ്ടു  ജംഗ്ഷനില്‍ ഇറങ്ങുമ്പോള്‍  രാത്രി എട്ടര മണി.  റോഡ്‌  സൈഡില്‍  ഒന്നോ രണ്ടോ വീടുകള്‍ മാത്രമാണ് കാണാന്‍ സാധിച്ചത് .   സ്ട്രീറ്റ്  ലൈറ്റും ഇല്ല. ഇരു വശത്തും   കൃഷി സ്ഥലങ്ങള്‍ മാത്രം.കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ റബ്ബര്‍ തോട്ടം.  ഓരോ കാലടി വെക്കുമ്പോഴും ഇഴ ജന്തുക്കളെ ഭയം.  റബ്ബര്‍ തോട്ടം കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ക്ഷേത്രം. ക്ഷേത്രത്തിനു സമീപം കുറച്ചു വീടുകള്‍.  വളരെ കഷ്ടപ്പെട്ട് ക്ഷേത്രത്തില്‍ എത്തി. അണിയറയില്‍ അധികവും പരിചയം ഉള്ള മുഖങ്ങള്‍ തന്നെ ആയിരുന്നു.  ആദ്യ കഥ സന്താനഗോപാലം. അര്‍ജുനന്‍ തേക്കുന്ന നടന്‍ ഫുള്‍ കണ്ടീഷനില്‍ ആണ്.  കളിക്ക് പാടാന്‍ ശ്രീ. കലാമണ്ഡലം ഹൈദരാലിയും, ശ്രീ. പത്തിയൂര്‍ ശ ങ്കരന്‍ കുട്ടിയും ശ്രീ. രാജീവനും, ചെണ്ടക്ക് ശ്രീ. കലാമണ്ഡലം കൃഷ്ണദാസും ശ്രീ കലഭാരതി ഉണ്ണികൃഷ്ണനുംഉണ്ടായിരുന്നു. ആ ഗ്രാമ പ്രദേശത്തു കഥകളി കാണാന്‍ എത്തിയ കൂട്ടത്തെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
 
കളി തുടങ്ങി. അര്‍ജുനനടന്‍ മദ്യപിച്ചിട്ടാണ് അരങ്ങില്‍ എത്തിയിരിക്കുന്നത് എന്ന് കളി കാണാന്‍ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും മനസിലാക്കാന്‍ വിഷമം ഉണ്ടായില്ല. മദ്യപിച്ച അര്‍ജുന നടന്‍  ചെയ്യുന്നതിനേക്കാള്‍ തരമില്ലാത്ത പ്രവര്‍ത്തിയാണ് മദ്യപിക്കാതെ കളിക്ക് എത്തിയ ബ്രാഹ്മണപത്നി നടന്‍ ചെയ്തത് എന്നതും പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്. യാദവ സഭയില്‍ നടന്ന സംഭവങ്ങള്‍ ബ്രാഹ്മണന്‍ തന്റെ പത്നിയോട് വിവരിക്കുന്ന രംഗത്ത്  " ഇനിമേലില്‍ നമുക്കുണ്ടാവുന്ന പുത്രന്മാരെ സംരക്ഷിച്ചു തരാമെന്ന് പാര്‍ത്ഥന്‍ സത്യം ചെയ്തു തന്നിട്ടുണ്ട് എന്ന്  ബ്രാഹ്മണന്‍ അറിയിക്കുമ്പോള്‍ ബ്രാഹ്മണ പത്നിക്ക്‌ വന്നതോ  ലജ്ജ". ഒന്‍പതു പ്രസവം കഴിഞ്ഞു ആ കുട്ടികള്‍ എല്ലാം മരിച്ചുപോയ ദുഃഖം താങ്ങി നടക്കുന്ന ബ്രാഹ്മണപത്നിക്ക്‌ ഇനി ഒരു പരീക്ഷണത്തിന്‌  ഞാന്‍ തയ്യാറല്ല  എന്ന ഭാവം ആണ് വരേണ്ടത്.  ഇതാണ് പാത്ര ബോധത്തിന്റെ അവസ്ഥ. നമ്മുടെ സങ്കല്‍പ്പത്തിലെ  ബ്രാഹ്മണപത്നിയെ കൊന്നു കൊലവിളിയും നടത്തി ആ ബ്രാഹ്മണപത്നി എന്ന് പറയുന്നതാവും ശരി.  
സന്താനഗോപാലം കളിയുടെ അവസാന രംഗത്തില്‍ ഒന്‍പതു  ബാലന്മാരെ  തയ്യാര്‍ ആക്കി ബ്രാഹ്മണന് നല്‍കാന്‍ നിര്‍ത്തിയിരുന്നു. അര്‍ജുനന്‍ ഓരോ കുട്ടികളെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു . ചില കുട്ടികള്‍ ബ്രാഹ്മണനെ പോലെ ഇരിക്കുന്നു. ചിലത് "സാപ്പട്ടുരാമന്‍"  തന്നെ എന്നൊക്കെയുള്ള  രസികത്തങ്ങള്‍ കാട്ടി  സന്തോഷത്തോടെ ഓരോരോ കുട്ടികളെ  ബ്രാഹ്മണനെ ഏല്‍പ്പിച്ചു. ബ്രാഹ്മണനും പിന്നീട് ബ്രാഹ്മണപത്നിയും  കുട്ടികളെ കെട്ടിപ്പിടിച്ചു.  ഏഴാമത്തെ കുട്ടിയെ കെട്ടിപ്പിടിച്ചിട്ട് അര്‍ജുനന്‍ പെട്ടെന്ന് ആ കുട്ടിയെ ഒന്ന് സൂക്ഷിച്ചു  നോക്കി, ഒന്ന് പിറകോട്ടു അകന്നിട്ടു  " പല്ല് തേക്കാറില്ലേ" എന്നൊരു ചോദ്യം.
ഒരു കലാ സ്ഥാപനത്തിന്റെ പേരില്‍ അറിയപ്പെടുന്ന ആ നടന്‍, മഹാനായ ഒരു ഗുരുനാഥന്റെ ശിഷ്യന്‍ എന്നിങ്ങനെ പ്രശംസാര്‍ഹാനായ  നടന്റെ   പ്രവര്‍ത്തി വളരെ അരോചകമായി തോന്നി. 
അര്‍ജുന നടന്റെ  ഈ വില കുറഞ്ഞ  മനോധര്‍മ്മ പ്രകടനം കണ്ടപ്പോള്‍ എന്റെ അടുത്തിരുന്ന ഒരു  കഥകളി ആസ്വാദകന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.  ഒരു കഥകളി കലാകാരന്റെ വിലകുറഞ്ഞ മനോധര്‍മ്മ പ്രകടനം കൊണ്ട് കഥാപാത്രത്തിന്റെ മാന്യത നഷ്ടപ്പെടുന്നതിന്റെ വിഷമം ആ ആസ്വാദകനില്‍ കാണുവാന്‍ സാധിച്ചു. ഒരു പക്ഷെ അമിതമായ മദ്യ ലഹരി കൊണ്ടാകാം ഇങ്ങിനെ സംഭവിച്ചത്
 
ഒരിക്കല്‍ സന്താനഗോപാലം കഥകളി അവതരിപ്പിച്ചപ്പോള്‍  
കൃഷ്ണാര്‍ജുനന്മാര്‍ നല്‍കുന്ന ബാലന്മാരില്‍  ഏതെങ്കിലും ഒന്നിനെ നോക്കിയിട്ട് " ഇത് എന്റെ കുട്ടി അല്ലാ" എന്ന് ബ്രാഹ്മണന്‍ ഒരു നിഷേധ പ്രകടനം നടത്തിയതായി താന്‍ കണ്ടിട്ടുണ്ട് എന്ന്  ആ ആസ്വാദകന്‍ പറഞ്ഞപ്പോള്‍  ഒരു നിമിഷം സ്തംഭിച്ചു പോയി.   ഇതും ഒരിക്കലും ന്യായപ്പെടുത്താന്‍ ആവാത്ത ഒരു പ്രയോഗം എന്ന് മാത്രമേ പറയുവാന്‍ സാധിക്കുന്നുള്ളൂ. " പരമ പുരുഷന്‍ തന്റെ (മഹാവിഷ്ണുവിന്റെ) പരിസര ഫണി തല്‍പ്പേ  പരിചില്‍ വിളങ്ങും ബാലന്മാരെ വാങ്ങി മോദാല്‍" എന്നാണല്ലോ പദത്തില്‍. ഈ  ബ്രാഹ്മണനു   മഹാവിഷ്ണുവിന്റെ മഹത്വം ഉള്‍കൊള്ളാന്‍ സാധിക്കാതെ പോയതില്‍ ഖേദിക്കയല്ലാതെ എന്തു ചെയ്യാന്‍?
വളരെ നിര്‍ബന്ധിച്ചപ്പോള്‍ 
ആസ്വാദകന്‍ ആ  ബ്രാഹ്മണനടന്റെ പേര് പറഞ്ഞു. അപ്പോള്‍ തന്നെ ഇതിന്റെ പിന്നിലെ രസകരമായ കഥയും ഓര്‍മ്മയില്‍ എത്തി. ഇതും ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില പ്രഗല്‍ഭ നടന്മാര്‍  അരങ്ങില്‍ ചെയ്യുന്ന നര്‍മ്മ പ്രയോഗങ്ങള്‍  ആസ്വാദകര്‍ രസിക്കുന്നുണ്ട് എന്ന് മനസിലാക്കി ചില നടന്മാര്‍  അതിനെ അനുകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ വന്നു ചേരുന്ന ദോഷങ്ങള്‍ തന്നെയാണ് ഇതെല്ലാം.
1960- 1961 കാലഘട്ടത്തില്‍ കലാമണ്ഡലത്തില്‍ നടത്തിയ വള്ളത്തോള്‍ ജയന്തിക്കു സന്താനഗോപാലം കഥകളി അവതരിപ്പിക്കുക  ഉണ്ടായി. അന്ന് ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെ ബ്രാഹ്മണ വേഷത്തിനായി  വിശേഷാല്‍ ക്ഷണിച്ചിരുന്നു. ആ സമയത്ത് അവിടെ  കഥകളി, കഥകളി മേളം , കഥകളി സംഗീതം ഇവ അഭ്യസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം തന്നെ കൃഷ്ണന്‍ നായര്‍ ആശാനെന്ന  പ്രശസ്ഥനായ   മഹാനുഭാവനെ കാണാന്‍ വളരെ താല്‍പ്പര്യവും  ഉണ്ടായിരുന്നു. അന്ന് കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിക്കാന്‍ ഹൈദരാലി  എന്ന ഒരു ബാലന്‍ ഉണ്ട് എന്ന് ആശാനും അറിഞ്ഞിരുന്നു. ഹൈദരാലി എന്ന ആ ബാലനെ ആരോ കൂട്ടി വന്നു ആശാനെ  പരിചയപ്പെടുത്തി. പിന്നീട്   സന്താന ഗോപാലം കഥയുടെ അവസാന രംഗത്തേക്കായി  അണിയറയില്‍ ബ്രാഹ്മണ പുത്രന്മാരായി ഒന്‍പതു കുട്ടികളെ ഒരുക്കി പൂണൂലും ഭസ്മ്മക്കുറിയും  അണിയിക്കുന്ന തിരക്കിനു ഇടയില്‍  ബ്രാഹ്മണപുത്രരില്‍ ഒരുവനായി ഹൈദരാലി വേഷം ഒരുങ്ങുന്നത്  ശ്രദ്ധിച്ചപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ മനസ്സില്‍ നര്‍മ്മം ഉദിച്ചു. അര്‍ജുനന്‍ ഏല്‍പ്പിച്ച ഓരോ ബാലന്മാരെയും ബ്രാഹ്മണന്‍ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു. ഹൈദരാലിയുടെ  ഊഴം എത്തി. അര്‍ജുനന്‍ കറുത്ത് മെലിഞ്ഞ ആ ബാലനെ ബ്രാഹ്മണനെ ഏല്‍പ്പിച്ചു. ബ്രാഹ്മണന്‍ ആ ബാലനെ ഒന്ന് സൂക്ഷിച്ചു നോക്കി. കറുത്ത് മെലിഞ്ഞ ആ ബാലന്റെ മുഖത്ത് ബ്രാഹ്മണത്തം  ഇല്ല എന്ന് കാട്ടി "ഇത് എന്റെ പുത്രന്‍ അല്ല " എന്ന് നിഷേധിച്ചു തിരിഞ്ഞു  നിന്നു.    കൃഷ്ണന്‍ നായര്‍ ആശാന്റെ  ബ്രാഹ്മണന്‍  അവതരിപ്പിച്ച ഈ നര്‍മ്മ പ്രയോഗം അരങ്ങില്‍ കൃഷ്ണനായും  അര്‍ജുനനായും ബ്രാഹ്മണപത്നിയായും വേഷമിട്ടിരുന്ന നടന്മാരും  ഗായകരും മേളക്കാരും മാത്രമല്ല   കേരള കലാമണ്ഡലത്തിലെ "വിദ്വത്  സദസ്സ് "  പോലും മതിമറന്നു  പൊട്ടിച്ചിരിച്ചു ആസ്വദിച്ചു.പിന്നീട് അര്‍ജുനനും കൃഷ്ണനും രംഗത്ത് ഇടപെട്ടു. ഇത് അങ്ങയുടെ പുത്രന്‍ തന്നെയാണ് എന്ന്  ബ്രാഹ്മണനോട് പറഞ്ഞു സമാധാനപ്പെടുത്തി കളി തുടര്‍ന്നു.


 
ഇവിടെ കൃഷ്ണന്‍ നായര്‍ ആശാന്റെ  ബ്രാഹ്മണന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ചെയ്ത ഈ നര്‍മ്മ പ്രയോഗത്തെയും അത് കണ്ടു രസിച്ച സദസ്സിനെയും വീക്ഷിച്ച ഒരു കഥകളി കലാകാരന്‍  തനിക്കു ബ്രാഹ്മണ വേഷം ലഭിച്ചപ്പോള്‍  നടത്തിയ ഒരു അനുകരണ ശ്രമം തന്നെയാണ്  ഈ പുത്ര നിഷേധം.




10 അഭിപ്രായങ്ങൾ:

  1. ആശാനെ ഇത്തരം കഥകള്‍ പേരുവെച്ചെഴുതുമ്പോള്‍, അഭിമാനിയായ ‘വല്ലവരോ‘ അവരുടെ കുടുംബക്കാരോ പരാതി പറഞ്ഞാല്‍ എന്ത് ചെയ്യും?

    ഇതില്‍ കൃഷ്ണന്‍നായര്‍ ചെയ്തത് ശരിയല്ല എന്നതുതന്നെയാണെന്റെ അഭിപ്രായം. ‘മതി’ മറന്ന് പൊട്ടിച്ചിരിച്ചു ആ വിദ്വത് സദസ്സ് എന്നൊക്കെ പറയുമ്പോ കുറച്ച് കൂടുതലായിയേ.

    പിന്നെ പല്ല് തേച്ചില്ലേ നാവ് വടിച്ചില്ലേ വായ നാറുന്നു എന്നൊക്കെ ലവകുശന്മാന്‍-ഹനൂമാന്‍ സംവാദത്തില്‍ കണ്ടിട്ടുണ്ട്.

    ലങ്കാലക്ഷ്മി-ഹനൂമാന്‍ അതിലും ഇങ്ങനെയൊക്കെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്.
    -സു-

    മറുപടിഇല്ലാതാക്കൂ
  2. "അര്‍ജുനന്‍ കറുത്ത് മെലിഞ്ഞ ആ ബാലനെ ബ്രാഹ്മണനെ ഏല്‍പ്പിച്ചു. ബ്രാഹ്മണന്‍ ആ ബാലനെ ഒന്ന് സൂക്ഷിച്ചു നോക്കി. കറുത്ത് മെലിഞ്ഞ ആ ബാലന്റെ മുഖത്ത് ബ്രാഹ്മണത്തം ഇല്ല എന്ന് കാട്ടി..." - കള്ളുകുടിച്ച് പല്ലു തേക്കാറില്ലേ എന്നു ചോദിച്ച നടനേക്കാള്‍ അരോചകമായി കൃഷ്ണന്‍ നായരാശാന്‍ ചെയ്തത്.

    പുഴുപ്പല്ലായ ഏതെങ്കിലും കുട്ടി വന്നപ്പോളാവും അര്‍ജ്ജുനന്‍ അങ്ങിനെ ചോദിച്ചത്. പല്ലു തേയ്ക്കാറില്ലേ എന്ന് ചോദിച്ചാല്‍ അര്‍ജ്ജുനന്റെ പ്രൌഡി കുറയുമോ? അങ്ങിനെ ചോദിച്ചതില്‍ പിന്നെ, ആ കുട്ടി പല്ല് വൃത്തിയായി സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായെങ്കില്‍, അതിലൊരു നന്മയുണ്ടെന്ന് എനിക്കു തോന്നുന്നു. എന്നാല്‍ ഹൈദരാലി ഒരു ഇസ്ലാം മതവിശ്വാസക്കാരനാണ്‌ എന്നറിഞ്ഞ്, ബ്രാഹ്മണത്തം ഇല്ല എന്നു പറയുന്നതില്‍ നന്മയില്ല എന്നു മാത്രമല്ല, ബ്രാഹ്മണ വേഷത്തോട് ചെയ്ത നിന്ദയുമായി. ഏതു മതക്കാരനായിക്കോട്ടെ, അങ്ങിനെയൊരു കുട്ടിയെ അവഹേളിക്കുന്നത്, എവിടെവെച്ച് ആരു ചെയ്താലും തെറ്റു തന്നെ. അവിടെയാണ്‌ കഥകളിയുടേയും ബ്രാഹ്മണനെന്ന കഥാപാത്രത്തിന്റെയും പ്രൌഢി കുറഞ്ഞത്, അല്ലാതെ അര്‍ജ്ജുനന്‍ പല്ലു തേയ്ക്കാറില്ലേ എന്നു ചോദിച്ചപ്പോളല്ല. അതു കണ്ടു ചിരിക്കാന്‍ വേറേ കുറേ ആസ്വാദകരും! x-(
    --

    മറുപടിഇല്ലാതാക്കൂ
  3. അങ്ങനെയെങ്കിൽ കൃഷ്ണൻ നായരാശാന്റെ തമാശ എന്ന് വിചാരിക്കുന്നതെങ്ങനെ?
    അപ്പോ മുൻപ് പറഞ്ഞിരുന്ന ഔചിത്യം ആന ചേന ഒക്കെ എവിടെ പോയി സർ?

    അവനവന് ഇഷ്ടമുള്ളവർ ചെയ്തത് ശരി എന്നാണോ? :):)
    -സു-

    മറുപടിഇല്ലാതാക്കൂ
  4. ശ്രീ. സുനിലിന്റെയും ശ്രീ. ഹരിയുടെയും വിമര്‍ശന പരമായ അഭിപ്രായത്തിനു നന്ദി. ഇത് മത പരമായ അവഹേളനം ഒന്നും അല്ല. ആശാന്‍ ചില സന്ദര്‍ഭത്തില്‍ ചെയ്യാറുള്ള ഫലിത പ്രയോഗങ്ങള്‍ എന്ന് കരുതിയാല്‍ മതി. കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ദുര്‍വാസ്സാവ് പോലീസു കാരന്റെ കാലില്‍ പിടിച്ചതു പോലെ.

    കലാമണ്ഡലം ശ്രീ. ഹൈദരലിയുടെ ഒരു ലേഖനത്തില്‍ ( ആരെങ്കിലും കേസ് കൊടുത്താല്‍ അതിനു ആധാരമായി ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് ) അദ്ദേഹം തന്നെ ഈ കഥ പറഞ്ഞിട്ടുണ്ട്. തന്റെ പതിനാലാമത്തെ വയസ്സില്‍ നടന്ന ഈ സംഭവം, അന്ന് അതിന്റെ യുക്തി ഒന്നും തന്നെ മനസ്സിലായില്ല എന്നും പിന്നീട് കഥകളി അരങ്ങുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം ഈ സംഭവം ഓര്‍ത്തു ചിരിച്ചിട്ടുണ്ടെന്നും. ഈ സംഭവത്തിന്‌ ശേഷം എവിടെ വെച്ചെങ്കിലും കൃഷ്ണന്‍ നായര്‍ ആശാനെ കണ്ടാല്‍ അദ്ദേഹത്തിന്റെ കലാമണ്ഡലം സഹപാഠികള്‍ " ഡേയ് . നിന്റെ ആ ആള്‍ വന്നിട്ടുണ്ട് " എന്ന് പറയുമായിരുന്നത്രേ എന്ന്.
    ആശാന്റെ ഒരു വേഷത്തിനു ശിങ്കിടി ക്കാരന്‍ എത്താത്ത ഒരു കളിക്ക് ഹൈദരാലി ഒറ്റയ്ക്ക് പാടിയ അനുഭവവും ആശാന്റെ അതിന്റെ കമന്റും എല്ലാം ഒരു താമാശയായി മാത്രമേ ശ്രീ. ഹൈദരാലി ചിന്തിച്ചിരുന്നുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

    ഒരു പക്ഷെ നാം ചിന്തിക്കുന്നതു പോലെ അന്ന് വേറെ ആരും തന്നെ ചിന്തിച്ചിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. കഥകളിയിലെ രംഗപ്രയോഗങ്ങളുടെ ഒരു സവിശേഷതയാണ് പ്രേക്ഷകരിൽ നിന്നും വളരെ അകലം സൂക്ഷിയ്ക്കുകയും ചിലപ്പോൾ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഇരട്ടക്കളികൾ. സന്താനഗോപാലം പോലെയുള്ള അത്യന്തം ദുരന്തപൂർണ്ണമായ (എത്ര ബാലമരണങ്ങൾ, ഇല്ലാതായിപ്പോകുന്ന കുഞ്ഞു വരെ!) കഥയുടെ ശുഭാന്ത്യത്തിൽ ഇത്തരം തമാശകൾ അതുവരെയുണ്ടായിരുന്ന ഘനീഭാവത്തെ ഒന്ന് ലഘൂകരിക്കും. ‘പല്ലു തേച്ചില്ലേ നീ‘ എന്നൊക്കെ ചോദിക്കുന്നത് മകനെ തിരിച്ചു കിട്ടിയ അച്ഛന്റെ അമിത വാത്സല്യപ്രകടനം എന്നു കാണുന്നതിൽ തെറ്റില്ല. പക്ഷെ കറുത്തതും മെലിഞ്ഞതുമായ ദേഹം ബ്രാഹ്മണയോജ്യം അല്ലെന്ന് (പ്രത്യേകിച്ചും ഒരു മുസ്ലീം കുട്ടിയോട്) സൂചന വരുമ്പോൾ അതിരു വിടുന്നു.

    മറുപടിഇല്ലാതാക്കൂ
  6. വളരെ കൃത്യമായി പറഞ്ഞാല്‍ ഈ കഥ ഒരു തമാശയായി ഉള്‍കൊള്ളാന്‍ ഹൈദരാലിക്ക് സാധിച്ചിരുന്നു .

    അദ്ദേഹം തന്നെ അനുസ്മരണമായി ഈ കഥ എഴുതിയിട്ടുള്ളതും ആണ്.
    പക്ഷെ അതിനു നാം കൂടുതല്‍ വര്‍ണം നല്‍കി കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ കഥകളി കലാകാരന്മാര്‍ ആരും തന്നെ കളര്‍ കൊടുത്തു കണ്ടിരുന്നില്ല. കഥകളി സംഗീതം അഭ്യസിക്കുന്ന കാലത്തേ സഹപാടികളുടെ ചില്ലറ തമാശകള്‍ ഒഴികെ.

    ആദ്യകാലത്ത് പൊതു ജനത്തെ കഥകളി സംഘാടകര്‍ ഭയന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു ക്ഷേത്രത്തില്‍ മതില് പൊളിച്ചു മതിലിനു വെളിയില്‍ കഥകളി ഗായകര്‍ നില്‍ക്കും വിധത്തില്‍ സ്റ്റേജ് ഉണ്ടാക്കി, അണിയറ സ്റ്റേജിനു വെളിയില്‍ ഉണ്ടാക്കിയ ഒരു സംഭവം മാത്രമേ അദ്ദേഹത്തിന് "ഞാന്‍ വേറെ " എന്ന് ചിന്തിക്കാന്‍ അവസരം ഉണ്ടാക്കിയിട്ടുള്ളൂ എന്ന് ഇത് വായിക്കുന്ന എല്ലാവരും ധരിക്കുക.

    കഥകളി അരങ്ങില്‍ "നമുക്ക് പ്രിയപ്പെട്ട നടന്‍" എന്ത് കാണിച്ചാലും അത് പാത്രബോധം നഷ്ടപ്പെടുന്നത് ആയാലും ശരി അതിനെ ഉള്‍ക്കൊള്ളാന്‍ ആ നടന്റെ "ഫാന്‍സ്‌ " പണ്ട് കാലം മുതലേ തയ്യാര്‍ ആയിരുന്നു. അതിനു ധാരാളം കഥകള്‍ ഉദാഹരണങ്ങള്‍ ആയി നിലവില്‍ ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  7. ഞാന്‍ സന്താനഗോപാലവും അരങ്ങു കഥകളും -1, 2 എന്നീ ബ്ലോഗ്‌ കഥകള്‍ " അരങ്ങില്‍ ഒരു നടന്‍ ചെയ്യുന്ന സാഹചര്യപൂര്‍വമായ രസികത്തങ്ങള്‍ അല്ലെങ്കില്‍ അരങ്ങു പ്രയോഗങ്ങള്‍ കണ്ടിട്ട് മറ്റു ചില നടന്മാര്‍, അത്തരം സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത അരങ്ങുകളില്‍ വെറും അനുകരണമായി പ്രവര്‍ത്തിക്കുന്നു എന്നത് സംബധിച്ച് മാത്രം ആണ്.

    കൃഷ്ണന്‍ നായര്‍ ആശാന്‍ സ്മരണികയില്‍ ശ്രീ. ഹൈദരാലി അവര്‍കള്‍ ആശാനെ കുറിച്ച് വര്‍ണിച്ചിട്ടുള്ള തലക്കെട്ടുകള്‍ നിങ്ങളില്‍ എത്തിക്കുക്കയാണ്.

    (തലക്കെട്ടിന്റെ പേര്) ഉപമാ നഹി തവ മൂന്നു ഉലകിലും.

    ( ആദ്യ പാരഗ്രാഫ് തലക്കെട്ട്‌ ) കഥകളിയിലെ സൂര്യന്‍,

    (രണ്ടാം പാരഗ്രാഫ് തലക്കെട്ട്‌ ) അത്ഭുത പ്രതിഭ,

    (മൂന്നാം പാരഗ്രാഫ് തലക്കെട്ട്‌ ) ആരാധ്യ പുരുഷന്‍ ,

    (നാലാം പാരഗ്രാഫ് തലക്കെട്ട്‌ ) യുവ ഗായകരെ പ്രോത്സാഹിപ്പിക്കും

    നാലാമത്തെ പാരഗ്രാഫ് തലക്കെട്ടില്‍ നിന്നും അദ്ദേഹത്തിന്റെ പ്രോത്സാഹനം ഹൈദരാലിക്കു ലഭിച്ചിരിക്കുന്നു എന്നതിന്റെ മുഖ്യ തെളിവ്

    മറുപടിഇല്ലാതാക്കൂ
  8. ഈ കഥ ഹൈദരാലി മാഷുടെ ഓര്‍മ്മക്കുറിപ്പ് വായിച്ചിട്ടാണ്‌ ഞാന്‍ അറിയുന്നത്. അന്ന് എനിക്ക് ഒട്ടും തന്നെ ഇതില്‍ ജാതി/മത വിഷം തോന്നിയില്ല. നിഷ്കളങ്കമായ ഹാസ്യം തന്നെ ഇത് എന്ന് വിശ്വസിക്കാനാണ്‌ എനിക്കും മോഹം. "യശോമതി മയ്യാ സെ ബോലെ നന്ദ് ലാലാ രാധാ ക്യോം ഗോരീ മെ ക്യോം കാലാ" എന്ന് കൃഷ്ണന്‍ ഒരു ഹിന്ദി പാട്ടില്‍ ചോദിക്കുന്നത് പോലെ.

    മറുപടിഇല്ലാതാക്കൂ
  9. ഹൈദരാലിയെപ്പോലെയുള്ള നല്ല ഫൈറ്റിങ്ങ് സ്പിരിറ്റ് ഉള്ള ഒരാള്‍ ഇതൊക്കെ അങ്ങനെയേ കാണൂ. അല്ലെങ്കില്‍ അങ്ങനെയെ എഴുതൂ.
    അദ്ദേഹത്തിന്റെ കാര്യം തല്‍ക്കാലം അവിടെ ഇരിക്കട്ടെ. അത്ര നല്ല ഒരു കാലമായിരുന്നോ അദ്ദേഹത്തിന് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അവിടെ ഇരിക്കട്ടെ.
    ഈ കമന്റുകള്‍ ഇല്ലായിരുന്നെങ്കില്‍.. നാളെ ഒരാള്‍ ഈ പോസ്റ്റ് വായിക്കുമ്പോള്‍ “വിദ്വത് സദസ്സിന്റെ പൊട്ടിച്ചിരികള്‍ എങ്ങനെ കാണും?

    മറുപടിഇല്ലാതാക്കൂ
  10. അപ്പോള്‍ വിദ്വത് സദസ്സ് തന്നെയാണ് മിസ്റ്റര്‍. സുനിലിന്റെ പ്രധാന പ്രശ്നം.
    കേരള കലാമണ്ഡലം അരങ്ങില്‍ കഥകളി കാണാന്‍ അക്കാലത്തു (1960-61) എത്തിയിരുന്ന സദസ്സിനെ വിദ്വത് സദസ്സ് എന്ന് ഞാന്‍ അതിശയോക്തി ഉണ്ടാക്കിയതല്ല. വിദ്വത് സദസ്സുകളില്‍ നടന്റെ ചില്ലറ ഫലിതങ്ങള്‍ക്കും പൊടിക്കൈകള്‍ക്കും മുഖ്യത്തം നല്‍കുകയില്ല. അങ്ങിനെയുള്ള സദസ്സ് പോലും പൊട്ടിച്ചിരിച്ചു എന്നാണ് ഞാന്‍ ഉദ്ദേശിച്ചതും.

    കഥകളി ആസ്വാദകര്‍ പൊതുവേ അവരവര്‍ക്ക് താല്‍പ്പര്യം ഉള്ള നടന്മാര്‍ അരങ്ങില്‍ ചെയ്യുന്നതെന്തും ന്യായീകരിക്കാന്‍ ശ്രമിക്കും. അതിനു ഇതിനു മുന്‍പ് മറ്റു ചില കഥകളി ബ്ലോഗുകളില്‍ താങ്കളുടെയും എന്റെയും അഭിപ്രായങ്ങള്‍ തന്നെ ഉദാഹരണങ്ങള്‍ ആണ്.

    ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനും ശ്രീ. കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ ആശാനും യഥാക്രമം നളനും പുഷ്കരനും ആയി അരങ്ങില്‍ എത്തിയിരുന്ന ആദ്യ കാലങ്ങളില്‍ നളനെ ചൂത് കളിയ്ക്കാന്‍ വിളിക്കുന്ന പുഷ്ക്കരന്‍ പെട്ടെന്ന് നളന്‍ രംഗത്തേക്ക് എത്തുമ്പോള്‍ ഒരു നിമിഷം താന്‍ അറിയാതെ തന്നെ നള മഹാരാജാവിനെ കണ്ടു നമസ്കരിക്കും. പിന്നീടാണ് കലി- ദ്വാപരന്‍മാരുടെ പ്രേരണയാല്‍ ഉണ്ടാകുന്ന ധൈര്യം പുഷ്കരന് ഉണ്ടാകുന്നത്. ഇത് രാമന്‍ കുട്ടി ആശാന്റെ ഒരു ലേഖനത്തില്‍ അദ്ദേഹം തന്നെസമ്മതിച്ചിട്ടുള്ളതാണ്.
    അദ്ദേഹത്തിന്റെ തുടര്‍ച്ചക്കാരായ നടന്മാര്‍ ആരും തന്നെ അങ്ങിനെ ചെയ്യുന്നില്ല. നളനും പുഷ്കരനും പരസ്പരം കയ്യുയര്‍ത്തുന്ന രീതിയാണ് ചെയ്തു വരുന്നത്. ഇതില്‍ ഇതു യുക്തി ? ഇതില്‍ ഏതിനെയാണ് നാം ന്യായീകരിക്കുക .
    താങ്കള്‍ തരാന്‍ പോകുന്ന ഉത്തരം ഞാന്‍ പറയാം.
    " രണ്ടും സ്വീകാര്യം ".

    അതെങ്ങിനെ ഈ വ്യത്യസ്ത രീതികള്‍ സ്വീകാര്യം ആകും.
    എന്നാല്‍ രാമന്‍ കുട്ടി ആശാന്‍ പണ്ട് ചെയ്തിരുന്ന രീതിയോട് തന്നെയാണ് ഞാന്‍ യോജിക്കുന്നത്. നമസ്കരിച്ചില്ലെങ്കിലും ഭയമെങ്കിലും പുഷ്കരന് ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം.

    എത്രയോ വിദ്വത് സദസ്സുകള്‍ ആണ് ഇന്നത്തെ പുഷ്ക്കരന്‍മാരുടെ അവതരണത്തെ "പാത്രം അറിഞ്ഞുള്ള രീതി" യെന്നു പുകഴ്ത്തുന്നത്.

    മറുപടിഇല്ലാതാക്കൂ