പേജുകള്‍‌

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ചെന്നൈ, കലാക്ഷേത്രയിലെ കഥകളി (നളചരിതം രണ്ടാം ഭാഗം) - 4

നളചരിതം രണ്ടാം ഭാഗത്തിലെ ആറാം രംഗം വനത്തില്‍ എത്തുന്ന നളനും ദമയന്തിയും വിശപ്പും ദാഹവും കാരണമുള്ള ദുഃഖത്താല്‍ മരണം സംഭവിക്കുമോ എന്ന് ഭയന്നു. അപ്പോള്‍ കലി- ദ്വാപരന്മാര്‍ പക്ഷികളുടെ രൂപത്തില്‍ അവിടെ എത്തി. ഉടുവസ്ത്രം ഉപയോഗിച്ച് പക്ഷികളെ പിടിച്ചു ഭക്ഷിക്കുവാന്‍ നളന്‍ ശ്രമിക്കവേ നളന്റെ വസ്ത്രവുമായി പക്ഷികള്‍ പറന്നകന്നു. വസ്ത്രം നഷ്ടപ്പെട്ട നിലയില്‍ തന്റെ അവസ്ഥയെ പറ്റി ചിന്തിച്ചു വിഭ്രാന്തിയോടെ ദമയന്തിയെയും കൂട്ടി നളന്‍ ഒരു വന മണ്ഡപത്തില്‍ എത്തി.  ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ഈ അവസ്ഥ പരമശിവന്‍ തന്നില്‍ കാട്ടിയിരുന്ന കരുണാ കടാക്ഷം പിന്‍വലിച്ചതു കൊണ്ടാണോ, ഇന്ദ്രാദികള്‍ നല്‍കിയ വരങ്ങള്‍ അവസാനിച്ചതു കൊണ്ടാണോ എന്നെല്ലാം  നളന്‍ ചിന്തിക്കുകയും വിഷമിക്കുകയും ചെയ്യുന്നു. എന്റെ മനസ്സില്‍ ഉള്ള ദു:ഖങ്ങളും പ്രയാസങ്ങളും പറഞ്ഞു അറിയിക്കാന്‍ സാധിക്കുന്നതല്ല. ഇനി നിന്നെ രക്ഷിക്കാന്‍ എനിക്ക് പ്രയാസം  ഉണ്ടായിരിക്കുന്നു.

ദമയന്തിയോ വിശപ്പും ദാഹവും എല്ലാം സഹിക്കാം എന്റെ ക്ലേശത്തെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. അങ്ങയുടെ സുഖം തന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്. അങ്ങയുടെ കയ്യോ കാലോ തിരുമ്മി അങ്ങയെ ഞാന്‍ ആശ്വസിപ്പിക്കാം എന്ന് പറയുകയും   നമ്മുടെ വിവാഹത്തിന് പൊരുത്തം ഉണ്ടെന്നു അറിഞ്ഞതെല്ലാം കള്ളമോ എന്നും ചിന്തിച്ചു ദുഖിക്കുന്നു. 

വനം  എന്നു പറഞ്ഞാല്‍ അത്ര ഭീകരം ഒന്നും അല്ല. ധാരാളം ജനങ്ങള്‍ നടന്നു തെളിഞ്ഞ വഴികള്‍ നീ കാണുക. ഈ വഴിയെ അല്‍പ്പം നടന്നാല്‍ പയോഷ്ണി എന്ന നദി കാണാം. അവിടെ നിന്നും കുണ്ഡിനത്തില്‍ എത്താന്‍ അധിക വിഷമം  ഇല്ലെന്നു പറഞ്ഞുകൊണ്ട് തന്നെ അനുഗമിക്കുന്ന സാഹസത്തില്‍ നിന്നും ദമയന്തിയെ പിന്തിരിപ്പിക്കാന്‍ നളന്‍ ശ്രമിക്കുന്നു. 
ഇതു മനസ്സിലാക്കിയ ദമയന്തി പുരുഷന് ദുഃഖം ഉണ്ടാകുമ്പോള്‍ ആശ്വാസവാക്കുകള്‍ കൊണ്ടും ശുശ്രുഷകള്‍ കൊണ്ടും സമാധാനം നല്‍കേണ്ടത് ഭാര്യയാണെന്നും  വേദശാസ്ത്ര ബോധകരുടെ അഭിപ്രായവും അതു തന്നെ എന്നും നളനെ അറിയിക്കുന്നു. സമയം സന്ധ്യയാപ്പോള്‍ നളനും ദമയന്തിയും അരുകില്‍ കണ്ട  വനമണ്ഡപത്തില്‍ വിശ്രമിച്ചു. ക്ഷീണിതയായ ദമയന്തി ഉറങ്ങിയപ്പോള്‍ നളന്‍ ദമയന്തിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അറുത്തെടുത്തു നഗ്നത മറച്ചുകൊണ്ടു ദമയന്തിയെ ഉപേക്ഷിച്ചു മറഞ്ഞു. 

നളന്‍ മറഞ്ഞു അല്‍പ്പ സമയത്തിനു  ശേഷം ഉണര്‍ന്ന ദമയന്തി,   തന്നെ കബളിപ്പിക്കാന്‍ വേണ്ടി നളന്‍  സമീപത്തു എവിടെയോ മറഞ്ഞിരിക്കുകയാണ് എന്നാണ്  ആദ്യം കരുതിയത്‌. ഇന്ദ്രാദികളില്‍  നിന്നും നേടിയ തിരസ്കരണി മന്ത്രം   നീ ഉപയോഗിച്ചാല്‍ സമീപത്തു നിന്നാല്‍ പോലും കണ്ടുപിടിക്കുക സാദ്ധ്യമല്ല. വരിപ്പുലി ഉള്‍പ്പടെയുള്ള ഹിംസ മൃഗങ്ങള്‍ നിറഞ്ഞ കാട്ടിലാണോ അങ്ങ് ഈ വക തമാശകള്‍ കാണിക്കുന്നത് എന്ന് വിലപിച്ചു കൊണ്ട് ദിക്ക് അറിയാതെ ആ രാത്രിയില്‍ ദമയന്തി നളനെ തേടി വനത്തില്‍  അലഞ്ഞു. നളനെ ഏതോ ഒരു ഭൂതം ബാധിച്ചതു കൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത്   എന്നും ആ ഭൂതം എരിതീയില്‍ വീഴും പോലെ നീറി നശിക്കട്ടെ എന്നും ദമയന്തി ശപിക്കുന്നു. 

വിലപിച്ചു കൊണ്ട് നളനെ തേടി ഇരുട്ടില്‍ വലഞ്ഞ ദമയന്തിയുടെ കാലില്‍ ഒരു പെരുമ്പാമ്പ്‌ പിടികൂടി. ദമയന്തിയുടെ വിലാപം കേട്ട ഒരു കാട്ടാളന്‍ അവിടെ എത്തി പെരുമ്പാമ്പിനെ കൊന്നു. വനത്തില്‍ തുണഇല്ലാതെ കണ്ട ദമയന്തിയോട് കാമ പാരവശ്യത്തോടു കാട്ടാളന്‍ സമീപിക്കുമ്പോള്‍  ദേവന്മാര്‍ നല്‍കിയ വരം തനിക്കു ഈ കാട്ടാളനെ ഭസ്മമാക്കുവാന്‍ പ്രയോജനപ്പെടും എന്ന് ചിന്തിക്കുമ്പോള്‍ കാട്ടാളന്‍ ഭസ്മമാകുന്നു. ഇന്ദ്രാദികളുടെ വരം പ്രയോജനപ്പെട്ടതു ആശ്ചര്യത്തോടെ നോക്കി. ഇന്ദ്രാദികളെ  മനസ്സില്‍ വിചാരിച്ചു കൊണ്ട് ദമയന്തി  വണങ്ങി.

ആറാം രംഗം "വസ്ത്രം പക്ഷികള്‍ കൊണ്ടു പോയി" എന്ന ശ്ലോകത്തോടെയാണ് ആരംഭിച്ചത്. അത്യന്തം ദീനത രംഗത്ത്‌ അനുഭവപ്പെടുത്തുവാന്‍ നളനും ദമയന്തിക്കും സാധിച്ചു എന്നത് എടുത്തു പറയേണ്ട വിഷയം തന്നെ. വനമണ്ഡപത്തില്‍ എത്തിയ നള  ദമയന്തിമാര്‍   ആഹാരം ഇല്ലാത്തതു കൊണ്ടും യാത്രക്ഷീണം എന്നിവകൊണ്ട് തളര്‍ന്നു.  ക്ഷീണിതയായ ദമയന്തി വനമണ്ഡപത്തില്‍ നമുക്ക് ഒന്നിച്ചു ഉറങ്ങാം എന്ന് പറയുന്നു. ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ ഈ ഘോരവനത്തില്‍ നാം ഒന്നിച്ചു ഉറങ്ങുന്നത് ശരിയല്ല എന്നും നീ ആദ്യം ഉറങ്ങുക, പിന്നീട് ഞാന്‍ ഉറങ്ങാം എന്ന് നളന്‍  പറഞ്ഞു.  നളന്റെ മടിയില്‍ തല വെച്ചു കൊണ്ടു ദമയന്തി ഉറങ്ങി. ദമയന്തി ഉറങ്ങിയ ശേഷം നളന്‍ ദമയന്തിയുടെ തല സാവധാനത്തില്‍ മടിയില്‍ നിന്നും താഴെ വെച്ചു. ദമയന്തിയെയും കൂട്ടി യാത്ര തുടര്‍ന്നാല്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടും എങ്ങിനെയും ദമയന്തി മാതൃഗൃഹത്തില്‍ ചെന്നെത്തുമെന്നുള്ള വിശ്വാസവും കൊണ്ടു ദമയന്തിയെ ഉപേക്ഷിക്കുവാന്‍ ഉറച്ചു. നഗ്ദനായി പോകുന്നത് എങ്ങിനെ എന്ന് നളന്‍ ചിന്തിക്കുമ്പോള്‍ വനമണ്ഡപത്തിനു സമീപത്തു കണ്ട ഒരു കത്തി കൊണ്ടു ദമയന്തി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു പകുതി അറുത്തു ധരിച്ചു. മാംസദാഹികളായ ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ ഘോരവനത്തില്‍ തന്റെ പ്രിയ പത്നിയെ ഉപേക്ഷിക്കുവാന്‍ സാധ്യമാകാത്ത മനസ്സും അതേ സമയം ദമയന്തിയെ ഉപേക്ഷിക്കാനായി നളനില്‍  കലിബാധ മൂലം   ഉണ്ടാകുന്ന പ്രേരണ എന്നീ രണ്ടു മാനസീക സംഘര്‍ഷം ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ അവതരിപ്പിച്ചു ഫലിപ്പിച്ചത് പ്രശംസാവഹം എന്നേ പറയാനാവൂ. ശ്രീ. മാര്‍ഗി വിജയകുമാറും വളരെ നല്ല അവതരണമാണ് കാഴ്ചവെച്ചത്.  

അടുത്ത രംഗത്തില്‍ കാട്ടാളനായി എത്തിയത് ശ്രീ.സദനം ബാലകൃഷ്ണന്‍ ആശാനായിരുന്നു. ഔചിത്യ ബോധത്തോടു കൂടിയ  അവതരണമാണ് കാട്ടാളന്‍ കാഴ്ചവെച്ചത്. ദമയന്തിയുടെ ശാപം പ്രതീക്ഷിച്ചു ചില കാട്ടാളന്മാര്‍ പീഠത്തില്‍ കയറി നിന്ന് ഭാസ്മീകരണം അവതരിപ്പിച്ചു കാട്ടുന്നുണ്ട്. എന്നാല്‍ ബാലകൃഷ്ണന്‍ ആശാന്റെ കാട്ടാളന്‍  ഈ സമയം  രംഗത്ത്‌ കുറേശ്ശെ കുറേശ്ശേയായി ശരീരം ചുരുക്കി കൊണ്ടു ക്രമേണ രംഗത്ത്‌ നിന്നും അപ്രത്യക്ഷമാകുന്ന അവതരണം വളരെ ഹൃദ്യമായി തോന്നി.

കലാക്ഷേത്രയില്‍ അവതരിപ്പിച്ച നളചരിതം രണ്ടാം ഭാഗം 
കഥകളി ആസ്വാദകരുടെ   മനസ്സില്‍ നിന്നും മായാത്ത ഒരു അനുഭവം ആയിരുന്നു എന്നതില്‍ ഒരു സംശയവും ഇല്ല. 

 


 

3 അഭിപ്രായങ്ങൾ:

 1. ചേട്ടാ, നല്ല വിവരണം. പണ്ടത്തെ നടന്മാര്‍ വേര്‍വ്വാട് എങ്ങിനെയാണ് അഭിനയിച്ചിരുന്നത് ? മാങ്കുളം, ചെന്നിത്തല, കൃഷ്ണന്‍ നായര്‍, തുടങ്ങിയ നടന്മാരുടെ വേര്‍വ്വാടാട്ടവും, ഗോപിയാശാന്റെ ആട്ടവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒന്ന് പറയാമോ ?

  മറുപടിഇല്ലാതാക്കൂ
 2. Mr. കപ്ലിങ്ങാട്‌
  താങ്കള്‍ എഴുതി ചോദിച്ചിട്ടുള്ള എല്ലാ നടന്മാരുടേയും നളന്‍ ഈ വേര്‍പാടിന് ഉള്‍കൊള്ളുന്ന തത്വം ഒന്നു തന്നെയാണ്. നളന്‍, ദമയന്തി, രാജ്യം ഇവ മൂന്നും തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കുക എന്നതാണല്ലോ കലിയുടെ സത്യം. കലി നളനില്‍ ബാധിച്ചു കഴിഞ്ഞപ്പോള്‍ ദമയന്തിയെ വിട്ടു പോകാനുള്ള വ്യഗ്രതയെ ഉണ്ടാക്കും. എന്നാല്‍ ദുഷ്ട മൃഗങ്ങള്‍ നിറഞ്ഞ കാട്ടില്‍ പ്രിയ പത്നിയെ ഉപേക്ഷിച്ചു പോകുന്നതിനു നളന്റെ മാനുഷീകത അനുവദിക്കുന്നും ഇല്ല. ഈ രണ്ടു അവസ്ഥകള്‍ രംഗത്ത്‌ അഭിനയിച്ചു ഫലിപ്പിക്കുന്നത് ഒരു പ്രത്യേക കഴിവാണ്.
  മാങ്കുളം തിരുമേനിക്ക് ചില ന്യൂനതകള്‍ ഉണ്ടായിരുന്നു. ഒരു കഥകളി കലാകാരന് വേണ്ടിയ പ്രധാന ഗുണം കണ്ണ് . തിരുമേനിക്ക് കണ്ണിന്റെ ഗുണം കുറവായിരുന്നു. " പൂച്ച കണ്ണ് " ആയിരുന്നു അദ്ദേഹത്തിന്. കളരി വഴക്കങ്ങള്‍ പൊതുവേ ദക്ഷിണ കേരളത്തിലെ നടന്മാര്‍ക്ക് കുറവായിരുന്നു. എങ്കിലും ഈ രംഗത്ത്‌ ഈ രണ്ടു അവസ്ഥകള്‍ നിറഞ്ഞ ആട്ടങ്ങളില്‍ കൂടി അദ്ദേഹം ദക്ഷിണ കേരളത്തിലെ ആസ്വാദകരെ തൃപ്തിപ്പെടുത്തിയിരുന്നു.

  കൃഷ്ണന്‍ നായര്‍ ആശാന്റെ കളരിവഴക്കം, കണ്ണിന്റെ ശക്തി ഇവ കൊണ്ടു അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വേര്‍പാടു രംഗത്തിന് നല്ല അംഗീകാരം ഉണ്ടായിരുന്നു. 83- ലാണെന്ന് തോന്നുന്നു, ആശാന്റെ നളന്‍ മാവേലിക്കര ഗവണ്മേന്റ് സ്കൂളില്‍ ഉണ്ടായി. അന്ന് കളിക്ക് ആശാനെ ക്ഷണിക്കുന്നതിനെ പറ്റി ഒരു അഭിപ്രായം ഉണ്ടായി. ആശാന് ശരീരം ഇളക്കി ഒന്നും ചെയ്യാനാവില്ല.അത്രകണ്ട് ശരീര സ്ഥിതി മോശം ആയിരുന്നു. നിങ്ങള്‍ കൊടുക്കുന്ന പണത്തിനുള്ളതു കൃഷ്ണന്‍ നായരുടെ മുഖത്ത് നിന്നും ലഭിക്കും എന്നാണ് അവിടെ പ്രസ്താവന ഉണ്ടായത്.

  കൃഷ്ണന്‍ നായര്‍ ആശാനോ തിരുമേനിക്കോ അന്ന് അവരുടെ സ്വാതന്ത്രിയതിനുള്ള പിന്നണിക്കാര്‍ ദക്ഷിണ കേരളത്തിലെ കളികള്‍ക്ക് ലഭിച്ചിരുന്നു എന്നും തീര്‍ത്തു പറയാന്‍ ആവില്ല.

  ഗോപി ആശാന് ദൈവം നല്‍കിയിട്ടുള്ള അംഗീക ഭംഗിയും, മുഖഭാവഭംഗിയും ഒപ്പം തന്റെ ഇഷ്ടത്തിന് ചെയ്യാന്‍ കഴിവുള്ള പിന്നണി മേളക്കാരും ഒത്ത് ചേരുമ്പോള്‍ ഉള്ള ആ കോമ്പിനേഷന്‍ ഭംഗി വേറെ എവിടെ ആര്‍ക്കു ലഭിക്കാനാണ്. മാങ്കുളം, കൃഷ്ണന്‍ നായര്‍ ആശാന്‍ എന്നിവര്‍ അരങ്ങില്‍ പ്രബലമായി നില്‍ക്കുന്ന കാലഘട്ടത്തില്‍ തന്റെ നളന്‍ കൂടുതല്‍ ശ്രദ്ധേയമാകണം എന്ന ഉദ്ദേശത്തോടെയും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളില്‍ കൂടിയും നേടിയെടുത്തതാണ്‌ ഈ മാസ്മര ശക്തി.

  കലി ബാധയേറ്റ നളന്‍ ദമയന്തിയെ ഉപേക്ഷിച്ചു പോകുന്നതിനാണ് കൂടുതല്‍ വ്യഗ്രത കാട്ടേണ്ടത്‌ എന്ന അഭിപ്രായം ആസ്വാദകരില്‍ ഉണ്ടായിട്ടുണ്ട്. ഗോപി ആശാന്റെ നളനില്‍ ചുരുങ്ങിയ സമയം കൊണ്ട്‌ ഈ വേര്‍പാട് അവതരിപ്പിച്ചു തീര്‍ക്കുന്ന അവതരണം എന്തുകൊണ്ടും ശ്രദ്ധേയമാണ്.
  മറ്റു നടന്മാരുടെ ഈ രംഗം കണ്ടിട്ടുള്ള ഞാന്‍ ആദ്യമായി ശ്രീ. ഗോപി ആശാന്റെ ഈ രംഗം കണ്ടു സ്തബ്ദനായിരുന്നിട്ടുണ്ട് .

  മറുപടിഇല്ലാതാക്കൂ
 3. വിശദമായ ഉത്തരത്തിന് വളരെ നന്ദി, ചേട്ടാ. ഏത് കൂടുതല്‍ നല്ലത് എന്നതിനേക്കാള്‍ ആട്ടത്തില്‍ വന്ന പരിണാമം അറിയുക ആയിരുന്നു എന്റെ ഉദ്ദേശ്യം. ഗോപിയാശാന്റെ വിഭ്രാന്തമായ വേര്‍വ്വാടാട്ടം ഹരം പിടിപ്പിക്കുന്നതു തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ