പേജുകള്‍‌

2012, ജനുവരി 17, ചൊവ്വാഴ്ച

അരങ്ങിലും അരങ്ങിനു പിന്നിലും - 2 (ശ്രീകൃഷ്ണ- കപടനിദ്ര)

1970- 80 കാലഘട്ടത്തില്‍    മാവേലിക്കരയ്ക്ക് സമീപമുള്ള ചെറുകോല്‍  ശ്രീ.  ശുഭാനന്ദാശ്രമത്തില്‍ കഥകളി പതിവായി നടന്നിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍  അവിടെ നടക്കുന്ന  കളിക്ക് പതിവുകാരന്‍ ആയിരുന്നതിനാല്‍   ആ ഭാഗത്തുള്ള കഥകളി സ്നേഹികള്‍ക്ക്  ആശാന്‍ വളരെ സുപരിചിതന്‍   ആയിരുന്നു. ഒരു കളിക്ക് അവിടെ നളചരിതം ഒന്നാം ദിവസവും കീചകവധവുമായിരുന്നു നിശ്ചയിച്ചിരുന്ന കഥകള്‍. ആശാന്റെ ഒന്നാം ദിവസത്തെ നളന്‍ , ചെന്നിത്തല ആശാന്റെ  ഹംസവും വലലനും, ഹരിപ്പാട്ട് ആശാന്റെ കീചകന്‍ എന്നിങ്ങിനെ പ്രധാന വേഷങ്ങള്‍. കളി ദിവസം വൈകിട്ട് ആശ്രമത്തിലെ കഥകളി "വധത്തില്‍" അവസാനിപ്പിക്കുന്നതിനോട് ആശ്രമവാസികളില്‍  ചിലര്‍ക്ക്  അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും  വിവരം സ്വാമിജിയുടെ ശ്രദ്ധയില്‍ എത്തിയപ്പോള്‍ കിരാതം കഥ നടത്തി കഥകളി അവസാനിപ്പിക്കണം എന്ന്  സ്വാമിജിയുടെ നിര്‍ദ്ദേശം ഉണ്ടായി. ഈ  വിവരം കഥകളിയുടെ ചുമതലക്കാരെ അറിയിച്ചപ്പോള്‍  ഒന്നാം ദിവസവും കീചകവധവും കഴിഞ്ഞ് കിരാതം കഥ അവതരിപ്പിക്കുന്നതിനെ പറ്റി ആലോചന നടത്തി. അപ്പോള്‍ ഒന്നാം ദിവസത്തെ ഹംസം കഴിഞ്ഞു ചെന്നിത്തല ആശാന്‍  കിരാതത്തിലെ കാട്ടാളന്‍ വേഷം കെട്ടണം എന്നായി തീരുമാനം. വലലന്‍ കെട്ടുവാന്‍ വേഷക്കാരന്‍ ഇല്ല.   ഒരേ ഒരു മാര്‍ഗ്ഗം കൃഷ്ണന്‍ നായര്‍ ആശാന്‍ വലലന്‍ കെട്ടുക എന്നതാണ്. ഒരു കാലത്ത് ആശാന്‍ ഒരു കളിക്ക് രണ്ടു വേഷങ്ങള്‍ സ്ഥിരമായി ചെയ്തിരുന്നു എന്നാല്‍ പിന്നീട്   ഒരു കളിക്ക് ഒരു  വേഷമേ ചെയ്യൂ എന്ന നിര്‍ബ്ബന്ധം പ്രസ്തുത കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനാല്‍  ആശാനോട് ഈ വിവരം സൂചിപ്പിക്കുവാന്‍ കലാകാരന്മാരോ കഥകളിയുടെ ചുമതലക്കാരോ   മുന്‍വന്നതുമില്ല.  കീചകവധത്തിനു  പകരം കഥ രംഭാപ്രവേശമായാല്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ കളി നടക്കും എന്ന്  ചെന്നിത്തല ആശാന്‍ മുന്‍വെച്ച  അഭിപ്രായം അവിടെ സ്വീകാര്യമായാതുമില്ല.
 
ചെറുകോല്‍,  ചെന്നിത്തലയുടെ സമീപ പ്രദേശമാണ്. അതുകൊണ്ട്‌ നാട്ടുകാരനായ ചെന്നിത്തല ആശാന് സ്ഥലത്ത് നടക്കുന്ന കഥകളി വിജയിപ്പിക്കുവാന്‍ കടമയുണ്ട് എന്നും കൃഷ്ണന്‍ നായര്‍ ആശാനേ കൊണ്ട് എങ്ങിനെയെങ്കിലും  വലലവേഷം ചെയ്യിപ്പിക്കേണ്ട  ചുമതല ചെന്നിത്തല ആശാനെ ഏല്‍പ്പിക്കുന്നു എന്നുമായി   കളിയുടെ ചുമതലക്കാര്‍. 

കൃഷ്ണന്‍ നായര്‍ ആശാന്‍ ചില സമയങ്ങളില്‍ രണ്ടു വേഷം ചെയ്യില്ല എന്ന തീരുമാനത്തില്‍ നിന്നും അയഞ്ഞു വന്നിട്ടുള്ള അനുഭവങ്ങള്‍  ചെന്നിത്തല ആശാന്‍ സ്മരിക്കുവാനും മറന്നില്ല. അത്തരം ഒരു അനുഭവം കൊല്ലം ജില്ലയിലെ കുണ്ടറ,  പള്ളിമണ്‍ ക്ഷേത്രത്തില്‍ ഉണ്ടായിട്ടുണ്ട്.  ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും  ശ്രീ. രാമന്‍കുട്ടി ആശാനും ഒന്നിച്ചുള്ള ഒരു സൌഗന്ധികം   കഴിഞ്ഞ ശേഷം    കിരാതം കഥയില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ കാട്ടാളസ്ത്രീ കാണണം എന്ന ഒരു മോഹം അവിടെയുള്ള ആസ്വാദകര്‍ക്ക്   ഉണ്ടായി. ആശാന്‍ വിസമ്മതം ഒന്നും പറയാതെ രാമന്‍കുട്ടി നായര്‍ കാട്ടാളന്‍ കെട്ടിയാല്‍ ഞാന്‍ കാട്ടാളസ്ത്രീ  ചെയ്തു കൊള്ളാം എന്ന് സമ്മതിക്കുക ഉണ്ടായി. ശ്രീ. രാമന്‍കുട്ടി ആശാന്‍  ഒരു കളിക്ക് ഒരു വേഷമേ ചെയ്യൂ എന്ന നിര്‍ബ്ബന്ധ സ്വഭാവം ഉള്ളതിനാല്‍ അദ്ദേഹം കാട്ടാളന്‍ ചെയ്യുവാന്‍ തയ്യാറാവുകയില്ല  എന്ന വിശ്വാസത്തോടെയാണ്  ഈ സമ്മതം നല്‍കിയത്. എന്നാല്‍ രാമന്‍കുട്ടി ആശാന്‍ ഒട്ടും മടി കാണിക്കാതെ കാട്ടാളന്‍ ചെയ്യാന്‍ തയ്യാറായപ്പോൾ    കൃഷ്ണന്‍ നായര്‍ ആശാന്‍ കാട്ടാളസ്ത്രീ കെട്ടുകയും ചെയ്തു.

എന്റെ പരിശ്രമം വിഫലമായി കൃഷ്ണന്‍ നായര്‍ ആശാന്‍ വലലന്‍ കെട്ടാന്‍ തയ്യാറാകാതെ വന്നാല്‍   നാം എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി ഒരു തീരുമാനം കൂടി ഇപ്പോള്‍ ഉണ്ടാകണം എന്ന  ചെന്നിത്തല ആശാന്റെ അഭിപ്രായത്തിന്  ദുര്യോധനനെ വധിക്കാത്ത ദുര്യോധനവധവും , കാലകേയനെയും, ലവണാസുരനെയും, ബാണനെയും, കിർമ്മീരനെയും           അരങ്ങത്തു എത്തിക്കാതെ   കാലകേയവധം , ലവണാസുരവധം ,  ബാണയുദ്ധം,  കിർമ്മീരവധം എന്നിങ്ങിനെ കഥകള്‍ നിശ്ചയിച്ചുകൊണ്ട്    പ്രസ്തുത കഥകളിലെ  ഭാഗങ്ങള്‍ മാത്രം അവതരിപ്പിച്ചു കഥകളി നടത്തുന്ന രീതിയെ പോലെ കീചകവധത്തിലെ   വലലന്‍ ഒഴിച്ചുള്ള ഭാഗങ്ങള്‍ മാത്രം അവതരിപ്പിച്ചാൽ മതി എന്ന ഉറച്ച അഭിപ്രായം കളിയുടെ ചുമതലക്കാരില്‍ നിന്നും ഉണ്ടായപ്പോള്‍  മറ്റു മാര്‍ഗ്ഗം ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചുമതലക്കാരുടെ താല്‍പ്പര്യം പോലെ തന്നെ  കളി നടക്കട്ടെ എന്ന് ചെന്നിത്തല ആശാനും തീരുമാനിച്ചു.  

കളിയുടെ ചുമതലക്കാരില്‍  സ്വാതന്ത്ര്യമുള്ള ഒരുവനെ സമീപിച്ചു കൃഷ്ണന്‍ നായര്‍ ആശാനെ ഒന്നു സന്തോഷിപ്പിക്കണം അതിനു എവിടെ നിന്നെങ്കിലും അല്‍പ്പം സാധനം    സംഘടിപ്പിക്കണം എന്നും  ആശാന്‍ അത് സ്വീകരിച്ചാല്‍ വലലന്‍ ഉണ്ടാകും എന്നും ചെന്നിത്തല ആശാന്‍ പറഞ്ഞപ്പോള്‍ അതിനെന്താ ഒരു അര മണിക്കൂര്‍, അതിനുള്ളില്‍  സാധനം റെഡി എന്നു പറഞ്ഞു അദ്ദേഹം പോയി സാധനം കൊണ്ടുവന്നു ചെന്നിത്തല ആശാനേ ഏല്‍പ്പിക്കുകയും ചെയ്തു.  കഥയുടെയും വേഷവിവരങ്ങളുടെയും ലിസ്റ്റില്‍ വലലന്‍ ഒഴിച്ചുള്ള  എല്ലാ വേഷങ്ങള്‍ ചെയ്യുന്ന നടന്മാരുടെ പേര് എഴുതി അണിയറയില്‍ വെച്ചിട്ടുണ്ട്.


   കൃഷ്ണന്‍ നായര്‍ ആശാനും മറ്റു നടന്മാരും വേഷം തീരുന്നതിന്റെ തിരക്കിലാണ്. അപ്പോള്‍ കഥകളി ഭാഗവതര്‍ ശ്രീ . തകഴി കുട്ടന്‍ പിള്ള,  ചെണ്ട വിദഗ്ദന്‍ ശ്രീ. വരണാസി മാധവന്‍ നമ്പൂതിരി തുടങ്ങിയവര്‍    കീചകന്റെ വേഷം തേച്ചു കൊണ്ടിരുന്ന  ഹരിപ്പാട്ടു ആശാനെ നോക്കി "ഇന്നത്തെ  കീചകനു മരണം ഇല്ല" എന്ന് ഫലിതം  പറയുകയും ചെയ്തിരുന്നു. ഈ ഫലിത വാക്കുകൾ കൃഷ്ണൻ നായര്‍ ആശാന്റെ കാതിലും എത്തും വിധമായിരുന്നു പ്രയോഗിച്ചിരുന്നത്. 

 കൃഷ്ണന്‍ നായര്‍  ആശാന്‍ നളന്‍ കഴിഞ്ഞു  വേഷം അഴിച്ചിട്ടു അണിയറയിലെ ആട്ടപ്പെട്ടിയുടെ പിറകില്‍ വിശ്രമിക്കുവാന്‍  കിടന്നു.  ഒന്നാം ദിവസം കളി കഴിഞ്ഞു  കീചകന്‍ അരങ്ങത്തേക്ക് പോയി. ചെന്നിത്തല ആശാന്‍ ഹംസം തുടച്ചിട്ടു കാട്ടാളന്റെ വേഷത്തിന്റെ തേപ്പും മൂക്കിലെ പൂവും പിടിപ്പിച്ച ശേഷം അണിയറ കലാകാരനെ വിളിച്ചു വലലന്റെ വേഷത്തിനുള്ള എല്ലാ കളികോപ്പുകളും ഒരുക്കി വെയ്ക്കുവാന്‍ പറഞ്ഞിട്ട്  ബാഗ് തുറന്നു ആശാനേ സല്ക്കരിപ്പിക്കുവാന്‍ കരുതിയിരുന്ന സാധനവും ഒരു ഗ്ലാസ്സും, ആവശ്യത്തിന്  വെള്ളവും എടുത്തു കൊണ്ട് ആശാന്റെ സമീപമിരുന്നു. 


ആശാനേ! എന്ന ചെന്നിത്തല ആശാന്റെ വിളികേട്ടു കൃഷ്ണന്‍ നായര്‍ ആശാന്‍  "ഉം" എന്ന് ഒന്ന് മൂളി. അടുത്ത വിളിക്ക് ഉറക്കച്ചടവോടെ ആശാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍  ചെന്നിത്തല ആശാന്‍   കരുതിയിരുന്ന സാധനം കൃഷ്ണന്‍ നായര്‍ ആശാന്റെ മുന്‍പില്‍ വെച്ചു.  ഒരു നിമിഷം നിശബ്ദനായി കിടന്ന ശേഷം ആശാന്‍ ഇതെന്താണ് എന്ന് ചോദിച്ചു. ചെന്നിത്തല ആശാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അല്‍പ്പനേരം മൌനമായി ഇരുന്ന ശേഷം ആശാനെ, ഒരു വലലന്‍ വേണം എന്ന് പറഞ്ഞു. 
അപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ " എന്റെ ഒരു വേഷത്തിന്  താന്‍ വില കല്‍പ്പിച്ചിരിക്കുന്നത് ഇതാണ് അല്ലെ? കൃഷ്ണന്‍ നായര്‍ക്കു അല്‍പ്പം സാധനം വാങ്ങിക്കൊടുത്താല്‍ അയാള്‍ എന്തും ചെയ്യും എന്നാണ് നിങ്ങള്‍ എല്ലാം ധരിച്ചിരിക്കുന്നത്‌ അല്ലെ?  എന്നൊക്കെയുള്ള  ചോദ്യങ്ങള്‍  തുടങ്ങി.  ചെന്നിത്തല ആശാന്‍ മറുപടി ഒന്നും പറയാതെ ആശാന്റെ മുഖത്തേക്ക് ദയാപൂര്‍വ്വം നോക്കിക്കൊണ്ടിരുന്നു.


അരങ്ങില്‍ കീചകന്റെ " ഹരിണാക്ഷീജന മൌലിമണേ! നീ " എന്ന പദം പാടുന്നത് കേട്ടപ്പോള്‍ ആശാന്‍ വേഗം എഴുനേറ്റു. തനിക്കുവേണ്ടി കൊണ്ടുവന്ന സാധനം ഗ്ലാസില്‍ ഒഴിച്ച് രണ്ടു പ്രാവശ്യമായി ഉപയോഗിച്ച ശേഷം  എഴുനേറ്റു വേഷം കെട്ടുവാന്‍  തയ്യാറായി.  ഉടുത്തിരുന്ന മുണ്ട് സൌകര്യത്തിനു മുറുക്കി കെട്ടി,   കച്ചമണി എടുത്തു കാലില്‍ കെട്ടി.  ഇടുപ്പുമെത്ത എടുത്തു അരയില്‍ കെട്ടി, ഉടുത്തുകെട്ട് ചില നിമിഷങ്ങള്‍ കൊണ്ട് തീര്‍ത്തു.  (സാധാരണ മുഖം മിനുക്കിയ ശേഷമാകും ഉടുത്തു കെട്ട് നടന്‍ തീര്‍ക്കുക എന്നത് ഇവിടെ സ്മരിച്ചു കൊള്ളട്ടെ)  ഉത്തരീയം  എടുത്തു കെട്ടിയ ശേഷം അണിയറ വിളക്കിനു മുന്‍പില്‍ ഇരുന്നു കൊണ്ട്  ചായം എടുത്തു  ഇരുകൈകളിലും നല്ലതുപോലെ     മുഖത്തു തേച്ചു പിടിപ്പിച്ചു. പിന്നീടു ഇരു കൈകളിലെ ചൂണ്ടു വിരല്‍ കൊണ്ട് കറുപ്പ് മഷി തോണ്ടി എടുത്തു കണ്ണും പിരികവും വരച്ച ശേഷം വീണ്ടും ഒരു തവണ  കറുപ്പ് മഷി എടുത്തു ഇരുകൈകള്‍ കൊണ്ട് രണ്ട് മീശയും വരച്ച്  തലയിലെ  കെട്ടും വളരെ വേഗം ചെയ്ത ശേഷം കണ്ണാടി എടുത്തു മുഖം നോക്കി. വേഷം അസ്സലായിട്ടുണ്ട് എന്ന സംതൃപ്തി ആശാന്റെ മുഖത്തു തെളിഞ്ഞു. വലലന്‍ റെഡി. ആശാന്‍ എഴുനേറ്റ് വിളക്കിനു മുന്‍പില്‍ തൊഴുതു കഴിഞ്ഞപ്പോള്‍  വലലന്റെ ആയുധമായ  "ചട്ടുകം" എടുത്തു  ചെന്നിത്തല ആശാന്‍ വലലനെ ഏല്‍പ്പിച്ചു.

രംഗാവസാനത്തില്‍ (ഹരിണാക്ഷീ) സൈരന്ധ്രിയും പിന്നാലെ കീചകനും അരങ്ങില്‍ നിന്നും വെളിയില്‍ എത്തി.    തനിക്കു വധം ഉണ്ടാകുമോ ഇല്ലയോ എന്ന ആശയ കുഴപ്പത്തോടെ    അരങ്ങില്‍ നിന്നും വെളിയില്‍ എത്തിയ കീചകന്  മരണം നിശ്ചയം എന്ന് ഉറപ്പു വരുത്തിക്കൊണ്ട് അരങ്ങിലേക്കെത്തുവാന്‍ തയ്യാറായി നില്‍ക്കുന്ന വലലന്റെ രൂപം  കണ്ടപ്പോഴാണ്  "തന്നെ കൊല്ലുവാന്‍ ഈ വലലന്‍ തന്നെ വേണം "   അത്രയ്ക്ക്  ബലം തനിക്കുണ്ട് എന്ന് ഹരിപ്പാട്ട് ആശാന്റെ  കീചകന്‍ മനസിലാക്കിയത്.


അരങ്ങും അണിയറയുമായുള്ള  ബന്ധം നിരീക്ഷിച്ചു കൊണ്ട് കലാധര്‍മ്മം നിറവേറ്റുന്ന കഥകളി ഗായകനായിരുന്ന തകഴി കുട്ടന്‍ പിള്ള ഭാഗവതര്‍  "ഇത്ഥം  തേനാനു നീതാ മുഹുരപി കുഹനാ മസ്കരീന്ദ്രേണ ഭര്‍ത്ത്രാ" എന്ന ശ്ലോകം പാടി തിരശീല നീങ്ങിയപ്പോള്‍ അരങ്ങില്‍ കിടക്കുന്ന മാംസമല വലലനെ    കണ്ടപ്പോള്‍ത്തന്നെ  ആസ്വാദകരുടെ ബലത്ത കരഘോഷം ഉണ്ടായി. 


കളി ഭംഗിയായി അവസാനിച്ചു. ആശാന്റെ വലലന്‍ ഏല്ലാവര്‍ക്കും ഇഷ്ടമായി. കളിപ്പണം നല്‍കുമ്പോള്‍ സ്വാമിജി വലലന്‍ കേമമമായി എന്ന് ആശാനോട്‌ പറഞ്ഞു. ആശാനും വിട്ടില്ല,  എല്ലാവരെയും കൃഷ്ണന്‍ സന്തോഷിപ്പിച്ചു എന്നാല്‍  കൃഷ്ണന് സന്തോഷമായോ എന്ന് ആരും അന്വേഷിച്ചില്ല എന്ന് ആശാന്‍ മറുപടി പറഞ്ഞപ്പോള്‍ സ്വാമിജിക്കു വിഷയം ബോദ്ധ്യമാവുകയും ആശാന് കളിപ്പണം കൂട്ടി കൊടുക്കുകയും ചെയ്തു. കൃഷ്ണന്‍ നായര്‍ ആശാനെക്കൊണ്ട്  വലലന്‍ കെട്ടിച്ച  ഈ കഥ പിന്നീടു പല പല അണിയറകളിലും   നേരമ്പോക്കിനായി പറയുമ്പോള്‍    വലലന്റെ വേഷം ചെയ്യുവാന്‍ തന്നെ സമീപിക്കും എന്ന പ്രതീക്ഷയോടെ  ഒരു "ശ്രീകൃഷ്ണ- കപടനിദ്രയില്‍" ആയിരുന്നു കൃഷ്ണന്‍ നായര്‍ ആശാന്‍ എന്ന് ചെന്നിത്തല ആശാന്‍ അഭിപ്രായപ്പെട്ടിരുന്നു.

2012, ജനുവരി 1, ഞായറാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -1 (ചില അരങ്ങു കഥകൾ)

കഥകളി വേഷങ്ങളുടെ   അവതരണത്തില്‍ ഓരോ കഥകളി കലാകാരന്മാരിലും കാണുന്ന സവിശേഷമായ  കഴിവുകള്‍ പോലെ ഭംഗിയായും വളരെ വേഗത്തിലും വേഷം തീരുന്നതിലും  ചില കഥകളി നടന്മാര്‍ക്ക്   സവിശേഷമായ  കഴിവുകള്‍ ഉണ്ട്.  വളരെ വേഗത്തിലുള്ള മുദ്രകളുടെ അവതരണം (ഫാസ്റ്റ് മുദ്ര)  പ്രസിദ്ധ കഥകളി കലാകാരനായ ശ്രീ. സദനം കൃഷ്ണന്‍കുട്ടിയുടെ സവിശേഷത തന്നെയാണ്. അതു  പോലെ വേഗം വേഷം തീരുന്നതിലും അദ്ദേഹത്തിനു പ്രത്യേക കഴിവ് ഉണ്ട്. 
മലപ്പുറം ജില്ലയില്‍ ഒരിക്കല്‍ ഒരു കളിക്ക് ശ്രീ. കോട്ടയ്ക്കല്‍ കൃഷ്ണന്‍ കുട്ടി നായര്‍ ആശാന്റെ ബാഹുകനും ശ്രീ. സദനം കൃഷ്ണന്‍ കുട്ടിയുടെ വെളുത്തനളനും ആയിരുന്നു. ബാഹുകന്റെ ആദ്യരംഗത്തു തന്നെ ശ്രീ. കോട്ടയ്ക്കല്‍ കൃഷ്ണന്‍ കുട്ടി നായര്‍ ആശാനു ശാരീരികമായി അസ്വസ്ഥത  അനുഭവപ്പെട്ടു. വെളുത്തനളന്‍ കഴിഞ്ഞു ചുട്ടിയൊഴികെയുള്ള വേഷം അഴിച്ച ശേഷം അരങ്ങിലെ സ്ഥിതി അറിഞ്ഞ ശ്രീ. സദനം കൃഷ്ണന്‍കുട്ടി പിന്നീടുള്ള രംഗത്തേക്ക് പെട്ടെന്ന്  ബാഹുകവേഷം തീര്‍ന്നു  സമയ താമസം  കൂടാതെ കളി നടത്തിയ കഥയുണ്ട്. 

കൊല്ലം ജില്ലയിലെ പട്ടാഴി ദേവീക്ഷേത്രത്തില്‍  നടന്ന ഒരു കളിക്ക് ശ്രീ. ചെന്നിത്തല ആശാന്‍ എത്താതിരുന്നപ്പോള്‍ അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന കര്‍ണ്ണശപഥം കഥയിലെ കര്‍ണ്ണന്റെ വേഷം   ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി കീചകവധത്തില്‍ കീചകന്‍  കഴിഞ്ഞിട്ട് (കത്തി വേഷം കഴിഞ്ഞ് ഒരു പച്ച വേഷം) അടുത്ത കഥയിലെ  കര്‍ണ്ണനായി    അരങ്ങില്‍ എത്തിയ അനുഭവം ഉണ്ട്.

 ശ്രീ. മടവൂര്‍ ആശാന്‍ ഒരു കത്തിവേഷം തീര്‍ന്നു വരുവാന്‍ മൂന്നു മുതല്‍ മൂന്നര മണിക്കൂറോളം  സമയം എടുക്കാറുണ്ട്. വേഷം വളരെ വൃത്തിയായി തീരണം എന്ന് അദ്ദേഹത്തിനുള്ള നിര്‍ബ്ബന്ധം തന്നെയാവണം ഇതിനു പിന്നില്‍ . ഒരിക്കല്‍ ചെങ്ങന്നൂരിനു സമീപമുള്ള തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിലെ കളിക്ക് ബാലിവിജയവും  കംസവധവും ആയിരുന്നു നിശ്ചയിച്ചിരുന്ന കഥകള്‍. ശ്രീ. മടവൂര്‍ ആശാന്‍  ബാലിവിജയത്തിലെ രാവണന്‍ കഴിഞ്ഞ് കംസവധത്തിലെ (കത്തി വേഷം കഴിഞ്ഞ് അടുത്ത കഥയിലെ ഒരു പച്ച വേഷം) അക്രൂരനായി  അരങ്ങിലെത്തിയതും സ്മരണാര്‍ഹമാണ്‌.  അവിചാരിതമായുണ്ടാകുന്ന സാഹചര്യങ്ങളില്‍ സഹകരണ മനോഭാവത്തോടെ അരങ്ങില്‍ പ്രവര്‍ത്തിച്ചിട്ടുള്ള    കഥകളി കലാകാരന്മാര്‍ ധാരാളം ഉണ്ട്. 


കലാകാരന്മാര്‍   മദ്യപിച്ചുകൊണ്ട്  കളിക്കെത്തി  രംഗത്തു  പ്രവര്‍ത്തിക്കുവാന്‍ സാധിക്കാതെ കളി മുടങ്ങുകയോ   അലങ്കോലമാക്കുകയോ    ചെയ്തിട്ടുള്ള  സംഭവങ്ങള്‍ ധാരാളം ഉണ്ട്. ദക്ഷിണ കേരളത്തില്‍ സ്ത്രീവേഷത്തിനു വളരെ  പ്രസിദ്ധനായ    നടനായിരുന്നു  ശ്രീ. ചിറക്കര മാധവന്‍ കുട്ടി.  അദ്ദേഹത്തിന്‍റെ പതനത്തിനു  മുഖ്യ കാരണം മദ്യാസക്തിയായിരുന്നു.
1978-1979 -കാലത്ത്   കൊല്ലം ആശ്രാമം  ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന രണ്ട് ദിവസത്തെ ഉത്സവക്കളികളില്‍  ആദ്യദിവസം പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ നളനോടൊപ്പം ദമയന്തിയായി അരങ്ങില്‍ എത്തിയ ചിറക്കര അമിതമായി മദ്യപിച്ചിരുന്നു.   ആദ്യ രംഗം ഒരു തരത്തില്‍ കഴിച്ചു കൂട്ടി. പുഷ്കരനുമായുള്ള നളന്റെ ചൂതുകളി രംഗം ആയപ്പോള്‍ അരങ്ങില്‍ സഹിക്കാനാവാത്ത വികൃതികള്‍ കാട്ടിത്തുടങ്ങി. ഒടുവില്‍ തിരശീല പിടിച്ചു കൊണ്ട് ദമയന്തിയുടെ കയ്യിനും കാലിനും പിടിച്ചു അരങ്ങില്‍ നിന്നും തൂക്കി അണിയറയ്ക്കു കൊണ്ട് വരേണ്ടിവന്നു. പിന്നീടു കളിയോഗത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യനെ ദമയന്തിയായി രംഗത്തേക്ക് അയച്ചു കളി നടത്തി. കഥകളി നടത്തിപ്പുകാര്‍ ആരും തന്നെ ശ്രീ. ചിറക്കരയോടു പ്രതികരിച്ചില്ല.  പകരം  അടുത്ത ദിവസം അവിടെ നടക്കുവാനിരിക്കുന്ന കാലകേയവധം കഥകളിയില്‍ ശ്രീ. ചിറക്കരയുടെ ഉര്‍വശി കാണണം എന്ന താല്‍പ്പര്യത്തോടെ ഒരു കൂട്ടം ആസ്വാദകര്‍ അദ്ദേഹത്തിനെ   തങ്ങളുടെ സംരക്ഷണയില്‍ വെച്ചുകൊണ്ട്, അദ്ദേഹത്തിനു  മദ്യ ഗന്ധം പോലും ഏല്‍പ്പിക്കാതെ ശ്രദ്ധിച്ചു  . പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ കാലകേയവധത്തില്‍ അര്‍ജുനനോടൊപ്പം  അന്ന് ശ്രീ. ചിറക്കര ഉര്‍വ്വശി കെട്ടി ആസ്വാദകരുടെ പ്രശംസയ്ക്ക്   പാത്രമാവുകയും ചെയ്തു.

രണ്ടു കലാകാരന്മാര്‍ അമിതമായി മദ്യപിച്ചു കളിക്കു എത്തി     ഏറ്റവും അലങ്കോലമായ   ഒരു കളിയരങ്ങ് കായംകുളത്തിന് സമീപമുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിലാണ് എനിക്ക് അനുഭവപ്പെട്ടത്. നളചരിതം ഒന്നാം ദിവസവും ബാലിവിജയവും ആയിരുന്നു നിശ്ചയിച്ചിരുന്ന  കഥകള്‍. രാവണനടനും  അദ്ദേഹത്തിന്‍റെ മുഖത്തു ചുട്ടി കുത്തുവാന്‍ പ്രത്യേകം ക്ഷണിച്ചിരുന്ന കലാകാരനും ചേര്‍ന്ന്  അമിതമായി മദ്യപിച്ചുകൊണ്ടാണ് കളിസ്ഥലത്ത് എത്തിയത്. നടന്‍ മുഖത്തെ തേപ്പു കഴിഞ്ഞു ചുട്ടിക്കു കിടന്നു. അമിത ലഹരിയിലിരുന്ന  ചുട്ടി കലാകാരന്‍, നടന്റെ  മുഖത്തു  എന്തൊക്കെയോ ചെയ്തു പേപ്പര്‍ പിടിപ്പിച്ചു എന്ന് പറയുന്നതാവും ഭേദം. ആദ്യ കഥയായ  നളചരിതത്തിലെ  ദമയന്തിയും തോഴിയും അരങ്ങിലേക്ക് പോകുമ്പോള്‍   അണിയറയില്‍ ചുട്ടി തീര്‍ന്നു രാവണനടന്‍ എഴുനേറ്റിരുന്നു കൊണ്ട് കണ്ണാടി എടുത്തു ചുട്ടിയുടെ ഭംഗി നോക്കി. അദ്ദേഹത്തിനു ചുട്ടി തീരെ പിടിച്ചില്ല. മദ്യലഹരിയില്‍ ഒന്നും ആലോചിക്കാതെ ചുട്ടി കലാകാരനോട് ദേക്ഷ്യപ്പെട്ടു എന്തോ പറഞ്ഞു കൊണ്ട് മുഖത്തെ ചുട്ടി പറിച്ചു കളഞ്ഞിട്ട്‌ കൈകൊണ്ട്   മുഖത്തെ തേപ്പും  വികൃതമാക്കി. ഇനി ഒരു കത്തി വേഷം തീര്‍ന്നു ബാലിവിജയം നടത്തുവാനോ, വേറൊരു കഥ നടത്തുവാനോ  പറ്റാതെ കളി മുടങ്ങുമെന്ന് തീര്‍ച്ചയായപ്പോള്‍  പ്രകോപിതരായ  ഉത്സവ കമ്മിറ്റിക്കാര്‍ രാവണനടനെയും ചുട്ടി ആര്‍ട്ടിസ്റ്റിനെയും  കയ്യേറ്റം ചെയ്യുമെന്ന നിലയിലായി . കഥകളിയോഗം മാനേജര്‍ ഇതിനിടെ എങ്ങിനെയോ ഈ രണ്ടു കലാകാരന്മാരെയും അവിടെ നിന്നും തന്ത്രപൂര്‍വ്വം അകറ്റിയിരുന്നു.


ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന നളചരിതോല്‍സവം കളിയുടെ സമാപനദിവസം ദമയന്തി വേഷത്തിന് എത്തിയ നടന്‍ ഏവൂരില്‍ ബസ്സില്‍ വന്നിറങ്ങുമ്പോള്‍ കാലു നിലത്തുറയ്ക്കാനാവാത്ത  വിധം മദ്യലഹരിയില്‍ ആയിരുന്നു. ഈ വിവരം അറിഞ്ഞ എവൂരിലുള്ള ഒരു കഥകളി കലാകാരന്‍ ആ നടനെ തന്റെ  വീട്ടില്‍ കൂട്ടിപ്പോയി ലഹരി കുറയ്ക്കുവാനുള്ള തൈരും മറ്റു ആഹാരങ്ങളും  നല്‍കി വിശ്രമിപ്പിച്ച ശേഷമാണ് ക്ഷേത്രത്തിലേക്ക് കൂട്ടി വന്നത്.  തിരുവനന്തപുരത്ത് ഒരു കളിയരങ്ങില്‍ വെച്ച് മദ്യലഹരിയില്‍ അരങ്ങിലെത്തിയ  ദമയന്തി ഒരു പ്രസിദ്ധ കഥകളി ആചാര്യന്റെ ഹംസ വേഷത്തിന്റെ ചുണ്ടുപറിച്ച സംഭവവും അനുഭവത്തിലുണ്ട്.
 

 ശ്രീ. ഓയൂര്‍ ആശാന്റെ ഹംസവും ശ്രീ. ചിറക്കര മാധവന്‍ കുട്ടിയുടെ ദമയന്തിയുമായി   പോത്തന്‍കോട്ടു കഥകളി ക്ലബ്ബില്‍ നളചരിതം ഒന്നാം ദിവസം അവതരിപ്പിച്ചപ്പോള്‍ അന്ന്‌ നളന്റെ വേഷത്തിന് ക്ഷണിക്ക പെട്ടിരുന്ന പ്രസിദ്ധ  നടന്‍ അക്കാലത്ത്  മദ്യത്തിന് അടിമയായിരുന്നു.  കളിക്ക് ഒരു ദിവസം മുന്‍പ് തനിക്കു കളിക്ക് എത്തുവാന്‍ സാധിക്കില്ല എന്ന് ക്ലബ്ബിനു സന്ദേശം ലഭിച്ചപ്പോള്‍ ,   കലാമണ്ഡലം മെമ്പറും പോത്തന്‍കോട്ടു കഥകളി ക്ലബ്ബിന്റെ ചുമതലയും വഹിച്ചിരുന്ന പ്രൊഫസ്സര്‍:  ശ്രീ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍ പിള്ള സാര്‍ ഒരു പകരക്കാരനെ ലഭിക്കുവാന്‍ വളരെ കഷ്ടപ്പെടേണ്ടിവന്നു. ഇന്നത്തെ പോലെ ടെലിഫോണ്‍, മൊബൈല്‍  സൌകര്യങ്ങള്‍ അന്നില്ലാത്ത കാരണത്താല്‍ അദ്ദേഹം സുമാര്‍ എണ്‍പത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ചെന്നിത്തല ആശാന്റെ വീട്ടില്‍ എത്തി പ്രസ്തുത കളിക്ക് സഹകരിച്ചു  സഹായിക്കണം  എന്ന് അപേക്ഷിച്ചു.  നേരത്തെ നളവേഷത്തിനു ക്ഷണിച്ചിട്ടുള്ള പ്രഗല്‍ഭ കലാകാരന്റെ വേഷം കാണുവാന്‍ എത്തുന്ന ആസ്വാദകരെ തൃപ്തിപ്പെടുത്തത്തക്ക സവിശേഷതകള്‍ ഒന്നും  തനിക്കില്ല എന്നും തന്നെ ഒഴിവാക്കി ഏതെങ്കിലും സ്ഥാപന നടനെ കൊണ്ട് കളി നടത്തുകയല്ലേ നല്ലത്  എന്നായിരുന്നു    ചെന്നിത്തല ആശാന്റെ പ്രതികരണം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ മലയാളം പ്രൊഫസ്സറായി ശ്രീ. വട്ടപ്പറമ്പില്‍ സേവനം അനുഷ്ടിച്ചിരുന്ന കാലത്തുണ്ടായിരുന്ന സ്നേഹബന്ധം മനസ്സില്‍ സ്മരിച്ചു കൊണ്ട് ചെന്നിത്തല ആശാന്‍  ഒടുവില്‍ കളിക്ക് എത്താമെന്ന് ഉറപ്പു നല്‍കി. 
 

അടുത്ത നാള്‍ ചെന്നിത്തല ആശാന്‍ കളിക്ക്  പോത്തന്‍കോട്ടു ചെന്നപ്പോള്‍ നളവേഷത്തിന് നേരത്തെ ക്ഷണിക്കപ്പെട്ടിരുന്ന നടനെ എവിടെനിന്നോ കൂട്ടിക്കൊണ്ടു നാരദവേഷത്തിനു ക്ഷണിക്കപ്പെട്ടിരുന്ന കഥകളി നടന്‍ ശ്രീ. തോന്നക്കല്‍ പീതാംബരന്‍ എത്തിയിരുന്നു . തുടര്‍ന്ന് പീതാംബരന് നിശ്ചയിച്ചിരുന്ന നാരദവേഷം ചെന്നിത്തല ആശാന് നല്‍കി കളി നടത്തുകയും ചെയ്തു. ശ്രീ. പീതാംബരന്‍ കളിക്ക് വേഷം കെട്ടിയില്ല എങ്കിലും അദ്ദേഹത്തിനു കളിപ്പണം നല്‍കാതെ പറ്റുമോ ? ചുരുക്കത്തില്‍ നടന്മാരുടെ മദ്യാസക്തി കാരണം കഥകളി ക്ലബ്ബുകളുടെ  നടത്തിപ്പുക്കാരും വളരെ വിഷമിച്ചിട്ടുണ്ട് എന്നുള്ളതിനു ഒരു തെളിവായി ഈ കഥ നിലനില്‍ക്കുന്നു.

പണ്ടത്തെ ചില കഥകളി കലാകാരന്മാര്‍ മദ്യപാനത്തിന് അടിമയായി കളി അരങ്ങുകളില്‍ കാട്ടികൂട്ടിയിട്ടുള്ള സംഭവങ്ങള്‍ എല്ലാം ചിന്തിച്ചു  നോക്കിയാല്‍  ഇന്നത്തെ യുവ കലാകാരന്മാര്‍  എത്രയോ ഭേദം എന്നുതന്നെയാണ് എന്റെ വിശ്വാസം .
 
കലാകാരന്മാര്‍ മദ്യത്തിനു  അടിമകളാകുന്നതു കൊണ്ടുള്ള വിഷമതകളെ പറയുമ്പോഴും  പല സാഹചര്യങ്ങളില്‍   ഈ പാനിയം  കലയ്ക്കു പ്രയോജനമായിട്ടുള്ള  അനുഭവങ്ങളും സ്മരിക്കാതെ വയ്യ. ആലപ്പുഴ ജില്ലയിലെ ചേപ്പാടിനു സമീപമുള്ള     രാമപുരം ദേവിക്ഷേത്രത്തില്‍ ഒരു കളിക്ക് ഹരിപ്പാട്ടു ആശാനെ ബാലി വിജയത്തില്‍ രാവണന്റെ വേഷത്തിന് ക്ഷണിച്ചു. ബാലിവിജയം കഴിഞ്ഞ് അവതരിപ്പിച്ച     ദുര്യോധനവധത്തിലെ രൌദ്രഭീമന്‍ ആശാനെ കൊണ്ട് ചെയ്യിപ്പിക്കണം എന്ന താല്‍പ്പര്യം ഉണ്ടായപ്പോള്‍  കഥകളിയുടെ ചുമതലക്കാരനും നടനുമായ ശ്രീ. ഏവൂര്‍ പരമേശ്വരന്‍ നായര്‍ ഹരിപ്പാട്ടു ആശാനെ കാര്യമായി ഒന്ന് സല്‍ക്കരിച്ചു. ഇരട്ട മേളക്കൊഴുപ്പില്‍  രൌദ്രഭീമന്‍ അരങ്ങു തകര്‍ക്കുമ്പോള്‍    ശ്രീ. പരമേശ്വരന്‍ നായര്‍, താന്‍ സല്‍ക്കാരത്തിനായി ചിലവായ പണത്തിന്റെ  കണക്കു ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു.

കൊല്ലം ജില്ലയിലെ ഒരു കളിക്ക്കിർമ്മീരവധം കഥ നിശ്ചയിച്ചു.  പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ധര്‍മ്മപുത്രര്‍, ബ്രഹ്മശ്രീ.മാങ്കുളം തിരുമേനിയുടെ കൃഷ്ണന്‍ , ശ്രീ.മങ്കൊമ്പ് ആശാന്റെ ലളിത, ശ്രീ. മയ്യനാട് കേശവന്‍ പോറ്റിയുടെ പാഞ്ചാലി, ശ്രീ. പന്തളം കേരളവര്‍മ്മയുടെ ദുര്‍വാസ്സാവ്,   ശ്രീ. ഹരിപ്പാട്ടു ആശാന്റെ കൃമ്മീരന്‍ എന്നിങ്ങനെ വേഷങ്ങള്‍. ശ്രീ. ചെന്നിത്തല ആശാനും കളിക്കുണ്ട്. അദ്ദേഹത്തിനു താല്‍പ്പര്യമുള്ള വേഷം ലഭിച്ചില്ല എന്ന പരാതി മനസ്സില്‍ വെച്ച് കൊണ്ട് ആരോഗ്യപരമായ കാരണങ്ങളാല്‍    കളിക്ക് വേഷം കെട്ടുന്നില്ല എന്നും ഇന്ന് കളി കാണുക  എന്ന തീരുമാനത്തിലാണെന്നും അറിയിച്ചു.    ഈ അവസരത്തില്‍  ഹരിപ്പാട്ടു ആശാന്‍    ചെന്നിത്തല  ആശാനെ കൂട്ടി  വെളിയിലേക്ക്  പോയി. രണ്ടു പേരും അല്‍പ്പം മിനുങ്ങിയാണ് മടങ്ങി എത്തിയത്. മടക്കയാത്രയില്‍ ഹരിപ്പാട്ടു ആശാന്‍ ചെന്നിത്തല ആശാന് നല്‍കിയ  സാരോപദേശം നല്ല ഫലം കണ്ടു.  അന്നുവരെ ചെയ്തിട്ടില്ലാത്ത പെണ്‍കരിവേഷം,   സിംഹിക കെട്ടുവാനുള്ള തയ്യാറെടുപ്പോടെയാണ് ചെന്നിത്തല ആശാന്‍ അണിയറയില്‍ എത്തിയത്.

  കീചകവധം കഥകളി നടത്തുവാന്‍ വേണ്ടി ഒരു കഥകളിയോഗം മാനേജരെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാരവാഹികള്‍ സമീപിച്ചുവെന്നും   കളിപ്പണത്തിന്റെ വിഷയത്തില്‍ ഉത്സവ ഭാരവാഹികള്‍ക്കും കഥകളിയോഗം മാനേജര്‍ക്കും  തര്‍ക്കം ഉണ്ടായപ്പോള്‍ ഉത്സവ ഭാരവാഹികള്‍ കീചകനെ വധിക്കുവാനല്ലേ പണം  കൂടുതല്‍ വേണ്ടത്,  നമ്മുടെ കളിക്ക്  കീചകനെ വധിക്കേണ്ട  ഒന്ന് ഭയപ്പെടുത്തി വിട്ടാല്‍ മതി എന്ന് പറഞ്ഞതായി ഒരു നേരമ്പോക്കു കഥയുണ്ട്.



ഒരു കഥകളി അരങ്ങില്‍  കീചകവധം കഥ തീരുമാനിക്കുകയും,   ഒരു പ്രത്യേക സാഹചര്യം മൂലം, വലലന്റെ  വേഷത്തിന് നടന്‍ ഇല്ലാതെ വന്നപ്പോള്‍  വധം ഒഴിവാക്കി  (കീചകവധത്തിലെ വലലന്‍ ഇല്ലാത്ത  ഭാഗങ്ങള്‍) അവതരിപ്പിച്ചാല്‍ മതി   എന്നു  സമ്മതിച്ച  ഒരു കഥകളി സഘാടകരെയും, ഒരു കളിക്കു ഒരു വേഷം മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്ന ഒരു നടനെ സല്ക്കരിപ്പിച്ചപ്പോള്‍  വളരെ വേഗം വലലവേഷം   തീര്‍ന്നു അരങ്ങിലെത്തി കീചകവധം  പൂര്‍ണ്ണമാക്കിയ  ഒരു കഥയുമാണ്‌  ഇതിന്റെ  തുടര്‍ച്ചയായി  അടുത്ത പോസ്റ്റില്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നത്.