പേജുകള്‍‌

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

തമ്പുരാന്‍ സ്മരണകള്‍ -4


1970- ല്‍  ഉദ്യോഗമണ്ഡല്‍ (ഫാക്റ്റ്) കഥകളി സംഘത്തോടൊപ്പം ലണ്ടന്‍, ജെര്‍മ്മനി, ആസ്ടെര്‍ഡാം  തുടങ്ങിയ വിദേശരാജ്യ പര്യടനത്തിലും എണ്‍പത്തി നാലില്‍ സിങ്കപ്പൂരിലും മലേഷ്യാവിലും നടന്ന അന്താരാഷ്ട്ര ടൂറിസം മേളയില്‍ പങ്കെടുക്കാന്‍  ശ്രീ. മടവൂര്‍ ഭാസിയുടെ    നേത്രുത്വത്തില്‍  പോയ കഥകളി ട്രൂപ്പിലും തമ്പുരാന്‍ ഉണ്ടായിരുന്നു.  ഉദ്യോഗമണ്ഡല്‍ കഥകളി സംഘത്തിന്റെ ടൂറില്‍ മഹാഭാരതം കഥയാണ് അവതരിപ്പിച്ചത്.  കൃഷ്ണന്‍ നായര്‍ ആശാന്റെ കീചകനും  ഫാക്റ്റ് പത്മനാഭന്റെ സൈരന്ധ്രിയും   തമ്പുരാന്റെ  വലലനും ആയിരുന്നു വേഷങ്ങള്‍. 

                              Hanuman: Sri. Panthalam Keralavarma

ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ കഥകളി കഴിഞ്ഞു എത്തിയപ്പോള്‍ അന്നുവരെ ഫോണ്‍ ഉപയോഗിച്ച് അധികം ശീലം ഇല്ലാത്ത പല   കഥകളി കലാകാരന്മാര്‍ക്കും  ഹോട്ടല്‍ മുറികളിലെ  ഇന്റര്‍കം (ഫോണ്‍) ആയിരുന്നു പ്രധാന വിനോദ വസ്തുവായത്.  തമ്പുരാന്റെയും ചെന്നിത്തല ആശാന്റെയും  മുറികളില്‍ നിന്നും ഫോണ്‍ കാള്‍ അധികവും ചെന്നെത്തുന്നത് ഓയൂര്‍ ഗോവിന്ദപിള്ള ആശാന്റെ മുറിയിലെ ഫോണിലേക്കാണ്. ഓയൂര്‍ ആശാനും ഈ ഫോണ്‍ കളിക്ക് പിന്നില്‍ ഇവര്‍ രണ്ടു പേര്‍ തന്നെയാവും എന്ന് അറിയാം. വിരല്‍ കൊണ്ട് കറക്കി ഡയല്‍ ചെയ്യുന്ന ഫോണില്‍ ഒരു നമ്പര്‍ തെറ്റി പല തവണ  കൃഷ്ണന്‍ നായര്‍ ആശാന്റെ റൂമിലേക്ക്‌ ഫോണ്‍ കാള്‍ ചെന്നെത്തിയിട്ടുണ്ട്. അടിക്കടി "ഓയൂര്‍" എന്ന ശബ്ദം കേട്ടതിനാല്‍  കഥകളി സംഘത്തില്‍ ഉള്ളവരില്‍ ചിലര്‍  തന്നെ രാത്രിയില്‍ ഫോണില്‍ കൂടി ശല്ല്യം ചെയ്തു വെന്ന് കൃഷ്ണന്‍ നായര്‍ ആശാന്‍ പരാതിപ്പെടുകയും ഉണ്ടായി.

കലാമണ്ഡലത്തില്‍  ശ്രീ.പത്മനാഭന്‍ നായര്‍ ആശാന്‍ മുന്‍കയ്യെടുത്തു രൂപം നല്‍കിയ  മൈനര്‍ സെറ്റ് കഥകളി സംഘത്തില്‍ ശ്രീ. ഗോപി ആശാന്‍, കെ.ജി. വാസുദേവന്‍ മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍, കരുണാകരന്‍ ആശാന്‍, അമ്പലപ്പുഴ ശേഖര്‍, എം.പി.എസ്. നമ്പൂതിരി തുടങ്ങിയ കലാകാരന്മാരോടൊപ്പം    തമ്പുരാന്‍ ധാരാളം  വേഷങ്ങള്‍  കെട്ടിപ്പഴകുകയും  കലാമണ്ഡലം വിട്ട ശേഷം മാങ്കുളം തിരുമേനിയുടെ സമസ്ത കേരള കഥകളി സംഘത്തിലെ എല്ലാ പരിപാടികള്‍ക്കും  പങ്കെടുത്ത് കാലക്രമേണ കേരളത്തിലെ എല്ലാ കഥകളി കലാകാരന്മാരോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. സഹ കലാകാരന്മാരുടെ പ്രധാന വേഷങ്ങള്‍ സൗകര്യം കിട്ടുമ്പോഴെല്ലാം ശ്രദ്ധിച്ചു കാണുകയും വിമര്‍ശിക്കാന്‍ പറ്റിയ എന്തെങ്കിലും ഉണ്ടായാല്‍ അതെ പറ്റി അവരോടു തന്നെ നേരിട്ട് സംസാരിക്കുകയും, തന്റെ വേഷങ്ങളെ അവര്‍ വിമര്‍ശിച്ചാല്‍ അതെ ഉള്‍ക്കൊള്ളാനും ഉണ്ടായിരുന്ന തമ്പുരാന്റെ മനസ്സ് പ്രശംസാവഹമാണ്. 

              തമ്പുരാന്റെ ബകവധത്തില്‍ ആശാരി

ഒരിക്കല്‍ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ക്ഷേത്രത്തില്‍ കച-ദേവയാനിയും കീചകവധവും കഥകളി അവതരിപ്പിക്കുക ഉണ്ടായി. കചന്‍ കഴിഞ്ഞു ചെന്നിത്തല ആശാന്‍ തമ്പുരാന്റെ കീചകന്‍ കാണാന്‍ അരങ്ങിനു മുന്‍പില്‍ എത്തി. കളി കഴിഞ്ഞു ഒന്നിച്ചു മടങ്ങുമ്പോള്‍ ചെന്നിത്തല ആശാന്‍ തമ്പുരാന്റെ കീചകനെ സ്വാതന്ത്ര്യത്തോടെ വിമര്‍ശിച്ചു. കര്‍ണ്ണശപഥം കഥയുടെ രചയിതാവായ ശ്രീ.മാലി മാധവന്‍ നായര്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ ഏറണാകുളം കഥകളി ക്ലബ്ബില്‍ അക്കാലത്തു കര്‍ണ്ണശപഥം  അവതരിപ്പിക്കുക ഉണ്ടായി. അന്ന് ശ്രീ. മാങ്കുളം തിരുമേനിയുടെ കര്‍ണ്ണനും കുടമാളൂരിന്റെ കുന്തിയും  ചെന്നിത്തല ആശാന്റെ ദുര്യോധനനും ആയിരുന്നു. കളി കാണാന്‍ ശ്രീ. കരുണാകരന്‍ ആശാനെയും കൂട്ടി തമ്പുരാന്‍ എത്തിയിരുന്നു. കളി തുടങ്ങുന്നതിനു മുന്‍പ് അണിയറയില്‍ എത്തി ചെന്നിത്തല ആശാന്റെ കാതില്‍ തന്റെ ദുര്യോധനനെ കീറി മുറിച്ചു പരിശോധന ‌ ചെയ്യാന്‍ ആണ്  ഞാന്‍ എത്തിയിരിക്കുന്നത് എന്ന് ഫലിത രസത്തില്‍  പറഞ്ഞിട്ടാണ് തമ്പുരാന്‍ അരങ്ങിനു മുന്‍പില്‍ ഇരുന്നത്.

                                  ശുക്രനും  കചനും (തമ്പുരാനും ചെന്നിത്തല ആശാനും )


ശ്രീ. കലാമണ്ഡലം  കരുണാകരന്‍ ആശാനും തമ്പുരാനും തമ്മിലും വളരെ നല്ല ആത്മബന്ധം ഉണ്ടായിരുന്നു.  കരുണാകരന്‍ ആശാനു ദേക്ഷ്യം വന്നാല്‍ "സാധു മിരണ്ടാല്‍" എന്ന സ്ഥിതി തന്നെ ആവും. അപ്പോള്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ തമ്പുരാന്‍  പ്രയോഗിക്കുന്ന പൊടിക്കൈകള്‍  രസകരമായിരുന്നു.
 കരുണാകരന്‍ ആശാന്റെ ദേക്ഷ്യം കണ്ടിട്ടുള്ള ഒരു അനുഭവം ഇവിടെ കുറിക്കുന്നതില്‍ തെറ്റില്ല എന്നും കരുതുന്നു. അദ്ദേഹം ഒരിക്കല്‍ തിരുവല്ല ക്ഷേത്രത്തില്‍ ഒരു കഥകളി വഴിപാട്‌ നടത്തിയിരുന്നു. ഫാക്റ്റ് കഥകളി സംഘത്തിലെ കലാകാരന്മാരെ കൂടാതെ ശ്രീ. കലാനിലയം രാഘവന്‍ ആശാനെയും ശ്രീ.  മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയേയും ശ്രീ.  തലവടി അരവിന്ദനെയും  ശ്രീ. തിരുവല്ല  ഗോപികുട്ടന്‍  നായരെയും കളിക്ക് ക്ഷണിച്ചിരുന്നു. കുചേലവൃത്തവും, നളചരിതം ഒന്നും, കീചകവധവും ആയിരുന്നു അവതരിപ്പിച്ച കഥകള്‍. കുചേലവൃത്തത്തില്‍  കുചേലനായി ശ്രീ. രാഘവന്‍ ആശാനും കൃഷ്ണന്‍ ആയി ശ്രീ. കരുണാകരന്‍ ആശാന്റെ മകള്‍ രഞ്ജനിയും നളചരിതത്തിലെ ഹംസമായി ശ്രീ. കരുണാകരന്‍ ആശാനും ദമയന്തിയായി ശ്രീ. രാഘവന്‍ ആശാന്റെ മകള്‍ ജയന്തിയും  ആയിരുന്നു വേഷമിട്ടത്. 

ഹംസവും ദമയന്തിയും അരങ്ങത്തു നില്‍ക്കുമ്പോള്‍ രംഗത്തു പാടിക്കൊണ്ടിരുന്ന ഗായകരോട് ചില സംഗീത ഭ്രാന്തന്മാര്‍ മര്യാദ ഇല്ലാതെ പെരുമാറി. അവര്‍ രംഗത്ത് നിന്നും മാറി ഹൈദരാലി പാടണം എന്നായിരുന്നു അവരുടെ ആവശ്യം. കഥകളിയുമായി ബന്ധപ്പെട്ട ഒരുവന്‍ കൂടി ആ സംഘത്തില്‍ ഉണ്ടായതു ആശാന്‍ മനസിലാക്കി. രംഗത്ത് വേഷത്തോട് നിക്കുമ്പോള്‍ പ്രതികരിക്കാന്‍  ആശാന് സാധിക്കില്ലല്ലോ, അണിയറയില്‍ എത്തിയപ്പോള്‍ ആശാന്റെ മട്ടും ഭാവവും മാറി. ഒരു വ്യക്തി നടത്തുന്ന വഴിപാട്ടു കളിക്ക് ആര് പാടണം എന്ന് തീരുമാനിക്കാന്‍ പബ്ലിക്കിന് അധികാരം ഇല്ലല്ലോ?
ഒരു പ്രത്യേക രംഗത്തിലെ ഹൈദരാലിയുടെ പാട്ട് കേള്‍ക്കണമെങ്കില്‍ അത് കഥകളി വഴിപാടു നടത്തുന്നവരോടോ അല്ലെങ്കില്‍ ഹൈദരാലിയോടോ നേരിട്ട്  ആഗ്രഹം പ്രകടിപ്പിക്കുന്നതിന് പകരം രംഗത്ത് നില്‍ക്കുന്ന കലാകാരനെ അപമാനിക്കുന്നത് മാന്യതയാണോ എന്ന ചോദ്യവുമായി  കോപത്താല്‍ വിറച്ചു കൊണ്ട് നിന്ന ആശാന്റെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല.

പിന്നീട് ഒരിക്കല്‍  എവൂരില്‍ കഥകളി അഭ്യസിച്ച ഒരു ബാലന് കഥകളിയിലെ വേഷങ്ങള്‍ എല്ലാം കെട്ടിപ്പഴകാന്‍ ഒരു കഥകളിയോഗം സ്വന്തമായി ഉണ്ടായാല്‍ പ്രയോജനപ്പെടും എന്ന ഉദ്ദേത്തോടെ ആ കുട്ടിയുടെ പിതാവ് ഒരു കളിയോഗം വിലക്ക് വാങ്ങി പുതുപ്പിച്ച് അതിന്റെ ഉത്ഘാടനവും ശ്രീരാമപട്ടാഭിഷേകം  കഥകളിയും  ഏവൂര്‍  ക്ഷേത്രത്തില്‍ നടന്നു. കളിയോഗത്തിന്റെ ഉത്ഘാടനത്തിനു ക്ഷണിച്ചു കൊണ്ട് ഒരുവിധം അറിവുള്ള എല്ലാ കലാകാരന്മാര്‍ക്കും കത്തും അയച്ചിരുന്നു. കത്ത് ലഭിച്ച പല കലാകാരന്മാരും തനിക്കും ഒരു വേഷം ഉണ്ടാകും എന്ന ധാരണയില്‍ കളിസ്ഥലത്ത് എത്തിചേരുകയും ചെയ്തു. അക്കൂട്ടത്തില്‍ ആശാനും തമ്പുരാനും ഉണ്ടായിരുന്നു. യാത്രാ മദ്ധ്യേ കരുണാകരന്‍ ആശാന്‍  ഹരിപ്പാട്ടു ബസ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ എവൂരില്‍ കളിക്ക് പോകാന്‍ നില്‍ക്കുന്ന ഹരിപ്പാട്ടു ആശാനെ കണ്ടു മുട്ടി.  ഇരുവരും ആ സംഗമം ശരിക്കൊന്നു  ആഘോഷിച്ചാണ് എവൂരില്‍ എത്തിയത്. അണിയറയില്‍ എത്തി വേഷങ്ങളുടെ ലിസ്റ്റില്‍ തന്റെ  പേര് ഇല്ലെന്നു കണ്ടപ്പോള്‍ കരുണാകരന്‍ ആശാന്റെ മട്ടു മാറി. തന്നെ ക്ഷണിച്ചു വരുത്തി അപമാനിച്ചു എന്നാരോപിച്ച്   ആശാന്‍  പ്രകോപിതനായി.

ആശാന് ഭരതന്റെ  വേഷം നല്‍കാനുള്ള ചില യുവ കലാകാരന്മാരുടെ അതീവ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ആശാനെ ചില്ലറ ഫലിത പ്രയോഗത്തിലൂടെ  തമ്പുരാന്‍ സമാധാനിപ്പിച്ച്‌,  (തമ്പുരാനെയും കരുണാകരന്‍ ആശാനെയും  പോലെ അവിടെ എത്തിച്ചേര്‍ന്ന കലാകാരന്മാര്‍ എല്ലാവരും കൂടി)   ഒരു കിലോമീറ്ററില്‍ അധികം ദൂരമുള്ള ഏവൂര്‍ ബസ് സ്റ്റോപ്പില്‍ കൂട്ടിപ്പോയി, രാത്രി വണ്ടികള്‍ ഒന്നും അവിടെ നിര്‍ത്താതെ വന്നപ്പോള്‍ ഒരു ടി. വി. എസ്സിന്റെ വാന്‍ തടഞ്ഞു നിര്‍ത്തി ആശാനെ അതില്‍ കയറ്റി എറണാകുളത്തിന് യാത്രയാക്കിയ സംഭവം വിസ്മരിക്കാന്‍ ആവുന്നില്ല.


തമ്പുരാന്റെ നരസിംഹം
തമ്പുരാന്റെ പ്രഹളാദചരിതത്തില്‍ നരസിംഹം അധികം ഉണ്ടായി കണ്ടിട്ടുണ്ട്. പണ്ടൊക്കെ സദസ്സിനു ഇടയില്‍ നരസിംഹവേഷം ഇരുത്തി വേഷത്തെ വലിയ തഴപ്പായ് കൊണ്ട്  തൂണ്‍ പോലെ  കവര്‍ ചെയ്യും. തൂണ്‍ എന്ന സങ്കല്‍പ്പത്തില്‍ ഹിരണ്യന്‍ എത്തി വാള്‍ കൊണ്ട് വെട്ടുമ്പോള്‍ പായ് അകറ്റി വേഷം വെളിയില്‍ എത്തി (വേഷത്തിനു മുന്‍പില്‍ പന്തവും, തൂണ്‍ പിളര്‍ക്കുമ്പോള്‍ വെടിയും ഉണ്ടാവും) സിംഹത്തെ പോലെ അടിവെച്ചു അടിവെച്ചു രംഗത്തേക്ക്  പോകും.

ശ്രീ. പന്തളം കേരളവര്‍മ്മ തമ്പുരാന്‍ വാരണാസിമാരും ചെന്നിത്തല ആശാനും   ഒരു കഥകളി സ്ഥലത്തേക്കാണ്‌  യാത്രയെങ്കില്‍ പലപ്പോഴും ഇവര്‍ മാവേലിക്കരയില്‍ എത്തി അവിടെ നിന്നും ഒന്നിച്ചു പോകുക പതിവായിരുന്നു. ഇത് വാരണാസി സഹോദരന്മാരുടെ സൌകര്യത്തെ കൂടി ഉദ്ദേശിച്ചു കൊണ്ടുള്ള രീതി ആയിരുന്നു. ചെണ്ടയും മദ്ദളവുമായി ബസ്സിന്റെ  ഓരോ സീറ്റില്‍ ഇവര്‍ ഇരുന്നാല്‍ സഹയാത്രികന് ബുദ്ധിമുട്ടുണ്ടാകും. ആ ബുദ്ധിമുട്ട് സ്വയം ഏറ്റെടുക്കാന്‍ തമ്പുരാനും ചെന്നിത്തല ആശാനും സന്നദ്ധത കാട്ടിയിരുന്നു. ഈ യാത്രാ പദ്ധതി തയ്യാറാക്കി കാര്‍ഡ് മൂലം യാത്രാ സമയം അറിയിക്കുക തമ്പുരാനാവും.  ഒരു ശ്ലോകമോ പദമോ ആയിട്ടാവും കാര്‍ഡില്‍ വിവരം അറിയിക്കുക. വാരണാസിക്ക് ആനവാള്‍ (വാരണം = ആന, അസി = വാള്‍) എന്നും മാവേലിക്കരക്കു ചൂതമൂഷികതീരം (ചൂതം= മാവ്‌, മൂഷികം= എലി , തീരം= കര) എന്നത് പോലെയുള്ള  പദപ്രയോഗങ്ങള്‍ ആവും ഉപയോഗിക്കുക.
ഗുരുനാഥന്മാരായ ശ്രീ.മാങ്കുളം വിഷ്ണു നമ്പൂതിരിയെയും ശ്രീ. കലാമണ്ഡലം രാമന്‍കുട്ടി നായര്‍ ആശാനെയും മാത്രമല്ല ശ്രീ. ചെങ്ങന്നൂര്‍ ആശാനെയും, ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ആശാനെയും  ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കഥകളി കലാകാരനും ഒരു നല്ല കഥകളി ആസ്വാദകനും ആയിരുന്നു ശ്രീ. പന്തളം കേരളവര്‍മ്മ. കഥകളിയെ പറ്റി അദ്ദേഹവുമായി ധാരാളം സംസാരിക്കുവാനും,  ഓരോ കലാകാരന്മാരുടെ ഓരോ വേഷങ്ങളുടെ പ്രത്യേകതകളെ പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളും മനസിലാക്കുവാന്‍ എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമ്പുരാന്‍ കുറച്ചുകാലം ബാങ്കിലെ ജീവനക്കാരനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. പിന്നീടു ആ ജോലി വേണ്ടെന്നു വെച്ച് കഥകളി ജീവിത മാര്‍ഗ്ഗം ആയി സ്വീകരിക്കുക ആയിരുന്നു.

 കേരള സംഗീത അക്കാദമി പുരസ്‌കാരം, കേരളകലാമണ്ഡലം അംഗീകാരമുദ്ര, ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ പുരസ്‌കാരം, ശ്രീ. കലാമണ്ഡലം കരുണാകരന്‍ സ്മാരക പുരസ്‌കാരം, കൈരളി നാട്യധര്‍മീ പുരസ്‌കാരം, ശ്രീ.കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം, ശ്രീ. പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍ സ്മാരക പുരസ്‌കാരം, പന്തളം കൊട്ടാരം നിര്‍വാഹകസംഘം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീ.മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തില്‍  നടത്തി വന്നിരുന്ന തിരുവനന്തപുരം ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവ കഥകളികളുടെ   സമാപന ദിവസം അവതരിപ്പിച്ചു വന്നിരുന്ന ശ്രീരാമപട്ടാഭിഷേകം കളികളില്‍  ഏതാണ്ട് അരനൂറ്റാണ്ടു കാലത്തോളം ഹനുമാന്‍ വേഷമിട്ടു ചിരഞ്ജീവിയായി ജീവിക്കും എന്ന് അനുഗ്രഹം വാങ്ങിയിട്ടുള്ള തമ്പുരാന്റെ വേഷം കണ്ടിട്ടുള്ള കഥകളി ആസ്വാദകരുടെ ഹൃദയത്തില്‍ അദ്ദേഹം ചിരഞ്ജീവിയായി ജീവിക്കും എന്ന വിശ്വാസത്തോടെ തമ്പുരാന്‍ സ്മരണകള്‍ ഇവിടെ പൂര്‍ണ്ണമാകുന്നു.  

5 അഭിപ്രായങ്ങൾ:

 1. ചേട്ടാ, തമ്പുരാന്‍ സ്മരണകള്‍ മനോഹരമായി തുടങ്ങി, മനോഹരമായി അവസാനിപ്പിച്ചു, ആശംസകള്‍ !!!

  മറുപടിഇല്ലാതാക്കൂ
 2. Dear Ambjuan chettan

  Good contribution on paying true homage to the deceased legendary artist.

  Once again good work done, and expecting something more.

  മറുപടിഇല്ലാതാക്കൂ
 3. Abujan chettan. Thampuran smaranakal oru hridyamaaya anubhavam thanne aayirunnu. Karunakarasante deshyam njanum kandittundu. hahaha ath oru veraity thanne. enthayalum asamasakal

  മറുപടിഇല്ലാതാക്കൂ
 4. രാഘവൻ ആശാന്റെ പെൺ മക്കൾ രമ,ജയശ്രീ,ജയന്തി എന്നിവരാണ്.അന്ന് വേഷംകെട്ടിയത് ജയന്തി ആവാനാണ്
  സാദ്ധ്യത.അവരാണ് സജീവമായി രംഗത്തുള്ളത്.ഗായത്രി
  എന്ന പേര് അദ്ദേഹത്തിന്റെ മകൾക്കുള്ളതായി കേട്ടിട്ടില്ല.

  മറുപടിഇല്ലാതാക്കൂ
 5. Mr. Aniyan ,

  തെറ്റ് പറ്റിയതിനു ക്ഷമിക്കുക. രാഘവന്‍ ആശാന്റെ മകളുടെ പേര് ജയന്തി എന്ന് തിരുത്തിയിട്ടുണ്ട്. ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായ പ്രകടനത്തിനും നന്ദി.

  മറുപടിഇല്ലാതാക്കൂ