പേജുകള്‍‌

2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി (ഭാഗം-1)


ദക്ഷിണ കേരളത്തിലെ കഥകളി നടന്മാരിൽ അധികം ജനപ്രീതി നേടിയ പ്രധാനി ആയിരുന്നു ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള. ആകാര ഭംഗികൊണ്ടും പ്രകൃത്യാലുള്ള ഗാംഭീര്യം കൊണ്ടും അലർച്ചയുടെ ഘനം കൊണ്ടും കത്തി വേഷങ്ങൾക്ക് ഇത്രയധികം മികവു സിദ്ധിച്ചിരുന്ന നടൻ വേറെ ഉണ്ടോ എന്നു സംശയമാണ്. രാമകൃഷ്ണപിള്ളയുടെ രൗദ്രഭീമൻ, ബലഭദ്രൻ, സൗഗന്ധികത്തിലെയും ബകവധത്തിലെയും ഭീമസേനൻ എല്ലാ കത്തി, വെള്ളത്താടി, കരി വേഷങ്ങൾ ഹരിശ്ചന്ദ്രചരിതത്തിൽ വിശ്വാമിത്രൻ, അംബരീക്ഷ  ചരിതത്തിൽ ദുർവാസാവ് തുടങ്ങിയ മിനുക്കു വേഷങ്ങൾ പ്രസിദ്ധമായിരുന്നു. “മത്തദ്വിഗ്ഗജങ്ങളുടെ മസ്തകം പിളർക്കുമൊരു മൽക്കരബലം തടുപ്പാൻ മർക്കടനാളാമോഎന്ന ബാലി വിജയത്തിലെ രാമകൃഷ്ണപിള്ളയുടെ രാവണന്റെ ആട്ടത്തിന് ഒരു അലർച്ച ഉണ്ട്. അലർച്ച അല്ല, സിംഹ ഗർജ്ജനമാണ്  അത്.


കലാലയങ്ങളിൽ കഥകളി അഭ്യാസം പൂർത്തിയാക്കി അവസരങ്ങൾ തേടി തെക്കൻ കേരളത്തിൽ എത്തുമ്പോൾ പല യുവ കലാകാരന്മാർക്കും ഏതെങ്കിലും ഒരു വേഷം ലഭിച്ചാൽ മതി എന്നതാവും നില. രാമകൃഷ്ണപിള്ളയുടെ ദുര്യോധനനോടൊപ്പമോ രൗദ്രഭീമനോടൊപ്പമോ ദുശാസനവേഷമാവും ഇവരിൽ പലർക്കും ആരംഭത്തിൽ ലഭിക്കുക. പിള്ളയ്ക്ക് ഒരു ചെറിയ കുഴപ്പം ഉണ്ടായിരുന്നു. അരങ്ങിലെ യുദ്ധരംഗങ്ങളിൽ ശരീരത്തെങ്ങാനും അടിപെട്ട് വേദനിച്ചാൽ സഹനടൻ ആരായിരുന്നാലും തിരിച്ചടി ലഭിച്ചിരിക്കും. ഇക്കാര്യത്തിൽ കൃഷ്ണൻ നായരാശാനു പോലും വിട്ടു വീഴ്ച നൽകുന്ന പ്രശ്നമേ ഇല്ലായിരുന്നു. അതുകൊണ്ട് രാമകൃഷ്ണപിള്ളയുടെ രൗദ്രഭീമനാണെങ്കിൽ പല ദുശാസനന്മാരും രംഗം കഴിഞ്ഞാവും ശരിക്കൊന്ന് ആശ്വസിക്കുക.




ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ (1977-78) ഒരിക്കൽ ശ്രീ. കലാമണ്ഡലം കേശവൻ രചിച്ച അശ്വത്ഥാമാവ് എന്ന കഥകളി അവതരിപ്പിക്കുക ഉണ്ടായി. ദുര്യോധനവധത്തെ തുടർന്നാണ് ഈ കഥ അവതരിപ്പിക്കപ്പെട്ടത്. അതുതന്നെയാണ് ഉചിതവും. ഭീമസേനന്റെ ഗദയടി തുടയിൽ പെട്ട് മരണശയ്യയിൽ ദുര്യോധനൻ കിടക്കുമ്പോൾ കൃപരും ദ്രോണരുടെ പുത്രനായ അശ്വത്ഥാമാവും (ഏതാണ്ട് പരശുരാമ വേഷം) അവിടെ എത്തി പാണ്ഡവരെ നശിപ്പിക്കും എന്നു സത്യം ചെയ്യുന്നു. അശ്വത്ഥാമാവ് പാണ്ഡവരുടെ വാസസ്ഥലത്തിനു തീ കൊളുത്തിയ ശേഷം ദ്രോണരെ ചതിച്ചു കൊന്ന ദൃഷ്ടദ്യുമ്നനെ ചവിട്ടി കൊല്ലുകയും ചെയ്തു. ദൃഷ്ടദ്യുമ്നനെ വധിച്ച അശ്വത്ഥാമാവിനെ ഭീമൻ തേടി പിടിച്ച് ഏറ്റുമുട്ടി. ഭീമനും അർജുനനും ചേർന്ന് അശ്വത്ഥാമാവിന്റെ ശിരോമണി പിഴുത് എടുത്തു. കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിച്ചു.


ഒരു കഥകളി സ്ഥാപനത്തിൽ അഭ്യാസം പൂർത്തിയാക്കി ദക്ഷിണ കേരളത്തിലെ കഥകളി അരങ്ങുകളിൽ അക്കാലത്ത് അംഗീകാരം നേടിക്കൊണ്ടിരുന്ന സാമാന്യം ആരോഗ്യവാനായ ഒരു യുവ കഥകളി കലാകാരൻ (നടന്റെ പേര് ഓർമ്മയിൽ ഇല്ല) ആയിരുന്നു അന്ന് അശ്വത്ഥാമാവായത്. ഹരിപ്പാട് രാമകൃഷ്ണപിള്ള ആയിരുന്നു ഭീമസേനൻ. ദൃഷ്ടദ്യുമ്നനായി എത്തിയത് രാമകൃഷ്ണപിള്ളയുടെ ഒരു ശിഷ്യനും. ദുര്യോധനന്റെ മരണശയ്യയിൽ അശ്വത്ഥാമാവും കൃപരും വില്ലും അമ്പുമായി പ്രവേശിച്ച് ദുര്യോധനനെ ചതിച്ച കൃഷ്ണനോടും പാണ്ഡവരോടുമുള്ള കോപ പ്രകടനങ്ങളും (പരശുരാമൻ മോഡൽ) പാണ്ഡവരെ നശിപ്പിക്കും എന്ന സത്യം ചെയ്യലും കഴിഞ്ഞപ്പോൾ ഈ കലാകാരന് യുവ കഥകളി ആസ്വാദകരുടെ മനസിൽ സ്ഥാനം പിടിക്കാനായി. പ്രോത്സാഹന സമ്മാനങ്ങൾ അരങ്ങിൽ എത്തിയപ്പോൾ നടൻ പരിസര ബോധം പോലും മറന്നു എന്നു പറയുന്നതാവും ശരി. ആദ്യ രംഗം കഴിഞ്ഞപ്പോൾ തന്നെ സ്ററേജിനു പിറകിൽ വെച്ച് അൽപ്പം വിദേശവും നടൻ അകത്താക്കി. അശ്വത്ഥാമാവ് ദൃഷ്ടദ്യുമ്നനെ (പച്ച വേഷം) ചവിട്ടി കൊല്ലുന്ന രംഗം ഒന്നാം തരമായി. ദൃഷ്ടദ്യുമ്നനെ അവതരിപ്പിച്ച നടൻ (രാമകൃഷ്ണപിള്ളയുടെ ശിഷ്യൻ) അണിയറയിൽ എത്തി, കീരീടം അഴിച്ചു വെച്ച ശേഷം ഉച്ചത്തിൽ കരച്ചിൽ തുടങ്ങി. അശ്വത്ഥാമാവുമായുള്ള രംഗത്തിന് പോകാൻ കിരീടം വെച്ചുമുറുക്കി കൊണ്ടിരുന്ന ഭീമനടൻ ശിഷ്യന്റെ ശോക കാരണം തിരക്കി. അശ്വത്ഥാമാവ് ദൃഷ്ടദ്യുമ്നനെ ചവിട്ടി കൊല്ലുന്നതായി അഭിനയിക്കുന്നതിനു പകരം എന്റെ കൈക്കും കാലിനും കഠിനമായി ചവിട്ടുക തന്നെ ചെയ്തു എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോൾ അത്യധികം കോപത്തോടെ ശിഷ്യ വാത്സല്യം നിറഞ്ഞ ഗുരുനാഥൻ ചോദിച്ചു “ എന്നിട്ട് നീ ഒരു അടി പോലും തിരിച്ചു നൽകിയില്ലേ”? മരിച്ചു കിടക്കുന്നതായി അഭിനയിക്കുന്ന ഞാൻ എങ്ങിനെ തിരിച്ച് അടിക്കാനാവും എന്ന് ശിഷ്യൻ തന്റെ ദയനീയമായ അവസ്ഥ ഗുരുനാഥനെ ബോദ്ധ്യപ്പെടുത്തി. മകന് തുല്യനാണ് ശിഷ്യൻ. അപ്പോൾ മകനെ ചവിട്ടിയവനെ ശിക്ഷിക്കേണ്ടത് അച്ഛന്റെ കടമയാണ്. അടുത്ത രംഗം ഭീമനും അശ്വത്ഥാമാവും തമ്മിലുള്ള യുദ്ധമാണ്. ഇവിടെ ഒരു യുദ്ധം വെറുതേ അഭിനയിക്കാനാവുമോ ഈ ഭീമനടന് ? തിരശീല താഴ്ത്തുമ്പോൾ അരങ്ങിൽ പാണ്ഡവ സേനയെ ചുട്ടു കൊന്ന അശ്വത്ഥാമാവിനെ തേടുന്ന ഭീമൻ. സദസ്യർക്കു നടുവിൽ അശ്വത്ഥാമാവ്. ഒട്ടും അമാന്തിച്ചില്ല. നേരെ സദസ്യർക്കു നടുവിലേക്കു ചാടി അശ്വത്ഥാമാവിനെ ഒരു പിടി. അശ്വത്ഥാമാവിന്റെ കഴുത്ത് തന്റെ കക്ഷത്തിലാക്കി ഭീമൻ സ്റ്റേജിലേക്ക് ഓടിക്കയറി.


കൃഷ്ണന്റെ ശാപം മൂലം പഴുത്ത് അളിഞ്ഞ് ദുർഗ്ഗന്ധം വമിക്കുന്ന ശരീരവുമായി വനത്തിലേക്ക് മറയുകയാണ് കഥയിലെ അശ്വത്ഥാമാവ്. കഥകളിയിൽ ദൃഷ്ടദ്യുമ്നനായി എത്തിയ കലാകാരന്റെ മനശാപം നിമിത്തം കളി കഴിഞ്ഞ് അണിയറയിൽ എത്താൻ ധൈര്യപ്പെടാതെ അലഞ്ഞ് ക്ഷേത്രപരിസരത്ത് എവിടെയോ വെച്ച് വേഷം തുടച്ച് ആരുടേയോ സഹായത്തോടെ അണിയറയിൽ നിന്നും ബാഗും ഡ്രസ്സും എടുപ്പിച്ച് എങ്ങിനെയോ രക്ഷപെടുകയാണ് ചെയ്തത് അശ്വത്ഥാമാവ് നടൻ.


ഈ സംഭവം വെച്ചു കൊണ്ട് രാമകൃഷ്ണപിള്ളയെ ഒരിക്കലും നാം തെറ്റിധരിക്കുവാൻ പാടില്ല. തന്റെ ജന്മനാട്ടിൽ ഒരു കഥകളി കലാകാരൻ അപമാനപ്പെടാൻ പാടില്ല എന്നു ചിന്തിച്ചിരുന്ന മഹാനായിരുന്നു അദ്ദേഹം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു ഉത്സവക്കളി. കല്യാണസൗഗന്ധികം ആയിരുന്നു ആദ്യകഥ. ഹനൂമാന്റെ സമുദ്രലംഘനസമയത്തെ രൂപം കണ്ട് ഭീമൻ മയങ്ങി വീണു. എന്നാൽ പടിപ്പടിയായുള്ള ഹനുമാന്റെ രൂപ വളർച്ചയ്ക്കുള്ള ചെണ്ടക്കാരന്റെ കൊട്ട് പിടിക്കാതെ ഹനൂമാൻ രംഗം വിട്ടു വെളിയിൽ വന്ന് അണിയറയിലേക്കു നീങ്ങി. രംഗം നിശ്ചലമായി. പൊന്നാനി ഭാഗവതരും ഉത്സവത്തിന്റെ ചുമതലക്കാരും ചില ആസ്വാദകരും ഇടപെട്ട് ഹനൂമാനെ സ്വാന്തനപ്പടുത്തി തിരിച്ച് രംഗത്തേക്ക് തിരിച്ചയയ്ക്കാൻ കുറച്ചു സമയമെടുത്തു. ഇത്രയും സമയം എന്താണ് സംഭവിച്ചത് ? കളി തുടരുമോ ? എന്നുള്ള വിവരങ്ങൾ അറിയാതെ അരങ്ങിൽ കിടക്കുന്നു ഭീമൻ. ഈ ഭീമൻ വേറ് ആരുമല്ല! ഹരിപ്പാട് രാമകൃഷ്ണപിള്ള. താൻ എഴുനേറ്റു അണിയറയിലേക്കു പോയാൽ കളി മുടങ്ങും. കളി മുടങ്ങിയാൽ പ്രശസ്തനായ തന്റെ സഹനടൻ അപമാനിക്കപ്പെടും. അതും ഹരിപ്പാട്ടിൽ. എന്റെ ജന്മനാട്ടിൽ അങ്ങിനെ ഒന്നും സംഭവിക്കാൻ പാടില്ലാ എന്ന സസുദ്ദേശം തന്നെ ആയിരുന്നു ആ കിടപ്പിന്റെ മർമ്മം.


എനിക്ക് വ്യക്തമായി അറിയാവുന്ന ഇത്രയും സംഭവത്തിന്റെ ബാക്കി ഭാഗങ്ങൾ കഥകളിയിലെ ചെണ്ടമേള വിദഗ്ദനായ ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരിയിൽ നിന്നും കുറച്ചു നാളുകൾക്കു മുൻപാണ് അറിയുവാൻ സാധിച്ചത്. രംഗം കഴിഞ്ഞ് ഭീമൻ (ഹരിപ്പാട് ക്ഷേത്രത്തിലെ ഊട്ടുപുരയിൽ) അണിയറയിൽ എത്തിയപ്പോൾ കളിക്കു കൊട്ടിയ ചെണ്ടക്കാരന്റെ സ്നേഹിതർ ചിലർ സംഘം ചേർന്ന് ശബ്ദമുണ്ടാക്കി കൊണ്ട് ഹനൂമാൻ നടനെ ചോദ്യം ചെയ്യാനായി അണിയറയിലേക്ക് തള്ളിക്കയറാൻ ഒരു ശ്രമം നടത്തി. സംഗതി വഷളാകുമെന്ന് ഭയന്നപ്പോൾ രാമകൃഷ്ണപിള്ള വേഷത്തോടെ അണിയറയുടെ വാതിലിൽ എത്തി തള്ളിക്കയറാൻ വന്നവരെ തടഞ്ഞു നിന്നു കൊണ്ട് ഉച്ചത്തിൽ ഗർജ്ജിച്ചു. “ആർക്കെടാ അദ്ദേഹത്തെ നേരിടണ്ടത്, അവർ ആരായിരുന്നാലും ശരി ആദ്യം ഈ എന്നെ, ഹരിപ്പാട് രാമകൃഷ്ണനെ അടിച്ചു വീഴ്ത്തി എന്റെ നെഞ്ചിൽ ചവിട്ടി വേണമെടാ അണിയറയിലേക്ക് കയറാൻ“. രാമകൃഷ്ണപിള്ളയുടെ ഘന ഗംഭീരമായ ശബ്ദത്തിന് ഒരു മറുപടി പറയാൻ ധൈര്യം ആർക്കുണ്ട്? സംഘം ചേർന്ന് വന്നവരെല്ലാം തലകുനിഞ്ഞ് പിറുപിറുത്തു കൊണ്ട് സാവധാനം മടങ്ങി പോയി.
(തുടരും)

2010, ഏപ്രിൽ 12, തിങ്കളാഴ്‌ച

സിനിമാ നടനും വഴിപാട് കഥകളിയും

ഒരിക്കൽ (1978-79 കളിൽ) പ്രസിദ്ധ സിനിമാ നടൻ ശ്രീ. എം. ജി. സോമൻ അവർകൾ തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ ഒരു കഥകളി വഴിപാട് നടത്തുക ഉണ്ടായി. ശ്രീ. നന്ദാവനം കുട്ടൻ പിള്ള എന്ന തിരുവല്ലാ സ്വദേശിയായ കഥകളി നടനായിരുന്നു കളിയുടെ ചുമതല. ശ്രീ. എം. ജി. സോമൻ നടത്തുന്ന വഴിപാട് കഥകളി എന്നു പരസ്യപ്പെടുത്തുവാൻ ശ്രീ. നന്ദാവനം പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു. ശ്രീ. കലാമണ്ഡലം ഗോപി ആശാനാണ് വിശേഷാൽ ക്ഷണിക്കപ്പെട്ടിരുന്ന കഥകളി നടൻ. മറ്റു നടന്മാർ തിരുവല്ലായിൽ നടക്കുന്ന മേജർ കളികളിൽ പങ്കെടുക്കുന്ന സമീപ പ്രദേശങ്ങളിലെ നടന്മാരും. കഥകൾ കർണ്ണശപഥവും ദക്ഷയാഗവും. ഒൻപതര മണിക്കുവിളക്കു വെച്ചപ്പോൾ തന്നെ ക്ഷേത്രത്തിലെ കഥകളി മണ്ഡപവും ക്ഷേത്രനടയുടെ മുൻപിൽ കൂടി വടക്കു ഭാഗം, തെക്കുഭാഗം കിഴക്കു ഭാഗം എന്നീ മൂന്നു അപ്രോച്ചു റോഡുകളിലും വൻ യുവജനക്കൂട്ടം. അണിയറയിൽ നിന്നും വേഷക്കാരന് അരങ്ങിൽ എത്തിച്ചേരുന്നത് അത്ര സുഗമമല്ലാത്ത ഒരു സ്ഥിതി വിശേഷം. കഥകളിക്ക് ഇത്രയും കൂട്ടമോ? ഏതൊരു കഥകളി പ്രേമിക്കും ഈ ജനക്കൂട്ടത്തെ കാണുമ്പോൾ എത്ര ആഹ്ളാദമാവും ഉണ്ടാകുക.


പുറപ്പാടും മേളപ്പദവും കഴിഞ്ഞ് കളി തുടങ്ങി. ദുര്യോധനനും ഭാനുമതിയും അരങ്ങിൽ നിൽക്കുമ്പോൾ ക്ഷേത്രനടയുടെ മുൻപിൽ ഒരു കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ടു. കഥകളി മണ്ഡപത്തിൽ ഇരുന്നു കളി കാണുന്ന സുമാർ എഴുപതോളം ആസ്വാദകർ ഒഴിച്ച് ബാക്കി ജനങ്ങൾ എല്ലാം ശബ്ദമുണ്ടാക്കി കൊണ്ട് കാറിനെ ലക്ഷ്യമാക്കി ഓടി. ജനങ്ങൾ എല്ലാം അവിടെ നിന്നിരുന്ന കാറിനു ചുറ്റും കൂടി. കാറിനുള്ളിൽ പ്രിയ സിനിമാ താരം എം. ജി. സോമനും കുടുബാംഗങ്ങളും. എം. ജി. സോമന് കാറിന്റെ ഡോർ ഒന്നു തുറക്കാനോ പുറത്തേക്ക് ഇറങ്ങുവാനോ സാധിക്കുന്നില്ല. ജനങ്ങൾ കാറിനു ചുറ്റും കൂടി നിൽക്കുകയാണ്. എന്തു ചെയ്യണം എന്ന് അറിയാതെ വിഷമിക്കുയാണ് കാറിലുള്ളവർ. സാഹചര്യം മനസിലാക്കിയ കാർ ഡ്രൈവർ കാർ സ്റ്റാർട്ടു ചെയ്തു വളരെ സാവധാനത്തിൽ റിവേഴ്സെടുത്തു. കൂടവേ കാറിൽ പിടിച്ചു കൊണ്ട് ജനങ്ങളും. മാർക്കറ്റ് റോഡിലേക്കുളള തിരിവ് എത്തിയപ്പോൾ ബുദ്ധിപൂവം ഡ്രൈവർ കാർ മാർക്കറ്റ് റോഡിലേക്കു വളരെ വേഗത്തിൽ ഓടിച്ചു പോയി.


ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ കർണ്ണൻ അരങ്ങിലെത്തി. കളി ഹൃദ്യമായി തുടർന്നു. “എന്തിഹ മൻ മാനസേ സന്ദേഹം വളരുന്നു” എന്ന പദം അരങ്ങിൽ നടക്കുമ്പോൾ ക്ഷേത്രത്തിന്റെ തെക്കേ നടയിലേക്ക് ജനങ്ങൾ ഓടുന്നു. കാരണം വേറൊന്നുമല്ല. എം. ജി. സോമൻ തന്റെ കാർ ക്ഷേത്രത്തിന്റെ തെക്ക് മതിൽഭാഗത്തു നിർത്തിയിട്ട് കഥകളി മണ്ഡപത്തിലേക്ക് നടന്നു വരുവാൻ ഒരു ശ്രമം നടത്തി. ഇവിടെയും സിനിമാ നടന് പരാജയം തന്നെ. നടന്നു വരുവാൻ ഒരു ശ്രമം നടത്തിയ നടൻ ഓടി കാറിൽ കയറി രക്ഷപെടേണ്ടി വന്നു.

കർണ്ണശപഥം കഥകളി ഭംഗിയായി അവസാനിച്ചു. ദക്ഷയാഗത്തിൽ ദക്ഷൻ അരങ്ങത്തെത്തുമ്പോൾ പുലർച്ചെ മൂന്നു മണി. കാവുംഭാഗത്തു നിന്നും കിഴക്കേനടയിലേക്ക് എത്തുന്ന ക്ഷേത്രത്തിന്റെ വടക്കേ റോഡിൽ കൂടി ഒരു കാർ പതുക്കെ റിവേഴ്സിൽ വരുന്നു. ഇതു ശ്രദ്ധിച്ച ചിലർ കാറിനെ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി. ജനങ്ങൾ കാറിനെ ലക്ഷ്യമാക്കി ഓടി വരുന്നതു കണ്ടപ്പോൾ ഡ്രൈവർ കാർ മുൻപോട്ടെടുത്തു വേഗത്തിൽ ഓടിച്ചു പോയി. അങ്ങിനെ എം. ജി. സോമന്റെ കഥകളി കാണുവാനുള്ള മൂന്നാമത്തെ ശ്രമവും കടുത്ത പരാജയത്തിൽ അവസാനിച്ചു.


കളി കഴിഞ്ഞപ്പോൾ പ്രധാന കലാകാരന്മാരെ എം. ജി. സോമന്റെ തിരുവല്ലായ്ക്കു സമീപമുള്ള വസതിയിലേക്കു കൂട്ടി ചെല്ലാൻ രണ്ടു കാർ ക്ഷേത്രനടയിൽ എത്തി. എം. ജി. സോമനെ നേരിൽ കാണുവാൻ എനിക്കുള്ള താൽപ്പര്യം മനസിലാക്കിയിരുന്ന കളിയുടെ ചുമതലക്കാരൻ നന്ദാവനം കുട്ടൻ പിള്ള പ്രധാന കലാകാരന്മാരോടൊപ്പം കാറിനുള്ളിൽ കയറുവാൻ എന്നെയും അനുവദിച്ചു. എല്ലാവരെയും പുഞ്ചിരിയോടെ സ്വീകരിച്ച എം. ജി. സോമൻ കഥകളി കാണാൻ താൻ നടത്തിയ പരിശ്രമങ്ങളും പരാജയങ്ങളുമായിരുന്നു കലാകാരന്മാരോട് പ്രധാനമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ കുടുംബിനി നൽകിയ ചൂടുകാപ്പിയും കുടിച്ച് കളിയുടെ വേതനവും വാങ്ങി കഥകളി കലാകാരന്മാർ കാറിലേക്കു കയറുമ്പോഴും തന്നെ കഥകളി കാണാൻ അനുവദിക്കാതിരുന്ന തന്റെ ആസ്വാദകരോടുള്ള കടുത്ത അമർഷമാണ് എം. ജി. സോമന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത്. കഥകളിയേക്കാൾ മുഖ്യത്തം കഥകളി വഴിപാട്ടുകാരന്റെ പേരിന് നൽകിയതാണ് ഈ സംഭവത്തിന്റെ പ്രധാന കാരണം.

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

യൂ ആൾ ആർ അൺടർ അറസ്റ്റ്.

 

യൂ അറസ്റ്റ്. വളരെ പണ്ട് അതായത് ,1970- തിരുവല്ലാ ശ്രീ വല്ലഭ ക്ഷേത്രത്തി, തിരുവല്ലാ പോലീസ് സ്റ്റേഷനിലെ സബ് ഇസ്പെക്ടറുടെ വഴിപാടായി ഒരു കഥകളി നടന്നു. കളി ദിവസം വൈകിട്ട് കലാകാരന്മാക്ക് ആഹാരം സബ് ഇസ്പെക്ടറുടെ വീട്ടിലും. കഥകളിയെ പറ്റി ഒരു ബോധവും ആ സബ് ഇസ്പെക്ടറിന് ഇല്ലാ എങ്കിലും ആരാത്രിയുടെ അധികസമയവും അദ്ദേഹം അണിയറയിലും അരങ്ങിലുമായി സമയം കഴിച്ച് മടങ്ങി. കളി കഴിഞ്ഞപ്പോ കലാകാരന്മാരെ...വളരെ പണ്ട് അതായത് ,1970- ൽ തിരുവല്ലാ ശ്രീ വല്ലഭ ക്ഷേത്രത്തിൽ, തിരുവല്ലാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ വഴിപാടായി ഒരു കഥകളി നടന്നു. കളി ദിവസം വൈകിട്ട് കലാകാരന്മാർക്ക് ആഹാരം സബ് ഇൻസ്പെക്ടറുടെ വീട്ടിലും. കഥകളിയെ പറ്റി  വലിയ ബോധമൊന്നും ആ സബ് ഇൻസ്പെക്ടറിന് ഇല്ലാ എങ്കിലും ആരാത്രിയുടെ അധികസമയവും അദ്ദേഹം അണിയറയിലും അരങ്ങിലുമായി സമയം കഴിച്ച് മടങ്ങി.


 കളി കഴിഞ്ഞപ്പോൾ കലാകാരന്മാരെ കൂട്ടിച്ചെല്ലാൻ പോലീസ് വാനാണ് എത്തിയത്. അവർ വാനിൽ കയറി. വാൻ നേരെ പോലീസ് സ്റ്റേഷനു മുൻപിലാണ് നിന്നത്. ചില്ലറ ഫലിതങ്ങളുമായി വാൻ വിട്ടിറങ്ങിയ കലാകാരന്മാർ സ്റ്റേഷനിലേക്ക് ഭവ്യതയോടെ കയറി ചെന്നു. എല്ലാവരും ഉള്ളിൽ കയറിയ ഉടൻ ലാത്തിയും കയ്യിൽ പിടിച്ച് യൂണിഫോമിൽ നിന്നിരുന്ന സബ് ഇൻസ്പെക്ടർ ഉച്ചത്തിൽ  ഒരു അലർച്ച. യൂ ആൾ അണ്ടർ അറസ്റ്റ്. “തലേ രാത്രിയിൽ സബ് ഇൻസ്പെക്ടറുടെ മുൻപിൽ പരശുരാമനായും, രൗദ്രഭീമനായും വേഷമിട്ട് ആടിത്തകർത്ത മങ്കൊമ്പ് ശിവശങ്കരപ്പിള്ളയും, കൗരവശ്രേഷ്ഠനായ ദുര്യോധന മഹാരാജാവായി അരങ്ങു ഭരിച്ച കുടുമിക്കാരൻ പള്ളിപ്പുറം ഗോപാലൻ നായരും, സർവ്വേശ്വരനായ ശ്രീരാമനെയും ശ്രീകൃഷ്ണനെയും അവതരിപ്പിച്ച ചെന്നിത്തല ചെല്ലപ്പൻ പിള്ളയുമെല്ലാം ഒരു നിമിഷം ജീവൻ നഷ്ടപ്പെട്ടവരെ പോലെ സ്തബ്ദരായിപ്പോയി. ഇതു സബ് ഇൻസ്പെക്ടറുടെ ഒരു നമ്പരാണെന്നു ചില നിമിഷങ്ങൾക്കു ശേഷം മനസിലാക്കിയിട്ടു പോലും സ്റ്റേഷനിൽ നിന്നും കളിയുടെ പ്രതിഫലവും വാങ്ങി വെളിയിൽ വന്നശേഷവും അവർക്ക് പഴയ ഉത്സാഹം വീണ്ടെടുക്കാൻ പ്രയാസപ്പെടേണ്ടിവന്നു. അതാണ്  പോലീസ് യൂണിഫോമിന്റെയും ആജ്ഞാശക്തിയുടെയും വില.

2010, ഏപ്രിൽ 4, ഞായറാഴ്‌ച

മദ്ദളവിദഗ്ദനും സംഗീതപ്രേമിയും

കലാകാരന്മാരുടെ രസകരമായ കഥകൾ എന്ന് എടുത്താൽ മദ്യവുമായി ബന്ധപ്പെടുന്നവയാവും അധികവും. മദ്യപിച്ച് കളിക്കെത്തി കളി അലങ്കോലമാക്കിയ നടന്മാരും, പാടാതെ കളി തീരും വരെ അണിയറയിൽ കിടന്നുറങ്ങി രാവിലെ കയ്യും വീശി യാത്രയായിട്ടുള്ള ഗായകന്മാരും ഉണ്ട്. പണ്ടത്തെ ചില കലാകാരന്മാരെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്നുള്ള കലാകാരന്മാർ ഈ വിഷയത്തിൽ വളരെ ഭേദമാണ് എന്നാണ് എനിക്കു തോന്നുന്നത്. ഒരു മദ്ദളക്കാരൻ മദ്യപിച്ചു കളിക്ക് എത്തിയപ്പോൾ ഉണ്ടായ രസകരമായ അനുഭവമാണ് ഇന്ന് ഇവിടെ ഇളകിയാടുന്നത്.

മാവേലിക്കരയിൽ നിന്നും തിരുവല്ലാ റൂട്ടിൽ രണ്ടു കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ചെറുകോൽ ശുഭാനന്ദാശ്രമം കാണാം. പണ്ട് ആശ്രമത്തിൽ വർഷത്തിൽ ഒരു കളി പതിവായിരുന്നു. അവിടുത്തെ കളികൾ ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്ന ശ്രീ. ഒ. കുട്ടൻ സാറിന്റെ ചുമതലയിലാവും നടത്തുക. ഒരു വർഷം കുട്ടൻ സാറിന് എന്തോ അസൗകര്യം കാരണം ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാനെ കളിയുടെ ചുമതല ഏൽപ്പിച്ചു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. മങ്കൊമ്പ് ശിവശങ്കരപ്പിള്ള തുടങ്ങിയ കഥകളി കലാകാരന്മാർ വളരെ നേരത്തേ തന്നെ എത്തിച്ചേർന്നിരുന്നു. കളിക്കു മുൻപ് ഏഴര മുതൽ ഒൻപതര വരെ ഒരു സംഗീത കച്ചേരിയും നിശ്ചയിച്ചിട്ടുണ്ട്.

അന്നത്തെ കളിക്കുള്ള പ്രധാന മദ്ദള കലാകാരൻ* ( ഒരു സങ്കൽപ്പ നാമമാണ് *ബാബു. ബാബു എന്ന പേരിൽ മദ്ദള കലാകാരൻ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.) എത്തിയത് അമിത മദ്യ ലഹരിയിലാണ്. യാത്രാക്ഷീണം മാറ്റാൻ ആശ്രമ സങ്കേതത്തിൽ തന്നെ കുളിയും കഴിഞ്ഞ് നെറ്റിയിലും കൈത്തോളുകളിലും മൂന്നു വിരൽ ഭസ്മക്കുറിയും ഇട്ട ശേഷം ബാഗു തുറന്ന് ശേഷമുണ്ടായിരുന്ന മദ്യവും അകത്താക്കിയിട്ട് അണിയറയിൽ നിന്നും ഒരു ചാക്കുമെടുത്ത് വെളിയിൽ വന്നു. അണിയറയിൽ നിന്നും അൽപ്പം മാറി ആൾ തിരക്കില്ലാത്ത ഇടത്തു ചാക്കു വിരിച്ച് അതിൽ ഇരുപ്പുറച്ചു. 

വൈകിട്ട് സമയം സുമാർ ആറേമുക്കാൽ മണിക്ക് അതു വഴി കടന്നു പോയ ഒരു സംഗീത പ്രേമിയായ മദ്ധ്യവയസ്ക്കൻ ബാബുവിനെ ഒന്നു ശ്രദ്ധിച്ചു. ഒരു പരിചയം ഉള്ളതു പോലെ തോന്നൽ, ഒന്നു ശങ്കിച്ചു നിന്നു. പിന്നീട് സന്തോഷത്തോടെ വേഗത്തിൽ ബാബുവിന് അടുത്തെത്തി. ബാബുവിനോട് എന്തോ ചോദിച്ചു. ബാബുവിന് ശബ്ദമില്ല, പകരം ചിരിച്ചു കൊണ്ട് തലയൊന്ന് അനക്കി. അയാൾ ബാബുവിനെ തൊഴുതിട്ട് നേരെ എതിരിൽ ഇരുന്നു. സംഗീതത്തെ പറ്റി സംസാരിക്കാൻ തുടങ്ങി. സംഗീതത്തിൽ തനിക്കുള്ള ജ്ഞാനത്തെ അറിയിക്കാനെന്ന വിധത്തിൽ കർണ്ണാടക സംഗീതത്തിന്റെ പല കീർത്തനങ്ങൾ അയാൾ ആലപിക്കാൻ തുടങ്ങി. ബാബുവും വിട്ടില്ല. തുടയിൽ കൈതട്ടി ഭേഷ്! ബലേഭേഷ്! എന്നായി. ആവേശത്തോടെ കച്ചേരിയും ബലേഭേഷും തുടർന്നു. “വാതാപി ഗണപതി, ഭാവയാമി” എന്നിങ്ങിനെ ആലാപനം തുടർന്നു കൊണ്ടിരിക്കെ ഏഴര മണിക്ക് ആശ്രമത്തിലെ മൈക്കിൽ കൂടി ഒരു അറിയിപ്പ് വന്നു. “സംഗീതജ്ഞൻ ഇതുവരെയും എത്തിയിട്ടില്ല. അതിനാൽ പരിപാടികളിൽ ചേർത്തിരുന്ന സംഗീതസദസ്സ് ഉണ്ടായിരിക്കുന്നതല്ല”. ഇതു കേട്ട ഉടൻ തന്നെ ബാബുവിന്റെ മുന്നിലിരുന്ന സംഗീത പ്രേമി എന്തോ ഉച്ചത്തിൽ വിളിച്ചു കൂവിക്കൊണ്ട് വളരെ വേഗം ആശ്രമ മണ്ഡപത്തിലേക്ക് ഓടി. ഒരു ചില നിമിഷങ്ങൾക്കുള്ളിൽ നാലു പേരുമായി അയാൾ മടങ്ങി എത്തി.

അണിയറയിൽ നിന്നും എന്തിനോ പുറത്തേക്കുവന്ന ചെല്ലപ്പൻ പിള്ള ആശാൻ ഒരു ബഹളം കേട്ട് വെളിയിലേക്ക് ശ്രദ്ധിച്ചപ്പോൾ നാലുപേർ ചേർന്ന് ബാബുവിനെ പിടിച്ച് എഴുനേൽപ്പിച്ച് എവിടേക്കോ കൊണ്ടു പോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. ആശാൻ അവിടേക്ക് ഓടി എത്തി. ആശാൻ അവിടെ ഉള്ളവർക്ക് സുപരിചിതനാകയാൽ സ്വാതന്ത്ര്യത്തോടെ ബാബുവിനെ പിടിച്ചു വലിച്ചു കൊണ്ടിരുന്ന നാലുപേരെയും എന്താണ്? എന്തുപറ്റി? എന്ന് ചോദിച്ചു കൊണ്ട് തള്ളിമാറ്റി. ഈ സംഗീതജ്ഞനെ സ്റ്റേജിലേക്ക് കൊണ്ടു പോവുകയാണെന്നുള്ള അവരുടെ മറുപടി കേട്ടപ്പോൾ ആശാൻ പുഞ്ചിരിച്ചു കൊണ്ട് ബാബുവിന്റെ കയ്യിൽ ബലമായി പിടിച്ചു. ഹേയ് “ഇതു നിങ്ങളുടെ സംഗീതജ്ഞനൊന്നുമല്ലാ ഞങ്ങൾ കഥകളിക്കാരുടെ ബാബുവാണ് ” എന്നു പറഞ്ഞ് ബാബുവിനെയും കൂട്ടി അണിയറയിലേക്ക് പോയി.

സംഗീതജ്ഞൻ എന്നു തെറ്റിദ്ധിച്ച് ഒരു മദ്ദളക്കാരന്റെ മുൻപിൽ വാതാപിയും ഭാവയാമിയും മറ്റും പാടിയത് ഓർത്ത് ഒരു നാണക്കേടോടെ നീങ്ങിയ സംഗീത പ്രേമിയും ഒരു വലിയ കാര്യം സാധിക്കാനെത്തിയ അയാളുടെ കൂട്ടാളികൾ നാലുപേരും നിരാശയോടെ ആശ്രമ മണ്ഡപത്തിലേക്ക് നീങ്ങുമ്പോൾ നടന്ന സംഭവകഥ ചെല്ലപ്പൻ പിള്ള ആശാൻ വിവരിക്കുന്നതു കേട്ട് മാങ്കുളവും മങ്കൊമ്പും ഉൾപ്പടെയുള്ള കലാകാരന്മാരുടെ പൊട്ടിച്ചിരി അണിയറയിൽ നിന്നും ഉയർന്നു വന്നു. ചെല്ലപ്പൻ പിള്ള ആശാൻ അവിടെ എത്തിയതുകൊണ്ട് മദ്ദളക്കാരൻ ബാബുവിന്റെ “വാതാപിയും, ഭാവയാമിയും” ചെറുകോൽ വാസികൾക്ക് ആസ്വദിക്കാനുള്ള ഒരു സുവർണ്ണ അവസരം നഷ്ടമായിപോയി എങ്കിലും ആ വർഷത്തെ കഥകളി അണിയറകളിൽ എല്ലാം ബാബുവിന്റെ ഈ കഥ കലാകാരന്മാർക്ക് രസികത്തം പകർന്നു കൊണ്ടിരുന്നു.