പേജുകള്‍‌

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി -2


ആദ്യ രംഗത്തിന്റെ അവതരണത്തില്‍ വനത്തില്‍ വിശ്രമിക്കുന്ന രുഗ്മാംഗദരാജാവിന്റെ  സമീപം മോഹിനി എത്തുന്നു.    സുഗന്ധവാസനയും മുത്തു പൊഴിയുന്നത് പോലുള്ള ശബ്ദവുമാണ്‌ മോഹിനിയില്‍ രാജാവിന് അനുഭവപ്പെട്ടത്. മോഹിനി രാജാവിനെ " കോമളാകൃതേ" എന്ന് മോഹിനി സംബോധന ചെയ്യുമ്പോള്‍ വീണ വായിക്കുന്നതു പോലെയുള്ള  അനുഭൂതി രാജാവിന് അനുഭവപ്പെട്ടു. 


                                   (രുഗ്മാംഗദനും മോഹിനിയും )

രാജാവിന്റെ താല്‍പ്പര്യം മാസസ്സിലാക്കിയ മോഹിനി, തന്നോട് ആപ്രിയം ചെയ്യുകയില്ല എന്ന സത്യം ചെയ്യണം എന്ന നിബന്ധന വെച്ചപ്പോള്‍ " സത്യം എന്തിനു? എന്ന് രാജാവ് ചോദിക്കുകയും രാജ്ഞിയെയും മകനെയും മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു .

താന്‍ ദേവസ്ത്രീകളെ കണ്ടിട്ടുണ്ട് എന്നും, താന്‍ കണ്ടിട്ടുള്ള ദേവസ്ത്രീകള്‍ക്ക്  ഇത്രയും (ശില്‍പ്പ)  സൌന്ദര്യം ഇല്ലെന്നും ഈ മോഹിനിയുടെ വരവ്  പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കും പോലെയുള്ള പ്രതീതിയാണെന്നുമായി  രുഗ്മാംഗദന്‍. 

മോഹിനി: അങ്ങ്  ദേവസ്ത്രീകളെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞുവല്ലോ ?

രുഗ്മാംഗദന്‍: അതെ. എന്റെ പൂന്തോട്ടത്തില്‍ ഉള്ള ധാരാളം വിശേഷപ്പെട്ട പുഷ്പങ്ങള്‍ ആരോ രാത്രിയില്‍ ആരോ  കൊണ്ടു പോയ്ക്കൊണ്ടിരുന്നു. അതിന്റെ രഹസ്യം അറിയുവാന്‍ ഞാന്‍ ദൂതന്മാരെ നിയോഗിച്ചു. അവരാല്‍ അതിന്റെ രഹസ്യം അറിയുവാന്‍ സാധിച്ചില്ല. ഒരു ദിവസം രാത്രി ഞാന്‍ പൂന്തോട്ടത്തിന്റെ നടുവില്‍ ചെടികള്‍ക്ക്  ഇടയില്‍ മറഞ്ഞിരുന്നു. അപ്പോള്‍ അവിടെ ഒരു വിമാനം താഴേക്കു ഇറങ്ങി നിന്നു. അതില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി പൂക്കള്‍ ഇറുത്തു വിമാനത്തില്‍ ഇട്ടു. പിന്നീട് അവര്‍ വിമാനത്തില്‍ കയറി യാത്ര പുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മറഞ്ഞിരുന്ന ഇടത്തില്‍ നിന്നും വെളിയില്‍ വന്ന്‌, ഉയര്‍ന്നു കൊണ്ടിരുന്ന വിമാനത്തില്‍ പിടിച്ചു. വിമാനം പെട്ടെന്ന് നിന്നു. വിമാനത്തില്‍ നിന്നും ദേവസ്ത്രീകള്‍ ഇറങ്ങി വന്ന്‌ അവരുടെ യാത്ര മുടക്കിയത്തിനു എന്നെ ശപിക്കുവാന്‍ തുടങ്ങി. എന്നെ ശപിക്കരുതെ! നിങ്ങളുടെ യാത്ര തുടരുവാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിയാലും എന്ന് അപേക്ഷിച്ചു.   

ഇന്നത്തെ ദിവസം  ആഹാരം കഴിക്കാത്ത ഒരാള്‍ വന്നു തൊട്ടാല്‍ മതി വിമാനം ഗതി  എന്ന് അവര്‍ പറഞ്ഞു. ഞാന്‍ ദൂതന്മാരെ നാടു മുഴുവന്‍ അന്ന് ആഹാരം കഴിക്കാത്തവരെ തേടുവാന്‍ അയച്ചു. ദൂതന്മാര്‍ ഒരു കിഴവിയെ കണ്ടു പിടിച്ചു. അവരോടെ രാജാവിന് നിങ്ങളെ കാണണം എന്ന് പറഞ്ഞു കൂട്ടിവന്നു. 
ദൂതന്മാര്‍ പൂന്തോട്ടത്തില്‍ എത്തി. 
അല്ലയോ രാജാവേ! ഈ കിഴവി ഇന്ന് ആഹാരം കഴിച്ചിട്ടില്ല എന്ന് അറിയിച്ചു. 
ഞാന്‍ ആ അമ്മയോട് വിമാനത്തില്‍ ഒന്ന് തൊടുവാന്‍ അപേക്ഷിച്ചു. 
ആ അമ്മ  വിമാനത്തില്‍ തൊട്ടു. വിമാനം മേലേക്ക് ഉയരുവാന്‍ തയ്യാറായി. ഞാന്‍ ഈ അത്ഭുതത്തിന്റെ കാരണം തിരക്കി. ഇന്ന് ഏകാദശി ദിവസം ആണെന്നും ഏകാദശി നാള്‍ അന്നം വര്‍ജ്ജിക്കണം എന്നും, ഈ വൃദ്ധ ഇന്ന് അന്നം കഴിക്കാത്തതിനാല്‍ അതിന്റെ പുണ്യ ഫലം കൊണ്ടാണ് വിമാനം ഉയര്‍ന്നതെന്നും ദേവസ്ത്രീകള്‍ അറിയിച്ച ശേഷം വിമാനത്തില്‍ യാത്രയായി. 
ആ അമ്മയ്ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കി ഞാന്‍ യാത്രയാക്കി. 

രുഗ്മാംഗദന്‍: അല്ലയോ മോഹിനി! നീ ദേവലോകത്തെ ഉപേക്ഷിച്ച് ഈ കാട്ടില്‍ എത്താന്‍ കാരണം എന്താണ്?
 മോഹിനി: അങ്ങയോടുള്ള സ്നേഹം തന്നെ. 
രുഗ്മാംഗദന്‍: എന്നോട് സ്നേഹം തോന്നാന്‍ കാരണം എന്താണ്?
മോഹിനി: ദേവലോകത്ത് ദേവസ്ത്രീകള്‍ അങ്ങയെ പുകഴ്ത്തി,   വീണ വായിക്കുന്നത് ഞാന്‍ കേട്ടു.  അപ്പോള്‍ മുതല്‍ അങ്ങയോടു എനിക്ക് സ്നേഹം ഉണ്ടായി.
രുഗ്മാംഗദന്‍: ദേവലോകത്ത് ദേവസ്ത്രീകള്‍ എന്നെ പുകഴ്ത്തി,   വീണ വായിക്കുന്നു വെന്നോ?
മോഹിനി: സത്യം തന്നെ.
രുഗ്മാംഗദന്‍: ഞാന്‍ സത്യം ചെയ്യണം എന്ന് പറഞ്ഞത് എന്തിനാണ്?
മോഹിനി: അങ്ങ് രാജാവല്ലേ! അങ്ങേക്ക് ധാരാളം ഭാര്യമാര്‍ ഉണ്ടാകും. അതുകൊണ്ടാണ് ഞാന്‍ സത്യം ചെയ്യാന്‍ ആവശ്യപ്പെട്ടത്‌.
രുഗ്മാംഗദന്‍: കഷ്ടം! 
അഗ്നി സാക്ഷിയായി സ്വീകരിച്ച ഒരു ഭാര്യ മാത്രമാണ് എനിക്ക്  ഉള്ളത്. 
മോഹിനി: ഞാന്‍ അങ്ങയുടെ കൂടെ കൊട്ടാരത്തിലേക്ക് വന്നാല്‍ അവര്‍ എന്നെ ആക്ഷേപിക്കുകയില്ലേ?
രുഗ്മാംഗദന്‍: എന്റെ ഭാര്യ എന്നോട് അഹിതം ഭാവിക്കുകയില്ല. എനിക്ക് ഒരു മകനും ഉണ്ട്. 
മോഹിനി: എനിക്ക് അവരെ കാണുവാന്‍ ആഗ്രഹം ഉണ്ട്. 
രുഗ്മാംഗദന്‍: എന്നാല്‍ നാം വേഗം കൊട്ടാരത്തിലേക്ക് മടങ്ങുക തന്നെ.
രുഗ്മാംഗദന്‍: (ഭടന്മാരെ നോക്കി) ഞാന്‍ വേട്ട അവസാനിപ്പിച്ചു മടങ്ങുന്നു. വിവരം കൊട്ടാരത്തില്‍ അറിയിച്ചാലും. യാത്രക്ക് രഥം  ഒരുക്കുക. 
( മോഹിനിയോടു) രഥം  തയ്യാറായി. നമുക്ക് പോകാം. 
മോഹിനി: രഥത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് ഭയമാണ്.
രുഗ്മാംഗദന്‍:  അല്‍പ്പവും ഭയപ്പെടേണ്ട. എന്നെ കെട്ടി പിടിച്ചു കൊള്ളുക .
 രുഗ്മാംഗദനും മോഹിനിയും യാത്രയാകുന്നതോടെ രംഗം അവസാനിച്ചു. രുഗ്മാംഗദനായി ശ്രീ. കലാമണ്ഡലം ഗോപി ആശാനും മോഹിനിയായി ശ്രീ. മാര്‍ഗി വിജയകുമാറും വളരെ നല്ല ഒരു പ്രകടനം കാഴ്ചവെച്ചു.



ബ്രാഹ്മണര്‍: ശ്രീ. മധു വാരണാസിയും ശ്രീ. ചിങ്ങോലി ഗോപാലകൃഷ്ണനും

 രണ്ടാം രംഗത്തിലെ ബ്രാഹ്മണന്മാരായി വേഷമിട്ടത്
ശ്രീ. മധു വാരണാസിയും ചിങ്ങോലി ഗോപാലകൃഷ്ണനും ആയിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ