കര്‍ണ്ണശപഥത്തില്‍ ദുര്യോധനന്‍ കേരളവർമ്മ തമ്പുരാന് വളരെ താല്‍പ്പര്യമുള്ള വേഷങ്ങളില്‍ ഒന്നായിരുന്നു.
ശ്രീ. തമ്പുരാന്റെ കര്‍ണ്ണശപഥത്തില്‍ ദുര്യോധനന്
മഹാഭാരത യുദ്ധത്തില്‍ ദുര്യോധനന് ജീവഹാനി സംഭവിക്കുമോ എന്ന് ഭയക്കുന്ന പ്രിയ പത്നിയായ ഭാനുമതിയെ സമാധാനിപ്പിക്കുന്ന (അദ്ദേഹത്തിന്റെ) ദുര്യോധനന്റെ ഭാനുമതിയോടുള്ള ഇളകിയാട്ടത്തില്‍ "പ്രിയേ ! നീ ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നത്തെ പറ്റി ചിന്തിച്ച് എന്തിനാണ് ഇങ്ങിനെ പേടിക്കുന്നത് ? വെറുതെ ഇങ്ങിനെ ഭയക്കുന്നതിനു എന്താണ് കാരണം ?
പാണ്ഡവന് ദിവ്യാസ്ത്രം ലഭിച്ചിട്ടുണ്ട് എന്നതാണോ നിന്റെ ദുഃഖം. ആ അര്‍ജുനന്റെ കാര്യമാണോ നീ പറയുന്നത് ?
ദുര്യോധനനും ഭാനുമതിയും
കൊള്ളം ! കൃഷ്ണന്‍ അവര്‍ക്ക് കൂട്ട് ഉണ്ടെന്നോ? മഹാഭാരത യുദ്ധത്തില്‍ ആയുധം എടുക്കില്ല എന്ന് സത്യം ചെയ്ത കൃഷ്ണന്‍ അര്‍ജുനന്റെ മുന്‍പില്‍ വെച്ചാണ് എനിക്ക് യാദവ സൈന്യത്തിന്റെ പതിനെട്ടു അക്ഷൗണിപ്പട തന്നത്. അങ്ങിനെ ആയുധം എടുക്കാത്ത കൃഷ്ണന് അര്‍ജുനനോടു ചേര്‍ന്ന് നമ്മെ എന്ത് ചെയ്യാന്‍ ആവും?
പിന്നെ ഭീമന്‍! അവന്‍ വെറും ഒരു പൊണ്ണത്തടിയന്‍, അവരുടെ മൂത്ത ജ്യേഷ്ടന്‍ ധര്‍മ്മപുത്രര്‍! പൂജയും പുരസ്കാരവും സത്യം ധര്‍മ്മം നീതി എന്നൊക്കെ പറഞ്ഞു നടക്കാന്‍ അല്ലാതെ യുദ്ധം ചെയ്യാനാവുമോ?
പിന്നെ അവശേഷിക്കുന്നത് രണ്ടു ചെറിയ ബാലന്മാര്‍, നകുലനും സഹദേവനും! രണ്ടിനും ചെവിക്കു ഓരോ കിഴുക്കു കൊടുത്തു പറഞ്ഞു അയക്കാന്‍ ഉള്ളതേ ഉള്ളൂ.
ഭാനുമതീ ! നീ ഒന്ന് മനസിലാക്കണം. അംഗരാജ്യം നല്‍കി ഞാന്‍ രാജാവായി വാഴിച്ച എന്റെ ജീവനു തുല്യം സ്നേഹിക്കുന്ന കര്‍ണന്‍ ഉള്ളപ്പോള്‍ നാം ആരെ ഭയക്കണം ? എന്നിങ്ങനെവളരെ രസകരമായി പോകും ആട്ട രീതികള്‍.
ദുര്യോധനനും കര്‍ണ്ണനും (തമ്പുരാനും ചെന്നിത്തല ആശാനും)
ഒരു വിളിച്ചുകൂട്ടി കളി നടത്തുമ്പോള്‍ കളി നടക്കുന്ന പ്രദേശത്തെ നടന്മാരെയും കളിക്ക് പങ്കെടുപ്പിക്കണം എന്ന നിര്‍ബന്ധം തമ്പുരാന് ഉണ്ടായിരുന്നു. എഴുപതുകളില്‍ പന്തളം എന്‍ .എസ്.എസ്. കോളേജില്‍ ഒരു വിളിച്ചു കൂട്ടി കളി. നളചരിതം രണ്ടും തോരണയുദ്ധവും ആയിരുന്നു അന്ന് അവതരിപ്പിച്ച കഥകള്‍. ആ നാട്ടുകാരനായ (താടി വേഷക്കാരന്‍) പരമുപിള്ള ആശാന്‍ എന്ന കഥകളി കലാകാരനെ അന്നത്തെ കളിക്ക് ഉള്‍പ്പെടുത്തിയിരുന്നില്ല. പരമുപിള്ള ആശാനെ കൂടി ഉള്‍പ്പെടുത്തണം എന്ന തമ്പുരാന്റെ അപേക്ഷ കളിയുടെ ചുമതലക്കാര്‍ നിരസിച്ചു. നളചരിതം രണ്ടിലെ കാട്ടാളന്റെ വേഷം തമ്പുരാന്‍ തേച്ചു കൊണ്ടിരുന്നപ്പോള്‍ കോളേജിനു വെളിയില്‍ ഒരു ബഹളം.
പന്തളം പരമുപിള്ള ആശാന്‍ കോളേജിനു വെളിയില്‍ എത്തി തന്റെ ജന്മ നാട്ടിലെ കളിക്ക് തന്നെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിക്കുകയും അദ്ദേഹത്തെ അവിടെ നിന്നും അകറ്റുവാന്‍ ശ്രമിക്കുന്ന കഥകളി സംഘാടകരുമാണ് ബഹളത്തിന്റെ ഉടമസ്ഥര്‍. പരമുപിള്ള ആശാന്റെ പ്രതിഷേധ വാക്കുകളില്‍ "തനിക്കു എന്ത് വേഷം, വേതനം എന്നത് പ്രശ്നം അല്ല, പുഷ്കരന്റെ കാളയായോ, രാവണന്റെ കിങ്കരന്മാരില്‍ ഒരുവന്‍ അല്ലെങ്കില്‍ ഒരു അണിയറക്കാരന്‍ എന്ന പേരില്‍ എങ്കിലും എന്നെ ഉള്‍പ്പെടുത്താമായിരുന്നു" എന്ന ഇടറുന്ന സ്വരം വളരെ ന്യായമായി തോന്നി. പക്ഷെ ഒടുവില്‍ വളരെ മോശമായ രീതിയില്‍ ആണ് പരമുപിള്ള ആശാനെ അവിടെ നിന്നും അകറ്റിയത്. കാട്ടാളന്റെ തേപ്പും വെച്ചുകൊണ്ട് ഈ ബഹളം അറിഞ്ഞപ്പോള്‍ കോളേജ് കാമ്പസ് വിട്ടു വെളിയില്‍ പോയി ആശാനെ സമാധാനിപ്പിക്കാനോ /പിന്തിരിപ്പിക്കാനോ സാധിക്കാനാവാത്ത തമ്പുരാന്റെ നിസ്സഹായാവസ്ഥ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
ഒരു കളി നടത്തുമ്പോള്‍ അരങ്ങത്ത് വേണ്ടിയ സൌകര്യങ്ങള്‍ ചെയ്യുന്നതില്‍ അശ്രദ്ധ കാട്ടുന്ന കഥകളിയോഗം മനേജരന്മാരോടും, സംഘാടകരോടും പ്രതിഷേധം പ്രകടിപ്പിക്കാന്‍ തമ്പുരാന്‍ ഒരിക്കലും മടിച്ചിരുന്നില്ല. 1979/ 80 -ല്‍ മാവേലിക്കര പുതിയകാവ് ക്ഷേത്രത്തില്‍ മീനഭരണി ആഘോഷത്തിന്റെ കളിക്ക് സൌഗന്ധികവും ദുര്യോധനവധവും ആയിരുന്നു കഥകള്‍. തമ്പുരാന് ഹനുമാനും രൌദ്രഭീമനും ആയിരുന്നു വേഷങ്ങള്‍. അക്കാലത്തു ദുര്യോധനവധതിന്റെ അവതരണത്തില്‍ പടക്കളം നോക്കി കണ്ടു ദുശാസനനെ തേടുന്ന രൌദ്രഭീമന് അരങ്ങിലും, സദസ്യരുടെ ഇടയില്‍ നിന്ന് ഭീമനെ നേരിടാന്‍ നില്‍ക്കുന്ന ദുശാസനനും പന്തക്കാര്‍ ഉണ്ടാവും. (നില്ലടാ നില്ലടാ എന്നാ പദം തുടങ്ങുന്നത് വരെ അണിയറക്കാര്‍ പന്തവുമായി ഈ രണ്ടു വേഷക്കാരുടെയും മുന്‍പില്‍) എന്തു കൊണ്ടോ അന്ന് അത് ഉണ്ടായില്ല. കളിയോഗം മാനേജരും നടനും ആയിരുന്ന ഏവൂര്‍ ശ്രീ. പരമേശ്വരന്‍ നായരോട് ഈ വിഷയത്തില്‍ തമ്പുരാന്‍ പ്രതികരിച്ചു. രൌദ്രഭീമന്‍ രാമകൃഷ്ണ പിള്ളയുടെയോ, ചെല്ലപ്പന്‍ പിള്ളയുടെയോ ആയിരുന്നു എങ്കില്‍ പന്തക്കാര്‍ ഉണ്ടായേനെ, എന്റെ ഭീമന്‍ ആയതിനാല്‍ ആണ് അതിനു താങ്കള്‍ താല്‍പ്പര്യം എടുക്കാതിരുന്നത് എന്നായിരുന്നു തമ്പുരാന്റെ പരാതി. വൈദ്യുതി ഇല്ലാത്ത കാലത്ത് ഭീമന്റെയും ദുശാസനന്റെയും മുഖത്തെ ഭാവം ജനങ്ങള്‍ക്ക് കാണാന്‍ ഈ പന്തം ആവശ്യം ആയിരുന്നു. ഇന്ന് സ്റ്റേജില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ബള്‍ബ്ബുകള്‍ ഉള്ളപ്പോള്‍ പന്തം ആവശ്യം ഇല്ലെന്നും എന്റെ കളിയോഗത്തിലെ കളികള്‍ക്ക് രൌദ്രഭീമനു പന്തം ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍ പലതായി എന്ന് പരമേശ്വരന്‍ നായരും. പരമേശ്വരന്‍ നായരുടെ മറുപടിയില്‍ ഒട്ടും തൃപ്തികരം ആകാതെയാണ് തമ്പുരാന്‍ അന്ന് പിരിഞ്ഞത്.
ഒരിക്കല്‍ മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഒരു കളിക്ക് ബാലിവിജയം ആയിരുന്നു ആദ്യകഥ. തമ്പുരാന്റെ രാവണന്‍. ബാലിയെ ബന്ധിക്കാന്‍ ചന്ദ്രഹാസവുമായി പുറപ്പെടുന്ന രാവണനെ നാരദന്‍ തടഞ്ഞു. കേവലം ഒരു വാനരനെ ബന്ധിക്കാന്‍ ഈ വാള്‍ എന്തിനു എന്നായി നാരദന്‍. ഈ ദിവ്യമായ വാള്‍ എനിക്ക് ലഭിച്ച കഥ അങ്ങ് കേട്ടിട്ടില്ലേ എന്നായി രാവണന്‍. ഓ! എനിക്കറിയാം! പരമശിവന്റെയും പാര്‍വതി ദേവിയും തമ്മിലുള്ള പ്രണയ കലഹം തീര്‍ത്തു വെച്ചതിനു സമ്മാനമായി ലഭിച്ചതല്ലേ. ആ ദിവ്യമായ വാള്‍ പൂജാമുറിയില്‍ വെച്ചിട്ട് വരൂ നമുക്ക് വേഗം പോയി ബാലിയെ ബന്ധിച്ചു കൊണ്ട് വരാം എന്നു നാരദനും. രാവണന്‍ പൂജാമുറി തുറന്നു ചന്ദ്രഹാസം വെച്ച് പുഷ്പാര്‍ച്ചന നടത്തി നാരദനെയും കൂട്ടി യാത്രയായി. അണിയറയില്‍ എത്തിയ ശേഷം നാരദ നടനോട് ശരിക്കും പ്രതികരിക്കാന്‍ തമ്പുരാന്‍ മടിച്ചില്ല. (പുരാണ പരമായി നോക്കിയാല്‍ നാരദന് അറിയാന്‍ പറ്റാത്ത വിവരങ്ങള്‍ എന്നും തന്നെ ഇല്ല എങ്കിലും) ബാലിവിജയത്തിലെ രാവണ നടന് പാര്‍വതീ വിരഹവും കൈലസോദ്ധാരണവും അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുവാന്‍ " കുറച്ചൊക്കെ അറിയാം" എന്നാവും നാരദന്‍ ഇവിടെ കാട്ടുക. തന്നോട് എന്തോ സ്പര്‍ദ്ധ വെച്ചു കൊണ്ട് നാരദ നടന്‍ മനപ്പൂര്‍വം ചെയ്ത പണിയാണ് എന്നായിരുന്നു തമ്പുരാന്റെ വാദം.
പൊതുവേ ഫലിത രസപ്രിയനായ തമ്പുരാന്‍ ബാലി വിജയത്തിലെ രാവണനെ അവതരിപ്പിക്കുമ്പോള്‍ നാരദന്റെ നിര്‍ദ്ദേശ പ്രകാരം ചന്ദ്രഹാസം പൂജാ മുറിയില്‍ വെച്ച് പൂജ ചെയ്ത ശേഷം നാരദനെ വണങ്ങിയാവും ബാലിയെ ബന്ധിക്കാന്‍ യാത്രയാവുക. ഇവിടെ നാരദന്‍ രാവണനെ അനുഗ്രഹിക്കുന്നതിനു പകരം " നശിച്ചു പോകട്ടെ " എന്ന് ശപിക്കുന്നതായി രാവണന് സംശയം തോന്നുകയും, ഈ സംശയം നാരദനോട് ചോദിക്കുകയും വീണ്ടും ഒരു തവണ കൂടി വണങ്ങി നാരദന്‍ അനുഗ്രഹിക്കുക തന്നെയാണോ എന്ന് ശ്രദ്ധിക്കുന്നതും വളരെ രസകരമായി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
ശ്രീ. തമ്പുരാന്റെ ഹനുമാനും ശ്രീ. രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ഭീമനും
ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളില്‍ പണ്ടൊക്കെ കഥയും വേഷവും നിശ്ചയിച്ച് കലാകാരന്മാര്‍ കളിക്ക് എത്തിയ ശേഷം ചില കലാകാരന്മാരുടെ മാസ്റ്റര്‍ പീസ് വേഷങ്ങള്‍ കാണാനുള്ള ആസ്വാദകരുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി കഥയും വേഷങ്ങളും മാറ്റുക പതിവ് ആയിരുന്നു. അത്തരത്തില്‍ നിശ്ചയിച്ചിരുന്ന കഥകള്‍ മാറ്റി തമ്പുരാന്റെ ഹനുമാന്‍ കാണാനായി ലവണാസുരവധവും, തോരണയുദ്ധവും, സൌഗന്ധികവും നിശ്ചയിച്ചിട്ടുള്ള ധാരാളം അനുഭവങ്ങള്‍ സ്മരണാര്‍ഹമാണ് .
"തമ്പുരാന് സ്മരണകള്‍" മുടങ്ങാതെ വായിക്കുന്നു. വളരെ സരസമായിത്തന്നെ അങ്ങ് അദ്ദേഹത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. ഇങ്ങനെയൊരു പരമ്പര തുടങ്ങിയതില്‍ വളരെ നന്ദിയുണ്ട്. പണ്ട് ക്ലബ്ബ് കളിക്ക് ഒരു ആശാരി കണ്ടതല്ലാതെ അദ്ദേഹത്തിന്റെ വേഷം കാണാന്‍ സാധിച്ചിട്ടില്ല. ആ ആശാരിയുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും അന്ന് സാധിച്ചില്ല. അതിനെക്കുറിച്ചും എഴുതുമല്ലൊ.
മറുപടിഇല്ലാതാക്കൂഅദ്ദേഹത്തിന്റെ വേഷത്തിന്റെ വീഡിയോ അങ്ങയുടെ പക്കല്‍ ഉണ്ടോ?
കഥകളിയുടെ ചരിത്രം ചികയുന്നവർക്ക് ഈ കഥകളൊക്കെ വിലപ്പെട്ട അറിവുകളായി പരിണമിക്കും. വിശദാംശങ്ങൾ ഒട്ടും ചോർത്തേണ്ട, ശ്രീ അംബുജാക്ഷൻ!
മറുപടിഇല്ലാതാക്കൂമിസ്റ്റര്. കപ്ലിങ്ങാട്, മിസ്റ്റര്‍.കതിരന്‍ എതിരവന്‍,
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിനു നന്ദി.
കര്‍ണ്ണശപഥത്തിലെ തമ്പുരാന്റെ ദുര്യോധനന്റെ ആട്ടങ്ങള്‍ ഒരു വീഡിയോ കണ്ടു Mr. Vaidyanathan. Chennai, എഴുതി തന്നതാണ്. അദ്ദേഹത്തിന് നന്ദി .
വളരെ നല്ല ബ്ലോഗ്.
മറുപടിഇല്ലാതാക്കൂVery nicely written and informative...
മറുപടിഇല്ലാതാക്കൂ