പേജുകള്‍‌

2012, ഫെബ്രുവരി 13, തിങ്കളാഴ്ച

ചുനക്കരയിലെ സൌഗന്ധികം

ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ 2012- ലെ തിരുഉത്സവത്തിന്റെ  ഏഴാംദിവസം  01-02-2012- (ബുധനാഴ്ച)   ആറന്മുള, കോയിപ്രം സ്വദേശി ശ്രീ. കൃഷ്ണകുമാരന്‍ നായര്‍   അവര്‍കളുടെ വഴിപാടായി ശ്രീ. കോട്ടയത്തു തമ്പുരാന്‍ രചിച്ച  കല്യാണസൌഗന്ധികം കഥകളി  അവതരിപ്പിക്കുകയുണ്ടായി. രാത്രി പത്തു മണിക്ക് കളി വിളക്കു കൊളുത്തി ശ്രീ. കലാമണ്ഡലം വിഷ്ണു രാജിന്റെ പുറപ്പാടോടു കൂടി കഥകളി ആരംഭിച്ചു. മേളപ്പദം ഉണ്ടായില്ല. 

കൌരവന്മാരോട് ചൂതില്‍ പരാജയപ്പെട്ട പാണ്ഡവരുടെ വനവാസ കാലഘട്ടമാണ് കഥയുടെ സന്ദര്‍ഭം. വനത്തില്‍ ഭീമസേനന്‍ പാഞ്ചാലിയുമൊത്ത് നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പാഞ്ചാലിക്കു കാറ്റിലൂടെ വീണു കിട്ടിയ സൌഗന്ധിക പുഷ്പം ഭീമനെ ഏല്‍പ്പിച്ച് ഇത്തരം സൌഗന്ധിക പുഷ്പങ്ങള്‍ തനിക്കു കൊണ്ടുത്തരണം എന്നപേക്ഷിക്കുന്നു. പ്രിയതമയുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് ഉറപ്പു നല്‍കിയ  ഭീമന്‍ സൌഗന്ധിക പുഷ്പം തേടി വനത്തിലൂടെ സഞ്ചരിച്ചു കൊണ്ട്  ഗന്ധമാദനപര്‍വ്വതം കടന്നു. 

വനയാത്രയില്‍ പല കാഴ്ചകളും കണ്ട ഭീമന്‍ പിന്നീട്  തനിക്ക്  മാര്‍ഗ്ഗ തടസ്സമായി തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ എല്ലാം അടിച്ചു വീഴ്ത്തി മാര്‍ഗ്ഗം സൃഷ്ട്ടിച്ചുകൊണ്ട്  മുന്നോട്ടു നീങ്ങി ചെന്നെത്തുന്നത് കദളീവനത്തിലാണ്. വന മദ്ധ്യത്തിലുള്ള കദളീ വനത്തിലെ വാഴക്കുലകള്‍ വനത്തില്‍ നിറഞ്ഞു കാണപ്പെടുന്ന പക്ഷി മൃഗാദികള്‍ ഒന്നും ശല്ല്യം (ഭക്ഷിക്കാത്തത് ) ചെയ്യാത്തത്   ആശ്ചര്യത്തോട് ഭീമന്‍ നോക്കി കണ്ടു. ഈ കദളീ വനത്തിനു അതി ശക്തനായ ഒരു കാവല്‍ക്കാരന്‍ ഉണ്ടാകും എന്ന ധാരണയോടും തന്റെ മുന്നില്‍ മാര്‍ഗ്ഗ തടസ്സമായി നില്‍ക്കുന്ന കദളി വാഴകളെയും അടിച്ചു വീഴ്ത്തിക്കൊണ്ട്‌  ഭീമന്‍ കദളീ വനത്തിലൂടെ യാത്ര തുടര്‍ന്നു. 

കദളീ വനത്തില്‍ ശ്രീരാമനെ ധ്യാനിച്ചു കൊണ്ടിരിക്കുന്ന വായൂപുത്രനായ ഹനുമാന്  ധ്യാനഭംഗം ഉണ്ടായി. തുടര്‍ന്ന് വനത്തിനു ഇളക്കം സംഭവിച്ചതും വനരാജാക്കന്മാരായ സിംഹങ്ങള്‍ വരെ ഭയപ്പെട്ടുകൊണ്ട്    അതിന്റെ  മാളത്തില്‍ ഒളിക്കുന്നതും ഹനുമാന്‍ കണ്ടു. കാട്ടുമരങ്ങള്‍ എല്ലാം തല്ലി തകര്‍ത്തുകൊണ്ട് ഒരു മനുഷ്യന്‍ വരുന്നത് കണ്ട ഹനുമാന്‍  അത് തന്റെ സഹോദരനായ  ഭീമന്‍ ആണെന്നും ആഗമനോദ്ദേശം ദിവ്യ ദൃഷ്ടിയാല്‍  മനസിലാക്കിയ ഹനുമാന്‍ ഭീമനെ പരീക്ഷിക്കുവാനും ശക്തി മനസിലാക്കുവാനും തീരുമാനിച്ചു കൊണ്ട് ഒരു വൃദ്ധവാനരന്റെ രൂപത്തില്‍ ഭീമനു  മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു ശയിക്കുന്നു.


തന്റെ യാത്രയ്ക്ക്  തടസ്സമായി ശയിക്കുന്ന വാനരനെ കണ്ടു ഭീമന്‍ മാറികിടക്കുവാന്‍ ആജ്ഞാപിക്കുകയും തന്റെ ആജ്ഞ അനുസരിച്ചില്ലെങ്കില്‍ ഗദ കൊണ്ട് വാനരന്റെ ശരീരം അടിച്ചു പൊടിക്കും എന്ന് അറിയിക്കുകയും ചെയ്യുന്നു.   വാനരന്‍ തന്റെ ദയനീയാവസ്ഥ ഭീമനെ അറിയിച്ചു കൊണ്ട് തന്നെ ചാടി കടന്നു പോകാന്‍ അറിയിക്കുന്നു. തന്റെ സഹോദരനായ ഹനുമാന്‍ എന്ന വാനരകുലോത്തമനെ മനസ്സില്‍ സ്മരിക്കുന്നതു കൊണ്ട് ഒരു വാനരനെ ചാടി കടന്നു പോകുന്നതിനു തന്നാല്‍ സാധിക്കുകയില്ല എന്ന് ഭീമന്‍  അറിയിക്കുന്നു. എന്നാല്‍ എന്റെ വാല് ഗദ കൊണ്ട് നീക്കി മാറ്റിക്കൊണ്ട് യാത്ര തുടരുവാന്‍ വാനരന്‍ ഭീമനെ അനുവദിക്കുന്നു. ഭീമന്‍ തന്റെ ഗദ ഉപയോഗിച്ച് വാനരന്റെ വാല് നീക്കുവാന്‍ സര്‍വ ശക്തിയും ഉപയോഗിച്ച്   ശ്രമിച്ചെങ്കിലും വിഫലമായി എന്നു മാത്രമല്ല തന്റെ ഗദ തിരിച്ചെടുക്കുവാന്‍ വയ്യാത്ത വിധം വാനരവാലില്‍ കുടുങ്ങുകയും ചെയ്തു. തന്റെ മാര്‍ഗ്ഗം മുടക്കിയ വൃദ്ധ വാനരന്‍ സാധാരണക്കാരന്‍ അല്ലെന്നു മനസിലാക്കിയ ഭീമന്‍ അങ്ങ് ആരാണ് എന്ന് വാനരനോട് ചോദിക്കുന്നു. തുടര്‍ന്ന് വാനരന്‍ തന്റെ യഥാര്‍ത്ഥ രൂപം കാട്ടി "ഞാന്‍  നിന്റെ സഹോദരന്‍, വായൂ പുത്രനായ ഹനുമാനാണ് " എന്ന്  ഭീമനെ അറിയിക്കുന്നു.  ഭീമന്‍ ഹനുമാനെ നമസ്കരിച്ചുകൊണ്ട്  സീതാദേവിയെ തേടി ലങ്കയിലേക്ക് പോകുവാന്‍ സമുദ്രത്തെ കടന്ന രൂപം കാണുവാന്‍ ആഗ്രഹം ഉണ്ടെന്നു അറിയിക്കുന്നു. എന്റെ സമുദ്രലംഘന രൂപം കണ്ടാല്‍ നിനക്ക് ഭയം കൊണ്ട് ആലസ്യം ഉണ്ടാകുമെന്ന് ഹനുമാന്‍ അറിയിക്കുമ്പോള്‍ തനിക്കു വേണ്ടുവോളം ധൈര്യമുണ്ടെന്നു ഭീമന്‍ ഹനുമാനെ ധരിപ്പിക്കുന്നു. ഹനുമാന്‍ അതി ഭയങ്കരവും ഭയാനകവുമായ സമുദ്ര ലംഘന രൂപം കാട്ടുമ്പോള്‍ ഭീമന്‍ ആലസ്യത്തോടെ നിലംപതിക്കുന്നു. ഹനുമാന്‍ പൂര്‍വരൂപം ധരിച്ചു കൊണ്ട് ഭീമനെ സമാശ്വസിപ്പിക്കുന്നു.  

ആസന്നമാകുവാന്‍ പോകുന്ന  മഹാഭാരത യുദ്ധവേളയില്‍ തങ്ങളെ സഹായിക്കണമെന്ന് ഭീമന്‍ ഹനുമാനോട് അപേക്ഷിക്കുന്നു. നിന്റെ സഹോദരനായ അര്‍ജുനന്റെ തേരിന്റെ കൊടിമരത്തില്‍ ഇരുന്നു കൊണ്ട്  ഭീഷണ ശബ്ദം മുഴക്കി ശതൃനാശം ഉണ്ടാക്കും എന്ന് ഉറപ്പു നല്‍കി. തുടര്‍ന്ന് ഭീമനോട് നിന്റെ ഭൈമിയുടെ ആഗ്രഹ പ്രകാരം സൌഗന്ധിക പുഷ്പം ശേഖരിക്കുവാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചു ഗദയും നല്‍കി യാത്രയാക്കുന്നു. ഇതാണ്  കല്യാണ സൌഗന്ധികം കഥയുടെ ചുരുക്കം.

                                        ഭീമനും പാഞ്ചാലിയും 
                            
                                                              ഭീമനും പാഞ്ചാലിയും 

                                                             ഭീമനും പാഞ്ചാലിയും
                             ( ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും ശ്രീ. മധു, വാരണാസിയും)

പാഞ്ചാല രാജതനയേ! എന്ന പദം മുതലാണ്‌ കഥകളി തുടങ്ങിയത്.   കാറ്റിലൂടെ ലഭിച്ച സൗരഭ്യമാര്‍ന്ന സൌഗന്ധിക പുഷ്പം പാഞ്ചാലി ഭീമനെ ഏല്‍പ്പിച്ചുകൊണ്ട് തനിക്കു ഇതുപോലെയുള്ള പുഷ്പങ്ങള്‍ കൊണ്ടു വന്നു തരേണം എന്ന് അറിയിക്കുന്നു.  ഭീമന്‍ പുഷ്പത്തെ വാങ്ങി അതിന്റെ സുഗന്ധം തന്റെ മൂക്ക് തുളയ്ക്കുന്നതായും പുഷ്പത്തിന് ചുറ്റും വട്ടമിടുന്ന വണ്ടുകളെ അകറ്റുന്നതായും കാണിച്ചു. നിന്റെ ആഗ്രഹം പോലെ ഞാന്‍ പുഷ്പങ്ങള്‍ കൊണ്ടു വന്നു തരാം എന്ന് ഉറപ്പു പറയുന്നു. പൂക്കള്‍ തേടി പോകുമ്പോള്‍ ശത്രുക്കള്‍ അങ്ങയോടു നേരിട്ടാല്‍ എന്ത് ചെയ്യും എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് എന്റെ ആയുധമായ ഗദ കൊണ്ട് ശത്രുവിനെ ജയിക്കുവാന്‍ എനിക്ക് കഴിയും എന്ന മറുപടിയാണ്‌ നല്‍കിയത്. അങ്ങ് വനത്തില്‍ പുഷ്പം തേടി നടന്നു ക്ഷീണിക്കുമ്പോള്‍ ജലവും ആഹാരവും ലഭിക്കാതെ വന്നാല്‍ എന്ത് ചെയ്യും എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് സുന്ദരിയായ  നിന്റെ  കണ്ണുകള്‍ കൊണ്ടുള്ള കടാക്ഷം മനസ്സില്‍ സ്മരിച്ചാല്‍ എന്റെ വിശപ്പും  ദാഹവും എല്ലാം അകന്ന്  ഉന്മേഷവനാകും എന്നാണ്  മറുപടി നല്‍കിയത്. 

                                ഭീമന്‍: ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദ്‌

പാഞ്ചാലിയോട് വിട വാങ്ങിയ ഭീമന്‍ വായുവിന്റെ ഗതി നോക്കിയാണ് സൌഗന്ധിക  പുഷ്പം തേടി യാത്രയായത്.  ഗന്ധമാദനപര്‍വ്വതം നോക്കിക്കണ്ട ഭീമന്‍   പര്‍വതത്തില്‍ അഗ്നി ജ്വാലകളും, പാറക്കെട്ടുകളിലൂടെ ഒലിക്കുന്ന വിശേഷ വസ്തുക്കളും കണ്ടു.  പര്‍വതം കടന്ന ഭീമന്‍ വനത്തിലെ മരങ്ങളില്‍ ചാടി കളിക്കുകയും കായ്കള്‍ പറിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന    ധാരാളം വാനരന്മാരെയും തുള്ളിച്ചാടി നടക്കുന്ന മാന്‍ കൂട്ടങ്ങളെയും  കണ്ടു. 

ഒരു ആനയുടെ ചിന്നംവിളി  കേട്ട ഭീമന്‍ തിരഞ്ഞു കണ്ടെത്തി അതിന്റെ  ചേഷ്ടകള്‍ ശ്രദ്ധിച്ചു. പിന്നീടു മയക്കത്തിലായ ആനയുടെ  കാലില്‍ ഒരു പെരുമ്പാമ്പ്‌ പിടികൂടുന്നതും ആന തന്റെ കാല്‍ മുന്‍പോട്ട് വലിക്കുകയും പെരുമ്പാമ്പ്‌ ആനയുടെ കാല് പിന്നോട്ട് വലിക്കുകയും ചെയ്യുന്നതും ഇര തേടി  അവിടെ എത്തിയ ഒരു സിംഹം ആനയുടെ മുതുകില്‍ ചാടി കയറി മസ്തകം അടിച്ചു പൊളിച്ചു ചോര കുടിക്കുന്നതും,  തുടര്‍ന്ന് ആന തന്റെ കൊമ്പു മുന്നോട്ടു കുത്തി നിലംപതിക്കുന്നതും  (അജഗരകബളിതം എന്നാണ് ഈ ആട്ടം അറിയപ്പെടുന്നത് ), ആനയെ വിഴുങ്ങാന്‍ സാധിക്കാതെ പെരുമ്പാമ്പ്  വായും ഉടലും  പിളര്‍ന്നു ചത്തു വീഴുന്നതും ഭീമന്‍ കണ്ടു. പിന്നീട് യാത്ര തുടര്‍ന്ന ഭീമന്‍ ഘോരവനത്തില്‍  സൂര്യരശ്മി പോലും  കടക്കാനാവാത്ത വിധം വഴിമുട്ടി  തിങ്ങി നിറഞ്ഞു നില്‍ക്കുന്ന മരങ്ങളും പിണഞ്ഞു കിടക്കുന്ന മരവള്ളികളും കണ്ടു. ഈ പ്രതിബന്ധങ്ങളെ തകര്‍ത്തു  കൊണ്ട് മുന്നോട്ടു നീങ്ങുക തന്നെ എന്ന് തീരുമാനിച്ചു ഭീമന്‍ മരങ്ങളെ  അടിച്ചു വീഴ്ത്തി വഴി സൃഷ്ടിച്ചു  കൊണ്ട് മുന്നോട്ടു നീങ്ങുന്നതോടെ ആദ്യ രംഗം അവസാനിച്ചു.



                                                             ഹനുമാന്‍ തപസ്സില്‍ 

                                             ഹനുമാന്‍ : ശ്രീ. കലാമണ്ഡലം രവികുമാര്‍

അടുത്ത രംഗത്തിനു തിരശീല നീങ്ങിയപ്പോള്‍ തപസ്സില്‍ മുഴുകിയിരിക്കുന്ന ഹനുമാനെയാണ് കണ്ടത്.  ഹനുമാന്റെ തപസ്സിനു ഭംഗം സംഭവിച്ചു. തന്റെ തപസ്സിനു ഭംഗം സംഭവിക്കില്ല എന്ന ശ്രീരാമസ്വാമിയുടെ അനുഗ്രഹത്തെ സ്മരിച്ച ഹനുമാന്‍ ശരീരത്തിന്റെ മൂന്നു നാടികളെയും ബന്ധിച്ചു മനസ്സ് ദൃഡപ്പെടുത്തി വീണ്ടും തപസ്സു തുടങ്ങി. കാതുകള്‍ പൊട്ടും വിധത്തിലുള്ള ഘോര ശബ്ദം  വീണ്ടും കേട്ട് തപസ്സില്‍ നിന്നും ഉണര്‍ന്ന ഹനുമാന്‍ ശബ്ദകാരണം എന്താണ് എന്ന് ചിന്തിച്ചു.  
  
പര്‍വതങ്ങള്‍ പറക്കുകയാണോ ? ഇല്ല! ഇന്ദ്രന്‍ പര്‍വതങ്ങളുടെ ചിറകുകള്‍ മുറിക്കപ്പെട്ടതു കൊണ്ട് അവ പറക്കുകയില്ല, മരം ചെടി കൊടികളെല്ലാം തളിര്‍ത്തും പൂത്തും നില്‍ക്കുന്നതിനാല്‍ ലോക നാശത്തിനുള്ള ലക്ഷണവും കാണുന്നില്ല എന്ന് ചിന്തിച്ച ഹനുമാന്‍ കാട്ടു മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയില്‍ കൂടി ശ്രദ്ധിച്ചപ്പോള്‍ ഒരു തടിയന്‍ ഗദയുമായി വരുന്നത് കണ്ടു. തുടര്‍ന്ന്  ആനകള്‍ ഭയന്ന് ഓടുന്നതും സിംഹങ്ങള്‍ ഗുഹയ്ക്കുള്ളില്‍ ഒളിക്കുന്നതും കണ്ടു.   ഗദാധാരിയായ   ഇവന്‍ ആര് എന്ന് ചിന്തിച്ചപ്പോള്‍ തന്റെ സഹോദരനായ ഭീമന്‍ തന്നെ എന്ന് മനസിലാക്കി. തന്റെ സഹോദരനായ ഭീമന്റെ ശക്തി പരീക്ഷിച്ച്  അനുഗ്രഹിക്കുക  തന്നെ എന്ന് ഉറപ്പിച്ചു. ഇവന്‍ വഴി ഒതുങ്ങി പോകുന്നവന്‍ അല്ല അതുകൊണ്ട് ഇവന്റെ മാര്‍ഗ്ഗത്തിനു വിഘ്നം ഉണ്ടാക്കി വൃദ്ധവാനര രൂപത്തില്‍ ശയിക്കുക എന്ന് തീരുമാനിച്ചു  ശ്രീരാമനെ സ്തുതിചെയ്തുകൊണ്ട് വൃദ്ധവാനരരൂപം പ്രാപിച്ചു ഭീമന്റെ മാര്‍ഗ്ഗം തടസ്സപ്പെടുത്തും വിധത്തില്‍ ശയിച്ചു.

                            ഭീമന്റെ മാര്‍ഗ്ഗ മദ്ധ്യേ ശയിക്കുന്ന  ഹനുമാന്‍ 

                        ഹനുമാന്‍ താന്‍ ആരാണെന്ന് പറയുന്നത് ശ്രദ്ധിക്കുന്ന ഭീമന്‍

                         ഹനുമാനോട് തന്റെ ആഗ്രഹം അറിയിക്കുന്ന ഭീമന്‍

                               സമുദ്ര ലംഘന രൂപം കാട്ടുന്ന ഹനുമാന്‍

                               ഭീമനെ യാത്രയാക്കുന്നു  ഹനുമാന്‍

രംഗത്ത് എത്തിയ ഭീമന്‍ കദളീവനം കണ്ടു മുന്നോട്ടു നീങ്ങി. മാര്‍ഗ്ഗ മദ്ധ്യേ ശയിച്ചിരിക്കുന്ന വൃദ്ധവാനരനെ പുശ്ചത്തോടെ നോക്കിക്കണ്ട്   തന്റെ വഴിയില്‍ നിന്നും മാറിക്കിടക്കുവാന്‍ ഭീമന്‍ ആജ്ഞാപിച്ചു.  ജരാനര ബാധിച്ചു അനങ്ങുവാന്‍ പോലും കഴിയാത്തവാനാണ്  ഞാന്‍ എന്നും  എന്നെ ചാടി കടന്നു പോകുവാനും വാനരന്‍ ഭീമനോട് പറയുന്നു.  വാനരകുലത്തില്‍ പിറന്ന  ഹനുമാന്‍ എന്ന  എന്റെ ജ്യേഷ്ടനെ സ്മരിക്കുമ്പോള്‍ ഒരു വാനരനെ  മറി കടന്നു പോകുവാന്‍ എനിക്ക് മടിയാണെന്ന് ഭീമന്‍ മറുപടി പറയുന്നു. നീ പറഞ്ഞ കപിവരന്‍, ഹനുമാനെ പറ്റി അറിയുവാന്‍ മോഹം ഉണ്ടെന്നു പറയുന്ന വാനരനോട് ലോകത്തിനു  കണ്ടകത്തം ചെയ്തിരുന്ന രാവണന്റെ രാജധാനി ചുട്ടുകരിച്ച ഹനുമാനെ അറിയാത്തവരായി ആരുണ്ട്‌ എന്ന് ഭീമന്‍ ചോദിച്ചു .   സംവാദാനന്തരം വാനര നിര്‍ദ്ദേശ പ്രകാരം വാനരന്റെ  വാല്‍ തന്റെ ഗദ കൊണ്ട് നീക്കി യാത്ര തുടരുവാന്‍ ശ്രമിക്കുന്ന ഭീമന്‍, വാനരന്റെ വാലിനിടയില്‍ പെട്ട ഗദയെടുക്കുവാന്‍ എത്ര  പരിശ്രമിച്ചും ഫലമുണ്ടായില്ല. ഈ വാനരന്‍ ദിവ്യനാണെന്നു മനസിലാക്കിയ ഭീമന്‍ ജാള്യതയോടു  കൂടി  "അങ്ങ് ആരാണ് " എന്ന് ചോദിച്ചു.
വാനരന്‍ തന്റെ വാര്‍ദ്ധക്ക്യ രൂപം ഉപേക്ഷിക്കുകയും   സ്വയരൂപം പ്രകടിപ്പിച്ചു കൊണ്ട് നിന്റെ സഹോദരനായ  ഹനുമാനാണ് എന്ന സത്യം ഭീമനെ അറിയിച്ചു. ഭീമന്‍ ഹനുമാനെ നമസ്കരിച്ചു. 
സീതാദേവിയെ തേടി സമുദ്രം കടന്ന അങ്ങയുടെ  രൂപം കാണുവാന്‍ മോഹം ഉണ്ടെന്നു ഭീമന്‍ ഹനുമാനെ അറിയിച്ചു. സമുദ്രലംഘന രൂപം ആവുന്നത്ര ചുരുക്കി കാണിക്കാമെന്നും ആലസ്യം ഉണ്ടാകരുതെന്നും ഹനുമാന്‍ ഭീമനെ അറിയിച്ചു. തനിക്കു ധൈര്യം ഉണ്ടെന്നും രൂപം ഒട്ടും തന്നെ ചുരുക്കാതെ കാട്ടണം എന്നുമായി ഭീമന്‍. ശ്രീരാമനെ ഭജിച്ചുകൊണ്ട്  ശരീരം വളര്‍ത്തി   ഹനുമാന്‍ തന്റെ   സമുദ്രലംഘന രൂപം കാട്ടുകയും ഭീമന്‍ ആ ഭയങ്കര രൂപം കണ്ടു  ആലസ്യത്തോടെ  നിലം പതിക്കുകയും ചെയ്തു. ഹനുമാന്‍ രൂപം കുറച്ചു കൊണ്ട്  ഭീമനെ എഴുനേല്‍പ്പിച്ചു. ഭയം വേണ്ടെന്നും  ഒട്ടും വൈകാതെ നിന്റെ  പ്രാണവല്ലഭയുടെ ആഗ്രഹം നീ സാധിച്ചു കൊടുക്കൂ എന്നും ഹനുമാന്‍ ഭീമനെ അറിയിച്ചു.

കൌരവന്മാരുമായി നടക്കുവാന്‍ പോകുന്ന യുദ്ധത്തില്‍ തങ്ങളെ സഹായിക്കണം എന്ന് ഭീമന്‍ ആവശ്യപ്പെടുമ്പോള്‍ ഹനുമാന്‍ ഒരിക്കല്‍ അര്‍ജുനന് ചെയ്തു കൊടുത്തിരുന്ന സത്യത്തെ സ്മരിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. നിന്റെ പ്രാണപ്രിയ ആഗ്രഹിച്ച   സൌഗന്ധിക പുഷ്പം എവിടെ ലഭിക്കും എന്ന് നിനക്ക് അറിയുമോ എന്ന് ഹനുമാന്‍ ഭീമനോട് തിരക്കി. ഇല്ല എന്ന ഭീമന്റെ മറുപടിക്ക് ഭാര്യയുടെ വാക്ക് കേട്ട ഉടന്‍ ഗദയുമായി തിരിച്ചു അല്ലേ എന്ന്  ഹനുമാന്‍ സരസമായി പറഞ്ഞിട്ട്   കുബേരന്റെ ഉദ്യാനത്തില്‍ ധാരാളം ഉണ്ടെന്നും,  ഉദ്യാനത്തിലേക്ക് പോകുവാനുള്ള വഴി പറഞ്ഞു കൊടുത്തുകൊണ്ട് അവിടെ നിന്നെ നേരിടുന്ന  രാക്ഷസന്മാരെ ജയിച്ചു വേണ്ടുവോളം പുഷ്പങ്ങള്‍ ശേഖരിച്ചു കൊള്ളുവാന്‍ ഉപദേശിച്ചു  കൊണ്ട് ഹനുമാന്‍ തപസ്സില്‍ മുഴുകി. ഗദ ഇല്ലാതെ മടങ്ങുന്നത് എങ്ങിനെ എന്ന് ചിന്തിച്ചു ഭീമന്‍ സ്നേഹത്തോടെ ഹനുമാനെ തൊട്ടു നിന്നു.  ഹനുമാന്‍ ഉണര്‍ന്നു കൊണ്ട് കാരണം തിരക്കി. ഗദ അങ്ങയുടെ വലിനടിയില്‍ പെട്ടില്ലേ, അത് മടക്കിത്തരണം  എന്ന് ഭീമന്‍ അപേക്ഷിച്ചു.  വൃദ്ധ വാനരനോട് ഭീമന്റെ പെരുമാറ്റത്തെ ഹാസ്യത്തോടെ വിമര്‍ശിച്ച ശേഷം ഹനുമാന്‍    ശ്രീരാമനെ മനസില്‍ സ്മരിച്ചു കൊണ്ട്  ഭീമന്  ഗദ നല്‍കി അനുഗ്രഹിച്ചു  യാത്രയാക്കുന്നു. 

ജ്യേഷ്ഠനെ കാണുവാന്‍ സാധിച്ചതിലും  തന്മൂലം  സൌഗന്ധിക പുഷ്പം ലഭിക്കുന്ന സ്ഥലം മനസിലാക്കുവാന്‍ സാധിച്ചതിലും സന്തോഷവാനായ ഭീമന്‍  കുബേരന്റെ ഉദ്യാനം ലക്ഷ്യമാക്കി പോയി സൌഗന്ധിക പുഷ്പം സമ്പാദിച്ചു പാഞ്ചാലിക്കു നല്‍കുക തന്നെ എന്ന്  ആടി ഫലിപ്പിച്ചു കളി അവസാനിപ്പിച്ചു.

ഭീമനായി ശ്രീ. കലാമണ്ഡലം കൃഷ്ണപ്രസാദും   പാഞ്ചാലിയായി ശ്രീ. മധു വാരണാസിയും, ഹനുമാനായി ശ്രീ. കലാമണ്ഡലം രവികുമാറും  വളരെ നല്ല  പ്രകടനം  കാഴ്ചവെച്ചു.   
 ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം ഹരീഷ് നമ്പൂതിരി,  ശ്രീ. കലാനിലയം രാജീവന്‍ നമ്പൂതിരി എന്നീ ഗായകരും ശ്രീ. വാരണാസി നാരായണന്‍ നമ്പൂതിരി, ശ്രീ.  കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ. കലാമണ്ഡലം മനോജ്‌, ശ്രീ.കലാമണ്ഡലം അജികൃഷ്ണന്‍ എന്നിവര്‍ മദ്ദളവും  ശ്രീ. ചിങ്ങോലി പുരുഷോത്തമന്‍ ചുട്ടിയും കൈകാര്യം ചെയ്തു. ഏവൂര്‍ കണ്ണമ്പള്ളില്‍ കഥകളി യോഗത്തിന്റെ കോപ്പുകളും അണിയറ ശില്‍പ്പികളുമാണ്  അണിയറയുടെ ചുമതല വഹിച്ചത്.

2012, ജനുവരി 17, ചൊവ്വാഴ്ച

അരങ്ങിലും അരങ്ങിനു പിന്നിലും - 2

1970- 80 കാലഘട്ടത്തില്‍    മാവേലിക്കരയ്ക്ക് സമീപമുള്ള ചെറുകോല്‍  ശുഭാനന്ദാശ്രമത്തില്‍ കഥകളി പതിവായി നടന്നിരുന്നു. പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍  അവിടെ നടക്കുന്ന  കളിക്ക് പതിവുകാരന്‍ ആയിരുന്നതിനാല്‍   ആ ഭാഗത്തുള്ള കഥകളി സ്നേഹികള്‍ക്ക്  ആശാന്‍ സുപരിചിതന്‍   ആയിരുന്നു. ഒരു കളിക്ക് അവിടെ നളചരിതം ഒന്നാം ദിവസവും കീചകവധവുമായിരുന്നു നിശ്ചയിച്ചിരുന്ന കഥകള്‍. ആശാന്റെ ഒന്നാം ദിവസത്തെ നളന്‍ , ചെന്നിത്തല ആശാന്റെ  ഹംസവും വലലനും, ഹരിപ്പാട്ട് ആശാന്റെ കീചകന്‍ എന്നിങ്ങിനെ പ്രധാന വേഷങ്ങള്‍. കളി ദിവസം വൈകിട്ട് ആശ്രമത്തിലെ കഥകളി "വധത്തില്‍" അവസാനിപ്പിക്കുന്നതിനോട് ആശ്രമവാസികളില്‍  ചിലര്‍ക്ക്  അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും  വിവരം സ്വാമിജിയുടെ ശ്രദ്ധയില്‍ എത്തിയപ്പോള്‍ കിരാതം കഥ നടത്തി കഥകളി അവസാനിപ്പിക്കണം എന്നും സ്വാമിജിയുടെ നിര്‍ദ്ദേശം ഉണ്ടായി. ഈ  വിവരം കഥകളിയുടെ ചുമതലക്കാരെ അറിയിച്ചപ്പോള്‍  ഒന്നാം ദിവസവും കീചകവധവും കഴിഞ്ഞ് കിരാതം കഥ അവതരിപ്പിക്കുന്നതിനെ പറ്റി ആലോചന നടത്തി. അപ്പോള്‍ ഒന്നാം ദിവസത്തെ ഹംസം കഴിഞ്ഞു ചെന്നിത്തല ആശാന്‍  കിരാതത്തിലെ കാട്ടാളന്‍ വേഷം കെട്ടണം എന്നായി തീരുമാനം. വലലന്‍ കെട്ടുവാന്‍ വേഷക്കാരന്‍ ഇല്ല.   ഒരേ ഒരു മാര്‍ഗ്ഗം കൃഷ്ണന്‍ നായര്‍ ആശാന്‍ വലലന്‍ കെട്ടുക എന്നതാണ്. ഒരു കാലത്ത് ആശാന്‍ ഒരു കളിക്ക് രണ്ടു വേഷങ്ങള്‍ സ്ഥിരമായി ചെയ്തിരുന്നു എന്നാല്‍   ഒരു കളിക്ക് ഒരു  വേഷമേ ചെയ്യൂ എന്ന നിര്‍ബ്ബന്ധം പ്രസ്തുത കാലഘട്ടത്തില്‍ ഉണ്ടായിരുന്നതിനാല്‍  ആശാനോട് ഈ വിവരം സൂചിപ്പിക്കുവാന്‍ കലാകാരന്മാരോ കഥകളിയുടെ ചുമതലക്കാരോ   മുന്‍വന്നതുമില്ല.  കീചകവധത്തിനു പകരം കഥ രംഭാപ്രവേശമായാല്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ കളി നടക്കും എന്ന്  ചെന്നിത്തല ആശാന്‍ മുന്‍വെച്ച  അഭിപ്രായം അവിടെ സ്വീകാര്യമായാതുമില്ല.
 
ചെറുകോല്‍,  ചെന്നിത്തലയുടെ സമീപ പ്രദേശമാണ്. അതുകൊണ്ട്‌ നാട്ടുകാരനായ ചെന്നിത്തല ആശാന് സ്ഥലത്ത് നടക്കുന്ന കഥകളി വിജയിപ്പിക്കുവാന്‍ കടമയുണ്ട് എന്നും കൃഷ്ണന്‍ നായര്‍ ആശാനേ കൊണ്ട് വലലവേഷം ചെയ്യിപ്പിക്കുവാന്‍  ശ്രമിക്കേണ്ട  ചുമതല ചെന്നിത്തല ആശാനെ ഏല്‍പ്പിക്കുന്നു എന്നുമായി   കളിയുടെ ചുമതലക്കാര്‍. 

കൃഷ്ണന്‍ നായര്‍ ആശാന്‍ ചില സമയങ്ങളില്‍ രണ്ടു വേഷം ചെയ്യില്ല എന്ന തീരുമാനത്തില്‍ നിന്നും അയഞ്ഞു വന്നിട്ടുള്ള അനുഭവങ്ങള്‍  ചെന്നിത്തല ആശാന്‍ സ്മരിക്കുവാനും മറന്നില്ല. അത്തരം ഒരു അനുഭവം കൊല്ലം ജില്ലയിലെ  പള്ളിമണ്‍ ക്ഷേത്രത്തില്‍ ഉണ്ടായിട്ടുണ്ട്.  ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും  ശ്രീ. രാമന്‍കുട്ടി ആശാനും ഒന്നിച്ചുള്ള ഒരു സൌഗന്ധികം   കഴിഞ്ഞ ശേഷം    കിരാതം കഥയില്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ കാട്ടാളസ്ത്രീ കാണണം എന്ന ഒരു മോഹം അവിടെയുള്ള ആസ്വാദകര്‍ക്ക്   ഉണ്ടായി. ആശാന്‍ വിസമ്മതം ഒന്നും പറയാതെ രാമന്‍കുട്ടി നായര്‍ കാട്ടാളന്‍ കെട്ടിയാല്‍ ഞാന്‍ കാട്ടാളസ്ത്രീ  ചെയ്തു കൊള്ളാം എന്ന് സമ്മതിക്കുക ഉണ്ടായി. ശ്രീ. രാമന്‍കുട്ടി ആശാന്‍  ഒരു കളിക്ക് ഒരു വേഷമേ ചെയ്യൂ എന്ന നിര്‍ബ്ബന്ധ സ്വഭാവം ഉള്ളതിനാല്‍ അദ്ദേഹം കാട്ടാളന്‍ ചെയ്യുവാന്‍ തയ്യാറാവുകയില്ല  എന്ന വിശ്വാസത്തോടെയാണ്  ഈ സമ്മതം നല്‍കിയത്. എന്നാല്‍ രാമന്‍കുട്ടി ആശാന്‍ മടി കാണിക്കാതെ കാട്ടാളന്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍   കൃഷ്ണന്‍ നായര്‍ ആശാന്‍     കാട്ടാളസ്ത്രീ കെട്ടുകയും ചെയ്തു.


എന്റെ പരിശ്രമം വിഫലമായി കൃഷ്ണന്‍ നായര്‍ ആശാന്‍ വലലന്‍ കെട്ടാന്‍ തയ്യാറാകാതെ വന്നാല്‍   നാം എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി ഒരു തീരുമാനം കൂടി ഇപ്പോള്‍ ഉണ്ടാകണം എന്ന  ചെന്നിത്തല ആശാന്റെ അഭിപ്രായത്തിന്  ദുര്യോധനനെ വധിക്കാത്ത ദുര്യോധനവധവും , ബാണനെയും കാലകേയനെയും, ലവണാസുരനെയും, കൃമ്മീരനെയും,    അരങ്ങത്തു എത്തിക്കാതെ   ബാണയുദ്ധം, കാലകേയവധം , ലവണാസുരവധം ,  കൃമ്മീരവധം എന്നിങ്ങിനെ കഥകള്‍ നിശ്ചയിച്ചുകൊണ്ട്    പ്രസ്തുത കഥകളിലെ  ഭാഗങ്ങള്‍ മാത്രം അവതരിപ്പിച്ചു കഥകളി നടത്തുന്ന രീതിയെ പോലെ കീചകവധത്തിലെ   വലലന്‍ ഒഴിച്ചുള്ള ഭാഗങ്ങള്‍ നടത്തിയാല്‍ മതി എന്ന ഉറച്ച അഭിപ്രായം കളിയുടെ ചുമതലക്കാരില്‍ നിന്നും ഉണ്ടായപ്പോള്‍  മറ്റു മാര്‍ഗ്ഗം ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചുമതലക്കാരുടെ താല്‍പ്പര്യം പോലെ തന്നെ  കളി നടക്കട്ടെ എന്ന് ചെന്നിത്തല ആശാനും തീരുമാനിച്ചു. 

കളിയുടെ ചുമതലക്കാരില്‍  സ്വാതന്ത്ര്യമുള്ള ഒരുവനെ സമീപിച്ചു കൃഷ്ണന്‍ നായര്‍ ആശാനെ ഒന്നു സന്തോഷിപ്പിക്കണം അതിനു എവിടെനിന്നെങ്കിലും അല്‍പ്പം സാധനം    സംഘടിപ്പിക്കണം എന്നും  ആശാന്‍ അത് സ്വീകരിച്ചാല്‍ വലലന്‍ ഉണ്ടാകും എന്നും ചെന്നിത്തല ആശാന്‍ പറഞ്ഞപ്പോള്‍ അതിനെന്താ ഒരു അര മണിക്കൂര്‍, അതിനുള്ളില്‍  സാധനം റെഡി എന്നു പറഞ്ഞു അദ്ദേഹം പോയി സാധനം കൊണ്ടുവന്നു ചെന്നിത്തല ആശാനേ ഏല്‍പ്പിക്കുകയും ചെയ്തു.  കഥയുടെയും വേഷവിവരങ്ങളുടെയും ലിസ്റ്റില്‍ വലലന്‍ ഒഴിച്ചുള്ള  എല്ലാ വേഷങ്ങള്‍ ചെയ്യുന്ന നടന്മാരുടെ പേര് എഴുതി അണിയറയില്‍ വെച്ചിട്ടുണ്ട്.


   കൃഷ്ണന്‍ നായര്‍ ആശാനും മറ്റു നടന്മാരും വേഷം തീരുന്നതിന്റെ തിരക്കിലാണ്. അപ്പോള്‍ കഥകളി ഭാഗവതര്‍ ശ്രീ . തകഴി കുട്ടന്‍ പിള്ള,  ചെണ്ട വിദഗ്ദന്‍ ശ്രീ. വരണാസി മാധവന്‍ നമ്പൂതിരി തുടങ്ങിയവര്‍    കീചകന്റെ വേഷം തേച്ചു കൊണ്ടിരുന്ന  ഹരിപ്പാട്ടു ആശാനെ നോക്കി ഇന്നത്തെ  കീചകനു മരണം ഇല്ല എന്ന് ഫലിതം  പറയുകയും ചെയ്തിരുന്നു. 

 കൃഷ്ണന്‍ നായര്‍  ആശാന്‍ നളന്‍ കഴിഞ്ഞു  വേഷം അഴിച്ചിട്ടു അണിയറയിലെ ആട്ടപ്പെട്ടിയുടെ പിറകില്‍ വിശ്രമിക്കുവാന്‍  കിടന്നു.  ഒന്നാം ദിവസം കളി കഴിഞ്ഞു  കീചകന്‍ അരങ്ങത്തേക്ക് പോയി. ചെന്നിത്തല ആശാന്‍ ഹംസം തുടച്ചിട്ടു കാട്ടാളന്റെ വേഷത്തിന്റെ തേപ്പും മൂക്കിലെ പൂവും പിടിപ്പിച്ച ശേഷം അണിയറ കലാകാരനെ വിളിച്ചു വലലന്റെ വേഷത്തിനുള്ള എല്ലാ കളികോപ്പുകളും ഒരുക്കി വെയ്ക്കുവാന്‍ പറഞ്ഞിട്ട്  ബാഗ് തുറന്നു ആശാനേ സല്ക്കരിപ്പിക്കുവാന്‍ കരുതിയിരുന്ന സാധനവും ഒരു ഗ്ലാസ്സും, ആവശ്യത്തിന്  വെള്ളവും എടുത്തു കൊണ്ട് ആശാന്റെ സമീപമിരുന്നു. 


ആശാനേ! എന്ന ചെന്നിത്തല ആശാന്റെ വിളികേട്ടു കൃഷ്ണന്‍ നായര്‍ ആശാന്‍  "ഉം" എന്ന് ഒന്ന് മൂളി. അടുത്ത വിളിക്ക് ഉറക്കച്ചടവോടെ ആശാന്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍  ചെന്നിത്തല ആശാന്‍   കരുതിയിരുന്ന സാധനം കൃഷ്ണന്‍ നായര്‍ ആശാന്റെ മുന്‍പില്‍ വെച്ചു.  ഒരു നിമിഷം നിശബ്ദനായി കിടന്ന ശേഷം ആശാന്‍ ഇതെന്താണ് എന്ന് ചോദിച്ചു. ചെന്നിത്തല ആശാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അല്‍പ്പനേരം മൌനമായി ഇരുന്ന ശേഷം ആശാനെ, ഒരു വലലന്‍ വേണം എന്ന് പറഞ്ഞു. 
അപ്പോള്‍ കൃഷ്ണന്‍ നായര്‍ ആശാന്‍ " എന്റെ ഒരു വേഷത്തിന്  താന്‍ വില കല്‍പ്പിച്ചിരിക്കുന്നത് ഇതാണ് അല്ലെ? കൃഷ്ണന്‍ നായര്‍ക്കു അല്‍പ്പം സാധനം വാങ്ങിക്കൊടുത്താല്‍ അയാള്‍ എന്തും ചെയ്യും എന്നാണ് നിങ്ങള്‍ എല്ലാം ധരിച്ചിരിക്കുന്നത്‌ അല്ലെ?  എന്നൊക്കെയുള്ള  ചോദ്യങ്ങള്‍  തുടങ്ങി.  ചെന്നിത്തല ആശാന്‍ മറുപടി ഒന്നും പറയാതെ ആശാന്റെ മുഖത്തേക്ക് ദയാപൂര്‍വ്വം നോക്കിക്കൊണ്ടിരുന്നു.


അരങ്ങില്‍ കീചകന്റെ " ഹരിണാക്ഷീജന മൌലിമണേ! നീ " എന്ന പദം പാടുന്നത് കേട്ടപ്പോള്‍ ആശാന്‍ വേഗം എഴുനേറ്റു. തനിക്കുവേണ്ടി കൊണ്ടുവന്ന സാധനം ഗ്ലാസില്‍ ഒഴിച്ച് രണ്ടു പ്രാവശ്യമായി ഉപയോഗിച്ച ശേഷം  എഴുനേറ്റു വേഷം കെട്ടുവാന്‍  തയ്യാറായി.  ഉടുത്തിരുന്ന മുണ്ട് സൌകര്യത്തിനു മുറുക്കി കെട്ടി,   കച്ചമണി എടുത്തു കാലില്‍ കെട്ടി.  ഇടുപ്പുമെത്ത എടുത്തു അരയില്‍ കെട്ടി, ഉടുത്തുകെട്ട് ചില നിമിഷങ്ങള്‍ കൊണ്ട് തീര്‍ത്തു.  (സാധാരണ മുഖം മിനുക്കിയ ശേഷമാകും ഉടുത്തു കെട്ട് നടന്‍ തീര്‍ക്കുക എന്നത് ഇവിടെ സ്മരിച്ചു കൊള്ളട്ടെ)  ഉത്തരീയം  എടുത്തു കെട്ടിയ ശേഷം അണിയറ വിളക്കിനു മുന്‍പില്‍ ഇരുന്നു കൊണ്ട്  ചായം എടുത്തു  ഇരുകൈകളിലും നല്ലതുപോലെ     മുഖത്തു തേച്ചു പിടിപ്പിച്ചു. പിന്നീടു ഇരു കൈകളിലെ ചൂണ്ടു വിരല്‍ കൊണ്ട് കറുപ്പ് മഷി തോണ്ടി എടുത്തു കണ്ണും പിരികവും വരച്ച ശേഷം വീണ്ടും ഒരു തവണ  കറുപ്പ് മഷി എടുത്തു ഇരുകൈകള്‍ കൊണ്ട് രണ്ട് മീശയും വരച്ച്  തലയിലെ  കെട്ടും വളരെ വേഗം ചെയ്ത ശേഷം കണ്ണാടി എടുത്തു മുഖം നോക്കി. വേഷം അസ്സലായിട്ടുണ്ട് എന്ന സംതൃപ്തി ആശാന്റെ മുഖത്തു തെളിഞ്ഞു. വലലന്‍ റെഡി. ആശാന്‍ എഴുനേറ്റ് വിളക്കിനു മുന്‍പില്‍ തൊഴുതു കഴിഞ്ഞപ്പോള്‍  വലലന്റെ ആയുധമായ  "ചട്ടുകം" എടുത്തു  ചെന്നിത്തല ആശാന്‍ വലലനെ ഏല്‍പ്പിച്ചു.


രംഗാവസാനത്തില്‍ (ഹരിണാക്ഷീ) സൈരന്ധ്രിയും പിന്നാലെ കീചകനും അരങ്ങില്‍ നിന്നും വെളിയില്‍ എത്തി.    തനിക്കു വധം ഉണ്ടാകുമോ ഇല്ലയോ എന്ന ആശയ കുഴപ്പത്തോടെ    അരങ്ങില്‍ നിന്നും വെളിയില്‍ എത്തിയ കീചകന്  മരണം നിശ്ചയം എന്ന് ഉറപ്പു വരുത്തിക്കൊണ്ട് അരങ്ങിലേക്കെത്തുവാന്‍ തയ്യാറായി നില്‍ക്കുന്ന വലലന്റെ രൂപം  കണ്ടപ്പോഴാണ്  "തന്നെ കൊല്ലുവാന്‍ ഈ വലലന്‍ തന്നെ വേണം "   അത്രയ്ക്ക്  ബലം തനിക്കുണ്ട് എന്ന് ഹരിപ്പാട്ട് ആശാന്റെ  കീചകന്‍ മനസിലാക്കിയത്.


അരങ്ങും അണിയറയുമായുള്ള  ബന്ധം നിരീക്ഷിച്ചു കൊണ്ട് കലാധര്‍മ്മം നിറവേറ്റുന്ന കഥകളി ഗായകനായിരുന്ന തകഴി കുട്ടന്‍ പിള്ള ഭാഗവതര്‍  "ഇത്ഥം  തേനാനു നീതാ മുഹുരപി കുഹനാ മസ്കരീന്ദ്രേണ ഭര്‍ത്ത്രാ" എന്ന ശ്ലോകം പാടി തിരശീല നീങ്ങിയപ്പോള്‍ അരങ്ങില്‍ കിടക്കുന്ന മാംസമല വലലനെ    കണ്ടപ്പോള്‍ത്തന്നെ  ആസ്വാദകരുടെ ബലത്ത കരഘോഷം ഉണ്ടായി.
 

കളി ഭംഗിയായി അവസാനിച്ചു. ആശാന്റെ വലലന്‍ ഏല്ലാവര്‍ക്കും ഇഷ്ടമായി. കളിപ്പണം നല്‍കുമ്പോള്‍ സ്വാമിജി വലലന്‍ കേമമമായി എന്ന് ആശാനോട്‌ പറഞ്ഞു. ആശാനും വിട്ടില്ല,  എല്ലാവരെയും കൃഷ്ണന്‍ സന്തോഷിപ്പിച്ചു എന്നാല്‍  കൃഷ്ണന് സന്തോഷമായോ എന്ന് ആരും അന്വേഷിച്ചില്ല എന്ന് ആശാന്‍ മറുപടി പറഞ്ഞപ്പോള്‍ സ്വാമിജിക്കു വിഷയം ബോദ്ധ്യമാവുകയും ആശാന് കളിപ്പണം കൂട്ടി കൊടുക്കുകയും ചെയ്തു. കൃഷ്ണന്‍ നായര്‍ ആശാനെക്കൊണ്ട്  വലലന്‍ കെട്ടിച്ച  ഈ കഥ പിന്നീടു പല പല അണിയറകളിലും   നേരമ്പോക്കിനായി പറയുമ്പോള്‍    വലലന്റെ വേഷം ചെയ്യുവാന്‍ തന്നെ സമീപിക്കും എന്ന പ്രതീക്ഷയോടെ  ഒരു "ശ്രീകൃഷ്ണ- കപടനിദ്രയില്‍" ആയിരുന്നു കൃഷ്ണന്‍ നായര്‍ ആശാന്‍ എന്ന് ചെന്നിത്തല ആശാന്‍ അഭിപ്രായപ്പെട്ടിരുന്നു.

2012, ജനുവരി 1, ഞായറാഴ്ച

അരങ്ങിലും അരങ്ങിനു പിന്നിലും -1

കഥകളി വേഷങ്ങളുടെ   അവതരണത്തില്‍ ഓരോ കഥകളി കലാകാരന്മാരിലും കാണുന്ന സവിശേഷമായ  കഴിവുകള്‍ പോലെ ഭംഗിയായും വളരെ വേഗത്തിലും വേഷം തീരുന്നതിലും  ചില കഥകളി നടന്മാര്‍ക്ക്   സവിശേഷമായ  കഴിവുകള്‍ ഉണ്ട്.  വളരെ വേഗത്തിലുള്ള മുദ്രകളുടെ അവതരണം (ഫാസ്റ്റ് മുദ്ര)  പ്രസിദ്ധ കഥകളി കലാകാരനായ ശ്രീ. സദനം കൃഷ്ണന്‍കുട്ടിയുടെ സവിശേഷത തന്നെയാണ്. അതു  പോലെ വേഗം വേഷം തീരുന്നതിലും അദ്ദേഹത്തിനു പ്രത്യേക കഴിവ് ഉണ്ട്. 
മലപ്പുറം ജില്ലയില്‍ ഒരിക്കല്‍ ഒരു കളിക്ക് ശ്രീ. കോട്ടയ്ക്കല്‍ കൃഷ്ണന്‍ കുട്ടി നായര്‍ ആശാന്റെ ബാഹുകനും ശ്രീ. സദനം കൃഷ്ണന്‍ കുട്ടിയുടെ വെളുത്തനളനും ആയിരുന്നു. ബാഹുകന്റെ ആദ്യരംഗത്തു തന്നെ ശ്രീ. കോട്ടയ്ക്കല്‍ കൃഷ്ണന്‍ കുട്ടി നായര്‍ ആശാനു ശാരീരികമായി അസ്വസ്ഥത  അനുഭവപ്പെട്ടു. വെളുത്തനളന്‍ കഴിഞ്ഞു ചുട്ടിയൊഴികെയുള്ള വേഷം അഴിച്ച ശേഷം അരങ്ങിലെ സ്ഥിതി അറിഞ്ഞ ശ്രീ. സദനം കൃഷ്ണന്‍കുട്ടി പിന്നീടുള്ള രംഗത്തേക്ക് പെട്ടെന്ന്  ബാഹുകവേഷം തീര്‍ന്നു  സമയ താമസം  കൂടാതെ കളി നടത്തിയ കഥയുണ്ട്. 

കൊല്ലം ജില്ലയിലെ പട്ടാഴി ദേവീക്ഷേത്രത്തില്‍  നടന്ന ഒരു കളിക്ക് ശ്രീ. ചെന്നിത്തല ആശാന്‍ എത്താതിരുന്നപ്പോള്‍ അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന കര്‍ണ്ണശപഥം കഥയിലെ കര്‍ണ്ണന്റെ വേഷം   ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി കീചകവധത്തില്‍ കീചകന്‍  കഴിഞ്ഞിട്ട് (കത്തി വേഷം കഴിഞ്ഞ് ഒരു പച്ച വേഷം) അടുത്ത കഥയിലെ  കര്‍ണ്ണനായി    അരങ്ങില്‍ എത്തിയ അനുഭവം ഉണ്ട്.

 ശ്രീ. മടവൂര്‍ ആശാന്‍ ഒരു കത്തിവേഷം തീര്‍ന്നു വരുവാന്‍ മൂന്നു മുതല്‍ മൂന്നര മണിക്കൂറോളം  സമയം എടുക്കാറുണ്ട്. വേഷം വളരെ വൃത്തിയായി തീരണം എന്ന് അദ്ദേഹത്തിനുള്ള നിര്‍ബ്ബന്ധം തന്നെയാവണം ഇതിനു പിന്നില്‍ . ഒരിക്കല്‍ ചെങ്ങന്നൂരിനു സമീപമുള്ള തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിലെ കളിക്ക് ബാലിവിജയവും  കംസവധവും ആയിരുന്നു നിശ്ചയിച്ചിരുന്ന കഥകള്‍. ശ്രീ. മടവൂര്‍ ആശാന്‍  ബാലിവിജയത്തിലെ രാവണന്‍ കഴിഞ്ഞ് കംസവധത്തിലെ (കത്തി വേഷം കഴിഞ്ഞ് അടുത്ത കഥയിലെ ഒരു പച്ച വേഷം) അക്രൂരനായി  അരങ്ങിലെത്തിയതും സ്മരണാര്‍ഹമാണ്‌.  അവിചാരിതമായുണ്ടാകുന്ന സാഹചര്യങ്ങളില്‍ സഹകരണ മനോഭാവത്തോടെ അരങ്ങില്‍ പ്രവര്‍ത്തിച്ചിട്ടുള്ള    കഥകളി കലാകാരന്മാര്‍ ധാരാളം ഉണ്ട്. 


കലാകാരന്മാര്‍   മദ്യപിച്ചുകൊണ്ട്  കളിക്കെത്തി  രംഗത്തു 
 പ്രവര്‍ത്തിക്കുവാന്‍ സാധിക്കാതെ കളി മുടങ്ങുകയോ   അലങ്കോലമാക്കുകയോ    ചെയ്തിട്ടുള്ള  സംഭവങ്ങള്‍ ധാരാളം ഉണ്ട്. ദക്ഷിണ കേരളത്തില്‍ സ്ത്രീവേഷത്തിനു വളരെ  പ്രസിദ്ധനായ    നടനായിരുന്നു  ശ്രീ. ചിറക്കര മാധവന്‍ കുട്ടി.  അദ്ദേഹത്തിന്‍റെ പതനത്തിനു  മുഖ്യ കാരണം മദ്യാസക്തിയായിരുന്നു.
1978-1979 -കാലത്ത്   കൊല്ലം ആശ്രാമം  ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന രണ്ട് ദിവസത്തെ ഉത്സവക്കളികളില്‍  ആദ്യദിവസം പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ നളനോടൊപ്പം ദമയന്തിയായി അരങ്ങില്‍ എത്തിയ ചിറക്കര അമിതമായി മദ്യപിച്ചിരുന്നു.   ആദ്യ രംഗം ഒരു തരത്തില്‍ കഴിച്ചു കൂട്ടി. പുഷ്കരനുമായുള്ള നളന്റെ ചൂതുകളി രംഗം ആയപ്പോള്‍ അരങ്ങില്‍ സഹിക്കാനാവാത്ത വികൃതികള്‍ കാട്ടിത്തുടങ്ങി. ഒടുവില്‍ തിരശീല പിടിച്ചു കൊണ്ട് ദമയന്തിയുടെ കയ്യിനും കാലിനും പിടിച്ചു അരങ്ങില്‍ നിന്നും തൂക്കി അണിയറയ്ക്കു കൊണ്ട് വരേണ്ടിവന്നു. പിന്നീടു കളിയോഗത്തില്‍ ഉണ്ടായിരുന്ന ഒരു പയ്യനെ ദമയന്തിയായി രംഗത്തേക്ക് അയച്ചു കളി നടത്തി. കഥകളി നടത്തിപ്പുകാര്‍ ആരും തന്നെ ശ്രീ. ചിറക്കരയോടു പ്രതികരിച്ചില്ല.  പകരം  അടുത്ത ദിവസം അവിടെ നടക്കുവാനിരിക്കുന്ന കാലകേയവധം കഥകളിയില്‍ ശ്രീ. ചിറക്കരയുടെ ഉര്‍വശി കാണണം എന്ന താല്‍പ്പര്യത്തോടെ ഒരു കൂട്ടം ആസ്വാദകര്‍ അദ്ദേഹത്തിനെ   തങ്ങളുടെ സംരക്ഷണയില്‍ വെച്ചുകൊണ്ട്, അദ്ദേഹത്തിനു  മദ്യ ഗന്ധം പോലും ഏല്‍പ്പിക്കാതെ ശ്രദ്ധിച്ചു  . പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ കാലകേയവധത്തില്‍ അര്‍ജുനനോടൊപ്പം  അന്ന് ശ്രീ. ചിറക്കര ഉര്‍വ്വശി കെട്ടി ആസ്വാദകരുടെ പ്രശംസയ്ക്ക്   പാത്രമാവുകയും ചെയ്തു.

രണ്ടു കലാകാരന്മാര്‍ അമിതമായി മദ്യപിച്ചു കളിക്കു എത്തി     ഏറ്റവും അലങ്കോലമായ   ഒരു കളിയരങ്ങ് കായംകുളത്തിന് സമീപമുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിലാണ് എനിക്ക് അനുഭവപ്പെട്ടത്. നളചരിതം ഒന്നാം ദിവസവും ബാലിവിജയവും ആയിരുന്നു നിശ്ചയിച്ചിരുന്ന  കഥകള്‍. രാവണനടനും  അദ്ദേഹത്തിന്‍റെ മുഖത്തു ചുട്ടി കുത്തുവാന്‍ പ്രത്യേകം ക്ഷണിച്ചിരുന്ന കലാകാരനും ചേര്‍ന്ന്  അമിതമായി മദ്യപിച്ചുകൊണ്ടാണ് കളിസ്ഥലത്ത് എത്തിയത്. നടന്‍ മുഖത്തെ തേപ്പു കഴിഞ്ഞു ചുട്ടിക്കു കിടന്നു. അമിത ലഹരിയിലിരുന്ന  ചുട്ടി കലാകാരന്‍, നടന്റെ  മുഖത്തു  എന്തൊക്കെയോ ചെയ്തു പേപ്പര്‍ പിടിപ്പിച്ചു എന്ന് പറയുന്നതാവും ഭേദം. ആദ്യ കഥയായ  നളചരിതത്തിലെ  ദമയന്തിയും തോഴിയും അരങ്ങിലേക്ക് പോകുമ്പോള്‍   അണിയറയില്‍ ചുട്ടി തീര്‍ന്നു രാവണനടന്‍ എഴുനേറ്റിരുന്നു കൊണ്ട് കണ്ണാടി എടുത്തു ചുട്ടിയുടെ ഭംഗി നോക്കി. അദ്ദേഹത്തിനു ചുട്ടി തീരെ പിടിച്ചില്ല. മദ്യലഹരിയില്‍ ഒന്നും ആലോചിക്കാതെ ചുട്ടി കലാകാരനോട് ദേക്ഷ്യപ്പെട്ടു എന്തോ പറഞ്ഞു കൊണ്ട് മുഖത്തെ ചുട്ടി പറിച്ചു കളഞ്ഞിട്ട്‌ കൈകൊണ്ട്   മുഖത്തെ തേപ്പും  വികൃതമാക്കി. ഇനി ഒരു കത്തി വേഷം തീര്‍ന്നു ബാലിവിജയം നടത്തുവാനോ, വേറൊരു കഥ നടത്തുവാനോ  പറ്റാതെ കളി മുടങ്ങുമെന്ന് തീര്‍ച്ചയായപ്പോള്‍  പ്രകോപിതരായ  ഉത്സവ കമ്മിറ്റിക്കാര്‍ രാവണനടനെയും ചുട്ടി ആര്‍ട്ടിസ്റ്റിനെയും  കയ്യേറ്റം ചെയ്യുമെന്ന നിലയിലായി . കഥകളിയോഗം മാനേജര്‍ ഇതിനിടെ എങ്ങിനെയോ ഈ രണ്ടു കലാകാരന്മാരെയും അവിടെ നിന്നും തന്ത്രപൂര്‍വ്വം അകറ്റിയിരുന്നു.

ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന നളചരിതോല്‍സവം കളിയുടെ സമാപനദിവസം ദമയന്തി വേഷത്തിന് എത്തിയ നടന്‍ ഏവൂരില്‍ ബസ്സില്‍ വന്നിറങ്ങുമ്പോള്‍ കാലു നിലത്തുറയ്ക്കാനാവാത്ത  വിധം മദ്യലഹരിയില്‍ ആയിരുന്നു. ഈ വിവരം അറിഞ്ഞ എവൂരിലുള്ള ഒരു കഥകളി കലാകാരന്‍ ആ നടനെ തന്റെ  വീട്ടില്‍ കൂട്ടിപ്പോയി ലഹരി കുറയ്ക്കുവാനുള്ള തൈരും മറ്റു ആഹാരങ്ങളും  നല്‍കി വിശ്രമിപ്പിച്ച ശേഷമാണ് ക്ഷേത്രത്തിലേക്ക് കൂട്ടി വന്നത്.  തിരുവനന്തപുരത്ത് ഒരു കളിയരങ്ങില്‍ വെച്ച് മദ്യലഹരിയില്‍ അരങ്ങിലെത്തിയ  ദമയന്തി ഒരു പ്രസിദ്ധ കഥകളി ആചാര്യന്റെ ഹംസ വേഷത്തിന്റെ ചുണ്ടുപറിച്ച സംഭവവും അനുഭവത്തിലുണ്ട്.
 

 ശ്രീ. ഓയൂര്‍ ആശാന്റെ ഹംസവും ശ്രീ. ചിറക്കര മാധവന്‍ കുട്ടിയുടെ ദമയന്തിയുമായി   പോത്തന്‍കോട്ടു കഥകളി ക്ലബ്ബില്‍ നളചരിതം ഒന്നാം ദിവസം അവതരിപ്പിച്ചപ്പോള്‍ അന്ന്‌ നളന്റെ വേഷത്തിന് ക്ഷണിക്ക പെട്ടിരുന്ന പ്രസിദ്ധ  നടന്‍ അക്കാലത്ത്  മദ്യത്തിന് അടിമയായിരുന്നു.  കളിക്ക് ഒരു ദിവസം മുന്‍പ് തനിക്കു കളിക്ക് എത്തുവാന്‍ സാധിക്കില്ല എന്ന് ക്ലബ്ബിനു സന്ദേശം ലഭിച്ചപ്പോള്‍ ,   കലാമണ്ഡലം മെമ്പറും പോത്തന്‍കോട്ടു കഥകളി ക്ലബ്ബിന്റെ ചുമതലയും വഹിച്ചിരുന്ന പ്രൊഫസ്സര്‍:  ശ്രീ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍ പിള്ള സാര്‍ ഒരു പകരക്കാരനെ ലഭിക്കുവാന്‍ വളരെ കഷ്ടപ്പെടേണ്ടിവന്നു. ഇന്നത്തെ പോലെ ടെലിഫോണ്‍, മൊബൈല്‍  സൌകര്യങ്ങള്‍ അന്നില്ലാത്ത കാരണത്താല്‍ അദ്ദേഹം സുമാര്‍ എണ്‍പത് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ചെന്നിത്തല ആശാന്റെ വീട്ടില്‍ എത്തി പ്രസ്തുത കളിക്ക് സഹകരിച്ചു  സഹായിക്കണം  എന്ന് അപേക്ഷിച്ചു.  നേരത്തെ നളവേഷത്തിനു ക്ഷണിച്ചിട്ടുള്ള പ്രഗല്‍ഭ കലാകാരന്റെ വേഷം കാണുവാന്‍ എത്തുന്ന ആസ്വാദകരെ തൃപ്തിപ്പെടുത്തത്തക്ക സവിശേഷതകള്‍ ഒന്നും  തനിക്കില്ല എന്നും തന്നെ ഒഴിവാക്കി ഏതെങ്കിലും സ്ഥാപന നടനെ കൊണ്ട് കളി നടത്തുകയല്ലേ നല്ലത്  എന്നായിരുന്നു    ചെന്നിത്തല ആശാന്റെ പ്രതികരണം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ മലയാളം പ്രൊഫസ്സറായി ശ്രീ. വട്ടപ്പറമ്പില്‍ സേവനം അനുഷ്ടിച്ചിരുന്ന കാലത്തുണ്ടായിരുന്ന സ്നേഹബന്ധം മനസ്സില്‍ സ്മരിച്ചു കൊണ്ട് ചെന്നിത്തല ആശാന്‍  ഒടുവില്‍ കളിക്ക് എത്താമെന്ന് ഉറപ്പു നല്‍കി.
 

അടുത്ത നാള്‍ ചെന്നിത്തല ആശാന്‍ കളിക്ക്  പോത്തന്‍കോട്ടു ചെന്നപ്പോള്‍ നളവേഷത്തിന് നേരത്തെ ക്ഷണിക്കപ്പെട്ടിരുന്ന നടനെ എവിടെനിന്നോ കൂട്ടിക്കൊണ്ടു നാരദവേഷത്തിനു ക്ഷണിക്കപ്പെട്ടിരുന്ന കഥകളി നടന്‍ ശ്രീ. തോന്നക്കല്‍ പീതാംബരന്‍ എത്തിയിരുന്നു . തുടര്‍ന്ന് പീതാംബരന് നിശ്ചയിച്ചിരുന്ന നാരദവേഷം ചെന്നിത്തല ആശാന് നല്‍കി കളി നടത്തുകയും ചെയ്തു. ശ്രീ. പീതാംബരന്‍ കളിക്ക് വേഷം കെട്ടിയില്ല എങ്കിലും അദ്ദേഹത്തിനു കളിപ്പണം നല്‍കാതെ പറ്റുമോ ? ചുരുക്കത്തില്‍ നടന്മാരുടെ മദ്യാസക്തി കാരണം കഥകളി ക്ലബ്ബുകളുടെ  നടത്തിപ്പുക്കാരും വളരെ വിഷമിച്ചിട്ടുണ്ടെന്നുള്ളതിനു ഒരു തെളിവായി ഈ കഥ നിലനില്‍ക്കുന്നു.
പണ്ടത്തെ ചില കഥകളി കലാകാരന്മാര്‍ മദ്യപാനത്തിന് അടിമയായി കളി അരങ്ങുകളില്‍ കാട്ടികൂട്ടിയിട്ടുള്ള സംഭവങ്ങള്‍ എല്ലാം ചിന്തിച്ചു  നോക്കിയാല്‍  ഇന്നത്തെ യുവ കലാകാരന്മാര്‍  എത്രയോ ഭേദം എന്നുതന്നെയാണ് എന്റെ വിശ്വാസം .
 
കലാകാരന്മാര്‍ മദ്യത്തിനു  അടിമകളാകുന്നതു കൊണ്ടുള്ള വിഷമതകളെ പറയുമ്പോഴും  പല സാഹചര്യങ്ങളില്‍   ഈ പാനിയം  കലയ്ക്കു പ്രയോജനമായിട്ടുള്ള  അനുഭവങ്ങളും സ്മരിക്കാതെ വയ്യ. ആലപ്പുഴ ജില്ലയിലെ ചേപ്പാടിനു സമീപമുള്ള     രാമപുരം ദേവിക്ഷേത്രത്തില്‍ ഒരു കളിക്ക് ഹരിപ്പാട്ടു ആശാനെ ബാലി വിജയത്തില്‍ രാവണന്റെ വേഷത്തിന് ക്ഷണിച്ചു. ബാലിവിജയം കഴിഞ്ഞ് അവതരിപ്പിച്ച     ദുര്യോധനവധത്തിലെ രൌദ്രഭീമന്‍ ആശാനെ കൊണ്ട് ചെയ്യിപ്പിക്കണം എന്ന താല്‍പ്പര്യം ഉണ്ടായപ്പോള്‍  കഥകളിയുടെ ചുമതലക്കാരനും നടനുമായ ശ്രീ. ഏവൂര്‍ പരമേശ്വരന്‍ നായര്‍ ഹരിപ്പാട്ടു ആശാനെ കാര്യമായി ഒന്ന് സല്‍ക്കരിച്ചു. ഇരട്ട മേളക്കൊഴുപ്പില്‍  രൌദ്രഭീമന്‍ അരങ്ങു തകര്‍ക്കുമ്പോള്‍    ശ്രീ. പരമേശ്വരന്‍ നായര്‍, താന്‍ സല്‍ക്കാരത്തിനായി ചിലവായ പണത്തിന്റെ  കണക്കു ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു.

കൊല്ലം ജില്ലയിലെ ഒരു കളിക്ക് കൃമ്മീരവധം കഥ നിശ്ചയിച്ചു.  പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്റെ ധര്‍മ്മപുത്രര്‍, ബ്രഹ്മശ്രീ.മാങ്കുളം തിരുമേനിയുടെ കൃഷ്ണന്‍ , ശ്രീ.മങ്കൊമ്പ് ആശാന്റെ ലളിത, ശ്രീ. മയ്യനാട് കേശവന്‍ പോറ്റിയുടെ പാഞ്ചാലി, ശ്രീ. പന്തളം കേരളവര്‍മ്മയുടെ ദുര്‍വാസ്സാവ്,   ശ്രീ. ഹരിപ്പാട്ടു ആശാന്റെ കൃമ്മീരന്‍ എന്നിങ്ങനെ വേഷങ്ങള്‍. ശ്രീ. ചെന്നിത്തല ആശാനും കളിക്കുണ്ട്. അദ്ദേഹത്തിനു താല്‍പ്പര്യമുള്ള വേഷം ലഭിച്ചില്ല എന്ന പരാതി മനസ്സില്‍ വെച്ച് കൊണ്ട് ആരോഗ്യപരമായ കാരണങ്ങളാല്‍    കളിക്ക് വേഷം കെട്ടുന്നില്ല എന്നും ഇന്ന് കളി കാണുക  എന്ന തീരുമാനത്തിലാണെന്നും അറിയിച്ചു.    ഈ അവസരത്തില്‍  ഹരിപ്പാട്ടു ആശാന്‍    ചെന്നിത്തല  ആശാനെ കൂട്ടി  വെളിയിലേക്ക്  പോയി. രണ്ടു പേരും അല്‍പ്പം മിനുങ്ങിയാണ് മടങ്ങി എത്തിയത്. മടക്കയാത്രയില്‍ ഹരിപ്പാട്ടു ആശാന്‍ ചെന്നിത്തല ആശാന് നല്‍കിയ  സാരോപദേശം നല്ല ഫലം കണ്ടു.  അന്നുവരെ ചെയ്തിട്ടില്ലാത്ത പെണ്‍കരിവേഷം,   സിംഹിക കെട്ടുവാനുള്ള തയ്യാറെടുപ്പോടെയാണ് ചെന്നിത്തല ആശാന്‍ അണിയറയില്‍ എത്തിയത്.

 
കീചകവധം കഥകളി നടത്തുവാന്‍ വേണ്ടി ഒരു കഥകളിയോഗം മാനേജരെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാരവാഹികള്‍ സമീപിച്ചുവെന്നും   കളിപ്പണത്തിന്റെ വിഷയത്തില്‍ ഉത്സവ ഭാരവാഹികള്‍ക്കും കഥകളിയോഗം മാനേജര്‍ക്കും  തര്‍ക്കം ഉണ്ടായപ്പോള്‍ ഉത്സവ ഭാരവാഹികള്‍ കീചകനെ വധിക്കുവാനല്ലേ
 പണം കൂടുതല്‍ വേണ്ടത്,  നമ്മുടെ കളിക്ക്  കീചകനെ വധിക്കേണ്ട  ഒന്ന് ഭയപ്പെടുത്തി വിട്ടാല്‍ മതി എന്ന് പറഞ്ഞതായി ഒരു നേരമ്പോക്കു കഥയുണ്ട്.


ഒരു കഥകളി അരങ്ങില്‍  കീചകവധം കഥ തീരുമാനിക്കുകയും,   ഒരു പ്രത്യേക സാഹചര്യം മൂലം, വലലന്റെ  വേഷത്തിന് നടന്‍ ഇല്ലാതെ വന്നപ്പോള്‍  വധം ഒഴിവാക്കി  (കീചകവധത്തിലെ വലലന്‍ ഇല്ലാത്ത  ഭാഗങ്ങള്‍) അവതരിപ്പിച്ചാല്‍ മതി   എന്നു  സമ്മതിച്ച  ഒരു കഥകളി സഘാടകരെയും, ഒരു കളിക്കു ഒരു വേഷം മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്ന ഒരു നടനെ സല്ക്കരിപ്പിച്ചപ്പോള്‍  വളരെ വേഗം വലലവേഷം   തീര്‍ന്നു അരങ്ങിലെത്തി കീചകവധം  പൂര്‍ണ്ണമാക്കിയ  ഒരു കഥയുമാണ്‌  ഇതിന്റെ  തുടര്‍ച്ചയായി  അടുത്ത പോസ്റ്റില്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നത്. 

2011, ഡിസംബര്‍ 17, ശനിയാഴ്ച

വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്ന കര്‍ണ്ണശപഥം കഥകളി


 ഡിസംബര്‍ 13- നു കോട്ടയം ജില്ലയിലെ  വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രത്തിലെ   ദീപരാധനയ്ക്ക്  ശേഷം കൂണ്ടൂര്‍ ഫാംസ് (തേനി, തമിഴ്‌നാട്)   കര്‍ണ്ണശപഥം കഥകളി വഴിപാടായി അവതരിപ്പിച്ചു.  വളരെ നല്ല ഒരു ആസ്വാദക സമൂഹം ക്ഷേത്രത്തില്‍ എത്തിയിരുന്നത് കണ്ടപ്പോള്‍  വളരെ സന്തോഷം തോന്നി. ക്ഷേത്രത്തിന്റെ  ആനക്കൊട്ടിലില്‍ നടന്ന കഥകളി കാണുവാന്‍ ഇടതു ഭാഗം സ്ത്രീജനങ്ങളും വലതു ഭാഗം പുരുഷന്മാരും നിറഞ്ഞിരുന്നു. 


ശ്രീ. രവീന്ദ്രനാഥടാഗോറിന്റെ കര്‍ണ്ണനും കുന്തിയും എന്ന ഏകാങ്ക നാടകമാണ്  കര്‍ണ്ണശപഥം എന്ന പേരില്‍ പ്രസിദ്ധ ബാലസാഹിത്യകാരനായിരുന്ന ശ്രീ. മാലി മാധവന്‍ നായര്‍ കഥകളി രൂപമായി ആവിഷ്ക്കരിച്ചത്.  മഹാഭാരത യുദ്ധത്തിനു  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളുടെ സൃഷ്ടിയാണ് കര്‍ണ്ണശപഥം.  മഹാഭാരതയുദ്ധത്തില്‍ തന്റെ കണവനും കൌരവ രാജാവുമായ ദുര്യോധനന് ജീവഹാനി സംഭവിക്കുമോ എന്ന ഭയചകിതയായ ഭാനുമതിയെ ദുര്യോധനന്‍ സമാധാനപ്പെടുത്തുവാന്‍ ശ്രമം നടത്തി പരാജിതനാകുന്നു. അപ്പോള്‍ അവിടെ എത്തിയ കര്‍ണ്ണന്‍ ഭാനുമതിയെ  സമാധാനപ്പെടുത്തുന്നു. അല്ലയോ സഹോദരീ, നമ്മുടെ ശത്രുക്കളായ പാണ്ഡവന്മാരെ  നശിപ്പിച്ചു ഞാന്‍ ദുര്യോധനനെ രാജാവായി വാഴിക്കും എന്ന കര്‍ണ്ണന്റെ വാക്കുകള്‍ കേട്ട് ഭാനുമതിയുടെ  ഭയം  വിട്ടകന്നു. ഇതറിഞ്ഞു ദുര്യോധനനും സന്തോഷവാനായി. ഈ സമയത്ത് യുദ്ധ തന്ത്രങ്ങളെ പറ്റി വിവാദിക്കുവാന്‍ മന്ത്രഗൃഹത്തില്‍ മന്ത്രി  പ്രമുഖരും തന്ത്ര വിദഗ്ദന്മാരെല്ലാം എത്തിയിട്ടുണ്ടെന്നും അവിടേക്ക് പോകാമെന്നും ദുശാസനന്‍ എത്തി അറിയിക്കുന്നു.  നിങ്ങള്‍ പോവുക, എനിക്ക് ചില നാളുകളായി നിദ്രാഭംഗം ഉണ്ടാകുന്നുണ്ട്. ഞാന്‍ ഗംഗാസ്നാനം ചെയ്തു   ഉടനെ എത്തിക്കൊള്ളാം എന്ന് ദുര്യോധനനെയും ദുശാസനനെയും കര്‍ണ്ണന്‍ അറിയിക്കുന്നു. തുടര്‍ന്ന് കര്‍ണ്ണന്‍ ഗംഗാ തീരത്തേക്ക് യാത്രയാകുന്നു. 
ഗംഗയില്‍ സ്നാനം ചെയ്ത ശേഷം കര്‍ണ്ണന്‍   സൂര്യദേവനെ പ്രാര്‍ത്ഥിക്കുവാനായി ഇരുന്നു. കര്‍ണ്ണന് മനസ്സിന് ഏകാഗ്രത ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മനസ്സില്‍ തന്റെ മാതാ പിതാക്കള്‍ രാധയും അധിരഥനും തന്നെയാണോ എന്നും മരണത്തിനു മുന്‍പ് തന്റെ യഥാര്‍ത്ഥ    മാതാപിതാക്കളെ കണ്ടു മുട്ടുവാന്‍  സാധിക്കുമോ എന്നുള്ള ചിന്ത അദ്ദേഹത്തെ  അലട്ടി. ഗംഗാ തീരത്തു കൂടി  തന്നെ നോക്കി ഒരു സ്ത്രീരത്നം  വരുന്നത് കര്‍ണ്ണന്‍ കണ്ടു. അടുത്തു എത്തിയപ്പോഴാണ് അത് പാണ്ഡവരുടെ മാതാവായ കുന്തീ ദേവിയാണെന്ന് കര്‍ണ്ണന് മനസിലായത്. കര്‍ണ്ണന്‍ കുന്തിയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരുത്തി, അഗമാനോദ്ദേശം  എന്തു തന്നെയാണെങ്കിലും സാധിച്ചുതരാമെന്നു ഉറപ്പു നല്‍കി.  കൌരവന്മാരോടുള്ള ബന്ധം വീരനാകിയ നിനക്ക് ഒരിക്കലും  ചേരുകയില്ല എന്നും എന്റെ പുത്രന്മാരോടു ചേരുകയാണ് യോജിച്ചത് എന്ന കുന്തിയുടെ അഭിപ്രായത്തോട് കര്‍ണ്ണന്‍ നിങ്ങള്‍  ഒരു സ്ത്രീയായതുകൊണ്ട് ഞാന്‍ വധിക്കുന്നില്ല എന്നാണ് പ്രതികരിച്ചത്.  താന്‍ കര്‍ണ്ണന്റെ  മാതാവാണെന്നും   സൂര്യദേവന്‍ പിതാവാണെന്നും കുന്തീദേവി അറിയിക്കുന്നു. തുടര്‍ന്ന് കര്‍ണ്ണന്‍ ആവശ്യപ്പെടുന്നതനുസരിച്ച് കുന്തി  കര്‍ണ്ണന്റെ ജനന രഹസ്യം വെളിപ്പെടുത്തുന്നു. 

ഒരിക്കല്‍ പിതാവിന്റെ കൊട്ടാരത്തില്‍  ദുര്‍വാസാവ് മഹര്‍ഷി എത്തിയപ്പോള്‍ മഹര്‍ഷിയെ  പരിചരിച്ചത്  താന്‍ ആണെന്നും   തന്റെ  പരിചരണത്തില്‍ സംതൃപ്തനായ  മഹര്‍ഷി, തനിക്ക്  അഞ്ചു വരങ്ങള്‍ നല്‍കി എന്നും  അതില്‍ ഒന്ന്  സൂര്യദേവനെ മനസ്സില്‍ സ്മരിച്ചു കൊണ്ട് പരീക്ഷിച്ചു നോക്കിയെന്നും തന്മൂലം  താന്‍  ഗര്‍ഭിണിയായി, ഒരു ആണ്‍ കുട്ടിയെ  പ്രസവിക്കുകയും ചെയ്തുവെന്നും   വിവാഹത്തിനു മുന്‍പ്  പ്രസവിച്ച മകനെ മാനഭയം ഓര്‍ത്ത്‌ ഒരു പെട്ടിയില്‍ അടച്ചു നദിയില്‍ ഒഴുക്കിയെന്നും ആ മകനാണ്  നീയെന്നും കുന്തി കര്‍ണ്ണനെ അറിയിക്കുന്നു.

കുന്തിയുടെ മൂത്ത പുത്രനാനെന്ന അഭിമാനത്തോടെ കര്‍ണ്ണന്‍ കുന്തിയെ നമസ്കരിച്ചു. ഇളയ സഹോദരന്മാരായ  പാണ്ഡവരെ കാത്തു രക്ഷിക്കേണ്ട ചുമതല മൂത്ത പുത്രനായ കര്‍ണ്ണനിലാണ് ഉള്ളത്   എന്ന് കുന്തി ഓര്‍മ്മിപ്പിച്ചു.   തന്നെ ജീവന് തുല്ല്യം സ്നേഹിക്കുകയും എല്ലാ മഹിമകളും നല്‍കിയ ദുര്യോധനനെ പിരിഞ്ഞു ഒരിക്കലും വരികില്ല എന്ന് കര്‍ണ്ണന്‍ കുന്തിയെ അറിയിച്ചു. ഒടുവില്‍ ലോകം അറിയുന്ന കുന്തീ പുത്രന്മാരായ  പാണ്ഡവര്‍  അഞ്ചു പേരാണെന്നും ആറുപേര്‍ ഇല്ലെന്നും അര്‍ജുനനെ ഒഴിച്ച് സഹോദരന്മാരില്‍ ആരെയും വധിക്കുകയില്ല എന്ന് സത്യം ചെയ്തുകൊണ്ട്   കര്‍ണ്ണന്‍ കുന്തിയെ യാത്രയാക്കുന്നു. 

കര്‍ണ്ണ കുന്തീ സംഗമവും കര്‍ണ്ണന്‍  കുന്തീ പുത്രനാണെന്നും   അറിയുന്ന ദുശാസനന്‍  പാമ്പിനു പാല് കൊടുത്തു വളര്‍ത്തിയാലുള്ള അനുഭവം  പോലെയാണ് കര്‍ണ്ണനില്‍  നിന്നും ഉണ്ടാകുവാന്‍ പോകുന്നതെന്നും അതുകൊണ്ട് അങ്ങ് അനുവദിച്ചാല്‍ ഈ രാത്രിയില്‍ കര്‍ണ്ണനെ വധിക്കുവാന്‍ തയ്യാറാണെന്നും  ദുശാസനന്‍ ദുര്യോധനനെ അറിയിക്കുന്നു.   ദുശാസനന്റെ വാക്കുകള്‍ കേട്ട് ദുര്യോധനന്‍ കോപം കൊണ്ടു. കര്‍ണ്ണന്റെ മഹത്വം അറിയാതെ നീ ഇങ്ങിനെ സംസാരിക്കുന്നതിനു നിന്റെ നാവാണ് മുറിക്കേണ്ടതെന്നും വേഗം പോയി കര്‍ണ്ണനെ കൂട്ടി വരൂ, അദ്ദേഹത്തിന്‍റെ മഹത്വം നിനക്ക് തെളിയിച്ചു തരാം എന്ന്   ദുര്യോധനന്‍ പറയുന്നു. ദുശാസനന്‍ കര്‍ണ്ണനെ കൂട്ടി വരുന്നു. എല്ലാ കഥകളും ഞാന്‍ അറിഞ്ഞു. അല്ലയോ കുന്തീ പുത്രാ, സഹോദരന്മാരോട് യുദ്ധം ചെയ്യുന്നത് പാപമാണെങ്കില്‍ എന്നെ പിരിയുന്നതിനു ഞാനിതാ അനുവാദം തരുന്നു എന്നും  ഒരിക്കലും നാം തമ്മിലുള്ള സ്നേഹം കുറയുകയില്ല എന്നും  അറിയിക്കുന്നു. ദുര്യോധനന്റെ ഈ വാക്കുകള്‍ കര്‍ണ്ണനെ വളരെ നിരാശപ്പെടുത്തി. 
ദുര്യോധനാ!പിരിയാനാണോ നിന്റെ നിര്‍ദ്ദേശം? എന്നും  ഇങ്ങിനെ പറഞ്ഞതിന് തന്നെ ശിക്ഷ ഞാന്‍ തരേണ്ടതാണ് എന്നാല്‍ സ്നേഹം എന്നെ തടയുന്നു എന്നും   എന്നാണ് കര്‍ണ്ണന്റെ പ്രതികരണം. തുടര്‍ന്ന്  "മരണം ശരണം ഛേദിപ്പന്‍ ഞാന്‍ കരവാളാലെന്‍ ഗളനാദം"  എന്ന് പ്രഖ്യാപിച്ചു കൊണ്ട് കരവാളെടുത്തു  സ്വയം കഴുത്തു മുറിക്കുവാന്‍ കര്‍ണ്ണന്‍ ഒരുമ്പെടുമ്പോള്‍ ദുര്യോധനന്‍ കര്‍ണ്ണനെ തടയുന്നു.  കര്‍ണ്ണന്റെ മാനസീക നില  മനസിലായോ എന്ന്  ദുര്യോധനന്‍  ദുശാസനനോട് ശാസനാ രൂപത്തില്‍ ചോദിക്കുന്നു.  അമ്മയെ ദുര്യോധനന് വേണ്ടി ഉപേക്ഷിച്ചു കൊണ്ട് അര്‍ജുനനും ഒന്നിച്ചു ഈ ഭൂമിയില്‍ ജീവിക്കില്ല എന്ന്  കര്‍ണ്ണന്‍ ശപഥം ചെയ്യുന്നു.  ഇതാണ് കര്‍ണ്ണശപഥം കഥയുടെ ചുരുക്കം.

ദുര്യോധനന്റെ തിരനോട്ടത്തോടെ കഥകളി ആരംഭിച്ചു. ഭാനുമതിയുടെ ശോകകാരണം ദു:സ്വപ്നമാണ് എന്നാണ്   അവതരണത്തില്‍ പ്രകടമായത്. ഭാനുമതിയെ സമാധാനപ്പെടുത്തുന്ന ദുര്യോധനന്‍ തനിക്കു പാണ്ഡവര്‍ വെറും പുഴുക്കള്‍ക്ക് സമാനമാണ് എന്നാണ് അവതരിപ്പിച്ചത്. ഭാനുമതിയെ സമാധാനപ്പെടുത്തുവാന്‍ കര്‍ണ്ണന് മാത്രമേ കഴിയൂ എന്ന് ദുര്യോധനന്‍ ഉറപ്പിക്കുന്നു. ഈ രംഗത്ത് എത്തുന്ന കര്‍ണ്ണന്‍ ഒരു ദൂതനെ കണ്ടു രാജാവിനെ മുഖം കാണിക്കുവാനുള്ള നിര്‍ദ്ദേശം അറിയിക്കുന്നതായി അവതരിപ്പിച്ചു. കര്‍ണ്ണനെ,  ഭാനുമതിയെ സമാധാനപ്പെടുത്തുവാനുള്ള ചുമതല  ഏല്‍പ്പിച്ചു ദുര്യോധനന്‍ രംഗം  വിടുന്നു. ഭഗവാന്‍ കൃഷ്ണന് പാണ്ഡവരുമായുള്ള സഖ്യമാണ് ഭാനുമതിയെ കൂടുതല്‍ ഭയപ്പെടുത്തിയത്. ഈ സൂചനയ്ക്ക് കൃഷ്ണന്‍ യുദ്ധത്തില്‍ ആയുധം തൊടുകയില്ല എന്ന് സത്യം ചെയ്തിട്ടുള്ളത് കര്‍ണ്ണന്‍ സൂചിപ്പിച്ചു. അര്‍ജുനന്‍ ഇരു കരങ്ങള്‍ കൊണ്ടും അസ്ത്രം എയ്യുവാന്‍ കഴിവുള്ളവനാണ്‌ എന്ന ഭാനുമതിയുടെ ചിന്തയ്ക്ക് തന്റെ മുന്‍പില്‍ അര്‍ജുനന്‍ ഒരു പുഴുവിനു തുല്യം  എന്നാണ് കര്‍ണ്ണന്‍ നല്‍കിയ മറുപടി. 


                                                          ദുര്യോധനന്‍ ( തിരനോട്ടം)

                                                 ഭാനുമതി, ദുര്യോധനന്‍ , കര്‍ണ്ണന്‍

                                                    ദുര്യോധനന്‍ , ദുശാസനന്‍, കര്‍ണ്ണന്‍

ഭാനുമതിയുടെ സന്തോഷം കണ്ടുകൊണ്ട്  ദുര്യോധനന്‍ എത്തി. തുടര്‍ന്ന് വെപ്രാളപ്പെട്ടു കൊണ്ടു വരുന്ന ദുശാസനനെ ദുര്യോധനന്‍ കണ്ടു. ഭാനുമതിയെ അന്തപ്പുരത്തിലേക്ക് അയച്ച ശേഷം ദുര്യോധനന്‍ ദുശാസനനെ കാത്തിരുന്നു. യുദ്ധ തന്ത്രങ്ങളെ പറ്റി ആലോചിക്കുവാന്‍ മന്ത്രഗൃഹത്തില്‍ മന്ത്രിമാരും തന്ത്ര വിദഗ്ദരും മറ്റും  എത്തിയിട്ടുണ്ടെന്നും നാം അമാന്തിച്ചാല്‍ നമുക്ക് ഹാനി സംഭവിക്കും എന്നാണ് അദ്ദേഹം മുന്‍പോട്ടു വെച്ച നിര്‍ദ്ദേശം. ഭീമന് നാഗരസം കലര്‍ന്ന ആഹാരം നല്കിയതും അരക്കില്ലം ചുട്ടു പാണ്ഡവരെ നശിപ്പിക്കുവാന്‍ ശ്രമിച്ചത്‌ പരാജയപ്പെട്ടതും ദുശാസനന്‍ ഓര്‍മ്മിപ്പിച്ചു.  പണ്ട് സഭയില്‍ വെച്ച് പാഞ്ചാലിയുടെ വസ്ത്രം അഴിച്ചപ്പോള്‍ കൃഷ്ണന്‍ വസ്ത്രം നല്‍കി രക്ഷിച്ചത്‌  ദുര്യോധനന്‍, ദുശാസനനെ ഓര്‍മ്മപ്പെടുത്തി. 

ദുശാസനനും  ദുര്യോധനനും തമ്മില്‍ നടന്ന  സംഭാഷണങ്ങള്‍ കര്‍ണ്ണന്‍ ശ്രദ്ധിക്കുന്നില്ല എന്ന്  ഇരുവരും മനസിലാക്കി. ഉറക്കം തൂങ്ങുകയാണോ എന്നു ദുര്യോധനന്‍ കര്‍ണ്ണനോട് ചോദിച്ചു. തനിക്കു നിദ്രാഭംഗം ഉണ്ടെന്നും  സ്നാനം കഴിഞ്ഞാല്‍ എല്ലാം ശരിയാകും എന്നും കര്‍ണ്ണന്‍ അവരെ അറിയിച്ചു. സ്നാനം കഴിഞ്ഞു ഉടന്‍ എത്താം എന്ന് അറിയിച്ചു കര്‍ണ്ണന്‍ ഗംഗാതീരത്തേക്ക് യാത്ര തിരിച്ചു. 

ഗുരുവായ പരശുരാമന്‍ തന്റെ മടിയില്‍ സുഖ നിദ്ര അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ട്‌ വന്നു തന്റെ തുട തുളച്ചു, രക്തം ധാരയായി ഒഴുകി. ഗുരുവിന്റെ നിദ്രയ്ക്കു ഭംഗം വരുത്താതെ വേദന സഹിച്ചു കൊണ്ടു താന്‍ ഇരുന്നതും  ഗുരു ഉണര്‍ന്നപ്പോള്‍ ഈ കാഴ്ച കണ്ട് താന്‍ ഒരു ബ്രാഹ്മണന്‍ അല്ലെന്നു മനസിലാക്കി അഭ്യസിച്ച വിദ്യ തക്ക സമയത്ത് പ്രയോജനം   ഇല്ലാതെ പോകട്ടെ എന്നു ഗുരു ശപിച്ചതും കര്‍ണ്ണന്‍ സ്മരിച്ചു. 


ഗംഗാനദി കണ്ട കര്‍ണ്ണന്‍ ആ പുണ്യ നദിയുടെ ഉത്ഭവം ഒന്നു സ്മരിച്ചു. പിന്നീടു സ്നാനം കഴിഞ്ഞു ധ്യാന്യത്തിനിരുന്നു. പൂര്‍ണ്ണമായും  മനസിനെ ധ്യാന്യത്തിലുറപ്പിക്കുവാന്‍ കര്‍ണ്ണന് കഴിയുന്നില്ല. ഗംഗാ തീരത്ത്‌ കര്‍ണ്ണനും കുന്തിയും തമ്മില്‍ കണ്ടു  മുട്ടുമ്പോള്‍ അറിയാതെ ഉണ്ടാകുന്ന ഒരു മാനസീക ആകര്‍ഷത രംഗത്ത് പ്രകടമാക്കി. 
 കര്‍ണ്ണന്റെ ജന്മരഹസ്യം അറിയിക്കുന്ന കുന്തി ദുര്‍വാസാവ് നല്‍കിയ വരം സൂര്യദേവനെ മനസ്സില്‍ സ്മരിച്ചു കൊണ്ടു പരീക്ഷിക്കുവാന്‍ ശ്രമിക്കുകയും തന്മൂലം ഒരു ശിശു ജനിച്ചു എന്നും ആ കുട്ടി വളരെ ശോഭയുടന്‍ കാണപ്പെട്ടു എന്നാണ് അവതരിപ്പിച്ചത്. 
കര്‍ണ്ണന്‍ ജനിക്കുമ്പോള്‍ കവച- കുണ്ഡലങ്ങള്‍ ഉണ്ടായിരുന്നു
എന്ന് അപ്പോള്‍ സൂചിപ്പിച്ചു കണ്ടില്ല. ഇത് സൂചിപ്പിച്ചു കൊണ്ട് ആ കവച- കുണ്ഡലങ്ങള്‍ എവിടെ എന്ന് കുന്തിക്ക് കര്‍ണ്ണനോട് ചോദിക്കുവാനും, ഒരു ബ്രാഹ്മണന്‍ വന്ന് എന്റെ കവച - കുണ്ഡലങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു എന്നും ഞാന്‍ അത് അദ്ദേഹത്തിനു നല്‍കി എന്ന് കര്‍ണ്ണന് പറയാനുള്ള അവസരവും ഇത് മൂലം നഷ്ട്ടപ്പെടുകയാണ് ഉണ്ടായത്. ( അര്‍ജുനന്റെ പിതാവായ ഇന്ദ്രന്‍, തന്റെ മകന്റെ വിജയവും കര്‍ണ്ണന്റെ പരാജയവും ഉദ്ദേശിച്ചു കൊണ്ട് ഒരു ബ്രാഹ്മണ വേഷത്തില്‍ എത്തി കര്‍ണ്ണനില്‍   കവച - കുണ്ഡലങ്ങള്‍ വാങ്ങിയത് കര്‍ണ്ണന്റെ ചരിത്രത്തിലെ പ്രധാന ഘടകം തന്നെയാണ് )
കര്‍ണ്ണന് അമ്മയുടെ മടിയില്‍ ഒന്നു ശയിക്കണം എന്ന ആഗ്രഹം കുന്തി സാധിച്ചു കൊടുത്തു.  

ദുര്യോധനനെ അവതരിപ്പിച്ചത് ശ്രീ. ആര്‍.എല്‍.വി. രാജശേഖരന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ രംഗ പ്രവര്‍ത്തിയില്‍ ചിട്ടയോടെ കഥകളി അഭ്യസിച്ചതിന്റെ ഗുണങ്ങളും    കൌരവരാജാവിനു വേണ്ടിയ രാജസപ്രൌഡിയും അരങ്ങില്‍   പ്രകടമായില്ല. ദുര്യോധനന്റെ കിരീടം തലയില്‍ ഉറയ്ക്കാതിരുന്നതും ഒരു അസഹ്യമായി തോന്നി.
ശ്രീ. കലാമണ്ഡലം അരുണ്‍ ഭാനുമതിയെ സാമാന്യം ഭംഗിയായി അവതരിപ്പിച്ചു. 
ശ്രീ. കലാമണ്ഡലം വിനോദിന്റെ കര്‍ണ്ണന്‍ ഒരു യുവ കലാകാരന്‍ എന്ന അടിസ്ഥാനത്തില്‍ വെച്ച് നോക്കുമ്പോള്‍ ഭംഗിയായി എന്ന് ഉറപ്പിച്ചു  പറയാം. ഗംഗാസ്നാനം കഴിഞ്ഞു "മനസ്സ് ദൃഡപ്പെടുത്തുവാന്‍ സാധിക്കാതെ വന്ന കര്‍ണ്ണന്‍"  എന്നാണ് കഥയുടെ രീതി. ഇവിടെ മനസ്സ് ദൃഡപ്പെടുത്തുവാന്‍ ശ്രമിക്കാത്ത കര്‍ണ്ണന്‍ എന്നാണ് തോന്നിയത്.



ദുശാസനനായി വേഷമിട്ടത് ശ്രീ. തിരുവല്ലാ ബാബുവാണ്. തന്റെ കഴിവുകള്‍ അരങ്ങില്‍ പൂര്‍ണ്ണമായി പ്രയോഗിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. ശ്രീ. തലവടി അരവിന്ദന്‍ ചേട്ടന്റെ ശിഷ്യന്‍ എന്ന നിലയില്‍ അരവിന്ദന്‍ ചേട്ടന്റെ ദുശാസനനെയാണ്  എനിക്ക്  അരങ്ങില്‍ ദര്‍ശിക്കുവാന്‍ സാധിച്ചത്. 

ശ്രീ. കലാമണ്ഡലം (ചമ്പക്കര) വിജയന്‍ വളരെ ഭംഗിയായി കുന്തിയെ അവതരിപ്പിച്ചു. പദങ്ങളെ പൂര്‍ണ്ണമായി  ഉള്‍ക്കൊണ്ടു കൊണ്ടുള്ള  ഭാവാഭിനയങ്ങള്‍ കുന്തിയില്‍  പ്രകടമായിരുന്നു. 

ശ്രീ. കലാമണ്ഡലം ജയപ്രകാശ്, ശ്രീ. രാജേഷ്‌ ബാബു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും ശ്രീ. കലാഭാരതി  ജയന്‍  മദ്ദളവും ഭംഗിയായി കൈകാര്യം ചെയ്തു. ശ്രീ. കലാഭാരതി ഹരികുമാറിന്റെ ചുമതലയിലുള്ള തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചത്.


                     കുന്തിയും കര്‍ണ്ണനും ( കലാമണ്ഡലം വിജയനും കലാനിലയം വിനോദും )

                                                                   കുന്തിയും കര്‍ണ്ണനും

                                                                          കുന്തി
 
                                          ഭാനുമതി, ദുര്യോധനന്‍ , കര്‍ണ്ണന്‍, ദുശാസനന്‍
               
                                                                  കിരാത സ്തുതി
 
 
കഥയുടെ സമാപ്തിക്കു ശേഷം വാഴപ്പള്ളി ശ്രീ. മഹാദേവന് കിരാതം കഥയുടെ അവസാന ശ്ലോകങ്ങളും പദങ്ങളും അര്‍ജുന സ്തുതിയും  പാടി സമര്‍പ്പിക്കുകയാണ് ഉണ്ടായത്.
"ഭൂമൗ തൽപുഷ്പതല്പേ വിജയനഥ പതിച്ചാകുലപ്പെട്ടു പാരം" എന്ന ശ്ലോകം മുതല്‍   " പാരാളും കുരുവീര ഹേ ഹരി സഖേ! ഖേദിക്കൊലാ ചെറ്റുമേ " എന്ന ശിവന്റെ പദവും പാടിയ ശേഷമാണ് ധനാശി പാടിയത്. 

വാഴപ്പള്ളി ക്ഷേത്രത്തില്‍ കര്‍ണ്ണശപഥം കഥകളി കഴിഞ്ഞ ശേഷവും അക്ഷമരായി നിന്നുകൊണ്ട് കിരാത സ്തുതികള്‍ ഭക്തിപൂര്‍വ്വം കേട്ട ശേഷമാണ് അവിടെ കൂടിയിരുന്ന ആസ്വാദകര്‍ പിരിഞ്ഞത്.

2011, ഡിസംബര്‍ 1, വ്യാഴാഴ്ച

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13- മതു അനുസ്മരണവും കഥകളിയും

പ്രസിദ്ധ കഥകളി കലാകാരനായിരുന്ന ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13- മതു അനുസ്മരണം കഴിഞ്ഞ നവംബര്‍ 12-നു ചെന്നിത്തല മഹാത്മാ ഗേള്‍സ്‌ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു. രാവിലെ 9:00 മണിക്ക് ശ്രീ. ചെല്ലപ്പന്‍ പിള്ളയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉച്ചക്ക് 1:30-നു മലയാള കലാവേദി, ചെന്നിത്തല കാവ്യാര്‍ച്ചന അവതരിപ്പിച്ചു. 

                       ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക നാട്യ പഠന സമതി

 തുടര്‍ന്ന് 2:30- മണിക്ക്  " കളിയോഗം അരങ്ങ് 2011" നയിച്ച കഥകളി ആസ്വാദനകളരിയും  സോദാഹരണ പ്രഭാഷണവും നടന്നു. ശ്രീ. പീശപ്പള്ളി രാജീവനും കലാമണ്ഡലം ജിഷ്ണു രവിയും ചേര്‍ന്ന്  അവതരിപ്പിച്ച കഥകളി ആസ്വാദന കളരി വളരെ ശ്രദ്ധേയമായി. വൈകിട്ട് 4 :30-ന് ശ്രീ. ചെന്നിത്തല  ചെല്ലപ്പന്‍ പിള്ള സ്മാരക കലാ-സാംസ്കാരിക സമിതിയിലെ വിദ്യാര്‍ത്ഥികള്‍ ചെണ്ടമേളം അവതരിപ്പിച്ചു.



                                                       kathakali  demonstration .

                                                            kathakali  demonstration .
 
                     നാട്യസമിതിയില്‍ ചെണ്ട അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം

                                            കഥകളി കലാകാരി   ശ്രീമതി ചവറ പാറുകുട്ടി  
                              വിളക്ക് തെളിച്ചു അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു

                      ശ്രീമതി. ചവറ പാറുകുട്ടിയെ  ചെന്നിത്തല ചെല്ലപ്പന്‍ പിള്ള
                                        സ്മാരക പുരസ്കാരം- 2011 നല്‍കി ആദരിക്കുന്നു.

                        
                 അഞ്ചു മണിക്ക് അനുസ്മരണ സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന്  ഗുരുപ്രണാമം ചടങ്ങില്‍ ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ള സ്മാരക പുരസ്കാരം -2011 പ്രസിദ്ധ കഥകളി ആചാര്യ ശ്രീമതി. ചവറ പാറുകുട്ടിക്ക് ശ്രീ. പി.സി. വിഷ്ണുനാഥ്  MLA. നല്‍കി. "തിരനോട്ടം" സംഘടനയുടെ പേരില്‍ ശ്രീ. എം. കെ. അനുജന്‍ ശ്രീമതി ചവറ പാറുകുട്ടിയെ ആദരിച്ചു.  മറുപടി പ്രസംഗത്തില്‍ ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ആശാനുമായുള്ള അരങ്ങ് അനുഭവങ്ങള്‍ ശ്രീമതി ചവറ പാറുകുട്ടി പങ്കുവെച്ചു. 

 ഏഴുമണി മുതല്‍   'കളിയോഗം - അരങ്ങ് 2011'   നളചരിതം മൂന്നാം ദിവസം കഥകളി അവതരിപ്പിച്ചു.  ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്‍ നളനെയും, ശ്രീ.കലാമണ്ഡലം ചിനോഷ്  ബാലന്‍ കാര്‍ക്കോടകന്‍, വാഷ്ണേയന്‍ എന്നീ കഥാപാത്രങ്ങളെയും, ശ്രീ.കലാമണ്ഡലം പ്രദീപ്‌ കുമാര്‍ ബാഹുകനെയും, ശ്രീ.കലാമണ്ഡലം ശുചീന്ദ്രനാഥ്   ഋതുപര്‍ണ്ണനെയും, ശ്രീ. കലാമണ്ഡലം ജിഷ്ണു രവി ജീവലനെയും, ശ്രീ. മധു വാരണാസി ദമയന്തിയെയും, ശ്രീ. പീശപ്പള്ളി രാജീവന്‍ സുദേവനെയും   അവതരിപ്പിച്ചു. 
ശ്രീ. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശ്രീ. കലാമണ്ഡലം സജീവന്‍, ശ്രീ. കലാനിലയം ബാബു എന്നിവര്‍ സംഗീതവും ശ്രീ. കലാഭാരതി ഉണ്ണികൃഷ്ണന്‍, ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയും ശ്രീ. കലാനിലയം മനോജ്‌, ശ്രീ.കലാമണ്ഡലം വൈശാഖ്  എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു. ശ്രീ. കലാമണ്ഡലം  സുകുമാരന്‍ കഥകളി ചുട്ടിയും ശ്രീ. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവര്‍ അണിയറ ചുമതല നിര്‍വഹിച്ചു. "സന്ദര്‍ശന്‍" അമ്പലപ്പുഴയുടെ കഥകളി കോപ്പുകളാണ് ഉപയോഗിച്ചത്.

ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്റെ വെളുത്ത നളന്‍ വളരെ ഭംഗിയായി .  നളന്റെ ഇളകിയാട്ടം എന്നെ  വളരെയധികം  ആകര്‍ഷിച്ചു.  കഥാപാത്രത്തിന്റെ സന്ദര്‍ഭം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ഇളകിയാട്ടമാണ്‌ വനകാഴ്ചയില്‍ അദ്ദേഹം അവതരിപ്പിച്ചത്.   വന്യ മൃഗങ്ങള്‍ നിറഞ്ഞ കൊടും കാട്ടില്‍ തന്റെ പ്രിയ പത്നിയെ ഉപേക്ഷിച്ചു വന്ന നളന്‍, കാട്ടുതീയില്‍ പെട്ട ഒരു ആന തന്റെ ഇണയെ രക്ഷിക്കുന്നതു കണ്ടപ്പോള്‍  ഒരു  മൃഗം തന്റെ ഇണയോട് ചെയ്യുന്ന ആല്‍മാര്‍ത്ഥതപോലും    തന്റെ പ്രിയ പത്നിയോട് തനിക്ക്  ചെയ്യുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന മനസ്താപം വളരെ ഹൃദ്യമായി അവതരിപ്പിച്ചു ഫലിപ്പിച്ചു. 

കാര്‍ക്കോടകനില്‍  നിന്നും  നളന്‍ (ബാഹുകന്‍) തനിക്കു മുന്‍പ് ഉണ്ടായിരുന്നതു പോലെ കൊട്ടാരത്തില്‍ ജീവിക്കുവാന്‍ സന്ദര്‍ഭം ലഭിക്കും എന്ന് മനസിലാക്കുന്നതു വരെ  ഒരു ശുഭ പ്രതീക്ഷ നളനില്‍ ഇല്ല. അങ്ങിനെ ഒരു ശുഭ പ്രതീക്ഷ കൈവന്ന ശേഷമാണ് ഇളകിയാട്ടത്തില്‍ മാന്‍ പ്രസവം പോലുള്ള ആട്ടങ്ങള്‍ അവതരിപ്പിക്കുന്നത്‌. ആരും തുണയില്ലാത്തിടത്തു ദൈവം തുണ ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ്‌  മാന്‍ പ്രസവം എന്ന ആട്ടം കൊണ്ട് കലാകാരന്‍ ഉദ്ദേശിക്കുന്നത്.  വെളുത്ത നളന് അങ്ങിനെ ഒരു ചിന്ത ഇല്ല. നാടിനെയും നഗരത്തിനേയും അപേക്ഷിച്ച് കാടുതന്നെ ഭേദം എന്ന ചിന്തയും തന്റെ പ്രിയതമയെ കൊടും കാട്ടില്‍ ഉപേക്ഷിച്ചതിലുള്ള കുറ്റ ബോധവുമാണ് വെളുത്ത നളനില്‍ ഉണ്ടാകേണ്ടത്.    സാധാരണമായി ഒരു വേടന്‍, ഒന്നോ രണ്ടോ കിളികള്‍ , മാന്‍, പാമ്പ്  എന്നിവയൊക്കെ  ഉള്‍പ്പെടുത്തി  ആരും തുണയില്ലാത്തിടത്തു ദൈവം തുണ ചെയ്യും എന്ന അതേ ആശയം കൊണ്ട ഇളകിയാട്ടമാണ്‌  വെളുത്ത നളനും ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നത്. 


പേടിക്കേണ്ടാ വരുവനരികേ,
വന്‍ കൊടുംകാട്ടുതീയില്‍ -
ച്ചാടിക്കൊണ്ടാലൊരു ഭയമിനി-
ക്കില്ല ഞാന്‍ തൊട്ടവര്‍ക്കും
കൂടി ക്കണ്ടാലുടനഴലൊഴി -
ച്ചീടുവേന്‍ " എന്നു ചൊല്ലി -
ത്തേടിക്കണ്ടോരുരഗപതിയോ -
ടൂചിവാന്‍ നൈഷധേന്ദ്രന്‍ .
എന്ന പദത്തില്‍ "ഞാന്‍ തൊട്ടവര്‍ക്കും " എന്നയിടത്തു വെളുത്ത നളന്‍ കാര്‍ക്കോടകനെ തൊട്ടു ( സ്ടൂളില്‍ നിന്നും പിടിച്ചിറക്കി). അതോടെ കാര്‍ക്കോടകന് ചൂട് അനുഭവപ്പെടുന്നത് മാറി. പിന്നീടു ശ്ലോകത്തിനു നളന്‍ കാര്‍ക്കോടകനെ പിടിച്ചുകൊണ്ട്  തീയില്‍ നിന്നും വെളിയില്‍ വന്നു.
പണ്ടു നില നിന്നിരുന്ന അവതരണത്തില്‍ നിന്നും ഈ രീതിയില്‍ ഉണ്ടായ മാറ്റം എങ്ങിനെ സംഭവിച്ചു എന്നു ഞാന്‍ കണ്ണനോട് ചോദിച്ചു. അതിന് കണ്ണന്‍ " പദത്തില്‍ തീയില്‍ ചാടിക്കൊണ്ടാല്‍ എനിക്കും ഞാന്‍ തൊട്ടവര്‍ക്കും ഭയം ഇല്ല എന്നും കൂടി കണ്ടാല്‍ ദുഃഖം ഒഴിച്ചിടും എന്നാണ് പദത്തില്‍ പറയുന്നത്. തേടി കണ്ടപ്പോള്‍ ദുഃഖം ഒഴിവാക്കാനാണ് തൊട്ടത്‌  എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.   ഈ രീതിയാണ്  ഇപ്പോള്‍ എല്ലാവരും ചെയ്തു വരുന്നത്   എന്ന്  അദ്ദേഹം പറഞ്ഞു.


പണ്ടത്തെ രീതി അനുസരിച്ച് തേടി കണ്ടു എന്നത് "ദൂരത്തു കണ്ടു" എന്ന രീതിയിലും, ' എരിഞ്ഞ തീയില്‍ ' 'ഭുജംഗമെന്നു തോന്നി'   'എന്നുടെ കഥകളെ ' എന്നീ മൂന്നു ചരണങ്ങളും നളന്‍ കാട്ടുതീയില്‍ അകപ്പെട്ടു കിടക്കുന്ന സര്‍പ്പരാജന്റെ  സമീപത്തേക്കു നടന്നു  നീങ്ങിക്കൊണ്ട്  പറയുന്നതായിട്ടാണ് ആടുന്നത്. 


                                                    വെളുത്ത നളനും കാര്‍ക്കോടകനും  
  

                                  
                                                    ബാഹുകനും കാര്‍ക്കോടകനും

                                          സുദേവനും ദമയന്തിയും 


ശ്രീ. പീശപ്പള്ളി രാജീവന്റെ സുദേവന്‍ ചെന്നിത്തലക്കാര്‍ക്ക് വളരെ ഇഷ്ടമായി. കഥകളിയില്‍ പങ്കെടുത്ത എല്ലാ  കലാകാരന്മാരും അവരവരുടെ കഴിവുകള്‍ ആത്മാര്‍ത്ഥതയോടെ പ്രകടിപ്പിച്ചു. 
സമിതിയില്‍ അഭ്യസിച്ച വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം കഴിഞ്ഞാണ് കഥകളി നടന്നത്. കഥകളി കൃത്യ സമയത്തിനു  തുടങ്ങുവാനെന്നവണ്ണം മദ്ദളം ഇലത്താളം എന്നിവ കഥകളിയോഗത്തിന്റെ ബന്ധപ്പെട്ടവര്‍ അരങ്ങില്‍ നേരത്തെ എത്തിച്ചിരുന്നു. ചെണ്ടമേളം കഴിഞ്ഞപ്പോള്‍ അവരുടെ ഇലത്താളത്തോടൊപ്പം കഥകളിക്കു വെച്ചിരുന്ന ഇലത്താളവും ചെണ്ട മേളത്തിന് വന്ന കുട്ടികള്‍ അറിയാതെ എടുത്തു കൊണ്ട് പോയി. അരങ്ങു കേളി തുടങ്ങുവാന്‍ ഇലത്താളം തേടിയപ്പോള്‍ ഇല്ല. പിന്നീടു ചെണ്ട മേളത്തിന് വന്ന കുട്ടികളുടെ ഗുരു സ്കൂട്ടര്‍ എടുത്തുകൊണ്ടു വേഗം അവരുടെ വീട്ടില്‍ പോയി എല്ലാ ഇലത്താളവുമായി വന്നു. ശ്രീ. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ കളിയോഗത്തിന്റെ ഇലത്താളം തേടിയെടുത്തു. അധികം താമസിയാതെ കളി തുടങ്ങുകയും ചെയ്തു.



 കേരളീയ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും ഗള്‍ഫിലും നാട്ടിലും അവതരിപ്പിക്കുകയും  നമ്മുടെ നാടിന്റെ കലാസാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് വരും തലമുറയ്ക്ക് അവബോധം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോട് എന്ത വിധ ലാഭപ്രതീക്ഷയും ഇല്ലാതെ  പ്രവര്‍ത്തിക്കുന്ന "തിരനോട്ടം" എന്ന സംഘടന, ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ 13-മത്  അനുസ്മരണ വേളയില്‍ മികച്ച ഒരു കഥകളി അവതരിപ്പിക്കുവാന്‍ കാണിച്ച താല്‍പ്പര്യം  സമിതിയുടെ പേരിലും ചെല്ലപ്പന്‍ പിള്ളയുടെ കുടുംബാംഗങ്ങളുടെ പേരിലും  നന്ദിയോടെ സ്മരിക്കുന്നു.

2011, നവംബര്‍ 17, വ്യാഴാഴ്ച

കര്‍ണ്ണനും കുന്തിയും

കഥകളിയിലെ  പുതിയ കഥകളില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച കഥയാണ് കര്‍ണ്ണശപഥം.  ഡോക്ടര്‍. രവീന്ദ്രനാഥടാഗോറിന്റെ  കര്‍ണ്ണനും കുന്തിയും എന്ന ഏകാങ്ക നാടകം കര്‍ണ്ണശപഥം എന്ന പേരില്‍ കഥകളി രൂപം നല്‍കിയത്  പ്രശസ്ത ബാല സാഹിത്യ കാരനായ    ശ്രീ. മാലി മാധവന്‍ നായരാണ്. ശ്രീ. മാലിയുടെ ശ്രമം അത്യുന്നത വിജയമാണ് നേടിയത്.

മാലിയുടെ കര്‍ണ്ണനെ ഒരിക്കലെങ്കിലും അവതരിപ്പിച്ചു വിജയിപ്പിക്കണം എന്നു ചിന്തിക്കാത്ത ഒരു കഥകളി കലാകാരനും ഉണ്ടാവില്ല. അത്ര കണ്ടു ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച കഥാപാത്രമാണ് കര്‍ണ്ണശപഥത്തിലെ കര്‍ണ്ണന്‍. കര്‍ണ്ണശപഥം ജനഹൃദയങ്ങളില്‍  സ്ഥാനം പിടിച്ച കാലത്ത് കഥാകൃത്ത് തന്റെ കഥ അവതരിപ്പിക്കണമെങ്കില്‍  അതിലെ കര്‍ണ്ണന്റെ വേഷം ചെയ്യുന്ന നടന് നല്‍കുന്ന കളിപ്പണം എത്രയോ അത്രയും തനിക്കും ലഭിക്കണം എന്ന് താല്‍പ്പര്യം പ്രകടിപ്പിക്കുക ഉണ്ടായി. ആ കാലയളവില്‍ ദക്ഷിണ കേരളത്തില്‍ ഈ കഥയുടെ അവതരണം കുറഞ്ഞിരുന്നു. 
കഥകളിയുടെ സമ്പ്രദായപ്രകാരമുള്ള ശ്ലോകങ്ങള്‍, കത്തി, താടി എന്നീ വേഷങ്ങള്‍ക്കുള്ള തിരനോട്ടം എന്നിവ കഥാകൃത്ത്‌ കര്‍ണ്ണശപഥത്തില്‍ ചേര്‍ത്തിട്ടില്ല. കഥകളിയുടെ ചട്ടക്കൂട്ടുകളില്‍ ഈ കഥ ഒതുങ്ങുന്നില്ല എന്നാണ് പണ്ഡിതമതം. ഇക്കാരണം കൊണ്ട് കലാമണ്ഡലം കളരിയിലെ ഒരു പ്രധാന  ആചാര്യന്‍ കഥയിലെ ദുര്യോധനന്റെ വേഷം കെട്ടുവാന്‍ ആദ്യ കാലത്ത് വിസമ്മതം കാട്ടിയിരുന്നതായി  പറയപ്പെടുന്നു. അദ്ദേഹവും ഒടുവില്‍ മാലിയുടെ കര്‍ണ്ണശപഥത്തിനു മുന്‍പില്‍ പരാജിതനായി എന്നു പറയുന്നതാണ് ഉത്തമം.

ദക്ഷിണ കേരളത്തിലെ പഴയ കഥകളി കലാകാരന്മാരില്‍ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി, ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള , ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള എന്നിവര്‍ കര്‍ണ്ണശപഥം കഥയിലെ  കര്‍ണ്ണവേഷം കെട്ടി ആസ്വാദകരുടെയും കഥാകൃത്തായ മാലിയുടെയും  പ്രശംസ നേടുക ഉണ്ടായിട്ടുണ്ട്.  

ഒരിക്കല്‍   ശാസ്താംകോട്ട കോട്ടൂര്‍ കുടുംബക്ഷേത്രത്തില്‍ നടന്ന ഒരു കര്‍ണ്ണശപഥം കളിക്ക് ഹരിപ്പാട്ടു രാമകൃഷ്ണ പിള്ള ആശാന്റെ ദുര്യോധനനും ചെന്നിത്തല ആശാന്റെ കര്‍ണ്ണനും ആയിരുന്നു നിശ്ചയിച്ചിരുന്നത്. ആ ഭാഗത്ത്‌ ഓയൂര്‍ ആശാന്റെയും ചെന്നിത്തല ആശാന്റെയും കര്‍ണ്ണന്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു മാറ്റം എന്നവണ്ണം പ്രസിദ്ധ കത്തി വേഷക്കാരനായ  ഹരിപ്പാട്ടു ആശാന്റെ കര്‍ണ്ണന്‍ ഒന്നു കാണണം എന്ന് ചില കഥകളി ആസ്വാദകര്‍ക്ക് മോഹം ഉണ്ടായി. ഈ വിവരം കളി നടക്കുന്ന ദിവസം വൈകിട്ട് അവര്‍ ഹരിപ്പാട്ടു ആശാനോട്  നേരിട്ടു പറയുകയും ചെയ്തു. തുടര്‍ന്ന് വിവരം കളിനടത്തിപ്പുകാരുടെയും, ചുമതലക്കാരുടെയും ശ്രദ്ധയില്‍ എത്തിയപ്പോള്‍ ഈ മാറ്റത്തിനു ചെന്നിത്തല ആശാന്‍ സമ്മതിച്ചാല്‍  ഞങ്ങള്‍ക്ക് എതിരഭിപ്രായം ഇല്ല എന്ന് അറിയിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ഈ മാറ്റം ചെന്നിത്തല ആശാനെ അറിയിക്കുന്ന ചുമതല ഹരിപ്പാട്ടാശാനു തന്നെയാണ് അവര്‍ നല്‍കിയത്.  ഹരിപ്പാട്ടു ആശാന്‍ അണിയറയില്‍ എത്തിയപ്പോള്‍ സഹ കലാകാരന്മാരുമായി നര്‍മ്മ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന തന്റെ ഉറ്റ സുഹൃത്തായ ചെന്നിത്തല ആശാനോട് , ചെല്ലപ്പന്‍ പിള്ളേ! താങ്കള്‍  ദുര്യോധനന്‍ തേച്ചുകൊള്ളൂ എന്നു പറഞ്ഞു. വേഷത്തിന് ഉണ്ടായ മാറ്റത്തെ പറ്റി ഒന്നും അന്വേഷിക്കാതെ തന്നെ   ആശാന്‍ തേപ്പും തുടങ്ങി. 

 ഒരു നടന്  കര്‍ണ്ണവേഷം നിശ്ചയിച്ചിട്ടു  പിന്നീട്  വേഷം മറ്റൊരു നടന് നല്‍കേണ്ടി വരുമ്പോള്‍   ചെറിയ വൈഷമ്യം തോന്നുക സഹജമാണ്. ചെന്നിത്തല ആശാന്  തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഒരു ഉത്സവക്കളിക്ക് കര്‍ണ്ണശപഥത്തില്‍ കര്‍ണ്ണന്‍ നിശ്ചയിച്ചിരുന്നു. ആ വര്‍ഷമാണ്‌ അദ്ദേഹത്തിനു സുഖമില്ലാതെ കളിക്ക് പോകുന്നത് നിര്‍ത്തേണ്ടി വന്നത്. അദ്ദേഹം മരിക്കുന്നതുവരെ ആ നിരാശ മനസ്സില്‍ ഉണ്ടായിരുന്നു. അത്ര കണ്ട് മാനസീക സ്നേഹം "കര്‍ണ്ണന്‍ " എന്ന കഥാപാത്രത്തിനോട്  അദ്ദേഹത്തിന്  ഉണ്ടായിരുന്നു. എന്നാല്‍ ഒരു അവസരത്തില്‍ എങ്ങിനെയെങ്കിലും ഈ കര്‍ണ്ണവേഷം ഒന്നൊഴിവായി കിട്ടിയാല്‍ മതി എന്ന് ചിന്തിച്ചു അത് തന്ത്രപൂര്‍വ്വം മറ്റൊരു കലാകാരനെ   ഏല്‍പ്പിച്ച  കഥയാണ് ഇന്നത്തെ ഇളകിയാട്ടത്തില്‍ സമര്‍പ്പിക്കുന്നത്. 

അടൂരിന് സമീപമുള്ള ഒരു ക്ഷേത്രത്തിലാണ്  കളിയരങ്ങ്. കര്‍ണ്ണശപഥവും ദുര്യോധനവധവും  കഥകള്‍. ചെന്നിത്തല ആശാന്റെ  കര്‍ണ്ണന്‍, ഓയൂര്‍ ആശാന്റെ  കൃഷ്ണന്‍, കലാമണ്ഡലം രാജശേഖരന്റെ കുന്തിയും പാഞ്ചാലിയും ആയിരുന്നു നിശ്ചയിച്ചിരുന്ന വേഷങ്ങള്‍. ശ്രീ. കലാമണ്ഡലം രാജശേഖരന്‍ ഒഴികെ മറ്റു എല്ലാ കലാകാരന്മാരും വളരെ നേരത്തെ തന്നെ കളിസ്ഥലത്ത് എത്തിച്ചേര്‍ന്നിര്‍ന്നു.  ശ്രീ.രാജശേഖരന്‍   രാത്രി പത്തു മണിയോടെ എത്തിച്ചേരും എന്നു കളിയുടെ ചുമതലക്കാരന്‍ അണിയറയില്‍ പ്രസ്താവിച്ചു. ചെന്നിത്തല ആശാന്‍ ആഹാരം കഴിഞ്ഞു അണിയറയില്‍ എത്തിയപ്പോള്‍ അണിയറയുടെ ഒരു മൂലയില്‍ ഒരു പ്രശസ്ത  കഥകളി ആശാന്‍  കളിയോഗവുമായി ബന്ധപ്പെട്ട ഒരു  കലാകാരനെ കര്‍ണ്ണശപഥം കഥയിലെ കുന്തിയുടെ വേഷം ചെയ്യാന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചു. പ്രസ്തുത കഥകളിയുടെയും കഥകളിയോഗത്തിന്റെയും  ചുമതലക്കാരനും എന്നാല്‍ കഥകളി ഉപജീവന മാര്‍ഗ്ഗമായി സ്വീകരിക്കാതെ കഥകളിയോടുള്ള  താല്‍പ്പര്യം കൊണ്ട് കഥകളി പഠിക്കുകയും   ഉയര്‍ന്ന  ഔദ്യോഗിക പദവി വഹിക്കുന്നതുമായ ആ കലാകാരന്‍,   രാജശേഖരന്‍ കളിക്ക് എത്തുകയില്ല എന്ന് അറിഞ്ഞുകൊണ്ട്, അതു തല്ക്കാലം പുറത്തു പറയാതെ കളി നടത്തുവാനുള്ള  ശ്രമമാണെന്നും ആശാന്‍ മനസിലാക്കി. 

 ആകാരം കൊണ്ടും വേഷം കൊണ്ടും പ്രവര്‍ത്തി കൊണ്ടും  ഇദ്ദേഹം കുന്തി വേഷത്തിന് ഒട്ടും യോജിച്ചതല്ല എന്ന്‌ നല്ലതു  പോലെ അറിയാവുന്ന ചെന്നിത്തല ആശാന്‍  ഈ കുന്തിയുടെ കൂടെ അരങ്ങില്‍ പോകുന്നതില്‍ ഭേദം ആ വേഷം എങ്ങിനെയെങ്കിലും ഒഴിവാകുന്നതാണ് നല്ലത് എന്ന്‌ തീരുമാനിച്ചു. അണിയറയില്‍ എഴുതി വെച്ചിരുന്ന വേഷത്തിന്റെ ലിസ്റ്റുമെടുത്തു കൊണ്ട്  നേരെ ഉത്സവ കമ്മിറ്റി ഓഫീസിലേക്ക് പോയ ചെന്നിത്തല ആശാന്‍ വളരെ വിനീതനായി ഒരു സങ്കട ഹര്‍ജി അവരുടെ മുന്‍പില്‍ സമര്‍പ്പിച്ചു.

കഥകളി നടന്മാര്‍ക്ക് വേഷം നിശ്ചയിക്കുമ്പോള്‍  സീനിയര്‍ ജൂനിയര്‍ എന്നൊക്കെ ചില നിയമങ്ങള്‍ സ്വീകരിക്കാറുണ്ട്.  കൊച്ചു ഗോവിന്ദപിള്ള ചേട്ടന്‍ കളിക്ക് ഉള്ളപ്പോള്‍ കര്‍ണ്ണന്റെ വേഷം അദ്ദേഹത്തിനാണ് നല്‍കേണ്ടത്.  അതുകൊണ്ട് ഞങ്ങളുടെ  വേഷങ്ങള്‍ ഒന്ന് മാറ്റുക എന്ന് അപേക്ഷിച്ചു.
  ചെന്നിത്തല ആശാന്റെ അപേക്ഷയില്‍   ന്യായമുണ്ട്   എന്ന്‌ കമ്മിറ്റിക്ക് ബോദ്ധ്യപ്പെടുകയും  ചെയ്തപ്പോള്‍ അവര്‍  തന്നെ  വേഷങ്ങളുടെ ലിസ്റ്റില്‍ ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ളയുടെ കര്‍ണ്ണന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ളയുടെ കൃഷ്ണന്‍ എന്ന്‌ മാറ്റം വരുത്തി  അണിയറയില്‍ ലിസ്റ്റും കൊണ്ടു വെച്ചു. അപ്പോഴേക്കും ദുര്യോധനനടന്‍ വേഷം തേക്കാന്‍ തുടങ്ങിയിരുന്നു.  ഇനി മുഖ്യമായി   ചെയ്തു തീര്‍ക്കേണ്ട ഒരു ജോലി കൂടി ബാക്കി ചെന്നിത്തല ആശാനില്‍ ഉണ്ട്, അത്  ഓയൂരിനെ തേടി കണ്ടു പിടിക്കുക എന്നതാണ്.  കളിസ്ഥലത്തുള്ള ഒരു മുറുക്കാന്‍ കടയുടെ സമീപം ഒരു ആസ്വാദകനോട് സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന യൂരാശാനെ കണ്ടെത്തി  " ചേട്ടാ! വേഷത്തിന് ഒരു ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് അറിയിച്ചു. ചേട്ടന്റെ കര്‍ണ്ണന്‍ കണ്ടാല്‍ കൊള്ളാമെന്നു ഇവിടെ പല ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ചേട്ടന്‍ പോയി തേച്ചുകൊള്ളൂ   എന്ന്‌ ചെന്നിത്തല ആശാന്‍ അറിയിച്ചു. ഓയൂരാശാനും വളരെ സന്തോഷത്തോടെ  അണിയറയിലെത്തി വേഷത്തിന്റെ ലിസ്റ്റില്‍ തന്റെ വേഷമാറ്റം ഉറപ്പു വരുത്തിയ ശേഷം തേപ്പു തുടങ്ങി. 


ഓയൂരാശാന്‍ ചുട്ടി തീര്‍ന്നു കഴിഞ്ഞു. തുടര്‍ന്ന്  കുന്തി വേഷത്തിന് നടന്‍ മിനുക്കാന്‍ ഇരുന്നപ്പോഴാണ് രാജശേഖരന്‍ കളിക്ക് എത്തുകയില്ല എന്നും ചെല്ലപ്പന്‍ കര്‍ണ്ണന്‍ ഒഴിഞ്ഞത് ഈ കുന്തിയില്‍ നിന്നും രക്ഷപെടുവാന്‍ ആയിരുന്നു എന്നും,  ഈ കുന്തിയുടെ കൂടെ വേണം താന്‍ കര്‍ണ്ണനായി അരങ്ങിലേക്ക് പോകേണ്ടതെന്നും ഓയൂരാശാന്‍ മനസിലാക്കിയത്.  


കളി കഴിഞ്ഞു. സൗകര്യം കിട്ടിയപ്പോള്‍ ഓയൂരാശാന്‍ ചെന്നിത്തല ആശാന്റെ കാതില്‍  " ഈ ചതി എന്നോട് വേണ്ടായിരുന്നു " എന്ന് പറയുകയും ചെയ്തു. പിന്നീട് ഈ കഥ അറിഞ്ഞവരെല്ലാം ഒരു നേരിയ പുഞ്ചിരിയോടെ    സഹോദര തുല്യനായി  താങ്കളെ  കരുതുന്ന പാവം ഓയൂരാശാന്  ഇങ്ങിനെയൊരു  ഒരു ധര്‍മ്മ സങ്കടം ഉണ്ടാക്കിയതിനെ  പറ്റി ചെന്നിത്തല ആശാനോട് ചോദിച്ചു.  

                                                   ശ്രീ.ചെന്നിത്തല ചെല്ലപ്പന്‍ പിള്ള 

രാജശേഖരന്‍ കളിക്ക് എത്താതിരുന്നതു കൊണ്ടാണ് വേറൊരു നടന്‍ കുന്തി കെട്ടേണ്ടി വന്നത്. രാജശേഖരന്‍ ഓയൂര്‍ ചേട്ടന്റെ ശിഷ്യനാണ്. അപ്പോള്‍ ശിഷ്യന്‍  എത്താതിരുന്നതിന്റെ ഫലം ഗുരുനാഥന്‍   അനുഭവിക്കട്ടെ എന്ന് മാത്രമാണ്   ഞാന്‍ ചിന്തിച്ചത് എന്ന് ചെന്നിത്തല ആശാന്‍ മറുപടി പറഞ്ഞു. 


                 (ശ്രീ.കലാമണ്ഡലം രാജശേഖരനും ഗുരുനാഥന്മാരായ ശ്രീ. ഓയൂര്‍ കൊച്ചു  ഗോവിന്ദപ്പിള്ള,  ശ്രീ. മടവൂര്‍ വാസുദേവന്‍‌ നായര്‍, ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കര്‍ എന്നിവരും )


(കലാമണ്ഡലം രാജശേഖരന്‍ ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കരുടെ ശിഷ്യനായി കഥകളി അഭ്യസിച്ചു പിന്നീട് ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ളയുടെ ശിഷ്യനായി ഉപരിപഠനം നടത്തി. അതിനു ശേഷം കലാമണ്ഡലം കളരിയില്‍ ശ്രീ. മടവൂരാശാന്റെ ശിഷ്യനായി അഭ്യസിച്ചു എന്നത് ഇവിടെ സ്മരിച്ചു കൊള്ളട്ടെ. )