പേജുകള്‍‌

2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ശ്രീമതി. ചവറ പാറുക്കുട്ടിചേച്ചിക്ക് കണ്ണീർ അഞ്ജലി

  

പത്മഭൂഷൺ മടവൂർ ആശാൻറെ കലാമണ്ഡലത്തിൽ നടന്ന അനുസ്മരണ പരിപാടികളിൽ പങ്കെടുത്തശേഷം ഇന്നലെ (feb -7)  വൈകിട്ട് അഞ്ചു മണിയോടെയാണ് ഞാൻ ചെന്നൈയിൽ മടങ്ങിയെത്തിയത്. യാത്രാ ക്ഷീണം മൂലം നല്ലൊരുറക്കം ആസ്വാദിച്ചതിൻറെ ആലസ്യത്തോടയാണ് ഇന്നു രാവിലെ ഫേസ് ബുക്ക്  തുറന്നത്. കഥകളിയിലെ സ്ത്രീരത്നം ശ്രീമതി. ചവറ പാറുക്കുട്ടി ചേച്ചിയുടെ മരണവാർത്തയാണ് പോസ്റ്റുകളിൽ നിറഞ്ഞു കണ്ടത്. 


                                                                       ശ്രീമതി. ചവറ പാറുക്കുട്ടി  

ചെറുപ്രായത്തിൽ  പൂതനാമോക്ഷം കഥയിലെ ലളിതയുടെ വേഷം കെട്ടി അരങ്ങിലെത്തുകയും തുടർന്ന് കുറച്ചുകാലം ദക്ഷിണകേരളത്തിലെ കൊല്ലം ജില്ലയിലെ   പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിന്റെ മാനേജർ ആയിരുന്ന ശ്രീ. മാധവൻ ഉണ്ണിത്താൻ അവർകളുടെ ചുമതലയിലുള്ള എല്ലാ കളികളിലും  കഥകളിയുടെ സംഘാടകരെ സ്വാധീനിച്ചുകൊണ്ട് ആദ്യരംഗമായി    ഒരു നിശ്ചിത  സമയത്തിനുള്ളിൽ  പാറുക്കുട്ടിയുടെ പൂതനാമോക്ഷം അവതരിപ്പിക്കുക പതിവായിരുന്നു. ശ്രീമതി. പാറുക്കുട്ടി ചേച്ചിയുടെ കലാപരമായ വളർച്ചയ്ക്ക് ശ്രീ. പോരുവഴി കഥകളിയോഗം മാനേജർ ചെയ്ത പ്രോത്സാഹനം  സ്മരണീയമാണ്. തുടർന്ന് ദുര്യോധനവധം കഥയാണ് അവതരിപ്പിക്കുന്നതെങ്കിൽ ചേച്ചിക്ക് ലഭിച്ചിരുന്ന വേഷം ദുര്യോധനാദികളുടെ സഭാപ്രവേശരംഗത്തിലുള്ള പാഞ്ചാലിയാണ്. അന്നത്തെ രീതിയനുസരിച്ച് ദുര്യോധനാദികളുടെ സ്ഥലജലവിഭ്രമ സമയത്ത് ഒന്ന് കൈകൊട്ടുവാൻ  (കൈകൊട്ടൻ പോവുക എന്നൊരു പറച്ചിൽ തന്നെ ഉണ്ടായിരുന്നു) ഒരു സ്ത്രീവേഷം എന്ന  കർമ്മമാണ്‌ ഈ രംഗത്ത് പാഞ്ചാലിക്കുള്ളത്. ഒരിക്കൽ ഗുരു. ചെങ്ങന്നൂരാശാന്റെ ദുര്യോധനൻറെ സ്ഥലജലവിഭ്രമത്തിനും   ഈ പാഞ്ചാലി കൈകൊട്ടി. അണിയറയിൽ എത്തിയപ്പോൾ ഗുരു.ചെങ്ങന്നൂർ പാഞ്ചാലിവേഷം ചെയ്ത പാറുകുട്ടി എന്ന ആ കുട്ടിയെ അടുത്തു വിളിച്ച് "ഹസിച്ചു പാർഷതി"എന്നേ പറഞ്ഞിട്ടുള്ളൂ അതുകൊണ്ട് കൈകൊട്ടേണ്ടതില്ല എന്ന് ഉപദേശിച്ചു. അന്ന് ആ കുട്ടി പ്രസ്തുത ഉപദേശം സ്വീകരിച്ചു. ഇങ്ങിനെ പല  മഹാന്മാരായ ഗുരുക്കന്മാരുടെ ഉപദേശങ്ങൾ സ്വീകരിച്ചും അത് ഉൾക്കൊണ്ടുകൊണ്ടും  കഥകളി അരങ്ങുകളിൽ എത്തിയിരുന്ന പാറുക്കുട്ടിയെന്ന ബാലികയെ ശിഷ്യയായി സ്വീകരിക്കുവാൻ കഥകളി ആചാര്യൻ ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി തയ്യാറായി. 

ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ ചുമതലയിൽ   ബോംബയിൽ നടന്ന കളിക്ക് അദ്ദേഹത്തിൻ്റെ കചനോടൊപ്പം പാറുക്കുട്ടി നായികാവേഷം ദേവയാനിയായി രംഗത്തെത്തി.  ബ്രഹ്മശ്രീ. മാങ്കുളം തിരുമേനിയുടെ ചുമതലയിലുള്ള  സമസ്തകേരള കഥകളി വിദ്യാലയത്തിന് ധാരാളം അരങ്ങുകൾ ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ തൻ്റെ കഥാപാത്രങ്ങൾക്ക് നായികാ വേഷത്തിന് പാറുക്കുട്ടിയെ പ്രാപ്തയ്ക്കുന്നതിൽ  മാങ്കുളം തിരുമേനി വിജയിക്കുകയും ചെയ്തു. തുടർന്ന് ഗുരു. ചെങ്ങന്നൂരും  അദ്ദേഹത്തിൻറെ ശിഷ്യന്മാർ   ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ, ശ്രീ. പള്ളിപ്പുറം ആശാൻ , ശ്രീ. ഓയൂർ ആശാൻ എന്നിവരുടെ നായക വേഷങ്ങൾക്ക് നായികാവേഷം ചെയ്യുവാനുള്ള  ധൈര്യവും    പ്രാപ്തിയും  പാറുക്കുട്ടി നേടിക്കഴിഞ്ഞിരുന്നു. 

ഞാൻ ഒരു കൊച്ചുകുട്ടിയായിരുന്ന കാലഘട്ടങ്ങളിൽ ചേച്ചി ഒരു കളിയരങ്ങുകളിൽ നിന്നും മറ്റൊരു കളിയരങ്ങിലേക്കു പോകുന്ന വഴി പലപ്പോഴും എൻ്റെ അച്ഛനോടൊപ്പം   വീട്ടിൽ എത്തിയിട്ടുണ്ട്. അന്നൊക്കെ കൊച്ചു കൊച്ചു കഥകൾ എനിക്ക് പറഞ്ഞുതന്നിട്ടുള്ളതും ഈ അവസരത്തിൽ സ്മരിക്കുന്നു. ശ്രീ. മങ്കൊമ്പ് ആശാന്റെ നിഴൽക്കുത്തിലെ മലയത്തിവേഷം പ്രശസ്തിയുടെ കൊടുമുടിയിൽ  നിന്നിരുന്ന കാലഘട്ടത്തിൽ മാവേലിക്കര വാരണാസി മഠത്തിനു സമീപമുള്ള പൊന്നാരംതോട്ടം ക്ഷേത്രത്തിൽ നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തും കഥകൾ അവതരിപ്പിച്ചത് ഞാൻ ഓർമ്മിക്കുന്നു.   ശ്രീ.  ഓയൂർ ആശാൻറെ ഹംസത്തോടൊപ്പമുള്ള ദമയന്തിയെയും ശ്രീ. പന്തളം കേരളവർമ്മയുടെ മലയനോടൊപ്പമുള്ള മലയത്തിയെയും  അന്ന് അവതരിപ്പിച്ചത്‌    പാറുക്കുട്ടി ചേച്ചിയായിരുന്നു. ഈ രണ്ടു വേഷങ്ങളും വളരെ ഗംഭീരമാക്കി എന്ന് സംഘാടകർ നേരിട്ട് പ്രശംസിച്ചത് ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു. 1981 മുതൽ  ഔദ്യോഗികമായി ഞാൻ ചെന്നൈയിലാണ് എങ്കിലും നാട്ടിലെത്തുമ്പോൾ കഥകളി കാണുവാനുള്ള അവസരങ്ങൾ പാഴാക്കാറില്ല. ഈ അവസരങ്ങളിൽ ചേച്ചിയുള്ള കളിക്ക് , ചേച്ചിക്ക് രണ്ടാമത്തെ കഥയിലാണ് വേഷം  എങ്കിൽ  സൗകര്യമുള്ളത്ര സമയം  അരങ്ങിന് മുൻപിൽ ചേച്ചിയും ഉണ്ടാകും. ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ ഞാനും ഒപ്പം കൂടിയിട്ടുണ്ട്.  പലപ്പോഴും എന്നോട് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. എൻ്റെ വിവാഹത്തിന് ചേച്ചി പങ്കെടുത്തിരുന്നു. എൻ്റെ വിവാഹത്തിന് മുൻദിവസം ചുനക്കര മഹാദേവർ ക്ഷേത്രത്തിലെ കഥകളിക്ക് കഥ ഹരിശ്ചന്ദ്രചരിതം ആയിരുന്നു. എൻ്റെ പിതാവിൻറെ ഹരിശ്ചന്ദ്രനും ചേച്ചിയുടെ ചന്ദ്രമതിയുമായിരുന്നു.   

എൻ്റെ പിതാവിൻ്റെ മരണദിവസം നടന്ന അനുശോചനയോഗത്തിൽ ഏറ്റവും സ്മരണീയമായ അനുശോചനവാക്കുകൾ ചേച്ചിയുടേത് ആയിരുന്നു എന്ന് എൻ്റെ നാട്ടിലുള്ളവർ പലരും    പറഞ്ഞിരുന്നു. എൻ്റെ പിതാവിൻ്റെ സ്മരണയ്ക്കായി നിലകൊള്ളുന്ന ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക സാംസ്കാരിക വേദി ചേച്ചിയെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തിട്ടുണ്ട്.

 എൻ്റെ മാതാവും ശ്രീമതി സുമാരാജശേഖരനും ശ്രീമതി. പാറുക്കുട്ടി ചേച്ചിയോടൊപ്പം  

ധാരാളം സ്മരണകൾ സമ്മാനിച്ചിട്ടാണ് ചേച്ചി ഇഹലോകവാസം വെടിഞ്ഞത്. ചേച്ചിയുടെ ദമയന്തി,  ദേവയാനി, സതി, ലളിതകൾ , പാഞ്ചാലി, ഉഷ, ചിത്രലേഖ, സൈരന്ധ്രി, രതിവിരതിമാർ, മലയത്തി, മണ്ണാത്തി, ചന്ദ്രമതി, ഭാനുമതി, കുന്തി, സീത എന്നിങ്ങനെയുള്ള  എല്ലാ സ്ത്രീവേഷങ്ങളും  കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്.  കഥകളി ലോകത്തെ  ധന്യമാക്കിയിരുന്ന ഒരു ഉജ്വല സ്ത്രീ സാന്നിദ്ധ്യം നമുക്ക് നഷ്ടമായിരിക്കുകയാണ്. ആ കലാകാരിയുടെ സ്മരണയ്ക്ക് മുന്നിൽ ഒരു തുള്ളി കണ്ണീർ അഞ്ജലിയായി സമർപ്പിക്കുന്നു.

(ചേച്ചിയുടെ ചിത്രം ഗൂഗിൾ സേർച്ച് വഴി ലഭിച്ചതാണ്)                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ