പേജുകള്‍‌

2012, ജൂലൈ 7, ശനിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -7 (കലി- ദ്വാപരന്മാർ)

നളചരിതം രണ്ടാം ദിവസം കഥയില്‍  ആസ്വാദകരെ  വളരെ അധികം സ്വാധീനിക്കുന്ന ഒരു വേഷമാണ്  പുഷ്ക്കരന്‍.   രാജകൊട്ടാരത്തില്‍ നിന്നും ലഭിക്കുന്ന ആഹാരം  കൊണ്ട് ജീവന്‍ നിലനിര്‍ത്തി തന്റെ ഗൃഹത്തില്‍ ഒതുങ്ങി കഴിയുകയും  സ്വജീവിതത്തില്‍ ഒന്നിനോടും തന്നെ  താല്‍പ്പര്യം ഇല്ലാത്തവനുമായ ഒരു  കഥാപാത്രമാണ്  പുഷ്ക്കരന്‍. ഇങ്ങിനെയുള്ള ഒരു കഥാപാത്രത്തിന് വ്യക്തിത്തം തീരെ ഉണ്ടാവുക ഇല്ല. ഭയവും, സംശയവും,  അധൈര്യവുമാണ് കഥാപാത്രത്തിന്റെ  സ്വഭാവം. നളന്റെ ഭരണത്തില്‍ വിശ്വാസവും ഒപ്പം  അസൂയയും പുഷ്കരന് ഉണ്ട്.  കലി ദ്വാപരന്മാരുടെ പ്രേരണയില്‍ വശംവദനായി ധൈര്യം അവലംബിച്ച് കൊട്ടാരത്തില്‍ എത്തി നളനെ ചൂതിനു വിളിച്ചു. അവരുടെ  ദയവുകൊണ്ട് നളനെ ചൂതില്‍ തോല്‍പ്പിച്ച് രാജാവായി. തനിക്ക് രാജകിരീടം ലഭ്യമായപ്പോള്‍ അല്‍പ്പനായ പുഷ്ക്കരന്‍ നളനെയും ദമയന്തിയെയും കൊട്ടാരത്തില്‍ നിന്നും പുറത്താക്കി. പ്രജകള്‍ ആരെങ്കിലും നളദമയന്തിമാരെ സഹായിച്ചാല്‍ ശിക്ഷിക്കും എന്ന് മുന്നറിയിപ്പും നല്‍കി. ചുരുക്കത്തില്‍ നളനോട്  ചൂതില്‍ ജയിക്കുന്നത് വരെയുള്ള  പുഷ്കരന്റെ  സ്വഭാവത്തില്‍ ഈ ഭയവും, സംശയവും,  അധൈര്യവുമെല്ലാം ഉണ്ടാകണം. എന്നാല്‍ ചൂതില്‍ വിജയിച്ച ശേഷം   അല്‍പ്പന്     ഐശ്വര്യം വന്നപ്പോള്‍ അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന രീതിയിലുള്ള ഒരു അവസ്ഥയിലേക്ക് കഥാപാത്രത്തെ എത്തിക്കണം. ആ സ്ഥിതിക്ക് പുഷ്കരനെ സന്ധിച്ചു നളനെ ചൂതിനു വിളിക്കുവാന്‍ പ്രേരിപ്പിക്കുന്ന  കലി ദ്വാപരന്മാരോട് തന്റെ സംശയങ്ങള്‍ ഉന്നയിക്കുന്നത് പാത്രരീതിക്ക് എന്തുകൊണ്ടും ഉചിതമാണല്ലോ?

നളനും നീയും ഭേദമെന്തിവിടെ? എന്ന് കലി പറയുമ്പോള്‍ പുഷ്ക്കരന്‍ ഭയന്ന് കലിയുടെ വായ്‌ പൊത്തുക, എന്റെ അന്നം മുട്ടിക്കരുതെ !എന്നുള്ള അപേക്ഷ, നിങ്ങള്‍ എന്നെ രാജാവിന്റെ മുന്നിലേക്ക്‌ തള്ളിവിട്ടിട്ടു ഓടി പോകുമോ? എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍, ആരെങ്കിലും വീക്ഷിക്കുന്നുവോ എന്നുള്ള  ശ്രദ്ധ തുടങ്ങിയവ പുഷ്കരന്റെ അവതരണത്തില്‍ ഉണ്ടാകുമല്ലോ.

പണ്ട് ദക്ഷിണ കേരളത്തിലെ ഒരു കളി അരങ്ങില്‍ ഒരു പുഷ്ക്കരന്‍ കലിയോടു ഇങ്ങിനെ ചോദിച്ചു"അല്ലയോ ആഗതരെ! ഈ നാട്ടിലുള്ള എല്ലാ       പ്രജകള്‍ക്കും നളനോട്  ബഹുമാനമുണ്ട്. നിങ്ങള്‍ രണ്ടു പേര്‍ക്ക് മാത്രം രാജാവിനോട് വിരോധവും ആരാലും ശ്രദ്ധിപ്പെടാത്ത എന്നോട്  സ്നേഹവും കാട്ടുന്നു". ഇതിന്റെ കാരണം എന്താണ് ?
 ഇങ്ങിനെ ഒരു ചോദ്യം അന്നുവരെ ഒരു പുഷ്കരനും ചോദിച്ചു അനുഭവം ഇല്ലാത്ത കലി നടന്‍ പെട്ടെന്ന് ഒരു ഉത്തരം പറയുവാന്‍ സാധിക്കാതെ അരങ്ങില്‍ പരുങ്ങി.   തന്റെ ചോദ്യത്തിന്  സഹ നടനില്‍ നിന്നും ഒരു  ഉത്തരം ലഭിക്കുകയില്ല എന്ന് പുഷ്കരനടന്‍   മനസിലാക്കി കൊണ്ട് രംഗം തുടര്‍ന്നു. കളി കഴിഞ്ഞു അണിയറയില്‍ എത്തിയ  പുഷ്കരനടന്‍ വേഷം തുടച്ചു കൊണ്ടിരുന്നപ്പോള്‍ കലിനടന്‍ അദ്ദേഹത്തിന്‍റെ  സമീപമെത്തി  താങ്കള്‍ അരങ്ങത്തു വെച്ച് ഉന്നയിച്ച  ചോദ്യത്തിന്  എന്ത് ഉത്തരമാണ് എന്നില്‍ നിന്നും     പ്രതീക്ഷിച്ചിരുന്നത് എന്ന് ചോദിച്ചു? യഥാര്‍ത്ഥ  കാരണം ദമയന്തി മനുഷ്യനായ നളനെ  വരിച്ചതിന്റെ   വൈരാഗ്യമാണ് എന്ന് അറിയിക്കുവാന്‍ സാധിക്കുകയില്ലല്ലോ?.

"അല്ലയോ പുഷ്കരാ! ഒരു മനുഷ്യ ജന്മത്തില്‍ ശൈശവം, ബാല്യം, കൌമാര്യം, യവ്വനം, വാര്‍ദ്ധക്ക്യം എന്നിങ്ങനെയുള്ള അവസ്ഥാ ഭേദങ്ങള്‍ ഉണ്ട്. നിനക്ക് ഇപ്പോള്‍ യവ്വനം ആണ്. ഈ കാലത്ത് നിനക്ക് പദവി, കുടുംബം, കുഞ്ഞുങ്ങള്‍ എന്നിങ്ങനെ നേടേണ്ട ഒന്നിലും ശ്രദ്ധയില്ല. ഇതെല്ലം നളന്‍ അനുഭവിക്കുന്നുണ്ട്. അദ്ദേഹം അനുഭവിക്കുന്ന ഈ സുഖങ്ങള്‍ക്കെല്ലാം നീയും അര്‍ഹനാണ് എന്ന് നിന്നെ അറിയിക്കുകയും അത് നേടിത്തരുന്നതിന് സഹായിക്കുകയും  എന്നത് കലിയായ എന്റെ  ധര്‍മ്മം ആണെന്ന് നീ അറിയുക." ഇതാണ് എന്റെ സങ്കല്‍പ്പത്തില്‍ കലിക്കു പറയുവാന്‍ ഉചിതമായ മറുപടി എന്ന് അറിയിച്ചു. പിന്നീട്  പല അരങ്ങുകളിലും ഇവര്‍ പുഷ്കരനും കലിയുമായി എത്തുമ്പോള്‍  ഈ ചോദ്യം പുഷ്ക്കരന്‍ ചോദിക്കുകയും കലി പ്രസ്തുത മറുപടി പറയുന്നതും കണ്ട അനുഭവം പല തവണ ഉണ്ടായിട്ടുണ്ട്. ഓരോ അരങ്ങില്‍ നിന്നും കലാകാരന്മാര്‍ പലതും മനസിലാക്കി വന്നിരുന്നു എന്നതിന്റെ ഒരു തെളിവായി കൂടി ഇത് കരുതാം.  
ശ്രീ. രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലി പുഷ്കരന്റെ ഇതുപോലുള്ള ചോദ്യത്തിന്  " അല്ലയോ പുഷ്കരാ! ഒരു മനുഷ്യ ജന്മത്തില്‍ ശൈശവം, ബാല്യം, കൌമാര്യം, യവ്വനം, വാര്‍ദ്ധക്ക്യം എന്നിങ്ങനെയുള്ള അവസ്ഥാ ഭേദങ്ങള്‍ ഉണ്ട്.  "നിനക്ക് ഇപ്പോള്‍ യവ്വനം ആണ്. നീ ഈ കാലം അനുഭവിക്കണം". എന്നാല്‍  മാത്രമേ നിനക്ക്  മരണാനന്തരം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശനം ലഭിക്കൂ. എന്ന് കാണിക്കുന്നത്  കണ്ടിട്ടുണ്ട്.


കലി പ്രേരണകൊണ്ട്  വളരെ വേഗം  നളനെ നേരിടുവാന്‍ പുറപ്പെടുന്ന പുഷ്കരന്മാരെയാണ്  നാം ഇപ്പോള്‍ കണ്ടു വരുന്നത്. ഒരു രാജാവിനെ നേരിടുക എന്നത് അത്ര നിസ്സാരമല്ല  എന്ന് ഉണര്‍ത്തുന്ന ഒരു അവതരണ രീതിയായിരുന്നു പണ്ട് നിലവില്‍ നിന്നിരുന്നത്. നളനെ നേരിട്ടാല്‍ ജീവഹാനി സംഭവിക്കും  എന്നു ഭയക്കുന്ന പുഷ്കരനെ കലിയും ദ്വാപരനും കൂടി  ഉത്തേജിപ്പിക്കും.   പുഷ്കരന്റെ പിറകില്‍ നിന്നുകൊണ്ട് ഇവര്‍ ഉത്തരീയം കൊണ്ട് ഉഴിയുകയോ, അലറി ആവേശം കൊള്ളിക്കുകയോ ചെയ്യും. അവിടെ നിന്നും ആവേശഭരിതനായ പുഷ്ക്കരന്‍ നളനെ നേരിടുവാന്‍ തയ്യാറാകും. മദ്ധ്യകേരളത്തില്‍   ഈ രീതി മാറ്റി എടുത്തതിനു ശ്രീ. ഗോപി ആശാന്റെ പങ്ക്  "ഓര്‍മ്മയിലെ പച്ചകള്‍" എന്ന പുസ്തകത്തില്‍ സ്മരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് കഥകളി സമാരോഹത്തില്‍ ശ്രീ.കലാമണ്ഡലം കേശവദേവിന്റെ കലി ഈ "ഉത്തേജനം" അവതരിപ്പിച്ചിട്ടുണ്ട്. 1981 - കാലഘട്ടത്തിനു മുന്‍പുതന്നെ ദക്ഷിണ കേരളത്തില്‍ ഈ രീതിക്ക് മാറ്റം വന്നിരുന്നു  എങ്കിലും അന്നത്തെ ഒരു ചില  നടന്മാര്‍  ഇതിനെ ഉള്‍ക്കൊള്ളുവാന്‍ മടി കാട്ടിയിരുന്നു. 
  
ഒരിക്കല്‍ പന്തളം എന്‍. എസ്. എസ്  കോളേജില്‍ അവതരിപ്പിച്ച  നളചരിതം രണ്ടാം ദിവസം കഥകളിയില്‍  ശ്രീ. ചമ്പക്കുളം പാച്ചുപിള്ള ആശാന്റെ കലിയും ശ്രീ. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ദ്വാപരനുമായിരുന്നു. 
കലിയുടെയും ദ്വാപരന്റെയുംപ്രേരണയില്‍  വശംവദനാകാതെ     
 കൊട്ടാരത്തിലേക്ക് കാലടി വെയ്ക്കുവാനും  രാജാവിനെ നേരിടുവാനും ഭയമാണ് എന്ന നിലയില്‍ ഉറച്ചു നിന്നിരുന്ന പുഷ്കരനെ "ഉത്തേജിപ്പിക്കല്‍" ചെയ്തു.  ആവേശഭരിതനായ  പുഷ്ക്കരന്‍  നളനെ നേരിടുവാന്‍ തയ്യാറായി. പുഷ്കരനോട് യാത്ര പറഞ്ഞു പിരിഞ്ഞ കലി ദ്വാപരന്മാര്‍   രംഗത്തു നിന്നും പിറകോട്ടു മാറിയ ശേഷം പെട്ടെന്ന് തിരിഞ്ഞു നിന്നു  കൊണ്ട് പുഷ്കരനെ വീക്ഷിക്കുകയും "നമ്മുടെ പ്രയോഗം ഇവനില്‍ ശരിക്കും ഫലിച്ചു " എന്ന് കാണിച്ച ശേഷം രംഗം വിടുന്നത് കണ്ട ഓര്‍മ്മയുണ്ട്.

 "പുഷ്കരനെ മുഷ്കരനാക്കി എന്ന്  ഉറപ്പിക്കുന്ന രീതിയിലുള്ള  കലി- ദ്വാപരന്മാരുടെ ഈ  ചെറിയ രംഗപ്രയോഗം അരങ്ങില്‍ വളരെ നല്ല പ്രതീതിയുണ്ടാക്കി എന്നായിരുന്നു  അന്നത്തെ ആസ്വാദകരുടെ വിലയിരുത്തല്‍."


                                                                                                                                
5 അഭിപ്രായങ്ങൾ:

 1. പ്രിയപ്പെട്ട അമ്പുജാക്ഷന്‍ നായര്‍, നളചരിതം രണ്ടാം ദിവസത്തിലെ പുഷ്കരന്റെയും കലി ദ്വപരന്മാരൂടേയും വ്യത്യസ്തമായ അവതരണ രീതികള്‍ വളരെ സരസമായി പ്രതിപാദിച്ചതിനു നന്ദി. ഈയിടെ രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കളിയെ കാണാനുള്ള ഭാഗ്യം ശ്രീവല്ലഭന്‍ നല്‍കി. ഇനിയും അനേകം അനേകം രസകരങ്ങളായ അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. "അല്‍പ്പന് ഈ ഐശ്ചര്യം വന്നപ്പോള്‍ അര്‍ദ്ധരാത്രിക്ക് കുട " see the spelling mistake here. it is ഐശ്വര്യം not ഐശ്ചര്യം

  മറുപടിഇല്ലാതാക്കൂ
 3. മിസ്റ്റര്‍. ഉണ്ണികൃഷ്ണന്‍ നായര്‍ : അഭിപ്രായത്തിന് നന്ദി.
  മിസ്റ്റര്‍. സുനില്‍: തെറ്റ് ചൂണ്ടിക്കാട്ടിയതിന് വളരെ നന്ദി. "ഐശ്വര്യം" എന്ന് തിരുത്തിയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. കഥകളിയെ പ്രോല്സായിപ്പിക്കാന്‍ വേണ്ടി അങ്ങ് നടത്തുന്ന പരിശ്രമത്തെ എത്ര അഭിനദിച്ചാലും മതിയാവില്ല

  മറുപടിഇല്ലാതാക്കൂ