പേജുകള്‍‌

2013, നവംബർ 8, വെള്ളിയാഴ്‌ച

ഉത്തരീയം അവതരിപ്പിച്ച കംസവധം (1)


ചെന്നൈ വിരുഗംപാക്കം മൈത്രീഹാളിൽ  27-10-2013, ഞായറാഴ്ച ഉത്തരീയം  കഥകളി സംഘടനയുടെ നേതൃത്വത്തിൽ കഥകളി ഡമോണ്‍ സ്റ്റേഷൻ, കംസവധം കഥകളി എന്നിവ അവതരിപ്പിച്ചു. ശ്രീ. കലാമണ്ഡലം രവികുമാർ അവർകളാണ് ഡമോണ്‍ സ്റ്റേഷൻ അവതരിപ്പിച്ചത്.  

                                                         ശ്രീ. കലാമണ്ഡലം രവികുമാർ, 
                          ശ്രീ. കലാമണ്ഡലം അച്യുതവാര്യർ , ശ്രീ. കലഭാരതി ഉണ്ണികൃഷ്ണൻ
                                                         ശ്രീ. കലാമണ്ഡലം രവികുമാർ, 
                                       ശ്രീ. കലാമണ്ഡലം സുരേന്ദ്രൻ, ശ്രീ. പരിമണം മധു.

വൈകിട്ട് ആറര മണിക്ക് കംസവധം കഥകളി   ആരംഭിച്ചു. ഒരു കാലത്ത് ദക്ഷിണ കേരളത്തിലെ കളിയരങ്ങുകളിൽ വളരെയധികം സ്വാധീനം ഉണ്ടായിരുന്ന കഥയാണ് കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ എഴുതിയ കംസവധം കഥകളി. ഈ കഥയുടെ സമ്പൂർണ്ണ അവതരണം ഇപ്പോൾ കഥകളിക്ക് പ്രാധാന്യമുള്ള തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലും, തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിലും, കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലുമാണ്  അവതരിപ്പിച്ചു  വരുന്നത്. കംസവധം കഥയിലെ ഒൻപത് രംഗങ്ങളിൽ ഭക്തി രസപ്രധാനമായ അക്രൂരാഗമനം ഉൾക്കൊള്ളുന്ന മൂന്നു രംഗങ്ങളാണ്  അവതരിപ്പിച്ചത്. കംസന്റെ തിരനോക്ക് കഴിഞ്ഞ്,  ഇരുന്നാട്ടവും  (തന്റേടാട്ടം), പൂർവരംഗ സൂചനയുൾപ്പെടുന്ന ആട്ടവുമാണ് അവതരിപ്പിച്ചത്.

                                                            കംസൻ (തിരനോട്ടം)

കംസന്റെ തന്റേടാട്ടത്തിൽ തനിക്കു സുഖം ഭാവിക്കുവാനുള്ള കാരണം എന്താണ് ?, ത്രിലോകത്തിൽ തന്നെ ജയിക്കാൻ  ശക്തിയുള്ളവർ ആരും ഇല്ല  എന്നു തുടങ്ങുന്ന  കംസന്റെ വീരപരാക്രമങ്ങളാണ് അവതരിപ്പിച്ചത്. ജരാസന്ധനെ സന്ധിച്ച്‌ അദ്ദേഹത്തിൻറെ രണ്ടു പുത്രിമാരെ തനിക്കു വിവാഹം ചെയ്തു തരണം എന്ന് ആഗ്രഹം അറിയിച്ചതും, അപ്പോൾ ജരാസന്ധൻ നീ ഒരു രാജാവാണോ എന്ന് ചോദിച്ച്, തന്റെ ആവശ്യത്തെ നിരാകരിച്ചതും, രാജാവും പിതാവുമായ  ഉഗ്രസേനനെ ബലമായി കാരാഗ്രഹത്തിൽ അടച്ച ശേഷം താൻ മധുരാപുരിയുടെ രാജാവായി അഭിഷേകം ചെയ്യുകയും  പിന്നീട്    ജരാസന്ധനെ സന്ധിച്ച് "ഞാൻ ഇപ്പോൾ രാജാവാണ്‌, അങ്ങയുടെ പുത്രിമാരെ എനിക്ക് വിവാഹം ചെയ്തു തരൂ എന്ന് ആവശ്യപ്പെട്ടതും തുടർന്ന് ജരാസന്ധപുത്രിമാരെ സ്വീകരിച്ചതുമാണ് പ്രധാനമായി അവതരിപ്പിച്ചത്. 

                                                 കംസൻ 
തുടർന്നുള്ള അവതരണത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരി യവ്വനയുക്തയായപ്പോൾ ഒരു അനുയോജ്യനായ ഒരു വരനെ (വസുദേവർ)   കണ്ടു പിടിച്ച് വിവാഹം ചെയ്തു കൊടുത്തു. വിവാഹശേഷം വധുവിനുള്ള ആഭരണങ്ങളും മറ്റുമായി തന്റെ തേരിൽ, ഞാൻ തന്നെ രഥം  തെളിച്ചു കൊണ്ട് വരന്റെ ഗൃഹത്തിലേക്ക് യാത്ര തിരിച്ചപ്പോൾ   നിന്റെ സഹോദരി പ്രസവിക്കുന്ന എട്ടാമത്തെ കുട്ടി നിന്നെ വധിക്കും എന്ന് അശരീരിയുണ്ടായി.  ഉടൻ തന്നെ ഞാൻ അവളെ കൊല്ലാൻ ശ്രമിച്ചപ്പോൾ വസുദേവർ തടഞ്ഞുകൊണ്ട് എന്തിനാണ് അവളെ കൊല്ലുന്നത്? ഇവൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം ഞാൻ അങ്ങയെ ഏൽപ്പിക്കാം എന്ന് അറിയിച്ചു. ഞാൻ അവർക്ക് ഉണ്ടായ ആറുകുട്ടികളെയും വധിച്ചു. അവളുടെ ഏഴാമത്തെ ഗർഭം അലസിപ്പോയി എന്നാണ് അറിയിച്ചത്. എട്ടാമതും അവൾ ഗർഭിണിയായപ്പോൾ ഞാൻ സുരക്ഷ ശക്തമാക്കി. എട്ടാമത് പിറന്നത്‌ പെണ്‍ശിശുവാണെന്ന് ഭടന്മാർ അറിയിച്ചു. ഞാൻ ആ കുട്ടിയെ വധിക്കാനായി ശ്രമിക്കുമ്പോൾ ആ കുട്ടി എന്റെ കയ്യിൽ നിന്നും മായാശക്തിയാൽ മേലേക്ക് ഉയർന്നുകൊണ്ട് "ഹേ! ദുഷ്ടനായ  കംസാ, നിന്റെ ശത്രു മറ്റൊരിടത്തു ജനിച്ചു കഴിഞ്ഞു. തേടി കണ്ടുപിടിച്ചു കൊള്ളൂ" എന്ന് അറിയിച്ച് മറഞ്ഞു. എനിക്ക് ആകെ വെപ്രാളമായി.  ആ കാലയളവിൽ ജനിച്ച എല്ലാ കുട്ടികളെയും വധിക്കുവാൻ ഓരോരോ അസുരന്മാരെ നിയോഗിച്ചു. അക്കൂട്ടത്തിൽ അമ്പാടിയിൽ ജനിച്ച ശിശുവായ, കൃഷ്ണനെ വധിക്കാൻ ഞാൻ അയച്ച പൂതനാദികളെ കൃഷ്ണൻ വധിച്ചു. നാണക്കേട്‌ തന്നെ. 

                                 കംസൻ ( ശ്രീ. കലാമണ്ഡലം രതീശൻ )

(തുടർന്ന് പൂർവരംഗ അവതരണം)  ആകാശത്തിൽ ഒരു പ്രഭ കണ്ട കംസൻ എന്താണ് എന്ന് സംശയിക്കുന്നു. പ്രഭാമദ്ധ്യത്തിൽ കണ്ട രൂപം നാരദൻ തന്നെ എന്ന്   മനസിലാക്കി.  നാരദനെ  സ്വീകരിച്ചിരുത്തി  വണങ്ങി. നന്ദഗൃഹത്തിൽ വസിക്കുന്ന രണ്ടു കുട്ടികൾ നിന്റെ സഹോദരിയുടെ പുത്രന്മാരായ രാമകൃഷ്ണന്മാർ . അവരാണ് നിന്റെ ശത്രുക്കൾ. അവരെ എത്രയും പെട്ടെന്ന് നശിപ്പിക്കുക എന്ന് അറിയിച്ചു.  നാരദൻ യാത്രയായി.

(കംസന്റെ ആലോചന) രാമകൃഷ്ണന്മാരെ വധിക്കുന്നതിനുളള മാർഗ്ഗം എന്താണ്?  ഇവിടെ ഒരു ചാപപൂജാമഹോത്സവം നടത്തുവാൻ ഉറപ്പിക്കുകയും ഗോപകുമാരന്മാരെന്മാരെ ഉത്സവം കാണുവാനായി ക്ഷണിക്കുകയും, അവർ എത്തുമ്പോൾ  മധുരാപുരിയുടെ കവാടത്തിൽ വെച്ചുതന്നെ അവരെ ഗജവീരന്മാരെക്കൊണ്ട്  വധിക്കാം. ഗജവീരന്മാരിൽ നിന്നും അവർ രക്ഷപെട്ടാൽ അവരെ നേരിടാൻ മല്ലന്മാരെ നിയോഗിക്കാം. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ചെയ്യാൻ മന്ത്രിമാരുമായി ആലോചിച്ച ശേഷം രാമകൃഷ്ണന്മാരെ ഗോകുലത്തിൽ നിന്നും കൂട്ടി വരുവാൻ അക്രൂരനെ നിയോഗിക്കുക തന്നെ എന്ന് തീരുമാനിക്കുന്നതോടെ  രംഗം അവസാനിച്ചു.

അടുത്ത രംഗത്തിൽ    കംസൻറെ സമീപം എത്തുന്ന അക്രൂരനെ നന്ദഗൃഹത്തിലേക്ക് അയച്ച് രാമകൃഷ്ണന്മാരെ ധനുർയാഗത്തിന് ആവശ്യമായ പാൽ, വെണ്ണ തുടങ്ങിയ ഗോരസങ്ങളുമായി എത്തി യാഗം കാണുവാൻ ക്ഷണിച്ച്, കൂട്ടി വരുവാൻ നിർദ്ദേശിക്കുന്നു. യാഗം കാണാൻ എത്തുന്ന രാമകൃഷ്ണന്മാരെ നമ്മുടെ ഗജവീരരെക്കൊണ്ട് വധിക്കാം. അവർക്ക് അത് സാധിച്ചില്ലെങ്കിൽ നമ്മുടെ മല്ലന്മാർ അവരെ  വധിച്ചു കൊള്ളും. ഉപായത്തിൽ നീ അവരെ കൂട്ടി വരിക. അവർ വധിക്കപ്പെടുന്നതോടെ നമുക്കുളള  ശത്രുഭയം അവസാനിക്കും.   ഗോകുലത്തിലേക്ക് പോയി രാമകൃഷ്ണന്മാരെ  മധുരാപുരിയിലേക്കു കൂടി വരുവാനുള്ള യാത്രയ്ക്ക് തന്റെ രഥം ഉപയോഗിച്ചു കൊള്ളുവാൻ അക്രൂരന് കംസൻ അനുമതി നല്കി. 

"എല്ലാം വിധി പോലെ സംഭവിക്കും" എന്ന് കംസനെ അറിയിച്ച് രാമകൃഷ്ണന്മാരെ  വധിക്കുവാനായി കൂട്ടി വരുവാനുള്ള കംസന്റെ നിർദ്ദേശത്തെ   സന്തോഷഭാവേന അക്രൂരൻ സ്വീകരിച്ച് വിട പറയുന്നു. 

                                                              കംസനും അക്രൂരനും

                                                             കംസനും അക്രൂരനും


എന്താണ് ഞാൻ ചെയ്യുക? ദുഷ്ടനായ കംസന്റെ നിർദ്ദേശം സ്വീകരിച്ചാൽ പാപം സംഭവിക്കും. ദുഷ്ടനായ കംസന്റെ നിയോഗം ഞാൻ സ്വീകരിച്ചില്ലെങ്കിൽ അവൻ എന്നെ വധിക്കും. കംസന്റെ ഒരു പദ്ദതിയും സഫലമാകാൻ പോകുന്നില്ല. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് ലോകരക്ഷയ്ക്കുവേണ്ടി കൃഷ്ണന്റെ   അവതാരവിവരം നാരദ മഹർഷിയിൽ    നിന്നും അറിവായിട്ടുണ്ട്.  കൃഷ്ണന്റെ കണ്ണുകൾ,  ശരീരം ഒന്നു കണ്ട് എന്റെ കണ്ണുകൾക്ക്‌ സായൂജ്യം ലഭിക്കുമോ? കൃഷ്ണനെ കണ്ട് നമസ്കരിക്കുമ്പോൾ  ലോകചക്രത്തെ  ചലിപ്പിക്കുന്ന  ആ കൈകൾ കൊണ്ട് എന്നെ ആശ്ലേഷിക്കും, സ്നേഹത്തോടെ തലോടും. എന്ന് ചിന്തിക്കുന്ന അക്രൂരൻ യാത്രയ്ക്കുള്ള രഥം ഒരുക്കുവാൻ തുടങ്ങി. വളരെ ഉറപ്പുള്ള ഈ രഥം കൃഷ്ണന്റെ പാദങ്ങൾകൊണ്ട് ഒന്ന് തട്ടിയാൽ.. തകർന്ന് തരിപ്പണം ആവാനുള്ളതല്ലേയുള്ളൂ.


അക്രൂരൻ

  എന്തിന് ഈ ചിന്തകൾ? ധൈര്യമായി പുറപ്പെടുക തന്നെ. മടക്കയാത്രയിൽ കൃഷ്ണനുള്ള ഇരിപ്പിടം പുഷ്പങ്ങളാൽ അലങ്കരിച്ച ശേഷം യാത്ര തുടങ്ങി. ഭഗവാൻ കൃഷ്ണനെ ചെന്നു കാണാനുള്ള ഭാഗ്യം ദുഷ്ടനായ കംസന്റെ  ആജ്ഞ മൂലം എനിക്ക് ഉണ്ടാകാൻ പോകുന്നു.

കൃഷ്ണനെ കാണാൻ സാധിക്കുമോ? എന്റെ ആഗ്രഹങ്ങൾ സഫലമാകുമോ? എന്നുള്ള ചിന്തകളോടെ അക്രൂരൻ യാത്ര തുടർന്നു. 
ഇത്ര വേഗം ഗോകുലത്തിൽ എത്തിച്ചേർന്നോ? ഓരോന്നു ചിന്തിച്ചു കൊണ്ടിരുന്നതിനാൽ സമയം പോയത് അറിഞ്ഞില്ല.  ഗോകുലവും ഗോവർദ്ദനഗിരിയും കണ്ട് അക്രൂരൻ വണങ്ങി. കൃഷ്ണൻ വസിക്കുന്ന ഈ പ്രദേശം പോലെ മനോഹരമായ മറ്റൊരിടം വേറെങ്ങും ഇല്ല. സൂര്യൻ അസ്തമിക്കുവാൻ പോകുന്നു . 
രഥം നിർത്തി, രഥത്തിൽ നിന്നും അശ്വങ്ങളെ അഴിച്ചു മാറ്റിയ ശേഷം   അക്രൂരൻ  ഗോകുലം ചുറ്റിക്കാണുക എന്ന് തീരുമാനിക്കുന്നു.

                                                           (ശേഷം രണ്ടാം ഭാഗത്തിൽ)

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2013, നവംബർ 9 3:08 AM

    കഥകളിയുടെ സൌന്ദര്യശാസ്ത്രത്തിനായുള്ള ഇടം ആയിട്ടാണ് ഞാൻ ഈ സ്ഥലത്തെ കാണുന്നത്. എന്നാൽ കേവലം കഥാസാരം പറയുന്ന അനുഭവം മാത്രമാണ് ലഭിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട അജ്ഞാതസുഹൃത്തേ,
    കഥകളി എന്ന കലാരൂപത്തെ ക്ഷേത്രകലയെന്നും ദൈവീക കലയെന്നും വിശ്വസിച്ച് കഥകളി വഴിപാടുകൾ നടത്തുന്ന സംസ്കാരമാണ് എന്റെ പ്രദേശത്ത് നിലനില്ക്കുന്നത്. പുരാണ കഥകളും കഥാപാത്രങ്ങളും ഉൾക്കൊള്ളാത്ത ഒരു കഥയും കഥകളിയിൽ വിജയിച്ചതായി ഇന്നുവരെ ചരിത്രം ഇല്ല.

    " കഥ അറിയാതെ കഥകളി കാണരുത് " എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട്. ആ അടിസ്ഥാനത്തിലാണ് കഥകളി അവതരിപ്പിക്കുമ്പോൾ, അവതരിപ്പിക്കുന്ന കഥ പറയുകയോ, കഥയുടെ സ്ക്രിപ്റ്റ് വിതരണം ചെയ്യുകയോ ചെയ്യുന്നത്.

    കഥയും കഥാപാത്രവും കഥകളിയിലെ മുഖ്യ ഘടകം എന്ന് ചിന്തിക്കുന്ന ഒരു സാധാരണ ആസ്വാദകനാണ് ഞാൻ. അതുകൊണ്ട് അരങ്ങിൽ ഒരു നടൻ ചെയ്യുന്നതിൽ നിന്നും ഞാൻ മനസിലാക്കുന്ന വിവരങ്ങളും കഥാപാത്രത്തിന്റെ അവതരണവുമാണ് എന്റെ ബ്ലോഗ് വായനക്കാർക്കായി പോസ്റ്റു ചെയ്യുന്നത്.

    ഒരിക്കൽ കിർമ്മീരവധം കഥകളിയിലെ ആദ്യ രംഗം കണ്ട ശേഷം, അരങ്ങിൽ എത്തിയ കഥാപാത്രങ്ങൾ ധർമ്മപുത്രരും പാഞ്ചാലിയുമാണ്‌ എന്ന് മനസിലാക്കാതെ കിർമ്മീരനും ഭാര്യയുമാണ് എന്ന് പറഞ്ഞ ഒരു ആസ്വാദകനെ എനിക്ക് ഓർമ്മയുണ്ട്. അയാൾ ആസ്വദിച്ചത് കഥയും കഥാപാത്രത്തിന്റെ അവതരണവും അല്ല. കഥകളിയുടെ "സൗന്ദര്യശാസ്ത്രം" ആവാനേ വഴിയുള്ളൂ.
    കഥയും കഥാപാത്രവും മുഖ്യമല്ലാതെയുള്ള സൗന്ദര്യശാസ്ത്രം, അത് എനിക്ക് വശമില്ല.

    മറുപടിഇല്ലാതാക്കൂ
  3. ഫേസ് ബൂക്കിലൂടെ ലഭിച്ച അഭിപ്രായങ്ങൾ:

    T N Krishna Das രണ്ടാവർത്തി വായിച്ചുകഴിഞ്ഞു. പണ്ടത്തെ സിനിമാനോട്ടിസിൽ കാണുന്നതുപോലെ.... (ശേഷം ഭാഗങ്ങൾ സ്ക്രീനിൽ എന്ന ലൈൻ) ..... കാത്തിരിയ്ക്കാം അംബുജാക്ഷേട്ടാ... എന്നിട്ട് ഒരിയ്ക്കൽകൂടി എല്ലാം ചേർത്ത് വായിയ്ക്കാം (എന്നാലും ഈ ചേട്ടന് ബോബെയ്ക്ക് പോകാൻ കണ്ട ഒരു സമയം!!!ഇതെഴുതിക്കഴിഞ്ഞ് വരാം എന്ന് BARCക്കാരോട് പറഞ്ഞുകൂടായിരുന്നോ... എന്നൊരാത്മഗതം)

    Madhu Manoharan Nair : nice, waiting for the rest.

    മറുപടിഇല്ലാതാക്കൂ