പേജുകള്‍‌

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

രുഗ്മാംഗദചരിതത്തിലെ ഇളകിയാട്ടം


രുഗ്മാംഗദചരിതം കഥയിൽ,  രുഗ്മാംഗദൻറെ ഏകാദശി വൃതം മുടക്കാനെത്തുന്ന മോഹിനിയെ  നായാട്ടിനായി വനത്തിൽ   എത്തുന്ന രുഗ്മാംഗദൻ കണ്ടു മുട്ടുന്നു.   മോഹിനിയിൽ ആകൃഷ്ടനായ രുഗ്മാംഗദൻ മോഹിനിയുടെ നിബന്ധന അംഗീകരിച്ച് പ്രിയതമയായി സ്വീകരിക്കുന്നു. 

ദേവസ്ത്രീയായ നീ ദേവലോകത്തെ സുഖകരമായ ജീവിതം ഉപേക്ഷിച്ചു ഈ വനത്തിൽ എത്താനുള്ള കാരണം മോഹിനിയോട്  രുഗ്മാംഗദൻ  (ഇളകിയാട്ടത്തിൽ കൂടി) അന്വേഷിക്കുകയും അതിനു മറുപടിയായി ദേവലോകത്തുള്ള ദേവസ്ത്രീകൾ അങ്ങയെ വളരെയധികം പ്രശംസിക്കുന്നതു  കേട്ടപ്പോൾ, അങ്ങയെ കാണണം എന്നുള്ള ആഗ്രഹത്തോടെ വനത്തിൽ എത്തിയതാണ് എന്ന് മോഹിനി അറിയിക്കുകയും ചെയ്യും. തുടർന്ന് രുഗമാംഗദൻ, തനിക്കും ദേവസ്ത്രീകളുമായി  ബന്ധപ്പെട്ട ഒരു കഥ മോഹിനിയെ അറിയിക്കുക പതിവാണ്.  ആ കഥ ഏതാണ്ട്‌ ഇപ്രകാരമാണ്. 

എന്റെ പൂന്തോട്ടത്തിലുള്ള സുഗന്ധ പുഷ്പങ്ങൾ രാത്രികളിൽ അപ്രത്യക്ഷമാകുന്നത് പതിവായപ്പോൾ ഞാൻ ശക്തമായ കാവൽ ഏർപ്പെടുത്തി. അപ്പോഴും പൂക്കൾ അപ്രത്യക്ഷമാകുന്നത് തുടർന്നു കൊണ്ടിരുന്നു. ഒരു ദിവസം ഞാൻ പൂന്തോട്ടത്തിൽ മറഞ്ഞിരുന്നുകൊണ്ട് ഈ പൂക്കൾ മറയുന്നതിന്റെ രഹസ്യം കണ്ടു പിടിക്കാൻ തീരുമാനിച്ചു. അങ്ങിനെ ഒരു നാൾ ഞാൻ മറഞ്ഞിരിക്കവേ, രാത്രിയുടെ അന്ത്യയാമത്തിൽ ഒരു വിമാനം എന്റെ പൂന്തോട്ടത്തിൽ വന്നിറങ്ങി. വിമാനത്തിൽ നിന്നും അതിസുന്ദരികളായ ദേവസ്ത്രീകൾ ഇറങ്ങി വന്ന് പൂന്തോട്ടത്തിലെ പൂക്കൾ എല്ലാം ശേഖരിച്ച ശേഷം വിമാനത്തിൽ കയറി. വിമാനം മേലോട്ട് ഉയരാൻ തുടങ്ങിയപ്പോൾ ഞാൻ ഓടിച്ചെന്ന് വിമാനത്തിൽ പിടിച്ചു. 

ഞാൻ പിടിച്ചപ്പോൾ വിമാനം നിന്നു. അപ്പോൾ വിമാനത്തിൽ നിന്നും ദേവസ്ത്രീകൾ ഇറങ്ങി വന്ന്  അവരുടെ യാത്ര മുടക്കിയത്തിൽ കുപിതരായി എന്നെ ശപിക്കുവാൻ ആരംഭിച്ചു. അപ്പോൾ ഞാൻ അവരോട് എന്നെ ശപിക്കരുതേ!, നിങ്ങളുടെ യാത്ര തുടരുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിയാലും എന്ന് അപേക്ഷിച്ചു. 

ഇന്ന് ഏകാദശിയാണ്. ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ  വന്ന് ഈ വിമാനത്തിൽ ഒന്ന് തൊട്ടാൽ മതി വിമാനം ഉയരും എന്ന് ദേവസ്ത്രീകൾ അറിയിച്ചു.
ഞാൻ ഉടൻ തന്നെ നാടിന്റെ നാനാഭാഗത്തേക്കും ഭടന്മാരെ അയച്ച്, ഇന്ന് ആഹാരം ഭുജിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ കൂട്ടിവരാൻ ആജ്ഞാപിച്ചു. ഭടന്മാർ എത്ര അലഞ്ഞിട്ടും ആഹാരം ഭുജിക്കാത്ത ഒരുവനെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ കണ്ണിനു കാഴ്ചയില്ലാത്ത, പ്രാകൃതയായ ഒരു കിഴവിയെ ഭടന്മാർ കൂട്ടിവന്നു. ആ വൃദ്ധയ്ക്ക് അന്ന് ആഹാരം ഒന്നും ലഭിച്ചിരുന്നില്ല. 


 ആ വൃദ്ധ വിമാനത്തിൽ തൊട്ടപ്പോൾ, അത്ഭുതം!,  വിമാനം ഉയരാൻ തയ്യാറായി.  ദേവസ്ത്രീകൾ സന്തോഷത്തോടെ വിമാനത്തിൽ കയറി യാത്ര തുടരാൻ ഭാവിച്ചപ്പോൾ ഞാൻ അവരോട് എന്റെ  സംശയം ചോദിച്ചു. 
" ഞാൻ തൊട്ടപ്പോൾ വിമാനം നില്ക്കുകയും ഈ കാഴ്ചയില്ലാത്ത, പടുവൃദ്ധയായ കിഴവി തൊട്ടപ്പോൾ വിമാനം ഉയരുകയും ചെയ്ത"   മഹാത്ഭുതത്തിന്റെ രഹസ്യം  എന്താണ് എന്ന് ?

 ഏകാദശി വൃതത്തിന്റെ മഹാത്മ്യം അവർ എന്നെ അറിയിച്ചു. ഏകാദശി ദിവസത്തിൽ  വൃത ഭാഗമായ അന്നം ത്യജിക്കൽ എന്തു കാരണം കൊണ്ടോ ആ വൃദ്ധ ആചരിച്ചിരിക്കുന്നു. തന്മൂലം ലഭിച്ച പുണ്യമാണ് ഈ മഹാത്ഭുതത്തിന് കാരണം എന്ന് അവർ പറഞ്ഞ ശേഷം   സന്തോഷപൂർവ്വം യാത്രയായി. 
 അന്നു  മുതൽ ഞാനും എന്റെ കൊട്ടാരവാസികളും ഏകാദശി വൃതം അനുഷ്ടിച്ചു വരുന്നു. എന്റെ  എല്ലാ പ്രജകളും നിർബ്ബമായും ഏകാദശി വൃതം അനുഷ്ടിക്കണം എന്ന് ഞാൻ ഉത്തരവിടുകയും ചെയ്തു.

ഏകാദശി  മഹാത്മ്യമാണല്ലോ രുഗ്മാംഗദചരിതം കഥയുടെ ഇതിവൃത്തം. അതുകൊണ്ടു തന്നെ ഈ ഇളകിയാട്ടം  കഥയുടെ അവതരണത്തിന് വളരെ യോജിച്ചതുമാണ്. ദക്ഷിണ കേരളത്തിൽ ശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ  രുഗ്മാംഗദൻ, അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ പ്രശസ്തി നേടിയിരുന്നു. ഇളകിയാട്ടത്തിന്റെ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും  അദ്ദേഹം തയ്യാറാവുമായിരുന്നില്ല. ഒരു രാത്രിയിൽ മൂന്നോ നാലോ കഥകൾ അവതരിപ്പിക്കുന്ന  സന്ദർഭങ്ങളിൽ പോലും മാങ്കുളം രുഗ്മാംഗദനായാൽ അദ്ദേഹത്തിൻറെ ആട്ടസമയം കുറയ്ക്കാൻ കഥകളി ഗായകരും സഹനടന്മാരും അല്പ്പം വിഷമിക്കേണ്ടിവരും. അങ്ങിനെയൊരു സന്ദർഭത്തിൽ ശ്രീ. മാങ്കുളം തിരുമേനിയുടെ രുഗ്മാംഗദന്റെ ഇളകിയാട്ടം ഒഴിവാക്കാൻ, അദ്ദേഹം അല്പ്പം ശുണ്ഠി പിടിച്ചാലും സാരമില്ല എന്ന് തീരുമാനമെടുത്ത് അന്നത്തെ മോഹിനി നടൻ  ഇളകിയാട്ടത്തിൽ ഒരു ചെറിയ മാറ്റം വരുത്തി. ഈ മാറ്റം അന്ന് ഫലിക്കുകയും ചെയ്തു. 
ആ ചെറിയ മാറ്റമെന്തായിരുന്നു എന്നതിലേക്കാണ് ഇന്നത്തെ ഇളകിയാട്ടം നിങ്ങളെക്കൊണ്ടെത്തിക്കുന്നത്. 
 
                                           രുഗ്മാംഗദനും മോഹിനിയും (മാങ്കുളവും കുടമാളൂരും).

 ദക്ഷിണ കേരളത്തിലെ എഴുപതുകളിലെ ഒരു കളിയരങ്ങിൽ രുഗ്മാംഗദചരിതം, കല്യാണസൌഗന്ധികം, ഉത്തരാസ്വയംവരം, കിരാതം എന്നീ നാലുകഥകൾ അവതരിപ്പിക്കേണ്ടി വന്ന സന്ദർഭം. ശ്രീ. മാങ്കുളത്തിന്റെ രുഗ്മാംഗദൻ, ശ്രീ. കുടമാളൂരിന്റെ മോഹിനി, ശ്രീ. തകഴി കുട്ടൻ പിള്ള ചേട്ടന്റെ സംഗീതം. 
ശ്രീ. മാങ്കുളം ഒഴികെയുള്ള പ്രധാന കലാകാരന്മാരുമായി ശ്രീ. കുട്ടൻപിള്ള ചേട്ടൻ,  അവതരിപ്പിക്കേണ്ട രംഗ വിവരങ്ങളെ പറ്റി സമയധാരണ ചെയ്തു കൊണ്ടിരിക്കുമ്പോൾ ശ്രീ. കുടമാളൂരിനോട് സമയപരിധി വെച്ചു നോക്കുമ്പോൾ രുഗ്മാംഗദന്റെയും മോഹിനിയുടെയും ഇളകിയാട്ടം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടു. 
ഞാൻ  ഇങ്ങിനെയുള്ള പല സന്ദർഭങ്ങളിലും മാങ്കുളത്തിനോട് ഈ വിവരം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് വളരെ വിഷമമുള്ള വിഷയവുമാണ്‌. അതുകൊണ്ട് പ്രസ്തുത രംഗസമയം  നിയന്ത്രിക്കേണ്ട ചുമതല താങ്കൾക്കാണ് എന്ന് കുട്ടൻപിള്ള ചേട്ടൻ കുടമാളൂരിനോട് പറഞ്ഞിട്ട് അടുത്ത കഥയിലെ വേഷക്കാരുമായി ചർച്ചയും തുടങ്ങി. 

രുഗ്മാംഗദചരിതം കഥ തുടങ്ങി. രുഗ്മാംഗദന്റെയും മോഹിനിയുടെയും പ്രസ്തുത ഇളകിയാട്ടം തുടങ്ങിയപ്പോൾ കുടമാളൂർ,  മാങ്കുളത്തെ നേരിടുന്ന രീതി അറിയുവാൻ പലർക്കും താൽപ്പര്യത്തോടെ ശ്രദ്ധിച്ചു. 
 ദേവസ്ത്രീയായ നീ ദേവലോകത്തെ സുഖകരമായ ജീവിതം ഉപേക്ഷിച്ചു ഈ വനത്തിൽ എത്താനുള്ള കാരണം മോഹിനിയോട്  രുഗ്മാംഗദൻ ചോദിച്ചു. 
"ഭൂമിയിലെ എല്ലാ രാജാക്കന്മാരുടെയും ചിത്രം ദേവലോകത്തിൽ വെച്ചിരിക്കുന്നത് കണ്ടു. അതിൽ അങ്ങയുടെ ചിത്രം കണ്ടപ്പോൾ ഞാൻ ആകൃഷ്ടയായി. അങ്ങയെ കാണണം  എന്ന് ആഗഹം ഉണ്ടായി,  ഞാൻ ഭൂമിയിലേക്ക്‌ വന്നു" എന്നാണ് മറുപടി പറഞ്ഞത്. 

"ദേവസ്ത്രീകൾ അങ്ങയെ പ്രശംസിക്കുന്നത് കേട്ടപ്പോൾ അങ്ങയെ കാണണം" എന്ന് ആഗ്രഹം തോന്നി എന്ന പതിവ് ആട്ടം ഉപേക്ഷിച്ച് ദേവസ്ത്രീകളെ ബന്ധപ്പെടുത്താതെയുള്ള മോഹിനിയുടെ മറുപടിയിൽ  മാങ്കുളത്തിന്റെ രുഗ്മാംഗദന് നീരസം ഉണ്ടായെങ്കിലും, ഇളകിയാട്ടം ഒഴിവാക്കുവാനുള്ള   മോഹിനിയുടെ കുതന്ത്രത്തെ അണിയറയിൽ എത്തിയപ്പോൾ ശ്രീ. മാങ്കുളം സരസപൂർവം അഭിനന്ദിക്കാനും മറന്നില്ല. 

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

ശ്രീരാമപട്ടാഭിഷേകം കഥകളികളുടെ ഓർമ്മകൾ -2ഒരു കഥകളി സ്ഥാപനത്തിന്റെയോ, സംഘടനകളുടെയോ  ഒരു സഹായവും ഇല്ലാതെ കഥകളിയെ മാത്രം ആശ്രയിച്ചു ജീവിച്ച എന്റെ പിതാവിന്റെ ഒരു കഥകളി രാത്രിയുടെ ചിത്രമാണ് ഞാൻ നിങ്ങളുടെ മുൻപിൽ സമര്പ്പിക്കുന്നത്. ഈ രാത്രിക്കഥ നിങ്ങളുടെ ഹൃദയത്തെ തട്ടി ഉണർത്തിയിട്ടുണ്ടെങ്കിൽ, അത് ഈ ബ്ലോഗ്‌ അഭിപ്രായങ്ങളിൽ എഴുതുവാൻ മടിക്കരുത്.
 

1979 - 1980  കാലഘട്ടങ്ങളിൽ തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ  നടന്നിട്ടുള്ള വഴിപാട് കഥകളികളിൽ ശ്രീരാമപട്ടാഭിഷേകം കളികളുടെ എണ്ണം വളരെ അധികം തന്നെയായിരുന്നു. തുടർച്ചയായി അവതരിപ്പിച്ചിരുന്ന  ശ്രീരാമപട്ടാഭിഷേകം മേജർസെറ്റ്  കളികളിൽ  പങ്കെടുത്തിരുന്നതോ മിക്കവാറും ഒരേ  കലാകാരന്മാർ  തന്നെ. ചിലപ്പോൾ  വേഷങ്ങൾക്ക്  മാറ്റം ഉണ്ടായേക്കാം എന്നതാണ് വ്യത്യാസം.

പുറമേ നിന്ന് ഒരു കലാകാരനെ പോലും പങ്കെടുക്കാതെ,     തിരുവല്ലയിലെ കലാകാരന്മാർ മാത്രം അവതരിപ്പിക്കുന്ന പട്ടാഭിഷേകം മുതൽ തിരുവല്ലയിലെ ഒരു കലാകാരൻ പോലും    ഉൾപ്പെടാത്ത  പട്ടാഭിഷേകം കളികൾ വരെ കാണാൻ അവസരം ഉണ്ടായിട്ടുണ്ട്.   ബ്രാഹ്മണന്മാരായ കലാകാരന്മാരെ മാത്രം ക്ഷണിച്ച്  അവതരിപ്പിച്ച ശ്രീരാമപട്ടാഭിഷേകവും ഓർമ്മയിൽ ഉണ്ട്. ക്ഷേത്രത്തിന്റെ മുൻപിലുള്ള കഥകളി മണ്ഡപത്തിൽ വെച്ച്  കഥകളുടെ പേരെഴുതി നറുക്കിട്ട് സെലക്ട്‌ ചെയ്ത്  കഥ അവതരിപ്പിക്കുന്ന രീതി അക്കാലത്ത് ഉണ്ടായിരുന്നു. ആ രീതിയിൽ  കൂടുതലും  ശ്രീരാമപട്ടാഭിഷേകവും ദുര്യോധനവധവും കഥകളാണ്   സെലക്റ്റ് ആയിട്ടുള്ളത്.


ഈ കാലയളവിൽ ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ രചയിതാവ് ശ്രീ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി  കോട്ടയം, കോടിമത  പള്ളിപ്പുറത്തു കാവിൽ ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം കഥകളി അവതരിപ്പിച്ചു.  കലാമണ്ഡലം, കലാനിലയം തുടങ്ങിയ സ്ഥാപനങ്ങളിൽ കഥകളി അഭ്യസിച്ചു പുറത്തു വന്ന കലാകാരന്മാരുടെ സ്വാധീനം മൂലം പ്രസ്തുത സ്ഥാപനങ്ങളിലെ  കഥകളി കലാകാരന്മാരും അവരുടെ ഗുരുനാഥന്മാരും  അക്കാലത്തു തന്നെ കോട്ടയം പ്രദേശത്ത് സ്വാധീനം ചെലുത്തിയിരുന്നെങ്കിലും     ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരെ  കോട്ടയം നഗരം തീരെ   ഉപേക്ഷിച്ചിരുന്നില്ല.
പള്ളിപ്പുറത്തു കാവിലെ  കളിക്ക് എന്റെ പിതാവു തന്നെ ശ്രീരാമൻ ചെയ്യണം എന്നുള്ള താല്പ്പര്യം ഉണ്ടാകുകയും   അവരുടെ താൽപ്പര്യത്തെ  വളരെ സന്തോഷത്തോടെ എന്റെ പിതാവ് സ്വീകരിക്കുകയും ചെയ്തു.  


                                   ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള

കോട്ടയത്തെ ഈ കളിയേറ്റു ഒരാഴ്ച കഴിഞ്ഞപ്പോഴാണ് തിരുവല്ല ശ്രീവല്ലഭവിലാസം കഥകളി യോഗത്തിന്റെ   മാനേജരായിരുന്ന  ശ്രീ. തിരുവല്ല ഗോപാലപ്പണിക്കർ ആശാൻ (ഇന്നത്തെ മാനേജർ ശ്രീ.  രാധാകൃഷ്ണൻറെ  അപ്പുപ്പൻ) വീട്ടിൽ എത്തിയത്.  തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിൽ ഇതേദിവസം ഒരു വഴിപാട് കളിയുണ്ടെന്നും അച്ഛൻ കളിക്ക് ഉണ്ടാവണം എന്ന് വഴിപാട്ടുകാരന് താൽപ്പര്യം ഉണ്ടെന്നും അദ്ദേഹം അച്ഛനെ അറിയിച്ചു. കോടിമതയിലെ കളി ഏറ്റവിവരം അച്ഛൻ പണിക്കരാശാനെ അറിയിച്ചു. 
"ഞാൻ  കോടിമതയിലെ കളിയുടെ വിവരങ്ങൾ കൃത്യമായി അറിഞ്ഞു കൊണ്ട് തന്നെയാണ് എത്തിയിരിക്കുന്നത്" എന്നായിരുന്നു അദ്ദേഹത്തിൻറെ     മറുപടി. കോട്ടയത്ത്  വൈകിട്ട്  ആറര മണിക്ക് കളി തുടങ്ങും, പതിനൊന്നു മണിയോടെ കളി തീരും.  കളി കഴിയുമ്പോൾ രാധാകൃഷ്ണൻ കാറുമായി അവിടെ ഉണ്ടാകും. വേഷം തുടയ്ക്കാതെ കാറിൽ തിരുവല്ലായിൽ എത്തുക. രണ്ടാമത്തെ കഥ ദക്ഷയാഗമാണ്. ആദ്യ രംഗം മുതലുള്ള ദക്ഷൻ ശ്രീ. തലവടി ഗോപി ചെയ്യും. "യാഗശാലയിൽ നിന്നു പോക"എന്ന രംഗം   മുതലുള്ള ദക്ഷൻ ചെല്ലപ്പൻ ചെയ്താൽ മതി  എന്ന് പണിക്കരാശാൻ അഭിപ്രായം  പറഞ്ഞപ്പോൾ  അത് സസന്തോഷം അച്ഛൻ സ്വീകരിക്കുകയും ചെയ്തു.

അച്ഛനോടൊപ്പം ഞാനും കോടിമതയിലെ കളികാണാൻ പോയിരുന്നു. ഉച്ചയ്ക്ക് അവിടെയെത്തി. ആറുമണിയോടെ അച്ഛൻ  ശ്രീരാമവേഷം തീർന്നു. ശ്രീ. മങ്കൊമ്പ് ശിവശങ്കര പിള്ള ആശാന്റെ വിഭീഷണൻ, ശ്രീ. കലാനിലയം മോഹനകുമാറിന്റെ ഹനുമാൻ,  ശ്രീ. കുടമാളൂർ കരുണാകരൻ നായർ ആശാന്റെ ഭരതൻ എന്നിങ്ങനെയായിരുന്നു മറ്റു വേഷങ്ങൾ.  കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അനുസ്മരണ ചടങ്ങ് , ക്ഷേത്രത്തിലെ ദീപാരാധന എന്നിവ കൃത്യ സമയത്ത് നടന്നില്ല.  തന്മൂലം കളി തുടങ്ങിയത് രാത്രി എട്ടുമണിക്കാണ്. ആറുമണിക്ക് വേഷം തീർന്ന് രണ്ടു മണിക്കൂർ നേരത്തെ അണിയറയിലെ കാത്തിരിപ്പ്‌ അച്ഛന് വളരെ മുഷിച്ചിലും, ഈ കളി കഴിഞ്ഞ് തിരുവല്ലയിലെ കളിക്ക് പോകണം എന്നുള്ളതുകൊണ്ടുള്ള   ടെൻഷനും അച്ഛനിൽ പ്രകടമായിരുന്നു.

കൃത്യം പത്തുമണിക്ക് തിരുവല്ല രാധാകൃഷ്ണൻ കാറുമായി എത്തിയിരുന്നു.   കളി അവസാനിച്ച ഉടൻ വളരെ വേഗത്തിൽ  അച്ഛൻ  വേഷമഴിച്ചു.  ചുട്ടി തുടയ്ക്കാതെ,  കളിപ്പണവും വാങ്ങി തിരുവല്ലയിലേക്ക് കാറിൽ യാത്ര തിരിച്ചു. അണിയറയുടെ വാതിലിനു സമീപം കാർ എത്തിയപ്പോൾ പണിക്കാരാശാൻ ഓടിയെത്തി. വേഗം വേഷം ഒരുങ്ങണം എന്നും "കണ്ണിണയ്ക്കാനന്ദം' മുതൽ ദക്ഷൻ ചെയ്യണമെന്നും ക്ഷണിക്കപ്പെട്ടിരുന്ന ഒരു നടൻ എത്താതെ വന്നതിനാൽ വേഷത്തിൽ മാറ്റം  ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അച്ഛൻ ഒട്ടും അമാന്തിക്കാതെ വേഷം തീരുന്നതിൽ വ്യാപൃതനായി. 

അപ്പോൾ അരങ്ങിൽ കുചേലവൃത്തം നടക്കുന്നുണ്ടായിരുന്നു. ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയുടെ കൃഷ്ണൻ, ശ്രീ. തിരുവല്ല ശ്രീ. ഗോപിക്കുട്ടൻ നായരുടെ സംഗീതം, ശ്രീ. ആയംകുടി കുട്ടപ്പൻ മാരാരുടെ മേളം എന്നിങ്ങനെ.  ദക്ഷയാഗത്തിൽ ശിവന്റെ വേഷത്തിന് ക്ഷണിച്ചിരുന്ന നടൻ എത്താതിരുന്നതിനാൽ, ആദ്യ ദക്ഷൻ നിശ്ചയിച്ചിരുന്ന ശ്രീ. തലവടി ഗോപിക്ക്  ശിവന്റെ വേഷം നിശ്ചയിക്കേണ്ടി വന്നു. ദക്ഷൻ -വേദവല്ലി രംഗം, സതിയുടെ വിവാഹരംഗം, ദക്ഷന്റെ സദസ്സ്, ദക്ഷൻ- ദധീചി, ദക്ഷൻ- സതി എന്നീ രംഗങ്ങൾ കഴിഞ്ഞ് ദക്ഷന്റെ യാഗശാലയിൽ  വീരഭദ്രൻ, ഭദ്രകാളി, ഭൂതഗണങ്ങളുമായി   പൊരുതിയ ശേഷവും വേഷം അഴിക്കാനാവാതെ   അജമുഖദക്ഷനായും  രംഗത്തെത്തി ശിവസ്തുതിയും കഴിഞ്ഞാണ് അണിയറയിൽ എത്തിയത്. ശരീരത്തിൽ കെട്ടിവെച്ചിരുന്ന വേഷഭൂഷാദികൾ അഴിച്ചിട്ട ശേഷം മുഖത്തെ ചുട്ടിയോടെ   അച്ഛൻ  അഴിച്ചിട്ട ചാക്കുതുണികളിലേക്ക്  വീഴുകയായിരുന്നു. അച്ഛൻ അഴിച്ചു വെച്ച കിരീടത്തിനുള്ളിൽ നിന്നും ഒരു തലേകെട്ടുവാല് എടുത്തു മടക്കി ഞാൻ അച്ഛനെ വീശിക്കൊണ്ടിരുന്നു

 അരങ്ങിൽ അടുത്ത കഥ തുടങ്ങിക്കഴിഞ്ഞു. സന്താനഗോപാലം. പുത്രദുഖത്തിന്റെ കഥ.  തലേ ദിവസം ഉച്ചയ്ക്ക്  വേഷംഒരുങ്ങി , ശ്രീരാമപട്ടാഭിഷേകം കഥയിലെ പ്രധാന വേഷം കഴിഞ്ഞ്, ഒരു ലഘുഭക്ഷണം കഴിച്ചു കൊണ്ട് ദക്ഷയാഗത്തിലെ ദക്ഷനും കെട്ടി അവശനായി കിടക്കുന്ന എന്റെ പിതാവിന്റെ ശരീരത്തിലേക്ക് നോക്കി നില്ക്കുമ്പോഴാണ് സത്യത്തിൽ ഒരു കുടുംബം സംരക്ഷിക്കാൻ വേണ്ടിയുള്ള  ഒരു കഥകളി കലാകാരന്റെ കഷ്ടപ്പാടിന്റെ വില മനസിലാക്കാനായത്.  

സന്താനഗോപാലം കഥ കഴിഞ്ഞ് വേഷക്കാർ അണിയറയിൽ എത്തിയപ്പോൾ അച്ഛൻ എഴുനേറ്റു വേഷം തുടച്ചു. ശ്രീ. ഗോപാലപ്പണിക്കർ ആശാൻ അച്ഛന് അവിടെ നടക്കുന്ന വഴിപാടു കളികള്ക്ക് പതിവായി നല്കുന്നകളിപ്പണം നല്കി. അത് സ്വീകരിച്ചു കൊണ്ട് ആശാനോട് കോട്ടയത്ത് നിന്നും തിരുവല്ലയിൽ എത്താൻ ആശാൻ നല്കിയ കാറുകൂലി എത്രഎന്ന് എന്റെ പിതാവ് ചോദിച്ചു. ആശാൻ പറഞ്ഞ തുകയുടെ പകുതി അദ്ദേഹത്തെ തിരിച്ച് എല്പ്പിച്ച ശേഷമാണ് അച്ഛൻ എന്നെയും കൂട്ടി മടങ്ങിയത്.

അച്ഛന്റെ ബാഗും തോളിലിട്ട്‌ അദ്ദേഹത്തിൻറെ പിന്നാലെ കാവുംഭാഗത്തെത്തി ബസ്സിൽ കയറുന്നത് വരെ എന്റെ ചിന്ത  കഴിഞ്ഞ രാത്രിയിലെ   അച്ഛന്റെ അരങ്ങിലെ കഷ്ടപ്പാടുകൾ തന്നെയായിരുന്നു. അച്ഛൻ, അമ്മ, അച്ഛന്റെ അമ്മ, ഞങ്ങൾ അഞ്ചുകുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ സംരക്ഷണം കഥകളിയെ മാത്രം ആശ്രയിച്ചായിരുന്നു.       ഒരു പക്ഷേ ഈ കഷ്ടതകളൊന്നും  ഞാൻ അനുഭവിക്കേണ്ട എന്ന് അച്ഛൻ ചിന്തിച്ചിരുന്നതു കൊണ്ടാകാം അച്ഛന്റെ കൂടെ കളിയരങ്ങുകൾ തോറും നടന്നിട്ടും എന്നെ കഥകളി അഭ്യസിപ്പിക്കണം എന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടാകാതെ പോയത്.