പേജുകള്‍‌

2013, നവംബർ 29, വെള്ളിയാഴ്‌ച

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15- മത് അനുസ്മരണം-(1)

ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ 15 -മത് അനുസ്മരണം 24-11- 2013 -ന് ചെന്നിത്തലയിൽ ആഘോഷിച്ചപ്പോൾ പ്രസിദ്ധ കഥകളി ആചാര്യൻ ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകളെ ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ- സാംസ്കാരിക സമിതി ഈ വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു.   ശ്രീ. ഫാക്റ്റ് പത്മനാഭൻ അവർകൾ നടത്തിയ അനുസ്മരണ പ്രസംഗത്തിന്റെ ഉള്ളടക്കം: 

                                            ഫാക്റ്റ് പത്മനാഭൻ 

ഞാൻ താമസിക്കുന്നത് തൃപ്പൂണിത്തുറയിൽ ആണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം തിരുവല്ലയിലാണ്. തിരുവല്ലയും ചെന്നിത്തലയും തമ്മിൽ വലിയ അകലം ഇല്ല. എന്റെ 12-മത്തെ വയസ്സിൽ കഥകളി അരങ്ങേറ്റം കഴിഞ്ഞ് ചില്ലറ വേഷങ്ങളൊക്കെ കെട്ടി വന്ന കാലം. ഹരിപ്പാട്‌ രാമകൃഷ്ണപിള്ള, മങ്കൊമ്പ് ശിവശങ്കരപിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള എന്നീ 'പിള്ളത്രയങ്ങൾ' എന്നും  'ത്രിമൂർത്തികൾ' എന്നുമൊക്കെ അറിയപ്പെട്ട് തെക്കൻ ദിക്കുകളിലെ കളിയരങ്ങുകൾ അടക്കി വാണിരുന്ന കാലഘട്ടം. ആ കാലം മുതലേ ഞാൻ ചെല്ലപ്പൻ പിള്ള ചേട്ടനുമായി വളരെ കൂടുതൽ അടുപ്പം പാലിച്ചിരുന്നു. അന്നു മുതലേ 'എടാ കുഞ്ഞേ', 'എടാ മക്കളേ', 'എടാ പത്മനാഭാ' എന്നിങ്ങനെ സന്ദർഭങ്ങൾക്കനുസരിച്ച്   മൂന്നു തരത്തിലുള്ള സംബോധനകൾ കൊണ്ട് അകലമില്ലാത്ത ആത്മാർത്ഥതയും വാൽസല്ല്യവുമാണ്   ചേട്ടൻ എന്നോട്  പ്രകടിപ്പിച്ചിരുന്നത്.  പല സംഘടനകളുടെയും പുരസ്കാരങ്ങൾ സ്വീകരിച്ചിട്ടുള്ള എനിക്ക്, എന്നോട് വളരെ അടുപ്പവും വാത്സല്യവും ആത്മാർത്ഥതയും നിറഞ്ഞു നിന്നിരുന്ന ചെന്നിത്തല ചേട്ടന്റെ പേരിലുള്ള  പുരസ്‌കാരം സ്വീകരിക്കുമ്പോൾ   ഏറ്റവും അധികം സന്തോഷവും, ഒരു പ്രത്യേക വികാരവുമാണ് എനിക്ക് അനുഭവപ്പെട്ടത്. ചെല്ലപ്പൻ ചേട്ടന്റെ പേരിലുള്ള പുരസ്കാരം    എനിക്ക് നൽകുവാൻ  സന്മനസ്സു കാണിച്ച സമിതിയുടെ സംഘാടകർക്കും അവാർഡു ദാനത്തിന് സാക്ഷ്യം വഹിച്ച നിങ്ങൾ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി  രേഖപ്പെടുത്തുന്നു. 

ചേട്ടനെ കുറിച്ച് അനുസ്മരിക്കുവാൻ ധാരാളമുണ്ട്.  വളരെ വേഗം പറഞ്ഞു തീർക്കണമെന്നാണ്  സംഘാടകരുടെ നിർദ്ദേശം. എങ്കിലും പറയാതിരിക്കുവാൻ പറ്റുകയില്ല. ക്ഷമിക്കുക. അക്കാലത്ത് ഒരു കഥകളി കഴിഞ്ഞാൽ അടുത്ത ദിവസം കലാകാരന്മാർ ഒന്നുചേർന്ന് അവതരിപ്പിച്ച കഥാപാത്രങ്ങളെ വിലയിരുത്തുക, പാത്രബോധം, പാത്രസൃഷ്ടി, ഔചിത്യബോധം, സന്ദർഭോചിതമായ  ഇളകിയാട്ടങ്ങൾ,    മനോധർമ്മം, പുരാണജ്ഞാനം എന്നിവ ചർച്ച ചെയ്യുക പതിവായിരുന്നു. അപ്പോൾ പലപ്പോഴും ഞാൻ ഒരു കേൾവിക്കാരൻ മാത്രമായിരിക്കും. ചിലപ്പോൾ സംശയങ്ങൾ ചോദിച്ചിട്ടുമുണ്ട്. ഇങ്ങിനെയുള്ള അനുഭവങ്ങളിൽ പുരാണജ്ഞാനമുള്ള ശ്രീ. പന്തളം കേരളവർമ്മ, ശ്രീ. ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയ കലാകാരന്മാരുമായി  അഭിപ്രായം പങ്കിട്ടിരുന്നതിലൂടെ  പല വേഷങ്ങൾ ചെയ്യാനുള്ള പ്രചോദനവും പ്രയോജനവും   നേടാൻ എനിക്ക് സാധിക്കുകയും തുടർന്ന്  എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചെല്ലപ്പൻ പിള്ള ചേട്ടനോട് ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. 

രുഗ്മാംഗദൻ- മോഹിനി, ഹംസം- ദമയന്തി, കൃഷ്ണൻ- രുഗ്മിണി, കൃഷ്ണൻ- പാഞ്ചാലി, കചൻ- ദേവയാനി, കർണ്ണൻ- കുന്തി, ഹരിശ്ചന്ദ്രൻ- ചന്ദ്രമതി എന്നിങ്ങനെ ചേട്ടനോടൊപ്പം ഞാൻ അരങ്ങു പങ്കിട്ടിരുന്ന എത്രയോ രാവുകൾ, ആ രാവുകളെല്ലാം തന്നെ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെയായിരുന്നു. ഒരു കളി കഴിഞ്ഞ് അടുത്ത കളി സ്ഥലത്തേക്ക് ഒന്നിച്ച് യാത്രചെയ്യുന്ന  പല സന്ദർഭങ്ങളിലും എന്നെ നിർബ്ബന്ധിച്ച്‌ ചേട്ടന്റെ വീട്ടിലേക്കു കൂട്ടിപ്പോവുകയും അവിടെ ഊണും ഉറക്കവും കഴിഞ്ഞ് അടുത്ത കളിസ്ഥലത്തേക്ക് യാത്രയായിട്ടുണ്ട്. 

തിരുവല്ലായിൽ ഒരു കളിക്കു ചെന്നാൽ ചേട്ടന്റെ അനുജൻ ശങ്കരനാരായണൻ ചേട്ടൻ അവിടെ ഉണ്ടാകും. ചേട്ടൻ  വേഷം കഴിഞ്ഞു അണിയറയിൽ എത്തിയാൽ ശങ്കരനാരായണൻ ചേട്ടൻ ചെല്ലപ്പൻ ചേട്ടന് നാരങ്ങാവെള്ളവുമായി എത്തും. ചേട്ടൻ പകുതി കുടിച്ചിട്ട് ബാക്കി  എനിക്ക് തരും അല്ലെങ്കിൽ "എടാ ഒന്നു കൂടി വാങ്ങി വാ"  എന്ന് ശങ്കരനാരായണൻ ചേട്ടനോട് പറഞ്ഞ് വാങ്ങി, അത് എനിക്ക് നൽകും. അത്രകണ്ട് എന്നെ ചേട്ടൻ സ്നേഹിച്ചിരുന്നു. ചേട്ടനുമൊത്തുള്ള യൂറോപ്യൻ പര്യടന വേളയിൽ ചേട്ടന്  പാന്റും,  ഷൂസം ധരിച്ച് ശീലമില്ലാത്തതിനാൽ, അതെല്ലാം ശ്രദ്ധിക്കുന്ന ചുമതല എനിക്കായിരുന്നു. പലപ്പോഴും പാന്റുധരിച്ച ശേഷം  പാന്റിനു മുകളിലൂടെ ചേട്ടന്റെ കൗപീനത്തിന്റെ കുറച്ചു ഭാഗം വെളിയിൽ കാണും. അത് ചേട്ടന്റെ ശ്രദ്ധയിൽപ്പെടുത്തുക എന്റെ ജോലിയായിരുന്നു. 

 അസുഖം ബാധിച്ച് കളിക്ക് പോകാൻ സാധിക്കാതെ വിശ്രമിച്ചിരുന്ന സമയങ്ങളിൽ, തെക്കൻ നാട്ടിലെ കളി കഴിഞ്ഞു മടങ്ങുമ്പോൾ ഞാൻ ചേട്ടനെ വീട്ടിൽ പോയി കാണും. തലേനാളിലെ കളിയുടെവിവരങ്ങൾ, നടന്മാരുടെയും വേഷവിവരങ്ങൾ എന്നിവ എന്നോട്      ചേട്ടൻ ചോദിച്ചറിയും. കളിക്ക് പോകാൻ സാധിക്കാത്ത ഒരു കലാകാരന്റെ മാനസീകാവസ്ഥ മനസിലാക്കി പിന്നീട് ആ യാത്ര ഞാൻ കുറച്ചു. ചേട്ടൻ പിന്നീട് മകൻ അംബുജന്റെ കൂടെ മദ്രാസിൽ പോയി അപ്പോളോ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയപ്പോൾ ഞാൻ പോയി കണ്ടിരുന്നു. 

"എടാ ഉവ്വേ! എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അപ്പോളോക്കാർ പറയുന്നു.  എന്നെ വീട്ടിൽ കൊണ്ടു വിടൂ,   ഞാൻ അവിടെ കിടന്നു മരിച്ചോളാമെന്ന് ഞാൻ അംബുജനോട് പറഞ്ഞു. അങ്ങിനെ ഞാൻ ഇങ്ങു പോന്നു" എന്നാണ്   ചേട്ടൻ ഒരു ലാഘവത്തോടെ പറഞ്ഞത്. അദ്ദേഹത്തിൻറെ മരണശേഷം ആ ഭൌതീകശരീരം ദഹനം ചെയ്യപ്പെടുന്നത് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. എല്ലാം ഗുരുനാഥന്മാരുടെ അനുഗ്രഹം. 

'എടാ കുഞ്ഞേ', 'എടാ മക്കളേ', 'എടാ പത്മനാഭാ' എന്നിങ്ങനെയുള്ള ചെല്ലപ്പൻ ചേട്ടന്റെ എന്നോടുള്ള സംബോധനകളും  വികാരാധീനനാകുന്ന  സന്ദർഭങ്ങളിൽ  "എന്റെ അപ്പൂപ്പനാണെ സത്യം" എന്നുള്ള അദ്ദേഹത്തിൻറെ വാക്കുകളും എന്റെ കാതുകളിൽ  ഇപ്പോഴും മുഴങ്ങുന്നുണ്ട്. 
           (ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ-സാംസ്കാരിക സമിതി) 

ചെല്ലപ്പൻ ചേട്ടന്റെ പേരിൽ ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന കലാസ്ഥാപനം വളരെ നല്ല രീതിയിൽ ഉയരട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഒരിക്കൽ കൂടി ഇതിന്റെ സംഘടകർക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടും ഞാൻ നിർത്തുന്നു. 

5 അഭിപ്രായങ്ങൾ:

 1. Sri. Ambujakshan Nair,

  പത്മനാഭൻ ചേട്ടന്റെ ആത്മാർത്ഥത നിറഞ്ഞു നില്ക്കുന്ന അനുസ്മരണം. ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞില്ല. ഗുരുവായൂരിൽ പോയിരിക്കുകയായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. I could not attend this time. Hope I shall be able to join next time.

  മറുപടിഇല്ലാതാക്കൂ

 3. ഫേസ് ബൂക്കിലൂടെ ലഭിച്ച അഭിപ്രായം:

  Vp Narayanan Namboothiri : ഹൃദയസ്പർശകം ആയ ഓർമ്മകൾ പങ്കു വക്കൽ .ഹൃദ്യമായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. ആത്മാർത്തത നിഴലിക്കുന്ന വാക്കുകൾ. ഈ വാക്കുകളിൽ കൂടി ശ്രീ. ഫാക്റ്റ് പദ്മനാഭൻ കൂടുതൽ ആദരണീയനാകുകയാണ്. ശ്രീമാന്മാർ. ഹരിപ്പാൻ രാമകൃഷ്ണ പിള്ള, ചെന്നിത്തല ചെല്ലപ്പൻ പിള്ള, മങ്കൊമ്പ് ശിവശങ്കര പിള്ള എന്നീ 'പിള്ള'ത്രയത്തെ, തെക്കൻ കഥകളിയിലെ 'ത്രിമൂർത്തികൾ' എന്ന് നാമകരണം ചെയ്തത് എന്റെ അച്ഛൻ ശ്രീ. ഏവൂർ ശ്രീധരൻ നായരായിരുന്നു എന്ന് വളരെക്കാലം മുൻപ് ഒരു കത്തിൽ മങ്കൊമ്പാശാൻ എനിക്കെഴുതിയിരുന്നു. ഈ ത്രിമൂർത്തികൾ ആടിയ ആ ജീവസ്സുറ്റ അരങ്ങുകളെ ഒരിക്കൽ കൂടി ഓർക്കാൻ സഹായിച്ച പദ്മനാഭാനാശാനു ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കട്ടെ. വിജയാശംസകളും.

  മറുപടിഇല്ലാതാക്കൂ
 5. തെക്കന്‍ പ്രദേശത്തെ പിള്ളത്രയത്തെപ്പറ്റി ആദ്യമായാണു പറഞ്ഞുകേള്‍ക്കുന്നതു്. കുട്ടിത്രയം ഏവര്‍ക്കും പരിചിതം. തെക്കന്‍നാട്ടില്‍ പിറന്നു വളര്‍ന്നിട്ടും ഇതു കേള്‍ക്കാതെ പോയതില്‍ ഖേദിക്കുന്നു. കളി മുഴുവന്‍ കാണാന്‍ കഴിയാഞ്ഞതിലുമുണ്ടു ഖേദം.അനുസ്മരണത്തിലെ ആര്‍ജ്ജവം പ്രശംസനീയം. അതുപോലെ എഴുതിയ ആള്‍ക്കും.

  മറുപടിഇല്ലാതാക്കൂ