പേജുകള്‍‌

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

ചുനക്കരയിലെ രാജസൂയം

ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിനു (02- 02-2012) രാത്രി 10- മണി മുതല്‍ കഥകളി അവതരിപ്പിച്ചു.   ശ്രീ. കലാമണ്ഡലം വിഷ്ണുരാജ് , ശ്രീ. കലാമണ്ഡലം അഭിലാഷ് മോഹന്‍ എന്നിവര്‍ പുറപ്പാടിന് വേഷം കെട്ടി. ഡബിള്‍ മേളപ്പദം ഉണ്ടായി.   ശ്രീ. ലക്കിടി ഇളയേടത്തു നമ്പൂതിരി രചിച്ച രാജസൂയവും  (വടക്കന്‍), ശ്രീ. ഇരട്ടക്കുളങ്ങര രാമവാര്യര്‍ രചിച്ച കിരാതവുമാണ്  അവതരിപ്പിച്ച കഥകള്‍.

മഗധ രാജാവ് ബ്രുഹദ്രഥന് മക്കള്‍ ഇല്ലാത്തതിന്റെ ദുഃഖം തീര്‍ക്കുവാന്‍ ചണ്ഡകൌശികന്‍ എന്ന മുനീന്ദ്രന്‍ ഒരു മാമ്പഴം നല്‍കി. രാജാവ് ആ മാമ്പഴം രണ്ടായി മുറിച്ച്  തന്റെ രണ്ടു ഭാര്യമാര്‍ക്ക് നല്‍കി. രണ്ടു ഭാര്യമാരും ഗര്‍ഭം ധരിച്ചു, പ്രസവിച്ചത് ഒരു ശിശുവിന്റെ രണ്ടു പകുതികള്‍. രാജ്ഞിമാര്‍ ഈ ശിശുവിന്റെ രണ്ടു പകുതികളെയും പെരുവഴിയില്‍ ഉപേക്ഷിച്ചു. രാത്രിയില്‍ ഇരതേടി വന്ന ജര എന്ന രാക്ഷസി ഈ രണ്ടു ശിശുഭാഗങ്ങള്‍ ഭക്ഷിക്കാനായി ചേര്‍ത്ത് എടുത്തപ്പോള്‍ ഈ രണ്ടുഭാഗങ്ങള്‍ സന്ധിച്ചു ഒരു കുഞ്ഞായി ഭവിച്ചു കരയുവാന്‍ തുടങ്ങി. കുഞ്ഞിന്റെ രോദനം കേട്ട രാക്ഷസിക്ക്  മനസലിയുകയും കുട്ടികള്‍ ഇല്ലാതെ ദുഖിക്കുന്ന രാജാവിന് നല്‍കുകയും ചെയ്തു. ജരയാല്‍ സന്ധിക്കപ്പെട്ട കുട്ടിക്ക്  ജരാസന്ധന്‍ എന്ന്  രാജാവ് പേരും നല്‍കി. ജരാസന്ധന്‍ വളര്‍ന്നപ്പോള്‍   മഗധാധിപനായി. 
മഗധരാജധാനിയായ ഗിരിവജ്രം  അഞ്ചു വന്‍മലകളാല്‍ ചുറ്റപ്പെട്ടുകിടന്ന കാരണം കൊണ്ട് ശത്രുക്കള്‍ക്ക് ഗിരിവജ്രത്തെ ആക്രമിക്കുവാന്‍ പ്രയാസമായിരുന്നു. ജരാസന്ധന്‍ തന്റെ അയല്‍ രാജാക്കന്മാരെ ആക്രമിച്ചു പരാജയപ്പെടുത്തി കാരാഗൃഹത്തില്‍   അടച്ചു പീഡിപ്പിച്ചു വന്നു. ജരാസന്ധന്റെ മൂന്നു പെണ്‍മക്കളെ കംസനാണ് വിവാഹം ചെയ്തത്. കംസവധമാണ് കൃഷ്ണനോടുള്ള ജരാസന്ധന്റെ  പകയുടെ പ്രധാന കാരണം. 
പാഞ്ചാലീ സ്വയംവരത്തിനു ജരാസന്ധന്‍ പങ്കെടുത്തു വില്ലു കുലച്ചപ്പോള്‍, വില്ലു താടിക്ക് തട്ടി ജരാസന്ധന്റെ പല്ല് നഷ്ടപ്പെട്ടതായി കഥകളില്‍ പറയപ്പെടുന്നുണ്ട്. 

 ബ്രാഹ്മണഭക്തനാണ് ജരാസന്ധന്‍. ജരാസന്ധനെ വധിച്ച ശേഷം രാജസൂയയാഗം നടത്തണം എന്ന ഉദ്ദേശത്തോടെ കൃഷ്ണന്‍ ധര്‍മ്മപുത്രരോട്  യാഗത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു കൊള്ളുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട്   ഭീമനെയും, അര്‍ജുനനെയും കൂട്ടി ബ്രാഹ്മണവേഷത്തില്‍  മഗധത്തിലെത്തി.
വൈരോജനന്‍ എന്ന അസുരനെ കൊന്ന് അയാളുടെ ശരീരത്തിന്റെ തോലുകൊണ്ട്  ഉണ്ടാക്കി കൊട്ടാരത്തിന്റെ വാതുക്കല്‍ വെച്ചിരുന്ന പെരുമ്പറകള്‍   അടിച്ചു പൊട്ടിച്ച ശേഷം  മതില്‍ ചാടിയാണ്  ജരാസന്ധന്റെ കൊട്ടാരത്തില്‍ ബ്രാഹ്മണര്‍ എത്തിയത്. ഈ പെരുമ്പറകളില്‍  ഒന്നു തട്ടിയാല്‍ അതിന്റെ ശബ്ദ തരംഗങ്ങള്‍ ദിവസങ്ങള്‍ തോറും നില്‍ക്കും എന്നതാണ് പ്രത്യേകത. 

മൂന്ന് ബ്രാഹ്മണര്‍ മതില്‍ ചാടി വരുന്നത് കണ്ട് ശത്രുവാണോ എന്ന് സംശയം (ബ്രാഹ്മണര്‍ മതില്‍ ചാടി ആദ്യം ഇടതുകാല്‍ ഊന്നിയാണ്  കൊട്ടാരത്തില്‍ പ്രവേശിക്കുന്നത് ) രാജാവിന്  തോന്നിയെങ്കിലും ആഗമനോദ്ദേശം ആരായുന്നു.  (കൃഷ്ണ ബ്രാഹ്മണന്‍ മാത്രമാണ് ജരാസന്ധനോട് സംസാരിക്കുക, മറ്റു രണ്ടുപേര്‍ക്കും  മൌനവൃതമാണ്  എന്ന് കൃഷ്ണബ്രാഹ്മണന്‍ ജരാസന്ധനെ അറിയിക്കുന്നുണ്ട്) ഞങ്ങള്‍ ചോദിക്കുന്നത് നല്‍കാം എന്ന് സത്യം ചെയ്യണം എന്ന് ബ്രാഹ്മണര്‍ ആവശ്യപ്പെടുന്നു. ജരാസന്ധന്‍ അപ്രകാരം സത്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ദ്വന്ദയുദ്ധമാണ് വേണ്ടത് കൃഷ്ണബ്രാഹ്മണന്‍  അറിയിച്ചുകൊണ്ട് അവരുടെ സ്വന്തരൂപം സ്വീകരിക്കുന്നു. ഞാന്‍ പല പ്രാവശ്യം തോല്‍പ്പിച്ച കൃഷ്ണനോടും  കൃശഗാത്രനായ അര്‍ജുനനോടും ദ്വന്ദയുദ്ധം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു കൊണ്ട് ഭീമനുമായി ഏറ്റുമുട്ടുന്നു. എല്ലാ യുദ്ധ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ജരാസന്ധന്‍ യുദ്ധം ചെയ്തത്. യുദ്ധ സമയം കഴിഞ്ഞുള്ള സമയങ്ങളില്‍ ഭീമനുമായി അദ്ദേഹം വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നു. പതിനേഴു ദിവസം നീണ്ടു നിന്ന യുദ്ധത്തില്‍ ഭീമസേനന്‍ ജരാസന്ധന്റെ ഒരു കാലില്‍ ചവിട്ടിക്കൊണ്ട് അടുത്ത കാലില്‍ പിടിച്ചു ശരീരം രണ്ടായി കീറി എറിഞ്ഞു. ജരസന്ധിച്ചു എത്തിയ ജരാസന്ധന്‍ വീണ്ടും യുദ്ധത്തിനു മുതിരുന്നു. ജരാസന്ധന്റെ ജീവരഹസ്യം അറിയാവുന്ന കൃഷ്ണന്‍ ഒരു പച്ചില എടുത്തു രണ്ടായി മുറിച്ചു (തല തിരിച്ചു) എതിര്‍ ദിശകളിലേക്ക് എറിഞ്ഞു ഭീമനെ കാണിക്കുന്നു. കൃഷ്ണന്റെ യുക്തി മനസിലാക്കിയ  ഭീമന്‍ ജരാസന്ധന്റെ ശരീരം രണ്ടായി കീറി തല തിരിച്ചിടുന്നു. ജരസന്ധിക്കാതെ ജരാസന്ധന്‍ മരിക്കുന്നു. ജയിലില്‍ കഴിയുന്ന എല്ലാ രാജാക്കന്മാരെയും മോചിപ്പിച്ചു കൃഷ്ണനും, ഭീമനും, അര്‍ജുനനും മടങ്ങുന്നു.

കൃഷ്ണനെ യാഗാഗ്രസ്ഥാനത്തിരുത്തി ധര്‍മ്മപുത്രര്‍ പൂജിക്കുമ്പോള്‍ ശിശുപാലന്‍ അവിടെയെത്തി കൃഷ്ണ നിന്ദചെയ്യുന്നു. (രുഗ്മിണീ സ്വയംവരം ശിശുപാലനു കൃഷ്ണനോട് ശതൃതയ്ക്കുള്ള പ്രധാന കാരണം)  സ്ത്രീവധം, മാതുലവധം, വെണ്ണമോഷണം,  ഗോപസ്ത്രീകളുടെ വസ്ത്രാപഹരണം തുടങ്ങിയ നിന്ദ്യ കര്‍മ്മങ്ങള്‍ ചെയ്ത ഒരു കാലിച്ചെറുക്കന്‍ ഈ പൂജയ്ക്ക് അര്‍ഹന്‍ അല്ല എന്നാണ് ശിശുപാലന്റെ വാദം. സഹികെട്ട അര്‍ജുനന്‍ ശിശുപാലനോട് ഏറ്റുമുട്ടുന്നു. തത്സമയം വിശ്വരൂപം കാട്ടിയ കൃഷ്ണനെ ശരണം പ്രാപിക്കുന്ന ശിശുപാലന്റെ ഗളം മുറിച്ച് കൃഷ്ണന്‍ മോക്ഷം നല്‍കുന്നു. സഭാവാസികള്‍ കൃഷ്ണനെ സ്തുതിക്കുന്നു. രാജസൂയയാഗം നിര്‍വിഘ്നം പര്യവസാനിക്കുന്നു. ഇതാണ് രാജസൂയം കഥയുടെ ചുരുക്കം.


                                                       ജരാസന്ധന്റെ തിരനോട്ടം 

ജരാസന്ധന്റെ തിരനോട്ടത്തോടെ രംഗം ആരംഭിച്ചു.  എനിക്ക് സുഖം ഭവിച്ചു, അതിനുള്ള കാരണം എന്ത് ? മഗധരാജാവിന്  കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിച്ചപ്പോള്‍ ഒരു മുനിവര്യന്‍ അദ്ദേഹത്തിനു ഒരു മാമ്പഴം നല്‍കി ഭാര്യക്ക്‌ നല്‍കൂ എന്ന് പറഞ്ഞു  അനുഗ്രഹിച്ചതും മാമ്പഴം രണ്ടായി മുറിച്ചു രണ്ടു രാജ്ഞിമാര്‍ക്കു  നല്‍കിയതും, അതുമൂലം ഗര്‍ഭം ഭരിച്ച രാജ്ഞിമാര്‍  പ്രസവിച്ച ഒരു കുഞ്ഞിന്റെ ജീവനില്ലാത്ത ശരീരത്തിന്റെ ഇരുഭാഗങ്ങള്‍ ഉപേക്ഷിക്കുകയും, ജര എന്ന രാക്ഷസി ആ   ശരീരഭാഗങ്ങള്‍ രണ്ടും ഭക്ഷിക്കാനായി ചേര്‍ത്തെടുത്തപ്പോള്‍ ജര സന്ധിച്ചു ഒരു കുഞ്ഞായി ജീവന്‍നേടി കരയുകയും, കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മനസലിഞ്ഞ രാക്ഷസി കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിച്ച രാജാവിനു നല്‍കിയതും പിന്നീട് വളര്‍ന്നു ബലവാനായപ്പോള്‍ മഗധത്തിന്റെ രാജാവായതും അയല്‍ നാട്ടിലുള്ള  രാജാക്കന്മാരെയെല്ലാം യുദ്ധം ചെയ്തു തോല്‍പ്പിച്ചു കാരാഗൃഹത്തില്‍ അടച്ചതും, ഒരിക്കല്‍ കൃഷ്ണന്‍ പോരിനു വിളിച്ചതും പാല്‍മണം  മാറാത്ത കൃഷ്ണന്‍  എന്റെ യുദ്ധ ശക്തികണ്ടു  ഭയന്നു
ഓടിയെന്നും  പിന്നീട് എന്റെ പേര്  കേട്ടാലേ മൂത്രം ഒഴിച്ചുകൊണ്ട്  അവന്‍ ഓടുമെന്നും അതിനാല്‍  ഒരുവന്‍ പോലും എന്നോട് എതിര്‍ക്കുവാന്‍ ധൈര്യം കാട്ടിയിട്ടില്ല എന്നുമായിരുന്നു ജരാസന്ധന്റെ (തന്റേടാട്ടം) ഇരുന്നാട്ടത്തില്‍ അവതരിപ്പിച്ചത്. 
 

                                                    ജരാസന്ധന്‍
                                                    
തുടര്‍ന്ന് പെരുമ്പറ പൊട്ടുന്ന കര്‍ണ്ണകഠോരമായ ശബ്ദം കേട്ട് ശ്രദ്ധിച്ച ജരാസന്ധന്‍ മൂന്നു ബ്രാഹ്മണര്‍ മതില്‍ ചാടി വരുന്നത് കണ്ടു. അവര്‍ തന്റെ ശതൃക്കള്‍ ആയിരിക്കുമോ എന്ന് സംശയം ജരാസന്ധന് ഉണ്ടായെങ്കിലും  ആഗതരെ കണ്ട്‌ സുഖ വിവരം അറിയുക എന്ന് തീരുമാനിക്കുന്നതോടെ ആദ്യ രംഗം അവസാനിച്ചു.
 
                                          ജരാസന്ധനും ബ്രാഹ്മണന്മാരും 
 

രണ്ടാം രംഗത്തില്‍  ആഗതരായ ബ്രാഹ്മണരുടെ  പാദങ്ങളില്‍ തന്റെ ശിരസ്സ് തൊട്ടു ജരാസന്ധന്‍ വണങ്ങി. തന്നെ കാണുവാന്‍ എത്തിയ മൂന്നു  ബ്രാഹ്മണന്മാരെയും  സന്തോഷപൂര്‍വ്വം സ്വീകരിച്ചിരുത്തി. പദാട്ടങ്ങള്‍ക്കിടയില്‍  മാറി മാറി ഓരോ  ബ്രാഹ്മണരോട്  സംഭാഷണം   നടത്തുന്ന   ജരാസന്ധന്‍ പെരുമ്പറ അടിച്ചു പൊട്ടിച്ചത് നിങ്ങളാണോ എന്ന് ചോദിച്ചു. അതിനു  ഞാന്‍ ഒന്ന് അടിച്ചപ്പോള്‍ പൊട്ടിപ്പോയതാണ് എന്ന് ഭീമബ്രാഹ്മണന്‍ അറിയിച്ചു.ഇവര്‍ ബ്രാഹ്മണര്‍  തന്നെയോ എന്ന് സംശയത്തോടെ  ഭീമബ്രാഹ്മണന്റെ കൈപ്പത്തി പിടിച്ചു തടവി നോക്കി തഴമ്പ് കണ്ട് അത്ഭുതപ്പെട്ട ജരാസന്ധന്‍ ചെണ്ട കൊട്ടുമോ എന്ന് ചോദിച്ചു?
പാചകത്തിനു പോകാറുണ്ടെന്നും തന്മൂലം ഉണ്ടായ തഴമ്പ് ആണെന്നും  ബ്രാഹ്മണന്‍ മറുപടി നല്‍കി. 
ഭീമബ്രാഹ്മണനോട്  ഒന്നു നടന്നു കാണിക്കുവാന്‍  ആവശ്യപ്പെട്ട ജരാസന്ധന്,  ആ ബ്രാഹ്മണന്‍ നടക്കുമ്പോള്‍ ഭൂമി കുലുങ്ങുന്നതു പോലെയുള്ള അനുഭവം ഉണ്ടാകുന്നതായി തോന്നി. തന്റെ കയ്യില്‍ ഒന്നു പിടിക്കുവാന്‍ ബ്രാഹ്മണനോട് ആവശ്യപ്പെട്ട ജരാസന്ധന് ,  ബ്രാഹ്മണന്റെ കൈക്കുള്ളില്‍ തന്റെ കയ്യ് ഞെരിഞ്ഞുപോയതായ  അനുഭവം ഉണ്ടായി. ബ്രാഹ്മണന്റെ ശരീരം നോക്കി കണ്ട ശേഷം നീ ബ്രാഹ്മണന്‍ തന്നെയല്ലേ എന്ന് വീണ്ടും സംശയം ഉന്നയിച്ച ജരാസന്ധന്‍ നീ ചില്ലറ പാചകം ചെയ്തിരുന്നു എന്ന് പറഞ്ഞത് ശരിയായിരിക്കാം എന്ന് സമ്മതിച്ചു. തേങ്ങാ തിരുമ്മല്‍, അരകല്ലില്‍ അരയ്ക്കുന്നത്, ആട്ടുകല്ലില്‍ അരയ്ക്കുന്നത്, ഉരലില്‍ ഉലക്കകൊണ്ട് ഇടിച്ചതിന്റെയൊക്കെ തഴമ്പാകാം  ബ്രാഹ്മണന്റെ കയ്യില്‍ കാണുന്നത് എന്നും   ശരീരത്തിന്റെ വലിപ്പവും ബലവും നല്ലതു പോലെ ആഹാരം കഴിക്കുന്നത്‌ കൊണ്ടാകാം എന്നും വിശ്വസിക്കുന്നു.

കൃഷ്ണബ്രാഹ്മണനെ ശ്രദ്ധിച്ച ജരാസന്ധന്‍ മുന്‍പ് എവിടെയോ കണ്ട നല്ല പരിചയം തോന്നുന്നു എന്ന് ഭാവിച്ചു കൊണ്ട് ഇതിനു മുന്‍പ് നാം തമ്മില്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്ന ബ്രാഹ്മണന്റെ  മറുപടിക്ക്‌  ഞാന്‍ കൃഷ്ണനുമായി പണ്ട് യുദ്ധം ചെയ്തപ്പോള്‍ ആയിരിക്കാം എന്ന് ജരാസന്ധന്‍ പറഞ്ഞു. അന്ന് കൃഷ്ണനുമായി യുദ്ധം ഉണ്ടായപ്പോള്‍ അവന്‍ എന്നെ ഭയന്ന് ഓടുകയും അവനെ വിടാതെ  വിരട്ടിക്കൊണ്ട് ഞാന്‍ പിന്നാലെയും പോയത് കണ്ടിരിക്കാം എന്ന് പറഞ്ഞപ്പോള്‍  ഇരുവര്‍ ഓടുന്നത് കണ്ടു എന്നാല്‍ ആര് മുന്നില്‍, ആര് പിന്നില്‍ എന്ന് ഓര്‍മ്മയില്ല  എന്നായിരുന്നു  ബ്രാഹ്മണന്റെ മറുപടി. കൃഷ്ണന്‍ തന്നെ ഭയന്ന് ഓടിയ ധാരാളം കഥകള്‍ ബ്രാഹ്മരോട് പറഞ്ഞ ശേഷം പൂജാകര്‍മ്മങ്ങള്‍  അറിയില്ലേ എന്ന് തിരക്കി.   ബ്രാഹ്മണരുടെ വേഷഭൂഷാദികള്‍ ശ്രദ്ധിച്ച ജരാസന്ധന്‍ (താറുടുത്തിരിക്കുന്നത്, ചന്ദനം പൂശല്‍ , പൂണൂല്‍ ധരിച്ചിരിക്കുന്നത്‌, തുടങ്ങിയവ )   നിങ്ങള്‍ കള്ള ബ്രാഹ്മണര്‍ അല്ലേ എന്ന്  സംശയം ഉന്നയിച്ചു. ഞങ്ങള്‍ യഥാര്‍ത്ഥ ബ്രാഹ്മണര്‍ തന്നെയാണ്, അങ്ങയെ ഒന്നു കാണുവാന്‍ വന്നതാണ്‌ എന്ന് പറഞ്ഞു പൂണൂല്‍ കാണിച്ചപ്പോള്‍ ആശാരിമാരും  പൂണൂല്‍ ധരിക്കാറുണ്ട് എന്ന് ജരാസന്ധന്‍ പറഞ്ഞു.
അര്‍ജുനബ്രാഹ്മണനെ നോക്കികണ്ട ജരാസന്ധന്‍, സുന്ദരമായ ശരീരവും   കാലിന്റെ മുട്ടിനു താഴെവരെനീണ്ട  ബലമുള്ള കൈകളും, വളര്‍ന്ന മുടികളും ബ്രാഹ്മണനില്‍ കണ്ടു. കൈ വിരലുകളിലെ തഴമ്പ് ശ്രദ്ധിച്ചു. സംശയത്തോടെ ബ്രാഹ്മണന്‍ തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുവാന്‍ ഇരു കൈകളിലെ തഴമ്പിന്റെ രഹസ്യം ആരാഞ്ഞു. ചന്ദനം അരയ്ക്കുക, പാചകത്തിന് സഹായിക്കുക, നൃത്തം അഭ്യസിപ്പിക്കുക  തുടങ്ങിയ ജോലികള്‍ തന്നെയാണ് കാരണം എന്ന് ബ്രാഹ്മണന്‍ മറുപടി നല്‍കി.  ചന്ദനം അരയ്ക്കുക, പാചകത്തിന് സഹായമായി   കിണറ്റില്‍ നിന്നും വെള്ളം കോരുക, പിച്ചാത്തി കൊണ്ട് പച്ചക്കറി മുറിക്കുക, തുടങ്ങിയ ജോലികള്‍ ചെയ്യുന്നവര്‍ക്കു ഇത്തരം തഴമ്പ് ഉണ്ടാകാം എന്ന് ജരാസന്ധന് വിശ്വാസമായി.  തുടര്‍ന്ന് ബ്രാഹ്മണരുടെ ആഗമന ഉദ്ദേശം അറിയുവാന്‍  താല്‍പ്പര്യപ്പെട്ടു . 

 ഞങ്ങള്‍ ചോദിക്കുന്നത് എന്തും തരും എന്ന് സത്യം ചെയ്തു  തന്നാല്‍ മാത്രമേ ആഗമന  ഉദ്ദേശം അറിയിക്കുകയുള്ളൂ എന്ന് ബ്രാഹ്മണര്‍ പറയുന്നു. എന്റെ ജീവന്‍ ചോദിച്ചാലും ഞാന്‍ തരും എന്ന് പറയുന്ന ജരാസന്ധന്‍ പാലാഴിയില്‍ പള്ളികൊള്ളുന്ന വിഷ്ണു ഒരു ബാലന്റെ രൂപം ധരിച്ചു  കുടയും വടിയുമായി വന്ന്, തനിക്കു തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് വേണം എന്ന്  മഹാബലി ചക്രവര്‍ത്തിയോട് സത്യം ചെയ്തു വാങ്ങി, പിന്നീട് ആ ബാലന്‍ വലിയ രൂപം പ്രാപിച്ചു രണ്ടു അടി കൊണ്ട് മൂന്നു ലോകവും അളന്നശേഷം മൂന്നാമത്തെ കാല്‍ചുവട് എവിടെ വെയ്ക്കണം എന്ന് ആവശ്യപ്പെട്ടു. മഹാബലി താഴെ ഇരുന്നുകൊണ്ട് തന്റെ തല കാട്ടിക്കൊടുത്തപ്പോള്‍  മഹാബലിയെ ഭൂമിയിലേക്ക്‌ കാലുകൊണ്ട്‌ ചവുട്ടി താഴ്ത്തുകയും ചെയ്തു. അതുപോലെ എന്തെങ്കിലും കപട  ഉദ്ദേശത്തോടെ, ഒരു ചരടുവാങ്ങി (പൂണൂല്‍) ധരിച്ചു   വന്നവരാണോ നിങ്ങള്‍ എന്ന് സംശയം ചോദിച്ചു. 
ഞങ്ങള്‍ യഥാര്‍ത്ഥ ബ്രാഹ്മണര്‍ തന്നെയാണ് എന്ന് അറിയിക്കുമ്പോള്‍  ബ്രാഹ്മണ ഭക്തനായ ജരാസന്ധന്‍ അവര്‍ ആവശ്യപ്പെടുന്നത് സത്യം ചെയ്തു കൊടുത്തു. 
എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടിയത് ദ്വന്ദയുദ്ധം ആണെന്നും ഇവന്‍ ഭീമന്‍, ഇവന്‍ അര്‍ജുനന്‍ ഞാന്‍ കൃഷ്ണന്‍ ആണെന്നും അറിയിച്ചു കൊണ്ട്    ബ്രാഹ്മണര്‍ മറഞ്ഞ് ഭീമന്‍, അര്‍ജുനന്‍, കൃഷ്ണന്‍ എന്നിവര്‍ രംഗത്ത് എത്തി.
                                                            

                                          ജരാസന്ധന്‍ , ഭീമന്‍, കൃഷ്ണന്‍ അര്‍ജുനന്‍

ബ്രാഹ്മണവേഷധാരികളായി വന്ന് ദ്വന്ദയുദ്ധം ആവശ്യപ്പെട്ട കൃഷ്ണനോട് നാണമില്ലേ ഇങ്ങിനെ വേഷം മാറി വരുവാന്‍ എന്നു ചോദിച്ചുകൊണ്ട് പണ്ട് നാം തമ്മില്‍ നടന്നിട്ടുള്ള യുദ്ധങ്ങള്‍,  എന്റെ കരബലം നിനക്ക് അറിവുള്ളതല്ലേ എന്നും  പണ്ട് നിന്നെ പിടിച്ചു ചുരുട്ടി എറിഞ്ഞതും എല്ലാം ഓര്‍ക്കുന്നില്ലേ എന്നു ചോദിച്ചു. 
പണ്ട് അര്‍ജുനന്‍ സന്യാസി വേഷം ധരിച്ചു കൊണ്ടു  കൃഷ്ണന്റെ കാല്‍ക്കല്‍ വീണു സുഭദ്രയെ തട്ടികൊണ്ടു പോയ കഥയും ജരാസന്ധന്‍ പുശ്ചത്തോടെ ഓര്‍മ്മിപ്പിച്ചു. 
തുടര്‍ന്ന് തന്നോട് പലതവണ തോറ്റോടിയ കൃഷ്ണനോടും, സുന്ദരരൂപനായ അര്‍ജുനനോടും യുദ്ധം ചെയ്യാന്‍ താല്‍പ്പര്യം  ഇല്ലെന്നും (ഭീമന്റെ ശരീരം നോക്കി കണ്ട് ) ഇവന്‍ കൊള്ളാം, ഇവനോട് യുദ്ധം ചെയ്യന്‍ ഞാന്‍ തയ്യാര്‍  എന്നു അറിയിക്കുന്നു.

യുദ്ധത്തിനു തയ്യാറായ ഭീമനെ ജരാസന്ധനും ജരാസന്ധനെ ഭീമനും യുദ്ധക്കച്ച കെട്ടിച്ചു.   നിന്റെ കൈക്കേറ്റ ഗദ തിരഞ്ഞെടുക്കുവാന്‍ ഭീമന് ജരാസന്ധന്‍ നിര്‍ദ്ദേശം നല്‍കി. യുദ്ധത്തില്‍ എതിരിയുടെ കഴുത്തില്‍ ഞെക്കുക, ശ്വാസം മുട്ടിക്കുക തുടങ്ങിയ കള്ളത്തരങ്ങള്‍  ചെയ്യില്ല എന്നു ഭീമനെ കൊണ്ട് ജരാസന്ധന്‍ സത്യം ചെയ്യിച്ചു.


                                                    ജരാസന്ധനും  ഭീമനും

ഭീമനും ജരാസന്ധനും തമ്മില്‍ ഗദായുദ്ധം ആരംഭിച്ചു. ഭീമന്‍ ജരാസന്ധന്റെ ഗദ അടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് ഇരുവരും തങ്ങളുടെ കരബലം ഉപയോഗിച്ച് പൊരുതി. ഘോരയുദ്ധത്തില്‍ താഴെ വീണ ജരാസന്ധന്റെ കാലില്‍ പിടിക്കുവാന്‍ ഭീമന്‍ ശ്രമം നടത്തി.  ജരാസന്ധന്‍ കാലു മടക്കി വെച്ച് കൊണ്ട് കാലിനു പിടികൊടുക്കാതെ പോരാടി. ഒടുവില്‍ ജരാസന്ധന്റെ കാലില്‍ പിടിച്ച  ഭീമന്‍ തന്റെ ഒരു കാലുകൊണ്ട്‌  ജരാസന്ധന്റെ ഒരു കാലില്‍ ചവുട്ടി പിടിച്ചു കൊണ്ട് മറു കാലില്‍ പിടിച്ചു വലിച്ചു. ജരാസന്ധന്റെ ശരീരം രണ്ടായി കീറി എറിഞ്ഞു.  എറിയപ്പെട്ട ശരീര ഭാഗങ്ങള്‍ വീണ്ടും ഒന്നു ചേര്‍ന്ന് ജരാസന്ധന്‍ യുദ്ധം ചെയ്തു. വീണ്ടും ഭീമന്‍ ജരാസന്ധന്റെ ശരീരം രണ്ടായി കീറി എറിഞ്ഞു. വീണ്ടും ജരസന്ധിച്ചു പോരിനായി വന്ന ജരാസന്ധനെ ഭീമന്‍ നേരിട്ടു. അപ്പോള്‍ കൃഷ്ണന്‍ ഒരു ഇല രണ്ടായി കീറി എതിര്‍ ദിശകളിലേക്ക് എറിഞ്ഞു കാണിച്ചു കൊണ്ട് ക്ഷണം ഓടി മറഞ്ഞു. യുക്തി മനസിലാക്കിയ ഭീമന്‍ ജരാസന്ധന്റെ ശരീരം രണ്ടായി കീറി  രണ്ടു എതിര്‍ ഭാഗത്തേക്ക് എറിഞ്ഞു. ജര വീണ്ടും സന്ധിക്കനാവാതെ ജരാസന്ധന്‍ മരിച്ചു വീണു. ഭീമനും കൃഷ്ണനും അര്‍ജുനനും ഒന്നു ചേര്‍ന്ന് ജയിലില്‍ അടച്ചിരുന്ന രാജാക്കന്മാരെ മോചിപ്പിച്ച ശേഷം ജരാസന്ധപുത്രനെ രാജാവായി അഭിഷേകം ചെയ്തു. മോചിപ്പിച്ച എല്ലാ രാജാക്കന്മാരെയും  കൃഷ്ണന്‍ നടക്കുവാന്‍ പോകുന്ന  രാജസൂയ യാഗത്തിന്   ക്ഷണിച്ചു  മടങ്ങുന്നതോടെ രംഗം അവസാനിച്ചു.


                                          യാഗശാലയില്‍ എത്തുന്ന  ശിശുപാലന്‍

 ശിശുപാലന്റെ തിരനോട്ടം കഴിഞ്ഞു അടുത്ത രംഗം ആരംഭിച്ചു. ധര്‍മ്മപുത്രര്‍ നടത്തുന്ന രാജസൂയയാഗ സ്ഥലത്ത് പ്രവേശിക്കുന്ന ശിശുപാലന്‍ കൃഷ്ണനെ അഗ്രപൂജ ചെയ്യുന്നതില്‍ കോപം പൂണ്ട്,   കൃഷ്ണന്‍ ചെറുപ്പം മുതല്‍ ചെയ്തിട്ടുള്ള ഓരോ പ്രവര്‍ത്തികള്‍ എണ്ണി എണ്ണി   പറഞ്ഞും കന്നുകാലി ചെറുക്കന്‍ എന്ന്  ആക്ഷേപിച്ചും  നിന്ദിക്കുന്നു.  കൃഷ്ണന്‍ ചെയ്ത വെണ്ണമോഷണം, ഗോപസ്ത്രീകളുടെ വസ്ത്രാപഹരണം എന്നിവയാണ്  ശിശുപാലന്‍ വിസ്തരിച്ച്  ആക്ഷേപിച്ചത്.




                                          യാഗശാലയില്‍ എത്തുന്ന  ശിശുപാലന്‍ 

                            അര്‍ജുനനും ശിശുപാലനും 

                                          അര്‍ജുനനും  ശിശുപാലനും ഏറ്റു മുട്ടുന്നു.

                                          കൃഷ്ണന്‍  ശിശുപാലനെ വധിക്കുന്നു.

കൃഷ്ണനിന്ദ സഹികാനാവാതെ  അര്‍ജുനന്‍ ശിശുപാലനോട് 
ഏറ്റുമുട്ടി.അപ്പോള്‍ കൃഷ്ണന്‍ വിശ്വരൂപം ധരിച്ചത് കണ്ടു ശിശുപാലന്‍ വണങ്ങി. സുദര്‍ശനം കൊണ്ട് കൃഷ്ണന്‍
ശിശുപാലനെ വധിച്ചു.

 ജരാസന്ധനായി  ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ബ്രാഹ്മണരായി ശ്രീ. സദനം വിഷ്ണുപ്രസാദ്‌, ശ്രീ. കലാമണ്ഡലം അഖില്‍, ശ്രീ. കലാമണ്ഡലം ശബരീനാഥ് എന്നിവരും കൃഷ്ണനായി ശ്രീ.  RLVഗോപി, ഭീമനായി ശ്രീ. കലാമണ്ഡലം ഹരി.ആര്‍.  നായര്‍, അര്‍ജുനനായി ശ്രീ. കലാമണ്ഡലം വൈശാഖ്, ശിശുപാലനായി  ശ്രീ. സദനം കൃഷ്ണന്‍ കുട്ടിയും, നാരദനായി ശ്രീ. കലാമണ്ഡലം അഖിലും, ധര്‍മ്മപുത്രരായി ശ്രീ. കലാനിലയം രവീന്ദ്രനാഥപ്പൈയും രംഗത്തെത്തി  വളരെ നല്ല ഒരു അവതരണം  കാഴ്ചവെച്ചു. 

കിരാതം (സമ്പൂര്‍ണ്ണം ) കഥയില്‍  പ്രധാന വേഷങ്ങളായ അര്‍ജുനന്‍:  ശ്രീ.ഫാക്റ്റ് മോഹനനും, ഇന്ദ്രന്‍: ശ്രീ.  ശ്രീ.കലാനിലയം രവീന്ദ്രനാഥപ്പൈയും, ഉര്‍വ്വശി: ശ്രീ. മാര്‍ഗി വിജയകുമാറും, കാട്ടാളന്‍ : ശ്രീ. കോട്ടക്കല്‍  ദേവദാസും, കാട്ടാളത്തി: ശ്രീ. കലാമണ്ഡലം (ഓയൂര്‍) രാമചന്ദ്രനും കൈകാര്യം ചെയ്തു. 

 ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം സുരേന്ദ്രന്‍, ശ്രീ. കലാമണ്ഡലം ജയപ്രകാശ്, ശ്രീ. കലാമണ്ഡലം വിനോദ് എന്നിവര്‍ സംഗീതവും ശ്രീ. കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍, ശ്രീ. കലാഭാരതി പീതാംബരന്‍ എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം ഹരികുമാര്‍, ശ്രീ. കലാമണ്ഡലം അച്ചുതവാര്യര്‍, ശ്രീ. കലാമണ്ഡലം അജികൃഷ്ണന്‍  എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. 
ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍, ശ്രീ. തിരുവല്ല പ്രതീപ് എന്നിവര്‍ ചുട്ടി ഒരുക്കി. ഏവൂര്‍ കണ്ണംപള്ളില്‍ കഥകളിയോഗത്തിന്റെ കോപ്പുകളാണ്  കളിക്ക് ഉപയോഗിച്ചത്.



2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ചുനക്കരയിലെ സൌഗന്ധികം

ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ 2012- ലെ തിരുഉത്സവത്തിന്റെ  ഏഴാംദിവസം  01-02-2012- (ബുധനാഴ്ച)   ആറന്മുള, കോയിപ്രം സ്വദേശി ശ്രീ. കൃഷ്ണകുമാരന്‍ നായര്‍   അവര്‍കളുടെ വഴിപാടായി ശ്രീ. കോട്ടയത്തു തമ്പുരാന്‍ രചിച്ച  കല്യാണസൌഗന്ധികം കഥകളി  അവതരിപ്പിക്കുകയുണ്ടായി. രാത്രി പത്തു മണിക്ക് കളി വിളക്കു കൊളുത്തി ശ്രീ. കലാമണ്ഡലം വിഷ്ണു രാജിന്റെ പുറപ്പാടോടു കൂടി കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. 

കൌരവന്മാരോട് ചൂതില്‍ പരാജയപ്പെട്ട പാണ്ഡവരുടെ വനവാസ കാലഘട്ടമാണ് കഥയുടെ സന്ദര്‍ഭം. വനത്തില്‍ ഭീമസേനന്‍ പാഞ്ചാലിയുമൊത്ത് നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പാഞ്ചാലിക്കു കാറ്റിലൂടെ വീണു കിട്ടിയ സൌഗന്ധിക പുഷ്പം ഭീമനെ ഏല്‍പ്പിച്ച് ഇത്തരം സൌഗന്ധിക പുഷ്പങ്ങള്‍ തനിക്കു കൊണ്ടുത്തരണം എന്നപേക്ഷിക്കുന്നു. പ്രിയതമയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് ഉറപ്പു നല്‍കിയ  ഭീമന്‍ സൌഗന്ധിക പുഷ്പം തേടി വനത്തിലൂടെ സഞ്ചരിച്ചു കൊണ്ട്  ഗന്ധമാദനപര്‍വ്വതം കടന്നു. 

വനയാത്രയില്‍ പല കാഴ്ചകളും കണ്ട ഭീമന്‍ പിന്നീട്  തനിക്ക്  മാര്‍ഗ്ഗ തടസ്സമായി തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ എല്ലാം അടിച്ചു വീഴ്ത്തി മാര്‍ഗ്ഗം സൃഷ്ട്ടിച്ചുകൊണ്ട്  മുന്നോട്ടു നീങ്ങി ചെന്നെത്തുന്നത് കദളീവനത്തിലാണ്. വന മദ്ധ്യത്തിലുള്ള കദളീ വനത്തിലെ വാഴക്കുലകള്‍ വനത്തില്‍ നിറഞ്ഞു കാണപ്പെടുന്ന പക്ഷി മൃഗാദികള്‍ ഒന്നും ശല്ല്യം (ഭക്ഷിക്കാത്തത് ) ചെയ്യാത്തത്   ആശ്ചര്യത്തോട് ഭീമന്‍ നോക്കി കണ്ടു. ഈ കദളീ വനത്തിനു അതി ശക്തനായ ഒരു കാവല്‍ക്കാരന്‍ ഉണ്ടാകും എന്ന ധാരണയോടും തന്റെ മുന്നില്‍ മാര്‍ഗ്ഗ തടസ്സമായി നില്‍ക്കുന്ന കദളി വാഴകളെയും അടിച്ചു വീഴ്ത്തിക്കൊണ്ട്‌  ഭീമന്‍ കദളീ വനത്തിലൂടെ യാത്ര തുടര്‍ന്നു. 

കദളീ വനത്തില്‍ ശ്രീരാമനെ ധ്യാനിച്ചു കൊണ്ടിരിക്കുന്ന വായൂപുത്രനായ ഹനുമാന്  ധ്യാനഭംഗം ഉണ്ടായി. തുടര്‍ന്ന് വനത്തിനു ഇളക്കം സംഭവിച്ചതും വനരാജാക്കന്മാരായ സിംഹങ്ങള്‍ വരെ ഭയപ്പെട്ടുകൊണ്ട്    അതിന്റെ  മാളത്തില്‍ ഒളിക്കുന്നതും ഹനുമാന്‍ കണ്ടു. കാട്ടുമരങ്ങള്‍ എല്ലാം തല്ലി തകര്‍ത്തുകൊണ്ട് ഒരു മനുഷ്യന്‍ വരുന്നത് കണ്ട ഹനുമാന്‍  അത് തന്റെ സഹോദരനായ  ഭീമന്‍ ആണെന്നും ആഗമനോദ്ദേശം ദിവ്യ ദൃഷ്ടിയാല്‍  മനസിലാക്കിയ ഹനുമാന്‍ ഭീമനെ പരീക്ഷിക്കുവാനും ശക്തി മനസിലാക്കുവാനും തീരുമാനിച്ചു കൊണ്ട് ഒരു വൃദ്ധവാനരന്റെ രൂപത്തില്‍ ഭീമനു  മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു ശയിക്കുന്നു.


തന്റെ യാത്രയ്ക്ക്  തടസ്സമായി ശയിക്കുന്ന വാനരനെ കണ്ടു ഭീമന്‍ മാറികിടക്കുവാന്‍ ആജ്ഞാപിക്കുകയും തന്റെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ ഗദ കൊണ്ട് വാനരന്റെ ശരീരം അടിച്ചു പൊടിക്കും എന്ന് അറിയിക്കുകയും ചെയ്യുന്നു.   വാനരന്‍ തന്റെ ദയനീയാവസ്ഥ ഭീമനെ അറിയിച്ചു കൊണ്ട് തന്നെ ചാടി കടന്നു പോകാന്‍ അറിയിക്കുന്നു. തന്റെ സഹോദരനായ ഹനുമാന്‍ എന്ന വാനരകുലോത്തമനെ മനസ്സില്‍ സ്മരിക്കുന്നതു കൊണ്ട് ഒരു വാനരനെ ചാടി കടന്നു പോകുന്നതിനു തന്നാല്‍ സാധിക്കുകയില്ല എന്ന് ഭീമന്‍  അറിയിക്കുന്നു. എന്നാല്‍ എന്റെ വാല് ഗദ കൊണ്ട് നീക്കി മാറ്റിക്കൊണ്ട് യാത്ര തുടരുവാന്‍ വാനരന്‍ ഭീമനെ അനുവദിക്കുന്നു. ഭീമന്‍ തന്റെ ഗദ ഉപയോഗിച്ച് വാനരന്റെ വാല് നീക്കുവാന്‍ സര്‍വ ശക്തിയും ഉപയോഗിച്ച്   ശ്രമിച്ചെങ്കിലും വിഫലമായി എന്നു മാത്രമല്ല തന്റെ ഗദ തിരിച്ചെടുക്കുവാന്‍ വയ്യാത്ത വിധം വാനരവാലില്‍ കുടുങ്ങുകയും ചെയ്തു. തന്റെ മാര്‍ഗ്ഗം മുടക്കിയ വൃദ്ധ വാനരന്‍ സാധാരണക്കാരന്‍ അല്ലെന്നു മനസിലാക്കിയ ഭീമന്‍ അങ്ങ് ആരാണ് എന്ന് വാനരനോട് ചോദിക്കുന്നു. തുടര്‍ന്ന് വാനരന്‍ തന്റെ യഥാര്‍ത്ഥ രൂപം കാട്ടി "ഞാന്‍  നിന്റെ സഹോദരന്‍, വായൂ പുത്രനായ ഹനുമാനാണ് " എന്ന്  ഭീമനെ അറിയിക്കുന്നു.  ഭീമന്‍ ഹനുമാനെ നമസ്കരിച്ചുകൊണ്ട്  സീതാദേവിയെ തേടി ലങ്കയിലേക്ക് പോകുവാന്‍ സമുദ്രത്തെ കടന്ന രൂപം കാണുവാന്‍ ആഗ്രഹം ഉണ്ടെന്നു അറിയിക്കുന്നു. എന്റെ സമുദ്രലംഘന രൂപം കണ്ടാല്‍ നിനക്ക് ഭയം കൊണ്ട് ആലസ്യം ഉണ്ടാകുമെന്ന് ഹനുമാന്‍ അറിയിക്കുമ്പോള്‍ തനിക്കു വേണ്ടുവോളം ധൈര്യമുണ്ടെന്നു ഭീമന്‍ ഹനുമാനെ ധരിപ്പിക്കുന്നു. ഹനുമാന്‍ അതി ഭയങ്കരവും ഭയാനകവുമായ സമുദ്ര ലംഘന രൂപം കാട്ടുമ്പോള്‍ ഭീമന്‍ ആലസ്യത്തോടെ നിലംപതിക്കുന്നു. ഹനുമാന്‍ പൂര്‍വരൂപം ധരിച്ചു കൊണ്ട് ഭീമനെ സമാശ്വസിപ്പിക്കുന്നു.  

ആസന്നമാകുവാന്‍ പോകുന്ന  മഹാഭാരത യുദ്ധവേളയില്‍ തങ്ങളെ സഹായിക്കണമെന്ന് ഭീമന്‍ ഹനുമാനോട് അപേക്ഷിക്കുന്നു. നിന്റെ സഹോദരനായ അര്‍ജുനന്റെ തേരിന്റെ കൊടിമരത്തില്‍ ഇരുന്നു കൊണ്ട്  ഭീഷണ ശബ്ദം മുഴക്കി ശതൃനാശം ഉണ്ടാക്കും എന്ന് ഉറപ്പു നല്‍കി. തുടര്‍ന്ന് ഭീമനോട് നിന്റെ ഭൈമിയുടെ ആഗ്രഹ പ്രകാരം സൌഗന്ധിക പുഷ്പം ശേഖരിക്കുവാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചു ഗദയും നല്‍കി യാത്രയാക്കുന്നു. ഇതാണ്  കല്യാണ സൌഗന്ധികം കഥയുടെ ചുരുക്കം.

                                        ഭീമനും പാഞ്ചാലിയും 
                            
                                                              ഭീമനും പാഞ്ചാലിയും 

                                                             ഭീമനും പാഞ്ചാലിയും
                             ( ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും ശ്രീ. മധു, വാരണാസിയും)

പാഞ്ചാല രാജതനയേ! എന്ന പദം മുതലാണ്‌ കഥകളി തുടങ്ങിയത്.   കാറ്റിലൂടെ ലഭിച്ച സൗരഭ്യമാര്‍ന്ന സൌഗന്ധിക പുഷ്പം പാഞ്ചാലി ഭീമനെ ഏല്‍പ്പിച്ചുകൊണ്ട് തനിക്കു ഇതുപോലെയുള്ള പുഷ്പങ്ങള്‍ കൊണ്ടു വന്നു തരേണം എന്ന് അറിയിക്കുന്നു.  ഭീമന്‍ പുഷ്പത്തെ വാങ്ങി അതിന്റെ സുഗന്ധം തന്റെ മൂക്ക് തുളയ്ക്കുന്നതായും പുഷ്പത്തിന് ചുറ്റും വട്ടമിടുന്ന വണ്ടുകളെ അകറ്റുന്നതായും കാണിച്ചു. നിന്റെ ആഗ്രഹം പോലെ ഞാന്‍ പുഷ്പങ്ങള്‍ കൊണ്ടു വന്നു തരാം എന്ന് ഉറപ്പു പറയുന്നു. പൂക്കള്‍ തേടി പോകുമ്പോള്‍ ശത്രുക്കള്‍ അങ്ങയോടു നേരിട്ടാല്‍ എന്ത് ചെയ്യും എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് എന്റെ ആയുധമായ ഗദ കൊണ്ട് ശത്രുവിനെ ജയിക്കുവാന്‍ എനിക്ക് കഴിയും എന്ന മറുപടിയാണ്‌ നല്‍കിയത്. അങ്ങ് വനത്തില്‍ പുഷ്പം തേടി നടന്നു ക്ഷീണിക്കുമ്പോള്‍ ജലവും ആഹാരവും ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് സുന്ദരിയായ  നിന്റെ  കണ്ണുകള്‍ കൊണ്ടുള്ള കടാക്ഷം മനസ്സില്‍ സ്മരിച്ചാല്‍ എന്റെ വിശപ്പും  ദാഹവും എല്ലാം അകന്ന്  ഉന്മേഷവനാകും എന്നാണ്  മറുപടി നല്‍കിയത്. 

                                ഭീമന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌

പാഞ്ചാലിയോട് വിട വാങ്ങിയ ഭീമന്‍ വായുവിന്റെ ഗതി നോക്കിയാണ് സൌഗന്ധിക  പുഷ്പം തേടി യാത്രയായത്.  ഗന്ധമാദനപര്‍വ്വതം നോക്കിക്കണ്ട ഭീമന്‍   പര്‍വതത്തില്‍ അഗ്നി ജ്വാലകളും, പാറക്കെട്ടുകളിലൂടെ ഒലിക്കുന്ന വിശേഷ വസ്തുക്കളും കണ്ടു.  പര്‍വതം കടന്ന ഭീമന്‍ വനത്തിലെ മരങ്ങളില്‍ ചാടി കളിക്കുകയും കായ്കള്‍ പറിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന    ധാരാളം വാനരന്മാരെയും തുള്ളിച്ചാടി നടക്കുന്ന മാന്‍ കൂട്ടങ്ങളെയും  കണ്ടു. 

ഒരു ആനയുടെ ചിന്നംവിളി  കേട്ട ഭീമന്‍ തിരഞ്ഞു കണ്ടെത്തി അതിന്റെ  ചേഷ്ടകള്‍ ശ്രദ്ധിച്ചു. പിന്നീടു മയക്കത്തിലായ ആനയുടെ  കാലില്‍ ഒരു പെരുമ്പാമ്പ്‌ പിടികൂടുന്നതും ആന തന്റെ കാല്‍ മുന്‍പോട്ട് വലിക്കുകയും പെരുമ്പാമ്പ്‌ ആനയുടെ കാല് പിന്നോട്ട് വലിക്കുകയും ചെയ്യുന്നതും ഇര തേടി  അവിടെ എത്തിയ ഒരു സിംഹം ആനയുടെ മുതുകില്‍ ചാടി കയറി മസ്തകം അടിച്ചു പൊളിച്ചു ചോര കുടിക്കുന്നതും,  തുടര്‍ന്ന് ആന തന്റെ കൊമ്പു മുന്നോട്ടു കുത്തി നിലംപതിക്കുന്നതും  (അജഗരകബളിതം എന്നാണ് ഈ ആട്ടം അറിയപ്പെടുന്നത് ), ആനയെ വിഴുങ്ങാന്‍ സാധിക്കാതെ പെരുമ്പാമ്പ്  വായും ഉടലും  പിളര്‍ന്നു ചത്തു വീഴുന്നതും ഭീമന്‍ കണ്ടു. പിന്നീട് യാത്ര തുടര്‍ന്ന ഭീമന്‍ ഘോരവനത്തില്‍  സൂര്യരശ്മി പോലും  കടക്കാനാവാത്ത വിധം വഴിമുട്ടി  തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങളും പിണഞ്ഞു കിടക്കുന്ന മരവള്ളികളും കണ്ടു. ഈ പ്രതിബന്ധങ്ങളെ തകര്‍ത്തു  കൊണ്ട് മുന്നോട്ടു നീങ്ങുക തന്നെ എന്ന് തീരുമാനിച്ചു ഭീമന്‍ മരങ്ങളെ  അടിച്ചു വീഴ്ത്തി വഴി സൃഷ്ടിച്ചു  കൊണ്ട് മുന്നോട്ടു നീങ്ങുന്നതോടെ ആദ്യ രംഗം അവസാനിച്ചു.



                                                             ഹനുമാന്‍ തപസ്സില്‍ 

                                             ഹനുമാന്‍ : ശ്രീ. കലാമണ്ഡലം രവികുമാര്‍

അടുത്ത രംഗത്തിനു തിരശീല നീങ്ങിയപ്പോള്‍ തപസ്സില്‍ മുഴുകിയിരിക്കുന്ന ഹനുമാനെയാണ് കണ്ടത്.  ഹനുമാന്റെ തപസ്സിനു ഭംഗം സംഭവിച്ചു. തന്റെ തപസ്സിനു ഭംഗം സംഭവിക്കില്ല എന്ന ശ്രീരാമസ്വാമിയുടെ അനുഗ്രഹത്തെ സ്മരിച്ച ഹനുമാന്‍ ശരീരത്തിന്റെ മൂന്നു നാടികളെയും ബന്ധിച്ചു മനസ്സ് ദൃഡപ്പെടുത്തി വീണ്ടും തപസ്സു തുടങ്ങി. കാതുകള്‍ പൊട്ടും വിധത്തിലുള്ള ഘോര ശബ്ദം  വീണ്ടും കേട്ട് തപസ്സില്‍ നിന്നും ഉണര്‍ന്ന ഹനുമാന്‍ ശബ്ദകാരണം എന്താണ് എന്ന് ചിന്തിച്ചു.  
  
പര്‍വതങ്ങള്‍ പറക്കുകയാണോ ? ഇല്ല! ഇന്ദ്രന്‍ പര്‍വതങ്ങളുടെ ചിറകുകള്‍ മുറിക്കപ്പെട്ടതു കൊണ്ട് അവ പറക്കുകയില്ല, മരം ചെടി കൊടികളെല്ലാം തളിര്‍ത്തും പൂത്തും നില്‍ക്കുന്നതിനാല്‍ ലോക നാശത്തിനുള്ള ലക്ഷണവും കാണുന്നില്ല എന്ന് ചിന്തിച്ച ഹനുമാന്‍ കാട്ടു മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയില്‍ കൂടി ശ്രദ്ധിച്ചപ്പോള്‍ ഒരു തടിയന്‍ ഗദയുമായി വരുന്നത് കണ്ടു. തുടര്‍ന്ന്  ആനകള്‍ ഭയന്ന് ഓടുന്നതും സിംഹങ്ങള്‍ ഗുഹയ്ക്കുള്ളില്‍ ഒളിക്കുന്നതും കണ്ടു.   ഗദാധാരിയായ   ഇവന്‍ ആര് എന്ന് ചിന്തിച്ചപ്പോള്‍ തന്റെ സഹോദരനായ ഭീമന്‍ തന്നെ എന്ന് മനസിലാക്കി. തന്റെ സഹോദരനായ ഭീമന്റെ ശക്തി പരീക്ഷിച്ച്  അനുഗ്രഹിക്കുക  തന്നെ എന്ന് ഉറപ്പിച്ചു. ഇവന്‍ വഴി ഒതുങ്ങി പോകുന്നവന്‍ അല്ല അതുകൊണ്ട് ഇവന്റെ മാര്‍ഗ്ഗത്തിനു വിഘ്നം ഉണ്ടാക്കി വൃദ്ധവാനര രൂപത്തില്‍ ശയിക്കുക എന്ന് തീരുമാനിച്ചു  ശ്രീരാമനെ സ്തുതിചെയ്തുകൊണ്ട് വൃദ്ധവാനരരൂപം പ്രാപിച്ചു ഭീമന്റെ മാര്‍ഗ്ഗം തടസ്സപ്പെടുത്തും വിധത്തില്‍ ശയിച്ചു.

                            ഭീമന്റെ മാര്‍ഗ്ഗ മദ്ധ്യേ ശയിക്കുന്ന  ഹനുമാന്‍ 

                        ഹനുമാന്‍ താന്‍ ആരാണെന്ന് പറയുന്നത് ശ്രദ്ധിക്കുന്ന ഭീമന്‍

                         ഹനുമാനോട് തന്റെ ആഗ്രഹം അറിയിക്കുന്ന ഭീമന്‍

                               സമുദ്ര ലംഘന രൂപം കാട്ടുന്ന ഹനുമാന്‍

                               ഭീമനെ യാത്രയാക്കുന്നു  ഹനുമാന്‍

രംഗത്ത് എത്തിയ ഭീമന്‍ കദളീവനം കണ്ടു മുന്നോട്ടു നീങ്ങി. മാര്‍ഗ്ഗ മദ്ധ്യേ ശയിച്ചിരിക്കുന്ന വൃദ്ധവാനരനെ പുശ്ചത്തോടെ നോക്കിക്കണ്ട്   തന്റെ വഴിയില്‍ നിന്നും മാറിക്കിടക്കുവാന്‍ ഭീമന്‍ ആജ്ഞാപിച്ചു.  ജരാനര ബാധിച്ചു അനങ്ങുവാന്‍ പോലും കഴിയാത്തവാനാണ്  ഞാന്‍ എന്നും  എന്നെ ചാടി കടന്നു പോകുവാനും വാനരന്‍ ഭീമനോട് പറയുന്നു.  വാനരകുലത്തില്‍ പിറന്ന  ഹനുമാന്‍ എന്ന  എന്റെ ജ്യേഷ്ടനെ സ്മരിക്കുമ്പോള്‍ ഒരു വാനരനെ  മറി കടന്നു പോകുവാന്‍ എനിക്ക് മടിയാണെന്ന് ഭീമന്‍ മറുപടി പറയുന്നു. നീ പറഞ്ഞ കപിവരന്‍, ഹനുമാനെ പറ്റി അറിയുവാന്‍ മോഹം ഉണ്ടെന്നു പറയുന്ന വാനരനോട് ലോകത്തിനു  കണ്ടകത്തം ചെയ്തിരുന്ന രാവണന്റെ രാജധാനി ചുട്ടുകരിച്ച ഹനുമാനെ അറിയാത്തവരായി ആരുണ്ട്‌ എന്ന് ഭീമന്‍ ചോദിച്ചു .   സംവാദാനന്തരം വാനര നിര്‍ദ്ദേശ പ്രകാരം വാനരന്റെ  വാല്‍ തന്റെ ഗദ കൊണ്ട് നീക്കി യാത്ര തുടരുവാന്‍ ശ്രമിക്കുന്ന ഭീമന്‍, വാനരന്റെ വാലിനിടയില്‍ പെട്ട ഗദയെടുക്കുവാന്‍ എത്ര  പരിശ്രമിച്ചും ഫലമുണ്ടായില്ല. ഈ വാനരന്‍ ദിവ്യനാണെന്നു മനസിലാക്കിയ ഭീമന്‍ ജാള്യതയോടു  കൂടി  "അങ്ങ് ആരാണ് " എന്ന് ചോദിച്ചു.
വാനരന്‍ തന്റെ വാര്‍ദ്ധക്ക്യ രൂപം ഉപേക്ഷിക്കുകയും   സ്വയരൂപം പ്രകടിപ്പിച്ചു കൊണ്ട് നിന്റെ സഹോദരനായ  ഹനുമാനാണ് എന്ന സത്യം ഭീമനെ അറിയിച്ചു. ഭീമന്‍ ഹനുമാനെ നമസ്കരിച്ചു. 
സീതാദേവിയെ തേടി സമുദ്രം കടന്ന അങ്ങയുടെ  രൂപം കാണുവാന്‍ മോഹം ഉണ്ടെന്നു ഭീമന്‍ ഹനുമാനെ അറിയിച്ചു. സമുദ്രലംഘന രൂപം ആവുന്നത്ര ചുരുക്കി കാണിക്കാമെന്നും ആലസ്യം ഉണ്ടാകരുതെന്നും ഹനുമാന്‍ ഭീമനെ അറിയിച്ചു. തനിക്കു ധൈര്യം ഉണ്ടെന്നും രൂപം ഒട്ടും തന്നെ ചുരുക്കാതെ കാട്ടണം എന്നുമായി ഭീമന്‍. ശ്രീരാമനെ ഭജിച്ചുകൊണ്ട്  ശരീരം വളര്‍ത്തി   ഹനുമാന്‍ തന്റെ   സമുദ്രലംഘന രൂപം കാട്ടുകയും ഭീമന്‍ ആ ഭയങ്കര രൂപം കണ്ടു  ആലസ്യത്തോടെ  നിലം പതിക്കുകയും ചെയ്തു. ഹനുമാന്‍ രൂപം കുറച്ചു കൊണ്ട്  ഭീമനെ എഴുനേല്‍പ്പിച്ചു. ഭയം വേണ്ടെന്നും  ഒട്ടും വൈകാതെ നിന്റെ  പ്രാണവല്ലഭയുടെ ആഗ്രഹം നീ സാധിച്ചു കൊടുക്കൂ എന്നും ഹനുമാന്‍ ഭീമനെ അറിയിച്ചു.

കൌരവന്മാരുമായി നടക്കുവാന്‍ പോകുന്ന യുദ്ധത്തില്‍ തങ്ങളെ സഹായിക്കണം എന്ന് ഭീമന്‍ ആവശ്യപ്പെടുമ്പോള്‍ ഹനുമാന്‍ ഒരിക്കല്‍ അര്‍ജുനന് ചെയ്തു കൊടുത്തിരുന്ന സത്യത്തെ സ്മരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. 

നിന്നെ ഒന്നു കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ശ്രീരാമസ്വാമി എന്റെ ആഗ്രഹം സാധിച്ചു തന്നു എന്ന് ഹനുമാനും എനിക്ക് അങ്ങയെ ഒന്നു കണ്ടു വന്ദിക്കുവാന്‍ സാധിച്ചു അത് മൂലം  ഞാന്‍ ധന്യനായി എന്ന് ഭീമനും  പരസ്പര സ്നേഹം വെളിപ്പെടുത്തി. തുടര്‍ന്ന് സഹോദരന്മാര്‍ എല്ലാവരും സുഖമായിരിക്കുന്നുവോ എന്ന് ഹനുമാന്‍ തിരക്കി. എല്ലാവരും  വനത്തില്‍ താമസിക്കുന്നു എന്നും  വിധി അനുഭവിക്കുക എന്ന് സമാധാനപെട്ടു. 
 
നിന്റെ പ്രാണപ്രിയ ആഗ്രഹിച്ച   സൌഗന്ധിക പുഷ്പം എവിടെ ലഭിക്കും എന്ന് നിനക്ക് അറിയുമോ എന്ന് ഹനുമാന്‍ ഭീമനോട് തിരക്കി. ഇല്ല എന്ന ഭീമന്റെ മറുപടിക്ക് ഭാര്യയുടെ വാക്ക് കേട്ട ഉടന്‍ ഗദയുമായി തിരിച്ചു അല്ലേ എന്ന്  ഹനുമാന്‍ സരസമായി പറഞ്ഞിട്ട്   കുബേരന്റെ ഉദ്യാനത്തില്‍ പുഷ്പങ്ങള്‍ ധാരാളം ഉണ്ടെന്നും,  ഉദ്യാനത്തിലേക്ക് പോകുവാനുള്ള വഴി പറഞ്ഞു കൊടുത്തുകൊണ്ട് അവിടെ നിന്നെ നേരിടുന്ന  രാക്ഷസന്മാരെ ജയിച്ചു വേണ്ടുവോളം പുഷ്പങ്ങള്‍ ശേഖരിച്ചു കൊള്ളുവാന്‍ ഉപദേശിച്ചു  കൊണ്ട് ഹനുമാന്‍ തപസ്സില്‍ മുഴുകി. ഗദ ഇല്ലാതെ മടങ്ങുന്നത് എങ്ങിനെ എന്ന് ചിന്തിച്ചു ഭീമന്‍ സ്നേഹത്തോടെ ഹനുമാനെ തൊട്ടു നിന്നു.  ഹനുമാന്‍ ഉണര്‍ന്നു കൊണ്ട് കാരണം തിരക്കി. ഗദ അങ്ങയുടെ വലിനടിയില്‍ പെട്ടില്ലേ, അത് മടക്കിത്തരണം  എന്ന് ഭീമന്‍ അപേക്ഷിച്ചു.  വൃദ്ധ വാനരനോട് ഭീമന്റെ പെരുമാറ്റത്തെ ഹാസ്യത്തോടെ വിമര്‍ശിച്ച ശേഷം ഹനുമാന്‍    ശ്രീരാമനെ മനസില്‍ സ്മരിച്ചു കൊണ്ട്  ഭീമന്  ഗദ നല്‍കി അനുഗ്രഹിച്ചു  യാത്രയാക്കുന്നു. 

ജ്യേഷ്ഠനെ കാണുവാന്‍ സാധിച്ചതിലും  തന്മൂലം  സൌഗന്ധിക പുഷ്പം ലഭിക്കുന്ന സ്ഥലം മനസിലാക്കുവാന്‍ സാധിച്ചതിലും സന്തോഷവാനായ ഭീമന്‍  കുബേരന്റെ ഉദ്യാനം ലക്ഷ്യമാക്കി പോയി സൌഗന്ധിക പുഷ്പം സമ്പാദിച്ചു പാഞ്ചാലിക്കു നല്‍കുക തന്നെ എന്ന്  ആടി ഫലിപ്പിച്ചു കളി അവസാനിപ്പിച്ചു.

ഭീമനായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും   പാഞ്ചാലിയായി ശ്രീ. മധു വാരണാസിയും, ഹനുമാനായി ശ്രീ. കലാമണ്ഡലം രവികുമാറും  വളരെ നല്ല  പ്രകടനം  കാഴ്ചവെച്ചു.   
 ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം ഹരീഷ് നമ്പൂതിരി,  ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരി എന്നീ ഗായകരും ശ്രീ. വാരണാസി നാരായണന്‍ നമ്പൂതിരി, ശ്രീ.  കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം മനോജ്‌, ശ്രീ.കലാമണ്ഡലം അജികൃഷ്ണന്‍ എന്നിവര്‍ മദ്ദളവും  ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍ ചുട്ടിയും കൈകാര്യം ചെയ്തു. ഏവൂര്‍ കണ്ണമ്പള്ളില്‍ കഥകളി യോഗത്തിന്റെ കോപ്പുകളും അണിയറ ശില്‍പ്പികളുമാണ്  അണിയറയുടെ ചുമതല വഹിച്ചത്.