പേജുകള്‍‌

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

തമ്പുരാന്‍ സ്മരണകള്‍ - 1

കഥകളി കലാകാരന്മാര്‍ക്കിടയില്‍ " തമ്പുരാന്‍ " എന്ന് അറിയപ്പെട്ടിരുന്ന ശ്രീ. കലാമണ്ഡലം (പന്തളം) കേരളവര്‍മ്മ അന്തരിച്ചു, 2010 ആഗസ്റ്റ്‌ 22 നു രാത്രി 11-മണിക്ക് കൊടുങ്ങല്ലൂരില്‍ ഉള്ള മകളുടെ ഗൃഹത്തില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ നിമിത്തം കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലമായി കഥകളി രംഗത്ത് നിന്നും വിട്ട് വിശ്രമ ജീവിതത്തില്‍  ആയിരുന്നു.

പന്തളം കൊട്ടാരത്തിലെ അംബാലിക തമ്പുരാട്ടിയുടെയും കുമാരനല്ലൂര്‍ ഇടയിളത്ത്  ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെയും മകനായി 1929 ഡിസംബര്‍ 31-നു ജനിച്ചു. ബ്രഹ്മശ്രീ . മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ കീഴില്‍ കഥകളി അഭ്യാസം തുടങ്ങി. 11 - മത്തെ വയസ്സില്‍ അരങ്ങേറ്റം കഴിഞ്ഞു. നാല് വര്‍ഷത്തെ കഥകളി അഭ്യാസത്തിനു  ശേഷം കേരള കലാമണ്ഡലം വിദ്യാര്‍ത്ഥിയായി. ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാന്റെ ശിഷ്യനായി ആറു വര്‍ഷം  സ്കോളര്‍ഷിപ്പോടെ ഉപരി പഠനം നടത്തി. തുടര്‍ന്ന് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളില്‍ അസൂയാവഹമായ സ്വാധീനം  ശ്രീ. കേരളവര്‍മ്മ നേടിയെടുത്തു. ശ്രീ. രാമന്‍കുട്ടി ആശാന്റെ മാസ്ടര്‍ പീസ്‌ വേഷങ്ങളായ തോരണയുദ്ധത്തിലെയും ലവണാസുരവധത്തിലെയും സൌഗന്ധികതിലേയും ഹനുമാന്‍ കണ്ട്‌ ആസ്വദിച്ചിട്ടുള്ള ദക്ഷിണ കേരളത്തിലെ കഥകളി ആസ്വാദകര്‍ക്ക് ഏറെക്കുറെ അതേ സംതൃപ്തി നല്‍കാന്‍ കേരളവര്‍മ്മയുടെ "ഹനുമാന്‍" വേഷങ്ങള്‍ക്ക് സാധിച്ചിരുന്നു എന്ന് നിസ്സംശയം പറയാം.

ശ്രീ. ഹരിപ്പാട് രാമകൃഷ്ണ പിള്ള ആശാന്റെ ബാലിവിജയത്തില്‍ രാവണന് നാരദനായി തമ്പുരാന്‍ എത്തുമ്പോള്‍ പ്രയോഗിച്ചിരുന്ന അതേ സ്വാതന്ത്ര്യം  ശ്രീ. രാമന്‍ കുട്ടി ആശാന്റെ രാവണനോടും കാട്ടുന്നത് കണ്ട്‌  ആസ്വാദകര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്രീ. രാമന്‍കുട്ടി ആശാന്റെ രാവണന് ദക്ഷിണ കേരളത്തിലെ അരങ്ങുകളില്‍  കൂടുതല്‍ നാരദവേഷം ചെയ്തിട്ടുള്ളത് തമ്പുരാന്‍ തന്നെയാണ്. ആശാന്റെ തോരണയുദ്ധത്തിലെ ഹനുമാനോടൊപ്പം സ്വാതന്ത്ര്യം ഉപയോഗിക്കുന്ന  തമ്പുരാന്റെ പ്രഹസ്തനെയും കണ്ടിട്ടുണ്ട് എന്ന് സ്മരിക്കുമ്പോള്‍  കോട്ടയം ജില്ലയിലുള്ള  മീനടം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഒരു കളിക്ക് ആശാന്റെ ഹനുമാനോടൊപ്പം ഭീമന്‍ ( ഞാന്‍ കണ്ടിട്ടുള്ളഅദ്ദേഹത്തിന്റെ ഒരേ ഒരു പച്ച വേഷം ) കെട്ടാന്‍ നിര്‍ബന്ധിതനായപ്പോള്‍ തമ്പുരാനില്‍ ഒരു തരം ഭയം അനുഭവപ്പെട്ടിരുന്നു എന്നതും സ്മരിച്ചേ മതിയാവൂ.
എല്ലാ വട്ടമുടി വേഷങ്ങളെ കൂടാതെ ദുര്യോധനവധത്തില്‍ ദുര്യോധനന്‍, രൌദ്രഭീമന്‍,  നിഴല്‍കുത്തില്‍ ദുര്യോധനന്‍, മലയന്‍ , മാന്ത്രികന്‍, കര്‍ണ്ണശപഥത്തില്‍  ദുര്യോധനന്‍ ,  നളചരിതം രണ്ടാം ദിവസത്തിലെയും കിരാതത്തിലെയും കാട്ടാളന്‍ സന്തനഗോപലത്തില്‍ ബ്രാഹ്മണന്‍, കച- ദേവയാനിയില്‍ ശുക്രാചാര്യന്‍,  ബാലിവിജയത്തില്‍ രാവണന്‍, നാരദന്‍ കീചകവധത്തില്‍ വലലന്‍, സുഭദ്രാഹരണത്തില്‍ ബലഭദ്രന്‍ , സീതാസ്വയംവരത്തില്‍ പരശുരാമന്‍ , പ്രഹ്ലാദചരിതത്തില്‍ ഹിരണ്യന്‍, നരസിംഹം   എന്നീ വേഷങ്ങള്‍ക്ക് പുറമേ ബകവധത്തില്‍ ആശാരി, ബാണയുദ്ധത്തില്‍  വൃദ്ധ, ലവണാസുരവധത്തില്‍ മണ്ണാന്‍ എന്നീ വേഷങ്ങളും   കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്.



ഫലിതം അദ്ദേഹത്തിന്റെ   കളിയരങ്ങുകളിലും ജീവിതത്തിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ  ഫലിത രസപ്രധാനമായ വേഷങ്ങള്‍ ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. കഥകളി ചുമതലയെടുത്തു നടത്തുക, കഥകളി ടൂര്‍ നടത്തുക, കലാമണ്ഡലത്തിലെ ഗുരുക്കന്മാര്‍, ഗുരുസമാനര്‍, സീനിയര്‍, ജൂനിയര്‍, സുഹൃത്തുക്കള്‍   എന്നിവരെയെല്ലാം  ദക്ഷിണ കേരളത്തിലെ തനിക്കു സ്വാധീനമുള്ള കളിയരങ്ങുകളില്‍ എത്തിക്കുക,  ഗുരുനാഥന്മാരെയും,   പത്മശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാന്‍,  ശ്രീ. ഉണ്ണികൃഷ്ണ കുറുപ്പ് , ശ്രീ. പല്ലശന  ചന്ദ്രമന്നാടിയാര്‍  ഉള്‍പ്പടെയുള്ള  പ്രമുഖ കലാകാരന്മാരെ ആദരിക്കുന്നതിലും   ശ്രീ. കേരളവര്‍മ്മക്ക്  ഉണ്ടായിരുന്ന  പങ്കു പ്രശംസാവഹമാണ്‌.

 ( ഇരിക്കുന്നവര്‍  ഇടതു ഭാഗത്ത്‌ നിന്നും : ശ്രീ. തിരുവല്ലാ ഗോപികുട്ടന്‍ നായര്‍, ശ്രീ. വാരണാസി മാധവന്‍ നമ്പുതിരി,     ശ്രീ. പന്തളം  കേരളവര്‍മ്മ,  ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍ പിള്ള,  ശ്രീ. മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി എന്നിവര്‍ )


തമ്പുരാന്റെ ദുര്യോധനവധത്തില്‍ ദുര്യോധനന്‍ സ്ഥലജല വിഭ്രമം അവതരിപ്പിക്കുമ്പോള്‍ സദസ്യരെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ പൊടിക്കൈകള്‍ പ്രയോഗിച്ചിരുന്നു.  മിക്ക ദുര്യോധനന്മാരും സ്ഥലജല വിഭ്രമം കഴിഞ്ഞു രംഗത്ത് എത്തി പാഞ്ചാലിയെ നോക്കി " കൈ തട്ടി ചിരിച്ചതിനു പകരം വീട്ടും എന്ന ഒരു മുന്നറിയിപ്പ് നല്‍കി " രംഗം വിടുകയും   ദുശ്സാസനന്‍ മയന്റെ ശില്‍പ്പങ്ങള്‍ അസൂയയോടെയും  അത്ഭുതത്തോടെയും  നോക്കി  കാണുന്നതായും അവതരിപ്പിക്കുന്നതായാണ് ഞാൻ കണ്ടിട്ടുള്ളത് . "ശില്‍പ്പി മയാസുര കല്‍പ്പിതം അത്ഭുതം " എന്ന പദത്തിന് ഒത്ത ആട്ടങ്ങള്‍ തമ്പുരാന്റെ ദുര്യോധനന്‍  രംഗത്ത് നിര്‍ബന്ധമായും കാട്ടി വന്നിരുന്നു . അദ്ദേഹത്തിന്റെ  ഈ പ്രയോഗങ്ങള്‍ കാരണം രംഗത്തിനു ഒരു പ്രത്യേകത അനുഭവപ്പെട്ടിരുന്നു.


ശ്രീ. എം. കെ .കെ  നായര്‍ അവര്‍കളുടെ മാതാവിന്റെ  സ്മരണ ദിനത്തിനു തിരുവനന്തപുരത്തുള്ള പാല്‍കുളങ്ങരയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പതിവായി കഥകളി നടത്തി വന്നിരുന്നു. കളിക്ക് കലാകാരന്മാരെ തീരുമാനിക്കുക , ക്ഷണിക്കുക, അവര്‍ക്ക് മാന്യമായ വേഷം നല്‍കുക എന്നീ ചുമതലകള്‍ തമ്പുരാനിലും ശ്രീ. കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയിലുമാണ് നിയോഗിക്കപ്പെട്ടിരുന്നത്. ശ്രീ.എം.കെ.കെ  നായരുടെ സഹോദരന്‍ ശ്രീ. കെ. പി .നായര്‍ അവര്‍കളുടെ വസതിയില്‍ തമ്പുരാന്റെ ഒരു കത്തി വേഷത്തിന്റെ വലിയ  ഫോട്ടോവാണ് ഫ്രെയിം ചെയ്തു വെച്ചിരുന്നത് . അത്ര കണ്ടു  ശ്രീ. കെ. പി .നായര്‍ അവര്‍കളെ   സ്വാധീനിക്കാന്‍ കേരളവര്‍മ്മക്ക് സാധിച്ചിരുന്നു എന്നതിന്റെ വലിയ തെളിവാണത്.

                                    (ശുക്രനും കചനും , തമ്പുരാനും ചെന്നിത്തല ആശാനും ‍)
  
തമ്പുരാനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹരിച്ഛന്ദ്രചരിതത്തിലെ   ശുക്രനെയാണ് എനിക്ക്  ഓര്‍മ്മ വരുന്നത്.  ഒരിക്കല്‍ കൊല്ലം കാര്‍ത്തിക ഹോട്ടല്‍ അരങ്ങില്‍ നടന്ന ഹരിച്ഛന്ദ്രചരിതം കഥകളിയില്‍ വസിഷ്ടനും ശുക്രനും ആയിരുന്നു തമ്പുരാന്റെ വേഷങ്ങള്‍ . കഥയില്‍ വിശ്വാമിത്രന്‍ സൃഷ്ടിച്ച് അയച്ച രതി, വിരതികളെ ആട്ടിപ്പായിച്ച ഹരിച്ഛന്ദ്രനോട് രതി, വിരതിമാരെ സ്വീകരിക്കുക അല്ലെങ്കില്‍ രാജ്യം  തനിക്കു നല്‍കുക എന്ന് വിശ്വാമിത്രന്‍ ആജ്ഞാപിക്കുമ്പോള്‍ , സത്യ പാലനത്തിനായി രാജ്യം വിശ്വാമിത്രനെ ഏല്‍പ്പിച്ചു അദ്ദേഹം നല്‍കുന്ന വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട്   ഹരിച്ഛന്ദ്രനും, ഭാര്യ ചന്ദ്രമതിയും, മകന്‍ ലോഹിതാക്ഷനും  വനത്തിലേക്ക് യാത്രയാകുന്നു . ഹരിച്ചന്ദ്രന്‍ രാജാവായിരുന്ന സമയത്ത്  വിശ്വാമിത്രനുമായി ഉണ്ടായിരുന്ന ഒരു കടം, അത് വനവാസത്തില്‍ വാങ്ങി വരുവാന്‍ ( പരമാവധി ശല്യപ്പെടുതുവാന്‍  ) തന്റെ ശിഷ്യനായ ശുക്രനെ വിശ്വാമിത്രന്‍ ചുമതലപ്പെടുത്തി,  ഹരിച്ഛന്ദ്രന്റെയും കുടുംബത്തിന്റെ കൂടെ വനത്തില്‍ എത്തുന്ന ശുക്രന്‍ വിശപ്പ് , ദാഹം, നടക്കാന്‍ ബുദ്ധിമുട്ട് , ഇവ മൂലം ഉണ്ടാകുന്ന കോപവും മറ്റും തമ്പുരാന്റെ ശുക്രനില്‍ കണ്ടത് പോലെ മറ്റൊരു ശുക്രനിലും കണ്ടതായി ഓര്‍മ്മയില്ല. അന്നത്തെ ഹരിച്ഛന്ദ്ര വേഷമിട്ട ചെന്നിത്തല ആശാന് പരമാവധി തലവേദന നല്‍കാന്‍ ശുക്രന്‍ പ്രയോഗിച്ച പണികള്‍ സദസ്യരെ കുടു കുടാ ചിരിപ്പിച്ചിരുന്നു. അവശയായ ഭാര്യയെ താങ്ങിയും , മകനെ എടുത്തു കൊണ്ടും ഹരിച്ഛന്ദ്രന്‍ കാട്ടില്‍ കൂടി നടക്കുമ്പോള്‍  മകനെ താഴെ നിര്‍ത്തി തന്നെ എടുക്കുവാന്‍ ഹരിച്ഛന്ദ്രനോട്  ആവശ്യപ്പെടുന്ന   ( തമ്പുരാനു ചെന്നിത്തല ആശാനേക്കാള്‍ പൊക്കം കുറവാണ് എങ്കിലും  ശരീരം  കൊണ്ട് വലിപ്പം കൂടുതലാണ് )  ആ ശുക്രനെ മറക്കാനേ സാധിക്കുന്നില്ല .   ഹരിച്ഛന്ദ്രന്റെ മകന്റെ കയ്യില്‍ നിന്നും ബലമായി ആഹാരം പിടിച്ചു വാങ്ങി ഭക്ഷിക്കുക, ഹരിച്ഛന്ദ്രന്റെ മടിയില്‍ തല വെച്ചുറങ്ങുന്ന ശുക്രന്‍ നിദ്രാഭംഗം  ഉണ്ടാകുമ്പോള്‍ കോപപ്പെടുക എന്നിങ്ങനെ ചെയ്യുന്നതിനും ഉപരിയായി ഒരു കയ്യ് സ്വാധീനം ഇല്ലാ എന്ന് തോന്നും വിധത്തില്‍ ഉള്ള   ശുക്രനെയാണ് തമ്പുരാന്‍ അവതരിപ്പിച്ചത്. ചുരുക്കത്തില്‍ യഥാര്‍ത്ഥ ഹരിച്ഛന്ദ്രന്‍ ശുക്രനെ കൊണ്ടു അനുഭവിച്ച യാതനയെക്കാള്‍ ഏറെ അരങ്ങിലെ ഹരിച്ഛന്ദ്രന്  നല്‍കാന്‍ തമ്പുരാന്റെ ശുക്രന്‍ ശ്രമിച്ചിരുന്നു.

6 അഭിപ്രായങ്ങൾ:

  1. "മിക്ക ദുര്യോധനന്മാരും സ്ഥലജല വിഭ്രമം കഴിഞ്ഞു രംഗത്ത് എത്തി പാഞ്ചാലിയെ നോക്കി " കൈ തട്ടി ചിരിച്ചതിനു പകരം വീട്ടും എന്ന ഒരു മുന്നറിയിപ്പ് നല്‍കി " രംഗം വിടുകയും ദുശ്സാസനന്‍ മയന്റെ ശില്‍പ്പങ്ങള്‍ അത്ഭുതത്തോടെ നോക്കി കാണുന്നതായും അവതരിപ്പിക്കുന്നതാണ് പതിവ്. "ശില്‍പ്പി മയാസുര കല്‍പ്പിതം അത്ഭുതം " എന്ന പദത്തിന് ഒത്ത ആട്ടങ്ങള്‍ തമ്പുരാന്റെ ദുര്യോധനന്‍ രംഗത്ത് നിര്‍ബന്ധമായും കാട്ടി വന്നിരുന്നു ." - "ശില്‍പ്പിമയാസുരകല്‍പിതമല്‍ഭുതം..." പദത്തിനു ശേഷമാണല്ലോ ദുര്യോധനാദികള്‍ക്ക് സ്ഥലജലവിഭ്രാന്തി ഉണ്ടാവുന്നത്. അതിനു ശേഷം പാഞ്ചാലിയെ നോക്കി പല്ലു ഞെരിച്ചതിനു ശേഷം ദുര്യോധനാദികള്‍ രംഗംവിടുകയല്ലേ പതിവ്? അതിനു ശേഷം ദുശാസനനും മയന്റെ ശില്‍പചാതുരി ആസ്വദിക്കുവാന്‍ നില്‍ക്കാറില്ലല്ലോ! (അപമാനിതരായവര്‍ക്ക് എന്ത് ആസ്വാദനം!) മയന്റെ ശില്‍പഭംഗി ആസ്വദിക്കുന്ന ആട്ടമൊക്കെ പദത്തിന്റെ കൂടെത്തന്നെയല്ലേ ഉണ്ടാവാറ്?

    കുറിപ്പ് നന്നായി. തുടരുന്നുണ്ടോ?
    --

    മറുപടിഇല്ലാതാക്കൂ
  2. Good recollections. During the period 1960 - 73, I have been lucky to see Thamburan's Aasaari several times. It was different from the many we have been seeing. And, I think his Aasaari was quite poupular and often repeated during that period.

    മറുപടിഇല്ലാതാക്കൂ
  3. Ambujakshan chetta,
    Nice memories. Youngsters like me who never had an opportunity to see such great artist's performances, can enjoy and learn a lot from these posts.
    Thank you very much.

    മറുപടിഇല്ലാതാക്കൂ
  4. മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി ശ്രീ.പന്തളം കേരളവര്‍മ്മയെ കാണുന്നത്. അന്ന് അദ്ദേഹം രണ്ട് വേഷങ്ങള്‍ അവതരിപ്പിച്ചു;കല്യാണസൗഗന്ധികത്തിലേ ഹനുമാനും ദുര്യോധനവധത്തിലെ രൗദ്രഭീമനും.രണ്ടും നന്നായി. തുടര്‍ന്ന് എത്രയോ വേഷങ്ങള്‍ കാണാന്‍ കഴിഞ്ഞു.കുചേലസങ്കല്പങ്ങളെ മാറ്റി മറിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കുചേലവൃത്തത്തിലെ കുചേലന്‍;ആകാരം കൊണ്ടും അരങ്ങിലെ പ്രവര്‍ത്തനം കൊണ്ടും. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അംബുജാക്ഷൻ ചേട്ടാ, വളരെ നന്നായി.............കേരളവർമ്മ തമ്പുരാന് ഇതിൽ കൂടുതൽ ഒരു ‘ബാഷ്പാഞ്ജലി’ വേറെ ആരെകൊണ്ടും കൊടുക്കുവാൻ സാധിക്കില്ല, തീർച്ച!

    മറുപടിഇല്ലാതാക്കൂ
  6. മിസ്റ്റര്‍. ഹരീ,
    മയന്‍ നിര്‍മ്മിച്ച സഭാ പ്രാവേശത്തിനു ദുര്യോധനാദികള്‍ എത്തുന്നത്‌ തന്നെ ആസ്വദിക്കാന്‍ മാത്രം ആല്ലല്ലോ?
    ദുശാസനന്റെ " അഗ്രജ കുരു ദ്വഹ" എന്ന പ ദവും ദുര്യോധനന്റെ "ഉചിതമഹോ " എന്ന പദവും ശ്രദ്ധിക്കൂ. സഭാസ്ഥലം കണ്ടു രസിച്ചിട്ടു മാതുലനുമായി ആലോചിച്ചു ധര്‍മ്മപുത്രര്‍ ഇരിക്കുന്ന സ്ഥാനത്ത് ഇരിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് യാത്ര. നാളെ നമ്മുടെ കയ്യില്‍ വരാന്‍ കൊതിക്കുന്ന ആ സഭയിലെ വിശേഷങ്ങള്‍ കാണുന്നതില്‍ എന്താണ് തെറ്റ്. ആസ്വദിക്കുകയല്ല അപമാനിതരായവര്‍ ചെയ്യുന്നത്. പക്ഷെ ആ കാഴ്ചകള്‍ അവര്‍ക്ക് പാണ്ഡവരുടെ നേരെയുള്ള അസൂയ വര്‍ദ്ധിക്കുകയാണ്‌ ചെയ്യുന്നത്. പണ്ടത്തെ രീതി അനുസരിച്ച് സ്ഥലജല വിഭ്രമം കഴിഞ്ഞാല്‍ സഭയില്‍ എത്തുന്ന ദുര്യോധനന്‍ പഞ്ചാലിയെയും (ഭീമനെയും) നോക്കി ഒരു താക്കീതു നല്‍കി പോകും. ദുശാസനനന്‍ സഭയില്‍ ഉള്ള കാഴ്ചകള്‍ ഉദാഹരണമായി ഒരു സിംഹത്തിന്റെ പ്രതിമ കണ്ടു . അത് പ്രതിമ തന്നെയാണോ എന്ന് സംശയിച്ചു. പിന്നീട് ശങ്കയോടെ തൊട്ടു നോക്കി. വിരല്‍ സിഹത്തിന്റെ വായില്‍ വെച്ച് നോക്കി. അത് പ്രതിമ തന്നെ എന്ന് മനസിലാക്കി. (ദുശാസനനു സഭയിലെ ഓരോ കാഴ്ചകളും കാണുമ്പോള്‍ അത്ഭുതവും പാണ്ഡവരോട് അസൂയയും വിദ്വേഷവും വര്‍ദ്ധിക്കുന്നു എന്ന് കരുതിയാലോ ?) ഒടുവില്‍ ക്രുദ്ധനായി നോക്കിക്കോ എന്ന് പാഞ്ചാലിക്കു ഒരു താക്കീതു നല്‍കി പോകും.

    മിസ്റ്റര്‍. നിഷികാന്തു കണ്ട പുതിയകാവിലെ കളി ഞാനും കണ്ടിരുന്നു.( ഞാന്‍ പഴയ ഷാപ്പില്‍ പീടിക എതിരില്‍ ഉണ്ടായിരുന്ന മിസ്റ്റര്‍. വിജയന്‍റെ എക്സല്‍ റേഡിയോ കമ്പനിയില്‍ ജോലിയില്‍ ഉണ്ടായിരുന്നു). 81-ലോ അതിനു മുന്‍പോ ആയിരുന്നു കളി. ചെന്നിത്തല ആശാന്റെ ഭീമനും കൃഷ്ണനും, ഹരിപ്പാട്ടു ആശാന്റെ ദുര്യോധനനും കലാനിലയം ഗോപാലകൃഷ്ണന്റെ പാഞ്ചാലിയും. താങ്കളുടെ അഭിപ്രായത്തിനു നന്ദി.

    മിസ്റ്റര്‍. വൈദ്യ നാഥന്‍ , മിസ്റ്റര്‍. ഗണേഷ് , മിസ്റ്റര്‍. ഭരത് ഭൂമി അവര്‍കള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ