നളചരിതം ഒന്നിലെ നളന്‍, നാരദന്‍ , ഹംസം, രണ്ടിലെ നളന്‍, മൂന്നിലെ വെളുത്ത നളന്‍ , സുദേവന്‍, കാലകേയവധത്തില്‍ അര്‍ജുനന്‍, മാതലി , അംബരീക്ഷചരിതത്തില്‍ ദുര്‍വാസാവ്, കീചകവധത്തില്‍ കീചകന്‍ തുടങ്ങിയ വേഷങ്ങളും പന്തളം കേരളവര്‍മ്മ തമ്പുരാന്‍ ധാരാളം അവതരിപ്പിച്ചിരുന്നു.
(ശ്രീ. തമ്പുരാന്റെ സൌഗന്ധികത്തില്‍ ഹനുമാന്‍)
ദേവയാനി ചരിതത്തിലെ ശുക്രാചാര്യര്‍ അദ്ദേഹം ധാരാളം ചെയ്തിട്ടുള്ള വേഷങ്ങളില്‍ ഒന്നാണ്. കഥയിലേക്ക് കടന്നാല്‍ ബ്രുഹസ്പതിയും ശുക്രാചാര്യരും സഹപാഠികള്‍ ആണ്. ബ്രുഹസ്പതി ദേവഗുരുവും ശുക്രാചാര്യര്‍ അസുരഗുരുവും ആയി തീര്‍ന്നു എന്നതു മാത്രമാണ് വ്യത്യാസം. വിദ്യ അഭ്യസിക്കാന്‍ ശുക്രാചാര്യരെ സമീപിക്കുന്ന കചന്‍, താന്‍ ബ്രഹസ്പതിയുടെ പുത്രനാണെന്ന് പറയുമ്പോള്‍ നിന്റെ മുഖം കണ്ടപ്പോഴേ എനിക്ക് അങ്ങിനെ ഒരു സംശയം തോന്നാതിരുന്നില്ല എന്ന് തമ്പുരാന്റെ ശുക്രന്‍ കാണിച്ചിരിക്കും. കചനെ ശിഷ്യന്‍ ആയി സ്വീകരിച്ച ശേഷം ആശ്രമത്തില്‍ തന്നോടൊപ്പം തന്റെ മകള്‍ ഉണ്ടെന്നും അവളെ പരിചയപ്പെടുത്താനായി വിളിക്കും. ഒന്ന് ശ്രദ്ധിച്ചിട്ട് അവള്‍ ഏതെങ്കിലും ജോലി തിരക്കിലാവും എന്ന് പറഞ്ഞു അവസാനിപ്പിക്കും. കചന്‍ പിന്നീടു ആശ്രമം ചുറ്റി കാണാന്‍ ഒരുങ്ങുമ്പോള്‍ ശുക്രാചാര്യര്‍ തനിക്കു ഒരു മകള്‍ ഉണ്ടെന്നു പറഞ്ഞു. ഈ ആശ്രമത്തിലെ എന്റെ ജീവിതത്തിനും വിദ്യ അഭ്യസിക്കുന്നതിനും അവള്‍ എനിക്ക് ഗുണകരമാവുമോ തടസ്സം ആവുമോ എന്ന് കചന് ചിന്തിക്കാന്‍ ഒരു അവസരം തീര്‍ച്ചയായും ഇത് മൂലം ഉണ്ടാകും.
തമ്പുരാന്റെ ഹംസം
ശ്രീ. കളര്‍കോട് നാരായണന്‍ നായര്‍ എഴുതിയ അഹല്ല്യാമോക്ഷം എന്ന കഥകളി പണ്ട് ധാരാളം അരങ്ങുകളില്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. അഹല്യയെ പ്രാപിക്കാന്‍ അര്‍ദ്ധരാത്രിയില്‍ ഗൌതമ വേഷം ധരിച്ചു ഇന്ദ്രന്‍ ചെയ്ത കപട നാടകത്താല്‍ ഗൌതമ ശാപത്തിന് ഇന്ദ്രന്‍ പാത്രമായി . അങ്ങിനെ സര്‍വാംഗലിംഗനായി നില്‍ക്കുന്ന ഇന്ദ്രനെ നാരദന്‍ നോക്കി കാണുന്ന രംഗം കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൌതമ മഹര്‍ഷിയായി ശ്രീ. കൃഷ്ണന്‍ നായര്‍ ആശാനും ഇന്ദ്രനായി ശ്രീ. മാങ്കുളവും നാരദനായി ശ്രീ. തമ്പുരാനുമായിരുന്നു രംഗത്ത് കഥയുടെ അരങ്ങേറ്റത്തിനും തുടര്‍ന്നുള്ള അവതരണങ്ങളിലും . തന്റെ ഗുരുനാഥന്മാരില്‍ ഒരുവന്‍ ആണ് ഇന്ദ്ര വേഷധാരി എന്നതുകൊണ്ട് ഇവിടെ നര്‍മ്മത്തിനുള്ള സാദ്ധ്യതകള്‍ ഒന്നും തന്നെ അല്‍പ്പം പോലും കുറയ്ക്കാന്‍ തമ്പുരാന്‍ തയ്യാറായിരുന്നില്ല.
ദുര്യോധനവധം കഥയെ ആസ്പദമാക്കികൊണ്ടും ശ്രീകൃഷ്ണനെ മുഖ്യ കഥാപാത്രമാക്കി കൊണ്ടും പന്തളം പതാനി ഇല്ലത്ത് ശ്രീ. പരമേശ്വരന്‍ നമ്പൂതിരി അവര്‍കള്‍ രചിച്ച "ഭാഗവത്ദൂത് " എന്ന കഥകളി പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു വന്നിരുന്നു. ഇതില്‍ തമ്പുരാന്റെ ദുര്യോധനനും ചെന്നിത്തല ആശാന്റെ കൃഷ്ണനുമാണ് ആ ഭാഗത്ത് കൂടുതല്‍ ഉണ്ടായിട്ടുള്ളത്. ശ്രീകൃഷ്ണ കപടനിദ്ര എന്ന ഭാഗവും ഇതില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് . മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരോടൊപ്പം നില്ക്കാന്‍ കൃഷ്ണനെ ക്ഷണിക്കാന്‍ അര്‍ജുനന്‍ എത്തി കപട നിദ്രയില്‍ കിടക്കുന്ന കൃഷ്ണന്റെ കാല്‍ക്കാന്‍ ഇരിക്കുന്ന അര്‍ജുനനെയും പിന്നീടു കൌരവരോട് ഒപ്പം നില്ക്കാന്‍ ക്ഷണിക്കാന്‍ എത്തുന്ന ദുര്യോധനനെയും കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്പരം ശതൃക്കളായ ഈ സഹോദരന്മാരുടെ കൃഷ്ണന്റെ തലക്കലും കാല്‍ക്കലും ആയുള്ള ഇരുപ്പും രസകരമാണ്. ഒരു പക്ഷെ കൂടുതല്‍ കെട്ടി ശീലമുള്ളതു കൊണ്ടാകാം തമ്പുരാന്‍ അല്ലാതെ വേറെ ആര് ഈ കഥയിലെ ദുര്യോധനന്‍ ചെയ്താലും ഇത്രയും നന്നാവുമോ എന്ന് സംശയിച്ചു പോകും . ഈ കഥയില്‍ വേഷം കെട്ടിയിട്ടുള്ള നടന്‍ എന്നാ നിലയില്‍ ഫാക്റ്റ് പത്മനാഭന്‍ കുട്ടി ജ്യേഷ്ടന് കഥയും അതിന്റെ അവതരണത്തെയും പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍സാധിക്കും.
ഒരു നല്ല കഥകളി കലാകാരന്‍ എന്നതിനും ഉപരിയായി ഒരു നല്ല മനസ്സിനും സ്വന്തക്കാരന്‍ ആയിരുന്നു തമ്പുരാന്‍ എന്നതും സ്മരിക്കേണ്ടത് തന്നെയാണ്. ഒരിക്കല്‍ കൊല്ലം പരവൂരില്‍ ഒരു കഥകളി . അന്നത്തെ കളിക്ക് കൃഷ്ണന്‍ നായര്‍ ആശാന്‍ , മാങ്കുളം തിരുമേനി , ഹരിപ്പാട് ആശാന്‍, ചെന്നിത്തല ആശാന്‍ , തകഴി കുട്ടന്‍ പിള്ള, കലാമണ്ഡലം കേശവന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. കളി കഴിഞ്ഞു പിരിയുമ്പോള്‍ അന്നത്തെ മദ്ദള കലാകാരനും ചെന്നിത്തല ആശാന്‍ ഒഴികെ ബാക്കി എല്ലാ കലാകാരന്മാരും ചടയമംഗലത്ത് അവര്‍ ഏറ്റിരുന്ന കളിക്ക് പങ്കെടുക്കാന്‍ ഒന്നിച്ചു യാത്രയായി. ചെന്നിത്തല ആശാന് അന്ന് കളി ഇല്ല. മദ്ദള കലാകാരനും ചെന്നിത്തല ആശാനും ഒന്നിച്ചായിരുന്നു മടക്കയാത്ര. മടക്കയാത്രയില്‍ മദ്ദള കലാകാരന് അന്നേ ദിവസം തിരുവല്ലയില്‍ ഒരു കഥകളി ഉണ്ട്. എന്ന് അറിഞ്ഞപ്പോള്‍ ചെന്നിത്തല ആശാന് ചെറിയ വിഷമം തോന്നി. തന്റെ സഹ പ്രവര്‍ത്തകര്‍ക്ക് എല്ലാം കളിയുണ്ട്. തനിക്കു മാത്രം ഇന്ന് കളി ഇല്ല എന്ന വിഷമത്തോടെ " ശ്രീവല്ലഭനും എന്നെ കൈ വിട്ടോ" (അക്കാലത്തു തിരുവല്ലയില്‍ നടക്കുന്ന വഴിപാട്ട് കളികളില്‍ കൂടുതല്‍ അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്ന കാരണത്താല്‍ .) എന്ന് ചിന്തിച്ചു കൊണ്ടാണ് വീട്ടിലേക്കു പോയത്.
അന്ന് തിരുവല്ലയില്‍ പ്രസിദ്ധനായ ഒരു വര്‍മ്മയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷവും അതെ തുടര്‍ന്നു തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ കഥകളിയുമായിരുന്നു തീരുമാനിച്ചിരുന്നത്. കഥകളിക്കു ക്ഷണിച്ചിരുന്ന കലാകാരന്മാര്‍ക്കും ഉച്ചഭക്ഷണം വര്‍മ്മയുടെ വീട്ടില്‍ ആയിരുന്നു. പള്ളിപ്പുറം ആശാന്‍, കുടമാളൂര്‍, തമ്പുരാന്‍ തുടങ്ങിയ കലാകാരന്മാരോടൊപ്പം മദ്ദള കലാകാരനും അവിടെ ഉച്ച ഭക്ഷണത്തിന് ഒത്തു ചേര്‍ന്നപ്പോള്‍ മദ്ദള കലാകാരനില്‍ നിന്നും പരവൂരെ കളി കഴിഞ്ഞു ചെന്നിത്തല ആശാന്‍ മാത്രം വീട്ടിലേക്കും ബാക്കി എല്ലാവരും ചടയമംഗലത്തിനു പോയെന്നും തമ്പുരാന്‍ മനസിലാക്കി. ഉച്ച ഊണ് കഴിഞ്ഞപ്പോള്‍ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന്റെ പ്രധാന ചുമതലക്കാരനില്‍ ഒരുവനും പ്രസിദ്ധ സംഗീതഞ്ജനുമായ ശ്രീ. എല്‍.പി . ആര്‍. വര്‍മ്മ അവര്‍കള്‍ അന്നത്തെ കഥകളിക്കു കഥയും വേഷങ്ങളും എങ്ങിനെ ആവാം എന്ന് കലാകാരന്മാരുമായി ആലോചന നടത്തി. പള്ളിപ്പുറം ആശാന്റെ രാവണനും കുടമാളൂരിന്റെ രംഭയുമായി രംഭാപ്രവേശം എന്നും അടുത്ത കഥ കല്യാണസൌഗന്ധികവും പിന്നീട് സന്താനഗോപാലവും എന്ന് തീരുമാനം ആയി. തിരുവല്ലയിലെ യുവ കഥകളി കലാകാരന്മാര്‍ ആരെങ്കിലും സൌഗന്ധികത്തില്‍ ഭീമന്‍ ആകട്ടെ എന്ന് തീരുമാനം ആയപ്പോള്‍ തമ്പുരാന്‍ ശ്രീ. എല്‍.പി . ആര്‍. വര്‍മ്മ അവര്‍കളെ സ്വാധീനിച്ചു. പള്ളിപ്പുറവും കുടമാളൂരും പോലെ തരാതരാം കലാകാരന്മാരുടെ രംഭാ പ്രവേശം കഴിഞ്ഞ് ഒരു സൌഗന്ധികം എങ്കില്‍ തരാതരം ഉള്ള ഭീമനും ഹനുമാനും തന്നെ വേണം എന്ന് അറിയിച്ചു. ചെല്ലപ്പന്‍ പിള്ളക്ക് ഇന്ന് കളി ഇല്ല. അദ്ദേഹം വീട്ടില്‍ ഉണ്ട്. ചെന്നിത്തലക്ക് പോയി ചെല്ലപ്പന്‍ പിള്ളയെ കൂട്ടി വരിക എന്നതാണ് ശരിയായ മാര്‍ഗ്ഗം. കളി ദിവസം വേറെ ആരെങ്കിലും ചെന്ന് വിളിച്ചാല്‍ അദ്ദേഹം വരും എന്ന് തോന്നുന്നില്ല. അതുകൊണ്ട് താങ്കള്‍ തന്നെ ( ശ്രീ. എല്‍.പി . ആര്‍. വര്‍മ്മ) പോകണം. താങ്കള്‍ ചെന്ന് വിളിച്ചാല്‍ അദ്ദേഹം വരാതിരിക്കുക ഇല്ലല്ലോ എന്ന് തമ്പുരാന്‍ അങ്ങിനെ തമ്പുരാന്റെ നിര്‍ദ്ദേശ പ്രകാരം ശ്രീ. എല്‍. പി. ആര്‍. വര്‍മ്മ സ്കൂട്ടര്‍ എടുത്തു ചെന്നിത്തലക്ക് പോയി കയ്യോടെ അരങ്ങിലെക്കുള്ള ഭീമനെയും കൂട്ടി എത്തി.
കഥകളിക്കു വിളിച്ചാല്‍ അവിടെ ചെന്ന് വേഷം കെട്ടി പണം വാങ്ങി പോകുക എന്നതില്‍ കവിഞ്ഞു എത്ര കലാകാരന്മാര്‍ക്ക് ഇങ്ങിനെയുള്ള ചിന്താഗതികള്‍ ഉണ്ടാകും എന്ന് ചിന്തിക്കേണ്ടതു തന്നെയാണ്.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ധാരാളം വഴിപാടു കഥകളികള്‍ വളരെ പണ്ട് മുതലേ നടക്കാറുണ്ട്. ഭഗവത് ചൈതന്യം നേരിട്ട് അറിയുവാന്‍ കഴിവുള്ള ഒരു മഹാമുനി( വില്ല്വ മംഗലത്ത് സ്വാമിയാര്‍ എന്നാണ് സങ്കല്പം) ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ ഭഗവത് ചൈതന്യം കണ്ടില്ലാ എന്നും പിന്നീടു ക്ഷേത്ര മതിലിന്മേല്‍ കിടന്നു കൊണ്ട് ക്ഷേത്രത്തില്‍ നടന്ന കഥകളി ഭഗവന്‍ ദര്‍ശിക്കുന്നത് മുനീന്ദ്രന്‍ ജ്ഞാന ദൃഷ്ടിയാല്‍ കണ്ടുവെന്നും പിന്നീട് ഭഗവത് സമീപം എത്തിയ മുനിവര്യനോട് "കഥകളിയും കദളിപ്പഴവും" എനിക്ക് വളരെ പ്രിയമാണ് എന്ന് ഭഗവാന്‍ അരുളിച്ചെയ്തു എന്ന ഒരു വിശ്വാസമാണ് ഈ കഥകളി വഴിപാടിന് പിന്നിലെ കഥ. ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ ശ്രീവല്ലഭന്‍ കനിഞ്ഞാലെ (ഉദ്യോഗസ്ഥര്‍ അല്ലാത്ത പണ്ടത്തെ കഥകളി കലാകാരന്മാരുടെ കാര്യമാണ് ഉദ്ദേശിക്കുന്നത്. ഇന്നുള്ള കലാകാരന്മാരുടെ രീതി എനിക്ക് അറിവില്ല. ) കഥകളി കലാകാരന്റെ കയ്യില്‍ ചില്ലറ കാണുകയുള്ളൂ എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാല്‍ കഥകളി കലാകാരന്മാരുടെ ഈശ്വരനായ ശ്രീവല്ലഭന്റെ നാട്ടുകാര്‍ക്കും ഭക്തന്മാര്‍ക്കും തിരുവല്ലയില്‍ പതിവായി ശ്രീവല്ലഭ ക്ഷേത്രത്തില്‍ കളിക്ക് എത്തിയിരുന്ന കലാകാരന്മാരെ പറ്റി ചെറിയ പരാതികളും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു വെളിയില്‍ ഉള്ള അണിയറയില്‍ കഥകളിക്കു വരും മണ്ഡപത്തില്‍ കളിക്കും കാശും വാങ്ങിപ്പോകും എന്നല്ലാതെ ക്ഷേത്ര മതിലിനു അകത്തേക്ക് കയറുന്ന കലാകാരന്മാര്‍ ചുരുക്കം ആണെന്ന് തന്നെയാണ് പരാതി. ഇവരെല്ലാം എത്രയോ മണിക്കൂറുകളോളം യാത്ര ചെയ്തെത്തുന്നത് ഒരു ആസ്വാദക സംഘമോ ,ഏതെങ്കിലും സംഘടനയോ നടത്തുന്ന പരിപാടികള്‍ക്കല്ല. ഒരു ദൈവീക സങ്കല്‍പ്പത്തിന്റെ നിഴലില്‍ (കഥകളി എന്തെന്ന് അറിയാത്തവരാണ് വഴിപാട്ടുകാര്‍ അധികവും) നടക്കുന്ന വഴിപാട് കളികള്‍ക്കാണ്. ചെങ്ങന്നൂര്‍ ആശാനും, കൃഷ്ണന്‍ നായര്‍ ആശാനും, മാങ്കുളം തിരുമേനിയും പലപ്പോഴും കളികഴിഞ്ഞ് ക്ഷേത്ര കളത്തില്‍ കുളിച്ച് , ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പോകും എന്ന് പലരും പറഞ്ഞു അറിവുണ്ട്.
ശ്രീ.പന്തളം കേരളവര്‍മ്മ തമ്പുരാനും ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പുതിരിയും കളിക്ക് എത്തുമ്പോള്‍ ഇവര്‍ ദീപാരാധനക്ക് മുന്‍പ് ക്ഷേത്ര മതിലകത്ത് കയറി ക്ഷേത്രത്തിനു ചുറ്റും കുറഞ്ഞത് മൂന്നു തവണ ( ഒരു പക്ഷെ സംസാരിച്ചു കൊണ്ട് കൂടി ആവാം) പ്രദക്ഷിണം ചെയ്തു തൊഴും . (എന്റെ കൊച്ചച്ചന്‍ തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിലെ ജീവനക്കാരന്‍ ആയിരുന്നതിനാല്‍ അദ്ദേഹം പലപ്പോഴും ഇക്കാര്യം എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. ). ഇത് ശ്രദ്ധിച്ചിട്ടുള്ള ക്ഷേത്ര ജീവനക്കാര്‍ക്കും, നാട്ടുകാര്‍ക്കും എല്ലാം ഈ കലാകാരന്മോട് തോന്നിയിട്ടുള്ള സ്നേഹം വിലമതിക്കാന്‍ ആവാത്തത് തന്നെയാണ് .
ഭക്തി എന്നത് തീര്‍ത്തും വ്യക്തിപരമായ ഒരു വിശ്വാസം മാത്രമാണ്. മതില്‍ക്കെട്ടില്‍ കയറി തൊഴുതു/തൊഴുതില്ല എന്നത് ഒരു കലാകാരന്റെ വ്യക്തിപരമായ ഒരു ഗുണമായി/കുറവായി കാണുവാനാവില്ല. (കലാ. ഹൈദരാലിയെ മതില്‍കെട്ടിനകത്ത് കയറ്റി പാടിച്ചിരുന്ന ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നുമായിരുന്നു ശ്രീവല്ലഭക്ഷേത്രം എന്നതും സ്മരണീയമാണ്. അവിടുത്തെ നാട്ടുകാരും കലാസ്വാദകരും ക്ഷേത്രഭാരവാഹികളും ചെയ്ത ഒരു വലിയ ശരിയാണത്. ദേവസ്വത്തിനു കീഴില്‍ തന്നെയുള്ള മറ്റു പല അമ്പലങ്ങളിലും അതുണ്ടായിട്ടില്ല എന്നുവരുമ്പോള്‍ ഇതിനേറെ പ്രസക്തിയുണ്ട്. ഓഫാണ്, ശ്രീവല്ലഭക്ഷേത്രത്തെക്കുറിച്ച് വായിച്ചപ്പോള്‍ ഇതാണ് ഓര്‍മ്മയിലെത്തിയത്!)
മറുപടിഇല്ലാതാക്കൂഈ പോസ്റ്റില്‍, ഏറെ ഇഷ്ടമായത് 'നളചരിതം ഒന്നാം ദിവസ'ത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. കിരീടം വടക്കനായിരുന്നെങ്കില്‍ അസലായേനേ! ശുക്രന്റെ വേഷത്തില്‍ അദ്ദേഹത്തിന്റെ സംഭാവന എടുത്തു പറഞ്ഞതുപോലെ മറ്റുവേഷങ്ങളുടെ കാര്യത്തിലും അദ്ദേഹത്തിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ എടുത്തെഴുതുവാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നേനേ... ആശംസകള്‍.
--
കഥകളിയരങ്ങില്‍ കുറച്ചുകാലം മുന്‍പുവരെ സജീവമായിരുന്ന തമ്പുരാനെപ്പറ്റി ഓരോ വേഷത്തിന്റെയും സവിശേഷതകള്‍ പറഞ്ഞുതന്നെ അനുസ്മരിച്ചതിനു വളരെ നന്ദി. അദ്ദേഹത്തിന്റെ വ്യക്തിപരവും കലാപരവുമായ സവിശേഷതകള്‍ പലതും വിവരിക്കുകയും ചെയ്തു. ബകവധത്തിലെ ആശാരി ഇനി അങ്ങനെയൊന്നുണ്ടാവില്ലല്ലൊ എന്ന സങ്കടം. അദ്ദേഹത്തിന്റെ ആശാരി തിരശ്ശീല മാറ്റുമ്പോള്‍ രംഗത്തു പ്രത്യക്ഷപ്പെടുകയും ഉടന്‍ പിന്നിലേക്കു മറഞ്ഞു പിന്നെ സംശയത്തോടെ പ്രവേശിക്കുകയും ചെയ്യുന്നതിന്റെ തന്മയത്വം ഒന്നു വേറെതന്നെ. രാവണോദ്ഭവത്തിലെ വിദ്യുജ്ജിഹ്വനെ(ഭീരു വേഷം- സംസാരിക്കുകയും ചെയ്യും) അവതരിപ്പിക്കുമ്പോള്‍ രാവണന്‍ ദൂതന്‍വശം കൊടുത്തുവിടുന്ന കത്ത് പന്തളം കേരളവര്‍മ്മ വായിക്കുന്നത് ഇങ്ങനെയാണെന്നു കേട്ടിട്ടുണ്ട്: “മ. രാ. രാ. ശ്രീ. പന്തളം മഹാരാജാവ്, ഓ അല്ല, പാതാളമഹാരാജാവ് അറിയുന്നതിന്...”
മറുപടിഇല്ലാതാക്കൂഅദ്ദേഹത്തിന്റെ വിദ്യുജ്ജിഹ്വന്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മുത്തശ്ശന്റെ ശൂര്‍പണഖയ്ക്കൊപ്പം അദ്ദേഹത്തിന്റെ ആ വേഷം ധാരാളം ഉണ്ടായിട്ടുണ്ട്. കുടുംബപരമായിത്തന്നെ സൌഹൃദമുണ്ടായിരുന്ന പന്തളം കേരളവര്‍മ്മയ്ക്ക് ആദരാഞ്ജലികള്‍.
Very nice.
മറുപടിഇല്ലാതാക്കൂമിസ്റ്റര്. ഹരീഷ്,
മറുപടിഇല്ലാതാക്കൂശ്രീ. അനന്തശിവ അയ്യര്‍ അവര്‍കളാണ് തമ്പുരാന്റെ ഹംസത്തിന്റെ ഫോട്ടോ അയച്ചു തന്നത്. അദ്ദേഹത്തിന് നന്ദി.
ഈശ്വര വിശ്വാസം വ്യക്തി പരമായ സ്വാതന്ത്ര്യം ആണ്. എന്നാല്‍ പലപ്പോഴും വഴിപാട്ടുകാര്‍ പോലും കളി കാണാന്‍ ഇല്ലാതെ ശ്രീവല്ലഭന്റെ തിരുനടയില്‍ പല മണിക്കൂറുകളോളം യാത്ര ചെയ്തു കളിക്കെത്തുന്ന പല കലാകാരന്മാരും തനിക്കു രാവിലെ കളിപ്പണം ലഭിക്കുമ്പോള്‍ ഈ അവസരം ശ്രീ വല്ലഭനോട് ജനങ്ങള്‍ക്കുള്ള ഒരു വിശ്വാസം കൊണ്ട് മാത്രമാണ് എന്ന് സ്മരിക്കുന്നതില്‍ തെറ്റില്ലല്ലോ ?
അഭിപ്രായം പ്രകടിപ്പിച്ച ശ്രീ. മനോജ് കുറൂരിനും, ശ്രീ. ഗണേശിനും നന്ദി.
ഭക്തിയിൽ നിർമ്മിച്ചെടുത്തതല്ല കഥകളി. പക്ഷേ ഭഗവാൻ പോലും സ്വപീഠം വെടിഞ്ഞ് കഥകളി കാണാൻ ഇങ്ങോട്ട് ഇറങ്ങി വന്നു എന്ന കഥ രസകരം തന്നെ. കഥകളിയെ ഭക്തിയോട് കൂട്ടിക്കെട്ടാൻ ഉണ്ടാക്കിയെടുത്തതാണെങ്കിലും.
മറുപടിഇല്ലാതാക്കൂശ്രീ. എതിരന്‍ കതിരവന്‍ ,
മറുപടിഇല്ലാതാക്കൂഎല്ലാ വിശ്വാസങ്ങളും മനുഷ്യന്‍ ഉണ്ടാക്കി വളര്‍ത്തി എടുത്തതാണല്ലോ ?
കഥകളി കലാകാരന്മാരും ഈ വിശ്വാസങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. കൃഷ്ണന്‍ നായര്‍ ആശാന്റെ വഴിപാടായി ഗുരുവായൂരില്‍ കുചേലവൃത്തം (മാങ്കുളം കൃഷ്ണനായും ആശാന്‍ കുചേലനായും) കഥകളി നടത്തിയിട്ടുണ്ട്. ശ്രീ. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ ചേര്‍ത്തല നാല്‍പ്പത്തൊന്നീശ്വരത്തും, ശ്രീ. കലാമണ്ഡലം ഗോപി ആശാന്‍ ശബരിമലയിലും ( കര്‍ണ്ണശപഥം: ദുര്യോധനന്‍: ബാല സുബ്രഹ്മണ്യന്‍, കുന്തി : മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ( മാത്തൂര്‍ കഥകളിയോഗം), കലാമണ്ഡലം കരുണാകരന്‍ ആശാന്‍, പന്തളം കേരളവര്‍മ്മ , മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി, ചെന്നിത്തല ആശാന്‍ , തകഴി കുട്ടന്‍ പിള്ള ഭാഗവതര്‍ എന്നിങ്ങനെ ധാരാളം കഥകളി കലാകാരന്മാര്‍ തിരുവല്ലയിലും വഴിപാടു കഥകളി നടത്തിയ അറിവും /അനുഭവവും ഉണ്ട്. ദക്ഷിണ കേരളത്തില്‍ കഥകളി ഭക്തിയുമായി ബന്ധപ്പെട്ടു തന്നെയാണ് നില നില്‍ക്കുന്നത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ,കൊല്ലം ജില്ലയിലെ മണ്ണൂര്‍ക്കാവ് ക്ഷേത്രം, ചേര്‍ത്തല മരുത്തൂര്‍വട്ടം ക്ഷേത്രം, നാല്‍പ്പത്തൊന്നീശ്വരം ക്ഷേത്രം , ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ മുഖ്യ വഴിപാടായി കഥകളി നടത്തി വരുന്നു. ആലപ്പുഴ ജില്ലയിലെ പല ക്ഷേത്രങ്ങളിലെ വഴിപാട്ട് പലകയില്‍ കഥകളി സ്ഥാനം പിടിച്ചിട്ടുണ്ട്.