പേജുകള്‍‌

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

"ഉത്തരീയം" അവതരിപ്പിച്ച ദുര്യോധനവധം





ചെന്നൈയിലെ  കഥകളി ആസ്വാദകരുടെ കൂട്ടായ്മയിലൂടെ  രൂപം കൊണ്ട "ഉത്തരീയം" എന്ന സംഘടന ആഗസ്റ്റ്‌  നാലാംതീയതി വൈകിട്ട് ആറുമണിക്ക് ചെന്നൈ ഗ്രീംസ്  റോഡിലുള്ള ആശാന്‍മെമ്മോറിയല്‍ സ്കൂളില്‍ ദുര്യോധനവധം കഥകളി അവതരിപ്പിച്ചു.  കഥകളി തുടങ്ങുന്നതിനു മുന്‍പ് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ബ്ലാക്ക് -ബോക്സ് അവാര്‍ഡിന് അര്‍ഹനായ പ്രസിദ്ധ കഥകളി കലാകാരന്‍ ശ്രീ. സദനം ഭാസി അവര്‍കളെ "ഉത്തരീയം" ആദരിച്ചു.

മഹാഭാരതം കഥയില്‍ പാണ്ഡവരുടെ പന്ത്രണ്ടു വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അഞാതവാസവും കഴിഞ്ഞ ശേഷം തങ്ങള്‍ക്കു അര്‍ഹതപ്പെട്ട പകുതി രാജ്യം നല്‍കണം എന്ന് ആവശ്യവുമായി  കൌരവസഭയിലേക്ക് ദൂതനായി പോകണം എന്ന് ശ്രീകൃഷ്ണനോട്  ധര്‍മ്മപുത്രര്‍ ആവശ്യപ്പെട്ടു. ധര്‍മ്മപുത്രരുടെ അപേക്ഷപ്രകാരം കൌരവസഭയിലേക്ക് കൃഷ്ണന്‍ യാത്രയാവുന്ന വൃത്താന്തം അറിഞ്ഞ പാഞ്ചാലി യുദ്ധം നടക്കാതെ വന്നാല്‍ കൌരവസഭയില്‍ തന്നെ അപമാനിച്ച  ദുശാസനന്റെ രക്തം പുരണ്ട കൈകള്‍ കൊണ്ട് മാത്രമേ തന്റെ അഴിഞ്ഞ മുടി കെട്ടുകയുള്ളൂ എന്ന തന്റെ ശപഥം നിറവേറാതെ പോകുമോ എന്ന ഭയത്താല്‍ ശ്രീകൃഷ്ണ  സമീപമെത്തി സങ്കടം അറിയിക്കുന്നതാണ്‌ കഥയുടെ സന്ദര്‍ഭം.

ശ്രീകൃഷ്ണനും പാഞ്ചാലിയും
                                                              
ആദ്യ രംഗത്തില്‍ കൃഷ്ണ സവിധത്തില്‍ എത്തുന്ന പാഞ്ചാലി ആപത്തു ഘട്ടങ്ങളില്‍ എല്ലാം കൃഷ്ണന്‍ സഹായിച്ചിട്ടുള്ളത് സ്മരിക്കുകയും  കൌരവരോട് ദൂത് പറയുമ്പോള്‍ തന്റെ തലമുടിയെ സ്മരിക്കണം എന്നാണ് അപേക്ഷിക്കുകയുമാണ് ചെയ്യുന്നത്.
ദുശാസനന്‍ ചെയ്ത സാഹസങ്ങള്‍ എല്ലാം ദൈവ നിശ്ചയമാണെന്നും, ഒരു യുദ്ധത്തില്‍ കൂടി  നിന്റെ ശപഥം സഫലമാകും എന്നും കൃഷ്ണന്‍ പാഞ്ചാലിയെ ആശ്വസിപ്പിച്ചയക്കുന്നു. കൃഷ്ണന്‍ കൌരവസഭയിലേക്ക് യാത്രയാകുന്നു.

                                                                   ദുര്യോധനന്‍

                                                                  ദുശാസനന്‍

                                                          ധൃതരാഷ്ട്രരും ദുര്യോധനനും

 ദുര്യോധനന്റെയും ദുശാസനന്റെയും തിരനോട്ടം കഴിഞ്ഞുള്ള  രണ്ടാം രംഗം കൌരവ സഭയാണ്. രംഗത്ത് ധൃതരാഷ്ട്രര്‍, ദുര്യോധനന്‍ , ദുശാസനന്‍ എന്നിവര്‍. പാണ്ഡവരുടെ ദൂതനായി കൃഷ്ണന്‍ ഇപ്പോള്‍ ഇവിടെ എത്തുമെന്നും കൃഷ്ണന്‍ വരും നേരം ആരും എഴുനേറ്റു ആദരവ് നല്‍കരുതെന്നും ആരെങ്കിലും കൃഷ്ണനെ ആദരിച്ചാല്‍ പിഴ നല്‍കണം എന്നും ദുര്യോധനന്‍ സഭയില്‍ അറിയിക്കുന്നു. സഭയില്‍ എത്തുന്ന ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരെ കണ്ടു പുത്രന്മാരെക്കൊണ്ടു പാണ്ഡവര്‍ക്കു അര്‍ഹമായ പകുതി രാജ്യം നല്കിക്കണം എന്നും അല്ലെങ്കില്‍ പാണ്ഡവര്‍ കൌരവരെ വധിക്കുമെന്നും അറിയിക്കുന്നു.  കൃഷ്ണന്റെ കപടത നല്ലത് പോലെ അറിയാമെന്നും തന്റെ മകനായ ദുര്യോധനനെ നല്ല വഴി കാട്ടണം എന്നും ധൃതരാഷ്ട്രര്‍  കൃഷ്ണനോട് അപേക്ഷിക്കുന്നു. ധൃതരാഷ്ട്രര്‍ വാത്സല്യപൂര്‍വ്വം ദുര്യോധനനെ ഉപദേശിക്കുന്നു.

                                                                   ഭഗവത്ദൂത് 

                                    ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ടു മുമുക്ഷു സ്തുതിക്കുന്നു


സഭയില്‍ വെച്ചു കൃഷ്ണന്‍ ദുര്യോധനനോട് പാണ്ഡവര്‍ക്കു  അര്‍ഹമായ പകുതി രാജ്യം നല്‍കണം എന്ന് അപേക്ഷിക്കുന്നു. വിസമ്മതിക്കുന്ന ദുര്യോധനനോട് അഞ്ച്  ദേശം അല്ലെങ്കില്‍ ഒരു മന്ദിരം എങ്കിലും നല്കണം എന്ന് ആവശ്യപ്പെടുന്നു. സൂചി കുത്തുവാന്‍ പോലും പോലും അവകാശം പാണ്ഡവര്‍ക്കു നല്‍കുകയില്ല എന്നും പാണ്ഡവര്‍ അന്യര്‍ക്ക് ജനിച്ചവരാണെന്നും ഉള്ള ദുര്യോധനന്റെ പ്രസ്താവന കൃഷ്ണനെ ചൊടിപ്പിച്ചു. വാഗ്വാദം മുറുകിയപ്പോള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ദുര്യോധനാദികള്‍ തയ്യാറായി. അപ്പോള്‍ കൃഷ്ണന്‍ തന്റെ വിശ്വരൂപം പ്രകടിപ്പിച്ചു. കൃഷ്ണന്റെ വിശ്വരൂപം കണ്ടു ദുര്യോധനനും ദുശാസനനും ഭയമോഹിതരായി വീണു. മുമുക്ഷു പ്രത്യക്ഷപ്പെട്ട്  കൃഷ്ണന്റെ വിശ്വരൂപം കണ്ടു സ്തുതിച്ചു. കൃഷ്ണന്‍ മറഞ്ഞപ്പോള്‍ ബോധം തെളിഞ്ഞ ദുര്യോധനനും ദുശാസനനും യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ദുര്യോധനന്‍ ദുശാസനന് ഗദ നല്‍കി അനുഗ്രഹിച്ചു യുദ്ധക്കളത്തിലേക്ക്‌ അയച്ചു. 

 
രൌദ്രഭീമന്‍ 

                                                               രൌദ്രഭീമനും ദുശാസനനും                   
                                            
                                          നരസിംഹ ശക്തിയോടെ രൌദ്രഭീമന്‍

യുദ്ധഭൂമിയിലൂടെ സഞ്ചരിച്ച് കൊണ്ട് ദുശാസനനെ തേടുന്ന രൌദ്രഭീമനാണു മൂന്നാം രംഗത്തില്‍. ദുശാസനനെ കണ്ടു മുട്ടി ഭീമന്‍ പോരിനു വിളിച്ചു. യുദ്ധത്തില്‍  ദുശാസനന്‍ വീണു. ദുശാസനന്റെ മാറ് പിളര്‍ന്നു കുടല്‍ മാലയായി  ധരിച്ചു കൊണ്ട്  പാഞ്ചാലിയെ തേടി കണ്ട ഭീമന്‍ രക്തം പുരണ്ട കൈകള്‍ കൊണ്ട് പാഞ്ചാലിയുടെ മുടി കെട്ടിവെച്ചു പാഞ്ചാലീശപഥം നിറവേറ്റി. യുദ്ധക്കളത്തില്‍ നരസിഹശക്തി നിറഞ്ഞു നില്‍ക്കുന്ന ഭീമനെ കൃഷ്ണന്‍ സന്ധിച്ചു. ഭീമനില്‍ നിറഞ്ഞിരുന്ന നരസിഹശക്തി കൃഷ്ണന്‍ ഉഴിഞ്ഞു മാറ്റിയപ്പോള്‍ തളര്‍ന്നു അവശനായി തീര്‍ന്ന ഭീമനെ ആശ്വസിപ്പിച്ചു അനുഗ്രഹിച്ചു അയയ്ക്കുന്നതോടെ കഥ അവസാനിക്കുന്നു. 


ശ്രീ. സദനം ഭാസി ശ്രീകൃഷ്ണനായും  ശ്രീ. കലാമണ്ഡലം ജിഷ്ണുരവി പാഞ്ചാലിയായും ശ്രീ. കലാമണ്ഡലം നീരജ് ദുര്യോധനനായും ശ്രീ. സദനം വിഷ്ണുപ്രസാദ്‌ ദുശാസനനായും ശ്രീ. കിള്ളിമംഗലം നാരായണന്‍ ധൃതരാഷ്ട്രര്‍, മുമുക്ഷു എന്നീ വേഷങ്ങളും ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍ രൌദ്രഭീമനായും രംഗത്തെത്തി നല്ല  പ്രകടനം കാഴ്ചവെച്ചു. ശ്രീ. കലാമണ്ഡലംവിനോദ്, ശ്രീ. നെടുമ്പള്ളി രാംമോഹനന്‍ എന്നിവര്‍ സംഗീതവും ശ്രീ. സദനം രാമകൃഷ്ണന്‍ ശ്രീ. സദനം ജിതിന്‍ എന്നിവര്‍ ചെണ്ടയും  ശ്രീ. സദനംദേവദാസ്‌ ശ്രീ. കലാമണ്ഡലംഹരിഹരന്‍ എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.  അണിയറയില്‍ കലാകാരന്മാരുടെ മുഖത്തു  ചുട്ടി കുത്തി കഥാപാത്രങ്ങള്‍ക്ക് കഥകളി ജീവന്‍ നല്‍കിയത് ശ്രീ.  കലാമണ്ഡലംസതീശന്റെയും ശ്രീ.  സദനം ശ്രീനിവാസന്‍ അവര്‍കളുടെയും കരങ്ങളായിരുന്നു. ശ്രീ. സി.പി. കുഞ്ഞിരാമന്‍, ശ്രീ. വിവേക്‌, ശ്രീ. രമേഷ് എന്നിവരുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ അരങ്ങിനു മിഴിവ് നല്‍കി എന്നത് പ്രത്യേകം സ്മരണീയമാണ്.

                                                                          ധനാശി 
  എല്ലാത്തരം കഥകളി ആസ്വാദകരെയും ഒന്നുപോലെ    ആകര്‍ഷിപ്പിക്കുവാന്‍ സാധിക്കുന്ന കഥയാണ്  ദുര്യോധനവധം. ഈ അടിസ്ഥാനത്തില്‍  പ്രസ്തുത കളിയുടെ അവതരണത്തെ പറ്റി ഒരു വിലയിരുത്തലിനു ഞാന്‍ മുതിരുന്നില്ല. എന്നിരുന്നാലും എന്റെ ഒരു ചില കാഴ്ചപ്പാടുകള്‍ ഇവിടെ കുറിക്കുവാന്‍ ആഗ്രഹിക്കുന്നു. ശ്രീ. ജിഷ്ണു രവിയുടെ പാഞ്ചാലി വേഷം വളരെ ഭംഗി നിറഞ്ഞതായിരുന്നു. കഥാപാത്രത്തിനെ പൂര്‍ണ്ണമായും  ഉള്‍ക്കൊണ്ടു കൊണ്ട് ഭാവപൂര്‍ണ്ണത നിറഞ്ഞ അവതരണത്തിനു അദ്ദേഹം ശ്രമിക്കേണ്ടിയിരിക്കുന്നു.  കൌരവസഭയിലേക്ക്  ദൂതിന് പോകുന്ന കൃഷ്ണന്റെ സമീപം ഓടിയെത്തുന്ന പാഞ്ചാലിയെ കൃഷ്ണന്‍  ആശ്വസിപ്പിക്കുന്ന ഇളകിയാട്ടത്തില്‍ പാഞ്ചാലിയെ കൂടി ഇന്‍വോള്‍വ്  ചെയ്യിപ്പിച്ചു കൊണ്ടുള്ള അവതരണമാണ് വേണ്ടത്. "എന്നാല്‍ അങ്ങിനെ തന്നെ" എന്നുമാത്രം പാഞ്ചാലിക്കു  കാണിക്കുവാനുള്ള  അവസരമേ അരങ്ങില്‍ ദര്‍ശിക്കുവാന്‍ കഴിഞ്ഞുള്ളു.

നരസിംഹശക്തിയുടെ പ്രഭാവത്താല്‍ ദുശാസനന്റെ മാറ് പിളര്‍ന്നു കുടല്‍ മാലയായി  ധരിച്ചു കൊണ്ട് രക്തം പുരണ്ട കൈകളുമായി ഘോര രൂപത്തില്‍ നില്‍ക്കുന്ന രൌദ്രഭീമനെ കാണുമ്പോള്‍ അത്യധികം ഭയം ആണ് പാഞ്ചാലിക്കു വേണ്ടത്. പാഞ്ചാലിയെ നോക്കി "ഇവിടെ വാ" എന്ന് ഭീമന്‍ വിളിക്കുമ്പോള്‍ ആ രൂപം കണ്ടു പാഞ്ചാലി പിന്നിലെക്കു മാറുകയും ഭീമന്‍ ഓടി ചെന്നു പാഞ്ചാലിയെ പിടിച്ചു കൊണ്ട് വന്നു രക്തം പുരണ്ട കൈകള്‍ കൊണ്ട് പാഞ്ചാലിയുടെ മുടി കെട്ടുകയുമാണ് വേണ്ടത്.   ഇക്കാര്യത്തില്‍ പാഞ്ചാലി വേഷം ചെയ്യുന്ന കലാകാരന്‍   കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
  
ഭഗവത് ദൂത് സമയത്ത് പാണ്ഡവര്‍ക്കു കൃഷ്ണന്‍ ചോദിക്കുന്നത് നല്‍കട്ടെയോ  എന്ന്  ദുര്യോധനന്‍ ദുശാസനനോട് പലമുറ ചോദിച്ചു. ദുശാസനന്‍ അതു ശ്രദ്ധിക്കുവാന്‍ താമസിച്ചു. ദുശാസനനെ വധിച്ച ശേഷം ഭീമന്‍ ദുര്യോധനനെ തേടുന്നതും ദുര്യോധനന്റെ ഗദാപ്രഹരം  തലയ്ക്കു എല്ക്കുന്നതും കൃഷ്ണന്‍ തുടയ്ക്കു തട്ടി കാണിക്കുന്നത് കണ്ടു ദുര്യോധനന്റെ തുടയ്ക്കു അടിച്ചു വധിക്കുന്നതും ഇളകിയാട്ടത്തില്‍ കൂടി അവതരിപ്പിക്കുകയുണ്ടായി. കഥയുടെ പൂര്‍ണ്ണതയ്ക്ക് വളരെ ഗുണകരമായിരുന്നു ഈ അവതരണം. വലിപ്പം കുറഞ്ഞ മീശ വരച്ചു കൊണ്ട് വളരെ ആകര്‍ഷകമായ രീതിയില്‍ ആയിരുന്നു  രൌദ്രഭീമന്റെ മുഖത്തെ തേപ്പിനു രൂപം നല്‍കിയത് . കൃഷ്ണന്റെ വിശ്വരൂപ പ്രകടനം തിരശീലയ്ക്ക് പിന്നിലാക്കിയതും ഭീമന് നരസിഹത്തിന്റെ ശക്തി ലഭിക്കുമ്പോള്‍ പിന്നില്‍ ആലവട്ടം പിടിച്ചതും  ഒരു നല്ല അനുഭവമായി തോന്നി.
ധൃതരാഷ്ട്രര്‍ വേഷമിട്ട നടന്‍ പിന്നീടു  മുമുക്ഷുവായി രംഗത്തു എത്തുമ്പോള്‍ വേഷത്തില്‍ എന്തെങ്കിലും ഒരു മാറ്റം (പട്ടുവസ്ത്രമോ മറ്റോ ഉപയോഗിക്കാമായിരുന്നു) ചെയ്യേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം.



2 അഭിപ്രായങ്ങൾ:

  1. ദുര്യോധന വധത്തിന്റെ മനോഹരമായ വിവരണത്തിന് നന്ദി. തുടര്‍ന്നും ഉത്തരീയതിന്റെ ആഭിമുഖ്യത്തില്‍ അനേകം കളികള്‍ നടക്കട്ടെ എന്ന ആശംസിക്കുന്നു. അരങ്ങിലെ അവതരണം ലോപിച്ച് ലോപിച്ച് വരുന്നതില്‍ ആശങ്ക വളരുന്നു. ശ്രീവല്ലഭ സന്നിധിയില്‍ എങ്കിലും പൂര്‍ണ്ണമായി ദുര്യോധന വധം കാണാന്‍ സാധിക്കുമെങ്കില്‍ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. എന്റെ ബ്ളോഗ് വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ശ്രീ. ഉണ്ണികൃഷ്ണന്‍ അവകള്‍ക്ക് നന്ദി.
    ശ്രീ.കിള്ളിമംഗലം, ശ്രീ. ഗണേഷ് എന്നിവര്‍ ഫേസ് ബുക്കില്‍ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ചേര്‍ക്കുന്നു.

    (1)Killimangalam Narayanan Namboothirippad അംബുജാക്ഷന്‍ ചേട്ടാ ബ്ലോഗ്‌ വായിച്ചു........ അങ്ങ് പറഞ്ഞത് നൂറു ശതമാനം സത്യം തന്നെ....ശരിക്കും ആദ്യ രംഗത്ത്‌ ധൃതരാഷ്ട്രര്‍ക്ക് സ്ത്രീവേഷത്തിന്റെ പട്ടുറുമാല്‍ ദേഹത്ത് ചുറ്റുകയും ഒരു പടിയരഞ്ഞാള്‍ കെട്ടുകയും കൂടി വേണം എന്ന് വിചാരിച്ചതായിരുന്നു.......... എന്റെ പരിമിതി അറിയാമല്ലോ...... അണിയറയില്‍ ഉള്ളവര്‍ മറ്റു തിരക്കുകളില്‍ പെട്ടതിനാല്‍ അതിനു സാധിക്കാതെ പോയി..........

    (2)Girish Neelakanta Iyer: valare nalla review........thanks ambu chettan

    മറുപടിഇല്ലാതാക്കൂ