പേജുകള്‍‌

2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ശ്രീ. ഓയൂർ ആശാൻ, എൻ്റെ ബാല്യകാല സ്മരണയിൽ.


നളചരിതം കഥയിലെ ഹംസം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ മൺമറഞ്ഞ കഥകളി കലാകാരൻ ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപിള്ള ആശാന്റെ നൂറാം ജന്മദിനം 2017  ഒക്ടോബർ 19 -നു ആഘോഷിക്കുന്നു എന്ന് അറിഞ്ഞ ഈ അവസരത്തിൽ എൻ്റെ ബാല്യ കാലത്തെ ഒരു സംഭവം ഞാൻ ഈ ബ്ലോഗിൽ കുറിക്കുകയാണ്. അതിനു മുൻപ് എന്റെ ജന്മനാടായ ചെന്നിത്തലയ്ക്ക്   ഓയൂർ ആശാനുമായുണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്നതും പ്രതിപാദിക്കേണ്ടത് തന്നെയാണല്ലോ?

സംസ്കൃത പണ്ഡിതനും അദ്ധ്യാപകനുമായ ശ്രീ. പള്ളിക്കൽ കേശവപിള്ള  അവർകൾ സുമാർ  87  വര്ഷങ്ങള്ക്കു മുൻപ് 13 വയസ്സുകാരനായ കൊച്ചുഗോവിന്ദൻ എന്ന ബാലനെയും കൂട്ടി ചെന്നിത്തല എന്ന ഗ്രാമത്തിൽ എത്തി. അക്കാലത്ത് പ്രസിദ്ധനായിരുന്ന കഥകളി ആചാര്യൻ  ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ അവർകളുമായി ശ്രീ. പള്ളിക്കൽ കേശവപിള്ള അവർകൾ പുലർത്തിയിരുന്ന സൗഹൃദ ബന്ധത്തിൻറെ പേരിൽ കൊച്ചുഗോവിന്ദനെ തുടർന്നുള്ള കഥകളി അഭ്യാസത്തിനുള്ള ചുമതല ഏൽപ്പിക്കുക എന്നതായിരുന്നു ഈ വരവിന്റെ ലക്‌ഷ്യം. പ്രായാധിക്ക്യം നന്നേ ബാധിച്ചിരുന്ന പണിക്കർ ആശാൻ കൊച്ചുഗോവിന്ദനെ തന്റെ ശിഷ്യനായി സ്വീകരിച്ചു. പ്രാഥമിക കഥകളി അഭ്യാസവും അരങ്ങേറ്റവും കഴിഞ്ഞ ശേഷമാണ് കൊച്ചുഗോവിന്ദൻ എത്തിയിരിക്കുന്നത്. പണിക്കരാശാന്റെ  മക്കളും മരുമക്കളും കൊച്ചുമക്കളുമായി ഇരുപതോളം അംഗങ്ങൾ ഉണ്ടായിരുന്ന ആശാൻറെ  ചിറ്റാടത്ത് എന്നറിയപ്പെട്ടിരുന്ന ഗൃഹത്തിൽ     ഇരുപത്തൊന്നാമത്തെ അംഗമായി കൊച്ചുഗോവിന്ദൻ  മൂന്നുവർഷം താമസിച്ചു കഥകളി അഭ്യസിച്ചു. കൊച്ചുഗോവിന്ദനോടൊപ്പം പണിക്കർ ആശാന്റെ 9 വയസ്സുകാരൻ കൊച്ചുമകൻ ചെല്ലപ്പനും 6 വയസ്സുകാരിയയായ കൊച്ചുമകൾ പങ്കജാക്ഷിയും കഥകളി അഭ്യസിച്ചു. പൊക്കം കുറഞ്ഞ, സാധുശീലനായ കൊച്ചു ഗോവിന്ദനെ ഒരു മകനെപോലെയാണ് പണിക്കർ ആശാന്റെ മൂന്നു പെൺമക്കളും സ്നേഹിച്ചിരുന്നത്.

                                                       ശ്രീ. ചെന്നിത്തല കൊച്ചുപിള്ള പണിക്കർ 

ശ്രീ. കൊച്ചുപിള്ള പണിക്കർ ആശാൻ അവശനായ കാലഘട്ടത്തിൽ കൊച്ചുഗോവിന്ദൻ ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ ആശാന്റെ ശിഷ്യത്വം സ്വീകരിക്കുകയും അദ്ദേഹം എല്ലാ കളിസ്ഥലത്തും കൂട്ടിപോവുകയും ചെയ്തു. ശ്രീ. കുറിച്ചി കുഞ്ഞൻ പണിക്കർ ആശാനു ശേഷം അദ്ദേഹത്തിൻറെ  ഏറ്റവും പ്രസിദ്ധവും മാസ്റ്റർ പീസ് വേഷം എന്ന് അറിയയപ്പെട്ടിരുന്ന  ഹംസവേഷം കൊച്ചു ഗോവിന്ദന്റെ പ്രസിദ്ധവും മാസ്റ്റർ പീസ് വേഷവുമായി കഥകളി ലോകം അംഗീകരിച്ചു. കഥകളി ആചാര്യൻ ഗുരു. കുഞ്ചുക്കുറുപ്പ് അവർകൾ ഒരിക്കൽ ഓയൂർ കൊച്ചുഗോവിന്ദന്റെ ഹംസത്തിന്റെ കൂടെ നളൻ ചെയ്യണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും അതിനു ഒരു അവസരം ഉണ്ടായതായും ഓയൂർ ആശാൻ തന്നെ പറഞ്ഞു അറിവുണ്ട്. കാലത്തിന്റെ നിയോഗത്താൽ കൊച്ചുപിള്ള പണിക്കർ ആശാന്റെ കൊച്ചുമകൾ പങ്കജാക്ഷി   കഥകളി അഭ്യാസം നിർത്തുകയും  കൊച്ചുമകൻ ചെല്ലപ്പൻ ഗുരു.ചെങ്ങന്നൂരിന്റെ ശിഷ്യത്വം  സ്വീകരിക്കുകയും  കാലക്രമത്തിൽ    അറിയപ്പെടുന്ന കലാകാരനാവുകയും ചെയ്തു.  ദക്ഷിണ കേരളത്തിലെ ധാരാളം കഥകളി അരങ്ങുകളിൽ കൂടെപ്പിറക്കാത്ത രണ്ടു സഹോദരങ്ങളായി ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപിള്ളയും  ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയും അറിയപ്പെട്ടിരുന്നു. കൊച്ചുപിള്ള  പണിക്കർ ആശാൻറെ മരണശേഷവും  ചിറ്റേടത്തു കുടുംബവുമായുള്ള സ്നേഹ ബന്ധം നിലനിർത്തുവാനും കൊച്ചു ഗോവിന്ദൻ പരമാവധി ശ്രമിച്ചിരുന്നു.

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ മകനായി ജനിക്കുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായതു കൊണ്ടാണ് ശ്രീ. ഓയൂർ ആശാന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കുവാനും അത് സ്മരിക്കുവാനും എനിക്ക് സാധ്യമായിട്ടുള്ളത്  എന്നുള്ള ബോധത്തോടെ എന്റെ സ്മരണ ആരംഭിക്കട്ടെ.





                                     നളനും ഹംസവും (ബ്രഹ്മശ്രീ. മാങ്കുളവും ശ്രീ. ഓയൂർ ആശാനും)


                                                                  ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ള 

എനിക്ക് പത്തോ പതിനൊന്നോ വയസ്സുള്ള കാലം. മാവേലിക്കരയ്ക്ക് ,  സമീപം  കണ്ടിയൂർ ക്ഷേത്രത്തിലെ ഉത്സവക്കളിക്കു പോകാൻ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ "നീ വരുന്നോ കണ്ടിയൂരിന് " എന്ന് അച്ഛൻ എന്നോട് ചോദിച്ചു. പൊതുവെ യാത്രയോടു കമ്പമുണ്ടായിരുന്നതിനാൽ വളരെ സന്തോഷത്തോടെ വരുന്നു എന്ന് മറുപടി പറഞ്ഞുകൊണ്ട് ട്രൗസറും ഷർട്ടും ഇട്ടു അച്ഛന്റെ ബാഗും എടുത്തു തോളിലിട്ട് അച്ഛനെക്കാൾ സ്പീഡിൽ ഞാൻ അര  ഫർലോങ് ദൂരമുള്ള ബസ് സ്റ്റാൻഡിലേക്ക് നടന്നു. വൈകിട്ട് അഞ്ചു മണിയോടടുത്ത സമയമായിരുന്നതിനാൽ റോഡിൽ സാമാന്യം തിരക്കും ഉണ്ടായിരുന്നു. റോഡിന്റെ സൈഡിലെ പിച്ചിങ്ങിൽ കൂടി നടന്നു കൊണ്ട് എതിരെ വരുന്നവരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ട് മുന്നോട്ടു നടക്കവേ പിച്ചിങ്ങിൽ നിന്നും കാല് സ്ലിപ്പായി ഞാൻ തോട്ടിലേക്ക് വീണു. തോട്ടിൽ നിന്നും ആരോ എന്നെ പിടിച്ചു റോഡിൽ കയറ്റി. കൈ-കാൽ മുട്ടുകളിലെ തോൽ അങ്ങുമിങ്ങും നഷ്ടപ്പെട്ടു ചെറുതായി രക്തക്കറയും നീറ്റലും അനുഭവപ്പെട്ടു  എങ്കിലും യാത്ര  മുടങ്ങരുതെന്ന ഒരേ ആഗ്രഹത്തോടെ ഞാൻ ബസ് സ്റ്റാൻഡിൽ എത്തി. അൽപ്പം കഴിഞ്ഞപ്പോൾ അച്ഛനും എത്തി.  ഞാൻ തോട്ടിൽ വീണതും കാലിൽ ചെറിയ മുറിവുകളും എനിക്ക് ഉണ്ടായിട്ടുണ്ട് എന്ന് ആരോ പറഞ്ഞു അദ്ദേഹംഅറിഞ്ഞിരുന്നു. അൽപ്പം ക്ഷിപ്രകോപിയിരുന്ന അച്ഛൻ "നേരെ നോക്കി നടക്കരുതോടാ" എന്ന് ചോദിച്ചു കൊണ്ട് എന്റെ കരണത്ത് ഒരടിയും തന്നു എന്നെ വീട്ടിലേക്കു തിരിച്ചയച്ചു. കൈ- കാൽ മുട്ടിന്റെ വേദനയും നീറ്റലും  അച്ഛൻ അടിച്ചതിന്റെ വേദനയേക്കാൾ ഏറെ എന്റെ യാത്ര മുടങ്ങിയതിലുള്ള വേദനയായാലും ഞാൻ കരഞ്ഞുകൊണ്ടാണ് വീട്ടിൽ മടങ്ങിയെത്തിയത്. 

എന്റെ വിഷമം കണ്ട് എൻ്റെ  മുത്തശ്ശി (അച്ഛന്റെ അമ്മ) എന്നെ ആശ്വസിപ്പിച്ചു. ആറുമണിയ്ക്ക് ശേഷം  മുത്തശ്ശി എന്നെയും കൂട്ടി കണ്ടിയൂരിന് പുറപ്പെട്ടു. മുത്തശ്ശി ചെറുകോൽ വഴി നടന്ന്  അച്ചൻകോവിലാറിൻറെ  തീരത്ത് എത്തി. കടത്തുവള്ളത്തിൽ വള്ളത്തിൽ  പറക്കടവ് അക്കരെ കടന്ന് സുമാർ മൂന്നു കിലോമീറ്റർ ദൂരം  നടന്നാണ് കണ്ടിയൂരിൽ എത്തിയത്. കൈകാലുകളിലെ വേദന സഹിച്ചു കൊണ്ട്    ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഒരുക്കിയിരിക്കുന്ന അണിയറയുടെ സമീപം എത്തി. അച്ഛൻ ഒന്നാം ദിവസത്തെ നളന്റെ വേഷത്തിനു മുഖത്തേപ്പു   തുടങ്ങിയിരുന്നു. മുത്തശ്ശി അണിയറയുമായി ബന്ധമുള്ള  ആരോടോ ഗോവിന്ദനെ കാണണം എന്ന് ആഗ്രഹം അറിയിക്കുകയും അതിൻപ്രകാരം ഓയൂർ ആശാൻ മുത്തശ്ശിയുടെ സമീപം എത്തുകയും ചെയ്തു.  ഇതിനകം തന്നെ നടന്ന   ക്ഷേമ അന്വേഷണങ്ങൾക്കിടയിൽ എന്നെയും  കണ്ടിയൂരിലേക്കു കൂട്ടിവരാൻ ഉദ്ദേശിച്ചതും അടിച്ചു മടക്കി അയച്ചതുമായ   കഥകൾ   അച്ഛൻ ഓയൂർ ആശാനോട് പറഞ്ഞിരുന്നു. മുത്തശ്ശിയുമായി സംസാരിച്ച ശേഷം ഓയൂർ ആശാൻ എന്നെ അദ്ദേഹത്തിൻറെ ശരീരത്തോട് ചേർത്തു വെച്ച് ആശ്ലേഷിച്ച ശേഷം അച്ഛൻ എന്റെ കരണത്ത് അടിച്ചത്തിന്റെ അടയാളം വല്ലതും  ഉണ്ടോ എന്ന് വെളിച്ചത്തേക്ക്  കൂട്ടി കൊണ്ടുപോയി  നോക്കുകയും കാലിലെ മുറിവുകളും രക്തം പടിഞ്ഞിരുന്നത് തുണി എടുത്തു തുടയ്ക്കുകയും ചെയ്തു. അപ്പോൾ സംഭവിച്ചതെല്ലാം ഒന്നുകൂടി  ഓർക്കുകയും   വീണ്ടും എന്റെ സങ്കടം അണപൊട്ടുകയും ചെയ്തു.  ഓയൂർ ആശാൻ ഓരോന്നും പറഞ്ഞു എന്നെ  സമാധാനിപ്പിച്ച  ശേഷം അച്ഛന്റെ അടുത്തേക്ക് കൂട്ടി  കൊണ്ടുപോയി  ഇരുത്തുകയും ചെയ്തു. 



ശ്രീ. ഓയൂർ ആശാന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിനെ  പറ്റിയുള്ള എന്റെ ബാല്യകാല സ്മരണ ഞാൻ അദ്ദേഹത്തെ മനസാ കണ്ടുകൊണ്ടു കാണിക്കയായി സമർപ്പിക്കുന്നു.  ശ്രീ. ഓയൂർ ആശാന്റെ സ്മരണയിലുള്ള പ്രഥമ പുരസ്‌കാരം ശ്രീ. മടവൂർ  ആശാന് നൽകുന്നതിനുള്ള അതിയായ സന്തോഷവും രേഖപ്പെടുത്തുന്നു. 

5 അഭിപ്രായങ്ങൾ:

  1. എന്റെ അച്ഛന്റെ കൊച്ചമ്മയുടെ മകളാണ് ശ്രീമതി. പങ്കജാക്ഷി 'അമ്മ. ശ്രീ. ഓയൂർ ആശാനോടൊപ്പവും എന്റെ അച്ഛനോടൊപ്പവും കഥകളി അഭ്യസിച്ച ശ്രീമതി. പങ്കജാക്ഷി 'അമ്മ ഹരിപ്പാട്ട് താമസിക്കുന്നു. പ്രായാധിക്ക്യം ഉണ്ടെങ്കിലും ഓർമ്മ ശക്തിക്കു കുറവില്ല.

    മറുപടിഇല്ലാതാക്കൂ
  2. വളരെ സ്നേഹ നിർഭരമായിരുന്നു ഈ സ്‌മരണ.പരിപാടിയിൽ തീർച്ചയായും പങ്കെടുക്കണം

    മറുപടിഇല്ലാതാക്കൂ
  3. Aneesh : ഞാൻ ചെന്നൈയിലാണ്. മനസ്സാൽ ഞാൻ അവിടെ ഉണ്ടാകും.

    മറുപടിഇല്ലാതാക്കൂ
  4. ഹൃദയ സ്പര്‍ശിയായ അനുസ്മരണം

    മറുപടിഇല്ലാതാക്കൂ