പേജുകള്‍‌

2017, മേയ് 12, വെള്ളിയാഴ്‌ച

സാമ്യമകന്നോരുദ്യാനം-3


ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി അവർകൾ ശ്രീ. തോന്നയ്ക്കൽ പീതാംബരൻ ചേട്ടന്റെ കലാപരമായ വളർച്ചയ്ക്ക് സഹായിയായിരുന്നു എന്ന് തെളിയിക്കുന്ന വരികളാണല്ലോ കഴിഞ്ഞ പോസ്റ്റിൽ നാം വായിച്ചത്. ആർ. എൽ.വി യിലെ കഥകളി അഭ്യാസം കഴിഞ്ഞ  ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി അരങ്ങുകൾ തേടിയ  പീതാംബരൻ ചേട്ടൻറെ  ആദ്യ കാലത്തെ അരങ്ങുകളിലെല്ലാം    തന്നെ ചുവന്ന താടി വേഷങ്ങളായിരുന്നു ലഭിച്ചിരുന്നത്. അദ്ദേഹത്തിൻറെ ധാരാളം ചുവന്ന താടി വേഷങ്ങൾ അക്കാലത്ത് കാണാൻ അവസരം എനിക്കും ലഭിച്ചിട്ടുണ്ട്, ദക്ഷിണ കേരളത്തിൽ അരങ്ങു സ്വാധീനം പിടിച്ചുപറ്റിയിരുന്നു ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാനും ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരിയും ബാലിയും സുഗ്രീവനുമായി അവതരിപ്പിച്ചിരുന്ന ബാലിവധം കഥകളിക്കു ശേഷം  ശ്രീ. പീതാംബരൻ ചേട്ടന്റെ ബാലിയും ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ അവർകളുടെ സുഗ്രീവനും പിടിച്ചു പറ്റിയിരുന്ന കാലഘട്ടങ്ങൾ സ്മരണീയമാണ്. 

             രുഗ്മാംഗദൻ  (ശ്രീ. തോന്നയ്ക്കൽ പീതാംബരൻ ) മോഹിനി (ശ്രീ. മാർഗി വിജയകുമാർ) 


കഥകളി ഭാഗവതർ ശ്രീ. തകഴി കുട്ടൻ പിള്ള അവർകളും ശ്രീ. വാരണാസി മാധവൻ നമ്പൂതിരിയും ചെയ്ത പ്രോത്സാഹനങ്ങൾ മൂലമാണ്   ചുവന്ന താടി വേഷങ്ങളിൽ   നിന്നും  പരിപൂർണ്ണമായി അകന്ന്  പച്ച കത്തി വേഷങ്ങളിലേക്ക് കൂടുതൽ   ശ്രദ്ധ ചെലുത്തുവാനും അംഗീകാരം നേടിയെടുക്കുവാനും ശ്രീ. പീതാംബരൻ ചേട്ടന് സാധ്യമായത്. ഈ കാലയളവിൽ ദുര്യോധനവധം കളികൾ നിശ്ചയിക്കപ്പെടുമ്പോൾ അതിലെ ദുശാസനൻ ചെയ്യേണ്ടിവന്നാൽ പണ്ട് ദക്ഷിണകേരളത്തിൽ നിലനിന്നിരുന്ന ദുശാസനൻറെ വേഷമായ നെടുംകത്തി വേഷമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്.   കളികളുടെ  എണ്ണം നോക്കുമ്പോൾ അന്നും ഇന്നും കൊല്ലം ജില്ലാ തന്നെയാണ് മുൻപന്തിയിൽ. അതുകൊണ്ടു തന്നെ മുഴുരാത്രി കളികൾ നിലനിന്നിരുന്ന അക്കാലത്തു ഒരു ദിവസം രണ്ടു അരങ്ങുകളിൽ വേഷം ചെയ്യേണ്ടുന്ന സന്ദർഭങ്ങൾ പീതാംബരൻ ചേട്ടന് ധാരാളം ലഭിച്ചിരുന്നു. അത്തരത്തിലെ ഒരു അനുഭവം ഇവിടെ കുറിയ്ക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്. 

1970-കളിലെ കൊല്ലം കഥകളി ക്ളബ്ബിന്റെ ഒരു കളിക്ക് ശ്രീ. കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാൾ ആശാൻ എഴുതിയ ഭീഷ്മപ്രതിജ്ഞ എന്ന കഥയാണ്   അവതരിപ്പിച്ചത്. ശ്രീ. പൊതുവാൾ ആശാനും കളിക്ക് ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ശ്രീ. എമ്പ്രാന്തിരി, ശ്രീ. ഹരിദാസ് എന്നിവരുടെ സംഗീതം. ശ്രീ. ചെന്നിത്തല ആശാന്റെ ശന്തനു മഹാരാജാവ്, ശ്രീ. പീതാംബരൻ ചേട്ടന്റെ ഗംഗാദത്തൻ, ശ്രീ. കലാമണ്ഡലം (പന്തളം) കേരളവർമ്മയുടെ മുക്കുവൻ ശ്രീ. കലാനിലയം ഗോപാലകൃഷ്ണന്റെ സത്യവതി എന്നിങ്ങനെയായിരുന്നു വേഷങ്ങൾ. (ശ്രീ. മടവൂർ ആശാൻ കളി കാണാൻ മുൻ നിരയിൽ ഉണ്ടായിരുന്നു എന്നതും സ്മരണീയം) കളി കഴിഞ്ഞു കലാകാരന്മാർ എല്ലാവരും വേഷം അഴിച്ചു കൊണ്ടിരിക്കുന്നു. അണിയറയിൽ പീതാംബരൻ ചേട്ടൻ മാത്രം ഇല്ല. അദ്ദേഹം വളരെ വേഗം വേഷം അഴിച്ചശേഷം തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കഥകളിക്കു പങ്കെടുക്കുവാൻ യാത്രയായിക്കഴിഞ്ഞിരുന്നു.   ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ചുമതലയിൽ ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദുര്യോധനവധം  കഥകളിയിൽ   രൗദ്രഭീമൻ ചെയ്യാൻ അദ്ദേഹം ക്ഷണിച്ചത് ശ്രീ. പീതാംബരൻ ചേട്ടനെയായിരുന്നു.  

                                                                               രൗദ്രഭീമൻ ഒരുങ്ങുന്നു 

  രൗദ്രഭീമൻ ഒരുങ്ങുന്നു 

                                                                                              രൗദ്രഭീമൻ 

ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരിൽ ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിക്ക് ഉണ്ടായിരുന്ന അംഗീകാരം വിലയിരുത്തുമ്പോൾ ബ്രഹ്മശ്രീ. മാങ്കുളം തിരുമേനി ശ്രീ. പീതാംബരൻ ചേട്ടനോട് പുലർത്തിയിരുന്ന സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും മതിപ്പ് സ്മരണാർഹമാണ്.