പേജുകള്‍‌

2018, ഫെബ്രുവരി 10, ശനിയാഴ്‌ച

എന്റെ മടവൂർ ആശാൻ


2018  ഫെബ്രുവരി  5 -ന് ചുനക്കര മഹാദേവർ ക്ഷേത്രത്തിലെ ഉത്സവക്കളിയുടെ നോട്ടീസിൽ പത്മഭൂഷൺ. മടവൂർ ആശാന്റെ ബാലിവിജയത്തിലെ രാവണൻ എന്ന് കണ്ടപ്പോൾ 2017- ലെ ചുനക്കര ക്ഷേത്രക്കളിയ്ക്ക്  ആശാന്റെ രംഭാപ്രവേശത്തിലെ രാവണൻ കാണുവാനും  അദ്ദേഹത്തിൻറെ വേഷം അഴിക്കുവാനും  എനിക്ക് ലഭിച്ച  ഭാഗ്യവുമാണ് എന്റെ സ്മരണയിൽ എത്തിയത്. അന്ന് ആശാന് ഉടുത്തുകെട്ടുവാനും വെച്ചുമുറുക്കുവാനും സ്റ്റേജിന്റെ പിന്നിൽ സൗകര്യം ഒരുക്കിയിരുന്നു. രംഭാപ്രവേശം കഴിഞ്ഞ ഉടൻ അടുത്ത കഥയായിരുന്ന നിഴൽകുത്തിലെ ദുര്യോധനന്റെ തിരനോട്ടത്തിനു അണിയറ കലാകാരന്മാർ  തിരശീലയ്ക്കും ആലവട്ടത്തിനും  മേൽക്കട്ടിക്കും കൂടി അഞ്ചുപേർ രംഗത്തെത്തിയപ്പോൾ ആശാന്റെ വേഷം അഴിയ്ക്കുവാൻ ആളുണ്ടാകുമോ എന്ന ശങ്ക എന്നിൽ ഉണ്ടായി. ഞാൻ അരങ്ങിനു മുൻപിൽ നിന്നും വളരെ വേഗത്തിൽ സ്റ്റേജിനു പിന്നിലെത്തി ആശാന്റെ കയ്യിൽ നിന്നും കിരീടം  വാങ്ങി താഴെ വെച്ചു. വേഷം അഴിക്കുവാൻ ആരുമില്ല എന്ന് ലേശം ക്ഷുഭിതനായി നിന്നിരുന്ന ആശാനോട് "ഞാൻ അഴിക്കാം. ഞാൻ മുപ്പത്തി അഞ്ചു കൊല്ലങ്ങൾക്ക്    മുൻപ്  അച്ഛന്റെ വേഷം അഴിച്ചിട്ടുണ്ട്.  ഇപ്പോൾ കെട്ടുകൾ അത്ര കൃത്യമായി നിശ്ചയമില്ല.   ഓരോ കെട്ടും കൃത്യമായി പറഞ്ഞു തരണം  എന്ന് അറിയിച്ചു. ആശാൻ ഓരോ കെട്ടിന്റെയും സ്ഥാനം എനിക്ക് പറഞ്ഞുതരികയും ഞാൻ അത് അഴിക്കുകയും ചെയ്തു. ഏതാണ്ട് മുക്കാൽ ഭാഗം വേഷം അഴിച്ചു കഴിഞ്ഞപ്പോൾ  മറ്റൊരു ആസ്വാദകൻ സഹായത്തിനു എത്തിയിരുന്നു എന്നതും സ്മരണീയം. ആശാന്റെ വിയർപ്പുനിറഞ്ഞ കുപ്പായവും മറ്റും അഴിക്കുമ്പോൾ എന്റെ പിതാവിനെയാണ് ഞാൻ സ്മരിച്ചത്. ചില വര്ഷങ്ങള്ക്കു മുൻപ് ചെന്നൈ കലാക്ഷേത്രയിൽ ആശാന്റെ  ഹംസം കഴിഞ്ഞു അണിയറയിൽ എത്തിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വേഷം അഴിക്കുവാൻ തയ്യാറായി. വേഷത്തിന്റെ പിറകിൽ നിന്നുകൊണ്ടാണ് ഞാൻ അന്ന് വേഷം അഴിക്കാൻ തുടങ്ങിയത്. ഒരു അണിയറ കലാകാരനല്ല വേഷം അഴിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസിലായത് കൊണ്ടാകാം അദ്ദേഹം തിരിഞ്ഞുനോക്കി. 
"ഓ! നീയാണോ അഴിക്കുന്നത് ? എന്ന് ചോദിച്ച ശേഷം "നീ വേണം അഴിക്കാൻ" എന്ന് എന്തുകൊണ്ടോ അദ്ദേഹം അങ്ങിനെയാണ് പറഞ്ഞത്.

ഫെബ്രുവരി 7-ന് പുലർച്ചയിലാണ് ആശാൻ രാവണവേഷത്തിൽ അഞ്ചൽ അഗസ്ത്യക്കോട്ട് കളിക്കിടെ മൃതിയടഞ്ഞ വിവരം അറിഞ്ഞത്. പിന്നീടുള്ള എന്റെ മാനസികാവസ്ഥ പറഞ്ഞറിയിക്കുവാൻ സാധിക്കാത്ത നിലയിൽ ആയിരുന്നു.  ഫേസ് ബുക്കിലൂടെ പലരും നൽകുന്ന വാർത്തകൾക്ക് പ്രണാമം അർപ്പിച്ചു കൊണ്ട്  ആ ദിവസം എങ്ങിനെയോ കഴിച്ചുകൂട്ടി എന്ന് പറയുന്നതാവും ശരി. ആശാനെ സ്മരിക്കുമ്പോൾ അദ്ദേഹത്തിൻറെ കിരാതത്തിലെ അർജുനനാണ് എന്റെ സ്മരണയിൽ  എത്തുന്ന വേഷം. എന്റെ വളരെ ചെറുപ്പത്തിൽ കണ്ട ആദ്യ വേഷം. അതും എന്റെ ഗ്രാമത്തിൽ. കഥകളി നടത്തുവാൻ വളരെ ചുരുങ്ങിയ സ്ഥലപരിമിതിയുള്ള ഒരു ഗൃഹത്തിൽ വെച്ചായിരുന്നു പ്രസ്തുത കളി. എന്റെ പിതാവായിരുന്നു അന്ന്  കാട്ടാളൻ ചെയ്തത്.  ദുര്യോധനവധത്തിലെ കൃഷ്ണൻ, ദക്ഷയാഗത്തിൽ ദക്ഷൻ, കംസവധത്തിൽ അക്രൂരൻ തുടങ്ങിയ പച്ച വേഷങ്ങൾ വളരെ പണ്ടേ കാണാൻ സാധിച്ചിട്ടുണ്ട്. എല്ലാ കത്തി, കരി, വെള്ളത്താടി വേഷങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതീവ     സൗന്ദര്യമുള്ള കത്തിവേഷമാണ് ആശാന്റേത്.  ആ വേഷത്തിനു ഇണങ്ങുന്ന  മുഖം , പല്ലുകൾ  ഇവ  ആശാന് ദൈവം അറിഞ്ഞു നൽകിയ വരദാനം ആയിരുന്നു. പ്രസ്തുത വേഷത്തോടെ ഈ ലോകത്തോട് വിടപറയുക എന്നതും ദൈവ നിയോഗം തന്നെ എന്ന് സമാധാനിക്കാം. അദ്ദേഹത്തിൻറെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ടും അദ്ദേഹത്തിൻറെ വേർപാടിൽ വേദനിക്കുന്ന ശിഷ്യസമൂഹം, കുടുംബാംഗങ്ങൾ, കലാസ്നേഹികൾ എന്നിവരോടൊപ്പം ഞാനും എന്റെ വേദന ഇവിടെ രേഖപ്പെടുത്തുന്നു.

ഏതാനും ചിലവര്ഷങ്ങള്ക്കു മുൻപ് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ ആശാന്റെ രാജസൂയത്തിലെ ജരാസന്ധൻ ഉണ്ടായി. ഞാൻ കളി കാണാൻ പോയിരുന്നു. കളി കഴിഞ്ഞശേഷം അണിയറയിൽ എത്തി ആശാനെ കണ്ടു. അണിയറയിൽ ഉണ്ടായിരുന്ന എനിക്ക് പരിചിതരല്ലാത്ത കലാകാരന്മാർക്ക് അദ്ദേഹം എന്നെ ചെല്ലപ്പൻ ചേട്ടന്റെ മകനാണ് എന്ന് പരിചയപ്പെടുത്തി. അതിനുശേഷം എങ്ങിനെ ഉണ്ടായിരുന്നു കളി എന്നായി എന്നോട് ചോദ്യം. തെക്കൻ രാജസൂയത്തിൽ ഭീമനും ജരാസന്ധനും തമ്മിലുള്ള സംവാദങ്ങളും  ഭീമനും ജരാസന്ധനും തമ്മിലുള്ള യുദ്ധ മുറകളും പണ്ടു കണ്ടിരുന്ന രീതികൾ ഒന്നും കാണാൻ സാധിച്ചില്ല എന്നായിരുന്നു എന്റെ മറുപടി. ആശാൻ പെട്ടെന്ന് ക്ഷുഭിതനായി. എനിക്ക് ആരോഗ്യമുള്ള  കാലത്തെ വേഷം കണ്ടിട്ട് ഈ എൺപത്തി അഞ്ചാം വയസ്സിൽ അതുപോലെ കാണണം എന്നാണോ നീ ആഗ്രഹിക്കുന്നത് എന്ന് ആശാൻ എന്നോട് ചോദിച്ചു . പിന്നീട് ഞാൻ ഒന്നും പറഞ്ഞില്ല. ക്ഷമാപണം എന്നോണം  ആ കാലിൽ തൊട്ടു വണങ്ങിയ ശേഷം  ഞാൻ അണിയറവിട്ടു.



2007 -ൽ  ഏവൂരിൽ  നടന്ന  നളചരിതോത്സവത്തിന് ആശാന്റെ നളചരിതം രണ്ടിലെ കാട്ടാളൻ കഴിഞ്ഞു അണിയറയിൽ എത്തുമ്പോൾ "വേഷം കാണുമ്പോൾ എനിക്ക് ക്ഷീണം ഉള്ളതായി തോന്നുന്നുണ്ടോ" എന്നായി എന്നോട് ചോദ്യം. "ചെറിയ  അളവിൽ" എന്ന് ഞാനും മറുപടി പറഞ്ഞു. ഇങ്ങിനെയുള്ള കുശലങ്ങൾ ചോദിക്കുന്ന പതിവ് ആശാന് ഉണ്ടായിരുന്നു. എന്റെ  ഓർമ്മയിൽ ആശാൻ എന്റെ പേര് വിളിച്ചതായി ഓർക്കുന്നതേയില്ല. എടാ, നീ എന്നിങ്ങനെയുള്ള  സംബോധനകൾ മാത്രം. ആ സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിൻറെ മകന് പോലും ലഭിച്ചിരിക്കുമോ എന്ന് എനിക്ക് സംശയം ഉണ്ട്.





ബാലിവിജയം കഥകളിയുടെ അവതരണത്തിൽ മണ്മറഞ്ഞ ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കരാശാന്റെ രസകരമായ ഒരു അവതരണ രീതി തെക്കൻ സമ്പ്രദായത്തിലുള്ള നടന്മാർ പല സന്ദർഭങ്ങളിലും  അരങ്ങിൽ പ്രവർത്തിച്ചു വന്നിരുന്നു. രാവണൻ  സ്വയമനസ്സാൽ ബാലിയുടെ വാലിൽ പിടിക്കുന്നതല്ല, നാരദന്റെ പ്രേരണയാൽ ചെയ്യുന്നതാണ് എന്ന് വരുത്തിത്തീർക്കുന്ന ഒരു രീതിയാണ് അത്. ബാലിയുടെ വാലിൽ പിടിക്കാൻ മടിക്കുന്ന രാവണനെ ഉത്സാഹപ്പെടുത്തുവാൻ ബാലിയുടെ മുന്നിലൂടെ ഒന്നോ രണ്ടോ തവണ നടന്നു കാട്ടുകയും   ബാലി നിസ്സാരനാണ് എന്ന് രാവണനെ അറിയിക്കുമ്പോഴും ധൈര്യം വരാത്ത രാവണനോട് ബാലിയെ ബന്ധിക്കില്ലെ എന്ന് മൂന്ന് തവണ നാരദൻ ചോദിക്കുകയും  ഇല്ല എന്ന് രാവണൻ തീർത്തു മറുപടി പറഞ്ഞാൽ എന്നാൽ ഞാൻ ബന്ധിയ്ക്കും എന്ന് പറഞ്ഞു എടുത്തുകലാശിച്ചു ബാലിയുടെ വാലിൽ പിടിക്കുവാൻ മുതിരുന്ന നാരദനെ "ഇരുപതു കൈകളുള്ള ഞാൻ ഉള്ളപ്പോൾ ഈ കുശഗാത്രനായ മുനി ബന്ധിക്കുകയോ" എന്ന ആത്മഗതത്തോടെ നാരദനെ   പിടിച്ചു നിർത്തിയശേഷം രാവണൻ ബാലിയുടെ വാലിൽ പിടിക്കുന്നതാണ് പ്രസ്തുത രീതി. ഒരിക്കൽ  ഹരിപ്പാടിനു സമീപമുള്ള   നങ്ങിയാർകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ  ആശാന്റെ രാവണനും എന്റെ പിതാവിന്റെ നാരദനും ഉണ്ടായി. അന്ന് ഈ നാരദപ്രയോഗത്തിന് രാവണൻ സഹകരിക്കാതെ നോക്കി നിന്നതായി അച്ഛൻ എന്നോട് പറഞ്ഞിരുന്നു. രാവണൻ സഹകരിക്കുന്നില്ല എന്ന് മനസിലാക്കിയപ്പോൾ ഒരു  കൗശലബുദ്ധി പ്രയോഗിച്ചു രക്ഷപെട്ടു എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ  മരണശേഷം ഒരിക്കൽ ഞാൻ ഈ വിഷയത്തെ പറ്റി ആശാനോട് ചോദിക്കുകയുണ്ടായി. അതിനു ആശാന്റെ മറുപടി  ഇപ്രകാരമായിരുന്നു.
"ഒരു രാജസൂയം കളിക്ക്  രാമകൃഷ്ണപിള്ള ചേട്ടന്റെ ജരാസന്ധനും ചെല്ലപ്പൻ ചേട്ടന്റെ ഭീമനും എന്റെ ശ്രീകൃഷ്ണനുമായിരുന്നു. ജരാസന്ധനെ വധിച്ചശേഷം ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ശ്രീകൃഷ്ണനോട് ഭീമസേനൻ ചോദിക്കുകയും ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം ജരാസന്ധൻ തടവിലാക്കിയ രാജാക്കന്മാരെ മോചിപ്പിക്കുക (അതായതു ശ്രീകൃഷ്ണന്റെ നിർദ്ദേശം അനുസരിക്കുക)  എന്നതാണ് രീതി. അന്ന്  ആ പതിവ് ഭീമനിൽ ഉണ്ടായില്ല എന്നും രാജാക്കന്മാരെ മോചിപ്പിച്ച ശേഷമാണ് ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചത്. ഇത് ആശാനെ  ചൊടിപ്പിച്ചിരുന്നു എന്നും ചേട്ടന് ഒരു ബദലടി നൽകാൻ അവസരം കിട്ടിയപ്പോൾ പ്രയോജനപ്പെടുത്തി എന്നേയുള്ളൂ." ഞാൻ ഒരു ഊറചിരിയോടെ ആ  കഥ കേട്ടിരുന്നു. ഇങ്ങിനെയുള്ള കഥകൾ പണ്ടുകാലത്തെ അരങ്ങുകളിൽ  ഉണ്ടാകുമായിരുന്നു  എന്നാണ് ആശാൻ പറഞ്ഞത്.
അച്ഛൻ മരണത്തോട് അടുക്കുന്നു എന്ന് എനിക്ക് മനസിലായപ്പോൾ ഞാൻ പ്രസ്തുത വിവരം ഒരു പോസ്റ്റ് കാർഡിലൂടെ ആശാനെ അറിയിക്കുകയും കാർഡ് ലഭിച്ച ഉടൻതന്നെ ആശാൻ വീട്ടിലെത്തി അച്ഛനെ കണ്ടതും അച്ഛന് ഒരു ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയതും ഈ അവസരത്തിൽ സ്മരിക്കുന്നു. ആശാനെ സ്മരിക്കുവാൻ പല കഥകളും എന്റെ മനസിൽ  ഉണ്ട്. അത്  പിന്നീട് ഒരു അവസരത്തിലാകാം എന്ന് വിചാരിക്കുന്നു.



ഗുരു. ചെങ്ങന്നൂരിന്റെ  ശിഷ്യന്മാരായ ശ്രീ. ഹരിപ്പാട് ആശാൻ ശ്രീ. മങ്കൊമ്പ് ആശാൻ , ശ്രീ. ചെന്നിത്തല ആശാൻ എന്നിവരെ പറ്റി പറയുമ്പോൾ   എന്റെ ചേട്ടന്മാർ എന്നാണ്  ശ്രീ. മടവൂർ ആശാൻ പ്രയോഗിക്കാറുള്ളത്. അദ്ദേഹത്തിൻറെ  നിഷ്കളങ്കമായ പെരുമാറ്റവും പുഞ്ചിരിനിറഞ്ഞ മുഖവും മനസ്സാ സ്മരിച്ചുകൊണ്ടും ഒരു തുള്ളി കണ്ണുനീർ അഞ്ജലിയായി സമർപ്പിക്കുന്നു.