പേജുകള്‍‌

2015, ഡിസംബർ 13, ഞായറാഴ്‌ച

കേരളാബന്ദും ഒരു കഥകളിയും


1970 കളുടെ ആദ്യ കാലയളവിൽ നടന്ന  ഒരു കേരളാബന്ദ്‌ എന്റെ സ്മരണയിൽ നിന്നും മായാത്ത ഒരു അനുഭവമായി നിലനിൽക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണം ബന്ദിന്റെ മുൻ ദിവസം എന്റെ ഗ്രാമമായ ചെന്നിത്തലയിൽ നിന്നും തൃപ്പെരുംതുറ വഴിയുള്ള മാന്നാർ റൂട്ടിൽ സുമാർ മൂന്നര കിലോമീറ്റർ ദൂരമുള്ള  ഇരമത്തൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന കഥകളിയാണ്.  ഇരമത്തൂർ  മഹാദേവ  ക്ഷേത്രത്തിനു സമീപം വസിച്ചിരുന്ന പ്രസിദ്ധനായിരുന്ന ഒരു ജോൽസ്യരുടെ വഴിപാടായിട്ടായിരുന്നു പ്രസ്തുത കഥകളി നടത്തുവാൻ തീരുമാനിച്ചത്. പൂതനാമോക്ഷം, നിഴൽക്കുത്ത്, കിരാതം എന്നിങ്ങനെ മൂന്നു കഥകളായിരുന്നു നിശ്ചയിച്ചിരുന്നത്. എന്റെ പിതാവിനായിരുന്നു  കളിയുടെ  ചുമതല.   

ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണ പിള്ള ആശാൻ,  ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. മാത്തൂർ   ഗോവിന്ദൻ കുട്ടി ചേട്ടൻ,  ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ചേട്ടൻ, ശ്രീ. ചെന്നിത്തല ഭാസ്കരൻ പിള്ള ചേട്ടൻ  എന്നിങ്ങനെ പ്രധാന നടന്മാരും ശ്രീ. തകഴി കുട്ടൻപിള്ള ഭാഗവതർ,  ശ്രീ.മുദാക്കൽ ഗോപിനാഥൻ ചേട്ടൻ  എന്നിവർ സംഗീതവും ശ്രീ. വാരണാസി സഹോദരന്മാരുടെ മേളവും.  ഏവൂർ        ശ്രീകൃഷ്ണ വിലാസം     കഥകളിയോത്തിന്റെ കോപ്പുകളും എന്നിങ്ങനെയായിരുന്നു തീരുമാനം.  

കലാകാരന്മാരെയെല്ലാം   കളിക്ക് ക്ഷണിച്ചത് അച്ഛൻ തന്നെയായിരുന്നു. ശ്രീ.പന്തളം കേരളവർമ്മയുടെ അനുകൂലമായ മറുപടിയോടൊപ്പം അടുത്ത ദിവസം അദ്ദേഹത്തിൻറെ വഴിപാടായി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടത്തുവാൻ ഉദ്ദേശിച്ചിരുന്ന കളിക്ക് അച്ഛനെ പങ്കെടുക്കുവാൻ ക്ഷണിക്കുകയും   വേഷം സന്താനഗോപാലത്തിൽ അർജുനൻ എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരമത്തൂരിലെ പ്രസ്തുതകളിയുടെ അടുത്ത ദിവസം കേരളാ ബന്ദ്‌ എന്ന് ഒരു രാഷ്ട്രീയ കക്ഷിയുടെ പത്രവാർത്ത കണ്ടപ്പോൾ അച്ഛന്റെ ഉള്ളൊന്നു പിടഞ്ഞു. കാരണം  ബന്ദ്‌ ദിവസം തിരുവല്ലായിൽ കളി ഏറ്റിട്ടുണ്ട്. ശ്രീ.  തകഴി കുട്ടൻ പിള്ള ചേട്ടനും  , ശ്രീ. മുദാക്കൽ ഗോപിചേട്ടനും , ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും  ഇരമത്തൂരിലെ കളി കഴിഞ്ഞ് അവരുടെ വീട്ടിലേക്ക് മടങ്ങുവാൻ സാധിക്കില്ല. ഈ അവസരത്തിൽ അവരെ വിട്ടിട്ട് തിരുവല്ലയിൽ കളിക്ക് പോകാനും സാധിക്കില്ല.   ഈ സാഹചര്യങ്ങൾ തമ്പുരാൻ (ശ്രീ.പന്തളം കേരളവർമ്മ) മനസിലാക്കും എന്നുള്ള ആശ്വാസം മാത്രമായിരുന്നു അച്ഛന് ഉണ്ടായിരുന്നത്. 

ഇരമത്തൂരിലെ കളി കഴിഞ്ഞ് കളിപ്പണവും വാങ്ങി തിരുവല്ലയിലേക്ക്   ശ്രീ.പന്തളം കേരളവർമ്മ നടന്ന്  യാത്രയായി. എങ്ങിനെയെങ്കിലും ആറുമണിക്ക്  മുൻപ് ചെല്ലപ്പൻ പിള്ള തിരുവല്ല ക്ഷേത്രത്തിൽ എത്തണം എന്ന് അറിയിച്ചിട്ടാണ് അദ്ദേഹം യാത്രയായത്.   ശ്രീ. ഹരിപ്പാട്‌ ആശാൻ  തൃപ്പെരുംതുറ, പള്ളിപ്പാട് വഴി നടന്ന് ഹരിപ്പാടിന് യാത്രയായി. ശ്രീ. വാരണാസിമാർ ഇരുവരും ചെണ്ടയും  മദ്ദളവുമായി  കളിക്ക് എത്തിയത് സൈക്കിളിലായിരുന്നു. അതുകൊണ്ട് അവരും മടങ്ങി.  ബന്ദ്‌ കാരണം  കളിയോഗം എവൂരിലേക്ക് എങ്ങിനെ  കൊണ്ടുപോകും  എന്ന് ചിന്തിച്ച്  വിഷമിച്ചു നിന്നിരുന്ന  കളിയോഗം  മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായരെ അച്ഛൻ "എന്തെങ്കിലും വഴിയുണ്ടാക്കാം" എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.  

കളിക്കോപ്പുകൾ എല്ലാം അക്കാലത്തെ രീതിയനുസരിച്ച്‌   ആട്ടപ്പെട്ടിയിലാക്കി  കെട്ടി തള്ളുവണ്ടിയിലേറ്റി   ഇരമത്തൂരിൽ നിന്നും തൃപ്പെരുംതുറ വഴി  യാത്ര തിരിച്ചു. പിന്നാലെ അച്ഛനും തകഴിയും മുദാക്കലും മാത്തൂരും കളിയോഗം മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായരും കളിയോഗത്തിലെ കലാകാരന്മാരും  ഒപ്പം  ഞാനും അനുഗമിച്ചു. ബന്ദിന്റെ  നിശബ്ദത   എങ്ങും നിറഞ്ഞു നിന്നിരുന്നു.  തൃപ്പെരുംതുറയിൽ എത്തുന്നതിന് മുൻപ്  ബന്ദ്‌ അനുഭാവികൾ സുമാർ ഇരുപതോളം പേർ      റോഡിന് നടുവിൽ നിന്ന് തള്ളുവണ്ടിയും   സാധനങ്ങളും കൊണ്ടുപോകുന്നത് തടഞ്ഞു. ബന്ദ്‌ അനുഭാവികളിൽ  പലർക്കും അച്ഛനെ അറിയാവുന്നതിനാലാവം ബഹളം ഒന്നും ഉണ്ടാക്കാൻ മുതിരാതെ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കളിയരങ്ങുകളിൽ  ഹരിപ്പാട്‌ ആശാന്റെ  ദുര്യോധനന്റെ  മുന്നിൽ എന്റെ അച്ഛൻ  നിഴൽക്കുത്തിലെ മാന്ത്രികൻ കെട്ടി താണുവീണു   തൊഴുന്നതു പോലെ ബന്ദനുഭാവികളായ ആ  ദുര്യോധനമാരെ തൊഴുതുകൊണ്ട് അച്ഛൻ ഒരു വിട്ടുവീഴ്ചചെയ്യാൻ  അപേക്ഷിച്ചു.  

"ഈ വണ്ടിയും ആട്ടപ്പെട്ടിയും ഏവൂരിലേക്കല്ല ഇപ്പോൾ  (ആട്ടപ്പെട്ടിയിൽ ശ്രീകൃഷ്ണവിലാസം കഥകളിയോഗം, ഏവൂർ എന്ന് എഴുതിയിട്ടുള്ളത് ചൂണ്ടിക്കാണിച്ച്) കൊണ്ടു പോകുന്നത്  ഇത് എന്റെ വീട്ടിൽ  എത്തിക്കുക മാത്രമേ ഇന്ന് ചെയ്യുകയുള്ളൂ. അതുകൊണ്ട് ദയവു ചെയ്ത് നിങ്ങൾ ഞങ്ങളെ ശല്ല്യം ചെയ്യരുത്. ഞങ്ങൾ ആരും ബന്ദിന് എതിരല്ല. തകഴി, ആറ്റിങ്ങൽ, കോട്ടയം, ഏവൂർ എന്നീ ഭാഗത്തുള്ള കഥകളി കലാകാരന്മാരാണ് എന്നോടൊപ്പം  ഉള്ളത്.  ഇവരെല്ലാം   ഇന്ന് എന്റെ വീട്ടിലേക്കാണ് വരുന്നത്  എന്ന് അറിയിച്ചു. അച്ഛന്റെ അപേക്ഷ കൈക്കൊണ്ട് അവരെല്ലാം മൗനാനുവാദം എന്നപോലെ സാവധാനം റോഡിന്റെ മദ്ധ്യ ഭാഗത്തുനിന്നും രണ്ടു സൈഡിലേക്ക്  ഒതുങ്ങി. പിന്നീട് യാത്രയിൽ  ഒരു തടസ്സവും ഉണ്ടായില്ല.  ഞങ്ങൾ വീട്ടിലെത്തി. ദിനചര്യകൾക്ക് ശേഷം കാപ്പികുടിയും  കഴിഞ്ഞ ശേഷം കളിയോഗം മാനേജർ ശ്രീ. ഏവൂർ പരമേശ്വരൻ നായർ അവർകൾ ആട്ടപ്പെട്ടികൾ രണ്ടും  തുറന്ന്   ഞൊറിയും, കുപ്പായക്കയ്യും, ഉത്തരീയവും  മറ്റും  വേഗം  വെയിലത്തിടൂ ഉച്ചയ്ക്ക് മുൻപ് വീട്ടിലെത്തണം എന്ന്        അണിയറ കലാകാരന്മാരെ  ഓർമ്മിപ്പിച്ചപ്പോൾ  അച്ഛൻ ആ ജോലി ചെയ്തു കൊള്ളാം  എന്ന് അറിയിച്ചു അവരെ യാത്രയാക്കി.    

 ശ്രീ. തകഴി കുട്ടൻപിള്ള ചേട്ടനും ശ്രീ.മുദാക്കൽ  ഗോപി ചേട്ടനും, മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടനും അന്ന് വീട്ടിൽ താമസിച്ചു. 
അച്ഛൻ  ഒരു കയർ എടുത്തു രണ്ടു തെങ്ങിൽ വലിച്ചു കെട്ടി. ആട്ടപ്പെട്ടി തുറന്ന്  ഞൊറികൾ അതിൽ വിരിച്ചിട്ടു. കുപ്പായക്കയ്യും ഉത്തരീയങ്ങളും മറ്റും ഞാനും എന്റെ സഹോദരങ്ങളും ചേർന്ന് വെയിലിലിട്ടു.  പിന്നീട് അച്ഛൻ വിശ്രമിക്കുവാൻ കിടന്നു. 
അത്യുൽസാഹത്തോടെയാണ് ഞാനും എന്റെ സഹോദരങ്ങളും   ഈ  കഥകളി കോപ്പുകൾ വെയിൽ മാറുന്നതിനു അനുസരിച്ച്  മാറ്റി മാറ്റി  ഇടുവാൻ താല്പ്പര്യം കാണിച്ചത്.  വൈകിട്ട് വെയിലിൽ  ഉണങ്ങിയ  കളിക്കോപ്പുകളെല്ലാം ആട്ടപ്പെട്ടിയിലാക്കി അച്ഛനും ഞങ്ങളും കൂടി  വെച്ചു.  

ഞങ്ങളുടെ വീടിന്റെ മുറ്റത്ത്  ഈ ആട്ടപ്പെട്ടിയും  കഥകളി കോപ്പുകളും   എത്തിയതിലും  അത്  വീട്ടു മുറ്റത്ത്  നിരത്തിയിടുവാൻ ഉണ്ടായ സന്ദർഭം അച്ഛനിൽ  പറഞ്ഞ് അറിയിക്കാൻ സാധിക്കാത്ത ഒരു സന്തോഷവും അനുഭൂതിയുമായിരുന്നു ഉണ്ടാക്കിയത്.    

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (3)


 ചെന്നൈ കലാക്ഷേത്രയിൽ അവതരിപ്പിച്ച  ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവത്തിന്റെ   സമാപന ദിവസമായ 21- 09 -2015 -ന് രാവണോത്ഭവം കഥകളിയിലെ മഹാവിഷ്ണു, ഇന്ദ്രൻ,   മാലി, സുമാലി, മാല്യവാൻ, നാരദൻ എന്നിങ്ങനെ കഥാപാത്രങ്ങൾ അടങ്ങുന്ന മൂന്നു രംഗങ്ങളാണ് അവതരിപ്പിച്ചത്. മൂന്നു ചുവന്ന താടി വേഷങ്ങളുടെ അവതരണം കൊണ്ട് വളരെ ശ്രദ്ധേയമായ രംഗങ്ങളാണ്  ഇവ എന്നതാണ് രംഗങ്ങളുടെ പ്രത്യേകത.

ഗന്ധർവപുത്രിയായ വേദവതിക്ക് രാക്ഷസനായ സുകേശന് ജനിച്ച മൂന്നു പുത്രന്മാരാണ് മാലിയും, സുമാലിയും മാല്യവാനും. മൂവരും ബ്രഹ്മദേവനെ തപസ്സു ചെയത് മൂന്നു ലോകത്തെയും ജയിക്കുവാനുള്ള വരം നേടി ലോകത്തിനു ഭീഷണിയായി ലങ്കയെ  വാസസ്ഥലമാക്കി. മാല്യവാന്റെ ഭരണാധീനയിലുള്ള  ലങ്കാനഗരം   ലോക രാക്ഷസന്മാരുടെ സാമ്രാജ്ജ്യമായി മാറി.  മാല്യവാന്റെയും സഹോദരങ്ങളുടെയും ഉപദ്രവം സഹിക്കാനാവാതെ  ദേവന്മാരും താപസന്മാരും പാലാഴിയിലെത്തി  മഹാവിഷ്ണുവിനെ കണ്ട് സങ്കടമുണർത്തിച്ചു.   രാക്ഷസന്മാരെ വധിക്കാമെന്ന് അറിയിച്ച്  ദേവന്മാരെയും താപസന്മാരെയും മഹാവിഷ്ണു ആശ്വസിപ്പിച്ചു.  നാരദമുനി ലങ്കയിൽ എത്തി    മഹാവിഷ്ണുവുമായി ദേവന്മാരുടെ കൂടികാഴ്ച്ചയുടെ  വിവരം മാല്യവാനെ അറിയിച്ചു.  ഇതിന്റെ പിന്നിൽ ദേവേന്ദ്രന്റെ ചതിയുണ്ടെന്ന് മാല്യവാനെ    സൂചിപ്പിച്ച് ഒരു കലഹത്തിന് വഴിയുണ്ടാക്കി നാരദൻ മടങ്ങി.  മാല്യവാൻ സഹോദരങ്ങളോട്‌ ആലോചിച്ചശേഷം   രാക്ഷസപ്പടയുമായി ദേവപുരിയിലെത്തി ഇന്ദ്രനെ പോരിനു വിളിക്കുകയും     ഇന്ദ്രനുമായി ഘോരയുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു.  ഈ അവസരത്തിൽ ഇന്ദ്രന് സഹായിയായി മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് സുദർശന ചക്രത്താൽ മാലിയെ വധിച്ചു. മരണഭയത്താൽ മാല്യവാനും സുമാലിയും പാതാളത്തിലേക്ക് ഓടി അഭയം പ്രാപിക്കുന്നതുമാണ് കഥാഭാഗങ്ങൾ.

ദേവേന്ദ്രൻ പാലാഴിയിലെത്തി മഹാവിഷ്ണുവിനെ കണ്ട്  മാലി, സുമാലി, മാല്യവാൻ എന്നിവരുടെ ദുഷ്ക്കർമ്മങ്ങളുടെയും ലോകപീഡനങ്ങളുടെയും കഥകൾ അറിയിച്ച് സങ്കടപ്പെടുന്നതും മഹാവിഷ്ണു ദേവേന്ദ്രനെ ആശ്വസിപ്പിക്കുന്നതുമാണ് അവതരിപ്പിച്ച ആദ്യരംഗം.

മാലി, സുമാലി, മാല്യവാന്മാരുടെ തിരനോക്ക് കഴിഞ്ഞ് മാല്യവാന്റെ തന്റെടാട്ടമാണ് അവതരിപ്പിച്ചത്. തന്റെ ജനനം, ബ്രഹ്മദേവനെ  തപസ്സുചെയ്ത് പ്രീതിപ്പെടുത്തി മൂന്നു ലോകത്തിലുള്ള ആരെയും ജയിക്കുവാനുള്ള വരം നേടി.  ഈ ത്രിലോകത്തിൽ തന്നെ ജയിക്കുവാൻ കഴിവുള്ളവരായി ആരും ഇല്ല. ദക്ഷിണ സമുദ്രത്തിലുള്ള ലങ്കയിൽ സ്വർഗ്ഗതുല്ല്യമായ  ഒരു നഗരം നിർമ്മിച്ച്‌ ലോകത്തിലുള്ള എല്ലാ രക്ഷസവംശജരെയും കൂട്ടി താമസമുറപ്പിക്കുകയും ചെയ്തതാണ്  ആട്ടത്തിന്റെ ചുരുക്കം. തുടർന്ന് ഒരു തേജസ്സ് കണ്ട് നാരദമുനിയുടെ വരവാണ് എന്ന് മാല്യവാൻ മനസിലാക്കി സ്വീകരിക്കുവാൻ തയ്യാറാവുന്നു.

അടുത്ത രംഗത്തിൽ ലങ്കയിലെത്തുന്ന നാരദനെ മാല്യവാൻ ഭക്തിപൂർവ്വം സ്വീകരിച്ചിരുത്തി. ലോകവിശേഷങ്ങൾ    ചോദിച്ചറിയുന്ന മാല്യവാൻ തന്റെ ഭുജബലത്തിൽ അഹങ്കരിക്കുകയും ദേവന്മാർ തന്നോട് യുദ്ധത്തിനു വരുന്നില്ലെന്നും അറിയിക്കുന്നു. ദേവേന്ദ്രൻ  വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോട്‌ നിങ്ങളെപറ്റി  പരാതിപ്പെടുകയും അദ്ദേഹം കോപിഷ്ടനാവുകയും ചെയ്തു എന്ന് അറിയിക്കുന്നു.  ഇന്ദ്രനുമായി ഞാൻ പോരിനൊരുങ്ങിയാൽ അവൻ ഭയന്ന് ഓടിപ്പോവുകയേയുള്ളൂ. വൈകുണ്ഠപതിയോട് പൊരുതേണ്ടി വന്നാലും തനിക്ക്  ഒരു വിഷമവും   ഇല്ലെന്ന് മാല്യവാൻ നാരദനെ അറിയിക്കുന്നു.    ഒരു കലഹം  സൃഷ്ടിക്കുവാനുള്ളതെല്ലാം ചെയ്തു തീർത്ത സംതൃപ്തിയോടെ മടങ്ങുവാൻ തയ്യാറാവുന്ന നാരദനോട് തന്നെ അനുഗ്രഹിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് മാല്യവാൻ നാരദനെ വണങ്ങി. നാരദൻ മാല്യവാനെ ശപിക്കുകയാണ് എന്ന് മനസിലാക്കിയ  മാല്യവാൻ തന്റെ സഹോദരങ്ങളെ വരുത്തി നാരദൻ തന്നെ    ശപിക്കുകയാണോ  അനുഗ്രഹിക്കുകയാണോ എന്ന് ശ്രദ്ധിക്കുവാൻ ആജ്ഞാപിച്ചു. മാല്യവാൻ വീണ്ടും നാരദനെ വണങ്ങി. നാരദൻ മാല്യവാനെ അനുഗ്രഹിച്ചശേഷം   ഓടി മറഞ്ഞു . നാരദനിൽ നിന്നും അറിഞ്ഞ വിവരങ്ങൾ സഹോദരന്മാരെ മാല്യവാൻ അറിയിച്ചു. ഇന്ദ്രനെ യുദ്ധത്താൽ  നേരിടുക എന്നുള്ള രാക്ഷസന്മാരുടെ തീരുമാനപ്രകാരം പടയൊരുക്കി ദേവലോകത്തേക്ക്  യാത്രയായി.
മാല്യവാനും സഹോദരന്മാരും രാക്ഷസപ്പടയും  ദേവലോകത്തെത്തി. മാല്യവാൻ   ഇന്ദ്രനെ പോരിനു വിളിക്കുകയും ഇന്ദ്രനുമായി യുദ്ധം ചെയ്യുകയും  മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് മാലിയെ വധിക്കുകയും മാല്യവാനും സുമാലിയും ഓടി മറയുന്നതുമാണ് അവതരിപ്പിച്ച അവസാനരംഗം.


                                                                                    മഹാവിഷ്ണു

                                                                    മഹാവിഷ്ണുവും ദേവേന്ദ്രനും  

                                                                    മാലി , മാല്യവാൻ, സുമാലി

                                                                      മാല്യവാൻ, മാലി, സുമാലി   

                                                                   മാലി , മാല്യവാൻ, സുമാലി

                                                                               മാല്യവാനും  ഇന്ദ്രനും

                                                                              മാല്യവാനും  ഇന്ദ്രനും 

                                                        മഹാവിഷ്ണു, മാലി, സുമാലി, മാല്യവാൻ   


കഥയിലെ നായകനാനായ മാല്യവാനെ അവതരിപ്പിച്ചത് ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അവർകളായിരുന്നു. ചുവന്നതാടി  വേഷങ്ങളുടെ അവതരണത്തിൽ ശ്രീ. രാമചന്ദ്രൻ ഉണ്ണിത്താന്റെ കഴിവും മിഴിവും മാല്യവാന്റെ അവതരണത്തിൽ തിളങ്ങി നിന്നിരുന്നു.  മാല്യവാന്റെ  പോരിനുവിളി  കേട്ട്  ഏറ്റുമുട്ടുവാനെത്തുന്ന ഇന്ദ്രനെ മാല്യവാൻ ആക്ഷേപിക്കുന്നതു വളരെ രസകരമായിരുന്നു . (ഗൗതമമുനിയെ തെറ്റിധരിപ്പിച്ച് ആശ്രമത്തിൽ നിന്നകറ്റി അഹല്യയെ പ്രാപിക്കുവാൻ ഇന്ദ്രൻ  ശ്രമിച്ച കാരണത്താൽ     ഗൗതമമുനിയുടെ ശാപത്തിന് ഇരയായി  ഇന്ദ്രന് സഹസ്രലിംഗം  സംഭവിച്ചതുമാണ്   ആക്ഷേപഹാസ്യമായി അവതരിപ്പിച്ചത്.)   

   ശ്രീ. സദനം വിഷ്ണുപ്രസാദ് മാലിയെയും ശ്രീ. കലാമണ്ഡലം ആര്യജിത് സുമാലിയെയും ശ്രീ. കലാമണ്ഡലം വിപിൻ മഹാവിഷ്ണുവിനെയും    ശ്രീ.  കലാമണ്ഡലം സൂരജ് ഇന്ദ്രനെയും ശ്രീ. സദനം കൃഷ്ണദാസ് നാരദനെയും അവതരിപ്പിച്ച് കഥകളി വിജയിപ്പിച്ചു. ശ്രീ. നെടുംപള്ളി രാംമോഹൻ, കലാമണ്ഡലം ശ്രീരാഗ് വർമ്മ    എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ് ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണൻ  എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. കലാനിലയം മനോജ്‌ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു.


ശ്രീ. കലാമണ്ഡലം ബാലൻ, ശ്രീ. സദനം ശ്രീനിവാസൻ എന്നിവർ ചുട്ടിയും  ശ്രീ. സദനം ശങ്കരനാരായണൻ, ശ്രീ. കോട്ടക്കൽ കുഞ്ഞിരാമൻ, ശ്രീ.സദനം വിവേക്, ശ്രീ.കലാചേതന   രാജൻ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച്‌ കളിയുടെ വിജയത്തിന്റെ പങ്കാളികളായി.

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (2)


സെപ്തംബർ 21-നു   കലാക്ഷേത്ര  അരങ്ങിൽ  അവതരിപ്പിച്ച  രാജസൂയം, കഥകളി  വൻ വിജയം ആയിരുന്നു.  വൈകിട്ട് ആറുമണിക്ക് കലാക്ഷേത്ര രുഗ്മിണി ആരങ്ങിനു മുൻപിൽ കേളി അവതരിപ്പിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ജരസന്ധന്റെ തിരനോക്കോടെ കഥകളി ആരംഭിച്ചു. ജരാസന്ധന്റെ ജനനകഥയും സ്വഭാവവും   വ്യക്തമാക്കുന്ന തന്റേടാട്ടമാണ് ആദ്യം അവതരിപ്പിച്ചത്. തുടർന്ന് കൊട്ടാര വാതിലിലെ പെരുമ്പറ പൊട്ടുന്ന ശബ്ദം  കേട്ട് ശ്രദ്ധിച്ച ജരാസന്ധൻ ഗോപുരത്തിന്റെ ചുവർ ചാടി എത്തുന്ന ബ്രാഹ്മണരെ  കണ്ട് നേരിട്ട് വിവരങ്ങൾ അറിയുവാൻ തീർച്ചയാക്കുന്നു.

ബ്രാഹ്മണരെ സ്വീകരിച്ചിരുത്തിയ ജരസന്ധൻ ബ്രാഹ്മണരുമായി ആശയവിനിമയം ചെയ്യുന്നു. മതിൽ ചാടിക്കടന്നു  വന്നതും കൊട്ടാര വാതിലിലെ പെരുമ്പറ അടിച്ചു പൊട്ടിച്ചതു സംബന്ധമായ വിവരങ്ങളും ജരാസന്ധൻ ചോദിച്ചറിയുന്നു.  ബ്രാഹ്മണരുടെ ആഗമന  ഉദ്ദേശം   ദ്വന്ദയുദ്ധം എന്ന് അറിയിക്കുന്നതോടൊപ്പം ബ്രാഹ്മണർ തങ്ങളുടെ സ്വന്തരൂപം വെളിപ്പെടുത്തി.ബ്രാഹ്മണവേഷം ധരിച്ചെത്തിയ   ശ്രീകൃഷ്ണനെയും ഭീമനെയും അർജുനനെയും ജരാസന്ധൻ ആക്ഷേപിക്കുന്നു. യുദ്ധത്തിന് ഒരുങ്ങിയ ജരാസന്ധൻ തന്നോട് പലതവണ തോറ്റോടിയ ശ്രീകൃഷ്ണനോടും കോമളരൂപനായ അർജുനനോടും എതിരിടാൻ ലജ്ജ പ്രകടിപ്പിച്ചു കൊണ്ട് ഭീമസേനനുമായി യുദ്ധം ആരംഭിച്ചു. ഭീമസേനനുമായുള്ള യുദ്ധാന്ത്യത്തിൽ ഭീമസേനൻ ജരസന്ധന്റെ ശരീരം രണ്ടായി കീറി എറിഞ്ഞു. ശരീരഭാഗങ്ങൾ യോജിച്ച് വീണ്ടും  ജരാസന്ധൻ ഭീമനുമായി യുദ്ധം ചെയ്തു. ശ്രീകൃഷ്ണൻ ഒരു പച്ചില എടുത്ത് ഭീമൻ കാണ്‍കെ രണ്ടായി കീറി തലതിരിച്ചെറിഞ്ഞു.  യുക്തി മനസിലാക്കിയ ഭീമൻ ജരാസന്ധന്റെ ശരീരം രണ്ടായി കീറി തലതിരിച്ചെറിഞ്ഞതോടെ ജരാസന്ധൻ മരണമടഞ്ഞു. ജരാസന്ധനാൽ ബന്ധനസ്ഥനാക്കപ്പെട്ട രാജാക്കന്മാരെ മോചിപ്പിക്കുന്നതോടെ രംഗം അവസാനിച്ചു .



ജരാസന്ധന്റെ മരണവാർത്തയും ധർമ്മപുത്രർ നടത്തുന്ന രാജസൂയയാഗ വാർത്തയും അറിഞ്ഞ ചേദിരാജ്യാധിപതിയായ ശിശുപാലൻ  സൈന്യസമേധം ഇന്ദ്രപ്രസ്ഥത്തിൽ എത്തുന്നു. യാഗശാലയിൽ എത്തുന്ന ശിശുപാലൻ അവിടെ സന്നിഹിതരായ എല്ലാവരെയും നോക്കികാണുന്നു. ശ്രീകൃഷ്ണനെ ധർമ്മപുത്രർ  അഗ്രപൂജ ചെയ്യുന്നത് കണ്ട് കോപിഷ്ടനായ ശിശുപാലൻ ശ്രീകൃഷ്ണനെ നിന്ദിക്കുന്നു. അർജുനൻ ശിശുപാലനുമായി ഏറ്റുമുട്ടുന്നു. വിശ്വരൂപം പ്രാപിച്ച ശ്രീകൃഷ്ണനെ  ശിശുപാലൻ ദർശിക്കുന്നു. സുദർശനം  കൊണ്ട്  ശ്രീകൃഷ്ണൻ   ശിശുപാലനെ വധിക്കുന്നതോടെ കഥ അവസാനിച്ചു. 

                                                                                   ജരാസന്ധൻ

ശ്രീ. കോട്ടക്കൽ ദേവദാസിന്റെ ജരാസന്ധൻ, ശ്രീ. സദനം കൃഷ്ണൻ കുട്ടിയുടെ  ശിശുപാലൻ, ശ്രീ. സദനം വിഷ്ണു പ്രസാദിന്റെ ഭീമബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം ആര്യജിത്തിന്റെ അർജുന ബ്രാഹ്മണൻ, ശ്രീ. കലാമണ്ഡലം സൂരജിന്റെ കൃഷ്ണബ്രാഹ്മണൻ, ശ്രീ. സദനം കൃഷ്ണദാസിന്റെ  ഭീമസേനൻ, ശ്രീ. രാജ്കമലിന്റെ അർജുനൻ, ധർമ്മപുത്രർ    ശ്രീ. കലാമണ്ഡലം വിപിനിന്റെ  ശ്രീകൃഷ്ണൻ  എന്നിങ്ങനെയായിരുന്നു വേഷങ്ങൾ. ശിശുപാലനെ നേരിടുന്ന അര്ജുനനായത് ശ്രീ. സദനം കൃഷ്ണദാസ് ആയിരുന്നു.            


                                                                                   ജരാസന്ധൻ

                                                                    ജരാസന്ധൻ, ബ്രാഹ്മണർ 

                                                                        ജരാസന്ധൻ, ബ്രാഹ്മണർ 

                                              ജരാസന്ധൻ, കൃഷ്ണൻ, ഭീമൻ , അർജുനൻ   

                                                               ജരാസന്ധൻ,  ഭീമൻ

                                                                                    ജരാസന്ധൻ 

                                                               ശിശുപാലൻ, ശ്രീകൃഷ്ണൻ 

                                             ശിശുപാലൻ, ശ്രീകൃഷ്ണൻ, ധർമ്മപുത്രർ, അർജുനൻ  

ശ്രീ. കോട്ടക്കൽ മധു, ശ്രീ. സദനം ജോതിഷ് ബാബു എന്നിവരുടെ സംഗീതം ശ്രീ. കോട്ടക്കൽ പ്രസാദ്‌, ശ്രീ. കലാമണ്ഡലം വേണുമോഹൻ എന്നിവർ ചെണ്ടയും ശ്രീ. കോട്ടക്കൽ രവി, ശ്രീ.  കലാമണ്ഡലം ഹരിഹരൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം ബാലൻ, ശ്രീ. സദനം ശ്രീനിവാസൻ എന്നിവർ ചുട്ടിയും ശ്രീ.സദനം ശങ്കരനാരായണൻ, ശ്രീ. കോട്ടക്കൽ   കുഞ്ഞിരാമൻ , ശ്രീ. സദനം വിവേക്, ശ്രീ. കലാചേതന രാജൻ എന്നിവർ അണിയറ ശിൽപ്പികളായി   പ്രവർത്തിച്ചു.  കുറിപ്പിട്ട സമയ പരിധിക്കുള്ളിൽ കഥ അവതരിപ്പിച്ചു തീർക്കുവാൻ കലാകാരന്മാർ നിർബ്ബന്ധിതരാകുമ്പോൾ പല പതിവ് ആട്ടങ്ങളും ഒഴിവാക്കേണ്ടി വരുന്നത് ഈ കാലഘട്ടത്തിന്റെ രീതിയായി മാറിയത് ഒഴിച്ചാൽ കളി വളരെ ഗംഭീരം തന്നെയായിരുന്നു. ശ്രീ. കലാമണ്ഡലം സൂരജിന്റെ കൃഷ്ണബ്രാഹ്മണൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്ന വേഷമായിരുന്നു.

 ശിശുപാലന്റെ ശ്രീകൃഷ്ണനിന്ദയുടെ അവതരണത്തിൽ ഗോപസ്ത്രീകളുടെ വസ്ത്രാപഹരണമാണ് വിസ്തരിചാടിയത്‌.  ശ്രീകൃഷ്ണൻ വെണ്ണ കട്ടുതിന്നുവാൻ ശ്രമിക്കുമ്പോൾ ഉറിയിൽ തൂങ്ങിക്കിടന്നതായി  നടൻ പകർന്നാട്ടത്തിലൂടെ   അഭിനയിച്ചു  ഫലിപ്പിക്കുന്നതിനിടയിൽ അപദ്ധവശാൽ കാലുസ്ലിപ്പായി  നടൻ രംഗത്തു വീണു. ശ്രീകൃഷ്ണൻ വീണതുപോലെ ഒരു അവതരണമാക്കി മാറ്റി പൊടിയും തട്ടി എഴുനെൽക്കുന്ന അവതരണത്തിലേക്കാണ് കലാകാരൻ അതു കൊണ്ടെത്തിച്ചത്.   ഒരു കലാകാരന്റെ  ഈ അവസരോചിതമായ   പ്രവർത്തിയെ അഭിനന്ദിച്ചേമതിയാവൂ.

വീണടം വിദ്യയാക്കിയ ഈ അനുഭവത്തെ നൽകിയ ശിശുപാലവേഷമിട്ട കലാകാരൻ ശ്രീ. സദനം കൃഷ്ണൻ കുട്ടി അവർകളുടെ അവസരോചിത യുക്തിക്ക് ഒരായിരം നമസ്കാരം.


2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

ഭാവഭാവന, ഭാവഷബളിമ കഥകളി മഹോത്സവം (1)


ചെന്നൈ അഡയാർ കലക്ഷേത്രാ അരങ്ങിൽ ഭാവഭാവന,  ഭാവഷബളിമ  എന്ന നാമകരണം ചെയ്‌ത് 19-09-2015 മുതൽ 22-09-2015 വരെയുള്ള നാല് ദിവസങ്ങളിൽ  യഥാക്രമം രുഗ്മാംഗദചരിതം, ബകവധം, രാജസൂയം, രാവാണോത്ഭവം   എന്നീ കഥകൾ  അവതരിപ്പിക്കുകയുണ്ടായി.   

19-09-2015-ന് വൈകിട്ട് ആറുമണിക്ക് ആഡിറ്റോറിയത്തിനു മുൻപിൽ കേളികൊട്ടി. കലാക്ഷേത്രയിലെ വിദ്യാർത്ഥികളുടെ തോടയം അവതരണത്തോടെ   കഥകളി മഹോത്സവത്തിന് തുടക്കം കുറിച്ചു. ശ്രീ. സദനം ശിവദാസൻ, ശ്രീ. കലാമണ്ഡലം വിനോവിനോദ്,    ശ്രീ. സദനം രാമകൃഷ്ണൻ, ശ്രീ. സദനം ദേവദാസ് എന്നിവർ യഥാക്രമം സംഗീതം, ചെണ്ട, മദ്ദളം എന്നിവ കൈകാര്യം ചെയ്തു.  
   
രുഗ്മാംഗദചരിതം കഥകളിയിൽ രുഗ്മാംഗദനായി ശ്രീ.കലാമണ്ഡലം ഗോപിആശാനും മോഹിനിയായി ശ്രീ.മാർഗി വിജയകുമാറും രംഗത്തെത്തി. ഏകാദശി വൃതമനുഷ്ടിക്കുവാൻ കാരണമായ കഥ (ഏകാദശി മാഹാത്മ്യം)  ശ്രീ. ഗോപി ആശാൻ ഭംഗിയായി അവതരിപ്പിച്ചു. വേഷ സൌന്ദര്യവും അഭിനയ വൈദഗ്ദ്യവും നിറഞ്ഞ ശ്രീ. ഗോപി ആശാനും ശ്രീ.മാർഗി വിജയകുമാറും കഥാപാത്രങ്ങളെ വളരെ ഗംഭീരമാക്കി.

ശ്രീ. കലാമണ്ഡലം ആരോമൽ, ശ്രീ. കലാമണ്ഡലം ചിനോഷ് ബാലൻ, ശ്രീ. സായികൃഷ്ണൻ എന്നിവർ യഥാക്രമം ധർമ്മാംഗദൻ, മഹാവിഷ്ണു, സന്ധ്യാവലി എന്നീ വേഷങ്ങൾ ചെയ്തു.  ശ്രീ. സദനം വിഷ്ണു പ്രസാദ്, ശ്രീ.കലാമണ്ഡലം ആര്യജിത് എന്നിവർ ബ്രാഹ്മണർ വേഷം ചെയ്തു.
ശ്രീ. പത്തിയൂർ ശങ്കരൻകുട്ടി, ശ്രീ. കലാമണ്ഡലം വിനോദ് എന്നിവരുടെ സംഗീതം ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയും  ശ്രീ. കലാമണ്ഡലം രാജ് നാരായണൻ മദ്ദളവും ചെയ്തു.  കഥകളി ലോകത്തിലെ  വളരെ അംഗീകരിക്കപ്പെട്ട  ഈ സൂപ്പർ ടീം കലാകാരന്മാരുടെ പ്രകടനം വളരെ  ഗംഭീരമായി.

                                                                     രുഗ്മാംഗദനും മോഹിനിയും 

                                                                                       രുഗ്മാംഗദൻ

                                                                                        മോഹിനി

20-09-2015 -ന്  വൈകിട്ട് ആറുമണിക്ക് കേളിയും തുടർന്ന്  ബകവധം കഥയിലെ പ്രധാന ഭാഗങ്ങളുമാണ് അവതരിപ്പിച്ചത്.   കൌരവർ തന്നെ പിടിച്ചു കെട്ടി ഗംഗാനദിയിൽ മുക്കിയതും നാഗങ്ങളെ കൊണ്ട് കടിപ്പിച്ചതും സ്മരിച്ച് ക്രുദ്ധനാകുന്ന ഭീമസേനനെ ധർമ്മപുത്രർ സ്വാന്തനപ്പെടുത്തുന്ന രംഗമാണ് ആദ്യം അവതരിപ്പിച്ചത്. ഭീമസേനനായി  ശ്രീ. കലാക്ഷേത്ര ഹരിപദ്മനും ധർമ്മപുത്രരായി ശ്രീ. ഗിരീഷ്‌മധുവും രംഗത്തെത്തി.


                                                                      ധർമ്മപുത്രരും ഭീമസേനനും 

ഹിഡുംബനു വേണ്ടി മർത്ത്യമാംസം തേടിയെത്തിയ ഹിഡുംബന്റെ സഹോദരി ഹിഡുംബി സുന്ദരീവേഷം (ലളിത) പൂണ്ട് വനത്തിൽ വസിക്കുന്ന ഭീമസേനന്റെ സമീപത്തെത്തുന്നു. ഭീമസേനനെ കണ്ട് അനുരക്തയായ ലളിതയുടെ താൽപ്പര്യത്തിനു പല തടസ്സങ്ങൾ പറഞ്ഞ്   ഭീമസേനൻ ഒഴിഞ്ഞു മാറുന്നു.    ഹിഡുംബിയെ തേടിയെത്തിയ ഹിഡുംബനെ ഭീമസേനൻ വധിച്ചു. അനാഥയായ  ഹിഡുംബിയെ എങ്ങിനെ സമാധാനപ്പെടുത്തണം എന്ന് ചിന്തിച്ചു വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്ന ഭീമസേനന്റെ സമീപത്ത്   വ്യാസമഹർഷി എത്തിച്ചേരുന്നതാണ് അവതരിപ്പിച്ച രണ്ടാമത്തെ രംഗം.

                                                          വേദവ്യാസമഹർഷിയും ഭീമസേനനും

                                                       വ്യാസമഹർഷി, ഭീമസേനൻ, ഹിഡുംബി   

പാണ്ഡവരുടെ എല്ലാ ദുഖങ്ങൾക്കും ശ്രീകൃഷ്ണൻ പരിഹാരം കാണുമെന്ന് ആശ്വസിപ്പിക്കുകയും ഹിഡുംബൻ  വധിക്കപ്പെട്ടതിൻ മൂലം  അനാഥയായിതീർന്ന,    ഹിഡുംബിയെ സ്വീകരിച്ച്  ഹിഡുംബിക്ക് ഒരു പുത്രന് ഉണ്ടാകുംവരെ ഒന്നിച്ചു കഴിയുവാനും വ്യാസമഹർഷി ഭീമസേനനെ ഉപദേശിക്കുകയും ചെയ്യുന്നു.  ഭീമസേനൻ ഹിഡുംബിയെ സ്വീകരിക്കുന്നു. വ്യാസമഹർഷി ഭീമസേനനേയും ഹിഡുംബിയെയും അനുഗ്രഹിച്ച് മടങ്ങുന്നു.   ഭീമസേനനും ലളിതയും തമ്മിലുള്ള സല്ലാപമാണ് മൂന്നാം രംഗത്തിൽ അവതരിപ്പിച്ചത്. ("ചെന്താർബാണമണിചെപ്പും ചേവടി പണിയും" എന്ന പ്രസിദ്ധമായ ശ്രുംഗാരപ്പദത്തിന്റെ അവതരണം ഈ രംഗത്താണ്).

                                                        ഭീമസേനനും ഹിഡുംബിയും

ഭീമസേനനും ഹിഡുംബിക്കും (ലളിത) ജനിച്ച  പുത്രൻ ഘടോൽക്കചൻ  വ്യാസമഹർഷിയുടെ  അനുഗ്രഹത്താൽ ജനിച്ചപ്പോൾത്തന്നെ പൂർണ്ണ യവ്വനത്തിലെത്തുന്നു.  ഘടോൽക്കചൻ  മാതാവോടൊപ്പം മടങ്ങുവാൻ തയ്യാറായി ഭീമസേനനോട് യാത്രാനുമതി ചോദിക്കുന്നു.  ഭീമസേനൻ യാത്രാനുമതി നല്കുന്നു.    അച്ഛൻ സ്മരിക്കുന്ന ക്ഷണത്തിൽ താൻ സമീപത്തെത്തുമെന്ന് ഉറപ്പു നൽകി ഘടോൽക്കചനും ഹിഡുംബിയും യാത്രയാകുന്നതുമാണ് അവതരിപ്പിച്ച അവസാന രംഗം.

                                                                                   ഘടോൽക്കചൻ 

                                                          ഘടോൽക്കചൻ, ഭീമസേനൻ, ഹിഡുംബി 

ഭീമസേനനായി ശ്രീ. സദനം ബാലകൃഷ്ണൻ ആശാനും വ്യാസമഹർഷിയായി ശ്രീ. ടെറൻസും   ലളിത വേഷധാരിയായ ഹിഡുംബിയായി  ശാരദാ ആചാര്യയും  ഘടോൽക്കചനായി ശ്രീ. സിബിസുദർശനും  വേഷമിട്ട്‌ കളി ഗംഭീരമാക്കി.      ശ്രീ. മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, ശ്രീ. സദനം ശിവദാസൻ എന്നിവർ സംഗീതവും ശ്രീ. സദനം രാമകൃഷ്ണൻ  ചെണ്ടയും ശ്രീ. സദനം ദേവദാസ് മദ്ദളവും കൈകാര്യം ചെയ്ത് കളി വിജയിപ്പിച്ചു.

(ഫോട്ടോ : ഫേസ് ബുക്ക്‌ പോസ്റ്റിൽ നിന്നും എടുക്കപ്പെട്ടത്‌) 

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ബാല്യകാലസ്മരണകൾ -8 (ജീവിതത്തിലെ സൗഭാഗ്യങ്ങൾ നിറഞ്ഞ കാലഘട്ടം-2)


സിദ്ധാശ്രമത്തിലെ ഹരിശ്ചന്ദ്രചരിതം  കഥകളിയും ശ്രീ. ചെന്നിത്തല ഭാസ്കരൻ ചേട്ടന്റെ അരങ്ങേറ്റവും  വളരെ ഭംഗിയായി അവസാനിച്ചു. ചുടല ഹരിശ്ചന്ദ്രന്റെ വേഷം തുടച്ചു കൊണ്ടിരുന്ന  കൃഷ്ണൻ നായർ ആശാൻ എന്റെ പിതാവിനെ അടുത്തേക്ക്‌ വിളിച്ചു. താങ്കൾ ഇന്നലെ എപ്പോഴാണ് എത്തിയത് എന്നുള്ള  ചോദ്യത്തിൽ  ആരംഭിക്കുകയും തുടർന്ന്   ആശാൻ പിന്നീട്   വളരെ ദേക്ഷ്യഭാവത്തിലെത്തുകയും ചെയ്തു.     തലേ  ദിവസം അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ ഉണ്ടായ അനുഭവത്തിന്റെ പ്രതികരണമാണ് ആശാൻ പ്രകടിപ്പിച്ചത് എന്ന് പിതാവിന് മനസ്സിലായതിനാൽ ഒന്നും പ്രതികരിക്കാതെ നിശബ്ദനായി നിന്നതേയുള്ളൂ. തനിക്ക് കളിക്ക് പോയി  കിട്ടുന്ന പണം  എല്ലാം  എന്തു ചെയ്യുന്നു? ആരെങ്കിലും വന്നാൽ ഒന്നു കിടക്കാൻ സൗകര്യം നിന്റെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ടോ? നിനക്ക് നാല് പെണ്‍കുട്ടികൾ ഉണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിക്കുന്നുണ്ടോ?  നിന്റെ ഗുരുനാഥൻ ഇന്നലെ പകലിൽ   എവിടെയാണ് വിശ്രമിച്ചത് എന്ന് അറിയുമോ? തൊഴുവത്തിന്റെ തിണ്ണയിൽ.  എന്നിങ്ങനെ നീണ്ടു ആശാന്റെ ആരോപണം. ഒടുവിൽ  വിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ  വയറിന്മേൽ നിന്റെ വീട്ടിലെ തെങ്ങിൽ നിന്നും ഒരു ചെറിയ വെള്ളക്കായ് വീണെന്നും കൂടി  ആശാൻ ആരോപിച്ചപ്പോൾ പിതാവ് മാനസീകമായി ആകെ തളർന്നു കഴിഞ്ഞിരുന്നു. ആശ്രമത്തിൽ നിന്നും കളിപ്പണവും വാങ്ങി കലാകാരന്മാർ എല്ലാവരും പിരിഞ്ഞു. പിതാവ് ആശ്രമത്തിൽ നിന്നും  നടന്നു വരുംവഴിയിൽ അയൽ വീട്ടിൽ നിന്നും ഒരു അലവാങ്കും വാങ്ങിയാണ്  വീട്ടിലെത്തിയത്. അച്ഛന്റെ കിടപ്പു  മുറിയിലുള്ള സാധനങ്ങൾ എല്ലാം തൊഴുവത്തിനോട് ചേർന്നുള്ള  മുറിയിലേക്ക് മാറ്റിയിട്ട് അലവാങ്കുകൊണ്ട് അച്ഛന്റെ കിടപ്പുമുറി ഇടിച്ചു പൊളിക്കുവാൻ തുടങ്ങി. അച്ഛന്റെ പെട്ടെന്നുള്ള ഈ പ്രവർത്തി കണ്ട് ഞങ്ങൾ എല്ലാവരും ഭയന്നു. ഏതാണ്ട് ഒരു ഭ്രാന്തനെന്നപോലെയുള്ള അച്ഛന്റെ പെരുമാറ്റം കണ്ടു ഭയന്നു പോയ മാതാവ് എന്റെ കയ്യിൽ ബസ്സു കൂലി തന്ന് ചേപ്പാട്ടുള്ള അമ്മയുടെ ഗൃഹത്തിലേക്ക് എന്നെ അയച്ചു. ഞാൻ അവിടെയെത്തി മുത്തച്ഛനെ    കൂട്ടിയാണ് മടങ്ങിയെത്തിയത്. അപ്പോഴേക്കും വീടിന്റെ മുക്കാൽ ഭാഗം അച്ഛൻ തന്നെ ഇടിച്ചു കളഞ്ഞിരുന്നു. അച്ഛന്റെ സുഹൃത്തുക്കളും അയൽവാസികളും  മറ്റും  അവിടെ എത്തിയിരുന്നു. മുത്തച്ഛന്റെ  ചോദ്യത്തിന് വളരെ സമാധാനത്തോടെയാണ് അച്ഛൻ മറുപടി പറഞ്ഞത്. തന്റെ സുഹൃത്തുക്കളും ഗുരുനാഥനും മനസാ ഗുരുനാഥനായി കാണുന്ന കൃഷ്ണൻ നായർ ആശാനും തന്റെ ഗൃഹത്തിൽ എത്തിയപ്പോഴുണ്ടായ അസൗകര്യവും  കൃഷ്ണൻ നായർ ആശാന്റെ ശകാരവും എല്ലാം കൂടിയായപ്പോൾ ഒരു നിമിഷം സമനില തെറ്റിയെന്നും ഇനി ഈ വീട്ടിൽ താമസിക്കുന്നില്ലെന്നും ഇത് ഇടിച്ചിട്ട്‌ ഈ വർഷം ലഭിച്ച കളിപ്പണം കൊണ്ട് ഒരു വീടിന് അടിത്തറ കെട്ടുവാൻ തീരുമാനിച്ചു എന്നുമായിരുന്നു അച്ഛന്റെ മറുപടി.

                                                        ഗുരു. ചെങ്ങന്നൂർ രാമൻപിള്ള 


                                             പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ

ഉണ്ടായിരുന്ന വീട് ഇടിച്ചിട്ട്‌ ഒരു  ചെറ്റക്കുടിൽ (മെടഞ്ഞ ഓല കൊണ്ട് ഉണ്ടാക്കിയ കുടിൽ)  കെട്ടി. അതിനുള്ളിൽ  വീട്ടിലിരുന്ന പൊത്തായം (നെല്ലും മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുവാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന തടി കൊണ്ട് നിർമ്മിച്ച ഒരു തരം വലിയ പെട്ടി) എടുത്തു വെച്ച് അതിന്മേലായിരുന്നു അച്ഛൻ കിടന്നിരുന്നത്. ആ കുടിലിനു മുൻപിൽ ഒരു റാന്തൽ വിളക്കും തൂക്കിയിട്ടിരുന്നു. സന്ധ്യയായാൽ ആ വിളക്കായിരുന്നു  വീടിനു മുൻ വശത്ത് പ്രകാശം പരത്തിയിരുന്നത്.  അധികം താമസിയാതെ വീടിനു സ്ഥാനം കണ്ടു. ചെന്നിത്തല ഒരിപ്പ്രത്തുകാരനും അച്ഛനും അച്ഛനെയും  പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ശ്രീ. വാസുആശാരിയായിരുന്നു വീടിനു സ്ഥാനം കണ്ടത്.  അദ്ദേഹം വീടിനു കുറ്റിയടിച്ച് പണി തുടങ്ങുവാനുള്ള ദിവസവും സമയവും കുറിച്ചു. വീടിനു  കല്ലിടുന്നത് തന്റെ ഗുരുനാഥൻ ചെങ്ങന്നൂർ ആശാൻ തന്നെയാവണം എന്ന് അച്ഛൻ ഉറപ്പിച്ചിരുന്നു.    ചെങ്ങന്നൂരിനു കിഴക്കു ഭാഗത്തു നിന്നും കാളവണ്ടിയിലാണ്  വീടുപണിക്കുള്ള വെട്ടുകല്ല് കൊണ്ടുവന്നിറക്കിയത്.  അച്ഛൻ ചെങ്ങന്നൂർ ആശാന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ട് തന്റെ ഭവനത്തിന്റെ നിർമ്മാണ വിഷയവും ആശാൻ  തന്നെ വീടിന് ആദ്യ കല്ല്‌ ഇടണം എന്നുള്ള വിവരം അറിയിച്ചു. അദ്ദേഹം സസന്തോഷം ശിഷ്യന്റെ  അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

                                                               എന്റെ പിതാവ് 

അങ്ങിനെ ആസുദിനം വന്നെത്തി. ചെങ്ങന്നൂർ ആശാനും ആശാന്റെ മകളും കൂടി നേരത്തേ തന്നെ എത്തിയിരുന്നു. ശ്രീ. വാസുആശാരിയും , ചെന്നിത്തല തെക്കുംമുറി  ഭാഗത്തുള്ള ശ്രീ. ഗോപാലൻമേശരിയും  കൂട്ടരും (കൽപ്പണി) എത്തി. കല്ലിടുവാൻ വേണ്ടി കുറ്റിയടിച്ചു സ്ഥാനം കണ്ട ഭാഗം  തോണ്ടി മണ്ണുമാറ്റി വെച്ചിരുന്നു.  നിലവിളക്ക് കൊളുത്തി വെച്ച് പൂജാദികർമ്മങ്ങൾ ചെയ്ത് ആദ്യകല്ല്‌ ശ്രീ.ഗോപാലൻമേശരി ചെങ്ങന്നൂർ ആശാനെ ഏല്പ്പിച്ചു.  ആശാൻ  തന്റെ  കൈകൾ കൊണ്ട് ആ കല്ല്‌ സ്വീകരിച്ച് ഒരു നിമിഷം പ്രാർത്ഥിച്ച ശേഷം തന്റെ കർമ്മം നിറവേറ്റി.  ചെങ്ങന്നൂർ ആശാന്റെ കൈകളിൽ നിന്നും ദക്ഷിണ സ്വീകരിച്ച് ആശാന്റെ കാൽപ്പാദങ്ങളിൽ വണങ്ങിയാണ് ശ്രീ. വാസുആശാരിയും ശ്രീ. ഗോപാലൻമേശരിയും  കൂട്ടരും മടങ്ങിയത്.
 (തുടരും)

2015, മേയ് 27, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -7 (ജീവിതത്തിലെ സൗഭാഗ്യങ്ങൾ നിറഞ്ഞ കാലഘട്ടം-1)



അച്ഛന്റെ കലാജീവിതത്തിൽ ലോകധർമ്മിത്തം നിറഞ്ഞ അവതരണം കൊണ്ട് ജനശ്രദ്ധ നേടിയ അച്ഛന്റെ പ്രധാന രണ്ട് വേഷങ്ങളായിരുന്നു   നളചരിതം ഒന്നിലെ ഹംസവും നിഴൽക്കുത്തിലെ മാന്ത്രികനും. എവിടെ കളിക്ക് ക്ഷണിച്ചാലും വേറെന്തു കഥ നിശ്ചയിച്ച് ഉറപ്പിച്ചു വെച്ചിരുന്നാലും അച്ഛൻ കളി സ്ഥലത്തു ചെന്നെത്തിക്കഴിയുംപോൾ കഥകളി ആസ്വാദകരുടെ സമ്മർദ്ദം മൂലം  കഥകൾ മാറി "ഒന്നും കുത്തും" (നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തും)  എന്ന ഒരു നില ഉണ്ടായിരുന്നു. ഹംസം ചെയ്യാൻ ഓയൂർ അല്ലെങ്കിൽ ചെന്നിത്തല എന്നും  മാന്ത്രികൻ ചെയ്യാൻ ചെന്നിത്തല അല്ലെങ്കിൽ മുട്ടാർ ശിവരാമൻ എന്നും അക്കാലത്ത് ആസ്വാദകർക്കിടയിൽ ഒരു അഭിപ്രായം നിലനിന്നിരുന്നു. 1970 കളിൽ അച്ഛൻ ചെയ്തിട്ടുള്ള കൂടുതൽ വേഷങ്ങളും ഹംസവും മാന്ത്രികനും ആയിരുന്നു എന്നതിൽ സംശയവും  ഇല്ല.

 അച്ഛന്റെ സഹോദരീ പുത്രനായ ശ്രീ. ചെന്നിത്തല ഭാസ്കരൻ  പിള്ള ഗുരു. ചെങ്ങന്നൂരിന്റെ കീഴിൽ കഥകളി അഭ്യസിച്ചു വന്നിരുന്നു.   ചെന്നിത്തല സിദ്ധാശ്രമത്തിൽ എല്ലാ വർഷവും പത്താമുദയത്തിന് കഥകളി പതിവുണ്ടായിരുന്നു. ആ കാലയളവിൽ  ഒരു കളിക്ക്        ഹരിശ്ചന്ദ്രചരിതം   കഥയായിരുന്നു അവിടെ നിശ്ചയിച്ചിരുന്നത്. അന്നത്തെ  കളിക്ക് ശ്രീ. ചെന്നിത്തല ഭാസ്കരൻ  പിള്ളയുടെ അരങ്ങേറ്റവും തീരുമാനിച്ചിരുന്നു. ഹരിശ്ചന്ദ്രചരിത്തിലെ  ഇന്ദ്രനും സത്യകീർത്തിയും ആയിരുന്നു അദ്ദേഹത്തിൻറെ  അരങ്ങേറ്റ വേഷങ്ങൾ.     പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ വിശ്വാമിത്രൻ,  ഗുരു. ചെങ്ങന്നൂരിന്റെ വസിഷ്ടനും കാളകണ്ഠനും, ശ്രീ. മങ്കൊമ്പ്   ആശാന്റെ ചന്ദ്രമതി, അച്ഛന്റെ ഹരിശ്ചന്ദ്രൻ എന്നിങ്ങനെ വേഷങ്ങളും ശ്രീ. വൈക്കം സഹോദരന്മാരായ ശ്രീ. തങ്കപ്പൻ പിള്ള ചേട്ടനും പുരുഷോത്തമൻ ചേട്ടനും സംഗീതം, ശ്രീ. കണ്ടല്ലൂർ സദാശിവൻ ചെണ്ടയും ശ്രീ. ഏവൂർ കുട്ടപ്പൻ നായരുടെ മദ്ദളം , പോരുവഴി മാധവൻ ഉണ്ണിത്താൻ അവർകളുടെ കളിയോഗവും എന്നിങ്ങനെയായിരുന്നു നിശ്ചയിച്ചിരുന്നത്.

                                                                               ഗുരു. ചെങ്ങന്നൂർ  

                                     പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ,  


                                                  ശ്രീ. വൈക്കം സഹോദരന്മാർ 

പത്താമുദയത്തിനു മുൻ ദിവസം അച്ഛന് വടക്കൻ പറവൂരിൽ ആയിരുന്നു കളി. ആ കാലഘട്ടങ്ങളിൽ ആലുവാ, വടക്കൻ പറവൂർ (ഏലൂർ നാറാണത്ത്, പെരുവാരം തുടങ്ങിയ ക്ഷേത്രങ്ങളിൽ)   ഭാഗങ്ങളിൽ ധാരാളം കളികൾക്ക് അച്ഛനെ ക്ഷണിക്കപ്പെട്ടിരുന്നു.   വടക്കൻ പറവൂരിൽ  കളിക്ക് പോകുന്നതിനു മുൻപ് അച്ഛൻ  വീട്ടിനുള്ളിൽ കിടന്ന രണ്ടു കട്ടിലും എടുത്ത് തൊഴുവത്തിന്റെ തിണ്ണയിൽ കൊണ്ടിട്ടു. പത്താമുദയത്തിനു വീടിനടുത്തുള്ള സിദ്ധാശ്രമത്തിൽ   കളിയുള്ളതിനാൽ സഹകലാകാരന്മാർ ആരെങ്കിലും വീട്ടിൽ എത്തിയാൽ അവർക്ക് വിശ്രമിക്കാൻ ഒരു സൗകര്യം എന്ന ഉദ്ദേശത്തോടെയാണ് അച്ഛൻ അങ്ങിനെ ചെയ്തത്. കൊല്ലം ജില്ലയിലെ ഒരു കളി കഴിഞ്ഞ്  ചെങ്ങന്നൂർ ആശാനും   കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും കൂടി നേരേ വീട്ടിലേക്കാണ് എത്തിയത്. എന്റെ വീടിന് അരികിൽ  പ്രകൃതി അനുഗ്രഹിച്ച് നൽകിയ തേവർകുളം പൊതുജനങ്ങളാൽ വളരെ ശുദ്ധമായി വെച്ചിരുന്ന കാലമായിരുന്നു അത്. ചെങ്ങന്നൂർ ആശാനും കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും  ദിനചര്യകളുടെ ഭാഗമായ  സ്നാനം തേവർ കുളത്തിൽ  പൂർത്തിയാക്കി.  കുളത്തിലെ വെള്ളത്തിൽ ശരീരം  കഴുത്തുവരെ താഴ്ത്തി സുമാർ ഒരുമണി നേരത്തോളം സമയം നർമ്മ സംഭാഷണങ്ങളോടെ കഴിഞ്ഞ ശേഷമാണ് നാലുപേരും വീട്ടിലെത്തിയത്.  കാപ്പികുടി കഴിഞ്ഞപ്പോൾ ശ്രീ. ഭാസ്കരൻ പിള്ള എത്തി.  ഭാസ്കരൻ പിള്ളയുടെ സഹായത്തോടെ കൃഷ്ണൻ നായർ ആശാൻ  ഒരു കട്ടിൽ തൊഴുവത്തിന്റെ തിണ്ണയിൽ നിന്നും എടുത്ത് വൈക്കോൽ തുറുവിട്ടിരുന്ന തെങ്ങിൻ ചുവട്ടിൽ നിഴൽ സൗകര്യം നോക്കിയിട്ട്  വിശ്രമിച്ചു. ശരീരത്തിൽ വെയിൽ പതിക്കുമ്പോൾ  അദ്ദേഹം എഴുനേറ്റ് നിഴൽ സ്ഥാനം നോക്കി കട്ടിൽ നീക്കിയിടുന്നതും കാണാമായിരുന്നു.  വീടിന്റെ തിണ്ണയിൽ ഒരു പായുമിട്ട് വൈക്കം സഹോദരന്മാരും വിശ്രമിച്ചു. തൊഴുവത്തിന്റെ തിണ്ണയിലിട്ടിരുന്ന കട്ടിലിൽ ഇരുന്നുകൊണ്ട്  ചെങ്ങന്നൂർ ആശാൻ ഭാസ്കരൻ പിള്ളയ്ക്ക് ഇന്ദ്രന്റെയും സത്യകീർത്തിയുടെയും   പദങ്ങളും അരങ്ങിൽ ചെയ്യേണ്ടതുമായ വിവരങ്ങളും  പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. പിന്നീട് ചെങ്ങന്നൂർ ആശാൻ  ആ കട്ടിലിൽ  വിശ്രമിക്കുകയും ചെയ്തു.  അച്ഛൻ എത്തിയശേഷം മാത്രം വിളിച്ചാൽ മതിയെന്ന് അറിയിച്ചാണ് എല്ലാവരും വിശ്രമിക്കാൻ കിടന്നത്.

ഉച്ചയ്ക്ക്  ഒന്നര  രണ്ടു  മണിയോടെയാണ് അച്ഛൻ വടക്കൻ പറവൂരിൽ നിന്നും വീട്ടിൽ എത്തിയത്. ഗുരുനാഥൻ തൊഴുവത്തിന്റെ തിണ്ണയിലും കൃഷ്ണൻ നായർ ആശാൻ വൈക്കോൽ തുറുവിന്റെ നിഴലിലും സഹപ്രവർത്തകരായ വൈക്കം സഹോദരന്മാർ വീടിന്റെ തിണ്ണയിലും വിശ്രമിക്കുന്നത് കണ്ടപ്പോൾ അച്ഛൻ മാനസീകമായി തളർന്നു. ഒരു കള്ളനെന്നപോലെ ശബ്ദമുണ്ടാക്കാതെ ദിനചര്യകൾ പൂർത്തിയാക്കി  ആഹാരവും കഴിച്ചു . ഗുരുവും കൃഷ്ണൻ നായർ ആശാനും വൈക്കം സഹോദരന്മാരും ഉണർന്നാൽ ആഹാരം നൽകണമെന്നും അവർ തന്നെ പറ്റി  ചോദിച്ചാൽ   കളിസ്ഥലത്തെക്ക് പോയിട്ടുണ്ട് എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞുകൊണ്ട് അച്ഛൻ ബാഗുമെടുത്ത് സിദ്ധാശ്രമത്തിലേക്ക് നടന്നു നീങ്ങി.  മൂന്ന് മണിക്ക് കൃഷ്ണൻ നായർ ആശാൻ എഴുനേറ്റു. ആശാന്റെ ഉറക്കം വൈക്കോൽ തുറുവിന്റെ നിഴൽ അടിക്കടി ശല്ല്യം ചെയ്തു കൊണ്ടിരുന്നു.  ആശാൻ എഴുനേറ്റപ്പോൾ ആഹാരം റെഡി എന്ന്  മുത്തശ്ശി അറിയിച്ചു.

                                                          ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ

ചെന്നിത്തല കൊച്ചുപിള്ള പണിക്കർ ആശാന്റെ (മുത്തശ്ശിയുടെ പിതാവ്)   ഒരു വേഷമേ  ഞാൻ കണ്ടിട്ടുള്ളൂ. നളചരിതം-2 ലെ കാട്ടാളൻ.  അതും വളരെ അവശനായ കാലത്ത്. അദ്ദേഹത്തോടുള്ള അളവറ്റ ബഹുമാനമാണ് ചെല്ലപ്പൻപിള്ളയോട് ഞാൻ പുലർത്തുന്ന സ്നേഹബന്ധം   എന്ന്  മുത്തശ്ശിയോട്    കൃഷ്ണൻ നായർ ആശാൻ അറിയിച്ചു കൊണ്ട് ചെങ്ങന്നൂർ ആശാനെയും വൈക്കം സഹോദരന്മാരെയും വിളിച്ചുണർത്തി.   എല്ലാവരും അച്ഛനെ അന്വേഷിച്ചു. കളിസ്ഥലത്തേക്ക് പോയി എന്ന് ഞങ്ങൾ അവരെ  അറിയിച്ചു. പുഞ്ച കൃഷി കഴിഞ്ഞുള്ള  പുത്തരിയുടെ  ചോറും, പഴുത്തമാങ്ങാക്കറിയും   ചീമചക്കത്തീയലും,  ചക്കക്കുരുവും  മുരിങ്ങക്കായ് തോരനുംകൂട്ടിയുള്ള ഭക്ഷണം കഴിഞ്ഞ് എല്ലാവരും വീണ്ടും വിശ്രമിച്ചു.  ആറുമണിക്ക് ചായകുടിയും കഴിഞ്ഞ് യാത്രയ്ക്കുള്ള ഒരുക്കമായി. വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന  അച്ഛന്റെ മുത്തച്ഛന്റെ (ചെന്നിത്തല കൊച്ചുപിള്ള പണിക്കർ) ചിത്രത്തിന്റെ മുൻപിൽ എത്തി വണങ്ങിയ ശേഷമാണ്    ഗുരു. ചെങ്ങന്നൂരും കൃഷ്ണൻ നായർ ആശാനും യാത്ര പറഞ്ഞത്. വൈക്കം സഹോദരന്മാരാകട്ടെ യാത്ര പറഞ്ഞ് മുന്നോട്ടു നീങ്ങിയ ശേഷം മടങ്ങി വന്ന് "പഴുത്ത മാങ്ങാക്കറിയുടെയും ചീമചക്കത്തീയലിന്റെയും രുചിയെ പറ്റി  അമ്മയോടും മുത്തശ്ശിയോടും പ്രശംസ  അറിയിച്ച  ശേഷമാണ്  യാത്രയായത്.        

2015, മേയ് 3, ഞായറാഴ്‌ച

ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന് ബാഷ്പാഞ്ജലി


ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാൻ കൊട്ടാരക്കരയ്ക്ക് സമീപം വെളിനല്ലൂർ കിഴക്കേമേലതിൽ ശ്രീമതി പാർവതിയമ്മയുടെയും തുള്ളൽ വിദഗ്ദൻ.   ശ്രീ.പുത്തൻ മഠത്തിൽ ശങ്കരപ്പിള്ളയുടെയും  പുത്രനായി   26-06-1936 -ൽ ജനിച്ചു. ചെറുപ്പകാലം   മുതലേ നാദസ്വരത്തിലും സംഗീതത്തിലുമുള്ള     അഭിരുചി മനസിലാക്കിയ അദ്ദേഹത്തിൻറെ  മാതുലന്റെ സഹായത്തോടെ   ശ്രീ. കടയ്ക്കാവൂർ വേലുക്കുട്ടി നായരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. ഈ അവസരത്തിൽ  ശ്രീ. വൈക്കം വാസുദേവൻ നായരുമായി പരിചയപ്പെടുവാനും ഉപദേശങ്ങൾ നേടുവാനും അദ്ദേഹത്തിനു സാധിച്ചു.   17 -മത്തെ വയസ്സിൽ കേരള കലാമണ്ഡലത്തിൽ ചേർന്ന്  കഥകളി   സംഗീതം അഭ്യസിച്ചു. ശ്രീ. ശിവരാമൻ നായർ, ശ്രീ. മാധവപ്പണിക്കർ, ശ്രീ. നീലകണ്ഠൻ നമ്പീശൻ എന്നിവരായിരുന്നു ഗുരുനാഥന്മാർ.  ഇരുപത്തി ഒന്നാമത്തെ വയസ്സിൽ കലാമണ്ഡലത്തിൽ വെച്ച് അരങ്ങേറ്റം നടത്തി.   ആറുവർഷത്തെ സംഗീത അഭ്യസനം പൂർത്തിയാക്കിയ അദ്ദേഹം എഴാം വർഷത്തിൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. കലാമണ്ഡലം കളരിയിൽ നിന്നും കഥകളി സംഗീതജ്ഞന്മാരായി പുറത്തുവന്ന നാൽപ്പതിലധികം കലാകാരന്മാരെയാണ് ആശാൻ സംഗീതം അഭ്യസിപ്പിച്ചത്.  

                                                     
                                                              ശ്രീ. ഗംഗാധരൻ ആശാൻ





1991-ൽ  വൈസ്പ്രിൻസിപ്പാൾ  പദവിവഹിച്ചുകൊണ്ട്   അദ്ദേഹം കലാമണ്ഡലത്തിൽ നിന്നും വിരമിച്ചു.  ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പ് എന്നീ ഗായകരുടെ ശിങ്കിടി ഗായകനായി അരങ്ങിൽ പ്രവർത്തിക്കാൻ സാധിച്ചത് മഹാഭാഗ്യമായിട്ടാണ് ആശാൻ വിശ്വസിച്ചിരുന്നത്.   കേരള കലാമണ്ഡലം പുരസ്കാരം,സംഗീത  നാടക അക്കാഡമി പുരസ്കാരം, കൊട്ടാരക്കര തമ്പുരാൻ പുരസ്കാരം എന്നിങ്ങനെ അനേകം പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്. കേരളകലാമണ്ഡലം ചുമതല വഹിച്ച ധാരാളം വിദേശയാത്രകളിലൂടെ ഒട്ടനവധി നാടുകൾ സന്ദർശിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.   
  2015 ഏപ്രിൽ 26 -ന്   അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. 


  
ആശാനും  കുടുംബവും 




                                                 
                                                    ശ്രീ. മടവൂർ ആശാനും ശ്രീ. ഗംഗാധരൻ ആശാനും.

ശ്രീ. ഗംഗാധരൻ ആശാന്റെ ഏറ്റവും പ്രധാന ആത്മമിത്രമായി കണ്ടിരുന്നത്‌ ശ്രീ. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയായിരുന്നു. ശ്രീ.  ഓയൂർ ആശാൻ മരണപ്പെടുന്ന കാലംവരെ ആ ആത്മബന്ധം നിലനിർത്തുവാൻ ആശാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

 എന്റെ ചെറുപ്പകാലം മുതൽ അദ്ദേഹത്തിൻറെ ധാരാളം അരങ്ങുകളുടെ മുന്നിൽ  എത്തിച്ചേരുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നു. ശിഷ്യന്മാരായ ശ്രീ. കലാമണ്ഡലം (വെണ്മണി) ഹരിദാസ്, ശ്രീ.കലാമണ്ഡലം  രാധാകൃഷ്ണൻ, ശ്രീ. കലാമണ്ഡലം രവീന്ദ്രൻ എന്നിവരുമൊത്ത് പ്രവർത്തിച്ച അരങ്ങുകൾ  മനസാസ്മരിച്ചു കൊണ്ട് ബഹുമാന്യനായ ഗംഗാധരൻ ആശാന് ഞാൻ   കണ്ണീർ അഞ്ജലി സമര്പ്പിക്കുന്നു.

ശ്രീ.ഗംഗാധരൻ ആശാന്റെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങൾ, ശിഷ്യന്മാർ, സുഹൃത്തുക്കൾ, ആസ്വാദകർ എന്നിവരോടൊപ്പം ഞാനും ദുഖത്തിൽ പങ്കുചേരുന്നു.  

  
പ്രത്യേക അറിയിപ്പ്: എന്റെ ഈ ബ്ലോഗിൽ ചേർത്തിട്ടുള്ള ശ്രീ. കലാമണ്ഡലം ഗംഗാധരൻ ആശാന്റെ എല്ലാ ഫോട്ടോകൾക്കും    ഫേസ്ബുക്കിലെ   പോസ്റ്റുകളോട് കടപ്പാട് അറിയിക്കുന്നു.  

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

ബാല്യകാലസ്മരണകൾ -6 (കഥകളിയെ വിശ്വസിച്ച് മുപ്പതു സെന്റ്‌ ഭൂമി )

എന്റെ ഗ്രാമമായ ചെന്നിത്തലയിലുള്ള സിദ്ധാശ്രമത്തിലെ പത്താമുദയ മഹോത്സവത്തിന് കഥകളി പതിവായിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരാശാനും  ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാനും അവിടെ പതിവുകാരായിരുന്നു. മാവേലിക്കര കൊച്ചാലുംമൂട്  സ്വദേശിയായ ശ്രീ. രാഘവൻ പിള്ള എന്നൊരു കഥകളി ആസ്വാദകൻ ഉണ്ടായിരുന്നു.
ആശ്രമത്തിൽ ലവണാസുരവധം  കഥയിലെ മണ്ണാനും മണ്ണാത്തിയും കൃഷ്ണൻ നായർ ആശാനും കുടമാളൂരും ചേർന്ന് അവതരിപ്പിക്കുമ്പോൾ പരിസരബോധം  മറന്ന് രംഗത്ത് അവർ ചെയ്യുന്നത് ഉച്ചത്തിൽ വിളിച്ചു  പറഞ്ഞുംചിരിച്ചും രസിച്ചും ആസ്വദിച്ചിരുന്ന  ശ്രീ. രാഘവൻപിള്ള ചേട്ടന്റെ മുഖത്തേക്ക്   നോക്കിയിരുന്ന് ഞാനും എന്റെ സുഹൃത്തുക്കളും  ധാരാളം  രസിച്ചിട്ടുണ്ട്. 

 ഒരു വീട് വെയ്ക്കാൻ സൌകര്യത്തിന് ഒരു സെന്റ്‌ ഭൂമി പോലും ഇല്ലാതെ ഒരു ബന്ധുവിന്റെ വീട്ടിൽ  വാടകക്കാരനായിരുന്നു അച്ഛൻ. അമ്മയുടെ നിരന്തരമായ നിർബ്ബന്ധം മൂലം പത്ത് സെന്റ്‌  ഭൂമി തേടി അച്ഛൻ  അലഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തല കിഴക്കേ വഴിയിൽ  തേവർകുളത്തിന് തൊട്ടു വടക്കേ മുപ്പതു സെന്റ്‌ വസ്തു വില്ക്കാനുണ്ട് എന്ന വിവരം അച്ഛന്റെ സ്നേഹിതനും കഥകളി കലാകാരനുമായിരുന്ന ശ്രീ. ചെന്നിത്തല രാഘവൻ പിള്ള ചേട്ടൻ അച്ഛനെ അറിയിച്ചത്.  അച്ഛനും രാഘവൻപിള്ള ചേട്ടനും കൂടി വസ്തു ഉടമയെ ചെന്നു കണ്ടു. ഒരു തമ്പാനായിരുന്നു വസ്തുഉടമ.  കഥകളി കലാകാരനായിരുന്ന അച്ഛന്റെ മുത്തച്ഛൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ളപണിക്കർ അവർകളെ  അങ്ങേയറ്റം സ്നേഹിക്കയും    ബഹുമാനിക്കുകയും ചെയ്തിരുന്ന  ഒരു  വ്യക്തിയായിരുന്നു ശ്രീ. തമ്പാൻ. (അച്ഛന്റെ മുത്തച്ഛന്റെ ഗുരുനാഥൻ വടയത്തു ശ്രീ. രാമവർമ്മ തമ്പാന്റെ ബന്ധുവായിരുന്നു അദ്ദേഹം)         അദ്ദേഹം  തന്റെ  പേരിലുള്ള വസ്തുക്കൾ   കുറേശ്ശെ എഴുതി വിറ്റ് കുടുംബച്ചിലവ് നടത്തുകയായിരുന്നു. ശ്രീ. തമ്പാൻ അച്ഛന്റെ കൈവശം ഉണ്ടായിരുന്ന വളരെ  തുശ്ചമായ തുക കൈപ്പറ്റിക്കൊണ്ട് മുപ്പതു സെന്റ്‌ ഭൂമിയും അച്ഛന്റെ പേരിൽ രജിസ്റ്റർ ചെയ്തു നല്കി. കഥകളിയെന്ന കലയെ ഒന്നുപോലെ വിശ്വസിച്ചു കൊണ്ടാണ്   അച്ഛനും തമ്പാനും  ഈ സാഹസത്തിന് മുതിർന്നത്.   ബാക്കിത്തുകയ്ക്ക് വാക്കാലുള്ള ഒരു എഗ്രിമെന്റു മാത്രമാണ് ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്നത്.  ഒരു കളിക്ക് പോയാൽ  അച്ഛന് ലഭിക്കുന്ന  കളിപ്പണത്തിന്റെ പകുതി തമ്പാനെ ഏൽപ്പിക്കണം എന്നതായിരുന്നു ആ എഗ്രിമെന്റ്. അച്ഛൻ    പ്രസ്തുത എഗ്രിമെന്റ് കൃത്യമായി പാലിച്ചു വന്നു. ഒരിക്കൽ ഒരു കളിയും കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയിൽ  അച്ഛൻ    ലഭിച്ച കളിപ്പണത്തിന്റെ പകുതി തമ്പാനെ എൽപ്പിക്കുവാനായി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി പണം എടുത്തു നീട്ടി. അപ്പോൾ   "നീ ഇനി ഒന്നും തരേണ്ടതില്ല,  കഴിഞ്ഞ കളിപ്പണത്തോടെ വസ്തുവിന്റെ വില പൂർത്തിയായി" എന്നാണ്  അദ്ദേഹം അറിയിച്ചത്. 

"ഞാൻ  അങ്ങേയ്ക്ക് കൊണ്ടുവന്ന പണമാണിത്‌. ഇത് തിരികെ കൊണ്ടുപോകുന്നില്ല. അങ്ങ് സസന്തോഷം  സ്വീകരിച്ചാലും"എന്ന്   അപേക്ഷിച്ചു കൊണ്ട് വൃദ്ധനായ  തമ്പാന്റെ കാലടികളിൽ തൊട്ട്  അച്ഛൻ വന്ദിച്ചു.  ആ പണം അദ്ദേഹം സ്വീകരിച്ചു.  "നിന്റെ സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും  എന്നും ഈശ്വന്റെ അനുഗ്രഹം നിനക്ക് ഉണ്ടാകും". ഈ വസ്തുവിൽ വളരെ വേഗം ഒരു വീട് കെട്ടി തമസമാക്കൂ. നിനക്ക് ഐശ്യര്യം ഉണ്ടാകും  എന്ന്  ആ വൃദ്ധനായ തമ്പാൻ അച്ഛന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.  


തേവർകുളത്തിന് തെക്ക് ഭാഗത്തായിരുന്നു പ്രസിദ്ധ കഥകളി ഭാഗവതന്മാരായ  ശ്രീ. ഇറവങ്കര ഉണ്ണിത്താന്മാരുടെ ശിങ്കിടി ഗായകനായ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള നായർ താമസിച്ചിരുന്നത്.  ഉടൻ   തന്നെ ഒരു കുടിലെങ്കിലും കെട്ടി താമസമാകണം എന്ന് അദ്ദേഹവും അച്ഛനെ നിർബ്ബന്ധിക്കുവൻ തുടങ്ങി. ഒട്ടും വൈകാതെ ഒരു മുറിയും ഒരു അടുക്കളയും രണ്ടു ചായിപ്പും അടങ്ങിയ ഒരു ഓടിട്ട വീട് അച്ഛൻ ഉണ്ടാക്കി. തടി കൊണ്ട് മറച്ച ഒരു ചായിപ്പിൽ ഞാനും എന്റെ സഹോദരങ്ങളും മറ്റൊരു ചായിപ്പിൽ മുത്തശ്ശിയും (അച്ഛന്റെ അമ്മ) സ്ഥാനമുറപ്പിച്ചു.  അക്കാലത്തും ഒരു കളി കഴിഞ്ഞ് അടുത്ത കളിസ്ഥലത്തെക്ക് പോകുന്ന അവസരത്തിൽ പല കലാകാരന്മാരെയും അച്ഛൻ വീട്ടിൽ കൂട്ടി വന്നിരുന്നു.  ചിറക്കര മാധവൻ കുട്ടി ചേട്ടനും പാറുക്കുട്ടി ചേച്ചിയും താമസിച്ചിട്ടും ഉണ്ട്. 
 കുറച്ച് പുഞ്ച കൃഷിയും, വിരിപ്പ് കൃഷിയും ഉണ്ടായിരുന്നതിനാൽ ആഹാരത്തിന് ഞങ്ങൾ വിഷമം അനുഭവിച്ചിട്ടില്ല എങ്കിലും അച്ഛന്റെ സാമ്പത്തീകം കഥകളിയിൽ നിന്നുമുള്ള   വരുമാനം മാത്രമായിരുന്നു.   വീട് പണി കഴിഞ്ഞ് ഒരു ചില വർഷങ്ങൾക്കു   ശേഷം രണ്ട് പശുക്കളെ വാങ്ങുകയും അവയ്ക്കായി തൊഴുവം കെട്ടുക എന്നതായിരുന്നു അച്ഛന്റെ മനസ്സിൽ ഉണ്ടായിരുന്ന  ഏറ്റവും വലിയ  ആഗ്രഹം.   ചെന്നിത്തല ഒരിപ്രത്തിലുള്ള ശ്രീ. വാസുആശാരിയെ വരുത്തി  തൊഴുവത്തിന് സ്ഥാനം കണ്ടു. ജോതിഷം വശമായിരുന്ന വാസു ആശാരിയെ വളരെ ബഹുമാനമായിരുന്നു അച്ഛന്. അച്ഛനോട് വളരെ സ്നേഹം വാസു ആശാരിക്കും ഉണ്ടായിരുന്നു. 

തടിപ്പണിയാണ് ആദ്യം തുടങ്ങിയത്.  പണിയുടെ മേൽനോട്ടത്തിന്‌ ചേപ്പാട്ട് നിന്നും  എന്റെ മുത്തച്ഛനും  ( മാതൃപിതാവ്)  എത്തിയിരുന്നു. അദ്ദേഹവും  പഞ്ചാംഗം നോക്കി സമയത്തിന്റെ കാര്യത്തിൽ സംതൃപ്തി വരുത്തിയിരുന്നു.  
തൊഴുവം പണി ആരംഭിക്കുന്ന ദിവസം വളരെ നേരത്തെ തന്നെ ശ്രീ. വാസു ആശാരി എത്തി. വിളക്ക് കൊളുത്തി അതിനു മുൻപിൽ വാഴയിലയിൽ ഒരുക്കുകളെല്ലാം വെച്ചു.   പണിയാനുള്ള തടിയും എടുത്തു  വെച്ച് പൂജാദികൾ നടത്തി.      രാവിലെ ഒൻപതു മണിക്ക് പണി തുടങ്ങണം എന്നാണ് അദ്ദേഹം കുറിച്ചിരുന്നത്‌. ഒൻപതു മണിക്ക്  ഉളിയെടുത്ത് തടിയിൽ വെച്ച് കൊട്ടുവടിയും   (wooden  hammer) കയ്യിൽ വെച്ചു കൊണ്ട് അങ്ങുമിങ്ങും ശ്രദ്ധിച്ചു കൊണ്ടിരുന്നു. കയ്യിൽ വെച്ചിരുന്ന ഒരു ഘടികാരം നോക്കിക്കൊണ്ട് മുത്തച്ഛൻ പണി ആരംഭിക്കുവാൻ വാസു ആശാരിക്ക് നിർദ്ദേശം നൽകി. 
"ഇല്ലേ, വാസുവിന് പണി ആരംഭിക്കുവാൻ സമയം ആയിട്ടില്ല.  ഇവിടെ ഒട്ടും താമസിയാതെ  ഒരു ഉപ്പൻ എത്തി ചിലയ്ക്കും.  അപ്പോഴേ വാസു പണി  തുടങ്ങൂ" എന്ന് അദ്ദേഹം  ഉറപ്പിച്ചുപറഞ്ഞു. "നീയും നിന്റെ ഒരു ശാസ്ത്രവും" എന്ന് പുശ്ച്ചരസത്തിൽ പറഞ്ഞു കൊണ്ട്   പണി തുടങ്ങെടോ എന്ന്  മുത്തച്ഛൻ ആജ്ഞാപിച്ചു.   ഒട്ടും വൈകാതെ  ഒരു ഉപ്പൻ പറന്നു വന്ന് വൈക്കോൽ തുറുവിന് സമീപം വന്ന് ഇരുന്നതും ചിലച്ചതും     ഉളിയിൽ ആശാരി  കൊട്ടുവടി കൊണ്ടാഞ്ഞടിച്ചതും ഒരേ സമയത്തായിരുന്നു. അവിടെ   ഉണ്ടായിരുന്ന എല്ലാവർക്കും അത്ഭുതം ഉണ്ടാക്കിയ ഒരു അനുഭവം തന്നെയായിരുന്നു അത്. 
കുചേലൻ ശ്രീകൃഷ്ണനെ കാണാൻ യാത്രയാകുമ്പോൾ "ചാകോരാദി പക്ഷി"യുടെ കോലാഹലം കേട്ടുകൊണ്ടാണ് യാത്രയായത് എന്നും  ആ"ചാകോരാദി പക്ഷി"   "ഉപ്പൻ" തന്നെയാണ് എന്നുമായിരുന്നു ശ്രീ. വാസു ആശാരിയുടെ അഭിപ്രായം. 

തൊഴുവം പണി ഏതാണ്ട് ആറുമാസം കൊണ്ട് അവസാനിച്ചു. തൊഴുവത്തോട് ചേർന്ന്  ഒരു മുറിയും ഉണ്ടായിരുന്നു.  പശുക്കൾക്ക്‌  വൈക്കോൽ ഇട്ടുകൊടുക്കാനുള്ള   ഇടം കല്ലുകെട്ടി തിരിച്ചിരുന്നു.  ശേഷമുള്ള ഭാഗത്ത്    രണ്ടു കട്ടിലിടുവാനുള്ള നീളവും വീതിയും തൊഴുവത്തിന് ഉണ്ടായിരുന്നു.  ആരെങ്കിലും വിശേഷാൽ വന്നാൽ ഇരുന്ന് സംഭാഷണത്തിന് കൂടുതലും    ഉപയോഗിച്ചിരുന്നത് ഈ തൊഴുവത്തിന്റെ തിണ്ണയായിരുന്നു. 

2015, ഏപ്രിൽ 1, ബുധനാഴ്‌ച

ബാല്യകാലസ്മരണകൾ -5 ( കളിക്കിടയിൽ ഒരു മരണം )


എന്റെ ബാല്യകാലത്ത് ഗുരു. ചെങ്ങന്നൂരിന്റെ ധാരാളം     വേഷങ്ങൾ  കാണാൻ സാധിച്ചിട്ടുണ്ട്. ആശാന്റെ   കാട്ടാളനും  ഹനുമാനും രാവണനും  ദുര്യോധനനും രൗദ്രഭീമനും   കാണാൻ സാധിച്ചിട്ടുണ്ട്.  തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ ആശാന്റെ കംസവധത്തിൽ കംസൻ  കണ്ട നേരിയ ഓർമ്മയും ഉണ്ട്.   അദ്ദേഹത്തിൻറെ ഒരേ ഒരു പച്ചവേഷം കണ്ടിട്ടുള്ളത് കിർമ്മീരവധത്തിൽ ധർമ്മപുത്രർ .  മാത്രമാണ്.  ആലുംതുരുത്തി,  വളഞ്ഞവട്ടം ക്ഷേത്രത്തിൽ വെച്ച്.     ശ്രീ. വെണ്‍പാലാ   (തിരുവല്ല) ശ്രീധരൻ പിള്ളയുടെ പാഞ്ചാലിയും   ശ്രീ.  മങ്കൊമ്പ് ആശാന്റെ ലളിതയും, എന്റെ പിതാവിന്റെ  ശ്രീകൃഷ്ണനുമായിരുന്നു.      

 മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ കളികളാണ് മുടങ്ങാതെ കണ്ടിട്ടുള്ളത്. ഉത്സവക്കളിക്ക്  സൌഗന്ധികവും കിരാതവും പതിവായിരുന്നു.   എന്റെ ഓർമ്മയിൽ പണ്ട് കണ്ടിയൂരിൽ    നടന്നിട്ടുള്ള മിക്ക  സൌഗന്ധികത്തിലും  ഭീമസേനൻ എന്റെ പിതാവ് തന്നെയായിരിക്കും  ഗുരു. ചെങ്ങന്നൂർ, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ ആശാൻ, ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാൻ, ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള ആശാൻ   എന്നിവരുടെ ഹനുമാൻ കണ്ടിയൂർ ക്ഷേത്രത്തിൽ ഉണ്ടായി കണ്ടിട്ടുണ്ട്.    


                           ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

                             ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

                          ഭീമനും ഹനുമാനും ( ചെന്നിത്തല ആശാനും ഗുരു. ചെങ്ങന്നൂരും)

ശ്രീ. മങ്കൊമ്പ് ആശാൻ പുരുഷവേഷം ചെയ്തു തുടങ്ങിയ കാലഘട്ടത്തിലെ  തൃക്കണ്ടിയൂർ ക്ഷേത്രത്തിലെ  ഒരു ഉത്സവ  കളിക്ക്  സൌഗന്ധികവും ദുര്യോധനവധവുമായിരുന്നു അവതരിപ്പിച്ച കഥകൾ.  എന്റെ പിതാവിന്റെ  ഭീമനും, ശ്രീകൃഷ്ണനും,  ചെങ്ങന്നൂർ ആശാന്റെ ഹനുമാൻ,   മടവൂർ ആശാന്റെ ദുര്യോധനൻ, ചിറക്കര മാധവൻ  കുട്ടി ചേട്ടന്റെ പാഞ്ചാലി, ചെന്നിത്തല രാഘവൻ പിള്ളയുടെ ദുശാസനൻ, മങ്കൊമ്പ് ആശാന്റെ രൌദ്രഭീമൻ എന്നിങ്ങനെ ആയിരുന്നു വേഷങ്ങൾ. ശ്രീ. മങ്കൊമ്പ് ആശാൻ ചങ്ങനാശേരിയിലെ ഒരു  ക്ഷേത്രത്തിൽ സീതാസ്വയംവരത്തിലെ  ശ്രീരാമൻ കഴിഞ്ഞ് ചുട്ടിയോടെ കാറിൽ കണ്ടിയൂർ ക്ഷേത്രത്തിലെത്തിയാണ്  രൌദ്രഭീമൻ ചെയ്തത്. ഒരു കളികഴിഞ്ഞ് മറ്റൊരു കളിസ്ഥലത്ത് ഒരു കലാകാരൻ എത്തി വേറൊരു വേഷം ചെയ്തു കാണുന്ന എന്റെ ആദ്യ അനുഭവം അതായിരുന്നു. 

ശ്രീ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാനെയും ശ്രീ. വൈക്കം കരുണാകരൻ നായർ ആശാനെയും    ആദ്യമായി കാണുന്നത് കണ്ടിയൂർ ക്ഷേത്രത്തിൽ  വെച്ചാണ്. നളചരിതം ഒന്നാം ദിവസവും സുഭദ്രാഹരണവുമായിരുന്നു അന്ന് അവതരിപ്പിച്ച കഥകൾ.   സുഭദ്രാഹരണത്തിൽ രാമൻകുട്ടി ആശാന്റെ ബലഭദ്രനും കരുണാകരൻ ആശാന്റെ കൃഷ്ണനും ആയിരുന്നു വേഷങ്ങൾ. സുഭദ്രാഹരണ വാർത്തയറിഞ്ഞ് കോപിഷ്ടനായ ബലരാമനെ ശ്രീകൃഷ്ണൻ  സ്വാന്തനപ്പെടുത്തി പിന്നീട് അർജുന-സുഭദ്രാ ദമ്പതികളെ സന്ദർശിച്ച് ബലരാമനെക്കൊണ്ട് അവർക്ക്    വിവാഹ സമ്മാനങ്ങൾ നൽകിപ്പിക്കുകയും  ചെയ്യുന്നതിനിടെ   ബലരാമൻ അറിയാതെ ഞാൻ 'എന്തു കഷ്ടപ്പെട്ടാണ് ചേട്ടനെ സമാധാനപ്പെടുത്തി കൂട്ടി വന്നത് ' എന്ന് ദമ്പതികളെ അറിയിക്കുന്ന കരുണാകരൻ ആശാന്റെ  കള്ളകൃഷ്ണനെ ഇന്നും സ്മരണയിൽ ഉണ്ട്.  

ഈ കാലയളവിൽ ചങ്ങനാശേരി കാവിൽ ഒരു കളിയും കഴിഞ്ഞ് വളരെ വൈകിയാണ് എന്റെ പിതാവ് വീട്ടിൽ എത്തിയത്. എന്റെ അമ്മയും മുത്തശ്ശിയുമെല്ലാം അച്ഛൻ വരാൻ വൈകുന്തോറും എന്തുകൊണ്ടോ  പരിഭ്രമിച്ചു കാണപ്പെട്ടിരുന്നു. വീട്ടിൽ ആകപ്പാടെ  മൂകത നിറഞ്ഞ ഒരു അന്തരീക്ഷമായിരുന്നു അന്ന്. ഏതാണ്ട് വൈകിട്ട് അഞ്ചരമണിയോടെ   വീട്ടിൽ എത്തിയ പിതാവിന്റെ മാനസീകാവസ്ഥ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു. പിന്നീട് അച്ഛനിൽ നിന്നും ഞങ്ങൾ മനസിലാക്കിയ വിവരം ഇപ്രകാരമായിരുന്നു. 

ചങ്ങനാശേരി കാവിൽ  കളിക്ക് രണ്ടാമത്തെ കഥ ദുര്യോധനവധം ആയിരുന്നു. തിരുവല്ലയിലെ ഒരു ആശാൻ ആയിരുന്നു ദുശാസനൻ.  എന്റെ പിതാവിന്റെ രൌദ്രഭീമനും.  ഭഗവത്ദൂത് കഴിഞ്ഞ് പാണ്ഡവരെ യുദ്ധത്തിൽ നേരിടുവാൻ ദുര്യോധനൻ ദുശാസനനു  ഗദ നൽകി അനുഗ്രഹിച്ച് അയച്ചു. ഗദയുമായി ദുശാസനൻ രൗദ്രഭീമനെ നേരിടുവാൻ സദസ്യരുടെ നടുവിൽ എത്തുകയും ചെയ്തു.  അരങ്ങിൽ തിരശീല അൽപ്പം താഴ്ത്തി  രൗദ്രഭീമൻ യുദ്ധക്കളം നോക്കി കണ്ട്  ശതൃവിനെ തേടുകയാണ്.   ഗദയുമായി സദസ്യരുടെ ഇടയിൽ നിന്നിരുന്ന ദുശാസനൻ പെട്ടെന്ന് താഴേക്കിരുന്ന് പിന്നോട്ട് മറിഞ്ഞു വീണു. പിന്നീട് ഒരു അനക്കവും ഇല്ല. എന്തോ അസംഭാവിതം ഉണ്ടായി എന്ന് മനസിലാക്കിയ സദസ്യർ എഴുനേറ്റ് ദുശാസനന്റെ സമീപത്തേക്ക് ഓടിയെത്തി.  ദുശാസനന്  മരണം സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കുവാൻ അധിക സമയം വേണ്ടിവന്നില്ല. നടന് ഹൃദയ സ്തംഭനം സംഭവിച്ചു എന്നാണ് എല്ലാവരും വിധി എഴുതിയത്. രൌദ്രഭീമനും കളി നിർത്തി. തിരശീല താഴെയിട്ട് അണിയറക്കാരും  പിന്നാലെ  പാട്ടുകാരും മേളക്കാരും തങ്ങളുടെ  വാദ്യ ഉപകരണങ്ങൾ താഴെ വെച്ച് ദുശാസനന്റെ  സമീപത്തെത്തി. എങ്ങിനെയൊക്കെയോ ആ കലാകാരന്റെ ശരീരത്തുനിന്നും വേഷം അഴിച്ച് മുഖത്തെ തേപ്പും തുടച്ച് ആ ശരീരം ക്ഷേത്രത്തിന്റെ കൊമ്പൌണ്ടിനു വെളിയിൽ എത്തിക്കുകയും അവിടെനിന്നും തിരുവല്ലയിലെ അദ്ദേഹത്തിൻറെ വസതിയിൽ എത്തിക്കുകയുമായിരുന്നു. 
സഹനടന്റെ ദേഹം അഗ്നിദേവനു സമർപ്പിച്ചതിനു ശേഷമാണ് എല്ലാ കലാകാരന്മാരും മടങ്ങിയത്.  

ശ്രീവല്ലഭൻ എന്നെ രക്ഷിച്ചു. രൗദ്രഭീമനും ദുശാസനനും തമ്മിലുള്ള യുദ്ധ രംഗത്തിനിടയിൽ ദുശാസനനടന് മരണം സംഭവിച്ചിരുന്നു എങ്കിൽ  കൊലക്കുറ്റത്തിന്റെ പഴി എന്റെ ചുമലിൽ വീഴുമായിരുന്നു. അങ്ങിനെയായാൽ എന്റെ കലാജീവിതം പാഴായിപോകുമായിരുന്നു    എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട്  അച്ഛൻ  രൗദ്രഭീമന്റെ വേഷം ചെയ്യുന്നതിൽ നിന്നും പരമാവധി ഒഴിഞ്ഞു നിന്നിരുന്നു. 
ഈ സംഭവത്തിനു ശേഷം എന്നിൽ നിന്നോ എന്റെ സഹോദരങ്ങളിൽ നിന്നോ അച്ഛനു പിടിക്കാത്ത എന്തെങ്കിലും പ്രവർത്തി ഉണ്ടായാൽ "തിരുവല്ലയിലെ ആശാന്റെ ശവം പുലർച്ചയിൽ അദ്ദേഹത്തിൻറെ വീട്ടിൽ  എത്തിയതു പോലെ ഒരു ദിവസം പുലർച്ചയിൽ  എന്റെ ശവവും നിങ്ങളുടെ മുൻപിൽ എത്തും" എന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്‌.  അതുകൊണ്ടു തന്നെ   അച്ഛൻ കളിക്ക് പോയിട്ട് മടങ്ങി വരാൻ താമസിക്കുമ്പോൾ പലപ്പോഴും ഞങ്ങൾ ഭയന്നിട്ടുമുണ്ട് .

2015, മാർച്ച് 22, ഞായറാഴ്‌ച

ബാല്യകാലസ്മരണകൾ -4 (ശ്രീ. കുഞ്ഞൻപിള്ളസാർ)



ചെന്നിത്തലയിൽ പ്രത്യേകിച്ചും തൃപ്പെരുംതുറയിലുള്ള പൊതുജനങ്ങൾ എല്ലാവരും എന്റെ പിതാവിനെ ഒരു കഥകളി കലാകാരനെന്ന നിലയിൽ അത്യധികം സ്നേഹിച്ചിരുന്നു.   പ്രസിദ്ധ  കഥകളി കലാകാരനും കവിയുമായിരുന്ന പിതാവിന്റെ മുത്തച്ഛനോടുള്ള ബഹുമാനവും ഇതിന് ഒരു പ്രധാന ഘടകമായിരുന്നു. അച്ഛനെക്കാൾ മുതിർന്ന ഈ ഗ്രാമവാസികളിൽ പലരും  കളികളുടെയും വേഷങ്ങളുടെയും സഹ കലാകാരന്മാരെയും കുറിച്ചുള്ള വിവരങ്ങൾ അച്ഛനോട് ചോദിച്ചറിയും. ചിലർക്ക്    ഏറ്റവും കൗതുകമായിരുന്നത് അച്ഛൻ പങ്കെടുക്കുന്ന കളിസ്ഥലങ്ങളെ പറ്റിയുള്ള  അന്വേഷണം തന്നെയായിരുന്നു. പ്രക്കാനം, മൈലപ്ര, കണ്ണാടി എന്നിങ്ങനെയുള്ള  സ്ഥലങ്ങളുടെ പേരുകൾ അച്ഛൻ പറയുമ്പോൾ ഈ സ്ഥലപ്പേരുകൾ  അവർ ആദ്യമായി കേൾക്കുകയാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്യും. 

ചെന്നിത്തല ഒരിപ്രത്തിലുള്ള ശ്രീ. കൃഷ്ണപിള്ള ചേട്ടനായിരുന്നു ചെന്നിത്തല പോസ്റ്റാഫീസിലെ പോസ്റ്റുമാൻ. അന്നൊക്കെ കളിക്ക് ക്ഷണിക്കുന്നത്   പോസ്റ്റ്കാർഡു മൂലമാണ്. അച്ഛന്  കത്ത് ഉണ്ടെങ്കിൽ  തടികൊണ്ട് പിടിയുള്ള ഒരു കുടയും പിടിച്ചു കൊണ്ട് വീടിന്റെ വാതുക്കൽ എത്തി "ചെല്ലപ്പാ" എന്ന്  അദ്ദേഹം വിളിക്കും. അക്കാലത്ത് ഒരു കളിക്ക് അച്ഛന് അഡ്വാൻസ്   മണിയോർഡറായി ലഭിക്കുന്നത്    അഞ്ചുരൂപയാണ്.       ശ്രീ.   കൃഷ്ണപിള്ള ചേട്ടനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. നാരായണപിള്ള ചേട്ടനും നാട്ടിലെ പ്രധാന കഥകളി ആസ്വാദകർ ആയിരുന്നു. മാവേലിക്കര, മാന്നാർ പ്രദേശങ്ങളിലെ കളിയരങ്ങുകളുടെ മുൻവരിയിൽ ഇരുവരും ഉണ്ടായിരിക്കും.  അച്ഛന്റെ മുത്തച്ഛന്റെ വേഷങ്ങൾ കണ്ടിട്ടുണ്ടെന്ന് അവർ ഇരുവരും പറയുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുമുണ്ട്. 

ഈ കാലയളവിൽ ചുനക്കര കോമല്ലൂർ ക്ഷേത്രത്തിൽ ഒരു കളിക്ക് ക്ഷണിച്ചുകൊണ്ട് ഉത്സവത്തിന്റെ ഭാരവാഹികൾ കഥകളി കലാകാരന്മാർക്ക് കാർഡ് അയച്ചിട്ടും  ആരുടേയും മറുപടി ലഭിക്കാത്തതിന്റെ പേരിൽ വിവരം അന്വേഷിച്ചു കൊണ്ട്  വീട്ടിലും ചെന്നിത്തല പോസ്റ്റാഫീസിലും എത്തിയത്  ഓർക്കുന്നുണ്ട്. കോമല്ലൂർ  ക്ഷേത്രപരിസരത്തുള്ള കഥകളിയോട്‌ താൽപ്പര്യമില്ലാത്ത  ഒരു കൂട്ടർ അവിടെയുള്ള ഒരു പോസ്റ്റൽ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് കഥകളി കലാകാരന്മാർക്ക് അയച്ച പോസ്റ്റുകാർഡുകൾ കൈവശമാക്കി നശിപ്പിച്ചതായാണ് പിന്നീട് അറിഞ്ഞത്. ആ വർഷം അവിടെ കഥകളി അവതരിപ്പിക്കുകയും ഉണ്ടായി. പിന്നീട് കോമല്ലൂർ ക്ഷേത്രത്തിൽ കഥകളി നടന്നതായി ഇന്നുവരെ എനിക്ക് അറിവ് ഇല്ല. 

എന്റെ ആദ്യ സ്കൂൾ ജീവിതം ആരംഭിക്കുന്നത് ചെന്നിത്തല കളരിക്കൽ സ്കൂളിലായിരുന്നു. നാലാം ക്ലാസ്സിൽ   എന്റെ പ്രധാന അദ്ധ്യാപകൻ എന്റെ പിതാവിനെ പഠിപ്പിച്ച  ചെന്നിത്തല തൃപ്പെരുംതുറ സ്വദേശിയായ   ശ്രീ. കുഞ്ഞൻപിള്ളസാർ അവർകൾ തന്നെയായിരുന്നു.  അച്ഛനോട് വളരെ സ്നേഹവും സ്വാതന്ത്ര്യവും പ്രകടിപ്പിച്ചിരുന്ന  അദ്ദേഹം 'ഇപ്പോൾ വലിയ കലാകാരനായി നടക്കുന്ന നിന്റെ തന്തയെ ഞാൻ തന്നെയാടാ  പഠിപ്പിച്ചത് ' എന്ന്  അടിക്കടി ക്ലാസിൽ  എന്നെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.  ബാലചാപല്യങ്ങൾ എന്നിൽ ഏറെ   ഉണ്ടായിരുന്ന കാരണത്താൽ   കുഞ്ഞൻപിള്ളസാറിന്റെ ശകാരവും തല്ലും ഞാൻ അധികം നേടിയിട്ടുണ്ട്. ഒരിക്കൽ ക്ലാസ്സിൽ ഏതോ ചോദ്യത്തിന് മടത്തരമായ ഉത്തരം പറഞ്ഞതിന്റെ പേരിൽ അദ്ദേഹം എന്നെ വഴക്കുപറയുകയും തല്ലുകയും ചെയ്തു. 

 മഴ പെയ്യുന്നത് എങ്ങിനെ എന്ന് ചോദിച്ചതിന്  "ദൈവം മൂത്രം ഒഴിക്കുന്നതാണ് "എന്ന് എഴുതിയതാണടാ  നിന്റെ അച്ഛൻ.  പിന്നെ നീ ഇങ്ങിനെ ഉത്തരം   പറയുന്നതിൽ കുറ്റം പറയാനാവില്ലല്ലോ  എന്ന് പറഞ്ഞുകൊണ്ടാണ്  എന്നെ ശിക്ഷിച്ചത്. അന്ന് ഞാൻ  കരഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലെത്തി  കുഞ്ഞൻപിള്ള സാറിന്റെ ശിക്ഷാ വിവരങ്ങൾ         അമ്മയെ അറിയിച്ചു. അന്ന് അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു. അടുത്തദിവസം എവിടെയോ കളിയും കഴിഞ്ഞ് എത്തിയപ്പോൾ അമ്മ ഈ വിവരം അച്ഛനെ അറിയിക്കുകയും അച്ഛൻ ഉടൻ തന്നെ സ്കൂളിലെത്തി കുഞ്ഞൻപിള്ള സാറിനെ കണ്ട്  "ഞാൻ പണ്ട് ചെയ്തെന്നു പറയുന്ന ഏതോ  മടത്തരത്തിന്റെ  പേരിൽ  എന്റെ മകനെ ശിക്ഷിക്കരുതെന്ന് " എന്ന് അപേക്ഷിക്കുകയും ചെയ്തു.  ഒരു ചെറിയ കുറ്റ ബോധം അദ്ദേഹത്തിനു ഉണ്ടായതിന്റെ പേരിലാവും   പിന്നീട് ഒരിക്കലും അദ്ദേഹം എന്നെ ശിക്ഷിച്ചിട്ടുമില്ല. 

2015, മാർച്ച് 12, വ്യാഴാഴ്‌ച

വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവക്കളി


ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ  (2015)  ആറാം ഉത്സവത്തിന്റെ ഭാഗമായി   01-03-2015 -ന് രാത്രി പത്തര മണിക്ക്  തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ  കഥകളി അവതരിപ്പിച്ചു.    കല്യാണസൌഗന്ധികം കഥയാണ് അവതരിപ്പിച്ചത്.  പുറപ്പാടും മേളപ്പദവും ഉണ്ടായില്ല. 'എൻ കണവാ കണ്ടാലും' എന്ന പദം മുതലാണ്‌ കളി ആരംഭിച്ചത്. ശ്രീ. കലാഭാരതി ഹരികുമാറാണ്  ഭീമനായി രംഗത്തെത്തിയത്. പാഞ്ചാലിയായി ശ്രീ. കലാമണ്ഡലം മാധവൻ നമ്പൂതിരിയും ഹനുമാനായി  ശ്രീ. കലാനിലയം രവീന്ദ്രനാഥപൈയും രംഗത്തെത്തി. ശ്രീ. ഫാക്റ്റ് ദാമുവും ശ്രീ. മംഗലം നാരായണൻ നമ്പൂതിരിയും സംഗീതവും ശ്രീ.കലാഭാരതി പീതാംബരൻ ചെണ്ടയും ശ്രീ. കലാഭാരതി ജയശങ്കർ   മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. തിരുവല്ല പ്രതീപ് ചുട്ടിയും ശ്രീ. നീലമ്പേരൂർ നാരായണൻ നായരുടെ നേതൃത്വത്തിൽ അണിയറ പ്രവർത്തനവും നടന്നു. വളരെ നല്ല പ്രകടനമാണ് കലാകാരന്മാർ കാഴ്ച വെച്ചത്.  കളിക്ക് പങ്കെടുത്തിരുന്ന കലാകാരന്മാർക്കെല്ലാം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടക്കുന്ന കിരാതം കളിയിൽ പങ്കെടുക്കേണ്ടിയിരുന്നതിന്റെ ധൃതിയും പ്രകടമായിരുന്നു. 


                                                                    ഭീമനും പാഞ്ചാലിയും 

                                           ഭീമനും പാഞ്ചാലിയും 

                                               ഭീമൻ 

                                              ഹനുമാൻ 

                                              ഹനുമാൻ

                                             ഭീമനും ഹനുമാനും 

                                          ഹനുമാനും ഭീമനും 

                                         ഹനുമാനും ഭീമനും 

                                                          ഹനുമാനും ഭീമനും 

                                                         ഹനുമാനും ഭീമനും 
 ചേപ്പാട്  വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ വഴിപാട് പലകയിൽ കഥകളിക്ക് സ്ഥാനം ഉണ്ട്. വഴിപാട് കളികൾ നടന്നിട്ടുള്ള അനുഭവം ഉണ്ട്. എന്റെ മാതൃഗൃഹം ക്ഷേത്രത്തിന് സമീപമാണ്. വർഷത്തിൽ രണ്ടു കളികൾ ക്ഷേത്രത്തിൽ പതിവായിരുന്നു. ചെങ്ങന്നൂർ ആശാന്റെ   ശിഷ്യന്മാരായിരുന്നു പതിവ്. ഈ രണ്ടു കളികൾക്കും എത്തുന്ന കലാകാരന്മാർക്ക് എന്റെ മാതൃഭവനത്തിലാവും ആഹാരം. ശ്രീ. കലാമണ്ഡലം അച്യുതവാര്യരുടെ ജന്മഗൃഹവും ക്ഷേത്രത്തിനു സമീപമാണ്. ശ്രീ.  അച്യുതവാര്യരുടെ പിതാവും കഥകളി അഭ്യസിച്ച് വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീ. കലാഭാരതി ഹരികുമാറിന്റെ മാതൃഗൃഹവും ക്ഷേത്രസമീപം തന്നെ. എന്റെ മാതാവും ഹരികുമാറിന്റെ മാതാവും ഒന്നിച്ചു പഠിച്ചവരാണ്. ശ്രീ. കലാമണ്ഡലം മാധവൻ നമ്പൂതിരിയുടെ മാതൃസഹോദരിയുടെ ഭവനവും  ക്ഷേത്രസമീപത്തു തന്നെയാണ്. 

കഥകളിക്ക് പ്രാധാന്യവും ധാരാളം കഥകളി കലാകാരന്മാരുള്ളതും  കേരള കലാമണ്ഡലത്തിന്റെ ശാഖ പ്രവർത്തിക്കുന്ന ഏവൂരും ചേപ്പാടിന്റെ സമീപ പ്രദേശമാണ്.