പേജുകള്‍‌

2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

"ദക്ഷിണ" അവതരിപ്പിച്ച സന്താനഗോപാലം കഥകളി

 ചെന്നൈയില്‍ പ്രവര്‍ത്തിച്ചു വരുന്ന    "ദക്ഷിണ"  എന്ന കലാസംഘടനയുടെ ഓണാഘോഷപരിപാടികളുടെ തുടക്കത്തിന്റെ ഭാഗമായി  18-08-2012-ന്  ചെന്നൈ മഹാലിംഗപുരം സോപാനം ആഡിറ്റോറിയത്തില്‍ സന്താനഗോപാലം കഥകളി അവതരിപ്പിക്കുകയുണ്ടായി. വൈകിട്ട് ആര മണിക്ക് കേളികൊട്ടും  ഏഴുമണിക്ക് മുതല്‍ പുറപ്പാട് മേളപ്പദത്തോടെ ആരംഭിച്ച കഥകളി  പത്തേകാല്‍ മണിക്ക്   അവസാനിക്കുമ്പോഴും ആഡിറ്റോറിയത്തില്‍ നിറഞ്ഞു നിന്നിരുന്ന സദസ് സംഘാടകര്‍ക്ക് നിറഞ്ഞ സംതൃപ്തി നല്‍കി.

                                    പുറപ്പാട് : ശ്രീകൃഷ്ണന്‍ (ശ്രീ. സി. എം. ഉണ്ണികൃഷ്ണന്‍)

മഹാഭാരത യുദ്ധം കഴിഞ്ഞു പാണ്ഡവര്‍ രാജ്യം ഭരിച്ചു കൊണ്ടിരുന്ന കാലത്ത് ഒരിക്കല്‍ അര്‍ജുനന്‍ ദ്വാരകയില്‍ എത്തി ശ്രീകൃഷ്ണനെ കാണുന്നതോടെ കഥയാണ് കഥയുടെ ആരംഭം.    ദ്വാരകയില്‍ എത്തുന്ന അര്‍ജുനനെ ശ്രീകൃഷ്ണന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. മഹാഭാരത യുദ്ധത്തിന്റെ വിജയവും അതിലെ ശ്രീകൃഷ്ണന്റെ പങ്കും അര്‍ജുനന്‍ സ്മരിക്കുന്നു. ശ്രീകൃഷ്ണന്റെ താല്‍പ്പര്യപ്രകാരം അര്‍ജുനന്‍ കുറച്ചു കാലം ദ്വാരകയില്‍ താമസിക്കുവാന്‍ തീരുമാനിക്കുന്നതാണ് ആദ്യരംഗം. 


                                                ശ്രീകൃഷ്ണനും അര്‍ജുനനും                          


അക്കാലത്ത്  ഒരു ദിവസം ദ്വാരകയില്‍ നടന്ന യാദവ സഭയില്‍ പുത്രശവവുമായി ഒരു ബ്രാഹ്മണന്‍ എത്തുകയും  തന്റെ എട്ടുകുട്ടികള്‍ ഇപ്രകാരം  മരണപ്പെട്ടു എന്ന് വിലപിക്കുകയും ശ്രീകൃഷ്ണനും ബലരാമനും ഉള്‍പ്പടെയുള്ള യാദവാദികള്‍ ആരും തന്റെ  വിലാപം ശ്രദ്ധിക്കാത്തതു കണ്ടപ്പോള്‍ ബ്രാഹ്മണന്‍ തന്റെ നിലവിട്ടു കൃഷ്ണനെയും  അധിക്ഷേപിക്കുവാന്‍ തുടങ്ങി.  യാദവാദികളുടെ നിലപാട് കണ്ട് അര്‍ജുനന്‍ ബ്രാഹ്മണനെ സമാധാനപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍   ശ്രീകൃഷ്ണനും യാദവാദികളും മൌനത്തോടെ സഭവിട്ടു പോയി. അപ്പോള്‍ അര്‍ജുനനില്‍ ക്ഷത്രിയധര്‍മ്മം ഉണര്‍ന്നു.  ഇനിമേലില്‍ അങ്ങേക്ക്   ജനിക്കുന്ന പുത്രന്മാരെ സംരക്ഷിച്ചു തരാം എന്ന് അന്ന്‌ അര്‍ജുനന്‍ ബ്രാഹ്മണനു ഉറപ്പു നല്‍കി. ശ്രീകൃഷ്ണനും  ബലരാമനും എല്ലാം കൈവിട്ട സംഗതി എങ്ങിനെ നിന്നാല്‍ സാദ്ധ്യമാകും എന്ന് ബ്രാഹ്മണന്‍ സംശയം പ്രകടിപ്പിക്കുകയും ഇനി ഒരു പുത്രന്‍ ഉണ്ടായി കാണണം എന്ന് താല്‍പ്പര്യം ഇല്ലെന്നു ഉറപ്പിച്ചു മടങ്ങുവാന്‍ തയ്യാറാകുന്ന  ബ്രാഹ്മണനെ അര്‍ജുനന്‍ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. ഒടുവില്‍ ഇനി ജനിക്കുന്ന പുത്രന്മാരെ സംരക്ഷിച്ചു തരുവാന്‍ തന്നാല്‍ സാധിക്കാത്ത പക്ഷം താന്‍  അഗ്നികുണ്ഡത്തില്‍ ചാടി ജീവത്യാഗം ചെയ്യും എന്ന് അര്‍ജുനന്‍ ബ്രാഹ്മണന് സത്യം ചെയ്തു കൊടുത്ത്  സമാധാനിപ്പിച്ചു യാത്രയാക്കുന്നതാണ് രണ്ടാം രംഗം. 

                                               ബ്രാഹ്മണന്‍   

                                              ശ്രീകൃഷ്ണന്‍, അര്‍ജുനന്‍, ബ്രാഹ്മണന്‍ 

                                                       അര്‍ജുനന്‍, ബ്രാഹ്മണന്‍

ബ്രാഹ്മണന്‍ തന്റെ ഗൃഹത്തില്‍ മടങ്ങി എത്തി യാദവ സഭയില്‍ വെച്ച്  അര്‍ജുനന്‍ ചെയ്ത സത്യവും അര്‍ജുനന് ഏതു തരത്തിലുള്ള  ആപത്തു വന്നാലും  സംരക്ഷിക്കുവാന്‍ ശ്രീകൃഷ്ണന്‍ ഉണ്ടാകും എന്നആത്മവിശ്വാസവും  എല്ലാം പത്നിയെ അറിയിക്കുന്നതാണ് മൂന്നാം രംഗം. 


                                                       ബ്രാഹ്മണനും പത്നിയും 
 

പൂര്‍ണ്ണഗര്‍ഭിണിയായ ബ്രാഹ്മണപത്നി തന്റെ പ്രസവസമയം അടുക്കാറായെന്നും അര്‍ജുനനെ വേഗം കൂട്ടിവരേണമെന്നും  ബ്രാഹ്മണനെ അറിയിക്കുന്നു. ബ്രാഹ്മണന്‍ പത്നിക്ക്‌ ധര്യം നല്‍കി ഒരു വൃദ്ധയെ  കാവലിനുമിരുത്തി അര്‍ജുനനെ കാണുവാന്‍ പുറപ്പെടുന്നതാണ്  നാലാം രംഗം.

                                              ബ്രാഹ്മണനും  ഗര്‍ഭിണിയായ പത്നിയും 


                                                ബ്രാഹ്മണന്‍, ബ്രാഹ്മണപത്നി, വൃദ്ധ 


ബ്രാഹ്മണന്‍ ദ്വാരകയില്‍ എത്തി അര്‍ജുനനെകണ്ടു. തന്റെ പത്നി പൂര്‍ണ്ണ ഗര്‍ഭിണി ആണെന്നും ഒട്ടും അമാന്തിക്കാതെ തന്നോടൊപ്പം ഗൃഹത്തിലേക്ക് പുറപ്പെടണം എന്നും അറിയിച്ചു . അര്‍ജുനനെയും കൂട്ടി ബ്രാഹ്മണന്‍ ഗൃഹത്തിലെത്തി. അര്‍ജുനന്‍ ശരകൂടം നിര്‍മ്മിച്ചു അതിനുള്ളില്‍ ഗര്‍ഭിണിയായ ബ്രാഹ്മണ പത്നിയെ താമസിപ്പിച്ചു കൊണ്ട് വില്ലും അമ്പും ധരിച്ചു ശരകൂടത്തിനു കാവല്‍ നിന്നു.

                                                         ബ്രാഹ്മണന്‍ അര്‍ജുനന്‍,


ശരകൂടത്തിനുള്ളില്‍ നിന്നും പത്നിയുടെ വിലാപം ബ്രാഹ്മണന്‍ ശ്രദ്ധിച്ചു. ഇത്തവണ കുട്ടിയുടെ ശവം പോലും ലഭിച്ചില്ല എന്ന വാര്‍ത്ത ഗ്രഹിച്ച ബ്രാഹ്മണന്‍ ബോധ രഹിതനായി വീണു. ബോധം തെളിഞ്ഞപ്പോള്‍ ബ്രാഹ്മണന്‍ അര്‍ജുനനെ പരിഹസിക്കയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് അഞ്ചാം രംഗം.

                                         ബ്രാഹ്മണന്‍ അര്‍ജുനനെ അധിക്ഷേപിക്കുന്നു 

  
ത്രിലോകങ്ങളിലും ബ്രാഹ്മണപുത്രരെ കണ്ടെടുക്കുവാന്‍ സാധിക്കാതെ  വിലപിക്കുന്ന അര്‍ജുനന്‍   അഗ്നികുണ്ഡം ഒരുക്കി അതില്‍ ജീവത്യാഗം ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് അര്‍ജുനന്റെ  ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിച്ചു.  ബ്രാഹ്മണ പുത്രന്മാര്‍ വൈകുണ്ഡത്തില്‍  സുഖമായി കഴിയുന്നുണ്ടെന്നും അവിടെ പോയി അവരെ കൂട്ടിവരാം എന്ന് അര്‍ജുനനെ സമാധാനിപ്പിച്ചു കൊണ്ട് ഇരുവരും  വൈകുണ്ഡത്തിലേക്ക് യാത്രയാകുന്നതുമാണ്
ആറാംരംഗം.


                                                                അര്‍ജുന വിലാപം 

                      അഗ്നിയില്‍ പതിക്കുവാന്‍ ശ്രമിക്കുന്ന അര്‍ജുനനെ കൃഷ്ണന്‍ തടയുന്നു .

ഏഴാം രംഗത്തില്‍ വൈകുണ്ഡത്തില്‍ നിന്നും ബ്രാഹ്മണ പുത്രന്മാരെയും കൂട്ടി കൃഷ്ണാര്‍ജുനന്മാര്‍ ബ്രാഹ്മണഗൃഹത്തില്‍ എത്തി  പത്തു കുട്ടികളെയും  ബ്രാഹ്മണനെയും പത്നിയെയും ഏല്‍പ്പിക്കുന്നു.  തന്റെ  ഗൃഹത്തില്‍ നിന്നും അര്‍ജുനന്‍ മടങ്ങിയ  ശേഷമുള്ള  സംഭവങ്ങള്‍ എല്ലാം ബ്രാഹ്മണന്‍ ചോദിച്ചറിയുന്നു. പുത്രദുഃഖത്താല്‍  അധിക്ഷേപിച്ചതില്‍ തന്നോട് പൊറുക്കമേ  എന്ന് ബ്രാഹ്മണന്‍  കൃഷ്ണനോടും അര്‍ജുനനോടും അപേക്ഷിച്ചു. 

   പുത്രലാഭാത്താല്‍ സന്തോഷവാനായ ബ്രാഹ്മണകുടുംബം കൃഷ്ണാര്‍ജുനന്മാരെ അനുഗ്രഹിച്ചു മടങ്ങുന്നതും മംഗളകരമായ കഥയുടെ പര്യവസാനവുമാണ് ഉള്‍പ്പെടുന്നത്. 

                                              ബ്രാഹ്മണകുടുംബവും അര്‍ജുനനും കൃഷ്ണനും

                                                   ബ്രാഹ്മണന്‍, അര്‍ജുനന്‍ , കൃഷ്ണന്‍

ദ്വാരകയില്‍ എത്തുന്ന അര്‍ജുനനെ സ്വീകരിക്കുന്ന കൃഷ്ണന്റെ " ശ്രീമന്‍ സഖേ! എന്ന പദവും അര്‍ജുനന്റെ " നാഥാ! ഭവല്‍ചരണ ദാസരാം ഇജ്ജനാനാം"  എന്ന പദവും വളരെ മനോഹരമായി രംഗത്തു അവതരിപ്പിച്ചു.   അടുത്ത രംഗത്തിലെ  അര്‍ജുനന്റെ "സ്വര്‍ഗ്ഗവാസികള്‍ക്കും സുഖ വിതരണം ചെയ്യും അര്‍ജുനനെ കേട്ടറിയുന്നില്ലയോ ഭവാന്‍" എന്ന പദാട്ടത്തില്‍ സ്വര്‍ഗ്ഗത്തില്‍ കടന്നു കൂടിയ അസുരന്മാരെ നശിപ്പിച്ചു കൊണ്ട് സ്വര്‍ഗ്ഗവാസികള്‍ക്ക് സുഖം നല്‍കി എന്ന് വളരെ ഉചിതമായിട്ടാണ്    അവതരിപ്പിച്ചത്.  

ഇനിമേലില്‍ 
ബ്രാഹ്മണനു ജനിക്കുന്ന കുട്ടികളെ സംരിക്ഷിച്ചു തരുവാന്‍ സാധിച്ചില്ല എങ്കില്‍ അഗ്നിയില്‍ ചാടി ജീവത്യാഗം ചെയ്യും എന്ന്  പറയുന്ന അര്‍ജുനനോടു " നീ തീയില്‍ ചാടുന്നതു  കൊണ്ട്  എനിക്കെന്തു ഫലം? " എന്നാണ് ചോദിച്ചത്. തുടര്‍ന്ന്  പലതരത്തിലുള്ള ദുഃഖം വരുമ്പോള്‍  ചിലര്‍ ആത്മഹത്യ ചെയ്യും. എന്റെ ദുഖത്തിന് നീ എന്തിനാണ് മരിക്കുന്നത് ? അങ്ങിനെ നീ മരിച്ചാല്‍ അതിലൂടെ ഞാനാണ്  പാപിയാകുന്നത് എന്നായിരുന്നു ബ്രാഹ്മണന്റെ പ്രതികരണം. തുടര്‍ന്നുള്ള ബ്രാഹ്മണന്റെ  അര്‍ജുനനോടുള്ള  സംവാദത്തില്‍ യുദ്ധത്തില്‍ മരിച്ചു വീണ പാണ്ഡവരുടെ പുത്രരെ രക്ഷിക്കുവാന്‍ നിനക്കു സാധിച്ചോ എന്നും യുദ്ധക്കളത്തില്‍ മനമുടഞ്ഞ നിനാക്ക്‌ ധൈര്യവും ഉത്സാഹവും തന്നത് കൃഷ്ണന്‍ അല്ലേ എന്നും മരിച്ചുപോയ സാന്ദീപനിയുടെ പുത്രനെ വീണ്ടെടുത്തു ഗുരുദക്ഷിണയായി കൃഷ്ണന്‍ നല്‍കിയതും കംസന്‍ കല്ലില്‍ അടിച്ചു കൊലചെയ്ത കുഞ്ഞുങ്ങളെ കാണണം എന്ന ദേവകിയുടെയും വസുദേവരുടെയും ആഗ്രഹം കൃഷ്ണന്‍ സാധിച്ചു കൊടുത്തതും  സൂചിപ്പിച്ചു.

ശ്രീകൃഷ്ണനും ബലരാമനും മറ്റു യാദവാദികളും തന്റെ ദുഃഖം കണ്ടിട്ട്  ഇളകാത്ത നിലയില്‍ നീ എങ്ങിനെ എന്നെ രക്ഷിക്കുവാന്‍ തയ്യാറായി എന്ന ബ്രാഹ്മണന്റെ ചോദ്യത്തിന് ക്ഷത്രിയര്‍ക്കുള്ള ധര്‍മ്മം 
വൃഷ്ണികൾക്കും യാദവന്മാർക്കും ഇല്ല എന്നാണ് അര്‍ജുനന്‍ സൂചിപ്പിച്ചത്.  തന്റെ പൂണൂലില്‍ തൊട്ടു കൊണ്ട് ഇനി തനിക്കു ജനിക്കുന്ന കുട്ടികളെ സംരിക്ഷിച്ചു തന്നുകൊള്ളം എന്നൊരു സത്യം ചെയ്യണം എന്ന് അര്‍ജുനനോട് ആവശ്യ പ്പെട്ടു. അര്‍ജുനന്‍ അപ്രകാരം ചെയ്തു.   ഉറപ്പിനായി ഒരു സത്യം കൂടി വേണം എന്ന്  ബ്രാഹ്മണന് ആഗ്രഹം. അര്‍ജുനന്‍ കോപപ്പെടുമോ എന്ന ഭയം.  മടങ്ങി വന്നു ലോകാധിപനായ കൃഷ്ണനെ മനസ്സില്‍ ധരിച്ചു കൊണ്ട് ഒരു സത്യം കൂടി ചെയ്യണം എന്ന് ബ്രാഹ്മണന്‍ ആവശ്യപ്പെട്ടപ്പോള്‍  അതിനെ  നിഷേധിക്കുകയും തന്മൂലം വിലപിച്ചു മടങ്ങുന്ന ബ്രാഹ്മണനെ തിരികെ വിളിച്ചു ആഗ്രഹം സാധിച്ചു കൊടുക്കുന്നതു വളരെ ഭംഗിയായി അവതരിപ്പിച്ചു. വീണ്ടും എന്റെ  എന്റെ പത്നി വീണ്ടും ഗര്‍ഭം ധരിച്ചു പ്രസവകാലം അടുക്കുമ്പോള്‍ ഞാന്‍ വരും അങ്ങ് ഇവിടെത്തന്നെ  ഉണ്ടാകുമോ എന്ന ബ്രാഹ്മണന്റെ ചോദ്യത്തിന് ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും എന്ന് അര്‍ജുനന്‍ ഉറപ്പു നല്‍കുന്നു (അര്‍ജുനന്‍ ദ്വാരകയില്‍  എത്തുന്ന കാലഘട്ടത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന യജ്ഞം നടന്നു എന്നും അതിന്റെ സംരക്ഷണം ക്ഷത്രിയ ധര്‍മ്മത്തില്‍ ഉള്‍പ്പെടുകയാല്‍ അര്‍ജുനന്‍ പ്രസ്തുത ഒരു വര്‍ഷക്കാലം ദ്വാരകയില്‍ ഉണ്ടാകും എന്നതാണ് ഈ ഉറപ്പിന്റെ മര്‍മ്മം എന്നൊരു കഥയുണ്ട്).  
 
 അര്‍ജുനനെ കൂട്ടിവരുവാന്‍ വീണ്ടും ദ്വാരകയില്‍ എത്തുന്ന ബ്രാഹ്മണനെ കണ്ടിട്ട് അര്‍ജുനന് ആദ്യം മനസിലാകുന്നില്ല എന്നാണ് കവിയുടെ സങ്കല്പം.  "മുന്നമിവിടെ നിന്നല്ലയോ കണ്ടതുതമ്മില്‍ സുന്ദരാംഗാ തോന്നുന്നില്ലയോ?" എന്ന പദാട്ടത്തില്‍ ഈ അനുഭവം നല്‍കുവാന്‍ അര്‍ജുനന് സാധിച്ചതായി തോന്നിയില്ല. വീണ്ടും എന്റെ പത്നി ഗര്‍ഭം ധരിച്ചു പ്രസവ സമയം അടുത്തു എന്ന് പറയുമ്പോഴാണ് ബ്രാഹ്മണനെ അര്‍ജുനന്റെ ഓര്‍മ്മയില്‍ എത്തുന്നത്.  
  
വരുണഭാഗം  നോക്കിയാണ്   ശരകൂടം നിര്‍മ്മിക്കുവാന്‍ അര്‍ജുനന് ബ്രാഹ്മണന്‍  കാട്ടിക്കൊടുത്തത്.  അര്‍ജുനന്‍ നിര്‍മ്മിച്ച ശരകൂടം ശ്രദ്ധിച്ച ബ്രാഹ്മണന്‍ അതിനുള്ളില്‍ കണ്ട  ഒരു ചെറിയ ദ്വാരം എന്തിന് എന്ന് സംശയം ചോദിച്ചു. വായൂ സഞ്ചാരത്തിനു വേണ്ടിയാണ് എന്ന് അര്‍ജുനന്‍ മറുപടി പറഞ്ഞപ്പോള്‍ അതു വഴി പിറക്കാന്‍ പോകുന്ന കുട്ടിയുടെ ജീവന്‍ നഷ്ടമാവുമോ എന്ന് ബ്രാഹ്മണനു സംശയം ഉണ്ടായി.
 
അര്‍ജുനന്റെ സംരക്ഷണയിലുള്ള  ശരകൂടത്തിനുള്ളില്‍ തന്റെ പത്നിയുടെ പ്രസവത്തെ പറ്റി ചിന്തിച്ചു വെപ്രാളവും അക്ഷമയും കാട്ടുന്ന ബ്രാഹ്മണന്‍ തുടര്‍ന്ന്  നടന്ന പ്രസവത്തില്‍  കുട്ടിയുടെ ശവം പോലും ലഭിച്ചില്ല എന്ന വാര്‍ത്ത ഗ്രഹിച്ചപ്പോള്‍ മോഹാലസ്യ പ്പെട്ടു വീഴുന്നതും തുടര്‍ന്ന് കോപാഗ്നിയില്‍   അര്‍ജുനനെ അധിക്ഷേപിക്കുന്നതും വളരെ നന്നായി.
കൃഷ്ണാര്‍ജുനന്മാര്‍  കുട്ടികളെയെല്ലാം
വൈകുണ്ഠത്തില്‍ നിന്നും കൂട്ടിവന്നു ബ്രാഹ്മണനെ ഏല്‍പ്പിക്കുന്നതും ബ്രാഹ്മണന്‍ കുട്ടികളെ സ്വീകരിക്കുന്നതും സദസ്യര്‍ക്ക്  വളരെ ഹൃദ്യമാകും വിധത്തില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു. കൃഷ്ണാര്‍ജുനന്മാരോട് രണ്ട് ദിവസം തന്റെ  വീട്ടില്‍ താമസിക്കണം എന്ന ആഗ്രഹം ബ്രാഹ്മണന്‍ പ്രകടിപ്പിച്ചു. ഉടനെ മടങ്ങുവാന്‍ തയ്യാറായ കൃഷ്ണാര്‍ജുനന്മാര്‍  കുട്ടികളുടെ ഉപനയത്തിനു എത്തണം  എന്ന  ബ്രാഹ്മണന്റെ അപേക്ഷ സ്വീകരിച്ചു. വിട പറഞ്ഞ കൃഷ്ണനെയും അര്‍ജുനനെയും തിരികെ വിളിച്ചുകൊണ്ട് ഈ കുട്ടികളെ ഏല്‍പ്പിച്ചിട്ട് മടങ്ങിയാല്‍ മതിയോ അവരുടെ ആഹാരത്തിനുള്ള വഴി കൂടി കാണണ്ടേ എന്ന് ബ്രാഹ്മണന്‍ ചോദിച്ചപ്പോള്‍ സദസ്സ്യര്‍ പൊട്ടിച്ചിരിച്ചു.  കാതിനു കേള്‍വിക്കുറവുള്ള വൃദ്ധയുടെ വേഷവും അവതരണവും നന്നായിരുന്നു .
  
                   ബ്രാഹ്മണന്‍ അര്‍ജുനനെയും കൃഷ്ണനെയും അനുഗ്രഹിക്കുന്നു  
                            

കൃഷ്ണന്‍  

ശ്രീ. കോട്ടക്കല്‍ ഉണ്ണികൃഷ്ണന്റെ  ശ്രീകൃഷ്ണന്‍ വേഷഭംഗിയിലും അവതരണത്തിലും വളരെ നന്നായി. ശ്രീ. കോട്ടക്കല്‍ രാജ് മോഹന്റെ  അര്‍ജുനന്‍ പ്രതീക്ഷിച്ചതിലും വളരെ ഭംഗിയായി.  സ്ത്രീവേഷം കൂടുതല്‍ ചെയ്യുന്ന  വേഷക്കാരനായതിനാല്‍   സ്ത്രൈണഭാവം രംഗത്തു അനുഭവപ്പെട്ടു. പുരുഷവേഷം ചെയ്തുള്ള ശീലക്കുറവു മാത്രമാണ് കാരണം എന്നാണ് എന്റെ വിശ്വാസം.       ശ്രീ. കോട്ടക്കല്‍ ചന്ദ്രശേഖരവാര്യറുടെ   ബ്രാഹ്മണന്‍ വളരെ നന്നായി.  ശ്രീ. കോട്ടക്കല്‍ ഹരികുമാര്‍ ബ്രാഹ്മണപത്നിയായും  ശ്രീ. കോട്ടക്കല്‍ സുനില്‍ കുമാര്‍ വൃദ്ധയായും രംഗത്തു എത്തി വളരെ നന്നായി പ്രവര്‍ത്തിച്ചു. ശ്രീ. വേങ്ങേരി നാരായണന്‍, ശ്രീ. കോട്ടക്കല്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ സംഗീതവും ശ്രീ. കോട്ടക്കല്‍ പ്രസാദ്‌ ചെണ്ടയും,  കോട്ടയ്ക്കൽ രവീന്ദ്രൻ മദ്ദളവും കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു.  ശ്രീ. കലാനിലയം പത്മനാഭന്‍ ചുട്ടിയും ശ്രീ. കുഞ്ഞിരാമന്‍, ശ്രീ. കുട്ടന്‍, ശ്രീ. മോഹനന്‍ എന്നിവര്‍ അണിയറയും ജോലികളിലും പങ്കെടുത്തു.  ചെന്നൈയിലെ കഥകളി ആസ്വാദകര്‍ക്ക്  "ദക്ഷിണ" എന്ന സംഘടന ഓണാഘോഷത്തിന്റെ തുടക്കത്തില്‍ നല്‍കിയ കഥകളി ദക്ഷിണ വളരെ ഹൃദ്യമായി എന്ന് അറിയിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്.  
 

4 അഭിപ്രായങ്ങൾ:

  1. വിവരണം ഹൃദ്യമായി അംബുജാക്ഷേട്ടാ! ഒറ്റയിരിപ്പിനു വായിച്ചുതീർത്തു.

    മറുപടിഇല്ലാതാക്കൂ
  2. valare valare Nanni..shree Ambujakshan Nair. As a member of Dakshinaa I am overwhelmed to read your blog. I regret, i was not introduced to you or i did not meet you during the kathakali. Pls make it a point to meet me next time when Dakshinaa celebrates another good program. Pls visit our site www.dakshinaa.com . thanks and regards

    മറുപടിഇല്ലാതാക്കൂ
  3. Dear Mr. Ambujakshan Nair, excellent review of Dakshina's Santhanagopalm. Cent percent unbiased report. I am sure the artists & the organisers can be proud of their achivement

    മറുപടിഇല്ലാതാക്കൂ