പേജുകള്‍‌

2011, നവംബർ 17, വ്യാഴാഴ്‌ച

കര്‍ണ്ണനും കുന്തിയും

കഥകളിയിലെ  പുതിയ കഥകളില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച കഥയാണ് കര്‍ണ്ണശപഥം.  ഡോക്ടര്‍. രവീന്ദ്രനാഥടാഗോറിന്റെ  കര്‍ണ്ണനും കുന്തിയും എന്ന ഏകാങ്ക നാടകം കര്‍ണ്ണശപഥം എന്ന പേരില്‍ കഥകളി രൂപം നല്‍കിയത്  പ്രശസ്ത ബാല സാഹിത്യ കാരനായ    ശ്രീ. മാലി മാധവന്‍ നായരാണ്. ശ്രീ. മാലിയുടെ ശ്രമം അത്യുന്നത വിജയമാണ് നേടിയത്.

മാലിയുടെ കര്‍ണ്ണനെ ഒരിക്കലെങ്കിലും അവതരിപ്പിച്ചു വിജയിപ്പിക്കണം എന്നു ചിന്തിക്കാത്ത ഒരു കഥകളി കലാകാരനും ഉണ്ടാവില്ല. അത്ര കണ്ടു ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച കഥാപാത്രമാണ് കര്‍ണ്ണശപഥത്തിലെ കര്‍ണ്ണന്‍. കര്‍ണ്ണശപഥം ജനഹൃദയങ്ങളില്‍  സ്ഥാനം പിടിച്ച കാലത്ത് കഥാകൃത്ത് തന്റെ കഥ അവതരിപ്പിക്കണമെങ്കില്‍  അതിലെ കര്‍ണ്ണന്റെ വേഷം ചെയ്യുന്ന നടന് നല്‍കുന്ന കളിപ്പണം എത്രയോ അത്രയും തനിക്കും ലഭിക്കണം എന്ന് താല്‍പ്പര്യം പ്രകടിപ്പിക്കുക ഉണ്ടായി. ആ കാലയളവില്‍ ദക്ഷിണ കേരളത്തില്‍ ഈ കഥയുടെ അവതരണം കുറഞ്ഞിരുന്നു. 
കഥകളിയുടെ സമ്പ്രദായപ്രകാരമുള്ള ശ്ലോകങ്ങള്‍, കത്തി, താടി എന്നീ വേഷങ്ങള്‍ക്കുള്ള തിരനോട്ടം എന്നിവ കഥാകൃത്ത്‌ കര്‍ണ്ണശപഥത്തില്‍ ചേര്‍ത്തിട്ടില്ല. കഥകളിയുടെ ചട്ടക്കൂട്ടുകളില്‍ ഈ കഥ ഒതുങ്ങുന്നില്ല എന്നാണ് പണ്ഡിതമതം. ഇക്കാരണം കൊണ്ട് കലാമണ്ഡലം കളരിയിലെ ഒരു പ്രധാന  ആചാര്യന്‍ കഥയിലെ ദുര്യോധനന്റെ വേഷം കെട്ടുവാന്‍ ആദ്യ കാലത്ത് വിസമ്മതം കാട്ടിയിരുന്നതായി  പറയപ്പെടുന്നു. അദ്ദേഹവും ഒടുവില്‍ മാലിയുടെ കര്‍ണ്ണശപഥത്തിനു മുന്‍പില്‍ പരാജിതനായി എന്നു പറയുന്നതാണ് ഉത്തമം.

ദക്ഷിണ കേരളത്തിലെ പഴയ കഥകളി കലാകാരന്മാരില്‍ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള , ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള എന്നിവര്‍ കര്‍ണ്ണശപഥം കഥയിലെ  കര്‍ണ്ണവേഷം കെട്ടി ആസ്വാദകരുടെയും കഥാകൃത്തായ മാലിയുടെയും  പ്രശംസ നേടുക ഉണ്ടായിട്ടുണ്ട്.  

ഒരിക്കല്‍   ശാസ്താംകോട്ട കോട്ടൂര്‍ കുടുംബക്ഷേത്രത്തില്‍ നടന്ന ഒരു കര്‍ണ്ണശപഥം കളിക്ക് ഹരിപ്പാട്ടു രാമകൃഷ്ണ പിള്ള ആശാന്റെ ദുര്യോധനനും ചെന്നിത്തല ആശാന്റെ കര്‍ണ്ണനും ആയിരുന്നു നിശ്ചയിച്ചിരുന്നത്. ആ ഭാഗത്ത്‌ ഓയൂര്‍ ആശാന്റെയും ചെന്നിത്തല ആശാന്റെയും കര്‍ണ്ണന്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു മാറ്റം എന്നവണ്ണം പ്രസിദ്ധ കത്തി വേഷക്കാരനായ  ഹരിപ്പാട്ടു ആശാന്റെ കര്‍ണ്ണന്‍ ഒന്നു കാണണം എന്ന് ചില കഥകളി ആസ്വാദകര്‍ക്ക് മോഹം ഉണ്ടായി. ഈ വിവരം കളി നടക്കുന്ന ദിവസം വൈകിട്ട് അവര്‍ ഹരിപ്പാട്ടു ആശാനോട്  നേരിട്ടു പറയുകയും ചെയ്തു. തുടര്‍ന്ന് വിവരം കളിനടത്തിപ്പുകാരുടെയും, ചുമതലക്കാരുടെയും ശ്രദ്ധയില്‍ എത്തിയപ്പോള്‍ ഈ മാറ്റത്തിനു ചെന്നിത്തല ആശാന്‍ സമ്മതിച്ചാല്‍  ഞങ്ങള്‍ക്ക് എതിരഭിപ്രായം ഇല്ല എന്ന് അറിയിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ഈ മാറ്റം ചെന്നിത്തല ആശാനെ അറിയിക്കുന്ന ചുമതല ഹരിപ്പാട്ടാശാനു തന്നെയാണ് അവര്‍ നല്‍കിയത്.  ഹരിപ്പാട്ടു ആശാന്‍ അണിയറയില്‍ എത്തിയപ്പോള്‍ സഹ കലാകാരന്മാരുമായി നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന തന്റെ ഉറ്റ സുഹൃത്തായ ചെന്നിത്തല ആശാനോട് , ചെല്ലപ്പന്‍ പിള്ളേ! താങ്കള്‍  ദുര്യോധനന്‍ തേച്ചുകൊള്ളൂ എന്നു പറഞ്ഞു. വേഷത്തിന് ഉണ്ടായ മാറ്റത്തെ പറ്റി ഒന്നും അന്വേഷിക്കാതെ തന്നെ   ആശാന്‍ തേപ്പും തുടങ്ങി. 

 ഒരു നടന്  കര്‍ണ്ണവേഷം നിശ്ചയിച്ചിട്ടു  പിന്നീട്  വേഷം മറ്റൊരു നടന് നല്‍കേണ്ടി വരുമ്പോള്‍   ചെറിയ വൈഷമ്യം തോന്നുക സഹജമാണ്. ചെന്നിത്തല ആശാന്  തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഒരു ഉത്സവക്കളിക്ക് കര്‍ണ്ണശപഥത്തില്‍ കര്‍ണ്ണന്‍ നിശ്ചയിച്ചിരുന്നു. ആ വര്‍ഷമാണ്‌ അദ്ദേഹത്തിനു സുഖമില്ലാതെ കളിക്ക് പോകുന്നത് നിര്‍ത്തേണ്ടി വന്നത്. അദ്ദേഹം മരിക്കുന്നതുവരെ ആ നിരാശ മനസ്സില്‍ ഉണ്ടായിരുന്നു. അത്ര കണ്ട് മാനസീക സ്നേഹം "കര്‍ണ്ണന്‍ " എന്ന കഥാപാത്രത്തിനോട്  അദ്ദേഹത്തിന്  ഉണ്ടായിരുന്നു. എന്നാല്‍ ഒരു അവസരത്തില്‍ എങ്ങിനെയെങ്കിലും ഈ കര്‍ണ്ണവേഷം ഒന്നൊഴിവായി കിട്ടിയാല്‍ മതി എന്ന് ചിന്തിച്ചു അത് തന്ത്രപൂര്‍വ്വം മറ്റൊരു കലാകാരനെ   ഏല്‍പ്പിച്ച  കഥയാണ് ഇന്നത്തെ ഇളകിയാട്ടത്തില്‍ സമര്‍പ്പിക്കുന്നത്. 

അടൂരിന് സമീപമുള്ള ഒരു ക്ഷേത്രത്തിലാണ്  കളിയരങ്ങ്. കര്‍ണ്ണശപഥവും ദുര്യോധനവധവും  കഥകള്‍. ചെന്നിത്തല ആശാന്റെ  കര്‍ണ്ണന്‍, ഓയൂര്‍ ആശാന്റെ  കൃഷ്ണന്‍, കലാമണ്ഡലം രാജശേഖരന്റെ കുന്തിയും പാഞ്ചാലിയും ആയിരുന്നു നിശ്ചയിച്ചിരുന്ന വേഷങ്ങള്‍. ശ്രീ. കലാമണ്ഡലം രാജശേഖരന്‍ ഒഴികെ മറ്റു എല്ലാ കലാകാരന്മാരും വളരെ നേരത്തെ തന്നെ കളിസ്ഥലത്ത് എത്തിച്ചേര്‍ന്നിര്‍ന്നു.  ശ്രീ.രാജശേഖരന്‍   രാത്രി പത്തു മണിയോടെ എത്തിച്ചേരും എന്നു കളിയുടെ ചുമതലക്കാരന്‍ അണിയറയില്‍ പ്രസ്താവിച്ചു. ചെന്നിത്തല ആശാന്‍ ആഹാരം കഴിഞ്ഞു അണിയറയില്‍ എത്തിയപ്പോള്‍ അണിയറയുടെ ഒരു മൂലയില്‍ ഒരു പ്രശസ്ത  കഥകളി ആശാന്‍  കളിയോഗവുമായി ബന്ധപ്പെട്ട ഒരു  കലാകാരനെ കര്‍ണ്ണശപഥം കഥയിലെ കുന്തിയുടെ വേഷം ചെയ്യാന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചു. പ്രസ്തുത കഥകളിയുടെയും കഥകളിയോഗത്തിന്റെയും  ചുമതലക്കാരനും എന്നാല്‍ കഥകളി ഉപജീവന മാര്‍ഗ്ഗമായി സ്വീകരിക്കാതെ കഥകളിയോടുള്ള  താല്‍പ്പര്യം കൊണ്ട് കഥകളി പഠിക്കുകയും   ഉയര്‍ന്ന  ഔദ്യോഗിക പദവി വഹിക്കുന്നതുമായ ആ കലാകാരന്‍,   രാജശേഖരന്‍ കളിക്ക് എത്തുകയില്ല എന്ന് അറിഞ്ഞുകൊണ്ട്, അതു തല്ക്കാലം പുറത്തു പറയാതെ കളി നടത്തുവാനുള്ള  ശ്രമമാണെന്നും ആശാന്‍ മനസിലാക്കി. 

 ആകാരം കൊണ്ടും വേഷം കൊണ്ടും പ്രവര്‍ത്തി കൊണ്ടും  ഇദ്ദേഹം കുന്തി വേഷത്തിന് ഒട്ടും യോജിച്ചതല്ല എന്ന്‌ നല്ലതു  പോലെ അറിയാവുന്ന ചെന്നിത്തല ആശാന്‍  ഈ കുന്തിയുടെ കൂടെ അരങ്ങില്‍ പോകുന്നതില്‍ ഭേദം ആ വേഷം എങ്ങിനെയെങ്കിലും ഒഴിവാകുന്നതാണ് നല്ലത് എന്ന്‌ തീരുമാനിച്ചു. അണിയറയില്‍ എഴുതി വെച്ചിരുന്ന വേഷത്തിന്റെ ലിസ്റ്റുമെടുത്തു കൊണ്ട്  നേരെ ഉത്സവ കമ്മിറ്റി ഓഫീസിലേക്ക് പോയ ചെന്നിത്തല ആശാന്‍ വളരെ വിനീതനായി ഒരു സങ്കട ഹര്‍ജി അവരുടെ മുന്‍പില്‍ സമര്‍പ്പിച്ചു.

കഥകളി നടന്മാര്‍ക്ക് വേഷം നിശ്ചയിക്കുമ്പോള്‍  സീനിയര്‍ ജൂനിയര്‍ എന്നൊക്കെ ചില നിയമങ്ങള്‍ സ്വീകരിക്കാറുണ്ട്.  കൊച്ചു ഗോവിന്ദപിള്ള ചേട്ടന്‍ കളിക്ക് ഉള്ളപ്പോള്‍ കര്‍ണ്ണന്റെ വേഷം അദ്ദേഹത്തിനാണ് നല്‍കേണ്ടത്.  അതുകൊണ്ട് ഞങ്ങളുടെ  വേഷങ്ങള്‍ ഒന്ന് മാറ്റുക എന്ന് അപേക്ഷിച്ചു.
  ചെന്നിത്തല ആശാന്റെ അപേക്ഷയില്‍   ന്യായമുണ്ട്   എന്ന്‌ കമ്മിറ്റിക്ക് ബോദ്ധ്യപ്പെടുകയും  ചെയ്തപ്പോള്‍ അവര്‍  തന്നെ  വേഷങ്ങളുടെ ലിസ്റ്റില്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ളയുടെ കര്‍ണ്ണന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ കൃഷ്ണന്‍ എന്ന്‌ മാറ്റം വരുത്തി  അണിയറയില്‍ ലിസ്റ്റും കൊണ്ടു വെച്ചു. അപ്പോഴേക്കും ദുര്യോധനനടന്‍ വേഷം തേക്കാന്‍ തുടങ്ങിയിരുന്നു.  ഇനി മുഖ്യമായി   ചെയ്തു തീര്‍ക്കേണ്ട ഒരു ജോലി കൂടി ബാക്കി ചെന്നിത്തല ആശാനില്‍ ഉണ്ട്, അത്  ഓയൂരിനെ തേടി കണ്ടു പിടിക്കുക എന്നതാണ്.  കളിസ്ഥലത്തുള്ള ഒരു മുറുക്കാന്‍ കടയുടെ സമീപം ഒരു ആസ്വാദകനോട് സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന യൂരാശാനെ കണ്ടെത്തി  " ചേട്ടാ! വേഷത്തിന് ഒരു ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് അറിയിച്ചു. ചേട്ടന്റെ കര്‍ണ്ണന്‍ കണ്ടാല്‍ കൊള്ളാമെന്നു ഇവിടെ പല ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ചേട്ടന്‍ പോയി തേച്ചുകൊള്ളൂ   എന്ന്‌ ചെന്നിത്തല ആശാന്‍ അറിയിച്ചു. ഓയൂരാശാനും വളരെ സന്തോഷത്തോടെ  അണിയറയിലെത്തി വേഷത്തിന്റെ ലിസ്റ്റില്‍ തന്റെ വേഷമാറ്റം ഉറപ്പു വരുത്തിയ ശേഷം തേപ്പു തുടങ്ങി. 


ഓയൂരാശാന്‍ ചുട്ടി തീര്‍ന്നു കഴിഞ്ഞു. തുടര്‍ന്ന്  കുന്തി വേഷത്തിന് നടന്‍ മിനുക്കാന്‍ ഇരുന്നപ്പോഴാണ് രാജശേഖരന്‍ കളിക്ക് എത്തുകയില്ല എന്നും ചെല്ലപ്പന്‍ കര്‍ണ്ണന്‍ ഒഴിഞ്ഞത് ഈ കുന്തിയില്‍ നിന്നും രക്ഷപെടുവാന്‍ ആയിരുന്നു എന്നും,  ഈ കുന്തിയുടെ കൂടെ വേണം താന്‍ കര്‍ണ്ണനായി അരങ്ങിലേക്ക് പോകേണ്ടതെന്നും ഓയൂരാശാന്‍ മനസിലാക്കിയത്.  


കളി കഴിഞ്ഞു. സൗകര്യം കിട്ടിയപ്പോള്‍ ഓയൂരാശാന്‍ ചെന്നിത്തല ആശാന്റെ കാതില്‍  " ഈ ചതി എന്നോട് വേണ്ടായിരുന്നു " എന്ന് പറയുകയും ചെയ്തു. പിന്നീട് ഈ കഥ അറിഞ്ഞവരെല്ലാം ഒരു നേരിയ പുഞ്ചിരിയോടെ    സഹോദര തുല്യനായി  താങ്കളെ  കരുതുന്ന പാവം ഓയൂരാശാന്  ഇങ്ങിനെയൊരു  ഒരു ധര്‍മ്മ സങ്കടം ഉണ്ടാക്കിയതിനെ  പറ്റി ചെന്നിത്തല ആശാനോട് ചോദിച്ചു.  

                                                   ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 

രാജശേഖരന്‍ കളിക്ക് എത്താതിരുന്നതു കൊണ്ടാണ് വേറൊരു നടന്‍ കുന്തി കെട്ടേണ്ടി വന്നത്. രാജശേഖരന്‍ ഓയൂര്‍ ചേട്ടന്റെ ശിഷ്യനാണ്. അപ്പോള്‍ ശിഷ്യന്‍  എത്താതിരുന്നതിന്റെ ഫലം ഗുരുനാഥന്‍   അനുഭവിക്കട്ടെ എന്ന് മാത്രമാണ്   ഞാന്‍ ചിന്തിച്ചത് എന്ന് ചെന്നിത്തല ആശാന്‍ മറുപടി പറഞ്ഞു. 


                 (ശ്രീ.കലാമണ്ഡലം രാജശേഖരനും ഗുരുനാഥന്മാരായ ശ്രീ. ഓയൂര്‍ കൊച്ചു  ഗോവിന്ദപ്പിള്ള,  ശ്രീ. മടവൂര്‍ വാസുദേവന്‍‌ നായര്‍, ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കര്‍ എന്നിവരും )


(കലാമണ്ഡലം രാജശേഖരന്‍ ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കരുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു പിന്നീട് ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ളയുടെ ശിഷ്യനായി ഉപരിപഠനം നടത്തി. അതിനു ശേഷം കലാമണ്ഡലം കളരിയില്‍ ശ്രീ. മടവൂരാശാന്റെ ശിഷ്യനായി അഭ്യസിച്ചു എന്നത് ഇവിടെ സ്മരിച്ചു കൊള്ളട്ടെ. )