പേജുകള്‍‌

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കുപിതനായ ശങ്കിടി ഗായകൻ


1978-79 കാലഘട്ടത്തിൽ മാവേലിക്കര ചെറുകോൽ ക്ഷേത്രത്തിന്റെ മുന്ഭാഗത്തുള്ള ഒരു ഗൃഹത്തിൽ ഒരു  കഥകളി നടത്തിയിരുന്നു. നളചരിതം ഒന്നാം ദിവസവും നിഴൽക്കുത്തും   കഥകൾ. മാങ്കുളം വിഷ്ണുനമ്പൂതിരി, ഹരിപ്പാട്‌ രാമകൃഷ്ണപിള്ള,  ചെന്നിത്തല ചെല്ലപ്പൻപിള്ള, മാത്തൂർ ഗോവിന്ദൻകുട്ടി എന്നിങ്ങനെയുള്ള അക്കാലഘട്ടത്തിലെ  പ്രധാന നടന്മാരും തകഴി കുട്ടൻപിള്ള, മുദാക്കൽ ഗോപിനാഥൻനായർ എന്നീ ഗായകരും വാരണാസി സഹോദരന്മാരുടെ  മേളവും.

ഈ കളി കഴിഞ്ഞ ഒരു ചില മാസങ്ങൾക്ക്  ശേഷമാണ് ചെറുകോൽ ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന് കഥകളി വേണം എന്ന് പലർക്കും അതീവ താല്പ്പര്യം ഉണ്ടായി. കളി നടത്തുവാൻ  സാമ്പത്തീകം വളരെക്കുറവും. ഇങ്ങിനെ സാമ്പത്തീകക്കുറവുള്ള കളികൾക്ക് രണ്ടു ഗായകരും ചെണ്ട, മദ്ദളം എന്നിവയ്ക്ക് മാറ്റത്തിന് ആരും ഉണ്ടാവുകയില്ല എന്നതാണ് കഷ്ടം.       രുഗ്മാംഗദചരിതം, ദുര്യോധനവധം എന്നീ കഥകളാണ് അന്ന് അവതരിപ്പിച്ചത്. ചെന്നിത്തല ആശാനും ഓയൂർ രാമചന്ദ്രനും കൂടി യഥാക്രമം
രുഗ്മാംഗദനെയും മോഹിനിയെയും അവതരിപ്പിച്ചു. അന്ന് കളിക്ക് പാടാൻ എത്തിയ പൊന്നാനി ഭാഗവതർക്ക് തുടർക്കളികളാൽ കടുത്ത ജലദോഷവും തൊണ്ടയടപ്പും കൊണ്ട്  വിഷമത്തിലായിരുന്നു. രുഗ്മാംഗദചരിതം അദ്ദേഹം ഒരു തരത്തിൽ കഴിച്ചു കൂട്ടുകയായിരുന്നു.  ദുര്യോധനവധം നടക്കണം. അദ്ദേഹത്തെക്കൊണ്ട് കളി തുടരുവാൻ ഒരു  നിർവാഹവുമില്ല. മാറ്റത്തിന് വേറെ ഗായകന്മാർ  ആരും ക്ഷണിക്കപ്പെട്ടിരുന്നില്ല. എന്തു ചെയ്യണം എന്നറിയാതെ കളിയോഗം മാനേജരും കളിയുടെ ചുമതലക്കാരും ആകെ വിഷമിച്ചു.

ഇതിനിടെ മറ്റൊരു വിശേഷം  കൂടി ഉണ്ടായി. പണ്ടെങ്ങോ കഥകളിപ്പാട്ട് പഠിച്ചു അരങ്ങേറ്റവും കഴിഞ്ഞു കുറേക്കാലം അരങ്ങുകളിൽ കഥകളിപ്പാട്ട് പാടി, പിന്നീട് ആ പണി വേണ്ടെന്നു വെച്ച ഒരു വിദ്വാൻ കളി കാണാൻ എത്തിയിട്ടുണ്ട്. ഇദ്ദേഹം കളി തുടങ്ങും മുൻപ് അണിയറയിൽ എത്തി തനിക്കു നന്നേ പരിചയമുള്ള കലാകാരന്മാരുമായി സഹൃദ സംഭാഷണം നടത്തിയ ശേഷം അരങ്ങിനു മുൻപിൽ സ്ഥാനം പിടിച്ചിരുന്നു. പെട്ടെന്നാണ്
പൊന്നാനി ഭാഗവതർക്ക് ഈ വിദ്വാന്റെ സാന്നിദ്ധ്യം ഓർമ്മയിൽ എത്തിയത്.
 പൊന്നാനി ഗായകനും കളിയോഗം മാനേജരും കൂടി അരങ്ങിനു മുൻപിലിരുന്ന ഈ വിദ്വാനെ നയത്തിൽ സമീപിച്ചു.  സംഭവിച്ചിരിക്കുന്ന വിഷമത അറിയിച്ചു. കളിയെങ്ങിനെയെങ്കിലും നടത്തിത്തരണം എന്ന് അദ്ദേഹത്തോട് അപേക്ഷിക്കുകയും ചെയ്തു. വളരെക്കാലമായി അരങ്ങു പരിചയം നഷ്ടപ്പെട്ട വ്യക്തിയാണ് ഇദ്ദേഹമെങ്കിൽ കൂടി കളിക്ക് മുടക്കം സംഭവിക്കാതെയിരിക്കാൻ ചില നിബന്ധനകളോടെ ചേങ്കിലയെടുക്കുവാൻ അദ്ദേഹം തയ്യാറായി.

ഞാൻ അരങ്ങിൽ ഷർട്ട് ധരിച്ചിരിക്കും.   പൊന്നാന്നി പാടാൻ എന്നെ അനുവദിക്കണം  എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന  നിബന്ധന. കാര്യം നടക്കേണ്ടേ!, അദ്ദേഹത്തിൻറെ നിബന്ധനകൾ അംഗീകരിച്ചു. അദ്ദേഹം ചേങ്കിലഎടുത്തു.
"ആനീതോത്ര പുരൈവ .........മഹാ വീര്യോഥ ദുര്യോധന"! എന്ന ശ്ളോകം പാടിയത് കാതിൽ എത്തിയപ്പോഴേ വധം 'കുളമാക്കും'  എന്നുറപ്പായി. ഓരോ രംഗത്തിന്റെയും പദാട്ടം കഴിഞ്ഞാലുടൻ ശങ്കിടിഗായകൻ അരങ്ങിൽ നിന്നും വെളിയിൽ എത്തും. "ആ പൊന്നാനിക്കാരനോടൊപ്പം പാടാൻ എനിക്ക്  വിഷമമാണ്, സാധ്യമല്ല എന്നൊക്കെ   അണിയറയിൽ എത്തി പരാതി പറയും". അണിയറയിലുള്ളവർ അദ്ദേഹത്തെ സമാധാനിപ്പിച്ച് വീണ്ടും അരങ്ങിലേക്ക് അയക്കും. അങ്ങിനെ  ഓരോ  രംഗത്തിലും ഈ അവസ്ഥ തുടർന്നു കൊണ്ടിരുന്നു. ഒരു പരുവത്തിൽ ദുശാസനവധത്തോടെ കളി  അവസാനിപ്പിച്ചു.

കലാകാരന്മാർക്കെല്ലാം സംഘാടകർ കളിപ്പണം നൽകി. കളി മുടങ്ങാതെ രക്ഷിച്ച ഗായകനെയും
സംഘാടകർ തൃപ്തിപ്പെടുത്തി. ശങ്കിടി ഗായകൻ മാത്രം കളിപ്പണം സ്വീകരിക്കാൻ വിസമ്മതിച്ചു.  കലാകാരന്മാർ പലരും ശങ്കിടി ഗായകനെ കളിപ്പണം വാങ്ങുവാൻ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു.  എല്ലാവരും ശങ്കിടി ഗായകനെ കളിപ്പണം വാങ്ങുവാൻ സമ്മർദ്ദം ചെലുത്തിയപ്പോൾ    ശങ്കിടി ഗായകൻ വളരെ ഉച്ചത്തിൽ ഇങ്ങിനെ പറഞ്ഞു " എനിക്ക് കളിപ്പണം വേണ്ടേ വേണ്ട, പകരം അയാളെ (ഷർട്ടിട്ട് പാടിയ ഗായകനെ) രണ്ടടി കൊടുക്കാൻ നിങ്ങൾ എല്ലാവരും എനിക്ക് ഒരു അവസരം നൽകിയാൽ മതി. 

ശങ്കിടി ഗായകന്റെ കടുത്ത മാനസീക നില മനസിലായെങ്കിലും അത്യാവശ്യത്തിന് സഹായിയായി വന്ന രക്ഷകനെ അങ്ങിനെ വിട്ടുകൊടുക്കുവാൻ ആരും തയ്യാറായില്ല. 

6 അഭിപ്രായങ്ങൾ:

 1. വിവരണംകൊണ്ട് സംഭവം നേരില്‍ കണ്ടതിനാല്‍ ചിരിയടക്കുവാന്‍ സാധിക്കുന്നില്ല.............

  മറുപടിഇല്ലാതാക്കൂ
 2. ചേട്ടാ, ".............വീര്യോഥ ദുര്യോധന"! " എന്ന് എഴുതിയപ്പോഴെ ഈയുള്ളവന്‍ ചിരി തുടങ്ങി. കഥകളിയില്‍ മാത്രം കാണുന്ന ചില്ല തമാശകള്‍ ആണ് ഇത്. കഥകളി ആസ്വാദനം എന്ന് പറയുന്നത്, ഇതെല്ലാം കൂടി ഉള്‍പ്പെട്ടതാണ് . ഇന്യും അങ്ങയുടെ തൂലികയില്‍ നിന്ന് അനവധി പ്രതീക്ഷിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 3. അമ്പുചേട്ടാ, പേടിക്കണ്ട, ഇതാരും വായ്ക്കില്ല, വായ്ചാലും പ്രതികരിക്കില്ല...(പ്രത്യേകിച്ച് പാട്ടുകാര്‍)

  മറുപടിഇല്ലാതാക്കൂ
 4. മിസ്റ്റർ. വിനോദ്, മിസ്റ്റർ. അനന്തശിവൻ, മിസ്റ്റർ. മുരളി : അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിന് നന്ദി.

  മറുപടിഇല്ലാതാക്കൂ
 5. വിവരണം നന്നായിട്ടുണ്ട് അമ്പു ചേട്ടാ അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ