പേജുകള്‍‌

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കല്യാണസൌഗന്ധികം കഥകളി

ചെന്നൈ IIT  സെന്‍ട്രല്‍ ലക് ചര്‍ തിയേറ്ററില്‍ 16-02-2013 ന്  വൈകിട്ട് ആറുമണി മുതല്‍  രാത്രി പത്തുമണി വരെ "ഉത്തരീയം" കഥകളി സംഘടനയുടെ ചുമതലയില്‍  കല്യാണസൌഗന്ധികം   കഥകളി അവതരിപ്പിച്ചു.  IIT- യിലെ വിദ്യാര്‍ത്ഥികളും , ചെന്നൈയിലെ കഥകളി ആസ്വാദകരും അടങ്ങുന്ന ഒരു വലിയ സദസ്സാണ്   നിറഞ്ഞിരുന്നത്. 

                          IIT - സെന്‍ട്രല്‍  ലക് ചര്‍ തിയേറ്ററില്‍  നിറഞ്ഞിരുന്ന ആസ്വാദകര്‍ 

 പാണ്ഡവരുടെ വനവാസ കാലമാണ്  കല്യാണസൌഗന്ധികം കഥയുടെ സന്ദര്‍ഭം. വനത്തില്‍ ലഭിച്ച ഒരു ദിവ്യപുഷ്പം ഭീമനെ ഏല്‍പ്പിച്ച പാഞ്ചാലി തനിക്കു ഇത്തരം ധാരാളം പുഷ്പങ്ങള്‍ തേടിത്തരണം എന്ന് ഭീമനോട്    ആവശ്യപ്പെടുന്നു.  പാഞ്ചാലിയുടെ  ആവശ്യം പൂര്‍ത്തീകരിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട ഭീമന്‍   വായുവിന്റെ ഗതി ലക്ഷ്യമാക്കി യാത്രയായി. ഗന്ധമാദനപര്‍വ്വതം കടന്ന ഭീമന്‍ മരങ്ങളും വള്ളികളും കൊണ്ട് നിറഞ്ഞ ഘോര  വനത്തിലെത്തി. മരങ്ങളെല്ലാം ഗദയാല്‍ അടിച്ചു വീഴ്ത്തി മുന്നോട്ടു പോയ ഭീമന്‍ ഹനുമാന്റെ വാസസ്ഥലമായ  കദളീ വനത്തിലാണ് എത്തുന്നത്. വായൂ പുത്രന്മാരായ ഭീമനും ഹനുമാനും  കദളീ വനത്തില്‍ പരസ്പരം സന്ധിക്കുകയും ഭീമന്‍ തേടി വന്ന സൗഗന്ധിക പുഷ്പം ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഹനുമാനില്‍ നിന്നും അറിഞ്ഞുകൊണ്ട്  യാത്ര തുടരുന്നതുമാണ്    അവതരിപ്പിച്ച കഥാരംഗം.  

                                                            ഭീമനും പാഞ്ചാലിയും 

ഗന്ധമാദനപര്‍വതത്തിനു  സമീപമുള്ള  വനഭാഗത്തെത്തിയ   ഭീമന്റെയും  പാഞ്ചാലിയുടെയും  സല്ലാപമാണ്  ആദ്യ രംഗത്തിന്റെ  തുടക്കം.    
“പാഞ്ചാലരാജതനയേ പങ്കജേക്ഷണേ പഞ്ചസായകനിലയേ” എന്ന ഭീമന്റെ  പാഞ്ചാലിയോടുള്ള   മനോഹരമായ പദത്തിന്റെ അവതരണമാണ്  രംഗത്തിന്റെ  സവിശേഷത.  

പാഞ്ചാലി ഭീമനെ ഏല്‍പ്പിച്ച  ദിവ്യപുഷ്പം കണ്ടു ആസ്വദിച്ച ഭീമന്‍, അവളുടെ  ആഗ്രഹപ്രകാരം ദിവ്യ പുഷ്പം തേടി പുറപ്പെടുന്നു.  യാത്രയില്‍ വിശപ്പും ദാഹവും തീര്‍ക്കുന്നത്  എങ്ങിനെ? ശത്രുക്കള്‍  വന്നാല്‍ എങ്ങിനെ നേരിടും തുടങ്ങിയ  പാഞ്ചാലിയുടെ ചോദ്യങ്ങള്‍ക്ക് നിന്റെ സുന്ദരമായ കണ്ണുകള്‍ കൊണ്ടുള്ള കടാക്ഷം മനസ്സില്‍ ഉറപ്പിച്ചു  നടക്കുന്ന എനിക്ക് വിശപ്പും ദാഹവും ഉണ്ടാവുകയില്ല എന്നും ശത്രുക്കളെ നേരിടുവാന്‍  എന്റെ ആയുധം   "ഗദ" ധാരാളം എന്നുമാണ്  മറുപടി പറഞ്ഞത്‌. 

വായുവിന്റെ  ഗതിനോക്കി യാത്ര തുടങ്ങിയ ഭീമന്‍ ഗന്ധമാദന പര്‍വതത്തിന്റെ ഭംഗി നോക്കി കണ്ടശേഷം  പര്‍വത മുകളിലൂടെ നടന്ന് മറു ഭാഗത്തെത്തി. ഭീമന്റെ  വനകാഴ്ചകളില്‍ പ്രധാനമായി  അജഗരകബളിതമാണ്  നടന്‍ അവതരിപ്പിച്ചത്‌.   മദം പിടിച്ച    കാട്ടാനയുടെ കാലില്‍ ഒരു വലിയ പെരുമ്പാമ്പ്‌ പിടി കൂടുകയും പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷപെടുവാന്‍  ആന മുന്‍പോട്ടും  ആനയെ  വിഴുങ്ങുവാനായി പാമ്പ് ആനയുടെ     കാലില്‍   പിന്നോട്ടും   വലിക്കുന്നു. ഈ സമയം ഒരു സിംഹം എത്തി ആനയുടെ മസ്തകം അടിച്ചു പൊളിച്ച് ചോര കുടിച്ചു പോകുന്നു.   മയങ്ങി വീഴുന്ന ആനയെ പെരുമ്പാമ്പ്‌ വിഴുങ്ങിയ ശേഷം സാവധാനത്തില്‍ ഇഴഞ്ഞു നീങ്ങുന്ന അവതരണമാണ്  അജഗരകബളിതത്തിന്റെ ആട്ടം.    

വലിയ മരങ്ങളും വള്ളികളും കൊണ്ട് തിങ്ങി സൂര്യപ്രകാശം പോലും കടക്കാനാവത്ത കൊടുംകാട്ടിലെ  മരങ്ങള്‍ ഗദകൊണ്ട് അടിച്ചു വീഴ്ത്തി വഴി സൃഷ്ടിച്ചു കൊണ്ട് ഭീമന്‍ യാത്ര തുടര്‍ന്നു.
 
                                            അജഗരകബളിതം


രണ്ടാം രംഗം കദളീ വനമാണ്. കദളീ വനത്തില്‍  തപസ്സു ചെയ്യുന്ന  രാമഭക്തനായ ഹനുമാന്‍ അസഹ്യമായ എന്തോശബ്ദം ശ്രവിച്ച് ഞെട്ടിയുണര്‍ന്നു. രാമരാവണയുദ്ധം കഴിഞ്ഞ് ശ്രീരാമന്‍ സീതാദേവിയെയും രാമഭക്തന്മാരുമൊപ്പം      അയോദ്ധ്യയില്‍ എത്തി.    ശ്രീരാമപട്ടാഭിഷേക സമയത്ത് രാമനില്‍ ഏറ്റവും അധികം ഭക്തിയുള്ളത്  തനിക്കാണെന്ന്   പറഞ്ഞു  അനുഗ്രഹിച്ചത് ഹനുമാന്‍  സ്മരിച്ചു. ലോകത്തിനു അസംഭാവികമായി ഒന്നും സംഭവിക്കുന്നതിന്റെ ലക്ഷണം ഇല്ല. പിന്നെ എന്താണ് എന്റെ തപസ്സിനു ഇളക്കം സംഭവിച്ചത് എന്ന് ചിന്തിച്ചു.  അകലെ ഗദാധാരിയായ ഒരു  മനുഷ്യന്‍ വൃക്ഷമെല്ലാം അടിച്ചു വീഴ്ത്തി   വരുന്നത് ഹനുമാന്‍ കണ്ടു. ഇവനോട്  എതിര്‍ക്കുവാന്‍  ആരും ഇല്ലേ ?   ഇവന്റെ   വരവിനാല്‍   കാടിളകുകയും  ആനക്കൂട്ടങ്ങള്‍  ഭയന്ന്   ഓടുകയും  സിംഹങ്ങള്‍ ഭയന്നും  ഖേദിച്ചും   വന്‍ഗുഹകള്‍ക്കുള്ളില്‍ പോയി ഒളിക്കുകയും   ചെയ്യുന്നത്  ആശ്ചര്യത്തോടെ ഹനുമാന്‍ നോക്കി കണ്ടു.  ആഗതനോട്  എന്തോ ഒരു   സ്നേഹ വാത്സല്ല്യം  ഹനുമാന്   തോന്നി. ആഗതന്‍    വായുപുത്രനും തന്റെ സഹോദരനുമായ ഭീമനാണെന്നും  പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധിക പുഷ്പം ശേഖരിക്കുവാന്‍  പുറപ്പെട്ടതാണെന്നും അവന്റെ  സഞ്ചാരം  ആപത് മാര്‍ഗ്ഗത്തിലേക്കാണെന്നും  മനസിലാക്കിയ  ഹനുമാന്‍    അനുജന്റെ ശക്തി കണ്ടറിയുവാനും   അവനെ നേരായ  മാര്‍ഗ്ഗത്തിലേക്ക്  നയിക്കുകയും ചെയ്യുവാന്‍  തീരുമാനിക്കുന്നു.    

                                                            ഹനുമാന്റെ തപസ്സ്

 കൌരവരുടെ ചതി മൂലം   നാഗലോകത്തെത്താന്‍    ഭീമന്   ഇടയായതും നാഗരസം കുടിച്ചതും   അതിനാല്‍  അമിത ബലം ലഭിച്ചതും ഹനുമാന്‍ സ്മരിച്ചു. എങ്ങിനെയാണ് ഭീമനെ നേരിടേണ്ടത് എന്ന് ചിന്തിച്ച ഹനുമാന്‍ ഒരു വൃദ്ധ വാനരന്റെ വേഷത്തില്‍ മാര്‍ഗ്ഗ മദ്ധ്യേ ശയിക്കുക എന്ന് തീരുമാനിച്ചു.  ശ്രീരാമനെ ഭജിച്ചു കൊണ്ട്  ഹനുമാന്‍ ഒരു വൃദ്ധ വാനരന്റെ രൂപം ധരിച്ചു അവശതയോടെ മാര്‍ഗ്ഗ മദ്ധ്യേ ശയിച്ചു. 

ഘോരവനം കഴിഞ്ഞ് ഭീമന്‍  കദളീ വനത്തില്‍ എത്തി. കദളീ വനത്തിലെ വാഴകള്‍ ഗദയാല്‍ അടിച്ചു വീഴ്ത്തിക്കൊണ്ട് ഭീമന്‍ വൃദ്ധ വാനരന്റെ സമീപം എത്തി. തന്റെ മാര്‍ഗ്ഗം മുടക്കി ശയിച്ചിരിക്കുന്ന വൃദ്ധവാനരനെ വെറുപ്പോടു നോക്കി കണ്ട ഭീമന്‍ തന്റെ മാര്‍ഗ്ഗത്തില്‍ നിന്നും മാറികിടക്കുവാന്‍ ആജ്ഞാപിച്ചു.  തന്റെ  ആജ്ഞ അനുസരിക്കാതെമടിച്ചു കിടന്നാല്‍ നിന്റെ  കഴുത്തില്‍ പിടിച്ചു ദൂരേക്ക്‌ വലിച്ചെറിയും എന്ന് അറിയിക്കുകയും ചെയ്തു. പ്രായാധിക്ക്യം കൊണ്ട് അവശനായ തനിക്ക് ചലിക്കുവാന്‍  പോലും സാധിക്കുന്നില്ലെന്നും  തന്റെ ശരീരത്തെ ചാടി കടന്നു പോകൂ എന്ന് വാനരനും  വാനരകുലത്തില്‍ പിറന്ന ഹനുമാനെന്ന തന്റെ സഹോദരനെ സ്മരിക്കുമ്പോള്‍ ഒരു വാനര ശരീരത്തെ ചാടിക്കടന്നു  പോകാനാവില്ലെന്ന് ഭീമനും സംവാദത്തിലായി. നിന്റെ ഗദകൊണ്ട്   എന്റെ വാല് നീക്കിയിട്ട് യാത്ര തുടരുവാന്‍ വാനരന്‍ ഭീമനെ അറിയിച്ചു. ഭീമന്‍ ഗദ കൊണ്ട് ഹനുമാന്റെ വാലുനീക്കാന്‍ ശ്രമിച്ചു. ഭീമന്‍  എത്ര ശ്രമിച്ചിട്ടും   വാനരന്റെ വാല്‍  ഒന്നനക്കാനോ  ഗദ തിരിച്ചെടുക്കുവാനോ  സാധിച്ചില്ല.  വൃദ്ധ  വാനരന്‍ നിസ്സാരക്കാരനല്ലെന്ന് മനസിലാക്കിയ ഭീമന്‍ അങ്ങ് ആരാണ് ?  (ഇന്ദ്രനാണോ, യമധര്‍മ്മ രാജനാണോ?) എന്ന് വാനരനോട് ചോദിച്ചു. 
ഹനുമാന്‍ സ്വയരൂപം  പ്രാപിച്ചു കൊണ്ട് രാവണാന്തകനായ 
ശ്രീരാമ സ്വാമിയുടെ ദൂതനും നിന്റെ സഹോദരനുമായ ഹനുമാനാണ്  താന്‍ എന്ന്  ഭീമനെ അറിയിക്കുന്നു. ഭീമന്‍ ഹനുമാനെ വണങ്ങി. 
പണ്ട് സീതാന്വേഷണത്തിനായി അങ്ങ് ലങ്കയിലേക്ക് സമുദ്രം കടന്നപ്പോള്‍ ധരിച്ച രൂപം കാണണം എന്നുള്ള ആഗ്രഹം ഭീമന്‍ ഹനുമാനെ അറിയിച്ചു. 
നീ ആഗ്രഹിച്ച രൂപം കണ്ടാല്‍ നിനക്ക് ആലസ്യം ഉണ്ടാകും, എങ്കിലും നിന്റെ  ആഗ്രഹമല്ലേ,  ഞാന്‍ ആവുംവിധം   ചുരുക്കി കാട്ടം എന്ന് പറഞ്ഞുകൊണ്ട്  ഹനുമാന്‍ ശ്രീരാമസ്വാമിയെ സ്മരിച്ചുകൊണ്ട് രൂപം വലുതാക്കി കാട്ടി. .  
 ഭീമന്‍  ഉത്സാഹത്തോടെ ഹനുമാന്റെ സമുദ്രലംഘന രൂപം കണ്ടു വണങ്ങുകയും  പിന്നീട്  ഭയന്ന് നിലംപതിക്കുകയും ചെയ്തു. 
ഹനുമാന്‍ ശരീരം ചുരുക്കിയ ശേഷം ഭീമനെ പിടിച്ച്   ഏഴുനേല്‍പ്പിച്ച് ആശ്വസിപ്പിക്കുന്നു. ഭീമാ,   ഒട്ടും ഭയം വേണ്ട. ഇനി അല്‍പ്പംപോലും താമസിക്കാതെ നിന്റെ പ്രാണനാഥയുടെ ആഗ്രഹം സഫലമാക്കുക എന്ന് അറിയിച്ചു. 

                                           ഭീമനും ഹനുമാനും                                                             

കൌരവരുമായി യുദ്ധം ഉണ്ടാകുമ്പോള്‍ അങ്ങ് ഞങ്ങളോടൊപ്പം നിന്നുകൊണ്ട് ശതൃക്കളെ നശിപ്പിക്കണം എന്ന് ഭീമന്‍ ഹനുമാനോട് അപേക്ഷിക്കുന്നു.  
ഞാന്‍ യുദ്ധം ചെയ്യുകയോ ? അതില്ല.  യുദ്ധസമയത്ത്  നിന്റെ മാന്യ സോദരനായ  അര്‍ജ്ജുനന്റെ കൊടിമരത്തില്‍  ഇരുന്നു കൊണ്ട്  ഭയങ്കരമായ അട്ടഹാസം ചെയ്തു  ശത്രുക്കളെ ഭയപ്പെടുത്തി  നശിപ്പിക്കാം  എന്ന് ഭീമന്  ഉറപ്പു നല്‍കി. 

നിന്നെ കാണണം എന്ന് വളരെക്കാലമായി ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീരാമ സ്വാമിയുടെ അനുഗ്രഹം കൊണ്ട് ഇന്ന് എന്റെ ആഗ്രഹം  സാധിച്ചു  എന്ന് ഹനുമാനും ഞാനും അങ്ങയെ ദര്‍ശിക്കുവാന്‍ ആഗ്രഹിച്ചിരുന്നു, ഇന്ന് പാഞ്ചാലി നിമിത്തമായി  എന്റെ  ആഗ്രഹം സഫലീകരിച്ചു  എന്ന് ഭീമനും പറഞ്ഞു.  

ഇനി വൈകാതെ  നിന്റെ യാത്ര  തുടരുക എന്ന് പറഞ്ഞ്  ഭീമനെ അനുഗ്രഹിച്ചു കൊണ്ട് ഹനുമാന്‍ ധ്യാനം തുടങ്ങി. ഭീമന്‍ യാത്ര തുടരാനാവാതെ ശങ്കിച്ചു നിന്നു. ഹനുമാന്റെ വാലിനടിയില്‍ പെട്ടു പോയ ഗദ ലഭിക്കാതെ എങ്ങിനെ മടങ്ങും എന്ന് ചിന്തിച്ചു കൊണ്ട് ഭീമന്‍ ഹനുമാനെ സ്നേഹത്തോടെ തൊട്ടുണര്‍ത്തി. 

നീ പോയില്ലേ? എന്താണ് മടങ്ങി വന്നത് ? തുടങ്ങിയ ഹനുമാന്റെ  ചോദ്യങ്ങള്‍ക്ക്  ഭീമന്‍ തന്റെ ഗദ ജ്യേഷ്ടന്റെ  വാലിനടിയില്‍  പെട്ടുപോയത്  ജാള്യതയോടെ അറിയിച്ചു. 
 ശ്രീരാമനെ സ്മരിച്ചു കൊണ്ടും   ഉപദേശങ്ങള്‍ നല്‍കിയും   ഹനുമാന്‍, ഭീമനെ ഗദ ഏല്‍പ്പിച്ചു. ഗദ കയ്യില്‍ ലഭിച്ചപ്പോള്‍  ഭീമനുണ്ടായ  പരാക്രമം ഹനുമാന്‍ സന്തോഷത്തോടെ ശ്രദ്ധിച്ചു.  

നീ തേടി വന്ന സൗഗന്ധികപുഷ്പം എവിടെ ലഭിക്കും എന്ന് നിനക്ക് അറിയുമോ? നീ സഞ്ചരിച്ചു വന്ന വഴി ദേവമാര്‍ഗ്ഗമാണ് . അതുവഴി സഞ്ചരിച്ചാല്‍ ദേവശാപത്തിന്  ഇടയാകും.  ഞാന്‍ കാട്ടും വഴിയെ  പോയാല്‍ കുബേരന്റെ ഉദ്യാനത്തിലെത്തും. അവിടെയുള്ള  തടാകത്തില്‍ സൌഗന്ധികങ്ങള്‍ സമൃദ്ധമായി ഉണ്ട്. അവിടെയുള്ള രാക്ഷസന്മാരെ ജയിച്ച് നീ ആവശ്യം പോലെ പൂക്കള്‍ സമ്പാദിച്ച്   നിന്റെ പ്രിയതമക്ക് നല്‍കി  സന്തോഷിപ്പിക്കുക  എന്ന്   അറിയിച്ച്  ഹനുമാന്‍ ഭീമനെ യാത്രയാക്കുന്നു. 

                                                     ഭീമന്റെ  ഗദയുമായി ഹനുമാന്‍

                                                                            ഭീമന്‍

ഹനുമാനെ ദര്‍ശിക്കുകയും  അദ്ദേഹത്തിന്‍റെ അനുഗ്രഹം നേടുവാന്‍ സാധിച്ചതിലുമുള്ള   സന്തോഷത്തോടെ ഭീമന്‍ യാത്ര തുടര്‍ന്ന് കുബേരന്റെ ഉദ്യാനത്തിലെത്തി. രക്ഷസരെ നശിപ്പിച്ച  ശേഷം സൗഗന്ധിക പുഷ്പങ്ങള്‍ സമ്പാദിച്ചു കൊണ്ട് മടങ്ങി. 

ശ്രീ. കലാമണ്ഡലം ഹരിനാരായണന്‍ ഭീമനായും ശ്രീ. സദനം ശ്രീനാഥ്  പാഞ്ചാലിയായും ശ്രീ. സദനം ബാലകൃഷ്ണന്‍ ആശാന്‍  ഹനുമാനായും രംഗത്തെത്തി  മിഴിവുറ്റ അഭിനയം കഴ്ചവെച്ചു.  ശ്രീ. കലാമണ്ഡലം വിനോദ്, ശ്രീ.കലാമണ്ഡലം അജേഷ് പ്രഭാകര്‍ എന്നിവരുടെ സംഗീതവും ശ്രീ. സദനം ജിതിന്‍  ചെണ്ടയും ശ്രീ. സദനം  ദേവദാസ്  മദ്ദളവും കൈകാര്യം  ചെയ്തു. 
 ശ്രീ. കലാമണ്ഡലം രവികുമാര്‍ ചുട്ടിയും ശ്രീ.കോട്ടയ്ക്കല്‍ കുഞ്ഞിരാമന്‍,   ശ്രീ. കോട്ടയ്ക്കല്‍  ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അണിയറ കലാകാരന്മാരുമായി  പ്രവര്‍ത്തിച്ച്   കഥകളിയെ വന്‍ വിജയത്തില്‍ എത്തിക്കുവാന്‍ സാധിച്ചു.  

 കല്യാണസൌഗന്ധികം  കഥകളിയുടെ  ആട്ടപ്രകാരത്തില്‍ ചേര്‍ത്തിട്ടുള്ള ആട്ടങ്ങള്‍ നടന്മാര്‍ ഭംഗിയായി അവതരിപ്പിച്ചു.  പാഞ്ചാലിയുടെ കയ്യില്‍ പുഷ്പം ലഭിക്കുമ്പോള്‍ തന്നെ ഭീമന്‍ വണ്ടുകളുടെ സാന്നിദ്ധ്യം  പ്രകടിപ്പിച്ചു. 

“എന്‍‌കണവ കണ്ടാലും നീ എങ്കലൊരു കുസുമം” എന്ന   പദം  പുഷ്പം കയ്യില്‍ വെച്ചു കൊണ്ട് പാഞ്ചാലി ചെയ്യുകയാണ് ഉണ്ടായത്.  ( ഭീമനെ പുഷ്പം ഏല്‍പ്പിച്ച ശേഷമാണ് നടന്‍ പദം  ആടുക . എങ്കലൊരു കുസുമം എന്ന് പദത്തില്‍ ഉള്ളത് എനിക്ക് ലഭിച്ച പുഷ്പം എന്നും അര്‍ത്ഥം ആകുമല്ലോ .)

കഥയുടെ പ്രധാന മര്‍മ്മമായി നില്‍ക്കുന്നത്   ഹനുമാന്റെയും  ഭീമന്റെയും   സംഗമമെന്ന   എന്ന നിലയില്‍ ഹനുമാന്റെ വാസസ്ഥലമായ കദളീവത്തില്‍ എത്തിച്ചേരുന്ന ഭീമന്‍ കദളീ വന  കാഴ്ചകള്‍ക്ക് മുഖ്യത്തം നല്‍കേണ്ടതുണ്ട് . ഭീമനടന്‍ പ്രസ്തുത കടമയ്ക്ക് മുഖ്യത്തം കൊടുത്തു കണ്ടില്ല.  
സമുദ്രലംഘന രൂപം കണ്ടു ആലസ്യപ്പെട്ടു വീണ ഭീമനെ,   പ്രസ്തുത രൂപം വെടിഞ്ഞു ഹനുമാന്‍  എഴുനേല്‍പ്പിക്കുമ്പോള്‍ ഭീമന്റെ മനസ്  ഹനുമാന്റെ  സമുദ്രലംഘന രൂപത്തില്‍ തന്നെയാണ് (ഹനുമാന്റെ  വളര്‍ന്ന രൂപം കാണുന്ന  നിലയില്‍  അന്ധാളിച്ചു ഉയരത്തിലേക്ക് നോക്കണം.). അതും നടനില്‍ പ്രകടമായില്ല. 

സൌഗന്ധികം കഥയുടെ അവതരണത്തിനു കഥാകൃത്തായ ശ്രീ.  കോട്ടയത്തു  തമ്പുരാന്‍ എഴുതി ചേര്‍ത്തിട്ടുള്ള ശ്ലോകം : 
 “വാതേന വത്സലതയേവകിലോപനീതം
 ചേതോഹരം പരിമളാനുസൃതാളിവൃന്ദം
 ആദായ പുഷ്പമതിമോഹനമാത്ത ദിവ്യം
 മോദാല്‍ ജഗാദ പവനാത്മജമേത്യ കൃഷ്ണ”
എന്നതാണ് . 
 

വാത്സല്യത്താലെന്നപോലെ വായുദേവനാല്‍    അരികില്‍ എത്തിച്ചതും, മനോഹരവും, സുഗന്ധത്താല്‍  ആകര്‍ഷിക്കപ്പെട്ട വണ്ടുകളോടുകൂടിയതും, ദിവ്യവുമായ ആ പുഷ്പം എടുത്ത പാഞ്ചാലി  വായുപുത്രന്റെ സമീപമെത്തി സന്തോഷത്തോടെ   ഇപ്രകാരം പറഞ്ഞു എന്നാണ്  അതിന്റെ അര്‍ത്ഥം. കഥയും കളിയും ചേരുന്നതാണ് കഥകളി എന്നും കളിയുടെ അടിസ്ഥാനം കളരി ചിട്ടയും കഥയുടെ അവതരണത്തില്‍ കവി എഴുതി  ചേര്‍ത്തിരിക്കുന്ന ശ്ലോകവും പദങ്ങളുമാണ്    അടിസ്ഥാനം എന്നു   ചിന്തിക്കുമ്പോള്‍   ആട്ടപ്രകാരത്തില്‍ ചേര്‍ത്തിട്ടുള്ള കാറ്റിന്റെ ഗതി നോക്കി ഭീമന്‍ യാത്ര തുടങ്ങി എന്നുള്ളതല്ലാതെ ശ്ലോകത്തിലെ ഉദ്ദേശം അനുസരിച്ചുള്ള ഒരു അവതരണം  ഉണ്ടായതായി തോന്നിയില്ല.   

വായുദേവന്‍ വാത്സല്യത്തോടെ പാഞ്ചാലിക്കു നല്‍കിയ ആ മനോഹര പുഷ്പം ഭീമന്‍ കാണുന്നതു മുതല്‍ , പാഞ്ചാലിയുടെ താല്‍പ്പര്യത്തിന് വഴങ്ങി യാത്ര തുടരുമ്പോഴും  കൊടുംവനത്തിലെ  യാത്രയില്‍  നേരിടുന്ന   പ്രതിബന്ധങ്ങള്‍ തരണം ചെയ്യുമ്പോഴും  ഭീമ- ഹനുമാന്‍ സംഗമത്തിനു ഇടയാക്കുന്നത്തിലുമെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന കഥാനായകന്‍ വായൂദേവനാണ്.     അവതരണ   വൈദഗ്ദ്യത്തിലൂടെ വായൂദേവനെ കഥാ നായകനായി  കാണികളില്‍  എത്തിക്കേണ്ട ചുമതല ഭീമനടനിലാണ്.

ശ്രീ. സദനം  ബാലകൃഷ്ണന്‍ ആശാന്റെ ഹനുമാന്‍ വളരെ ഹൃദ്യമായി. ഹനുമാന്റെ കഥാപാത്ര  അവതരണത്തില്‍ രാമഭക്തി നിറഞ്ഞു നിന്നിരുന്നു. രംഗാവസാനത്തില്‍ ഭീമനുള്ള ഉപദേശം  ഗദയ്ക്ക് നല്‍കുന്ന അവതരണം (ഒരു കുറിപ്പിട്ട  പ്രായം  കടന്നവരെ  ഉപദേശിക്കരുത് എന്ന  തത്വം ഉള്‍ക്കൊണ്ടു കൊണ്ട് )  സരസത നിറഞ്ഞതായിരുന്നു.  ഹനുമാന്റെ അഷ്ടകലാശത്തിന്റെ  അവതരണവും വളരെ നന്നായി. 
 

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -10


ഒരിക്കല്‍ നിശ്ചയിച്ചുറപ്പിച്ച    കഥകളി ഏതെങ്കിലും കാരണം കൊണ്ട്     മുടങ്ങുന്നത്    ദോഷമാണെന്നും,   ഒരു കലാകാരന്‍ മൂലം കളി  മുടങ്ങിയാല്‍ പ്രസ്തുത  കലാകാരന് ദോഷം സംഭവിക്കും എന്നൊക്കെയുള്ള     വിശ്വാസം    ദക്ഷിണ കേരളത്തില്‍    നിലനിന്നിരുന്നു.  ഈ കാരണം കൊണ്ടു തന്നെയാകാം തന്റെ  പേരു പറഞ്ഞ്‌  ഒരു കഥകളി മുടങ്ങുവാന്‍ ഒരിക്കലും ഇടയുണ്ടാകരുതെന്ന്  ചെങ്ങന്നൂര്‍ ആശാന്  നിര്‍ബ്ബന്ധം  ഉണ്ടായിരുന്നു. 1980- നവംബര്‍ മുപ്പതിന് വൈകിട്ട് 4:50
 മണിക്കാണ്  ഗുരു. ചെങ്ങന്നൂര്‍ മരണമടയുന്നത്. ആശാന്റെ  മരണ ദിനത്തിന് ഒരു ദിവസം മുന്‍പ്  ആശാന്റെ  ഗൃഹത്തിന് ഒരു ഫര്‍ലോങ്ങ് അകലെയുള്ള വന്മഴി, തൃക്കയില്‍കുളങ്ങര  ക്ഷേത്രത്തില്‍ കഥകളി ഉണ്ടായിരുന്നു. ഈ ക്ഷേത്രത്തില്‍ എല്ലാ  വര്‍ഷവും കഥകളി പതിവായി നടത്തി വന്നിരുന്നു.  ശ്രീരാമപട്ടാഭിഷേകം കഥകളി നടത്തണം എന്ന അഭിപ്രായം എല്ലാ വര്‍ഷവും ഉണ്ടാകുമെങ്കിലും അത് സാധിച്ചത് അന്നാണ്. കളിക്ക് എത്തിയ  അദ്ദേഹത്തിന്‍റെ  ശിഷ്യന്മാര്‍ക്കും കളിക്ക് പങ്കെടുത്ത  എല്ലാ  കലാകാരന്മാര്‍ക്കും  വാര്‍ദ്ധക്യ സഹജമായ അസുഖം നിമിത്തം അവശതയിലായിരുന്ന  ആശാനെ  അവസാനമായി  കാണുവാനുളള  ഒരു അവസരമായി  ഭവിച്ചു എന്നതും അദ്ദേഹത്തിന് ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ പാട്ടും മേളവും   ശ്രവിച്ചു  കൊണ്ട് അന്ത്യശ്വാസം വലിക്കുവാനുമുള്ള ഭാഗ്യമുണ്ടായി എന്നതും പ്രത്യേകം എടുത്തു പറയേണ്ട സംഗതിയാണ്. അന്ന് അദ്ദേഹത്തിന്‍റെ ശിഷ്യരായ ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ശ്രീരാമനായും, ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള ഹനുമാനായും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള ഭരതനായുമാണ്  അരങ്ങില്‍ എത്തിയത്.  കഥകളി ലോകത്തില്‍ ഇങ്ങിനെ ഒരു മഹാഭാഗ്യം ലഭിച്ച മറ്റൊരു ആചാര്യന്‍ ഉണ്ടോ എന്ന് സംശയമാണ്. 

ആശാന്റെ  ഭൌതീക ശരീരം സംസ്കരിച്ച ശേഷം ആശാന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെ ശ്രീ. ഹരിപ്പാട്‌ രാമകൃഷ്ണ പിള്ളയെയും ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ളയെയും  പോരുവഴി  ശ്രീകൃഷ്ണ വിലാസം കഥകളിയോഗത്തിന്റെ  മാനേജര്‍  ശ്രീ. പോരുവഴി മാധവന്‍ ഉണ്ണിത്താന്‍ അവര്‍കള്‍ അദ്ദേഹത്തിന്‍റെ ചുമതലയില്‍ നടന്ന കളിസ്ഥലത്തേക്ക് കൂട്ടിപോയി. ശ്രീ. തോന്നയ്ക്കല്‍ പീതാംബരന്റെ ചുമതലയില്‍  അന്ന്  നടന്ന കൊല്ലം കഥകളി ക്ലബ്ബിന്റെ കളി   ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ഏറ്റിരുന്നു എങ്കിലും പോയില്ല. ശ്രീ. മടവൂരിനു നിശ്ചയിച്ചിരുന്ന  വേഷം ശ്രീ. പീതാംബരനാണ് ചെയ്തത്. 

ആലപ്പുഴയില്‍ നടന്ന  ഒരു കളിക്ക് പ്രസിദ്ധ കഥകളി  ആചാര്യനായ   ശ്രീ. വെള്ളിനേഴി നാണുനായര്‍ അവര്‍കളെ ക്ഷണിച്ചിരുന്നു.   എന്തുകൊണ്ടോ അദ്ദേഹത്തിന് പ്രസ്തുത കളിക്ക് എത്തിച്ചേരുവാനോ  തനിക്കുണ്ടായ  അസൗകര്യം  ചുമതലക്കാരെ  അറിയിക്കുവാനോ   സാധിച്ചില്ല. അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന വേഷം ചെയ്യുവാന്‍ പ്രാപ്തിയുള്ള മറ്റൊരു പകരക്കാരനെ   ക്ഷണിക്കപ്പെട്ടിട്ടുമില്ല,   വേറൊരു നടനെ കൂട്ടികൊണ്ടു വന്നു  കളി നടത്തുവാനുള്ള  സമയമോ സൌകര്യമോ അന്നുണ്ടായിരുന്നില്ല .  ഈ കാരണങ്ങള്‍ കൊണ്ട് കളി റദ്ദു ചെയ്യുവാന്‍ ചുമതലക്കാര്‍  തീരുമാനിച്ചു.  പക്ഷെ കഥകളി ലോകം കണ്ട അതുല്യ പ്രതിഭാശാലിയായ    അദ്ദേഹത്തിന്‍റെ പേരില്‍ ഒരു കഥകളി മുടങ്ങുവാന്‍ പാടില്ല എന്ന ഒരു ദൈവ  നിശ്ചയമുള്ളതു കൊണ്ടു  തന്നെയാവാം    അപ്രതീക്ഷിതമായി    ഒരു പ്രസിദ്ധ നടന്‍ അവിടെ  എത്തുകയും കളി ഗംഭീരമായി നടക്കുകയും ചെയ്തു. വളരെ രസകരമായ ആ കഥയാണ് നിങ്ങളില്‍ എത്തിക്കുന്നത്.

                                ശ്രീ. വെള്ളിനേഴി നാണുനായര്‍ ആശാന്‍ 

                                               ശ്രീ. വെള്ളിനേഴി നാണുനായര്‍ ആശാന്‍

1980- കളുടെ ആദ്യ കാലഘട്ടം  എന്നാണെന്റെ ഓര്‍മ്മ.  ആലപ്പുഴ   കഥകളി ക്ലബ്ബിന്റെ ഒരു കളിക്ക് ബാലിവധം കഥയാണ്  തീരുമാനിച്ചത്. ശ്രീ. വെള്ളിനേഴി നാണുനായര്‍ ആശാന്റെ ബാലി എന്നായിരുന്നു ഏകമനസാ കമ്മിറ്റിയുടെ തീരുമാനം. പ്രായധിക്ക്യം ബാധിച്ചു തുടങ്ങിയ ആ മഹാനായ കലാകാരന്റെ പ്രസിദ്ധ വേഷം   കാണണം എന്നുള്ള  ആസ്വാദകരുടെ  അതിയായ താല്‍പ്പര്യം അറിഞ്ഞ ക്ലബ്ബിന്റെ ഭാരവാഹികള്‍   ശ്രീ. നാണുനായര്‍ ആശാനെ നേരില്‍ കണ്ട് ആഗ്രഹം അറിയിച്ചു.    ആശാന്റെ നിര്‍ദ്ദേശ പ്രകാരം  ശ്രീ. വേങ്ങൂര്‍ രാമകൃഷ്ണനെ അദ്ദേഹത്തിന്‍റെ തൃശൂര്‍ പൂങ്കുന്നത്തിലുള്ള വസതിയില്‍ എത്തി  സുഗ്രീവന്റെ വേഷത്തിന് ക്ഷണിക്കുകയും ചെയ്തു. 

ദുര്യോധനനും ത്രിഗര്‍ത്തനും 
 (ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനും  ശ്രീ .വെള്ളിനേഴി  നാണുനായര്‍ ആശാനും )

ക്ലബ്ബിന്റെ പ്രസ്തുത കളി ദിവസം ഉച്ചയ്ക്ക്  രണ്ടു മണിയോടെ  ക്ഷണിക്കപ്പെട്ടിരുന്ന  എല്ലാ കലാകാരന്മാരും എത്തി. ശ്രീ. നാണുനായര്‍ ആശാന്‍ മാത്രം എത്തിയിട്ടില്ല. ആശാന്‍ വരുമോ ഇല്ലയോ എന്നതിനെ പറ്റി ഒരു വിവരവും ഇല്ല. സമയം നീങ്ങിക്കൊണ്ടിരുന്നു.  

രാവണന്‍, മാരീചന്‍,   ശ്രീരാമന്‍, ലക്ഷ്മണന്‍ വേഷങ്ങളുടെ ചുട്ടി തീര്‍ന്നു. ശ്രീ. വേങ്ങൂര്‍ രാമകൃഷ്ണന്‍ അവര്‍കള്‍ സുഗ്രീവന്റെ തേപ്പു തീര്‍ത്തു . ശ്രീ. നാണുനായര്‍ ആശാന്‍ വന്നതിനു ശേഷം ചുട്ടിക്കു കിടക്കാം എന്നാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ശ്രീ. നാണുനായര്‍ ആശാന്‍  എത്തിയില്ലായെങ്കില്‍  കളി നടത്തുവാന്‍ ഒരു മാര്‍ഗ്ഗവുമില്ല  അനുയോജ്യനായ ഒരു  പകരക്കാരനെ കിട്ടുവാനുള്ള  സാദ്ധ്യതയും അന്നില്ല. കഥകളി  കലാകാരന്മാരും സംഘാടകരും എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലായി. സമയം വളരെ അതിക്രമിച്ചിരിക്കുന്നു. ഒടുവില്‍  സമയം നാലര മണിക്കും  മേലായപ്പോള്‍ കളി റദ്ദു ചെയ്യുക തന്നെ എന്ന ഒരു  തീരുമാനത്തിലേക്ക് സംഘാടകര്‍  എത്തിച്ചേര്‍ന്നു. കഥകളി റദ്ദു ചെയ്തിരിക്കുന്നു എന്ന്  കലാകാരന്മാരെ ഔപചാരികമായി അറിയിക്കുവാന്‍ സെക്രട്ടറി അണിയറയിലേക്ക് പോകുമ്പോള്‍ ദൂരെ നിന്നും ആരോ വരുന്നതു കണ്ട് ശ്രദ്ധിച്ചുനോക്കി. അദ്ദേഹത്തിന്റെ മുഖത്തു ആശ്വാസവും സന്തോഷവും തെളിഞ്ഞു.  ആക്കം, പൊക്കം, ഊക്ക്, നോക്ക്, അലര്‍ച്ച, പകര്‍ച്ച എന്നിങ്ങനെയുള്ള  ഗുണവിശേഷം നിറഞ്ഞ ഒരു പ്രസിദ്ധ താടി വേഷക്കാരന്‍ തന്നെയായിരുന്നു ആഗതന്‍. സെക്രട്ടറി  ഓടിച്ചെന്ന്  ആഗതനെ കെട്ടി പുണര്‍ന്നു കൊണ്ട് "ഞങ്ങളെ രക്ഷിച്ചു"എന്നും വേഗം അണിയറയിലേക്ക് വന്നു സുഗ്രീവന്‍ വേഷം തേച്ചാലും എന്ന് ഒരു അപേക്ഷയും

ആഗതന്‍ വേറാരുമല്ല, കഥകളി ലോകത്തിനു സുപരിചിതനായ  ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ തന്നെ. 
 കഥകളി ലോകത്തിലെ സുപ്രസിദ്ധരായ  കലാകാരന്മാര്‍  ശ്രീ. വെള്ളിനേഴി നാണു നായര്‍ ആശാനും ശ്രീ.  വേങ്ങൂര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ബാലിവധം കഥകളി കാണുകയും  അവരുടെ  അവതരണത്തിന്റെ  പ്രത്യേകതകള്‍  കണ്ടു മനസിലാക്കി തനിക്കു പ്രയോജനപ്പെടുത്തണം എന്ന  സസുദ്ദേശത്തോടെ   എത്തിയതാണ്  ശ്രീ. ഉണ്ണിത്താന്‍.  ശ്രീ. ഉണ്ണിത്താനെ കണ്ടതും ശ്രീ. വെങ്ങൂര്‍ രാമകൃഷ്ണന്റെ ബാലിയും ശ്രീ. ഉണ്ണിത്താന്റെ സുഗ്രീവനുമായി കഥകളി നടത്താം എന്ന് സെക്രട്ടറി മനസാ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

കഥകളി   കാണുവാന്‍ എത്തുകയും കളി നടത്തി പോവുകയും ചെയ്ത ഒരു സംഭവം മൂലം മഹാനും  പ്രതിഭാ ശാലിയുമായ ഒരു   കഥകളി ആചാര്യന്റെ  പേരില്‍  കഥകളി മുടങ്ങി എന്ന  ഒരപവാദത്തില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍  സാധിച്ചു.

ശ്രീ. വെള്ളിനേഴി  നാണുനായര്‍ ആശാന്  ഇതിനേക്കാള്‍ എന്ത്  വലിയ ഗുരു ദക്ഷിണയാണ്  ശ്രീ. ഉണ്ണിത്താനാല്‍ നല്‍കുവാന്‍ സാധിക്കുന്നത്. 

2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

അരങ്ങിലും അരങ്ങിനു പിന്നിലും -9

ആലപ്പുഴ ജില്ലയിലെ   കാര്‍ത്തികപ്പള്ളി താലൂക്കിലെ ഒരു തീരദേശ ഗ്രാമമാണ് മുതുകുളം. കുന്തീദേവിയാല്‍ പ്രതിക്കപ്പെട്ടത്   എന്നു  പറയപ്പെടുന്ന പ്രസിദ്ധമായ  പാണ്ഡവര്‍കാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത് മുതുകുളത്താണ്. ദക്ഷിണ കേരളത്തിലെ കഥകളി കലാകാരന്മാരില്‍ പ്രസിദ്ധനായിരുന്ന ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ ഇല്ലം മുതുകുളത്തിനു സമീപമുള്ള കീരിക്കാട്ടാണ്.  അതുകൊണ്ടു തന്നെ കഥകളിക്കു വളരെയധികം സ്വാധീനവും പ്രചാരവും   ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. പാണ്ഡവര്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കഥകളി പതിവായിരുന്നു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, ശ്രീ. പള്ളിപ്പുറം ആശാന്‍, ശ്രീ. ഹരിപ്പാട്ടു ആശാന്‍, ശ്രീ. മങ്കൊമ്പ് ആശാന്‍, ശ്രീ.ചെന്നിത്തല ആശാന്‍, ശ്രീ.  വാരണാസി സഹോദരന്മാര്‍, ശ്രീ. തകഴി കുട്ടന്‍ പിള്ള   എന്നിവര്‍ അവിടെ പതിവുകാരായിരുന്നു. ഈ  പതിവിനു   വ്യത്യാസം  വന്നു ചേര്‍ന്നതിന്റെ തുടക്കം ഇങ്ങിനെയാണ്‌.  
മുതുകുളം സ്വദേശിയായ FACT- യിലെ ഒരു  ഉദ്യോഗസ്ഥന്‍  ഒരിക്കല്‍ (1970- കളില്‍ ) ക്ഷേത്രത്തിലെ ഉത്സവത്തിന്റെ  ഭാരവാഹികളെ സമീപിച്ച്   ആ വര്‍ഷത്തെ ഉത്സവത്തോട് അനുബന്ധിച്ചു നടത്തുന്ന കഥകളിയുടെ  ചുമതല  FACT കഥകളി സംഘത്തിനു നല്‍കണം എന്നൊരു അപേക്ഷ സമര്‍പ്പിച്ചു. നീണ്ട ചര്‍ച്ചയ്ക്കു ശേഷം  ഉത്സവകമ്മറ്റി  ഈ   അപേക്ഷ സ്വീകരിക്കുകയും  ഒരു ചെറിയ നിബന്ധനയോടെ കഥകളിയുടെ ചുമതല  FACT കഥകളി സംഘത്തിനു നല്‍കുകയും ചെയ്തു. FACT കഥകളി സംഘത്തിലെ ഒരു പ്രധാന നടനെ ഒഴിവാക്കി  കളിക്ക്   വന്നാല്‍ മതിയെന്നും  അതിനു പകരം  ശ്രീ. ചെന്നിത്തല ആശാനെ  കമ്മറ്റി നേരിട്ടു  ക്ഷണിക്കും  എന്നതായിരുന്നു നിബന്ധന. വളരെക്കാലമായി അവിടുത്തെ പതിവുകാരനെ നിലയില്‍  ചെന്നിത്തല ആശാനെ  പെട്ടെന്ന് ഉപേക്ഷിക്കുവാനുള്ള ബുദ്ധിമുട്ടാണ് ഈ നിബന്ധനയ്ക്ക് കാരണം.
FACT  ട്രൂപ്പില്‍ പങ്കെടുത്തു വന്നിരുന്ന  ശ്രീ. പള്ളിപ്പുറം ആശാനെയാണ്    പ്രസ്തുത കളിക്ക്  ഒഴിവാക്കിയത്. സീതാസ്വയംവരവും  (ശ്രീ. കലാമണ്ഡലം കേശവന്‍ എഴുതിയ) ഭീമബന്ധനവും ആയിരുന്നു അന്ന് അവതരിപ്പിച്ച കഥകള്‍.  ശ്രീ. രാമന്‍കുട്ടി ആശാന്റെ പരശുരാമന്‍, ശ്രീ. വൈക്കം കരുണാകരന്‍  ആശാന്റെ ശ്രീരാമന്‍ എന്നിങ്ങനെ സീതാസ്വയംവരവും ഭീമബന്ധനത്തില്‍  ശ്രീ. കലാമണ്ഡലം കേശവദേവിന്റെ ഹിഡുംബി, ശ്രീ. വൈക്കം കരുണാകരന്‍ ആശാന്റെ ഭീമന്‍,  ശ്രീ. ചെന്നിത്തല ആശാന്റെ ഘടോല്‍ക്കചന്‍ (ശ്രീ. പള്ളിപ്പുറം ആശാന്‍ ചെയ്തു വന്ന വേഷം) , എന്നിങ്ങനെ പ്രധാന  വേഷങ്ങളും സംഗീതത്തിന് ശ്രീ. എമ്പ്രാന്തിരിയും  ചെണ്ടയ്ക്ക്  ശ്രീ. കലാമണ്ഡലം കേശവനും.
  പാണ്ഡവര്‍കാവ് ക്ഷേത്രത്തിലെ  തുടര്‍ന്നുള്ള  വര്‍ഷങ്ങളിലെ    ഒരു ഉത്സവക്കളിക്ക്  ശ്രീ.കലാമണ്ഡലം  രാമന്‍കുട്ടി ആശാന്‍, ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ , ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി, ശ്രീ. ചിറക്കര മാധവന്‍ കുട്ടി എന്നീ പ്രധാന നടന്മാരും ശ്രീ.കലാമണ്ഡലം  ശങ്കരന്‍  എമ്പ്രാന്തിരി, ശ്രീ. കലാമണ്ഡലം  ഹരിദാസ്  എന്നിവര്‍ പാട്ടിനും ശ്രീ. കലാമണ്ഡലം കേശവന്‍ ചെണ്ടയ്ക്കും, ക്ഷണിക്കപ്പെട്ടിരുന്നു. കളിയോഗവും  കളിയുടെ ചുമതലയും  ശ്രീ. കാര്‍ത്തികപ്പള്ളി  കുട്ടപ്പപണിക്കര്‍ക്ക്  (ശ്രീ. കലാമണ്ഡലം രാജശേഖരന്റെ ആദ്യ ഗുരുനാഥന്‍) ആയിരുന്നു.  
  മുതുകുളത്തെ കളിയുടെ  അടുത്തനാള്‍ ഹരിപ്പാടിനും  മാവേലിക്കരയ്ക്കും  മദ്ധ്യേ  പള്ളിപ്പാട് ജങ്ക്ഷനു  സമീപമുള്ള  മൗട്ടത്തു കുടുംബ ക്ഷേത്രത്തില്‍ നടക്കുന്ന ഒരു   കഥകളിക്കു ശ്രീ. എമ്പ്രാന്തിരി, ശ്രീ. ഹരിദാസ്, ശ്രീ. കേശവന്‍ എന്നിവരെ എന്റെ  പിതാവ്   ഏര്‍പ്പാടാക്കിയത്  തിരുവനന്തപുരം ജില്ലയിലെ   ശ്രീകാര്യം    പുലിയൂര്‍ക്കോട്  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അണിയറയില്‍ വെച്ചായിരുന്നു.   അപ്പോള്‍ അവര്‍ മൂന്നു പേരും മുതുകുളത്തെ കളി കഴിഞ്ഞാല്‍ ഞങ്ങളെ  മൗട്ടത്തേക്കു ആരെങ്കിലും വന്നു  കൂട്ടിക്കൊണ്ടു പോകണം എന്ന് അഭിപ്രായപ്പെട്ടു. അവരുടെ ആവശ്യം മനസിലാക്കിയ എന്റെ പിതാവ് പ്രസ്തുത ചുമതല എന്നെ ഏല്‍പ്പിക്കുകയും ചെയ്തു.  
കളിദിവസം  ഞാന്‍ മുതുകുളം പാണ്ഡവര്‍കാവ് ക്ഷേത്രത്തിലേക്ക് തിരിക്കുന്നതിനു മുന്‍പ് അന്നത്തെ കളിയുടെ വേഷവിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് എന്റെ പിതാവിനെ കാണിച്ചു. കൊല്ലം പരവൂരില്‍ ഒരു കളിക്ക് പോകാന്‍ ഒരുങ്ങി നിന്നിരുന്ന  അദ്ദേഹം  ആ വേഷ വിവരം അടങ്ങിയ ലിസ്റ്റ് വായിച്ചു. ശ്രീ. ഗോപി ആശാന്റെ കാലകേയവധത്തില്‍  അര്‍ജുനന്‍,  ശ്രീ. ചന്ദ്രമനയുടെ മാതലി,  ശ്രീ. ചിറക്കരയുടെ  ഉര്‍വശിയും     ദുര്യോധനവധത്തില്‍ ശ്രീ. രാമന്‍കുട്ടി ആശാന്റെ  ദുര്യോധനന്‍ , ശ്രീ. ചാത്തന്നൂര്‍ കൊച്ചു നാരായണപിള്ളയുടെ ദുശാസനന്‍, ശ്രീ. ചിറക്കരയുടെ പാഞ്ചാലി,  ശ്രീ. മോഴൂര്‍ രാജേന്ദ്ര ഗോപിനാഥിന്റെ  കൃഷ്ണന്‍, ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയുടെ രൌദ്രഭീമന്‍  എന്നിങ്ങനെയുള്ള  വേഷ വിവരം വായിച്ച ശേഷം ചിരിച്ചു കൊണ്ട്  "ഈ ലിസ്റ്റില്‍ കൊടുത്തിരിക്കുന്നത് പോലൊന്നും  കളി നടക്കാന്‍ പോകുന്നില്ല" എന്ന്  അദ്ദേഹം പറഞ്ഞു. 
  എന്റെ പിതാവ്  അഭ്യസിപ്പിച്ച ഒരു ബാലനാണ്  (ശ്രീ. മോഴൂര്‍   രാജേന്ദ്രഗോപിനാഥ് )  കൃഷ്ണന്റെ  വേഷം ചെയ്യുന്നത്.  ആ ബാലനടന്റെ  കൂടെ വേഷം  കെട്ടാന്‍  രാമന്‍കുട്ടി ആശാന്‍  എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കും എന്നുള്ള     സംശയം കൊണ്ടാണോ അദ്ദേഹം ഇങ്ങിനെ പറഞ്ഞത് എന്ന തോന്നല്‍ എനിക്ക്  ഉണ്ടായി.    ഈ സംശയം ഞാന്‍ എന്റെ പിതാവിനോട് ഉന്നയിച്ചപ്പോള്‍ "അങ്ങിനെ ഒന്നും   ഉണ്ടാകുവാന്‍  വഴിയില്ല" എന്നായിരുന്നു  പ്രതികരണം.  ആ ലിസ്റ്റില്‍ ഒരു ഭേദഗതി ഉണ്ടാകുവാന്‍ മറ്റൊരു സാധ്യതയും  എനിക്ക് തോന്നുന്നില്ല എന്നുള്ള എന്റെ മറുപടി കേട്ടപ്പോള്‍  നാളെ കളി കഴിഞ്ഞു വരുമ്പോള്‍ നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു കൊണ്ട്  എന്റെ പിതാവ് പരവൂരിലേക്ക് യാത്രയായി
ഞാന്‍ മുതുകുളത്തെ കളിക്ക് പോകും വഴിയില്‍ മോഴൂരിലെത്തി.   മോഴൂര്‍  രാജേന്ദ്രന്റെ  പിതാവ് ശ്രീ. ഗോപിനാഥന്‍ പിള്ളയുമായി   സംസാരിച്ചു. മൌട്ടത്തെ കളിക്ക് എത്തേണ്ട ശ്രീ. എമ്പ്രാന്തിരി, ശ്രീ. ഹരിദാസ്  എന്നിവരെ മുതുകുളത്തെ കഴിഞ്ഞ്   ആദേഹം   കാറില്‍  കൂട്ടി  വന്നു കൊള്ളാം എന്നും തന്റെ വസതിയില്‍ അവര്‍ക്ക്  വിശ്രമിക്കുവാനുള്ള   സൗകര്യം  ചെയ്തു കൊടുത്തു കൊള്ളാം എന്നും സമ്മതിച്ചു.   ശ്രീ.  കലാമണ്ഡലം കേശവന്‍ എന്റെ  വസതിയിലേക്ക്     വന്നാല്‍ സന്തോഷത്തോടെ സ്വാഗതം  ചെയ്യും   എന്നാണ്  അദ്ദേഹം  മറുപടി  പറഞ്ഞത്. 
 ശ്രീ. ഗോപിനാഥന്‍ പിള്ളയോടും രാജേന്ദ്രനോടുമൊപ്പം ഞാന്‍ അവരുടെ കാറില്‍ യാത്ര തിരിച്ച്  സന്ധ്യക്ക്   ഏഴ്-ഏഴര  മണിയോടെ കളിസ്ഥലത്ത് എത്തി. അവിടെ അണിയറയില്‍ ഉത്സവ കമ്മിറ്റിക്കാരും കലാകാരന്മാരും തമ്മില്‍ ആലോചനകള്‍ നടക്കുന്നു. വേഷമാറ്റം തന്നെയാണ് ചര്‍ച്ചാ വിഷയം. അവരുടെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചപ്പോഴാണ് സംഗതി പിടി കിട്ടിയത്. ശ്രീ. ഗോപി ആശാന്‍ എത്തിയിട്ടില്ല. ബാക്കി എല്ലാ നടന്മാരും വളരെ നേരത്തെ എത്തിയിട്ടുണ്ട്. ഇന്നത്തെ പോലെ ഫോണ്‍, മൊബൈല്‍ സൌകര്യങ്ങളും അന്ന്  ഇല്ലാത്ത കാലഘട്ടം  ആയിരുന്നതിനാല്‍ ഗോപി ആശാന്‍ എത്തുമോ ഇല്ലയോ എന്ന് ആര്‍ക്കും  ഉറപ്പിച്ചു പറയുവാന്‍ സാധിക്കുന്നുമില്ല. ഒടുവില്‍ വേഷത്തിന്റെ വിഷയത്തില്‍ മാറ്റം വരുത്തുവാനാണ് തീരുമാനിച്ചത്. കാലകേയവധത്തില്‍ ശ്രീ. രാമന്‍കുട്ടി ആശാന്റെ   അര്‍ജുനന്‍,  ദുര്യോധനവധത്തില്‍  ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപണിക്കരുടെ ദുര്യോധനന്‍ എന്ന്  ഒരു മാറ്റം വരുത്തി. രൌദ്രഭീമന്‍  മുന്‍ നിശ്ചയം  പോലെ ചന്ദ്രമന ചെയ്യട്ടെ എന്നുമായി തീരുമാനം. 
കളി തുടങ്ങാറായപ്പോള്‍ ശ്രീ. ഗോപി ആശാന്‍ എത്തി. അദ്ദേഹം വൈകി എത്തിയതിന്റെ കാരണവും വളരെ രസകരമാണ്. ആറു മണിക്ക് ഹരിപ്പാട്ട്‌ എത്തിയ ഗോപി ആശാന്‍ അവിടെ നിന്നും  മുതുകുളം വഴി കായംകുളത്തിനു പോകുന്ന   ബസ്സില്‍ കയറി മുതുകുളത്തിനു ടിക്കറ്റും എടുത്തു. ആശാന്‍ ബസ്സിലിരുന്ന്  ഉറങ്ങിപ്പോയി. ബസ് കായംകുളത്തെത്തി കണ്ടക്ടര്‍  വിളിച്ചപ്പോഴാണ്  അദ്ദേഹം  ഉണര്‍ന്നത്.  അന്ന് പ്രസ്തുത റൂട്ടില്‍ അധികം യാത്രാ സൌകര്യങ്ങള്‍ ഇല്ലാത്ത കാലമായതിനാല്‍ അടുത്ത ബസ്സ് പിടിച്ചു മുതുകുളത്തെത്തി ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍ വൈകി. അദ്ദേഹത്തിനുണ്ടായ അസൌകര്യം മനസിലാക്കിയ ഉത്സവ കമ്മറ്റിക്കാരുടെ അഭിപ്രായം അനുസരിച്ച്  അദ്ദേഹം രൌദ്രഭീമന്റെ  വേഷമാണ്  ചെയ്തത്.  വേഷത്തിന്റെ വിഷയത്തില്‍ മാറ്റം ഉണ്ടാകും എന്ന് എന്റെ പിതാവ് പറഞ്ഞത് എങ്ങിനെയോ ഫലിച്ചിരിക്കുന്നു. വേഷം മാറ്റണം എന്നുള്ള  ആരുടേയും താല്‍പ്പര്യം കൊണ്ട് സംഭവിച്ചതും  അല്ല.  അപ്രതീക്ഷിതമായി സംഭവിച്ചതാണെങ്കിലും അത് എങ്ങിനെ മുന്‍കൂട്ടി പറയുവാന്‍ അദ്ദേഹത്തിനു എങ്ങിനെ സാധിച്ചു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. 
മുതുകുളത്തെ  കളി കഴിഞ്ഞപ്പോള്‍ ശ്രീ. എമ്പ്രാന്തിരി , ശ്രീ. ഹരിദാസ് എന്നിവര്‍ മോഴൂര്‍ രാജേന്ദ്രനോടൊപ്പം യാത്രയായി. ശ്രീ. കേശവന്‍ മോഴൂരേക്കില്ലാ  എന്നുറപ്പിച്ചു പറഞ്ഞു.  ശ്രീ. ഗോപിനാഥന്‍ പിള്ളയും ശ്രീ.  കേശവനും തമ്മില്‍ എന്തോ പ്രശ്നം  ഉണ്ടായിട്ടുണ്ട് എനിക്ക് മനസിലായി.  ശ്രീ. രാമന്‍കുട്ടി ആശാന്‍, ശ്രീ. ഗോപി ആശാന്‍, ശ്രീ. കേശവന്‍, ശ്രീ. ചന്ദ്രമന,  ശ്രീ. ചിറക്കര തുടങ്ങിയ കലാകാരന്മാരുമൊത്തു പാണ്ഡവര്‍കാവ്‌ ക്ഷേത്രത്തില്‍ നിന്നും സുമാര്‍ ഒരു കിലോമീറ്ററിലധികം  ദൂരമുള്ള മുതുകുളം ജങ്ക്ഷന്‍ വരെ നടന്നു.  വളരെ രസകരമായ ഒരു യാത്ര തന്നെയായിരുന്നു അത്ഗോപി ആശാനും ചന്ദ്രമനയും  പല തമാശകളും പറഞ്ഞു കൊണ്ടുള്ള അന്നത്തെ  യാത്ര മറക്കുവാന്‍ സാദ്ധ്യമല്ല. സംസാരമദ്ധ്യേ ആ ഭാഗത്തെ കളികള്‍ക്ക് പങ്കെടുക്കുവാനുള്ള ശ്രീ. ഗോപി ആശാന്റെ അതീവ താല്‍പ്പര്യവും എനിക്ക് മനസിലാക്കുവാന്‍ കഴിഞ്ഞു. 
ആദ്യമായാണ് ചന്ദ്രമന തിരുമേനി   മുതുകുളത്ത്  ഒരു കളിക്ക് കൂടുന്നത്.  "ചെന്നിത്തലയ്ക്ക് " കഴിഞ്ഞ കളിക്ക് നല്‍കിയ തുകയാണ് തിരുമേനിയ്ക്കു  നല്‍കുന്നത്  എന്ന് പറഞ്ഞു കൊണ്ടാണ്   ഉത്സവത്തിന്റെ  ഭാരവാഹികള്‍ അദ്ദേഹത്തിനു   കളിപ്പണം നല്‍കിയത്. അദ്ദേഹത്തിന്‍റെ നാട്ടിലെ (പെരുമ്പാവൂര്‍ ഭാഗത്ത് ) കളികള്‍ക്ക് കൂടുമ്പോള്‍ ലഭിക്കുന്നത്തിന്റെ ഇരട്ടിപ്പണം അവര്‍ നല്‍കി എന്നാണ്  യാത്രാമദ്ധ്യേ   ചന്ദ്രമന തിരുമേനി  എന്നോട് സൂചിപ്പിച്ചത്.
   മുതുകുളം ജംങ്ക്ഷനില്‍ എത്തി വളരെ നേരത്തെ കാത്തു നില്‍പ്പിനു  ശേഷം  കായംകുളം ഭാഗത്തേക്കാണ്  ആദ്യം ബസ്സ് വന്നത്.  ശ്രീ. കേശവനും  ഞാനുമൊഴികെയുള്ളവര്‍ ആ ബസ്സില്‍ യാത്രയായി. പിന്നീട്  വന്ന  ഹരിപ്പാടിനുള്ള   ബസ്സില്‍ ഞങ്ങള്‍  കാര്‍ത്തികപ്പള്ളിയിലും     അവിടെ നിന്നും  മറ്റൊരു  ബസ്സില്‍  യാത്ര  ചെയ്ത്  മൗട്ടത്തെ വീട്ടിലും   എത്തിച്ചേര്‍ന്നു.  അവിടെ ഞങ്ങള്‍ക്ക് എല്ലാ സൌകര്യങ്ങളും  ഒരുക്കിത്തരുവാന്‍  ആ കുടുംബത്തിലുള്ളവര്‍ സന്നദ്ധരായിരുന്നു.   കുളിയും  കാപ്പികുടിയും കഴിഞ്ഞു ഒരു ഉറക്കം പിടിച്ചപ്പോഴാണ് എന്റെ പിതാവും  ശ്രീ. മോഴൂര്‍ ഗോപിനാഥന്‍ പിള്ളയും  വന്നു ഞങ്ങളെ  ഉണര്‍ത്തിയത്. എന്റെ പിതാവ്  പരവൂരെ കളിയും കഴിഞ്ഞു മോഴൂരില്‍ എത്തിയപ്പോള്‍  അവിടെ എമ്പ്രാന്തിരിയും ഹരിദാസും  ഉണ്ട്.   ശ്രീ. കേശവനും  ഞാനും മൗട്ടത്ത് ഉണ്ടാകും എന്ന് മനസിലാക്കി ഞങ്ങളെ കൂട്ടി പോകുവാനാണ്  അദ്ദേഹം   എത്തിയത്.  ശ്രീ. ഗോപിനാഥന്‍ പിള്ളയും  എന്റെ പിതാവും കൂടി  ശ്രീ. കേശവന്‍  മോഴൂരിലേക്ക്  ക്ഷണിക്കുകയും  അദ്ദേഹത്തിന്‍റെ  ബാഗ്  ശ്രീ. ഗോപിനാഥന്‍  പിള്ളയും  എന്റെ പിതാവ് ചെണ്ടയും തൂക്കിയപ്പോള്‍   ശ്രീ. കേശവന്‍  അവരെ അനുഗമിക്കുകയുമാണ് ചെയ്തത് . ശ്രീ. മോഴൂര്‍ ഗോപിനാഥന്‍ പിള്ളയ്ക്കും  ശ്രീ. കേശവനും  തമ്മിലുണ്ടായിരുന്ന വിരോധത്തിനു അയവുവരുത്തുവാന്‍ മൌട്ടത്തെ  കഥകളിയും  ശ്രീ. ചെന്നിത്തല ആശാനുമായി  ശ്രീ .   കേശവന്‍  പുലര്‍ത്തി വന്നിരുന്ന    ആത്മബന്ധവും   പ്രധാന കാരണമായി ഭവിച്ചു.
 
ശ്രീ. കലാമണ്ഡലം കേശവന്‍ എഴുതിയ "അരങ്ങത്തൊരു മരണം" എന്ന ആര്‍ട്ടിക്കിളില്‍   
ശ്രീ. ചെന്നിത്തല ആശാനുമായുള്ള സ്നേഹബന്ധത്തെ സൂചിപ്പിക്കുന്ന വരികള്‍.   

 മോഴൂരില്‍ ഞങ്ങള്‍ എത്തി  ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോള്‍ മുതുകുളത്തെ കളിക്ക് വേഷത്തിന് സംഭവിച്ച മാറ്റത്തെ പറ്റി ഞാന്‍ പിതാവിനോട് സൂചിപ്പിച്ചു.  കഥകളി കലാകാരന്മാരില്‍  പലര്‍ക്കും സംഭവിച്ചിട്ടുള്ളതു  പോലുള്ള ഒരു   സംഭവം    തന്നെയാണ് ശ്രീ. ഗോപിക്കും ഉണ്ടായത് എന്നും  ശ്രീ. കാര്‍ത്തികപള്ളി കുട്ടപ്പപണിക്കരുടെ ചുമതലയില്‍ നടക്കുന്ന കളികള്‍ക്കെല്ലാം   അദ്ദേഹത്തിനു ഒരു പ്രധാന   വേഷം ഉണ്ടാകും  അല്ലെങ്കില്‍ അദ്ദേഹം  ഉണ്ടാക്കും. ആ പതിവ്  ഇവിടെയും സംഭവിക്കാം  എന്നുള്ള  ഒരു കണക്കുകൂട്ടലിലാണ്    വേഷത്തിന് മാറ്റം ഉണ്ടാകുമെന്നു ഞാന്‍ സൂചിപ്പിച്ചത്  എന്നായിരുന്നു  എന്റെ പിതാവ്   പുഞ്ചിരിച്ചു കൊണ്ട് നല്‍കിയ    മറുപടി. 
ശ്രീ. കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ ചുമതലയില്‍ നടക്കുന്ന എല്ലാ കളികള്‍ക്കും  അദ്ദേഹത്തിനു മാന്യമായ ഒരു ഉണ്ടാകണം  എന്ന ഒരു ദൈവ നിശ്ചയം  കൂടി ഉള്ളതു കൊണ്ടു തന്നെയാവാം ശ്രീ. ഗോപി ആശാന്‍ താമസിച്ചു കളി സ്ഥലത്ത് എത്തേണ്ടിവന്നത് എന്നാണ് ഞാന്‍  വിശ്വസിക്കുന്നത്.
***************************************************************************
                  എന്റെ ബ്ലോഗ്‌  വായിക്കുന്നവരുടെ  ശ്രദ്ധയ്ക്ക് 
എന്റെ ബ്ലോഗിലെ പ്രധാന വിഷയം അരങ്ങുകളിലും  അണിയറകളിലും  കഥകളി    കലാകാരന്മാര്‍ക്കിടയിലും നടക്കുന്ന സംഭവങ്ങള്‍, രസികത്തങ്ങള്‍ എന്നിവയാണല്ലോ. അത്തരം സംഭവങ്ങളില്‍  ചിലതാണ്  പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത് . ഏതെങ്കിലും ഒരു കലാകാരനെയോ കലാസ്ഥാപനത്തെയോ    വിമര്‍ശിക്കുക  ആക്ഷേപിക്കുക എന്നിവ  എന്റെ    ഉദ്യമമല്ല   എന്ന വസ്തുത ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു.
                                       ***************