പേജുകള്‍‌

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

രുഗ്മാംഗദചരിതത്തിലെ ഇളകിയാട്ടം


രുഗ്മാംഗദചരിതം കഥയിൽ,  രുഗ്മാംഗദൻറെ ഏകാദശി വൃതം മുടക്കാനെത്തുന്ന മോഹിനിയെ  നായാട്ടിനായി വനത്തിൽ   എത്തുന്ന രുഗ്മാംഗദൻ കണ്ടു മുട്ടുന്നു.   മോഹിനിയിൽ ആകൃഷ്ടനായ രുഗ്മാംഗദൻ മോഹിനിയുടെ നിബന്ധന അംഗീകരിച്ച് പ്രിയതമയായി സ്വീകരിക്കുന്നു. 

ദേവസ്ത്രീയായ നീ ദേവലോകത്തെ സുഖകരമായ ജീവിതം ഉപേക്ഷിച്ചു ഈ വനത്തിൽ എത്താനുള്ള കാരണം മോഹിനിയോട്  രുഗ്മാംഗദൻ  (ഇളകിയാട്ടത്തിൽ കൂടി) അന്വേഷിക്കുകയും അതിനു മറുപടിയായി ദേവലോകത്തുള്ള ദേവസ്ത്രീകൾ അങ്ങയെ വളരെയധികം പ്രശംസിക്കുന്നതു  കേട്ടപ്പോൾ, അങ്ങയെ കാണണം എന്നുള്ള ആഗ്രഹത്തോടെ വനത്തിൽ എത്തിയതാണ് എന്ന് മോഹിനി അറിയിക്കുകയും ചെയ്യും. തുടർന്ന് രുഗമാംഗദൻ, തനിക്കും ദേവസ്ത്രീകളുമായി  ബന്ധപ്പെട്ട ഒരു കഥ മോഹിനിയെ അറിയിക്കുക പതിവാണ്.  ആ കഥ ഏതാണ്ട്‌ ഇപ്രകാരമാണ്. 

എന്റെ പൂന്തോട്ടത്തിലുള്ള സുഗന്ധ പുഷ്പങ്ങൾ രാത്രികളിൽ അപ്രത്യക്ഷമാകുന്നത് പതിവായപ്പോൾ ഞാൻ ശക്തമായ കാവൽ ഏർപ്പെടുത്തി. അപ്പോഴും പൂക്കൾ അപ്രത്യക്ഷമാകുന്നത് തുടർന്നു കൊണ്ടിരുന്നു. ഒരു ദിവസം ഞാൻ പൂന്തോട്ടത്തിൽ മറഞ്ഞിരുന്നുകൊണ്ട് ഈ പൂക്കൾ മറയുന്നതിന്റെ രഹസ്യം കണ്ടു പിടിക്കാൻ തീരുമാനിച്ചു. അങ്ങിനെ ഒരു നാൾ ഞാൻ മറഞ്ഞിരിക്കവേ, രാത്രിയുടെ അന്ത്യയാമത്തിൽ ഒരു വിമാനം എന്റെ പൂന്തോട്ടത്തിൽ വന്നിറങ്ങി. വിമാനത്തിൽ നിന്നും അതിസുന്ദരികളായ ദേവസ്ത്രീകൾ ഇറങ്ങി വന്ന് പൂന്തോട്ടത്തിലെ പൂക്കൾ എല്ലാം ശേഖരിച്ച ശേഷം വിമാനത്തിൽ കയറി. വിമാനം മേലോട്ട് ഉയരാൻ തുടങ്ങിയപ്പോൾ ഞാൻ ഓടിച്ചെന്ന് വിമാനത്തിൽ പിടിച്ചു. 

ഞാൻ പിടിച്ചപ്പോൾ വിമാനം നിന്നു. അപ്പോൾ വിമാനത്തിൽ നിന്നും ദേവസ്ത്രീകൾ ഇറങ്ങി വന്ന്  അവരുടെ യാത്ര മുടക്കിയത്തിൽ കുപിതരായി എന്നെ ശപിക്കുവാൻ ആരംഭിച്ചു. അപ്പോൾ ഞാൻ അവരോട് എന്നെ ശപിക്കരുതേ!, നിങ്ങളുടെ യാത്ര തുടരുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് അരുളിയാലും എന്ന് അപേക്ഷിച്ചു. 

ഇന്ന് ഏകാദശിയാണ്. ഇന്ന് ആഹാരം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ  വന്ന് ഈ വിമാനത്തിൽ ഒന്ന് തൊട്ടാൽ മതി വിമാനം ഉയരും എന്ന് ദേവസ്ത്രീകൾ അറിയിച്ചു.
ഞാൻ ഉടൻ തന്നെ നാടിന്റെ നാനാഭാഗത്തേക്കും ഭടന്മാരെ അയച്ച്, ഇന്ന് ആഹാരം ഭുജിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ കൂട്ടിവരാൻ ആജ്ഞാപിച്ചു. ഭടന്മാർ എത്ര അലഞ്ഞിട്ടും ആഹാരം ഭുജിക്കാത്ത ഒരുവനെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ കണ്ണിനു കാഴ്ചയില്ലാത്ത, പ്രാകൃതയായ ഒരു കിഴവിയെ ഭടന്മാർ കൂട്ടിവന്നു. ആ വൃദ്ധയ്ക്ക് അന്ന് ആഹാരം ഒന്നും ലഭിച്ചിരുന്നില്ല. 


 ആ വൃദ്ധ വിമാനത്തിൽ തൊട്ടപ്പോൾ, അത്ഭുതം!,  വിമാനം ഉയരാൻ തയ്യാറായി.  ദേവസ്ത്രീകൾ സന്തോഷത്തോടെ വിമാനത്തിൽ കയറി യാത്ര തുടരാൻ ഭാവിച്ചപ്പോൾ ഞാൻ അവരോട് എന്റെ  സംശയം ചോദിച്ചു. 
" ഞാൻ തൊട്ടപ്പോൾ വിമാനം നില്ക്കുകയും ഈ കാഴ്ചയില്ലാത്ത, പടുവൃദ്ധയായ കിഴവി തൊട്ടപ്പോൾ വിമാനം ഉയരുകയും ചെയ്ത"   മഹാത്ഭുതത്തിന്റെ രഹസ്യം  എന്താണ് എന്ന് ?

 ഏകാദശി വൃതത്തിന്റെ മഹാത്മ്യം അവർ എന്നെ അറിയിച്ചു. ഏകാദശി ദിവസത്തിൽ  വൃത ഭാഗമായ അന്നം ത്യജിക്കൽ എന്തു കാരണം കൊണ്ടോ ആ വൃദ്ധ ആചരിച്ചിരിക്കുന്നു. തന്മൂലം ലഭിച്ച പുണ്യമാണ് ഈ മഹാത്ഭുതത്തിന് കാരണം എന്ന് അവർ പറഞ്ഞ ശേഷം   സന്തോഷപൂർവ്വം യാത്രയായി. 
 അന്നു  മുതൽ ഞാനും എന്റെ കൊട്ടാരവാസികളും ഏകാദശി വൃതം അനുഷ്ടിച്ചു വരുന്നു. എന്റെ  എല്ലാ പ്രജകളും നിർബ്ബമായും ഏകാദശി വൃതം അനുഷ്ടിക്കണം എന്ന് ഞാൻ ഉത്തരവിടുകയും ചെയ്തു.

ഏകാദശി  മഹാത്മ്യമാണല്ലോ രുഗ്മാംഗദചരിതം കഥയുടെ ഇതിവൃത്തം. അതുകൊണ്ടു തന്നെ ഈ ഇളകിയാട്ടം  കഥയുടെ അവതരണത്തിന് വളരെ യോജിച്ചതുമാണ്. ദക്ഷിണ കേരളത്തിൽ ശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ  രുഗ്മാംഗദൻ, അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ പ്രശസ്തി നേടിയിരുന്നു. ഇളകിയാട്ടത്തിന്റെ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും  അദ്ദേഹം തയ്യാറാവുമായിരുന്നില്ല. ഒരു രാത്രിയിൽ മൂന്നോ നാലോ കഥകൾ അവതരിപ്പിക്കുന്ന  സന്ദർഭങ്ങളിൽ പോലും മാങ്കുളം രുഗ്മാംഗദനായാൽ അദ്ദേഹത്തിൻറെ ആട്ടസമയം കുറയ്ക്കാൻ കഥകളി ഗായകരും സഹനടന്മാരും അല്പ്പം വിഷമിക്കേണ്ടിവരും. അങ്ങിനെയൊരു സന്ദർഭത്തിൽ ശ്രീ. മാങ്കുളം തിരുമേനിയുടെ രുഗ്മാംഗദന്റെ ഇളകിയാട്ടം ഒഴിവാക്കാൻ, അദ്ദേഹം അല്പ്പം ശുണ്ഠി പിടിച്ചാലും സാരമില്ല എന്ന് തീരുമാനമെടുത്ത് അന്നത്തെ മോഹിനി നടൻ  ഇളകിയാട്ടത്തിൽ ഒരു ചെറിയ മാറ്റം വരുത്തി. ഈ മാറ്റം അന്ന് ഫലിക്കുകയും ചെയ്തു. 
ആ ചെറിയ മാറ്റമെന്തായിരുന്നു എന്നതിലേക്കാണ് ഇന്നത്തെ ഇളകിയാട്ടം നിങ്ങളെക്കൊണ്ടെത്തിക്കുന്നത്. 
 
                                           രുഗ്മാംഗദനും മോഹിനിയും (മാങ്കുളവും കുടമാളൂരും).

 ദക്ഷിണ കേരളത്തിലെ എഴുപതുകളിലെ ഒരു കളിയരങ്ങിൽ രുഗ്മാംഗദചരിതം, കല്യാണസൌഗന്ധികം, ഉത്തരാസ്വയംവരം, കിരാതം എന്നീ നാലുകഥകൾ അവതരിപ്പിക്കേണ്ടി വന്ന സന്ദർഭം. ശ്രീ. മാങ്കുളത്തിന്റെ രുഗ്മാംഗദൻ, ശ്രീ. കുടമാളൂരിന്റെ മോഹിനി, ശ്രീ. തകഴി കുട്ടൻ പിള്ള ചേട്ടന്റെ സംഗീതം. 
ശ്രീ. മാങ്കുളം ഒഴികെയുള്ള പ്രധാന കലാകാരന്മാരുമായി ശ്രീ. കുട്ടൻപിള്ള ചേട്ടൻ,  അവതരിപ്പിക്കേണ്ട രംഗ വിവരങ്ങളെ പറ്റി സമയധാരണ ചെയ്തു കൊണ്ടിരിക്കുമ്പോൾ ശ്രീ. കുടമാളൂരിനോട് സമയപരിധി വെച്ചു നോക്കുമ്പോൾ രുഗ്മാംഗദന്റെയും മോഹിനിയുടെയും ഇളകിയാട്ടം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടു. 
ഞാൻ  ഇങ്ങിനെയുള്ള പല സന്ദർഭങ്ങളിലും മാങ്കുളത്തിനോട് ഈ വിവരം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് വളരെ വിഷമമുള്ള വിഷയവുമാണ്‌. അതുകൊണ്ട് പ്രസ്തുത രംഗസമയം  നിയന്ത്രിക്കേണ്ട ചുമതല താങ്കൾക്കാണ് എന്ന് കുട്ടൻപിള്ള ചേട്ടൻ കുടമാളൂരിനോട് പറഞ്ഞിട്ട് അടുത്ത കഥയിലെ വേഷക്കാരുമായി ചർച്ചയും തുടങ്ങി. 

രുഗ്മാംഗദചരിതം കഥ തുടങ്ങി. രുഗ്മാംഗദന്റെയും മോഹിനിയുടെയും പ്രസ്തുത ഇളകിയാട്ടം തുടങ്ങിയപ്പോൾ കുടമാളൂർ,  മാങ്കുളത്തെ നേരിടുന്ന രീതി അറിയുവാൻ പലർക്കും താൽപ്പര്യത്തോടെ ശ്രദ്ധിച്ചു. 
 ദേവസ്ത്രീയായ നീ ദേവലോകത്തെ സുഖകരമായ ജീവിതം ഉപേക്ഷിച്ചു ഈ വനത്തിൽ എത്താനുള്ള കാരണം മോഹിനിയോട്  രുഗ്മാംഗദൻ ചോദിച്ചു. 
"ഭൂമിയിലെ എല്ലാ രാജാക്കന്മാരുടെയും ചിത്രം ദേവലോകത്തിൽ വെച്ചിരിക്കുന്നത് കണ്ടു. അതിൽ അങ്ങയുടെ ചിത്രം കണ്ടപ്പോൾ ഞാൻ ആകൃഷ്ടയായി. അങ്ങയെ കാണണം  എന്ന് ആഗഹം ഉണ്ടായി,  ഞാൻ ഭൂമിയിലേക്ക്‌ വന്നു" എന്നാണ് മറുപടി പറഞ്ഞത്. 

"ദേവസ്ത്രീകൾ അങ്ങയെ പ്രശംസിക്കുന്നത് കേട്ടപ്പോൾ അങ്ങയെ കാണണം" എന്ന് ആഗ്രഹം തോന്നി എന്ന പതിവ് ആട്ടം ഉപേക്ഷിച്ച് ദേവസ്ത്രീകളെ ബന്ധപ്പെടുത്താതെയുള്ള മോഹിനിയുടെ മറുപടിയിൽ  മാങ്കുളത്തിന്റെ രുഗ്മാംഗദന് നീരസം ഉണ്ടായെങ്കിലും, ഇളകിയാട്ടം ഒഴിവാക്കുവാനുള്ള   മോഹിനിയുടെ കുതന്ത്രത്തെ അണിയറയിൽ എത്തിയപ്പോൾ ശ്രീ. മാങ്കുളം സരസപൂർവം അഭിനന്ദിക്കാനും മറന്നില്ല. 

3 അഭിപ്രായങ്ങൾ:


  1. ഫേസ് ബുക്ക്‌ പങ്കു വെച്ച അഭിപ്രായങ്ങൾ :

    T N Krishna Das: ആ ഐഡിയ തകർത്തു!!!

    Madhu Manoharan Nair: good one

    Mukundan Menon :
    you tube ഇൽ ഏറ്റിട്ടുള്ള കൃഷ്ണൻ നായര് ആശാന്റെ രുഗ്മങ്ങദ ചരിതത്തിൽ മോഹിനി രണ്ടും പറയുന്നുണ്ട് ആദ്യം ദേവസ്ത്രീ കളുടെ പുകഴ്ത്തലും പിന്നെ ചിത്രങ്ങളെ പറ്റിയും എന്തായാലും കൃഷ്ണൻ നായര് ആശാൻ ഈ കഥ അതിൽ ആടിയില്ല ചിത്രങ്ങളിൽ കണ്ടിട്ടാണ് വന്നത് എന്നത്തിനു കൂടുതൽ പ്രാധാന്യം കരുണാകരന ആശാൻ കൊടുത്തത് കൊണ്ടാകാം കഥ വിവരിക്കാഞ്ഞത്‌

    മറുപടിഇല്ലാതാക്കൂ
  2. ഫേസ് ബുക്ക്‌ പങ്കു വെച്ച അഭിപ്രായങ്ങൾ :

    Ananthasivan K Iyer Gambheeram....Itanu idea...

    മറുപടിഇല്ലാതാക്കൂ
  3. താങ്കളുടെ ബ്ലോഗ്‌ കഥകൾ ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപുള്ള കളികൾ കണ്ടു ശീലമുള്ളവർക്ക് തികച്ചും ആസ്വദിക്കാൻ ഉതകുന്നതാണ്. താങ്കളുടെ രസകരവും വിലപ്പെട്ടതുമാണ് താങ്കളുടെ പോസ്റ്റുകൾ.

    മറുപടിഇല്ലാതാക്കൂ