പേജുകള്‍‌

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -1

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ കഥകളി  മാര്‍ച്ച്‌- 25, 26- എന്നീ തീയതികളില്‍ നടന്നു. മാര്‍ച്ച്‌ 26-നു  രുഗ്മാംഗദചരിതം, നിഴല്‍കുത്ത് എന്നീ രണ്ടു കഥകളാണ് അവതരിപ്പിച്ചത്. ശ്രീ. കലാമണ്ഡലം വൈശാഖ് പുറപ്പാടിന് വേഷമിട്ടു അരങ്ങിലെത്തി. മേളപ്പദം ഉണ്ടായില്ല.
ഏകാദശി വ്രതത്തിന്റെ   മാഹാത്മ്യമാണ് രുഗ്മാംഗദചരിതം കഥയുടെ പ്രധാന മൂല്യം.

                        പുറപ്പാട്: ശ്രീ. കലാമണ്ഡലം വൈശാഖ് 


സൂര്യവംശ രാജാക്കന്മാരില്‍  പ്രശസ്തനായിരുന്നു രുഗ്മാംഗദന്‍. അദ്ദേഹത്തിനു  സന്ധ്യാവലി എന്ന പത്നിയും ധര്‍മ്മാംഗദന്‍ എന്ന ഒരു മകനും ഉണ്ട്.    അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ പൂന്തോട്ടം അതിസൌരഭ്യമുള്ള  പൂച്ചെടികള്‍ നിറഞ്ഞതായിരുന്നു. രാത്രിയില്‍ അദ്ദേഹത്തിന്റെ പൂന്തോട്ടത്തിലെ സൌരഭ്യ പുഷ്പങ്ങള്‍ അപ്രത്യക്ഷമാവുക പതിവായി. കൊട്ടാരത്തിലെ രാജഭടന്മാര്‍ക്കൊന്നും ഇതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.  ഒരു രാത്രിയില്‍  രുഗ്മാംഗദ മഹാരാജാവ്  പൂന്തോട്ടത്തിലെ ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു കൊണ്ട് പൂക്കള്‍ മറയുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാന്‍ തീരുമാനിച്ചു.  

രാത്രിയുടെ അന്ത്യയാമത്തില്‍ ഒരു വിമാനം പൂന്തോട്ടത്തില്‍ വന്നിറങ്ങി. വിമാനത്തില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി പൂന്തോട്ടത്തിലെ സൌരഭ്യ പുഷ്പങ്ങള്‍ എല്ലാം ഇറുത്തെടുത്തുകൊണ്ട് വിമാനത്തില്‍ കയറി. യാത്രക്കായി വിമാനം മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ പൂച്ചെടികള്‍ക്കിടയില്‍ നിന്നും വെളിയില്‍ വന്ന രുഗ്മാംഗദന്‍ വിമാനത്തില്‍ പിടിച്ചു. വിമാനം പെട്ടെന്ന് താഴെ നിന്നു. വിമാനത്തിന്റെ ഗതി മുടങ്ങിയതിനാല്‍ കോപത്തോടെ ദേവസ്ത്രീകള്‍ വിമാനത്തില്‍ നിന്നും ഇറങ്ങി വന്നു രുഗ്മാംഗദനെ ശപിക്കുവാന്‍ തുടങ്ങി. ഉടനെ രുഗ്മാംഗദന്‍ ദയവു ചെയ്തു എന്നെ ശപിക്കരുതെ, വിമാനത്തിന്റെ ഗതി തുടരുവാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിചെയ്താലും എന്ന് ദേവസ്ത്രീകളോട് അപേക്ഷിച്ചു.  ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൂട്ടിവരൂ, അവര്‍ വന്നു തൊട്ടാല്‍ മതി വിമാനത്തിന്റെ ഗതി തുടരും എന്ന് ദേവസ്ത്രീകള്‍ അറിയിച്ചു. രാജാവ്  തന്റെ ഭടന്മാരെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ അയച്ച്‌ ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കൂട്ടിവരുവാന്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ കണ്ണിനു കാഴ്ച നഷ്ടപ്പെട്ട ഒരു വൃദ്ധയെ ഭടന്മാര്‍ കൂട്ടിവന്നു. അന്ന് ആ വൃദ്ധക്ക്‌ എന്തുകൊണ്ടോ ആഹാരം ലഭിച്ചിരുന്നില്ല. ആ വൃദ്ധ വിമാനത്തില്‍ സ്പര്‍ശിച്ചപ്പോള്‍  വിമാനം യാത്രക്ക് തയ്യാറായി. ദേവസ്ത്രീകള്‍ സന്തോഷത്തോടെ യാത്രയാകുവാന്‍ തയ്യാറായപ്പോള്‍ രുഗ്മാംഗദന്‍ അവരോട് താന്‍ വിമാനത്തില്‍ തൊട്ടപ്പോള്‍ വിമാനം നില്‍ക്കുകയും ആ വൃദ്ധ തൊട്ടപ്പോള്‍ വിമാനം ഉയരുകയും ചെയ്തതിന്റെ മര്‍മ്മം എന്തെന്ന് അറിയിക്കുവാന്‍ അപേക്ഷിച്ചു. 

ഇന്ന് ഏകാദശി ദിവസമാണ്. ഏകാദശി വ്രതം അനുഷ്ടിക്കുന്നത് പുണ്യമാണ് എന്നും,  ഏകാദശി വ്രതഭാഗത്തില്‍ ഒന്നാണ് ഉപവാസം. അറിഞ്ഞോ അറിയാതെയോ ഈ വൃദ്ധ ഉപവാസം അനുഷ്ടിച്ചിരിക്കുന്നു. അതിന്റെ പുണ്യ ഫലമാണ് ആ വൃദ്ധ സ്പര്‍ശിച്ചപ്പോള്‍ വിമാനം ഉയര്‍ന്നത് എന്ന് പറഞ്ഞു ദേവസ്ത്രീകള്‍ യാത്രയായി. 
രുഗ്മാംഗദന്‍ ഏകാദശി വ്രതാനുഷ്ടാനങ്ങള്‍ എല്ലാം മനസ്സിലാക്കി  രാജ്യം മുഴുവന്‍ ഏകാദശി വ്രതമാഹത്മ്യം പ്രചരിപ്പിക്കുകയും   രാജ്യത്തെ എല്ലാജനങ്ങളും ഏകാദശി വ്രതം അനുഷ്ടിക്കണം എന്ന് കല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ എല്ലാം ഏകാദശി വ്രതാനുഷ്ടാനങ്ങള്‍ ചെയ്തു വന്നതിനാല്‍ എല്ലാ ജനങ്ങളും മരണശേഷം വിഷ്ണുലോകം പ്രാപിക്കുകയും അതിനാല്‍ ബാധിക്കപ്പെട്ട യമധര്‍മ്മന്‍ ബ്രഹ്മാവിനെ കണ്ടു സങ്കടം ഉണര്‍ത്തിച്ചു. ബ്രഹ്മാവ് അതി സുന്ദരിയായ മോഹിനി എന്ന ഒരു സ്ത്രീയെ സൃഷ്ടിച്ച് രുഗ്മാംഗദന്റെ വ്രതം മുടക്കാനായി ഭൂമിയിലേക്ക്‌ അയച്ചു. 

നായാട്ടിനായി വനത്തില്‍  എത്തിയ രുഗ്മാംഗദന്റെ മുന്‍പില്‍ മോഹിനി പ്രത്യക്ഷപ്പെട്ടു. മോഹിനിയെ കണ്ടമാത്രയില്‍ തന്നെ രാജാവ് അവളില്‍ മോഹിതനായി. തന്റെ പ്രിയതമാ പദവി അലങ്കരിക്കുവാന്‍ രാജാവ് മോഹിനിയെ ക്ഷണിച്ചു. തന്നോട് ഒരിക്കലും അപ്രിയം ചെയ്യുകയില്ല എന്ന ഒരു സത്യം ചെയ്തു തന്നാല്‍ രാജാവിന്റെ പ്രിയതമയാകുവാന്‍ തയ്യാറാണെന്ന് മോഹിനി അറിയിച്ചു. രാജാവ് അപ്രകാരം സത്യം ചെയ്തു കൊടുത്തുകൊണ്ട് നായാട്ടു അവസാനിപ്പിച്ച്  മോഹിനിയും കൂട്ടി കൊട്ടാരത്തിലേക്ക് മടങ്ങി.  

കൊട്ടാരത്തില്‍ എത്തിയ രുഗ്മാംഗദന്‍  മോഹിനിയോടൊപ്പം വളരെക്കാലം സന്തോഷമായി കഴിഞ്ഞു . രാജാവ് അക്കാലത്തും ഏകാദശി വ്രതത്തിനു ഒരു ഭാഗവും വരുത്തിയിരുന്നില്ല. ഒരു ഏകാദശി ദിവസം രുഗ്മാംഗദന്‍ വ്രതം അനുഷ്ടിക്കവേ, മോഹിനി ബ്രഹ്മനിയോഗം ഉണര്‍ന്നു കൊണ്ട് രാജാവിന്റെ വ്രതം മുടക്കുവാന്‍ തീരുമാനിച്ചു. 
വ്രതാചരണത്തില്‍ മുഴുകിയിരുന്ന രാജാവിനെ സമീപിച്ചു കൊണ്ട്  മോഹിനി തന്നോടൊപ്പം കാമകേളിയില്‍ പങ്കെടുക്കുവാന്‍ നിര്‍ബ്ബന്ധിച്ചു. വ്രതം കഴിയുന്നതു വരെ ക്ഷമിക്കുവാന്‍ രാജാവ് മോഹിനിയോട് അപേക്ഷിച്ചുവെങ്കിലും മോഹിനി വഴങ്ങിയില്ല. വ്രതത്തില്‍ നിന്നും രാജാവ് പിന്മാറുന്നില്ല എന്ന് കണ്ടപ്പോള്‍ തന്റെ അനിഷ്ടത്തിനു എതിരായി ഒന്നും ചെയ്യുകയില്ല എന്ന് പണ്ട് സത്യം ചെയ്തിരുന്ന വിഷയം മോഹിനി രാജാവിനെ ഓര്‍മ്മിപ്പിച്ചു. പിന്നീട്  വ്രതം തുടരുവാന്‍ മോഹിനി വെച്ചത് ക്രൂരമായ ഒരു നിബന്ധന ആയിരുന്നു.   ധര്‍മ്മാംഗദനെ, അവന്റെ  അമ്മയായ സന്ധ്യാവലിയുടെ  മടിയില്‍ കിടത്തി, രാജാവ് വാളുകൊണ്ട് ധര്‍മ്മാംഗദന്റെ കഴുത്ത് വെട്ടണം. ഈ സമയത്ത് രാജാവിനോ, രാജ്ഞിക്കോ കണ്ണില്‍ നിന്നും കണ്ണുനീര്‍ അല്‍പ്പം പോലും വരുവാനും പാടില്ല. 

ധര്‍മ്മ സങ്കടത്തിലായ രാജാവ് മോഹിനിയുടെ ക്രൂര നിബന്ധനയാല്‍  മനമുരുകി വിലപിക്കുമ്പോള്‍ ധര്‍മ്മാംഗദന്‍ വാളുമായി എത്തി പിതാവിനെ സമാധാനിപ്പിച്ചു. ഇനിയും  അങ്ങേക്ക് പുത്രന്മാര്‍ ഉണ്ടാകും. എന്തു കാരണം കൊണ്ടും വ്രതം മുടക്കരുത്. അച്ഛന്‍ എന്നെ വധിച്ചു കൊള്‍ക എന്നു പറഞ്ഞുകൊണ്ട് അമ്മയുടെ മടിയില്‍ കിടന്നു. ഒടുവില്‍ രാജാവ്  ധര്‍മ്മാംഗദനെ വെട്ടുവാന്‍ തയ്യാറാകുമ്പോള്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു തടഞ്ഞു.  മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശ പ്രകാരം ധര്‍മ്മാംഗദനെ രാജാവായി അഭിഷേകം ചെയ്തു അനുഗ്രഹിച്ചു. മഹാവിഷ്ണു രുഗ്മാംഗദനെയും സന്ധ്യാവലിയെയും ഉടലോടെ വിഷ്ണുലോകത്തേക്ക് കൂട്ടിപ്പോയി. ഇതാണ് രുഗ്മാംഗദചരിതം കഥയുടെ ഉള്ളടക്കം.

 രുഗ്മാംഗദന്‍ (ശ്രീ. കലാമണ്ഡലം ഗോപി ) മോഹിനി (ശ്രീ. മാര്‍ഗി വിജയകുമാര്‍)

രുഗ്മാംഗദചരിതം കഥയിലെ  മൂന്നു രംഗങ്ങളാണ് ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നത്.  നായാട്ടിനു പോകുന്ന രുഗ്മാംഗദ മഹാരാജാവ്  വനത്തില്‍ മോഹിനിയെ കണ്ടുമുട്ടുന്നതും, അദ്ദേഹം  മോഹിനിയെ പ്രിയതമ പദവിക്ക് ക്ഷണിക്കുന്നതും തുടര്‍ന്ന് മോഹിനി ആവശ്യപ്പെട്ട സത്യം ചെയ്തു കൊട്ടാരത്തിലേക്ക് കൂട്ടി വരുന്നതുമാണ് ആദ്യ രംഗം. 

രണ്ടാംരംഗം ബ്രാഹ്മണര്‍ പരസ്പരം കണ്ടു സംസാരിക്കുന്നതാണ്.  നായാട്ടിനു പോയ മഹാരാജാവിനു മോഹിനി എന്നു പേരുള്ള ഒരു സുന്ദരിയായ സ്ത്രീയെ ലഭിച്ചുവെന്നും ആ സ്ത്രീയുമായി രാജാവ് കാമ സല്ലാപങ്ങളില്‍ മുഴുകി കഴിയുകയാണെന്നും, ഏകാദശി വ്രതത്തിന് ഭംഗം വരുത്തിയിട്ടില്ലെന്നും വൃതാന്ത്യത്തില്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ ചെന്നാല്‍ ആഹാരവും വസ്ത്രവും ലഭിക്കുമെന്നും പരസ്പരം സംസാരിച്ചു കൊണ്ട്  ബ്രാഹ്മണര്‍  രുഗ്മാംഗദന്റെ കൊട്ടാരത്തിലേക്ക് യാത്രയാകുന്നു.


 രുഗ്മാംഗദരാജാവിന്റെ ഏകാദശി വ്രതം മുടക്കുവാന്‍ മോഹിനി ശ്രമിക്കുന്നതും തുടര്‍ന്ന് പുത്രനെ നിഗ്രഹിക്കുവാന്‍ തയ്യാറാകുന്ന രാജാവിനെ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു തടയുകയും ധര്‍മ്മാംഗദനെ രാജാവായി അഭിഷേകം ചെയ്തു വെച്ച ശേഷം മഹാവിഷ്ണുവോടൊപ്പം രുഗ്മാംഗദനും  സന്ധ്യാവലിയും വിഷ്ണുലോകം പ്രാപിക്കുന്നതുമാണ് അവസാന രംഗം.

                                                                                    ( തുടരും)

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ഏപ്രിൽ 9 3:11 AM

    ആദ്യമായാണ് ഈ കഥ കേള്‍ക്കുന്നത് ഒരുപാടിഷ്ടപെട്ടു..ഏകാദശിമാഹാത്മ്യം വെളിപ്പെടുത്തുന്ന ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  2. സര്‍,
    രുഗ്മാംഗതചരിതത്തില്‍ അങ്ങേയറ്റം നാടകീയമായ ഒരു രംഗം കൂടി ഉണ്ടാവേണ്ടതല്ലേ? അതായത്,ധര്‍മ്മാംഗതന്റെ അമ്മ സന്ധ്യാവലിക്കുണ്ടാകുന്ന മാനസ്സിക സംഘര്‍ഷം എന്തായിരിക്കും? ഇതുവരെ അതു രംഗത്ത് അവതരിപ്പിച്ചു ഞാന്‍ കണ്ടിട്ടില്ല.അങ്ങനെയൊന്ന് ഇല്ലേ? അതോ ഒഴിവാക്കുന്നതാണോ? സന്ധ്യാവലിക്ക് ഒരു പദം പോലുമില്ല.കഷ്ടം.മിക്ക അവസരങ്ങളിലും ഒരു കുട്ടിയെ പിടിച്ച് ഈ വേഷമങ്ങു കെട്ടിക്കും.അതിനാകട്ടെ കഥകളിയുടെ ഹരിശ്രീ കൂടി അറിയാന്‍ പാടില്ലാത്തതാകും.ഉദാഹരണത്തിന് വാഴപ്പള്ളി ക്ഷേത്രത്തില്‍ 4/4/2011 ലെ കളി. കണ്ടവരാരെങ്കിലും ഇതിനെക്കുറിച്ചു പ്രതികരിക്കട്ടെ.അഥവാ, ഈ നിലയ്ക്ക് ഒരു മാറ്റം ആവശ്യമല്ലേ? പണ്ഡിതന്മാരുടെ അഭിപ്രായത്തിനു വേണ്ടി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. രുഗ്മാംഗാദചരിതം കഥയുടെ മൂന്നു രംഗം മാത്രമാണ് ഇന്ന് അവതരിപ്പിക്കുന്നത്‌. ബാക്കിയുള്ള രംഗം എന്തൊക്കെയാണ് എന്ന് ഇന്നുള്ള കഥകളി കലാകാരന്മാര്‍ക്ക് പോലും നിശ്ചയം ഉണ്ടാവില്ല. കഥകളി എന്ന കലാരൂപം ഇന്ന് അഭിനയ പ്രാധാന്യമുള്ള ചില രംഗങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സന്ധ്യാവലി വേഷം കുട്ടിത്തരം വേഷക്കാര്‍ മതിയാവും.സന്ധ്യാവലി ഒരു നല്ല കലാകാരന്‍ ചെയ്താല്‍ ചില മാനസീക അവസ്ഥകള്‍ രംഗത്ത് പ്രകടിപ്പിക്കാന്‍ സാധിക്കും. ആസ്വാദകരുടെ കണ്ണ് രുഗ്മാംഗദനില്‍ ആവുമല്ലോ.

    ദുര്യോധനവധത്തില്‍ കുട്ടിഭീമന്‍ എന്ന ഒരു കഥാപാത്രം ഉണ്ട്. കുട്ടിഭീമന് ഇന്ന് ഒരു പദം പോലും പാടാറില്ല. എന്നാല്‍ ഒരിക്കല്‍ ശ്രീ. ചന്ദ്രമന്‍ ഗോവിന്ദന്‍ നമ്പൂതിരി എന്ന നടന്‍ കുട്ടി ഭീമനും രൌദ്രഭീമനും കെട്ടാന്‍ നിര്‍ബ്ബന്ധിതനായി. അന്നാണ് കുട്ടിഭീമനു അരങ്ങില്‍ എന്തൊക്കെ ചെയ്യാം എന്ന് മനസ്സിലാക്കിയത്. അത് പോലെ ഒരു വിദേശ യാത്രയില്‍ ശ്രീ. ഗോപി ആശാനും കുട്ടി ഭീമനും രൌദ്രഭീമനും ചെയ്തു. അദ്ദേഹവും അരങ്ങില്‍ കുട്ടിഭീമന്റെ മാനസീക അവസ്ഥകള്‍ പ്രകടിപ്പിച്ചു രംഗം ഉജ്ജ്വലമാക്കി.

    മറുപടിഇല്ലാതാക്കൂ