പേജുകള്‍‌

2011, മാർച്ച് 3, വ്യാഴാഴ്‌ച

മായാത്ത ഓര്‍മ്മകളില്‍ പള്ളിപ്പുറം ആശാന്‍


                                                     Sri. Pallippuram Gopalan Nair

ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍ ആശാന്‍, കഥകളി ആസ്വാദകരുടെ മനസ്സില്‍ മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍ ആയിരുന്നു. ഒത്ത നീളം, വസൂരിക്കലയുള്ള മുഖം, കറുപ്പ് നിറം, ഉച്ചിയില്‍ കുടുമി, കാതില്‍ കടുക്കന്‍ എന്നിവയാണ്  പള്ളിപ്പുറം ആശാന്റെ ലക്ഷണങ്ങള്‍. നല്ല വേഷ പറ്റും നര്‍മ്മ ബോധം, കഥകളി ആസ്വാദകരോടും സഹ കലാകാരന്മാരോടും ബഹുമാനം, നര്‍മ്മ സംഭാഷണം ഇവ എല്ലാം ആശാന്റെ പ്രത്യേകതകള്‍ ആയിരുന്നു. പള്ളിപ്പുറം ആശാന്‍ പച്ച, കത്തി , കരി, വെള്ളത്താടി എന്നീ വേഷങ്ങളില്‍ പ്രസിദ്ധന്‍ ആയിരുന്നു. ‍ആശാന്റെ നളന്‍, പുഷ്ക്കരന്‍ , കാട്ടാളന്‍, കചന്‍, ദക്ഷന്‍, ഹരിചന്ദ്രന്‍, വിഭീഷണന്‍, കീചകന്‍,  (ഉത്തരാസ്വയംവരം , കര്‍ണ്ണശപഥം, നിഴല്‍കുത്ത്, ദുര്യോധനവധം ഇവയിലെ) ദുര്യോധനന്‍, ബാലിവിജയം , രാവണവിജയം, തോരണയുദ്ധം ഇവയിലെ രാവണന്‍, സൌഗന്ധികം , പട്ടാഭിഷേകം ഇവയിലെ ഹനുമാന്‍ തുടങ്ങിയ പ്രധാന വേഷങ്ങള്‍ എല്ലാം കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് ദുര്യോധനവധത്തില്‍ ദുര്യോധനന്‍ ആണ്. രംഗം വലിച്ചു നീട്ടുക, വേഷത്തിനു വേണ്ടി വാശി പിടിക്കുക , അരങ്ങില്‍ മേളക്കാരെയോ ഗായകരെയോ തിരിഞ്ഞു നോക്കുക, കളിപ്പണത്തിനു കണക്കു പറയുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഒന്നും തന്നെ ആശാനില്‍ കണ്ടിട്ടില്ല. 
                                                  ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍

കലാനിലയം ഉണ്ണായിവാര്യര്‍ കഥകളി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ആയി വളരെക്കാലം സേവനം അനുഷ്ടിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന് കളി ഒഴിഞ്ഞ ദിവസങ്ങള്‍ വളരെ വിരളം ആയിരുന്നു. അതുകൊണ്ടു തന്നെ കലാനിലയത്തിലെ കഥകളി അഭ്യസിപ്പിക്കുന്ന പ്രധാന ചുമതല മറ്റു  ചില കലാകാരന്മാരില്‍ ആയിരുന്നു. ആശാന് ലഭിക്കുന്ന കളികളുടെ എണ്ണം കണ്ടു അന്ന് കലാനിലയത്തില്‍ ഉണ്ടായിരുന്ന കലാകാരന്മാരില്‍ ആശാനോട് അസൂയ തോന്നാതിരുന്നവര്‍ ഉണ്ടായിരുന്നോ എന്ന് സംശയംആണ്. ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍ ചെങ്ങന്നൂര്‍ ആശാനോട് പുലര്‍ത്തിയിരുന്ന അതേ ബഹുമാനം ശ്രീ. പള്ളിപ്പുറം ആശാനോടും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ്‌ കഥകളി സമാരോഹത്തിന്റെ ഉത്ഘാടന വേളയില്‍ പ്രസസ്ത സിനിമാ നടന്‍ ശ്രീ. നെടുമുടി വേണു അവര്‍കള്‍ ശ്രീ. പള്ളിപ്പുറം ആശാനെ സ്മരിക്കുക ഉണ്ടായി. അപ്പോഴുയര്‍ന്ന കരഘോഷം ആ പ്രദേശത്തെ അല്ലെങ്കില്‍ അവിടെ കൂടിയിരുന്ന കഥകളി ആസ്വാദകരുടെ മനസ്സുകളിലും പള്ളിപ്പുറം ആശാന്‍ സ്ഥാനം പിടിച്ചിരുന്നതിന്റെ ഏറ്റവും വലിയ തെളിവായി കണക്കാക്കേണ്ടിയിരിക്കുന്നു.

(മുന്‍നിരയില്‍  ഇടതു നിന്നും) ശ്രീ. പള്ളിപ്പുറം ഗോപാലന്‍ നായര്‍,  ശ്രീ. ഗുരു. ചെങ്ങന്നൂര്‍ രാമന്‍പിള്ള. ശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി.(പിന്‍ നിരയില്‍ ഇടതു നിന്നും) ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ള, ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, പ്രൊഫസ്സര്‍. ശ്രീ. അമ്പലപ്പുഴ രാമവര്‍മ്മ, ശ്രീ. മങ്കൊമ്പ് ശിവശങ്കരപിള്ള , സംഗീത സാമ്രാട്ട്. ശ്രീ എല്‍.പി. ആര്‍.വര്‍മ്മ. 

തിരുവല്ലയില്‍ നടക്കുന്ന മിക്ക വഴിപാട്ട് കളികളിലും പള്ളിപ്പുറം  ആശാന്‍ ഉണ്ടാവും അന്ന് കഥകളി ആസ്വാദകരുടെ എണ്ണം  വളരെ മെച്ചം ആയിരുന്നു. രണ്ടോ മൂന്നോ പ്രധാന നടന്മാര്‍ ഉണ്ടെങ്കില്‍ അണിയറയ്ക്കും  കഥകളി  അരങ്ങിനും ഇടയില്‍ ഒരു കാപ്പിക്കട  കെട്ടി പുലരും വരെ കഥകളിക്കാര്‍ക്കും ആസ്വാദകര്‍ക്കും കുടിക്കാന്‍ കാപ്പി ലഭിക്കും. കിഴക്കേ നടയിലും  ഒരു കടയും ഉണ്ടായിരിക്കും. ഇന്നത്തെ സ്ഥിതി വളരെ മോശമാണ്. കളി കാണാന്‍ ജനം ഇല്ലാത്തതിനാല്‍ കടകള്‍ രാത്രിയില്‍ ഉണ്ടാവില്ല. 

 തിരുവല്ലയില്‍ പതിവായി കഥകളി ഉള്ളതിനാല്‍ അണിയറക്കു  ഒരു ചെറിയ കെട്ടിടം പണ്ടു മുതലേ ഉണ്ടായിരുന്നു. ആ കെട്ടിടം  ഇന്ന് ഉള്ളതിന്റെ നേര്‍ പകുതിയേ ഉണ്ടായിരുന്നുള്ളൂ.   അവിടെ സ്ഥിരമായി കളിക്ക് പങ്കെടുത്തിരുന്ന പള്ളിപ്പുറം ആശാന്‍, ഹരിപ്പാട്ടു ആശാന്‍, മങ്കൊമ്പ് ആശാന്‍, ചെന്നിത്തല ആശാന്‍ , മാത്തൂര്‍, ആയാംകുടി കുട്ടപ്പന്‍ മാരാര്‍, വാരണാസി സഹോദരന്മാര്‍, തിരുവല്ല ഗോപികുട്ടന്‍ നായര്‍  തുടങ്ങിയ ചില  കലാകാരന്മാരുടെ ഒരു കളിയുടെ പണം സംഭാവനയായി കൊടുത്തുകൊണ്ട് തിരുവല്ലയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍   ആ കെട്ടിടം ഇന്നു കാണുന്ന സ്ഥിതിയില്‍ പണി കഴിപ്പിച്ചത്.

  പള്ളിപ്പുറം ആശാന്‍ ഒരു സാധുമനുഷ്യന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് ധാരാളം അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്.  ഒരിക്കല്‍ പള്ളിപ്പുറം ആശാനും മങ്കൊമ്പ് ആശാനും ചെന്നിത്തല ആശാനും കൂടി അടൂരിന് സമീപം ഒരു കളി കഴിഞ്ഞു ചെങ്ങന്നൂരില്‍ എത്തി. മങ്കൊമ്പ് ആശാന്‍ അദ്ദേഹത്തിന്റെ ചെങ്ങന്നൂരിലുള്ള  വസതിയിലേക്ക് പോയി. ചെന്നിത്തല ആശാന്‍ മാന്നാറിനുള്ള ബസ്‌ കാത്തു നിന്നു. പള്ളിപ്പുറം ആശാന്‍ കോട്ടയത്തേക്ക് പോകുന്ന ഒരു തിരക്കുള്ള ബസ്സിലാണ് കയറിയത്. ബസ്‌ മുന്നോട്ടു നീങ്ങി ചില നിമിഷങ്ങള്‍  കഴിഞ്ഞപ്പോഴാണ് ആശാന്റെ ജുബ്ബയുടെ കീശയില്‍ നിന്നും ബസ്സില്‍ കയറാന്‍ ശ്രമിക്കവേ ആരോ പണം നിറഞ്ഞ പേഴ്സ് തട്ടിയെടുത്ത വിഷയം മനസ്സിലായത്. എന്ത് ചെയ്യാന്‍. നാല് കളിയുടെ കാശാണ് അന്ന് ആശാന് നഷ്ടപ്പെട്ടത്. ബസ് നിര്‍ത്തി ആ പാവം തിരികെ ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു എത്തി. നല്ല വേള ചെന്നിത്തല ആശാനു  ബസു കിട്ടിയിരുന്നില്ല. ചെന്നിത്തല ആശാനില്‍ നിന്നും ബസ്സ് കൂലിയും വാങ്ങിയാണ്  ആ പാവം യാത്ര തുടര്‍ന്നത്.

ആശാനെ കഥകളിക്കു ക്ഷണിച്ചു കള്ളത്തരത്തില്‍ കൂടി ആശാന്റെ പണം അപഹരിച്ച ഒരു കഥകളിയോഗം മാനേജരുടെ കഥ പ്രസിദ്ധമാണ്. മുതുകുളത്ത് ഒരിക്കല്‍ ഒരു കഥകളി. കളിയുടെ ചുമതല ഒരു കഥകളിയോഗം മാനേജര്‍ക്കായിരുന്നു. ധനാശി കഴിഞ്ഞ ഉടന്‍ കലാകാരന്മാര്‍ക്ക് പണം കവറിലാക്കി വിതരണം ചെയ്യാന്‍ മാനേജര്‍ എടുത്തു വെച്ചു. അപ്പോഴാണ് അണിയറയുടെ പിറകില്‍ ഒരു സൈക്കിള്‍ വീഴുന്ന ശബ്ദവും പെട്ടെന്ന് വിയര്‍ത്തൊലിച്ചു കൊണ്ട് ഒരുവന്‍ അണിയറക്കുള്ളില്‍ എത്തിയതും. ആഗതന്‍  മാനേജരോട് എന്തോ രഹസ്യം പറഞ്ഞു  . മാനേജര്‍  ഉടനെ നെഞ്ചത്ത്‌ അടിച്ചു കൊണ്ട് ഒരു കരച്ചില്‍. എന്താണ് കാരണം എന്ന് പലരും മാനേജരോട് തിരക്കി.  മാനേജരുടെ സഹോദരിയുടെ രഹസ്യ കാമുകനെ കഴിഞ്ഞ രാത്രിയില്‍ നാട്ടുകാര്‍ പിടിച്ചു കെട്ടിയിട്ടിരിക്കുന്നുപോലും. ഉടന്‍ അവരുടെ വിവാഹം നടത്തണം. അത് മാനേജരുടെ ആവശ്യമാണ്. മാനേജര്‍ക്കോ കയ്യില്‍ പണം ഇല്ല. കഥകളിക്കാര്‍ ഓരോരുത്തരും അന്നത്തെ കളിപ്പണം മാനേജര്‍ക്ക്  നല്‍കിയാല്‍ പ്രശ്നം പരിഹരിക്കാം എന്നും കുറേശ്ശെ ആയി ഓരോരുത്തരുടെ പണവും തിരികെ നല്‍കി കൊള്ളാം എന്നും ഒരു പദ്ധതിയാണ് മാനേജര്‍ ഉദ്ദേശിച്ചിരുന്നത്. മാനേജരുടെ ഈ പദ്ധതിയില്‍ ഒട്ടും വിശ്വാസം തോന്നാത്ത ചമ്പക്കുളം പാച്ചുപിള്ള ആശാനും, മങ്കൊമ്പ് ആശാനും, ചെന്നിത്തല ആശാനും ഒരു പൈസാ പോലും കുറയാതെ മാനേജരില്‍ നിന്നും വാങ്ങി യാത്രയായി. പാവം പള്ളിപ്പുറം ആശാന്‍ മാനേജരെ വിശ്വസിച്ചു പണം വാങ്ങാതെ യാത്ര തിരിക്കുമ്പോള്‍ മാനേജര്‍ പള്ളിപ്പുറം ആശാനെ മാര്‍ച്ച്‌ 12- നു തൃക്കുന്നപ്പുഴയിലും, ഏപ്രില്‍ 4-നു കരുവറ്റയിലും ഓരോ കളി ഏല്‍പ്പിച്ചു ഡയറിയില്‍ കുറിപ്പിക്കയും ചെയ്തു. തൃക്കുന്നപ്പുഴയിലും കരുവറ്റയിലും കളിക്ക് കൂടുമ്പോള്‍ രണ്ടു ഗിഡുക്കളായി ആശാന്റെ പണം തിരികെ തന്നു കൊള്ളാം എന്ന് വിശ്വാസം നല്‍കി  മാനേജര്‍ ആശാനെ യാത്രയാക്കി. മൂന്നാമത്തെ ദിവസം  ആശാന് മാനേജരുടെ ഒരു കത്ത് ലഭിച്ചു. അതില്‍ "ചില സാങ്കേതിക കാരണങ്ങളാല്‍ കരുവറ്റയിലും,  തൃക്കുന്നപ്പുഴയിലും ഏല്‍പ്പിച്ചിരുന്ന കഥകളി റദ്ദാക്കിയ വിവരം അറിയിച്ചു കൊള്ളുന്നു" എന്നാണ് എഴുതിയിരുന്നത്. ഇത് കൊണ്ട് മാത്രം തീര്‍ന്നില്ല ആശാന്റെ ശനിദശ. ആശാന്‍ പണം ചോദിക്കും എന്ന് കരുതി പിന്നീട് ആ മാനേജരുടെ ചുമതലയില്‍ വന്ന കളികള്‍ക്കെല്ലാം ആശാനെ പങ്കെടുപ്പിക്കാതിരിക്കാന്‍ മാനേജര്‍ പ്രത്യേകംശ്രദ്ധിച്ചിരുന്നു.

 ശ്രീ. പള്ളിപ്പുറം ആശാന്റെ കാട്ടാളനും ശ്രീ. കോട്ടക്കല്‍ ശിവരാമന്റെ ദമയന്തിയും.

 അര്‍ജുനനും ബ്രാഹ്മണനും (ശ്രീ. പള്ളിപ്പുറം ആശാനും ശ്രീ. കലാമണ്ഡലം പത്മനാഭന്‍ നായര്‍ ആശാനും)

1981- ല്‍ ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്‌ നടന്ന രണ്ടു ദിവസത്തെ കളികളില്‍ രണ്ടാം ദിവസത്തെ കളി കഴിഞ്ഞു വേഷം തുടച്ചു കഴിഞ്ഞ ഉടനെയാണ് പള്ളിപ്പുറം ആശാന് മരണം സംഭവിച്ചത്. ആദ്യ ദിവസം ആശാന്റെ ദുര്യോധനവധത്തില്‍ ദുര്യോധനന്‍. രണ്ടാമത്തെ ദിവസം കിർമ്മീരവധം കഥ. കൃഷ്ണന്‍ നായര്‍ ആശാന്റെ ധര്‍മ്മപുത്രര്‍, ചെന്നിത്തല ആശാന്റെ കൃഷ്ണന്‍, കോട്ടക്കല്‍  ശിവരാമേട്ടന്റെ ലളിത, മാത്തൂരിന്റെ പാഞ്ചാലി, പള്ളിപ്പുറം ആശാന്റെ കിർമ്മീരന്‍  എന്നിങ്ങനെ വേഷങ്ങള്‍. കളി കഴിഞ്ഞു ആശാന്‍  കിർമ്മീരന്‍ തുടച്ചു .  പെട്ടെന്ന് എന്തോ ഒരു അസ്വസ്ഥത  ആശാന് തോന്നി. അദ്ദേഹം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.  അദ്ദേഹത്തിന്റെ ഒരു ശിഷ്യന്‍ ഒരു ഗ്ലാസ്‌ വെള്ളം ആശാന് നല്‍കി. അത് കുടിച്ചു കഴിഞ്ഞു പിറകോട്ടു ചാഞ്ഞു. ആ ദേഹത്തെ ജീവന്‍ നിലച്ചു പോയി. അണിയറയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതശരീരമാണ് വെളിയില്‍ കൊണ്ട് വന്നത്.

പള്ളിപ്പുറം ആശാന്‍ കിർമ്മീരന്റെ വേഷത്തിനു കിരീടം വെച്ച് മുറുക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാനും, ചെന്നിത്തല ആശാനും , വാരണാസിയും അണിയറയില്‍ സംസാരിച്ചു കൊണ്ടിരുന്നു. വാരണാസി ചെണ്ട കെട്ടി വെച്ച് കൊണ്ട് ചെന്നിത്തല ആശാനോട് താങ്കള്‍ ചെന്നിത്തലക്ക് ആണോ എന്ന് ചോദിച്ചു. ചെന്നിത്തല ആശാനോ ഞാന്‍ കുടമാളൂര്‍ വാസുദേവപുരത്തിനാണ് എന്ന് മറുപടി പറഞ്ഞത്. 
  കൃഷ്ണന്‍ നായര്‍ ആശാന്‍ വാസുദേവപുരത്തു കഥ എന്താണ് എന്ന് തിരക്കി. അദ്ദേഹം അവിടുത്തെ പതിവ് കാരനാണ്. ഇക്കുറി അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. ചെന്നിത്തല ആശാന്‍ നളചരിതം ഒന്നാം ദിവസം എന്ന് മറുപടി പറഞ്ഞപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ അപ്പോള്‍ പോറ്റി ( മാങ്കുളം പോറ്റി ) അദ്ദേഹം ആവുമോ നളന്‍ എന്ന് ചോദിച്ചു (ഇതിനൊരു കാരണവും ഉണ്ട്. ഒന്നാം ദിവസം എന്നാല്‍ നളന്‍ കൃഷ്ണന്‍ നായര്‍ അല്ലെങ്കില്‍ മാങ്കുളം എന്ന് ഒരു പേര് അക്കാലത്തു നില നിന്നിരുന്നു).   എന്നാല്‍ ഒരു നിമിഷം കഴിഞ്ഞാണ് മാങ്കുളം മരിച്ചു കഴിഞ്ഞിരുന്ന  വിഷയം കൃഷ്ണന്‍ നായര്‍ ആശാന്റെ സ്മരണയില്‍ എത്തിയത്. ആശാന് അപദ്ധം പറ്റിയതും ഈ സംഭാഷണങ്ങള്‍  ശ്രദ്ധിച്ചും കൊണ്ടും കിരീടം വെച്ചു മുറുക്കി  കൊണ്ടിരുന്ന പള്ളിപ്പുറം ആശാന്‍ എല്ലാവരെയും ഒന്ന് നോക്കി . കൃഷ്ണന്‍ നായര്‍ ആശാന്റെ മുഖത്തുണ്ടായ ജാള്യത ശ്രദ്ധിച്ച പള്ളിപ്പുറം ആശാന്‍ "എല്ലാവരും എല്ലാം മറന്നു നടന്നോ എപ്പോഴാ ഒരോരുത്തന്റെ   ചീട്ടു കീറുന്നത് എന്ന് അറിയില്ല" എന്ന് (കിരീടം വെച്ചു മുറുക്കി കൊണ്ട് ) ഒരു കമന്റ് പറയുകയും ചെയ്തു.

രണ്ടു ദിവസത്തെ കളി ആയിരുന്നതിനാല്‍ കലാകാരന്മാര്‍ക്ക് മുല്ലക്കലില്‍ താമസിക്കാന്‍ ക്ഷേത്രത്തിനു സമീപം മുറി ഏര്‍പ്പാട് ചെയ്തിരുന്നു. കൃഷ്ണന്‍ നായര്‍ ആശാനും , ചെന്നിത്തല ആശാനും, വരണാസി സഹോദരന്മാരും ക്ഷേത്രം വിട്ടു വെളിയില്‍ വന്നു മുറിക്കുള്ളില്‍ എത്തി ക്ഷീണം തീര്‍ക്കാന്‍ കിടന്നു. ഒരു മയക്കം കഴിഞ്ഞപ്പോളാണ് പള്ളിപ്പുറം ആശാന്റെ മരണ വാര്‍ത്തയുമായി അണിയറക്കാരന്‍ ചെന്ന് മുറിക്കു തട്ടിയത്.

പള്ളിപ്പുറം ആശാന്‍ ആരെന്നു മനസിലാക്കിയത് അന്നാണ്.   അദ്ദേഹത്തിന്റെ മൃത ശരീരം കണ്ടു വിലപിച്ച അദ്ദേഹത്തിന്റെ നാട്ടുകാര്‍  എല്ലാവരും കഥകളി സ്നേഹികള്‍ എന്ന് പറയാന്‍ ആവില്ല. ആശാന്‍ കളിക്ക് പോയി കിട്ടുന്ന പണം പകുതിയും ജാതി മത ഭേദം ഇല്ലാതെ സങ്കടപ്പെടുന്ന സാധു ജനങ്ങളില്‍ പോയി ചേര്‍ന്നിരുന്നു . ആ സാധു ജനങ്ങളുടെ  വിലാപം! അതാണ് ഞാന്‍ ഉള്‍പ്പടെ ഉണ്ടായിരുന്ന പലരെയും കൂടുതല്‍ സങ്കടപ്പെടുത്തിയത്.
മരണം എത്ര ഭീകരമാണ് !

5 അഭിപ്രായങ്ങൾ:

  1. നന്നായി പറഞ്ഞിരിക്കുന്നു. ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  2. പള്ളിപ്പുറം ആശാനെക്കുറിച്ച് താങ്കള്‍ എഴുതിയതു വായിച്ചു. ഞാന്‍ ആദ്യമായും അവസാനമായും കണ്ടത് അദ്ദേഹത്തിന്റെ ഒരു വേഷം മാത്രം. കീചകവധത്തിലെ കീചകന്‍:മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ച്.അതാകട്ടെ കഥകളി കണ്ടു തുടങ്ങിയ കുട്ടിക്കാലത്ത്. കീചകനെ ഞാന്‍ വെറുത്തു. ഒരു പക്ഷേ, കൊച്ചു കുട്ടിയുടെ മനസ്സില്‍ പോലും വെറുപ്പുളവാക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ അഭിനയ പാടവം ഒന്നു കൊണ്ടുമാത്രമാണ് സാധിച്ചതെന്ന് ഇന്നു തോന്നുന്നു.ഇത്രയധികം നന്മയുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അങ്ങ് എഴുതുമ്പോള്‍ അദ്ഭുതം തോന്നുന്നു.മറ്റൊന്നു കൂടി. അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി മുന്‍പൊരിക്കല്‍ ചെണ്ട വിദഗ്ദ്ധനായ കുറൂര്‍ ചെറിയ വാസുദേവന്‍ നമ്പൂതിരി സമകാലിക മലയാളം വാരികയില്‍ ഓര്‍മ്മയില്‍ നിന്നു് എന്ന പംക്തിയില്‍ എഴുതിയിരുന്നു.താങ്കള്‍ അതു വായിച്ചിരിക്കില്ല എന്നു വിചാരിക്കുന്നു.കൂടുതല്‍ അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. മിസ്റ്റര്‍. പ്രയാണ്‍, മിസ്റ്റര്‍. നിഷികാന്ത് . അഭിപ്രായം പങ്കു വെച്ചതിനു നന്ദി.

    ശ്രീ.പള്ളിപ്പുറം ആശാന്റെ വേഷങ്ങള്‍ ധാരാളം കാണാനും അദ്ദേഹത്തിന്റെ അണിയറ ഫലിതങ്ങള്‍ രസിക്കുവാനും ധാരാളം അവസരങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ആശാനോടൊപ്പം മങ്കൊമ്പ് ആശാന്‍, ചെന്നിത്തല ആശാന്‍, തമ്പുരാന്‍ എന്നിവരൊക്കെ കളിക്കുണ്ട് എങ്കില്‍ ആ അണിയറയിലെ നര്‍മ്മ സംഭാഷണങ്ങള്‍ എത്ര രസകരം ആയിരിക്കുമെന്നോ ?
    സുന്ദരീസ്വയംവരത്തില്‍ ഘടോത് കചന്‍, നിഴല്‍കുത്ത്, ദുര്യോധനവധം എന്നിവയിലെ ദുര്യോധനന്‍, സൌഗന്ധികത്തില്‍ ഹനുമാന്‍ കിരാതത്തില്‍ കാട്ടാളന്‍ എന്നീ വേഷങ്ങളില്‍ ആശാന്‍ അരങ്ങില്‍ പ്രയോഗിക്കുന്ന പൊടിക്കൈകള്‍ വളരെ രസകരം തന്നെ ആയിരുന്നു.
    ആശാനെ പറ്റി ശ്രീ. കുറൂര്‍ എഴുതിയ ലേഖനം ഞാന്‍ വായിച്ചിട്ടില്ല. അദ്ദേഹത്തിന് ആ മഹാനെ പറ്റി ധാരാളം എഴുതുവാന്‍ സാധിക്കുമല്ലോ !

    മറുപടിഇല്ലാതാക്കൂ
  4. പള്ളിപ്പുറത്തിന്‍റെ ദുര്യോധനനെ ഒട്ടേറെ കണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് അണിയറയിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടം, വലിയൊരു പാപം ചെയ്യുന്നതു പോലെയായിരുന്നു. അതുകൊണ്ടു തന്നെ നടന്മാരുടെ ശരിയായ മുഖം കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഈ വസൂരിക്കലയുള്ള കറുത്തമുഖം എന്നും മനസ്സില്‍ പതിഞ്ഞു തന്നെ കിടന്നിരുന്നു. കുറേക്കാലം അത് കുറൂരിന്‍റെ മുഖമായി തെറ്റിദ്ധരിച്ചിരുന്നു താനും.
    നല്ല ഓര്‍മ്മക്കുറിപ്പ്. ജീവിതം കുറേ പിന്നോട്ടോടിച്ച് കാണാന്‍ കഴിഞ്ഞു. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ