പേജുകള്‍‌

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) - 4

നളചരിതം രണ്ടാം ഭാഗത്തിലെ ആറാം രംഗം വനത്തില്‍ എത്തുന്ന നളനും ദമയന്തിയും വിശപ്പും ദാഹവും കാരണമുള്ള ദുഃഖത്താല്‍ മരണം സംഭവിക്കുമോ എന്ന് ഭയന്നു. അപ്പോള്‍ കലി- ദ്വാപരന്മാര്‍ പക്ഷികളുടെ രൂപത്തില്‍ അവിടെ എത്തി. ഉടുവസ്ത്രം ഉപയോഗിച്ച് പക്ഷികളെ പിടിച്ചു ഭക്ഷിക്കുവാന്‍ നളന്‍ ശ്രമിക്കവേ നളന്റെ വസ്ത്രവുമായി പക്ഷികള്‍ പറന്നകന്നു. വസ്ത്രം നഷ്ടപ്പെട്ട നിലയില്‍ തന്റെ അവസ്ഥയെ പറ്റി ചിന്തിച്ചു വിഭ്രാന്തിയോടെ ദമയന്തിയെയും കൂട്ടി നളന്‍ ഒരു വന മണ്ഡപത്തില്‍ എത്തി.  ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ഈ അവസ്ഥ പരമശിവന്‍ തന്നില്‍ കാട്ടിയിരുന്ന കരുണാ കടാക്ഷം പിന്‍വലിച്ചതു കൊണ്ടാണോ, ഇന്ദ്രാദികള്‍ നല്‍കിയ വരങ്ങള്‍ അവസാനിച്ചതു കൊണ്ടാണോ എന്നെല്ലാം  നളന്‍ ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യുന്നു. എന്റെ മനസ്സില്‍ ഉള്ള ദു:ഖങ്ങളും പ്രയാസങ്ങളും പറഞ്ഞു അറിയിക്കാന്‍ സാധിക്കുന്നതല്ല. ഇനി നിന്നെ രക്ഷിക്കാന്‍ എനിക്ക് പ്രയാസം  ഉണ്ടായിരിക്കുന്നു.

ദമയന്തിയോ വിശപ്പും ദാഹവും എല്ലാം സഹിക്കാം എന്റെ ക്ലേശത്തെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. അങ്ങയുടെ സുഖം തന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്. അങ്ങയുടെ കയ്യോ കാലോ തിരുമ്മി അങ്ങയെ ഞാന്‍ ആശ്വസിപ്പിക്കാം എന്ന് പറയുകയും   നമ്മുടെ വിവാഹത്തിന് പൊരുത്തം ഉണ്ടെന്നു അറിഞ്ഞതെല്ലാം കള്ളമോ എന്നും ചിന്തിച്ചു ദുഖിക്കുന്നു. 

വനം  എന്നു പറഞ്ഞാല്‍ അത്ര ഭീകരം ഒന്നും അല്ല. ധാരാളം ജനങ്ങള്‍ നടന്നു തെളിഞ്ഞ വഴികള്‍ നീ കാണുക. ഈ വഴിയെ അല്‍പ്പം നടന്നാല്‍ പയോഷ്ണി എന്ന നദി കാണാം. അവിടെ നിന്നും കുണ്ഡിനത്തില്‍ എത്താന്‍ അധിക വിഷമം  ഇല്ലെന്നു പറഞ്ഞുകൊണ്ട് തന്നെ അനുഗമിക്കുന്ന സാഹസത്തില്‍ നിന്നും ദമയന്തിയെ പിന്തിരിപ്പിക്കാന്‍ നളന്‍ ശ്രമിക്കുന്നു. 
ഇതു മനസ്സിലാക്കിയ ദമയന്തി പുരുഷന് ദുഃഖം ഉണ്ടാകുമ്പോള്‍ ആശ്വാസവാക്കുകള്‍ കൊണ്ടും ശുശ്രുഷകള്‍ കൊണ്ടും സമാധാനം നല്‍കേണ്ടത് ഭാര്യയാണെന്നും  വേദശാസ്ത്ര ബോധകരുടെ അഭിപ്രായവും അതു തന്നെ എന്നും നളനെ അറിയിക്കുന്നു. സമയം സന്ധ്യയാപ്പോള്‍ നളനും ദമയന്തിയും അരുകില്‍ കണ്ട  വനമണ്ഡപത്തില്‍ വിശ്രമിച്ചു. ക്ഷീണിതയായ ദമയന്തി ഉറങ്ങിയപ്പോള്‍ നളന്‍ ദമയന്തിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അറുത്തെടുത്തു നഗ്നത മറച്ചുകൊണ്ടു ദമയന്തിയെ ഉപേക്ഷിച്ചു മറഞ്ഞു. 

നളന്‍ മറഞ്ഞു അല്‍പ്പ സമയത്തിനു  ശേഷം ഉണര്‍ന്ന ദമയന്തി,   തന്നെ കബളിപ്പിക്കാന്‍ വേണ്ടി നളന്‍  സമീപത്തു എവിടെയോ മറഞ്ഞിരിക്കുകയാണ് എന്നാണ്  ആദ്യം കരുതിയത്‌. ഇന്ദ്രാദികളില്‍  നിന്നും നേടിയ തിരസ്കരണി മന്ത്രം   നീ ഉപയോഗിച്ചാല്‍ സമീപത്തു നിന്നാല്‍ പോലും കണ്ടുപിടിക്കുക സാദ്ധ്യമല്ല. വരിപ്പുലി ഉള്‍പ്പടെയുള്ള ഹിംസ മൃഗങ്ങള്‍ നിറഞ്ഞ കാട്ടിലാണോ അങ്ങ് ഈ വക തമാശകള്‍ കാണിക്കുന്നത് എന്ന് വിലപിച്ചു കൊണ്ട് ദിക്ക് അറിയാതെ ആ രാത്രിയില്‍ ദമയന്തി നളനെ തേടി വനത്തില്‍  അലഞ്ഞു. നളനെ ഏതോ ഒരു ഭൂതം ബാധിച്ചതു കൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത്   എന്നും ആ ഭൂതം എരിതീയില്‍ വീഴും പോലെ നീറി നശിക്കട്ടെ എന്നും ദമയന്തി ശപിക്കുന്നു. 

വിലപിച്ചു കൊണ്ട് നളനെ തേടി ഇരുട്ടില്‍ വലഞ്ഞ ദമയന്തിയുടെ കാലില്‍ ഒരു പെരുമ്പാമ്പ്‌ പിടികൂടി. ദമയന്തിയുടെ വിലാപം കേട്ട ഒരു കാട്ടാളന്‍ അവിടെ എത്തി പെരുമ്പാമ്പിനെ കൊന്നു. വനത്തില്‍ തുണഇല്ലാതെ കണ്ട ദമയന്തിയോട് കാമ പാരവശ്യത്തോടു കാട്ടാളന്‍ സമീപിക്കുമ്പോള്‍  ദേവന്മാര്‍ നല്‍കിയ വരം തനിക്കു ഈ കാട്ടാളനെ ഭസ്മമാക്കുവാന്‍ പ്രയോജനപ്പെടും എന്ന് ചിന്തിക്കുമ്പോള്‍ കാട്ടാളന്‍ ഭസ്മമാകുന്നു. ഇന്ദ്രാദികളുടെ വരം പ്രയോജനപ്പെട്ടതു ആശ്ചര്യത്തോടെ നോക്കി. ഇന്ദ്രാദികളെ  മനസ്സില്‍ വിചാരിച്ചു കൊണ്ട് ദമയന്തി  വണങ്ങി.

ആറാം രംഗം "വസ്ത്രം പക്ഷികള്‍ കൊണ്ടു പോയി" എന്ന ശ്ലോകത്തോടെയാണ് ആരംഭിച്ചത്. അത്യന്തം ദീനത രംഗത്ത്‌ അനുഭവപ്പെടുത്തുവാന്‍ നളനും ദമയന്തിക്കും സാധിച്ചു എന്നത് എടുത്തു പറയേണ്ട വിഷയം തന്നെ. വനമണ്ഡപത്തില്‍ എത്തിയ നള  ദമയന്തിമാര്‍   ആഹാരം ഇല്ലാത്തതു കൊണ്ടും യാത്രക്ഷീണം എന്നിവകൊണ്ട് തളര്‍ന്നു.  ക്ഷീണിതയായ ദമയന്തി വനമണ്ഡപത്തില്‍ നമുക്ക് ഒന്നിച്ചു ഉറങ്ങാം എന്ന് പറയുന്നു. ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ ഈ ഘോരവനത്തില്‍ നാം ഒന്നിച്ചു ഉറങ്ങുന്നത് ശരിയല്ല എന്നും നീ ആദ്യം ഉറങ്ങുക, പിന്നീട് ഞാന്‍ ഉറങ്ങാം എന്ന് നളന്‍  പറഞ്ഞു.  നളന്റെ മടിയില്‍ തല വെച്ചു കൊണ്ടു ദമയന്തി ഉറങ്ങി. ദമയന്തി ഉറങ്ങിയ ശേഷം നളന്‍ ദമയന്തിയുടെ തല സാവധാനത്തില്‍ മടിയില്‍ നിന്നും താഴെ വെച്ചു. ദമയന്തിയെയും കൂട്ടി യാത്ര തുടര്‍ന്നാല്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടും എങ്ങിനെയും ദമയന്തി മാതൃഗൃഹത്തില്‍ ചെന്നെത്തുമെന്നുള്ള വിശ്വാസവും കൊണ്ടു ദമയന്തിയെ ഉപേക്ഷിക്കുവാന്‍ ഉറച്ചു. നഗ്ദനായി പോകുന്നത് എങ്ങിനെ എന്ന് നളന്‍ ചിന്തിക്കുമ്പോള്‍ വനമണ്ഡപത്തിനു സമീപത്തു കണ്ട ഒരു കത്തി കൊണ്ടു ദമയന്തി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു പകുതി അറുത്തു ധരിച്ചു. മാംസദാഹികളായ ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ ഘോരവനത്തില്‍ തന്റെ പ്രിയ പത്നിയെ ഉപേക്ഷിക്കുവാന്‍ സാധ്യമാകാത്ത മനസ്സും അതേ സമയം ദമയന്തിയെ ഉപേക്ഷിക്കാനായി നളനില്‍  കലിബാധ മൂലം   ഉണ്ടാകുന്ന പ്രേരണ എന്നീ രണ്ടു മാനസീക സംഘര്‍ഷം ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ അവതരിപ്പിച്ചു ഫലിപ്പിച്ചത് പ്രശംസാവഹം എന്നേ പറയാനാവൂ. ശ്രീ. മാര്‍ഗി വിജയകുമാറും വളരെ നല്ല അവതരണമാണ് കാഴ്ചവെച്ചത്.  

അടുത്ത രംഗത്തില്‍ കാട്ടാളനായി എത്തിയത് ശ്രീ.സദനം ബാലകൃഷ്ണന്‍ ആശാനായിരുന്നു. ഔചിത്യ ബോധത്തോടു കൂടിയ  അവതരണമാണ് കാട്ടാളന്‍ കാഴ്ചവെച്ചത്. ദമയന്തിയുടെ ശാപം പ്രതീക്ഷിച്ചു ചില കാട്ടാളന്മാര്‍ പീഠത്തില്‍ കയറി നിന്ന് ഭാസ്മീകരണം അവതരിപ്പിച്ചു കാട്ടുന്നുണ്ട്. എന്നാല്‍ ബാലകൃഷ്ണന്‍ ആശാന്റെ കാട്ടാളന്‍  ഈ സമയം  രംഗത്ത്‌ കുറേശ്ശെ കുറേശ്ശേയായി ശരീരം ചുരുക്കി കൊണ്ടു ക്രമേണ രംഗത്ത്‌ നിന്നും അപ്രത്യക്ഷമാകുന്ന അവതരണം വളരെ ഹൃദ്യമായി തോന്നി.

കലാക്ഷേത്രയില്‍ അവതരിപ്പിച്ച നളചരിതം രണ്ടാം ഭാഗം 
കഥകളി ആസ്വാദകരുടെ   മനസ്സില്‍ നിന്നും മായാത്ത ഒരു അനുഭവം ആയിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല. 

 


 

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) - 3

കലിയും ദ്വാപരനും ഒന്നിച്ചു പുഷ്കര ഗൃഹത്തില്‍ എത്തിച്ചേരുന്ന  രംഗമാണ് തുടര്‍ന്ന് അവതരിപ്പിച്ചത്. 
മ്ലാന വദനനായ  പുഷ്ക്കരന്‍ തന്റെ അടുത്തെത്തിയ ആഗതരെ കണ്ടു വിസ്മയപ്പെടുന്നു. ഈ ആഗതരെ തനിക്കു അറിയുകയില്ല എന്നും രാജ്യത്തുള്ള ജനങ്ങള്‍ നളനെ ചെന്ന് കാണും എന്നും
 അവര്‍ക്ക് വേണ്ടിയതെല്ലാം രാജാവായ നളന്‍ സാധിച്ചു കൊടുക്കുകയും ചെയ്യുമെന്നും,  ദൂരെ നിന്നു ആരും തന്നെ കാണാന്‍ വരികയില്ല എന്നും എനിക്ക് നാടും, നഗരവും, കുടയും, ചാമരവും, പടയും ഒന്നും ഇല്ല (രാജാവ് അല്ല എന്നു സാരം) എന്നും രാജകുലത്തില്‍ പിറന്നവന്‍ എന്ന ഒരു പദവി മാത്രമേ എനിക്ക് ഉള്ളൂ എന്നും പുഷ്ക്കരന്‍ സ്വയം പുലമ്പി. ഒടുവില്‍ നിങ്ങള്‍ക്ക്   എന്താണ്  എന്നാല്‍ വേണ്ടിയതെന്നും ചോദിച്ചു.
രാജ്യം കൈക്കലാക്കി നളനെ വനത്തില്‍ അയക്കുക എന്നു അറിയിച്ചു. 
പുഷ്കരന്റെ ഈ വാക്കുകള്‍ കലിക്കും ദ്വാപരനും ഉത്സാഹം ഉണ്ടാക്കുന്നു. ഈ അവസരം ശരിക്കും  കലി- ദ്വാപരന്മാര്‍ പ്രയോജനപ്പെടുത്തി.

 പുഷ്കരാ! നീ നിന്റെ ജന്മം പാഴാക്കി കളയരുത്. അസാദ്ധ്യമായി ഒന്നും തന്നെ ഇല്ല. എന്റെ സഹായം സ്വീകരിച്ചാല്‍ നളനും നിനക്കും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. നീ നളനെ ജയിച്ച് നാട് ഭരിച്ചാലും എന്നു കലിയും നീ പരാക്രമം ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ല.  എന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നുകൊണ്ട് , എന്നെ പണയം വെച്ച്  നളനുമായി ചൂതു കളിച്ചാലും. നിനക്ക് വിജയം നിശ്ചയമാണ്. ധനം, ധാന്യം, രാജ്യം എന്നിവയെല്ലാം നീ കൈക്കലാക്കി നളനെ വനത്തിലേക്ക് അയക്കുക എന്നു ദ്വാപരനും അറിയിക്കുന്നു.   

തുടര്‍ന്നു കലി "ഞാന്‍ നളന്റെ ശത്രുവും നിന്റെ മിത്രവുമായ കലിയാണ് "   എന്നു അറിയിക്കുമ്പോള്‍  പുഷ്ക്കരന്‍ കലിയെ വണങ്ങി. കലി - ദ്വാപരന്മാരുടെ പ്രേരണയാല്‍ ഉണ്ടായ ധൈര്യത്തോടെ നളന്റെ കൊട്ടാരത്തിലേക്ക് അത്യധികം 
ആവേശഭരിതനായി പുഷ്ക്കരന്‍ കൊട്ടാരം നോക്കി  ചെന്ന് നളനെ ചൂതിനു വിളിച്ചു.
തന്നെ ചൂതു കളിക്കുവാനായി ആരോ ക്ഷണിക്കുന്നത് കേട്ടു നളനും ദമയന്തിയും എത്തുന്നു. കലി ബാധിതനായ നളന്‍ പുഷ്കരനോട് ചൂതു കളിച്ചു.  പല മാസങ്ങളോളം ചൂതു കളി തുടര്‍ന്നു. നളനു തോല്‍വി സുനിശ്ചയം  എന്നു കണ്ട ദമയന്തി തന്റെ കുട്ടികളെ മാതൃ ഗൃഹത്തിലേക്ക് അയച്ചു. ഒടുവില്‍ നളന്‍ തോറ്റു.   പുഷ്ക്കരന്‍ നളനില്‍ നിന്നും രാജ്യം കൈക്കലാക്കി നളനെ വനത്തിലേക്ക് പോകാന്‍ ആജ്ഞാപിച്ചു. ഇനി ഇവിടെ നിന്നാല്‍ നിന്റെ രാജ്യം എങ്ങിനെ എനിക്ക് സ്വന്തം ആയി തീര്‍ന്നുവോ അതുപോലെ നിന്റെ ഭൈമിയും എനിക്ക് സ്വന്തമാകും എന്നു പുഷ്ക്കരന്‍ അറിയിക്കുന്നതോടെ നളന്‍ ദമയന്തിയും കൂട്ടി ഉടുത്ത വസ്ത്രങ്ങള്‍ മാത്രം സ്വത്താക്കി കൊണ്ട് വനത്തിലേക്ക് യാത്രയാകുന്നു. നളനെ ആരും സഹായിക്കരുതെന്നും ആരെങ്കിലും നളനെ സഹായിച്ചാല്‍ അവരെ വധിക്കുമെന്നും  പുഷ്ക്കരന്‍ പ്രജകളെ അറിയിച്ചു. ഈ രംഗങ്ങളുടെ അവതരണം വളരെ ആസ്വാദകരം ആയിരുന്നു.


നാലാം രംഗത്തിലെ കലി- ദ്വാപരന്മാരും പുഷ്കരനും തമ്മിലുള്ള സംവാദത്തില്‍ പുഷ്ക്കരന്‍ "ഞാനും രാജകുലത്തില്‍ പിറന്നവന്‍" എന്നു പറയുമ്പോള്‍ കലി ഞങ്ങളുടെ ഉദ്യമത്തിന് ആ യോഗ്യത ഒന്നേ മതി എന്നു പറഞ്ഞു."കലിയുടെ നളനും നീയും ഭേദമെന്തിവിടെ" എന്ന പദത്തിന് പുഷ്ക്കരന്‍ ഭയന്ന് ചുറ്റും നോക്കി.   വേറെ ആരും ഇല്ല എന്നു ആശ്വസിച്ച ശേഷം     ഞാനോ ? ഞാന്‍ ആര്, നളന്‍ ആര് ?എന്നു ആത്മഗതം ചെയ്തു.

"ചൂതു പൊരിക പോരിക" എന്നതിന് എന്നെ എങ്ങോട്ടാണ് കൂട്ടി പോകുന്നത്? രാജാവ് അറിഞ്ഞാല്‍ എന്റെ കഥ കഴിഞ്ഞതു    തന്നെ.  നിങ്ങള്‍ മടങ്ങി പോയാലും എന്നു പുഷ്ക്കരന്‍ മറുപടി നല്‍കി.

"നാടു വാഴ്‌ക നളനെ വന്നു സമ്പ്രതി" എന്ന (കലിയുടെ) പദത്തിന് ഞാന്‍ നാടു ഭരിക്കയോ? കൊള്ളാം. ദയവു ചെയ്തു എന്റെ അന്നം മുട്ടിക്കാതെ വന്ന വഴിയെ മടങ്ങി പോയാലും എന്നു (പുഷ്ക്കരന്‍) മറുപടി കാട്ടി.

കലി: ആഹാരത്തെ മാത്രം ചിന്തിച്ചു ഇവിടെ ഊണ്, ഉറക്കം, ഊണ്, ഉറക്കം എന്നിങ്ങനെ കഴിയുന്നതില്‍ എന്തു ഫലമാണ്  ലഭിക്കുന്നത്. നിന്റെ യവ്വന കാലമാണ് ഇന്ന്. നിനക്ക് ഭാര്യ, കുഞ്ഞുങ്ങള്‍ എന്നിങ്ങനെയുള്ള ചിന്തകള്‍ വേണ്ടേ? നിന്റെ ഇത്തരം കാര്യങ്ങളില്‍ രാജാവിന് എന്തു താല്‍പ്പര്യം ആണുള്ളത്? നീ ധൈര്യമായി രാജാവിനെ ചൂതു കളിയ്ക്കാന്‍ വിളിക്കുക. 
നീ രാജാവിനെ തൊഴുത്‌ ആഹാരം വാങ്ങി ഉണ്ടും ഉറങ്ങിയും കാലം കഴിച്ചാല്‍ നിനക്ക് തന്നെ നഷ്ടം. നള മഹാരാജാവ് പിന്നീടു അദ്ദേഹത്തിന്റെ മകനെ രാജാവായി അഭിഷേകം ചെയ്യിക്കും. നീ അവന്റെ മുന്‍പിലും പോയി ആഹാരം ചോദിക്കും. അതാണ്‌ സംഭവിക്കുക. 
(പുഷ്കരന് ചഞ്ചലം ഏര്‍പ്പെട്ടു. ഭാര്യ, കുഞ്ഞുങ്ങള്‍, രാജ്യം, സുഖ സൌകര്യങ്ങള്‍ എന്നിവയെ പറ്റി ചിന്തിച്ചു )
കലി: നീ മരിച്ചാല്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താന്‍ ആരുണ്ട്‌ ഈ രാജ്യത്ത്? 
നീ രാജാവിനെ ചൂതു കളിയ്ക്കാന്‍ വിളിക്കുക. ദ്വാപരന്‍ ഒരു കാളയുടെ രൂപം ധരിച്ചു നിന്റെ സമീപം ഉണ്ടാകും. ഞാന്‍ നീ കളിക്കുന്ന പകിടയുടെ ഉള്ളില്‍  ഒളിച്ചിരുന്ന്  നിന്നെ ജയിപ്പിക്കും.  (കലി- ദ്വാപരന്മാര്‍  പുഷ്കരന് സത്യം ചെയ്തു കൊടുക്കുന്നു.)
പുഷ്ക്കരന്‍: നിങ്ങള്‍ എന്നെ രാജാവിന്റെ മുന്‍പിലേക്ക് തള്ളി വിട്ടിട്ടു ചിരിച്ചു രസിക്കുവാനാണോ?
കലി: ഒരിക്കലും ഇല്ല. ദ്വാപരന്‍ നിന്നോടൊപ്പം ഉണ്ടാകും. ഞാന്‍ മറഞ്ഞിരുന്നു നിന്നെ സഹായിക്കും. കലിയും ദ്വാപരനും പുഷ്കരന് സത്യം ചെയ്തു കൊടുത്തു. പുഷ്ക്കരന്‍ അവരെ വണങ്ങി. കലി- ദ്വാപരന്മാര്‍  മറയുന്നത് പുഷ്ക്കരന്‍ നോക്കി നിന്നു.  

                                  പുഷ്ക്കരന്‍, കലി, ദ്വാപരന്‍


പിന്നീടു ആവേശത്തോടെ പുഷ്ക്കരന്‍ നളന്റെ കൊട്ടാരം നോക്കി യാത്രതുടര്‍ന്നു.  കൊട്ടാര വാതില്‍ക്കല്‍ എത്തിയ പുഷ്കരനെ  കൊട്ടാരത്തിന്റെ കാവല്‍ ഭടന്‍ ശ്രദ്ധിച്ചില്ല. 
നീ എന്നെ അറിയില്ലേ ? എന്ന ചോദ്യത്തിന് ഭടന്‍ മറുപടി നല്‍കിയില്ല. ഞാന്‍ രാജാവിന്റെ സഹോദരന്‍ എന്നു സ്വയം  ഭടനെ പരിചയപ്പെടുത്തിയ ശേഷം " രാജാവ് എവിടെ" എന്നു അന്വേഷിച്ചു ? അദ്ദേഹം പത്നിയും ഒന്നിച്ചു പൂന്തോട്ടത്തില്‍ ഉണ്ട് എന്നു ഭടനില്‍ നിന്നും  പുഷ്ക്കരന്‍ മനസ്സിലാക്കി. 

ചൂതിനു വിളി കേട്ടു കൊണ്ട് ദമയന്തീ സമേതനനായി നളന്‍ എത്തി. എന്നെ ആരോ ചൂതിനു വിളിക്കുന്നു. നളന്‍ പുഷ്കരനെ കണ്ടു. പുശ്ചത്തോടെ പുഷ്കരനെ നോക്കിയ ശേഷം നളന്‍  " എനിക്ക് ഒരു സഹോദരന്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ, അവന്‍ തന്നെ ഇവന്‍ "എന്നു  പറഞ്ഞു.   
നളന്‍ : (പുച്ഛത്തോടെ പുഷ്കരനെ നോക്കി )  നീയോ ?
പുഷ്ക്കരന്‍: അതേ! 
നളന്‍: നീയോ ? 
പുഷ്ക്കരന്‍: അതേ.ഞാന്‍ തന്നെ.
നളന്‍ : എന്താ, നിന്റെ ബുദ്ധി തിരിഞ്ഞു പോയോ ? 
പുഷ്ക്കരന്‍: ഇപ്പോഴാണ് എനിക്ക് ബോധം ഉണ്ടായത്.
നളന്‍: ചൂതു കളിക്കണം എന്നു തീര്‍ച്ചയാണോ?
പുഷ്ക്കരന്‍: അതേ. 
നളന്‍: തീര്‍ച്ചയാണോ?
പുഷ്ക്കരന്‍ : അതെ, തീര്‍ച്ച.
നളന്‍: പോത്തിന്റെ ചെവിയില്‍ വീണ വായിച്ചിട്ട് എന്തു ഫലമാണ് ഉണ്ടാകാന്‍ പോകുന്നത്?
നളന്‍ ചൂതിനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ചൂതു കളിക്കുള്ള സാധനങ്ങള്‍ മന്ത്രി എത്തിച്ചു.  നളനും പുഷ്കരനും ചൂതു കളിയ്ക്കാന്‍ ഇരുന്നു. പുഷ്കരന് ഇവിടെ ഞാന്‍ ഒറ്റക്കാണ്. ഞാന്‍ ചതിക്കപ്പെടുമോ  എന്ന ഭയം. ചുറ്റും നോക്കി. കാളയെ കണ്ടു. ആശ്വാസമായി. 
നളന്  ചൂതില്‍ തോല്‍വി ഉറപ്പായപ്പോള്‍ ദമയന്തി കുട്ടികളെ മാതൃ ഗൃഹത്തിലേക്ക് അയയ്ക്കാന്‍ നളന്റെ സൂതനെ വിളിച്ചു അറിയിച്ചു.

ചൂതില്‍ നളന്‍ തോറ്റു. പരാജിതനും   ക്ഷീണിതനുമായ നളനും ദമയന്തിയും  പുഷ്കരന്റെ ആജ്ഞ പ്രകാരം ആഭരണങ്ങള്‍ എല്ലാം ഊരി വെച്ചു. നളന്‍ തന്റെ കിരീടം ഊരിവെച്ച് ജനങ്ങളെ എല്ലാവരെയും നോക്കി, അല്‍പ്പം പിന്നോട്ട് മാറി നിന്നു, ദമയന്തിയുടെ കയ്യില്‍ പിടിച്ചു കൊണ്ട് ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് പുഷ്കരന് ഒരു (വേഗത്തില്‍ ) അനുഗ്രഹം നല്‍കി രംഗം വിട്ടു. പുഷ്ക്കരന്‍ നളന്‍ പോയ ഉടനെ കൊട്ടാരത്തിന്റെ വാതില്‍ അടച്ചു.
നാടകീയമായ ഈ രംഗം വളരെ മനോഹരമായി ശ്രീ. ഗോപി ആശാന്‍ അവതരിപ്പിച്ചു. ശ്രീ. മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയും കോട്ടക്കല്‍ ശ്രീ. കേശവന്റെ പുഷ്കരനും നല്ല നിലവാരം പുലര്‍ത്തി.  

എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്ന നളനോട് വേഗം കൊട്ടാരം വിട്ടു പോകാന്‍ രാജ്യഭാരം ഏറ്റെടുക്കാന്‍ പോകുന്ന പുഷ്ക്കരന്‍ കൊട്ടാരം വിട്ടു പോകാന്‍ ആജ്ഞാപിക്കുമ്പോള്‍ ചെണ്ടയില്‍ ഒരു ശബ്ദവും ഇല്ല. ഒരു വേഷക്കാരന്റെ  അരങ്ങിലെ ചലനങ്ങള്‍ക്ക് മേളത്തിന്റെ അസാന്നിദ്ധ്യം  അരോചകമായി തോന്നും എന്നത് അരങ്ങില്‍ വ്യക്തമായിരുന്നു.