പേജുകള്‍‌

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

കഥകളി ഗായകൻ ശ്രീ. വൈക്കം തങ്കപ്പൻ പിള്ള അനുസ്മരണം


ദക്ഷിണ കേരളത്തിൽ കഥകളി സംഗീതത്തിൽ ഒരു കാലഘട്ടത്തിൽ കളിയരങ്ങിന്റെ ഒഴിച്ചു കൂടാൻ വയ്യാത്ത ഘടകമായി ശ്രീ. ഇറവങ്കര ഉണ്ണിത്താൻ സഹോദരന്മാരുടെ പാട്ട് ഉജ്വലമായി നിലച്ചു നിന്നിരുന്നു. അടുത്ത കാലഘട്ടത്തിൽ  കഥകളി മേളത്തിന് ദക്ഷിണ കേരളത്തിൽ  ശ്രീ. വാരണാസി സഹോദരന്മാർ എങ്ങിനെയോ അങ്ങിനെ കഥകളി സംഗീതത്തിന് ശ്രീ. വൈക്കം സഹോദരന്മാരും പ്രസിദ്ധി നേടിയിരുന്നു. ശ്രീ. വൈക്കം തങ്കപ്പൻപിള്ള ചേട്ടനും അദ്ദേഹത്തിൻറെ സഹോദരൻ ശ്രീ. വൈക്കം പുരുഷോത്തമൻ ചേട്ടനും ഒന്നിച്ചു പാടിയിട്ടുള്ള ധാരാളം അരങ്ങുകൾ സ്മരണയിൽ ഉണ്ട്, കൂടുതലും  ഹരിശ്ചന്ദ്രചരിതം കഥ .

എന്റെ വളരെ ചെറുപ്പകാലത്ത് ഒരിക്കൽ എന്റെ ഗ്രാമത്തിലുള്ള സിദ്ധാശ്രമത്തിൽ നടന്ന  ഹരിശ്ചന്ദ്രചരിതം കളിക്ക് പാടുവാൻ അദ്ദേഹം സഹോദരനുമായി രാവിലെ പത്തു മണിക്ക് എത്തി. കൊല്ലം ജില്ലയിലെ ഒരു കളികഴിഞ്ഞ് ഗുരു. ചെങ്ങന്നൂരും  ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ ആശാനും ഒപ്പം  ഉണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നത് ഒരു   'വീട് ' എന്ന് പറയുവാൻ പറ്റിയ ഒന്നില്ല. അച്ഛൻ വടക്കൻ പറവൂർ ഭാഗത്ത് ഒരു കളിക്ക് പോയിട്ട് മടങ്ങി എത്തിയിട്ടില്ല. ഈ നാലുപേരെ സീകരിച്ച് അവർക്ക് വിശ്രമിക്കുവാനുള്ള സൗകര്യം ഗൃഹത്തിൽ ഇല്ലായിരുന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞു ആസ്ബസ്റ്റോസ് ഷീറ്റിട്ട വരാന്തയിൽ  തങ്കപ്പൻ പിള്ള ചേട്ടനും  പുരുഷോത്തമൻ ചേട്ടനും സ്ഥാനം പിടിച്ചു. ആയിടെ പണികഴിപ്പിച്ച എരുത്തിലിന്റെ തിണ്ണയ്ക്ക് ഗുരു. ചെങ്ങന്നൂരും വൈക്കോൽ തുറുവിന്റെ നിഴൽ ലഭിക്കുന്ന ഭാഗത്ത് കട്ടിൽ നീക്കി നീക്കിയിട്ട് കൃഷ്ണൻ നായർ ആശാനും വിശ്രമിച്ചു. 
അച്ഛൻ എത്തിയപ്പോൾ മണി നാല്. തന്റെ ഗുരുനാഥനും, ഗുരുസമാനനും,   സഹപ്രവർത്തകരും എത്തിയപ്പോൾ, അവർക്ക് വിശ്രമിക്കാൻ നല്ലൊരിടം തന്റെ വസതിയിൽ ഇല്ലാത്തതിന്റെ ഖേദം അച്ഛന് ഉണ്ടായി. എല്ലാവരും ഉണരുമ്പോൾ ആഹാരം നൽകുക, ഞാൻ കളിസ്ഥലത്തേക്ക് പോയി എന്ന് അവരോടു പറയുക എന്ന് അമ്മയോട് പറഞ്ഞിട്ട് അച്ഛൻ പോയി. എല്ലാവരും ഉണർന്ന് കാപ്പികുടിയും കഴിഞ്ഞ് കളിസ്ഥലത്തേക്ക് യാത്രയായി. ഈ കളിയുടെ അടുത്തനാൾ തന്നെ എന്റെ അച്ഛൻ വീട്ടുപണിയുടെ തുടക്കം കുറിച്ചു. പിന്നീട് ശ്രീ. തങ്കപ്പൻ പിള്ളച്ചേട്ടനെ പിന്നീട് കണ്ടിട്ടുള്ള അവസരങ്ങളിൽ എല്ലാം അന്നത്തെ ഞങ്ങളുടെ വീട്ടിലെ ആഹാരത്തിന്റെ രുചിയെ പറ്റി പറയുമായിരുന്നു. 

                                           ശ്രീ. വൈക്കം തങ്കപ്പൻ പിള്ള 




 30-10-1923 -ന്  വൈക്കത്ത് വല്ലൂർ പിണക്കേഴത്തുവീട്ടിൽ മാധവിയമ്മയുടെയും തുതിക്കാട്ട് കോവിലകത്ത് ശ്രീ. ഗോദവർമ്മ തമ്പാന്റെയും പുത്രനായി ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ ജനിച്ചു. അച്ഛൻ നാടകം, ഹരികഥ, കഥകളി സംഗീതം എന്നിവയിൽ വിദഗ്ദനായിരുന്നു. പതിനാലാം വയസ്സിൽ  അച്ഛന്റെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രീ. തങ്കപ്പൻ പിള്ളചേട്ടൻ, ശ്രീ. ചേർത്തല വാസുദേവൻ ഭാഗവതർ, ശ്രീ. വൈക്കം ശിവരാമകൃഷ്ണയ്യർ എന്നിവരുടെ കീഴിൽ കർണ്ണാടക സംഗീതവും ശ്രീ. ചെമ്പിൽ (വൈക്കം) വേലപ്പൻ നായർ, ശ്രീ. തകഴി കുട്ടൻപിള്ള എന്നിവരുടെ കീഴിലും കഥകളി സംഗീതം അഭ്യസിച്ചു. തുടർന്ന് കോട്ടക്കൽ PSV നാട്യസംഘത്തിൽ   ശ്രീ. കോട്ടയ്ക്കൽ വാസു നെടുങ്ങാടിയുടെ കീഴിലും ശ്രീ. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ ഗൃഹത്തിലും താമസിച്ച് അഭ്യസിച്ചു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ചുമതലയിൽ കീരിക്കാട്ടിൽ നടത്തിവന്ന സമസ്ത കേരള കഥകളി വിദ്യാലയത്തിൽ അദ്ദേഹം വളരെക്കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. എല്ലാ കഥകളും പാടി അവതരിപ്പിക്കുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശ്രീ. കളർകോട് നാരായണൻ നായർ അവർകൾ എഴുതിയ പല കഥകളും അദ്ദേഹം ചിട്ടപ്പെടുത്തി പാടി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ശ്രീ. മാലി മാധവൻ നായർ എഴുതിയ കർണ്ണശപഥം കഥ ആദ്യഅരങ്ങിൽ  പാടിയത് ശ്രീ. തങ്കപ്പൻ പിള്ള ചേട്ടനാണ്.  2010-  നവംബര്‍ ഒന്‍പതിന് കുടമാളൂരിൽ ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടി ചേട്ടന്റെ സപ്തതി ആഘോഷ വേളയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.   അവിടെ വെച്ച് ശ്രീ. തങ്കപ്പൻ പിള്ളചേട്ടനെ കാണുവാനും ധാരാളം സംസാരിക്കുവാനും അവസരം ലഭിച്ചിരുന്നു. 
ശ്രീ. തങ്കപ്പൻ പിള്ള ചേട്ടൻ   സാധുശീലനായിരുന്നതിനാൽ പലരാലും കബളിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കഥ ശ്രീ. കലാമണ്ഡലം കേശവൻ അവർകൾ എഴുതിയ 'അരങ്ങിലെ കഥകൾ' എന്ന പുസ്തകത്തിൽ വായിച്ചത് എന്റെ ഓർമ്മയിലുണ്ട്.   വൈക്കം മഹാദേവർ ക്ഷേത്രത്തിലെ ഒരു ഉത്സവത്തിന്   നടന്ന കളിക്ക് പ്രസിദ്ധ കഥകളി ഗായകൻ ശ്രീ. ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അവർകളെയാണ്   ക്ഷണിച്ചിരുന്നത്. എന്നാൽ  കളി ആരംഭിക്കുന്നതിനു ഒരു ചില മണിക്കൂറുകൾക്ക് മുൻപ്  അദ്ദേഹം കളിക്ക് വരില്ല എന്ന് അറിയിച്ചു കൊണ്ടുള്ള ടെലെഗ്രാമാണ്‌  ലഭിച്ചത്. എന്തു ചെയ്യണം എന്നറിയാതെ ഉത്സവ കമ്മറ്റിക്കാർ വിഷമിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ശ്രീ. വൈക്കം തങ്കപ്പൻ പിള്ള ഭാഗവതർ ടവുണിലുള്ള കടയിൽ നിൽക്കുന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ കഥകളിയോഗം     മാനേജർ     ടവുണിലേക്കോടി. മാനേജരുടെ ക്ഷണം ആദ്യമൊക്കെ അദ്ദേഹം നിരസിച്ചെങ്കിലും ഒരു കളി മുടങ്ങരുത്‌ എന്ന സസുദ്ദേശത്തോടെ കളിക്കുകൂടി. കളി കഴിഞ്ഞപ്പോൾ കമ്മറ്റിക്കാർ കളിയോഗം മാനേജരെ വിളിച്ച് തങ്കപ്പൻ പിള്ളയ്ക്ക് എന്തു കൊടുക്കണം എന്ന് ചോദിച്ചു. 
'നമ്മുടെ കളി വിജയിപ്പിച്ചു തന്ന തങ്കപ്പൻ പിള്ളയ്ക്ക് അഞ്ഞൂറ് രൂപയെങ്കിലും നൽകണം' എന്ന് കളിയോഗം മാനേജർ കമ്മറ്റിക്കാരെ അറിയിച്ചു. കമ്മറ്റിക്കാർ നൽകിയ നാനൂറ്റി അൻപതു രൂപയിൽ നിന്നും നാനൂറുരൂപ എടുത്തു മാനേജർ തന്റെ കീശയിലാക്കിയ ശേഷം അൻപതു രൂപ ഒരു കവറിലിട്ട്‌  ഭാഗവതരുടെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു.  "ഒരു ചെറിയ തുകയേ ഇതിലുള്ളൂ. വീട്ടിൽ ചെന്നേ കവർ തുറക്കാവൂ, എന്നൊരു അപേക്ഷയും "പാട്ട് അസ്സലായീട്ടോ" എന്നൊരു അഭിനന്ദനവും. അദ്ദേഹം ഒരു സധുവായതു കൊണ്ടാണ് ഇങ്ങിനെ അദ്ധ്വാനിച്ച പണം മറ്റൊരാളാൽ  ചൂഷണം ചെയ്യപ്പെട്ടത്.  

                                   ശ്രീ. വൈക്കം സഹോദരന്മാർ
                               (ശ്രീ. വൈക്കം പുരുഷോത്തമൻ, ശ്രീ. വൈക്കം തങ്കപ്പൻപിള്ള)

 കലാദർപ്പണ പുരസ്കാരം, കൊല്ലം കഥകളി ക്ളബ് പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ നേടിയ     ശ്രീ. തങ്കപ്പൻപിള്ള ചേട്ടൻ ഒരു തികഞ്ഞ സത്യസായീ ഭക്തനായിരുന്നു.  
ശ്രീ. തങ്കപ്പൻപിള്ള ചേട്ടൻ 07- 08 - 2014 -ന് ഇഹലോകവാസം വെടിഞ്ഞ വാർത്ത അറിഞ്ഞു. അദ്ദേഹത്തിൻറെ  സ്മരണയ്ക്കു മുൻപിൽ ഈ ഓർമ്മകൾ ഞാൻ അഞ്ജലിയായി സമർപ്പിക്കുന്നു.

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഹരിപ്പാട്‌, തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി.


ആഗസ്റ്റ്‌ -3 ന് ഹരിപ്പാട്‌, തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ  വൈകിട്ട് ഏഴു മണിമുതൽ പൂതനാമോക്ഷം കഥകളി അവതരിപ്പിക്കുകയുണ്ടായി.  മധുരാപുരിയിലെ രാജാവായ ഉഗ്രസേനനെ കാരാഗൃഹത്തിൽ ബന്ധിതനാക്കിയശേഷം  പുത്രനായ  കംസൻ രാജാവായി. കംസൻറെ സഹോദരിയായ ദേവകിയുടെ വിവാഹശേഷം ഉണ്ടായ ഒരശരീരി അദ്ദേഹത്തെ ഭയപ്പെടുത്തി. ദേവകിയുടെ എട്ടാമത്തെ പുത്രൻ അദ്ദേഹത്തെ വധിക്കും എന്നതായിരുന്നു അശരീരി. 
ദേവകീ വസുദേവർ ദമ്പതികൾക്ക് ജനിച്ച ഏഴു കുട്ടികളെയും കംസൻ വധിച്ചു. എട്ടാമതും ദേവകി ഗർഭിണിയായപ്പോൾ ദമ്പതികളെ കംസൻ കാരാഗൃഹത്തിൽ അടച്ചു. അഷ്ടമിരോഹിണി നാളിൽ ദേവകി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കണം എന്ന് അവർക്ക് മോഹം ഉണ്ടായപ്പോൾ കാരാഗൃഹത്തിന്റെ വാതിലുകൾ തുറക്കുകയും കാവൽ ഭടന്മാർ നിദ്രയിൽ മുഴുകുകയും ചെയ്തു. വസുദേവർ കുഞ്ഞിനേയും കൊണ്ട് വെളിയിലെത്തി. കരകവിഞ്ഞൊഴുകുന്ന കാളിന്ദീനദി വസുദേവർക്കായി വഴിയൊതുങ്ങി ആഴം കുറച്ചു. കനത്ത മഴയിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ അനന്തൻ ഫണം നിവർത്തി പിന്നാലേ ഇഴഞ്ഞു നീങ്ങി. വസുദേവർ കുഞ്ഞുമായി അമ്പാടിയിലെ നന്ദഗോപരുടെ വസതിയിലെത്തി. നന്ദഗോപന്റെ പത്നി യശോദയുടെ സമീപം സ്വപുത്രനെ കിടത്തിയശേഷം യശോദയുടെ പെണ്‍കുട്ടിയെ എടുത്തു കൊണ്ട് കാരാഗൃഹത്തിൽ മടങ്ങിയെത്തി. കാരാഗൃഹത്തിന്റെ വാതിലുകൾ താനേ അടയുകയും ചെയ്തു. പെണ്‍കുട്ടി കരഞ്ഞപ്പോൾ കാവൽ ഭടന്മാർ ഉണർന്നു. അവർ കംസനെ വിവരം അറിയിച്ചു. കംസൻ എത്തി. പെണ്‍കുട്ടിയെ  വധിക്കാനായി കാലിൽ പിടിച്ച് ഉയർത്തിയപ്പോൾ കുട്ടി കംസൻറെ കയ്യിൽ നിന്നും വഴുതി ആകാശത്തേക്ക് ഉയർന്നു. "തവാന്തകൻ ഭൂമിയിൽ ജനിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് പെണ്‍കുട്ടി അപ്രത്യക്ഷയായി. 

അമ്പാടിയിൽ കൃഷ്ണൻ വളർന്നു വന്നു. ദൂതന്മാർ മുഖേന ഈ വൃത്താന്തം അറിഞ്ഞ കംസൻ, കൃഷ്ണനെ വധിക്കുവാൻ പൂതനയെന്ന രാക്ഷസിയെ നിയോഗിക്കുന്നു. കംസാജ്ഞ സ്വീകരിച്ചു കൊണ്ട് സുന്ദരിയായ ലളിതാരൂപം ധരിച്ച് അമ്പാടിയിൽ എത്തി. അത്ഭുതബാലനായ കൃഷ്ണനെ വാത്സല്യത്തോടെ ലളിത  സമീപിക്കുന്നു. പിഞ്ചു  കുഞ്ഞിനെ വധിക്കുവാൻ ആ രാക്ഷസിക്കു  ആദ്യം  മനസ്സു വന്നില്ല.  എന്നാൽ കുട്ടിയെ വധിക്കാതെ മടങ്ങിയാൽ കംസൻ തന്നെ വധിക്കും എന്നു മനസിലാക്കിയ ലളിത തന്റെ മുലകളിൽ വിഷം പുരട്ടിയ ശേഷം കുഞ്ഞിനു മുലപ്പാൽ നല്കുന്നു. കുട്ടി പൂതനയുടെ ജീവനെ ആ മുലകൾനുകർന്ന് അപഹരിക്കുന്നു. പൂതനയ്ക്ക് മോക്ഷം ലഭിക്കുന്നു. ഇതാണ് പൂതനാമോക്ഷം കഥയുടെ ഇതിവൃത്തം. 
 കംസൻറെ തിരനോക്കിനു ശേഷം  കംസസന്നിധിയിൽ നാരദ മഹർഷി എത്തുന്നതാണ് അവതരിപ്പിച്ച ആദ്യരംഗം. ദേവലോകത്തു നിന്നുമാണ് താൻ  വരുന്നതെന്നും മഹാവിഷ്ണു കംസാരിയായി ജനിക്കാമെന്ന് ഇന്ദ്രന് വാഗ്ദാനം ചെയ്തിട്ടുള്ള   വൃത്താന്തവും ശത്രു   ജനിച്ചിട്ടുണ്ട് എന്ന വിവരവും   നാരദൻ കംസനെ ഓർമ്മിപ്പിക്കുന്നു. ഞാൻ അങ്ങയോടു പറയുന്നതെല്ലാം  സത്യമാണെന്നും മന്ത്രി സത്തമന്മാരുമായി ആലോചിച്ച് വേണ്ടത് ചെയ്താലും എന്ന് ഉപദേശിച്ച് നാരദൻ മടങ്ങി.   ശത്രുവിനെ നശിപ്പിക്കുവാൻ എന്താണ് ചെയ്യുക. നാടിന്റെ നാനാഭാഗത്തും ദൂതന്മാരെ അയച്ച് നാട്ടിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങളെയും നശിപ്പിക്കണമെന്നും എത്രയും വേഗം  പൂതനയുടെ ഗൃഹത്തിലെത്തി അവളോട്‌    ഇവിടെ എത്തുവാൻ അറിയിക്കണമെന്നും ദൂതനോട് ആജ്ഞാപിക്കുന്നു. 

                ശ്രീ.ഏവൂർ മധു (മദ്ദളം), ശ്രീ. ഹരിപ്പാട്‌ ദാമു, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ  

                            കംസൻ: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ 



                                            കംസൻ: ശ്രീ. കലാമണ്ഡലം ബാലകൃഷ്ണൻ

                               കംസനും നാരദനും (നാരദൻ : ശ്രീ. കലാമണ്ഡലം അഖിൽ)

                                              കംസനും നാരദനും
                                           
 പൂതനയുടെ (പെണ്‍കരി) തിരനോക്കിനു ശേഷം ഒരുക്കം ആരംഭിച്ചു. കൈവിരലുകൾ കടക്കാത്ത വിധം ജട പിടിച്ച മുടികൾ എണ്ണപുരട്ടി ഓരോ മുടികളും ജടയിൽ നിന്നും വേർപെടുത്തി. തല ചൊറിഞ്ഞപ്പോൾ  കൈയ്യിൽ തടഞ്ഞ പേൻകൾ ഓരോന്നിനെയും കൊന്നു. മുടികൾ  കോതി ഒരുക്കി. ചെടിയിൽ നിന്നും പൂവ് ഇറുത്ത് തലയിൽ ചൂടി. ചന്ദനം ചാലിച്ച് പൊട്ടും തൊട്ടു.  വിളക്കിൽ നിന്നും കരിയെടുത്ത് കണ്ണെഴുതി. പൂക്കൾ രണ്ടു കാതിലും വെച്ചു. മുലകൾ ചലിക്കാത്ത വിധം ഭംഗിയായി കെട്ടിവെച്ചു. അങ്ങിനെ ഒരുക്കങ്ങൾക്ക് ശേഷം വിശ്രമിക്കുന്നു. 

                                     കരിപൂതന : ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള 


                         കരിപൂതന : ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണപിള്ള

                                              കരിപൂതന
  കംസന്റെ  ദൂതൻ തന്റെ ആവാസ സ്ഥലത്തേക്ക് വരുന്നത് പൂതന കാണുന്നതും ദൂതനോട് ആഗമന കാരണം       കാരണം തിരക്കുന്നതുമാണ് അടുത്ത  രംഗം.  കംസന്റെ സന്നിധിയിൽ പൂതനയെത്തുന്നതാണ് മൂന്നാം രംഗം. പൂതന തന്നെ ആനയിച്ചതിന്റെ കാരണം കംസനോട് തിരക്കുന്നു. തന്റെ ശതൃ ജനിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയുവാൻ സാധിച്ചു. അതുകൊണ്ട്   നാട്ടിൽ വളരുന്ന എല്ലാ കുട്ടികളെയും വധിക്കുവാനും  നന്ദഗൃഹത്തിൽ വളരുന്ന ശ്രീകൃഷ്ണനെ മുലയിൽ വിഷം പുരട്ടി, മുലപ്പാൽ കൊടുത്ത് വധിക്കുവാനും കംസൻ പൂതനയോട്  നിർദ്ദേശിക്കുന്നു. അങ്ങയുടെ ആജ്ഞ നിറവേറ്റുവാൻ തയ്യാറാണെന്നും എത്ര കുട്ടികളെയും വധിക്കാൻ തയ്യാറാണെന്നും പൂതന അറിയിക്കുന്നു. കംസനോട് യാത്ര പറഞ്ഞ പൂതന അമ്പാടിയിലേക്ക് യാത്ര തിരിക്കുന്നു. യാത്ര തിരിക്കുമ്പോൾ ചില ദുർലക്ഷണങ്ങൾ ലളിതയ്ക്ക് അനുഭവപ്പെടുന്നു. അന്തരീക്ഷത്തിൽ കൂടി സഞ്ചരിച്ച്  പൂതന അമ്പാടിയിൽ എത്തി.  സിംഹം,  ആന,  പാമ്പ് തുടങ്ങിയ വന്യ ജീവികൾ സ്വാതന്ത്ര്യമായി വിഹരിക്കുന്നത്  കണ്ടു.    പശുവൃന്ദങ്ങൾ,   സ്ത്രീകൾ കുടവും തലയിൽ ചുമന്ന് പോകുന്നത്,  സ്ത്രീകൾ തൈർ കടഞ്ഞ് വെണ്ണയെടുക്കുന്നത്    ഗോപസ്ത്രീകളുടെ നൃത്തം തുടങ്ങിയ കാഴ്ചകൾ പൂതന കണ്ടു.    രാക്ഷസി  വേഷത്തോടെ അമ്പാടിയ്ക്കുള്ളിൽ   പ്രവേശിച്ചാൽ അവിടെയുള്ള ജനങ്ങൾ  തന്നെ ഓടിക്കുമെന്ന്  മനസിലാക്കി പൂതന സുന്ദരിയായ ഒരു ലളിതയുടെ വേഷം സ്വീകരിക്കുവാൻ തീരുമാനിക്കുന്നു.  

                                                           കംസനും കരിപൂതനയും 

നാലാം രംഗത്തിൽ പൂതന "കന്നൽ കണ്ണികൾ മൌലിരത്ന കലികാരൂപം ധരിച്ച്, പൊന്നിൻ മാലയുമണിഞ്ഞ് ആദരവോടെ ലളിത വേഷധാരിയായി പൂതന   അമ്പാടിയിൽ  പ്രവേശിച്ചു. അമ്പാടിയിലെ  കാഴ്ചകൾ ഓരോന്നും കണ്ടു രസിച്ച ശേഷം   നന്ദഗൃഹത്തിൽ പ്രവേശിച്ച ലളിത (കൃഷ്ണനെ) ഉണ്ണിക്കണ്ണനെ കണ്ടു. ഉണ്ണിക്കണ്ണന്റെ സുന്ദരമായ മേനി കണ്ട് കണ്ണുകൾ സായൂജ്യം അടഞ്ഞു. ഉണ്ണിയെ സ്നേഹപൂർവമെടുത്തു താലോലിച്ചു. എത്രയോ കുട്ടികളെ താൻ കണ്ടിരിക്കുന്നു, വധിച്ചിരിക്കുന്നു എന്നാൽ ഇത്രയും ശോഭയുള്ള ഒരു കുട്ടിയെ താൻ ഇതുവരെ കണ്ടിട്ടില്ല, ഈ കുട്ടിയെ വധിക്കുവാൻ എനിക്ക് മനസ്സ് വരുന്നില്ല, അതുകൊണ്ട് മടങ്ങുക തന്നെ എന്ന് ലളിത തീരുമാനിച്ച് മടങ്ങുവാൻ തയ്യാറായി.    "ഈ കുഞ്ഞിനെ വധിച്ചില്ല എങ്കിൽ ആ ദുഷ്ടനായ കംസൻ എന്നെ വധിക്കും" ഒരു പക്ഷേ ഈ കുഞ്ഞിനെ വധിക്കുന്നതിൽ കൂടി തനിക്ക്‌ ശാപമോക്ഷം ലഭിന്നെങ്കിൽ ലഭിക്കട്ടെ എന്ന് തീരുമാനിച്ച്   മടങ്ങി  വന്ന് സൂക്ഷിച്ചു വെച്ചിരുന്ന വിഷം മുലകളിൽ പുരട്ടിയ ശേഷം മുലപ്പാൽ ഉണ്ണിക്കണ്ണന് നല്കുന്നു.     സ്തനപാനത്തിലൂടെ ലളിതയുടെ ജീവൻ ഉണ്ണിക്കണ്ണൻ നുകർന്നു. മരണവെപ്രാളം കൊണ്ട് ലളിത വളഞ്ഞു. കുട്ടിയെ തൻറെ സ്തനം നുകരുന്നതിൽ  മാറ്റുവാൻ ലളിത പരമാവധി ശ്രമിച്ചു. ഒടുവിൽ ഭീകരരൂപിണിയായി പൂതന മാറി മരിക്കുകയും തുടർന്ന് ശാപമോക്ഷം ലഭിക്കുകയും ചെയ്യുന്നു. 

                                    ലളിത: ശ്രീ. സദനം വിജയൻ 

                                     ലളിത: ശ്രീ. സദനം വിജയൻ


                                    ലളിത: ശ്രീ. സദനം വിജയൻ
                                  
 ശ്രീ. കലാമണ്ഡലം ബാലകൃഷ്ണനാണ് കംസനായി വേഷമിട്ടത്. പൂതനാമോക്ഷം കഥയിലെ കംസന്റെ വേഷം ചെയ്തുള്ള  ശീലം കുറവാണ് എങ്കിലും വളരെ ഭംഗിയായി അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ശ്രീ. കലാമണ്ഡലം അഖിലാണ് നാരദനെ അവതരിപ്പിച്ചു വിജയിപ്പിച്ചത്. കഥകളി എന്ന കലാരൂപവുമായി ഒരു ബന്ധവുമില്ലാത്ത ഹൈറേഞ്ചാണ് അഖിലിന്റെ ജന്മസ്ഥലം. കഥകളി  കണ്ടു ശീലമോ, കഥകളി എന്താണെന്ന് അറിയാതെയുമാണ്‌ അദ്ദേഹം കഥകളി പഠിക്കാൻ കലാമണ്ഡലം കളരിയിൽ എത്തിയത്. ദക്ഷിണ കേരളത്തിലെ കലാകാരന്മാരും ആസ്വാദകരും ഈ യുവകലാകാരനെ കഥകളിയിൽ നിലനിർത്തും എന്നൊരു ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. പൂതനാമോക്ഷം കഥയിലെ നാരദന്റെ രംഗം അദ്ദേഹവും ആദ്യമായാണ് കൈകാര്യം ചെയ്യുന്നത്. കരിപൂതനയായി രംഗത്തെത്തിയത് ശ്രീ. ചാത്തന്നൂർ കൊച്ചു നാരായണപിള്ള അവർകളാണ്. അദ്ദേഹത്തിന് ഈ കഥയിലെ വേഷങ്ങൾ ചെയ്തു ശീലമുണ്ട് എന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ്. കരി പൂതനയെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ.ആർ.എൽ.വി. രാധാകൃഷ്ണനെയാണ് ലളിതയുടെ വേഷത്തിനായി  ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന് എന്തോ അസൌകര്യം ഉണ്ടായത് കാരണം ശ്രീ. സദനം വിജയനാണ് ലളിതയുടെ വേഷമിട്ടത്. വേഷഭംഗി കൊണ്ടും ലാളിത്യം കൊണ്ടും വളരെ നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. "അമ്പാടി ഗുണം", സുകുമാര! നന്ദകുമാര! വരിക" എന്നീ പദാട്ടങ്ങളും  ലളിതയുടെ  അവതരണവും വളരെ ഹൃദ്യമായിരുന്നു. 

 ശ്രീ. ഹരിപ്പാട്‌ ദാമു, ശ്രീ. കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ സംഗീതവും ശ്രീ. കലാഭാരതി മുരളി ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ, ശ്രീ. ഏവൂർ മധു എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. ചിങ്ങോലി പുരുഷോത്തമൻ അവർകളാണ് ചുട്ടി കൈകാര്യം ചെയ്തത്. ശ്രീ. ഏവൂർ കണ്ണംപള്ളിൽ കളിയോഗത്തിന്റെ കോപ്പുകളും അണിയറ ശിൽപ്പികളും കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.  

(പൂതനാമോക്ഷം കഥയിൽ കാരാഗൃഹത്തിൽ ബന്ധനസ്ഥനായ വസുദേവർ, ബന്ധന വിമുക്തനായി എട്ടാമത്തെ പുത്രനുമായി കാരാഗൃഹത്തിൽ നിന്നും വെളിയിൽ വരുന്നതും കടൽ കടന്ന് നന്ദഗൃഹത്തിൽ എത്തുന്നതും പെണ്‍കുട്ടിയുമായി കാരാഗൃഹത്തിൽ മടങ്ങിയെത്തുന്നതും പെണ്‍കുട്ടിയുടെ കരച്ചിൽ കേട്ട് ഭടന്മാർ വിവരം കംസനെ അറിയിക്കുന്നത് വരെ  ദണ്ഡകമായാണ് കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത്. "പത്മനാഭ! പരമപുരുഷ പാഹിമാം വിഭോ" എന്ന വസുദേവരുടെ സ്തുതിയും കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .) 

2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

മാവേലിക്കരയിൽ അവതരിപ്പിച്ച സന്താനഗോപാലം കഥകളി


ആഗസ്റ്റ്‌ 3- ന് കൊല്ലം ജില്ലയിൽ നടത്തുന്ന ഒരു കുടുംബ  സംഗമത്തിന് പങ്കെടുക്കുവാനായി ഈ കഴിഞ്ഞ ജൂലായ്‌ 31-ന്  നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ ഒരു കഥകളിയെങ്കിലും കാണാൻ അവസരം ഉണ്ടാകും എന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു. ഞാൻ നാട്ടിൽ എത്തിയ ശേഷം ശ്രീ. കണ്ടിയൂർ ഗോപൻ സാർ അവർകളെ ഫോണിൽ കൂടി   ബന്ധപ്പെട്ടപ്പോഴാണ് ആഗസ്റ്റ്‌ -2 ന് വൈകിട്ട് 7 മണിക്ക് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സന്താനഗോപാലം, അന്നേ ദിവസം വൈകിട്ട് 7 മണിക്ക്    ഹരിപ്പാട്‌ തലത്തോട്ട മഹാദേവർ ക്ഷേത്രത്തിൽ കിരാതവും ആഗസ്റ്റ്‌ -3 ന് സമ്പൂർണ്ണ പൂതനാമോക്ഷവും, ആഗസ്റ്റ്‌ നാലിന് കായംകുളം, കണ്ണമംഗലം ക്ഷേത്രത്തിൽ കിരാതം കഥകളിയും ഉണ്ടെന്ന വിവരം അറിയുന്നത്. ആഗസ്റ്റ്‌ -3  ന് പുലർച്ചയിൽ കൊല്ലത്തിന് യാത്രയാകണം. അതുകൊണ്ട് ആഗസ്റ്റ്‌ -2 ന് രാത്രി പത്തുമണിവരെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സന്താനഗോപാലം കഥകളി കാണുക എന്ന് തീരുമാനിച്ചു. 

ആഗസ്റ്റ്‌ - 2 നു  വൈകിട്ട് മാവേലിക്കര ബസ് സ്റ്റാന്റിൽ നിന്നും ക്ഷേത്രത്തിലേക്ക് പോകും വഴിയിൽ ശ്രീ. കലാമണ്ഡലം സുരേന്ദ്രനെ കൂട്ടിനു ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു അണിയറയിൽ എത്തുമ്പോൾ   അവിടെ ഉണ്ടായിരുന്ന ശ്രീ. കലാമണ്ഡലം രാജീവൻ, ശ്രീ. ഫാക്റ്റ് ജയദേവവർമ്മ, ശ്രീ. കലാഭാരതി സുരേഷ് എന്നിവരുമായി സൗഹൃദസംഭാഷണം ചെയ്ത ശേഷം അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചു. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം ശ്രീ. കലാമണ്ഡലം വിശാഖു് പുറപ്പാട് അവതരിപ്പിച്ചു.   മേളപ്പദം ഉണ്ടായില്ല. തുടർന്ന്  സന്താനഗോപാലം കഥ ആരംഭിച്ചു. 

                       ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. കലാഭാരതി സുരേഷ് 

                                 പുറപ്പാട് : ശ്രീ. കലാമണ്ഡലം വിശാഖ് 

ആദ്യ രംഗത്തിൽ മഹാഭാരതയുദ്ധത്തിനു ശേഷം പാണ്ഡവർ രാജ്യം ഭരിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ ഒരു നാൾ അർജുനൻ ദ്വാരകയിൽ എത്തി ശ്രീകൃഷ്ണനെ വണങ്ങുന്നതും  ശ്രീകൃഷ്ണൻ അർജുനനെ സസന്തോഷം സ്വീകരിക്കുകയും  തന്നോടൊപ്പം കുറച്ചു കാലം ദ്വാരകയിൽ താമസിക്കുവാൻ താൽപ്പര്യം അറിയിക്കുകയും ചെയ്യുന്നു.

 പണ്ട് യുദ്ധക്കളത്തിൽ സഹോദരന്മാരെയും ഗുരുനാഥന്മാരെയും എതിർത്ത് യുദ്ധം ചെയ്യാൻ വിഷമിച്ചു മനം തളർന്നപ്പോൾ  ശ്രീകൃഷ്ണൻ ധൈര്യവും ഉപദേശവും നൽകി പരിപാലിച്ചത് അർജുനൻ സ്മരിച്ചു. അങ്ങയെ ഇവിടെ വന്ന് കാണുവാൻ കുറച്ചു കാലമായി ആഗ്രഹിച്ചിരുന്നു  എങ്കിലും കാലതാമസം നേരിട്ടു. ഇപ്പോൾ ആ ആഗ്രഹം കൈവന്നു. കുറച്ചു കാലം അങ്ങയുടെ ആഗ്രഹപ്രകാരം ഞാൻ ദ്വാരകയിൽ താമസിക്കുവാൻ തീരുമാനിച്ചു എന്ന് അർജുനൻ ശ്രീകൃഷ്ണനെ അറിയിച്ചു. ദ്വാരകയിൽ ഒരു യാഗം നടത്തുന്ന വിവരം കൃഷ്ണൻ അർജുനനെ അറിയിക്കുന്നു. യാഗരക്ഷയുടെ ചുമതല വഹിക്കുവാൻ  അർജുനൻ സന്നദ്ധനായി.   ബലരാമനെ കണ്ടു വണങ്ങുവാൻ അർജുനൻ യാത്രയാകുന്നതോടെ ആദ്യരംഗം അവസാനിച്ചു. 

 ശ്രീകൃഷ്ണനും അർജുനനും (ശ്രീ. കലാമണ്ഡലം വിശാഖും ശ്രീ. കലാമണ്ഡലം രാജീവനും)
 
                     ശ്രീകൃഷ്ണനും  ബ്രാഹ്മണനും  (ബ്രാഹ്മണൻ: ശ്രീ. ഫാക്റ്റ് ജയദേവവർമ്മ)

അർജുനൻ ദ്വാരകയിൽ താമസിച്ചു കൊണ്ടിരുന്ന കാലത്ത് ഒരു ദിവസം ഒരു ബ്രാഹ്മണൻ തനിക്കു ജനിച്ചു മരിച്ച ഒൻപതാമത്തെ കുട്ടിയുടെ മൃത ശരീരവുമായി യാദവസഭയിൽ എത്തി വിലപിക്കുന്നതാണ് രണ്ടാം രംഗം. യാദവസഭയിൽ അർജുനനൻ ഇല്ല എന്ന രീതിയിലുള്ള അവതരണമാണ് രംഗത്ത് കാഴ്ച വെച്ചത്. 
"കഷ്ടമിതു കാണ്മിനെന്റെ കറ്റക്കിടാവിതിഹ 
ദൃഷ്ടിമലച്ചേഷശേതേ; എട്ടു ബാലന്മാരീവണ്ണം 
പെട്ടുപോയിമമ മക്കൾ ദൃഷ്ട തര രാജദോഷാൽ ശിവശിവ!"
എന്ന ബ്രാഹ്മണന്റെ പദത്തിനാണ് അർജുനൻ രംഗത്ത് പ്രവേശിച്ചത്‌. ബ്രാഹ്മണന്റെ വിലാപം ശ്രദ്ധിക്കാത്ത ശ്രീകൃഷ്ണനെ ശ്രദ്ധിക്കുകയും പുത്ര ദുഖഭാരത്താൽ ബ്രാഹ്മണൻ   ശ്രീകൃഷ്ണനെ ഭൽസിക്കുമ്പോൾ അരുതേ!, അരുതേ! എന്ന് അർജുനൻ ബ്രാഹ്മണനോട് അപേക്ഷിക്കുകയും ചെയ്യുന്നു. ബ്രാഹ്മണനെ സ്വന്തനപ്പെടുത്തുവാൻ അർജുനൻ തയ്യാറാകുന്നതോടെ ശ്രീകൃഷ്ണനും യാദവവീരന്മാരും സഭ വിട്ടു പോകുന്നു. ഇത് കണ്ട അർജുനൻ ക്ഷത്രിയധർമ്മം പരിപാലിക്കുവാൻ   തയ്യാറായി,      ബ്രാഹ്മണന്റെ ഭാവി സന്താനങ്ങളെ സംരക്ഷിച്ചു നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്നു.  ഭഗവാൻ കൃഷ്ണൻ കയ്യൊഴിഞ്ഞ വിഷയം  അർജുനൻ സാധിച്ചു തരാമെന്ന് പറയുന്നത് അവിവേകമാണ് എന്ന് ഉറപ്പുള്ള ബ്രാഹ്മണൻ അർജുനനെ പരിഹസിക്കുന്നു. അർജുനൻ തന്റെ വിജയ കഥകളെല്ലാം ബ്രാഹ്മണനെ അറിയിക്കുന്നു. ഇന്ദ്രപുത്രനായ തന്റെ ശരകൂടാരത്തിനു മുൻപിൽ   ഭാവി സന്താനത്തിന് മരണഭയം ഉണ്ടാകും എന്ന ഭയം ലേശവും വേണ്ടെന്ന് ആശ്വസിപ്പിച്ചു. ഇനി അങ്ങയുടെ പത്നിക്ക് ഇനി ഗർഭം പൂർത്തിയാകുമ്പോൾ ഇവിടെ എത്തി എന്നെ അറിയിക്കുക. ഇനി മേലിൽ ജനിക്കുന്ന കുട്ടിയെ രക്ഷിച്ചു തരാൻ കഴിഞ്ഞില്ലാ എങ്കിൽ അഗ്നികുണ്ഡത്തിൽ ചാടി ദേഹത്യാഗം ചെയ്യുമെന്ന്  സത്യം ചെയ്യുകയും ചെയ്തു അർജുനൻ. അർജുനൻ ബ്രാഹ്മണനെ ആശ്വസിപ്പിച്ച് യാത്രയാക്കി. 

                               ശ്രീകൃഷ്ണൻ, അർജുനൻ, ബ്രാഹ്മണൻ 

"സ്വർഗ്ഗവാസികൾക്കും സുഖ വിതരണം ചെയ്യും 
ഫൽഗുന വീരനെ കേട്ടറിയുന്നില്ലയോ ഭവാൻ" എന്ന പദാട്ടം  സ്വർഗ്ഗത്തിൽ കടന്നു കൂടിയ അസുരന്മാരെ വധിച്ചത് സ്മരിച്ചു കൊണ്ടാണ് അവതരിപ്പിച്ചത്. ശരകൂടം നിർമ്മിച്ച്‌ ഖാണ്ഡവവനം അഗ്നിക്ക് ദഹിക്കാൻ നല്കിയതും ഗാന്ധീവം ലഭിച്ച കഥയും രംഗത്ത് അർജുനൻ അവതരിപ്പിച്ചു. 

 രണ്ടു സത്യം കഴിഞ്ഞ ശേഷം ഇനി ജനിക്കുന്ന ബ്രാഹ്മണപുത്രന്മാരെ രക്ഷിക്കാൻ സാധിച്ചില്ലാ എങ്കിൽ അഗ്നിയിൽ ചാടി ദേഹത്യാഗം ചെയ്യാമെന്ന് ഭഗവാൻ കൃഷ്ണന്റെ പദകമലം സ്മരിച്ച്   ഒരു സത്യം കൂടി ചെയ്യണം എന്ന്  ബ്രാഹ്മണൻ ആവശ്യപ്പെടുമ്പോൾ അർജുനൻ വിസമ്മതിക്കുകയും തുടർന്ന് ബ്രാഹ്മണൻ വിലപിച്ച് മടങ്ങുവാൻ തുടങ്ങുമ്പോൾ അർജുനൻ ബ്രാഹ്മണനെ തിരിച്ചു വിളിച്ചു സത്യം ചെയ്തു ബ്രാഹ്മണനെ തൃപ്തിപ്പെടുത്തുന്ന രീതിയാണ്‌ ഞാൻ അധികം കണ്ടു ശീലിച്ചിട്ടുള്ളത്. 
"ഇദ്ദേഹം ഒരു സാധാരണ ബ്രാഹ്മണനല്ല" എന്ന് സ്മരിച്ചു കൊണ്ട് മൂന്നാമത്തെ സത്യവും മടി കൂടാതെ ചെയ്തു കൊടുക്കുന്ന അർജുനനെയാണ് അവതരിപ്പിച്ചത്. 

                                      അർജുനനും ബ്രാഹ്മണനും

പുത്രശവവുമായി യാദവ സഭയിൽ എത്തിയ തന്റെ ദുഖത്തിന് പരിഹാരം ലഭിക്കുന്ന വാർത്ത ലഭിച്ചു എന്നും  ഭഗവാൻ കൃഷ്ണന്റെ സഹോദരീ ഭർത്താവായ അർജുനൻ ചെയ്ത സത്യവും  അർജുനനെ ആപത്ഘട്ടത്തിൽ ഭഗവാൻ ഉപേക്ഷിക്കുകയും ഇല്ലെന്ന വിശ്വാസവും ബ്രാഹ്മണൻ പത്നിയെ അറിയിക്കുന്നതാണ് മൂന്നാം രംഗം. (മൂന്നാം രംഗം അവസാനിക്കുമ്പോൾ സമയം പത്തു മണിയോട്‌ അടുത്തിരുന്നു.   ഇനിയും അമാന്തിച്ചാൽ വീട്ടിലെത്താനുള്ള യാത്രാ സൗകര്യം ഇല്ലാത്തതിനാൽ കളി മതിയാക്കി യാത്രയകേണ്ടി വന്നു.) 

                   ബ്രാഹ്മണപത്നിയും ബ്രാഹ്മണനും  (ബ്രാഹ്മണപത്നി: ശ്രീ. മധു വാരണാസി)
ശ്രീകൃഷ്ണനായി ശ്രീ. കലാമണ്ഡലം വിശാഖും അർജുനനായി ശ്രീ. കലാമണ്ഡലം രാജീവനും ബ്രാഹ്മണനായി ശ്രീ. ഫാക്റ്റ് ജയദേവ വർമ്മയും ബ്രാഹ്മണപത്നിയായി ശ്രീ. മധു, വാരണാസിയും രംഗത്തെത്തിയത്. 
 ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. കലാഭാരതി സുരേഷ് എന്നിവർ സംഗീതവും ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ്മ, ശ്രീ. കലാഭാരതി സുമേഷ് എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അജികൃഷ്ണൻ, ശ്രീ. വരനാട് (RLV) സുദേവവർമ്മ എന്നിവർ മദ്ദളവും   ശ്രീ. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും കൈകാര്യം ചെയ്തു.  കൊല്ലം, മയ്യനാട് നവരംഗം കഥകളിയോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്. 

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

"നിഴൽകുത്ത് " പ്രാകൃത ഗാനത്തിൽ നിന്നും ഒരു ആട്ടക്കഥ (ഭാഗം -2)


നിഴൽക്കുത്ത് ആട്ടക്കഥ എഴുതിയ കാലഘട്ടത്തിൽ കഥയ്ക്ക്‌ നല്ല പ്രചാരം  ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അരങ്ങുകളിൽ പ്രചാരം നിലച്ചു. കഥകളി ആചാര്യൻ ഗുരു. ചെങ്ങന്നൂരും കഥകളി ഭാഗവതർ ശ്രീ. തകഴി കുട്ടൻ പിള്ളയും നിഴൽക്കുത്തിനെ വീണ്ടും പ്രചാരത്തിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി. ഗുരു. ചെങ്ങന്നൂർ ദുര്യോധനൻ   ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ളയുടെ   മലയൻ  ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ളയുടെ  മലയത്തിയുമായി പലയിടങ്ങളിലും നിഴൽക്കുത്ത് അവതരിപ്പിച്ചു. എന്നാൽ കഥകളി അരങ്ങിൽ പതിവില്ലാത്ത മന്ത്രവാദ രംഗം ഉദ്ദേശിച്ചത്ര ശോഭിക്കുന്നില്ല എന്ന ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. അക്കാലത്ത് ഉണ്ടായിരുന്ന പല നടന്മാരെയും കൊണ്ട് മാന്ത്രികവേഷം ചെയ്യിച്ചും ഉദ്ദേശിച്ചത്ര വിജയം നേടിയില്ല. 

  നിഴൽക്കുത്ത് കഥകളിക്ക് പ്രചാരം ഉണ്ടായിരുന്ന കാലത്ത് മാന്ത്രികവേഷം ചെയ്ത് ഫലിപ്പിച്ചിരുന്ന പ്രശസ്തനായ കഥകളി ആചാര്യൻ ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകൾ  ഗുരു. ചെങ്ങന്നൂരിന്റെ സ്മരണയിൽ എത്തി. അദ്ദേഹം മാന്ത്രികനായി  രംഗത്ത് എത്തുമ്പോൾ മണ്ണെണ്ണ വായിലൊഴിച്ച് പന്തത്തിൽ ഊതുകയും മറ്റും ചെയ്ത് രംഗത്ത് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.  ശ്രീ.ചെന്നിത്തല കൊച്ചുപിള്ള പണിക്കരുടെ കൊച്ചുമകനും തന്റെ പ്രിയ ശിഷ്യനുമായ ചെന്നിത്തല ചെല്ലപ്പൻ പിള്ളയെക്കൊണ്ട് മാന്ത്രിക വേഷം ചെയ്യിച്ചു പരീക്ഷിക്കുവാൻ ഗുരു. ചെങ്ങന്നൂർ തീരുമാനിച്ചു. വിവരം ചെല്ലപ്പൻ പിള്ളയെ ഗുരു. ചെങ്ങന്നൂർ അറിയിക്കുകയും ചെയ്തു. ചെന്നിത്തല സ്വദേശിയും വേലൻ സമുദായ അംഗവുമായിരുന്ന ശ്രീ. നാരായണപണിക്കൻ ചെയ്യുന്ന ചില മാന്ത്രീക വേലകൾ എല്ലാം ശ്രീ. ചെല്ലപ്പൻ പിള്ള ശ്രദ്ധിച്ചു കണ്ടു. മന്ത്രവാദത്തിന്റെ ഒരുക്കുകൾ, മന്ത്രവാദം തുടങ്ങുന്നതിനു മുൻപുള്ള ശംഖുകറക്കൽ, മാവിൻതൂപ്പും തീപ്പന്തവും മാറിനോട് ചേർത്തുവെച്ചു തുള്ളുൽ  തുടങ്ങിയ നാരായണ പണിക്കന്റെ വിദ്യകളെല്ലാം മനസിൽ ഉറപ്പിച്ചു കൊണ്ടും ഗുരു. ചെങ്ങന്നൂരിന്റെ അനുഗ്രഹാശിസ്സുകൾ നേടിക്കൊണ്ടും   ചെല്ലപ്പൻ പിള്ളയുടെ മാന്ത്രികൻ അരങ്ങേറി. മാന്ത്രികന്റെ അവതരണത്തിൽ പ്രതീക്ഷിച്ചതിലധികം വിജയം നേടുകയും ചെയ്തു. 

         നിഴൽക്കുത്ത് കഥകളിയെ കലാലോകത്തിനു മുൻപിൽ എത്തിച്ച കലാകാരന്മാർ. 

                                                മലയത്തി : ശ്രീ. മങ്കൊമ്പ് ആശാൻ 
                                                  മലയത്തി : ശ്രീമതി. ചവറ പാറുക്കുട്ടി 


ഈ കാലയളവിൽ നിഴൽക്കുത്ത് ആട്ടക്കഥയുടെ ഓരോ രംഗവും അതിന്റെ വിവരണങ്ങളും ഓരോ ദിവസം എന്ന രീതിയിൽ അക്കാലത്തെ പ്രസിദ്ധ ദിനപ്പത്രമായ മലയാളരാജ്യത്തിൽ പ്രസിദ്ധീകരിച്ചു. അവസാനരംഗം പ്രസിദ്ധീകരിച്ച ദിവസം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ നിഴൽക്കുത്ത് കഥകളിയുടെ അവതരണവും ഉണ്ടായി. കഥകളി മണ്ഡപം ജനംകൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോൾ കളി ക്ഷേത്രാങ്കണത്തിലേക്ക് മാറ്റി. കളി വൻ വിജയമായപ്പോൾ തിരുവല്ലയിലെ മിക്ക വഴിപാട്ടു കളികൾക്കും, തുടർന്ന് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിലും നിഴൽക്കുത്തിന്റെ അവതരണത്തിന് പ്രചാരം ലഭിച്ചു. ശ്രീ. ഗുരു. ചെങ്ങന്നൂർ, ശ്രീ.ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ശ്രീ. മടവൂർ വാസുദേവൻ‌ നായർ എന്നിവരുടെ ദുര്യോധനൻ, പത്മശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള, ശ്രീ. പള്ളിപ്പുറം ആശാൻ, ശ്രീ. പന്തളം കേരളവർമ്മ എന്നിവരുടെ മലയൻ, ശ്രീ. കുടമാളൂർ കരുണാകരൻ നായർ, ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള തുടങ്ങിയവരുടെ മലയത്തി, ശ്രീ. ചമ്പക്കുളം പാച്ചുപിള്ള, ശ്രീ. കുറൂർ വാസുദേവൻ‌ നമ്പൂതിരി എന്നിവരുടെ ത്രിഗർത്തൻ ആദ്യകാലയളവിൽ ജനശ്രദ്ധ നേടിയിരുന്നു. മിക്ക കളിയരങ്ങുകളിലും മാന്ത്രികൻ ശ്രീ.  ചെല്ലപ്പൻ പിള്ള തന്നെ വേണം എന്ന നിർബ്ബന്ധം ആസ്വാദകർക്ക് ഉണ്ടായിരുന്നു.

                             മാന്ത്രികൻ (ചെന്നിത്തല ചെല്ലപ്പൻ പിള്ള)


 ദുര്യോധനനും (ഹരിപ്പാട്‌ രാമകൃഷ്ണ പിള്ള) മാന്ത്രികനും (ചെന്നിത്തല ചെല്ലപ്പൻ പിള്ള)

 മന്ത്രവാദം എന്ന രംഗം കഥകളി രംഗത്ത് ഒരു പുതുമനേടിയ സന്ദർഭത്തിൽ ഈ രംഗത്തിലെ ഒരുക്കുകൾക്ക് ഒരു സഹായി എന്ന ഉദ്ദേശത്തിൽ പരികർമ്മി എന്നൊരു കഥാപാത്രത്തെ ഉൾപ്പെടുത്തി. ശ്രീ. ചെന്നിത്തല രാഘവൻപിള്ള എന്ന കഥകളി നടനെയാണ് ശ്രീ. ചെല്ലപ്പൻ പിള്ള ആദ്യമായി ഇതിന് പരീക്ഷിച്ചത്. ശ്രീ. രാഘവൻ പിള്ള ഫലിത പ്രിയനാകയാൽ രംഗത്ത് ഈ കഥാപാത്രത്തിനു സ്ഥാനം ഉണ്ടാവുകയും ചെയ്തു.   ശ്രീ.  ചെല്ലപ്പൻ പിള്ളയുടെ അസാന്നിദ്ധ്യത്തിൽ ശ്രീ. മുട്ടാർ ശിവരാമനും  ശ്രീ. പന്തളം കേരളവർമ്മയും, ശ്രീ. മടവൂർ ആശാനും, ശ്രീ. ചമ്പക്കുളവും    മാന്ത്രികനെ അവതരിപ്പിച്ചു വിജയിപ്പിച്ചിരുന്നു. 

നിഴൽക്കുത്ത് കഥകളിക്ക് സ്വാധീനമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ പോരുവഴി മലനട ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദുര്യോധനനാണ്. മാന്ത്രികവുമായി ബന്ധമുള്ള ഈ ക്ഷേത്രത്തിൽ മദ്യവും കോഴിയും നേർച്ചയായി ഭക്തർ സമർപ്പിക്കാറുണ്ട് . ഈ ക്ഷേത്രത്തിൽ നിഴൽക്കുത്ത് കഥകളി ഉത്സവത്തിന് അവതരിപ്പിക്കുക പതിവാണ്. ദുര്യോധനന്റെ സന്തോഷമായ കഥ എന്നതാണ് അവതരണത്തിന്റെ പ്രധാന അടിസ്ഥാനം. ദുര്യോധനവധം അവതരിപ്പിക്കില്ല എന്നതും പ്രത്യേകതയാണ്. 

1972-ൽ മാവേലിക്കര - കറ്റാനം     റോഡിലുള്ള ഭരണിക്കാവ് ക്ഷേത്രത്തിൽ നിഴൽക്കുത്ത് അവതരിപ്പിക്കുകയുണ്ടായി. ചെങ്ങന്നൂർ ആശാന്റെ ശിഷ്യന്മാരാണ് പ്രധാനവേഷങ്ങൾ ചെയ്തത്. പ്രസ്തുത ക്ഷേത്രത്തിൽ പണ്ട് നിഴൽക്കുത്ത് കഥകളി അവതരിപ്പിച്ചുവെന്നും ഏതോ കാരണവശാൽ കളി പൂർത്തിയാകാതെ മുടങ്ങിയെന്നും തന്മൂലം ക്ഷേത്രത്തിന്റെ പരിസരവാസികൾക്ക് ചില അനർത്ഥങ്ങൾ ഉണ്ടായി എന്നും ഈ ദോഷം മാറുവാൻ നിഴൽക്കുത്ത് കഥകളി അവതരിപ്പിച്ച് മുഴുപ്പിക്കണം എന്നും ഒരു വിശ്വാസം ഉണ്ടായതിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട കഥകളിയാണ് അന്ന് നടത്തപ്പെട്ടത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ചില വിശ്വാസികൾ   ഈ ക്ഷേത്രത്തിൽ കഥകളി നടത്തുന്നത് ദോഷമാണ് എന്ന് വിശ്വസിക്കുന്നുണ്ട്. അതിന്റെ കാരണം എന്താണ് എന്ന് അവർക്ക്‌ അറിയുകയുമില്ല.  ഞാൻ  2006 -ൽ narthaki.com എന്ന വെബ് സൈറ്റിൽ നിഴൽക്കുത്ത് കഥകളിയെ പറ്റി ഒരു article പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച   ഭരണിക്കാവ് സ്വദേശി ശ്രീ. സുനിൽ അവർകൾ എന്നോട്  ബന്ധപ്പെടുകയും അവരുടെ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുവാൻ പാടില്ല എന്ന് തെറ്റിധാരണയുടെ മർമ്മം മനസിലാക്കുകയും ചെയ്തിരുന്നു. 

കലാമണ്ഡലം ഉൾപ്പടെയുള്ള കഥകളി സ്ഥാപനങ്ങൾ ഈ കഥയെ തള്ളിപ്പറഞ്ഞിരുന്നു. പല പ്രസിദ്ധരായ കഥകളി ഗായകരും ഈ കഥ പാടില്ല എന്ന് വാശി പിടിച്ചിട്ടുണ്ട്. ദുര്യോധനൻ എന്ന കഥാപാത്രം അച്ഛനെകൊണ്ട് കള്ള സത്യം ചെയ്യുന്നുണ്ട് എന്നൊക്കെ പല പരാതികളും കഥയ്ക്ക്‌ എതിരായി പ്രചാരം ചെയ്തു വന്നിരുന്നു. കാലക്രമേണ ഉണ്ണായിവാര്യർ സ്മാരക കലാനിലയം,  കോട്ടയ്ക്കൽ,  കലാമണ്ഡലം തുടങ്ങിയ സ്ഥാപനങ്ങളിലെ കലാകാരന്മാർ നിഴൽക്കുത്ത് കഥയിലെ വേഷങ്ങൾ ചെയ്തുതുടങ്ങി. കലാമണ്ഡലത്തിൽ തെക്കൻ കളരി ആരംഭിച്ച് വളരെ വർഷങ്ങൾ പിന്നിട്ടുവെങ്കിലും 2003-ലെ വള്ളത്തോൾ ജയന്തിക്കാണ് നിഴൽക്കുത്ത് കഥ അവിടെ അരങ്ങേറിയത്. 2005-ൽ ന്യൂഡൽഹിയിലെ ഇന്റർ നാഷണൽ കഥകളി സെൻററിൽ നിഴൽക്കുത്ത് അരങ്ങേറി. ശ്രീ. സദനം ബാലകൃഷ്ണൻ ദുര്യോധനനായും ശ്രീ. ആർ.എൽ.വി രാജേന്ദ്രൻ പിള്ള മലയാനായും ശ്രീ. തിരുവട്ടാർ ജഗദീശൻ മാന്ത്രികനായും രംഗത്തെത്തി കളി വിജയിപ്പിച്ചു. 2007-ലും 2008-ലും കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ നിഴൽക്കുത്ത് അവതരിപ്പിക്കുക ഉണ്ടായി. 
ശ്രീ. ചിറക്കര മാധവൻ കുട്ടി , ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി, ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, ശ്രീ. തോന്നക്കൽ പീതംബരൻ,ശ്രീ. ചാത്തന്നൂർ കൊച്ചുനാരായണ പിള്ള, ശ്രീ. ഓയൂർ രാമചന്ദ്രൻ, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, ശ്രീമതി ചവറ പാറുക്കുട്ടി തുടങ്ങിയവർ നിഴൽക്കുത്തിലെ വേഷങ്ങൾ അവതരിപ്പിച്ചു വിജയിപ്പിച്ചിട്ടുള്ള കലാകാരന്മാരാണ് എന്ന് പ്രത്യേകം സ്മരിക്കുന്നു. 

2007-ൽ കോട്ടയ്ക്കലിൽ പ്രസിദ്ധ കഥകളി ആചാര്യനായ ശ്രീ. കോട്ടക്കൽ ചന്ദ്രശേഖരവാര്യരുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുകയുണ്ടായി. തനിക്ക് ദക്ഷിണ കേരളം നൽകിയ കളിയരങ്ങുകളുടെ എണ്ണം നന്ദിപൂർവ്വം മനസ്സിൽ സ്മരിച്ച ശ്രീ. ചന്ദ്രശേഖരവാര്യർ പ്രസ്തുത ആഘോഷങ്ങളിൽ ഒരു ദിവസത്തെ കളിയിൽ ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരെ പങ്കെടുപ്പിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. അന്ന് നിഴൽക്കുത്തും അവതരിപ്പിച്ചിരുന്നു. ശ്രീ. ഫാക്റ്റ് മോഹനന്റെ ദുര്യോധനൻ, ശ്രീ. തലവടി അരവിന്ദന്റെ ത്രിഗർത്തൻ, ശ്രീ. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന്റെ മലയൻ, ശ്രീ. കലാമണ്ഡലം (ഓയൂർ) രാമചന്ദ്രൻറെ മലയത്തി, ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടിയുടെ മാന്ത്രികനുമായി അവതരിപ്പിച്ച നിഴൽക്കുത്ത് കോട്ടയ്ക്കലിലെ ആസ്വാദകരുടെ മനം കവർന്നു. ഇതിൻ കാരണമായി 2008 -ലെ ഉത്സവക്കളിക്ക് നിഴൽക്കുത്ത് കഥകളി കാണണം എന്നുള്ള  ആസ്വാദകരുടെ താൽപ്പര്യ പ്രകാരം ആദ്യദിവസത്തെ കളിക്ക് തന്നെ നിഴൽക്കുത്ത് അവതരിപ്പിക്കുകയുണ്ടായി.  

പണ്ടത്തെ കലാകാരന്മാർ നിഴൽക്കുത്ത് എങ്ങിനെ അവതരിപ്പിച്ചിരുന്നു എന്നതിന് അധാരമായുള്ളത് 1980 -കളിൽ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ അവതരിപ്പിച്ച നിഴൽക്കുത്ത് കഥയിലെ ചില രംഗങ്ങൾ അടങ്ങിയ ഒരു വീഡിയോ മാത്രമാണ് ആധാരമായുള്ളത്. അതിന്റെ കോപ്പി മിക്ക കലാകാരന്മാരുടെ കൈവശവും ഉണ്ടാകാനാണ് സാധ്യത. ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള (ദുര്യോധനൻ), ശ്രീ.മങ്കൊമ്പ് ശിവശങ്കരപ്പിള്ള (മലയൻ), ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടി (മലയത്തി), ശ്രീ. തലവടി അരവിന്ദൻ (ത്രിഗർത്തൻ), ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള (മാന്ത്രികൻ), ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ (സംഗീതം) ശ്രീ. ആയാംകുടി കുട്ടപ്പൻ മാരാർ (ചെണ്ട) എന്നീ കലാകാരന്മാരാണ് പങ്കെടുത്തിട്ടുള്ളത്. 


നിഴൽക്കുത്ത് കഥകളി ഇന്ന് തെക്കു മാത്രമല്ല കേരളത്തിന്റെ വടക്കൻ പ്രദേശത്തും അവതരിപ്പിക്കാറുണ്ട്. സ്ഥാപനങ്ങളിൽ കഥകളി അഭ്യസിച്ച മികച്ച കലാകാരന്മാരാണ് കഥ അവതരിപ്പിക്കുന്നത്‌. 'ലോകധർമ്മി'യായ നിഴൽക്കുത്ത് കഥകളി 'നാട്യധർമ്മി'കളായ കലാകാരന്മാരിൽ കൂടെ എന്നെന്നും ശോഭിക്കട്ടെ എന്ന് ആശംസിക്കാം.