പേജുകള്‍‌

2014, ഏപ്രിൽ 19, ശനിയാഴ്‌ച

ഈശ്വരോ രക്ഷതു ! -(2) യാത്ര കൂടുതൽ ചെയ്യുന്നവർക്ക് അവരുടെ യാത്രകളിൽ രസകരമായ പല അനുഭവങ്ങളും ഉണ്ടാവാറുണ്ട്. കഥകളി കലാകാരന്മാർ കൂടുതൽ യാത്ര ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ വളരെയധികം അനുഭവകഥകൾ അവർക്ക് പങ്കുവെയ്ക്കാൻ ഉണ്ടാകും. പണ്ട് കഥകളി കലാകാരന്മാരുടെ ഒരു കളിസ്ഥലത്ത് നിന്നും അടുത്ത കളിസ്ഥലത്തേക്കുള്ള യാത്രയും വീട്ടിലേക്കുള്ള മടക്കയാത്രയും ഇന്നത്തെപ്പോലെ സുഗമമായിരുന്നില്ല.  എന്റെ പിതാവ് അദ്ദേഹം കഥകളി അഭ്യസിച്ചശേഷമുള്ള   ആദ്യ കാലഘട്ടങ്ങളിലെ പല യാത്രാനുഭവങ്ങളും   പറഞ്ഞ് അറിവുണ്ട്. എന്റെ ഗ്രാമമായ  ചെന്നിത്തലയിൽ നിന്നും അക്കാലത്ത് തട്ടാരമ്പലം വഴി സുമാർ 17-കിലോമീറ്ററിലധികം ദൂരമുള്ള ആയിരംതെങ്ങിലോ വവ്വാക്കാവിലോവരെ   (കായംകുളം കൊച്ചുണ്ണിയുടെ സാമ്രാജ്യം)  നടന്നു ചെന്ന്  അവിടെ നിന്നും ബോട്ടിലാണ് പരവൂരും പരിസരത്തും (കൊല്ലം)  കളിക്ക് പോയിരുന്നത്. ഒരിക്കൽ പരവൂരിലെ ഒരു കളിയും കഴിഞ്ഞ് ആയിരംതെങ്ങ് ബോട്ട് ജെട്ടിയിൽ എത്തി അവിടെ  പുതുപ്പള്ളി വഴി കായംകുളത്തിന് നടന്ന് അച്ഛൻ യാത്ര തിരിച്ചു. പുതുപ്പള്ളിയിൽ അച്ഛന്റെ മുത്തശ്ശി താമസമുണ്ട്. മുത്തശ്ശിക്ക് നല്കാനുദ്ദേശിച്ച    മൂന്നുരൂപ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിട്ട്   മിച്ചമുള്ള പണം ശരീരഭാഗത്ത് ഭദ്രമായി ഒളിപ്പിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്രാമദ്ധ്യേ ഒരു വിജനമായ സ്ഥലത്തു വെച്ച് ഒരു കള്ളൻ അച്ഛനെ മടക്കി. ആദ്യം തന്നെ അയാൾ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് മൂന്നു രൂപ കൈക്കലാക്കി. പിന്നീട് കഥകളി സാധനങ്ങൾ കൊണ്ടുപോകുന്ന ചാക്കുസഞ്ചി (അന്ന് ബാഗ് ഇല്ല. പണ്ടത്തെ ചാക്കുതുണി കൊണ്ട് തൈച്ച സഞ്ചിയാണ് ഉപയോഗിച്ചിരുന്നത്) തുറന്ന് അതിലിരുന്ന   കഴുത്താരം, ചുട്ടിത്തുണി, ഹസ്തകടകം,  പട്ടുത്തരീയം, ചെപ്പ്, കണ്ണാടി എന്നീ സാധനങ്ങൾ ഓരോന്നായി എടുത്തു വെളിയിലേക്ക് എറിഞ്ഞിട്ട് അതിനുള്ളിൽ എവിടെയെങ്കിലും പണം ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു.  അയാൾക്ക് പ്രതീക്ഷയ്ക്കനുസരിച്ചുള്ള  പണം ലഭിക്കാത്തതിനാൽ ക്രുദ്ധനായി, ഇനി പണം കയ്യിലില്ലാതെ ഇതുവഴി വരരുത് എന്ന് ഒരു താക്കീതും  നൽകിയ ശേഷമാണ് അയാൾ പോയത്. പിന്നീട് ഒരിക്കലും പരവൂരിലേക്ക് കളിക്ക് പോകുമ്പോഴും വരുമ്പോഴും ആ വിജനവീഥിയിൽ തനിയേയാത്ര ചെയ്തിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

1980 കാലഘട്ടങ്ങളിൽ ഒരിക്കൽ കൊല്ലം ജില്ലയിലെ മൂന്നോ നാലോ ദിവസത്തെ തുടർക്കളി കഴിഞ്ഞുള്ള അച്ഛന്റെ മടക്കയാത്ര.  തുടർക്കളികൾ കഴിഞ്ഞു വരുമ്പോൾ ഒരിക്കലും കളിപ്പണം പേഴ്സിൽ വെയ്ക്കുകയില്ല. കളിപ്പണം ഭദ്രമായി ഒരു മുഷിഞ്ഞ വേഷ്ടിയിൽ പൊതിഞ്ഞു ബാഗിനുള്ളിൽ സൂക്ഷിക്കും. യാത്രാച്ചിലവിനുള്ള പണം മാത്രം പേഴ്സിൽ കരുതും. അതായിരുന്നു രീതി. അച്ഛൻ മാവേലിക്കരയിൽ എത്തി അവിടെ നിന്നും ചങ്ങനാശേരിക്ക് പോകുന്ന "സെന്റ്‌ ജോർജ് " ബസ്സിൽ കയറി ചെന്നിത്തലയ്ക്ക് ടിക്കറ്റ് വാങ്ങി. ടിക്കറ്റിനുള്ള പണം നൽകിയ ശേഷം പേഴ്സ് മടിയിൽ സൂക്ഷിച്ചുവെച്ചു. യാത്രാക്ഷീണം കൊണ്ട് ഉറങ്ങുകയും  ചെയ്തു. ചെന്നിത്തലയിൽ എത്തിയപ്പോൾ ആരോ ഉണർത്തി. ഇറങ്ങാൻ നേരമാണ്  മടിയിൽ പേഴ്സ് ഇല്ല എന്ന് മനസിലായത്. എന്റെ പേഴ്സ് നഷ്ടപ്പെട്ടു. ഞാൻ ടിക്കറ്റിനു പണം നല്കിയശേഷം മടിയിൽ സൂക്ഷിച്ചതാണ് എന്ന് അച്ഛൻ പറഞ്ഞപ്പോൾ ബസ്സിലെ കണ്ടക്ടറും ക്ളീനറും  ബസ്സ് യാത്രക്കാരും ബസ്സിലാകെ തേടി. എന്നാൽ പേഴ്സ് കണ്ടെടുക്കാനായില്ല. പേഴ്സിൽ പണം കുറവായിരുന്നതിനാൽ അതൊരു ഇഷ്യു ആക്കാതെ അദ്ദേഹം  ബസ്സിൽ നിന്നും ഇറങ്ങി വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ്  ഉറക്കമായി.

ഉച്ചയോടെ "സെന്റ്‌ ജോർജ്" ബസ്സിലെ കണ്ടക്റ്റർ ഞങ്ങളുടെ  വീട്ടിലെത്തി. ഉറങ്ങിക്കിടന്നിരുന്ന അച്ഛനെ അദ്ദേഹം വിളിച്ചുണർത്തി. നഷ്ടപ്പെട്ട പേഴ്സ് ലഭിച്ചു എന്നും ബസ്സിൽ നിന്നും പേഴ്സ് കൈക്കലാക്കിയ വ്യക്തി ചങ്ങനാശേരി  പോലീസ് കസ്റ്റടിയിൽ ഉണ്ടെന്നും, ഇന്നു തന്നെ ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് കൈപ്പറ്റണം എന്നും അച്ഛനെ അദ്ദേഹം അറിയിച്ചു. നഷ്ടപ്പെട്ട പേഴ്സിനുള്ളിൽ ഉള്ള നോട്ടും  ചില്ലറയും എല്ലാം ചേർത്താൽ ചങ്ങനാശേരിവരെ പോയി മടങ്ങിവരാനുള്ള യാത്ര ക്കൂലിക്കുള്ള പണം പോലും കാണില്ല എന്നും, ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിട്ടില്ല   എന്നൊക്കെ പറഞ്ഞ് ചങ്ങനാശേരിയാത്ര ഒഴിവാക്കാൻ അച്ഛൻ പരമാവധി ശ്രമിച്ചു നോക്കി. അച്ഛന്റെ കഥകളിയിലെ  തിരക്കുള്ള പ്രവർത്തനമേഖല അധികവും കൊല്ലം ജില്ലയാണ്. ഒരു വർഷത്തിൽ കുറച്ച്  അരങ്ങുകളാവും കോട്ടയം ജില്ലയിൽ ലഭിക്കുക. കോട്ടയം ജില്ലയിലെ ഏതെങ്കിലും ഒരു കളിക്ക് പോകുമ്പോൾ ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ പോയി പേഴ്സ് കൈപ്പറ്റിക്കൊള്ളാം എന്ന അഭിപ്രായം അച്ഛൻ കണ്ടക്റ്ററെ അറിയിച്ചു. അങ്ങിനെയെങ്കിൽ ആവിവരം ഒരു പേപ്പറിൽ എഴുതി ഒപ്പിട്ടുതരൂ, ഞാൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാം എന്നായി കണ്ടക്റ്റർ. ഒടുവിൽ കണ്ടക്റ്ററുടെ അഭിപ്രായപ്രകാരം അച്ഛൻ എഴുതിക്കൊടുത്ത ലറ്ററുമായാണ്  കണ്ടക്റ്റർ മടങ്ങിയത്.  ബസ്സിൽ നഷ്‌ടമായ പേഴ്സ്  ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എങ്ങിനെ എത്തിച്ചേർന്നു എന്ന വിവരം കൂടി അറിയണമല്ലോ?

ഒരു  കലാകാരൻ എന്ന നിലയിൽ  സ്ഥിരയാത്രക്കാരനാകയാൽ  അച്ഛനെ അറിയാവുന്നവരാണ് ആ ബസ്സിൽ ഉണ്ടായിരുന്നവരിൽ പലരും. അച്ഛന്റെ മടിയിൽ നിന്നും പേഴ്സ് ബസ്സിനുള്ളിൽ വീഴുകയും ബസ്സ് നീങ്ങുന്നതിനനുസരിച്ച്   പേഴ്സ്  മുന്നോട്ട് നീങ്ങി മുൻ സീറ്റിലിരുന്ന ഒരു യാത്രക്കാരന്റെ കാലിൽത്തട്ടി.   തന്റെ കാലിൽ തട്ടിയത് ഒരു പേഴ്സ് ആണെന്ന് മനസിലാക്കിയപ്പോൾ, അതിൽ അധികം പണം ഉണ്ടാകും എന്ന ധാരണയിൽ അയാൾ അത് എങ്ങിനെയോ  മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാതെ മറച്ചു. ഇതിനിടെ പല യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു. ചങ്ങനാശേരി ടവുണിനു സമീപം ബസ്സ് എത്തിയപ്പോൾ പേഴ്സ് മറച്ചു വെച്ചിരുന്ന യാത്രക്കാരൻ  കുനിഞ്ഞ് ഒളിപ്പിച്ചു വെച്ചിരുന്ന പേഴ്സ്  എടുക്കുന്നത് ഒരു യാത്രിക കണ്ടു. അവർ ഉടൻ തന്നെ കണ്ടക്റ്ററെ വിവരം ധരിപ്പിക്കുകയും ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ  നിർബ്ബന്ധിക്കുകയും ചെയ്തു. ആ യാത്രിക പോലീസ് സ്റ്റേഷനിൽ ഒരു പരാതി എഴുതി നൽകുകയും  കുറ്റവാളിയെ കസ്റ്റടിയിൽ എടുക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ കോട്ടയം ജില്ലയിലെ ഒരു കളിക്ക് പോകും വഴിയില ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എത്തി  അച്ഛൻ പേഴ്സ് കൈപ്പറ്റുകയും ചെയ്തു. 

ഉദ്യോഗമണ്ഡൽ കഥകളി ട്രൂപ്പിന്റെ വിദേശയാത്രയിൽ പങ്കെടുക്കുവാൻ ഒരവസരം എന്റെ പിതാവിന് ലഭിച്ചിരുന്നു. ആ യാത്രയിലെ ഒരു അനുഭവം അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ ഞാൻ വായിച്ചിട്ടുണ്ട്. ലണ്ടനിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് നഷ്ടപ്പെട്ട മൂക്കുക്കണ്ണാടി, പ്രസ്തുത ഹോട്ടലിലെ റസിപ് ഷനിസ്റ്റ് കണ്ടെടുത്ത് ലണ്ടൻ വിട്ടു ജർമ്മനിയിൽ എത്തിയ കഥകളി സംഘവുമായി എങ്ങിനെയോ  ബന്ധപ്പെടുകയും സംഘം  ജർമ്മനിയിൽ തങ്ങിയിരുന്ന ഹോട്ടലിൽ തപാൽ  മൂലം മൂക്കുകണ്ണാടി എത്തിച്ചതായും   സൂചിപ്പിച്ചിട്ടുണ്ട്. 
 
ഇങ്ങിനെ യാത്രാനുഭവകഥകൾ അച്ഛന്റെ ജീവിതത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇനി പിന്നീടാവാം. ഒരു പ്രശസ്തനായ കഥകളി ഗായകന്റെ യാത്രാനുഭാവമാണ് ഇനി നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നത്. അറിയപ്പെടുന്ന ഒരു കലാകാരനായതു കൊണ്ടുമാത്രമാണ് നമ്മുടെ കഥാനായകൻ ശരീരത്തിനു ഒരു കേടുംകൂടാതെ സ്വഗൃഹത്തിൽ എത്തിച്ചേർന്നത് എന്നാണ് എന്റെ അറിവ് എന്ന് പറയുമ്പോൾ ഇദ്ദേഹം വലിയ ഒരു അപരാധം ചെയ്തു എന്ന് ആരും തെറ്റിധരിക്കരുത്. ഒരു ചെറിയ അപദ്ധം സംഭവിച്ചു എന്ന് മാത്രം കരുതിയാൽ മതി. 

 എറണാകുളം ജില്ലയിലെ പിറവം ക്ഷേത്രത്തിലെ ഒരു കഥകളി കഴിഞ്ഞ് ഏറണാകുളം വരെയുള്ള   മടക്കയാത്രയിലാണ് സംഭവം നടന്നത്. പിറവത്തു നിന്നും ഏറണാകുളത്തിനുള്ള  സുമാർ ഒന്നേകാൽ മുതൽ ഒന്നര മണിനേരത്തിനുള്ളിൽ  എന്ത് സംഭവമാണ് നടന്നത് എന്ന ആകാംക്ഷ  വായനക്കാരിൽ ഉണ്ടായേക്കാം. കളി കഴിഞ്ഞ് ഗായകൻ പിറവം സ്റ്റാന്റിൽ എത്തി. ബസ് കാത്തു നിൽക്കുമ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന അൽപ്പം പുകയില എടുത്തു വായിൽ തിരുകി. അപ്പോഴാണ്‌ ഒരു കഥകളി ആസ്വാദകൻ അവിടെയെത്തിയത്. അലക്കി തേച്ച്  ശുഭ (വെള്ളവസ്ത്രം) വസ്ത്രധാരിയായ ആ ആസ്വാദകൻ  ഗായകനെ കണ്ടപ്പോൾ ആദരവാൽ  കൈകൂപ്പി സന്തോഷപൂർവ്വം  അടുത്തു കൂടി. കഴിഞ്ഞ രാത്രിയിലെ പിറവം ക്ഷേത്രത്തിലെ കളി കാണാൻ താനും ഉണ്ടായിരുന്നു എന്നും പുറപ്പാടും മേളപ്പദവും മറ്റും ഒന്നാം തരമായി എന്നും ആസ്വാദകൻ അറിയിച്ചപ്പോൾ ഗായകനും  ഉത്സാഹം വർദ്ധിച്ചു. ബസ്സ് എത്തിയപ്പോൾ ആസ്വാദകൻ ഗായകന് തന്റെ സമീപത്തുള്ള സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയും യാത്രയിലും  സംഭാഷണം ചെയ്തു കൊണ്ടിരുന്നു.   സംസാരമദ്ധ്യേ താൻ ഒരു വിവാഹത്തിനു പങ്കെടുക്കുവാൻ പോവുകയാണെന്നുള്ള വിവരവും  ആസ്വാദകൻ ഗായകനെ അറിയിക്കാനും മറന്നില്ല. കളികഴിഞ്ഞുള്ള ഉറക്കക്ഷീണം കൊണ്ട് ഗായകൻ കുറേശ്ശെ ഉറക്കത്തിലേക്ക് വഴുതുന്നത് ആസ്വാദകൻ മനസിലാക്കിയപ്പോൾ  സംസാരം നിർത്തി. താൻ ആരാധിക്കുന്ന ഒരു കഥകളി ഗായകൻ ഉറക്കക്ഷീണം കൊണ്ട് തന്റെ ശരീരത്തിലേക്ക് ചാഞ്ഞുറങ്ങുന്നത് ഒരു സുഖമായി പ്രസ്തുത  ആസ്വാദകന്നും  തോന്നിയിട്ടുണ്ടാവണം.

യാത്ര തുടർന്നു കൊണ്ടേയിരുന്നു. ബസ്സ് സിറ്റിയിലേക്ക് പ്രവേശിച്ചപ്പോൾ ട്രാഫിക്കിന്റെ ഏതോ തിരക്കുകൊണ്ടാവണം ഡ്രൈവർ ശക്തിയായി ഒരു ബ്രേക്ക്‌ പിടിച്ചു. ഈ ബ്രേക്കാണ് കുഴപ്പം ഉണ്ടാക്കിയത്. ആസ്വാദകന്റെ തോളിലേക്ക് ചാഞ്ഞുറങ്ങിക്കൊണ്ടിരുന്ന ഗായകൻ ഈ ബ്രേക്ക്പിടിത്തം മൂലം ഉണ്ടായ ഉലച്ചിലിൽ ഞെട്ടിഉണരുകയും അദ്ദേഹത്തിൻറെ  വായിൽ തിരുകി വെച്ചിരുന്ന പുകയില ആസ്വാദകന്റെ ഷർട്ടിലേക്ക് വീഴുകയും ചെയ്തു. ഗായകന്റെ ഉമിനീരിൽ കുതിർന്ന പുകയില ചുരുൾ ഷർട്ടിൽ നിന്നും മുണ്ടിലേക്ക്. നല്ല ചുവന്ന നിറം നൽകിക്കൊണ്ട് ഉരുണ്ട് ഉരുണ്ട് മുണ്ടിന്റെ താഴെ വരെ എത്തി പിന്നീട് ബസ്സിനുള്ളിൽ  വീഴുന്നത് ഗായകൻ കണ്ടു.  അബദ്ധം സംഭവിച്ചതു  മനസിലാക്കിയ ഗായകൻ നിസ്സഹായതയോടും  കുറ്റബോധത്തോടും ആ   ആസ്വാദകന്റെ മുഖത്തേക്ക് ഒന്നു  നോക്കി. ദുശാസനനെ പോർക്കളത്തിൽ കണ്ട  രൌദ്രഭീമന്റെ രൂക്ഷമായ നോട്ടമാണ്   ആ ആസ്വാദകന്റെ കണ്ണുകളിൽ ഗായകൻ കണ്ടത്.  എന്ത് ചെയ്യണം എന്നറിയാതെ ജീവശ്ശവം പോലെ പകച്ചിരുന്നു  പോയ   ഗായകൻ പിന്നീട് ആ ആസ്വാദകന്റെ മുഖത്തേക്ക് നോക്കുവാൻ ധൈര്യപ്പെട്ടില്ല. അദ്ദേഹം ഇറങ്ങുന്നതിനു മുൻപ്  തന്നെ തീർച്ചയായും മർദ്ദിക്കും എന്ന ഭയത്തോടെയാണ് ഗായകന്റെ ഓരോ നിമിഷവും  നീങ്ങിയത്. 

 അടുത്ത സ്റ്റോപ്പിൽ ആസ്വാദകൻ ഇറങ്ങിയപ്പോഴാണ് ഗായകന് ശ്വാസം വീണത്‌.  താൻ ഒരു കലാകാരനായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന ബോധത്തോടെ അദ്ദേഹം ആശ്വസിച്ചു. ഈശ്വരോ രക്ഷതു!

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

സ്മരണയിൽ ഒരു വിഷുക്കൈനീട്ടം


                                                                വിഷുക്കൈനീട്ടം

ചെറുപ്പകാലത്ത് വിഷുദിവസം രാവിലെ അച്ഛൻ, അമ്മ, മുത്തശ്ശി, മുത്തച്ഛൻ, അമ്മാവൻ,  ബന്ധുമിത്രാദികൾ എന്നിവരിൽ നിന്നും   വിഷുക്കൈനീട്ടം ലഭിക്കുന്നത് വളരെ സന്തോഷപ്രദമാണ്. ലഭിക്കുന്ന കൈനീട്ടത്തുകയുടെ വലിപ്പം കൂടിയാൽ കൂടുതൽ സന്തോഷമുണ്ടാവുകയും സ്മരണയിൽ നിലനില്ക്കുകയും ചെയ്യും. തുകയുടെ വലിപ്പം കൊണ്ടല്ലാ എങ്കിലും എന്റെ സ്മരണയിൽ നിലനില്ക്കുന്ന ഒരു വിഷുക്കൈനീട്ടത്തിന്റെ കഥയാണ് ഈ പോസ്റ്റിൽ കൂടി സമർപ്പിക്കുന്നത്. 

1973 - ലെ ഒരു വിഷുവിനാണ് ഈ സ്മരണാർഹമായ വിഷുക്കൈ നീട്ടം ലഭിച്ചത്. എന്റെ ITI പഠന കാലം. കായംകുളത്തിനു കിഴക്ക് കരിമുളയ്ക്കൽ (കാഷ്യുനട്ട് ഫാക്റ്ററിക്ക് പിന്നിൽ കൂടി യാത്ര ചെയ്താൽ) പര്യാരത്തുകുളങ്ങര ക്ഷേത്രത്തിൽ ആ വർഷം വിഷുവിനു മുൻ ദിവസം കഥകളി ഉണ്ടായിരുന്നു. ഒരു കഥകളി പ്രേമി എന്നതിലുപരി ഒരു സംഗീത പ്രേമിയായ ഒരു മാന്യവ്യക്തിയുടെ ചുമതലയിൽ നടന്ന കഥകളി ആയിരുന്നു അത്. അതുകൊണ്ടു തന്നെ സംഗീതത്തിന്  ശ്രീ. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, ശ്രീ. കലാമണ്ഡലം സുബ്രഹ്മണ്യൻ എന്നിവരെ വിശേഷാൽ ക്ഷണിക്കപ്പെട്ടിരുന്നു. വിഷുവിനു മുൻദിനം നടത്തുന്ന കളിയാകയാൽ കളിപ്പണം വിഷു ദിവസം വിഷുക്കൈനീട്ടമായാവും കലാകാരന്മാർക്ക് ലഭിക്കുക. 
"അങ്ങയെപ്പോലുള്ള ഒരു മഹാന്റെ കയ്യിൽ നിന്നും വിഷുക്കൈ നീട്ടം വാങ്ങുവാൻ സാധിച്ചത് മഹാഭാഗ്യം" എന്ന് പറഞ്ഞാണ് എന്റെ പിതാവ് കളിയുടെ ചുമതല വഹിച്ച വ്യക്തിയിൽ നിന്നും കളിപ്പണം സ്വീകരിച്ചത്. എന്റെ പിതാവിന് കളിപ്പണം നല്കിയശേഷം അദ്ദേഹം എന്നെ വിളിച്ച് എന്റെ കയ്യിൽ അഞ്ചു രൂപ നൽകിയിട്ട് "വിഷുക്കൈനീട്ടം" എന്ന് പറഞ്ഞു. ഞാൻ അത് സസന്തോഷം സ്വീകരിച്ചു. കഥകളിക്ക് പങ്കെടുത്ത കലാകാരന്മാർക്ക് കളിപ്പണം നൽകിയിട്ട് ഒരു കലാകാരന്റെ മകന് ഒരു സംഘാടകൻ വിഷുക്കൈനീട്ടം നൽകുന്നതിന്റെ പിന്നിൽ    ഒരു പ്രത്യേക കാരണം കൂടി ഉണ്ടായിരിക്കണം  അല്ലേ? ഉണ്ട്. 

 സാധാരണ പല കലാകാരന്മാരിൽ കാണുന്ന ശീലങ്ങൾ കുറച്ചൊക്കെ എന്റെ പിതാവിനും ഉണ്ടായിരുന്നു. ഈ കളിക്ക് മുൻദിനം കോട്ടയം ജില്ലയിലെ വെള്ളൂത്തുരുത്തിയിലെ ഒരു  കഴിഞ്ഞ്  ഒരു ചിലർ അച്ഛനെ കാറിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. അന്ന് അദ്ദേഹം നല്ലതു പോലെ സേവിച്ചിട്ടുണ്ടായിരുന്നു. വീട്ടിൽ വന്നയുടൻ തന്നെ ആഹാരം ഒന്ന് കഴിക്കാതെ ഉറങ്ങാൻ കിടന്നു. വൈകിട്ട് അഞ്ചു മണിമുതൽ അച്ഛനെ ഉണർത്തി കരിമുളയ്ക്കലിലെ കളിക്ക് അയയ്ക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. വൈകിട്ട് ഏഴു മണിയായപ്പോൾ ഞാൻ അച്ഛന്റെ ഒരു സുഹൃത്തിനെ കൂട്ടി വന്നു. അദ്ദേഹത്തിൻറെ ശ്രമം വിജയിച്ചു. രാത്രി ഒൻപതു മണിക്ക് ഒരു കാർ തരപ്പെടുത്തി അച്ഛനോടൊപ്പം ഞാനും കരിമുളയ്ക്കൽ ക്ഷേത്രത്തിലെ അണിയറയിൽ എത്തി.

 നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തുമായിരുന്നു അവിടെ നിശ്ചയിച്ചിരുന്ന കഥകൾ. ശ്രീ. മങ്കൊമ്പ് ആശാന്റെ നളനും അച്ഛന്റെ ഹംസവും നിഴൽകുത്തിൽ ശ്രീ. പന്തളം കേരള വർമ്മയുടെ ദുര്യോധനനും ആയിരുന്നു നിശ്ചയിച്ചിരുന്ന വേഷങ്ങൾ. ഞങ്ങൾ അണിയറയിൽ എത്തുമ്പോൾ അച്ഛന് പകരം ഹംസം ചെയ്യാൻ ശ്രീ. പന്തളം കേരളവർമ്മ തേച്ചു തുടങ്ങിയിരുന്നു. അച്ഛനെ കണ്ടയുടൻ തന്നെ അദ്ദേഹം തേച്ചത് തുടയ്ക്കുകയും ചെയ്തു.  ശ്രീ. മങ്കൊമ്പ് ആശാൻ സ്ത്രീവേഷങ്ങളും പുരുഷവേഷങ്ങളും ഒന്ന് പോലെ ചെയ്തു കൊണ്ടിരുന്ന കാലഘട്ടം ആയിരുന്നു അത്. അദ്ദേഹം തന്നെ മലയത്തി ചെയ്യണം എന്ന് അവിടെയുള്ള ആസ്വാദകർക്ക് വളരെ നിർബ്ബന്ധം ഉണ്ടായിരുന്നു. ശ്രീ. മയ്യനാട് കേശവൻ നമ്പൂതിരിയുടെ ദമയന്തിയും മലയനും, ശ്രീ. മങ്കൊമ്പ് ആശാന്റെ നളൻ കഴിഞ്ഞു മലയത്തിയും എന്റെ പിതാവ് ഹംസം കഴിഞ്ഞു മന്ത്രികനുമായിരുന്നു ചെയ്ത വേഷങ്ങൾ.

കലാകാരന്മാർക്കെല്ലാം കളിപ്പണം നൽകുമ്പോൾ അദ്ദേഹം ഉദ്ദേശിച്ചതുപോലെ തന്നെ കളി നടന്നതിന്റെ പിന്നിൽ എന്റെ പരിശ്രമം ഉണ്ടായിരുന്നു എന്ന് എങ്ങിനെയോ അദ്ദേഹം മനസിലാക്കിയിരുന്നതു കൊണ്ടാവാം കലാകാരന്മാരോടൊപ്പം എനിക്കും ഒരു വിഷുക്കൈനീട്ടം ലഭിക്കാനിടയായത്.

2014, ഏപ്രിൽ 12, ശനിയാഴ്‌ച

ഈശ്വരോ രക്ഷതു ! -(1)


ഒരു മനുഷ്യന്റെ ജീവിതകാലത്ത് എത്രയോ സംഭവങ്ങളാവും ഉണ്ടായിരിക്കുക, അവകളിൽ  അബദ്ധങ്ങളും    സുബദ്ധങ്ങളും ഉണ്ടായിരിക്കും. ലോകം അതെല്ലാം  ശ്രദ്ധിക്കണം എന്നില്ല. എന്നാൽ ഒരു കലാകാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും    സുബദ്ധങ്ങളും വളരെ താൽപ്പര്യത്തോടെ ജനങ്ങൾ  ശ്രദ്ധിക്കുന്നത് പതിവാണ്. കലാകാരൻ പ്രസിദ്ധനാണ് എങ്കിൽ പറയേണ്ടതുമില്ല. മദ്യപിച്ചും അല്ലാതെയും  കളി അരങ്ങിലും, അണിയറയിലും മറ്റും  പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ള    പല കലാകാരന്മാരും  ഉണ്ട്.   ഒരു കലാകാരൻ എന്ന മഹത്തായ പരിഗണന കൊണ്ട്  ഇവർക്ക്   യാതൊരുവിധമായ   കേടും സംഭവിക്കാതെ മടങ്ങുവാനും  സാധിച്ചിട്ടുണ്ട്. കലാകാരന്റെ മദ്യപാനം മൂലം സംഘാടകരും ആസ്വാദകരും അതൃപ്തിയായിട്ടുള്ള സന്ദർഭങ്ങൾ കഥകളിയിൽ ധാരാളം ഉണ്ടായിട്ടുണ്ട്.   ഒരു കലാകാരന്റെ മകൻ എന്ന നിലയിൽ  ഈ വിഷയത്തെ കുറിച്ച് ഞാൻ എഴുതുന്നത്‌ ശരിയല്ല എങ്കിലും ഞാൻ നേരിട്ട് അനുഭവിക്കേണ്ടി വന്നതും അങ്ങേയറ്റം വിഷമിക്കുകയും ചെയ്ത ഒരു അനുഭവം  എന്ന നിലയിൽ ഒരു മുൻ‌കൂർ ക്ഷമാപണത്തോടെയാണ് ഞാനിതു  കുറിക്കുന്നത്. 

ഞാൻ ജനിച്ചതും എന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിചെയ്തതും ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള എന്റെ മാതൃഗൃഹത്തിലായിരുന്നു.   വെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ എനിക്ക് ഓർമ്മയുള്ള കാലം മുതൽ ഉത്സവത്തിനും കാർത്തിക മഹോത്സവത്തിനുമായി വർഷത്തിൽ രണ്ടു കഥകളി പതിവുണ്ടായിരുന്നു. എന്റെ പിതാവ് ചേപ്പാട്ടു നിന്നും വിവാഹിതനായ കാലം മുതലാണ്‌ അവിടെ കളി പതിവാക്കിയത്. ഈ രണ്ടു കളികൾക്കും എത്തുന്ന കലാകാരന്മാർക്ക് ആഹാരം എന്റെ മാതൃഗൃഹത്തിലായിരുന്നു പതിവ്. ഒരു ഉത്സവക്കളിക്ക് അവിടെ പതിവുകാരായിരുന്ന ഹരിപ്പാട്‌ ആശാനും മങ്കൊമ്പ് ആശാനും എന്റെ പിതാവിനും അസൗകര്യമായി വന്നതു മുതലാണ്  ആ പതിവ് നിന്നുപോയത്. 

എന്റെ സ്കൂൾ വിദ്യാഭ്യാസവും I.T.I പഠനവും കഴിഞ്ഞ് ചെന്നിത്തലയിലുണ്ടായിരുന്ന VARMA &CO സ്ഥാപനത്തിൽ Radio mechanic ജോലി ചെയ്തിരുന്ന 1976 -77  കാലം. ഒരു ദിവസം ഉച്ചയ്ക്ക് രണ്ടു മണി സമയത്ത്  എന്റെ ഒരു സുഹൃത്ത് അവിടെയെത്തി  വളരെ അത്യാവശ്യമായി ഞാൻ വീട്ടിലേക്ക് എത്തണം എന്ന് എന്നെ അറിയിച്ചു. ഞാൻ ഉടൻ തന്നെ ഓടി അണച്ച് വീട്ടിൽ എത്തി. വീട്ടിൽ എത്തുമ്പോൾ എന്റെ പിതാവ് പട്ടാഴിയിൽ  (കൊല്ലം ജില്ല)   ഒരു കളിക്ക് പോകാനായി ഒരുങ്ങി നിൽക്കുകയാണ്.  ഞാൻ വീട്ടിനുള്ളിലേക്ക് കയറി. പ്രസിദ്ധനായ ഒരു കലാകാരൻ, മദ്യ ലഹരിയിൽ മൂളുകയും ഞരങ്ങുകയും ചെയ്തു കൊണ്ട് വീട്ടിനുള്ളിൽ ശയിക്കുന്നു. 

എന്നെ കണ്ടപ്പോൾ എന്റെ പിതാവ് വളരെ ആശ്വാസത്തോടെ നെടുവീർപ്പിടുന്നതു കണ്ടു . "മകനേ, ഇന്ന് വെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ  ഉത്സവക്കളിയാണ്. ഇദ്ദേഹത്തിന്  അവിടെ കളിക്ക് പോകണം. ഞാൻ അവിടെ കളിക്ക് പതിവുകാരനാണ് എന്ന വിശ്വാസത്തിൽ എന്നോടൊപ്പം ഒന്നിച്ചു അവിടേക്ക് പോകാനാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്.  എനിക്ക് ഇന്ന് പട്ടാഴിയിൽ പോകണം.  ഇപ്പോൾ തിരിച്ചാലേ എനിക്ക് കൃത്യസമയത്ത് അവിടെ എത്തിച്ചേരാൻ സാധിക്കൂ. വൈകിട്ട് നാലുമണിയോടെ ചായകുടിയും  കഴിഞ്ഞ് നീ എങ്ങിനെയെങ്കിലും ഇദ്ദേഹത്തെ  വെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ എത്തിക്കണം" (എന്റെ മുഖത്തെ വല്ലായ്മ ശ്രദ്ധിച്ചു കൊണ്ട്) നീ നിന്റെ അച്ഛനു വേണ്ടി ഇത് ചെയ്തേ പറ്റൂ എന്ന് പറഞ്ഞിട്ട് യാത്രയായി. 

മദ്യപിച്ചു സ്വബോധം ഇല്ലാത്ത അവസ്ഥയിൽ ഇദ്ദേഹത്തെ സുമാർ 12 കിലോമീറ്റർ ദൂരമുള്ള വെട്ടിക്കുളങ്ങരയിൽ എത്തിക്കണം. വളരെ ദുഷ്കരമായ ഒരു ജോലിയാണ് പിതാവ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ചെന്നിത്തലയിൽ നിന്നും മാവേലിക്കര, മാവേലിക്കരയിൽ നിന്നും നങ്ങ്യാർകുളങ്ങര, അവിടെ  നിന്നും ചേപ്പാട്, ഇങ്ങിനെ മൂന്നു ബസ്സ് കയറിയിറങ്ങിവേണം അക്കാലത്ത് ചേപ്പാട്ടെത്തുവാൻ. ചേപ്പാട്ടെത്തിയാൽ അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരം നടന്നു വേണം ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ. മൂന്നരമണിയായപ്പോൾ മുതൽ ഞാൻ അദ്ദേഹത്തെ ഉണർത്തുവാൻ ശ്രമിച്ചുതുടങ്ങി. സുമാർ ഒരു മണിക്കൂർ നേരത്തെ പരിശ്രമം പിന്നീട്   സഫലമായി. ചായ കുടിയും കഴിഞ്ഞ്  അദ്ദേഹത്തിൻറെ  ബാഗ് എടുത്ത് ഞാൻ എന്റെ തോളിൽ ഇട്ടുകൊണ്ട്   ജംഗ് ഷനിലേക്ക് യാത്രതുടർന്നു. മദ്യലഹരിയിൽ വേച്ചു വെച്ചു നടക്കുന്ന അദ്ദേഹത്തെയും  കൊണ്ടുള്ള യാത്ര അൽപ്പം ബുദ്ധിമുട്ടു തന്നെയായിരുന്നു. എന്റെ പരിചയക്കാരെല്ലാം "ഇത് ആരാണ് " എന്ന് ആംഗ്യം കൊണ്ട് ചോദിക്കും. ആംഗ്യം കൊണ്ട് വ്യക്തി ആരെന്ന് എനിക്ക് മറുപടി പറയാനും സാധിക്കുന്നില്ല. ഒരുവിധത്തിൽ   ഞങ്ങൾ ചേപ്പാട് ജംഗ്ഷനിൽ എത്തി. അപ്പോഴേക്കും സമയം ആറരയോളമായി. അദ്ദേഹത്തിൻറെ സിരകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മദ്യത്തിന്റെ ലഹരി  ശമിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട് എനിക്ക് അൽപ്പം ആശ്വാസവുമായി. കഥകളിയുമായി ബന്ധപ്പെട്ട ഓരോരോ കഥകളും പറഞ്ഞു കൊണ്ട്   ഞങ്ങൾ യാത്ര തുടർന്നു. 

ചേപ്പാട് ജംഗ്ഷനിൽ നിന്നും ഒരു ഫർലോങ്ങ് ദൂരത്തിൽ ക്ഷേത്രത്തിന്റെ ആറാട്ടുകുളവും മണ്ഡപവും ഉണ്ട്. അവിടെ എത്തിയപ്പോൾ അദ്ദേഹം  പെട്ടെന്ന് നിന്നു.  എനിക്ക് നിന്നോട് ഒരു ചോദ്യമുണ്ട്. ചോദിക്കട്ടെ എന്നായി. ഞാനും ശരി ചോദിച്ചു കൊള്ളൂ എന്ന് പറഞ്ഞു. 
"കർണ്ണനെ ഗർഭം ധരിച്ചിരുന്ന കുന്തിയുടെ മാനസീകാവസ്ഥ എന്തായിരുന്നു"? എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്താണ് മറുപടി പറയേണ്ടത് എന്ന് ഒരു നിമിഷം ഞാൻ ഒന്ന് സംശയിച്ചു എങ്കിലും "ഇതെങ്ങിനെ എങ്കിലും ഒന്ന് ഒഴിവായി കിട്ടിയാൽ മതി എന്നാവും ചിന്ത" എന്ന് ഒരു തമാശരൂപേണ ഒരു മറുപടി പറഞ്ഞു. 
എന്റെ മറുപടി കേട്ട ഉടൻ തന്നെ അദ്ദേഹം ശോകത്തിൽ വിതുമ്പിക്കൊണ്ട് പറഞ്ഞു "എന്നാൽ ഞാൻ ഇപ്പോൾ ഗർഭിണിയാണ്. എനിക്ക് ആ ഗർഭം ഒഴിവാക്കിയേ പറ്റൂ" എന്ന് പറഞ്ഞുകൊണ്ട് ഷർട്ട് മുകളിലേക്ക് പൊക്കി വയറിനും മുണ്ടിനും ഇടയിൽ സൂക്ഷിച്ചു വെച്ചിരുന്ന മദ്യക്കുപ്പി വെളിയിൽ എടുത്തു നിമിഷനേരം കൊണ്ട് അൽപ്പം വെള്ളംപോലും ചേർക്കാതെ കുടിച്ചു തീർത്തു. പിന്നീട് നടന്നത് എന്താണ് എന്ന് പറയുവാൻ തന്നെ വിഷമമാണ്. സ്വബോധം നഷ്ടപ്പെട്ട് കാലുകൾ നിലത്തുറയ്ക്കാതെ എന്റെ തോളിലേക്ക് അദ്ദേഹം അഭയം പ്രാപിച്ചു. അദ്ദേഹത്തെ എങ്ങിനെയോ ഞാൻ ക്ഷേത്രത്തിൽ കൊണ്ട്ത്തിച്ചു. ക്ഷേത്രവളപ്പിൽ കൂടി അദ്ദേഹത്തെ അണിയറയിൽ എത്തിച്ച് ഒരു മൂലയിൽ കിടത്തി. സംഘാടകർ, നാട്ടുകാർ, ഉത്സവഭാരവാഹികൾ എല്ലാവരും "എന്തിനാണ് ഈ നിലയിൽ ഇയ്യാളെ ഇവിടെ കൊണ്ടുവന്നത് "? എന്ന് ചോദിച്ചു കൊണ്ട് എന്നോട് പ്രതികരിച്ചു. ചിലർ കയ്യേറ്റം ചെയ്യാനും തയ്യാറായി. എല്ലാവരും എനിക്ക്  പരിചയക്കാർ ആയതിനാൽ രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. രണ്ടാമത്തെ കഥയിലായിരുന്നു അദ്ദേഹത്തിന് വേഷം. അതുകൊണ്ട് വലിയ കുഴപ്പം ഇല്ലാതെ വേഷമൊക്കെ ചെയ്തു എന്നതാണ് ആശ്വാസമായത്. 

കലാകാരന്മാരെ പറ്റി ഓരോ കഥകൾ പറയുമ്പോൾ സംഘാടകർ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ എത്രയോ കഷ്ടമാണ് എന്ന് നാം ചിന്തിക്കുന്നതേ ഇല്ല. ചങ്ങനാശേരി NSS കോളേജിന്റെ നേരെ എതിർ ഭാഗത്തുള്ള തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണിക്ക് കളി പതിവാണ്. 1985- 86 കാലഘട്ടത്തിലെ (എന്നാണ് ഓർമ്മ) അഷ്ടമിരോഹിണിക്കളി. കുചേലവൃത്തവും  ബാലിവിജയവുമായിരുന്നു  കഥകൾ. ശ്രീ. കുടമാളൂർ ആശാന്റെ കുചേലൻ, ശ്രീ. ചെന്നിത്തല ആശാന്റെ ശ്രീകൃഷ്ണൻ, ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്റെ രാവണൻ ശ്രീ. മാത്തൂർ ഗോവിന്ദൻ കുട്ടി ചേട്ടന്റെ നാരദൻ , ശ്രീ. തലവടി അരവിന്ദൻ ചേട്ടന്റെ ബാലി, ശ്രീ. തിരുവല്ല ഗോപാലപ്പണിക്കരാശാന്റെ കളിയോഗം.  കളിക്ക് വിളക്കു വെയ്ക്കേണ്ട സമയമായിട്ടും പ്രധാന ചെണ്ട കലാകാരൻ എത്തിയിട്ടില്ല. അദ്ദേഹം എത്തുമോ ഇല്ലയോ എന്ന് അറിയുവാൻ ഇന്നത്തെപ്പോലെ ഫോണ്‍ സംവിധാനങ്ങൾ അന്നില്ല. ഒടുവിൽ ഒരു കാറുപിടിച്ച് ശ്രീ. തിരുവല്ല ഗോപാലപ്പണിക്കരാശാൻ ഒരു ചെണ്ട കലാകാരനെ കൊണ്ടുവന്നു. അപ്പോഴാണ് അടുത്ത പ്രശ്നം. ക്ഷണിക്കപ്പെട്ട ഒരു പ്രധാനഗായകരിൽ ഒരുവൻ എത്തിയിരിക്കുന്നത് ഫുൾ ഫിറ്റിലാണ്. മറ്റു ഗായകർ  കുചേലവൃത്തം പാടട്ടെ. അതിനുള്ളിൽ ഗായകന്റെ ലഹരി കുറഞ്ഞാൽ ബാലിവിജയം പാടട്ടെ എന്ന് സംഘാടകർ പച്ചക്കൊടി കാട്ടി. പക്ഷേ ഉള്ളിൽ ചെന്നതിന്റെ വീര്യം ധനാശി പാടുന്നതു വരെ കുറഞ്ഞില്ല എന്നതാണ് സത്യം. 
കളി കഴിഞ്ഞു എല്ലാ കലാകാരന്മാർക്കും കളിപ്പണം നൽകുമ്പോൾ  ഈ ഗായകന് ബസ്സുകൂലി നൽകി യാത്രയാക്കുവാനുള്ള സന്മനസ്സു സംഘാടകർക്ക് ഉണ്ടായി എന്നതാണ് സ്മരണാർഹമായ വിഷയം. എന്നാൽ ക്ഷേത്രം മുതൽ ചങ്ങനാശേരി ബസ് സ്റ്റാന്റുവരെയുള്ള മടക്കയാത്രയിൽ പ്രസ്തുത  കലാകാരന് ഒരു കുറ്റബോധവും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടില്ല എന്നതാണ് സത്യം. 

(ഒരു കഥകളി കലാകാരന്റെ  പിറവം മുതൽ എറണാകുളം വരെയുള്ള യാത്രയിൽ ഉണ്ടായ രസകരമായ ഒരു അനുഭവകഥയാണ്  അടുത്ത പോസ്റ്റിൽ.)