പേജുകള്‍‌

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ഗുരുദേവമാഹാത്മ്യം കഥകളി - ഭാഗം -2


ഗുരുദേവമാഹാത്മ്യം കഥകളിയിലെ   പദങ്ങളും ശ്ലോകങ്ങളും  ലളിതമായ മലയാള ഭാഷയിലാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് സാധാരണക്കാർക്ക് രംഗക്രിയകൾ പൂർണ്ണമായും മനസിലാക്കുവാൻ സാധിക്കും എന്നതാണ് ഈ കഥയുടെ പ്രത്യേകത. മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരുദേവൻ  സവർണ്ണ മേധാവിത്വത്തിന് എതിരായി പ്രവർത്തിച്ചുകൊണ്ട്  സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി ശിവപ്രതിഷ്ഠ ചെയ്യുന്ന രംഗം ഉൾപ്പെടുത്തി  ആസ്വാദകരെ   ഭക്തിയുടെ ലോകത്തിലേക്ക്  എത്തിക്കുവാൻ സാധിക്കുന്ന വിധത്തിലാണ്  കഥ ചിട്ടപ്പെടുത്തിയിരിക്കുന്നത്.  

"ചാതുർവർണ്ണ്യം" എന്ന പേരിലുള്ള ആദ്യ രംഗത്തിൽ ബ്രാഹ്മണൻ (മിനുക്ക്‌), ക്ഷത്രിയൻ (കത്തി), വൈശ്യൻ (പച്ച), ശൂദ്രൻ (പഴുപ്പ്) എന്നിങ്ങനെയുള്ള വേഷങ്ങളാണ് എത്തുന്നത്. 
ക്ഷത്രിയന്റെ  തിരനോക്കോടെയാണ് കഥയുടെ തുടക്കം. ബ്രാഹ്മണ സവിധത്തിൽ എത്തുന്ന ക്ഷത്രിയൻ  വൈശ്യൻ ശൂദ്രൻ  എന്നിവർ ബ്രാഹ്മണനെ വണങ്ങി. ബ്രാഹ്മണൻ ഇവരെ സ്വീകരിച്ച് ഇരിപ്പിടം നൽകി. ഓച്ഛാനിച്ചു കൊണ്ട് എത്തിയ പഞ്ചമനെ  കണ്ടപ്പോൾ ഇവൻ കുളിക്കാത്തവൻ, ഇവന്റെ ശരീരത്തിൽ ദുർഗ്ഗന്ധമുണ്ട്, നിന്റെ ശരീരത്തിന്റെ നിറം കറുപ്പ്, ഇവിടെ നിൽക്കാതെ   പോകൂ എന്നുള്ള  ബ്രാഹ്മണന്റെ  ആജ്ഞയും പഞ്ചമനെ   കഴുത്തിനു പിടിച്ചു പുറത്താക്കാൻ ക്ഷത്രിയനു    ബ്രാഹ്മണൻ  നൽകുന്ന നിർദ്ദേശവും, നീ ആ പടിക്ക് അപ്പുറത്തു നിൽക്കുക, ഇപ്പുറത്തേക്ക് വരരുത് എന്നുള്ള ക്ഷത്രിയന്റെ താക്കീതും, ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവർ തങ്ങളുടെ ജന്മമഹിമയെ പ്രകീർത്തിക്കുകയും ചെയ്തുകൊണ്ട് പഞ്ചമനെ ആക്ഷേപിക്കുന്നത് സവർണ്ണ മേധാവിത്വത്തിന്റെ കാലഘട്ടത്തെ വളരെ ഭംഗിയായി പ്രകടമാക്കും വിധമായിരുന്നു.

                                                            ക്ഷത്രിയൻ (തിരനോട്ടം)

                                           ബ്രാഹ്മണൻ, ക്ഷത്രിയൻ.  വൈശ്യൻ, ശൂദ്രൻ 

                                                           പഞ്ചമന്റെ വിലാപം 

ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്കും ജീവിക്കേണ്ടേ? ജന്മം ഒടുങ്ങും വരെ താങ്ങുവാൻ ഒരിടം നൽകണമെന്നുള്ള പഞ്ചാമന്റെ അപേക്ഷ കേട്ട് ബ്രാഹ്മണൻ കോപത്തോടെ   എന്നാൽ നീ എന്റെ മടിയിൽ വന്ന് ഇരുന്നു കൊൾക എന്ന് പുശ്ചത്തോടെ പറയുകയും "നീയും നിന്റെ വർഗ്ഗവും എന്നും  ഞങ്ങളുടെ അടിമകൾ എന്നും ഞങ്ങളാണ്‌ ഉടമകൾ" എന്ന  സവർണ്ണരുടെ കൂട്ടു പ്രഖ്യാപനവും  ആ  കാലഘട്ടത്തില്  അവർണ്ണരോട് ഉണ്ടായിരുന്ന ക്രൂര സമീപനത്തെ    രംഗത്ത് വെളിപ്പെടുത്തി.
സവർണ്ണരുടെ ക്രൂർതയാൽ മനം നൊന്ത് ഈ അധർമ്മത്തിൽ നിന്നും മുക്തി ലഭിക്കുമോ എന്നോർത്തുള്ള പഞ്ചമന്റെ   വിലാപം ഹൃദയസ്പർശമുണ്ടാക്കി. 


 ശ്രീനാരായണഗുരുദേവൻ ലോകനന്മയ്ക്കു വേണ്ടി ബ്രഹ്മചര്യദീക്ഷ സ്വീകരിക്കാൻ തീരുമാനിക്കുന്ന രംഗവും ആയ്യാവുഗുരുക്കളെ കണ്ട് തന്നെ ശിഷ്യനായി സ്വീകരിക്കണം എന്ന് അപേക്ഷിക്കുകയും,  ആയ്യാവുഗുരുക്കളുടെ ഉപദേശങ്ങൾ മനസ്സിൽ ഉറപ്പിക്കുവാൻ ശ്രമിക്കുന്നതും 
അയ്യാഗുരുക്കൾ ഗുരുദേവന്റെ തലയിൽ തന്റെ കൈകൾ വെച്ച് അനുഗ്രഹിച്ചുകൊണ്ട് ഉപദേശം ചെയ്യുമ്പോൾ   ഗുരുദേവന്റെ മനസ് ഉറയ്ക്കുന്നതും,  അയ്യാഗുരുക്കൾ ഗുരുദേവന്റെ മനസ് ഉറച്ചോ എന്ന് പരീക്ഷിക്കുകയും ചെയ്യുന്നതും വളരെ ഭംഗിയായി അവതരിപ്പിച്ചു.


                                                          ശ്രീനാരായണ ഗുരുദേവൻ
                                                      അയ്യാഗുരുക്കളും  ഗുരുദേവനും

                                                            ഗുരുദേവന്റെ തപസ്സ്

അയ്യാഗുരുക്കളുടെ ഉപദേശപ്രകാരം ഗുരുദേവൻ   തപസ്സു ചെയ്യുന്ന രംഗത്തിൽ (തിരശീല അൽപ്പം താഴ്ത്തി ഗുരുനാഥന്റെ മുഖം ദർശിക്കും വിധത്തിൽ) ഗുരുദേവൻ രചിച്ച "ചിത്ജഡചിന്തനം" കവിതയാണ് ആലപിച്ചത്. ഗുരുദേവനെ കാണാൻ എത്തുന്ന അവർണ്ണരായ  യുവാക്കളുടെ (ഒരു യുവാവും പഞ്ചമനുമാണ് രംഗത്ത് എത്തിയത്) സങ്കടം അറിഞ്ഞ് ആശ്വസിപ്പിക്കുകയും നിരാശ്രയരായ അവരുടെ   അപേക്ഷ കൈക്കൊണ്ട് അവരെ ആശ്ലേഷിച്ച്  അരുവിപ്പുറത്ത് താൻ  ശിവപ്രതിഷ്ഠ  ചെയ്യുമെന്ന് അറിയിക്കുന്ന രംഗവും   വളരെ ഹൃദ്യമായി.  

                                                  ഗുരുദേവന്റെ  തപസ്സ്

ഗുരുദേവൻ ശിവ പ്രതിഷ്ഠ ചെയ്യുവാൻ പോകുന്നു എന്നറിഞ്ഞ അവധൂതൻ ഗുരുദേവന്റെ സമീപമെത്തി അബ്രാഹ്മണൻ ശിവപ്രതിഷ്ഠ ചെയ്യുന്ന  തീരുമാനത്തെ ചോദ്യം ചെയ്യുന്നതും അതിനു മറുപടിയായി 'അൻപേ (സ്നേഹം) ശിവം', 'സ്നേഹമാണ് എന്റെ മൂർത്തി', 'സ്നേഹമാണ് മൂലമന്ത്രം', 'സ്നേഹമാണ് ഉലകത്തിൻ സാരസർവ്വം', 'അവനവന് ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം' എന്ന ഉപദേശങ്ങളും ഭംഗിയായി അവതരിപ്പിച്ചു.

                                                    ഗുരുദേവനും അവധൂതനും

                                    ഗുരുദേവനും അവധൂതനും

 തുടർന്നുള്ള സംവാദത്തിൽ നരജാതിയിലാണ് ബ്രാഹ്മണനും പറയനുമെല്ലാം പിറന്നത്‌ എന്നുള്ള ഗുരുദേവന്റെ ചോദ്യങ്ങൾക്ക്  മറുപടി ഇല്ലാതെ ലജ്ജിതനായി അവധൂതൻ മടങ്ങുന്നതും ഭംഗിയായി അവതരിപ്പിച്ചു

ശിവപ്രതിഷ്ഠ ചെയ്യുവാനുള്ള ഉദ്ദേശത്തോടെ അരുവിയിൽ സ്നാനം ചെയ്യാനിറങ്ങിയ ഗുരുനാഥന് അരുവിയിൽ നിന്നും ലഭിച്ച     ശിവലിംഗവുമായി അരുവിപ്പുറത്തേക്ക് യാത്ര തിരിക്കുന്ന രംഗത്തിന്റെ ഭക്തി സാന്ദ്രത നിറഞ്ഞ മുഹൂർത്ഥത്തിൽ  ആസ്വാദകർ,  അവർ അറിയാതെ തന്നെ  ഭക്തരായി മാറി. ഗുരുദേവൻ കയ്യിലേന്തിയ ശിവലിംഗത്തിൽ ആ ഭക്തർ പുഷ്പാർച്ചന ചെയ്തു വണങ്ങി. അരുവിപ്പുറത്ത് യാഗമന്ത്രങ്ങൾ ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ചു പൂജ ചെയ്തു. അപ്പോൾ  ഗുരുദേവന്റെ ചിദംബരാഷ്ടകം പിന്നണിയിൽ മുഴങ്ങി 

                                                    ശിവലിംഗവുമായി ഗുരുദേവൻ 

                                                                            പ്രതിഷ്ഠ


പിന്നണിയിൽ മുഴങ്ങിയ "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും  സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് " എന്ന വരികൾക്ക് ശേഷം ധനാശിയോടെ  കളി അവസാനിച്ചു. 

ഗുരുദേവന്റെ അവതാര ശ്ലോകത്തിനും, ഗുരുദേവൻ മഹാതപസ്സിൽ നിന്നും ഉണരുന്ന സമയത്ത് ചെണ്ടയുടെ വലന്തല മേളം, പുഷ്പവൃഷ്ടി, ശംഖനാദം എന്നിവ കൊണ്ട് ധന്യമായ ഒരു അന്തരീക്ഷത്തെ സൃഷ്ടിക്കുവാൻ സാധിച്ചു.


ശ്രീനാരായണ ഗുരുദേവനായി  വേഷമിട്ടത് ശ്രീ. കലാമണ്ഡലം പ്രശാന്ത് ആയിരുന്നു. കഥാപാത്രമായി അരങ്ങത്ത് ജീവിച്ചു എന്നുതന്നെ പറയാം.  ചൊടിപ്പുള്ള ബ്രാഹ്മണൻ, അവധൂതൻ എന്നീ വേഷങ്ങളും  സാത്വീകത നിറഞ്ഞ അയ്യാഗുരുക്കളെയും അവതരിപ്പിച്ചത് ശ്രീ. വാരനാട് സനൽ കുമാറാണ്. ശ്രീ. കലാമണ്ഡലം രഞ്ജിത്തിന്റെ ക്ഷത്രിയൻ, ശ്രീ. മഹേഷ്‌ നാട്യകല അവതരിപ്പിച്ച വൈശ്യൻ , യുവാവ്‌ എന്നീ വേഷങ്ങളും, ശ്രീ. RLV. സുനിൽകുമാറിന്റെ ശൂദ്രനും നന്നായി. പഞ്ചമാനായി വേഷമിട്ട ശ്രീ. കലാമണ്ഡലം ഷിജുകുമാറും വളരെ നല്ല പ്രകടനം കാഴ്ചവെച്ചു. 

ശ്രീ. കലാമണ്ഡലം സജീവനും ശ്രീ. കലാമണ്ഡലം സുധീഷും സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകുമാറിന്റെ ചെണ്ടയും ശ്രീ. കലാനിലയം രാകേഷിന്റെ മദ്ദളവും വളരെ നന്നായി. ശ്രീ. കലാനിലയം വിഷ്ണു ചുട്ടിയും ശ്രീ. കളിമണ്ഡലം കൃഷ്ണകുമാർ, ശ്രീ. കലാനിലയം ബിജോയ്‌ എന്നിവർ അണിയറ കലാകാരന്മാരായും പ്രവർത്തിച്ച് കളി വിജയിപ്പിച്ചു. ഏറ്റുമാനൂർ സർഗ്ഗക്ഷേത്രയുടെ കളി കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.


'കഥകളി സാധാരണക്കാരിലേക്ക് ' എന്ന ലക്ഷ്യവുമായി 2007-ൽ രൂപീകരിച്ച്  തൃശൂർ  ജില്ലയിലെ തൃപ്രയാറിൽ പ്രവർത്തിച്ചു വരുന്ന കളിമണ്ഡലത്തിന്റെയും ആലപ്പുഴ നാട്യകലയുടെയും കൂട്ടായ്മയിൽ അവതരിപ്പിച്ച 'ഗുരുദേവമാഹത്മ്യം' കഥകളിക്ക് ധാരാളം അരങ്ങുകൾ ലഭിക്കട്ടെ എന്നും സാധാരണ ജനങ്ങളെ കഥകളി അരങ്ങുകളിലേക്ക് ആകർഷിപ്പിക്കുവൻ 'ഗുരുദേവമാഹത്മ്യം' കഥകളിക്ക് സാധിക്കട്ടെ എന്നും ആശംസിച്ചു കൊള്ളുന്നു. 

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ഗുരുദേവമാഹാത്മ്യം കഥകളി - ഭാഗം -1

159- മത്  ശ്രീനാരായണ ഗുരുദേവ ജയന്തിയുടെയും 125- മത് അരുവിപ്പുറം പ്രതിഷ്ടാദിന ആഘോഷത്തിന്റെയും ഭാഗമായി  24 ആഗസ്റ്റ്‌ 2013-ന് വൈകിട്ട് ആറുമണിക്ക്  ചെന്നൈ ആശാൻ മെമ്മോറിയൽ ഹാളിൽ ശ്രീ. കലാമണ്ഡലം ഗണേശൻ  രചിച്ച ഗുരുദേവമാഹാത്മ്യം കഥകളി അവതരിപ്പിക്കുകയുണ്ടായി. 
സവർണ്ണന്മാരാൽ   ഒരു ജനതയെ  അധകൃതർ  എന്ന് പേരിട്ട്    തൊട്ടുകൂടാത്തവരെന്നു  മുദ്രകുത്തി   അടിമകളെ പോലെ അകറ്റി നിർത്തിയിരുന്ന ഒരു കാലഘട്ടമാണ്  കഥയുടെ സന്ദർഭം.
  പ്രസ്തുത  കാലഘട്ടത്തിൽ അവതരിച്ച ശ്രീനാരായണഗുരു ദേവൻ ലൌകീക ജീവിതം ഉപേക്ഷിച്ച്  ബ്രഹ്മചര്യ ദീക്ഷ നേടുകയും   പിന്നീട്   നെയ്യാറിന്റെ തീരപ്രദേശമായ അരുവിപ്പുറത്തെത്തി ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങളുടെ സങ്കടത്തിന് വിരമാമിട്ടുകൊണ്ട്   ശിവപ്രതിഷ്ഠ ചെയ്യുവാനും  തീരുമാനിച്ചു. വിവരമറിഞ്ഞ യാഥാസ്ഥിതികരുടെ കടും എതിർപ്പിനെ വകവെയ്ക്കാതെ അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠ നടത്തി പൂജ ചെയ്തു. ശ്രീനാരായണ ഗുരുദേവനാൽ    പ്രതിഷ്ഠ ചെയ്യപ്പെട്ട അരുവിപ്പുറത്തെ ശിവലിംഗം  എല്ലാ ജനവിഭാഗങ്ങളുടെയും ആരാധനാ മൂർത്തിയായി ഭവിച്ചു. ഇതാണ് ഗുരുദേവമാഹാത്മ്യം കഥകളിയുടെ ഉള്ളടക്കം. 

ഏഴു രംഗങ്ങളാണ് ഗുരുദേവമാഹാത്മ്യം  കഥയിലുള്ളത്. ചാതുർവർണ്ണ്യം എന്നാണ് ആദ്യരംഗത്തിന് പേരിട്ടിരിക്കുന്നത്.  ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, പഞ്ചമൻ  എന്നിങ്ങനെ അഞ്ചു കഥാപാത്രങ്ങളാണ് ഈ രംഗത്ത് എത്തുന്നത്.  ബ്രാഹ്മണസവിധത്തിൽ എത്തുന്ന  ക്ഷത്രിയൻ,   വൈശ്യൻ , ശൂദ്രൻ   എന്നിവരെ ബ്രാഹ്മണൻ സ്വീകരിക്കുകയും പഞ്ചമനെ   വെറുപ്പോടെ വീക്ഷിക്കുകയും ചെയ്യുന്നു. 

                                            ക്ഷത്രിയൻ , വൈശ്യൻ , ശൂദ്രൻ, പഞ്ചമൻ 
                                  ബ്രാഹ്മണൻ, വൈശ്യൻ , ശൂദ്രൻ

ബ്രാഹ്മണൻ പഞ്ചമനോട് ഞങ്ങൾ ഭൂമിയിലെ ദേവന്മാരാണെന്നും  ബ്രഹ്മാവിന്റെ മുഖത്തു നിന്നാണ്  ഉത്ഭവിച്ചതെന്നും  വർണ്ണ വ്യവസ്ഥകളിൽ ഞങ്ങളാണ് ഏറ്റവും   ഉയർന്നവരെന്നും  യജ്ഞങ്ങൾ, യാഗങ്ങൾ എന്നിവയുടെ  അധികാരിയായി വാഴുന്നവരാണെന്നും വീമ്പിളക്കിക്കൊണ്ട്  പഞ്ചമനെ അധിക്ഷേപിക്കുന്നു.


ക്ഷത്രിയരായ ഞങ്ങൾ   ബ്രഹ്മാവിന്റെ ഭുജത്തിൽ നിന്നും ഉത്ഭവിച്ചവരാണെന്നും   ഭൂമിയിലെ രാജാക്കന്മാർ ഞങ്ങളാണ് എന്നും   യാഗ  യജ്ഞാദികൾ നടത്തുവാൻ ഉത്തരവു നൽകുവാൻ ബ്രഹ്മാവിന്റെ അനുവാദം നേടിയവരാണ് ഞങ്ങൾ എന്ന്   അഭിമാനിക്കുകയും    പഞ്ചമനെ  ആക്ഷേപിക്കുകയും ചെയ്യുന്നു.

വൈശ്യരായ ഞങ്ങൾ ബ്രഹ്മാവിന്റെ തുടയിൽ നിന്നും ജനിച്ചവരാണെന്നും     രാജ്യഭരണങ്ങൾക്കായി ക്രയവിക്രയങ്ങൾ മൂലം രാജാവിന് ധനം നേടി നൽകുന്ന മാഢ്യധനന്മാരാണ് ഞങ്ങൾ എന്ന് അഭിമാനിച്ചു കൊണ്ട് പഞ്ചമനെ നിന്ദിക്കുന്നു. 


 ശൂദ്രരായ ഞങ്ങൾ ബ്രഹ്മാവിന്റെ പാദങ്ങളിൽ നിന്ന് ഉത്ഭവിച്ചവരാണെന്നും  ശിൽപ്പവേലകളിൽ പ്രഗത്ഭരാണെന്നും   ഭൂമീദേവന്മാരായ ബ്രാഹ്മണരുടെ  പാദസേവ ചെയ്യുന്നവരാണ്  എന്നും അഭിമാനിച്ചു കൊണ്ട്   പഞ്ചമനെ നിന്ദിക്കുന്നു. 

                                                           ദുഖിതനായ പഞ്ചമൻ

പഞ്ചമരായ ഞങ്ങളുടെ ജനന കഥകൾ അറിവില്ല എന്നും ഞങ്ങളെയും മനുഷ്യരായി കരുതണമെന്നും ഞങ്ങളുടെ ജീവൻ ഒടുങ്ങും വരെ തങ്ങുവാനൊരിടം നൽകണം തമ്പുരാക്കന്മാരേ എന്ന് അപേക്ഷിക്കുന്നു. 
ഇതിനു മറുപടിയായി  ബ്രാഹ്മണനും ക്ഷത്രിയനും  വൈശ്യനും ശൂദ്രനും പഞ്ചമനെ നോക്കി നീയും നിന്റെ വർഗ്ഗവും എന്നും ഞങ്ങളുടെ അടിമകളാണ് എന്നും ഉടമകൾ ഞങ്ങളാണെന്നും അറിയിച്ച് ഇവിടെ നിന്നും പോകാൻ ആജ്ഞാപിക്കുന്നു.
സവർണ്ണരുടെ ക്രൂരത അനുഭവിച്ചു കഴിയുന്ന ഞങ്ങൾ എന്തു പാപമാണ് ചെയ്തത് ? അധകൃതർ എന്നുള്ള അപമാന ഭാരത്തിൽ നിന്നും ഞങ്ങൾക്ക് മുക്തി ലഭിക്കുമോ? സർവ്വേശ്വരാ! നീ ഒരു മനുഷ്യനായി ജനിച്ച് ഞങ്ങളുടെ ഈ ദുർവിധിക്ക് ഒരു മാറ്റം ഉണ്ടാക്കണമേ! എന്ന് വിലപിക്കുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു. 

ഒടുക്കപ്പെട്ട ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമായി ചെമ്പഴന്തിയിലെ (തിരുവനന്തപുരം)    മഹേശ്വരാലയത്തിൽ  അവതരിച്ച ശ്രീനാരായണ ഗുരു ദേവന്റെ ബാല്യകാലം പിന്നിട്ട ശേഷം  വിദ്യാഭ്യാസം പൂർത്തിയാക്കി സ്വദേശത്തെത്തി നാണു ആശാനായി വാഴുന്ന കാലമാണ് രണ്ടാം രംഗത്തിന്റെ സന്ദർഭം.
(ഗുരുനാഥനാണ് രംഗത്ത്) സ്വന്തം ഗ്രാമം വിടേണ്ട സമയം അടുത്തിരിക്കുന്നു.  ലൌകീക ജീവത ബന്ധനങ്ങൾ ഉപേക്ഷിച്ച് ലോകസേവയ്ക്കുള്ള സമയം അടുത്തിരിക്കുന്നു എന്നും അതിന്  ബ്രഹ്മദീക്ഷയാണ് താൻ സ്വീകരിക്കേണ്ട മർഗ്ഗമെന്നും   ഗുരുദേവൻ മനസിലാക്കുന്നു.   

സ്വദേശം വിട്ട ഗുരുദേവൻ യാത്രാമധ്യേ വരിഷ്ഠൻ, ചട്ടമ്പി സ്വാമികൾ എന്നിവരെ കണ്ടു. ചട്ടമ്പി സ്വാമികളുടെ ഉപദേശപ്രകാരം ഗുരുദേവൻ അയ്യാവുഗുരുക്കളെ കാണുവാൻ  തീരുമാനിക്കുന്നു. ഗുരുദേവൻ അയ്യാവുഗുരുക്കളെ കണ്ട് ശിഷ്യത്വം സ്വീകരിച്ച്  ജ്ഞാനോപദേശം സ്വീകരിക്കുന്നു. മരുത്വാമലയിൽ ചെന്ന് തപശക്തിയാർജ്ജിക്കുകയും  മനുഷ്യഹൃദയങ്ങളെ പരിശുദ്ധമാക്കുകയും   സ്നേഹമാണ് ശിവം എന്ന് അവരെ ബോധ്യപ്പെടുത്തണം എന്നും അയ്യാവുഗുരുക്കൾ ഗുരുദേവന് ഉപദേശം നൽകുന്നതുമാണ്     മൂന്നാം രംഗം. 

നാലാം രംഗത്തിൽ  ലോകശാന്തിക്കായുള്ള പ്രാർത്ഥനയോടു കൂടിയുള്ള മരുത്വാമലയിൽ  ഗുരുദേവൻ തപസ്സു ചെയ്യുന്നു. മഹാതപസ്സിൽ നിന്നുണർന്ന ഗുരുദേവൻ, താൻ  ആർജ്ജിച്ച തപശക്തി മുഴുവൻ കർമ്മത്തിൽക്കൂടി എല്ലാ സാധാരണ ജനങ്ങൾക്കും വിതരണം ചെയ്യേണ്ടതാണെന്ന് മനസ്സിൽ ഉറപ്പിക്കുന്നു. ജാതിയിലായാലും ധനത്തിലായാലും ഉയർന്നവൻ താഴ്ന്നവൻ എന്നിങ്ങനെയുള്ള വ്യവസ്ഥാ വ്യത്യാസങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ വേണ്ടി തന്റെ ജീവിതം സമർപ്പിക്കുക എന്ന് തീരുമാനിക്കുന്നു. 

അഞ്ചാം രംഗത്തിൽ രണ്ടു യുവാക്കൾ   ഗുരുദേവസവിധത്തിൽ എത്തി ഗുരുവിനെ വന്ദിക്കുന്നു. ഗുരു ആഗമന കാരണം ആരായുന്നു. 
ഈശ്വര ദർശനം അങ്ങയിൽ കാണുന്നുണ്ടെന്നും ക്ഷേത്രദർശനം  ഞങ്ങൾക്ക് സാദ്ധ്യമാക്കിത്തരേണമെന്നും അവർ ഗുരുദേവനോട്‌ അപേക്ഷിക്കുന്നു.
ഈ ഭൂമിയിൽ ആരാധനാ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഔദാര്യമല്ല, അവ  അവകാശമായി ഭവിക്കട്ടെ എന്ന് ഗുരുദേവൻ അനുഗ്രഹിച്ചു. സത്യചിന്തയിൽ വർണ്ണവ്യത്യാസങ്ങൾ ഇല്ലെന്നും എല്ലാവരുടെയും രക്തത്തിന് ഒരേ നിറമാണെന്നും മനുഷ്യൻ എന്ന ഒരു ജാതി മാത്രമേ ലോകത്തിലുള്ളൂ എന്നും ഗുരുനാഥൻ യുവാക്കളെ അറിയിച്ച് ആശ്വസിപ്പിച്ചു. വരുന്ന ശിവരാത്രി ചതയം നക്ഷത്ര ദിവസം സർവ്വജനങ്ങൾക്കും ആരാധിക്കുവനായി വേദമന്ത്രങ്ങളും, അഷ്ടബന്ധവും ഇല്ലാതെ   നാമജപവും, ഹൃദയബന്ധവും ഉറപ്പിച്ചു കൊണ്ട് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ ചെയ്യുമെന്നും നിങ്ങൾ എല്ലാവരും കഴിവുള്ള നേർച്ചകളുമായി എത്തിച്ചേരുക എന്നറിയിച്ച് അവരെ യാത്രയാക്കുന്നു. 

ആറാം രംഗത്തിൽ  ഗുരുദേവൻ ശിവപ്രതിഷ്ഠചെയ്യുന്നു എന്നറിഞ്ഞ സവർണ്ണരുടെ പ്രതിനിധിയായ അവധൂതൻ  ഗുരുദേവ സന്നിധിയിൽ എത്തി ഗുരുവിനോട് പ്രതികരിക്കുന്നു. ബ്രാഹ്മണർക്കാണ്     പ്രതിഷ്ഠ ചെയ്യുവാനുള്ള അവകാശമെന്നും ബ്രാഹ്മണർക്ക് അതിനുള്ള അവകാശം ഇല്ലെന്നും അറിയിക്കുന്നു. അവിവേകവും അനാചാരവും അനുഷ്ടിക്കരുതെന്ന് അവധൂതൻ ഗുരുദേവന് താക്കീതു നൽകി. 
ഞാൻ പ്രതിഷ്ടിക്കുന്നത് എന്റെ ശിവനെയാണെന്നും നരജാതിയിൽ നിന്നുതന്നെയാണ് ബ്രാഹ്മണനും ഉണ്ടായതെന്നും  പറയൻ, ബ്രാഹ്മണൻ എന്നുള്ള  വ്യത്യാസം നരജാതിയിൽ ഇല്ലെന്നും ഗുരുദേവൻ അവധൂതനെ അറിയിച്ചു. അവധൂതൻ കുപിതനായി മടങ്ങുന്നതോടെ ആറാംരംഗം അവസാനിക്കുന്നു. 

ഏഴാം രംഗത്തിൽ  അരുവിയിൽ  സ്നാനം ചെയ്യുമ്പോൾ പ്രതിഷ്ഠ ചെയ്യുന്നതിന്   ലഭിച്ച ശിവലിംഗവും  നെഞ്ചിലേറ്റി ഗുരുദേവൻ പ്രതിഷ്ടാ സ്ഥലത്തേക്ക് നടന്നെത്തി. വഴിയോരം കൂടി നിന്ന ഭക്തർ ശിവലിംഗത്തിൽ പുഷ്പം അർപ്പിച്ചു. അരുവിപ്പുറത്ത് ഗുരുദേവൻ നാനാ ജാതി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു.  

                          ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ച് ആരാധിക്കുന്നു 

                                 ഗുരുദേവൻ ശിവലിംഗം പ്രതിഷ്ടിച്ച് ആരാധന ചെയ്യുന്നു.

 "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് " എന്ന ഗുരുദേവ വചനത്തോടെ കഥ അവസാനിക്കുന്നു. 
(അവതരണ വിശേഷങ്ങളും പങ്കെടുത്ത കലാകാരന്മാരുടെ വിവരങ്ങളും അടുത്ത പോസ്റ്റിൽ)

2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

"വാഴേങ്കട ശൈലിയുടെ കരുത്തനായ പ്രതിനിധി"


ശ്രീ. എൻ. രാംദാസ്സ് അവർകൾ     എഴുതി 1986 - ജൂലൈയിൽ   നൃത്യകലാരംഗം   മാഗസിനിൽ  പ്രസിദ്ധീകരിച്ച   ലേഖനം.

                                                      ശ്രീ. എൻ. രാംദാസ്സ്  അവർകൾ

 മീനച്ചൂട് അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന 1985 - ലെ ഒരു രാത്രി (കൃത്യമായി പറഞ്ഞാൽ എപ്രിൽ -2). ഓർമ്മയിൽ ഇന്നും ഒരു ഉൾപ്പുളകത്തോടെ പച്ച പിടിച്ചു നിൽക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവമാണ്. കഥകളി കാണുവാനായി തെരഞ്ഞെടുത്ത ദിവസങ്ങളിൽ ആ ദിവസവും ഉൾപ്പെടുന്നു. നാടകശാലയിലെ സാമാന്യം നിറഞ്ഞ സദസ്സിനു മുന്നിൽ പ്രഗത്ഭ ഗായകനായ കലാമണ്ഡലം ഗംഗാധരനും ശിഷ്യൻ ഹരിദാസും മേളവിദഗ്ദരായ ചന്ദ്രമന്നാടിയാരും സദനം ശ്രീധരനും ചേർന്ന് അവതരിപ്പിച്ച മേളപ്പദം കൊട്ടിക്കലാശിച്ചു. ജ്വലിക്കുന്ന കളിവിളക്കിനോടു ചേർന്നു തന്നെ ഞങ്ങൾ ഇരിക്കുന്നു. ഗംഗാധരനും ഹരിദാസും ചേർന്ന് ശ്രുതി മധുരമായി കാംബോജിയിൽ ആലപിച്ചു. " മാർഗ്ഗേ തത്ര നഖം പചോഷ്മള രജ:പുഞ്ജേ..." 

തിരശ്ശീല മാറിയപ്പോൾ സാക്ഷാൽ ധർമ്മപുത്രർ മുന്നിൽ നിൽക്കുന്നു. നഖം പൊള്ളിക്കുന്ന ചൂട്. നെറ്റിയിൽ തീ കോരിയിടുന്നതു പോലുള്ള വെയിൽ, കാന്തരവാസമാകുന്ന ദുർവ്വിധി ലഭിച്ചതിലുള്ള ദു:ഖം, - അതെല്ലാം അവിടെ കാണാമായിരുന്നു. തുടർന്നു മൂന്നു മണിക്കൂർ സമയം കഥകളിയുടെ അഭൌമസൌന്ദര്യവും, കല്ലുവഴിച്ചിട്ടയുടെ ഭംഗിയും, കോട്ടയം കഥകളുടെ ലാവണ്യവും ദർശിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നുപോയി. ഒരു നിമിഷം പോലും 'കിർമ്മീരവധ'ത്തിലെ ധർമ്മപുത്രരുടെ നില മറക്കാതെ, കാണികളെ പിടിച്ചിരുത്തിയത് കലാമണ്ഡലം വാസുപ്പിഷാരടി ആയിരുന്നു.

                                                    ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

കഴിഞ്ഞ തലമുറയിലെ കഥകളി നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു ശ്രീ. വാഴേങ്കട കുഞ്ചുനായർ. തന്റെ ഗുരുനാഥനെ കുറിച്ചു പറയുമ്പോൾ വാസുപ്പിഷാരടി വാചാലനാവുന്നു. താൻ കെട്ടുന്ന അമാനുഷ കഥാപാത്രങ്ങളെ മനസ്സിലാക്കി പാത്രസ്വഭാവത്തിനു കോട്ടം വരാതെ അവയെ അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.  അഭ്യാസ പാടവത്തിലും, ആഹാര്യ സൌന്ദര്യത്തിലും അഭിനയ നൈപുണ്യത്തിലും കുഞ്ചുനായരേക്കാൾ മികച്ച നടന്മാർ ഉണ്ടായിരുന്നിരിക്കാം. എന്നാൽ പാത്രസ്വഭാവം പൂർണ്ണമായി ഉൾക്കൊള്ളുന്നവർ അദ്ദേഹത്തെപ്പോലെ അധികം പേർ ഉണ്ടായിരുന്നില്ല. ഉണ്ണായിവാര്യരുടെ നളനെ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞ കുഞ്ചുനായരുടെ ഏറ്റവും മികച്ച വേഷങ്ങൾ നളബാഹുകന്മാർ തന്നെയായിരുന്നു - പ്രത്യേകിച്ച്   മൂന്നും നാലും ദിവസങ്ങളിലെ ബാഹുകൻ. തന്റെ സ്വത്വം മറച്ച്, മറ്റൊരു വേഷത്തിൽ രംഗത്തു പ്രവർത്തിക്കുന്ന (നാട്യശാസ്ത്രത്തിൽ  അവഹിത്ഥം എന്ന് പറയുന്നു) ബാഹുകനെ പോലെയുള്ള കഥാപാത്രങ്ങളെ വിജയകരമായി അവതരിപ്പിക്കുവാൻ പ്രത്യേക സിദ്ധികൾ ഇല്ലാതെ സാധിക്കുകയില്ല. അതായിരുന്നു കുഞ്ചുനായരുടെ പ്രത്യേകതയും. കാണികൾക്കു വേണ്ടി ഒരിക്കലും അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ നിലവാരം താഴ്ത്തിയിരുന്നില്ല. ഔചിത്യപൂർവ്വവും മിതമായ മനോധർമ്മപ്രകടനങ്ങൾ അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു.

                           ബാഹുകൻ: ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

                           ബാഹുകൻ: ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

കുഞ്ചുനായരുടെ കീഴിൽ അഭ്യസിച്ച വാസുപ്പിഷാരടിക്കും ഈ ഗുണങ്ങൾ ലഭിച്ചില്ലെങ്കിൽ അത്ഭുതപ്പെടാനില്ല. കഥകളിയിലെ ശക്തമായ "വാഴേങ്കട ശൈലി"യുടെ കരുത്തനായ പ്രതിനിധിയായി വാസു നിലകൊള്ളുന്നു. കുഞ്ചുനായരുടെ മറ്റു ശിഷ്യന്മാരായ കോട്ടക്കൽ ശിവരാമനും, നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും തങ്ങൾ കെട്ടുന്ന വേഷങ്ങളിൽ കനിഷ്ഠികാധിഷ്ഠിതരാണ്. വാസു ആകട്ടെ ഗുരുനാഥൻ അനശ്വരങ്ങളാക്കിയ പച്ച, കത്തി, മിനുക്ക്‌ വേഷങ്ങളിലൂടെ ഗുരുനാഥനെ അനശ്വരനാക്കുന്നു.

പാലക്കാട് ജില്ലയിൽ കോങ്ങാട് തൃക്കോവിൽ പിഷാരത്ത് രാഘവപ്പിഷാരടിയുടെയും ലക്ഷ്മിക്കുട്ടിപ്പിഷാരസ്യാരുടെയും രണ്ടാമത്തെ പുത്രനായി നാൽപ്പതു വർഷം മുൻപ് വാസു ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ ഒറ്റപ്പാലത്ത് കലാമണ്ഡലം ബാലകൃഷ്ണൻ നായരുടെയും കുമാരൻ നായരുടെയും കളരിയിൽ കച്ചകെട്ടി അഭ്യാസം തുടങ്ങിയ വാസു  ഒരു വർഷത്തിനു ശേഷം കോട്ടക്കൽ P.S.V. നാട്യസംഘത്തിൽ എത്തിച്ചേർന്നു. അന്നു മുതൽ വാഴേങ്കട കുഞ്ചുനായർ ആയിരുന്നു വാസുവിന്റെ മുഖ്യ ഗുരുനാഥൻ. കോട്ടക്കലിൽ മൂന്നു വർഷത്തെ കഥകളി  അഭ്യാസം പൂർത്തിയാക്കിയപ്പോഴേക്കും ഗുരുനാഥനായ വാഴേങ്കട കുഞ്ചുനായർ  കലാമണ്ഡലത്തിലേക്ക് മാറി. ഒരു വർഷം കഴിയും മുൻപേ വാസുവും കലാമണ്ഡലത്തിൽ എത്തി. അതിനിടെ ശാരീരികമായ ചില പ്രശ്നങ്ങളാൽ അഭ്യാസത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു. കലാമണ്ഡലത്തിൽ ചേരുന്നതിനു മുൻപ് കുറച്ചു കാലം ഗുരു കുഞ്ചുക്കുറുപ്പിന്റെ കൂടെ താമസിക്കുവാനും ആ മഹാ നടന്റെ ജീവിതാനുഭവങ്ങളും മറ്റും മനസ്സിലാക്കുവാനും  വിലയേറിയ ഉപദേശങ്ങൾ സ്വീകരിക്കാനും വാസുവിന് ഭാഗ്യം സിദ്ധിച്ചു. കലാമണ്ഡലത്തിൽ അഞ്ചു വർഷവും പിന്നീട് കേന്ദ്രഗവണ്‍മേന്റ്  സ്കോളർഷിപ്പോടുകൂടി രണ്ടു വർഷവും അഭ്യാസം തുടര്ന്നു. കുഞ്ചുനായരുടെ മകനായ വിജയനും, താടി വേഷക്കാരനായ നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരിയും,  ഈ. വാസുവും അദ്ദേഹത്തിൻറെ സഹപാഠികൾ ആയിരുന്നു. 1968 -ൽ  പഠനം പൂർത്തിയാക്കി. തുടർന്ന് താൽക്കാലികമായി പലപ്പോഴും കലാമണ്ഡലത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്  എങ്കിലും 1979 - ലാണ്  സ്ഥിരാദ്ധ്യാപകനായി അവിടെ നിയമിതനായത്. ഇപ്പോൾ കലാമണ്ഡലത്തിൽ അസ്സിസ്റ്റന്റ്  പ്രൊഫസ്സറാണ്. അതിനിടെ 1972 മുതൽ  1977 വരെയുള്ള കാലത്ത് ഗുരുവായൂർ കഥകളി ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കളരിയിൽ ആശാൻ ആയിരുന്നു. 

                                                  ശ്രീ. കലാമണ്ഡലം വാസുപ്പിഷാരടി

ചുവന്നതാടിയും സ്ത്രീവേഷവും ഒഴികെ എല്ലാത്തരം വേഷവും കെട്ടാറുള്ള വാസുപിഷാരടി ഇന്ന് കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന ഒരു ആദ്യാവസാന വേഷക്കാരൻ ആണ്. ഒരു പക്ഷെ അദ്ദേഹത്തിൻറെ തലമുറയിൽ ഈ വിവിധതരം വേഷങ്ങളും കെട്ടി നന്നാക്കാൻ കഴിവുള്ള ഏക നടനും 'ഷാരടി വാസു' മാത്രമാണ്.  

                                                 ശ്രീ. വാഴേങ്കട കുഞ്ചുനായർ അവർകൾ

ഗുരുനാഥന്റെ മാസ്റ്റർ പീസ് വേഷങ്ങളായ നളബാഹുകന്മാർ തന്നെയാണ് ഇദ്ദേഹത്തിന്  ഏറ്റവം കൂടുതൽ ഇഷ്ടപ്പെട്ട പചവേഷങ്ങൾ, പ്രത്യകിച്ച്  ബാഹുകൻ. നാലാം ദിവസത്തെ ബാഹുകനെ കുറിച്ച് ഒരൽപം :-  ചേർത്തലയ്ക്കടുത്ത് വാരണാട്  ദേവീക്ഷേത്രത്തിൽ, കഴിഞ്ഞ ഫെബ്രുവരി 11- ന് കലാമണ്ഡലം മേജർ ട്രൂപ്പിന്റെ കളി നടക്കുന്നു. പ്രശസ്തനായ ഗോപിയുടെ നാലാം ദിവസവും, രാമൻകുട്ടിനായരുടെ രാവണോത്ഭവവും, വാസുവിന്റെ തോരണയുദ്ധവും ആയിരുന്നു നിശ്ചയിച്ചിരുന്നത്. പ്രശസ്തരായ കലാകാരന്മാരെ ഒരുമിച്ചു കാണുവാനുള്ള ആഗ്രഹവും പേറി നിരവധി ആളുകൽ  എത്തിയിരുന്നു. ഒന്നാംകിടക്കാരായ ഉണ്ണികൃഷ്ണക്കുറുപ്പും, കൃഷ്ണൻകുട്ടിപ്പൊതുവാളും, ഗോപിയും വ്യക്തിപരമായ കാരണങ്ങളാൽ എത്താതിരുന്നത് ചിലമുഖങ്ങളിലെങ്കിലും നിരാശ പരത്തി. എന്നാൽ; വാസു പിഷാരടിയുടെ നാലാം ദിവസത്തെ ബാഹുകൻ കണ്ടു കഴിഞ്ഞപ്പോൾ മുൻധാരണകളില്ലാതെ കളി ആസ്വദിച്ചവർ പ്രഗത്ഭന്മാരുടെ അഭാവം മറന്നു.
 
നളന്റെ രൂപം മറച്ച്  ബാഹുകനായി ഭീമരാജധാനിയിൽ എത്തിച്ചേർന്ന ആ കഥാപാത്രത്തെ ഇത്രയ്ക്കടുത്തറിഞ്ഞ ഒരു വേഷം മുൻപ് ഞാൻ കണ്ടിട്ടില്ല.( കുഞ്ചുനായരുടെ വേഷം കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല.) കേശിനിയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത ശേഷം പെട്ടെന്ന് അവളെ യാത്രയാക്കിയിട്ട്‌  "പണ്ട് ദമയന്തീ സ്വയംവരത്തിന് എന്റെ സ്വന്തം ശരീരം ഒളിപ്പിച്ചു വെച്ച് ദേവദൂതനായി  ഇവിടെ എത്തിയ ഞാൻ ഇന്നിതാ രണ്ടാം സ്വയംവരത്തിന് വീണ്ടും സ്വന്തരൂപം മറച്ച്, മറ്റൊരു രാജാവിന്റെ സാരഥിയായി ഇവിടെ എത്തിയിരിക്കുന്നു."- എന്ന് തുടങ്ങിയ ഇളകിയാട്ടത്തിനിടയിലും തുടർന്നുള്ള പുനസ്സമാഗമ രംഗത്തിലും കഥാപാത്രത്തിന്റെ സ്വഭാവത്തിന് മങ്ങലേറ്റില്ല. നല്ല കഥകളി പ്രതീക്ഷിക്കുന്ന മുൻധാരണകളില്ലാത്ത പ്രേക്ഷകമനസ്സുകളിൽ ബാഹുകൻ പുനർജ്ജനിച്ചു. വാസു പറയുന്നു: "പുനസ്സമാഗമ രംഗത്ത് തരം താണ പ്രകടനം കാഴ്ചവെച്ചാൽ പിന്നെ നളദമയന്തിമാർ വേണ്ട. മണ്ണാനും മണ്ണാത്തിയുമാവും  ഭേദം. രണ്ടും ചാരിത്ര്യ സംശയമാണല്ലോ?"  സന്ദർഭത്തിന്  യോജിക്കാത്ത അനാവശ്യമായ ആട്ടങ്ങ്ൽ ( പല പ്രഗത്ഭന്മാരും ചെയ്യാറുള്ളതാണ് ) വാസുവിൽ നിന്നു പ്രതീക്ഷിയ്ക്കേണ്ട).

ഇതുപോലെ  തന്നെ ഉദാത്തമാണ് അദ്ദേഹത്തിന്റെ മൂന്നാം ദിവസവും. കാർക്കോടകന്റെ അടുത്തുനിന്ന് യാത്ര ആരംഭിക്കുന്ന ബാഹുകന്റെ  മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉള്ളൂ - ദമയന്തീ സമാഗമം. അതിനായി അക്ഷഹൃദയം വശമാക്കണം. ഋതുപർണ്ണനെ കാണുന്നത് അതിനുവേണ്ടിയാണ്  ("അഥധ്യായൻ ജയാം" എന്ന് ഉണ്ണായിവാര്യർ  തന്നെ പറഞ്ഞിരിക്കുന്നു). ഇവിടെയും പാത്ര സ്വഭാവത്തിന് നിരക്കാത്ത വിസ്തരിച്ചുള്ള ആട്ടങ്ങളും സഹനടന്മാരെ കളിയാക്കുന്ന 'വീരക്രുത്യങ്ങളും' ഒന്നും കാണാനായി വാസുവിന്റെ ബാഹുകന്റെ മുന്നിലേക്ക്‌ പോകേണ്ടതില്ല. ഒന്ന്, രണ്ട്, മൂന്ന്  ദിവസങ്ങളിലെ നളനും, രണ്ടാം ദിവസത്തെ പുഷ്കരനും, സുദേവനും വാസുവിനെ വിശ്വസിച്ചേൽപ്പിക്കാവുന്ന ഉണ്ണായിയുടെ കഥാപാത്രങ്ങളാണ്. 
 

2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

'തിരനോട്ടം' അവതരിപ്പിച്ച പ്രഹ്ലാദചരിതം കഥകളി

കഥകളിയുടെയും  യുവ കഥകളി കലാകാരന്മാരുടെയും  വളർച്ചയ്ക്കു വേണ്ടി ഗൾഫ്‌ മലയാളികളുടെ കൂട്ടായ്മയിൽ ഇരിങ്ങാലക്കുട കേന്ദ്രമായി  പ്രവർത്തിക്കുന്ന കഥകളി സംഘടനയായ 'തിരനോട്ടം'  വിദേശങ്ങളിലും കേരളത്തിലെ വിവിധ വേദികളിലും  കഥകളി അവതരിപ്പിക്കുകയും കഥകളി ആസ്വാദകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്. തിരനോട്ടത്തിന്റെ  കഥകളിയുടെ  പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നൈയിലെ  രണ്ടാമത്തെ അരങ്ങ് 03-08-2013 ന് അണ്ണാനഗർ അയ്യപ്പൻ ക്ഷേത്രത്തിലെ ആഡിറ്റോറിയത്തിൽ നടന്നു. 

  മഹാഭാഗവതത്തിലെ നരസിംഹാവതാരത്തെ ആസ്പദമാക്കി എഴുതിയിട്ടുള്ള  പ്രഹ്ലാദചരിതം കഥയാണ് അവതരിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ മടവൂരിൽ ജനിച്ച ശ്രീ. കേളുആശാനാണ് ഈ കഥ എഴുതിയതെന്നും അല്ലെന്നും വിഭിന്ന അഭിപ്രായം നിലവിലുണ്ട്.  സാഹിത്യ ഗുണം തീരെ   കുറവാണെങ്കിലും ഭക്തിരസപ്രധാനമായ  കഥാ  ഭാഗമാകയാൽ ധാരാളം അവതരിപ്പിച്ചു വരുന്ന   കഥയാണ് പ്രഹ്ലാദചരിതം.

വൈകുണ്ഠത്തിലെ ഗോപുരപാലകന്മാരായ ജയവിജയന്മാർ  സനകാദിമഹർഷികളുടെ  ശാപമേറ്റ്   ഭൂമിയിൽ അസുരന്മാരായി ജനിച്ചു. മൂന്നു ജന്മമെടുത്ത്‌ മഹാവിഷ്ണുവിനാൽ വധിക്കപ്പെട്ടാൽ ശാപമോക്ഷം ലഭിക്കും എന്ന് മഹർഷികൾ  വിധിച്ചു. അവരുടെ    ആദ്യ ജന്മത്തിൽ  ഹിരണ്യാക്ഷൻ ജ്യേഷ്ടനായും  ഹിരണ്യകശിപു അനുജനായും ജനിച്ചു. വിഷ്ണുവിരോധികളായ ഇവർ  ലോകത്ത് ഉപദ്രവം സൃഷ്ടിച്ചു. മഹാവിഷ്ണു വരാഹാവതാരം ധരിച്ച്  ഹിരണ്യാക്ഷനെ വധിച്ചു. ജ്യേഷ്ഠവധത്താൽ വിഷ്ണു വിദ്വേഷം വർദ്ധിച്ച ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സുചെയ്ത്  വരസിദ്ധികൾ  നേടി ത്രിലോക ചക്രവർത്തിയായി വാണു. ഹിരണ്യകശിപു  തന്റെ പ്രജകളെ ഹിരണ്യഭക്തരാക്കുകയും കുട്ടികൾക്ക് ഹിരണ്യതത്വം   അഭ്യസിപ്പിക്കുവാൻ അസുര മഹർഷിയായ ശുക്രാചാര്യരെ നിയോഗിക്കുകയും ചെയ്തു. 

ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദനെ വിദ്യാഭ്യാസ ചുമതല   ശുക്രാചാര്യരെ ഏൽപ്പിച്ചു. പ്രഹ്ലാദൻ മാതാവിന്റെ ഗർഭത്തിലിരിക്കുമ്പോൾ തന്നെ നാരായണതത്വം ഗ്രഹിച്ചിരുന്നു. അതിനാൽ ശുക്രാചാര്യർ അഭ്യസിപ്പിച്ച  ഹിരണ്യതത്വം സ്വീകരിക്കുവാൻ പ്രഹ്ലാദൻ തയ്യാറായില്ല. 
  
ശുക്രാചാര്യർ തന്റെ സങ്കടം ഹിരണ്യകശിപുവിനെ ധരിപ്പിച്ചു. തനിക്ക് എതിരായി ത്രിലോകത്തിൽ തന്റെ മകൻ മാത്രം എന്നു മനസിലാക്കിയ ഹിരണ്യകശിപു പ്രഹ്ലാദനെ വധിക്കുവാൻ കിങ്കരന്മാരെ ഏൽപ്പിച്ചു. കിങ്കരശ്രമങ്ങൾ വിഫലമായപ്പോൾ  അവർ പ്രഹ്ലാദനെ ഹിരണ്യകശിപുവിനെ തിരിച്ചേൽപ്പിച്ചു.  ക്രുദ്ധനായ ഹിരണ്യകശിപു "നിന്റെ നാരായണൻ എവിടെ"? എന്ന് ചോദിച്ചു. "തൂണിലും തുരുമ്പിലും ഭഗവാൻ നാരായണൻ ഉണ്ട് " എന്ന പ്രഹളാദന്റെ മറുപടി കേട്ട ഹിരണ്യൻ" ഈ തൂണിൽ നിന്റെ നാരായണൻ ഉണ്ടോ" എന്ന് ചോദിച്ചു കൊണ്ട്  കൊട്ടാരത്തിലെ തൂണിൽ വാളുകൊണ്ട് വെട്ടി. തൂണ്‍ പിളർന്ന്  പ്രത്യക്ഷപ്പെട്ട നരസിംഹം ഹിരണ്യകശിപുവിനെ വധിച്ചു. 

പ്രഹ്ലാദൻ ഭക്തിയോടെ നരസിംഹത്തെ സ്തുതിച്ചു. നരസിംഹം ഭക്തനായ പ്രഹ്ലാദനെ അനുഗ്രഹിക്കുകയും യുവരാജാവായി അഭിഷേകം ചെയ്ത് രാജ്യഭാരം ഏൽപ്പിക്കുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.  ഹിരണ്യകശിപുവിന്റെ തിരനോക്കോടെ കഥ ആരംഭിച്ചു.


                                                    തിരനോട്ടം : ഹിരണ്യകശിപു

ഹിരണ്യകശിപുവും പത്നി കയാധുവും തമ്മിലുള്ള ശ്രുംഗാര രംഗമാണ് ആദ്യം അവതരിപ്പിച്ചത്. സാധാരണ പതിവില്ലാത്ത രംഗമായതിനാൽ വളരെ താൽപ്പര്യത്തോടെയാണ് രംഗം വീക്ഷിച്ചത്‌. പദാട്ടം കഴിഞ്ഞ ശേഷം ഹിരണ്യൻ പത്നിയുമൊത്ത് പൂന്തോട്ടത്തിലെത്തി. സൂര്യൻ ഉദിച്ച് ഉയരുന്നതും പൂന്തോട്ടത്തിൽ മയിലുകൾ നൃത്തമാടുന്നതും ഇണചേരുന്നതും വണ്ടുകൾ തേൻ കുടിക്കുന്നതുമെല്ലാം കണ്ടു.
 മകനെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു വേണ്ടി ശുക്രാചാര്യരെ ഏൽപ്പിക്കുക എന്ന് തീരുമാനിച്ച്  ഇരുവരും കൊട്ടാരത്തിലേക്ക് മടങ്ങി. 

                                                  ഹിരണ്യകശിപുവും പത്നി കയാധുവും

രണ്ടാം രംഗത്തിൽ  ശുക്രാചാര്യരുടെ ആശ്രമത്തിൽ  മകൻ പ്രഹ്ലാദനുമായി എത്തിയ   ഹിരണ്യകശിപു മകന്റെ വിദ്യാഭ്യാസ ചുമതല ശുക്രാചാര്യരെ ഏൽപ്പിച്ചു.  തന്റെ ജ്യേഷ്ഠനായ ഹിരണ്യാക്ഷനെ മഹാവിഷ്ണു വരാഹാവതാരം എടുത്ത് വധിച്ചതും താൻ  ബ്രഹ്മാവിനെ തപസ്സു ചെയ്ത് നേടിയ വരങ്ങളുടെ    വിവരങ്ങളും ഇവനെ അഭ്യസിപ്പിക്കുക എന്ന് ശുക്രാചാര്യർക്ക് നിർദ്ദേശവും നല്കി.  

ഇവിടെ താമസിക്കുന്നതിൽ  ഒന്നും ഭയപ്പെടേണ്ടതില്ല  എന്ന് ശുക്രാചാര്യർ  പ്രഹ്ലാദനെ സമാധാനിപ്പിച്ചു.  പ്രഹ്ലാദൻ ശുക്രാചാര്യരക്ക് ദക്ഷിണ നൽകി.   ദക്ഷിണ  സ്വീകരിച്ചു കൊണ്ട് മണ്ണിൽ അക്ഷരങ്ങൾ എഴുതിച്ച്  പ്രഹ്ലാദന്റെ  വിദ്യാഭ്യസത്തിന്  തുടക്കം കുറിച്ചു.   ഗുരു പ്രഹ്ലാദന് ഉപദേശങ്ങൾ നല്കി.  ഹിരണ്യകശിപു യാത്രയായി.   താൻ അഭ്യസിപ്പിച്ച ഹിരണ്യതത്വം   പ്രഹ്ലാദന് പകർന്നു നൽകുവാൻ തന്റെ ശിഷ്യനെ ചുമതലപ്പെടുത്തി. ശിഷ്യൻ പ്രഹ്ലാദന് നൽകുന്ന ഹിരണ്യതത്വം സ്വീകരിക്കുവാൻ പ്രഹ്ലാദൻ തയ്യാറായില്ല. നാരയണനാമമാണ് ജപിക്കേണ്ടത് എന്നും നാം ആഗ്രഹിക്കുന്ന (അപ്പം, പഴം, പാൽപ്പായസം എന്നിവ) എല്ലാം അദ്ദേഹമാണ് നൽകുന്നത് എന്നും ഹിരണ്യനാമം ജപിച്ചാൽ ദുഷ്ടതയാണ് നിങ്ങളിൽ ഉണ്ടാകുവാൻ പോകുന്നത് എന്നും പ്രഹ്ലാദൻ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. 

                             പ്രഹ്ലാദനു വിദ്യ അഭ്യസിപ്പിക്കുന്ന ശുക്രാചാര്യർ
   
                                                                          പ്രഹ്ലാദൻ

തന്റെ ശിഷ്യന്മാർക്ക്  രാജപുത്രനായ പ്രഹ്ലാദൻ    നാരായണ മന്ത്രം പറഞ്ഞു കൊടുക്കുന്നതു കണ്ട് ശുക്രാചാര്യർ  കുപിതനായി. തന്റെജീവനു വരെ ആപത്ത് എന്ന് മനസിലാക്കി   പ്രഹ്ലാദനെ ഉപദേശിച്ചും  മിരട്ടിയും നോക്കി.  ഒരു പ്രയോജനം ഇല്ലെന്നു കണ്ടപ്പോൾ പ്രഹ്ലാദനെ മഹാരാജാവിന്റെ മുൻപിൽ  കൊണ്ടുപോയി തള്ളി വിടുക എന്ന് തീരുമാനിച്ച് പ്രഹ്ലാദനെയും കൂട്ടി ഹിരണ്യസവിധത്തിലേക്ക് യാത്രയായി. 


മൂന്നാം രംഗത്തിൽ  ശുക്രാചാര്യർ പ്രഹ്ലാദനെ ഹിരണ്യന്റെ സമീപം എത്തിക്കുന്നു. അഭ്യസിച്ച വിദ്യകളെ പറ്റി പിതാവ് ചോദിക്കുമ്പോൾ  എന്റെ ജീവന് ഹാനിയുണ്ടാകും വിധത്തിൽ ഒന്നും പറയരുത് എന്ന് ശുക്രാചാര്യർ പ്രഹ്ലാദനോട് സൂചിപ്പിച്ചു. ഒന്നും സംഭവിക്കില്ല. അങ്ങ് ഭയപ്പെടാതെ എന്ന് പ്രഹ്ലാദനും ആചാര്യനെ ആശ്വസിപ്പിച്ചു.   ഗുരുകുലത്തിൽ നിന്നെത്തിയ സ്വപുത്രനെ  സസന്തോഷം സ്വീകരിച്ച  ഹിരണ്യൻ നീ അഭ്യസിച്ചതിൽ   മനസിലുറച്ച വിദ്യയെപറ്റിപറയുവാൻ ആവശ്യപ്പെട്ടു. 

ഞാൻ പറയുന്നത് ധിക്കാരമായി കരുതരുത് എന്നും മൂഢത നശിക്കുവാൻ പ്രൗഢനായ ഗുരുവിന്റെ  ഗൂഢ ഉപദേശം തന്നെയാണ് കാരണം എന്നും ഖേദങ്ങൾ നശിക്കുവാനും ആഗ്രഹങ്ങൾ സഫലീകരിക്കുവാനും ഈരേഴുലോകങ്ങൾക്കും അധിപനായ നാരായണൻ തന്നെയാണ് കാരണം എന്നും അറിയിച്ചു. പ്രഹ്ലാദന്റെ ഈ മറുപടി കേട്ട് കുപിതനായ  ഹിരണ്യൻ  ശുക്രാചാര്യരോട് ഇവൻ ഇങ്ങിനെ പറയാൻ കാരണം എന്ത് എന്ന് അന്വേഷിച്ചു. ശുക്രാചാര്യരെ ഒരു വട്ടം വരച്ച് അതിൽ നിർത്തി. തന്റെ ദയനീയ സ്ഥിതിക്ക് കാരണം നീയാണ് എന്ന് പ്രഹ്ലാദനെ  ദുഖത്തോട് അറിയിക്കുന്ന ആചാര്യനെ  ഒന്നും സംഭവിക്കില്ല എന്ന് പ്രഹ്ലാദൻ സമാധാനിപ്പിച്ചു. 

ഞാൻ നിരപരാധിയാണ്. എന്നോട് കോപിക്കരുത്. ആരാണ് പ്രഹ്ലാദനെ ഇങ്ങിനെ പഠിപ്പിച്ചത് എന്ന് എനിക്ക് അറിയില്ല. ഗരുഡാസനനായ നാരായണനിൽ ഇവനുള്ള വാസന കളയുവാൻ എന്നാൽ സാധ്യമല്ല എന്ന് ആചാര്യൻ ഹിരണ്യനെ അറിയിച്ചു.  എന്നാൽ കിങ്കരന്മാരെ കൊണ്ട് പ്രഹ്ലാദനെ വധിക്കുവാൻ എനിക്ക് ഒരു വിഷമവും ഇല്ല എന്ന് ഹിരണ്യൻ തീരുമാനിക്കുന്നു. (ശുക്രാചാര്യർ ജീവനും കൊണ്ട് ഓടി രക്ഷപെടുന്നു).
 പ്രഹ്ലാദനെ ഉപദ്രവിച്ച്  ഹിരണ്യനാമം പറയിപ്പിക്കുവാൻ ഹിരണ്യൻ കിങ്കരന്മാരോട് ആജ്ഞാപിച്ചു. അവൻ വഴങ്ങാത്ത പക്ഷം വധിക്കുവാനും നിർദ്ദേശം നല്കി.


നാലാം     രംഗത്തിൽ    പ്രഹ്ലാദനെ കൊണ്ട്    ഹിരണ്യനാമം പറയിക്കാൻ  കിങ്കരൻ ശ്രമിക്കുന്നു. കിങ്കരന്റെ ക്രൂര താടനങ്ങൾ കൊണ്ട്  പ്രഹ്ലാദന്റെ തീവ്ര വിഷ്ണുഭക്തിയെ മാറ്റുവാൻ സാധിക്കാതെ വന്നപ്പോൾ  പ്രഹ്ലാദനെ വധിക്കുവാൻ കിങ്കരൻ തീരുമാനിച്ചു.  ഘോരസർപ്പങ്ങളെ കൊണ്ട് കടിപ്പിച്ചു, ആനയെ കൊണ്ട് ചവിട്ടിച്ചു, സമുദ്രത്തിലും അഗ്നിയിലും എറിഞ്ഞു. ഈ വധ ശ്രമങ്ങൾ ഫലിക്കാതെ വന്നപ്പോൾ  കിങ്കരന്മാർ പ്രഹ്ലാദനെ ഹിരണ്യകശിപുവിനെ  തിരിച്ചേൽപ്പിക്കുവാൻ തീരുമാനിക്കുന്നു.

അഞ്ചാം രംഗത്തിൽ കിങ്കരന്മാർ പ്രഹ്ലാദനെ ഹിരണ്യന്റെ  സവിധത്തിൽ എത്തിച്ച് തങ്ങളുടെ പരാജയം അറിയിക്കുന്നു. പരാജിതരായ കിങ്കരന്മാരെ കണ്ട് ഹിരണ്യൻ കുപിതനായി.  കിങ്കരന്മാർ ഓടി രക്ഷപെട്ടു.

അത്യധികം കോപത്തോടെ ഹിരണ്യകശിപു "എന്നേക്കാൾ നിനക്ക് ധന്യനായിട്ടുള്ളത്‌ ആരാണ് " എന്ന് പറയാൻ ആജ്ഞാപിച്ചു. " ഈ കാണുന്ന ലോകത്തിനൊക്കയും ഏകനും ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്നവനുമായ നാരായണൻ തന്നെ" എന്ന് പ്രഹ്ലാദൻ അറിയിച്ചു. 

  നാരായണൻ ലോകം മുഴുവൻ നിറഞ്ഞു (തൂണിലും തുരുമ്പിലും സർവ്വ ചരാചരങ്ങളിലും)  നിൽപ്പുണ്ട് എന്ന പ്രഹ്ലാദവാക്ക്യം കേട്ട്  ഈ തൂണിൽ നിന്റെ നാരായണൻ ഉണ്ടോ എന്ന് ചോദിച്ച് വാളുകൊണ്ട് തൂണിൽ വെട്ടി. അതി ഭയങ്കര ശബ്ദത്തോടെ തൂണ്‍  പിളർന്ന് ഗർജ്ജനം മുഴക്കിക്കൊണ്ട്  നരസിംഹം പ്രത്യക്ഷപ്പെട്ടു.

                                 തൂണ്‍ പിളർന്ന് പ്രത്യക്ഷപ്പെടുന്ന നരസിംഹം 

ഹിരണ്യനെ പിടിച്ച് കിടത്തി കൈനഖങ്ങൾ കൊണ്ട് മാറു പിളർന്ന്  വധിച്ചു. ഹിരണ്യന്റെ രക്തം കുടിച്ച് ഘോരമായി നിൽക്കുന്ന നരസിംഹത്തെ സ്തുതിച്ചുകൊണ്ട് പ്രഹ്ലാദൻ വലം വെച്ചു. 

                                                                       നരസിംഹം

അച്ഛന്റെ മരണത്തിൽ ഒട്ടും ഖേദിക്കേണ്ടതില്ല എന്ന്   പ്രഹ്ലാദനെ സമാധാനിപ്പിച്ച് നരസിംഹം പ്രഹ്ലാദനെ യുവരാജാവായി അഭിഷേകം ചെയ്തു കരവാൾ ഏൽപ്പിച്ചു. പ്രഹ്ലാദൻ ഭക്തിപൂർവ്വം നരസിംഹത്തെ നമസ്കരിച്ചു. അനുഗ്രഹിച്ചു കൊണ്ട് നരസിംഹം അപ്രത്യക്ഷമായി.  പ്രഹ്ലാദന്റെ ധനാശിയോടെ കളി അവസാനിച്ചു. 

കഥകളി പാരമ്പര്യമുള്ള ഒരു  കുടുംബാംഗമായ ശ്രീ. കലാനിലയം വിനോദ്കുമാറാണ് ഹിരണ്യകശിപുവിന്റെ വേഷമിട്ടത്. ശ്രുംഗാരപ്പദത്തിന്റെ അവതരണത്തിൽ  വീരരസമാണ് ഹിരണ്യന്റെ  മുഖത്തും പ്രവർത്തിയിലും  നിറഞ്ഞു കാണപ്പെട്ടത്. ശ്രുംഗാരപ്പദത്തിനു  വീരരസത്തിനുള്ള അലർച്ച എങ്ങിനെ യോജിക്കും? അനവസരത്തിലുള്ള അലർച്ചകൾ  ഹിരണ്യനിൽ പ്രകടമായിരുന്നു.
("മാനിനിമാർ  മൌലി രത്നമേ മാന്യശീലേ കേട്ടാലും" എന്നുള്ള സംബോധനയിൽ 'ഗോഗ്വാ............' എന്ന ശബ്ദമല്ലേ വേണ്ടൂ.) 
 രണ്ടാം രംഗം മുതലുള്ള ഹിരണ്യകശിപുവിന്റെ അവതരണം   വളരെ ഗംഭീരമായി.

ഹിരണ്യൻ  ശുക്രാചാര്യരുടെ ശിഷ്യനെ വിളിച്ച് ആശ്രമത്തിലെ ആഹാരത്തിന്റെ വിവരം  അന്വേഷിക്കുന്നതും ശിഷ്യന്റെ ഉത്തരവും പിന്നീട് രാജാവിനോട് കള്ളം പറഞ്ഞതിന് ശിഷ്യന് ശുക്രൻ ശിക്ഷ നൽകുന്നതും രസകരമായി. ശ്രീ. വെള്ളിനേഴി ഹരിദാസിന്റെ ശുക്രൻ വളരെ നന്നായി. ഹിരണ്യനോടുള്ള ഭയം, പ്രഹ്ലാദനെ ഹിരണ്യതത്വം പഠിപ്പിക്കുന്നതിലുള്ള പരാജയം എന്നിവ ഭംഗിയായി അവതരിപ്പിച്ചു.
 
വേഷഭംഗി  കൊണ്ടും കഥാപാത്രത്തിന്റെ സ്ഥായിവിടാതെയുള്ള അവതരണം കൊണ്ടും ആർ. എൽ.വി. പ്രമോദിന്റെ  പ്രഹ്ലാദൻ ഒന്നാം തരമായി. (ശുക്രാശ്രമത്തിൽ പിതാവിനോടൊപ്പം  എത്തുന്ന പ്രഹ്ലാദനെ വടി എടുത്തു കാട്ടി ആചാര്യന്റെ ശിഷ്യൻ ' അടികിട്ടും' എന്നു കാണിക്കുകയുണ്ടായി. ഹിരണ്യൻ   മടങ്ങുമ്പോൾ 'അച്ഛാ' എന്നെ അടിക്കരുതേ എന്ന് ഗുരുവിനോട് പറയൂ എന്നൊരു അപേക്ഷ പ്രഹ്ലാദനു ചെയ്യാമായിരുന്നു.)   ആർ. എൽ. വി. കഥകളി സ്കൂളിന് അഭിമാനിക്കാവുന്ന ഒരു കഥകളി കലാകാരനായി തീരും ശ്രീ. പ്രമോദ് എന്നതിന് ഒരു സംശയവും ഇല്ല. 

ശ്രീ. കലാമണ്ഡലം ഹരി. ആർ. നായർ നരസിംഹത്തെ വളരെ ഭംഗിയായി  അവതരിപ്പിച്ചു. ഗംഭീരമായ വേഷവും പിന്നണിയിൽ നിന്നും ലഭിച്ച  സിംഹത്തിന്റെ ഗർജ്ജനവും, പന്തവും, തള്ളിപ്പൊടി പ്രയോഗത്താൽ ഉണ്ടായ അഗ്നി ജ്വാലയും കൊണ്ട് ഒരു അസാധാരണ അന്തരീക്ഷം സൃഷ്ടിച്ചു എന്നു തന്നെ പറയാം. 
  
കയാധു, ശിഷ്യൻ, കിങ്കരൻ എന്നീ വേഷങ്ങൾ  അവതരിപ്പിച്ചത്  ശ്രീ. കലാമണ്ഡലം അനുരാജ്  ആയിരുന്നു. അനുരാജിന് സ്ത്രീ വേഷം ഒട്ടും യോജിക്കില്ല എന്ന് അനുഭവം തെളിയിച്ചു. എന്നാൽ ശിഷ്യന്റെ അവതരണം  എന്നെ   ആകർഷിച്ചു.  പഠിക്കുന്ന സമയത്തെ ഉറക്കം, രാജപുത്രനായ പ്രഹ്ലാദന്റെ വസ്ത്രം പിടിച്ചു നോക്കുന്നത്, നാരായണനെ ഭജിച്ചാൽ അപ്പം കിട്ടുമോ എന്നുള്ള ചോദ്യം എന്നിങ്ങനെയുള്ള   ബാലസഹജമായ പ്രവർത്തികൾ നന്നായി. 

ശ്രീ. കലാനിലയം രാജീവൻ, ശ്രീ. കലാമണ്ഡലം രാജേഷ്‌ ബാബു എന്നിവരുടെ സംഗീതം,.  ശ്രീ. കലാമണ്ഡലം രവിശങ്കർ  (ചെണ്ട), ശ്രീ. കലാനിലയം പ്രകാശൻ (മദ്ദളം) എന്നിവരുടെ മേളം വളരെ ഗംഭീരമായി. ശ്രീ. കലാമണ്ഡലം രവികുമാർ (ചുട്ടി), ശ്രീ. നാരായണൻ, ശ്രീ. രമേശ്‌ എന്നിവർ അണിയറ ശിൽപ്പികളായി പ്രവർത്തിച്ച്‌ കളിയുടെ വിജയത്തിന് പങ്കാളികളായി. 

പ്രഹ്ലാദചരിതം കഥകളി അവതരിപ്പിച്ച തിരനോട്ടത്തിന്റെ സംഘാടകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.