പേജുകള്‍‌

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

'ബ്രഹ്മശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരി' - ശ്രീ.കുടമാളൂര്‍ കരുണാകരന്‍ നായരുടെ അനുസ്മരണം

(എന്റെ കഥകളി ബ്ലോഗ്‌ വായിക്കാറുള്ള കുടമാളൂര്‍ സ്വദേശി ഡോക്ടര്‍. ശ്രീ. മാധവന്‍ നമ്പൂതിരി  അവര്‍കള്‍  (Dr. Nampoothiri,  Marlandwood,  USA.), ബ്രഹ്മശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരിയെ പറ്റി ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി അദ്ദേഹത്തിനു നല്‍കിയിരുന്ന ഒരു കുറിപ്പ് എനിക്ക് അയച്ചു തന്നിരുന്നു. 1943- ല്‍ കല്‍ക്കട്ട കള്‍ച്ചറല്‍ സെന്ററില്‍ അനേകം പ്രശസ്തരുടെ സാന്നിദ്ധ്യത്തില്‍ ഭീമപ്രഭാവം അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ട തോട്ടം ശങ്കരന്‍ നമ്പൂതിരിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു  കൊണ്ട്  അന്നത്തെ പത്രമാസികളില്‍  ചില പ്രശസ്ത വ്യക്തികള്‍  എഴുതിയ അനുശോചന സന്ദേശങ്ങളും അതോടൊപ്പം ഉണ്ടായിരുന്നുശ്രീ. മാധവന്‍ നമ്പൂതിരി അവര്‍കളുടെ അനുവാദത്തോടെ ഈ കുറിപ്പുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു). 

                                                      Thottam Sankaran Nampoothiri

കഥകളിയരങ്ങെന്ന മഹാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തി ആയിരുന്ന ബ്രഹ്മശ്രീ. തോട്ടം ശങ്കരന്‍ നമ്പൂതിരിയെ, ഒരു പ്രാവശ്യമെങ്കിലും അദ്ദേഹത്തിന്‍റെ വേഷം കണ്ടിട്ടുള്ള ഒരു കഥകളിപ്രേമിക്കും മറക്കുവാന്‍ സാദ്ധ്യമല്ല. അത്രമാത്രം വേഷഭംഗിയും രസ ഭാവ പ്രകടനത്തിലുള്ള കഴിവും ഒത്തു ചേര്‍ന്ന ഒരു മഹാ നടന്‍തന്നെ ആയിരുന്നു അദ്ദേഹം. തിരുമേനിയുടെ വേഷഭംഗിയും അഭിനയ പാടവവും കണ്ട്, ലോക പ്രസിദ്ധ നര്‍ത്തകനായ ഉദയശങ്കര്‍ പോലും ആ മഹാനടന്റെ ശിഷ്യത്വം സ്വീകരിച്ചു. എന്റെ അര നൂറ്റാണ്ടിലധികമായുള്ള കലാ ജീവിതത്തില്‍ തോട്ടം തിരുമേനിക്ക് തുല്യമായി നായക വേഷങ്ങള്‍ അഭിനയിക്കുന്ന ഒരു നടനെ കണ്ടിട്ടില്ല. തിരുമേനിയുടെ കൂടെ നായികയായി അഭിനയിക്കുമ്പോഴുണ്ടായിട്ടുള്ള അനുഭവം മറ്റാരുടെ കൂടെ അഭിനയിക്കുമ്പോഴും ഉണ്ടാകുന്നില്ല എന്നുള്ളത് ഒരു സത്യം മാത്രമാണ്. "അഴകിയരാവണന്‍" എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിചിരുന്നത്. തിരുമേനി അരങ്ങത്തു വന്നാല്‍ ആ മുഖത്തു നിന്നും ഒരു കഥകളി പ്രേമിക്കും കണ്ണുപറിക്കുവാന്‍ സാധിച്ചിരുന്നില്ല. അനന്യസിദ്ധമായ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ അത്രമാത്രം അദ്ദേഹത്തിലേക്ക്‌ ലയിപ്പിച്ചിരുന്നു. ഒരു സംഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മാവേലിക്കരയില്‍ നടന്ന ഒരു രാവണവിജയം കഥകളി. തിരുമേനിയുടെ രാവണന്‍. നിറഞ്ഞ സദസ്സ്. രാവണനും മണ്ഡോദരിയുമായുള്ള ശ്രുംഗാരപ്പദമാണ്‌ രംഗം. കാണികള്‍, ശ്രുംഗാരരസരാജനായ തിരുമേനിയുടെ അഭിനയത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ആട്ടവിളക്കിന്റെ മരം കൊണ്ടുള്ള കാലിനു എങ്ങിനെയോ തീ പിടിച്ചു. അരങ്ങിനു മുന്‍പിലിരുന്നു കളികണ്ടവര്‍ ആരും ഇതറിഞ്ഞില്ല. അവസാനം തീ ആളിക്കത്തിയപ്പോള്‍ പുറകില്‍ നിന്നാരോ വിളിച്ചു പറഞ്ഞപ്പോഴാണ് എല്ലാവരും അതു ശ്രദ്ധിച്ചത്. തീ കെടുത്തുവാന്‍ മണലുവാരിയിട്ടവരുടെ കൂട്ടത്തില്‍ ശ്രീ. കുറിച്ചി കുഞ്ഞന്‍ പണിക്കരാശാനുമുണ്ടായിരുന്നു.                                                    

കോട്ടയം അടുത്തുള്ള പാറപ്പാടം ക്ഷേത്രത്തിലെ കഥകളിക്കാണ് തിരുമേനിയുടെ കൂടെ ആദ്യമായി ഒരു വേഷം കെട്ടുവാന്‍ എനിക്ക് ഭാഗ്യമു ണ്ടായത്. തിരുമേനിയുടെ, സുപ്രസിദ്ധമായ കാര്‍ത്തവീര്യാര്‍ജുനവിജയത്തിലെ രാവണന്റെ കൂടെ ണ്ഡോദരിയായിരുന്നു എന്റെ വേഷം. ഈശ്വരകൃപയാലും എന്റെ ഗുരുത്വം കൊണ്ടും ഞാന്‍ കെട്ടിയ വേഷം തിരുമേനിക്ക് ഇഷ്ടപ്പെട്ടു. ആ കഥകളിയാണ് ആ കലാവല്ലഭന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിനും അനവധി തവണ അദ്ദേഹത്തോടൊപ്പം നായികാ വേഷങ്ങള്‍ കെട്ടുന്നതിനും, ഉദയശങ്കറിന്റെ അപേക്ഷപ്രകാരം തിരുമേനി ഉത്തരേന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ ആ സംഘത്തിലെ പ്രധാന സ്ത്രീവേഷക്കാരനാകുന്നതിനു എനിക്ക് ഇടവരുത്തിയത്. തകഴിയില്‍ തോട്ടം മഠത്തില്‍ വെച്ച്, ഉര്‍വ്വശി, രംഭ, പൂതനാമോക്ഷത്തില്‍ ലളിത തുടങ്ങിയ വേഷങ്ങളുടെ അഭിനയം, തിരുമേനി എനിക്ക് നടിച്ചു കാണിച്ചു തന്നിട്ടുള്ളതാണ്. ആ ഓര്‍മ്മയില്‍ കൂടിയാണ് ഇന്നും ആ വേഷങ്ങള്‍ ഞാന്‍ രംഗത്ത് അഭിനയിക്കുന്നതും.


സമകാലീനരായ അതി പ്രഗല്‍ഭന്മാര്‍ പ്രതിഫലമായി അഞ്ച് രൂപാ വരെ ചോദിച്ചു വാങ്ങിയിരുന്നപ്പോള്‍, ഒന്നും ചോദിക്കാതെ തിരുമേനിക്ക് അമ്പതു രൂപായെങ്കിലും ഒരു കഥകളിക്ക് കിട്ടിയിരുന്നു എന്ന് പറയുമ്പോള്‍തന്നെ ആ മഹാനടന് അന്ന്‌ കഥകളി രംഗത്തുണ്ടായിരുന്ന അംഗീകാരവും പ്രൌടിയും ഊഹിക്കാമല്ലോ!. ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്റെ "ഏകലോചനം" എന്ന ഭാഗം തിരുമേനിയെപോലെ നടിക്കുന്ന ഒരു നടന്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. കോപവും ശോകവും ഇടവിട്ട്‌ കണ്ണുകൊണ്ടുള്ള ആ പ്രയോഗം അപാരമെന്നേ പറയാവൂ. കണ്ണുസാധകത്തെപ്പറ്റിയുള്ള കഥ തിരുമേനി തന്നെ പറഞ്ഞിട്ടുണ്ട്. "നിലാവുസാധകം" നിലാവ് തീരുന്നത് വരെ കണ്ണു സാധകം നടത്തി അവസാനം ഇരുപത്തിരണ്ടു നാഴികവരെ കണ്ണു സാധകം ഒറ്റയിരുപ്പില്‍ ചെയ്തപ്പോള്‍ കണ്ണിനു നീരുവന്നത്രേ! എല്ലാ കഥകളിലേയും കത്തിവേഷങ്ങളിലും പച്ചവേഷങ്ങളിലും സുന്ദരബ്രാഹ്മണന്‍ തുടങ്ങിയ മിനുക്കു വേഷങ്ങളിലും തിരുമേനി അജയ്യനായിരുന്നു. അടുത്ത കാലത്ത് നളചരിതം നാലാംദിവസം വീണ്ടും ചിട്ടപ്പെടുത്തിയത് തിരുമേനി ആയിരുന്നു. മാവേലിക്കര കഥകളി ക്ലബ്ബില്‍ വെച്ചായിരുന്നു. അന്ന്‌ തിരുമേനിയുടെ ബാഹുകനും എന്റെ ദമയന്തിയുമായിരുന്നു. ശ്രീ. ഇറവങ്കര നീലകണ്ടന്‍ ഉണ്ണിത്താന്‍ ആയിരുന്നു പാടിയത്. ഡോക്ടര്‍. ഈ.കെ. രാമന്‍പിള്ള, ശ്രീ. തോപ്പില്‍ ഗോപാലപിള്ള എന്നിവരായിരുന്നു ആ കളിക്ക് നേതൃത്വം നല്‍കിയവര്‍.
തിരുമേനി, മഹാതേജസ്വിയും തികഞ്ഞ ഈശ്വരഭക്തനും, പരിശുദ്ധഹൃദയനും ആയിരുന്നു. ഇന്നത്തെ യുവ തലമുറയ്ക്ക് ആ മഹാ നടന്റെ കഴിവുകള്‍ കാണുവാനിടവരുത്താതെ ഹത:വിധി അദ്ദേഹത്തെ അപഹരിച്ചു. എങ്കിലും, ആ വേഷം ഒരിക്കലെങ്കിലും കണ്ടിട്ടുള്ള പരശതം ആസ്വാദക ഹൃദയങ്ങളില്‍, കഥകളി പ്രസ്ഥാനം ഇന്നേവരെ കണ്ടിട്ടുള്ളവരില്‍ വെച്ച് ഒന്നാമനായ ആ "നടസാര്‍വഭൌമന്‍" എന്നെന്നും തെളിഞ്ഞു നില്‍ക്കും 
********************************************************************************************
 തോട്ടം തിരുമേനിയുടെ മരണവാര്‍ത്തയറിഞ്ഞു ചില പ്രമുഖരുടെ അനുശോചന കുറിപ്പുകള്‍.
"I am heart stricken to hear the news of Guru. Sankaran Namboothiri's death. A great jewel of India is lost.......... We do not have the power to realise what a great soul he has been; he was not only a great dancer but a ' mahapurush' a 'Rishi'.......... It is beyond me to describe his greatness............
 USTHAD ALLAUDIN KHAN

" Like a thunderbolt came today the very sad news of sudden and unexpected death of Guru. Sankaran Namboothiri. Away with him has gone the great and glorious Kathakali traditions and culture. I should say that India has lost a great man well versed in the art of Abhinaya, and your institution its guiding star. My his soul rest in peace.
(Sri. MUKUNDARAJA , 
Formerly founder Secretary of Kalamandalam )

" I was shocked to learn of the tragic death of the celebrated Guruji. I can hardly imagine that he is no more! His eyes were so full of light and life..... How marvellous was his art..... He made it so living and realistic, I could never imagine that a man could never possess such powers.... He by himself seemed to fill the entire stage........A great man of the motherland has ceased to be......
07-08-1943
Mr. S.K. RUDRA
Economic Adviser to the U.P. Government.

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

എം.ജി.ആര്‍ ജാനകി ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജില്‍ അവതരിപ്പിച്ച ദുര്യോധനവധം കഥകളി.


ചെന്നൈ അടയാറിലുള്ള എം.ജി.ആര്‍ ജാനകി ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ്  ആഡിറ്റോറിയത്തില്‍    19 - 08 - 2012 -ന്   ദുര്യോധനവധം കഥകളി അവതരിപ്പിക്കുക ഉണ്ടായി. പ്രസ്തുത കോളേജിലെ നാട്യവിഭാഗമാണ് കഥകളിയുടെ അവതരണ ചുമതല വഹിച്ചത്. വൈകിട്ട്  കൃത്യം  അഞ്ചരമണിക്ക് കേളിയും തുടര്‍ന്ന് കഥകളി, ഭരതനാട്യം എന്നിവയില്‍ പ്രശസ്തി നേടിയ ശ്രീ.V .P. ധനജ്ഞയന്‍ വിളക്ക് കൊളുത്തി പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ശ്രീ.V .P. ധനജ്ഞയന്‍  അവര്‍കളെ കോളേജിലെ നാട്യവിഭാഗം ആദരിക്കുകയും  തുടര്‍ന്ന് പുറപ്പാടും  ദുര്യോധനവധം  കഥയിലെ "പരിപാഹി" മുതലുള്ള രംഗങ്ങളും  അവതരിപ്പിക്കുകയുണ്ടായി. 

                            പുറപ്പാട് : ശ്രീ. കോട്ടക്കല്‍ ശ്രീ. സി. എം. ഉണ്ണികൃഷ്ണന്‍

  ചൂതില്‍ തോറ്റ പാണ്ഡവര്‍ കൌരവര്‍ വിധിച്ച വനവാസവും അജ്ഞാതവാസവും കഴിഞ്ഞ ശേഷം തങ്ങള്‍ക്കു അര്‍ഹമായ പകുതി രാജ്യം നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുവാന്‍ കൌരവസഭയിലേക്ക് ദൂതനായി ശ്രീകൃഷ്ണന്‍ പോകുന്നു എന്ന വൃത്താന്തം അറിഞ്ഞു പാഞ്ചാലി കൃഷ്ണനെ സമീപിക്കുന്നതാണ്‌ ആദ്യ രംഗം. കൌരവര്‍ പകുതി രാജ്യം നല്‍കി സമാധാനം ഉണ്ടായാല്‍ കൌരവസഭയില്‍ വെച്ചു ദുശാസനനാല്‍ താന്‍ അപമാനിക്കപ്പെട്ടപ്പോള്‍ ദുശാസനന്റെ മാറ് പിളര്‍ന്ന രക്തം പുരട്ടിയ കൈകാല്‍ മാത്രമേ ഇനി തന്റെ തലമുടി കെട്ടുകയുള്ളൂ എന്ന തന്റെ   ശപഥം നിറവേറാതെ പോകുമോ എന്ന ഭയമാണ്‌ പാഞ്ചാലിയെ ശ്രീകൃഷ്ണന്റെ സമീപം എത്തിച്ചത്.  അങ്ങ് കൌരവരുമായി ദൂതുപറയുമ്പോള്‍ എന്റെ തലമുടിയുടെ കാര്യം മനസ്സില്‍ ഉണ്ടാകണം എന്നാണ് പാഞ്ചാലി കൃഷ്ണനെ അറിയിക്കുന്നത്.
 യുദ്ധം ആരാലും ഒഴിവാക്കാവുന്നതല്ലെന്നും നിന്റെ ശപഥം നിറവേറും എന്നും കൃഷ്ണന്‍ പാഞ്ചാലിയെ സമാധാനപ്പെടുത്തി അയയ്ക്കുന്നു. 

                                                      കൃഷ്ണനും പാഞ്ചാലിയും

ദുര്യോധനന്റെയും ദുശാസനന്റെയും തിരനോക്ക് കഴിഞ്ഞു അടുത്ത രംഗം കൌരവസഭയാണ്.  ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ ദൂതനായി എത്തുന്നു എന്നുള്ള വൃത്താന്തവും അദ്ദേഹം വരുമ്പോള്‍ ആരും ബഹുമാനിക്കരുതെന്നും ബഹുമാനിച്ചാല്‍ പിഴ നല്‍കേണ്ടിവരും  എന്ന് ദുര്യോധനന്‍ സഭാവാസികളെ അറിയിക്കുന്നു. പാണ്ഡവര്‍ക്കു  നിങ്ങള്‍ വിധിച്ച വനവാസവും അജ്ഞാത വാസവും പൂര്‍ത്തി ചെയ്തിരിക്കുന്നു. അവര്‍ക്ക് അവകാശപ്പെട്ട പകുതി രാജ്യം നല്‍കണം എന്ന്
ദുര്യോധനനോട് ശ്രീകൃഷ്ണന്‍ അറിയിക്കുന്നു. പകുതി രാജ്യം നല്‍കുവാന്‍ വിസമ്മതിക്കുന്ന ദുര്യോധനനോട് അഞ്ച് ദേശം നല്‍കണം എന്ന് അറിയിച്ചു. ദുരോധനന്‍ അതും വിസമ്മതിച്ചപ്പോള്‍ ഒരു മന്ദിരം എങ്കിലും നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചു. സൂചി കുത്തുവാന്‍ പോലും അവകാശം നല്‍കുകയില്ല എന്ന് ദുര്യോധനന്‍ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്നു വാഗ്വാദം മൂത്തപ്പോള്‍ ദുര്യോധനാദികള്‍ ശ്രീകൃഷ്ണനെ ബന്ധിക്കുവാന്‍ തയ്യാറായി. അപ്പോള്‍ ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപം പ്രകടിപ്പിക്കുകയും ദുര്യോധനാദികള്‍ ബോധമറ്റ് നിലംപതിക്കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ അപ്രത്യക്ഷമായപ്പോള്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ദുര്യോധനാദികള്‍ തയ്യാറായി. 


                                                       തിരനോട്ടം: ദുര്യോധനന്‍ 

                                                         തിരനോട്ടം: ദുശാസനന്‍ 

                                                    ദുര്യോധനനും  ദുശാസനനും


                                                         കൃഷ്ണന്റെ സഭാപ്രവേശം


               ശ്രീകൃഷ്ണനെ ബന്ധിക്കുവാന്‍ ഒരുങ്ങുന്ന ദുര്യോധനനും ദുശാസനനും

മൂന്നാം രംഗം പടക്കളമാണ്. രൌദ്രഭീമന്‍ ദുശാസനനെ  തേടി കണ്ടെത്തി പോരിനു വിളിക്കുന്നു. രണ്ട് പേരും ശക്തമായി  ഏറ്റുമുട്ടി. നരസിംഹ ആവേശം കൊണ്ട ഭീമന്‍ ദുശാസനനെ വധിച്ച്‌ കുടല്‍എടുത്തു മാലയായി  ധരിച്ചു കൊണ്ട് പാഞ്ചാലിയുടെ സമീപം എത്തി. പാഞ്ചാലിയുടെ മുടിയില്‍ ദുശാസനന്റെ കുടല്‍ മാലയിലെ രക്തം പുരട്ടി മുടികെട്ടി സത്യം പാലിച്ചു. 

                                                                      രൌദ്രഭീമന്‍ 

                                                രൌദ്രഭീമനും ദുശാസനനും ഏറ്റുമുട്ടുന്നു 

                                    ദുശാസനനെ കൊന്നു കുടല്‍മാലയുമായി  രൌദ്രഭീമന്‍ 

 രൌദ്രഭീമന്‍ ദുശാസനന്റെ രക്തം പുരണ്ട കൈകളാല്‍ പാഞ്ചാലിയുടെ മുടി കെട്ടുന്നു 

 തുടര്‍ന്നു വീണ്ടും പടക്കളത്തില്‍ എത്തിയ ഭീമന്‍ ദുര്യോധനനെ പോരിനു വിളിച്ചു. ഉഗ്രയുദ്ധത്തില്‍ ദുര്യോധനന്റെ ഗദാപ്രഹരമേറ്റ ഭീമന്‍ കൃഷ്ണന്റെ സഹായം തേടി.  കൃഷ്ണന്‍ തന്റെ തുടയ്ക്കു കൈകൊണ്ട് അടിച്ചു കാണിച്ചു.  ദുര്യോധനന്റെ മര്‍മ്മം തുടയിലാണ് എന്ന് മനസിലാക്കിയ ഭീമന്‍ ദുര്യോധനന്റെ തുടയ്ക്കു പ്രഹരിച്ചു വധിക്കുന്നു.

                                                  കൃഷ്ണന്‍ , രൌദ്രഭീമന്‍, ദുര്യോധനന്‍


നരസിംഹആവേശത്താല്‍ കൊലവെറി പൂണ്ടു നിന്ന ഭീമനെ കണ്ട കൃഷ്ണന്‍ നരസിംഹശക്തിയെ ശരീരത്തില്‍ നിന്നും ഉഴിഞ്ഞു നീക്കി. ഇനി എന്റെ കര്‍മ്മം എന്താണ് എന്ന് ചോദിക്കുന്ന ഭീമനോട് സ്നാനം ചെയ്ത ശേഷം ധൃതരാഷ്ട്രരെ ചെന്നു കണ്ടു വണങ്ങുവാന്‍ ഉപദേശിച്ചു ഗദയും നല്‍കി യാത്രയാക്കുന്നതോടെ  കഥ അവസാനിക്കുന്നു. 


                                               ഭീമനെ ഗദ ഏല്‍പ്പിച്ചു യാത്രയാക്കുന്നു.

കഥകളിയുടെ അവതരണത്തെ വിലയിരുത്തുമ്പോള്‍  കൃഷ്ണനും പാഞ്ചാലിയും തമ്മിലുള്ള ആദ്യരംഗം വളരെയധികം ഹൃദ്യമായി.  തിരനോക്കു കഴിഞ്ഞു ദുര്യോധനന്‍ സഭാവാസികളോട്  കൃഷ്ണന്റെ ആഗമന വൃത്താന്തം അറിയിച്ച ശേഷം ഇരുന്നാല്‍ തല  പൊട്ടിത്തെറിക്കും എന്ന ശാപമുള്ള  പീഠം കൃഷ്ണനു ഇരിക്കുവാന്‍ വേണ്ടി വെയ്ക്കുന്നതും കൃഷ്ണന്‍ പീഠത്തില്‍ അമരുമ്പോള്‍   പ്രതീക്ഷയ്ക്കു വിഫലം സംഭവിച്ചതു കണ്ടു അന്ധാളിക്കുന്നതും വളരെ നന്നായി. ദുര്യോധനന്റെ  കൃഷ്ണനോടുള്ള  കുശലാന്വേഷണവും നന്നായി.  
വനവാസവും അജ്ഞാതവാസവും പൂര്‍ത്തിയാക്കിയ ശേഷം പാണ്ഡവര്‍ക്ക് അവകാശപ്പെട്ട പകുതി രാജ്യം നല്‍കുകയില്ല എന്ന് പറയുന്നത് ശരിയല്ല എന്ന് കൃഷ്ണന്‍ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് കൃഷ്ണനെ ബന്ധിക്കുവാന്‍ തയ്യാറായി. സാധാരണ ദൂതിന്റെ പകുതിയില്‍ ദുശാസനന്‍ പ്രവേശിക്കുകയാണ് പതിവ്. ഇവിടെ "പാശമമ്പൊടു കൊണ്ടുവാ യദുപാശനേയിഹ കെട്ടുവാന്‍" എന്ന ദുര്യോധനന്റെ പദത്തിനാണ് ദുശാസനന്‍ രംഗത്ത് എത്തിയത്.

ദുര്യോധനാദികള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ തുടങ്ങുമ്പോള്‍ കൃഷ്ണന്‍ പീഠത്തില്‍ കയറി നിന്ന് വിശ്വരൂപം കാണിക്കുന്നു എന്ന രീതിയാണ് പണ്ട് ഞാന്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ദുര്യോധനനെയും ദുശാസനനും ബന്ധിക്കുവാന്‍ മുതിരുമ്പോള്‍ സഭയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കൃഷ്ണനെയാണ് അവതരിപ്പിച്ചു കാണുന്നത്. ഈ രീതിയോട് എനിക്ക് ഒരു യോജിപ്പും ഇല്ല. നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരായിട്ടുള്ള ഈ രീതിയുടെ അവതരണം കൊണ്ട്  ഭഗവാന്‍ കൃഷ്ണനെ കുറിച്ചുള്ള സങ്കല്‍പ്പത്തിനു എതിരല്ലേ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. ദുര്യോധനനും ദുശാസനനും കയറിന്റെ രണ്ടു ഭാഗത്തു പിടിച്ചു കൊണ്ട് കൃഷ്ണനെ ബന്ധിക്കുവാന്‍ തയ്യാറായപ്പോള്‍ കൃഷ്ണന്‍ കുനിഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി. കയര്‍ കൃഷ്ണന്റെ മുടിയില്‍ തട്ടുകയും കിരീടം ഇളകുകയും ചെയ്ത  കാരണത്താല്‍   തിരശീല പിടിച്ചതല്ലാതെ വിശ്വരൂപം പ്രകടനം  ഉണ്ടായില്ല.

കൃഷ്ണന്റെ  വിശ്വരൂപം കണ്ടു (സങ്കല്‍പ്പത്തില്‍) മയങ്ങി വീണ     ദുര്യോധനനും  ദുശാസനനും  ഒരു കലാശം എടുത്തു രംഗം വിട്ടതല്ലാതെ  പടനയിക്കുകയോ യുദ്ധത്തിനായി  ദുശാസനനു ഗദ നല്‍കി അനുഗ്രഹിക്കുകയോ  ചെയ്യുന്ന രീതി രംഗത്ത് കണ്ടില്ല. ഭീമനുമായുള്ള യുദ്ധത്തില്‍  താഴെ വീഴുന്ന ദുശാസനന്‍ ഇടയ്ക്ക് ഒന്നോ രണ്ടോ തവണ കാലും കയ്യും അനക്കി എന്നല്ലാതെ ഒരു അനുഭവവും നല്‍കാന്‍ ശ്രമിച്ചില്ല. 
 രൌദ്രഭീമന്റെ  ശരീരത്തില്‍ നിന്നും നരസിംഹശക്തിയെ ഉഴിഞ്ഞു മാറ്റിയ കൃഷ്ണന്‍ ഇനി സ്നാനം ചെയ്ത ശേഷം ധൃതരാഷ്ട്രരെ ചെന്ന് കാണുവാന്‍ ഉപദേശിക്കുന്നു. പണ്ട് ധൃതരാഷ്ട്രര്‍ ചെയ്ത ആലിംഗനത്തെ സ്മരിച്ചു ഭയപ്പെടുന്നു. ധൈര്യമായി പോയി അദ്ദേഹത്തെ കാണൂ ഞാന്‍ ഇല്ലേ! എന്ന് പറഞ്ഞു ഭീമനെ ആശ്വസിപ്പിച്ചു. 

ശ്രീ. കോട്ടക്കല്‍ സി. എം. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണനായും , ശ്രീ. കോട്ടക്കല്‍ രാജ് മോഹന്‍ പാഞ്ചാലിയായും , ശ്രീ. കോട്ടക്കല്‍ ഹരികുമാര്‍  ദുര്യോധനനായും , ശ്രീ. കോട്ടക്കല്‍ സുനില്‍  ദുശാസനനായും , ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരുടെ രൌദ്രഭീമനായും  രംഗത്ത് എത്തി കളി വിജയിപ്പിച്ചു. എല്ലാ വേഷക്കാരും അവരുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. ശ്രീ. വേങ്ങേരി നാരായണനും ശ്രീ. കോട്ടക്കല്‍ സന്തോഷ്‌ കുമാറും സംഗീതവും  ശ്രീ. കോട്ടക്കല്‍ പ്രസാദ് ചെണ്ടയും  ശ്രീ. കോട്ടക്കല്‍ രവികുമാര്‍ മദ്ദളവും കൈകാര്യം ചെയ്തു. യുദ്ധരംഗത്തില്‍ രണ്ടു ചെണ്ടയും രണ്ടു മദ്ദളവും അരങ്ങിലുള്ള പ്രതീതിയാണ് ഉണ്ടായത്.

ശ്രീ.  കലാനിലയം പത്മനാഭന്‍ ചുട്ടിയും ശ്രീ. കുഞ്ഞിരാമന്‍, ശ്രീ.കുട്ടന്‍, ശ്രീ.മോഹനന്‍ എന്നിവര്‍ അണിയറ ജോലികളില്‍ പങ്കെടുത്തുകൊണ്ട് കളിയുടെ വിജയത്തിനായി ശ്രമിച്ചതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ചെന്നൈയിലെ  കഥകളി ആസ്വാദകര്‍ക്ക് വളരെ നല്ല അനുഭവമായിരുന്നു അഡയാര്‍ എം.ജി.ആര്‍ ജാനകി ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജില്‍ അവതരിപ്പിച്ച ദുര്യോധനവധം കഥകളി ഒരു നല്ല അനുഭവം തന്നെയായിരുന്നു എന്നതില്‍ സംശയമില്ല.
2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

"ദക്ഷിണ" അവതരിപ്പിച്ച സന്താനഗോപാലം കഥകളി

 ചെന്നൈയില്‍ പ്രവര്‍ത്തിച്ചു വരുന്ന    "ദക്ഷിണ"  എന്ന കലാസംഘടനയുടെ ഓണാഘോഷപരിപാടികളുടെ തുടക്കത്തിന്റെ ഭാഗമായി  18-08-2012-ന്  ചെന്നൈ മഹാലിംഗപുരം സോപാനം ആഡിറ്റോറിയത്തില്‍ സന്താനഗോപാലം കഥകളി അവതരിപ്പിക്കുകയുണ്ടായി. വൈകിട്ട് ആര മണിക്ക് കേളികൊട്ടും  ഏഴുമണിക്ക് മുതല്‍ പുറപ്പാട് മേളപ്പദത്തോടെ ആരംഭിച്ച കഥകളി  പത്തേകാല്‍ മണിക്ക്   അവസാനിക്കുമ്പോഴും ആഡിറ്റോറിയത്തില്‍ നിറഞ്ഞു നിന്നിരുന്ന സദസ് സംഘാടകര്‍ക്ക് നിറഞ്ഞ സംതൃപ്തി നല്‍കി.

                                    പുറപ്പാട് : ശ്രീകൃഷ്ണന്‍ (ശ്രീ. സി. എം. ഉണ്ണികൃഷ്ണന്‍)

മഹാഭാരത യുദ്ധം കഴിഞ്ഞു പാണ്ഡവര്‍ രാജ്യം ഭരിച്ചു കൊണ്ടിരുന്ന കാലത്ത് ഒരിക്കല്‍ അര്‍ജുനന്‍ ദ്വാരകയില്‍ എത്തി ശ്രീകൃഷ്ണനെ കാണുന്നതോടെ കഥയാണ് കഥയുടെ ആരംഭം.    ദ്വാരകയില്‍ എത്തുന്ന അര്‍ജുനനെ ശ്രീകൃഷ്ണന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. മഹാഭാരത യുദ്ധത്തിന്റെ വിജയവും അതിലെ ശ്രീകൃഷ്ണന്റെ പങ്കും അര്‍ജുനന്‍ സ്മരിക്കുന്നു. ശ്രീകൃഷ്ണന്റെ താല്‍പ്പര്യപ്രകാരം അര്‍ജുനന്‍ കുറച്ചു കാലം ദ്വാരകയില്‍ താമസിക്കുവാന്‍ തീരുമാനിക്കുന്നതാണ് ആദ്യരംഗം. 


                                                ശ്രീകൃഷ്ണനും അര്‍ജുനനും                          


അക്കാലത്ത്  ഒരു ദിവസം ദ്വാരകയില്‍ നടന്ന യാദവ സഭയില്‍ പുത്രശവവുമായി ഒരു ബ്രാഹ്മണന്‍ എത്തുകയും  തന്റെ എട്ടുകുട്ടികള്‍ ഇപ്രകാരം  മരണപ്പെട്ടു എന്ന് വിലപിക്കുകയും ശ്രീകൃഷ്ണനും ബലരാമനും ഉള്‍പ്പടെയുള്ള യാദവാദികള്‍ ആരും തന്റെ  വിലാപം ശ്രദ്ധിക്കാത്തതു കണ്ടപ്പോള്‍ ബ്രാഹ്മണന്‍ തന്റെ നിലവിട്ടു കൃഷ്ണനെയും  അധിക്ഷേപിക്കുവാന്‍ തുടങ്ങി.  യാദവാദികളുടെ നിലപാട് കണ്ട് അര്‍ജുനന്‍ ബ്രാഹ്മണനെ സമാധാനപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍   ശ്രീകൃഷ്ണനും യാദവാദികളും മൌനത്തോടെ സഭവിട്ടു പോയി. അപ്പോള്‍ അര്‍ജുനനില്‍ ക്ഷത്രിയധര്‍മ്മം ഉണര്‍ന്നു.  ഇനിമേലില്‍ അങ്ങേക്ക്   ജനിക്കുന്ന പുത്രന്മാരെ സംരക്ഷിച്ചു തരാം എന്ന് അന്ന്‌ അര്‍ജുനന്‍ ബ്രാഹ്മണനു ഉറപ്പു നല്‍കി. ശ്രീകൃഷ്ണനും  ബലരാമനും എല്ലാം കൈവിട്ട സംഗതി എങ്ങിനെ നിന്നാല്‍ സാദ്ധ്യമാകും എന്ന് ബ്രാഹ്മണന്‍ സംശയം പ്രകടിപ്പിക്കുകയും ഇനി ഒരു പുത്രന്‍ ഉണ്ടായി കാണണം എന്ന് താല്‍പ്പര്യം ഇല്ലെന്നു ഉറപ്പിച്ചു മടങ്ങുവാന്‍ തയ്യാറാകുന്ന  ബ്രാഹ്മണനെ അര്‍ജുനന്‍ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. ഒടുവില്‍ ഇനി ജനിക്കുന്ന പുത്രന്മാരെ സംരക്ഷിച്ചു തരുവാന്‍ തന്നാല്‍ സാധിക്കാത്ത പക്ഷം താന്‍  അഗ്നികുണ്ഡത്തില്‍ ചാടി ജീവത്യാഗം ചെയ്യും എന്ന് അര്‍ജുനന്‍ ബ്രാഹ്മണന് സത്യം ചെയ്തു കൊടുത്ത്  സമാധാനിപ്പിച്ചു യാത്രയാക്കുന്നതാണ് രണ്ടാം രംഗം. 

                                               ബ്രാഹ്മണന്‍   

                                              ശ്രീകൃഷ്ണന്‍, അര്‍ജുനന്‍, ബ്രാഹ്മണന്‍ 

                                                       അര്‍ജുനന്‍, ബ്രാഹ്മണന്‍

ബ്രാഹ്മണന്‍ തന്റെ ഗൃഹത്തില്‍ മടങ്ങി എത്തി യാദവ സഭയില്‍ വെച്ച്  അര്‍ജുനന്‍ ചെയ്ത സത്യവും അര്‍ജുനന് ഏതു തരത്തിലുള്ള  ആപത്തു വന്നാലും  സംരക്ഷിക്കുവാന്‍ ശ്രീകൃഷ്ണന്‍ ഉണ്ടാകും എന്നആത്മവിശ്വാസവും  എല്ലാം പത്നിയെ അറിയിക്കുന്നതാണ് മൂന്നാം രംഗം. 


                                                       ബ്രാഹ്മണനും പത്നിയും 
 

പൂര്‍ണ്ണഗര്‍ഭിണിയായ ബ്രാഹ്മണപത്നി തന്റെ പ്രസവസമയം അടുക്കാറായെന്നും അര്‍ജുനനെ വേഗം കൂട്ടിവരേണമെന്നും  ബ്രാഹ്മണനെ അറിയിക്കുന്നു. ബ്രാഹ്മണന്‍ പത്നിക്ക്‌ ധര്യം നല്‍കി ഒരു വൃദ്ധയെ  കാവലിനുമിരുത്തി അര്‍ജുനനെ കാണുവാന്‍ പുറപ്പെടുന്നതാണ്  നാലാം രംഗം.

                                              ബ്രാഹ്മണനും  ഗര്‍ഭിണിയായ പത്നിയും 


                                                ബ്രാഹ്മണന്‍, ബ്രാഹ്മണപത്നി, വൃദ്ധ 


ബ്രാഹ്മണന്‍ ദ്വാരകയില്‍ എത്തി അര്‍ജുനനെകണ്ടു. തന്റെ പത്നി പൂര്‍ണ്ണ ഗര്‍ഭിണി ആണെന്നും ഒട്ടും അമാന്തിക്കാതെ തന്നോടൊപ്പം ഗൃഹത്തിലേക്ക് പുറപ്പെടണം എന്നും അറിയിച്ചു . അര്‍ജുനനെയും കൂട്ടി ബ്രാഹ്മണന്‍ ഗൃഹത്തിലെത്തി. അര്‍ജുനന്‍ ശരകൂടം നിര്‍മ്മിച്ചു അതിനുള്ളില്‍ ഗര്‍ഭിണിയായ ബ്രാഹ്മണ പത്നിയെ താമസിപ്പിച്ചു കൊണ്ട് വില്ലും അമ്പും ധരിച്ചു ശരകൂടത്തിനു കാവല്‍ നിന്നു.

                                                         ബ്രാഹ്മണന്‍ അര്‍ജുനന്‍,


ശരകൂടത്തിനുള്ളില്‍ നിന്നും പത്നിയുടെ വിലാപം ബ്രാഹ്മണന്‍ ശ്രദ്ധിച്ചു. ഇത്തവണ കുട്ടിയുടെ ശവം പോലും ലഭിച്ചില്ല എന്ന വാര്‍ത്ത ഗ്രഹിച്ച ബ്രാഹ്മണന്‍ ബോധ രഹിതനായി വീണു. ബോധം തെളിഞ്ഞപ്പോള്‍ ബ്രാഹ്മണന്‍ അര്‍ജുനനെ പരിഹസിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് അഞ്ചാം രംഗം.

                                         ബ്രാഹ്മണന്‍ അര്‍ജുനനെ അധിക്ഷേപിക്കുന്നു 

  
ത്രിലോകങ്ങളിലും ബ്രാഹ്മണപുത്രരെ കണ്ടെടുക്കുവാന്‍ സാധിക്കാതെ  വിലപിക്കുന്ന അര്‍ജുനന്‍   അഗ്നികുണ്ഡം ഒരുക്കി അതില്‍ ജീവത്യാഗം ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് അര്‍ജുനന്റെ  ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിച്ചു.  ബ്രാഹ്മണ പുത്രന്മാര്‍ വൈകുണ്ഡത്തില്‍  സുഖമായി കഴിയുന്നുണ്ടെന്നും അവിടെ പോയി അവരെ കൂട്ടിവരാം എന്ന് അര്‍ജുനനെ സമാധാനിപ്പിച്ചു കൊണ്ട് ഇരുവരും  വൈകുണ്ഡത്തിലേക്ക് യാത്രയാകുന്നതുമാണ്
ആറാംരംഗം.


                                                                അര്‍ജുന വിലാപം 

                      അഗ്നിയില്‍ പതിക്കുവാന്‍ ശ്രമിക്കുന്ന അര്‍ജുനനെ കൃഷ്ണന്‍ തടയുന്നു .

ഏഴാം രംഗത്തില്‍ വൈകുണ്ഡത്തില്‍ നിന്നും ബ്രാഹ്മണ പുത്രന്മാരെയും കൂട്ടി കൃഷ്ണാര്‍ജുനന്മാര്‍ ബ്രാഹ്മണഗൃഹത്തില്‍ എത്തി  പത്തു കുട്ടികളെയും  ബ്രാഹ്മണനെയും പത്നിയെയും ഏല്‍പ്പിക്കുന്നു.  തന്റെ  ഗൃഹത്തില്‍ നിന്നും അര്‍ജുനന്‍ മടങ്ങിയ  ശേഷമുള്ള  സംഭവങ്ങള്‍ എല്ലാം ബ്രാഹ്മണന്‍ ചോദിച്ചറിയുന്നു. പുത്രദുഃഖത്താല്‍  അധിക്ഷേപിച്ചതില്‍ തന്നോട് പൊറുക്കമേ  എന്ന് ബ്രാഹ്മണന്‍  കൃഷ്ണനോടും അര്‍ജുനനോടും അപേക്ഷിച്ചു. 

   പുത്രലാഭാത്താല്‍ സന്തോഷവാനായ ബ്രാഹ്മണകുടുംബം കൃഷ്ണാര്‍ജുനന്മാരെ അനുഗ്രഹിച്ചു മടങ്ങുന്നതും മംഗളകരമായ കഥയുടെ പര്യവസാനവുമാണ് ഉള്‍പ്പെടുന്നത്. 

                                              ബ്രാഹ്മണകുടുംബവും അര്‍ജുനനും കൃഷ്ണനും

                                                   ബ്രാഹ്മണന്‍, അര്‍ജുനന്‍ , കൃഷ്ണന്‍

ദ്വാരകയില്‍ എത്തുന്ന അര്‍ജുനനെ സ്വീകരിക്കുന്ന കൃഷ്ണന്റെ " ശ്രീമന്‍ സഖേ! എന്ന പദവും അര്‍ജുനന്റെ " നാഥാ! ഭവല്‍ചരണ ദാസരാം ഇജ്ജനാനാം"  എന്ന പദവും വളരെ മനോഹരമായി രംഗത്തു അവതരിപ്പിച്ചു.   അടുത്ത രംഗത്തിലെ  അര്‍ജുനന്റെ "സ്വര്‍ഗ്ഗവാസികള്‍ക്കും സുഖ വിതരണം ചെയ്യും അര്‍ജുനനെ കേട്ടറിയുന്നില്ലയോ ഭവാന്‍" എന്ന പദാട്ടത്തില്‍ സ്വര്‍ഗ്ഗത്തില്‍ കടന്നു കൂടിയ അസുരന്മാരെ നശിപ്പിച്ചു കൊണ്ട് സ്വര്‍ഗ്ഗവാസികള്‍ക്ക് സുഖം നല്‍കി എന്ന് വളരെ ഉചിതമായിട്ടാണ്    അവതരിപ്പിച്ചത്.  

ഇനിമേലില്‍ 
ബ്രാഹ്മണനു ജനിക്കുന്ന കുട്ടികളെ സംരിക്ഷിച്ചു തരുവാന്‍ സാധിച്ചില്ല എങ്കില്‍ അഗ്നിയില്‍ ചാടി ജീവത്യാഗം ചെയ്യും എന്ന്  പറയുന്ന അര്‍ജുനനോടു " നീ തീയില്‍ ചാടുന്നതു  കൊണ്ട്  എനിക്കെന്തു ഫലം? " എന്നാണ് ചോദിച്ചത്. തുടര്‍ന്ന്  പലതരത്തിലുള്ള ദുഃഖം വരുമ്പോള്‍  ചിലര്‍ ആത്മഹത്യ ചെയ്യും. എന്റെ ദുഖത്തിന് നീ എന്തിനാണ് മരിക്കുന്നത് ? അങ്ങിനെ നീ മരിച്ചാല്‍ അതിലൂടെ ഞാനാണ്  പാപിയാകുന്നത് എന്നായിരുന്നു ബ്രാഹ്മണന്റെ പ്രതികരണം. തുടര്‍ന്നുള്ള ബ്രാഹ്മണന്റെ  അര്‍ജുനനോടുള്ള  സംവാദത്തില്‍ യുദ്ധത്തില്‍ മരിച്ചു വീണ പാണ്ഡവരുടെ പുത്രരെ രക്ഷിക്കുവാന്‍ നിനക്കു സാധിച്ചോ എന്നും യുദ്ധക്കളത്തില്‍ മനമുടഞ്ഞ നിനാക്ക്‌ ധൈര്യവും ഉത്സാഹവും തന്നത് കൃഷ്ണന്‍ അല്ലേ എന്നും മരിച്ചുപോയ സാന്ദീപനിയുടെ പുത്രനെ വീണ്ടെടുത്തു ഗുരുദക്ഷിണയായി കൃഷ്ണന്‍ നല്‍കിയതും കംസന്‍ കല്ലില്‍ അടിച്ചു കൊലചെയ്ത കുഞ്ഞുങ്ങളെ കാണണം എന്ന ദേവകിയുടെയും വസുദേവരുടെയും ആഗ്രഹം കൃഷ്ണന്‍ സാധിച്ചു കൊടുത്തതും  സൂചിപ്പിച്ചു.

ശ്രീകൃഷ്ണനും ബലരാമനും മറ്റു യാദവാദികളും തന്റെ ദുഃഖം കണ്ടിട്ട്  ഇളകാത്ത നിലയില്‍ നീ എങ്ങിനെ എന്നെ രക്ഷിക്കുവാന്‍ തയ്യാറായി എന്ന ബ്രാഹ്മണന്റെ ചോദ്യത്തിന് ക്ഷത്രിയര്‍ക്കുള്ള ധര്‍മ്മം 
വൃഷ്ണികൾക്കും യാദവന്മാർക്കും ഇല്ല എന്നാണ് അര്‍ജുനന്‍ സൂചിപ്പിച്ചത്.  തന്റെ പൂണൂലില്‍ തൊട്ടു കൊണ്ട് ഇനി തനിക്കു ജനിക്കുന്ന കുട്ടികളെ സംരിക്ഷിച്ചു തന്നുകൊള്ളം എന്നൊരു സത്യം ചെയ്യണം എന്ന് അര്‍ജുനനോട് ആവശ്യ പ്പെട്ടു. അര്‍ജുനന്‍ അപ്രകാരം ചെയ്തു.   ഉറപ്പിനായി ഒരു സത്യം കൂടി വേണം എന്ന്  ബ്രാഹ്മണന് ആഗ്രഹം. അര്‍ജുനന്‍ കോപപ്പെടുമോ എന്ന ഭയം.  മടങ്ങി വന്നു ലോകാധിപനായ കൃഷ്ണനെ മനസ്സില്‍ ധരിച്ചു കൊണ്ട് ഒരു സത്യം കൂടി ചെയ്യണം എന്ന് ബ്രാഹ്മണന്‍ ആവശ്യപ്പെട്ടപ്പോള്‍  അതിനെ  നിഷേധിക്കുകയും തന്മൂലം വിലപിച്ചു മടങ്ങുന്ന ബ്രാഹ്മണനെ തിരികെ വിളിച്ചു ആഗ്രഹം സാധിച്ചു കൊടുക്കുന്നതു വളരെ ഭംഗിയായി അവതരിപ്പിച്ചു. വീണ്ടും എന്റെ  എന്റെ പത്നി വീണ്ടും ഗര്‍ഭം ധരിച്ചു പ്രസവകാലം അടുക്കുമ്പോള്‍ ഞാന്‍ വരും അങ്ങ് ഇവിടെത്തന്നെ  ഉണ്ടാകുമോ എന്ന ബ്രാഹ്മണന്റെ ചോദ്യത്തിന് ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും എന്ന് അര്‍ജുനന്‍ ഉറപ്പു നല്‍കുന്നു (അര്‍ജുനന്‍ ദ്വാരകയില്‍  എത്തുന്ന കാലഘട്ടത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന യജ്ഞം നടന്നു എന്നും അതിന്റെ സംരക്ഷണം ക്ഷത്രിയ ധര്‍മ്മത്തില്‍ ഉള്‍പ്പെടുകയാല്‍ അര്‍ജുനന്‍ പ്രസ്തുത ഒരു വര്‍ഷക്കാലം ദ്വാരകയില്‍ ഉണ്ടാകും എന്നതാണ് ഈ ഉറപ്പിന്റെ മര്‍മ്മം എന്നൊരു കഥയുണ്ട്).  
 
 അര്‍ജുനനെ കൂട്ടിവരുവാന്‍ വീണ്ടും ദ്വാരകയില്‍ എത്തുന്ന ബ്രാഹ്മണനെ കണ്ടിട്ട് അര്‍ജുനന് ആദ്യം മനസിലാകുന്നില്ല എന്നാണ് കവിയുടെ സങ്കല്പം.  "മുന്നമിവിടെ നിന്നല്ലയോ കണ്ടതുതമ്മില്‍ സുന്ദരാംഗാ തോന്നുന്നില്ലയോ?" എന്ന പദാട്ടത്തില്‍ ഈ അനുഭവം നല്‍കുവാന്‍ അര്‍ജുനന് സാധിച്ചതായി തോന്നിയില്ല. വീണ്ടും എന്റെ പത്നി ഗര്‍ഭം ധരിച്ചു പ്രസവ സമയം അടുത്തു എന്ന് പറയുമ്പോഴാണ് ബ്രാഹ്മണനെ അര്‍ജുനന്റെ ഓര്‍മ്മയില്‍ എത്തുന്നത്.  
  
വരുണഭാഗം  നോക്കിയാണ്   ശരകൂടം നിര്‍മ്മിക്കുവാന്‍ അര്‍ജുനന് ബ്രാഹ്മണന്‍  കാട്ടിക്കൊടുത്തത്.  അര്‍ജുനന്‍ നിര്‍മ്മിച്ച ശരകൂടം ശ്രദ്ധിച്ച ബ്രാഹ്മണന്‍ അതിനുള്ളില്‍ കണ്ട  ഒരു ചെറിയ ദ്വാരം എന്തിന് എന്ന് സംശയം ചോദിച്ചു. വായൂ സഞ്ചാരത്തിനു വേണ്ടിയാണ് എന്ന് അര്‍ജുനന്‍ മറുപടി പറഞ്ഞപ്പോള്‍ അതു വഴി പിറക്കാന്‍ പോകുന്ന കുട്ടിയുടെ ജീവന്‍ നഷ്ടമാവുമോ എന്ന് ബ്രാഹ്മണനു സംശയം ഉണ്ടായി.
 
അര്‍ജുനന്റെ സംരക്ഷണയിലുള്ള  ശരകൂടത്തിനുള്ളില്‍ തന്റെ പത്നിയുടെ പ്രസവത്തെ പറ്റി ചിന്തിച്ചു വെപ്രാളവും അക്ഷമയും കാട്ടുന്ന ബ്രാഹ്മണന്‍ തുടര്‍ന്ന്  നടന്ന പ്രസവത്തില്‍  കുട്ടിയുടെ ശവം പോലും ലഭിച്ചില്ല എന്ന വാര്‍ത്ത ഗ്രഹിച്ചപ്പോള്‍ മോഹാലസ്യ പ്പെട്ടു വീഴുന്നതും തുടര്‍ന്ന് കോപാഗ്നിയില്‍   അര്‍ജുനനെ അധിക്ഷേപിക്കുന്നതും വളരെ നന്നായി.
കൃഷ്ണാര്‍ജുനന്മാര്‍  കുട്ടികളെയെല്ലാം
വൈകുണ്ഠത്തില്‍ നിന്നും കൂട്ടിവന്നു ബ്രാഹ്മണനെ ഏല്‍പ്പിക്കുന്നതും ബ്രാഹ്മണന്‍ കുട്ടികളെ സ്വീകരിക്കുന്നതും സദസ്യര്‍ക്ക്  വളരെ ഹൃദ്യമാകും വിധത്തില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു. കൃഷ്ണാര്‍ജുനന്മാരോട് രണ്ട് ദിവസം തന്റെ  വീട്ടില്‍ താമസിക്കണം എന്ന ആഗ്രഹം ബ്രാഹ്മണന്‍ പ്രകടിപ്പിച്ചു. ഉടനെ മടങ്ങുവാന്‍ തയ്യാറായ കൃഷ്ണാര്‍ജുനന്മാര്‍  കുട്ടികളുടെ ഉപനയത്തിനു എത്തണം  എന്ന  ബ്രാഹ്മണന്റെ അപേക്ഷ സ്വീകരിച്ചു. വിട പറഞ്ഞ കൃഷ്ണനെയും അര്‍ജുനനെയും തിരികെ വിളിച്ചുകൊണ്ട് ഈ കുട്ടികളെ ഏല്‍പ്പിച്ചിട്ട് മടങ്ങിയാല്‍ മതിയോ അവരുടെ ആഹാരത്തിനുള്ള വഴി കൂടി കാണണ്ടേ എന്ന് ബ്രാഹ്മണന്‍ ചോദിച്ചപ്പോള്‍ സദസ്സ്യര്‍ പൊട്ടിച്ചിരിച്ചു.  കാതിനു കേള്‍വിക്കുറവുള്ള വൃദ്ധയുടെ വേഷവും അവതരണവും നന്നായിരുന്നു .
  
                   ബ്രാഹ്മണന്‍ അര്‍ജുനനെയും കൃഷ്ണനെയും അനുഗ്രഹിക്കുന്നു  
                            

കൃഷ്ണന്‍  

ശ്രീ. കോട്ടക്കല്‍ ഉണ്ണികൃഷ്ണന്റെ  ശ്രീകൃഷ്ണന്‍ വേഷഭംഗിയിലും അവതരണത്തിലും വളരെ നന്നായി. ശ്രീ. കോട്ടക്കല്‍ രാജ് മോഹന്റെ  അര്‍ജുനന്‍ പ്രതീക്ഷിച്ചതിലും വളരെ ഭംഗിയായി.  സ്ത്രീവേഷം കൂടുതല്‍ ചെയ്യുന്ന  വേഷക്കാരനായതിനാല്‍   സ്ത്രൈണഭാവം രംഗത്തു അനുഭവപ്പെട്ടു. പുരുഷവേഷം ചെയ്തുള്ള ശീലക്കുറവു മാത്രമാണ് കാരണം എന്നാണ് എന്റെ വിശ്വാസം.       ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യറുടെ   ബ്രാഹ്മണന്‍ വളരെ നന്നായി.  ശ്രീ. കോട്ടക്കല്‍ ഹരികുമാര്‍ ബ്രാഹ്മണപത്നിയായും  ശ്രീ. കോട്ടക്കല്‍ സുനില്‍ കുമാര്‍ വൃദ്ധയായും രംഗത്തു എത്തി വളരെ നന്നായി പ്രവര്‍ത്തിച്ചു. ശ്രീ. വേങ്ങേരി നാരായണന്‍, ശ്രീ. കോട്ടക്കല്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ സംഗീതവും ശ്രീ. കോട്ടക്കല്‍ പ്രസാദ്‌ ചെണ്ടയും,  കോട്ടയ്ക്കൽ രവീന്ദ്രൻ മദ്ദളവും കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.  ശ്രീ. കലാനിലയം പത്മനാഭന്‍ ചുട്ടിയും ശ്രീ. കുഞ്ഞിരാമന്‍, ശ്രീ. കുട്ടന്‍, ശ്രീ. മോഹനന്‍ എന്നിവര്‍ അണിയറയും ജോലികളിലും പങ്കെടുത്തു.  ചെന്നൈയിലെ കഥകളി ആസ്വാദകര്‍ക്ക്  "ദക്ഷിണ" എന്ന സംഘടന ഓണാഘോഷത്തിന്റെ തുടക്കത്തില്‍ നല്‍കിയ കഥകളി ദക്ഷിണ വളരെ ഹൃദ്യമായി എന്ന് അറിയിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്.  
 

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

എന്റെ കൃഷ്ണന്‍നായര്‍ ചേട്ടന്‍

(കൊല്ലം കഥകളി ക്ലബ്ബ്  1991- ല്‍ പ്രസിദ്ധീകരിച്ച കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മരണികയില്‍ പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ള അവര്‍കള്‍ എഴതി  പ്രസിദ്ധീ കരിച്ച ലേഖനം. തികഞ്ഞ ആത്മാര്‍ത്ഥതയോടെ എഴുതിയ ഈ ലേഖനം പത്മശ്രീ. കൃഷ്ണന്‍നായര്‍ ആശാന്റെ 2012 -ലെ അനുസ്മരണ ദിനത്തെ മുന്നിട്ടു ഞാന്‍ എന്റെ ബ്ളോഗ്  വയാനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.)


                                            പത്മശ്രീ: കലാമണ്ഡലം കൃഷ്ണന്‍നായര്‍

എന്റെ കൃഷ്ണന്‍ നായര്‍ ചേട്ടന്‍  പോയി; കഥകളിയും തീര്‍ന്നു. ഇനിയുള്ളത് കുട്ടിക്കളി മാത്രം. ആ മഹാനുഭാവന്റെ കലാവിരുതിനെ കുറിച്ചോ എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന അനുഭവങ്ങളെ കുറിച്ചോ ഒന്നും എഴുതി ഫലിപ്പിക്കുവാനുള്ള കഴിവ് എനിക്കില്ല. എഴുതി അങ്ങിനെ ശീലവും ഇല്ല. ഒന്നും പറയാനില്ലെന്ന തോന്നല്‍ വരാതിരിക്കുവാന്‍ ചിലത് കുത്തി കുറിക്കുന്നെന്നുമാത്രം. 

ഇങ്ങിനെ അനുഭവിപ്പിക്കാന്‍ കഴിയുന്ന ഒരു നടന്‍ എന്റെ അറിവില്‍ വേറെയില്ല. പണ്ടും ഉണ്ടായിരുന്നില്ലെന്നുവേണം കരുതുവാന്‍.  ഇനി ഉണ്ടാകുമെന്ന പ്രത്യാശയും ഇല്ല. ഒരു രാത്രിയിലെ കളിക്ക് കൃഷ്ണന്‍ നായര്‍ ആശാന്റെ ഒരു പ്രധാന 'പച്ച' വേഷം ആദ്യമായി രംഗത്തു വന്നാല്‍ മറ്റെന്തെല്ലാം പോരായ്മകള്‍ ഉണ്ടായാലും ശരി, അന്നത്തെ കളി വിജയിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. അതു രണ്ടാം ദിവസത്തെ നളനോ, കാലകേയവധത്തില്‍ അര്‍ജുനനോ, കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രരോ, സൌഗന്ധികത്തില്‍ ഭീമസേനനോ ഏതായാലും ശരി അതോടെ കളി വിജയിച്ചു.  എന്നാല്‍ അതിന് ശേഷം വരുന്ന കഥകളില്‍ വേഷം കെട്ടുവാനാണ് ഞങ്ങളെ പോലുള്ള നടന്മാരെ ക്ഷണിക്കുന്നത്. 

ഒരു സംഭവം പറയാം. തിരുവട്ടാര്‍ ഉത്സവക്കളിയില്‍ പങ്കെടുത്ത ശേഷം ഞാന്‍ മടങ്ങുമ്പോള്‍ തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയി. അന്ന്‌ അവിടെ ഒന്ന് 'സേവി'ക്കാമെന്ന മോഹവും ഉണ്ടായിരുന്നു. ഗുരുനാഥനായ രാമന്‍ പിള്ള ആശാനോട് ഞാന്‍ എന്റെ ആഗ്രഹം ഉണര്‍ത്തിച്ചു. അപ്പോള്‍ ആശാന്‍ പറഞ്ഞു, ' എടാ, ഇന്നത്തെ വേഷമെല്ലാം നിശ്ചയിച്ചു കഴിഞ്ഞു. കൃഷ്ണന്‍നായരുടെയാ ചെറിയ നരകാസുരന്‍. നമുക്കിന്ന്‌ അയാളുടെ ആട്ടം ഒന്ന് കാണാം.   

അന്ന്‌ നരകാസുരവധം ആയിരുന്നു കഥ.  ഞാനും ആശാന്റെ അടുത്തിരുന്നു ആട്ടം കണ്ടു. ആശാന്റെ പ്രസിദ്ധ വേഷങ്ങളില്‍ ഒന്നായിരുന്നുവല്ലോ ചെറിയ നരകാസുരന്‍. അതു കൃഷ്ണന്‍നായരാശാന്‍ ആടുന്നത് രാമന്‍ പിള്ള ആശാന്റെ അടുത്തിരുന്നു കാണുക എന്നത് തന്നെ ഒരു അനുഭവം ആണല്ലോ. ആശാന്‍ എല്ലാം സശ്രദ്ധം കാണുകയാണ്. ആദ്യത്തെ രംഗത്തെ കേകിയും മറ്റും ആശാന് സ്വന്തം പ്രവര്‍ത്തിയിലുള്ള അഭിമാനത്തിന് ക്ഷതം പറ്റിയില്ല. പ്രത്യേകതകള്‍ അപ്പപ്പോള്‍ പറയുന്നുമുണ്ടായിരുന്നു.  അതുകഴിഞ്ഞ്‌ പടപ്പുറപ്പാടും ദേവലോകത്തേക്കുള്ള യാത്രയും ആയപ്പോള്‍ ആശാന് മതിപ്പ് വര്‍ദ്ധിച്ചു. സ്വര്‍ഗ്ഗത്തു പ്രവേശിച്ച് ദേവേന്ദ്രനെ പോര്‍ക്ക് വിളിച്ച്, പേടിത്തൊണ്ടന്‍ ഭയന്നു വിറച്ച് സ്വര്‍ഗ്ഗ കവാടം ബന്ധിച്ച് അകത്തിരിക്കുകയാണെന്നുറച്ച്‌ സ്വര്‍ഗ്ഗകവാടം ആകെ ഒന്നുഴിഞ്ഞു നോക്കി, പിന്‍വാങ്ങി, കണ്ണും കയ്യും മെയ്യും എല്ലാം ചേര്‍ത്ത് മുന്‍പോട്ടൊരു കുതിയും ശക്തിയായ തെള്ളും ചവിട്ടും. സ്വര്‍ഗ്ഗകവാടം പടപടാ മറിഞ്ഞു നിലംപതിച്ചു. കൂടെ കല്ലും കട്ടയും കുമ്മായപ്പൊടിയും എല്ലാംകൂടി അടര്‍ന്നും പൊടിഞ്ഞും തുരു തുരാ വീണു. അതിലൂടെ ആന - കുതിര കാലാള്‍ പടയുടെ ഞെങ്ങി ഞെരുങ്ങിയുള്ള തെള്ളിക്കയറ്റം! ബോംബിട്ടും മറ്റും വന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് ഇന്നു നമുക്ക് ടെലിവിഷനിലും മറ്റും കാണാൻ  കഴിഞ്ഞേക്കും, എന്നാല്‍ ഒരു നടന്‍ രംഗത്ത് അത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നത്,  മറ്റൊരാളാല്‍ അസാദ്ധ്യമാണ്.
 ആ 'തകര്‍പ്പന്‍' പണികണ്ട് അതില്‍ ലയിച്ചിരുന്നുപോയ ഞാന്‍ ആശാന്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. ആശാന്‍ പറഞ്ഞു: 
   'എടാ, ഇതിങ്ങിനെ ചെയ്യാന്‍ നമുക്ക് പറ്റുമോ? പിന്നൊന്നു കൂടിയുണ്ട്, കൃഷ്ണന്‍നായരാ അതിങ്ങിനെ തള്ളിയിട്ടതെങ്കിലും അത് ശരിക്കും തകര്‍ത്തത് പൊതുവാളിന്റെ  ചെണ്ടയാ. ' 
അതാണ്‌ ഞാന്‍ ആദ്യം തന്നെ പറഞ്ഞത്, ഇങ്ങിനെ അനുഭവിപ്പിക്കുവാന്‍ കഴിയുന്ന ഒരു നടന്‍ വേറെ ഇല്ലെന്ന്. 
രണ്ട് അനുഭവിപ്പിക്കലുകളുടെ മേളനമാണ് ഇവിടെ നാം കണ്ടത്. പൊതുവാളാശാന്റെ ചെണ്ടയുടെ അനുഭവിപ്പിക്കാനുള്ള കഴിവും അതുല്ല്യം തന്നെ.  

ഈ അനുഭവിപ്പിക്കല്‍  അദ്ദേഹത്തിന്‍റെ  എല്ലാ വേഷങ്ങള്‍ക്കും ഉണ്ടായിരുന്നു. ചുരുക്കി പറഞ്ഞാല്‍ എല്ലാ സിദ്ധികളും കൈമുതലായുള്ള ഒരു നടനേ ഇതു കഴിയുകയുള്ളൂ. 'കരവിംശതി ദശമുഖവും' നടിക്കുന്നിടത്തും ഇതു തന്നെയാണ് നാം കാണുന്നത്.

          കുചേലനും കൃഷ്ണനും (കൃഷ്ണന്‍ നായര്‍ ആശാനും തോന്നക്കല്‍ പീതാംബരനും)

സര്‍വ്വാരാധ്യനായ ഒരു മഹാനടനായിരുന്നു കൃഷ്ണന്‍നായര്‍ ആശാന്‍. എന്നാല്‍ അങ്ങിനെ ഒരകല്‍ച്ച എന്നെപ്പോലുള്ള ഇളംപ്രായക്കാര്‍ക്ക് (അദ്ദേഹത്തേക്കാള്‍) പോലും തോന്നിച്ചിട്ടില്ല. അണിയറയില്‍ അങ്ങിനെ ഒരു സങ്കോചമൊന്നും വേണ്ട. ചില നോട്ടവും നര്‍മ്മോക്തിയും കളിയാക്കലും ഒക്കെകൊണ്ട്  വിരസത അകറ്റാന്‍ അദ്ദേഹത്തിന്‍റെ വിരുത് അന്യാദൃശ്യമായിരുന്നു. ഇനി അതെല്ലാം ഓര്‍മ്മകളില്‍ മാത്രം. ഉടുത്തുകെട്ടിനോ  തുടയ്ക്കാന്‍ എണ്ണയ്ക്കോ തുണിക്കോ അരച്ചെടുത്ത മനയോലയ്ക്കോ ഒക്കെ ദാരിദ്ര്യം കാണിക്കുന്ന അണിയറക്കാരോടും  ഒരു ചിരിയോ, കുത്തുവാക്കോകൊണ്ട് കാര്യം അവസാനിപ്പിക്കും. പക്ഷെ ആ കൊള്ളുന്ന ചിരി മാത്രം മതിയല്ലോ!

അദ്ദേഹത്തോടൊപ്പം എത്രയോ കൂട്ടുവേഷങ്ങള്‍ കെട്ടുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നളനോടൊപ്പം ഹംസം, പുഷ്ക്കരന്‍ മുതലായ പല വേഷങ്ങള്‍ക്കും കളി നടത്തിപ്പുകാര്‍ ഞാനും എന്നെക്കാള്‍ മെച്ചപ്പെട്ടവരുമായ രണ്ടോ മൂന്നോ കലാകാരന്മാരുടെ പേര് നിര്‍ദ്ദേശിച്ചിട്ട്‌  ആര് വേണം എന്ന് ചോദിച്ചിട്ടുള്ള സന്ദര്‍ഭങ്ങളില്‍ ചെല്ലപ്പന്‍പിള്ള മതി എന്ന് പറഞ്ഞിട്ടുള്ളതായി അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു മേനി പറച്ചിലായി ആരും കരുതരുതെന്നപേക്ഷ. ഇതുപോലെ തരാതരം പല കൂട്ടുവേഷങ്ങള്‍ക്കും മറ്റു പലരെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലെകില്‍ ആര് കൂട്ടുവേഷം കെട്ടിയാല്‍ അദ്ദേഹത്തിനെന്തു ചേതം? കൂടെ കെട്ടുന്നവന്‍ ധന്യത നേടുന്നു. 


മാവേലിക്കര, ഹരിപ്പാട്, ചെങ്ങന്നൂര്‍ ഭാഗത്ത് എവിടെയെങ്കിലും കളിക്ക് വന്നാല്‍ മിക്കപ്പോഴും എന്റെ കൂടെ ഭവനത്തില്‍ സന്തോഷത്തോടെ വന്നു തങ്ങുമായിരുന്നു. ഹരിപ്പാട്ടു അമ്പലത്തില്‍ ഒന്‍പതാംഉത്സവം എഴുന്നള്ളിയുള്ള വരവു പോലെയാണ് എന്റെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് എല്ലാം അനുഭവപ്പെടുന്നത്. എന്റെ ഗുരുനാഥന്‍ രാമന്‍പിള്ള ആശാന്‍ വരുന്നത് പോലെയാണ് എനിക്കും. ഈ സഹവാസത്തില്‍ ഞാന്‍ ധാരാളം ഗ്രഹിക്കുകയും ധന്യത നേടുകയും ചെയ്തിട്ടുണ്ട്. ആശാന്‍ വന്നാല്‍ കുട്ടികള്‍ക്കെല്ലാം ഭയബഹുമാനങ്ങള്‍ കൊണ്ടുള്ള ഒരകല്‍ച്ചയുണ്ടെങ്കില്‍, കൃഷ്ണന്‍നായര്‍ ചേട്ടന്റെ തലയില്‍ കയറാനും അവര്‍ മടിക്കുകയില്ലായിരുന്നു.

                             കൃഷ്ണന്‍ നായര്‍ ആശാന്റെ സുന്ദരബ്രാഹ്മണന്‍ 
  

മിക്കവാറും എല്ലാ കൂട്ടുവേഷങ്ങളിലും ഞാന്‍ അദ്ദേഹത്തിന്‍റെ ഇംഗിതം അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ രുഗ്മിണീ സ്വയംവരത്തില്‍ അദ്ദേഹത്തിന്‍റെ സുന്ദര ബ്രാഹ്മണനും എന്റെ കൃഷ്ണനും കൂടിയാല്‍ എന്റെ ഒരു നിര്‍ബ്ബന്ധം അദ്ദേഹം സാധിച്ചു തരികയാണ് പതിവ്. ഉറപ്പിനു വേണ്ടി കൃഷ്ണന്റെ ഒരു കത്ത് ബ്രാഹ്മണന്‍ നേടിയെടുക്കുവാന്‍ ശ്രമിക്കാറുണ്ട്. അതു സീല്‍വെച്ച് കിട്ടിയാല്‍ കാര്യം സാധിച്ച ചാരിതാര്‍ത്ഥ്യത്തോടെ രണ്ടാം മുണ്ടിന്റെ തുമ്പില്‍കെട്ടി ഭദ്രമായി തിരുകി, ഭവ്യത ഭാവിക്കുകയും ചെയ്യും. എന്നാല്‍, 'തരുണീമണിയാമെന്നുടെ രമണിയെ തരസാകൊണ്ടിഹ പോന്നീടുന്നേന്‍' എന്ന് ബ്രാഹ്മണനു ഉറപ്പു കൊടുക്കുകയും 'നലമൊടുപോകനാം കുണ്ഡിനനഗരേ' എന്ന് പറഞ്ഞ് ബ്രാഹ്മണനെ കൂടെ തേരിലേറ്റി പുറപ്പെടാന്‍ സന്നദ്ധനാകുകയും ചെയ്യുന്ന കൃഷ്ണന്‍ പിന്നെ ഒരു കത്തുകൂടി കൊടുക്കെണ്ടതില്ലെന്നു  ഞാന്‍ ഉറച്ചു നില്‍ക്കും. അതു ബോദ്ധ്യമായെന്നദ്ദേഹം ഭാവിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരിക്കലും അദ്ദേഹം എന്നോട് നീരസം ഭാവിച്ചിട്ടുമില്ല. 


                                               ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള
                                             
 എനിക്ക് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ കഥകളിക്കാരനായിത്തന്നെ ജീവിക്കുക; എനിക്ക് കൂട്ടു വേഷങ്ങള്‍ക്ക് വേണ്ടി എനിക്ക് മുന്‍പേ തന്നെ എന്റെ കൃഷ്ണന്‍നായര്‍ ചേട്ടനും പുനര്‍ജ്ജനിച്ചിരിക്കണമെന്നു മാത്രം.
ആ മഹാനുഭാവന്റെ പാദാരവിന്ദങ്ങളില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിച്ചു കൊള്ളുന്നു. 

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

"ഉത്തരീയം" അവതരിപ്പിച്ച ദുര്യോധനവധം

ചെന്നൈയിലെ  കഥകളി ആസ്വാദകരുടെ കൂട്ടായ്മയിലൂടെ  രൂപം കൊണ്ട "ഉത്തരീയം" എന്ന സംഘടന ആഗസ്റ്റ്‌  നാലാംതീയതി വൈകിട്ട് ആറുമണിക്ക് ചെന്നൈ ഗ്രീംസ്  റോഡിലുള്ള ആശാന്‍മെമ്മോറിയല്‍ സ്കൂളില്‍ ദുര്യോധനവധം കഥകളി അവതരിപ്പിച്ചു.  കഥകളി തുടങ്ങുന്നതിനു മുന്‍പ് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ബ്ലാക്ക് -ബോക്സ് അവാര്‍ഡിന് അര്‍ഹനായ പ്രസിദ്ധ കഥകളി കലാകാരന്‍ ശ്രീ. സദനം ഭാസി അവര്‍കളെ "ഉത്തരീയം" ആദരിച്ചു.

മഹാഭാരതം കഥയില്‍ പാണ്ഡവരുടെ പന്ത്രണ്ടു വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അഞാതവാസവും കഴിഞ്ഞ ശേഷം തങ്ങള്‍ക്കു അര്‍ഹതപ്പെട്ട പകുതി രാജ്യം നല്‍കണം എന്ന് ആവശ്യവുമായി  കൌരവസഭയിലേക്ക് ദൂതനായി പോകണം എന്ന് ശ്രീകൃഷ്ണനോട്  ധര്‍മ്മപുത്രര്‍ ആവശ്യപ്പെട്ടു. ധര്‍മ്മപുത്രരുടെ അപേക്ഷപ്രകാരം കൌരവസഭയിലേക്ക് കൃഷ്ണന്‍ യാത്രയാവുന്ന വൃത്താന്തം അറിഞ്ഞ പാഞ്ചാലി യുദ്ധം നടക്കാതെ വന്നാല്‍ കൌരവസഭയില്‍ തന്നെ അപമാനിച്ച  ദുശാസനന്റെ രക്തം പുരണ്ട കൈകള്‍ കൊണ്ട് മാത്രമേ തന്റെ അഴിഞ്ഞ മുടി കെട്ടുകയുള്ളൂ എന്ന തന്റെ ശപഥം നിറവേറാതെ പോകുമോ എന്ന ഭയത്താല്‍ ശ്രീകൃഷ്ണ  സമീപമെത്തി സങ്കടം അറിയിക്കുന്നതാണ്‌ കഥയുടെ സന്ദര്‍ഭം.

ശ്രീകൃഷ്ണനും പാഞ്ചാലിയും
                                                              
ആദ്യ രംഗത്തില്‍ കൃഷ്ണ സവിധത്തില്‍ എത്തുന്ന പാഞ്ചാലി ആപത്തു ഘട്ടങ്ങളില്‍ എല്ലാം കൃഷ്ണന്‍ സഹായിച്ചിട്ടുള്ളത് സ്മരിക്കുകയും  കൌരവരോട് ദൂത് പറയുമ്പോള്‍ തന്റെ തലമുടിയെ സ്മരിക്കണം എന്നാണ് അപേക്ഷിക്കുകയുമാണ് ചെയ്യുന്നത്.
ദുശാസനന്‍ ചെയ്ത സാഹസങ്ങള്‍ എല്ലാം ദൈവ നിശ്ചയമാണെന്നും, ഒരു യുദ്ധത്തില്‍ കൂടി  നിന്റെ ശപഥം സഫലമാകും എന്നും കൃഷ്ണന്‍ പാഞ്ചാലിയെ ആശ്വസിപ്പിച്ചയക്കുന്നു. കൃഷ്ണന്‍ കൌരവസഭയിലേക്ക് യാത്രയാകുന്നു.

                                                                   ദുര്യോധനന്‍

                                                                  ദുശാസനന്‍

                                                          ധൃതരാഷ്ട്രരും ദുര്യോധനനും

 ദുര്യോധനന്റെയും ദുശാസനന്റെയും തിരനോട്ടം കഴിഞ്ഞുള്ള  രണ്ടാം രംഗം കൌരവ സഭയാണ്. രംഗത്ത് ധൃതരാഷ്ട്രര്‍, ദുര്യോധനന്‍ , ദുശാസനന്‍ എന്നിവര്‍. പാണ്ഡവരുടെ ദൂതനായി കൃഷ്ണന്‍ ഇപ്പോള്‍ ഇവിടെ എത്തുമെന്നും കൃഷ്ണന്‍ വരും നേരം ആരും എഴുനേറ്റു ആദരവ് നല്‍കരുതെന്നും ആരെങ്കിലും കൃഷ്ണനെ ആദരിച്ചാല്‍ പിഴ നല്‍കണം എന്നും ദുര്യോധനന്‍ സഭയില്‍ അറിയിക്കുന്നു. സഭയില്‍ എത്തുന്ന ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരെ കണ്ടു പുത്രന്മാരെക്കൊണ്ടു പാണ്ഡവര്‍ക്കു അര്‍ഹമായ പകുതി രാജ്യം നല്കിക്കണം എന്നും അല്ലെങ്കില്‍ പാണ്ഡവര്‍ കൌരവരെ വധിക്കുമെന്നും അറിയിക്കുന്നു.  കൃഷ്ണന്റെ കപടത നല്ലത് പോലെ അറിയാമെന്നും തന്റെ മകനായ ദുര്യോധനനെ നല്ല വഴി കാട്ടണം എന്നും ധൃതരാഷ്ട്രര്‍  കൃഷ്ണനോട് അപേക്ഷിക്കുന്നു. ധൃതരാഷ്ട്രര്‍ വാത്സല്യപൂര്‍വ്വം ദുര്യോധനനെ ഉപദേശിക്കുന്നു.

                                                                   ഭഗവത്ദൂത് 

                                    ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ടു മുമുക്ഷു സ്തുതിക്കുന്നു


സഭയില്‍ വെച്ചു കൃഷ്ണന്‍ ദുര്യോധനനോട് പാണ്ഡവര്‍ക്കു  അര്‍ഹമായ പകുതി രാജ്യം നല്‍കണം എന്ന് അപേക്ഷിക്കുന്നു. വിസമ്മതിക്കുന്ന ദുര്യോധനനോട് അഞ്ച്  ദേശം അല്ലെങ്കില്‍ ഒരു മന്ദിരം എങ്കിലും നല്കണം എന്ന് ആവശ്യപ്പെടുന്നു. സൂചി കുത്തുവാന്‍ പോലും പോലും അവകാശം പാണ്ഡവര്‍ക്കു നല്‍കുകയില്ല എന്നും പാണ്ഡവര്‍ അന്യര്‍ക്ക് ജനിച്ചവരാണെന്നും ഉള്ള ദുര്യോധനന്റെ പ്രസ്താവന കൃഷ്ണനെ ചൊടിപ്പിച്ചു. വാഗ്വാദം മുറുകിയപ്പോള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ദുര്യോധനാദികള്‍ തയ്യാറായി. അപ്പോള്‍ കൃഷ്ണന്‍ തന്റെ വിശ്വരൂപം പ്രകടിപ്പിച്ചു. കൃഷ്ണന്റെ വിശ്വരൂപം കണ്ടു ദുര്യോധനനും ദുശാസനനും ഭയമോഹിതരായി വീണു. മുമുക്ഷു പ്രത്യക്ഷപ്പെട്ട്  കൃഷ്ണന്റെ വിശ്വരൂപം കണ്ടു സ്തുതിച്ചു. കൃഷ്ണന്‍ മറഞ്ഞപ്പോള്‍ ബോധം തെളിഞ്ഞ ദുര്യോധനനും ദുശാസനനും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ദുര്യോധനന്‍ ദുശാസനന് ഗദ നല്‍കി അനുഗ്രഹിച്ചു യുദ്ധക്കളത്തിലേക്ക്‌ അയച്ചു. 

 
രൌദ്രഭീമന്‍ 

                                                               രൌദ്രഭീമനും ദുശാസനനും                   
                                            
                                          നരസിംഹ ശക്തിയോടെ രൌദ്രഭീമന്‍

യുദ്ധഭൂമിയിലൂടെ സഞ്ചരിച്ച് കൊണ്ട് ദുശാസനനെ തേടുന്ന രൌദ്രഭീമനാണു മൂന്നാം രംഗത്തില്‍. ദുശാസനനെ കണ്ടു മുട്ടി ഭീമന്‍ പോരിനു വിളിച്ചു. യുദ്ധത്തില്‍  ദുശാസനന്‍ വീണു. ദുശാസനന്റെ മാറ് പിളര്‍ന്നു കുടല്‍ മാലയായി  ധരിച്ചു കൊണ്ട്  പാഞ്ചാലിയെ തേടി കണ്ട ഭീമന്‍ രക്തം പുരണ്ട കൈകള്‍ കൊണ്ട് പാഞ്ചാലിയുടെ മുടി കെട്ടിവെച്ചു പാഞ്ചാലീശപഥം നിറവേറ്റി. യുദ്ധക്കളത്തില്‍ നരസിഹശക്തി നിറഞ്ഞു നില്‍ക്കുന്ന ഭീമനെ കൃഷ്ണന്‍ സന്ധിച്ചു. ഭീമനില്‍ നിറഞ്ഞിരുന്ന നരസിഹശക്തി കൃഷ്ണന്‍ ഉഴിഞ്ഞു മാറ്റിയപ്പോള്‍ തളര്‍ന്നു അവശനായി തീര്‍ന്ന ഭീമനെ ആശ്വസിപ്പിച്ചു അനുഗ്രഹിച്ചു അയയ്ക്കുന്നതോടെ കഥ അവസാനിക്കുന്നു. 


ശ്രീ. സദനം ഭാസി ശ്രീകൃഷ്ണനായും  ശ്രീ. കലാമണ്ഡലം ജിഷ്ണുരവി പാഞ്ചാലിയായും ശ്രീ. കലാമണ്ഡലം നീരജ് ദുര്യോധനനായും ശ്രീ. സദനം വിഷ്ണുപ്രസാദ്‌ ദുശാസനനായും ശ്രീ. കിള്ളിമംഗലം നാരായണന്‍ ധൃതരാഷ്ട്രര്‍, മുമുക്ഷു എന്നീ വേഷങ്ങളും ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍ രൌദ്രഭീമനായും രംഗത്തെത്തി നല്ല  പ്രകടനം കാഴ്ചവെച്ചു. ശ്രീ. കലാമണ്ഡലംവിനോദ്, ശ്രീ. നെടുമ്പള്ളി രാംമോഹനന്‍ എന്നിവര്‍ സംഗീതവും ശ്രീ. സദനം രാമകൃഷ്ണന്‍ ശ്രീ. സദനം ജിതിന്‍ എന്നിവര്‍ ചെണ്ടയും  ശ്രീ. സദനംദേവദാസ്‌ ശ്രീ. കലാമണ്ഡലംഹരിഹരന്‍ എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.  അണിയറയില്‍ കലാകാരന്മാരുടെ മുഖത്തു  ചുട്ടി കുത്തി കഥാപാത്രങ്ങള്‍ക്ക് കഥകളി ജീവന്‍ നല്‍കിയത് ശ്രീ.  കലാമണ്ഡലംസതീശന്റെയും ശ്രീ.  സദനം ശ്രീനിവാസന്‍ അവര്‍കളുടെയും കരങ്ങളായിരുന്നു. ശ്രീ. സി.പി. കുഞ്ഞിരാമന്‍, ശ്രീ. വിവേക്‌, ശ്രീ. രമേഷ് എന്നിവരുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ അരങ്ങിനു മിഴിവ് നല്‍കി എന്നത് പ്രത്യേകം സ്മരണീയമാണ്.

                                                                          ധനാശി 
  എല്ലാത്തരം കഥകളി ആസ്വാദകരെയും ഒന്നുപോലെ    ആകര്‍ഷിപ്പിക്കുവാന്‍ സാധിക്കുന്ന കഥയാണ്  ദുര്യോധനവധം. ഈ അടിസ്ഥാനത്തില്‍  പ്രസ്തുത കളിയുടെ അവതരണത്തെ പറ്റി ഒരു വിലയിരുത്തലിനു ഞാന്‍ മുതിരുന്നില്ല. എന്നിരുന്നാലും എന്റെ ഒരു ചില കാഴ്ചപ്പാടുകള്‍ ഇവിടെ കുറിക്കുവാന്‍ ആഗ്രഹിക്കുന്നു. ശ്രീ. ജിഷ്ണു രവിയുടെ പാഞ്ചാലി വേഷം വളരെ ഭംഗി നിറഞ്ഞതായിരുന്നു. കഥാപാത്രത്തിനെ പൂര്‍ണ്ണമായും  ഉള്‍ക്കൊണ്ടു കൊണ്ട് ഭാവപൂര്‍ണ്ണത നിറഞ്ഞ അവതരണത്തിനു അദ്ദേഹം ശ്രമിക്കേണ്ടിയിരിക്കുന്നു.  കൌരവസഭയിലേക്ക്  ദൂതിന് പോകുന്ന കൃഷ്ണന്റെ സമീപം ഓടിയെത്തുന്ന പാഞ്ചാലിയെ കൃഷ്ണന്‍  ആശ്വസിപ്പിക്കുന്ന ഇളകിയാട്ടത്തില്‍ പാഞ്ചാലിയെ കൂടി ഇന്‍വോള്‍വ്  ചെയ്യിപ്പിച്ചു കൊണ്ടുള്ള അവതരണമാണ് വേണ്ടത്. "എന്നാല്‍ അങ്ങിനെ തന്നെ" എന്നുമാത്രം പാഞ്ചാലിക്കു  കാണിക്കുവാനുള്ള  അവസരമേ അരങ്ങില്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞുള്ളു.

നരസിംഹശക്തിയുടെ പ്രഭാവത്താല്‍ ദുശാസനന്റെ മാറ് പിളര്‍ന്നു കുടല്‍ മാലയായി  ധരിച്ചു കൊണ്ട് രക്തം പുരണ്ട കൈകളുമായി ഘോര രൂപത്തില്‍ നില്‍ക്കുന്ന രൌദ്രഭീമനെ കാണുമ്പോള്‍ അത്യധികം ഭയം ആണ് പാഞ്ചാലിക്കു വേണ്ടത്. പാഞ്ചാലിയെ നോക്കി "ഇവിടെ വാ" എന്ന് ഭീമന്‍ വിളിക്കുമ്പോള്‍ ആ രൂപം കണ്ടു പാഞ്ചാലി പിന്നിലെക്കു മാറുകയും ഭീമന്‍ ഓടി ചെന്നു പാഞ്ചാലിയെ പിടിച്ചു കൊണ്ട് വന്നു രക്തം പുരണ്ട കൈകള്‍ കൊണ്ട് പാഞ്ചാലിയുടെ മുടി കെട്ടുകയുമാണ് വേണ്ടത്.   ഇക്കാര്യത്തില്‍ പാഞ്ചാലി വേഷം ചെയ്യുന്ന കലാകാരന്‍   കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
  
ഭഗവത് ദൂത് സമയത്ത് പാണ്ഡവര്‍ക്കു കൃഷ്ണന്‍ ചോദിക്കുന്നത് നല്‍കട്ടെയോ  എന്ന്  ദുര്യോധനന്‍ ദുശാസനനോട് പലമുറ ചോദിച്ചു. ദുശാസനന്‍ അതു ശ്രദ്ധിക്കുവാന്‍ താമസിച്ചു. ദുശാസനനെ വധിച്ച ശേഷം ഭീമന്‍ ദുര്യോധനനെ തേടുന്നതും ദുര്യോധനന്റെ ഗദാപ്രഹരം  തലയ്ക്കു എല്ക്കുന്നതും കൃഷ്ണന്‍ തുടയ്ക്കു തട്ടി കാണിക്കുന്നത് കണ്ടു ദുര്യോധനന്റെ തുടയ്ക്കു അടിച്ചു വധിക്കുന്നതും ഇളകിയാട്ടത്തില്‍ കൂടി അവതരിപ്പിക്കുകയുണ്ടായി. കഥയുടെ പൂര്‍ണ്ണതയ്ക്ക് വളരെ ഗുണകരമായിരുന്നു ഈ അവതരണം. വലിപ്പം കുറഞ്ഞ മീശ വരച്ചു കൊണ്ട് വളരെ ആകര്‍ഷകമായ രീതിയില്‍ ആയിരുന്നു  രൌദ്രഭീമന്റെ മുഖത്തെ തേപ്പിനു രൂപം നല്‍കിയത് . കൃഷ്ണന്റെ വിശ്വരൂപ പ്രകടനം തിരശീലയ്ക്ക് പിന്നിലാക്കിയതും ഭീമന് നരസിഹത്തിന്റെ ശക്തി ലഭിക്കുമ്പോള്‍ പിന്നില്‍ ആലവട്ടം പിടിച്ചതും  ഒരു നല്ല അനുഭവമായി തോന്നി.
ധൃതരാഷ്ട്രര്‍ വേഷമിട്ട നടന്‍ പിന്നീടു  മുമുക്ഷുവായി രംഗത്തു എത്തുമ്പോള്‍ വേഷത്തില്‍ എന്തെങ്കിലും ഒരു മാറ്റം (പട്ടുവസ്ത്രമോ മറ്റോ ഉപയോഗിക്കാമായിരുന്നു) ചെയ്യേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം.