പേജുകള്‍‌

2016, ഡിസംബർ 7, ബുധനാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 18 - മത് അനുസ്മരണം.


ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 18  -മത് അനുസ്മരണം 2016 നവംബർ 12 ശനിയാഴ്ച മഹാത്മാ ഗേൾസ് ഹൈസ്‌കൂൾ ആഡിറ്റോറിയത്തിൽ പൂർവാധികം ഭംഗിയായി ആചരിച്ചു.  രാവിലെ ഒൻപതു മണിക്ക് ആചാര്യന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന സമർപ്പിച്ചു കൊണ്ടാണ് അനുസ്മരണത്തിനു തുടക്കം കുറിച്ചത്.    10: 30 മുതൽ ബ്രഹ്മശ്രീ. വി. എം. കെ. നമ്പൂതിരി, ശ്രീ. വൈരശേരി നമ്പൂതിരി, ശ്രീ. എം.അയ്യപ്പൻ നായർ, ശ്രീ. ജി. പ്രഭാകരൻ നായർ, ശ്രീമതി. സുഭദ്രകുട്ടിയമ്മ   ശ്രീ. എൻ.വി. ചേറ്റൂർ, ശ്രീ. രാമവർമ്മ രാജൂ, ശ്രീ. സുകുമാരൻ നായർ ഞാഞ്ഞൂർ എന്നിവർ പങ്കെടുത്ത അക്ഷരശ്ലോകസദസ്സും കാവ്യാർച്ചനയും നടന്നു. 






വൈകിട്ട് 4:30  മണിമുതൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസമിതിയിലെ വിദ്യാർത്ഥികൾ ചെണ്ടമേളം, ഡാൻസ് എന്നിവ അവതരിപ്പിച്ചു.  അഞ്ചരമണിക്ക് ഈശ്വര പ്രാർത്ഥനയോടെ  അനുസ്മരണ സമ്മേളനം ആരംഭിച്ചു. മുഖ്യാതിഥി ശ്രീ. കെ. കെ.രാമചന്ദ്രൻ നായർ (എം. എൽ. എ) അവർകളെ സമിതി ഭാരവാഹികൾ സ്വീകരിച്ചു. സമിതി പ്രസിഡൻറ് ശ്രീ. ഞാഞ്ഞൂർ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സമിതി ഏക്സിക്യൂട്ടീവ് അംഗം ശ്രീ. കെ. രഘുനാഥൻ നായർ സ്വാഗതം ആശംസിച്ചു. 

പ്രശസ്ത കഥകളി ചെണ്ടമേള വിദഗ്ദൻ ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി അവർകളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കുകയും   ശ്രീ. കെ. കെ.രാമചന്ദ്രൻ നായർ (എം.എൽ.എ) അവർകൾ അദ്ദേഹത്തിന്   പുരസ്‌കാരം സമർപ്പിക്കുകയും ചെയ്തു.  ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി അവർകൾ പുരസ്കാരം സ്വീകരിച്ചു കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തിൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള അവർകളുടെ പുലർത്തിയിരുന്ന സ്നേഹബന്ധത്തെയും, അരങ്ങു അനുഭവങ്ങളെയും  സ്മരിക്കുകയുണ്ടായി.  

ക്ഷേത്രകലാരംഗത്ത്   മികച്ച സേവനം അനുഷ്ഠിച്ച ശ്രീ. ചിറ്റക്കാട്‌ പരമേശ്വരപ്പണിക്കർ, സമിതിയിൽ കഴിഞ്ഞ പത്തുവർഷക്കാലമായി കലാ അദ്ധ്യാപനം അനുഷ്ഠിച്ചുവരുന്ന ശ്രീ. കണ്ടിയൂർ ഭരതൻ മാസ്റ്റർ അവർകളെയും സമിതി പൊന്നാട അണിയിച്ചു ആദരിച്ചു. തുടർന്ന് കേരള സംസ്ഥാന യുവജനോത്സവത്തിൽ വഞ്ചിപ്പാട്ടിനു  ഒന്നാം സ്ഥാനം  നേടിയ മഹാത്മാ ബോയിസ് ഹൈസ്‌കൂളിലെ ടീമിനെ ചെന്നിത്തല പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ഇ.എൻ. നാരായണൻ അവർകൾ അനുമോദിക്കുകയും സമിതിയുടെ പാരിതോഷികം നൽകുകയും ചെയ്തു. തുടർന്ന് വഞ്ചിപ്പാട്ട് അവതരിപ്പിക്കുകയും ചെയ്തു. 

ശ്രീ. കെ. കെ.രാമചന്ദ്രൻ നായർ (എം.എൽ.എ) അവർകൾ തന്റെ പ്രസംഗത്തിൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ കലാപരമായ കഴിവുകളെ സ്മരിക്കുകയും കേരളീയ കലകളെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യങ്ങളെ പറ്റി വിശദമാക്കുകയും ചെയ്തു. ശ്രീ. കാരാഴ്മ വേണുഗോപാൽ (മാതൃഭൂമി സബ് എഡിറ്റർ), ശ്രീമതി. എൽ. രമാദേവി , ശ്രീമതി സുമാ വിശ്വാസ് (ഗ്രാമ പഞ്ചായത്തു അംഗങ്ങൾ) ആശംസകൾ അർപ്പിച്ചു. സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ. ജി. ഹരികുമാർ   കൃതജ്ഞത അറിയിച്ചു കൊണ്ട് അനുസ്മരണ സമ്മേളനം അവസാനിച്ചു. തുടർന്ന് കഥകളി അവതരിപ്പിച്ചു.












കർണ്ണശപഥം കഥയാണ് അവതരിപ്പിച്ചത്. ശ്രീ. മോഴൂർ രാജേന്ദ്രഗോപിനാഥ്‌ ദുര്യോധനനായും ശ്രീ.മധു വാരണാസി ഭാനുമതിയായും ശ്രീ. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള കർണ്ണനായും ശ്രീ. കലാമണ്ഡലം അഖിൽ ദുശാസനനായും ശ്രീ. ഓയൂർ രാമചന്ദ്രൻ കുന്തിയായും രംഗത്തെത്തി, ശ്രീ. കലാമണ്ഡലം സജീവൻ, ശ്രീ. കോട്ടക്കൽ യശ്വന്ത് എന്നിവർ സംഗീതവും ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി, ശ്രീ. കലാഭാരതി മുരളി എന്നിവർ ചെണ്ടയും ശ്രീ. കലാമണ്ഡലം അച്യുതവാര്യർ മദ്ദളവും കൈകാര്യം ചെയ്തു. വളരെ ഗംഭീരമായും സ്മരണീയവുമായ  ഒരു പ്രകടനം  തന്നെയാണ് കലാകാരന്മാർ കാഴ്ചവെച്ചത്. 

ഏവൂർ കണ്ണമ്പള്ളിൽ കഥകളിയോഗത്തിന്റെ കോപ്പുകളും അണിയറ ശില്പികളും ചുട്ടി ആർട്ടിസ്റ്റ് ശ്രീ. തിരുവല്ലാ പ്രതീപ് എന്നിവരുടെ ആത്‌മാർത്ഥമായ സഹകരണം  കളിയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു എന്നത് ഏറ്റവും സ്മരണാർഹമാണ്.