പേജുകള്‍‌

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

കലാസമിതിയുടെ ഓണാഘോഷം -2017 (ഭാഗം -2)


ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസാംസ്കാരിക സമിതിയുടെ സെപ്തംബർ ആറിന് ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച ദേവയാനിചരിതം കഥകളി വളരെ ഗംഭീരമായി.  എന്നാൽ അന്ന് മാവേലിക്കരയിൽ ശ്രീ. വാരണാസി അനുസ്മരണവും  തുടർന്ന് നളചരിതം മൂന്നാം ദിവസം കഥകളിയും ഉണ്ടായിരുന്നതിനാൽ ചെന്നിത്തലയിൽ കഥകളിക്കു പതിവായി എത്തിയിരുന്ന പല ആസ്വാദകരുടെയും സാന്നിധ്യം ഉണ്ടായില്ല. സാധാരണമായി മഹാത്മാ ഗേൾസ് ഹൈസ്‌കൂളിൽ വെച്ചാണ് സമിതിയുടെ ചുമതലയിലുള്ള പരിപാടികൾ നടത്താറുള്ളത്. ഇത്തവണ പഞ്ചായത്തു ആഡിറ്റോറിയത്തിൽ വെച്ചാണ്  പരിപാടികൾ നടന്നത്. 

കഥകളി കഴിഞ്ഞാലുടൻ എത്രയും പെട്ടെന്നു മടങ്ങുവാനാണ്   കലാകാരന്മാർക്കു താൽപ്പര്യം.   ചിലർക്ക് തിരുവല്ല ക്ഷേത്രത്തിൽ കളിക്ക് പങ്കെടുക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. ഇക്കാരണത്താൽ പരിപാടി സ്ഥലത്തു വെച്ച് തന്നെ കലാകാരന്മാർക്ക് ആഹാരവും നൽകുകയാണ് ചില വര്ഷങ്ങളായി പതിവ്. സ്‌കൂളിൽ പരിപാടി നടക്കുമ്പോൾ ഇതിനുള്ള സൗകര്യവും ഉണ്ട്. പഞ്ചായത്തു ആഡിറ്റോറിയത്തിൽ ഇതിനുള്ള സൗകര്യം കുറവായതിനാൽ സ്മാരക സമിതിയിൽ വെച്ചാകാം എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സമിതിയുടെ തൊട്ടടുത്തുള്ള ഒരു കുടുംബം സ്വമേധയാ മുന്നോട്ടു വന്ന്  സമിതിയിലെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി  അവരുടെ വീട്ടിൽ വെച്ചാകാം കലാകാരന്മാർക്ക് ആഹാരം എന്ന് ഞങ്ങളെ നിർബ്ബന്ധിക്കുകയുണ്ടായി. 






ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാസാംസ്കാരിക സമിതിയുടെ കെട്ടിടം സ്ഥിതി ചെയ്യുന്നത് രണ്ടു ക്രിസ്തീയ ഭവനകൾക്കിടയിലാണ്. അതിൽ ഒരു ഭവനത്തിലെ കുടുംബനായകൻ മൺമറഞ്ഞ  ശ്രീ. ദേവസ്യ അവർകൾ അച്ഛന്റെ ആത്മമിത്രമായിരുന്നു. അച്ഛന് കളികൾ ഇല്ലാത്ത ദിവസങ്ങളിലെ  അച്ഛൻറെ ചീട്ടുകളി സുഹൃത്തുക്കളിൽ ഒരാളായിരുന്നു ശ്രീ. ദേവസ്യ    ആ വീട്ടിൽ വെച്ചായിരുന്നു കലാകാരന്മാർക്ക് ഭക്ഷണം നൽകിയത്.  കളി കഴിഞ്ഞു ആഡിറ്റോറിയത്തിലെ അത്യാവശ്യം ചെയ്യേണ്ട ജോലികൾ തീർത്തിട്ട് ഞാൻ ആഹാരം കഴിക്കുവാൻ എത്തുമ്പോൾ ശ്രീ. ദേവസ്യയുടെ മക്കൾ, തങ്ങളുടെ പിതാവും എന്റെ പിതാവും തമ്മിലുണ്ടായിരുന്ന  ആത്മബന്ധത്തെ  പറ്റി കലാകാരന്മാരോട് വിവരിക്കുന്നതാണ് കണ്ടത്. ശരിക്കും സന്തോഷവും സംതൃപ്തിയും നൽകുന്ന ഒരു അനുസ്മരണം.  എല്ലാവരും പിരിയുമ്പോൾ  സമയം രാത്രി പന്ത്രണ്ടു മണിയോടടുത്തിരുന്നു. അത്രയും നേരം  ഞങ്ങൾക്ക് വേണ്ടി ഉറക്കമൊഴിഞ്ഞു സേവചെയ്യാൻ സന്മനസ്സു കാണിച്ച,  മതത്തേക്കാൾ, സംസ്കാരമാണ് വലുതെന്നു വിശ്വസിക്കുന്ന  ആ കുടുംബാംഗങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 

സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോൾ അവിടെ എത്തിയ ഒരു മാന്യവ്യക്തി എന്നെ സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിൻറെ പേര് ഞാൻ ഓർക്കുന്നില്ല.. ചെന്നിത്തലയ്ക്ക്  അടുത്തുള്ള  കുട്ടംപേരൂർ ഗ്രാമവാസി എന്നാണ് പറഞ്ഞത്. അദ്ദേഹം എന്റെ പിതാവിനെ ആദ്യമായി കണ്ട അനുഭവമാണ് എന്നോട് പങ്കുവെച്ചത്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്....

1991 -ൽ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയ്ക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു എന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തെ ഒന്ന് കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.  എന്തുകൊണ്ടോ വീട്ടിൽ പോയി കാണാൻ ശ്രമിച്ചില്ല. എന്റെ ആഗ്രഹം ഞാൻ ചെന്നിത്തലയിലുള്ള പല സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഒരിക്കൽ ഞാനും എന്റെ ഒരു സുഹൃത്തും സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ചെന്നിത്തല കളരിക്കൽ എൽ.പി.സ്‌കൂളിന് സമീപമെത്തിയപ്പോൾ സൈക്കിൾ നിർത്തുവാൻ സുഹൃത്ത് പറഞ്ഞു. സ്‌കൂളിനു സമീപമുള്ള ഗ്രവുണ്ടിൽ     ഒരു മരത്തിന്റെ ചുവട്ടിൽ ചിലർ ചീട്ടുകളിക്കുന്നതു ചൂണ്ടി കാട്ടി സുഹൃത്ത് പറഞ്ഞു, അതാ തലയിൽ ഒരു തൊപ്പിയും കാതിൽ കുണുക്കുകളും ഇട്ടു ചീട്ടുകളിക്കുന്നില്ലേ അദ്ദേഹമാണ് ചെന്നിത്തല ചെല്ലപ്പൻ പിള്ള എന്ന്.  ഒരു പുഞ്ചിരിയോടെയാണ് ഞാൻ അദ്ദേഹത്തന്റെ അനുഭവം ശ്രദ്ധിച്ചത്. അദ്ദേഹത്തിൻറെ വാക്കുകൾ എന്നെ എന്റെ ചെറുപ്പ കാലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. 



ഉത്സവ സീസൺ കഴിഞ്ഞാൽ ചെന്നിത്തലയിലുള്ള ചില സുഹൃത്തുക്കളുമായി ചീട്ടുകളിക്കുന്ന സ്വഭാവം അച്ഛന് ഉണ്ടായിരുന്നു. ഈ കാലയളവിൽ  തിരുവല്ല, ഏവൂർ, മണ്ണൂർക്കാവ്‌ എന്നീ  ക്ഷേത്രങ്ങളിലെ വഴിപാടു കഥകളിക്കു ക്ഷണിക്കുവാൻ എത്തുന്നവരാകും അധികവും. അപ്പോൾ ഞാനാകും അച്ഛൻ ചീട്ടു കളിക്കുന്ന സ്ഥലത്തെത്തി വിവരം പറയുന്നത്. എന്റെ ധൃതിയിലുള്ള പോക്ക് കാണുമ്പോൾ എതിരെ വരുന്ന പലർക്കും വിവരം മനസിലാകും. അവർ ഒരു ഫലിത രസത്തിൽ "വേഗം ചെല്ല്, അവിടെ നിന്റെ അച്ഛനെ തൊപ്പിയും കുണുക്കും എല്ലാം അണിയിച്ചു ഒരുക്കിയിരുത്തിയിട്ടുണ്ട്" എന്ന് പറഞ്ഞിട്ടുള്ളത് ഓർക്കുന്നു. 



ചീട്ടുകളിയിൽ  തോൽക്കുമ്പോൾ സഹ കളിക്കാർ തോൽവിയെ ആഘോഷിക്കുന്നത് പ്ലാവിൻറെ ഇലകൾ കൊണ്ടുണ്ടാക്കിയ തൊപ്പിയും വെള്ളയ്ക്കയിൽ പച്ചീർക്കിൽ കുത്തിയുണ്ടാക്കിയ കുണുക്കുകളും അണിയിച്ചാണ്. ഇങ്ങിനെ അച്ഛനെ കാണുമ്പോൾ എനിക്ക് ഒരു നാണക്കേടും സങ്കടവും ഉണ്ടായിട്ടുണ്ട്  (സുന്ദരീസ്വയംവരം കഥകളിയിൽ അഭിമന്യുവും ഘടോൽക്കചനും ഇരാവാനും ചേർന്ന് സുന്ദരീസ്വയംവരത്തിനെത്തുന്ന ദുര്യോധനാദികളെ ഓടിക്കുകയും ദുര്യോധനപുത്രനായ ലക്ഷണനെ ബന്ധിച്ചു ചിരട്ടകൊണ്ടുള്ള മാലയും മറ്റും അണിയിച്ചു അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. ഈ അനുഭവം ഒരു കാരണമായിരിക്കാം).



എന്നാൽ ഇപ്പോൾ സ്മരിച്ചപ്പോൾ ഒരു രസമായി തോന്നി. പ്ലാവിലകൾ കൊണ്ട് ഒരു തൊപ്പിയും വെള്ളയ്ക്കയും പച്ചീർക്കിലും കൊണ്ട് രണ്ടു കുണുക്കുകളും ഉണ്ടാക്കി കാതുകളിൽ  അണിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും അനുഭൂതിയും  പറഞ്ഞറിയിക്കുവാൻ പറ്റാത്ത ഒരനുഭൂതിയുമാണ് എനിക്ക്  അനുഭവപ്പെട്ടത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ